Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ഖുർആനോ ഭരണഘടനയോ, എതാണ് ഒരു മന്ത്രി ഉയർത്തിപ്പിടിക്കേണ്ടത്? ഖുർആൻ വിരുദ്ധ സമരമാണോ കേരളത്തിൽ നടക്കുന്നത്? ശബരിമലയിലെ വൺ സൈഡ് നവോത്ഥാനത്തിൽ കൈപൊള്ളിയിട്ടും കേരളത്തിലെ ഇടതുപക്ഷം ഒന്നും പഠിക്കുന്നില്ല; മതത്തെ പരിചയാക്കി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ തകരുന്നത് മതേതരത്വം; ബംഗാളിൽ ഇടതുപക്ഷത്തെ ബിജെപി വിഴുങ്ങിയത് മറന്നുപോകരുത്; സിപിഎം വീണ്ടും തീക്കൊള്ളികൊണ്ട് തല ചൊറിയുമ്പോൾ

ഖുർആനോ ഭരണഘടനയോ, എതാണ് ഒരു മന്ത്രി ഉയർത്തിപ്പിടിക്കേണ്ടത്? ഖുർആൻ വിരുദ്ധ സമരമാണോ കേരളത്തിൽ നടക്കുന്നത്? ശബരിമലയിലെ വൺ സൈഡ് നവോത്ഥാനത്തിൽ കൈപൊള്ളിയിട്ടും കേരളത്തിലെ ഇടതുപക്ഷം ഒന്നും പഠിക്കുന്നില്ല; മതത്തെ പരിചയാക്കി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ തകരുന്നത് മതേതരത്വം; ബംഗാളിൽ ഇടതുപക്ഷത്തെ ബിജെപി വിഴുങ്ങിയത് മറന്നുപോകരുത്; സിപിഎം വീണ്ടും തീക്കൊള്ളികൊണ്ട് തല ചൊറിയുമ്പോൾ

എം റിജു

'വിപ്ലവവും സാമൂഹ്യമാറ്റവും നടപ്പാക്കുന്നതിൽ എന്ത് പ്രൊപ്പഗാൻഡയും നടപ്പാക്കുന്നതിൽ തെറ്റില്ല. മാർഗമല്ല ലക്ഷ്യമാണ് പ്രധാനം'- ഇതുപറഞ്ഞാണ് ആടിനെ പട്ടിയും പട്ടിയെ പട്ടിയെ പേപ്പട്ടിയുമാക്കുന്ന ഹീനമായ പ്രചാരണങ്ങൾക്ക് മാവോ സേതൂങ്ങ് സൈദ്ധാന്തിക ഭാഷ്യം ചമച്ചത്. പക്ഷേ മവോപോലും സാക്ഷൽ കോടിയേരി ബാലകൃഷന്റെ മുന്നിലും മന്ത്രി കെടി ജലീലിന്റെ മുന്നിലും തോറ്റുപോകും. സ്വർണ്ണക്കടത്ത് സമരത്തെ എത്ര നിഷ്പ്രയാസമാണ് അവർക്ക് ഖുർആൻവിരുദ്ധ സമരം ആക്കി മാറ്റാൻ കഴിയുന്നത്. പക്ഷേ ഇതൊരു പഴഞ്ചൻ ടെക്ക്നിക്കാണെന്ന് പറയാതെ വയ്യ. പലതവണ പലരും എടുത്ത ഉപായം. ആടിനെകുറിച്ച് ഉപന്യാസം എഴുതാൻ പറഞ്ഞാൽ അത് അറിയായെ ആടിനെ തെങ്ങിന് കൊണ്ട് കെട്ടി എന്ന് എഴുതി, തുടർന്ന് തെങ്ങിനെകുറിച്ച് പത്തുവാചകം എഴുതിയ കുട്ടിയെപ്പോലെ. പക്ഷേ സിപിഎം അറിയുന്നില്ല, കടുത്ത വർഗീയ ധ്രുവീകരണത്തിലേക്കാണ് പുറമെ നിഷ്‌ക്കളങ്കമെന്ന് തോന്നിക്കുന്ന ഈ വാക്കുകൾ കേരളത്തെ കൊണ്ട് എത്തിക്കുന്നത്. സംഘപരിവാറിനാവട്ടെ ഇത് വീണു കിട്ടിയ അവസരം കൂടിയാവുകയാണ്. കാരണം അവർക്ക് ആവശ്യമുള്ള ധ്രുവീകരണത്തിനുള്ള വെടിമരുന്നാണ് ഇവർ ഇട്ടുകൊടുക്കുന്നത്. നമ്മൾ-അവർ പൊളിറ്റിക്സിന്റെയും അപരവത്ക്കരണത്തിന്റെയും വിഷം.

ഒരു ഇടതുപക്ഷ സംഘടന എന്ന നിലയിൽ സിപിഎം അടക്കമുള്ള പാർട്ടികൾ ന്യുനപക്ഷങ്ങൾക്കും അടിച്ചമർത്തപ്പെട്ടവർക്കും ഒപ്പം നിൽക്കുന്നതിലും, സംഘപരിവാറിന്റെ ഭീഷണിക്കെതിരെയും വെറുപ്പുണ്ടാക്കുന്ന അജണ്ടകൾക്ക് എതിരെയും നിരന്തരം പ്രതികരിക്കേണ്ടതുണ്ട്. പക്ഷേ അത് കാലാന്തരത്തിൽ വൻ സൈഡ് നവോത്ഥാനം എന്ന ഒറ്റകാര്യത്തിലേക്ക് മാറിപ്പോവുകയാണ്. ഇഎംഎസിന്റെ കാലത്ത് ഷബാനുബീഗം കേസിലൊക്കെ അദ്ദേഹം പ്രതികരിച്ചതും ശരീഅത്ത് നിയമത്തെ തള്ളിപ്പറഞ്ഞതും ഇന്നാണെങ്കിൽ ഉണ്ടാവുമായിരുന്നില്ല. 'അഞ്ചുകെട്ടും പത്തുകെട്ടും ഇഎംഎസിന്റെ മോളേം കെട്ടും' എന്നായിരുന്നു ശരീഅത്ത് സംരക്ഷകർ അന്ന് ഉയർത്തിയിരുന്ന വാദം. എന്നാൽ പിന്നീട് സിപിഎമ്മിന്റെ നവോത്ഥാനം എന്നാൽ അത് ഹിന്ദുമത നവോത്ഥാനം മാത്രമായി ഉദാഹരണമായി ശബരിമല വിഷയത്തിൽ ലീംഗ നീതിക്കുവേണ്ടി വാദിക്കുന്ന സിപിഎം മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശന വിഷയത്തിൽ ഒരക്ഷരം മിണ്ടില്ല. മീശ നോവൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആവുമ്പോൾ കിത്താബ് നാടകം അതിൽ പെടില്ല.

എം എഫ് ഹുസൈന് വേണ്ടി വാദിക്കുന്നവർ തസ്ലീമ നസ്രീന്റെ കാര്യത്തിൽ മൗനം പുലർത്തും. ഇത് ബിജെപി കാത്തിരിക്കുന്ന ഒരു അജണ്ടയാണ്. മതങ്ങളെ തൂക്കിനോക്കുമ്പോൾ മതേതര വാദികൾക്ക് കൈവിറക്കുമ്പോൾ അവിടെ ഗോളടിക്കുന്നത് വർഗീയ സംഘടനകളാണ്. ഹിന്ദുക്കൾ ചാഞ്ഞമരങ്ങളാണെന്ന് വിഖ്യാത തിയറി പുറത്തിറക്കാനും അതുവഴി ധ്രുവീകരിക്കാനും സംഘപരിവാറിന് കഴിയുന്നത് അതുകൊണ്ടാണ്. സിഐഎ സമരത്തിൽ നോക്കുക. കേരളത്തിലെ മുഴുവൻ മുസ്ലീങ്ങളെയും നാടുകടുത്തുമെന്ന രീതിയിലുള്ള ഇല്ലാത്ത പ്രചാരണമാണ് സിപിഎം വ്യാഖ്യാന ഫാക്ടറികൾ പറയുന്നത്.

ആ രീതിയിൽ നോക്കുമ്പോൾ കേരളത്തിന്റെ സംഘപരിവാർ കാത്തിരുന്ന പ്രസ്താവനയാണ് ഖുർആൻ വിരുദ്ധ സമരം എന്ന പ്രസ്താവനയിലുടെ കോടിയേരി നടത്തിയത്. ശബരിമലയിൽ പൊള്ളിയിട്ടും പഠിക്കാതെ സിപിഎം വീണ്ടും തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ്. സിപിഎം പോലുള്ള മതേതര പാർട്ടികളുടെ അപചയത്തിന്റെ മറിയാനാട്രഞ്ച് കൂടിയാണിത

ഖുർആൻ അല്ല സ്വർണ്ണക്കാടത്താണ് പ്രശ്നം

'കുറച്ച് ഖുർആൻ ഈ നാട്ടിൽ വിതരണം ചെയ്തതാണോ പ്രശ്‌നം'.... സ്വയം പ്രതിരോധത്തിനായി മന്ത്രി കെ ടി ജലീൽ ഉയർത്തിയ ഈ ചോദ്യം ഗൗരവമേറിയൊരു കേസിനെ മറ്റൊരു തലത്തിലേക്ക് വഴി തിരിച്ചുവിടുന്ന കാഴ്‌ച്ചയാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.എന്നാൽ ഖുർആൻ അല്ല സ്വർണമാണ് ഇവിടെ വിഷയമെന്ന് എത് കുട്ടിക്കും അറിയാം.

നയതന്ത്ര ചാനൽ വഴി തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ വന്ന പാഴ്‌സലുകളാണ് 'ജലീൽ വിഷയ'ത്തിന്റെ കാരണഹേതു. ഈ പാഴസലുകൾ മന്ത്രി വഴി മലപ്പുറത്ത് എത്തിക്കുന്നു. സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റും നായതന്ത്ര ബാഗേജുകളും ആരോപണവിധേയമായി നിൽക്കുന്ന സമയത്ത് തന്നെയാണ് പ്രസ്തുത പാഴലസുകളെക്കുറിച്ചും ആരോപണം ഉയരുന്നത്. സ്വഭാവികമായി സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾ ഈ പാഴ്‌ലുകളുടെ നിജസ്ഥിതി അറിയാൻ തീരുമാനിച്ചു. ചട്ടങ്ങൾ പാലിച്ചാണോ പാഴ്‌സലുകൾ വന്നത്, പാഴ്‌സലുകളിൽ എന്തായിരുന്നു, മറ്റെന്തെങ്കിലും വസ്തുക്കളുടെ മറവിൽ കള്ളപ്പണമോ സ്വർണമോ കടത്തിയിട്ടുണ്ടോ തുടങ്ങിയ സംശയങ്ങളിലാണ് അന്വേഷണം നടത്തിയത്. റംസാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷുമായും ഇതേ കേസിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന യുഎഇ കോൺസുൽ ജനറലുമായും ഫോൺവഴി ബന്ധപ്പെട്ടിട്ടുള്ള മന്ത്രി കെ.ടി ജലീൽ തന്നെയാണ് കോൺസുലേറ്റിൽ നിന്നുള്ള പാഴ്‌സലുകൾ മലപ്പുറത്ത് എത്തിക്കാൻ ഇടനില നിന്നത്. റംസാൻ കിറ്റ് വിതരണത്തിൽ മന്ത്രിയെ നേരിട്ട് ബന്ധപ്പെട്ടതിൽ തന്നെ ഗുരുതരമായ നയതന്ത്ര ചട്ടലംഘനം നടന്നിരിക്കെ അതേ മന്ത്രി തന്നെ പാഴ്‌സൽ വിതരണത്തിലും കോൺസുലേറ്റുമായി ഇടപാടുകൾ നടത്തുന്നു. സംസ്ഥാന സർക്കാർ പോലും അറിയാതെ നടന്ന രണ്ട് ഇടപാടുകൾ. ഡിപ്ലോമാറ്റിക് റൂൾസ് സംബന്ധിച്ച ഹാൻഡ് ബുക്കിൽ പറയുന്ന ചട്ടങ്ങൾ പ്രകാരം ഒരു കാരണവശാലും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ്. സ്വാഭാവികമായും അന്താരാഷ്ട്ര മാനങ്ങളുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഒരു അന്വേഷണ ഏജൻസിക്ക്, അതേ സമയത്ത് തന്നെ ഉയർന്നുവന്ന ഈ സംഭവത്തിൽ മന്ത്രിയുടെ നടപടികളെ സംശയിക്കാനും ചോദ്യങ്ങൾ ചോദിക്കാനും മതിയായ കാരണങ്ങൾ ഉണ്ട്.

പാഴ്‌സലുകളിൽ വിശുദ്ധഗ്രന്ഥമായ ഖുർആൻ ആയിരുന്നുവെന്നും തന്നോട് ഇങ്ങോട്ട് അഭയാർഥിച്ചതിനെ തുടർന്നാണ് കോൺസുലേറ്റിൽ നിന്നും ഖുർആൻ മലപ്പുറത്തുള്ള രണ്ട് മതസ്ഥാപനങ്ങളിൽ എത്തിച്ചു നൽകിയതെന്നുമാണ് ജലീലിന്റെ വാദം. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയെന്ന നിലയിൽ താൻ ചെയർമാനായുള്ള സി ആപ്റ്റിന്റെ വാഹനം പാഠപുസ്തകങ്ങളുമായി മലപ്പുറത്തേക്ക് പോകുന്നതിനിടയിൽ ഈ പാഴ്‌സലുകൾ കൂടി അവിടെ എത്തിച്ചു നൽകിയെന്നും ഇതിലൂടെ സർക്കാർ ഖജനാവിന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്നും ജലീൽ പറയുന്നു. മന്ത്രിയുടെ വാദങ്ങൾ ഇതാണെങ്കിൽ അന്വേഷണ ഏജൻസികൾ ഇക്കാര്യം അന്വേഷിക്കുമ്പോഴും നിയമത്തിന്റെ വഴിയെ മാത്രം ആശ്രയിച്ചാൽ മതി. എന്നാൽ, ഈ വാദങ്ങളെല്ലാം പറഞ്ഞപ്പോഴും വിശുദ്ധഗ്രന്ഥത്തെ മറയാക്കി മുന്നിൽ നിർത്താനായിരുന്നു ജലീൽ ശ്രമിച്ചത്.തുടക്കം മുതലുള്ള ആ ശ്രമം എൻഫോഴ്‌സ്‌മെന്റിന്റെയും എൻ ഐ എയുടെയും ചോദ്യം ചെയ്യലിനു ശേഷവും മന്ത്രി തുടർന്നുകൊണ്ടിരിക്കുകയാണ്.

ഖുർആനോ, ഭരണഘടനയോ, എതാണ് മന്ത്രി ഉയർത്തിപ്പിടിക്കേണ്ടത്

ഈ വിവാദം തുടങ്ങിയ സമയത്ത് ഖുർആനിൽ പിടിച്ചായിരുന്നു മന്ത്രിയുടെ പ്രതിരോധം. നിരോധിക്കപ്പെട്ട ഗ്രന്ഥമാണോ ഖുറാൻ, ഖുറാൻ വിതരണം ചെയ്യുന്നത് തെറ്റാണോ? ഖുറാൻ വിതരണം ചെയ്തതിനാണോ തന്നെ ക്രൂശിക്കുന്നത് എന്നു തുടങ്ങി ഖുറാനെ രാഷ്ട്രീയ ആയുധമാക്കിയാണ് മന്ത്രി സംസാരിച്ചത്. അതായത് ഭരണഘടനാ ധാർമ്മിക മന്ത്രിക്ക് പ്രശ്നമല്ല. തന്റെ മതഗ്രന്ഥമാണ് അദ്ദേഹത്തിന്റെ എല്ലാം. ഇത് എന്ത് സന്ദേശമാണ് ഒരു മതേതര സമൂഹത്തിൽ നൽകുന്നത്.

തുടർന്നിങ്ങോട്ട് മാധ്യമങ്ങളിൽ നിന്നും അകൽച്ച പാലിച്ചുകൊണ്ട് ഫേസ്‌ബുക്ക് പേജിലൂടെ മാത്രം പ്രതികരണങ്ങൾ നടത്താൻ തുടങ്ങിയപ്പോഴും ഓരോ മറുപടികളിലും പ്രത്യാരോപണങ്ങളിലും ഖുറാനെയാണ് മന്ത്രി ഉപയോഗിക്കുന്നത്. തന്റെ പ്രധാന എതിരാളികളായ മുസ്ലിം ലീഗിനെ വെല്ലുവിളിക്കാനും മതവും മതഗ്രന്ഥവും തന്നെയാണ് മന്ത്രി ഉപയോഗിച്ചത്. രാഷ്ട്രീയമോ നിയമമോ പറഞ്ഞല്ല, മതം പറഞ്ഞു തന്നെയാണ് ലീഗ് നേതൃത്വത്തോട് ജലീൽ ഏറ്റുമുട്ടിയത്. എതിരാളികളെ പ്രതിരോധത്തിലാക്കാനും സ്വയം പ്രതിരോധിക്കാനും മതത്തെ തെരഞ്ഞെടുത്തതുവഴി നിയമവും നിയമവ്യവസ്ഥകളെക്കാലും സുരക്ഷിതമായത് മതം തന്നെയാണെന്ന ധ്വനിയാണ് മന്ത്രിയിൽ നിന്നുണ്ടായത്. നിരപരാധിത്വം താൻ നിയമത്തിന്റെ മുന്നിൽ തെളിയിക്കുമെന്ന് ഉറപ്പോടെ പറയുന്നതിനു പകരം, തെറ്റ് ചെയ്തിട്ടില്ലെന്ന് ഖുർആനിൽ തൊട്ട് സത്യം ചെയ്യുന്നുവെന്നും വെല്ലുവിളി ഏറ്റെടുക്കാൻ ലീഗ് തയ്യാറുണ്ടോയെന്നും ചോദിച്ചത് ഒരു മന്ത്രിയാണ്. ജലീൽ മതവിശ്വാസം പുലർത്തുന്ന ഒരു വ്യക്തിയായിരിക്കാം, അത് അദ്ദേഹത്തിന്റെ സ്വന്തം കാര്യവുമാണ്. എന്നാൽ നിലവിൽ അദ്ദേഹം മന്ത്രിയാണ്, ആ പദവിയിൽ ഇരുന്നുകൊണ്ട് ചെയ്ത ഒരു കാര്യത്തിന്മേൽ അന്വേഷണം നടക്കുമ്പോൾ അവിടെ മതഗ്രന്ഥങ്ങളെ പിടിച്ച് ആണയിടുന്നതിലോ വിശ്വാസം ഉയർത്തിപ്പിടിക്കുന്നതിന്റെ പേരിൽ വേട്ടയാടുന്നു എന്ന് വിലപിക്കുന്നതിലോ എന്താണ് പ്രസക്തി? കേരളത്തിന്റെ തെരുവുകളിൽ ഇപ്പോൾ നടക്കുന്ന സമരങ്ങളും അക്രമങ്ങളുമെല്ലാം ഖുറാന്റെ പേരിൽ ആകുന്നതിന്റെ കാരണം, ഭരണഘടന ബാധ്യത മറന്നു പ്രവർത്തിച്ച മന്ത്രി തന്നെയാണ്.

ജലീൽ തുടങ്ങിവച്ചത് ഏറ്റുപിടിക്കാൻ സിപിഎമ്മും സർക്കാരും എത്തിയതോടെ കാര്യങ്ങൾ കൂടുതൽ അപകടകരമായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ചത്, ഖുറാനെ അവഹേളിക്കുകയാണോ എന്നാണ്. കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഖുർആൻ വിരുദ്ധ പ്രക്ഷോഭമാണെന്നു കൂടി പറഞ്ഞു കളഞ്ഞു കോടിയേരി. രാഷ്ട്രീയത്തിനൊപ്പം മതവും പറഞ്ഞു തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ജലീലിനുവേണ്ടി വാദിക്കാനെത്തിയത്. ജലീൽ ആകുമ്പോൾ ഖുറാൻ ആയാലും തൊട്ടുകൂടാ എന്ന രീതിയിലേക്ക് ലീഗ് മാറുന്നുവെന്ന് പിണറായി ആരോപിക്കുമ്പോൾ ഖുറാനെയാണ് അദ്ദേഹവും കരുവാക്കി മുന്നോട്ടുവയ്ക്കുന്നത്. ജലീലിനെതിരെ ആരോപണമുന്നയിക്കുന്നവർ മതവിശ്വാസികളെയാണ് എതിർക്കുന്നതെന്ന് സ്ഥാപിക്കാനാണ് മന്ത്രി എ കെ ബാലൻ തയ്യാറായത്. ജലീൽ ഇമാമുള്ള വിശ്വാസിയാണെന്നും അദ്ദേഹത്തെ എതിർക്കുന്നവർ മുനാഫിഖുകൾ ആണെന്നും മന്ത്രി ബാലൻ പറയുകയുണ്ടായി. ലീഗുകാർ വിശുദ്ധ ഗ്രന്ഥത്തിൽ തൊട്ട് സത്യം ചെയ്യാനുണ്ടോയെന്ന ജലീലിന്റെ വെല്ലുവിളിയുടെ അനുരണനങ്ങൾ തന്നെയാണ് മുകളിൽ പറഞ്ഞുവരുടെയെല്ലാം വാക്കുകളിൽ കാണുന്നത്.

ഖുർആനെ കവചമാക്കി ഇക്കൂട്ടർ നടത്തുന്ന പ്രവർത്തികൾ വീണുകിട്ടിയ അവസരമായി ഉപയോഗിക്കുകയാണ് ബിജെപിയും സംഘപരിവാർ സംഘടനകളും. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് നിരവധി പേർ അറസ്റ്റിലാവുകയും ഏറെപ്പേർ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിട്ടും വിഷയം ഒടുവിൽ ജലീലാണ് എത്തി നിൽക്കുന്നത്. ഖുറാന്റെ മറവിൽ സ്വർണക്കടത്ത് നടത്തുകയാണ് എന്ന വിവിധ ബിജെപി നേതാക്കളുടെ ആരോപണങ്ങൾ ചെന്നു കൊള്ളുന്നത് ധ്രുവീകരണത്തിലേക്ക് തന്നെയാണ്. പക്ഷേ ആ ധ്രുവീകരണം സിപിഎമ്മിന് മനസ്സിലാവുന്നില്ല. എന്നുമാത്രം. അല്ലെങ്കിൽ അവർ അങ്ങനെ നടിക്കുന്നു.

ഐസ്‌ക്രീം കേസ് സാമുദായികമാക്കാൻ നോക്കിയ കുഞ്ഞാലിക്കുട്ടി

മതത്തെ പരിചയാക്കി രാഷ്ട്രീയ നേതാക്കാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നത് ഇത് ആദ്യമല്ല. മുമ്പ് ഐസ്‌ക്രീം പാർലർ പെൺവാണിഭക്കേസിൽ അടിതെറ്റിയപ്പോൾ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എടുത്ത പരിചയും മതത്തിന്റെത് ആയിരുന്നു. തനിക്കുനേരെ ഉയരുന്ന ആരോപണങ്ങൾ സമുദായത്തിന് നേരെ ഉയരുന്ന ആരോപങ്ങളാണെന്നാണ് അന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. തന്നിലുടെ മുസ്ലിം സമുദായത്തെ ലക്ഷ്യമിടുന്നെന്ന്. പക്ഷേ കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കാൻ സ്വ സമുദായത്തിൽനിന്നുപോലും ആളെ കിട്ടിയില്ല. അർഹിക്കുന്ന അവഞ്ജയോടെ കേരളത്തിലെ പൊതു സമൂഹം അത് തള്ളിക്കളയുകയും ചെയ്തു. ' മൂസാ നബി ഈസാ നബി പിന്നെ കുഞ്ഞാലി നബി' എന്നാണ് അന്ന് അഡ്വക്കേറ്റ് ജയശങ്കർ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെ പരിഹസിച്ച് എഴുതിയത്. അന്ന് ആ പ്രസ്താവനക്കെതിരെ ചന്ദ്രഹാസം ഇളക്കിയവരാണ് കേരളത്തിലെ ഇടതുപക്ഷം. പക്ഷേ ഇന്ന് ജലീലിന്റെ പ്രസ്താവന അവർക്ക് പരോഗമന പരം ആവുന്നു.

ബലാൽസംഗക്കേസിൽ അകത്തായപ്പോൾ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കൻ ഉയർത്താൻ ശ്രമിച്ചതും മതവികാരം തന്നെയായിരുന്നു. ഫ്രാങ്കോയുടെ അറസ്റ്റിനേവേണ്ടി ചില കന്യാസ്ത്രീകൾ തെരുവിൽ ഇറങ്ങേണ്ടിവന്നു. അഭയകേസിലും ഏതാണ്ട് സമാനമായ അവസ്ഥയാണ്. തെളിവുകൾ ഒന്നടങ്കം നശിപ്പിക്കപ്പെടുന്നു. ചേകന്നൂർ മൗലവിയെ കൊന്നത് ആരാണെന്ന് കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും വ്യക്തയില്ല. തുടക്കത്തിൽ പ്രതിഷേധത്തിന് ഉണ്ടായിരുന്ന ബിജെപിപോലും വൈകാതെ നിശബ്ദരായി. കേരളത്തിൽ മതം ഇടപെടുന്ന ഒട്ടുമിക്ക കേസുകളിലും സമാനമായ അവസ്ഥയാണ്. അതുപോലെ കാലാകാലങ്ങളിലായി കേരളത്തിൽ നടക്കുന്ന ഒന്നാണ് കുരിശു കൃഷി എന്ന പേരിൽ അറിയപ്പെടുന്ന കുരിശ് കുത്തിവെച്ച് ഭൂമി കൈയേറൽ. ഒരിക്കൽ അതിനെതിരെ നടപടിയുണ്ടായപ്പോൾ നമ്മുടെ ഇരട്ടച്ചങ്കൻ മുഖ്യമന്ത്രി ആ കുരിശ് എന്ത് പിഴച്ചുവെന്ന് പ്രതികരിച്ചത് ഓർക്കുക. അതാണ് ഇന്ത്യയിലെ പ്രഖ്യാപിതമായ ഇടതുപക്ഷ രീതി. അവർക്ക് സംഘപരിവാർ ഫാസിസത്തോട് മാത്രമേ പ്രതിഷേധം ഉള്ളൂ.

ജോസഫ് മാഷെ മഠയൻ എന്ന് വിളിച്ച എം എം ബേബി

ജോസഫ് മാഷിന്റെ കൈവെട്ട് കേസ് നോക്കുക. താൻ മനസ്സാവാചാ അറിയാത്ത കേസിനാണ് ആ സാധുമനുഷ്യൻ ശിക്ഷിക്കപ്പെട്ടത്. പി ടി കുഞ്ഞുമുഹമ്മിന്റെ ലേഖനത്തിൽ നിന്ന് ഒരു ഭ്രാന്തനും ദൈവവും തമ്മിൽ നടത്തുന്ന സംഭാഷണം എടുത്ത് അത് ചോദ്യമാക്കുമ്പോൾ അദ്ദേഹം അതൊരു വിവാദമാവുമെന്ന് സ്വപ്നത്തിൽപോലും വിചാരിച്ചിരുന്നില്ല. പക്ഷേ സ്വന്തം കൈയാണ് അദ്ദേഹത്തിന് നഷ്ടമായത്. അന്ന് കേരളത്തിലെ എത്ര സംഘടനകൾ ജോസഫ് മാസ്റ്റർക്ക് വേണ്ടി ശബ്ദമുയർത്തി. അന്നത്തെ വിദ്യഭ്യാസമന്ത്രിയായ എം എ ബേബി പറഞ്ഞത് ഈ ചോദ്യപേപ്പർ തയ്യാറാക്കിയ അദ്ധ്യാപകൻ ഒരു മഠയൻ ആണെന്നാണ്. മാഷെ തീവ്രാവാദികൾക്ക് എറിഞ്ഞുകൊടുക്കുന്നതിന് തുല്യമായിരുന്നു ആ പ്രസ്താവന. അന്ന് സച്ചിതാനന്ദൻ മുതൽ കെഇഎന്നും പി കെ പോക്കർമാഷും അടങ്ങുന്ന എത്രപേർ പ്രസതാവന ഇറക്കി. ഈ കൈ വെട്ടു കേസിലെ പ്രതിയായ ആൾ എറണാകുളം വാഴക്കുളം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്.

എറ്റവും ഒടുവിലായി രണ്ടുവർഷം മുമ്പ് കിത്താബ് എന്ന നാടകം ഉണ്ടാക്കിയ വിവാദം നോക്കുക. റഫീഖ് മംഗലശ്ശേരി എന്ന നാടകൃത്തിന്റെ കിത്താബ് നാടകം കോഴിക്കോട് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ കളിച്ചത് വൻ വിവാദമായി. ബാങ്കുവിളിക്കാൻ ആഗ്രഹിക്കുന്ന ഒരു മുസ്ലിം പെൺകുട്ടിയുടെ കഥയായിരുന്നു അത്. അതോടെ മതമൗലികവാദികൾ ഉറഞ്ഞു തുള്ളി. ഭയന്ന് സ്‌കുൾ അധികൃതർ നാടകം പിൻവലിച്ചു. പ്രശസ്ത കഥാകൃത്ത് ആർ ഉണ്ണിയുടെ കഥയെ അവലംബിച്ചാണ് നാടകം തയ്യാറാക്കിയത്. എന്നാൽ നാടകത്തെ ആദ്യം തള്ളിപ്പറഞ്ഞത് ഉണ്ണിയായിരുന്നു. റഫീഖിന് ഐക്യദാർഡ്യവുമായി ഒപ്പിട്ട പ്രസ്താവനയിൽ നിന്ന് കവി സച്ചിതാനന്ദൻപോലും പിന്മാറി. അത്രയേ ഉള്ളൂ ആവിഷ്‌ക്കാര സ്വാതന്ത്രത്തോടുള്ള ഇവരുടെ പ്രതിബന്ധത. ഹരീഷിന്റെ മീശ നോവൽ വിവാദവുമായി ബന്ധപ്പെട്ടള ആവിഷ്‌ക്കാര സ്വതന്ത്ര്യത്തിന് വേണ്ടി ശക്തമായി പ്രതികിരിച്ചവരാണ് ഈ ഇടതുപക്ഷ എഴുത്തുകാർ എന്നത് ഓർക്കണം. തീർച്ചയായും നമ്മൾ ഹരീഷിന്റെയും ആവിഷ്‌ക്കാരസ്വാതന്ത്രത്തിനുവേണ്ടി നാം നിലകൊള്ളണം. പക്ഷേ ആ നിലപാട് എല്ലായിപ്പോഴും ഉണ്ടാവണം. ഈ വൺ സൈഡ് നവോത്ഥാനം എന്ന് പറയുന്നത് അങ്ങേയറ്റം പ്രതിലോമ കരമാണെന്നും, വർഗീയതയും കൗണ്ടർ വർഗീയതതും ഒരുപോലെയാണ് പ്രവർത്തിക്കുന്നതെന്നും ഇടതുപക്ഷ എഴുത്തുകാരെങ്കിലും മനസ്സിലാക്കണം.

അഭിമന്യു കൊലയിൽ സംഭവിച്ചത്

ജോസഫ്മാഷിന്റെ കൈവെട്ടുകേസിൽ ഇടതുപക്ഷം നേതൃത്വം കേരളീയ സമൂഹം ശക്തമായി ഇടപെട്ടിരുന്നെങ്കിൽ അഭിമന്യുവിന്റെ കൊല ഉണ്ടാകുമായിരുന്നോ എന്ന് ചോദിക്കുന്നവും നിരവധിയാണ്. എൻഡിഎഫ് എന്ന തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയുടെ പുതുരൂപമായ പോപ്പുലർഫ്രണ്ടിന്റെ കുത്തേറ്റ് നെഞ്ചകം പിളർന്ന് മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായ അഭിമന്യുവെന്ന ആദിവാസി വിദ്യാർത്ഥി മരിച്ച പൈശാചികമായ സംഭവത്തിൽ, ചിന്താജെറോമും ദീപാ നിശാന്തും തൊട്ട് സാക്ഷാൽ കോടിയേരി ബാലകൃഷ്ണൻ വരെയുള്ളവരുടെ ആദ്യഘട്ടത്തിലെ പ്രതികരണം അങ്ങേയറ്റം നാണം കെട്ടതായിരുന്നു. ഈ വാർത്ത പുറത്തുവന്ന ആദ്യഘട്ടത്തിൽ സിപിഎമ്മിനും സഹയാത്രികർക്കും കൊല നടത്തിയത് എസ്ഡിപിഐ ആണെന്ന് പറയാൻ പോലും പേടിയായിരുന്നു. അന്ന് ഡിവൈഎഫ്ഐ നേതാവ് ചിന്ത ജെറോം ഇട്ട ഒരു പോസ്റ്റ് വൻ വിവാദമായിരുന്നു. അഭിമന്യുവിനെ കൊന്നത് എത് സംഘടനയാണെന്നുപോലും അതിൽ പറഞ്ഞിരുന്നില്ല. അറിയില്ല.( മുമ്പ് എതോ ചന്ദ്രശേഖരനെ ആരോ വെട്ടിക്കൊന്നതിന് ഞങ്ങൾ എന്തുചെയ്യാനാണെന്ന് ഇപി ജയരാജൻ പറഞ്ഞതാണ് ഓർമ്മ വരുന്നത്) എസ്ഡിപിഐയുടെ കൊലപാതകങ്ങളുടെ നിര അമ്പതോളം അടുത്തിട്ടും ചിന്തക്ക് അത് ഒറ്റപ്പെട്ട സംഭവമാണ്. സംഘപരിവാറിനെ അതിശക്തമായി എതിർക്കുന്ന ദീപ നിശാന്തിനും അറിയില്ല ആരാണ് കൊലപാതകികളെന്ന്. ഈ അഴകൊഴമ്പൻ നിലപാടുകണ്ട് പാർട്ടി അണികൾ ഫേസ്‌ബുക്കിൽ പൊങ്കാലയിടുമ്പോഴാണ് അവർ തിരുത്തുന്നത്.

ഇനി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളിലേക്ക് വരാം.ആർഎസ്എസ് പോലുള്ള ഒരു ഭീകര സംഘടന എന്ന് ആവർത്തിച്ച് പറഞ്ഞ് 'ബാലൻസ് കെ നായർ' കളിക്കുന്ന കോടിയേരിയെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. എം സ്വരാജ് അടക്കമുള്ള യുവ തീപ്പൊരികളിലും കാണാം ഈ ബാലൻസിങ് എന്ന മാറാരോഗം. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് പറയുമ്പോൾ ഹൈന്ദവ തീവ്രവാദത്തെക്കുറിച്ചും പറയണമെന്ന വാശിയും ബുദ്ധിമുട്ടും ഇവരുടെയൊക്കെ വാക്കുകളിൽ നിറയുന്നു.ഇത് ഒരുതരം ലോജിക്കൽ ഫാലസിയാണ്. വർഗീയത വളർത്തുന്ന തീക്കളിയുമാണ്. സംഘപരിവാർ ഭീകരതയെക്കുറിച്ച് ശക്തമായി പ്രതികരിക്കുന്ന സിപിഎമ്മിന്, സ്വന്തം പാർട്ടിയിലെ ഒരു കുട്ടിയെ ഒറ്റക്കുത്തിന് ചങ്ക്പിളർത്തി കൊന്നിട്ടും പ്രതികരിക്കാൻ വൈകിയത് കേരളീയ സമൂഹത്തെ നടുക്കിയിരുന്നു

.

സദ്ദാം ഹർത്താൽ തൊട്ട് സുധാകരന്റെ ഒസാമ കവിത വരെ

മത തീവ്രവാദികൾ ഓരോ തവണ ചോര വീഴ്‌ത്തുമ്പോഴും ഇവിടുത്തെ ഇടതു ബുദ്ധിജീവികൾ കാരണങ്ങൾ അന്വേഷിച്ച് ദാർശനിക സഞ്ചാരം നടത്തുന്നത് കൗതുകകരമാണ്. ഫിലോസഫിയിലും ചരിത്രത്തിലും സാമൂഹ്യ ശാസ്ത്രത്തിലും രാഷ്ട്രീയത്തിലും ആഗോളവൽക്കരണത്തിലും മനഃശ്ശാസ്ത്രത്തിലുമൊക്കെ തട്ടിത്തഴുകി ഇസ്ലാം എന്ന മൂലകാരണമൊഴികെ മറ്റെല്ലാത്തിലും തൊട്ടു തലോടി ഒരു കാറ്റു പോലെ ഒഴുകിവന്ന് സേഫ് സോണിൽ ലാൻഡ് ചെയ്ത് മൂരി നിവർത്തി അലറി വിളിച്ച് നടത്തുന്ന വിപ്ലവ പ്രസംഗങ്ങളോളം പരിഹാസ്യമായ മറ്റെന്താണുള്ളത്. ഫാസിസം, വർഗ്ഗീയത തുടങ്ങിയ വാക്കുകൾ നീട്ടി നിരത്തി വാചാടോപ വിദ്യകൾ കൊണ്ട് കാരണങ്ങളെ ലഘൂകരിക്കുന്നവരാണ് യഥാർത്ഥത്തിൽ മതഭീകരവാദികൾക്ക് ചൂട്ടു കത്തിച്ച് വഴിതെളിച്ചു കൊടുക്കുന്നത്.

ചില ഉദാഹരണങ്ങൾ നോക്കുക. ഇറാക്കിൽ കമ്യൂണിസ്റ്റുകാരെ കൂട്ടക്കൊല നടത്തിയ നേതാവായിരുന്നു സദ്ദാം ഹുസൈൻ.പക്ഷേ സദ്ദാമിനെ തൂക്കിലേറ്റിയപ്പോൾ കേരളത്തിൽ സിപിഎം നേതൃത്വത്തിൽ പലയിടത്തും ഹർത്താൽ നടന്നു.അക്കാലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പ്രധാന അജണ്ടായിരുന്നു സദ്ദാം! അതുപോലെ തന്നെ ബിൻലാദനോടുള്ള ചില സിപിഎം നേതാക്കളുടെ സമീപനം എന്തായിരുന്നു. വേൾഡ് ട്രേഡ് സെന്റർ ആക്രമണംപോലും സാമ്രാജ്യത്വത്തിനെതിരായ യുദ്ധമായിട്ടായിരുന്നു ആദ്യഘട്ടത്തിൽ സിപിഎം ത്വാതികാചാര്യന്മാർ വിലയിരുത്തിയത്. നമ്മുടെ മന്ത്രി ജി സുധാകരൻ ഒസാമ ബിൻലാദനെ പ്രകീർത്തിച്ച് ഒരു കവിത കാച്ചുകയും ഉണ്ടായി! അതേസമയം സംഘപരിവാർ ഭീകരതക്കെതിരെ ഇവർക്കാർക്കും വിട്ടുവീഴ്ചയില്ല.ഇതുപോലെ എത്രയെത്ര സംഭവങ്ങൾ.മദനി മഹാത്മാഗാന്ധിയോട് ഇഎംഎസ് ഉപദേശിച്ചത് കേരളം ചർച്ച ചെയ്ത് തേഞ്ഞതാണ്.

ഇരവാദത്തിന്റെ ഒളിയജണ്ടകൾ

അതിനിടയിൽ കെ.ഇഎൻ കുഞ്ഞഹമ്മദിന്റെ നേതൃത്വത്തിൽ താത്വികമായ വിശകലനത്തിലൂടെ ചില ഒളിയജണ്ടകളും കേരളത്തിലെ സിപിഎമ്മിലേക്ക് തിരുകിക്കയറ്റി. അതിൽ ഒന്നാണ് ഇരവാദം. ഇന്ത്യയിലെ മുസ്ലീങ്ങൾ മൊത്തമായി സംഘപരിവാർ ഫാസിസത്തിന്റെ ഇരകളാണെന്നും അതിനാൽ ഇരകളുമായി ഐക്യപ്പെടുകയാണ് വേണ്ടതെന്നുമുള്ളതായിരുന്നു ഈ കപട സിദ്ധാന്തം. ഈ ഇരവാദം ഫലത്തിൽ ഗുണം ചെയ്തത് ജമാഅത്തെ ഇസ്ലാമി,പോപ്പുലർ ഫ്രണ്ട് തുടങ്ങിയ സംഘടനകൾക്കാണ്.ഇരയാക്കപ്പെട്ട സമുദായങ്ങളോട് ഐക്യപ്പെടുകയെന്ന രീതിയിൽ കെഇഎന്നും പികെ പോക്കർമാഷും ഗുലാബ് ജാനുമൊക്കെ ഇവരുടെ വേദികളിൽ പങ്കെടുത്തത് ഈ സംഘടനകൾക്കു ഉണ്ടാക്കിക്കൊടുത്ത സ്വീകാര്യത ചെറുതല്ല.

പോപ്പുലർ ഫ്രണ്ടിന്റെ കോഴിക്കോട് നടന്ന ദേശീയ സമ്മേളനത്തിലെ സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യ പ്രാസംഗികനായിരുന്നു ഇടതുപക്ഷ ബുദ്ധിജീവിയായ കെഇഎൻ. ഒരുകാലത്ത് 'സ്വർഗം നരകം പരലോകം ' എന്ന പുസ്തകം എഴുതി, 'സ്വർഗത്തിൽ പുരുഷന്മാർക്ക് ഹൂറിമാരെ കൊടുക്കുന്നുണ്ട്, എന്തുകൊണ്ട് സ്ത്രീകൾക്ക് ഹൂറന്മാരെ കൊടുക്കുന്നില്ല' എന്ന് രൂക്ഷമായി പരിഹസിച്ച കെഇഎൻ ഇന്ന് സലാം മടക്കാൻ പഠിക്കുകയാണ്! ഒന്നാന്തരം ഭൗതികവാദ പ്രപഞ്ച വീക്ഷണം. ഇത് പഠിപ്പിക്കുന്നതാവട്ടെ മറ്റൊരു ഇടതുബുജിയും സാംസ്‌കാരിക നായകനും ചലച്ചിത്ര സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദും. മാതൃഭൂമി ആഴ്ചപ്പതിപ്പിന് ഈയിടെ നൽകിയ അഭിമുഖത്തിൽ കെഇഎൻ പറയുന്നത് ഇതുവരെ തന്നോട് അസ്സലാമു അലൈക്കും എന്ന് പറയുന്നവരോട് തിരച്ച് സലാം പറഞ്ഞിട്ടില്ലെന്നും ഇനി മുതൽ അങ്ങനെ ചെയ്യുമെന്നുമാണ്. നിങ്ങൾ ഓം നമശ്ശിവായ എന്നോ ജയ് ശ്രീറാം എന്നോ അഭിസംബോധന ചെയ്യുന്ന ആളുകളോട് തിരിച്ചും അങ്ങനെ പറയുമോ എന്ന എംഎൻ കാരശ്ശേരിയുടെ ചോദ്യത്തിന് കെഇഎന്നിന് മറുപടിയില്ല. അതുപോലെ മനുഷ്യാവകാശ പ്രവർത്തകരാണെന്നും ദലിത് ആക്റ്റീവിസ്റ്റുകൾ ആണെന്ന് പറയുന്നവരും പോപ്പുലർ ഫ്രണ്ടിനും ജമാഅത്തെ ഇസ്ലാമിക്കും കൊടുക്കുന്ന പിന്തുണക്ക് കൈയും കണക്കുമില്ല.

തുടർച്ചയായ ഗൾഫ് യാത്രകളും സാംസ്‌കാരിക പരിപാടികളുമായി ഈ സംഘടനകൾ ഇത്തരം എഴുത്തകാരെ വിലയ്‌ക്കെടുത്തുവെന്ന് പറയുന്നത് മുസ്ലീലീഗ് നേതാവും ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും കടുത്ത വിമർശനകനുമായ മുസ്ലീലീഗ് എംഎൽഎ കെഎം ഷാജിയാണ്.

ബിജെപിയുടെ രാഷ്ട്രീയ തന്ത്രം എന്താണ് ?

'എത് പൊട്ടനും മനസ്സിലാവുന്നതാണ് ബിജെപിയുടെ രാഷ്ട്രീയ തന്ത്രം. അത് വർഗീയ ധ്രുവീകരണം തന്നെയാണ്. അവർ നമ്മൾ എന്നപേരിൽ ഒരു രാജ്യത്തെ ഭിന്നിപ്പിക്കുകയും അങ്ങനെ അതിൽ ജനസംഖ്യകൂടുതൽ ഉള്ളവരുടെ വോട്ട് നേട് ജയിക്കുക എന്നതും. ആ ഒരു സാഹചര്യത്തിൽ മതേതരവാദികൾ എന്നു പറയുന്നവർ ഒരു സൈഡിനെ അന്ധമായി സപ്പോർട്ട് ചെയ്താൽ എന്താണ് സംഭവിക്കുക. ധ്രുവീകരണം വർധിക്കും. ഇന്ത്യയൊട്ടാകെ അത് സംഭവിക്കുന്നു. കേരളത്തിലും സംഭവിക്കുന്നു. '-പ്രശസ്ത എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ സി രവിചന്ദ്രൻ ഒരിക്കൽ ചൂണ്ടിക്കാട്ടിയത് ഏകപക്ഷീയമായ നവോത്ഥാനത്തിന്റെ വിപത്താണ്. 

'യുപിഎ സർക്കാറിന്റെ അഴിമതികളെയോ, കെടുകാര്യസ്ഥതയോ ജനങ്ങൾക്ക് മുന്നിൽ നിരത്തി ഫലപ്രദമായി വിശദീകരിച്ചുകൊണ്ടല്ല ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരത്തിൽ എത്തിയത്. അത് രാഷ്ട്രീയത്തിൽ മതം കലർത്തുക എന്ന സിമ്പിൾ ടെക്ക്നിക്ക് പ്രയോഗിച്ച് തന്നെയാണ്. ഓരോ കലാപങ്ങൾ കഴിയുമ്പോഴും ബിജെപിക്ക് വോട്ടുകൂടുകയാണ്. മുസഫർനഗറിലെ വർഗീയ കലാപത്തിന് ശേഷമാണ് അവർക്ക് യുപി പിടിക്കാൻ കഴിഞ്ഞത്. സാധാരണ നമ്മൾ കരുതുക ഒരു കലാപം ഉണ്ടായിക്കഴിഞ്ഞാൽ അതിന് കാരണക്കാരവയവർക്ക് വോട്ട് കുറയും എന്നാണ്. പക്ഷേ ഉത്തരേന്ത്യയിൽ അങ്ങനെ സംഭവിക്കില്ല. അവിടെ അതോടെ ധ്രുവീകരണത്തിന്റെ തോത് വർധിക്കയാണ് ചെയ്യുന്നത്'- പ്രശസ്ത മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ ഇന്ത്യയുടെ വർഗീയ ധ്രുവീകരണത്തെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്. ഇനി സാക്ഷാൽ നരേന്ദ്ര മോദിയുടെ രാഷ്ട്രീയ വളർച്ചതന്നെ നോക്കുക. അതും അടിച്ചാൽ തിരിച്ചടിക്കുന്ന ഹിന്ദുത്വ സംരക്ഷകനായ നേതാവ് എന്ന ഇമേജിൽ നിന്ന് മാത്രമാണ്. ഗുജറാത്ത് കലാപത്തിൽ മോദി എടുത്ത മനുഷ്യത്വരഹിതമായ നിലപാട് അദ്ദേഹത്തെ ഹിന്ദു മത സംരക്ഷകനും, ചാഞ്ഞ മരത്തിന്റെ രക്ഷകനുമായി മാറ്റുന്നു. നരകാസുരനെപ്പോലെയാണ് മോദിയെന്നും അദ്ദേഹം നിവധിപേരെ നിഗ്രഹിച്ചിട്ടുണ്ടെന്നും നമ്മുടെ വൽസൻ തില്ലങ്കേരി വരെ അഭിമാനത്തോടെ പറയുന്നു. ഇപ്പോൾ ആ അഭിമാനം വളർന്ന് രാജ്യത്തെ പാക്കിസ്ഥാനിൽനിന്നും ചൈനയിൽനിന്നും രക്ഷിക്കുന്ന വീരനായകൻ ആക്കി മാറ്റാൻ സംഘപരിവാറിന് കഴിയുന്നു.

അതായത് അതിവേഗത്തിൽ പടരുന്ന വർഗീയ ധ്രുവീകരണത്തിലാണ് ഇന്ത്യയിലെ ഹിന്ദുത്വ ശ്ക്തികൾ അടിച്ചുകയറുന്നത്. അപ്പോൾ ആ ധ്രുവീകരത്തിന് വളംവെക്കുംവിധം ഖുറാൻ വിരുദ്ധ സമരം എന്ന് പറയുന്ന കോടിയേരിയൊക്കെ രാഷ്ട്രീയ ആത്മഹത്യതന്നെയാണ് നടത്തുന്നത്.

ബംഗാളിൽ ബിജെപി സിപിഎമ്മിനെ വിഴുങ്ങിയത് ഓർമ്മ വേണം

ബംഗാളിലെ രാഷ്ട്രീയമാറ്റം എങ്ങനെയുണ്ടായി എന്ന വിഷയത്തിൽ രാമചന്ദ്രഗുഹ നടത്തുന്ന നിരീക്ഷണം ഇങ്ങനെയാണ്. ' ബംഗാളിലെ ഒരു സിപിഎംകാരനും ബിജെപിക്കാരനും തമ്മിൽ അടിസ്ഥാനപരമായ എന്ത് മാറ്റമാണ് ഉള്ളത്. സിപിഎംകാരനും ഒന്നാന്തരം അന്ധവിശവാസിയാണ്. ബിജെപിക്കാരനും അങ്ങനെതന്നെ. രണ്ടുപേരും ജോൽസ്യം നോക്കാതെ ഒരുകാര്യവും ചെയ്യില്ല. രണ്ടുപേരും കാളപൂജയും ദുർഗാപൂജയും നടത്തുന്നു. ഈ ഒരു സാഹചര്യത്തിൽ ത്രിണമൂലിന്റെ തല്ല് സഹിക്കാനാൻ ആവാഞ്ഞതോടെ സിപിഎം കേഡർമാർ ഒന്നടങ്കം ബിജെപിയിൽ ചേർന്നു. പാർട്ടി ലോക്കൽ കമ്മറ്റി ഓഫീസുകളും മറ്റും അതേപടി ബിജെപി ഓഫീസുകൾ ആവുകയാണ് ചെയ്തത്. ചെങ്കൊടി മാറ്റി കാവിക്കൊടി ഉയർത്തി എന്ന് മാത്രം. അടിസ്ഥനപരമായി ഇടതുപക്ഷ സംഘടന ഉയർത്തേണ്ട ശാസ്ത്രത്തിന്റെയും യുക്തിയുടെയും വെളിച്ചം കേഡർമാരിൽ എത്തിക്കാൻ സിപിഎമ്മിന് ആയില്ല. '

മമതയെ തകർക്കാൻ പരോക്ഷമായി ബിജെപിക്ക് പിന്തുണകൊടുത്ത് അവസാനം ബിജെപി സിപിഎമ്മിനെ വിഴുങ്ങി. ഈ നിരീക്ഷണം കേരളത്തിലും എത്ര ശക്തമാണെന്ന് നോക്കുക. കേരളത്തിലും ഒരു ശരശരി ബിജെപിക്കാരനും സിപിഎമ്മുകാരനും തമ്മിൽ അടിസ്ഥാനപരമായി വ്യത്യാസമില്ല. രണ്ടുപേരും ഒരുപോലെ വിശ്വാസികളുമാണ്. അത് എത്ര കണ്ട് പുറത്തുപറയുന്നു എന്നതിലാണ് പ്ര്ശ്നം. ശബരിമല സമരക്കാലത്ത് സിപിഎം നടുങ്ങിയത് തങ്ങൾക്കിടയിലുള്ള വിശ്വാസികളുടെ ബാഹുല്യം കണ്ടാണ്. വൺസൈഡ് നവോത്ഥാനം സ്റ്റേറ്റിന്റെ പിന്തുണയോടെ നടപ്പാക്കാൻ ശ്രമിച്ചതിന്റെ ശിക്ഷയാണ് സിപിഎമ്മിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ കിട്ടിയത്. ഭൗതികവാദത്തിൽ വിശ്വസിക്കുന്ന ഒരു പാർട്ടി പറയേണ്ടത് 'സ്ത്രീകൾക്ക് ശബരിമലയിൽ പോകാനുള്ള അവകാശം ഉണ്ടായാൽ നന്ന്. പക്ഷേ അവിടെ പോകുന്നത് ഒരു അന്ധവിശ്വാസം തന്നെയാണ്' എന്നായിരുന്നു. അത് പറയാൻ ശ്രമിക്കാതെ ഒരു മതത്തെ മുഴുവൻ അപമാനിച്ചു എന്ന പ്രതീതിയുണ്ടാക്കി, പിൻവാതിലലൂടെ സ്ത്രീകളെ വേഷം കെട്ടിച്ച് അകത്തുകേറ്റി വിധി നടപ്പാക്കിച്ച ദുശ്ശാഠ്യം എന്തിനായിരുന്നു. അത് സമൂഹത്തിൽ ബിജെപി ആഗ്രഹിക്കുന്ന സുവർണ്ണാവസരത്തിനാണ് വഴിവെച്ചത്. ജലീലിന്റെ കേസിലും അതുപോലെ വിഷയം സാമുദായികമാക്കി സ്വയം അടിവാങ്ങുകയാണ് സിപിഎം. ഇതുകാരണം ഹിന്ദുവോട്ടുകൾ നഷ്ടപ്പെടുകയാണ് ചെയ്യുക. മുസ്ലിം വോട്ടുകൾ കിട്ടുകയുമില്ല. മുഖ്യധാര മുസ്ലിം പാർട്ടികൾ ഉള്ളതിനാൽ ഒരു നിശ്ചിത ശതമാനത്തിനപ്പുറം മുസ്ലിം വോട്ടുകൾ മലമറിഞ്ഞാലും സിപിഎമ്മിന് കിട്ടില്ല.

ഇടതുപക്ഷത്തെ പിന്തുണച്ചിരുന്ന മതേതര ചേരി എന്നെന്നേക്കുമായി സലാം പറയുകയും ചെയ്യും.ഇപ്പോൾ തന്നെ ഫേസ്‌ബുക്കിലൊക്കെ നോക്കുക. ചെറുപ്പക്കാർ ഇത്തവണ നോട്ടക്ക് വോട്ടുചെയ്യുമെന്ന് പറഞ്ഞ് അലക്കുകയാണ്. മാനവികതുടെ വിതരണക്കാരൻ ആവേണ്ട മന്ത്രി ഖുർആൻ വിതരണം ചെയ്യുകയാണോ വേണ്ടത് എന്ന് ഈമാനും അള്ളയുമൊക്കെ എങ്ങനെ കമ്യൂണിസ്റ്റ് പദാവലികൾ ആവുന്നുവെന്നും അവർ ചോദ്യം ചെയ്യുന്നു. ഈ വാക്കുൾ സിപിഎം കാണാതെ പോകരുത്.

വാൽക്കഷ്ണം:

ഇവിടെ ഖുർആൻ വിരുദ്ധ സമരം എന്ന് പറയുന്ന കോടിയേരി യഥാർഥത്തിൽ അത്തരത്തിൽ സമരം നടന്ന ലോക രാഷ്ട്രങ്ങളുടെ അനുഭവവും പഠിക്കണം. ലോകത്തിലെ ഏറ്റവും സമാധാനവും സന്തോഷവും നിറഞ്ഞ നാടുകളിൽ ഒന്നായി വിലയിരുത്തപ്പെട്ട സ്‌കാൻഡനേവിയ ഈയിടെ കത്തിയത് ഖുർആനെ ചൊല്ലിയായിരുന്നു. മുസ്ലിം കുടിയേറ്റക്കാർ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതോടെ അവിടെ തീവ്ര വലതുപക്ഷത്തിന്റെ ഖുർആൻ കത്തിക്കൽ പ്രക്ഷോഭവും ഉണ്ടായി. വിദ്വേഷവാചകങ്ങൾ അടങ്ങിയ മത ഗ്രന്ഥങ്ങളാണ് ഈ കുഴപ്പങ്ങൾക്ക് കാരണം എന്നാണ് ആരോപണം. സിറിയൻ അഭയാർഥികളെ ഇസ്ലാമിക ലോക ം പോലും സ്വീകരിക്കാതിരുന്നപ്പോൾ രണ്ടുകൈയും നീട്ട് സ്വീകരിച്ച് സ്വന്തം പൗരന്മാരാക്കി സംരക്ഷിച്ചവയാണ് ഈ രാജ്യങ്ങൾ. പക്ഷേ ജനസംഖ്യ വർധിച്ചപ്പോൾ ഇസ്ലാമിക മതമൗലികാ വാദവും വർധിച്ചു. അതിനെ ബദലായി തീവ്രവലതുപക്ഷവും വളർന്നു. അങ്ങനെ മതരഹിത സമൂഹം അടിമുടി മതാത്മകമായി. ഭൂമിയിലെ സ്വർഗം എന്ന് പറയുന്ന രാജ്യങ്ങൾ നരകമായിക്കൊണ്ടിരിക്കുന്ന അവസ്ഥ ഇടതുപക്ഷം കാണാതെ പോകരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP