Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

പ്രത്യേക പതാകയും ഭരണഘടനയും എടുത്തു കളഞ്ഞു; സംസ്ഥാനത്തിനു പുറത്തു നിന്നുള്ളയാളെ വിവാഹം ചെയ്യുന്ന സ്ത്രീകൾക്ക് ഇനി സ്വത്തവകാശം നഷ്മാവില്ല; ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്റ്റ് തുടങ്ങിയവ താഴ്‌വരയിലും ബാധകം; 370ാം വകുപ്പ് റദ്ദാക്കിയപ്പോൾ താരമായത് അമിത് ഷായും; ബന്ദും കല്ലേറും അക്രമവും കുറഞ്ഞു എന്നല്ലാതെ കാര്യമായ മാറ്റമില്ലാതെ താഴ്‌വര; കശ്മീർ പൗരന്മാരെ പൂർണ്ണ ഇന്ത്യാക്കാരാക്കിയ നടപടികൾക്ക് ഒരു വർഷം തികയുമ്പോൾ

പ്രത്യേക പതാകയും ഭരണഘടനയും എടുത്തു കളഞ്ഞു; സംസ്ഥാനത്തിനു പുറത്തു നിന്നുള്ളയാളെ വിവാഹം ചെയ്യുന്ന സ്ത്രീകൾക്ക് ഇനി സ്വത്തവകാശം നഷ്മാവില്ല; ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്റ്റ് തുടങ്ങിയവ താഴ്‌വരയിലും ബാധകം; 370ാം വകുപ്പ് റദ്ദാക്കിയപ്പോൾ താരമായത് അമിത് ഷായും; ബന്ദും കല്ലേറും അക്രമവും കുറഞ്ഞു എന്നല്ലാതെ കാര്യമായ മാറ്റമില്ലാതെ താഴ്‌വര; കശ്മീർ പൗരന്മാരെ പൂർണ്ണ ഇന്ത്യാക്കാരാക്കിയ നടപടികൾക്ക് ഒരു വർഷം തികയുമ്പോൾ

എം മാധവദാസ്

'ഒരേ ഒരു ഇന്ത്യ ഒരോറ്റ ജനത'! രാജ്യത്തിനുള്ളിലെ രാജ്യം എന്ന രീതിയിൽനിന്ന് കശ്മീരിനെ പുർണ്ണമായും ഇന്ത്യയുടെ ഭാഗമാക്കിയ, 370ാം വകുപ്പ് റദ്ദാക്കലിന് നാളെ ഒരു വർഷം തികയുന്നു. അപ്പോഴും ജമ്മുകശ്മീരിൽ കർശനസുരക്ഷയ്ക്കും നിയന്ത്രണങ്ങൾക്കും അയവില്ല. വാർഷികത്തിന് രണ്ടുദിവസം ബാക്കിനിൽക്കേ തിങ്കളാഴ്ചമുതൽ അടച്ചിടൽ പ്രഖ്യാപിച്ചു. കോവിഡ് കാരണമാണ് അടച്ചിടലെന്നാണ് അധികൃതർ പറയുന്നത്. പക്ഷേ കാര്യങ്ങൾ വ്യക്താണ്.

ഏഴ് പതിറ്റാണ്ട് കാലമായി ആർഎസ്എസ് അടക്കമുള്ള സംഘപരിവാര സംഘടനകൾ ശക്തമായി ആവശ്യപ്പെട്ടിരുന്ന കാര്യമാണ് അമിത്ഷായുടെ ചാണക്യതന്ത്രത്തിലൂടെ ഒരു തരി രക്തമൊഴുകാതെ നടപ്പാക്കിയത്. ഇതോടെ മോദിയേക്കാൾ കരുത്തനായ നേതാവ് എന്ന പ്രതിഛായയാണ് അമിത്ഷാക്ക് വന്നത്. കശ്മീർ പൂർണ്ണമായും ഇന്ത്യയോട് ചേർന്നത് ഇതോടെയാണെന്ന് നിസ്സംശയം പറയാം. അവിടെയുണ്ടായിരുന്ന, പ്രത്യേത പതാകയും ഭരണഘടനയും എടുത്തുകളഞ്ഞു. സംസ്ഥാനത്തിനു പുറത്തു നിന്നുള്ളയാളെ വിവാഹം ചെയ്യുന്ന സ്ത്രീകൾക്ക് ഇനി സ്വത്തവകാശം നഷ്മാവില്ല. ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്റ്റ് തുടങ്ങിയവ താഴ്‌വരയിലും ബാധകമാണിപ്പോൾ. പക്ഷേ ഒരു ചോദ്യം മാത്രം ബാക്കിയാണ്. കശ്മീരിൽ എന്തെങ്കിലും മാറ്റം ഉണ്ടാക്കാൻ ഇതുമൂലം കഴിഞ്ഞുവോ.

Stories you may Like

ഇന്ത്യടുഡേയുടെ പൊൽക്കൽ കറസ്പോണ്ടന്റ് ആനന്ദ് ശർമ്മ എഴുതുന്നത് ഇല്ല എന്നാണ്. ബന്ദും കലല്ലേറും അക്രമവും കുറഞ്ഞു എന്നല്ലാതെ കാര്യമായ മാറ്റവും കശ്മീർ താഴ്‌വരിൽ ഉണ്ടായിട്ടില്ല. വികസനക്കുതിപ്പ് ഉണ്ടാകുമെന്ന പ്രചാരണവും ശരിയായി വന്നിട്ടില്ല. പക്ഷേ ഒരേ ഒരു ഇന്ത്യ ഒരോറ്റ ജനത തോന്നൽ ദേശവ്യാപകമായി ഉണ്ടാക്കാൻ ഈ തീരുമാനം ഉപകരിച്ചുവെന്നത് സത്യമാണ്. അതേസമയം ഹിന്ദുത്വരാഷ്ട്രീത്തിന് രാജ്യത്ത് എതിരില്ലാതാവുന്ന കാഴ്ചയും പ്രകടമാണ്. നാളെ 370ാം വകുപ്പ് റദ്ദാക്കിയതിന്റെ ഒന്നാംവാർഷികത്തിൽ തന്നെയാണ് അയോധ്യയിൽ രാമക്ഷേത്ത്രതിന് ശില ഉയരുന്നത് എന്നും യാദൃശ്ചികമാണെങ്കിലും കൃത്യമായ രാഷ്ട്രീയ സൂചകങ്ങൾ തന്നെയാണ്.

കശ്മീരിൽ കനത്ത സുരക്ഷ

370ാം വകുപ്പ് റദ്ദാക്കിയയിന്റെ വാർഷികം കടന്നുപോകുമ്പോഴും കശ്മീർ കടുത്ത സുരക്ഷാവലിയത്തിൽ തന്നെയാണ്. ചികിത്സയടക്കമുള്ള അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ ജനങ്ങൾക്ക് അനുമതിയില്ല. പലയിടങ്ങളിലും സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്രത്തിനെതിരായ ജനങ്ങളുടെ 'ദേഷ്യവും നിരാശയും' പുറത്തുവരാതിരിക്കാനാണ് സുരക്ഷ വർധിപ്പിച്ചതെന്ന് പി.ഡി.പി. പ്രസിഡന്റ് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി ആരോപിച്ചു.

കശ്മീരിൽ സമാധാനവും സാധാരണനിലയും ഒപ്പം വികസനവും കൈവരിക്കാനായെന്നാണ് നവംബറിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പറഞ്ഞത്. എന്നാൽ, അധികമായി വിന്യസിച്ച 20,000ത്തോളം സേനാംഗങ്ങൾ ഇവിടെനിന്ന് പിന്മാറിയിട്ടില്ല. ഇന്റർനെറ്റ് ബന്ധം പൂർണമായി പുനഃസ്ഥാപിച്ചിട്ടുമില്ല. 2019 ഓഗസ്റ്റ് അഞ്ചിനുമുമ്പ് സി.ആർ.പി.എഫിന്റെ നൂറുവീതം സൈനികരടങ്ങുന്ന 300 കമ്പനികളാണ് സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. പ്രത്യേകപദവി നീക്കിയതോടെ 200 കമ്പനികൾ അധികമായി വിന്യസിച്ചു. ജമ്മുകശ്മീരിൽ വിഘടനവാദികൾ നടത്തുന്ന കല്ലേറും ബന്ദും ഗണ്യമായി കുറഞ്ഞെന്ന് ഔദ്യോഗികവൃത്തങ്ങൾ. 2018-ൽ 532-ഉം 2019-ൽ 389-ഉം കല്ലേറുകളുണ്ടായെങ്കിൽ 2020-ൽ അത് 102 മാത്രമാണ്. സ്വത്തു കണ്ടുകെട്ടൽ, ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ, അറസ്റ്റ് തുടങ്ങിയവയിലൂടെ വിഘടനവാദികളെ നിയന്ത്രിക്കാനായി. 70,44,073 രൂപയുടെ 82 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.

ജെ.കെ.എൽ.എഫിന്റെ യാസീൻ മാലിക്, ജെ.കെ.ഡി.എഫ്.പി.യുടെ ഷഹ്ബിർ ഷാ എന്നിവരടക്കമുള്ള നേതാക്കളെ അറസ്റ്റുചെയ്തു. 2019-ൽ 849 ഭീകരർ അറസ്റ്റിലായി. 2020-ൽ അത് 444 പേരും. യു.എ.പി.എ. നിയമപ്രകാരം 2019-ൽ 173-ഉം 2020-ൽ 33-ഉം കേസുകളിൽ കുറ്റപത്രം നൽകി.

എന്താണ് ആർട്ടിക്കിൾ 370?

ജമ്മു-കാശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നൽകുന്ന ഭരണഘടനയിലെ വ്യവസ്ഥയാണ് ആർട്ടിക്കിൾ 370. ഇന്ത്യൻ ഭരണഘടനയുടെ 21ാം ഖണ്ഡത്തിലാണ് ഇത് വരുന്നത്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ബാധകമായ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും കാശ്മീരിന് ബാധകമല്ല. പ്രതിരോധം, വിദേശകാര്യം, ധനകാര്യം, വാർത്താവിനിമയം എന്നിവയൊഴികെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന ഒരു നിയമവും ജമ്മു-കശ്മീർ നിയമസഭ അംഗീകരിക്കാത്തിടത്തോളം അവ സംസ്ഥാനത്ത് നടപ്പാക്കാനാകില്ല. 370ാം വകുപ്പ് സ്ഥാപിക്കാൻ ബിആർ അംബേദ്കർക്ക് താൽപര്യമുണ്ടായിരുന്നില്ല എന്നാണ് രേഖകൾ പറയുന്നത്. കാശ്മീരിനെ ഇന്ത്യയുമായി ചെർക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കരാറുകളുടെ ഭാഗമായാണ് ഒടുവിൽ ആർട്ടിക്കിൾ 370 ഭരണഘടനയിലുൾപ്പെട്ടത്.

പാക്കിസ്ഥാൻ കാശ്മീർ പിടിച്ചെടുക്കുമെന്ന സാഹചര്യത്തിൽ ഇന്ത്യയുടെ സഹായം തേടിയ അന്നത്തെ സ്വതന്ത്രമായി നിന്ന നാട്ടുരാജ്യത്തിന്റെ രാജാവ് ഹരിസിംഗിനു മുമ്പിൽ വച്ച ഉപാധി ഇന്ത്യൻ യൂണിയനിൽ ചേരാതെ അവിടെ സൈനികമായി ഇടപെടാൻ കഴിയില്ല എന്നായിരുന്നു. ഒടുവിൽ കടുത്ത സമ്മർദ്ദങ്ങളുടെ ഫലമായി ഇന്ത്യൻ യൂണിയന്റെ ഭാഗമാകാൻ മഹാരാജാ ഹരിസിങ് സമ്മതിച്ചപ്പോൾ ഉണ്ടാക്കിയ ഉടമ്പടികളുടെ ഭാഗമായിരുന്നു ആർട്ടിക്കിൾ 370യിലെ വ്യവസ്ഥകൾ. 1952 ലെ ഡൽഹി ഉടമ്പടി പ്രകാരം ജമ്മു- കാശ്മീരിന് ഇന്ത്യൻ ദേശീയ പതാകയ്ക്ക് പുറമേ തുല്യ പദവിയോടുകൂടി സ്വന്തം പതാകയും അനുവദിച്ചു. ഇന്ത്യൻ പൗരന്മാരുടെ മൗലികാവകാശങ്ങളും മറ്റും ജമ്മു കശ്മീർ ജനതയ്ക്കും ലഭ്യമായിരിക്കുമെന്നും സുപ്രീം കോടതിയുടെ അധികാരപരിധിയിൽ തന്നെയാണ് ഈ ഭൂപ്രദേശവും വരികയെന്നും രാഷ്ട്രപതിയുടെ ഉത്തരവ് അന്ന് സ്ഥാപിച്ചു. സംസ്ഥാന സർക്കാരിന്റെ കൂടി അറിവോടെ അവശ്യഘട്ടങ്ങളിൽ സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനും കേന്ദ്ര സർക്കാരിന് കഴിയും.

ആർട്ടിക്കിൾ 370 നിലനിൽക്കേണ്ടത് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ആവശ്യമാണെന്ന കോൺഗ്രസ് നിലപാട് സമയാസമയങ്ങളിൽ പുതുക്കി ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. 1974ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി, രാജാ ഹരിസിങ് നിയോഗിച്ച ജമ്മു-കാശ്മീർ ഭരണാധികാരിയുമായി ചേർന്ന് ഈ ഉടമ്പടി ഒന്നുകൂടി പുതുക്കുകയുണ്ടായി.അതേസമയം ഈ ആർട്ടിക്കിൾ നീക്കം ചെയ്യുന്നത് വലിയ നിയമ-ഭരണഘടനാ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ആർട്ടിക്കിൾ 370(1) നൽകുന്ന അധികാരങ്ങൾ വിനിയോഗിക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്നതാണ് 35എ. ഇവയിൽ വരുത്തുന്ന ഏത് മാറ്റവും മഹാരാജാ ഹരിസിങ്ങുമായി ഇന്ത്യൻ യൂണിയൻ ഏർപ്പെട്ട ട്രീറ്റി ഓഫ് ആക്സഷൻ അസാധുവാക്കുമെന്ന വാദമുണ്ട്.

1954നു ശേഷം ആർട്ടിക്കിൾ 370-നെ മാറ്റിപ്പണിയുന്ന 48-ഓളം രാഷ്ട്രപതി ഉത്തരവുകൾ വരികയുണ്ടായി. ഗണ്യമായ മാറ്റങ്ങളാണ് ഇവമൂലം ആർട്ടിക്കിൾ 370യിൽ വന്നത്.

പ്രത്യേക പദവിയുടെ നാൾ വഴികൾ

1949ൽ നാഷണൽ കോൺഫറൻസ് പാർട്ടി സ്ഥാപകനും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ളയാണ് 370ാം അനുഛേദം കരട് തയ്യാറാക്കിയത്. ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും കശ്മീർ സ്വതന്ത്രരാജ്യമായിരുന്നു. കശ്മീർ രാജാവായിരുന്ന രാജാ ഹരിസിംഗിന്റെ ആഗ്രഹപ്രകാരമുണ്ടാക്കിയ കരാർ അനുസരിച്ചായിരുന്നു കശ്മീരിനെ സ്വതന്ത്രരാജ്യമായി നിലനിർത്തിയത്. എന്നാൽ, 1947 ഒക്ടോബറിൽ പാക്കിസ്ഥാൻ കലാപകാരികൾ സൈന്യത്തിന്റെ സഹായത്തോടെ കശ്മീർ ആക്രമിച്ചു. രാജാ ഹരിസിങ് ഇന്ത്യയോട് സൈനിക സഹായം അഭ്യർത്ഥിച്ചു. ഇൻസട്രുമെന്റ് ഓഫ് ആക്സഷൻ ഒപ്പു വെക്കാതെ സൈനിക സഹായം പാടില്ലെന്ന് മൗണ്ട് ബാറ്റൺ പ്രഭു നിലപാടെടുത്തു.

1947 ഒക്ടോബർ 26 ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള ഇൻസട്രുമെന്റ് ഓഫ് ആക്സഷൻ രാജാ ഹരി സിങും മൗണ്ട് ബാറ്റണും ഒപ്പുവച്ചു. ഇതനുസരിച്ച് പ്രതിരോധം, വാർത്താ വിനിമയം, വിദേശം എന്നീ മേഖലകളിൽ മാത്രമാണ് ഇന്ത്യയ്ക്ക് അധികാര കൈമാറ്റം. കശ്മീർ ഒരു തർക്ക പ്രദേശമാണ്. അവിടുത്തെ ജനങ്ങളുടെ ഇടയിൽ ഹിതപരിശോധന നടത്തിയശേഷം മാത്രമേ തീരുമാനം അന്തിമമാകുകയുള്ളു എന്നും കരാറിൽ വ്യവ്സഥ ചെയ്തു.

1948 ജനുവരി 1 മൗണ്ട് ബാറ്റന്റെ നിർദ്ദേശപ്രകാരം കശ്മീർ പ്രശ്‌നം ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ചു.

1948 മാർച്ച് ഷെയ്ഖ് അബ്ദുള്ള പ്രധാനമന്ത്രിയായി ഇടക്കാല സർക്കാരിനെ രാജാ ഹരിസിങ് നിയമിച്ചു

1948 ഏപ്രിൽ 21 ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും കശ്മീരിൽ നിന്ന് സേനകളെ പിൻവലിക്കണമെന്നും ഐക്യരാഷ്ട്രസഭ പ്രമേയം പാസ്സാക്കി.

1948 ഓഗസ്റ്റ് 13 ഇന്ത്യ പാക് തർക്ക പരിഹാരത്തിന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി പ്രമേയം പാസ്സാക്കി. പ്രമേയം ഇപ്രകാരമാണ്...

1. രണ്ട് രാജ്യങ്ങളും വെടി നിർത്തൽ പ്രഖ്യാപിക്കണം
2. പാക്കിസ്ഥാൻ കശ്മീരിൽ നിന്ന് സേനയെയും, പഠാൻ ഗോത്ര വർഗ്ഗക്കാരെയും പിൻവലിക്കണം. പാക്കിസ്ഥാന്റെ സേനാ പിന്മാറ്റത്തിനു ശേഷം നിയമ പരിപാലനത്തിന് അത്യാവശ്യമുള്ള സേനയെ നിർത്തിയിട്ട് ഇന്ത്യയും സേനാ പിന്മാറ്റം നടത്തണം.
3. ജമ്മു കശ്മീരിന്റെ ഭാവി എന്തെന്ന് സ്വതന്ത്രമായി നടത്തുന്ന ജനഹിതപരിശോധനയിലൂടെ മാത്രം തീരുമാനിക്കും. ഇതിനു വേണ്ടി ഒരു ജഹലയശരെശലേ അറാശിെേശൃമീേൃനെ ഐക്യരാഷ്ട്രസഭ നാമനിർദ്ദേശം ചെയ്യും
എന്നാൽ, പാക്കിസ്ഥാൻ സേനയെ പിൻവലിച്ചില്ല, അതിനാൽ ഇന്ത്യയും. ഹിതപരിശോധന നടത്താൻ ഇന്ത്യയും യാതൊരു നീക്കവും നടത്തിയില്ല.

1948 ഒക്ടോബർ 30 ഷെയ്ഖ് അബ്ദുള്ള പ്രധാനമന്ത്രിയായി അടിയന്തര സർക്കാർ രൂപീകരിച്ചു. 1949 ജനുവരി 1 വെടിനിർത്തൽ പ്രഖ്യാപിച്ചു. കാശ്മീരിന്റെ 60 ശതമാനവും ജമ്മുവും ലഡാക്കും ഇന്ത്യയുടെ അധീനതയിലായി. മുസാഫർബാദും സ്‌കർധും ജിൽജിത്തും പാക്കിസ്ഥാന്റെ അധീനതയിലായി. പാക്കിസ്ഥാന്റെ കൈവശം ഇരിക്കുന്ന കശ്മീർ പ്രദേശത്തെ ഇന്ത്യ, പാക് അധീന കശ്മീർ എന്നും പാക്കിസ്ഥാൻ ആ പ്രദേശത്തെ ആസാദ് കശ്മീർ എന്നും പറഞ്ഞു പോരുന്നു.

1949 ജൂലൈ ഷെയ്ഖ് അബ്ദുള്ളയും മൂന്ന് സഹപ്രവർത്തകരും ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിൽ അംഗങ്ങളായി. കശ്മീരിന്റെ പ്രത്യേക പദവിക്കായി അവർ വിലപേശി. ഇതിനെത്തുടർന്ന് 370ാം അനുഛേദം ഇന്ത്യൻ ഭരണഘടനയോട് ചേർത്തു. 370ാം അനുഛേദത്ൻതിറെ കരട് തയ്യാറാക്കിയത് ഷെയ്ഖ് അബ്ദുള്ളയായിരുന്നു. 370ാം അനുഛേദ പ്രകാരം പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം ഒഴികെ പാർലമെന്റ് പാസ്സാക്കുന്ന ഏതു നിയമവും ജമ്മു കശ്മീരിൽ പ്രാബല്യത്തിൽ വരണമെങ്കിൽ കശ്മീർ നിയമനിർമ്മാണസഭയുടെ അംഗീകാരം വേണം. 1954 ജമ്മു കശ്മീരിനെ ഇന്ത്യൻ യൂണിയനോട് ചേർത്തത് സംസ്ഥാനത്തിന്റെ ഭരണഘടന നിർമ്മാണ സഭ ഔദ്യോഗികമായി അംഗീകരിച്ചു.

എന്താണ് 35 എ വകുപ്പ്?

1954ൽ തന്നെയാണ് ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക പരിഗണന നൽകുന്ന 35 എ വകുപ്പ് ഭരണഘടനയോട് ചേർത്തത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള ജോലികൾ സ്ഥിരതാമസക്കാർക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. കശ്മീരിലെ സ്വത്തവകാശവും സ്ഥിരതാമസക്കാർക്ക് മാത്രമുള്ളതാണ്. സംസ്ഥാന സർക്കാരിന്റെ ആനുകൂല്യങ്ങളും സ്ഥിരതാമസക്കാർക്ക് മാത്രമാണ് ലഭിക്കുക.

ഇതുപ്രകാരം ഇതരസംസ്ഥാനക്കാർക്ക് കശ്മീരിൽ ഭൂമി വാങ്ങാനോ, സംസ്ഥാന സർക്കാരിനു കീഴിൽ ജോലി നേടാനോ, പഠനത്തിന് സ്‌കോളർഷിപ്പ് നേടാനോ അവകാശമില്ല. ഭരണഘടനയുടെ 35എ വകുപ്പ് എടുത്തു കളഞ്ഞാലേ കശ്മീരിൽ ഐടി, ഹോട്ടൽ വ്യവസായത്തിൽ വൻ നിക്ഷേപങ്ങൾ കൊണ്ടുവരാൻ കഴിയുകയുള്ളൂ എന്ന് ഒന്നാം മോദി സർക്കാരിന്റെ അവസാന കാലയളവിൽ മന്ത്രി നിതിൻ ഗഡ്കരി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അങ്ങനെ മാത്രമേ കശ്മീരിലെ തൊഴിലില്ലായ്മ പരിഹരിച്ച് യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു.

രാജ്യത്തെ നിയമങ്ങൾ ഇപ്പോൾ കശ്മീരിന് ബാധകം

ഭരണഘടനയുടെ 370, 35 എ വകുപ്പുകൾ റദ്ദാക്കിക്കൊണ്ട് കാശ്മീരിനുണ്ടായിരുന്ന പദവികൾ എടുത്ത് മാറ്റിയതോടെ ഏഴ് പതിറ്റാണ്ട് കാലം സംസ്ഥാനം നിലനിർത്തിപ്പോന്ന പ്രത്യേക അധികാരങ്ങളാണ് ഇല്ലാതായത്. ജമ്മു-കാശ്മീർ എന്ന സംസ്ഥാനം ജമ്മു-കാശ്മീർ, ലഡാക്ക് എന്ന രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി മാറി. ജമ്മു-കാശ്മീരിന് ഇന്ത്യയിലെ ഡൽഹി, പുതുച്ചേരി ഉൾപ്പെടെയുള്ള മറ്റേതൊരു കേന്ദ്രഭരണപ്രദേശവും പോലെ സ്വന്തമായി നിയമസഭ ഉണ്ടായിരിക്കും. ലഡാക്ക് സ്വന്തമായി നിയമസഭയില്ലാത്ത ചണ്ഡീഗഡ് പോലെ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കേന്ദ്രഭരണപ്രദേശമായി. ജമ്മു ഹിന്ദു ഭൂരിപക്ഷ മേഖലയും കാശ്മീർ മുസ്ലിം ഭൂരിപക്ഷ മേഖലയും ലഡാക്ക് ബുദ്ധമത ഭൂരിപക്ഷ മേഖലയുമാണ്. ആർട്ടിക്കിൾ 370 എടുത്തു മാറ്റിയതോടെ ഇതുവരെ ബാധകമല്ലാതിരുന്ന, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ബാധകമായ, നിലവിലുള്ള സ്വത്ത് നിയമം മുതൽ ക്രിമിനൽ നിയമം, വിവരാവകാശ നിയമം, വിദ്യാഭ്യാസ നിയമങ്ങൾ ഉൾപ്പെടെ ഇനി ജമ്മു-കാശ്മീരിനും ബാധകമാണ്.

സ്വന്തമായി ഭരണഘടനയും പതാകയുമുണ്ടായിരുന്ന കാശ്മീരിൽ അവിടത്തെ പൗരന്മാർ അനുഭവിച്ച് വന്നിരുന്ന വിശേഷാധികാരങ്ങൾ കൂടിയാണ് ഇല്ലാതായത്. കാശ്മീനു പുറത്ത് ജനിച്ച് വളർന്നവർക്ക് അവിടെ ഭൂമിവാങ്ങിക്കാൻ മുമ്പ് അധികാരമില്ലായിരുന്നു. സംസ്ഥാനത്തെ സ്ഥിര താമസക്കാർക്ക് മാത്രമായിരുന്നു ഇതിന് അവകാശം. 35 എ റദ്ദാക്കിയതോടെ ഇതും ഇനിമുതൽ സാധ്യമാവും. സമാനമായ അവസ്ഥയായിരുന്നു സർക്കാർ ജോലി ഉൾപ്പെടെയുള്ളവയിലും. സംസ്ഥാനത്തെ സർക്കാർ ജോലി അവിടുത്തുകാർക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. 370ാം വകുപ്പ് എടുത്തു കളഞ്ഞതോടെ ഇന്ത്യയിൽ എവിടെയുള്ളവർക്കും ഇനി കാശ്മീരിലും സമാനമായ അവസരങ്ങൾ ലഭിക്കും. ഇരട്ട പൗരത്വം, പ്രത്യേക പതാക, ഭരണഘടന, പൊലീസ് ഭരണ സംവിധാനം, സാമ്പത്തിക അടയന്തിരാവസ്ഥ , ന്യൂനപക്ഷ സംവരണം, വിവരാവകാശ നിയമം, എന്നിവയായിരുന്നു മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാശ്മീരിന് അധികമായുണ്ടായിരുന്നത്. കാശ്മീർ നിയമസഭയുടെ കാലാവധി 6 വർഷവുമായിരുന്നു.

ആർട്ടിക്കിൾ 370 ഇല്ലാതായതോടെ കാശ്മീർ നിവാസികൾ ഇന്ത്യക്കാർ പൗരന്മാർ മാത്രമായി. ഇന്ത്യൻ പതാക മാത്രം ഔദ്യോഗികമാവും, പൊലീസിനെ കേന്ദ്ര സർക്കാർ നിയന്ത്രിക്കും. സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാൽ അതും ബാധകമായിരിക്കും. 10 ശതമാനം സാമ്പത്തിക സംവരണം ഉൾപ്പെടെ ന്യൂനപക്ഷ, പിന്നോക്ക സംവരണ സംവിധാനവും നിലവിൽ വരും. വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതിനൊപ്പം കാശ്മീരിലെ നിയമസഭയുടെ കാലാവധി അഞ്ച് വർഷമായി ചുരുങ്ങുകയും ചെയ്യും. ഇന്ത്യയിൽ ഉടനീളം ബാധകമായ നിയമവ്യവസ്ഥ തന്നെയായിരിക്കും ഇനി കശ്മീരിലും ഉണ്ടാവുക. ഇതനുസരിച്ച് ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്റ്റ് തുടങ്ങിയവയും കാശ്മീരിൽ ഇപ്പോൾ ബാധകമാണ്.

ആർട്ടിക്കിൾ 370യുടെ ഭാഗമായാണ് ആർട്ടിക്കിൾ 35എ നിലവിൽ വന്നത്. ആരൊക്കെയാണ് ജമ്മു- കാശ്മീരിലെ സ്ഥിരം താമസക്കാർ എന്ന് നിർവ്വചിക്കാനുള്ള അധികാരം സംസ്ഥാന നിയമസഭയ്ക്ക് ആർട്ടിക്കിൾ 35എ പ്രകാരമുണ്ട്. സംസ്ഥാനത്തിനു പുറത്തുള്ളവർക്ക് ജമ്മു- കാശ്മീരിൽ ഭൂമി അടക്കമുള്ള ഏത് സ്ഥാവര വസ്തു വാങ്ങുന്നതിനും വിലക്കുണ്ട് ഈ വകുപ്പു പ്രകാരം. സംസ്ഥാനത്തിനു പുറത്തു നിന്നുള്ള ആരും കാശ്മീരിൽ സ്ഥിരമായി വന്നു പാർക്കുന്നതിനെയും തടയുന്നുണ്ട് ആർട്ടിക്കിൾ 35എ. സംസ്ഥാനത്തെ ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ടിലെ സെക്ഷൻ 139, 140 എന്നിവ ഇന്നലെ ഒഴിവാക്കിയതോടെ പുറത്തുനിന്നുള്ളവർക്കും ഇവിടെ ഭൂമി വാങ്ങിക്കാം എന്ന നിലയായി. അതുപോലെ ജമ്മു-കാശ്മീർ ലാൻഡ് ഗ്രാൻഡ്‌സ് ആക്ടിൽ കൊണ്ടുവന്ന ഭേദഗതി വഴി പുറത്തുനിന്നുള്ളവർക്ക് സ്വത്ത് പാട്ടത്തിനു നൽകാം. ഇന്ത്യയിൽ നിലനിൽക്കുന്ന വഖഫ് നിയമവും ഇനി കാശ്മീരിൽ ബാധകമാവും.

സംസ്ഥാനത്തിനു പുറത്തു നിന്നുള്ളയാളെ വിവാഹം ചെയ്യുന്ന കാശ്മീരി സ്ത്രീകൾക്ക് ഭൂമിക്കും സ്വത്തിന്മേലും ഉള്ള അവകാശം നഷ്ടമാകുന്ന വ്യവസ്ഥയും ഇതിലുണ്ടായിരുന്നു. ഈ സ്ത്രീയുടെ മക്കൾക്കും ഈ സ്വത്തിന്മേൽ അവകാശമുണ്ടായിരുന്നില്ല. കാശ്മീരി സ്ത്രീകളോട് ചെയ്യുന്ന അനീതിയാണ് ഇതെന്ന് ബിജെപി ഏറെക്കാലമായി ഉന്നയിക്കുന്നതാണ്. പുറത്തുനിന്നുള്ളവർക്കും കാശ്മീരിൽ സ്വത്തുവകകൾ വാങ്ങാം എന്നായതോടെ ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കാശ്മീരിലേക്കുള്ള കുടിയേറ്റം ഇനി സാധ്യമാകും. എന്നാൽ, ഇത് കാശ്മീരിന്റെ ജനസംഖ്യാക്രമ ത്തെ തകർക്കാനുള്ള ആശയമായാണ് ഇതിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.

ജമ്മു, കശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. 1954 മെയ്‌ 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണിത്. ജമ്മു- കാശ്മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണ് വകുപ്പ്. മറ്റു സംസ്ഥാനക്കാർക്ക് ജമ്മു-കാശ്മീരിലെ സ്‌കോളർഷിപ്പിനു പോലും അപേക്ഷിക്കുക സാധ്യമല്ല. ഭരണഘടനയിലെ താത്ക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പാണ്.

രാജ്യത്തെവിടെയും ജോലിയെടുക്കാനും ഭൂമി വാങ്ങാനുമുള്ള മൗലികാവകാശത്തെ 35എ വകുപ്പ് ലംഘിക്കുന്നുവെന്നു ആരോപിച്ച് നേരത്തേ സുപ്രീം കോടതിയിൽ ഹർജി വന്നിരുന്നു. ആർഎസ്എസ് അനുഭാവമുള്ള സന്നദ്ധസംഘടന ജമ്മു കശ്മീർ സ്റ്റഡി സർക്കിളായിരുന്നു അതിന് പിന്നിൽ. എന്നാൽ പഞ്ചാബ് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർ ജമ്മു കശ്മീരിൽ ഭൂമി സ്വന്തമാക്കുന്നതും സർക്കാർ സർവീസുകളിൽ ആധിപത്യം നേടുന്നതും തടയാൻ വേണ്ടി 19ാം നൂറ്റാണ്ടു മുതൽക്കേ നിലവിലുള്ളതാണു പ്രത്യേക അവകാശ വ്യവസ്ഥയെന്നു പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു.

അതിനെ ബിജെപി എതിർക്കുന്നത് മറ്റു ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്. ടൂറിസം മുഖ്യമായ ഒരു സംസ്ഥാനത്ത് വൻ നിക്ഷേപം നടത്താൻ കഴിയുന്ന ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യവസായങ്ങൾ ഇല്ല എന്നതിന്റെ പ്രധാനം ഇവിടെ ഭൂമി വാങ്ങാനോ പാട്ടത്തിന് എടുക്കാനോ പോലും കഴിയാത്തതാണ് എന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്ലി പറഞ്ഞിരുന്നു. അതോടൊപ്പം, സംസ്ഥാനത്ത് നിന്നുള്ളവർക്ക് മാത്രം ജോലി കൊടുക്കണം എന്ന സാഹചര്യം ഉള്ളപ്പോൾ പുറത്തു നിന്നുള്ള കമ്പനികളുടെ ഉത്പാദനക്ഷമതയെ അത് ബാധിക്കുമെന്നും ജെയ്റ്റ്ലി പറയുന്നു. ആത്യന്തികമായി ഇത് സംസ്ഥാനത്തിന്റെ വികസനത്തെ തന്നെയാണ് ബാധിക്കുന്നതെന്നും അതിനാലാണ് ഈ വകുപ്പുകൾ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ് എന്നുമാണ് ബിജെപിയുടെ വാദം.

താരമായത് അമിത്ഷാ; മോദിയേക്കാൾ കരുത്തനും

ആർഎസ്എസ് അടക്കമുള്ള സംഘടനകളുടെ ഏഴ് പതിറ്റാണ്ട് കാലത്തെ നിരന്തരമായ കാമ്പയിനാണ് അമിത്ഷായുടെ നേതൃത്വത്തിൽ സാധ്യമായത്. ഇതുകൊണ്ടുതന്നെ ഒറ്റയടിക്ക് താരമായതാണ് അമിത്ഷാ തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ കരുത്താൻ ഷാ ആണെന്ന വിലയിരുത്തൽ സാക്ഷൽ അർണബ് ഗോസാമിപോലും നടത്തിയതിന് ഇതിന് ശേഷമാണ്. പ്രതിപക്ഷത്തെ അമ്പരപ്പിച്ച് അപ്രതീക്ഷ നീക്കത്തിലൂടെ സുപ്രധാനമായൊരു ബിൽ നിയമവ്യവസ്ഥയ്ക്കുള്ളിൽ നിന്നുകൊണ്ടു തന്നെ പരുക്കുകൂടാതെ പാസാക്കിയെടുക്കുകയെന്ന തന്ത്രമാണ് അമിത്ഷാ നടപ്പാക്കിയത്. മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കും വരെ മിക്ക കേന്ദ്രമന്ത്രിമാർക്കുപോലും അറിയില്ലായിരുന്നു.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഉറപ്പാക്കുന്ന സാമ്പത്തിക സംവരണം കാശ്മിരിന് ബാധകമാക്കുന്ന ബില്ലായിരുന്നു രാജ്യസഭയുടെ അജണ്ടയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇതിനൊപ്പം കഴിഞ്ഞ ജൂൺ അഞ്ച് തിങ്കളാഴ്ച രാവിലെ രാജ്യസഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചത് രണ്ടു സുപ്രധാന തീരുമാനങ്ങൾ, അതും തന്ത്രപരമായ നീക്കത്തിലൂടെ.ജമ്മു കശ്മീരിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള പുനഃസംഘടനാ ബില്ലും പ്രത്യേക പദവി റദ്ദാക്കുന്ന പ്രമേയവുമാണ് അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചത്. പ്രത്യേക ഉത്തരവിലൂടെ ആർട്ടിക്കിൾ 370 റദ്ദാക്കാനും ഭേദഗതി ചെയ്യാനുമുള്ള അധികാരം രാഷ്ട്രപതിക്കു മാത്രമാണുള്ളത്.

കേന്ദ്ര സർക്കാരിന്റെ ശുപാർശ അംഗീകരിച്ച രാഷ്ട്രപതി 370ാം വകുപ്പ് റദ്ദാക്കാനുള്ള തീരുമാനത്തിൽ ഒപ്പു വയ്ക്കുകയായിരുന്നു. പിന്നാലെ ഇതുസംബന്ധിച്ച പ്രമേയം അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. വൈകാതെ തന്നെ രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. വളരെ പെട്ടന്ന് തന്നെ കാര്യങ്ങൾ മുന്നോട്ട് നീങ്ങി. പ്രതിപക്ഷത്ത് പോലും ഭിന്നതകൾ രൂപം കൊണ്ടു. ബിഎസ്‌പി, എഎപി തുടങ്ങി പാർട്ടികൾ പോലും പിന്തുണച്ചു. കോൺഗ്രസിന് ഉള്ളിൽ പോലും പൊട്ടിത്തെറിക്ക് വഴിവച്ച നീക്കത്തിൽ പാർട്ടിയുടെ ചീഫ് വിപ്പ് രാജിവച്ചു. എല്ലാം ബിജെപിയുടെ പദ്ധതി അനുസരിച്ച് തന്നെ നടന്നു.

ബില്ലിനെ കുറിച്ചുൾപ്പെടെ വ്യക്തമായ ധാരണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാത്രമാണ് ഉണ്ടായരുന്നതെന്ന് മുതിർന്ന പാർട്ടി നേതാക്കൾ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. അവസാന നിമിഷമാണ് നിയമമന്ത്രി രവിശങ്കർ പ്രസാദ് ബില്ലിന്റെ കരട് സമർപ്പിച്ചതെന്നും ഇന്ത്യൻഎക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എല്ലാം രഹസ്യമായി അണിയറിയിൽ നീക്കിക്കൊണ്ടുതന്നെ കശ്മീരിലെ സുരക്ഷയും അമിത്ഷാഘട്ടം ഘട്ടമായി വർധിപ്പിച്ചു. ഇത് 370ാം വകുപ്പ് റദ്ദാക്കുന്നതിന്റെ മുന്നോടിയാണെന്ന് ഒരു കുട്ടിക്കും പിടികിട്ടിയില്ല. കശ്മീർ താഴ്‌വരയിലേക്കു അമിത്ഷാ പതുക്കെ കൂടുതൽ സൈനികബലമെത്തിച്ചു. നിയമനയതന്ത്രരംഗത്തെ വിദഗ്ധരുടെ നിർദ്ദേശങ്ങൾ പരിഗണിച്ചായിരുന്നു ഓരോ നീക്കവും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉൾപ്പെട്ട സംഘമാണ് ഇതിന് ചുക്കാൻ പിടിച്ചതെന്ന് പിന്നീടാണ് ദേശീയ മാധ്യമങ്ങൾ പോലും അറിയുന്നത്.പദ്ധതികളുടെ രഹസ്യാത്മകത ഉറപ്പാക്കി മോദിയുടെ വിശ്വസ്തസംഘം ഉണർന്ന് പ്രവർത്തിക്കുകയായിരുന്നു.

നിയമം നടപ്പായശേഷം പൊടുന്നനെയാണ് കശ്മീരിലെ ഇന്റനെറ്റ് നിരോധനം അടക്കമുള്ളവ വന്നത്. ഉമർ അബ്ദുല്ല പോലുള്ള പ്രമുഖ നേതാക്കളും വീട്ടീ തടങ്കലിലായി. ഒരു കുട്ടിക്കുപോലും അനങ്ങാനായില്ല. അതായത് ഒരു തുള്ളി രക്തംപോലും ചിന്താതെ കശ്മീരിനെ പൂർണ്ണമായും ഇന്ത്യയുടെ ഭാഗമാക്കാൻ അമിത്ഷാക്ക്ക ഴിഞ്ഞു. പക്ഷേ അതിന്റെ രാഷ്ട്രീയ ഗുണ ഫലങ്ങൾ കശ്മീരിൽ പ്രകടമല്ല. പക്ഷേ 'ഒരേ ഒരു ഇന്ത്യ ഒരു ഒറ്റ ജനത' എന്ന വികാരം ഇന്ത്യയൊട്ടാകെ പ്രതിഫലിപ്പിക്കാൻ ഈ തീരുമാനം ഇടയാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP