Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ഇന്ത്യൻ വ്യോമസേന തകർത്ത ബാലേകോട്ടിലെ ജെയ്ഷേ താവളങ്ങൾ പൂർവ്വാധികം ശക്തിയായി പ്രവർത്തിക്കുന്നു; തകർന്ന കെട്ടിടങ്ങൾ പുനർ നിർമ്മിച്ചിടത്ത് 600 ഭീകരർ പരിശീലനത്തിൽ; പുൽവാമ ആക്രമണത്തിന്റെ സൂത്രധാരനായ മുഹമ്മദ് ഉമൈർ എന്ന കൊടും ഭീകരൻ പാക് അധീന കശ്മീരിൽ; മസൂദ് അസ്ഹറിനേയും കുടുംബത്തേയും കാണാനില്ലെന്നും പാക് അധികൃതർ; തീവ്രവാദത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ബാലാക്കോട്ട് വീണ്ടും ഇന്ത്യക്ക് ഭീഷണി; കശ്മീരിൽ ഈ വേനൽക്കാലം ജാഗ്രതയുടേത്

ഇന്ത്യൻ വ്യോമസേന തകർത്ത ബാലേകോട്ടിലെ ജെയ്ഷേ താവളങ്ങൾ പൂർവ്വാധികം ശക്തിയായി പ്രവർത്തിക്കുന്നു; തകർന്ന കെട്ടിടങ്ങൾ പുനർ നിർമ്മിച്ചിടത്ത് 600 ഭീകരർ പരിശീലനത്തിൽ; പുൽവാമ ആക്രമണത്തിന്റെ സൂത്രധാരനായ മുഹമ്മദ് ഉമൈർ എന്ന കൊടും ഭീകരൻ പാക് അധീന കശ്മീരിൽ; മസൂദ് അസ്ഹറിനേയും കുടുംബത്തേയും കാണാനില്ലെന്നും പാക് അധികൃതർ; തീവ്രവാദത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ബാലാക്കോട്ട് വീണ്ടും ഇന്ത്യക്ക് ഭീഷണി; കശ്മീരിൽ ഈ വേനൽക്കാലം ജാഗ്രതയുടേത്

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: രാജ്യം നടുങ്ങിയ പുൽവാമ ആക്രമണത്തിന് ഒരു വർഷം പിന്നിടുമ്പോൾ, കശ്്മീരിൽ വീണ്ടും ജാഗ്രതയുടെ ദിനങ്ങൾ. 49 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമാ ആക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിലെ ബാലേക്കോട്ടിലേക്ക്വരെ അതിർത്തി ലംഘിച്ച് ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തി ജെയ്ഷേ കേന്ദ്രങ്ങൾ തകർത്തിരുന്നു. ബാലകോട്ട്, ചകോട്ടി, മുസഫറാബാദ് എന്നിവിടങ്ങളിലെ തീവ്രവാദ ക്യാമ്പുകളിലായി 1000 കിലോ സ്ഫോടക വസ്തുക്കളാണ് വ്യോമസേന വർഷിച്ചത്. പാക്കിസ്ഥാനും ഭീകരവാദ പ്രസ്ഥാനമായ ജെയഷേ മുഹമ്മദിനും ഇത് കടുത്ത തിരിച്ചടിയായെങ്കിലും, ദിവസങ്ങൾക്കുള്ളിൽതന്നെ പാക് സഹായത്തോടെ ജയ്ഷേ തങ്ങളുടെ കേന്ദ്രങ്ങൾ പുനർ നിർമ്മിച്ചെന്നാണ് ലോക മാധ്യമങ്ങൾ പറയുന്നത്.

ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദസ്ഥാൻ ടൈംസ് ദിനപ്പത്രം നൽകുന്ന റിപ്പോർട്ട് പ്രകാരം 600 പേർക്ക് പരിശീലനം നൽകാൻ കഴിയുന്ന വലിയൊരു പരിശീലന കേന്ദ്രം ജയ്ഷേ അവിടെ കെട്ടിപ്പടുത്തു കഴിഞ്ഞു. ബാലേകോട്ടുനിന്ന് പാക്ക് അധീന കാശ്മീർ വഴി ഇത്തവണയും നുഴഞ്ഞുകയറ്റം ഉണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്. ആർട്ടിക്കിൾ 370 അടക്കം റദ്ദാക്കിയതിനുശേഷമുള്ള ആദ്യ വേനൽക്കാലത്ത് പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സൈന്യം ജാഗ്രത പുലർത്തുകയാണ്.പുൽവാമ ആക്രമണത്തിന്റെ സൂത്രധാരനായ മുഹമ്മദ് ഉമൈർ എന്ന കൊടും ഭീകരൻ ഇപ്പോഴും പാക് അധീന കശ്മീരിൽ ഉണ്ടെന്നാണ് വിവരം. ജെയ്ഷേ തലവൻ മസൂദ് അസ്ഹറിന്റെ മരുമകനാണ് ഇയാൾ. ഇയാളും ഇന്ത്യക്കെതിരെ ആഞ്ഞുകളിക്കുന്നുണ്ട്. പുറമെ തീവ്രാദത്തിനെതിരെ നിലപാട് എടുക്കുമെങ്കിലും ജെയ്ഷേയെ സംരക്ഷിക്കുന്ന നയമാണ് പലപ്പോഴും പാക്കിസ്ഥാനിലെ ഇംറാൻഖാൻ സർക്കാറും സ്വീകരിച്ചിട്ടുള്ളത്. മസൂദ് അസ്ഹറിനേയും കുടുംബത്തേയും കാണാനില്ല എന്ന് പാക്കിസ്ഥാൻ ഏറ്റവും ഒടുവിലായി അറിയിച്ചിട്ടുള്ളത്.

ആ കൊടും ഭീകരൻ എവിടെ?

പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ എന്ന് അറിയപ്പെുടന്ന മുഹമ്മദ് ഉമൈർ ഒരു കൊടും ഭീകരനെക്കുറിച്ച് ഇന്ത്യക്ക് ഒരു വിവരവുമില്ല. കുപ്രസിദ്ധനായ ഭീകരവാദി മൗലാനാ മസൂദ് അസറിന്റെ മരുമകാണ് ഇയാൾ. പുൽവാമ ആക്രമണത്തിന് വേണ്ടി 80 കിലോഗ്രാമോളം ആർഡിഎക്സ് താഴ്‌വരയിലേക്ക് എത്തിക്കുന്നത് മുതൽ, അതിനെ ഐഇഡി ആയി സെറ്റ് ചെയ്യുന്നതും, അതിനെ സ്‌കോർപിയോയിൽ ഘടിപ്പിക്കുന്നതും, ആദിൽ ഡാർ എന്ന ചാവേറിനെക്കൊണ്ട് അത് ഓടിച്ച് സിആർപിഎഫ് വാഹന വ്യൂഹത്തിലേക്ക് കയറ്റുന്നതും വരെയുള്ള എല്ലാ ഗൂഢാലോചനയ്ക്കും, മേൽനോട്ടം വഹിച്ചത് ജെയ്ഷെ മൊഹമ്മദിനുവേണ്ടി മസൂദ് അസർ നിയോഗിച്ച ഈ തീവ്രവാദിയാണ്.

ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പലരെയും വധിച്ചു എന്ന് എൻഐഎ അവകാശപ്പെട്ടിരുന്നു. അവരിൽ ഏറ്റവും പ്രധാനി മുദ്ദസിർ അഹമ്മദ് ഖാൻ എന്ന മുഹമ്മദ് ഭായി സേനയുമായുള്ള പോരാട്ടത്തിൽ കൊല്ലപ്പെട്ട സംഭവമാണ്. മുഹമ്മദ് ആയിരുന്നു ഗൂഢാലോചന നടത്തിയവരിൽ ഒരാൾ. പുൽവാമ പ്രദേശത്തേക്ക് ആക്രമണം നടക്കുന്നതിന് ഏറെനാൾ മുമ്പുതന്നെ കടത്തിയിരുന്ന ആർഡിഎക്‌സിനെ ഇലക്ട്രോണിക്സ് പാർട്സ് ഒക്കെ ഘടിപ്പിച്ച് ഇമ്പ്രവൈസ് ചെയ്തെടുത്ത് മാരകമായ ഒരു കാർബോംബ് ആക്കി മാറ്റിയ സ്പെഷ്യലിസ്റ്റ് എൻഐഎയുടെ കണ്ണുവെട്ടിച്ച് കശ്മീരിൽ നിന്ന് അതിർത്തിക്കപ്പുറം പാക് അധീന കശ്മീരിലെ മുസാഫറാബാദിലേക്ക് കടന്നു. ബോംബുണ്ടാക്കിയ ആൾ നാടുവിട്ടെങ്കിലും, പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച മുഹമ്മദ് ഉമൈർ ഇന്നും പാക് അധീനകശ്മീരിലും പരിസരങ്ങളിലുമിരുന് പുൽവാമയിലെ ഭീകരപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നുണ്ട് എന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു.

2016 -ൽ മസൂദ് അസറിന്റെ മറ്റൊരു മരുമകനായ ഉസ്മാൻ ഹൈദറിനെ സേന വധിച്ചപ്പോഴാണ്, അതിനു പ്രതികാരം ചെയ്യാൻ വേണ്ടി തന്റെ മൂത്ത സഹോദരനായ അത്തർ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഉമൈറിനെ മസൂദ് അസർ കാശ്മീരിലേക്കയക്കുന്നത്. അക്കാലത്തുതന്നെയാണ് തൽഹാ റഷീദ് എന്ന മസൂദിന്റെ മറ്റൊരു അടുത്ത ബന്ധുവും അവിടെ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഉമൈർ തീവ്രവാദ പരിശീലനം നേടിയത് അഫ്ഗാനിസ്ഥാനിൽ വച്ചാണെന്നും പറയപ്പെടുന്നു. പുൽവാമയിലെ ആക്രമണത്തിന്റെ സ്വഭാവം ആ വാദം ശരിവെക്കുന്നതാണ്. കാരണം, അഫ്ഗാനിസ്ഥാനിലെ താലിബാൻ തീവ്രവാദികൾ സ്ഥിരമായി അമേരിക്കൻ സൈന്യത്തെ ആക്രമിക്കുന്നത് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനങ്ങൾ ഇടിച്ചുകയറ്റിക്കൊണ്ടാണ്. ഉമൈറിനെ എത്രയും പെട്ടെന്ന് നിർവീര്യനാക്കിയില്ലെങ്കിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ പ്രതീക്ഷിക്കാം എന്ന് കശ്മീരിലെ ഇന്റലിജൻസ് ഏജൻസികൾ കരുതുന്നു.

മാസ്റ്റർ മൈൻഡ് എന്ന് കരുതുന്നയാളിനെപ്പറ്റി വിവരം ലഭിച്ച സ്ഥിതിക്ക് ഇന്റലിജൻസ് ഏജൻസികൾ ഇനി ശ്രമിക്കുന്നത് ഉമൈറിന് വേണ്ട സഹായങ്ങൾ നൽകിയ പുൽവാമയിലെ മറ്റുള്ള സഹായികളെ കണ്ടെത്താനാണ്. സിആർപിഎഫ് വാഹനവ്യൂഹത്തിന്റെ നീക്കങ്ങളെക്കുറിച്ച് ആദിൽ അഹമ്മദ് ഡാറിന് തത്സമയം വിവരങ്ങൾ നൽകിയ സേനയോട് അടുപ്പമുള്ളവരെയും ഇനിയും കണ്ടെത്താൻ എൻഐഎയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ വിവരങ്ങൾ കൂടി ലഭിച്ചാൽ മാത്രമേ ഉമൈറിനെ കണ്ടെത്തി ഇനിയൊരു ആക്രമണത്തിനുള്ള സാധ്യത അടയ്ക്കാൻ ഇന്ത്യൻ ഇന്റലിജൻസ് കേന്ദ്രങ്ങൾക്ക് സാധിക്കൂ.

ബാലേകോട്ട് റിപ്പയർ ചെയ്ത പാക്കിസ്ഥാൻ

പുൽവാമ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. അതിർക്കപ്പുറത്തെ ഭീകകേന്ദ്രങ്ങൾ തകർത്തെന്ന് ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി. പാക് അധീന കശ്മീരിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകരവാദ കേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. ബാലകോട്ട്, ചകോട്ടി, മുസഫറാബാദ് എന്നിവിടങ്ങളിലെ തീവ്രവാദ ക്യാമ്പുകളിലായി 1000 കിലോ സ്ഫോടക വസ്തുക്കളാണ് വ്യോമസേന വർഷിച്ചത്.ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും പഴയതും പ്രധാനപ്പെട്ടതുമായ പരിശീലന കേന്ദ്രമാണ് ബാലക്കോട്ടിലേതെന്നാണ് കരുതുന്നത്. പരിശീലന കേന്ദ്രത്തോട് ചേർന്ന് ചെറിയൊരു പള്ളിയും നിരവധി മൺകുടിലുകളും മാത്രമാണ് ഉള്ളതെന്നാണ് വിവരങ്ങൾ.

പക്ഷേ ഒരു വർഷത്തിനുള്ളിൽ തന്നെ പാക്കിസ്ഥാൻ അവിടം റിപ്പയർ ചെയ്ത്, എല്ലാറ്റിനും സജ്ജമായ ഒരു തീവ്രവാദ കേന്ദ്രമാക്കി മാറ്റിയെടുത്തിരിക്കയാണെന്ന് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം) തീവ്രവാദ സംഘം ബാലേകോട്ടിൽ തീവ്രവാദ പരിശീലന കേന്ദ്രം വിപുലീകരിക്കുകയും കുറഞ്ഞത് രണ്ട് പുതിയ കെട്ടിടങ്ങളെങ്കിലും അതിന്റെ സമുച്ചയത്തിലേക്ക് ചേർക്കുകയും ചെയ്തുവെന്ന് രഹസ്യാന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർ പറഞ്ഞു.ബാലക്കോട്ടിലെ തീവ്രവാദ കേന്ദ്രം ജയ്ഷ് വീണ്ടും സജീവമാക്കിയതായി ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞ സെപ്റ്റംബറിൽ പറഞ്ഞിരുന്നു.ആറ് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ ക്യാമ്പിൽ 600 ഭീകരരെ പാർപ്പിക്കാനാകുമെന്ന് കരുതുന്നു. ബോംബാക്രമണത്തിൽ തകർന്ന ഇവിടം ജെയ്ഷേ പുനർനിർമ്മിച്ചു കഴിഞ്ഞു. മറ്റൊരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ, ഇങ്ങനെ പറയുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു: ''ആർട്ടിക്കിൾ 370 കഴിഞ്ഞ ഓഗസ്റ്റിൽ റദ്ദാക്കിയതുമുതൽ, ജമ്മു കശ്മീരിലേക്ക് പുതിയ ഭീകരരെ നിയമിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. താഴ്‌വരയിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കുശേഷവും ശ്രമങ്ങൾ അവസാനിച്ചില്ല. അവർ നിയന്ത്രണ രേഖയിൽ നിന്ന് അന്താരാഷ്ട്ര അതിർത്തിയിലേക്ക് മാറി. '

ജനുവരി 30 ന് ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് കടന്നതായി സംശയിക്കുന്ന മൂന്ന് തീവ്രവാദികൾ നാഗ്രോട്ടയ്ക്ക് സമീപം ദേശീയപാതയിൽ സൈന്യവുമായി നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു.ഇവർ ബാലേകോട്ടിൽനിന്ന് വന്നവരായാണ്് കരുതുന്നത്. മഞ്ഞുരുകിയാൽ ഇത്തവണ വൻ നുഴഞ്ഞുകയറ്റം ഉണ്ടാവുമെന്നാണ് സൈന്യം കരുതുന്നത്. നിലവിൽ യൂസഫ് അസ്ഹറിന്റെ നേതൃത്വത്തിലുള്ള ബാലകോട്ട് കേന്ദ്രം 27 ഭീകരരെ പരിശീലിപ്പിക്കുകയാണെന്ന് പേരിടാത്ത രഹസ്യാന്വേഷണ പ്രവർത്തകരെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷമുള്ള ആദ്യവേനൽക്കാലം ജാഗ്രത പാലിക്കണമെന്ന് സൈന്യത്തലന് നിർദ്ദേശമുണ്ട്.

ബാലേക്കോട്ട് തീവ്രാവാദത്തിന്റെ കളിത്തൊട്ടിൽ

പാക്കിസ്ഥാനിലെ ഭീകരവാദത്തിന്റെ കളിത്തൊട്ടിലെന്നാണ് ബാലക്കോട്ട് അറിയപ്പെടുന്നത്്. പുൽവാമയിൽ ആക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് തീവ്രവാദ സംഘടനയുടെ മുഖ്യ പരിശീലന കേന്ദ്രമായാണ് ബാലക്കോട്ട് വിലയിരുത്തപ്പെടുന്നത്. അൽ ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ട അബോട്ടാബാദിന്റെ തൊട്ടടുത്ത പ്രദേശമാണ് ബാലക്കോട്ട്. കശ്മീരിലേക്കുള്ള തീവ്രവാദികളെ അയയക്കുന്ന പ്രധാനകേന്ദ്രങ്ങളിലൊന്നാണിത്.

പാക്കിസ്ഥാനിലെ അതിർത്തി പ്രദേശമായ ഖെബർ-പക്തുൻക്വ പ്രവിശ്യയിലാണ് ബാലാക്കോട്ടും ഉൾപ്പെടുന്നത്. അതിർത്തിയിൽ നിന്നും 50 കിലോമീറ്റർ മാത്രം അകലെയാണ് പ്രദേശം. കഴിഞ്ഞ മൂന്ന് വർഷമായി നിരവധി തവണയാണ് ഇവിടെ വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടിട്ടുള്ളത്. ബാലാക്കോട്ടിലെ പരിശീലനങ്ങൾക്ക് മസൂദ് അസർ നിരവധി തവണ നേരിട്ട് നേതൃത്വം നൽകിയിട്ടുണ്ട്. ജിഹാദി പ്രവർത്തനങ്ങളെ കുറിച്ചുള്ള നിരവധി പഠനങ്ങളും ബാലാക്കോട്ടിൽ വെച്ച് മസൂദ് അസർ നടത്തിയിട്ടുണ്ട്. 2005ൽ ബാലാക്കോട്ടിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും വടക്കൻ പ്രദേശങ്ങളെയാണ് ഭൂകമ്പം കാര്യമായി ബാധിച്ചത്. പാക് അധീന കശ്മീരിൽ മാത്രം 75,000 ആളുകളാണ് കൊല്ലപ്പെട്ടത്.അൽ ഖ്വയ്ദ തലവനായിരുന്ന ബിൻ ലാദനെ അബോട്ടാബാദിലെ ഒളിത്താവളത്തിൽ വച്ചാണ് യു എസ് സൈന്യം കൊലപ്പെടുത്തിയത്. അബോട്ടാബാദിൽ നിന്നും വെറും 60 കിലോമീറിറർ ദൂരെയാണ് ജെയ്ഷെ മുഹമ്മദിന്റെ മുഖ്യതാവളം സ്ഥിതി ചെയ്യുന്നത്. ഇസ്ലാമാബാദിൽ നിന്നും 50 കിലോ മീറ്റർ മാത്രം അകലെ അബോട്ടാബാദിൽ കോടികൾ വിലമതിക്കുന്ന ഒരു മൂന്നു നില ബംഗ്ലാവിലായിരുന്നു ലാദൻ ഒളിവിൽ കഴിഞ്ഞത്. ഈ സ്ഥലം പാക് ഭരണകൂടം പിന്നീട് പൊളിച്ച് നീക്കിയിരുന്നു.ആ്ബാട്ടബാദിൽനിന്ന് ഇപ്പോളും ഭീകരർ ബാലകോട്ടേക്ക് എത്തുന്നുണ്ട്.

മസൂദ് അസ്ഹറിനേയും കുടുംബത്തേയും കാണാനില്ല

ജയ്ഷ് ഇ മുഹമ്മദ് സ്ഥാപകനായ ഭീകരനേതാവ് മസൂദ് അസ്ഹറിനേയും കുടുംബത്തേയും കാണാനില്ല എന്നാണ് ഏറ്റവും ഒടുവിലായി പാക്കിസ്ഥാൻ പറയ്ുന്നത്. അന്താരാഷ്ട്ര ഭീകരവാദ ഫണ്ടിങ് നിരീക്ഷണം നടത്തുന്ന എഫ് എ ടി എഫിനോടാണ് (ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ്) പാക് അധികൃതർ ഇക്കാര്യം പറഞ്ഞത്. അസദിനെ യുഎൻ സെക്യൂരിറ്റി കൗൺസിൽ 1267 കമ്മിറ്റി കഴിഞ്ഞ മെയ്‌ ഒന്നിന് ഭീകരപട്ടികയിൽ പെടുത്തിയിരുന്നു. 16 യുഎൻ ഡെസിഗ്നേറ്റഡ് ടെററിസ്റ്റുകളാണ് പാക്കിസ്ഥാനിലുള്ളതെന്നും ഇതിൽ ഏഴ് പേർ കൊല്ലപ്പെട്ടതായും പാക്ക് ഗവൺമെന്റ് പറയുന്നു. സാമ്പത്തിക ഇടപാടുകൾക്കുള്ള വിലക്കുകളും യാത്രാവിലക്കുകളും നീക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് പേർ അപേക്ഷ നൽകിയിട്ടുണ്ട്.

ലഷ്‌കർ ഇ തയിബ തലവൻ ഹാഫിസ് സയീദ്, ലഷ്‌കറിന് സാമ്പത്തികസഹായം നൽകുന്ന അംഗങ്ങൾ ഹാജി മുഹമ്മദ് അഷ്‌റഫ്, സഫർ ഇഖ്ബാൽ, ഹാഫിസ് അബ്ദുൾ സലാം ഭൂട്ടാവി, യഹ്യ മുഹമ്മദ് മുജാഹിദ്, ആരിഫ് ഖാസ്മാനി, അൽ ക്വയ്ദ ഫിനാൻഷ്യർ അബ്ദുൾ റഹ്മാൻ എന്നിവരാണ് ഇവർ. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ യുഎൻ ലിസ്റ്റ് ചെയ്ത 5500 ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തതായി പാക്കിസഥാൻ അറിയിച്ചു. അതേസമയം ജോലി ചെയ്യാൻ അനുമതിയുണ്ട്. ഭീകരർ പണം നൽകുന്ന 222 ടെററിസ്റ്റ് ഫിനാൻഷ്യർമാരെ പിടികൂടിയതായി പാക്കിസ്ഥാൻ അവകാശപ്പെടന്നു. ഇതിൽ ഭൂരിഭാഗം പേരും ജയിലിലാണ്. ചൈന അധ്യക്ഷത വഹിക്കുന്ന എഫ് എ ടി എഫ് പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ നടപടികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ഭീകരർക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ച് യുഎൻ അന്വേഷിച്ചപ്പോളാണ്് മസൂദ് അസ്ഹറിനേയും കുടുംബത്തേയും കാണാനില്ല എന്ന് പാക്കിസ്ഥാൻ അറിയിച്ചത്. അസ്ഹറിനെതിരെ എന്തുകൊണ്ട് ടെറർ ഫിനാൻസിങ് സംബന്ധിച്ച് അന്വേഷണം നടത്തിയില്ല എന്ന് വിശദീകരിക്കാൻ പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല. മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാകി ഉർ റഹ്മാൻ ലാഖ്വിക്കും ഹഖാനി നേതൃത്വത്തിനുമെതിരെയും ഇത്തരത്തിൽ അന്വേഷണമുണ്ടായിട്ടില്ല. ജയ്ഷ് ഇ മുഹമ്മദിന്റെ 38 ഡിസ്ട്രിക്ട് കമാൻഡർമാരേയും വിവിധ ഭീകര ഗ്രൂപ്പുകളേയും അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാൻ പറയുന്നു. ഫെബ്രുവരി 12ന് ഹാഫിസ് സയിദിനെ ലാഹോർ കോടതി ഭീകരഫണ്ടിങ് കേസിൽ അഞ്ചര വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചിരുന്നു. എഫ് എ ടി എഫ് നിർദ്ദേശിച്ച 27 ഭീകരവിരുദ്ധ നടപടികളിൽ 14 എണ്ണം നടപ്പാക്കിയതായി പാക്കിസ്ഥാൻ അറിയിച്ചിരുന്നു. 2018 ജൂണിൽ എഫ് എ ടി എഫ് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ പെടുത്തുകയും 2019 ഒക്ടോബറിനകം പൂർത്തീകരിക്കാനായി ഒരു ആക്ഷൻ പ്ലാൻ നൽകുകയും ചെയ്തിരുന്നു. ഉത്തരകൊറിയയും ഇറാനും ഉൾപ്പെട്ട ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന ഭീഷണി പാക്കിസ്ഥാൻ നേരിട്ടിരുന്നു.

കാണ്ഡഹാർ റാഞ്ചലിന് ഇന്ത്യ കൊടുത്ത വില

1999 ഡിസംബറിൽ ഇന്ത്യൻ എയർലൈൻസ് വിമാനമായ ഐസി 814 കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രാമദ്ധ്യേ തീവ്രവാദികൾ റാഞ്ചിയപ്പോഴാണ് ഇന്ത്യൻ ജയിലിൽ കഴിഞ്ഞിരുന്ന മൗലാന മസൂദ് അസ്ഹർ എന്ന ഭീകരവാദിയെ ലോകമറിയുന്നത്. ഇയാളുടെ മോചനം ആവശ്യപ്പെട്ടു റാഞ്ചിയ വിമാനത്തെ തീവ്രവാദികൾ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ വിമാനത്താവളത്തിലേക്കാണ് കൊണ്ടുപോയത്. 189 യാത്രക്കാരുമായി റാഞ്ചപ്പെട്ട വിമാനത്തെ ലഹോർ വിമാനത്താവളത്തിലേക്ക് കൊണ്ടുപോവാനാണ് തീവ്രവാദികൾ ആവശ്യപ്പെട്ടതെങ്കിലും പാക്കിസ്ഥാനിലെ ലഹോർ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി ലഭിക്കാഞ്ഞതിനെ തുടർന്ന് കാണ്ഡഹാർ വിമാനത്താവളത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.

സംഭവത്തിൽ കേന്ദ്രസർക്കാറിന്റെ ഒരു അനുരഞ്ജന ശ്രമങ്ങൾക്കും വഴങ്ങാതിരുന്ന തീവ്രവാദികൾക്ക് വഴങ്ങി കൊടും ഭീകരൻ മൗലാന മസൂദ് അസ്ഹറിനെ വിട്ടു നൽകാൻ ഇന്ത്യ നിർബന്ധിതരായി. അന്നാണ് പാക് തീവ്രവാദികൾ മൗലാന മസൂദ് അസ്ഹറിന് നൽകുന്ന വില ലോകം മനസിലാക്കുന്നത്. പിന്നീട് പഠാൻകോട്ട് ആക്രമണത്തിന് ശേഷമാണ് ആ പേര് വീണ്ടും ഉയർന്ന് കേട്ടത്. കണ്ഡഹാറിൽ മോചിപ്പിക്കപ്പെട്ടതിന് ശേഷമാണ് മസുദ് അസഹർ പഠാൻകോട്ട് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ജെയിഷെ മുഹമ്മദ്ദ് എന്ന തീവ്രവാദി സംഘടനക്ക് രൂപം കൊടുക്കുന്നതും ഇന്ത്യക്കെതിരെ നിരവധി ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതും.

1968ൽ പാക്കിസ്ഥാനിലെ ബഹാവൽപ്പൂരിൽ ജനിച്ച മസൂദ് അസ്ഹർ 1994ലാണ് തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലെത്തുന്നത്. പോർച്ചുഗീസ് പാസ്പോർട്ട് ഉപയോഗിച്ചായിരുന്നു കടന്നുകയറ്റം. തീപ്പൊരിപ്രസംഗത്തിലൂടെ ആളുകളെ ആകർഷിക്കാൻ കഴിവുള്ള അസ്ഹറിന്റെ പ്രധാനപ്രവർത്തന മേഖല കശ്മീരായിരുന്നു. ഹർക്കത്തുൾ മുജാഹിദ്ദീൻ എന്ന നിരോധിത സംഘടനയിൽ പ്രവർത്തിച്ചതിനെത്തുടർന്നാണ് ഇയാൾ അറസ്റ്റ് ചെയ്യപ്പെടുന്നത്. ആറ് വർഷത്തോളം ഇയാൾ ഇന്ത്യൻ ജയിലിലുണ്ടായിരുന്നു. അസ്ഹറിന്റെ മോചനത്തിനായി പാക്കിസ്ഥാൻ ശ്രമിച്ചെങ്കിലും ഇന്ത്യ വഴങ്ങിയിരുന്നില്ല. അസ്ഹർ ഒരു പാക് പത്രപ്രവർത്തകനാണെന്നും അദ്ദേഹത്തെ വെറുതെവിടണമെന്നുമായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം.

പിന്നീടാണ് 1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചുന്നതും അസ്ഹർ മോചിപ്പിക്കപ്പെടുന്നതും. മോചിപ്പിക്കപ്പെട്ടതിന് തൊട്ടു പിന്നാലെ തന്നെ കറാച്ചിയിലെ ഒരു പള്ളിക്ക് മുന്നിൽ വലിയൊരു സംഘം ജനങ്ങളെ അസ്ഹർ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. ഇന്ത്യയെയും അമേരിക്കയെയും തകർക്കുന്നത് വരെ പോരാടുകയെന്നതായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. ഇന്ത്യയിൽ നിന്ന് കശ്മീരിനെ മോചിപ്പിക്കാനും അഹ്വാനം ചെയ്തു.

അതിനുശേഷം 2000ത്തിലാണ് ജെയിഷെ മുഹമ്മദ് എന്ന ഭീകരസംഘടനക്ക് രൂപം നൽകുന്നത്. തൊട്ടടുത്ത വർഷം തന്നെ ജെയ്ഷെ പ്രധാനപ്പെട്ട രണ്ട് ആക്രമണങ്ങൾ നടത്തി. 2001 ഒക്ടോബറിൽ ശ്രീനഗറിലെ ജമ്മു കാശ്മീർ അസംബ്ലിക്ക് നേരെയായിരുന്നു ആദ്യത്തേതെങ്കിൽ രണ്ടാമത്തേത് ഇന്ത്യൻ പാർലമെന്റിന് നേരെ തന്നെയായിരുന്നു. 2002ൽ അമേരിക്കൻ പത്രപ്രവർത്തകനായ ഡാനിയൽ പേളിനെ അസ്ഹറിന്റെ അടുത്ത അനുയായിയായ ഷെയ്ഖ് അഹമദ് സയിദ് ഒമറിന്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയപ്പോഴാണ് ജെയ്്ഷെക്കെതിരെ അമേരിക്ക നിലപാടെടുക്കുന്നത്. അസ്ഹറിനായി തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ ഒരു അമേരിക്കക്കാരനുണ്ടായിരുന്നുവെന്നും അതുകൊണ്ട് അസ്ഹറിനെ പിടികൂടേണ്ടത് അത്യാവശ്യമാണെന്നും വളരെ വൈകിയാണെങ്കിലും അമേരിക്ക ആവശ്യപ്പെട്ടു. എന്നാൽ പാക്കിസ്ഥാൻ ഈ ആവശ്യത്തോട് സഹികരിച്ചിരുന്നില്ല. 2008ലെ മുംബൈ സ്‌ഫോടന പരമ്പര, 2016-ലെ പത്താൻകോട്ട് ആക്രമണം തുടങ്ങിയവ ആസൂത്രണം ചെയ്തതും മസൂദ് അസ്ഹറാണ്.മുംബൈ ആക്രമണത്തെ തുടർന്ന് ഒരു വർഷം വീട്ടു തടങ്കലിൽ ആക്കിയതൊഴിച്ചാൽ ഒരു നിയമനടപടിയും പാക്കിസ്ഥാൻ കൈക്കൊണ്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP