Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

നയതന്ത്ര ബാഗിൽ പായ്ക്ക് ചെയ്ത് ഒരു മന്ത്രിയെപ്പോലും കടത്താൻ ശ്രമം നടന്നിട്ടുണ്ട്! ഉസ്ബെക്ക് സുന്ദരികൾ കിടക്കപങ്കിട്ട് അധികൃതരെ സ്വാധീനിച്ച് കോടികളുടെ സിൽക്ക് കടത്ത് നടന്നത് ഡൽഹിയിൽ; ചെന്നൈയിൽ ബ്രിട്ടീഷ് ഡിപ്ലോമിറ്റിക് ബാഗിൽ കടത്തിയത് 119 കിലോ സ്വർണം; സ്വപ്ന സുരേഷിന്റെ ലൈംഗിക കഥകളിൽ ഒതുങ്ങേണ്ടതല്ല ഈ സ്വർണക്കടത്ത്; ഗ്രീൻ ചാനലിലൂടെ സ്വർണ്ണവും കുങ്കുമവും മയക്കുമരുന്നും കടുത്തുന്ന അന്താരാഷ്ട്ര മാഫിയയുടെ കഥ

നയതന്ത്ര ബാഗിൽ പായ്ക്ക് ചെയ്ത് ഒരു മന്ത്രിയെപ്പോലും കടത്താൻ ശ്രമം നടന്നിട്ടുണ്ട്! ഉസ്ബെക്ക് സുന്ദരികൾ കിടക്കപങ്കിട്ട് അധികൃതരെ സ്വാധീനിച്ച് കോടികളുടെ സിൽക്ക് കടത്ത് നടന്നത് ഡൽഹിയിൽ; ചെന്നൈയിൽ ബ്രിട്ടീഷ് ഡിപ്ലോമിറ്റിക് ബാഗിൽ കടത്തിയത് 119 കിലോ സ്വർണം; സ്വപ്ന സുരേഷിന്റെ ലൈംഗിക കഥകളിൽ ഒതുങ്ങേണ്ടതല്ല ഈ സ്വർണക്കടത്ത്; ഗ്രീൻ ചാനലിലൂടെ സ്വർണ്ണവും കുങ്കുമവും മയക്കുമരുന്നും കടുത്തുന്ന അന്താരാഷ്ട്ര മാഫിയയുടെ കഥ

എം മാധവദാസ്

രു പൊടിക്ക് ലൈംഗിക മസാല കയറ്റിക്കൊടുത്താൽ ഹരം പടിച്ചുപോകുന്ന ഒരു ജനതയാണ്, ലോകത്തിൽ ഏറ്റവും കൂടുതൽ ലൈംഗിക ദാരിദ്രം അനുഭവിക്കുന്ന ജനതയെന്ന പേരുദോഷം കൂടിയുള്ള മലയാളികൾ. യുഎഇ നയതന്ത്ര ബാഗുവഴി തിരുവനന്തപുരത്ത് 30 കോടിയുടെ സ്വർണം കടത്താൻ നടത്തിയ നീക്കം, സ്വപ്ന സുരേഷ് എന്ന ഇടനിലക്കാരി സുന്ദരിയുടെ ഇക്കിളികഥകളിൽ മുങ്ങിപ്പോവേണ്ടതല്ല. ഇത് രാജ്യ സുരക്ഷയെ ബാധിക്കുന്ന നിർണ്ണയാകമായ വിഷയമാണ്. നയതന്ത്ര ബാഗേജുകളിൽ സ്വർണ്ണവും പ്ലാറ്റിനിവും വെള്ളിയും ചന്ദനവും സിൽക്കും മയക്കുമരുന്നുംവരെ കടത്തുന്ന അന്താരാഷ്ട്ര മാഫിയ ഇന്ന് ലോകത്ത് നിലവിലുണ്ട്. എന്തിന് ഒരു നൈജീരിയൻ മന്ത്രിയെപ്പോലും, ബോധരഹിതാക്കി ഡിപ്ലോമാറ്റിക്ക് ബാഗിലിട്ട് കടത്താൻ ശ്രമിച്ചത് 1983ൽ ലണ്ടനിൽ സംഭവിച്ചതാണ്. ഡിപ്ലോമാറ്റിക്ക് ബാഗുകളുടെ മറവിൽ മെക്സിക്കോവിൽനിന്ന് മരിജൂവാന അമേരിക്കയിലേക്ക് കടത്താൻ ശ്രമിച്ച സംഭവം പലതവണ ഉണ്ടായിട്ടുണ്ട്. നെതർലാൻഡ്സ് അടക്കമുള്ള സ്‌കാൻഡനേവിയൻ രാജ്യങ്ങളിലേക്ക് ചൈനയിൽനിന്ന് കുങ്കുമം കടത്തിയത് നാലുവർഷം മുമ്പ് പിടിക്കപ്പെട്ടരുന്നു.

ആഫ്രിക്കയിലെ താരമേന്യ ദരിദ്രരാഷ്ട്രങ്ങളുടെ എംബസികളെ സ്വാധീനിച്ച് യൂറോപ്പിലേക്കും അമേരിക്കയിലേക്കും വ്യാപകമായി മയക്കമരുന്ന് കടത്തുന്ന സംഘങ്ങൾ മുമ്പ് ഉണ്ടായിരുന്നു. ഓഷോ രജനീഷിന്റ അനുയായികൾക്കുള്ള കൊക്കെയിനും മറ്റും എത്തിയത് സുഡാൻപോലുള്ള ദരിദ്ര ആഫ്രിക്കൻ രാജ്യങ്ങളുടെ ഡിപ്ലോമാറ്റിക്ക് ബാഗുകളിലൂടെയായിരുന്നു. ഇപ്പോൾ സ്വപ്ന സുരേഷിന്റെ പേരിൽ ആരോപണം ഉയർന്ന ഹണി ട്രാപ്പ് അടക്കമുള്ള വിവിധ തന്ത്രങ്ങളിലൂടെയാണ് മാഫിയകൾ ഉദ്യോഗ്ഥരെ പാട്ടിലാക്കുന്നത്. ഇത് പലവണ ആവർത്തിച്ചതോടെ ഡിപ്ലോമാറ്റിക്ക് ബാഗുകളും സ്‌ക്രൂട്ടിനിക്ക് വിധേയമാക്കുക എന്ന കർശന നിലപാടാണ് പാശ്ചാത്യ രാജ്യങ്ങൾ എടുത്തത്.

യുഎസ് അടക്കമുള്ള രാജ്യങ്ങൾ ഇത്തരം ബാഗേജുകൾക്ക് കർശന നിയന്ത്രണങ്ങളും വെച്ചിട്ടുണ്ട്. രാഷ്ട്രതലവന്മാർപോലുള്ള എതാനും പേർക്ക് മാത്രമായി അവർ ഗ്രീൻ ചാനൽ സൗകര്യം ചുരുക്കുകയാണ്. എന്നാൽ നമ്മുടെ നാട്ടിൽ ആൾദൈവങ്ങൾ തൊട്ട് സിനിമാ നടന്മാർക്കുവരെ സ്വധീനത്തിനുസരിച്ച് ഗ്രീൻ ചാനൽ തുറക്കും. ഇവരൊക്കെ എന്തൊക്കെയാണ് കൊണ്ടുവരുന്നതെന്ന് ആർക്കും അറിയില്ല. അതുകൊണ്ടുതന്നെ ഈ സ്വർണ്ണക്കടത്തിന്റെ പാഠം ഉൾക്കൊണ്ടുകൊണ്ട് ഇന്ത്യയും ഡിപ്ലോമറ്റിക്ക് ബാഗുകളും, ഗ്രീൻചാനലും സംബന്ധിച്ച് വ്യക്തമായ തീരുമാനം എടുക്കേണ്ടിയിരിക്കുന്നു.

കേരളത്തിൽ ഇട്ട് വട്ടം കറക്കേണ്ട കേസുമല്ല ഇത്. ഉടനടി സിബിഐ അന്വേഷിക്കേണ്ട രാജ്യസുരക്ഷാ കേസാണിത്. ലോകത്ത് അത്തരം സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. സ്വന്തം സഹോരനായ വിമതനെ കൊല്ലാനുള്ള കൊടിയ വിഷം ഡിപ്ലോമാറ്റിക്ക് ബാഗുവഴിയാണ്, കൊറിയൻ ഏകാധിപതി കിം ജോങ്് ഉൻ മലേഷ്യയിൽ എത്തിച്ചതെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു. ഈ കോവിഡിന്റെ കാലത്തൊക്കെ ഈ രീതിയലുള്ള ജൈവാക്രമണങ്ങളുമൊക്കെ ലോകം ചർച്ച ചെയ്യുന്ന കാലമാണെല്ലോ ഇത്.

ഡിപ്ലോമാറ്റിക് ബാഗ് എന്നാൽ എന്ത്?

ഡിപ്ലോമാറ്റിക് ബാഗ് അല്ലെങ്കിൽ ഡിപ്ലോമാറ്റിക്ക് പൗച്ച് രാജ്യാന്തര രംഗത്ത് വളരെ വിലപ്പെട്ട ഒരു പെട്ടിയാണ്. ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങൾക്കോ അല്ലെങ്കിൽ മറ്റൊരു രാജ്യത്തിനോ അതുമല്ലെങ്കിൽ ഐക്യരാഷ്ട്ര സംഘടന പോലെയുള്ള സ്ഥാപനങ്ങൾക്കോ രേഖകൾ അയക്കുക ഡിപ്ലോമാറ്റിക് ബാഗിലാണ്. ഇതിനു പുറമേ സാധനങ്ങൾ, ഉപഹാരങ്ങൾ, ചികിത്സാ ഉപകരണങ്ങൾ, അവശ്യ മരുന്നുകൾ തുടങ്ങിയവയും ഡിപ്ലോമാറ്റിക് ബാഗുകളായി അയക്കാറുണ്ട്.

ഡിപ്ലോമാറ്റിക് ബാഗുകൾക്ക് സംരക്ഷണമുണ്ട്. 1961ലെ വിയന്നാ കൺവെൻഷൻ ഓൺ ഡിപ്ലോമാറ്റിക് റിലേഷൻസ് അനുസരിച്ച് ഇതിന് മാർഗരേഖകളുണ്ട്. 1963ൽ വിയന്ന കൺവെൻഷൻ ഓൺ കൗൺസുലർ റിലേഷൻസ് ആൻഡ് ഓപ്ഷനൽ പ്രോട്ടോക്കോൾ അനുസരിച്ച് ഇതു പുതുക്കി. 1969, 1975 എന്നീ വർഷങ്ങളിലും പുതിയ നിബന്ധനകൾ കൂട്ടിച്ചേർത്തു.

ഡിപ്ലോമാറ്റിക് ബാഗ് അയക്കുമ്പോൾ അയക്കുന്ന ഓഫിസറുടെ പൂർണ വിവരങ്ങളും ആർക്കാണോ അയക്കുന്നത് ആ ഓഫിസറുടെ എല്ലാ വിവരങ്ങളും ഒപ്പം അയക്കണം. കപ്പലിലാണെങ്കിൽ ക്യാപ്റ്റനും വിമാനത്തിലാണെങ്കിൽ പൈലറ്റിനും ഇതിന്റെ പകർപ്പ് നൽകണം. മൂന്നാമത്, ഒരു രാജ്യത്ത് ഇറക്കി പിന്നീട് വേറെ വിമാനത്തിലോ കപ്പലിലോ അയക്കുകയാണെങ്കിൽ ആ രാജ്യത്ത് ഇത് ആരാണ് കൈകാര്യം ചെയ്യുക എന്ന വിവരങ്ങളും വേണം. വലിയ ബാഗേജുകൾ അയക്കുമ്പോൾ ഒരു കുറിയർ കൂടെ സഞ്ചരിക്കാറുമുണ്ട്.

ഡിപ്ലോമാറ്റിക് ബാഗുകൾ അനുമതി കൂടാതെ തുറക്കരുത് എന്നുണ്ട്. സംശയകരമായ സാഹചര്യത്തിൽ തുറക്കുകയാണെങ്കിൽത്തന്നെ അതു കിട്ടുന്ന രാജ്യത്തിന്റെ ഓഫിസറുടെ സാന്നിധ്യത്തിലാവണം തുറക്കേണ്ടത്. ഡിപ്ലോമാറ്റിക് ബാഗ് അതു കിട്ടുന്ന രാജ്യത്തിന് വേണ്ട എന്നു വയ്ക്കാം. കൂടെ വരുന്ന കുറിയറെപ്പോലും മടക്കി അയക്കാം. നയതന്ത്ര പ്രതിനിധികൾക്ക് ഉള്ളതു പോലെ ഡിപ്ലോമാറ്റിക് ബാഗിനും ഇമ്യൂണിറ്റി ഉണ്ട്. ക്രിമിനൽ നടപടി ക്രമങ്ങളിൽ നിന്ന് മുക്തമാണത്. ഇതുതന്നെയാണ് മാഫിയകൾക്ക് ഗുണം ചെയ്യുന്നതും. അതുകൊണ്ടുതന്നെയാണ് ഈ വികസിത രാജ്യങ്ങൾ ഇത്തരം കാര്യങ്ങൾക്കെതിരെ സ്‌ക്രൂട്ടിനി ശക്താമാക്കുന്നതും.

നയതന്ത്രബാഗിൽ മന്ത്രിയെ കടത്താൻ ശ്രമിച്ച കഥ

സ്വർണ്ണവും വെള്ളിയും കുങ്കുമപ്പൂവും മാത്രമല്ല, ഒരു മന്ത്രിയെപ്പോലെ ഡിപ്ലോമാറ്റിക്ക് ബാഗിലിട്ട് കടത്താൻ ശ്രമിച്ച കഥ ലോക ചരിത്രത്തിലുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ ബാഗേജിൽനിന്ന് 30 കിലോ സ്വർണം പിടിച്ചതു വാർത്തയാകുമ്പോൾ, ഡിപ്ലോമാറ്റിക് ബാഗുകളുടെ ചരിത്രത്തിൽ ഇന്നും അവിസ്മരണീയമായി നിൽക്കുന്ന ഒരു സംഭവം ഇംഗ്ലണ്ടിൽ നടന്നിട്ടുണ്ട്.

1983ൽ നൈജീരിയയിൽ പട്ടാള വിപ്ലവം നടക്കുകയും ഷെഗു സഗാരി സർക്കാരിനെ അട്ടിമറിക്കുകയും ചെയ്തപ്പോൾ 100 കോടിയോളം ഡോളറിന്റെ അഴിമതിക്കേസിൽ ഉൾപ്പെട്ട ഉമാറു ഡിക്കോ എന്ന മന്ത്രി ഇംഗ്ലണ്ടിൽ രാഷ്ട്രീയ അഭയം തേടി. തിരിച്ചു കൊണ്ടുവരാൻ പട്ടാള ഭരണകൂടം ഇസ്രയേലിന്റെ സഹായവും തേടി.1984ൽ ഒരു ദിവസം ഷോപ്പിങ് മാളിൽ നിന്ന് ഇറങ്ങുമ്പോൾ 2 പേർ ഉമാറു ഡിക്കോയെ കീഴ്പ്പെടുത്തി വാനിൽ കയറ്റി, മയക്കുമരുന്ന് കുത്തിവച്ച് ബോധരഹിതനാക്കി. ഇസ്രയേലിലെ അനസ്തീസിയ ഡോക്ടറും ഉണ്ടായിരുന്നു. ഉമാറുവിനെയും ഡോക്ടറെയും 2 പെട്ടികളിലാക്കി സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിലെത്തി. നൈജീരിയയിലേക്കുള്ള 707 വിമാനത്തിൽ ഡിപ്ലോമാറ്റിക് ബാഗേജ് ആയി ഈ പെട്ടികൾ ബുക്കു ചെയ്തു.

ചാൾസ് ഡേവിഡ് മാരോ എന്ന ബ്രിട്ടിഷ് കസ്റ്റംസ് ഓഫിസർക്ക് സ്‌കോട്‌ലൻഡ്യാഡ് പൊലീസിന്റെ സന്ദേശം എത്തിയത് അപ്പോഴായിരുന്നു ഒരു നൈജീരിയൻ നേതാവിനെ തട്ടിക്കൊണ്ടു പോയിട്ടുണ്ട്. ചാൾസ് ആ പെട്ടികൾ പരിശോധിക്കാൻ ഉത്തരവിട്ടു. അടുത്ത നിമിഷം, കൂടെ നിന്ന നൈജീരിയൻ എംബസി ഉദ്യോഗസ്ഥൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഡിപ്ലോമാറ്റിക് പെട്ടിയിൽ നിന്ന് ബോധരഹിതനായ ഉമാറു ഡിക്കോവിനെ പുറത്തെടുത്തു. മറ്റേ പെട്ടിയിൽ അനസ്തീസിയ വിദഗ്ധൻ ഓക്സിജൻ സിലിണ്ടറും ട്യൂബും ഒക്കെയായി കുഴപ്പം കൂടാതെ ഉണ്ടായിരുന്നു. 6 പേരെ അറസ്റ്റു ചെയ്തെങ്കിലും ഇംഗ്ലണ്ടും നൈജീരിയയും തമ്മിലുള്ള നയതന്ത്രബന്ധം വിഛേദിച്ചു. 2 വർഷത്തിനുശേഷമാണ് ഉമാറുവിനെ കൈമാറിയത്. 2014ൽ 77ാം വയസ്സിൽ അന്തരിച്ചു.

ബ്രിട്ടീഷ് ഡിപ്ലോമാറ്റിക്ക് ബാഗിൽ ചെന്നൈയിൽ പിടികൂടിയത് 119 കിലോ സ്വർണം

കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ സ്വർണ്ണക്കടത്തിൽ പ്രതിക്കൂട്ടിൽ നിൽക്കെ സമാനമായൊരു സ്വർണ്ണവേട്ട ചെന്നൈയിലും നടന്നിരുന്നു. ഇരുപതുകൊല്ലം മുമ്പ് 2000 ഏപ്രിലിൽ ചെന്നൈ വിമാനത്താവളത്തിലെ കാർഗോയിൽ നിന്നാണ് ചെന്നൈ കസ്റ്റംസ് 119 കിലോ സ്വർണം പിടിച്ചെടുത്തത്. ചെന്നൈ കസ്റ്റംസിന്റെ ചരിത്രത്തിൽ പിന്നീടിതുവരെ ഒറ്റയടിക്ക് ഇത്രയും സ്വർണം പിടിച്ചിട്ടില്ലചെന്നൈയിൽ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷനിലേക്കുള്ള ഡിപ്ലോമിറ്റിക് ബാഗിലായിരുന്നു സ്വർണ്ണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളുമുണ്ടായിരുന്നത്. സിംഗപ്പൂരിൽ നിന്നും സിംഗപ്പൂർ എയർലൈൻസിന്റെ വിമാനത്തിലാണ് ബാഗുകൾ എത്തിയത്. കൃത്യമായി വിവരം കിട്ടിയതിനെത്തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥ സംഘം ഈ ബാഗുകൾ തടഞ്ഞുവെച്ചു. ചെന്നൈയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടപ്പോൾ ഇങ്ങനെയൊരു ബാഗേജ് വരുന്നത് അവർക്കറിയില്ല. ഇതേത്തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗുകൾ തുറന്നു പരിശോധിച്ചു.

119 കിലോ സ്വർണം, 1,100 കമ്പ്യൂട്ടർ റാമൂകൾ, പാനാസോണിക്കിന്റെ 150 സെൽഫോണുകൾ എന്നിവയാണ് ബാഗുകളിലുണ്ടായിരുന്നത്. 935 സ്വർണ്ണ ബിസ്‌കറ്റുകളും പതിനൊന്നരക്കിലോ ആഭരണങ്ങളുമടങ്ങിയതായിരുന്നു സ്വർണം. ഓരോ ബിസ്‌കറ്റും 116 ഗ്രാം (പത്ത് തോല) തൂക്കമുള്ളതായിരുന്നു. അന്ന് ആറരക്കോടി രൂപയുടെ മൂല്യമുള്ള സ്വർണ്ണമാണ് കസ്റ്റംസിന്റെ കൈയിലെത്തിയത്.

ഇന്നത്തേതിന് സമാനമായ സംഭവമാണ് അന്നും അരങ്ങേറിയത്. ചെന്നൈയിലെ രണ്ട് ജൂവലറിക്കാരും ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷനിലെ ചില ജിവനക്കാരും ഉൾപ്പെട്ട സംഘമായിരുന്നു സ്വർണ്ണക്കടത്തിനു പിന്നിൽ. ഹൈക്കമ്മീഷനിലെ പി ആർ ഒ , ഡ്രൈവർ , സ്റ്റോർകീപ്പർ , റിസപ്ഷനിസ്റ്റ് എന്നിവരും കസ്റ്റംസ് കാർഗൊയിലെ കസ്റ്റംസ് ഹൗസ് ഏജന്റുമാണ് അറസ്റ്റിലായത്. ( അന്നും ഇന്നും വില്ലനായി ഒരു പിആർഒ ഉണ്ട്) പ്രതികൾ ഒരു കൊല്ലത്തോളം കോഫെപോസ നിയമപ്രകാരം ജയിലിൽ കിടന്നു. സ്വർണ്ണക്കടത്തിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പിടിച്ചെടുക്കുന്ന സ്വർണ്ണത്തിന്റെ വിലയുടെ 20 ശതമാനം വരുന്ന തുക പാരിതോഷികമായി ലഭിക്കും. സ്വർണ്ണവേട്ട സംഘത്തിലുണ്ടായിരുന്ന ചെന്നൈ കസ്റ്റംസ് ടീമിലെ മൂന്നു പേർക്കും ഓരോ ലക്ഷം രൂപ വീതം സർക്കാർ പാരിതോഷികമായി നൽകിയിരുന്നു.

സുന്ദരികളെ കിടക്കപങ്കിടാൻ വിട്ട് പട്ട് കടത്തി

ഡൽഹിയിൽ 20 വർഷം മുൻപ് നടന്ന 'ഓൾഗ' കേസുമായി സമാനതകളുള്ളതാണ് തിരുവനന്തപുത്തെ തയതന്ത്ര സ്വർണക്കടത്തു കേസും. ഉസ്ബെക്കിസ്ഥാൻ സ്വദേശിനി ഓൾഗ കൊസിരേവ ഡൽഹി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കോടികളുടെ ചൈനീസ് സിൽക്ക് ഇന്ത്യയിലേക്ക് കടത്തിയ കേസാണ് ഓൾഗ കേസ് എന്നറിയപ്പെടുന്നത്.2000 ഓഗസ്റ്റ് 28നാണ് ഓൾഗയെ ഡൽഹി എയർപോർട്ടിലെ ഗ്രീൻ ചാനലിൽവച്ച് കസ്റ്റംസ് അധികൃതർ പിടികൂടുന്നത്. പിടികൂടുമ്പോൾ 1.56 കോടി രൂപ വിലമതിക്കുന്ന ചൈനീസ് സിൽക്കിന്റെ 27 ബാഗുകളാണ് ഓൾഗയുടെ കൈവശം ഉണ്ടായിരുന്നത്. ബാഗുകളുടെ എണ്ണം ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നെങ്കിലും 27 ബാഗുകൾ ഒരു വനിത കൊണ്ടുവരുന്നതെന്തിനാണെന്ന സംശയം ഒരു ഉദ്യോഗസ്ഥനുണ്ടായതാണ് കള്ളക്കടത്ത് പിടികൂടുന്നതിലേക്കു നയിച്ചത്.

അന്വേഷണത്തിൽ, ഗുരുതരമായ വീഴ്ചകളാണ് കണ്ടെത്തിയത്. 10 മാസത്തിനിടെ ഓൾഗ 68 യാത്രകൾ ഇന്ത്യയിലേക്കു നടത്തിയിരുന്നു. മെഡിസിനിൽ ഡിപ്ലോമയുള്ള ഓൾഗ ഉസ്ബെക്കിസ്ഥാനിൽ കഴിയുന്നതിനേക്കാൾ കൂടുതൽ ഇന്ത്യയിലാണ് കഴിഞ്ഞതെന്നും 1997 മുതൽ ഇന്ത്യ സന്ദർശിച്ചിരുന്നതായും മനസ്സിലായി. പാക്കിസ്ഥാനിലെ ലഹോറും കറാച്ചിയും പല തവണ സന്ദർശിച്ചിരുന്നതായി മനസ്സിലാക്കിയതോടെ ആയുധക്കടത്തും അന്വേഷണ ഏജൻസികൾ സംശയിച്ചു. 2001ൽ കേസ് സിബിഐക്ക് കൈമാറി.

എയർപോർട്ടിലെ നിത്യസന്ദർശകയായിരുന്നു ഓൾഗ എന്ന് അന്വേഷണത്തിൽ വ്യക്തമായി. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും പിന്നാലെ പുറത്തു വന്നു. ഓൾഗ കടത്തൽ സാധനവുമായി എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപുതന്നെ ഡൽഹി ചാന്ദ്നി ചൗക്കിലെ ചില വ്യാപാരികൾ ട്രക്കുമായി വിമാനത്താവളത്തിൽ എത്തുമായിരുന്നു. ഒരു സ്ത്രീ ഇരുപതിലേറെ ബാഗുകൾ സ്ഥിരമായി ഗ്രീൻ ചാനലിലൂടെ കൊണ്ടുവരുമ്പോൾ അധികൃതർ ശ്രദ്ധിക്കാതിരുന്നത് സിബിഐ ശ്രദ്ധിച്ചു, ഉദ്യോഗസ്ഥ ബന്ധങ്ങൾ പുറത്തായി. ബാഗിന്റെ വലുപ്പത്തിന് അനുസരിച്ച് ഒരു ബാഗിന് 400 മുതൽ 700 വരെ രൂപയായിരുന്നു ഉദ്യോഗസ്ഥരുടെ കൈക്കൂലി. ഉസ്ബെക്കിസ്ഥാൻ സ്വദേശികളായ സ്ത്രീകളെ ഉദ്യോഗസ്ഥരുമായി കിടക്ക പങ്കിടാൻ അയച്ചിരുന്നെന്നും വ്യക്തമായി. വിമാനക്കമ്പനികളിലെ ജീവനക്കാരുടെ പങ്കും തെളിഞ്ഞു. ( ആഴത്തിൽ അന്വേഷിച്ചാൽ ഇപ്പോഴത്തെ യുഎഇ നയതന്ത്ര സ്വർണ്ണക്കടത്തിലും വ്യക്തമാവുക ഇതുതന്നെയായിരിക്കും. ചില കസ്റ്റസ് ജീവനക്കാർക്കും വിമാനക്കമ്പനി ജീവനക്കാർക്കുമൊക്കെ ഇതിൽ പങ്കുണ്ടാവും. സ്വപ്ന സുരേഷ് എന്ന സുന്ദരി ഉയർത്തിയ പ്രലോഭനത്തിൽനിന്ന് എത്രപേർക്ക് മാറിനിൽക്കാനാവും എന്ന് കണ്ടറിയേണ്ടതാണ്.)

ഉദ്യോഗസ്ഥരുടെ വസതികളിൽ സിബിഐ റെയ്ഡ് നടത്തി. അഫ്ഗാൻ സ്വദേശിയായ മമൂർ ഖാനായിരുന്നു സംഘത്തലവൻ. ഓൾഗ പിടിയിലായതറിഞ്ഞ് അയാൾ രാജ്യംവിട്ടു. ഓൾഗയും പിന്നീട് ഉസ്ബെക്കിസ്ഥാനിലേക്ക് കടന്നു. കസ്റ്റംസിലെ 9 ഗ്രൂപ്പ് എ ഓഫിസർമാരെയും 35 ഗ്രൂപ്പ് ബി ഓഫിസർമാരെയും കേസിൽ പ്രതിചേർത്തു. 32 പേർക്കെതിരെ പ്രോസിക്യൂഷന് അനുമതി ലഭിച്ചു. ഓൾഗയുമായി ബന്ധമുള്ള ഒരു ഓഫിസർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഉന്നത ഉദ്യോഗസ്ഥരെല്ലാം നടപടികളിൽനിന്ന് ഒഴിവായി.

നേരറിയാൻ സിബിഐ തന്നെ വേണം

അന്ന് ഓൾഗയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജുകൾ പരിശോധിക്കാൻ തീരുമാനിച്ചത്. കോൺസുലേറ്റ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടവരിൽനിന്നടക്കം സമ്മർദമുണ്ടായെങ്കിലും മുൻ അനുഭവങ്ങളാണ് ഉദ്യോഗസ്ഥനു കരുത്തായത്. ഓൾഗ കേസിൽ ഉന്നത ബന്ധങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് സിബിഐ അന്വേഷണം നടത്തിയിരുന്നു. നയതന്ത്ര സ്വർണക്കടത്തു കേസിലും ഉന്നത ബന്ധങ്ങളുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ആവശ്യം. സിബിഐ അന്വേഷിച്ചിട്ടുപോലും ഉന്നത ഉദ്യോഗസ്ഥരെല്ലാം രക്ഷപ്പെട്ട കേസാണ് മുകളിൽ പറഞ്ഞത്. അതിനാൽ പഴുതടുച്ചുള്ള അന്വേഷണമാണ്് ഇക്കാര്യത്തിൽ ഉണ്ടാവേണ്ടത്്. കാരണം ഇത് രാജ്യസുരക്ഷയെകൂടി ബാധിക്കുന്ന കേസാണ്.

തിരുവനന്തപുരത്ത് നയതന്ത്ര ബാഗ് ഉപയോഗിച്ച് സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ ഡൽഹിയി നിന്നും ഇടപെടൽ ഉണ്ടാവുന്നുവെന്നത് ആശ്വാസകരാണ്. കന്ദ്രധനമന്ത്രി നിർമല സീതാരാമൻ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ പരോക്ഷ നികുതി ബോർഡിനോട് ആരാഞ്ഞതായാണ് വിവരം. കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ വേറെ ഏജൻസി വേണോയെന്നും ആലോചനയുണ്ട്. കേസിലെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം കത്തയച്ചിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് ധനമന്ത്രി വിശദാംശം ആവശ്യപ്പെട്ടത്. നിലവിൽ കേസിൽ കസ്റ്റംസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമായാൽ മറ്റൊരു ഏജൻസിക്ക് കേസ് കൈമാറാം. ഇതിൽ കേന്ദ്രസർക്കാരിന് തടസമുണ്ടാകില്ല. അതേസമയം കേസിൽ യുഎഇ അന്വേഷണം പ്രഖ്യാപിച്ചതും ഗുണകരമാണ്.

സ്വർണ്ണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നടപടി തുടങ്ങി. അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയയെയാണ് ചോദ്യം ചെയ്യുക. ഇതിനായി കേന്ദ്രത്തിന്റെ അനുമതി തേടി കസ്റ്റംസ് കത്ത് നൽകി. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ കേന്ദ്ര പരോക്ഷ നികുതി ബോർഡിനാണ് കത്ത് നൽകിയത്. ബോർഡ് ,അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറും. അറ്റാഷയുടെ പേരിലാണ് സ്വർണം ഉൾപ്പെട്ട ബാഗ് എത്തിയത്. ഭക്ഷ്യ വസ്തുക്കൾ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നും സ്വർണം കൊണ്ടു വന്നതിൽ ബന്ധമില്ലെന്നുമാണ് അറ്റാഷെയുടെ വിശദീകരണം. ഈ വിഷയത്തിൽ യുഎഇയും സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ നല്ല ബന്ധമുള്ള ഈ രണ്ടു രാജ്യങ്ങൾക്കും ആ ബന്ധം വഷളാകാതെ തന്നെ യഥാർഥ പ്രതികളെ പിടികൂടാൻ സാധിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP