Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

തുടക്കം 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന് ആഹ്വാനം ചെയ്ത സിമിയിൽ; വൈകാതെ ഈ സംഘടനവിട്ട് എംഎസ്എഫിൽ; തീപ്പൊരി പ്രാസംഗികനായി യൂത്ത് ലീഗിന്റെ അഖിലേന്ത്യ നേതൃത്വത്തിലേക്ക്; സൂനാമി ഫണ്ട് അടക്കമുള്ള ലീഗിന്റെ അഴിമതികൾ ചോദ്യം ചെയ്തപ്പോൾ പുറത്ത്; കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ മലർത്തിയടിച്ചതോടെ ഇടതുപക്ഷത്തിന്റെ ഹീറോ; മന്ത്രി സ്ഥാനത്തേക്ക് എത്തിയത് പിതാവിനെപ്പോലെ അടുപ്പമുള്ള പിണറായി വഴി; മന്ത്രി കെ ടി ജലീലിന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ

തുടക്കം 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന് ആഹ്വാനം ചെയ്ത സിമിയിൽ; വൈകാതെ ഈ സംഘടനവിട്ട് എംഎസ്എഫിൽ; തീപ്പൊരി പ്രാസംഗികനായി യൂത്ത് ലീഗിന്റെ അഖിലേന്ത്യ നേതൃത്വത്തിലേക്ക്; സൂനാമി ഫണ്ട് അടക്കമുള്ള ലീഗിന്റെ അഴിമതികൾ ചോദ്യം ചെയ്തപ്പോൾ പുറത്ത്; കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ മലർത്തിയടിച്ചതോടെ ഇടതുപക്ഷത്തിന്റെ ഹീറോ; മന്ത്രി സ്ഥാനത്തേക്ക് എത്തിയത് പിതാവിനെപ്പോലെ അടുപ്പമുള്ള പിണറായി വഴി; മന്ത്രി  കെ ടി ജലീലിന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ

എം മാധവദാസ്

'സിമിയിൽനിന്ന് മുസ്ലിം ലീഗിലൂടെ സിപിഎമ്മിലേക്ക്',.. ഇന്ന് സ്വർണ്ണക്കടത്തുകേസിൽ ഇ ഡി ചോദ്യം ചെയ്യുക വഴി വിവാദ നായകനായി മന്ത്രി ഡോ കെ ടി ജലീലിന്റെ രാഷ്ട്രീയ ജീവിതത്തെ അങ്ങനെ വിലയിരുത്താം. പക്ഷേ കൃത്യമായി പോസറ്റീവ് രാഷ്ട്രീയമായും പരിഗണിക്കാം. കൃത്യമായ മതേതര രാഷ്ട്രീയം ഉയർത്തിപ്പിടുക്കുന്ന പാർട്ടിയിൽനിന്ന് മതേതര പാർട്ടിയിലേക്കുള്ള മനം മാറ്റം സ്വാഗതാർഹമെന്ന് വിലയിരുത്തുന്നുവരും ഉണ്ട്. പക്ഷേ മതേതര പാർട്ടിയിൽ നിന്നുകൊണ്ട് മത അജണ്ടകൾ പുറത്തിറക്കുന്ന എന്ന ആരോപണവും ജലീലിന് നേരെയുണ്ട്. ബന്ധുവിവാദവും, ഖുർആൻ കടത്തും മറ്റും ഓർക്കുക.

ഇടതുപക്ഷ മന്ത്രിസഭയിലെ ഒരു മന്ത്രിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുക എന്നത് സിപിഎം അണികളിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുയാണെങ്കിലും അത്ര എളുപ്പത്തിലൊന്നും പാർട്ടിക്കും മുന്നണിക്കും കെ ടി ജലീലിനെ കൈവിടാൻ കഴിയില്ല. കാരണം ഇപ്പോഴും മുസ്ലിം ന്യുനപക്ഷങ്ങൾക്കിടയിൽ കാര്യമായ വേരുകൾ ഇല്ലാത്ത സിപിഎമ്മിന്റെ ന്യൂനപക്ഷ മുഖം കൂടിയാണ് അദ്ദേഹം. മലബാറിലെ ജാതി മത സമവാക്യങ്ങളിൽ ഏറെ നിർണ്ണായകം തന്നെയാണ് കെ ടി ജലീലിന്റെ പൊസിഷൻ. മാത്രമല്ല ഒന്നാന്തരം പ്രാസംഗികനും എഴുത്തുകാരനും കൂടിയായ കെ ടി ജലീൽ ഇടതുപക്ഷത്തിന്റെ മലബാറിലെ ഒരു ക്രൗഡ് പുള്ളർ തന്നെയാണ്. പക്ഷേ കുഞ്ഞാലിക്കുട്ടിയെന്ന രാഷ്ട്രീയ അതികായനെ അദ്ദേഹത്തിന്റെ സ്വന്തം തട്ടകമായ കുറ്റിപ്പുറത്ത് മുട്ടുകുത്തിച്ചുകൊണ്ട് എംഎൽഎ ആയ ജലീലിന് ഇടതുപക്ഷ പ്രവർത്തകരുടെ മനസ്സിലുണ്ടായിരുന്ന സ്ഥാനം നഷ്ടപ്പെട്ടുപോകുന്ന വിവാദങ്ങളാണ് മന്ത്രിസ്ഥാനത്ത് എത്തിയപ്പോൾ ഉണ്ടായത്.

മികച്ച വിദ്യാർത്ഥി ; കോളജ് യൂണിയൻ ചെയർമാൻ

തന്റെ കുട്ടിക്കാലത്തെക്കുറിച്ച് മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ ജലീൽ പറയുന്നത് ഇങ്ങനെ. 'ഒരു സാധാരണ കുടുംബമാണ് എന്റേത്. തിരൂരിൽ ഉമ്മയുടെ വീട്ടിൽ 1967 മെയ്‌ മുപ്പതിനായിരുന്നു എന്റെ ജനനം. നാലാം ക്ലാസ് വരെ പഠിച്ചതു വീടിനു തൊട്ടടുത്തുള്ള വളാഞ്ചേരിയിലെ പൈങ്കണ്ണൂർ ഗവ. യു.പി. സ്‌കൂളിലാണ്. ആ കാലത്ത് ഒരു സംഭവമുണ്ടായി. ബാപ്പ എന്റെ തല മൊട്ടയടിച്ചു. തുടർന്നു ക്ലാസിലെ കൂട്ടുകാർ കളിയാക്കുമോ എന്നു ഭയന്നു ഞാൻ സ്‌കൂളിൽ പോയില്ല. എന്നും രാവിലെ വീട്ടിൽനിന്നു സ്‌കൂളിലേക്ക് എന്നു പറഞ്ഞ് ഇറങ്ങും. പോകുന്ന വഴിയിൽ ഒരു കാടുണ്ട്. അവിടെ ഒളിച്ചിരിക്കും. അന്നു മലബാർ മേഖലയിലെ യാഥാസ്ഥിതിക മുസ്ലിം കുടുംബങ്ങളിൽ ആൺകുട്ടികൾക്കു മുടി വളർത്താൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് എന്റെ തലയും മൊട്ടയടിച്ചത്.

മൂന്നു നാലു ദിവസം കഴിഞ്ഞപ്പോൾ എന്റെ കൂടെ പഠിച്ചിരുന്ന ജമീല യാദൃച്ഛികമായി വീട്ടിൽ വന്നു. ജലീലിനെ ക്ലാസിലെങ്ങും കാണുന്നില്ലല്ലോ എന്നു പറഞ്ഞു. അപ്പോഴാണു ഞാൻ സ്‌കൂളിൽ പോകാത്ത വിവരം വീട്ടിൽ അറിയുന്നത്. ഞാൻ സത്യം തുറന്നു പറഞ്ഞു. പിന്നീട് ആ സ്‌കൂളിൽ പോയില്ല. തുടർന്ന് എന്നെ ഹോസ്റ്റലിലേക്കു പറിച്ചു നടുകയാണുണ്ടായത്. തിരൂർക്കാട്ടുള്ള ഒരു എയ്ഡഡ് സ്‌കൂളിൽ അഞ്ചാം ക്ലാസിൽ ചേർത്തു. ആറും ഏഴും എട്ടും ചേളാരി ഗവ. സ്‌കൂളിലും. അപ്പോഴും ഹോസ്റ്റലിൽത്തന്നെയായിരുന്നു. അന്നു ഞാൻ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നെങ്കിലും വലിയ വികൃതിയുമായിരുന്നു. ചേളാരി സമസ്താലയത്തിൽനിന്ന് രണ്ടു കാരണങ്ങളുടെ പേരിൽ എന്നെ പുറത്താക്കി. പക്ഷേ, പുറത്താക്കാൻ മാനേജർ കൊച്ചുമുഹമ്മദിനു താൽപര്യമുണ്ടായിരുന്നില്ല. പുറത്താക്കാനുള്ള കാരണങ്ങളിൽ ഒന്ന് രസകരമാണ്.

വേനലാകുമ്പോൾ കുളിക്കാൻ എല്ലാവരെയും തൊട്ടടുത്ത കിണറ്റിൻ കരയിലേക്കു വരിയായി കൊണ്ടുപോകും. വരിയിൽനിന്ന് അവിടെ പോയി കുളിക്കാൻ എനിക്കു വലിയ മടി. ടോയ്‌ലറ്റിൽ പോകാൻ വലിയ വീപ്പകളിൽ അവിടെ വെള്ളം നിറച്ചു വയ്ക്കുമായിരുന്നു. അധികം പൊക്കമില്ലാത്ത കുട്ടിയായതുകൊണ്ടു ഞാൻ ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കിയിട്ട് ഒരു വീപ്പയിലേക്ക് എടുത്തു ചാടും. വേഗം തിരിച്ചു കയറി സോപ്പു തേച്ചിട്ട് അടുത്ത വീപ്പയിലേക്കു ചാടും. ടോയ്‌ലറ്റിലേക്ക് ഉപയോഗിക്കാൻ കൊണ്ടുവച്ച വെള്ളത്തിൽ പത കണ്ടപ്പോൾ ചില കുട്ടികൾ പരാതിപ്പെട്ടു. ഹോസ്റ്റലിൽ ഒരു രണ്ടാം വാർഡനുണ്ട്. ഉണ്ണിക്കമ്മു. അദ്ദേഹം ഒരു ദിവസം ഒളിച്ചിരുന്നു. ഞാൻ സാധാരണ ചെയ്യുന്നതു പോലെ ആരും ഇല്ലെന്ന് ഉറപ്പു വരുത്തിയിട്ട് അതിനുള്ളിൽ ചാടി. സോപ്പു തേച്ചിട്ട് വീണ്ടും ചാടിയപ്പോൾ വാർഡൻ എന്റെ മുടിയിൽ പിടിച്ചു പൊക്കിയെടുത്തു. പുറത്താക്കാനുള്ള ഒരു കാരണം ഇതായിരുന്നു. അതുകൂടാതെ ഞാനും കൂട്ടുകാരനായ ഇംത്യാസ് ചാലുശേരിക്കാരനും കൂടി അടികൂടി. അതും ഒരു കാരണമായി. അങ്ങനെ ഒൻപതും പത്തും കുറ്റിപ്പുറം ഗവ. ഹൈസ്‌കൂളിലാണു പഠിച്ചത്. പ്രീഡിഗ്രി ചേന്നമംഗലൂരിൽ ഇസ്ലാഹിയ കോളജിലും. ബിരുദവും ബിരുദാനന്തര ബിരുദവും തിരൂരങ്ങാടി പോക്കർ സാഹിബ് മെമോറിയൽ ഓർഫനേജ് കോളജിലുമായിരുന്നു (പിഎസ്എംഒ). എംഎയ്ക്കു രണ്ടാം വർഷമായപ്പോൾ കോളജ് യൂണിയന്റെ ചെയർമാനായി.'- ജലീൽ വ്യക്തമാക്കി.
1994 ൽ കാലികറ്റ് സർവകലാശാലയിൽ നിന്ന് എം.ഫിൽ കരസ്ഥമാക്കി. 2006 ൽ ഡോ. ടി. ജമാൽ മുഹമ്മദിന്റെ കീഴിൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി.

സിമിയിൽ നിന്ന് എം എസ് എഫിലേക്ക്

ചേന്ദമംഗലൂരിൽ ഇസ്ലാഹിയ കോളജിലെ ജീവിതമാണ് അദ്ദേഹത്തെ സിമിയിലേക്ക് മാറ്റുന്നത്. 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യവുമായി ഇന്ത്യയെ ഇസ്ലാംവൽക്കരിക്കാൻ നടന്ന തീവ്രവാദ സംഘടനയായ സിമി (സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ)യുടെ സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. ഭീകര സംഘടനയായ സിമിയെ പിന്നീട് നിരോധിച്ചു. നിരോധനം ഇപ്പോഴും നിലവിലുമുണ്ട്.

'ദേശീയത തകർക്കുക ഖിലാഫത്ത് സ്ഥാപിക്കുക' എന്ന ലക്ഷ്യത്തോടെ 1977ൽ രൂപം കൊണ്ടതാണ് സിമി. 'മതേതര ജനാധിപത്യം വേണ്ട, ഇസ്ലാമിക സമഗ്രാധിപത്യം മതി' എന്ന് വിളിച്ചുപറഞ്ഞ ജമാഅത്തെ ഇസ്ലാമിയുടെ, തിരൂരിലെ പിഎസ്എംഒ കോളേജിലെ സിമിയുടെ പ്രാസംഗികൻ. 1986ൽലും 87 ലും സിമി സ്ഥാനാർത്ഥിയായി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടു. 1987ലെ കോളേജ് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് സിമി നിർദ്ദേശം നൽകി. എന്നാൽ ജലീൽ മത്സരിച്ച് തോറ്റു. ഇതോടെ അതേകോളേജിലെ എംഎസ്എഫിൽ(മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷൻ) ചേർന്നു. സിമിയിലെ പലരും പിന്നീട് പോപ്പുലർഫ്രണ്ട് ഓഫ് ഇന്ത്യഅടക്കമുള്ള തീവ്രവാദ സംഘടനകളിൽ എത്തി.

എംഎസ്എഫിൽ നിന്നും മുസ്ലിം യൂത്ത് ലീഗിന്റെ അഖിലേന്ത്യാ കൺവീനർ വരെ എത്തി ജലീൽ.
പ്രഥമ മലപ്പുറം ജില്ലാ കൗൺസിൽ അംഗം, മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ കൺവീനര് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

സുലൈമാൻ സേട്ടിന്റെ ആരാധകൻ

കോളജിൽ പഠിക്കമ്പോൾ സിമിയായിരുന്ന ജലീലിന്റെ മനസ്സ് മാറ്റിയതിൽ ഒരു പങ്കുവഹിച്ചത് മുസ്ലിം ലീഗ് നേതാവ് ഇബ്രാഹീം സുലൈമാൻ സേട്ടുമായുള്ള അടുപ്പം ആയിരുന്നു. ഇതേക്കുറിച്ച് ജലീൽ എഴുതിയത് ഇങ്ങനെയാണ്. ' പിഎ് എം ഒ കോളജ് യൂണിയൻ ചെയർമാനായിരിക്കുമ്പോൾ ഒരു അവിസ്മരണീയമായ അനുഭവമുണ്ടായി. കോളജ് ഡേ ആഘോഷിക്കുമ്പോൾ ഓരോ ക്ലാസിലെയും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികൾക്കു സമ്മാനം കൊടുത്തിരുന്നു. ആഘോഷങ്ങളിലെ മുഖ്യാതിഥിയായിരിക്കും അങ്ങനെ സമ്മാനം കൊടുക്കുന്നത്. ഞാൻ ചെയർമാൻ ആയ വർഷം എനിക്കായിരുന്നു യൂണിവേഴ്സിറ്റി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക്. ചെയർമാന്റെ കസേരയിൽനിന്ന് എഴുന്നേറ്റു സമ്മാനം വാങ്ങാൻ ചെന്നപ്പോൾ അന്നത്തെ വിശിഷ്ടാതിഥിയായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് സദസ്സിനു മുന്നിൽ വച്ച് എന്നെ കെട്ടിപ്പിടിച്ച് അനുഗ്രഹിച്ചു. അഞ്ചുവർഷം ആ കോളജിൽ പഠിച്ചു കഴിഞ്ഞപ്പോഴേക്ക് ആ കോളജ് വിട്ടു പോരാൻ കഴിയാത്ത മാനസികാവസ്ഥയുണ്ടായി. അങ്ങനെയാണ് ആ കോളജിൽത്തന്നെ അദ്ധ്യാപകനാകണമെന്നു ഞാൻ ആഗ്രഹിച്ചത്. അക്കാലത്തു കോളജ് അദ്ധ്യാപക നിയമനത്തിന് എം.ഫിൽ ഡിഗ്രി നിർബന്ധമാക്കി. അന്നു കാലിക്കറ്റ് സർവകലാശാലയിൽ മാത്രമേ എം.ഫിൽ ഉള്ളൂ. ആകെ പന്ത്രണ്ടു സീറ്റുണ്ട്. അതിൽ ആറെണ്ണം അദ്ധ്യാപകർക്കും ആറെണ്ണം വിദ്യാർത്ഥികൾക്കും. അതിനു പ്രവേശനപ്പരീക്ഷയുമുണ്ട്. ഞാൻ മനസ്സിരുത്തി നല്ലതുപോലെ പഠിച്ചു പരീക്ഷ എഴുതി. എനിക്കു പ്രവേശനം ലഭിച്ചു. 93 അവസാനം എം.ഫിൽ കഴിഞ്ഞു. ഫലം അടുത്ത കൊല്ലം വന്നു. എന്റെ ഭാഗ്യം എന്നു പറയാം, പി.എസ്.എം. കോളജിൽ ചരിത്ര വകുപ്പിൽ ഒരു ഒഴിവുണ്ടായി. ഞാൻ അപേക്ഷിച്ചു. 94 ഡിസംബറിൽ ഞാൻ അവിടെ അദ്ധ്യാപകനായി ചേരുകയും ചെയ്തു.

. 1994 ൽ പി.എസ്.എം.ഒ. കോളേജിൽ ചരിത്രാധ്യപകനായി നിയമിതനായി. കോഴിക്കോട് സർവകലാശാലാ സിൻഡിക്കേറ്റ് അംഗം, നോർക്ക റൂട്ട്സ് ഡയരക്ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. മുഖ്യധാര ത്രൈമാസികയുടെ ചീഫ് എഡിറ്ററാണ്. എഴുത്തുകാരൻ കൂടിയായ ജലീലിന്റെ ആദ്യ കൃതി 'ഒരു കൊടുങ്കാറ്റായ ജനപക്ഷരാഷ്ട്രീയം' ആണ് .ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 'മലബാർ കലാപം; ഒരു പുനർവായന' എന്ന കൃതിയും രചിച്ചിട്ടുണ്ട്.

പഠിച്ച കോളജിൽ തന്നെ അദ്ധ്യാപകൻ

പഠിച്ച കോളജിൽ തന്നെ പഠിപ്പിക്കാൻ അവസരം കിട്ടിയ അപൂർവം പേരിൽ ഒരാളണ് കെ ടി ജലീൽ. ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ. ' പിഎഎസ്എഒ കോളജിൽ അദ്ധ്യാപകനായി ചേർന്നതിനുശേഷം ആദ്യമായി ക്ലാസെടുക്കാൻ പോകുകയാണ്. വിദ്യാർത്ഥിയേത് അദ്ധ്യാപകനേത് എന്നു വേർതിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു. അവസാന വർഷ ബി.എ. ക്ലാസിലെ വിദ്യാർത്ഥികളെയൊക്കെ എനിക്ക് അറിയാം. ചില കുട്ടികൾ എന്തോ അപശബ്ദം ഉണ്ടാക്കി. അപ്പോൾ ഞാൻ അവരോടു പുറത്തു പോകാൻ പറഞ്ഞു. അവർ പുറത്തേക്കു പോകുന്നതിനിടയിൽ എന്റെ അടുത്തു വന്നു പറഞ്ഞു, സാർ, ഞങ്ങൾ നിങ്ങൾക്കു വോട്ട് ചെയ്തവരാണ്. സത്യത്തിൽ ആ സമയത്ത് എന്നിലെ വിദ്യാർത്ഥി നേതാവ് ഉണർന്നു. ഞാൻ അവർക്കു മാപ്പു കൊടുത്തു. ക്ലാസിലിരുന്നോളാൻ സമ്മതിച്ചു. അങ്ങനെയാണ് എന്റെ ക്ലാസിന്റെ തുടക്കം. പതിനൊന്നു വർഷം ഞാൻ അദ്ധ്യാപകനായിരുന്നു. ആ സമയം തന്നെ കേരള സർവകലാശാലയിൽ പാർട്ട് ടൈം പി.എച്ച്ഡിക്കു രജിസ്റ്റർ ചെയ്തു.

പി.എച്ച്ഡി. തീസിസ് എന്തായിരിക്കണമെന്ന് എനിക്കു നേരത്തേ തന്നെ ധാരണയുണ്ടായിരുന്നു. 1921ലെ മലബാർ കലാപത്തെ ്തുടർന്നു ധാരാളം മാപ്പിള കലാപകാരികൾ ആൻഡമാൻ ദ്വീപുകളിലേക്കു നാടുകടത്തപ്പെട്ടിരുന്നു. അവിടെപ്പോയി അവരെക്കുറിച്ച് ഒരു പഠനം നടത്തുക. മലബാറിലെ മാപ്പിളമാരുടെ സംസ്‌കാരവും അവിടെയുള്ളവരുടെ സംസ്‌കാരവും തമ്മിലുള്ള സമാനതകൾ പഠിക്കുക. എം.ഫിൽ ഗവേഷണ പ്രബന്ധവും മലബാർ കലാപവുമായി ബന്ധപ്പെട്ടായിരുന്നു. ആൻഡമാനിൽ എത്തിയ ആളുകൾ അവർ ഏതു പ്രദേശത്തുനിന്നാണോ പോയത് ആ പ്രദേശങ്ങളുടെ പേരാണു പുതിയ നാടിനുമിട്ടത്. അങ്ങനെ തിരൂരങ്ങാടി, വണ്ടൂർ, മേലാറ്റൂർ, മഞ്ചേരി, തുടങ്ങിയ സ്ഥലങ്ങളെല്ലാം അവിടെയുമുണ്ടായി. അവർ അവിടെ മാപ്പിള സംസ്‌കാരം തുടരുകയായിരുന്നു. ആ വിഷയത്തിൽ പി.എച്ച്ഡി. ചെയ്യാൻ സാധിക്കാതെ വന്നെങ്കിലോ എന്നു സംശയം വന്നു. കാരണം ആ കാലത്താണു ഞാൻ യൂത്ത് ലീഗിന്റെ നേതൃത്വത്തിലെത്തിയത്. അങ്ങനെയാണ വാലിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസല്യാരുടെയും കലാപത്തിലെ പങ്കു വിഷയമാക്കി രജിസ്റ്റർ ചെയ്തത്. അത് അഞ്ചു വർഷത്തിനുള്ളിൽത്തന്നെ പൂർത്തിയാക്കാനും സാധിച്ചു.'- ജലീൽ വ്യക്മാക്കി.

ഖുർആൻ മഹർ ആയി കിട്ടിയ വിവാഹം

ഖുർ ആൻ മാത്രം മഹർ ആയി സ്വീകരിച്ച വിവാഹം ആയിരുന്നു ജലീലിന്റെത്. 'എം.ഫിലിനു പഠിക്കുന്ന കാലത്തായിരുന്നു വിവാഹം. 1992ൽ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പു വന്നു. കോളജിൽനിന്നു പുറത്തുവന്ന് ഒരു വർഷം ആയിട്ടില്ല. അന്നാണു ജില്ലാ കൗൺസിലുകൾ വരുന്നത്. കുറ്റിപ്പുറം ഡിവിഷനിൽനിന്നു ജില്ലാ കൗൺസിലിൽ അംഗമായി. അന്നു കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർമാരിൽ ഒരാളായിരുന്നു ഞാൻ. വോട്ട് ചെയ്യാനുള്ള കുറഞ്ഞ പ്രായം ഇരുപത്തിരണ്ടു വയസ്സായിരുന്നു. ഇരുപത്തിരണ്ടു വയസ്സു കഴിഞ്ഞു രണ്ടു മാസമായപ്പോഴാണു ഞാൻ ജില്ലാ കൗൺസിലിൽ വന്നത്. എം.ഫിലിനു ചേർന്നപ്പോഴാണു വിവാഹം കഴിഞ്ഞത്. ഞങ്ങളുടെ മൂത്താപ്പാന്റെ മകൻ കെ.പി. ഹംസ അന്നു ഫറൂഖ് കോളജിൽ പ്രഫസറായിരുന്നു. അദ്ദേഹത്തോട് എന്റെ ബാപ്പ എനിക്കൊരു പെണ്ണിനെ നോക്കാൻ പറഞ്ഞു. എം.എസ്സി. ഫിസിക്സ് വിദ്യാർത്ഥിനി ആയിരുന്ന ഫാത്തിമക്കുട്ടിയെ ഞാൻ പെണ്ണുകാണാൻ ചെന്നത് അങ്ങനെയാണ്. ആദ്യം ജോലി കിട്ടിയതു ഭാര്യയ്ക്കാണ്. പോസ്റ്റൽ ഡിപ്പാർട്മെന്റിൽ അവൾക്കു നേരത്തേ ജോലിയുണ്ടായിരുന്നു. എം.എസ്സി കഴിഞ്ഞു ബി.എഡ്. എടുത്തു ജോലിയിൽകയറി.

ഞങ്ങൾക്കു മൂന്നു മക്കളാണ്. മൂത്ത മകൾ അസ്മാബീവി കോഴിക്കോട് എൻ.ഐടിയിൽനിന്ന് ഇലക്ട്രോണിക് കമ്യൂണിക്കേഷനിൽ എൻജിനീയറിങ് കഴിഞ്ഞു. ജി.ആർ.ഇയും ടോഫലും പാസ്സായി ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രവേശനം കിട്ടി അവിടെ എം.എസിനു പഠിക്കുകയാണ്. അവസാന വർഷ വിദ്യാർത്ഥിയായിരിക്കേ അവളുടെ വിവാഹം നടത്തി. വരൻ മങ്കട ഇലിക്കോട്ടിൽ അജീഷ്. അജീഷും ബിടെക്. കഴിഞ്ഞു ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎസ് കഴിഞ്ഞ് ഇപ്പോൾ കലിഫോർണിയയിൽ ജോലിചെയ്യുന്നു. അവരുടെ കല്യാണം വേറിട്ട ഒരു അനുഭവമായിരുന്നു. ഒരു തരി സ്വർണമോ ഒരു രൂപയോ കൊടുക്കാതെയാണു വിവാഹം നടത്തിയത്. ജീവിതത്തിൽ ഇന്നുവരെ അവൾ സ്വർണം അണിഞ്ഞിട്ടില്ല. നമ്മുടെ നാട്ടിൽ മുസ്ലിം പെൺകുട്ടികൾ സ്വർണമിടാതെ പോകുന്നത് അപൂർവമാണ്. വിശുദ്ധ ഖുർആന്റെ ഒരു കോപ്പിയാണു പുതിയാപ്ല നമുക്കു മഹർ ആയി തന്നത്. മൂവായിരം രൂപ കൊടുത്തു തറവാട്ടിൽ പോകും. ഉമ്മ നഫീസ്. വല്യുമ്മ പാത്തുമ്മ ഹജുമ്മ. വല്യുമ്മയായിരുന്നു എന്റെ സ്പോൺസർ. ബാപ്പ ചീത്ത പറയുകയോ അടിക്കുകയോ ചെയ്താൽ അതിൽ ഇടപെടാൻ ശേഷിയും കെൽപ്പും വല്യുമ്മയ്ക്കേ ഉണ്ടായിരുന്നുള്ളൂ. സ്നേഹമുള്ള സിംഹം എന്ന് ബാപ്പയെക്കുറിച്ചു ഞങ്ങൾ പറയും. ബാപ്പ വീട്ടിൽ വന്നാൽ പിന്നെ പൂർണ നിശ്ശബ്ദതയാണ്. ബാപ്പ ജയിൽ വാർഡറുടെ പോസ്റ്റിലേക്ക് അപേക്ഷ കൊടുത്താൽ ഇന്റർവ്യൂ പോലുമില്ലാതെ നിയമിക്കുമെന്നു ഞങ്ങൾ തമാശ പറയുമായിരുന്നു.'- ജലീൽ എഴുതി

കുഞ്ഞാലിക്കുട്ടിയോട് ഇടഞ്ഞ് ലീഗിന് പുറത്ത്

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ മുസ്ലിം ലീഗ് നേതൃത്വവുമായി പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയുമായി ഇടഞ്ഞത്. യൂത്ത് ലീഗിൽ കുഞ്ഞാലിക്കുട്ടിയുടെ നോമിനികളെ തിരികിക്കയറ്റുന്നതിന് എതിരെയായിരുന്നു ജലീലിന്റെ കലാപം. മികച്ച പ്രാസംഗികനും എഴുത്തുകാരനുമായ ജലീലിന് അവഗണിച്ച് മറ്റുപലരെയും ഉയർത്താനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ നീക്കം. അക്കാലത്ത് ലീഗിലെ ധാർമ്മിക നിലവാരവും ദയനീയമായിരുന്നു. കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീം കേസിൽ ആരോപിതനായി. മുമ്പ് സൂനാമി ദുരിതബാധിതകർക്കുവേണ്ടി ലീഗ് പിരിച്ച ഫണ്ട് എവിടെയന്ന് പരസ്യമായി വെടിപൊട്ടിച്ചാണ് കെ ടി ജലീൽ ലീഗിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുന്നത്. ഇതോടെ മുസ്ലീലീഗ് ജലീലിനെ പുറത്താക്കി. അതോടെ അഴിമതിക്കെതിരെ പോരാടി പുറത്തായ വ്യക്തിയുടെ ഇമേജായിരുന്നു ജലീന്.

മറുഭാഗത്ത് ഐസ്‌ക്രീം പെൺവാണിഭത്തിൽപെട്ട് കുഞ്ഞാലിക്കുട്ടി ആകെ നാറി രാജിവെക്കേണ്ടി വന്നു. ജലീൽ തന്റെ ആക്രമണങ്ങൾക്ക് മൂർച്ചകൂട്ടി. സിപിഎമ്മും അവസരം മുതലെടുത്ത് ജലീലിന് ഒപ്പം നിന്നും. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് 'കുറ്റിപ്പുറത്ത് വീണ്ടും മൽസരിക്കാൻ ധൈര്യമുണ്ടോ' എന്ന് ജലീൽ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ചു. മണ്ഡലം മാറാനിരുന്ന കുഞ്ഞാലിക്കുട്ടി അതോടെ പ്രതിരോധത്തിലായി. ജലീലിന്റെ വീട് നിലനിൽക്കുന്ന വളാഞ്ചേരി ഉൾപ്പെടുന്ന പ്രദേശമാണ് കുറ്റിപ്പുറം. ഗത്യന്തരമില്ലാത്ത കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്തു നിന്നു. ശക്തമായ വി എസ് തരംഗം ആഞ്ഞടിച്ച സമയം ആയിരുന്നു അത്. 'പെൺവാണിഭക്കാരെ കൈയാമം വെച്ച് റോട്ടിലൂടെ നടത്തിക്കും' എന്ന് വി എസ് കുറ്റിപ്പുറത്ത് വന്ന് പ്രസംഗിച്ചപ്പോൾ ആയിരങ്ങളാണ് ആർപ്പുവിളിച്ചത്. അതിൽ തട്ടമിട്ട സ്ത്രീകൾവരെയുണ്ടായിരുന്നു. അന്നുതന്നെ മാധ്യമ പ്രവർത്തകർ ഉറപ്പിച്ചതാണ് കുഞ്ഞാലിക്കുട്ടിയുടെ പതനം. വോട്ടെണ്ണിയപ്പോൾ എണ്ണായിരത്തോളം വോട്ടിന് കേരള രാഷ്ട്രീയത്തിലെ അതികായൻ തോറ്റ് നാണം കെട്ടു. അതോടെ ജലീൽ സിപിഎം സർക്കിളിലെ ഹീറോയായി.

മണ്ഡല പുനർ നിർണ്ണയത്തോടെ കുറ്റിപ്പുറം മണ്ഡലം ഇല്ലാതായി. 2011ലും 16ലും തവനൂർ മണ്ഡലത്തിൽ നിന്ന് ജലീൽ വീണ്ടും നിയമസഭാംഗമായി. ഇപ്പോൾ പിണറായി വിജയൻ മന്ത്രിസഭയിൽ അംഗവുമായി.

പിണറായി സ്വന്തം ബാപ്പയെപ്പോലെ

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പമാണ് ജലീലിന്റെ എല്ലാ ഉയർച്ചക്കും അടിസ്ഥാനം. പിണറായി തനിക്ക് ബാപ്പയെപ്പോലെ ആണെന്നാണ് ജലീൽ പറയുക. ജലീലിന്റെ തീപ്പൊരി പ്രസംഗം തന്നെയാണ് പിണറായിയെ ആകർഷിച്ചതും. വിഎസിനെതിരെ പിണറായി പറഞ്ഞ പ്രസിദ്ധമായ ബക്കറ്റും വെള്ളത്തിന്റെയും ഒരു കഥയുണ്ട്്. അതൊക്കെ ജലീൽ പറഞ്ഞുകൊടുത്തതാണെന്ന് അന്ന് വിവാദം ഉണ്ടായിരുന്നു. കാരണം മുമ്പ് ജലീൽ ഉദ്ധരിച്ച ഐക്യത്തെക്കുറിച്ചുള്ള ഉറുദു ഉപമകൾ ആതിരുന്നു അത്. പക്ഷേ അതൊന്നും താൻ പറഞ്ഞുകൊടുത്തതല്ല പിണറായി തന്നെ കണ്ടെത്തിയതാണെന്നായിരുന്നു ജലീൽ പറഞ്ഞത്.

ജലീൽ ഇങ്ങനെ എഴുതുന്നു 'ബാപ്പയുടെ അതേ സ്വഭാവമാണു ഞാൻ പിണറായിയിലും കണ്ടിട്ടുള്ളത്. കർക്കശക്കാരനാണ്. തീരുമാനങ്ങളിൽ വിട്ടുവീഴ്ചയില്ല. ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നത് തലശ്ശേരി പിലാക്കണ്ടി മുഹമ്മദ് അലിയുടെ വീട്ടിൽ വച്ചാണ്. ഞാൻ ലീഗിൽനിന്ന് അകന്നുനിൽക്കുന്ന സമയമാണ്. മുൻപു ലീഗുകാരനായിരുന്നു പിലാക്കണ്ടി. ഒരു കല്യാണനിശ്ചയത്തിൽ പങ്കെടുക്കാനാണു ഞാൻ അവിടെ ചെന്നത്. അവിടെ പിണറായി ഉണ്ടായിരുന്നു. കണ്ടകാഴ്ചയിൽത്തന്നെ അദ്ദേഹത്തിന്റെ രൂപഭാവങ്ങളൊക്കെ എന്റെ ബാപ്പയെ ഓർമിപ്പിച്ചു. പിന്നെ ഓരോ ഘട്ടത്തിലും അദ്ദേഹത്തിന്റെ സ്നേഹവും ശാസനയും എന്നിലെ പൊതുപ്രവർത്തകനെ രൂപപ്പെടുത്തുന്നതിൽ വളരെ സഹായകമായി.

പിണറായി നടത്തിയ ആദ്യത്തെ കേരള യാത്രയിൽ ഞാൻ അംഗമായി. അന്നു ഞാൻ പാർട്ടിയിൽ അംഗമല്ല. എന്നിട്ടും അന്ന് അദ്ദേഹം തന്ന പരിഗണന മറ്റാരിൽനിന്നും ജീവിതത്തിൽ എനിക്കു കിട്ടിയിട്ടില്ല. സാധാരണ ജാഥാ ക്യാപ്റ്റന്റെ സാന്നിധ്യത്തിൽ മറ്റൊരു പ്രസംഗകനെയും അനുവദിക്കാറില്ല. കാസർകോട്ട് യാത്രയെത്തി. ജാഥാ ക്യാപ്റ്റൻ വന്നു. അടുത്തതായി ജാഥാ ക്യാപ്റ്റനെ വിളിക്കാൻ പോകുമ്പോൾ അദ്ദേഹം പറഞ്ഞു, ജലീൽ പ്രസംഗിക്കട്ടെ, എന്നിട്ടു ഞാൻ പ്രസംഗിക്കാം. എനിക്ക് അതു വലിയൊരു അനുഭവമായിരുന്നു. ലീഗിന്റെ ധാരാളം ജാഥകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. അപ്പോഴൊന്നും ആ വിധമൊരു പരിഗണന കിട്ടിയിട്ടില്ല. പിന്നെ ഒരു മാസം നീണ്ടുനിന്ന ജാഥയിൽ വീട്ടിൽ പോലും പോകാതെ പങ്കെടുത്തു. അതിനു സാധിച്ചത് ജാഥാ ക്യാപ്റ്റന്റെ മാന്യമായ ഇടപെടൽ മൂലമാണ്. നമുക്കു നിൽക്കാൻ പറ്റുന്ന ഇടമായി സിപിഎം. മാറി. അതു കഴിഞ്ഞു രണ്ടാമത്തെ യാത്രയിലും എന്നെ ഉൾക്കൊള്ളിച്ചു. ജാഥാ ക്യാപ്റ്റനും അംഗങ്ങളും ഒന്നിച്ചിരുന്നാണു ഭക്ഷണം കഴിക്കുന്നത്. ഞങ്ങളുടെയൊക്കെ ഭക്ഷണക്കാര്യത്തിൽപോലും പിണറായി ശ്രദ്ധിക്കും. ലീഗിൽ എന്നെ വളർത്തിയതുകൊരമ്പയിൽ അഹമ്മദ് ഹാജി ആയിരുന്നു. അദ്ദേഹം ഇതുപോലെതന്നെ പരിഗണന നൽകിയിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ എനിക്ക് ഒരു രക്ഷാകർത്താവിന്റെ കൈത്താങ്ങു നഷ്ടമായി. അതു വീണ്ടുകിട്ടിയതു പിണറായിയിലൂടെയാണ്.'- ജലീൽ പറയുന്നു. അതേ പിണറായി മുഖ്യമന്ത്രിയായപ്പോൾ ജലീൽ മന്ത്രിക്കസേരയിലും എത്തി.

മന്ത്രിക്കസേരയിൽ വിവാദങ്ങൾ വിടാതെ

പക്ഷേ ഒരു മന്ത്രി എന്ന നിലയിൽ ജലീലിന് ശോഭിക്കാൻ കഴിഞ്ഞോ എന്ന് സംശയം ബാക്കിയാണ്. വിവാദങ്ങൾ അദ്ദേഹത്തെ നിരന്തരം വേട്ടയാടി. തദ്ദേശ സ്വയംഭരണ വകുപ്പാണ് ജലീലിന് ആദ്യം നൽകിയത്. എന്നാൽ ജലീലിന്റെ ബന്ധുവായ കെ.ടി അദീബിനെ വേണ്ടത്രയോഗ്യത ഇല്ലാഞ്ഞിട്ടും ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജറാക്കയത് വലിയ വിവാദമായി. തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും മാറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നൽകി. അവിടെയും വിവാദങ്ങൾ പിന്നാലെ കൂടി. എംജി സർവ്വകലാശാലയിലെ ബിടെക് വിദ്യാർത്ഥികൾക്ക് മാർക്കുദാനം നൽകാൻ അദാലത്ത് നടത്തിയത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി. മാർക്കു കൂട്ടിനൽകാൻ അദാലത്തെടുത്ത തീരുമാനം നിയമവിരുദ്ധമെന്ന് സിൻഡിക്കേറ്റും വ്യക്തമാക്കി. ഇതോടെ മന്ത്രി പ്രതിരോധത്തിലായി. ഒടുവിൽ മാർക്ക് ദാനം റദ്ദാക്കി. ചട്ടവിരുദ്ധമായി സർവ്വകലാശാലയിൽ ഇടപെട്ടതിനും അദാലത്ത് നടത്തിയതിനും കേരളത്തിലെ സർവ്വകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജലീലിനെ വിളിച്ചുവരുത്തിയതും വിവാദമായിരുന്നു.

ഇതിനിടെ കരിപ്പൂരിലെ ഹജ്ജ് കമ്മിറ്റി ഓഫീസിലെ ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷന് പകരം നിലമ്പൂർ സ്വദേശിനിയെ ക്ലാർക്കായി നിയമിച്ചതും വേറൊരാളെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തി ഗാർഡനർ ആയി നിയമിച്ചതും വിവാദമായി. സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ ഫോൺകോളിലാണ് ജലീൽ എത്തി നിൽക്കുന്നത്. ഒമ്പത് തവണയെ വിളിച്ചിട്ടുള്ളൂ എന്ന് മന്ത്രി പറയുമ്പോഴും സംശയങ്ങൾ ബാക്കിയാണ്. ഇതിന് പിറകെയാണ് യുഎഇ കോൺസലേറ്റിൽനിന്ന് കൊണ്ടുപോയത് ഖുർആൻ ആണോ അല്ലയോ എന്ന ദരൂഹതകൾ നിലനിൽക്കുന്നത്. ഇത് ഒക്കെയാണ് ഇ ഡിയുടെ ചോദ്യം ചെയ്യലിൽ എത്തി നിൽക്കുന്നത്.

പക്ഷേ ഇതുകൊണ്ട് സിപിഎം ജലീലിനെ കൈയൊഴിയും എന്ന് കരുതാൻ വയ്യ. ആർക്ക് മുന്നോട്ട്വെക്കാൻ പറ്റിയ ന്യുനപക്ഷ മുഖങ്ങൾ കുറവാണ് എന്നതാണ് പ്രധാന കാരണം. മറ്റൊന്ന് പിണറായി വിജയനുമായുള്ള അടുപ്പം തന്നെ. ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല എന്ന് ജലീൽ നേരത്തെ മനോരമയുടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അന്നുതന്നെ പാർട്ടി അത് വേണ്ട എന്ന് പറഞ്ഞ് ജലീലിനെ അനുനയിപ്പിച്ചിരുന്നു. ഇപ്പോൾ ജലീൽ ഒരു ബാധ്യതയാണെന്ന് പാർട്ടിയിൽ പലരും കരുതുന്നുണ്ടെങ്കിലും നേതൃത്വത്തിന് അങ്ങനെ തോന്നിയിട്ടില്ല എന്നതാണ് പ്രധാനം. രാഷ്ട്രീയത്തിൽ രണ്ടും രണ്ടു കൂട്ടിയാൽ എല്ലായിപ്പോഴും നാല് ആവില്ലെന്ന് ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP