Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോക സ്വർണ്ണ വിപണിയെ നിലനിർത്തുന്നത് ഇന്ത്യൻ സംസ്‌കാരത്തിൽ സ്വർണ്ണത്തിനുള്ള സ്ഥാനം; ലോകത്തിലെ മൊത്തം സ്വർണ്ണത്തിന്റെ മൂന്നിലൊന്ന് കടന്നുപോകുന്നത് ഇന്ത്യയിലൂടെ; തീവ്രവാദ പ്രവർത്തനങ്ങൾക്കും ആഫ്രിക്കയിലേയും ലാറ്റിൻ അമേരിക്കയിലേയും മനുഷ്യാവകാശ ധ്വസനങ്ങൾക്കും പണം ലഭിക്കുന്നത് സ്വർണ്ണക്കടത്തിലൂടെ; അനധികൃത സ്വർണ്ണ ഇടപാടുകളുടെ ഹൃദയഭൂമിയായി ഇന്ത്യ മാറുമ്പോൾ

ലോക സ്വർണ്ണ വിപണിയെ നിലനിർത്തുന്നത് ഇന്ത്യൻ സംസ്‌കാരത്തിൽ സ്വർണ്ണത്തിനുള്ള സ്ഥാനം; ലോകത്തിലെ മൊത്തം സ്വർണ്ണത്തിന്റെ മൂന്നിലൊന്ന് കടന്നുപോകുന്നത് ഇന്ത്യയിലൂടെ; തീവ്രവാദ പ്രവർത്തനങ്ങൾക്കും ആഫ്രിക്കയിലേയും ലാറ്റിൻ അമേരിക്കയിലേയും മനുഷ്യാവകാശ ധ്വസനങ്ങൾക്കും പണം ലഭിക്കുന്നത് സ്വർണ്ണക്കടത്തിലൂടെ; അനധികൃത സ്വർണ്ണ ഇടപാടുകളുടെ ഹൃദയഭൂമിയായി ഇന്ത്യ മാറുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണക്കള്ളക്കടത്ത് ഹബ്ബുകളിൽ ഒന്നാണ് ഇന്ത്യ. ഈ കള്ളക്കടത്ത് സ്വർണ്ണത്തിന്റെ ഏറ്റവും വലിയ സ്രോതസ്സ് യു എ ഇയും. കാനഡ ആസ്ഥാനമായ ഇംപാക്ട് എന്ന എൻജിഒയുടെ പഠന റിപ്പോർട്ടിൽ പറയുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന വിധ്വംസക പ്രവർത്തനങ്ങൾക്കും മനുഷ്യാവകാശ ധ്വംസനത്തിനും ഉള്ള പണമാണ് ഇങ്ങനെ ഇന്ത്യയിൽ എത്തുന്നതെന്നും അവർ പറയുന്നു. ഇന്ത്യൻ സ്വർണ്ണവിപണിയെ നിയന്ത്രിക്കുന്നവരാരും തന്നെ ഈ സ്വർണം എവിടെനിന്നു വരുന്നു എന്നോ ഈ പണം വിധ്വംസക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്നോ പരിശോധിക്കാൻ മുതിരുന്നില്ല എന്നും ഈ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്.

ഭീകരർക്ക് സ്വർണം എന്തുകൊണ്ട് പ്രിയങ്കരമാകുന്നു?

ദൈനംദിന ചെലവുകൾക്ക് മുതൽ ആധുനിക ആയുധങ്ങൾ വാങ്ങുവാൻ വരെ ഭീകർക്ക് പണം ആവശ്യമാണ്. പേപ്പർ കറൻസി സംഭരിച്ചുവയ്ക്കുവാനും രഹസ്യമായി കൈമാറ്റം ചെയ്യുവാനും ചില പരിമിതികളുണ്ട്. അതിനൊരു പരിഹാരമായാണ് ഇവർ സ്വർണ്ണത്തെ കാണുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മാലി, വെനിസുല, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലെ സായുധസംഘങ്ങൾക്ക് സ്വർണ്ണവുമായുള്ള ബന്ധം പരസ്യമായതാണ്. തങ്ങളുടെ നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് ഇവർ പണം കണ്ടെത്തുന്നതും സ്വർണ്ണവിപണിയിൽ നിന്നാണ്.

പരമ്പരാഗത സ്വർണ്ണ ഖനന രംഗത്ത് വൈദഗ്ദ്യം നേടിയവരെ ഉപയോഗിച്ചുള്ള ചെറുകിട സ്വർണ്ണ ഖനനങ്ങൾ പല ആഫ്രിക്കൻ രാജ്യങ്ങളിലും സാധാരണമാണ്. ഇത്തരത്തിൽ ഖനനം ചെയ്തെടുക്കുന്ന സ്വർണ്ണത്തിന് കണക്കുണ്ടാകാറില്ല. തികച്ചും അനൗപചാരികമായി പ്രവർത്തിക്കുന്ന കുടിൽ വ്യവസായം പോലെയാണ് ഇത്തരത്തിലുള്ള ചെറുകിട ഖനന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ലോകത്തിലെ മൊത്തം സ്വർണ്ണ ഉദ്പാദനത്തിന്റെ 20% ഇത്തരത്തിലുള്ള ചെറുകിട ഖനികളിൽ നിന്നാണ് വരുന്നതെന്ന് ഇംപാക്ട് റിപ്പോർട്ടിൽ പറയുന്നു.

ഇത്തരത്തിലുള്ള ഖനനത്തിന് രജിസ്റ്റ്രേഷൻ പോലുള്ള ഒരു നടപടികളും ഇല്ലാത്തതിനാൽ, സംഘർഷ ബാധിത പ്രദേശങ്ങളിലും മറ്റും ഇത്തരത്തിലുള്ള ഖനനം നടക്കുവാനും ആ സ്വർണം അന്താരാഷ്ട്ര വിപണിയിൽ എത്തുവാനും സാധ്യത ഏറെയാണ്. ഇവിടെ നിന്നും ഈ അനധികൃത സ്വർണ്ണത്തിന്റെ മുഖ്യഭാഗം എത്തുന്നത് യു എ ഇയിലേക്കാണ്. അവിടെനിന്നും പുറത്തുപോകുന്ന സ്വർണ്ണത്തിന്റെ ഏറിയപങ്കും എത്തുന്നത് ലോകത്തിലെ ഏറ്റവും വലിയ ആഭരണ വിപണീയായ ഇന്ത്യയിലും.

എന്തുകൊണ്ട് ഇന്ത്യ?

അന്താരാഷ്ട്ര സ്വർണ്ണക്കടത്തുകാർക്ക് ഏറെ പ്രിയപ്പെട്ട രാജ്യമാണ് ഇന്ത്യ എന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. അതിന് പല കാരണങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്ത്യയിലെ വിപുലമായ, സ്ഥിരതയുള്ള സ്വർണ്ണവിപണിയാണ്. ഇന്ത്യൻ സ്ംസ്‌കാരവുമായി ഈ മഞ്ഞ ലോഹത്തിന് അഭേദ്യമായ ബന്ധമാണുള്ളത്. ഏത് മതസ്ഥരായാലും ഉത്സവാഘോഷങ്ങളിലും ജനനം, ഗ്രാജുവേഷൻ, വിവാഹനിശ്ചയം, വിവാഹം തുടങ്ങിയ പ്രത്യേകാവസരങ്ങളിലും സമ്മാനമായി നൽകാൻ ആദ്യപരിഗണന നൽകുക സ്വർണ്ണത്തിനായിരിക്കും. മാത്രമല്ല, ക്ഷേത്രങ്ങൾ ഉൾപ്പടെയുള്ള ഏതൊരു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും സ്വർണ്ണത്തിന് അമിതമായ പ്രാധാന്യമുണ്ട്.

ഇനിയൊന്നു, ഭാവിയിലേക്കായുള്ള സമ്പാദ്യമായാണ് ഇന്ത്യാക്കാർ, ഗ്രാമീണ കർഷകർ മുതൽ നഗരങ്ങളിലെ വ്യാപാരികൾവരെ സ്വർണ്ണത്തെ കാണുന്നത്. ആപത്ത് കാലത്ത് പണയം വയ്ക്കാനും മറ്റുമായി അവർ അതിനെ ഉപയോഗിക്കുന്നു. പണം നേടുവാൻ മറ്റ് സ്വത്തുക്കൾ വിറ്റഴിക്കുന്നതിനുള്ള നീണ്ട പ്രക്രിയകളൊന്നും സ്വർണ്ണത്തിന്റെ കാര്യത്തിലില്ല. ഉദാഹരണത്തിന് ഒരു അത്യാവശ്യത്തിന് നിങ്ങളുടെ ഭൂമിയുടെ ഒരു ഭാഗം നിങ്ങൾ വിൽക്കുവാൻ തീരുമാനിച്ചാൽ റെജിസ്ട്രേഷൻ പോലുള്ള പ്രക്രിയകൾ ഉണ്ട്. എന്നാൽ അതൊന്നുമില്ലാതെ തന്നെ സ്വർണം നിങ്ങൾക്ക് വിൽക്കാനാകും.

ഈ സവിശേഷതകൾ മൂലം ഇന്ത്യയിലെ സ്വർണ്ണവിപണി വർഷം മുഴുവനും സജീവമായിരിക്കും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയുടെ തന്നെ സ്വർണ്ണകേന്ദ്രം എന്നറിയപ്പെടുന്ന സവേരി ബസാർ. മുംബൈയിലെ സവേരി ബസാറിൽ 20,000 സ്വർണ്ണവ്യാപാരികളിൽ നിന്നായി സ്വർണം വാങ്ങുവാൻ ദിനംപ്രതി ഏകദേശം അഞ്ച് ലക്ഷത്തോളം ഉപഭോക്താക്കൾ എത്താറുണ്ടെന്നാണ് കണക്ക്. ഈ സ്ഥിരതയുള്ള വിപണിയിൽ ഏത് സമയത്തും സ്വർണം പണമാക്കി മാറ്റാൻ കഴിയും എന്നതാണ് കള്ളക്കടത്തുകാരെ ആകർഷിക്കുന്ന ഒരു പ്രധാന കാര്യം.

രണ്ടാമത്, ഇന്ത്യയിൽ സജീവമായ ആഭരണ നിർമ്മാണ യൂണിറ്റുകളാണ്. ഇവിടെ പലവിധത്തിലെത്തുന്ന സ്വർണം ഇത്തരം യൂണിറ്റുകളിലെത്തിച്ച് ആഭരണങ്ങളാക്കി കയറ്റുമതി ചെയ്യുന്നുമുണ്ട്. 2017-18 കാലഘട്ടത്തിൽ മാത്രം ഏകദേശം 200 ടണ്ണോളം സ്വർണ്ണാഭരണങ്ങളാണ് അമേരിക്കയിലേക്കും യൂറോപ്പിലേക്കും കയറ്റുമതി ചെയ്തതെന്ന് ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നു. ഇന്തയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്റെ 15 മുതൽ 20 ശതമാനം വരെ ഇങ്ങനെ ആഭരണങ്ങളായി കയറ്റുമതി ചെയ്യപ്പെടുന്നു.

മെയ്‌ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ഉയർന്ന് വന്ന നിരവധി സ്വർണ്ണ സംസ്‌കരണ ശാലകൾ സ്വർണ്ണക്കടത്ത് കൂടുതൽ എളുപ്പമാക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നായി സംസ്‌കരിക്കാത്ത സ്വർണം ഇവിടെ കൊണ്ടുവന്നാണ് സംസ്‌കരിക്കുന്നത്. ഇതിൽ നേരത്തേ സൂചിപ്പിച്ചതുപോലുള്ള പരമ്പരാഗത ഖനികളിൽ നിന്നു വരുന്ന കണക്കില്ലാത്ത സ്വർണ്ണവും ഉൾപ്പെടുന്നു. ഇത്തരത്തിലുള്ള സ്വർണം ഇറക്കുമതി ചെയ്യുന്നതിൽ വിലക്കുണ്ടെങ്കിലും രേഖകൾ തിരുത്തിയും മറ്റും അത് നടക്കുന്നുണ്ട്. സംസ്‌കരിക്കാത്ത 2012 ന് ശേഷമാണ് സ്വർണ്ണ സംസ്‌കരണ രംഗത്ത് ഇന്ത്യ കുതിച്ചുയർന്നത്. 2012 ൽ 23 ടൺ അസംസ്‌കൃത സ്വർണം ഇറക്കുമതി ചെയ്ത സ്ഥാനത്ത് 2015 ആയപ്പോഴേക്കും 229 ടൺ ആയി ഉയർന്നു എന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

ആഫ്രിക്കൻ സ്വർണ്ണക്കയറ്റുമതിയിലെ മറിമായങ്ങൾ

2013 ൽ ഘാനയിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയത് 1 ടണിൽ താഴെ മാത്രം സ്വർണ്ണമായിരുന്നു. എന്നാൽ 2015 ആയപ്പോഴേക്കും ഇത് 73 ടണ്ണായി ഉയർന്നു. എന്നാൽ 2016 ൽ അത് 35.6 ടണ്ണായി കുറഞ്ഞു. ഇതിനു പിന്നിലൊരു സംഭവമുണ്ട്. 2015 ൽ അഭൂതപൂർവ്വമായ കയറ്റുമതി വളർച്ചയുടെ രഹസ്യമറിയുവാൻ ഡി ആർ ഐ ഉദ്യോഗസ്ഥർ ഘാന സന്ദർശിച്ചു. വിവിധ ഏജൻസികളുമായും ഉദ്യോഗസ്ഥരുമായി സംസാരിച്ചതിൽ മനസ്സിലായത്, അയൽ രാജ്യങ്ങളിൽനിന്നുള്ള സ്വർണ്ണവും ഘാനയിൽ നിന്നാണ് കയറ്റുമതി ചെയ്യപ്പെടുന്നത് എന്നാണ്. കയറ്റുമതി തീരുവയിലെ കുറവ് മാത്രമല്ല കാരണം.

അനധികൃതമായി ഖനനം ചെയ്തെടുക്കുന്ന സ്വർണം മനുഷ്യാവകാശ ധ്വംസനങ്ങൾക്കായി ഉപയോഗിക്കുന്നു എന്നതിന്റെ പേരിൽ ചില രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് വിലക്കുണ്ട്. അത്തരം രാജ്യങ്ങളിൽ നിന്നുള്ള സ്വർണ്ണവും ഘാനയിലേക്ക് കടത്തി അവിടെനിന്നും കയറ്റുമതി ചെയ്യുന്നു. ഇതുപോലെത്തന്നെയണ് ടാൻസാനിയയിൽ നിന്നുള്ള സ്വർണം ഇറക്കുമതിയും. നിർബന്ധിത ബാലവേലയുൾപ്പടെയുള്ള കുറ്റം ചുമത്തപ്പെട്ട ഡൊമിനിക്കൻ റിപ്പബ്ലിക് ഓഫ് കോംഗോ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും അനധികൃതമായി ഖനനം ചെയ്തെടുക്കുന്ന സ്വർണം ഇത്തരത്തിൽ മറ്റു രാജ്യങ്ങളിലൂടെ ഇന്ത്യയിൽ എത്തുന്നു.

ഇന്ത്യയിലേക്കുള്ള സ്വർണ്ണക്കടത്ത്

നിയമവിധേയമായ സ്വർണം ഇന്ത്യയിൽ ഏറ്റവുമധികം ഇറക്കുമതി ചെയ്യപ്പെടുന്നത് സ്വിറ്റ്സർലാൻഡിൽ നിന്നുമാണ്. എന്നാൽ ദുബായ് ആണ് ഇന്ത്യയിലേക്കുള്ള സ്വർണ്ണക്കടത്തിന്റെ ആസ്ഥാനം. ശുദ്ധീകരിച്ച സ്വർണ്ണത്തിനു പുറമേ, വിലക്കപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള ശുദ്ധീകരിക്കാത്ത സ്വർണ്ണവും ദുബായിൽ നിന്നും ഇന്ത്യയിലേക്കെത്തുന്നു. ഇന്ത്യൻ വിപണി എന്നതുപോലെ ഇന്ത്യയുടെ ഭൂമിശാസ്ത്രവും ഇന്ത്യയെ സ്വർണ്ണക്കള്ളക്കടത്തുകാരുടെ പ്രിയപ്പെട്ട രാജ്യമാക്കി.

അഞ്ച് രാജ്യങ്ങളുമായാണ് ഇന്ത്യ അതിർത്തി പങ്കിടുന്നത്. ഇവയിൽ പലയിടത്തും കാവൽ ഇല്ല എന്നത് കള്ളക്കടത്തുകാർക്ക് അതിർത്തി കടക്കുന്നത് എളുപ്പമാക്കുന്നു. പിന്നെ, നൂറ്റാണ്ടുകളായി അറബിക്കടൽ വഴി ഇന്ത്യയുമായുള്ള വ്യാപാര ബന്ധവും യു എ ഇക്ക് ഉണ്ട്. ഗൾഫ് രാജ്യങ്ങളിലെ കെട്ടിട നിർമ്മാണ മേഖലയും സേവനമേഖലയും പ്രധാനമായും ആശ്രയിക്കുന്നത് ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളേയാണ്. ദുബായിൽനിന്നുള്ള നിരവധി വിമാന സർവ്വീസുകൾ എത്തുന്ന 25 അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. ഇതെല്ലാം കള്ളക്കടത്തുകാർക്ക് തെരഞ്ഞെടുക്കാൻ നിരവധി മാർഗ്ഗങ്ങൾ നൽകുന്നു.

ഇന്ത്യയിലേക്കുള്ള സ്വർണ്ണക്കടത്തിന്റെ 65 മുതൽ 75 ശതമാനം വരെ വായുമാർഗ്ഗം എത്തുമ്പോൾ 20 മുതൽ 25 ശതമാനം വരെ കടൽ മാർഗ്ഗവും 5 മുതൽ 10 ശതമാനം വരെ കരമാർഗ്ഗവും എത്തുന്നു.

ഇന്ത്യയിലേക്കുള്ള സ്വർണ്ണക്കടത്ത് വർദ്ധിക്കുവാനുള്ള കാരണങ്ങൾ

സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതോടെ നിയമവിരുദ്ധമായി എത്തിക്കുന്ന സ്വർണ്ണത്തിന് ലാഭം വർദ്ധിച്ചു. ഇത് ഒരു പ്രധാന ആകർഷണം തന്നെയാണ്. എന്നാൽ മോദി സർക്കാർ നടപ്പാക്കിയ നോട്ടു നിരോധനമാണ് കള്ളക്കടത്ത് വർദ്ധിക്കുവാനിടയാക്കിയ ഏറ്റവും പ്രധാന കാരണം. നോട്ടു നിരോധനത്തോടെ കള്ളപ്പണവും ഹവാലാ വിപണിയും തകർന്നപ്പോൾ, കൈക്കൂലി തുടങ്ങിയ ഇരുണ്ട ഇടപാടുകൾക്ക് പണത്തിന്റെ സ്ഥാനത്ത് സ്വർണം എത്തി. സിനിമാരംഗത്തും ഇതുപോലെ പണകൈമാറ്റം സ്വർണ്ണത്തിലേക്ക് തിരിഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്.

സമാന്തര സമ്പദ് വ്യവസ്ഥയും തീവ്രവാദവും

തീവ്രവാദ പ്രവർത്തനങ്ങളിൽ കള്ളപ്പണത്തിനുള്ള പങ്ക് ആദ്യമായി പാശ്ചാത്യ രാജ്യങ്ങൾ തിരിച്ചറിഞ്ഞത് അമേരിക്കയിൽ 2001 സെപ്റ്റംബർ 11 ന് ഉണ്ടായ തീവ്രവാദി ആക്രമണത്തോടെയായിരുന്നു. അന്ന് അതിനായുള്ള പണം മുഴുവൻ അമേരിക്കയിൽ എത്തിയത് കുഴൽപ്പണ മാഫിയ വഴിയായിരുന്നു. ഇന്ന് പല രാജ്യങ്ങളിലും കറൻസി മാറ്റത്തിന് ബുദ്ധിമുട്ടായപ്പോഴാണ് കുഴൽ പണത്തിന്റെ സ്ഥാനം സ്വർണം ഏറ്റെടുത്തത്.

ഉദാഹരണത്തിന് ഉഗാണ്ടയിലെ അനധിക്രൃത ഖനികളിൽ പരമ്പരാഗത ശൈലിയിൽ ഖനനം ചെയ്തെടുക്കുന്ന സ്വർണം വിൽക്കുന്നത് പണത്തിനല്ല, മറിച്ച് ഉഗാണ്ടൻ വിപണിയിൽ എളുപ്പത്തിൽ വിറ്റഴിക്കാവുന്ന ചരക്കുകളുടെ രൂപത്തിലായിരിക്കും. കെട്ടിട നിർമ്മാണ സാമഗ്രികൾ മുതൽ നെയ്റോബിയിൽ നിന്നും ഇറക്കുമതി ചെയ്ത കാറുകൾ വരെ ഇതിൽ ഉൾപ്പെടും. അതേ സമയം, പ്രശ്നബാധിത രാജ്യങ്ങളിൽ, തീവ്രവാദികളുടെ അധികാരത്തിലുള്ള ഖനികളിൽനിന്നുള്ള സ്വർണ്ണത്തിന് പകരമായി നൽകുന്നത് ആയുധങ്ങളും മറ്റുമായിരിക്കും. ക്രൂഡോയിൽ മുതൽ സംസ്‌കരിച്ച പെട്രോൾ, ഡീസൽ തുടങ്ങിയവ വരെ ഇങ്ങനെ പല ഭാഗത്തും സ്വർണ്ണത്തിന് പകരമായി നൽകുന്നുണ്ട്.

ഈ സ്വർണം അങ്ങനെ യു എ ഇയിൽ എത്തുമ്പോൾ, ആഫ്രിക്കയിലെ ആവശ്യക്കാരന് ആവശ്യമുള്ളത് ലഭിച്ചു കഴിഞ്ഞിരിക്കും. പിന്നീട് അത് യു എ ഇ യിൽ നിന്നും ഒരുപക്ഷെ നേരിട്ട് പണം കൊടുത്തു വാങ്ങും. ഈ പണം ഒരുപക്ഷെ കൈക്കൂലിയോ, ചെയ്തു തന്ന സേവനത്തിനുള്ള നിയമവിരുദ്ധമായ പ്രതിഫലമോ, കണക്കിൽ കാണിക്കാതെ വാങ്ങുന്ന വരുമാനമോ എന്തുമാകാം. പിന്നീടാണ് ഇത് കള്ളക്കടത്ത് ലോബിയുടെ കൈയിൽ എത്തുക. ഇന്ത്യയിൽ ഇത് അവകാശിയുടെ കൈയിൽ എത്തിക്കഴിഞ്ഞാൽ, പ്രാദേശിക സ്വർണ്ണവിപണിയിൽ വിറ്റ് പണമാക്കുകയോ അല്ലെങ്കിൽ സ്വർണ്ണമായി തന്നെ സൂക്ഷിക്കുകയോ ചെയ്യാം.

കള്ളപ്പണം വെളുപ്പിക്കുവാനും ഇത്തരത്തിൽ സ്വർണ്ണത്തെ ആശ്രയിക്കുന്നവരുണ്ട്. ഭൂമിയോ മറ്റോ വാങ്ങുമ്പോൾ അത് രേഖകളിലാകും. ഇത്തരത്തിൽ എത്തുന്ന സ്വർണം ഒരിടത്തും രേഖകളിൽ കാണില്ലെന്നു മാത്രമല്ല, ആവശ്യം വരുമ്പോൾ എളുപ്പത്തിൽ പണമാക്കി മാറ്റാനും സാധിക്കും. ഇനിയൊന്ന്, ഇന്ത്യയിൽ നടക്കുന്ന തീവ്രവദി പ്രവർത്തനങ്ങൾക്കുള്ള പണം എത്തിക്കുന്നത് ഈ സ്വർണ്ണക്കടത്ത് വഴിയാണ്. നോട്ട് നിരോധനത്തെ തുടർന്ന് ഹവാല റാക്കറ്റ് മന്ദഗതിയിലായപ്പോൾ ഇത്തരത്തിലെത്തുന്ന സ്വർണ്ണമായി ഇവരിൽ പലരുടെയും ആശ്രയം. കള്ളക്കടത്തിലൂടെ എത്തുന്ന സ്വർണം പ്രാദേശിക വിപണീയിലോ, ആഭരണ നിർമ്മാതാക്കൾക്കോ വിറ്റ് പണമുണ്ടാക്കാൻ എളുപ്പമാണ്. മാത്രമല്ല, കൂടുതൽ കാലം സൂക്ഷിച്ചു വയ്ക്കാനും പറ്റും.

അതായത്, ആഫ്രിക്കയിലേയും ലാറ്റിൻ അമേരിക്കയിലേയും അനധികൃത ഖനനത്തിലൂടെ എത്തുന്ന സ്വർണം, അവിടങ്ങളിലെ വിധ്വംസക പ്രവർത്തനങ്ങൾക്ക് സഹായമായ സാധനങ്ങൾ നൽകുന്നതോടൊപ്പം, മറ്റ് പലയിടങ്ങളിലേയും തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്നു. മാത്രമല്ല, അഴിമതിയേയും കള്ളപ്പണത്തേയും താങ്ങി നിർത്തുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ, ലോകത്തിലെ തന്നെ ഏറ്റവും വലിയ കുറ്റകൃത്യമായി മാറിയിരിക്കുകയാണ് സ്വർണ്ണക്കടത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP