Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202027Tuesday

1925 ൽ തുടക്കം താഷ്‌ക്കന്റിൽ; ഇന്ത്യൻ സ്വാതന്ത്ര്യത്തെ പോലും അംഗീകരിക്കാതെ വിപ്ലവ പ്രവർത്തനം; ആദ്യ ലോക്സഭയിൽ നെഹുറുവിനെ വിറപ്പിച്ച മുഖ്യ പ്രതിപക്ഷം; 96ൽ പ്രധാനമന്ത്രി പദത്തേക്കും പരിഗണിക്കപ്പെട്ടു; ഒന്നാം യുപിഎ സർക്കാറിന്റെ കാലത്തെ കിങ് മേക്കേഴ്സ്; ബംഗാളിൽ പാർട്ടിയെ വിഴുങ്ങി ബിജെപി; ത്രിപുരയിലും അധികാര നഷ്ടം; ആകെയുള്ള തുരുത്ത് കേരളം മാത്രം; പടവലം പോലെ വളർച്ച താഴോട്ട്; നൂറ്റാണ്ട് പിന്നിടുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം

1925 ൽ തുടക്കം താഷ്‌ക്കന്റിൽ; ഇന്ത്യൻ സ്വാതന്ത്ര്യത്തെ പോലും അംഗീകരിക്കാതെ വിപ്ലവ പ്രവർത്തനം; ആദ്യ ലോക്സഭയിൽ നെഹുറുവിനെ വിറപ്പിച്ച മുഖ്യ പ്രതിപക്ഷം; 96ൽ പ്രധാനമന്ത്രി പദത്തേക്കും പരിഗണിക്കപ്പെട്ടു; ഒന്നാം യുപിഎ സർക്കാറിന്റെ കാലത്തെ കിങ് മേക്കേഴ്സ്; ബംഗാളിൽ പാർട്ടിയെ വിഴുങ്ങി ബിജെപി; ത്രിപുരയിലും അധികാര നഷ്ടം; ആകെയുള്ള തുരുത്ത് കേരളം മാത്രം; പടവലം പോലെ വളർച്ച താഴോട്ട്; നൂറ്റാണ്ട് പിന്നിടുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം

എം മാധവദാസ്

'വൈരുധ്യാതിഷ്ടിത ഭൗതികവാദത്തിൽനിന്ന് ഭൗതികവാദം കളഞ്ഞ് വൈരുധ്യം മാത്രം കൈമുതലായുള്ള പാർട്ടി.'- ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളെക്കുറിച്ച് ഒ വി വിജയൻ തന്റെ 'സന്ദേഹിയുടെ സംവാദം' എന്ന പുസ്‌കതത്തിൽ എഴുതിയത്, അവർ നൂറാം വാർഷികം ആഘോഷിക്കുമ്പോഴും പ്രസ്‌കതമാവുകയാണ്. സ്ഥാപന ദിനത്തെക്കുറിച്ചുപോലും അവർക്ക് വൈരുധ്യമാണ്. സിപിഎം പറയുന്നത് ഇത് ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം ആണെന്നാണ്. സിപിഐ പറയുന്നത് 95 ആയിട്ടുള്ളുവെന്നാണ്. ഇന്ത്യയുടെ കമ്യൂണിസ്റ്റ് പാർട്ടികൾ നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കാണമെങ്കിൽ ഈ ഒരൊറ്റക്കാരണം മതി. 1920 ഒക്ടോബർ 17ന് താഷ്‌കന്റിൽ എംഎൻ റോയിയും സംഘവും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയെന്നാണ് സിപിഎം പറയുന്നത്. ആ രൂപീകരണയോഗത്തിൽ മുഹമ്മദ് ഷഫീക്കിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എന്നാൽ 1925ൽ ഡിസംബർ 26ന് കാൺപൂരിൽ രൂപീകരിച്ചതാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണമായി സിപിഐ കണക്കാക്കുന്നത്. സിപിഎമ്മിന്റെ കണക്ക് പ്രകാരം ഇന്ത്യൻ കമ്യൂണിസ്്റ്റ് പാർട്ടിയുണ്ടായിട്ട് ഇന്ന് ഒരു നൂറ്റാണ്ട് പിന്നിടുകയാണ്.

താഷ്‌കന്റ് യോഗം ഇന്ത്യൻ സാഹചര്യങ്ങൾക്ക് യോജിച്ച പാർട്ടി പരിപാടി തയ്യാറാക്കാൻ തീരുമാനിച്ചു. അംഗത്വം നൽകുന്നതിനുള്ള നടപടിക്രമങ്ങൾക്ക് രൂപം നൽകി. ഇന്ത്യയിൽനിന്നെത്തിയ വിദ്യാർത്ഥികളാണ് പരിശീലനം നേടിയവരിൽ ഏറിയപങ്കും. മോസ്‌കോ സർവകലാശാലയിലും ഇവർ ഒത്തുചേർന്നു. ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാനായി മടങ്ങിയ ഇവരിൽ 10 പേരെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്തു. കേസുകളിൽ കുടുക്കി ജയിലിലടച്ചു. പെഷവാർ, കാൺപുർ, മീററ്റ് ഗൂഢാലോചനക്കേസുകൾ ബ്രിട്ടീഷ് സർക്കാർ ചമച്ചത് ഇക്കാലത്താണ്.

മുസഫർ അഹമ്മദ്, എസ് എ ഡാങ്കെ, ശിങ്കാരവേലു ചെട്ടിയാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 1921-22 കാലത്ത് അന്നത്തെ ബോംബെ, കൽക്കത്ത, മദ്രാസ്, ലാഹോർ, കാൺപുർ എന്നിവിടങ്ങളിൽ കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ സ്ഥാപിച്ചു. രാജ്യമെമ്പാടും പ്രസ്ഥാനം പടർന്നു. ബ്രിട്ടീഷുകാർ വിട്ടുപോകണമെന്നും ഇന്ത്യക്ക് പൂർണസ്വാതന്ത്ര്യം നൽകണമെന്നും ഉള്ള മുദ്രാവാക്യവും ഇവർ ഉയർത്തി. പക്ഷേ പിൽക്കാലത്ത് ക്വിറ്റ് ഇന്ത്യാ സമരത്തലടക്കം കമ്യൂണിസ്റ്റ് പാർട്ടിയെടുത്ത നിലപാട് വ്യാപകമായി വിമർശിക്കപ്പെട്ടു. സോവിയറ്റ് യൂണിയാനു വേണ്ടി ബ്രിട്ടീഷ് അനുകൂല നിലപാടാണ് അക്കാലത്ത് എടുത്തത്. പക്ഷേ പിന്നീട് ജർമ്മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ അവർ നിലപാടുമാറ്റിയെന്നത് വേറെ കാര്യം. അന്ധമായ വിദേശ വിധേയത്വം തന്നെയാണ് അന്ന് കമ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായിരുന്നത്. കൽക്കത്ത തിസീസ് എന്ന കുപ്രസിദ്ധമായ ഉന്മൂല സിദ്ധാന്തത്തിന്റെ പേരിലും അക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി പഴി കേട്ടു. സായുധ വിപ്ലവ പ്രവർത്തനത്തിലുടെ അധികാരം കൈയിലാക്കം എന്ന ധാരണ മാറ്റിവെച്ചുകൊണ്ട് തെരഞ്ഞെുടപ്പിൽ പങ്കെടുക്കാനും ജനാധിപത്യത്തെ അംഗീകരിക്കാനും അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പിന്നീട് തയ്യാറായി.

വെള്ളക്കാരിൽനിന്ന് കൊള്ളക്കാരിലേക്കുള്ള സ്വാതന്ത്ര്യം

ഇന്ത്യൻ സ്വാതന്ത്ര്യത്തെപ്പോലും തങ്ങളുടെ പ്രത്യയശാസ്ത്ര നിലപാടുവെച്ച് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ആദ്യം അംഗീകരിച്ചിരുന്നില്ല. വെള്ളക്കാരനിൽനിന്ന് കൊള്ളക്കാരനിലേക്കുള്ള സ്വാതന്ത്ര്യം എന്നായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട്. ഇന്ത്യൻ ബൂർഷ്വാസിയെ അട്ടിമറിക്കാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു അക്കാലത്തെ സൈദ്ധാന്തിക നിലപാടുകൾ. എന്നാൽ വൈകാതെ ജനാധിപത്യത്തെ അംഗീകരിക്കുകയും തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാനും തന്നെ അവർ തീരുമാനിച്ചു.

1925 ഡിസംബർ 26 കാൻപൂരിൽ വച്ചാണ് ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ കമ്മ്യൂണിസ്റ്റ് സംഘങ്ങളുടെ ആദ്യത്തെ സമ്മേളനം നടക്കുന്നത്.അവിടെ വച്ചാണ് സിപിഐ. എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉദയം പ്രഖ്യാപിക്കപ്പെടുകയും അതിന്റെ ഭരണഘടന അംഗീകരിക്കപ്പെടുകയും ചെയ്തത്.എസ്.വി. ഘാട്ടെ ആയിരുന്നു സിപിഐയുടെ ആദ്യ ജനറൽ സെക്രട്ടറി.കൃഷി ഭൂമി കർഷകന് , വിദേശ സാമ്രാജ്യത്വ മൂലധനം ദേശസാൽക്കരിക്കുക, പ്രായപൂർത്തി വോട്ടവകാശം, രാഷ്ട്ര സമ്പത്ത് രാഷ്ട്രത്തിന്റെ കൈകളിൽ, എട്ടു മണിക്കൂർ പ്രവൃത്തി ദിവസം, സംഘടിക്കാനും യോഗം ചേരാനും പ്രകടനം നടത്താനും പണിമുടക്കാനുമുള്ള ജനാധിപത്യപരമായ അവകാശം, അയിത്ത ജാതിക്കാർക്ക് സാമൂഹ്യ നീതി എന്നീ ആവശ്യങ്ങൾ ഇന്ത്യൻ മണ്ണിൽ 1928 മുതൽ സിപിഐ ഉയർത്തുകയുണ്ടായി. അക്കാലത്ത് പല നിരോധനങ്ങളും പാർട്ടിക്കുമേൽ ഉണ്ടായിരുന്നതിനാൽ അഖിലേന്ത്യ വർകേഴ്സ് ആൻഡ് പെസന്റ്സ് പാർട്ടി എന്നാ പേരിലായിരുന്നു പാർട്ടി പ്രവർത്തിച്ചിരുന്നത്. 1935 നു ശേഷം സിപിഐ ഘടകങ്ങൾ രാജ്യത്താകമാനം സംഘടിപ്പിക്കപ്പെട്ടു. വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫ് , കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭ (എ ഐ കെ എസ് ), പുരോഗമന സാഹിത്യ സംഘടന എന്നിവ 1936ലും സംഘടിപ്പിക്കപ്പെട്ടു.

ബംഗാൾ, ബീഹാർ, ആന്ധ്ര, പഞ്ചാബ്, ത്രിപുര, മഹാരാഷട്ര തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം ഒരുകാലത്ത് കമ്യൂണിസ്റ്റ് പാർട്ടിക്ക് ഗണ്യമായി സ്വാധീനം ഉണ്ടായിരുന്നു. പിന്നീട് പടവലം പോലെ വളർച്ച താഴോട്ടായി. ഇന്ന് കേരളം എന്ന ഒരു തുരുത്തുമാത്രമാണ് അവർക്ക് ബാക്കിയുള്ളത്. ഒന്നാം യുപിഎ സർക്കാറിന്റെ കാലത്ത് ഇന്ത്യയെ നിയന്ത്രിച്ചിരുന്ന പാർട്ടിയാണ് ഈ രീതിയിൽ നിഷ്‌ക്കാസനം ചെയ്യാപ്പെടുന്നത് എന്നോർക്കണം.

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കമ്യൂണിസ്റ്റാകുന്നു

കമ്യൂണിസ്റ്റ് പച്ചപോലെ ആ ആശയം വളരെ പെട്ടന്ന് പടർന്ന്. കേരളത്തിലും അത് എത്തി. കോൺഗ്രസ്സ് സംഘടനയിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് വിഭാഗം എന്നറിയപ്പെട്ടിരുന്ന ഇടതുപക്ഷ ചിന്താഗതിക്കാർ 1939-ൽ മലബാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയായിമാറി. ഡിസംബർ മാസത്തിൽ കണ്ണൂർ ജില്ലയിലെ പിണറായിയിലെ പാറപ്രത്ത് വച്ചായിരുന്നു ഇത്. 1939 രണ്ടാം ലോകമഹായുദ്ധം പുറപ്പെട്ടപ്പോൾ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലായിരുന്ന കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി ബ്രിട്ടീഷ് ഭരണത്തെ വലിച്ചെറിയാനുള്ള പൊതുജന സമരങ്ങൾക്ക് അനുകുലമായ ഉറച്ച നിലപാട് സ്വികരിച്ചു.

1939-ൽ കോൺഗ്രസ്സ് മന്ത്രിസഭകൾ രാജിവച്ചതും പിന്നീട് വക്തിസത്യഗ്രഹം ആരംഭിക്കാൻ തീരുമാനിച്ചതും കേരള പ്രദേശ് കോൺഗ്രസ്സിലെ തീവ്രവാദികളിൽ ഉത്സഹമുണ്ടാക്കിയില്ല. സെപ്റ്റംബർ 15ാം തിയതി സാമ്രാജ്യത്വവിരുദ്ധ ദിനമായി ആചരിക്കാൻ കെ പി സി സി യുടെ തീരുമാനം അംഗീകരിച്ചില്ല.പക്ഷെ കേന്ദ്ര നേതൃത്വത്ത അനാദരിച്ചു കൊണ്ട് മലബാറിൽ വമ്പിച്ചതോതിൽ പ്രകടനങ്ങളും പൊതു സമ്മേളനങ്ങളും സംഘടിപ്പിച്ചു . തലശ്ശേരി, മട്ടന്നൂർ, മൊറാഴ, കയ്യൂർ, മുതലായ സ്ഥലങ്ങളിൽ ബഹുജനങ്ങളും പൊലീസും തമ്മിൽ രൂക്ഷമായ എട്ടുമുട്ടലുകലുണ്ടായി. ഈ ഏറ്റുമുട്ടലുകളിൽ പലർ കൊല്ലപ്പെട്ടു.

കയ്യൂർ സമരവുമായ് ബന്ധപ്പെടുത്തി നാലു കൃഷിക്കാരെ വധ ശിക്ഷക്ക് വിധിച്ചു. മലബാറിലെ സംഭവവികാസങ്ങളുടെ ഭാഗമായി കെപിസിസി. പിരിച്ചുവിടപ്പെടുകയും കോൺഗ്രസ്സ് പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കുന്നതിനു ബീഹാറിലെ ഒരു കോൺഗ്രസ്സ് നേതാവായ നന്ധകൊളിയർ പ്രസിഡന്റായും സി കെ ഗോവിന്ദൻ നായർ സെക്രട്ടറിയും ഒരു താത്കാലികസമിതി നിയോഗിക്കപെടുകായും ചെയ്തു ഈ അവസരത്തിൽ ഇടതുപക്ഷക്കാർ ഒന്നായ് കോൺഗ്രസ്സ് വിട്ടു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അണികളിൽ ചേർന്നു.

പി. കൃഷ്ണപിള്ള,കെ.ദാമോദരൻ, ഇ.എം.എസ്, എൻ.ഇ. ബാലറാം, പി.നാരായണൻ നായർ, കെ കെ വാര്യർ, എ.കെ. ഗോപാലൻ, സുബ്രഹ്മണ്യ ശർമ്മ,എ പി ഗോപാലൻ, പി എസ് നമ്പൂതിരി, സി. എച്ച്. കണാരൻ, കെ എ കേരളീയൻ, തിരുമുമ്പ്, കെ പി ആർ ഗോപാലൻ, വി വി കുഞാമ്പു ചന്ദ്രോത്,കുഞ്ഞിരാമൻ നായർ, എം കെ കേളു, സുബ്രഹ്മണ്യ ഷേണായി , മഞ്ചുനാഥ റാവു, വില്യം സ്നേലക്സ് , എ വി കുഞാമ്പു, കെ കുഞ്ഞിരാമൻ, പി എം കൃഷ്ണ മേനോൻ, കെ കൃഷ്ണൻ നായർ, വിദ്വാതി കൃഷ്ണൻ, പിണറായി കൃഷ്ണൻ നായർ, കെ എൻ ചന്തുക്കുട്ടി, കൊങ്ങശ്ശേരി കൃഷ്ണൻ എന്നിവരായിരുന്നു കേരളത്തിൽ പാർട്ടി രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തവർ. സമ്മേളനം പി കൃഷ്ണപിള്ളയെ സെക്രട്ടറി ആയി തെരഞ്ഞെടുത്തു.

ഒടുവിൽ കേരളം ചുവക്കുന്നു

കയ്യൂരിലും കരിവള്ളൂരിലും പുന്നപ്രയിലും വയലാറിലും ശൂരനാടും അന്തിക്കാടും ഒഞ്ചിയത്തും കാവുമ്പായിയിലുമെല്ലാം സിപിഐ നേതൃത്വത്തിൽ വലിയ വിപ്ലവ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. നിരവധിയായ സഖാക്കൾ ഈ സമരങ്ങളിൽ രക്തസാക്ഷിത്വം വരിച്ചു. കയ്യൂർ സമര സഖാക്കളായ കുഞ്ഞമ്പു, ചിരുകണ്ടൻ, അബുബക്കർ, അപ്പു എന്നിവരെ 1943 ൽ തൂക്കിലേറ്റി. സർ സി പി യുടെ സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനെതിരെ ആലപ്പുഴയിലെ പുന്നപ്രയിലും വയലാറിലും സിപിഐ വൻ പ്രക്ഷോഭം സംഘടിപ്പിച്ചു. ടി വി തോമസ്, സി കെ കുമാരപ്പണിക്കർ, കെ സി ജോർജ് , കെ വി പത്രോസ് എന്നിവരായിരുന്നു സമരത്തിനു നേതൃത്വം നൽകിയവർ. 1946 ഒക്ടോബർ 22 നു സിപിഐ പോതുപനിമുടക്കിനു ആഹ്വാനം ചെയ്തു. അമേരിക്കൻ മോഡൽ അറബിക്കടലിൽ, ദിവാൻ ഭരണം അവസാനിപ്പിക്കുക എന്നാ മുദ്രാവാക്യങ്ങൾ ഉയർത്തി ആയിരക്കണക്കായ തൊഴിലാളികളും കർഷകരും പണിമുടക്കിൽ അണിചേർന്നു.

ഒക്ടോബർ 24നു പുന്നപ്രയിലും 27 നു വയലാറിലും സി പിയുടെ പട്ടാളം സമര സഖാക്കളെ തോക്കുകൾ കൊണ്ട് നേരിട്ടു. ആയിരക്കണക്കിനാളുകൾ ഈ പോരാട്ടങ്ങളിൽ രക്ത സാക്ഷികളായി. 1948ൽ സഖാവ് പി കൃഷ്ണപിള്ള ആലപ്പുഴയിലെ കണ്ണാർകാട്ടെ ചെല്ലിക്കണ്ടാത്ത് വീട്ടിൽ വച്ച് പാമ്പ് കടിയേറ്റു മരിച്ചു.തുടർന്ന് ഇ എം സ്സിനെ സെക്രെട്ടരിയുടെ ചുമതല ഏൽപ്പിച്ചു. 1952ൽ സി അച്യുതമേനോൻ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. 1956 ഐക്യ കേരളം നിലവിൽ വന്നപ്പോൾ സി അച്യുതമേനോൻ സിപിഐ യുടെ ആദ്യ കേരള സംസ്ഥാന സെക്രട്ടറി ആയി . പിന്നീടു എം എൻ ഗോവിന്ദൻ നായരേ സിപിഐ യുടെ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു.1957ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ സിപിഐ കേരളത്തിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയ്യായി തെരഞ്ഞെടുക്കപ്പെട്ടു. അത്തരം ഒരു വിജയത്തിലേക്ക് സിപിഐ യെ നയിച്ച എം എൻ നെ പിന്നീട് കേരള ക്രുഷ്ചെവ് എന്നറിയപ്പെട്ടു. സിപിഐ യുടെ കേന്ദ്ര കമ്മറ്റി അങ്ങമായിരുന്ന ഇഎംഎസ് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി. അങ്ങനെ ബാലറ്റിലുടെയും ആദ്യമായി ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുണ്ടായി. പക്ഷേ ഇത് ബാലറ്റിലുടെ തെരഞ്ഞെുടക്കപ്പെട്ട ആദ്യ സർക്കാർ അല്ലെന്ന് ഇഎംഎസ് തന്നെ പറഞ്ഞിട്ടുണ്ട്. ഫ്രഞ്ച് ഗയാനയിലെ ചെഡ്ഡി ജഗൻ ആണ് ഈ ബുഹമതിക്ക് അർഹൻ എന്നാണ് അദ്ദേഹം എഴുതിയത്.

എകെജിയും ഇഎംഎസും

കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയെ ജനകീയമാക്കിയതിൽ മൂന്ന് നേതാക്കളുടെ പേരാണ് പ്രധാനം. കൃഷ്ണപിള്ള, എകെജി, ഇഎംഎസ്, എന്നിവർ ആയിരുന്നു അവർ. പുസ്തകങ്ങൾ വായിച്ചല്ല, കൃഷ്ണപ്പിള്ളയടക്കമുള്ളവ നടത്തിയ നവോത്ഥാന പ്രവർത്തനങ്ങളും, പാവപ്പെട്ടവർക്ക് വേണ്ടി നടത്തിയ സമരങ്ങളുമാണ് ജനങ്ങളെ ആ പ്രസ്ഥാനത്തോട് അടുപ്പിച്ചത്. അതുപോലെ തന്നെ കമ്യൂണിസ്്റ്റ് പാർട്ടിയുടെ കരിസ്മാറ്റിക്ക് നേതാവായിരുന്നു എ കെ ജി. ആയില്യത്ത് കുറ്റിയാരി ഗോപാലൻ നമ്പ്യാർ എന്ന എ.കെ.ജി കേരളത്തിലെ പൊരുതുന്ന യുവത്വങ്ങളുടെ ആവേശമായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1952 മുതൽ പാർലിമെന്റ് അംഗമായിരുന്നു. എന്നാൽ അധികാര സ്ഥാനങ്ങളിൽ അദ്ദേഹം ഒരിക്കലും ഇരുന്നിട്ടില്ല. സിപിഎം രൂപീകരിച്ചതിനു ശേഷം പാർട്ടി ഭരണത്തിൽ എത്തിയപ്പോഴും അദ്ദേഹം സമരവഴിയിലായിരുന്നു. ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലായ വ്യക്തി എ.കെ.ജലയാണ് എ.കെ. ഗോപാലൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന കേസ് ഇന്നും വളരെയധികം ശ്രദ്ധിക്കപ്പെടുന്നു.

ഒരു നാടുവാഴിത്തറവാട്ടിൽ ജനിച്ചുവെങ്കിലും ഗോപാലന്റെ മനസ്സ് കഷ്ടപ്പെടുന്ന തൊഴിലാളികളുടേയും അവശതയനുഭവിക്കുന്ന സാധാരണക്കാരുടേയും കൂടെയായിരുന്നു. വളരെ ചെറിയ കാലം അദ്ധ്യാപകജോലി ചെയ്തിരുന്നവെങ്കിലും അതല്ല തന്റെ മാർഗ്ഗമെന്ന് മനസ്സിലാക്കുകയും ജനസേവനത്തിനായി ഇറങ്ങിത്തിരിക്കുകുയം ചെയ്തു. ഗുരുവായൂർ സത്യാഗ്രഹം, ഉപ്പു സത്യാഗ്രഹം എന്നീ ചരിത്രപ്രധാനമായ മുന്നേറ്റങ്ങളിൽ പങ്കുകൊണ്ടു. നിരവധി തവണ പൊലീസിന്റെയും മുതലാളി കിങ്കരന്മാരുടേയും ക്രൂര മർദ്ദനത്തിനിരയായി. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ചു. 1939 ൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി മുഴുവൻ കമ്മ്യൂണിസത്തിലേക്ക് പരിവർത്തനം ചെയ്തപ്പോൾ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളിലൊരാളായി കേരളത്തിൽ നടന്ന സുപ്രധാനമായ തൊഴിലാളി സമരങ്ങളുടെ ആവേശമായി മാറി.

കേരളത്തിനു പുറത്തേക്കും ഗോപാലന്റെ പ്രവർത്തനമേഘന വ്യാപിച്ചിരുന്നു. കൽക്കത്തയിൽ വച്ചു നടന്ന കിസാൻ സമ്മേളനം അദ്ദേഹത്തെ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുത്തു. പഞ്ചാബിൽ ജലനികുതിക്കെതിരേ നടന്ന സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിക്കുകയുണ്ടായി. അഞ്ചു തവണ ലോക സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 52ൽ പ്രധാന പ്രതിപക്ഷം കമ്യൂണിസ്റ്റുകാർ ആയിരുന്നു. അന്ന് നെഹുറുവിനെപ്പോലും വിറപ്പിക്കുന്ന തേതാവായിരുന്നു അദ്ദേഹം. അതുപോലെ ഇഎംഎസും. ആദ്യ സർക്കാറിന്റെ വിദ്യാഭ്യാസ ബില്ലും, ഭൂപരിഷ്‌ക്കരണ നയവുംമെല്ലാം വൻ മാറ്റമാണ് കേരളത്തിൽ ഉണ്ടാക്കിയത്.

64ലെ പിളർപ്പ് വലിയ ക്ഷീണമായി

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രശനമായത് പിളർപ്പാണ്. റഷ്യയെന്നും ചൈനയെന്നുംപേരിൽ തമ്മിലടിച്ച് പിളരാനായിരുന്നു അതിന്റെ യോഗം.ഈ പിളർപ്പാണ് ഇന്ത്യയിലെ മൂവ്മെന്റിനെ തകർത്തതെന്ന് രാമചന്ദ്രഗുഹയെപ്പോലുള്ള ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുമ്പോഴും സിപിഎം നിഷേധിക്കയാണ്. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതുകൊണ്ടാണ് പാർട്ടി പ്രസക്തവും സജീവവുമായി നിലനിൽക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നത്. പാർട്ടി പിളർപ്പ് തെറ്റല്ല, അന്നത് ആവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർട്ടി പിളർന്ന് സിപിഐ.എം രൂപീകരിച്ചില്ലായിരുന്നെങ്കിൽ അടിയന്തരാവസ്ഥയ്ക്കുശേഷം കോൺഗ്രസിനു സംഭവിച്ചതരം തകർച്ച കമ്യൂണിസ്റ്റ് പാർട്ടിക്കും ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

'സിപിഐ.എം രൂപീകരിച്ചില്ലെങ്കിൽ, അടിയന്തരാവസ്ഥയ്ക്കുശേഷം കോൺഗ്രസിനു സംഭവിച്ചതരം തകർച്ച കമ്യൂണിസ്റ്റ് പാർട്ടിക്കും ഉണ്ടാകുമായിരുന്നു. ഭരണവർഗ പാർട്ടിയായതിനാൽ കോൺഗ്രസിനു തിരിച്ചുവരാനാവും. കമ്യൂണിസ്റ്റുകൾക്ക് അതു പറ്റില്ല. പിളർപ്പ് തെറ്റല്ല, ആവശ്യകതയായിരുന്നു. എല്ലാവരെയും ഒരുമിച്ചു നിർത്തുകയെന്നതാണ് ഇപ്പോൾ വേണ്ടത്. അതു സംഭവിക്കുന്നുണ്ട്. അതിനു വേഗം വേണം,' യെച്ചൂരി പറഞ്ഞു.ഇന്ത്യയിൽ ഒരുകാലത്ത് നിലനിന്നിരുന്ന മുദ്രാവാക്യങ്ങൾ മാർക്‌സിസം, ലെനിനിസം, നെഹ്‌റുവിസം എന്നിവയായിരുന്നെന്നും അത് പക്ഷെ ഇപ്പോൾ നിലനിൽക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഇന്തൊനീഷ്യയിലും ഈജിപ്തിലും സുഡാനിലുമൊക്കെ ഒരു കാലത്ത് വളരെ ശക്തമായ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണ് ഉണ്ടായിരുന്നത്. മാർക്‌സിസം, ലെനിനിസം, നാസറിസം, സുകാർണോയിസം എന്നൊക്കെയായിരുന്നു മുദ്രാവാക്യങ്ങൾ. എന്നാൽ ഇന്ത്യയിൽ ഏറെ മുദ്രാവാക്യങ്ങൾ ഉണ്ടായിരുന്നില്ല. ഇന്ത്യയിലുണ്ടായിരുന്നത് യഥാർഥത്തിൽ മാർക്‌സിസം, ലെനിനിസം, നെഹ്‌റുവിസം ഒക്കെ ആയിരുന്നു. എന്നാൽ, ഭരണവർഗവുമായി കൈകോർത്തതോടെ അത്തരം കമ്യൂണിസ്റ്റ് പാർട്ടികൾതന്നെ തകർന്നു,' അദ്ദേഹം പറഞ്ഞു.കമ്യൂണിസ്റ്റ് പാർട്ടികളുടെ പിളർപ്പിന് അടിസ്ഥാനമായ ചില കാരണങ്ങളുണ്ട്. അവ ഇപ്പോൾ കമ്യൂണിസ്റ്റുകൾക്കിടയിൽ ചർച്ചയിലേക്കു കൊണ്ടുവരുന്നത് ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽനിന്നു ശ്രദ്ധ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള വെല്ലുവിളികളെ നേരിടാൻ കമ്യൂണിസ്റ്റ് ശക്തികൾക്കിടയിൽ കൂടുതൽ ഐക്യം വേണം. അത്തരമൊരു ഐക്യം സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.'ബീഹാറിൽ 3 ഇടതു പാർട്ടികൾ ഒരുമിച്ചു വരുന്നത് വളരെ അനുകൂലമായ സംഗതിയാണ്. സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നതകൾ ഇപ്പോൾ വളരെ കുറഞ്ഞിട്ടുണ്ട്. പോഷകസംഘടനകൾ ഒരുമിച്ചു പ്രവർത്തിക്കുന്നു, കേരളത്തിൽ ഭരണം പങ്കിടുന്നു. തൊഴിലാളി, കർഷക സമരങ്ങളിൽ ഇടത് ഐക്യമുണ്ട്. അത് ഐക്യത്തിന്റെ ഒരു വശം മാത്രം. മേശയുടെ ഇരുവശവുമിരുന്ന് കൈകൊടുത്തിട്ട് ഐക്യമെന്നു പറയാം. പക്ഷേ, അത് സുസ്ഥിരമാവില്ല. ഐക്യം താഴേത്തട്ടിലെ പ്രവർത്തകരിലേക്കുമെത്തണം. താഴേത്തട്ടിൽ നിന്നുതന്നെ ഐക്യം വളർത്തുന്നതാണ് നല്ലത്. ലയനം അജണ്ടയിലില്ല. പ്രവർത്തനങ്ങളിൽ ഐക്യമുണ്ട്. അതു തെരഞ്ഞെടുപ്പിൽ മാത്രമല്ല, സമരങ്ങളിലുമുണ്ട്. അതു പ്രധാനവുമാണ്,' അദ്ദേഹം പറഞ്ഞു.

സിപിഎം പിളർപ്പ് അനിവാര്യമാണെന്ന് പറയുമ്പോൾ സിപിഐ ഇപ്പോഴും പിളർപ്പിനെ എതിർക്കയാണ്. പിളർന്ന് അടിയന്തരവസ്ഥക്കാലത്ത് കോൺഗ്രസിനൊപ്പം ചേർന്ന് സിപിഐ ഒന്നുമല്ലാതെയുമായി. ഇന്ന് ഒരു സംസ്ഥാന പാർട്ടി എന്ന നിലയിലേക്ക് ചരുങ്ങിയിരിക്കയാണ് സിപിഐ.

96ലെ ചരിത്രപരമായ വിഡ്ഡിത്തം

ചെങ്കോട്ടയിലും ചെങ്കൊടി പാറും. ഒരുകാലത്ത് കമ്യൂണി്സ്റ്റുകാർ ആവശേത്തോടെ വിളിച്ച ആ മുദ്രാവാക്യത്തിന്റെ അടുത്ത അവർ എത്തിയിരുന്നു 96ൽ. ഇന്ത്യൻ ഇടതുപക്ഷ ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധ തീരുമാനമായി വിലയിരുത്തപ്പെടുന്ന പ്രധാനമന്ത്രി പദം നിരസിക്കലിനെയും സിപിഎം ഇപ്പോഴും ന്യായീകരിക്കയാണ്. യെച്ചൂരി എറയുന്നത് നോക്കുക. 'അന്ന്, കൂട്ടുകക്ഷി സർക്കാരിന്റെ ഭാഗമാകുമ്പോൾ, പാർട്ടിയുടെ സീറ്റുകളുടെ എണ്ണം കുറവായതിനാൽ പ്രകടന പത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. ജ്യോതി ബസുവിന്റെ വിഷയമെടുത്താൽ, ഞങ്ങൾക്ക് പെട്ടെന്ന് പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്യപ്പെടുന്ന സ്ഥിതിയാണുണ്ടായത്. ഈ വിഷയത്തിൽ പാർട്ടിയിൽ വലിയ തോതിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. പാർട്ടിക്കു മുന്നിലുള്ള പ്രശ്‌നമിതായിരുന്നു. ഞങ്ങൾക്ക് പാർലമെന്റിലുള്ളത് 32 പേർ മാത്രമാണ്. ഭൂരിപക്ഷത്തിനും സർക്കാരുണ്ടാക്കാനും 272 പേർ വേണം.

അപ്പോൾ സ്വാഭാവികമായും കൂട്ടുകക്ഷി സർക്കാരാവും, പാർട്ടിയുടെ ശക്തി 32 മാത്രമാവും. ഈ 32 വെച്ചുകൊണ്ട്, പ്രകടനപത്രികയിൽ ജനത്തിനു പാർട്ടി നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാനാവുമോ? ഇല്ലെങ്കിൽ, പ്രധാനമന്ത്രി വാഗ്ദാനം നടപ്പാക്കുന്നില്ലെന്നും അതു വഞ്ചനയെന്നും ജനം കരുതും. മറ്റൊരു പ്രശ്‌നം, ഞങ്ങളുൾപ്പെടുന്ന സഖ്യത്തിലെ 240 പേർ. അവരുടെ അജണ്ടകളെ ഞങ്ങൾ എതിർക്കുന്നതാണ്. അപ്പോൾ, ജ്യോതി ബസു പ്രധാനമന്ത്രിയെന്ന നിലയിൽ ആ അജണ്ടകൾ നടപ്പാക്കുന്നതും ജനവഞ്ചനയാവും.

മറുവശത്ത്, ജ്യോതി ബസു പ്രധാനമന്ത്രിയായാൽ, സോവിയറ്റ് യൂണിയന്റെ പതനശേഷം ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രധാനമന്ത്രിയെന്ന് ലോകത്തിനു മുന്നിൽ എടുത്തുകാട്ടാനാവും. അത് രാജ്യാന്തരമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉത്തേജകമാവും. ഒപ്പം, ഇടത് അജണ്ട ജനത്തിനു മുന്നിൽ വെക്കാനുള്ള അവസരവും ലഭിക്കും. അതു നടപ്പാക്കാൻ ഞങ്ങളെ അനുവദിക്കുന്നില്ല, അതിനാൽ കൂടുതൽ ഭൂരിപക്ഷം തരിക എന്നു പറയാനാവും. ഇതായിരുന്നു ഭിന്നത.പ്രധാനമന്ത്രിപദം സ്വീകരിക്കേണ്ടതില്ലെന്നു കേന്ദ്ര കമ്മിറ്റി തീരുമാനിച്ചശേഷം വിഷയം പാർട്ടി കോൺഗ്രസിനു മുന്നിലെത്തി. ചർച്ച നടന്നു. വോട്ടെടുപ്പുണ്ടായി. ഒടുവിൽ ഞങ്ങൾ തീരുമാനിച്ചു. ഇനി അങ്ങനെയൊരു അവസരം വന്നാൽ, എപ്പോഴെങ്കിലും വരുമെങ്കിൽ, അപ്പോൾ കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കണം. രണ്ടു വശങ്ങളും പരിഗണിച്ച്, സർക്കാരിന്റെ നയത്തെ എത്രത്തോളം സ്വാധീനിക്കാനാവും എന്നതു കണക്കിലെടുക്കണം.' യെച്ചൂരി പറഞ്ഞു.

1996ൽ വാജ്‌പേയ് സർക്കാർ ഭൂരിപക്ഷം തെളിയിക്കാനാകാതെ പുറത്തുപോയതിന് പിന്നാലെ പ്രാദേശിക പാർട്ടികൾ ചേർന്ന് രൂപീകരിച്ച സഖ്യത്തിന്റെ ഭാഗമാകുന്നതിന് വേണ്ടിയായിരുന്നു ഈ വാഗ്ദാനം. എന്നാൽ കൂട്ടുകക്ഷി സർക്കാരിൽ മാർക്‌സിസ്റ്റ് ആശയങ്ങൾ നടപ്പിലാക്കാൻ സാധിക്കില്ലെന്ന് തീരുമാനിച്ചുക്കൊണ്ട് പാർട്ടി വാഗ്ദാനം നിരസിക്കുകയായിരുന്നു.അന്ന് ബംഗാൾ മുഖ്യമന്ത്രിയും ദേശീയ നേതാവുമായ ജ്യോതി ബസുവിനെയായിരുന്നു പ്രധാനമന്ത്രിയാകാൻ ക്ഷണിച്ചിരുന്നത്. പാർട്ടി നിർദ്ദേശ പ്രകാരം സ്ഥാനം നിരസിച്ചെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധമെന്നായിരുന്നു പിന്നീട് ഈ തീരുമാനത്തെ ജ്യോതി ബസു വിളിച്ചത്. ഇന്ന് തിരഞ്ഞു നോക്കുക. ഇനി എപ്പോഴെങ്കിലും ഇതുപോലെ ഒരു അവസരം ഉണ്ടാവുമോ. ചരുങ്ങിച്ചുരുങ്ങി സിപിഎം കേരത്തിൽ മാത്രമായി.

ബംഗാളിൽ പാർട്ടിയെ വിഴുങ്ങിയ ബിജെപി

ഒരു കാലത്ത് സിപിഎമ്മിന്റെ കോട്ടയായിരുന്ന മൂന്ന് പതിറ്റാണ്ടോളം അവർ ഭരിച്ച ബംഗാളിൽ പാർട്ടി ഇന്ന് ത്രിണമൂലിനും, ബിജെപിക്കും, കോൺഗ്രസിനും, പിന്നിൽ നാലാം സ്ഥാനത്താണ്. സിഗൂരും നന്ദിഗ്രാമും അടിസ്ഥാനമാക്കി മമതാ ബാനർജി അധികാരം പടിച്ചപ്പോൾ സിപിഎം ഈ രീതിയിൽ തകർന്ന് അടിയുമെന്ന് ആരും കരുതിയില്ല. ഇന്ന് ബംഗാളിൽ തിരിച്ചുവരൽ എന്നത് സിപിഎമ്മിന് വിദൂര സ്വപ്നം മാത്രമാണ്. പല രാഷ്ട്രീയ കൂറുമാറ്റങ്ങളും കാലുമാറ്റങ്ങളും നാം കണ്ടിട്ടുണ്ട്. എന്നാൽ പാർട്ടി ഓഫീസുകൾ അടക്കം ഒരു പാർട്ടിയിലെ നേതാക്കളും അണികളും ഒന്നടങ്കം മറ്റൊരു പാർട്ടിയിൽ എത്തുക എന്നത് അപൂർവങ്ങളിൽ അപൂർവം തന്നെ.

'അത്തരമൊരു കാഴ്ചയാണ് ഞാൻ കഴിഞ്ഞ കുറച്ചുവർഷങ്ങളായി 24 പർഗാനപോലുള്ള സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ കണ്ടത്. അരിവാൾ ചുറ്റിക നക്ഷത്രമുള്ള ചെങ്കൊടി എടുത്തുമാറ്റി അവിടെ കാവിക്കൊടി ഉയർത്തി, പാർട്ടി ഓഫീസ് അടക്കം ഒന്നടങ്കം ബിജെപി ഓഫീസ് ആയി മാറിയത് ബംഗാളിന്റെ ഉൾഗ്രാമങ്ങളിൽ വ്യാപകമായിരുന്നു. 2011ലെ തെരഞ്ഞെടുപ്പ് തോൽവിയും തുടർന്നുണ്ടായ സമാനതകൾ ഇല്ലാത്ത ത്രിണമൂൽ അക്രമണവും സിപിഎം പ്രവർത്തകരെ വ്യാപകമായി ബിജെപിയിലേക്ക് ആകർഷിച്ചു. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞടുപ്പിടക്കം മമതയെ തോൽപ്പിക്കനായി സിപിഎം പ്രവർത്തകർ പ്രവർത്തിച്ചതും വോട്ട് ചെയ്തതും ബിജെപിക്കാണ്. നേതൃത്വത്തിലെ പലരും ബിജെപിയോട് മൃദു സമീപനമാണ് എടുത്തത്. ഫലമോ 2019ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ സിപിഎം സംപൂജ്യരായി. ഒരുകാലത്ത് ഇൻക്വിലാബ് ഉയർന്ന ബംഗാൾ ഗ്രാമങ്ങളിലെ സിപിഎം പ്രവർത്തർ ഇന്ന് ഭാരത്മാതാ കീ ജയ് വിളിക്കയാണ്. തൃണമൂലിനെ തോൽപ്പിക്കാൻ ബിജെപിയെ പിന്തുണക്കുക ഒരു അടവുനയമായാണ് സിപിഎം എടുത്തതെങ്കിലും പണി പാളി. പ്രവർത്തകർ തിരികെവരാതെ ബിജെപിയിൽ ഉറച്ചു നിൽക്കുന്നു'- ബംഗാളിൽ സിപിപിഎമ്മിനെ ബിജെപി വിഴുങ്ങിയ കഥ എന്നപേരിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ ലാൽ ചൗധരി ടെലഗ്രാഫിൽ എഴുതിയ ലേഖനമാണിത്.

കണക്കുകൾ നോക്കുമ്പോൾ ഈ മാറ്റം ഭീകരണമാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 42ൽ 22 സീറ്റുകൾ തൃണമൂൽ സ്വന്തമാക്കിയെങ്കിലും സംസ്ഥാനത്ത് എറ്റവും വലിയ നേട്ടമുണ്ടാക്കിയത് ബിജെപിയായിരുന്നു. 18 സീറ്റുകളിൽ വിജയിച്ചായിരുന്നു ബിജെപി ബംഗാളിൽ റെക്കോർഡ് വിജയം കരസ്ഥമാക്കിയത്. 2014 ൽ കേവലം രണ്ട് സീറ്റ് മാത്രം വിജയം നേടിയിടത്ത് നിന്നായിരുന്നു ഒറ്റയടിക്ക് 16 സീറ്റുകൾ ബിജെപി വർധിപ്പിച്ചത്. സിപിഎമ്മിന് കൈയിലുണ്ടായിരുന്നു രണ്ടുസീറ്റും പോയി. ചരിത്രത്തിലാദ്യമായി വോട്ട് വിഹിതം ഏഴ് ശതമാനത്തിലേക്ക് കുറയുകയും ചെയ്തു.ഇതോടെയാണ് സിപിഎമ്മിന് തങ്ങൾ എത്തിനിൽക്കുന്ന അപകടത്തിന്റെ ആഴം മനസ്സിലായത്. അതുകൊണ്ടുതന്നെ തൃണമൂലിനെ എതിർക്കാൻ ബിജെപി എന്ന അടുവുനയം മാറ്റി, തൃണമൂലും ബിജെപിയെയും ഒരുപോലെ എതിർക്കാനാണ് ബംഗാൾ സിപിഎമ്മിന്റെ തീരുമാനം. മമത നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുമ്പോൾ ഒറ്റ സീറ്റും ലഭിക്കില്ലെന്ന തിരിച്ചറിവാണ് ഇരുപാർട്ടികളെയും സഖ്യത്തിന് പ്രേരിപ്പിക്കുന്നത്. സഖ്യം സംബന്ധിച്ച് കോൺഗ്രസ്സിന്റെയും സിപിഎമ്മിന്റെയും സംസ്ഥാന നേതൃത്വങ്ങൾ ധാരണയിലായിട്ടുണ്ട്. കേരളത്തിൽ പരസ്പരം കടിച്ചുകീറാൻ നിൽക്കുന്ന രണ്ടുപാർട്ടികൾ ബംഗാളിൽ പരസ്പരം ധാരണയിൽ എത്തുന്നു. ഇതിന്റെ പേരുതന്നെയാണ് പ്രായോഗിക രാഷ്ട്രീയം. പക്ഷേ എന്നിട്ടും ബംഗാളിൽ സിപിഎം രക്ഷപ്പെടുമോ എന്നത് വേറെ കാര്യം.

പതിറ്റാണ്ടുകളുടെ കുത്തകയുണ്ടായിരുന്ന ത്രിപുരയിൽനിന്നും കെട്ടുകെട്ടി. വംഗനാട്ടിൽ സിപിഎമ്മിനെ വിഴുങ്ങിയത് ബിജെപിയായിരുന്നെങ്കിൽ ത്രപുരയിൽ ബിജെപി കോൺഗ്രസിനെ വിഴുങ്ങുകയായിരുന്നു. ആർഎസ്എസിന്റെ വർഷങ്ങൾ നീണ്ട ചിട്ടയായ സംഘടനാപ്രവർത്തനങ്ങളും, അമിത്ഷായുടെ ചാണക്യ തന്ത്രങ്ങളും കാര്യങ്ങൾ ബിജെപിക്ക് അനുകൂലമാക്കി. സിപിഎമ്മിനാകട്ടെ ദേശീയ തലത്തിൽ ഇപ്പോൾ ഒരു നല്ല നേതാവുപോലുമില്ലാത്ത അവസ്ഥയാണ്.

പഴഞ്ചൻ നിലപാടകളും വലതുപക്ഷ വ്യതിയാനവും

ബംഗാളിൽ സിപിഎം പ്രവർത്തകർ എന്തുകൊണ്ടാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് ചോദിച്ചപ്പോൾ എഴുത്തുകാരൻ രാമചന്ദ്രഗുഹയുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു. ' എന്താണ് അടിസ്ഥാനപരമായി ഒരു സിപിഎംകാരനും ബിജെപിക്കാരനും തമ്മിയുള്ള വ്യത്യാസം. രണ്ടുപേരും ഒരുപോലെ അന്ധവിശ്വാസികളാണ്. ജ്യോതിഷം നോക്കാതെ ഒരു ബംഗാളിയും ഒരു കാര്യം ചെയ്യില്ല. കാളിപൂജയുതൊട്ട് കൂടോത്രമടക്കം രണ്ട് അണികളിലും എല്ലാം ഒരുപോലെ. ഭൗതികമായ യാതൊരു മാറ്റവും അവിടെ കൊണ്ടുവരാൻ സിപിഎമ്മിന് കഴിഞ്ഞിട്ടല്ല. എങ്ങനെ സിപിഎമ്മിൽ പ്രവത്തിച്ചോ അതുപോലെ തന്നെ ഒരു ബംഗാളിക്ക് ബിജെപിയിലും പ്രവർത്തിക്കാൻ കഴിയും.'- അദ്ദേഹം വ്യക്തമാക്കി. കേരളത്തിലടക്കം സിപിഎമ്മുകാർ ഓർക്കേണ്ട ഒരു നിരീക്ഷണമാണിത്. ഭൗതികവാദമെന്ന അടിസ്ഥാന ആശയത്തിൽ വെള്ളം ചേർത്തുകഴിഞ്ഞാൽ, ഒരു തിരിച്ചടിയുണ്ടാൽ എല്ലാം ഒലിച്ചുപോകൻ അധികം സമയം വേണ്ട. ഇപ്പോളും ഷംസീറും കെ ടി ജലീലും അടക്കമുള്ളവർ ഉയർത്തുന്ന മതവാദം സത്യത്തിൽ സിപിഎമ്മിന്റെ അടിത്തറ മാന്തുകയാണ്.

പല കാരണങ്ങളാൽ കമ്മ്യുണിസം തളർന്ന് വന്നപ്പോഴും അതിന്റെ കാരണങ്ങൾ കണ്ടെത്തി തിരുത്താൻ പലകാലങ്ങളായി നേതൃത്വത്തിൽ ഇരുന്നവർക്കായില്ല. സമൂഹത്തിൽ പൊതുവേ ഉണ്ടായ മൂലച്യുതികൾ കമ്മ്യുണിസ്റ്റ് പാർട്ടികളിലും പ്രതിഫലിച്ചു. തൊഴിലാളിവർഗ്ഗത്തിന് പ്രാധാന്യം നൽകുന്നതിന് പകരം സ്വന്തം കുടുംബത്തിനും ബന്ധുക്കൾക്കും പ്രാധാന്യം നൽകുന്നതായി പല കമ്മ്യുണിസ്റ്റ് നേതാക്കളുടെയും ജീവിതം.

സ്വാശ്രയ കോളേജുകൾക്ക് നേരെ സമരം നടത്തിയിട്ട് മക്കളെ സ്വാശ്രയ കോളേജുകളിൽ പഠിപ്പിക്കുന്നതും, എന്തിനും ഏതിനും സാമ്രാജ്യത്വത്തെ കുറ്റം പറഞ്ഞിട്ട് വിദേശങ്ങളിൽ ബിസിനസ്സുകൾ ആരംഭിക്കാൻ സഹായം നൽകുന്നതും ഒക്കെ ഇന്ന് വാർത്തകളേ അല്ലാതെയായിരിക്കുന്നു. ഇറാഖിലെ അമേരിക്കൻ ആക്രമണത്തിനെതിരെ വരെ പ്രതിഷേധപ്രകടനം നടത്തിയവർ ഇന്ന് തുർക്കിയിലെ ഹാഗിയ സോഫിയ തകർത്ത നടപടിക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല. ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കുവാൻ ധൃതികൂട്ടിയവർ ഫ്ളാറ്റിന്റെ കാര്യത്തിലും സഭാവിഷയത്തിലും സുപ്രീം കോടതിവിധി നടപ്പിലാക്കാതിരിക്കാൻ നിയമസഹായം തേടുന്നു.

ഇതൊക്കെ കാണിക്കുന്നത് സിപിഎമ്മിന്റെ ക്രഡിബിലിറ്റ് വല്ലാതെ നഷ്ടപ്പെടുന്നുവെന്നതാണ്. പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്നുകേസിൽ ഉൾപ്പെടുന്ന കാലം ആർക്കെങ്കിലും സങ്കൽപ്പക്കാൻ കഴിയുമായിരുന്നോ. ഇന്നലെ വരെ അഴിമതിക്കാരൻ എന്ന് വിളിച്ച ജോസ് കെ മാണിയെ ഇന്ന് സ്വീകരിക്കാൻ സിപിഎമ്മിന് യാതൊരു മടിയുമില്ല. കാരണം അവർ ഇടതുപക്ഷം അല്ലാതെ ആയിരിക്കുന്നു. ഈ രാഷ്ട്രീയ അപചയം തന്നെയാണ് തങ്ങളുടെ അടിത്തറ തകർക്കുന്നതെന്ന് അവർക്ക് മനസ്സിലാവുന്നില്ല.

എക ബ്രാൻഡ് പിണറായി മാത്രം

കടുത്ത നേതൃദാരിദ്രമാണ് ഇന്ത്യയിൽ സിപിഎം നേരിടുന്നത്. എകെജിയെയും ഇഎംഎസിനും സുന്ദരയ്യയെയും ജ്യോതിബസുവിനെയും പോലുള്ള വ്യക്തിപ്രഭാവമുള്ള നേതാക്കൾ അവർക്കില്ല. കമ്പനിയുടെ ബിസിനസ് എക്സിക്യുട്ടീവുകളുടെ ശരീരഭാഷയുള്ള പ്രകാശ്കാരാട്ടും യെച്ചൂരിയും മറ്റും ഒട്ടും ജനകീയരല്ല. അതുകൊണ്ടുതന്നെ ഇന്ന് ഇന്ത്യയിൽ സിപിഎമ്മിനുള്ള്ള ഏക ബ്രാൻഡ് പിണറായി മാത്രമാണ്. കേരളത്തിൽക്കൂടി ഭരണം പോയാലുള്ള അവസഥയെക്കുറിച്ചും അവർക്ക് നന്നായി ബോധ്യമുണ്ട്്. അതോടെ സിപിഎം ഇന്ത്യയിൽനിന്ന് സമ്പൂർണ്ണമായി നിഷ്‌ക്കാസനം ചെയ്യപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുക.

വിമർശനങ്ങളും അക്ഷേപങ്ങളും എന്തെല്ലാം ഉണ്ടെങ്കിലും കേരള രാഷട്രീയത്തിലെ സമാനതകൾ ഇല്ലാത്ത ചരിത്രം തന്നെയാണ്, പിണറായി വിജയന്റെ ജീവിതം. പലർക്കും ഇപ്പോഴം ഒരു സമസ്യയാണത്. പിണറായി കൊച്ച് ഓലക്കുടിലിൽ ജനിച്ച വിജയൻ ഇന്ന് കേരളത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന വ്യക്തിയായി വളർന്നിരിക്കയാണ്. 96ൽ നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രി ആയതോടെയാണ് പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ രണ്ടാംഘട്ടം തുടങ്ങുന്നത്.വൈദ്യുത മന്ത്രിയെന്ന നിലയിൽ മികച്ച പ്രകടനമാണ് പിണറായി കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയും പ്രൊഫഷണലിസവും ഈ മേഖലയിൽ വലിയ മാറ്റമുണ്ടാക്കി. അക്കാലത്ത് ഇന്ത്യാടുഡെ നടത്തിയ സർവേയിൽ നായനാർ മന്ത്രിസഭയിലെ മികച്ച മന്ത്രിയായി തിരഞ്ഞെുടക്കപ്പെട്ടത് പിണറായി ആയിരുന്നു.

1998ൽ ചടയൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്ന് പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റപ്പോൾ നമ്മുടെ മാതൃഭൂമിയും മനോരമയും അടക്കമുള്ള പത്രങ്ങൾ എഴുതിയത് നോക്കുക. നായനാർ മന്ത്രിസഭയിൽ നിന്ന് മികച്ച ഒരു മന്ത്രിയെ നഷ്ടപ്പെട്ടെന്നും ഇത് ഫലത്തിൽ കേരള വികസനത്തിന് അങ്ങേയറ്റം ദോഷമാണെന്നും. മിന്നാമിനുങ്ങുപോലെ ബൾബ് കത്തുന്ന, രണ്ടര മണിക്കൂർ ലോഡ് ഷെഡ്ഡിങ്ങുള്ള ഒരു കാലത്തുനിന്ന് കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കാനായി അക്ഷീണമായി പണിയെടുത്തു പിണറായി വിജയനും സംഘവുമെന്ന് അന്നത്തെ പത്രങ്ങൾ ഒരു പോലെ എഴുതി.

കേരളത്തെ എക്കാലവും വിമർശന ബുദ്ധിയാൽ വിലയിരുത്താറുള്ള കാർട്ടൂണിസ്റ്റ് ഉണ്ണി അക്കാലത്ത് പറഞ്ഞത് ഇങ്ങനെ. 'പിണറായി വിജയനെപ്പോലുള്ള ചുരുക്കം ചില നേതാക്കൾക്കുമാത്രമേ കേരള വികസനത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളൂ'. അതായത് അന്ന് വികസനനായകനായിരുന്നു പിണറായി. പിന്നീട് ലാവലിൻ കരാർ വിവാദമായതോടെ അദ്ദേഹം വില്ലനുമായെന്നത് ചരിത്രത്തിന്റെ കാവ്യ നീതിയായി.

പക്ഷേ ആക്ഷേപങ്ങൾ എല്ലാ മറികടന്ന് അദ്ദേഹം കേരള മുഖ്യമന്ത്രിയായി. ഇപ്പോൾ കേരളത്തിൽ ഇത് സർക്കാറിനനേർക്കുള്ള വിമർശനങ്ങളുടെ കാലമാണ്. സ്വപ്നയും സ്വർണ്ണക്കടത്തും ലൈഫ് മിഷനുമായി സർക്കാർ അടിമുടി പതിറി നിൽക്കുന്നു. ഈ സമയത്ത് കേരളത്തിലും ഭരണമാറ്റമുണ്ടായോലോ. അത് കമ്യൂണിസ്റ്റ് പാർട്ടികളുടെ നിഷ്‌ക്കാസനവും ആയിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP