Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പട്ടിണി താങ്ങാനാവാതെ മനുഷ്യൻ നരമാസം തിന്ന മാവോ കാലത്തു നിന്ന് ചൈന മാറിയത് എങ്ങനെയാണ്? ലോകരാജ്യങ്ങളെ മാതൃകയാക്കി ഇന്ത്യയും കോൺട്രാക്റ്റ് ഫാമിങ്ങിലേക്ക്; കാർഷിക മേഖലയിലേക്ക് വൻ കമ്പനികളിലൂടെ ഇനി കോടികൾ ഒഴുകും; 2022ഓടെ കർഷകന്റെ വരുമാനം ഇരട്ടിയാവും; ട്രാക്ടറിനെയും ട്രില്ലറിനെയും എതിർത്ത പഴയകാലം ആവർത്തിക്കപ്പെടരുത്; ചാണക കൃഷിയിൽ നിന്ന് ഇന്ത്യ ഹൈടെക്ക് ഫാമിങ്ങിലേക്ക്; മോദിയുടെ കാർഷിക ബിൽ ഇന്ത്യയുടെ തലവര മാറ്റുമോ?

പട്ടിണി താങ്ങാനാവാതെ മനുഷ്യൻ നരമാസം തിന്ന മാവോ കാലത്തു നിന്ന് ചൈന മാറിയത് എങ്ങനെയാണ്? ലോകരാജ്യങ്ങളെ മാതൃകയാക്കി ഇന്ത്യയും കോൺട്രാക്റ്റ് ഫാമിങ്ങിലേക്ക്; കാർഷിക മേഖലയിലേക്ക് വൻ കമ്പനികളിലൂടെ ഇനി കോടികൾ ഒഴുകും; 2022ഓടെ കർഷകന്റെ വരുമാനം ഇരട്ടിയാവും; ട്രാക്ടറിനെയും ട്രില്ലറിനെയും എതിർത്ത പഴയകാലം ആവർത്തിക്കപ്പെടരുത്; ചാണക കൃഷിയിൽ നിന്ന് ഇന്ത്യ ഹൈടെക്ക് ഫാമിങ്ങിലേക്ക്; മോദിയുടെ കാർഷിക ബിൽ ഇന്ത്യയുടെ തലവര മാറ്റുമോ?

എം റിജു

'ഒരു കൂട്ടുകൃഷിക്കളത്തിലെ കാർഷിക റിപ്പോർട്ട് ഒരു ജനതയുടെ ഭാഗധേയം തിരുത്തുക.'- അതാണ് സത്യത്തിൽ ചൈനയിൽ സംഭവിച്ചത്. മാവോയുടെ ഭരണകാലത്തെ കൂട്ടപ്പട്ടിണി മരണങ്ങളുിൽനിന്ന് ചൈന ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി വളർന്നതിന് പിന്നിലെ ചാലകശക്തികളിൽ ഒന്ന് ഡെങ്ങ് സിയാവോ പിങിന് മുമ്പിലെത്തിയ ഒരു കാർഷിക റിപ്പോർട്ട് ആയിരുന്നു. അതുവരെ കമ്യൂണിസ്റ്റുകാർ ഉൽപ്പാദത്തിന്റെ ഉദാത്ത മാതൃകമായി കണക്കാക്കിയിരുന്ന, കൂട്ടുകൃഷി സമ്പ്രദായം തന്നെയായിരുന്നു, മാവോക്ക് ശേഷം ചൈനയിൽ അധികാരത്തിലേറിയ ഡെങ്ങും പിന്തുടർന്നത്. പക്ഷേ ഒരു കൂട്ടുകൃഷിക്കളത്തിൽനിന്ന് കിട്ടിയ അത്ഭുദകരമായ വിള വർധനയുടെ റിപ്പോർട്ട് ചൈനയുടെ തലവരമാറ്റി.

സ്ഥിരമായി കൂട്ടുകൃഷിചെയ്യുന്നിടത്ത് എത്ര വിള വർധനവുണ്ടായാലും ഒരു നിശ്ചിത തുക മാത്രമാണ് കർഷകന് കിട്ടിയിരുന്നത്. അതിനുപകരം വടക്കൻ ചൈനയിലെ ഒരു കാർഷിക ഉദ്യോസ്ഥൻ നിശ്ചിത കളങ്ങൾ കൃഷിക്കാർക്ക് ഏൽപ്പിച്ച് കൊടുത്ത് ഇവിടെ അധികമായി ഉണ്ടാകുന്ന വിള നിങ്ങൾക്ക് തന്നെ എടുക്കാമെന്ന് കർഷകരോട് പറയുന്നു. റിസൾട്ട് അത്ഭുദകരമായിരുന്നു. ആളുകൾ മൽസരിച്ച് കൃഷി ചെയ്തതോടെ വിള ഇരട്ടിയായി! മൽസരവും തുറന്ന വിപണിയും സ്വകാര്യസ്വത്തുമൊക്കെയുണ്ടാക്കുന്ന അഭിവൃദ്ധിയുടെ ഗുണഫലം ആദ്യമായി ചൈന അനുഭവിച്ച് അറിയുകയായിരുന്നു. ഈ കാർഷിക റിപ്പോർട്ടാണ് ഡെങ്ങ് സിയാവോ പിങ്ങിനെ സ്വാധീനിച്ചതന്നെും, മാവോ പറഞ്ഞതൊക്കെ തള്ളിക്കളഞ്ഞുകൊണ്ട് കാപ്പിറ്റലിസത്തിന്റെ സാധ്യതകളിലേക്ക് കടക്കാൻ ചൈനയെ പ്രാപ്തരാക്കിയതെന്നും ചരിത്രകാരന്മാർ പറയുന്നു.

ഇന്ന് ചൈനയുടെ പേരിൽ മാത്രമേ കമ്യൂണിസം ഉള്ളൂ. മൂലധനാധിഷ്ഠിത വിപണിയുടെ ( കാപിറ്റലിസത്തിന്റെ യഥാർഥ തർജ്ജമ ഇതാണ്. അതിനെ മുതലാളിത്തം എന്ന് തെറ്റായി തർജ്ജമ ഒരു കമ്യൂണിസ്്റ്റ് പ്രൊപ്പഗൻഡ മാത്രമാണ്) ആഗോളീകരണത്തിന്റെയും എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ചൈന വളർന്നു. മാവോയുടെ പട്ടിണി മരണക്കാലത്തുനിന്ന് അവർ വളർന്ന് അമേരിക്കയെപ്പോലും വെല്ലുവിളിക്കുന്ന ശക്തിയായി മാറി.

മനുഷ്യൻ മനുഷ്യനെ തിന്ന മാവോക്കാലം

മാവോ മരിച്ച ശേഷം അദ്ദേഹത്തിന്റെ പിൻഗാമികൾ ശ്രമിച്ചത് അദ്ദേഹം ചെയ്തതിനെ ഒക്കെ ഇല്ലാതാക്കാനാണ്. ഡെങ്ങ് വീടുകളെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തുടങ്ങുന്നത്. അവനവനു വേണ്ടത് നിർമ്മിക്കുക, അധികം വരുന്നത് രാഷ്ട്രത്തിനു നൽകുക എന്നതായിരുന്നു അതിന്റെ നയം. ഡെങ്ങിന്റെ കാലത്താണ് ചൈന മുതലാളിത്തത്തിന്റെ പാതയിലേക്ക് പിച്ചവെച്ചു നടക്കാൻ തുടങ്ങിയത്. നിർമ്മാണരംഗത്ത് ഫലപ്രദവും ലാഭകരവുമായ പുതിയ മാതൃകകളെ ഡെങ്ങ് പ്രോത്സാഹിപ്പിച്ചു.'പൂച്ച കറുത്തതായാലും, വെളുത്തതായാലും എലിയെപ്പിടിച്ചാൽ മതി...' എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. അതായത്, നയം മുതലാളിത്തത്തിൽ ഊന്നിയതായാലും സോഷ്യലിസത്തെ അടിസ്ഥാനമായുള്ളതായാലും രാഷ്ട്രം പുരോഗമിച്ചാലും മതി എന്ന് സാരം. വ്യക്തിഗതമായ ഉടമസ്ഥതയും സ്‌പെഷ്യൽ ഇക്കണോമിക് സോണുകളും തുടങ്ങിയ ഡെങ്ങ് ചൈനയിലേക്ക് വിദേശമൂലധനം വൻ തോതിൽ ആകർഷിച്ചു. അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടറുമായി ഒരു ഉടമ്പടി ഒപ്പിട്ടുകൊണ്ട് ഡെങ്ങ് ഇരുരാഷ്ട്രങ്ങൾക്കും ഇടയിലുണ്ടായിരുന്ന ശത്രുതയ്ക്ക് വിരാമം കുറിച്ചു. ഒരുകാലത്ത് മുതലാളിത്തത്തെ എതിർത്തിരുന്ന അതേ ചൈനയിലാണ് ഇന്ന് ലോകത്തെ മൂന്നാമത്തെ വലിയ ഓഹരിവിപണിയായ ഷാങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ച് ഉള്ളത്. അതായത് മവോയിസമല്ല കാപിറ്റലിസമാണ് ചൈനയെ രക്ഷിച്ചത് എന്ന് ചുരക്കം.

കൃഷിയിലേക്ക് വന്നാൽ ചൈന ഇന്ന് മാവോക്കാലത്തെ പ്രാകൃത കൃഷിയല്ല നടപ്പാക്കുന്നത്. ആധുനികവത്ക്കരണത്തിന്റെ എല്ലാ സാധ്യതകളും ഉൾപ്പെടുന്ന വമ്പൻ ഹൈട്ടക്ക് കൃഷിയാണ് ഇന്ന് ചൈന നടത്തുന്നത്. അഗ്രാഫാമിങ്ങ് കമ്പനികളും കർഷകരും ചേർന്നുള്ള കോൺട്രാക്ട് ഫാമിംങ്ങിലുടെ ചൈനയുടെ കാർഷിക മേഖലയുടെ മുഖഛായ മാറ്റിക്കളഞ്ഞു. കൃഷി തകർന്ന് കർഷകൻ ആത്മഹത്യചെയ്യുന്ന വാർത്തകൾ ഇന്ന് ചൈനയിൽ അപൂർവമാണ്. മാവോയുടെ ദ ഗേറ്റ് ലീപ്പീ ഫോർവേഡ്, കൾച്ചറൽ റെവല്യൂഷൻ തുടങ്ങിയ പദ്ധതികളുടെ കാലത്ത് ലക്ഷക്കണക്കിന് കർഷകരാണ് ചൈനയിൽ മരിച്ചുവീണത്. പട്ടിണി താങ്ങാൻ ആവാതെ മനുഷ്യൻ മനുഷ്യന്റെ മൃതദേഹങ്ങൾവരെ തിന്നതായാണ് അക്കാലത്ത് വാർത്തകൾ പുറത്തുവന്നത്. അവിടെനിന്നാണ് ചൈന ഈ വളർച്ച കൈവരിക്കുന്നത്.

ലോകത്തിലെ നമ്പർവൺ അത്യുൽപ്പാദകർ ആണ് ഇസ്രയേൽ. അവിടെയും കമ്പനികളാണ് കൃഷിചെയ്യുന്നത്. അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ, സ്‌കാൻഡനേവിയൻ രാജ്യങ്ങൾ എന്നിവയെല്ലാം നോക്കിയാലും അവിയെല്ലാം കോർപ്പറേറ്റ് അഗ്രി കമ്പനികളാണ് കാർഷിക വിപ്ലവവും വികസനവും കൊണ്ടുവന്നത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴും കോൺട്രാക്ട് ഫാമിങ്ങ് ഒന്നും വന്നിട്ടില്ല. അതിനുള്ള തുടക്കമാണ് മോദി സർക്കാറിന്റെ നേതൃത്വത്തിൽ പുതിയ കാർഷിക ബില്ലിലൂടെ നടത്തുന്നത്. അതായത് ലോകത്ത് എല്ലായിടത്തും വിജയിച്ച ഒരു വികസന മാതൃക ഇന്ത്യയിലേക്കും വരുന്നുവെന്ന് ചുരുക്കം.

കാർഷിക മേഖലിലെ ഉദാരവത്ക്കരണം

ചാണകകൃഷി എന്ന് ഇപ്പോഴും പരിഹസിക്കപ്പെടുന്ന ഇന്ത്യൻ കൃഷിരീതിയുടെ അടിത്തറ മാറ്റുന്നതാണ് പുതിയ ബിൽ. ട്രാക്ടറും, ട്രില്ലറും അടക്കമുള്ള എല്ലാ ആധുനിക പരീക്ഷണങ്ങളെയും എതിർന്ന കമ്യൂണിസ്റ്റ് കക്ഷികൾ ഇതിനെ എതിർക്കുന്നത് മനസ്സിലാക്കാം. പക്ഷേ സാമ്പത്തിക ഉദാരീകരണം കൊണ്ടുവന്ന് കോടിക്കണക്കിന് ഇന്ത്യാക്കാരുടെ പട്ടിണി മാറ്റിയ മന്മോഹൻസിങിന്റെ പാർട്ടിയായ കോൺഗ്രസ് ഇതിനെ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.

തീർച്ചയായും ഈ വ്യവസ്ഥയിൽ ഇടത്തട്ടുകാർ ലാഭമുണ്ടാക്കാവുന്ന രീതിയിൽ ക്രോണി കാപ്പിറ്റലിസം പിടിമുറക്കാനുള്ള സാധ്യതയും ഉണ്ട്. പക്ഷേ അത് സർക്കാറിന് നിയന്ത്രിക്കാൻ കഴിയുന്നതേയുള്ളൂ. സെലിബ്രിറ്റികൾ പത്രക്കാരെ കാണിക്കാനായി ആണ്ടോടാണ്ട് ചെളിയിൽ പാളത്തൊപ്പിയുമായി വിത്തെറിഞ്ഞാൽ മാറുന്നതല്ല കർഷന്റെ ദുരിതം. കൃഷി കാലാവസ്ഥയുടെ ചൂതാട്ടത്തിൽനിന്ന് മാറി വൻ ബിസിനസ് ആവുന്നിടത്തു നിന്നാണ് ഇന്ത്യയിലെ കർഷകന്റെ നല്ലകാലം തുടങ്ങുക. അതിനുള്ള തുടക്കമാണ് മോദി സർക്കാറിന്റെ കാർഷിക ബിൽ. മന്മോഹൻസിങ്് സാമ്പത്തിക ഉദാരവത്ക്കരണത്തിലൂടെ എങ്ങനെയാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഉടച്ചുവാർത്തത് അതുപോലെ ഇന്ത്യൻ കാർഷിക മേഖലയുടെ സമഗ്രമാറ്റമാണ് ബിൽ ലക്ഷ്യമിടുന്നത്. അതായത് ഇനി മുതൽ കർഷകനും വൻകിട കമ്പനിയും ചേർന്ന് പങ്കാളത്തിത്തിൽ കൃഷി നടത്താൻ കഴിയും.

വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ താൽപ്പര്യമുള്ള അതിൽ നിന്ന് ലാഭം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന കൂട്ടായ്മകളെ കമ്പനികളെ അതിന് അനുവദിക്കുകയാണ് പുതിയ ബില്ലിൽ ചെയ്യുന്നത്. ഇതിന്റെ ഏകദേശ രീതി ഇങ്ങനെയാണ്. ഭൂവുടമകളും കൃഷി ചെയ്യാൻ മുന്നോട്ട് വരുന്ന സ്ഥാപനങ്ങളും തമ്മിൽ കരാറുണ്ടാക്കുന്നു. കൃത്യമായ വരുമാനം സ്ഥലത്തിന്റെ ഉടമയ്ക്ക് നിയമപ്രകാരം ഉറപ്പാക്കുന്നു. ഒരു ഫെസിലിറ്റേറ്ററുടെ റോൾ മാത്രം സർക്കാർ ഇവിടെ വഹിച്ചാൽ മതി.നമ്മുടെ നാട്ടിലെ തന്നെ യുവാക്കൾക്കും മറ്റും ഇത്തരം അഗ്രികൾച്ചർ കൂട്ടായ്മകൾ, ഫേമുകൾ ആരംഭിക്കാം. കൂടാതെ ഈ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച എല്ലാ കമ്പനികളേയും കോർപ്പറേറ്റുകളേയും സ്വാഗതം ചെയ്യാം. ഒരു രൂപ പോലും ഖജനാവിൽ നിന്ന് ചെലവാക്കാതെ കൃഷിക്കാരന് ലാഭമുണ്ടാവും.

അപ്പോഴാണ് ഇത് ആഗോളകുത്തകകൾക്ക് ഇന്ത്യൻ കൃഷിയിടങ്ങളെ തീറെഴുതി കൊടുക്കുന്നുവെന്ന കുപ്രചാരണം കമ്യൂണിസ്റ്റുകളും കോൺഗ്രസുകാരും ഒരേ സ്വരത്തിൽ ഉയർത്തുന്നത്. എളുപ്പത്തിൽ വോട്ട് കിട്ടാനുള്ള ഒരു മാർഗം എന്ന നിലയിൽ ഉത്തരേന്ത്യൻ പാർട്ടികളും ഈ നിലവിളി ശബ്ദം ഏറ്റുപറയുന്നു. പക്ഷേ ഒന്നോർത്തുനോക്കു, ഉദാരീകരണക്കാലത്ത് കുത്തക കമ്പനികൾ ഇന്ത്യയെ കൊള്ളയടിക്കും എന്നും വേൾഡ് ബാങ്ക് ഇന്ത്യയെ ജപ്തിചെയ്യും എന്നൊക്കെയല്ലേ നാം കേട്ടിരുന്നത്. എതായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. ഇന്ത്യയുടെ അവസ്ഥ ഇന്ന് മെച്ചപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റിന്റെ നല്ലൊരു പങ്ക് സാമ്പത്തിക ഉദാരീകരത്തിനുള്ളതാണ്.

ഇന്ത്യയുടെ പട്ടിണി മാറ്റിയ ഹരിത വിപ്ലവം

ഇന്ത്യ സ്വതന്ത്രമാവുമ്പോൾ, ലോകത്തിലെ മിക്ക സാമ്പത്തിക ശാസ്ത്രജ്ഞന്മാരും പ്രവചിച്ചിരുന്നത് ഈ രാജ്യത്തെ കാത്തിരിക്കുന്നത് പട്ടിണി മരണമാണെന്നാണ്. കാരണം പതിനായിരങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ട ക്ഷാമങ്ങൾ അക്കാലത്ത് തുടർക്കഥയായിരുന്നു. ഒന്നും തിന്നാനിന്നാലെ എല്ലുംതോലുമായി, പരസ്പരം കലഹിച്ച് മരിക്കുന്ന ഒരു ജനത എന്നായിരുന്നു അന്നത്തെ ചില പാശചാത്യ സങ്കൽപ്പങ്ങൾ. ബ്രിട്ടീഷ് പ്രധാനമന്ത്രി ചർച്ചിലൊക്കെ ഇക്കാര്യം തന്റെ സ്വകാര്യ സംഭാഷണങ്ങളിൽ പലകുറി പങ്കുവെച്ചതാണെന്ന് പിന്നീട് വാർത്തകൾ വന്നിരുന്നു. അപരിഷ്‌കൃതരും ആധുനികതയോട് പുറം തിരിഞ്ഞ് നിൽക്കുന്നതുമായ ഒരു ജനത, ബ്രിട്ടീഷുകാർ പോയാൽ തമ്മിൽതല്ലിയും പട്ടിണി കിടന്നും മരിക്കുമെന്ന് ചർച്ചിൽ ഭയന്നിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം വൈകിക്കുന്നതിന് അദ്ദേഹം ഉയർത്തിയ ന്യായവും അതുതന്നെയായിരുന്നു. പക്ഷേ കാലം ഇന്ത്യക്ക് ഇന്ത്യക്കാർ ഒരിക്കലും അർഹിക്കാത്ത ശാസ്ത്രബോധമുള്ള ഒരു പ്രധാനമന്ത്രിയെ തന്നു. ജവഹർലാൽ നെഹ്റുവിന്റെ ശാസ്ത്രബോധത്തിൽ അധിഷ്ഠിതമായ പ്രവർത്തനമാണ് ഇന്ത്യയെയും പട്ടിണി മരണങ്ങളിൽ നിന്ന് രക്ഷിച്ചത്. പക്ഷേ നെഹ്റു സോവിയറ്റ് മാതൃക അനുകരിക്കാതെ കാപ്പിറ്റലിസത്തിന്റെ അനന്തസാധ്യതകൾ നെഹ്റു ഉപയോഗപ്പെടുത്തുകയായിരുന്നെങ്കിൽ ഇന്ത്യ എത്രയോ മുന്നേറിയേനെ എന്നത് വേറെ കാര്യം.

ആ നെഹുറുവിയൻ ശാസ്ത്രബോധത്തിന്റെ ചുവടുപിടിച്ചാണ് നാം പിൽക്കാലത്ത് ഹരിത വിപ്ലവം നടപ്പാക്കിയതും, അനുനിമിഷം പെരുകുന്ന വയറുകളുടെ വിശപ്പ് മാറ്റിയത്. സർബതി സൊനാര എന്ന അത്യുൽപ്പാദശേഷിയുള്ള ഗോതമ്പ് വിത്തും, ജലസേചന സൗകര്യങ്ങളും, ആധുനിക കൃഷിരീതികളുമാണ് ഇന്ത്യയെയും പട്ടിണി മരണങ്ങളിൽനിന്ന് രക്ഷിച്ചത്. അതിനുമുമ്പ് പുർണ്ണമായും ചാണക കൃഷി എന്ന രീതിയായിരുന്നു നാം അവലംബിച്ചത്. കുറച്ച് ചാണകം ഇടുകയല്ലാതെ വിള വർധനവിന് നമുക്ക് ഒന്ന് ചെയ്യാൻ കഴിയില്ലായിരുന്നു. ഹരിത വിപ്ലവക്കാലത്താണ് അത്യൂൽപ്പാദന ശേഷിയുള്ള വിത്തിനങ്ങളും, രാസവളങ്ങളും, കീടനാശിനികളും, കളനാശിനികളും രാജ്യത്തിന്റെ രക്ഷക്ക് എത്തിയത്. അതിന്റെ ഗുണ ഫലമാണ് ഇന്നത്തെ നിറഞ്ഞ ഗോഡൗണുകളിലൂടെ നാം അനുഭവിക്കുന്ന ഭക്ഷ്യ സുരക്ഷ.ഇപ്പോൾ നാം ഫാഷന് തുടങ്ങുന്ന ജൈവകൃഷി ആയിരുന്നില്ല കർഷനെ രക്ഷിച്ചത്.

പക്ഷേ ഇപ്പോൾ വയറുനിറഞ്ഞതിന്റെ വറ്റുകുത്തൽ എന്നപോലെ ഹരിതവിപ്ലവവും വ്യാപകമായി തള്ളിപ്പറയപ്പെടുകയാണ്. മണ്ണിന്റെ ഘടന നശിപ്പിച്ചു വിത്തു നശിപ്പിച്ചുവെന്ന വ്യാജ വാദങ്ങൾ ആണ് ഇവർ നിരത്തുന്നത്. ആ ഒരു പ്രൊപ്പഗാൻഡയിൽപെട്ട് തളർന്നു നിന്ന ഇന്ത്യൻ കാർഷിക വ്യവസായത്തിന് ഉണർവ് നൽകുകയാണ് മോദി ഇപ്പോൾ ചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് ഡോ സുന്ദര സീതാറാമിനെപ്പോലുള്ള രാഷ്ട്രീയ അജണ്ടകൾ ഇല്ലാത്ത നിഷ്പക്ഷരായ കാർഷിക ശാസ്ത്രജ്ഞന്മാർ ബില്ലിനെ സ്വാഗതം ചെയ്യുന്നത്. 

ഇത് രണ്ടാം ഹരിത വിപ്ലവം

ഹരിത വിപ്ലവം ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തിയെങ്കിലും കർഷകന്റെ സ്ഥിതി അത്രയൊന്നും മെച്ചമല്ല. നടക്കുന്ന കാർഷിക ആത്മഹത്യകളുടെ വാർത്തകളാണ് ഓരോ വർഷവും കേട്ടുകൊണ്ടരിക്കുന്നത്. ഈ സാഹചര്യത്തിലാണ് 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ മോദി സർക്കാർ കാർഷിക ബിൽ കൊണ്ടുവരുന്നത്.

വിശാലവും അസംഘടിതവുമായ ഇന്ത്യയിലെ കാർഷിക വിപണിയെ പുനരുജ്ജീവിപ്പിക്കുന്നതിനും കാലോചിതമായ പരിവർത്തനങ്ങൾ വരുത്തുന്നതിനും വേണ്ടിയാണ് കാർഷിക മേഖലയിൽ പുതിയ നിയമനിർമ്മാണങ്ങളും ഘടനാപരമായ മാറ്റങ്ങളും വരുത്തുന്നതെന്ന് ''കാർഷിക ബിൽ 2020'' ന്റെ ആമുഖത്തിൽ തന്നെ പറയുന്നുണ്ട്. ്. കാര്യക്ഷമവും സുതാര്യവും ന്യൂതന സാങ്കേതിക യുക്തവും സുഗമവുമായ, അന്തർ-സംസ്ഥാന വ്യാപാരം, വാണിജ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മത്സരാധിഷ്ഠിത ബദൽ വ്യവഹാര മാർഗ്ഗങ്ങൾ വഴി കർഷകരുടെ പ്രതിഫലം വർധിപ്പിക്കുക, കർഷകരെ സർക്കാർ നിയന്ത്രണത്തിലുള്ള വിപണികളിൽ നിന്ന് സ്വതന്ത്രരാക്കുകയും അവരുടെ ഉൽപ്പന്നങ്ങൾക്ക് പൊതുവിപണിയോടൊപ്പം മറ്റു വിപണികൾ കണ്ടെത്തി മികച്ച വില ലഭ്യമാക്കുകയും ചെയ്യുക, എന്നിവ ''കാർഷിക ബിൽ 2020'' ലക്ഷ്യമിടുന്നു.

2020 ലെ പുതിയ കാർഷിക ആവാസവ്യവസ്ഥയിൽ, കർഷകർക്കും വ്യാപാരികൾക്കും അവരുടെ ഉൽപ്പന്നങ്ങളുടെ വിൽപനയും വാങ്ങലും വിപണിവിലയും കരാർ കൃഷിയും സംബന്ധിച്ച തീരുമാനങ്ങൾ കൈകൊള്ളാനുള്ള സ്വാതന്ത്ര്യം ലഭിക്കും. ഇലക്ട്രോണിക് ട്രേഡിംഗിന് സൗകര്യപ്രദമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കുന്നതോടൊപ്പം, കർഷകരുടെ ഉൽപ്പന്നങ്ങൾ വിപണികളുടെ ഭൗതിക പരിസരങ്ങളിൽ അഥവാ വിവിധ സംസ്ഥാന 'കാർഷിക ഉൽപന്ന വിപണന നിയമങ്ങൾ' പ്രകാരം വിജ്ഞാപനം ചെയ്യപ്പെടുന്ന മാർക്കറ്റുകൾക്ക് പുറത്ത് രാജ്യത്തെ ഏത് മാർക്കറ്റിലും, അനുയോജ്യമായ വിലയിൽ വിൽക്കാനും സാധിക്കും. ''കർഷകരുടെ ഉത്പാദനം വ്യാപാരവും വാണിജ്യവും;ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ഓർഡിനൻസ് 2020'', ''കർഷകരുടെ (ശാക്തീകരണവും സംരക്ഷണവും) ന്യായ വില, കാർഷിക സേവന ബിൽ 2020'', ''അവശ്യവസ്തുക്കളുടെ (ഭേദഗതി) ബിൽ 2020'' എന്നിങ്ങനെ മൂന്ന് ബില്ലുകളാണ് കാർഷിക ബിൽ 2020 ന്റ്‌റെ ഭാഗമായി കേന്ദ്രം ആവിഷ്‌കരിച്ചത്.

വിപണി തുറക്കുന്നു; ഉദാരമാവുന്നു

ഫലത്തിൽ ഉദാരീകരണം കാർഷിക മേഖലയിലും എത്തുകയാണ്. കർഷകരുടെ ഉത്പാദനം വ്യാപാരവും വാണിജ്യവും: ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ഓർഡിനൻസ്, 2020 (The Farmers' Produce Trade and Commerce (Promotion and Facilitation) Bill, 2020) നോക്കുക.

ഈ നിർദ്ദിഷ്ട നിയമനിർമ്മാണം കർഷകർക്കും വ്യാപാരികൾക്കും അവരുടെ ഉൽപ്പന്നങ്ങൾ എപിഎംസി(Agricultural Produce & Livestock Market I½nän) വിപണികളുടെയും സംസ്ഥാന എപിഎംസി നിയമപ്രകാരം വിജ്ഞാപനം ചെയ്ത മറ്റ് മാർക്കറ്റ് യാർഡുകൾക്ക് (മാൻഡിസ്) പുറത്ത് വിൽക്കാൻ സ്വാതന്ത്ര്യം നൽകുന്നു. വിപണികളുടെ ഭൗതിക പരിധിക്കപ്പുറം കർഷകരുടെ ഉൽപന്നങ്ങൾക്ക് അന്തർ സംസ്ഥാന വ്യാപാരം ഈ ബില്ലിലൂടെ സാധ്യമാകുന്നു. ഈ ബില്ലിനു കീഴിൽ, കർഷകർ, വ്യാപാരികൾ, ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്‌ഫോമുകൾ എന്നിവരിൽ നിന്ന് മാർക്കറ്റ് ഫീസ്, സെസ് അല്ലെങ്കിൽ ലെവി ഈടാക്കുന്നതിൽ നിന്നും സംസ്ഥാന സർക്കാരുകളെ ഒഴിവാക്കുന്നു.

ഇത് അന്തർസംസ്ഥാന വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുകയും കർഷകർക്ക് കൂടുതൽ വിപണി കണ്ടെത്താനും സാധിക്കും.കാർഷിക വിപണന രംഗത്തെ ഗതാഗത ചെലവ് കുറയ്ക്കുകയും മികച്ച വില നേടാൻ സഹായിക്കുകയും ചെയ്യുംകർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ നിർദിഷ്ട മാർക്കറ്റ് യാർഡുകൾക്ക് പുറത്ത് വിൽക്കുന്നതിന് സെസോ ലെവിയോ കൊടുക്കേണ്ടതില്ല. മിച്ച ഉൽപ്പന്നങ്ങളുള്ള പ്രദേശങ്ങളിലെ കർഷകരെ മികച്ച വില ലഭിക്കുന്നതിന് ഇത് സഹായിക്കും.ക്ഷാമമുള്ള പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ ലഭിക്കുകയും ചെയ്യും.

കർഷകരുടെ (ശാക്തീകരണവും സംരക്ഷണവും) ന്യായ വില, കാർഷിക സേവന ബിൽ എന്നിവ സംബന്ധിച്ച കരാർ, 2020: (he Farmers (Empowerment and Protection) Agreement of Price Assurance and Farm Services Bill, 2020 )നോക്കുക. ഏതെങ്കിലും കാർഷിക ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിനു മുൻപായി, ന്യൂതന സാങ്കേതിക മാർഗ്ഗങ്ങൾ അവലംബിച്ചു കൊണ്ട് കൃഷിക്കും ഉൽപ്പന്നങ്ങളുടെ വിൽപനയ്ക്കുമായി കാർഷിക വാണിജ്യ സ്ഥാപനങ്ങൾ, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ, മൊത്തക്കച്ചവടക്കാർ, കയറ്റുമതിക്കാർ, ചില്ലറ വ്യാപാരികൾ എന്നിവരുമായി പ്രതിഫലം നിശ്ചയിച്ച് കരാറിൽ ഏർപ്പെടാൻ കർഷകരെ പ്രാപ്തരാക്കുന്ന ഒരു നയരേഖ ബില്ലുകൾ വ്യവസ്ഥ ചെയ്യുന്നു. കരാർ അനുബന്ധമായ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള അനുരഞ്ജന പ്രക്രിയകൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി അനുരഞ്ജന ബോർഡ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, അപ്പീൽ അഥോറിറ്റി എന്നിവരടങ്ങിയ ത്രിതല തർക്ക പരിഹാര സംവിധാനവും ബിൽ വിഭാവനം ചെയ്യുന്നു.

കൃഷി ഫാമുകളിലേക്ക് നിക്ഷേപം ഒഴുകുമ്പോൾ

ദാൽവായ് കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ചുള്ള ബില്ലിന്റ്‌റെ നേട്ടങ്ങൾ ഇങ്ങനെയാണ്.ഇത് ഭാവിയിൽ കാർഷിക ഉൽപന്നങ്ങൾ പരസ്പരം അംഗീകരിച്ച പ്രതിഫല തുകയ്ക്ക് വിൽക്കുന്നതിനും കർഷകരെ സംരക്ഷിക്കാനും ശാക്തീകരിക്കാനും ശ്രമിക്കുന്നു.കൃഷി ഫാമുകളിലേയ്ക്ക് നിക്ഷേപം ഒഴുകുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് പുതിയ കരാർ കാർഷിക നിയമത്തിന്റ്‌റെ ലക്ഷ്യം.

കരാർ കൃഷി മുഖ്യധാരയിലായിക്കഴിഞ്ഞാൽ, അഗ്രിബിസിനസ്സുകൾ കൃഷിക്കാരെ ഒരുമിച്ചുകൂട്ടുകയും അവരുടെ ഭൂമിയിൽ നിക്ഷേപിക്കുകയും അറിവും സാങ്കേതികവിദ്യയും നൽകുകയും ചെയ്യും, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. പവചനാതീതമായ അപകടസാധ്യതയുണ്ടായാൽ വിപണി നഷ്ടം കർഷകരിൽ നിന്ന് സ്പോൺസർമാർക്ക് കൈമാറാൻ നിയമം അനുശാസിക്കുന്നു.കാരാർ കൃഷിക്ക് നിയമ വ്യവസ്ഥ വ്യക്തമായി നിർവചിക്കുന്നതിലൂടെ, കർഷകരുടെയും കാർഷിക വ്യാപാരികളുടെയും ആത്മവിശ്വാസം വർധിക്കും. ചറുകിട ഉടമകൾക്ക് അവരുടെ ഉൽപാദനത്തെ സംസ്‌കരണ പ്ലാന്റ്‌റുകളുടെ വിതരണ ശൃംഖലയുമായി സംയോജിപ്പിക്കാൻ സാധിക്കുംഒരു കർഷകന് ഭാവിയിൽ പരസ്പര സമ്മതത്തോടെയുള്ള വിലയ്ക്ക് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിനായി രേഖാമൂലമുള്ള കരാറിൽ ഏർപ്പെടാം.കരാർ 1 മുതൽ 5 വർഷം വരെയാകാം. കരാറിൽ വില അല്ലെങ്കിൽ പ്രൈസ് ബാൻഡ് ഉൾപ്പെടുത്തണം. സമ്മതിച്ച വിലയ്ക്ക് മുകളിലുള്ള എന്തെങ്കിലും അധിക തുക നൽകണമെങ്കിൽ, എപിഎംസി മാർക്കറ്റുകളിൽ നിലവിലുള്ള വില കണക്കാക്കും.കാർഷിക വ്യാപാര സ്ഥാപനനത്തിൽ നിന്നാണ് ഫാമിൽ നിക്ഷേപം ലഭിക്കുക എന്നതാണ് കരാർ കൃഷിയുടെ മറ്റൊരു നേട്ടം

ഇന്ത്യയിലെ കോഴി വ്യാപാരം ഇതിനകം തന്നെ വിജയകരമായ കരാർ കൃഷി മാതൃകയിലാണ് പ്രവർത്തിക്കുന്നത്, ദൽവായ് കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ കോഴി ഉൽപാദനത്തിന്റെ 66% കരാർ കൃഷിയിലാണ്.അവശ്യവസ്തുക്കളുടെ (ഭേദഗതി) ബിൽ, 2020: The Essential Commodities (Amendment) Bill, 2020: അസാധാരണമായ സാഹചര്യങ്ങളിൽ (യുദ്ധം, ക്ഷാമം എന്നിവ) മാത്രം ചില ഭക്ഷ്യവസ്തുക്കളുടെ വിതരണം(സ്റ്റോക്ക് ഹോൾഡിങ് പരിധി) നിയന്ത്രിക്കാൻ 2020 ലെ എസൻഷ്യൽ കമ്മോദിറ്റീസ് (ഭേദഗതി) ഓർഡിനൻസ് അനുവദിക്കുന്നു. ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയ ചരക്കുകൾ അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്ന് നീക്കംചെയ്യാൻ പുതിയ നിയമം അനുശാസിക്കുന്നു. വർധിച്ച വിലക്കയറ്റം ഉണ്ടായാൽ മാത്രമേ കാർഷിക ഉൽപന്നങ്ങൾക്ക് സ്റ്റോക്ക് പരിധി ഏർപ്പെടുത്താൻ കഴിയൂ എന്നും സർക്കാർ വ്യക്തമാക്കി.

കാർഷിക മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം / എഫ്ഡിഐ ആകർഷിക്കുക, വില സ്ഥിരത കൈവരിക്കുക എന്നിവയാണ് ഇതിന്റ്‌റെ ലക്ഷ്യം.ഈ പരിഷ്‌കാരങ്ങൾ ദേശീയ, ആഗോള വിപണികളിൽ കാർഷികോത്പന്നങ്ങൾ നിർമ്മിക്കുന്നതിനും സ്വകാര്യമേഖലയിലെ നിക്ഷേപത്തിലൂടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും സാങ്കേതികവിദ്യയുടെ സഹായത്തോടെ രാജ്യത്തെ 86 % വരുന്ന ചെറുകിട കർഷകരെയും കൃഷിസ്ഥലങ്ങളെയും ഉൽപാദനക്ഷമമാക്കുന്നതിനും കാർഷിക വളർച്ച ത്വരിതപ്പെടുത്തുമെന്നും സർക്കാർ വ്യക്തമാക്കി, ഈ ബില്ലുകൾ (The minimum support price) എംഎസ്‌പിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും അഞ്ച് ഹെക്ടറിൽ താഴെ ഭൂമി ഉള്ള ചെറുകിട, നാമമാത്ര കർഷകർക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും കർഷകരുടെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്നും കേന്ദ്ര കൃഷി മന്ത്രി ന്രരേന്ദ്ര സിങ് തോമർ പറഞ്ഞു. മത്സരാധിഷ്ഠിത വിപണികളും ഭക്ഷ്യ വിതരണ ശൃംഖലയിലെ ഉയർന്ന സ്വകാര്യ നിക്ഷേപങ്ങളും ഫാം-ഗേറ്റ് വില മെച്ചപ്പെടുത്തുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയിലെ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വില കിട്ടുകയും മെച്ചപ്പെട്ട കാർഷിക അന്തരീക്ഷം ഒരുക്കുകയും ആണ് ചെയ്യുന്നത്. ഇടനിലക്കാരെ തടയിടുകയും, ക്രോണി കാപ്പിറ്റലിസത്തെ അകറ്റുകയും ചെയ്താൽ ഇത് വൻവിപ്ലവമായിരിക്കും ഇന്ത്യയിൽ ഉണ്ടാക്കുക. എന്നാൽ മൊൺസാന്ററോ മൂലം പരുത്തികർഷകർ ആത്മഹത്യ ചെയ്തു, ജനിതമാറ്റം വരുത്തിയ വിത്തിനങ്ങൾ മൊത്ത വിഷമാണ് എന്ന പ്രൊപ്പഗാൻഡകളിൽ വിശ്വസിക്കാനാണ് പ്രബുദ്ധൻ എന്ന് നാം കരുതുന്ന മലയാളിക്ക്പോലും താൽപ്പര്യം. ജനിതകവിത്തുകൾ ഒന്നും തന്നെ ഈ ബില്ലിന്റെ പരിധിയിൽ വരുന്നില്ലെങ്കിലും കുത്തകൾ നമ്മെ വിഷം തീറ്റിച്ച് കൊല്ലും തുടങ്ങിയ ഗുഡാലോചന സിദ്ധാന്തങ്ങളിൽ അഭിരമിക്കാനാണ് നമുക്ക് പൊതുവെ താൽപ്പര്യം.

തകഴിയുടെ കേശവൻനായർ എന്തുചെയ്യുന്നു?

ഇതുസംബന്ധിച്ച സമാകാലീന കേരളീയ അവസ്ഥ മനസ്സിലാക്കാൻ സജീവ് ആലയെന്ന സോഷ്യൽ മീഡിയാ ആക്റ്റീവിസിറ്റന്റെ ഒരു പോസ്റ്റ് മാത്രം മതി. അത് ഇങ്ങനെയാണ്.

പണ്ട് ഞങ്ങളുടെ അഞ്ചാം ക്ലാസിലെ മലയാള പാഠാവലിയിൽ 'കൃഷിക്കാരൻ' എന്നൊരു കഥയുണ്ടായിരുന്നു.

തകഴിയാണ് കഥാകാരൻ

പതിവുപോലെ പശ്ചാത്തലം കുട്ടനാട് തന്നെ.

ഒരു കേശവൻനായരാണ് കൃഷിക്കാരനിലെ നായകൻ. അദ്ദേഹത്തിന്റെ നെടുവീർപ്പുകളാണ് കഥയുടെ അന്ത:സാരം.

കുട്ടനാടൻ പരമ്പരാഗത കർഷകനാണ് നമ്മുടെ കേശവൻനായർ. കയ്യിൽ കാശില്ലാത്തതിനാൽ പുള്ളിക്കാരന് അത്തവണ കൃഷിയിറക്കാൻ കഴിയുന്നില്ല.

ഉമ്മറത്തെ ചാരുകസേരയിൽ ചാഞ്ഞുകിടന്ന് നായർ പഴയ ഓർമ്മകൾ അയവിറക്കുന്നു. ചാണകവും ചാരവും കന്നുപൂട്ടും എല്ലാംകൂടി ആടിത്തിമിർത്ത പുഞ്ചപ്പാടസ്മരണകൾ നായരെ വേട്ടയാടുന്നു.

കേശവൻനായർക്ക് ഈ ദുർഗതിയെല്ലാം വരാൻ കാരണം ഒരാളാണ് ഒരാൾ മാത്രമാണ്

ഔതക്കുട്ടി

എങ്ങാണ്ടോ നിന്ന് വന്ന ആ നസ്രാണി നാട്ടിലെ നെൽപ്പാടങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നു. കന്നുകൾക്ക് പകരം ഉഴാൻ ട്രാക്ടർ ഇറക്കുന്നു. അത്യുല്പാദന നെൽവിത്തിനങ്ങൾ വിതയ്ക്കുന്നു രാസവളങ്ങൾ ഉപയോഗിച്ച് വലിയ വിളവെടുപ്പ് നടത്തുന്നു വലിയ ലാഭം കൊയ്യുന്നു.

കൃഷിക്കാർ അവരുടെ വയലുകൾ ഔതക്കുട്ടിക്ക് പാട്ടത്തിന് കൊടുക്കുന്നു. കൂടാതെ അയാൾ സ്വന്തമായി നിലം വാങ്ങുന്നു.

കേശവൻനായരുടെ അധ:പതനത്തിനും ക്ഷയത്തിനും എല്ലാം കാരണക്കാരനായ വില്ലനാണ് തകഴിയുടെ കഥയിലെ ഔതക്കുട്ടി. അന്നത്തെ അഞ്ചാം ക്ലാസുകാർക്ക് ദുഷ്ടനായ ഔതക്കുട്ടിയെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു.

കഥയിലെ യഥാർത്ഥ നായകൻ നാടിന്റെ നായകൻ ആ നസ്രാണി ഔതക്കുട്ടിയാണെന്ന് ഇന്ന് തിരിച്ചറിയുന്നു.

കാലാഹരണപ്പെട്ട ഫ്യൂഡൽ അവശിഷ്ടമായ കേശവൻനായർമാരെ കാലത്തിന്റെ പിന്നിലേക്ക് തള്ളി ആധുനികതയുടെ വരവറിയിച്ച ഔതക്കുട്ടിമാരാണ് ഭാരതത്തെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കിയത്.

ശ്രീനിവാസനെ പോലുള്ള സെലിബ്രിറ്റി സിനിമാക്കാരും മറ്റുമാണ് ഇന്ന് കർഷകർ എന്ന് സ്വയം വിളിച്ചുപറഞ്ഞ് നടക്കുന്നത്. സ്വന്തം മക്കൾ വലിയ കൃഷിക്കാരനാകണം എന്നാഗ്രഹിക്കുന്ന ഒരു അച്ഛനും അമ്മയും ഇന്ന് കേരളത്തിലില്ല.

നെൽകൃഷിയോടുള്ള താല്പര്യം ഭൂവുടമകൾക്ക് ഇല്ലാതാകുമ്പോൾ വയലുകൾ ആദ്യം തരിശിനിടുന്നു പിന്നെ നികത്തപ്പെടുന്നു. 2008ലെ കേരളാ നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമം വയലുകൾ സംരക്ഷിക്കുന്നതിൽ പൂർണ്ണപരാജയമാണ്.

ഭൂവുടമയ്ക്ക് കൃഷിയിൽ താൽപര്യമില്ലെങ്കിൽ ഒരു നിയമത്തിനും നെൽപ്പാടങ്ങളെ സംരക്ഷിച്ച് നിർത്താനാവില്ല. നെൽകൃഷിയുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപ സർക്കാർ സബ്സീഡിയായി നല്കുന്നുവെങ്കിലും അതിന്റെ പ്രതിഫലനം ഉല്പാദനത്തിൽ കാണുന്നേയില്ല.

പാളത്തൊപ്പി കോമാളിത്തവും ചെളിയിൽ ഇറങ്ങിയുള്ള ക്യാമറാ പൊറാട്ട് നാടകങ്ങളും നെൽകൃഷിയെ രക്ഷിക്കാനേ പോകുന്നില്ല.

എന്താണ് ഈ പ്രശ്നത്തിന് ഒരു പരിഹാരം...?

വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ താല്പര്യമുള്ള അതിൽ നിന്ന് ലാഭം ഉണ്ടാക്കാൻ താല്പര്യമുള്ള കൂട്ടായ്മകളെ കമ്പനികളെ അതിന് അനുവദിക്കുക

കോൺട്രാക്ട് ഫാമിങ്

കാർഷികോത്പാദനത്തിൽ മുന്നിട്ട് നിൽക്കുന്ന എല്ലാ രാജ്യങ്ങളിലും വലിയ കമ്പനികളുടെ നേതൃത്വത്തിലാണ് കൃഷി നടക്കുന്നത്.

ഭൂവുടമകളും കൃഷി ചെയ്യാൻ മുന്നോട്ട് വരുന്ന സ്ഥാപനങ്ങളും തമ്മിൽ കരാറുണ്ടാക്കുന്നു. കൃത്യമായ വരുമാനം സ്ഥലത്തിന്റെ ഉടമയ്ക്ക് നിയമപ്രകാരം ഉറപ്പാക്കുന്നു. ഒരു ഫെസിലിറ്റേറ്ററുടെ റോൾ മാത്രം സർക്കാർ ഇവിടെ വഹിച്ചാൽ മതി.

ഒരു രൂപ പോലും ഖജനാവിൽ നിന്ന് ചെലവാക്കാതെ നെൽകൃഷി കേരളത്തിൽ പച്ചപിടിക്കും. വലിയ ലാഭം കിട്ടുന്ന ഒരു ബിസിനസ്സായി കൃഷി മാറുമ്പോൾ വയലുകൾ തരിശിടുന്നതും നികത്തുന്നതും താനേ ഇല്ലാതാകും.

നമ്മുടെ നാട്ടിലെ തന്നെ യുവാക്കൾക്കും മറ്റും ഇത്തരം അഗ്രികൾച്ചർ കൂട്ടായ്മകൾ, ഫേമുകൾ ആരംഭിക്കാം. കൂടാതെ ഈ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച എല്ലാ കമ്പനികളേയും കോർപ്പറേറ്റുകളേയും സ്വാഗതം ചെയ്യാം.

എല്ലാ ആധുനിക സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തി കിലേിശെ്ല ളമൃാശിഴ നടത്തുന്ന കമ്പനികൾ കേരളത്തിൽ കാർഷിക സമൃദ്ധി ഉറപ്പുവരുത്തും.

കുത്തകമുതലാളിത്തം മുതലക്കണ്ണീരുകാർക്കും ജൈവകൃഷി ചാണകങ്ങൾക്കും അവരുടേതായ മോങ്ങൽ സ്പേസ് അനുവദിച്ച് കൊടുത്ത് ഒതുക്കിയാൽ അവശേഷിക്കുന്ന നെൽവയലുകൾ എങ്കിലും സംരക്ഷിച്ച് നിർത്താനാവും.

കോൺട്രാക്ട് ഫാമിങ് പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ കാർഷിക പരിഷ്‌കരണ ബില്ലിനെ സർവാത്മനാ സ്വാഗതം ചെയ്യേണ്ട സംസ്ഥാനമാണ് കേരളം.

നെടുവീർപ്പുകൾ ഒരുതരം ഫ്യൂഡൽ പൂപ്പലാണ്

ഔതക്കുട്ടിമാരുടെ കടന്നുവരവിനെ ഒരു കേശവൻനായർക്കും തടഞ്ഞുനിർത്താനാവില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP