Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോർപ്പറേറ്റ് എന്നുകേട്ടാൽ അവരെല്ലാം ശത്രുക്കൾ; അംബാനിയെന്നോ അദാനിയെന്നോ പറഞ്ഞാൽ അവരെല്ലാം മോദിയുടെ കൂട്ടുകാർ; റിലയൻസ് ജിയോ മോദിയെ 'ബ്രാൻഡ് അംബാസഡർ' ആക്കി രാജ്യം കീഴടക്കുന്നു; എല്ലാം സമ്മതിച്ചു, പക്ഷേ രാജീവ് ഗാന്ധി സ്വപ്‌നംകണ്ട ഡിജിറ്റൽ ഇന്ത്യ മോദി നടപ്പാക്കുമ്പോൾ ആർക്കാണ് നേട്ടം?

കോർപ്പറേറ്റ് എന്നുകേട്ടാൽ അവരെല്ലാം ശത്രുക്കൾ; അംബാനിയെന്നോ അദാനിയെന്നോ പറഞ്ഞാൽ അവരെല്ലാം മോദിയുടെ കൂട്ടുകാർ; റിലയൻസ് ജിയോ മോദിയെ 'ബ്രാൻഡ് അംബാസഡർ' ആക്കി രാജ്യം കീഴടക്കുന്നു; എല്ലാം സമ്മതിച്ചു, പക്ഷേ രാജീവ് ഗാന്ധി സ്വപ്‌നംകണ്ട ഡിജിറ്റൽ ഇന്ത്യ മോദി നടപ്പാക്കുമ്പോൾ ആർക്കാണ് നേട്ടം?

മറുനാടൻ ഡെസ്‌ക്‌

വെള്ളിയാഴ്ച രാജ്യത്തെ ജനങ്ങൾ ഉറക്കമുണർന്നത് ഇന്ത്യയിലെ വലിയ കോർപ്പറേറ്റ് ഭീമനായ റിലയൻസിന്റെ കാഹളവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിൽക്കുന്ന മുൻനിര പത്രങ്ങളിലെ ഒന്നാംപേജ് പരസ്യം കണികണ്ടായിരുന്നു. ജിയോ ഡിജിറ്റൽ ലൈഫ് എന്ന പേരിൽ റിലയൻസ് ടെലികോം രംഗത്ത് നടപ്പാക്കാൻ പോകുന്ന വിപഌവത്തിന്റെ സന്ദേശവുമായി വന്ന പരസ്യത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി 'ബ്രാൻഡ്് അംബാസിഡർ' ആയതിനെച്ചൊല്ലി ആ നിമിഷംമുതൽ വിമർശനങ്ങൾ പൊട്ടിപ്പുറപ്പെട്ടു.

ചാനൽചർച്ചകളുടെ അലയൊലിയും എതിർത്തും അനുകൂലിച്ചുമുള്ള വാദങ്ങളും സോഷ്യൽ മീഡിയയിലെ വെല്ലുവിളിയുമായി ആ വിഷയത്തിൽ വാദം തുടരുകയാണ്. അതിലെ തെറ്റുംശരിയും ചികയുന്നവർ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. കോൺഗ്രസ് മുതൽ കെജ്രിവാൾ വരെ മാത്രമല്ല, ദേശീയ ഭരണമുന്നണിയായ എൻഡിഎയ്ക്കകത്തുനിന്നുപോലും ശിവസേനയുൾപ്പെടെ മോദി മോഡലായതിനെ എതിർത്ത് അഭിപ്രായങ്ങളുമായി എത്തി.

മോദിയെ മിസ്റ്റർ റിലയൻസ് എന്നു വിളിച്ചാണ് കെജ്രിവാൾ അഭിപ്രായം പങ്കിട്ടത്. റിലയൻസ് അനുമതി വാങ്ങിയിട്ടില്ലെങ്കിൽ കമ്പനിക്കെതിരെ പ്രധാനമന്ത്രി നടപടിയെടുക്കണമന്നായിരുന്നു കോൺഗ്രസ് വക്താവ് അജയ് മാക്കൻ അഭിപ്രായപ്പെട്ടത്.

ഇത്തരം ചർച്ചകൾ ഒരുവഴിക്ക് നടക്കുമ്പോൾ ഉയരുന്ന മറ്റു ചില ചോദ്യങ്ങളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയാതെ അംബാനിയുടെ റിലയൻസ് ഇത്തരത്തിൽ ഒരു പരസ്യം ദേശീയ പത്രങ്ങളുടെയെല്ലാം ഒന്നാം പേജിൽ നൽകാൻ ധൈര്യപ്പെടുമോ എന്നതാണ് അതിലൊന്ന്. ഇല്ലെന്ന് തീർത്തു പറയാനാകും. ഡിജിറ്റൽ ഇന്ത്യയെന്ന സ്വപ്‌നപദ്ധതി മോദി പ്രഖ്യാപിച്ച് കൃത്യം ഒരു വർഷവും രണ്ടുമാസവും പിന്നിടുമ്പോഴാണ് ആ പദ്ധതിയിൽ പങ്കാളിയാകുന്ന രാജ്യത്തെ മുഖ്യ ടെലികോം ദാതാവായ റിലയൻസ് രാജ്യത്ത് വിപഌവകരമായ ഒരു മത്സരത്തിനുതന്നെ തിരികൊളുത്തിക്കൊണ്ട് ജിയോ ഡിജിറ്റൽ അവതരിപ്പിക്കുന്നത്.

അതുകൊണ്ടുതന്നെ സ്വകാര്യ പങ്കാളിത്തത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ഭാഗമായി ഒരു വൻകിട സേവനദാതാവ് എത്തുമ്പോൾ അതിനെ എതിർക്കേണ്ട സാഹചര്യമില്ലല്ലോ. ഒരു കോർപ്പറേറ്റ് ഭീമനെന്ന നിലയിൽ അംബാനിയുമായി കോൺഗ്രസ്സിന് ഉണ്ടായിരുന്ന അടുപ്പം തന്നെയാണോ മോദിക്കും ബിജെപിക്കും ഉള്ളതെന്നത് മറ്റൊരു കാര്യം.

അത്തരം വിഷയങ്ങൾക്കപ്പുറത്ത് റിലയൻസ് ജിയോ ടെലികോം-ഇന്റർനെറ്റ് രംഗത്ത് ഒരു മത്സരത്തിന് തിരികൊളുത്തി കടന്നുവരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ പരിശോധിക്കുകയാണിവിടെ.

4ജിയുമായി ആദ്യമെത്തിയ എതിരാളികൾക്ക് അടിപതറിയ പ്രഖ്യാപനം

സെപ്റ്റംബർ ഒന്നിന് ലോഞ്ചിങ് നടക്കും മുമ്പുതന്നെ ഇതേക്കുറിച്ച് നിരവധി ചർച്ചകൾ നടന്നതാണ്. പ്രത്യേകിച്ചും 4ജി തരംഗത്തിന് തിരികൊളുത്തി ആദ്യം എയർടെല്ലും മാസങ്ങൾക്കകം ഐഡിയയും അതിനുശേഷം വോഡാഫോണുമെല്ലാം 4ജിയുമായി എത്തിയപ്പോഴും ഉന്നയിക്കപ്പെട്ട ചോദ്യമായിരുന്നു എന്തുകൊണ്ട് ഈ രംഗത്തെ ഭീമനായ റിലയൻസ് വന്നില്ല എന്നത്. 4ജിയുടെ ലേലം 2014 ആദ്യം പൂർത്തിയായപ്പോൾ കേരളമടക്കം രാജ്യത്തെ 14 സർക്കിളുകളുടെ ലൈസൻസാണ് ജിയോ സ്വന്തമാക്കിയത്.

ഡൽഹി, കൊൽക്കത്ത, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളും ആന്ധ്ര, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം, മധ്യപ്രദേശ്, പശ്ചിമബംഗാൾ, അസം, ഒറിസ്സ തുടങ്ങിയ സർക്കിളുകളിലും ജിയോ 4ജി ലേലത്തിൽ പിടിച്ചു. രാജ്യത്താകെ 4ജി ലൈസൻസ് സേവനം നൽകാൻ കഴിവുള്ള ഏക കമ്പനിയായി ഇതോടെ ജിയോ മാറുകയും ചെയ്തു. കാരണം മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ സഹോദരൻ അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷനുമായി സഹകരിച്ചാണ് രാജ്യത്ത് പ്രവർത്തനം തുടങ്ങിയത്. പരസ്പരം പോരിലെന്ന് ഇടയ്ക്കിടെ വാർത്തകൾ വന്നിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഇരു സഹോദരന്മാരും ഒന്നു ചേർന്നതോടെ കമ്യൂണിക്കേഷന്റെ 45000 ടവറുകൾ രാജ്യത്ത് ജിയോയ്ക്ക് ഉപയോഗിക്കാനാകും.

ഈ ആപത്ത് ഭയന്നുതന്നെയാണ് ആദ്യംതന്നെ ഈ രംഗത്തെ മറ്റു കോർപ്പറേറ്റുകൾ കഴിയുന്നത്രവേഗത്തിൽ 4ജി നടപ്പാക്കാനും റിലയൻസ് വരുംമുമ്പ് കൂടുതൽ കസ്റ്റമേഴ്‌സിനെ പിടിക്കാൻ വ്യഗ്രത കാട്ടിയതും. പക്ഷേ, അതുകൊണ്ടെന്നും ഒരു ഫലവുമുണ്ടായില്ലെന്ന് ജിയോ വിപണിയിലേക്ക് വലതുകാൽവച്ച് കയറിയ സെപ്റ്റംബർ ഒന്നിനു ശേഷം ഓഹരി വിപണിയിലുണ്ടായ കോളിളക്കം വ്യക്തമാക്കുന്നു. ഓഹരി വിപണിയുടെ ഭാഷയിൽ പറഞ്ഞാൽ അത് ഈ മേഖലയിൽ റിലയൻസിന്റെ എതിരാളികളായ ഭാരതി എയർടെലിനും ഐഡിയക്കും ശരിക്കും കറുത്ത വെള്ളിയാഴ്ചയായി മാറി.

പുതിയ പാക്കേജുകൾ പ്രഖ്യാപിച്ച് കമ്പനിയുടെ 42-ാം വാർഷിക അവലോകന യോഗത്തിൽ കമ്പനി ചെയർമാൻ മുകേഷ് അംബാനി പ്രസംഗിച്ച് 45 മിനിറ്റിനകം ഈ രണ്ടുകമ്പനികളുടേയും ഓഹരികളിൽ 12,000 കോടി രൂപയുടെ ഇടിവാണുണ്ടായത്. ജിയോ സേവനങ്ങളുടെ ഔദ്യോഗിക ലോഞ്ച് ഈമാസം അഞ്ചിന് നടക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈയൊരു അപകടം മുൻകൂട്ടിക്കണ്ടാണ് കിട്ടാവുന്നത്ര ഉപഭോക്താക്കളെ നേടാൻ ആദ്യം ഈ കമ്പനികൾ ഫോർജിയുമായി എത്തിയത്. പക്ഷേ, അതിനെ മറികടക്കാൻ ശക്തമായ ഓഫറുകളുമായാണ് റിലയൻസ് ജിയോ എത്തുന്നത്.

ജനം കണ്ണുതള്ളി കറങ്ങിവീഴുന്ന വമ്പൻ ഓഫറുകൾ

മുൻനിര മൊബൈൽ സേവനദാതാക്കളെ മാത്രമല്ല, കേട്ടവരെയെല്ലാം ഞെട്ടിച്ചാണ് സൗജന്യകോളുകളും അഞ്ചിലൊന്നുവിലയ്ക്ക് ഇന്റർനെറ്റും നൽകുമെന്ന വാഗ്ദാനവുമായാണ് മുകേഷ് അംബാനി പുതിയ മൊബൈൽ കമ്പനി പ്രഖ്യാപിച്ചത്. ഫോൺ ചെയ്യുന്നതിനും എസ്എംഎസിനും പണം വേണ്ട, സൗജന്യ റോമിങ്ങ്, ഒരു ജിബി ഫോർജി ഡേറ്റയ്ക്ക് 50 രൂപ മാത്രം. ഡേറ്റാ ഉപയോഗം കൂടുന്തോറും നിരക്ക് കുറയുന്ന പ്ലാനുകൾ. സിം വാങ്ങുന്നതുമുതൽ മൂന്നുമാസത്തേക്ക് നാല് ജിബി ഫോർജി ഡേറ്റയും പൂർണമായും സൗജന്യം. ഇതെല്ലാമാണ് ആദ്യഘട്ടത്തിൽതന്നെ പ്രഖ്യാപിക്കപ്പെട്ട പഌനുകൾ.

ഇന്ത്യയിലൊട്ടാകെ 18000 പട്ടണങ്ങളിലും രണ്ടുലക്ഷം ഗ്രാമങ്ങളിലും മാർച്ചിനുള്ളിൽ സേവനം എത്തിക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചു. മൊബൈൽ നിരക്കുകൾ കുറയുന്നതുമാത്രമല്ല, ലൈവ് സ്ട്രീമിങ് ഉൾപ്പെടെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ രീതികളെല്ലാം മാറ്റിമറിക്കുന്ന ഈയൊരു വിപഌവത്തിന് ഡിജിറ്റൽ ഇന്ത്യയെന്ന സ്വപ്‌നം പ്രഖ്യാപിച്ച മോദി അംബാസിഡർ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.

റിലയൻസ് വാഗ്ദാനങ്ങൾ വെറും ആരംഭശൂരത്വം മാത്രമോ?

ഒരു ജിബി 4ജി ഡാറ്റയ്ക്ക് മുൻനിര കമ്പനികൾ മുന്നൂറിലേറെയും 2ജി, 3ജി ഡാറ്റകൾക്കുപോലും നൂറിലേറെയും വാങ്ങിക്കൊണ്ടിരിക്കുന്ന വേളയിലാണ് അമ്പതുരൂപയ്ക്ക് ഒരു ജിബി 4ജി ഡാറ്റയുടെ വാഗ്ദാനവുമായി ജിയോ എത്തിയത്. ഇത്രയും വലിയ ഓഫർ മുന്നോട്ടുവയ്ക്കുമ്പോൾ അംബാനിയെന്ന കച്ചവടക്കാരന്റെ കണക്കുകൂട്ടൽ എന്തായിരിക്കുമെന്ന ചർച്ചയാണ് എല്ലായിടത്തും. ഡിസംബർ 31വരെ അൺലിമിറ്റഡ് 4ജി ഡാറ്റയാണ് ജിയോ സിം നേടുന്നവർക്കുള്ള സൗജന്യ ഓഫർ. ഇതു തീർന്നാൽ സ്പീഡ് കുറയുമെന്നതാണ് വിമർശകരുടെ വാദം. പിന്നീടുള്ള പഌനുകളിലെ വാഗ്ദാനങ്ങൾ ഇങ്ങനെയാണ്. 299 രൂപയ്ക്ക് 2 ജിബി മുതൽ 4999 രൂപയ്ക്ക് 75 ജിബി വരെയാണ് വാഗ്ദാനം. അപ്പോൾ അമ്പതുരൂപയ്ക്ക് ഒരു ജിബിയെന്നത് തുടക്കത്തിലെ വാഗ്ദാനം മാത്രമാണെന്ന വാദം ഉയരുന്നു.

ഡാറ്റാ ലിമിറ്റ് കഴിഞ്ഞാൽ ഒരു ജിബിക്ക് 250 രൂപ നൽകേണ്ടിവരും. അങ്ങനെയാകുമ്പോഴും ഇപ്പോൾ മറ്റു കമ്പനികൾ നൽകുന്ന ഓഫറിന് തൊട്ടു താഴെ നിൽക്കുമെന്ന അൽപം ആശ്വാസം മാത്രമാണ് ഉള്ളതെന്നതാണ് സത്യം. പക്ഷേ, അടുത്തവർഷം മുതൽ രാത്രികാലങ്ങളിൽ അൺലിമിറ്റഡ് ഡാറ്റ ഓഫറും ജിയോ മുന്നോട്ടുവയ്ക്കുന്നുണ്ട്. പക്ഷേ, അത് പുലർച്ചെ രണ്ടുമുതൽ അഞ്ചുമണിവരെ മാത്രമാണ്. 19 രൂപമുതൽ 299 രൂപവരെയുള്ള ചെറിയ പഌനുകൾ ഉണ്ടെന്ന വാഗ്ദാനം പക്ഷേ തുടങ്ങിക്കിട്ടാൻ 449 രൂപയ്ക്ക് റീചാർജ് ചെയ്യണമെന്ന സ്ഥിതിയുമുണ്ട്.

പക്ഷേ, ജിയോനെറ്റ് ഹോട് സ്‌പോട്ട് കൂടുതൽ പേർ നെറ്റ് ഉപയോഗിക്കുന്നിടങ്ങളിൽ ഗുണംചെയ്യുമെന്ന വിലയിരുത്തലാണ് വരുന്നത്. 4ജി സ്പീഡിൽ വൈഫൈ കണക്ടിവിറ്റി നൽകുന്ന ഹോട് സ്‌പോട്ടുകൾ 30 മീറ്റർ പരിധിവരെ പ്രവർത്തിക്കും. 151 രൂപമുതൽ ഡാറ്റ ആഡ് ഓൺ പാക്കുകൾ ഉണ്ട്. ഇത്തരത്തിൽ നോക്കിയാൽ മറ്റ് മുൻനിര സേവന ദാതാക്കളുടെ തൊട്ടു താഴെത്തന്നെയാണ് വിലയുടെ കാര്യത്തിൽ റിലയൻസ് 4ജിയുടെ തുടക്കമെന്നു പറയാം. ആദ്യഘട്ടത്തിൽ കൂടുതൽ ഉപഭോക്താക്കളെ കിട്ടുന്ന മുറയ്ക്ക് പഌനിൽ ഏറ്റക്കുറച്ചിൽ വരുത്തിയേക്കാമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പക്ഷേ, റിലയൻസിനെക്കാൾ വിലകുറച്ച് മറ്റുകമ്പനികൾ മത്സരത്തിനൊരുങ്ങാനുള്ള സാധ്യതയും തെളിയുകയാണ്. ഇതിന് തുടക്കമിട്ട് ബിഎസ്എൻഎൽ വയർലൈൻ ബ്രോഡ്ബാൻഡിന്റെ ഡാറ്റാ ചാർജ് അതിശയകരമാം വിധം കുറയ്ക്കുകയും ചെയ്തു. ഒരു രൂപയ്ക്ക് ഒരു ജിബിയെന്ന പഌനാണ് അവർ അവതരിപ്പിക്കുന്നത്.

ഡിജിറ്റൽ ഇന്ത്യയും റിലയൻസും അഥവാ മോദിയും അംബാനിയും

4.5 ലക്ഷം കോടിയുടെ നിക്ഷേപവും 18 ലക്ഷം തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്ന, രാജ്യത്തെ പാവപ്പെട്ടവനെ പോലും ഹൈടെക് ആക്കാൻ ഉദ്ദേശിച്ചുള്ള മോദിയുടെ സ്വപ്‌നപദ്ധതിയാണ് ഡിജിറ്റൽ ഇന്ത്യ. കഴിഞ്ഞവർഷം ജൂലായിൽ മോദിയുടെ പ്രഖ്യാപനം വന്ന വേളയിൽ തന്നെ ഇതിൽ റിലയൻസിന്റെ പങ്കാളിത്തം 2.5 ലക്ഷം കോടിയായിരിക്കുമെന്നാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. നേരിട്ടും അല്ലാതെയും അഞ്ചുലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും അംബാനി സഹോദരന്മാർ വാഗ്ദാനം ചെയ്യുകയും ചെയ്തു.

രാജ്യത്ത് ഇ ഗവേണൻസ്‌പോലും എത്താത്ത നഗരങ്ങൾപോലും ഉണ്ട്. ലോകം എം-ഗവേണൻസിന്റെ ലോകത്തേക്ക് പറന്നുകഴിഞ്ഞിട്ടും ഇന്ത്യ അതിന്റെ ഏഴയലത്തുപോലും എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സമസ്തമേഖലയിലും സാങ്കേതിക വിപഌവമെന്ന ലക്ഷ്യവുമായി ഡിജിറ്റൽ ഇന്ത്യയെന്ന സ്വപ്‌നം പുതിയ കേന്ദ്രസർക്കാർ പങ്കുവച്ചത്.
ഇതുപക്ഷേ, പുതിയ ആശയമൊന്നുമായിരുന്നില്ല. ഭാരതത്തിൽ കമ്പ്യൂട്ടർ വിപഌവത്തിന് തുടക്കം കുറിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും സുഹൃത്തായിരുന്ന ടെക്‌നോക്രാറ്റ് സാം പിത്രോദയുടേയും വിശാല ലക്ഷ്യം തന്നെയായിരുന്നു രാജ്യത്തെ സാങ്കേതിക വിപ്ലവം. പക്ഷേ രാജീവ് കൊല്ലപ്പെടുകയും പിന്നീട് പത്‌നി സോണിയയുടെയും മകൻ രാഹുലിന്റെയും ആശീർവാദത്തോടെ നിരവധി കോൺഗ്രസ് സർക്കാരുകൾ ഇന്ത്യ ഭരിച്ചിട്ടും രാജീവിന്റെ ആ സ്വപ്‌നം പൂവണിഞ്ഞില്ല.

മാത്രമല്ല എം-ഗവേണൻസ് രംഗത്ത് വിപ്‌ളവം തുടങ്ങേണ്ടിയിരുന്ന ടുജി സ്‌പെക്ട്രത്തിന്റെ ലേലത്തിൽത്തന്നെ കോടികളുടെ അഴിമതിക്കറ തീർക്കുകയാണ് യുപിഎ സർക്കാരുകൾ ചെയ്തത്. മൂന്നര പതിറ്റാണ്ടോളം ഉറങ്ങിക്കിടന്ന രാജീവ് ഗാന്ധിയുടെ സ്വപ്‌നം മോദി പൊടിതട്ടിയെടുത്തതോടെ ഇതു ഞങ്ങളുടെ നേതാവിന്റെ പദ്ധതിയായിരുന്നുവെന്ന് പറയാനുള്ള ത്രാണിപോലും ഇല്ലാത്ത അവസ്ഥയിലായി കോൺഗ്രസ് എന്നതാണ് സത്യം.

ഡിജിറ്റൽ ഇന്ത്യ കഴിഞ്ഞവർഷം പ്രഖ്യാപിച്ചപ്പോൾ ഗ്രാമീണന്റെയും കർഷകന്റെയും പാവപ്പെട്ടവരുടെയും വിശപ്പുമാറ്റാൻ ഫേസ്‌ബുക്കും വാട്‌സ്ആപ്പും മതിയല്ലോ എന്ന കളിയാക്കലുകളും ഇത്തരം സോഷ്യൽ മീഡിയാ പ്രചരണങ്ങളുമാണ് അരങ്ങുതകർത്തത്.
ഡിജിറ്റൽ ഇന്ത്യയെന്നാൽ ട്വിറ്ററും ഫേസ്‌ബുക്കും വാട്‌സാപ്പും മാത്രമല്ലെന്ന തിരിച്ചറിവില്ലാത്ത വിമർശനങ്ങൾ. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യ വികസനം വർദ്ധിപ്പിക്കുക, ഗ്രാമങ്ങളിൽ ഉണ്ടാകുന്ന ഉൽപന്നങ്ങൾക്ക് ലോകവിപണി കണ്ടെത്തുക, ഗ്രാമീണരായ കർഷകർക്കുപോലും കാർഷിക മേഖലയിലെ പുതിയ ട്രെൻഡുകൾ അപ്പ്‌പ്പോൾ പരിചയപ്പെടുത്തുക, താഴേത്തട്ടിലേക്കുള്ള സർക്കാർ സേവനങ്ങളുടെ പ്രവാഹം സുതാര്യമാക്കുക തുടങ്ങി ഡിജിറ്റൽ ഇന്ത്യയുടെ നൂറുനൂറു ലക്ഷ്യങ്ങൾ ഈ മണ്ടൻ അഭിപ്രായപ്രകടനങ്ങൾക്കിടെ മുങ്ങിപ്പോയി.

അംബാനിമാരെ സഹായിക്കാനാണ് ഈ പദ്ധതിയെന്ന വാദം തുടക്കം മുതലേ ശക്തായിരുന്നെങ്കിലും അതിലുപരി ടെലികോം രംഗത്ത് ഇപ്പോൾ തുടങ്ങിയിട്ടുള്ള കിടമത്സരം മെച്ചപ്പെട്ട സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ ഇടവരുത്തുമെന്ന സ്ഥിതിയാണ് വരാൻ പോകുന്നത്. സർക്കാരും സ്വകാര്യമേഖലയും തമ്മിൽ ഏറ്റുമുട്ടുന്ന പാതയ്ക്കുപകരം പരസ്പര സഹകരണത്തോടെ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന മാർഗംതന്നെയാണ് പുരോഗതിയിലേക്ക് പോകുന്ന മിക്ക രാജ്യങ്ങളിലും അനുവർത്തിക്കുന്നത്. യഥാർത്ഥത്തിൽ അംബാനിയെ സഹായിക്കുകയല്ല, മറിച്ച് കോർപ്പറേറ്റുകളുടെ കിടമത്സരത്തിന് തിരികൊളുത്തി അവരുടെ സേവനങ്ങൾ വിപുലപ്പെടുത്തുകയും വിലക്കുറവിൽ ജനങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്ന തന്ത്രമായിരുന്നു മോദിയുടെ ഡിജിറ്റൽ ഇന്ത്യയെന്ന് പറയാം.

സ്മാർട് ഫോൺ ഇല്ലാത്ത വീടില്ലെന്ന് പറയാവുന്ന സ്ഥിതിയിലേക്ക് വളർന്ന കേരളത്തിൽ ഇടുക്കിയിലാണ് ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം നടന്നത് എ്ന്നതിനാൽത്തന്നെ കേരളത്തിന്റെ കുതിച്ചുചാട്ടം രാജ്യത്തിന് മാതൃകയാകുമെന്ന് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നതിന്റെ സൂചനയാണ്. മത്സ്യബന്ധനത്തിന് കടലിൽ പോകുന്നവർക്ക് എവിടെ പോയാൽ കൂടുതൽ മീൻകിട്ടുമെന്ന സന്ദേശം കടലിൽവച്ചുതന്നെ കിട്ടുന്നതിന്റെ ഗുണം ഓർത്താൽത്തന്നെ ഇത്തരമൊരു പദ്ധതിയുടെ ഭാവി വ്യക്തമാകും. ഇതുപോലെതന്നെയാണ് ഓരോ രംഗത്തും ഉണ്ടാകുന്ന മാറ്റം. വിവരങ്ങൾ വിരൽത്തുമ്പിലെന്ന സങ്കൽപത്തിന്് എത്ര വില കൊടുക്കേണ്ടിവരുമെന്ന ചോദ്യം മാത്രമേ ഇനി നമുക്ക് ചോദിക്കേണ്ടതുള്ളൂ. അല്ലാതെ, സർക്കാർ കോർപ്പറേറ്റുകളെ സഹായിക്കുന്നുവെന്നും അംബാനിമാരും അദാനിമാരും മോദിയുടെ ചങ്ങാതിമാരാണെന്നുമുള്ള ചർച്ചകൾ അവരെവച്ച് മോദിയോ കേന്ദ്രമന്ത്രിമാരോ സ്വന്തം പേരിൽ എന്തെങ്കിലും ഉണ്ടാക്കുമ്പോൾ നടത്തിയാൽ പോരേ..?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP