Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202219Friday

രക്ഷിതാക്കൾ മക്കളെ വേവിച്ച് തിന്ന കാലം! തലതിരിഞ്ഞ കമ്യൂണിസ്റ്റ് നയങ്ങൾമൂലം പട്ടിണി കിടന്ന് മരിച്ചത് 70ലക്ഷം പേർ; സഹജീവികളെ തല്ലിക്കൊന്ന് തിന്നവരും ഒട്ടേറെ; രാജ്യം വിടാൻ ശ്രമിക്കുന്നവനെ വെടിവെച്ച് കൊല്ലും; പുടിൻ ചെയ്തതിനേക്കാൾ വലിയ ക്രൂരത യുക്രൈനോട് ചെയ്തത് സ്റ്റാലിൻ

രക്ഷിതാക്കൾ മക്കളെ വേവിച്ച് തിന്ന കാലം! തലതിരിഞ്ഞ കമ്യൂണിസ്റ്റ് നയങ്ങൾമൂലം പട്ടിണി കിടന്ന് മരിച്ചത് 70ലക്ഷം പേർ; സഹജീവികളെ തല്ലിക്കൊന്ന് തിന്നവരും ഒട്ടേറെ; രാജ്യം വിടാൻ ശ്രമിക്കുന്നവനെ വെടിവെച്ച് കൊല്ലും; പുടിൻ ചെയ്തതിനേക്കാൾ വലിയ ക്രൂരത യുക്രൈനോട് ചെയ്തത് സ്റ്റാലിൻ

എം റിജു

രു നാട്ടിൽ തിന്നാൻ യാതൊന്നുമില്ലാഞ്ഞാൽ പിന്നെ ജനം എന്തുചെയ്യും. ആദ്യ അവർ മരങ്ങളുടെ പൂവും കായുമൊക്കെ തിന്നു. പിന്നെ വേരുകൾ വരെ പിഴുതു തിന്നു. ചെടികൾ തീർന്നപ്പോൾ തത്ത മുതൽ, കന്നുകാലികൾവരെയുള്ള വളർത്തു മൃഗങ്ങളെ കൊന്നു തിന്നു. പ്രദേശത്ത് എവിടെയും ഒരു തുണ്ട് അരിയോ ഗോതമ്പോ, ഒരു കഷ്ണം ഉരുളക്കിഴങ്ങോ ഒന്നും കിട്ടാനില്ല. ഉള്ളിടത്തുനിന്ന് ഒരു മണി പെറുക്കിയാൽ പോലും പട്ടാളം വെടിവെച്ച് കൊല്ലും. മറ്റ് രാജ്യങ്ങളിലേക്ക് നാടുവിട്ട് പോവുന്നതും തടഞ്ഞിരിക്കയാണ്. പിന്നെ അവർക്ക് മുന്നിൽ ഒരു മാർഗമേ ഉണ്ടായിരുന്നുള്ളൂ. നരമാസംഭോജനം! മനുഷ്യൻ മനുഷ്യനെ തിന്നുക എന്ന ഏറ്റവും ഭീകരമായ അവസ്ഥയിലുടെ കടന്നുപോയ, ആ ഭാഗ്യം കെട്ട രാജ്യമാണ് ഇപ്പോൾ റഷ്യൻ ആക്രമണത്തിന് വിധേയമായ യുക്രൈൻ.

ചുവന്ന തെരുവ്, ചുവന്ന പരവതാനി, ചുവപ്പ് ഭീകരത എന്നൊക്കെ നാം ധാരാളം കേട്ടിട്ടുണ്ട്. പക്ഷേ ചുവപ്പ് ക്ഷാമം എന്ന റെഡ് ഫാമൈൻ എന്ന വാക്ക് അധികം ആരും കേട്ടിരിക്കാനിടയില്ല. അത് ഒന്നും രണ്ടുമല്ല 70 ലക്ഷം പേരുടെ ജീവനൊടുത്ത ഒരു സംഭവമാണ്. ചെയ്തവാട്ടെ ജോസഫ് വിസാരിയോവിച്ച് സ്റ്റാലിൻ എന്ന, സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഏകാധിപതിയും.

വ്ളാദിമിർ പുട്ടിൻ എന്ന സ്റ്റാലിനു സമാനനായ ഏകാധിപതി, യുക്രൈൻ എന്ന സമാധാനകാംക്ഷികളായ രാജ്യത്തെ, ജനവാസകേന്ദ്രങ്ങളിൽ പോലും മിസൈൽ ആക്രമണം നടത്തി ചോരക്കളമാക്കുന്ന സമയമാണിത്. എന്നാൽ സ്റ്റാലിൻ യുക്രൈയിൻ ജനതയോടെ ചെയ്ത ചെയ്തികൾ വെച്ചുനോക്കുമ്പോൾ പുട്ടിൻ ഒന്നും ഒന്നും അല്ല എന്ന് നാം സമ്മതിക്കേണ്ടി വരും. പട്ടിണി കിടന്ന മനുഷ്യർ പരസ്പരം തിന്ന, കാനിബാളിസം എന്ന നരമാസംഭോജനം പോലും വ്യാപകമായ കാലമായിരുന്നു അത്. എത്രയൊക്കെ ക്രൂരനായാലും പുടിന് ഇത്രയും മോശക്കാരൻ ആവാൻ കഴിയില്ല എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. എന്തായാലും യുക്രൈൻ എന്ന രാജ്യത്തിന്റെ എക്കാലത്തെയും വലിയ ഉപദ്രവം റഷ്യയിൽ നിന്നായിരുന്നു. അന്ന് സ്റ്റാലിൻ ചെയ്തത് ഇന്ന് പുടിൻ ആവർത്തിക്കുന്നെന്ന് മാത്രം.

ഒരു പാർട്ടി പരിപാടി സൃഷ്ടിച്ച ദുരന്തം

ഏറ്റവും വിചിത്രം ഇത് ഒരു മനുഷ്യനിർമ്മിത ദുരന്തം ആണെന്ന് മാത്രമല്ല കമ്യൂണിസ്റ്റ് നയവൈകല്യത്തിന്റെ ഭാഗവുമായി വന്നതാണ്. സോവിയറ്റ് യൂണിയനെ ലോക ശക്തിയാക്കി ഉയർത്താനുള്ള പാർട്ടി പരിപാടിയുടെ ഭാഗമായി വന്നതാണ്. അതുപോലെ യുക്രൈനിലെ ജനങ്ങളുടെ സ്വാതന്ത്ര്യമോഹങ്ങൾ ഇല്ലാതാക്കാനും വംശീയമായി യുക്രൈൻ വംശജരെ ഉന്മൂലനം ചെയ്യാനും വേണ്ടി സ്റ്റാലിൻ മനപ്പൂർവ്വമായി സൃഷ്ടിച്ച ക്രൂരമായ ഒരു പരിപാടിയാണ് ഹൊളോഡോമോർ (പട്ടിണിക്കിട്ട് കൊല്ലുക) എന്നും ആരോപണമുണ്ട്. 1932-33 കാലത്ത് നടന്ന ഹൊളോഡോമോറിൽ ചുരുങ്ങിയത് 40 ലക്ഷം യുക്രൈനികൾ നേരിട്ട് കൊല്ലപ്പെട്ടു. പരോക്ഷമായി രോഗവും പോഷകാഹാരക്കുറവും മൂലം മരിച്ച 30 ലക്ഷം ഇതിന് പുറമെയാണ്. കുറഞ്ഞ ജനനനിരക്കുമൂലം ജനസംഖ്യയിൽ ഉണ്ടായ കുറവു വേറെയും.

ഉക്രൈയ്‌നിലെ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ചെറുകൃഷിയിടങ്ങൾ പിടിച്ചെടുത്ത് സർക്കാറിന്റെ കീഴിലാക്കിയ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ നയങ്ങളുടെ ബാക്കിപത്രമാണ് ഈ ക്ഷാമം. ജനങ്ങൾക്ക് ഉരുളക്കിഴങ്ങാണ് കൃഷി ചെയ്യേണ്ടതെങ്കിൽ പട്ടാളം പറയും തക്കാളി കൃഷിചെയ്തോളാൻ. അങ്ങനെ ആകെ കുഴഞ്ഞു മറിഞ്ഞു. റഷ്യയുടെ പടിഞ്ഞാറ് കരിങ്കടലിനടുത്തുള്ള യുക്രൈൻ അക്കാലത്ത് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. 1929-ൽ, സ്റ്റാലിന്റെ കീഴിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ, വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങൾ പിടിച്ചെടുത്ത് കൂട്ടുകൃഷി തുടങ്ങാൻ തീരുമാനിച്ചു. പാവപ്പെട്ട കർഷകർ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കാൻ തയ്യാറായില്ല. കൃഷിഭൂമികൾ മാത്രമല്ല, വീടുകളും സർക്കാരിന് കൈമാറേണ്ടതായി വന്നു. എന്നാൽ, കർഷകർ ഈ തീരുമാനത്തെ എതിർത്തു. പലയിടത്തും കർഷകസമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു.

സോവിയറ്റ് ഭരണകൂടം എതിർക്കുന്നവരെ ശത്രുക്കളായി കണക്കാക്കി. അവരെ ജന്മികളെന്നും, സോവിയറ്റ് വിരുദ്ധരെന്നും മുദ്രകുത്തി. ചിലരെ വെടിവച്ച് കൊന്നു, മറ്റ് ചിലരെ ജയിലിലടച്ചു. സോവിയറ്റ് ഉദ്യോഗസ്ഥർ കർഷകരെ അവരുടെ ഫാമുകളിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി. സ്റ്റാലിന്റെ രഹസ്യ പൊലീസ് 50,000 ഉക്രേനിയൻ കർഷക കുടുംബങ്ങളെ സൈബീരിയയിലേക്ക് നാടുകടത്താൻ പദ്ധതിയിട്ടതായി, ചരിത്രകാരിയായ ആനി ആപ്പിൾബോം തന്റെ പുസ്തകമായ റെഡ് ഫാമൈൻ: സ്റ്റാലിൻസ് വാർ ഓൺ യുക്രൈനിൽ എഴുതുന്നു. ജനങ്ങൾ ദുരന്തം അനുഭവിച്ചാലും, നശിച്ചാലും പ്രശ്നമില്ല, യുക്രൈനിനെ ഒരു ആധുനിക, തൊഴിലാളിവർഗ, സോഷ്യലിസ്റ്റ് രാഷ്ട്രമാക്കണമെന്ന ഒരൊറ്റ ഉദ്ദേശത്തിലായിരുന്നു സ്റ്റാലിനെന്നും ചരിത്രകാരി എഴുതുന്നു.

കൃഷിയിടങ്ങൾ പിടിച്ചെടുക്കുന്ന നടപടി 1929 -ലാണ് ആരംഭിച്ചത്. കർഷകരുടെ ഭൂമിയും കന്നുകാലികളും സർക്കാർ ഉടമസ്ഥതയിലായി. സർക്കാർ ഫാമുകളിൽ കർഷകർ ദിവസക്കൂലിക്കാരായി ജോലി ചെയ്തു. ഉക്രെയ്‌നിനെ സോവിയറ്റ് യൂണിയന്റെ ഭക്ഷ്യകേന്ദ്രമാക്കാൻ സ്റ്റാലിൻ ആഗ്രഹിച്ചു. വിളവെടുക്കുന്ന ധാന്യം വിദേശത്തേക്ക് കയറ്റുമതി ചെയ്യാനും അതുവഴി സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുമായിരുന്നു പദ്ധതി.

അത് അനിയന്ത്രിതമായ ഒരു ദുരന്തമായിരുന്നു. നിശ്ചിത അളവിൽ ധാന്യങ്ങൾ സർക്കാരിന് കൃഷിചെയ്തു നൽകണമെന്ന് സർക്കാർ നിഷ്‌കർഷിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും സർക്കാർ പറയുന്ന അളവിൽ കർഷകർക്ക് ധാന്യങ്ങൾ നൽകാൻ കഴിഞ്ഞില്ല. മാത്രവുമല്ല, കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് മതിയായ പണവും ലഭിച്ചില്ല. കയറ്റുമതി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നയങ്ങൾ അതോടെ സർക്കാർ നടപ്പിലാക്കി.

പല ഗ്രാമനഗരങ്ങളും കൃഷിയിടങ്ങളും സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ഭക്ഷണം ലഭിക്കുന്നത് തടയുകയും ചെയ്തു. സർക്കാർ അനുവദിച്ച റേഷൻ മാത്രമാണ് ആളുകൾക്ക് ലഭിച്ചിരുന്നത്. അതേസമയം പട്ടിണിയിലായ കർഷകർ ഭക്ഷണം തേരാജ്യം വിടുന്നത് സർക്കാർ തടയുകയും ചെയ്തു. ഭക്ഷ്യവസ്തുക്കൾ മോഷ്ടിക്കുന്നവർക്ക് വധശിക്ഷയോ, 10 വർഷത്തെ തടവോ ചുമത്തി.

മനുഷ്യൻ മനുഷ്യനെ തിന്നുമ്പോൾ

പട്ടിണി കിടക്കുന്ന ആളുകൾ ഗ്രാമപ്രദേശങ്ങളിൽ അലഞ്ഞുനടന്നു. കൈയിൽ കിട്ടുന്ന എന്തും കഴിക്കാമെന്ന സ്ഥിതിയായിരുന്നു. ഗ്രാമങ്ങളിൽ അലഞ്ഞുതിരിയുന്നവർ എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ വെറും മണ്ണിൽ കൈകൊണ്ട് ആർത്തിയോടെ കുഴിച്ചു. പലരും വളരെ ക്ഷീണിതരായിരുന്നു. പോഷകാഹാരത്തിന്റെ അഭാവത്തിൽ അവരുടെ ശരീരം നീരുവയ്ക്കാനും, ദുർഗന്ധം വമിക്കാനും തുടങ്ങി.

ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും പടുകുഴിയിൽ മരണവുമായി മുഖാമുഖം കണ്ട മനുഷ്യർ മനുഷ്യരെത്തന്നെ തിന്നുതുടങ്ങി. ജീവൻ നിലനിർത്തുന്നത് ധാർമ്മികതയുടെയും ഭൗതികമായ നിലനിൽപ്പിന്റെയും ഇടയിൽ ഉള്ളൊരു പ്രശ്നമായിത്തീർന്നു. താൻ ഇനിയും ഒരു മനുഷ്യഭോജി ആയിട്ടില്ലെന്നും ഈ കത്ത് നിങ്ങൾക്ക് ലഭിക്കുമ്പോഴും അങ്ങനെത്തന്നെയായിരിക്കുമോ എന്നു പറയാൻ പറ്റില്ലെന്നുമായിരുന്നു ഒരു വനിതാഡോക്ടർ എഴുതിയ കത്തിൽ ഉണ്ടായിരുന്നത്. നല്ല മനുഷ്യർ ആദ്യം മരണമടഞ്ഞു. മോഷ്ടിക്കാനോ വ്യഭിചരിക്കാനോ തയ്യാറാകാത്തവർ ആദ്യം മരിച്ചു. മറ്റുള്ളവർക്ക് ഭക്ഷണം പങ്കുവച്ചവർ മരിച്ചു. ശവം തിന്നാൽ വിസമ്മതിച്ചവർ മരിച്ചു. സഹജീവികളെ കൊല്ലാൻ മടിച്ചവർ മരിച്ചു.


നിങ്ങളുടെ മക്കളെ തിന്നുന്നത് ക്രൂരമായ പ്രവൃത്തിയാണെന്ന് പോസ്റ്ററുകൾ പതിച്ചിരുന്നു. മനുഷ്യരെ തിന്നതിന് രണ്ടായിരത്തി അഞ്ഞൂറിലേറെ കേസുകൾ അക്കാലത്ത് ഉണ്ടായിരുന്നു. രക്ഷിതാക്കൾ മക്കളെ വേവിച്ച് തിന്ന സംഭവംപോലും ചിലയിടത്തുനിന്ന് റിപ്പോർട്ട് ചെയ്തു.

കർഷകരും സാധാരണക്കാരും പട്ടിണിയിലാവുന്നതിനിടയിലും, ഭക്ഷ്യ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള നടപടികളിലായിരുന്നു സ്റ്റാലിൻ. പൊലീസും പാർട്ടി പ്രവർത്തകരും കർഷകരുടെ വീടുകൾ ആക്രമിക്കുകയും വിളകൾ മുതൽ സകല ഭക്ഷ്യവസ്തുക്കളും കൈയടക്കുകയും ചെയ്തു. അതോടെ പ്രതിസന്ധി പാരമ്യത്തിലെത്തി. പട്ടിണിയും ഭയവും ആളുകളെ കീഴ്പ്പെടുത്തി.

മനുഷ്യർ മനുഷ്യരെ തിന്നുന്ന സംഭവങ്ങൾ മുതൽ ആൾക്കൂട്ട കൊലപാതകങ്ങൾ വരെയുള്ള നിരവധി വിവരണങ്ങൾ പൊലീസ് രേഖകളിൽ നിന്ന് കണ്ടെത്തി. നാട്ടിൻപുറങ്ങളിൽ കൂട്ടക്കുഴിമാടങ്ങൾ കുഴിച്ചു. തളർന്ന, വിറക്കുന്ന കാലുമായി ആളുകൾ തെരുവുകളിൽ ലക്ഷ്യമില്ലാതെ നടന്നു. അതിനിടയിൽ പലരും കുഴഞ്ഞ് വീണ് മരിച്ചു. സെമിത്തേരികളിൽ വലിയ കുഴിയെടുത്ത് ശവശരീരങ്ങൾ കുഴിച്ചുമൂടി. റേഷൻ കാർഡുകൾ കാരണം പലർക്കും അതിജീവിക്കാൻ കഴിഞ്ഞെങ്കിലും പട്ടിണി നഗരവാസികളെയും ബാധിച്ചു. ഉക്രെയ്‌നിലെ ഏറ്റവും വലിയ നഗരങ്ങളും, തെരുവുകളും ശവശരീരങ്ങളാൽ നിറഞ്ഞു.

ക്ഷാമം രൂക്ഷമായപ്പോൾ, ഭക്ഷണം തേടി പലരും പലായനം ചെയ്യാൻ ശ്രമിച്ചു. ചിലർ വഴിയരികിൽ മരിച്ചു, മറ്റുള്ളവരെ രഹസ്യ പൊലീസും തടഞ്ഞു. സോവിയറ്റ് കോൺഗ്രസ് കമ്മീഷന്റെ റിപ്പോർട്ട് അനുസരിച്ച്, കർഷകർ ജീവനോടെ നിലനിൽക്കാൻ പലവഴിയും പയറ്റി. അവർ വളർത്തുമൃഗങ്ങളെ കൊന്ന് തിന്നുകയും പൂക്കൾ, ഇലകൾ, മരത്തിന്റെ പുറംതൊലി, വേരുകൾ എന്നിവ കഴിക്കുകയും ചെയ്തു. ഉക്രേനിയൻ ക്ഷാമത്തെ സോവിയറ്റ് യൂണിയൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. രാജ്യത്തിനകത്ത് ക്ഷാമം ഒരിക്കലും പരാമർശിച്ചിട്ടില്ല. അതിനെപ്പറ്റിയുള്ള എല്ലാ ചർച്ചകളും അടിച്ചമർത്തപ്പെട്ടു. ക്ഷാമം മറയ്ക്കാൻ സ്ഥിതിവിവരക്കണക്കുകൾ പൂഴ്‌ത്തി.

സോവിയറ്റ് ഉദ്യോഗസ്ഥർ അതിനെക്കുറിച്ചുള്ള വാർത്തകൾ മനഃപൂർവ്വം ഇല്ലാതാക്കി.
വയലുകളിൽനിന്നും ധാന്യമോ ഉരുളക്കിഴങ്ങോ പെറുക്കുന്നപോലും നിയമവിരുദ്ധമായിരുന്നു. രാഷ്ട്രത്തിന്റെ ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്ന തൊഴിലാളികൾ പട്ടിണികിടക്കുമ്പോൾ പ്രതിവിപ്ലവകാരികളായ കർഷകർ ധാന്യങ്ങളും ഉരുളക്കിഴങ്ങും പൂഴ്തിവയ്ക്കുന്ന സിനിമകൾ തൊഴിലാളികളെ കാണിച്ചു. പിൽക്കാലത്ത് പല യുക്രൈനിയൻ ഗ്രാമങ്ങളിലെയും ആൾക്കാർ പട്ടിണികിടന്നുമരിച്ചുതീർന്നയിടങ്ങളിലേക്ക് റഷ്യയിൽ നിന്നും ആൾക്കാരെ കൊണ്ടുവന്നു താമസിപ്പിച്ചു.

ഒടുവിൽ, 1991 -ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ, യുക്രൈൻ ഒരു സ്വതന്ത്ര രാഷ്ട്രമായി മാറി. എന്നാലും ആ ക്ഷാമകാലം അവരുടെ പൊതുസ്വത്വത്തിന്റെ വേദനാജനകമായ ഭാഗമായി തുടർന്നു. 2019ന്റെ തുടക്കത്തിൽ, 16 രാജ്യങ്ങളും വത്തിക്കാനും ഹോളോഡോമറിനെ വംശഹത്യയായി അംഗീകരിച്ചു. കൂടാതെ യു എസ് കോൺഗ്രസിന്റെ ഇരുസഭകളും ഇത് വംശഹത്യ എന്ന് പ്രഖ്യാപിച്ചു.

സ്റ്റാലിന്റെ അതേവഴി സൈക്കോ മാവോ

കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ധാർഷ്ട്യത്തിൽനിന്ന് പിന്നെയും ലോകത്ത് പട്ടിണി മരണം ഉണ്ടായി. യുക്രൈനിൽ സംഭവിച്ചതിന്റെ ഡിറ്റോകോപ്പിയാണ്, ചൈനയിൽ സംഭവിച്ചത്. ഞങ്ങൾ അതായത് ഭരണവർഗം തീരുമാനിക്കും, നിങ്ങൾ അത് അനുസരിച്ചാൽ മതിയെന്ന നയം. ഒരു സുപ്രഭാതത്തിൽ ചൈനയുടെ കമ്യൂണിസ്റ്റ് ഏകാധിപതി മാവോസേതൂങ്ങിന് ഒരു ഉൾവിളിയുണ്ടാവുകയാണ്. ചൈനയെ വളരെപ്പെട്ടന്നുതന്നെ ഒരു വൻ വ്യാവസയായിക ശക്തിയാക്കി മാറ്റാണം. അതിന് കർഷകർ കൃഷി നിർത്തി ഇരുമ്പുരുക്ക് വ്യവസായത്തിലേക്ക് തിരിയണം!

1958 ജനുവരിയിലാണ് മാവോ, മഹത്തായ മുന്നേറ്റം എന്ന പേരിൽ രണ്ടാം പഞ്ചവത്സരപദ്ധതി അവതരിപ്പിക്കച്ചത്. ചൈനയെ വൻതോതിലുള്ള ഒരു സാമ്പത്തിക ശക്തിയാക്കാനായി മാവോ എടുത്ത മണ്ടൻ തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്രി ദ്രുത വ്യവസായവത്ക്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള 'ദ ഗ്രേറ്റ് ലീപ്പ് ഫോർവേഡ് ' എന്ന പദ്ധതി. അതുപ്രകാരം ചൈനയിലെ ഗ്രാമങ്ങളെ ഒറ്റയിടിക്ക് കാർഷിക വൃത്തിയിൽ നിന്ന് വ്യവസായിക വൃത്തിയിലേക്ക് കൊണ്ടുവരാനായിരുന്നു തീരുമാനും. കാർഷിക ഉൽപ്പാദനം നിർത്തി ഇരുമ്പും ഉരുക്കും നിർമ്മിക്കാൻ സർക്കാർ ആവശ്യപ്പെട്ടാൽ സാധാരണക്കാരൻ എന്തു ചെയ്യും. അങ്ങനെ ചെയ്തില്ലെങ്കിൽ വർഗ ശത്രുക്കളായി കണ്ട് പട്ടാളം വെടിവെച്ച് കൊല്ലും. ഓരോരുത്തരും അവരവരുടെ വീടുകളിലുള്ള മരസാധനങ്ങളും, പാത്രങ്ങളും, എല്ലാം കൂട്ടിയിട്ട് തീകൊടുത്തു. അതിലിട്ട് ലോഹം ഉരുക്കാൻ തുടങ്ങി.

പുതിയ പദ്ധതി അനുസരിച്ച് നേരത്തെയുണ്ടായിരുന്ന ചെറിയ, കർഷക കൂട്ടായ്മകളെ ഏകോപിപ്പിച്ച് വലിയ കർഷക ഗ്രാമ സമുദായങ്ങളെ രൂപീകരിച്ചു. കർഷകരെ മറ്റ് ജോലികളിലേക്കായി നിയോഗിച്ചു. അവരെല്ലാം ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരായി. ചില സ്വകാര്യ ഭക്ഷ്യ ഉൽപന്നങ്ങൾ നിരോധിച്ചു. കന്നുകാലി വളർത്തലും മറ്റു ചില കാർഷിക വിളകളും സർക്കാരിന്റെ നിയന്ത്രണത്തിലേക്കായി മാറ്റി.ഈ പുതിയ മുന്നേറ്റത്തിൽ മാവോയും മറ്റു ചില പാർട്ടി അംഗങ്ങളുമെല്ലാം കൃഷിയിൽ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്തതും, അശാസ്ത്രീയവുമായ പുതിയ ചില സാങ്കേതികവിദ്യകൾ പരീക്ഷിക്കാൻ ആവശ്യപ്പെട്ടു. തൊഴിൽ ശക്തിയെ ഇരുമ്പ്, ഉരുക്ക് നിർമ്മാണത്തിലേക്കും കൂടി തിരിച്ചു വിട്ടുകൊണ്ടുള്ളതായിരുന്നു ഈ പുതിയ വിദ്യകൾ.
ഇത് ചൈനയിലെ കാർഷികവ്യവസ്ഥയെ ആകെ തകിടം മറിച്ചു. നാണ്യവിളകളുടെ ഉല്പാദനത്തിൽ 15% കുറവ് രേഖപ്പെടുത്തി. അടുത്ത കൊല്ലം ഈ കുറവ് 10% ശതമാനമായി കുറഞ്ഞു.

മനുഷ്യൻ മനുഷ്യനെ തിന്ന ചൈനാക്കാലം!

പക്ഷേ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് മാവോക്ക് കിട്ടിയ റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളയുകയായിരുന്നു. കർഷകർ, മുടന്തൻ ന്യായങ്ങൾ പറയുകകയാണ് എന്നായിരുന്നു മാവോയുടെ അഭിപ്രായം. വലതുപക്ഷക്കാരും, സർക്കാരിനെതിരേ പ്രവർത്തിക്കുന്നവരും കൂടി ഭക്ഷ്യധാന്യങ്ങൾ പൂഴ്‌ത്തിവെച്ചിരിക്കുകയാണ് എന്ന് ചെയർമാൻ പ്രഖ്യാപിച്ചു. സർക്കാരിന്റെ അധീനതയിലുള്ള നിലവറകൾ തുറക്കാൻ മാവോ വിസമ്മതിച്ചു. ഈ നടപടികൾ കർഷകരുടെ കൂട്ട ആത്മഹത്യകളിലേക്കു നയിച്ചു. ഇതു കൂടാതെ ക്രൂരമായ മറ്റു നടപടികളും മാവോ നടപ്പിലാക്കി. പാർട്ടി നേതാക്കൾ ഗ്രാമങ്ങളിലേക്കു പോയി, പൂഴ്‌ത്തിവെച്ചിരിക്കുന്ന ധാന്യങ്ങൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. സംശയം തോന്നിയവരെ പോലും ക്രൂരമായ മർദ്ദനങ്ങൾക്കിരയാക്കി. ധാരാളം സാധാരണക്കാരായ കർഷകർ ഈ മർദ്ദനമുറകൾ കൊണ്ട് മരണമടഞ്ഞു.

ഈ പുതിയ മുന്നേറ്റ പദ്ധതി മാവോയുടെ പ്രതിച്ഛായ തകർത്തു, അതിന്റെ ഫലമായി 1962 ൽ ഈ പുതിയ നയം നിർത്തലാക്കാനായി തീരുമാനിച്ചു. അധികാര കൈമാറ്റം നടത്താൻ അദ്ദേഹം നിർബന്ധിതനായി. എന്നാലും, സർക്കാരും പാർട്ടിയും ഈ സംഭവങ്ങളുടെ പേരിൽ മാവോയെ ഭാഗികമായേ കുറ്റപ്പെടുത്തിയുള്ളു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ചെയർമാൻ എന്ന സ്ഥാനത്തിലേക്കു മാവോ മാറി, പ്രസിഡന്റ് സ്ഥാനം ലിയു ഷാവോക്കി എന്ന പുതിയ നേതാവിനു വേണ്ടി ഒഴിഞ്ഞുകൊടുത്തു.

ഗ്രേറ്റ് ലീപ് ഫോർവേർഡ് ഒരു തികഞ്ഞ പരാജയമായിരുന്നു. ഔദ്യോഗിമായി ഉരുക്ക് ഉല്പാദനം അതിന്റെ നിശ്ചയിക്കപ്പെട്ട അളവിൽ എത്തിയിരുന്നു എങ്കിലും, അതിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപകമായ സംശയങ്ങളുണ്ടായിരുന്നു. ഇത് ഒരു കുടിൽ വ്യവസായം പോലെയാണ് നടപ്പിലാക്കിയത്. അസംസ്‌കൃത പദാർത്ഥങ്ങൾ വീടുകളിൽ തന്നെയുള്ള ചൂളകളിൽ ഇട്ടാണ് ഉരുക്കിയിരുന്നത്. ഇന്ധനമായി ഉപയോഗിച്ചിരുന്നത് വെറും കരി ആയിരുന്നു. ഉരുക്ക് ഉരുകാനാവശ്യമായ തിളനില ഇത്തരം ഇന്ധനങ്ങൾക്കു നൽ്കാനാവുമായിരുന്നില്ല. തന്മൂലം, വേണ്ട രീതിയിലുള്ള ഗുണനിലവാരം ഉറപ്പാക്കാനായി കഴിഞ്ഞില്ല. പട്ടിണിയും പരിവട്ടവുമായി അക്കാലത്ത് ജനം ചൈനീസ് ഗ്രാമങ്ങളിൽ മരിച്ചു വീഴുകയായിരുന്നു.

തെറ്റായ നയങ്ങളുടെ അനന്തരഫലം ചൈനയെ അടുത്ത പത്തുവർഷത്തോളം പിന്തുടർന്നു. കൃഷിഭൂമിയിൽ ഉടമസ്ഥാവകാവശം നിരോധിച്ചതും, കൂട്ടുകൃഷി നിർബന്ധമാക്കിയതും കാർഷിക മേഖലയെ അസ്ഥിരമാക്കി. സ്വകാര്യ കൃഷി ചെയ്തവരെ ഭരണകൂടം നിരന്തരം വേട്ടയാടി. വ്യവസായവത്ക്കരണത്തിന് വനം നശിപ്പിച്ചത് പ്രകൃതി ദുരന്തങ്ങൾക്കും പകർച്ചവ്യാധികൾക്കും ഇടയാക്കി. ചൈനക്കാർ പല്ലിയെയും പാറ്റയെയും ഒക്കെ വ്യാപകമായി തിന്നാൻ തുടങ്ങിയതും ഇക്കാലത്തായിരുന്നു. ഒടുവിൽ അതും ഇല്ലാതായി. ഒപ്പം കൊടിയ ക്ഷാമവും. അതിഭീകരമായ പട്ടിണിയാണ് അക്കാലത്ത് ചൈനയിൽ ഉണ്ടായതെന്നാണ് നിഷ്പക്ഷ ചരിത്രകാരന്മാർ എഴുതുന്നു. പട്ടിണിമൂലം മരിച്ചുവീഴുന്നവരുടെ ജഡങ്ങൾ തിന്നവർ മാത്രം അതിജീവിച്ചു. ഗ്രാമങ്ങളിൽ നരമാസഭോജനം വ്യാപകമായി. മനുഷ്യശവങ്ങൾക്കായി ജനം അടിപിടികൂടി. എത്ര ദയനീയമായ അവസ്ഥ.

സ്വന്തമായി കൊലപാതക സംഘമുള്ള പുടിൻ

ലക്ഷക്കണിക്കിന് ആളുകളെ പട്ടിണിക്കിട്ടും അല്ലാതെയും കൊന്നൊടുക്കിയ മാവോയും സ്റ്റാലിനുമൊക്കെ കാലയവനികക്കുള്ളിൽ മറിഞ്ഞു. ഇപ്പോൾ പുടിന്റെ കാലമാണ്. കമ്യൂണിസ്റ്റ് വിരുദ്ധനാണ് എന്ന ഒറ്റ ഗുണമാണ്, പുടിനെ സ്റ്റാലിനിൽനിന്നും മാവോയിൽനിന്നും വ്യത്യസ്തനാക്കുന്നത്. പക്ഷേ ഏകാധിപത്യവും, വ്യാജ അഭിമാനബോധവും, അക്രമവും എല്ലാം ചേർന്ന ഒരു സൈക്കോയാണ് പുടിനും. മാവോയും, സ്റ്റാലിനും ചെയ്തപോലെ തന്നെ തന്റെ സാമ്രാജ്യത്തെ വികസിപ്പിക്കാനും, മറ്റ് രാജ്യങ്ങളെ ഭയപ്പെടുത്തി ചൊൽപ്പടിയിൽ നിർത്താനുമാണ് പുടിന്റെയും നീക്കം.

പക്ഷേ അഴിമതിയും അക്രമവും പുടിൻ ഭരണത്തിൽ സർവ സാധാരണമായി. കോടികളാണ് തന്റെ ബിനിമികൾ വഴി ഈ മൂൻ കുൺഫൂ ചാമ്പ്യൻ ഉണ്ടാക്കിയത്്. പുടിനെ എതിർക്കുന്നവർ ഒക്കെ ദുരുഹ സാഹചര്യത്തിൽ കൊല്ലപ്പെടുക റഷ്യയിലെ ഒരു രീതിയാണ്. ബോറിസ് നെംറ്റ്‌സോവ്, ബോറിസ് ബെറെസോവ്‌സ്‌കി, സ്റ്റാനിസ്ലേവ് മർക്കലോവ്, സെർജി മാഗ്‌നിറ്റ്സ്‌കി, സെർജി സ്‌ക്രിപാൽ, പ്യോട്ടർ വെർസിലോവ്, വ്‌ലാഡിമിർ കാര മുർസ, നതാലിയ എസ്റ്റെമിറോവ, അന്ന പൊളിറ്റ്‌കോവ്‌സ്‌കയാ, അലക്‌സാണ്ടർ ലിറ്റ്‌വിനെൻകോ, സെർജി യുഷെൻകോവ്, യൂറി ഷെകെച്ചോഹിം എന്നിവരെല്ലാം പുടിന്റെ കടുത്ത വിമർശകരായിരുന്നു. ഇവരുടെയെല്ലാം മരണത്തിൽ ഇന്നും ദുരൂഹത നിലനിൽക്കുകയാണ്.

അഴിമതിക്കെതിരായ പോരാട്ടം നടത്തുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനിയെ വിഷം വെച്ച് കൊല്ലാൻ നോക്കിയതും പ്രസിദ്ധമാണ്. ജർമ്മനിയിലെ ചികിത്സക്ക് ഷേശം നാട്ടിലെത്തിയ നവാൽനിയെ ജയിലിൽ അടക്കയാണ് പുടിൻ ചെയ്ത്. ആര് ചോദിക്കാൻ ആര് പറയാൻ. പുടിൻ റഷ്യയുടെ ചക്രവർത്തിയാണ്. അധികാരം തലക്കുപിടിച്ചാൽ എല്ലാ ഏകാധിപതികളും പിന്നെ ചെയ്യുക, ലോക ആധിപത്യത്തിനുള്ള ശ്രമമാണ്. പുടിനും ചെയ്യുന്നത് അതുതന്നെ.

സ്വന്തമായി കൊലാപാതക സംഘമുള്ള നേതാവാണ് പുടിൻ. അതാണ് ഗ്രൂ. സാലിസ്‌ബറിയിൽ സെർജി സ്‌ക്രിപാലിനെും മകൾ യൂലിയയെയും വധിക്കാൻ രാസായുധ പ്രയോഗം നടത്തിയ റഷ്യൻ മിലിട്ടറി ഇന്റലിജൻസ് വിഭാഗമായ ഗ്രൂ ഏത് ക്രൂരകൃത്യവും സമർഥമായി നടപ്പാക്കാൻ പരിശീലനം സിദ്ധിച്ച വിഭാഗം. രാജ്യത്ത വഞ്ചിക്കുന്നവരെ പച്ചയ്ക്ക് കത്തിക്കുന്ന സംഭവങ്ങൾ കണ്ട് പരിശീലനം തുടങ്ങുന്ന ഇവർ ജീവൻപോലും പണയപ്പെടുത്തി ഓപ്പറേഷനുകൾ നടത്താൻ മടിയില്ലാത്ത വിഭാഗമാണ്. 1918-ൽ വിപ്ലവത്തിനുശേഷം ലെനിൽ രൂപം കൊടുത്ത ഗ്രൂവിന് റഷ്യയുടെ മറ്റ് രഹസ്യാന്വേഷണ ഏജൻസികളെക്കാൾ വ്യത്യസ്തമായ ദൗത്യമായിരുന്നു നിർവഹിക്കാനുണ്ടായിരുന്നത്. സാധാരണ രഹസ്യാന്വേഷണങ്ങൾ കെ.ജി.ബി.നിർവഹിക്കുമ്പോൾ കടുപ്പമേറിയ ഓപ്പറേഷനുകൾക്കായിരുന്നു ഗ്രൂ നിയോഗിക്കപ്പെട്ടിരുന്നത്.

സോവിയറ്റ് യൂണിയൻ ഇല്ലാതായതോടെ കെ.ജി.ബി പ്രവർത്തനം അവസാനിപ്പിച്ചു. പിന്നീട് റഷ്യയിൽ എഫ്.എസ്.ബി. (ഫെഡറൽ സെക്യൂരിറ്റി സർവീസ്) നിലവിൽ വന്നു. കെ.ജി.ബി.യിൽ 16 വർഷത്തോളം പ്രവർത്തിച്ചയാളാണ് വ്‌ളാദിമിർ പുട്ടിൻ. എഫ്.എസ്.ബി. നിലവിൽവന്നപ്പോൾ അതിന്റെ തലവനുമായിരുന്നു. എന്നാൽ, സോവിയറ്റ് യൂണിയൻ തകർന്നെങ്കിലും ഗ്രൂ പിരിച്ചുവിട്ടിരുന്നില്ല. അതിതീവ്ര അന്വേഷണങ്ങൾക്കായി പുടിൻ ഈ സംഘടനയെ എഫ്.എസ്.ബിയുടെ ഭാഗമായി നിലനിർത്തുകയായിരുന്നു.രാജ്യത്തെ സർവകലാശാലകളിൽനിന്ന് മിടുക്കരായ വിദ്യാർത്ഥികളെയാണ് കെ.ജി.ബിയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതെങ്കിൽ, തെരുവിൽനിന്നും ചേരികളിൽനിന്നുമാണ് ഗ്രൂവിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത്. എന്തും ചെയ്യാൻ കെൽപുള്ള ക്രിമിനൽ സംഘമായാണ് ഇവരെ കണ്ടിരുന്നതും. വിദേശരാജ്യങ്ങളിലുള്ള എംബസികളിലും മറ്റും ചെന്ന് രഹസ്യമായി ആക്രമണങ്ങൾ നടത്തുന്നതിനുവേണ്ടിയാണ് ഗ്രൂവിനെ റഷ്യ ഉപയോഗിക്കുനനതെന്ന് ചരിത്രകാരനായ ജോൺ ബാരൺ പറയുന്നു.

എന്തിനും പോന്നവരായാണ് ഗ്രൂവിലെ അംഗങ്ങളെ പരിശീലിപ്പിക്കുന്നതെന്ന് ഗ്രൂവിൽനിന്ന് 1978-ൽ പിരിഞ്ഞ് ബ്രി്ട്ടനിൽ താമസമാക്കിയ വിക്ടർ സുവോരോവ് പറയുന്നു. ഇവർക്കുള്ള പരിശീലനം തുടങ്ങുന്നതുതന്നെ ഗ്രൂവിൽനിന്ന് വേർപെട്ട ഒരു ചാരനെ പച്ചയ്ക്ക് കത്തിക്കുന്ന ദൃശ്യം കാണിച്ചുകൊണ്ടാണ്. ഗ്രൂവിലെ അംഗങ്ങളെ മനക്കട്ടിയുള്ളവരാക്കുന്നതിനൊപ്പം അവർക്കുതന്നെയുള്ള താക്കീതായും ഈ ദൃശ്യം ഉപയോഗിക്കുന്നു.അന്താരാഷ്ട്ര തലത്തിൽ റഷ്യയെ പ്രതിസ്ഥാനത്തുനിർത്തിയ പല സംഭവങ്ങളിലും ഗ്രൂവിന്റെ പങ്ക് തെളിയിക്കപ്പെട്ടിട്ടുണ്ട്. 2016-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 12 ഗ്രൂ അംഗങ്ങൾ ഇടപെട്ടതായി യു.എസ് സ്‌പെഷ്യൽ കോൺസൽ റോബർട്ട് മ്യൂളർ കണ്ടെത്തിയിരുന്നു. 2014-ൽ യുക്രൈനിയൻ വിമാനം വെടിവെച്ചിട്ടതിനുപിന്നിലും ഗ്രൂവായിരുന്നു. 2016 ഒക്ടോബറിൽ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ തലേന്ന് മോണ്ടനെഗ്രോ സർക്കാരിനെ അട്ടിമറിച്ചതിനുപിന്നിലും ഗ്രൂവിന്റെ പങ്ക് തെളിഞ്ഞിരുന്നു.

ഇപ്പോൾ ചെച്നയിൽനിന്നുള്ള പ്രത്യേക കൊലയാളി സംഘത്തെയും തന്റെ ഗ്രൂവിലെ അംഗങ്ങളെയും, പുടിൻ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌ക്കിയെ വധിക്കാൻ അയച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ലോകം കരുതിയിരുന്നതിലൊക്കെ എത്രയോ അപ്പുറമാണ് പുടിൻ.

എന്നിട്ടും ഇവർ ആരാധിക്കപ്പെടുമ്പോൾ

ഇത്രയൊക്കെ ചെയതുകൂട്ടിയിട്ടും മാവോക്കും, സ്റ്റാലിനുമെന്നപോലെ പുടിനും കേരളത്തിൽ അടക്കം കടുത്ത ആരാധകർ ഉണ്ട്. തീവ്ര വലതുപക്ഷവാദികൾ മാത്രമല്ല ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവർപോലും, പുടിനെ ആരാധിക്കുന്നു. സിപിഎം പുറത്തിറക്കിയ പ്രസ്താവനയിൽപോലും നാറ്റോ സഖ്യം വടക്കോട്ട് നീങ്ങുന്നത്, റഷ്യക്ക് ഭീഷണിയാണെന്ന പുടിന്റെ ആരോപണങ്ങളെ സാധൂകരിക്കുന്നതായി കാണാം.

സ്റ്റാലിന്റെ പടം പാർട്ടി കോൺഗ്രസിന്റെ പ്രചാരണത്തിൽപോലും സജീവമാണ്. ഒപ്പം ഒ.എൻ.വി സ്റ്റാലിനെക്കുറിച്ച് എഴുതിയെന്ന് പറയുന്ന ഒരു കുറിപ്പും ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കന്നുണ്ട്. അത് ഇങ്ങനെയാണ്.-''കുറച്ചു വർഷങ്ങൾക്ക് മുൻപ് പ്രിയപ്പെട്ട കവി ശ്രീ. ഒ എൻ വി കുറുപ്പ് സ്വകാര്യ സംഭാഷണത്തിനിടയിൽ അദ്ദേഹത്തിന്റെ ഒരനുഭവം പങ്കുവെയ്ക്കുകയുണ്ടായി.

കവി സോവിയറ്റ് യൂണിയൻ സന്ദർശിച്ചപ്പോൾ അവിടെ പാതയോരത്തിരുന്ന് ഒരു പടുവൃദ്ധൻ സ്റ്റാലിന്റെ ചിത്രമുള്ള കലണ്ടറുകൾ വിൽക്കുന്നത് കാണുന്നു. ആ വൃദ്ധന്റെ സമീപത്തു ചെന്ന ഒ എൻ വി സ്റ്റാലിനെക്കുറിച്ച് കേട്ടിട്ടുള്ള ക്രൂരതയുടെ കഥകളെപ്പറ്റി വൃദ്ധനോട് ചോദിച്ചു. പെട്ടന്ന് ക്ഷുഭിതനായി പൊട്ടിത്തെറിച്ച ആ വൃദ്ധൻ കയ്യിൽ സ്റ്റാലിന്റെ ചിത്രവുമായി ഇരുന്നിടത്തു നിന്നും ചാടിയെണീറ്റ് പറഞ്ഞുവത്രെ ' നിങ്ങൾക്കെന്തറിയാം സ്റ്റാലിനെക്കുറിച്ച് .... മരം കോച്ചുന്ന തണുപ്പത്ത് വൈദ്യതിയില്ലാതെ , കഴിക്കാൻ ഒരു കഷണം റൊട്ടിയില്ലാതെ ഞങ്ങൾ നരകിച്ച ആ കാലം ..... നാസികളുടെ കയ്യിൽ നിന്ന് ഞങ്ങളെയും രാജ്യത്തെയും രക്ഷിച്ചത് ഈ മനുഷ്യനാണ് ' . അതു പറയുമ്പോൾ ആ വൃദ്ധന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നുവത്രെ.''- നോക്കണം പ്രാപ്പഗൻഡ പോകുന്ന പോക്കു്നോക്കൂ. ആ കാലത്ത് സ്റ്റാലിന്റെ ക്രൂരതകൾ പൂർണ്ണമായും പുറത്തുവന്നിട്ടില്ല. അതുപോലെയാണോ ഇപ്പോൾ.

അതുപോലെ വള്ളത്തോളിന്റെ പേരിലാണ് അടുത്ത തള്ള്. ഒരു പ്രൊപ്പഗൻഡ് പോസ്റ്റ് ഇങ്ങനെയാണ്. ''മലയാളത്തിന്റെ അഭിമാനമായ കവി ശ്രീ. വള്ളത്തോൾ നാരായണമേനോൻ അറിയപ്പെടുന്ന കോൺഗ്രസുകാരനായിരുന്നല്ലോ. 1927 ലെ മദ്രാസ് അകഇഇ സമ്മേളനത്തിലും, 1928ലെ കൊൽക്കൊത്ത എഐസിസി സമ്മേളനത്തിലും പ്രതിനിധിയായി പങ്കെടുത്തയാളാണ് വള്ളത്തോൾ. മഹാത്മാഗാന്ധിയെ ഗുരുവായി സ്വീകരിച്ച വള്ളത്തോളിന്റെ 'എന്റെ ഗുരുനാഥൻ' വായിക്കാത്താവരുണ്ടാവില്ല. മാഹാത്മാ ഗാന്ധിയെ ഇത്രമാത്രം ഭക്ത്യാദരപൂർവം പരിചയപ്പെടുത്തുന്ന മറ്റൊരു കവിതയുണ്ടാവുമോയെന്ന് സംശയമാണ്. 'പാഴ്നിഴലുണ്ടാക്കാത്ത പൂനിലാവെ'ന്നാണ് ഗാന്ധിജിയെ വള്ളത്തോൾ വിശേഷിപ്പിക്കുന്നത്. പാഴ്നിഴലുണ്ടാക്കാത്ത പൂനിലാവെന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ച വള്ളത്തോൾ സ്റ്റാലിനെ വിശേഷിപ്പിച്ചത്
'മഹാരത്ന' മെന്നാണ്.സ്റ്റാലിന്റെ മരണത്തെത്തുടർന്ന് വള്ളത്തോളെഴുതിയ കവിതയിലൊരു വരി ഇങ്ങിനെയായിരുന്നു. 'തൂകുക , കണ്ണീരിന്ത്യേ: വേറെയില്ലല്ലോ , സ്റ്റാലിൻ ! ''. മറ്റൊരു സ്റ്റാലിൻ ഇനിയില്ലല്ലോ എന്നോർത്ത് ഇന്ത്യ കരയട്ടെയെന്ന് കവി പറയുന്നു.

സ്റ്റാലിൻ മരിക്കുന്നതിന് തൊട്ടുമുമ്പാണ് തമിഴകത്തിന്റെ നേതാവായ കരുണാനിധിക്ക് ഒരു മകൻ പിറന്നത്. സ്റ്റാലിനോടുള്ള സ്നേഹാദരങ്ങൾ പ്രകടിപ്പിക്കാനായി കരുണാനിധി തന്റെ മകന് സ്റ്റാലിൻ എന്ന് പേരിട്ടു. ആ സ്റ്റാലിനാണ് ഇന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി .''- ഇങ്ങനെയാണ് ആ പോസ്്റ്റ് അവസാനിക്കുന്നത്. ശരിയാണ് ഇത് അന്നത്തെ കാലത്തെ സ്റ്റാലിനെക്കുറിച്ചുള്ള അറിവാണ്. ഈ ആധുനികകാലത്ത്, കേരളത്തിൽ ഒഴികെ ലോകത്തിൽ എവിടെയും സ്റ്റാലിൻ ഒരു വീരനായകനായി സ്മരിക്കപ്പെടുന്നില്ല. യുക്രൈനികളെ പട്ടിണിക്കിട്ട് കൊന്ന ഒറ്റ സംഭവംമതി, സ്റ്റാലിനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളാൻ.

വാൽക്കഷ്ണം: ഞങ്ങൾ തീരുമാനിക്കും, ഞങ്ങൾ നടപ്പാക്കും. അതിൽ നിങ്ങൾ ജനങ്ങൾക്ക് യാതൊരു റോളുമില്ല എന്ന കമ്യൂണിസ്റ്റ് ധാർഷ്ട്യമാണ്, യുക്രൈയിനിലും ചൈനയിലും പട്ടിണി മരണ പരമ്പര സൃഷ്ടിച്ചതെന്ന് നാം കണ്ടുവല്ലോ. കേരളത്തിലും, മതിയായ ചർച്ചകൾ കൂടാതെ കെ റെയിൽപോലുള്ള ലക്ഷംകോടിയുടെ പദ്ധതികൾ വരുമ്പോൾ, മാവോയേയും സ്റ്റാലിനെയും വെറുതെ ഓർത്തുപോവുന്നു!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP