Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ദൈവം, ഭൂതം, പ്രേതം, ജോൽസ്യം, പാരാസൈക്കോളജി, തുടങ്ങി എന്തെങ്കിലും ഒരു അത്ഭുതം ഉണ്ടെന്ന് തെളിയിക്കുന്നവർക്ക് വാഗ്ദാനം ചെയ്തത് 10 ലക്ഷം ഡോളർ; ആത്മീയ തട്ടിപ്പുകാരെ ഒന്നൊന്നായി മുട്ടുകുത്തിച്ചു; നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ കൈകെട്ടി നടന്ന് ആയിരങ്ങളെ വിസ്മയിപ്പിച്ചു; ജെയിംസ്‌ റാൻഡി ഓർമ്മയാവുമ്പോൾ

ദൈവം, ഭൂതം, പ്രേതം, ജോൽസ്യം, പാരാസൈക്കോളജി, തുടങ്ങി എന്തെങ്കിലും ഒരു അത്ഭുതം ഉണ്ടെന്ന് തെളിയിക്കുന്നവർക്ക് വാഗ്ദാനം ചെയ്തത് 10 ലക്ഷം ഡോളർ; ആത്മീയ തട്ടിപ്പുകാരെ ഒന്നൊന്നായി മുട്ടുകുത്തിച്ചു; നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ കൈകെട്ടി നടന്ന് ആയിരങ്ങളെ വിസ്മയിപ്പിച്ചു;  ജെയിംസ്‌ റാൻഡി ഓർമ്മയാവുമ്പോൾ

എം മാധവദാസ്

ന്യൂയോർക്ക്: ദൈവം, ഭൂതം, പ്രേതം, ജോൽസ്യം, കപട ചികിത്സ, അങ്ങനെ എന്തെങ്കിലും ഒരു അത്ഭുതം ഉണ്ടെന്ന് തെളിയിക്കുന്നവർക്ക് അദ്ദേഹം വാഗ്ദാനം ചെയ്തത് 10 ലക്ഷം ഡോളർ ആണ്. പക്ഷേ ഒരു വിശ്വാസിയും ഒരു ജോത്സ്യനും ആ വെല്ലുവിളി സ്വീകരിച്ച് പണം നേടിയില്ല. 2015 വരെ ഈ വെല്ലുവിളി നിലനിന്നിരുന്നു. അതിനു ശേഷം ആരും ചലഞ്ച് ചെയ്യാതെ പണം മറ്റു സാമൂഹിക നന്മക്കായി ചിലവഴിച്ചു. മജീഷ്യൻ, ദിവ്യാത്ഭുത അനാവരണ വിദഗ്ധൻ, ശാസ്ത്ര പ്രഭാഷകൻ, വിദ്യാഭ്യാസ വിദഗ്ധൻ തുടങ്ങി വിവിധ നിലകളിൽ പ്രശസ്തനായി ലോകത്തെ ഞെട്ടിച്ച ഒരു മനുഷ്യനാണ് കഴിഞ്ഞ ദിവസം 92 ാം വയസ്സിൽ വിടവാങ്ങിയത്. പേര് ജെയിംസ്‌
റാൻഡി.

പാരാസൈക്കോളജി പോലുള്ള അശാസ്ത്രീയ അവകാശവാദങ്ങളെ തുറന്നു കാണിക്കുകയും കപടശാസ്ത്രത്തിന്റെ വക്താക്കളെ ചോദ്യം ചെയ്യുകയും ജീവിതസപര്യയായിരുന്ന അദ്ദേഹത്തിന്. ഇന്നലെ 2020 ഒക്ടോബർ 20 ന് തന്റെ 92ാം വയസ്സിലായിരുന്നു അന്ത്യം. കാനഡയിൽ ജനിച്ച് കനേഡിയൻ അമേരിക്കൻ പൗരനായി ജീവിച്ച അദ്ദേഹം ഒരു പ്രൊഫഷണൽ മജീഷ്യനായിരുന്നു. എണ്ണമറ്റ സ്റ്റേജ് ഷോകൾ നടത്തിയിട്ടുണ്ട്. ചെറുപ്പം മുതൽ തന്നെ അദ്ദേഹം ഒരു നാസ്തികനായിരുന്നു. മതഗ്രന്ഥങ്ങൾ പറയുന്ന കാര്യങ്ങളുടെ തെളിവുകൾ എങ്ങും കിട്ടാതായതുകൊണ്ടാണ് താൻ പള്ളിയിൽ പോകുന്നത് നിർത്തിയതെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു. നിരവധി ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ശാസ്ത്രീയ ചിന്താഗതിക്ക് പരമാവധി പ്രചാരണം കൊടുത്ത വ്യക്തിയായിരുന്നു റാൻഡി.

മാനുഷിക ശക്തിയും അതിശയകരമായ കഴിവുകളും ഉണ്ടെന്ന് ഉദ്ഘോഷിച്ചു നടന്ന ആളുകളുടെ പൊള്ളത്തരം പുറത്തുകൊണ്ടുവരിക എന്നത് അദ്ദേഹത്തിന്റെ ഒരു ജീവിതലക്ഷ്യമായിരുന്നു. ഇതിനായി അമാനുഷിക കഴിവുകൾ ഉണ്ടെന്ന് അവകാശപ്പെടുന്നവരെ അവരുടെ കഴിവുകൾ തെളിയിക്കാൻ അദ്ദേഹം വെല്ലുവിളിച്ചു. തെളിയിക്കുന്നവർക്ക് പത്തു ലക്ഷം യു.എസ് ഡോളർ സമ്മാനം പ്രഖ്യാപിച്ചു. അതിനുള്ള വേദിയൊരുക്കുന്നതിനായി ജെയിംസ് റാൻഡി എജ്യൂക്കേഷനൽ ഫൗണ്ടേഷൻ എന്ന സ്ഥാപനം തന്നെ ഉണ്ടാക്കി. ആയിരക്കണക്കിന് അപേക്ഷകർ വന്നെത്തിയെങ്കിലും എല്ലാവരും പരാജിതരായി. അമാനുഷികമായ കഴിവുണ്ടെന്ന് തെളിയിക്കാൻ ഒരാൾക്കും കഴിഞ്ഞില്ല. 1964 മുതൽ പ്രവർത്തനനിരതമായിരുന്ന ഈ സ്ഥാപനം 2015 ൽ പ്രവർത്തനം നിർത്തിവച്ച് നാളിതുവരെ ചെലവാകാതിരുന്ന ആ പണം മറ്റു സാമൂഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ തീരുമാനിച്ചു.

മനഃശക്തികൊണ്ട് സ്പൂൺ വളയ്ക്കുന്നതിന്റെ രഹസ്യം

1928 ഓഗസ്റ്റ് 7 ന് ടൊറന്റോയിൽ ജനിച്ച റാൻഡാൽ ജെയിംസ് ഹാമിൽട്ടൺ സ്വിംഗെ, എന്ന കുടുംബപ്പേരിൽ അറിയപ്പെടുന്ന ജെയിസ് റാൻഡിക്ക് ചെറുപ്പം മുതൽ തന്നെ ചോദ്യം ചെയ്യാനുള്ള ആഗ്രഹമുണ്ടായിരുന്നു. അക്കാദമികമായി, അദ്ദേഹത്തിന് പഠനം താൽപ്പര്യമുള്ളതായിരുന്നില്ല. സ്‌കൂളിൽ തനിക്ക് വിരസതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ സമപ്രായക്കാരേക്കാൾ വളരെ മുന്നിലാണെന്നും അദ്ധ്യാപകർ സമ്മതിച്ചിരുന്നെങ്കിലും അദ്ദേഹം പഠനവുമായി മുന്നോട്ട് പോയില്ല. റാൻഡി കോളേജിലും പോയിട്ടില്ല, എന്നാൽ 1986 ൽ ഒരു മാക് ആർതർ ഫെലോഷിപ്പ് ലഭിച്ചു. ഇത് പലപ്പോഴും 'ജീനിയസ് ഗ്രാന്റ്'' എന്നറിയപ്പെടുന്നു. ഹെസ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച് മാജിക്കിന്റെ വഴിയിലേക്ക് നീങ്ങിയ റാൻഡി അധികം താമസിയാതെ ശ്രദ്ധ നേടാൻ തുടങ്ങി. ഹാരി ഹൂഡിനിയെപ്പോലെ വെള്ളത്തിൽ മുങ്ങിയ പൂട്ടിയിട്ട ശവപ്പെട്ടിയിൽ നിന്നും നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ കൈകെട്ടി നടന്നും അദ്ദേഹം ആയിരങ്ങളെ വിസ്മയിപ്പിച്ചു. ഏത് ആൾദെവത്തിനും ആത്മീയ ആചാര്യനും ചെയ്യുന്നത് ഒക്കെയും അദ്ദേഹത്തിന് നിഷ്പ്രായം ചെയ്യാൻ കഴിയുമായിരുന്നു. അതുകൊണ്ട അദ്ദേഹം പറയും. 'ലോകത്തിൽ ദൈവവും അഭൗതിക ശക്തിയും ഒന്നുമില്ല. 'നിങ്ങൾ ഇവിടെ കണ്ടതെല്ലാം തന്ത്രങ്ങളാണ്,'. മാജിക്കിൽനിന്ന് പെട്ടെന്ന് അദ്ദേഹം ടെലിവിഷൻ ഷോയിലേക്കും ദിവ്യത്ഭുത അവതാരകനിലേക്കും മാറി.

1972ലെ 'ദി ടുനൈറ്റ് ഷോ'' എപ്പിസോഡിൽ, ഇസ്രയേലി പ്രകടനക്കാരനായ യൂറി ഗെല്ലറെ പൊളിച്ചടുക്കിയതോടെയാണ് അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റിയത്. മനഃശക്തികൊണ്ട് സ്പൂൺ വളക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന വ്യക്തിയായിരുന്നു യൂറി ഗെല്ലർ. എന്നാൽ വളഞ്ഞ സ്പൂണുകൾ ഒളിപ്പിച്ചുവെച്ചുകൊണ്ട് ഗെല്ലർ നടത്തുന്ന തട്ടിപ്പായിരുന്നു ഇത്. ആങ്കർ ജോണി കാർസണിന്റെ സഹായിയായി ഒപ്പമുണ്ടായിരുന്നു ജെയിംസ് റാൻഡിയുടെ സൂക്ഷ്മ നിരീക്ഷണം മൂലം ഗെല്ലറിന് ഒളിപ്പിച്ച സ്പൂണുകൾ പുറത്തെടുക്കാൻ ആയില്ല. അരമണിക്കൂർ ദൈർഘ്യമുള്ള ഷോയിൽ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതോടെ ഗെല്ലർ മുട്ടാപ്പോക്ക് പറഞ്ഞ് ഒഴിഞ്ഞു. മുൻഗാമിയായ ഹാരി ഹൗഡിനിയുടെ ശ്രമങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങൾ. എല്ലാ ദിവ്യാത്ഭുതക്കാരെയും അദ്ദേഹം പൊളിച്ചടുക്കി. ഹോമിയോപ്പതി ശരിയെന്ന് തെളിയിക്കാനും റാൻഡിയുടെ വെല്ലുവിളി ഉണ്ടായിരുന്നു. ഹോമിയോപ്പതിക്കാർ നിർലജ്ജം പരാജയപ്പെട്ടു.

അപരിചതരുടെ മേൽവിലാസം അറിയുന്നതെങ്ങനെ

ഇന്ന് ഫഹദിന്റെ ട്രാൻസ് സിനിമയിലൂടെ നാം കണ്ട അതേ തന്ത്രങ്ങൾ പതിറ്റാണ്ടുകൾക്ക് മുമ്പ് പൊളിച്ചടക്കിയ വ്യക്തിയാണ് റാൻഡി. അമേരിക്കയിലെ പ്രസിദ്ധ സുവിശേഷ ചികിത്സകന്മാരിലൊരാളായിരുന്നു പീറ്റർ പോപ്പോഫ്. യോഗത്തിനു വരുന്ന ആൾക്കാരെ പോപ്പോഫ് പേര് പറഞ്ഞ് സ്റ്റേജിലേക്ക് വിളിക്കും. അവരുടെ രോഗവും താമസസ്ഥലവുമൊക്കെ പറയും. ഇതൊക്കെ സാധിക്കുന്നതെങ്ങനെയെന്നത് അക്കാലത്ത് വലിയ അത്ഭുതമായിരുന്നു. (https://www.youtube.com/watch?v=p6BoV0AIPl4) ജെയിംസ് റാൻഡി അദ്ദേഹത്തിന്റെ യോഗങ്ങളെ നിരീക്ഷിക്കുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് പഠിക്കുകയും ചെയ്തു. അപ്പോഴാണ് കള്ളി പിടികിട്ടിയത്. പോപ്പോഫിന്റെ അനുയായികൾ ആൾക്കാരുടെ ഇടയിൽ ചെന്ന് ശേഖരിക്കുന്ന വിവരങ്ങൾ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഒരു മൈക്രോഫോണിലൂടെ വിളിച്ചു പറയും. ചെവിയിലുള്ള കൊച്ച് റിസീവറിലൂടെ പോപ്പോഫിന് ഈ വിവരങ്ങൾ ലഭിക്കുകയും ചെയ്യും. പ്രസിദ്ധ ടെലിവിഷൻ പരിപാടിയായ 'ജോണി കാർസൺ ഷോ'യിലൂടെ റിക്കോർഡ് ചെയ്ത ടേപ്പുകൾ സഹിതം റാൻഡി ഇതു പരസ്യമാക്കി. ഇതോടെ പോപ്പോഫിന്റെ കട്ടയും പടവും മടക്കി. പിന്നെ കുറേക്കാലം കഴിഞ്ഞാണ് ഇയാൾ പൊങ്ങിയത്.

ഡൗസിങ്ങ് എന്ന കപടശാസ്ത്രത്തെയും പൊളിച്ചടുക്കിയത് ജെയിസ് റാൻഡി ആയിരുന്നു. വ്യക്തിതലത്തിൽ ഡൗസിങ്ങിനെ നിശിതമായ പഠനങ്ങൾക്കു വിധേയമാക്കിയ ആളാണ് അദ്ദേഹം. ലോകത്തിന്റെ പല ഭാഗത്തും ചെന്ന്, പരീക്ഷയിൽ വിജയിക്കുന്നവർക്ക് ക്യാഷ് അവാർഡ് വാഗ്ദാനം ചെയ്തുകൊണ്ടാണ് റാൻഡി മുന്നേറിയത്.ആദ്യത്തെ പ്രമുഖ പരിശോധന 1979 ൽ ഇറ്റലിയിലെ നാലു ഡൗസർമാരെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു. വെള്ളമുള്ള പൈപ്പ്, മരപ്പലകയ്ക്കടിയിൽ ഒളിച്ചുവെച്ച് ഡൗസിങ്ങിൽ തെളിയുന്ന സ്ഥാനം രേഖപ്പെടുത്തലായിരുന്നു രീതി. ഇതിൽ ആർക്കും പാസ്മാർക്ക് ലഭിച്ചില്ല.

അടുത്തത് 1980 ൽ ആസ്ട്രേലിയയിൽവെച്ചു നടന്നതാണ്. പത്തു പ്ലാസ്റ്റിക് കുഴലുകൾ കുഴിച്ചിട്ട് ചിലതിലൂടെമാത്രം പലപ്പോഴായി വെള്ളമൊഴുക്കി, ഏതു സമയത്ത് ഏതിലൂടെയാണ് പ്രവാഹമെന്ന് കണ്ടെത്താനാവശ്യപ്പെട്ടു. നിരവധി ഡൗസർമാർ അനവധി തവണ ഡൗസിങ് നടത്തി. സ്റ്റാറ്റിസ്റ്റിക്കൽ വിശ കലനത്തിൽ ഡൗസർമാരുടെ നിഗമനങ്ങൾ കേവല ഊഹത്തിലും മികച്ചതല്ലെന്ന് തെളിഞ്ഞു. സമാനമായൊരു പരീക്ഷണം 1990 ൽ ജർമനിയിൽ നടന്നു. വിജയശതമാനം 52.3% (ഊഹസാധ്യതയിലും ഒരിത്തിരി മെച്ചം) അതു പോലെ 13 ഡൗസർമാർ പങ്കെടുപ്പിച്ചുകൊണ്ട് 10 പെട്ടികളിൽ 10 തവണ വിതം ഡൗസ് ചെയ്ത് അതിലൊന്നിലൊളിപ്പിച്ചിരിക്കുന്ന നാണയം കണ്ടെത്താനും വെല്ലുവിളിയുണ്ടായി. 130 ശ്രമങ്ങളിൽ കേവലം 14 തവണ മാത്രമേ കൃത്യമായി പെട്ടി തിരിച്ചറിയാൻ കഴിഞ്ഞുള്ളു.

സ്വവർഗ്ഗാനുരാഗിയാണെന്ന്‌ വെളിപ്പെടുത്തി

ഇത്തരത്തിൽ ആത്മീയ - കപട ചികിൽസകർക്കെതിതിരെ ശക്തമായ വെല്ലുവിളിയായിരുന്നു അദ്ദേഹത്തിൻെ ജീവിതം. റാണ്ടി 2009 ൽ തന്റെ ഫൗണ്ടേണ്ടഷന്റെ ദൈനംദിന പ്രവർത്തനം ഉപേക്ഷിച്ച് 2015 ൽ വിരമിച്ചു. എല്ലായിടത്തും ശാസ്ത്രത്തിന്റെയും യുക്തിയുടെയും വെളിച്ചം നിറയ്ക്കാൻ അദ്ദേഹം ശ്രമിച്ചു. 2010 ൽ താൻ സ്വവർഗ്ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ചു. 2013 ൽ വാഷിങ്ടൺ ഡി.സിയിൽ നടന്ന ഒരു ചടങ്ങിൽ അദ്ദേഹം തന്റെ ദീർഘകാല പങ്കാളിയായ ഡേവി പെനയെ വിവാഹം കഴിച്ചു. 2014-ൽ ഹോണസ്റ്റ് ലയർ, ഒരു സത്യസന്ധനായ നുണയൻ'' എന്ന ഡോക്യുമെന്ററിയുടെ അദ്ദേഹത്തെക്കുറിച്ച് എടുത്തത് ഈ അർഥത്തിൽ യന്നെയാണ്.

തട്ടിപ്പുകാർ ശിക്ഷിക്കപ്പെടാതിരിക്കുന്നതിലും താൻ പൊളിച്ച യൂറി ഗെല്ലറെപ്പോലുള്ള ദിവ്യാദ്ഭുദക്കാർ വീണ്ടും പ്രത്യക്ഷപ്പെടുന്നതിലും അദ്ദേഹത്തിന് വിഷമം ഉണ്ടായിരുന്നു. പക്ഷേ അതാണ് വിശ്വാസത്തിന്റെ സൈക്കോളജി എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അസുഖക്കിടക്കയിലും തികഞ്ഞ നാസ്തികൻ ആയിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ അന്തിമ ആഗ്രഹങ്ങളെക്കുറിച്ചും ചിതാഭസ്മം എന്തുചെയ്യണമെന്നും ഒരിക്കൽ ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ റാൻഡിയുടെ രസകരമായ മറുപടി ഇങ്ങനെയാണ്. 'അത് യൂറി ഗെല്ലറുടെ (താൻ പൊളിച്ചടുക്കിയ ദിവ്യാത്ഭുത വീരൻ) കണ്ണിൽ എറിയാൻ എന്റെ ഉറ്റ ചങ്ങാതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അയാൾ എന്റെ ചിതാഭസ്മം വളരെയധികം ആഗ്രഹിക്കുന്നണ്ട്' എന്നായിരുന്നു പൊട്ടിച്ചിരിയോടെ റാൻഡി പറഞ്ഞത്. ആത്മീയത്തട്ടിപ്പുകാരുടെയും കപട വൈദ്യക്കാരുടെയും പേടി സ്വപ്നം ഒടുവിൽ വിട പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP