Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202228Friday

ഒരു സോഷ്യലിസ്റ്റ് രാജ്യം മറ്റൊരു സോഷ്യലിസ്റ്റ് രാജ്യത്തെ ആക്രമിക്കയില്ലെന്ന നെഹ്രുവിന്റെ ഉറച്ച വിശ്വാസം തകർത്ത 62ലെ ചതി; അതിർത്തി തർക്കമുള്ളത് വടക്കൻ കൊറിയ അടക്കം 20 രാജ്യങ്ങളുമായി; സഹായിച്ച് തുറമുഖങ്ങളും വ്യവസായ ശാലകളും കൈക്കലാക്കും; ഉറ്റ സുഹൃത്ത് പാക്കിസ്ഥാനെയും യൂറോപ്പിലെ ഏക പങ്കാളികളായ ഇറ്റലിയെയും വരെ വഞ്ചിച്ചു; യൂറോപ്പ്യൻ യൂണിയൻ സൗജന്യമായി നൽകിയ ഉപകരണങ്ങൾ അവർക്കുതന്നെ മറിച്ചു വിറ്റു; ചങ്കല്ല ഇത് ചതിയൻ ചൈന!

ഒരു സോഷ്യലിസ്റ്റ് രാജ്യം മറ്റൊരു സോഷ്യലിസ്റ്റ് രാജ്യത്തെ ആക്രമിക്കയില്ലെന്ന നെഹ്രുവിന്റെ ഉറച്ച വിശ്വാസം തകർത്ത 62ലെ ചതി; അതിർത്തി തർക്കമുള്ളത് വടക്കൻ കൊറിയ അടക്കം 20 രാജ്യങ്ങളുമായി; സഹായിച്ച് തുറമുഖങ്ങളും വ്യവസായ ശാലകളും കൈക്കലാക്കും; ഉറ്റ സുഹൃത്ത് പാക്കിസ്ഥാനെയും യൂറോപ്പിലെ ഏക പങ്കാളികളായ ഇറ്റലിയെയും വരെ വഞ്ചിച്ചു; യൂറോപ്പ്യൻ യൂണിയൻ സൗജന്യമായി നൽകിയ ഉപകരണങ്ങൾ അവർക്കുതന്നെ മറിച്ചു വിറ്റു; ചങ്കല്ല ഇത് ചതിയൻ ചൈന!

എം മാധവദാസ്

മഴ്ന്ന് വീണാൽ കാൽപ്പണം! എവിടെയൊക്കേയൊ ഒരു ഇഞ്ച്ഭൂമിയുണ്ടോ അതൊക്കെ വേണം താനും. റോഗ് സ്റ്റേറ്റ്സ് അഥവാ തെമ്മാടി രാഷ്ട്രം എന്ന് മുദ്ര കുത്തി അമേരിക്ക പണ്ട പല രാഷ്ട്രങ്ങളെയും ദ്രോഹിച്ചിരുന്നു. പക്ഷേ ഇന്ന് അത്തരമൊരു വിശേഷണത്തിന് ഉതകുന്ന ലക്ഷണമൊത്ത രാഷ്ട്രം ഉണ്ട്. പക്ഷേ അമേരിക്കുകുപാലും അവരെ തൊടാൻ പേടിയാണ്. അതാണ് ചൈന. അമേരിക്കൻ കടപത്രങ്ങൾ ചൈന വിറ്റഴിച്ചാൽ പിന്നെ ഡോളർ ഇല്ല. മണ്ണും സമ്പത്തും വെട്ടിപ്പിടിച്ച് ലോകമെമ്പാടും സ്വന്തം ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന രാജ്യം. അതിന് അവർ എന്ത് തന്ത്രവും പുറത്തെടുക്കും. ചൈനയെന്ന കമ്യൂണിസ്റ്റ് രാഷ്ട്രം ഇന്ന് റെഡ് ക്യാപിറ്റലിസത്തിന്റെ ഭീകരമായ മുഖമാണ് ലോകത്തിന് തുറന്നുകാട്ടുന്നത്.

വ്യക്തിസ്വാതന്ത്ര്യമില്ലാത്ത രാജ്യത്ത് വിമത ശബ്ദങ്ങളെയെല്ലാം അടിച്ചമർത്തി വളരുന്ന ഒരു നിഷ്ഠൂര രാജ്യം. പുല്ലുമുളക്കാത്ത ലഡാക്കിലെ മഞ്ഞുമലകളിൽ തോക്കിൽപാത്തികൊണ്ടും കല്ലുകൊണ്ടും അടിച്ച് 20ഓളം ഇന്ത്യൻ സൈനികരെ കൊന്നുകളഞ്ഞതൊക്കെ ചൈന നടത്തിയ ചെറിയ ചില സംഭവങ്ങൾ മാത്രം. ചൈനീസ് വ്യാളി ഇതൊന്നുമല്ല. അടിസ്ഥാനമായി പണമാണ് ചൈനയുടെ പ്രശനം. അവർക്ക് വേണ്ടത് ലോകത്തിന്റെ ആധിപത്യമാണ്. കോവിഡാനന്തരം ലോകം തങ്ങളുടെ കൈപ്പിടിയിൽ ഉണ്ടാകുമെന്ന് അവർ കരുതുന്നു. ഇന്ത്യയോടുള്ള പ്രകോപനത്തിന്റെ അടിസ്ഥാന പ്രശനവും അതുതന്നെ. മറ്റെന്തെങ്കിലും പ്രശ്‌നത്തിലെ വൈരവഗ്യം തീർക്കാനായി നിസ്സാരപ്രശ്‌നങ്ങൾക്ക് കവലിൽ കത്തിയെടുത്ത് വെല്ലുവിളിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാക്കാലത്തെ ചട്ടമ്പികളെപ്പോലെയാണ് ചൈനയുടെ പെരുമാറ്റം.

ഇന്ത്യൻ അതിർത്തിയിൽ നിരന്തരം സംഘർഷം ഉണ്ടാക്കുന്നത് നമ്മെ ഭീഷണിപ്പെടുത്താൻ തന്നെയാണ്. അതിർത്തിയിലെ ഏതാനും മഞ്ഞുമലകൾ കിട്ടിയിട്ട് ചൈനക്ക് യാതൊരു കാര്യവുമില്ല. അവർക്ക് വേണ്ടത് 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ വിപണിയാണ്. കേന്ദ്ര സർക്കാർ ചൈനീസ് കമ്പനികളെ ഇന്ത്യൻ കോർപറേറ്റുകളിൽ നിക്ഷേപിക്കുന്നത് തടഞ്ഞുകൊണ്ടുവന്ന ബില്ലാണ് ഇപ്പോഴത്തെ പ്രകോപനം.

മാത്രമല്ല കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യ അമേരിക്കയുമായി നല്ല ബന്ധത്തിൽ ആയതും ചൈനക്ക് അത്ര പിടിച്ചിട്ടില്ല. കോവിഡനുശേഷം ചില കമ്പനികൾ ചൈന വിട്ട് ഇന്ത്യയിലേക്ക് വരുന്നുവെന്ന് വാർത്തകൾ പടരുന്നു. ഇതൊക്കെ തന്നെയാണ് അടിസ്ഥാനപരമായി ചൈനയുടെ പ്രശ്‌നം. അതിനുവേണ്ടിയാണ് 62ൽ ഇന്ത്യതോറ്റയുദ്ധം അവർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. മരിയാദക്ക് ഞങ്ങൾ പറയുന്നത് കേട്ടില്ലെങ്കിൽ ഇനിയും പണിതരുമെന്ന്.

അതുകൊണ്ടുതന്നെ ഇന്ത്യ ഏറെ സൂക്ഷിക്കേണ്ടതുണ്ട്. ചങ്കിലെ ചൈനയെന്ന് കേരളത്തിലെ കമ്യുണിസിറ്റ് സാഹിത്യകാരികൾ പുസ്തകം രചിക്കുന്നുതുപോലെയല്ല കാര്യങ്ങൾ. ചൈനയുടേത് സമാനതകൾ ഇല്ലാത്ത ചതിയുടെ ചരിത്രം കൂടിയാണ്.

നെഹ്‌റുവിന്റെ മരണത്തിലേക്ക് നയിച്ച ചൈനീസ് ചതി

ഇന്ത്യാ- ചൈന ഭായിഭായി. 1962നുമുമ്പേ ഇന്ത്യയിൽ പ്രചരിച്ചിരുന്ന മുദ്രാവാക്യം അതായിരുന്നു. ചേരിചേരാ നയത്തിലും പഞ്ചശീല തത്വങ്ങളിലും അടിയുറച്ച് വിശ്വസിച്ചിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അവസാന നിമിഷംവരെ കരുതിയിരുന്നത് ചൈന ഇന്ത്യയെ ആക്രമിക്കില്ല എന്നു തന്നെയായിരുന്നു. സോഷ്യലിസത്തിൽ വിശ്വസിക്കുന്ന ഒരു രാജ്യം സോഷ്യലിസത്തിൽ വിശ്വസിക്കുന്ന മറ്റൊരു രാജ്യത്തെ ആക്രമിക്കുമോ എന്ന് ഒരിക്കൽ നെഹ്റു ചോദിച്ചതായി വി കെ കൃഷ്ണമേനോൻ മുമ്പ് എഴുതിയിട്ടുണ്ട്. 1960 ൽ പ്രധാനമന്ത്രി നെഹ്‌റുവും ചൈനീസ് പ്രധാനമന്ത്രി ചൗഎൻ ലായിയും തമ്മിൽ അതിർത്തി പ്രശ്‌നം പരിഹരിക്കുന്നതിന്റെ വക്കിലെത്തിയിരുന്നെങ്കിലും അത് നടന്നില്ല. ചൈന അതിൽ നിന്ന് പതുക്കെ പിന്മാറുകയായിരുന്നു.

രണ്ടു ലോകമഹായുദ്ധങ്ങളിലെ ഭാരതത്തിന്റെ പങ്കും ത്യാഗവും പരിഗണിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയിലെ സ്ഥിരംഗത്വത്തിന് എല്ലാ അർഹതയും സാധ്യതകളും ഉണ്ടായിട്ടും ആ അവസരം ഉപയോഗിക്കാതെ ചൈനയുടെ ഒപ്പം നിൽക്കാനാണ് നെഹ്രു തയ്യാറായത്. ഹിന്ദി ചീനി ഭായി ഭായി എന്ന മുദ്രാവാക്യവും പഞ്ചശീല തത്വങ്ങളും ഒക്കെ രംഗം കൊഴുപ്പിക്കുമ്പോൾ അണിയറയിൽ തയ്യാറാവുന്ന ചതിയുടെ രസതന്ത്രങ്ങൾ മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിയാതെപോയി. 1962 ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ ലോകം തന്നെ ഞെട്ടി. കശ്മീരിന്റെ നല്ലൊരു ശതമാനം ഭൂമി നഷ്ടപ്പെട്ട് ,ചരിത്രത്തിലെ എറ്റവും വലിയ നാണം കെട്ട തോൽവികളിലൊന്നിലെക്ക് നാം വീണു കഴിഞ്ഞിരുന്നു.

യഥാർഥത്തിന്റെ നെഹുറിവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നാണക്കേടായിരുന്നു ആ തോൽവി. അദ്ദേഹത്തിന്റെ ആരോഗ്യം തകർക്കുന്നിൽ വലിയൊരു പങ്ക് ആ സംഭവത്തിനുണ്ട്.പിന്നെ വെറും 2 വർഷം മാത്രമാണ് അതിരുകളില്ലാത്ത ലോകത്തിൽ വിശ്വസിച്ചിരുന്നു ആ മഹാനായ മനീഷി ജീവിച്ചിരുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ നെഹറുവിനെ മരണത്തിലേക്ക് നയിച്ചതും ഈ ചൈനീസ് ചതി തന്നെയായിരുന്നു. ചൈനാ യുദ്ധക്കാലത്ത് ഒരു പ്രസ്താവനപോലും നന്നായി ഇറക്കാൻ കഴിയാത്ത അത്ര പ്രശ്നത്തിലായിരുന്നു കമ്യൂണിസ്ററ് പാർട്ടിയൊക്കെ. 'നാം നമ്മുടേതെന്നും അവർ അവരുടേതെന്നും പറയുന്ന ഭൂമി' എന്ന് പറയുന്ന ഒരു നാണം കെട്ട പ്രസ്താവന മാത്രമാണ് ഇഎംഎസിന്റെയൊക്കെ ഭാഗത്തുനിന്ന് ഉണ്ടായത്.

അതിർത്തികൾ തങ്ങൾക്ക് തോന്നുംപോലെ

'ദൃഷ്ടി പതിയുന്നിടത്തെല്ലാം ജഗന്നാഥന്റെ മണ്ണ്' എന്ന് മോഹൻലാൽ കഥാപാത്രം പറയുന്നപോലെയാണ് ചൈനയുടെ കാര്യം. അന്താരാഷട്ര നിയമങ്ങളും അതിർത്തികളും കരാറുകളും ഒന്നും അവർക്ക് പൂർണ്ണമായും ബാധകമല്ല. ചൈന സൗകര്യംപോലെ അതെല്ലാം മാറ്റിപ്പറയും. പതിനാലു രാജ്യങ്ങളുമായിട്ടാണ് ചൈന നേരിട്ട് അതിർത്തി പങ്കിടുന്നത്. എന്നാൽ അവർക്ക് അതിർത്തി തർക്കമുള്ളത് ഇരുപതോളം രാജ്യങ്ങളുമായിട്ടാണ്! പ്രതിരോധ രംഗത്ത് അവർ ഏറ്റവും സഹകരിക്കുന്ന റഷ്യ, ചൈനയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാർ ആയ വടക്കൻ കൊറിയ അടക്കം കര അതിർത്തിയുള്ള രാജ്യങ്ങളെ കൂടാതെ ജപ്പാൻ, മലേഷ്യ, ബ്രുണായ്, ഫിലിപ്പെൻസ് ,തായ്വാൻ തുടങ്ങിയ വിദൂരസ്ഥങ്ങളായ രാജ്യങ്ങളിലെ ഭാഗങ്ങൾക്കുനേരെയും ഇവർ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ദക്ഷിണ ചൈന കടലിലെ ദ്വീപുകളുടെ അവകാശവാദത്തിന്മേലുള്ള സംഘർഷം ലോകത്തിനു തന്നെ തലവേദനയായിട്ട് വർഷങ്ങളായി. അതായത് ഒരു രാജ്യവുമായി എത്ര കണ്ട് നല്ല വ്യാപാര- വാണിജ്യ ബന്ധമുണ്ടെങ്കിലും ശരി ഒരു തരി മണ്ണിനുവേണ്ടി ചൈന അവരുമായി പിണങ്ങും. ഒരു മാതിരി പഴല ഫ്യൂഡൽ നാട്ടു പ്രമാണിമാരുടെ സെറ്റപ്പാണ് ചൈനക്ക്.

ഒരുകാര്യവുമില്ലാത്ത സ്ഥലത്ത് അവകാശവാദം ഉന്നയിക്കുന്ന ചൈനക്കാണോ വ്യക്താമയി അതിർത്തിയില്ലാത്തിടത്ത് വെട്ടിപ്പിടിക്കാൻ താൽപ്പര്യമില്ലാതിരിക്കുക. പാക്കിസ്ഥാനുമായുള്ള നിയന്ത്രണ രേഖ(എൽഒസി)യിൽ നിന്നും വ്യത്യസ്തമാണ് ചൈനയുമായുള്ള ഇന്ത്യയുടെ അതിർത്തി. മകമോഹൻ ലൈൻ എന്നൊക്കെ പറയുന്ന ഇവിടെ വ്യക്തമായ അതിർത്തി രേഖപ്പെടുത്തുകയോ ഭൂപടങ്ങൾ പരസ്പരം കൈമാറുകയോ ചെയ്തിട്ടില്ല. ബ്രിട്ടീഷ് സിവിൽ സെർവെന്റ് ആയിരുന്ന സർ ഹെന്റി മക് മോഹൻ ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായിരുന്ന കാലത്തും, ചൈനയിൽ വിപ്ലവം നടന്ന് ജനകീയ ചൈനയാവുന്നതിന് മുൻപുള്ള കാലത്തും രേഖപ്പെടുത്തിയ അവ്യക്തമായ ഒരു അതിർത്തിയാണത്.

1914 ലെ സിംല കരാർ ആദ്യം ടിബറ്റ്, ചൈന, ബ്രിട്ടീഷ് ഇന്ത്യ ഇവ അംഗീകരിച്ചിരുന്നെങ്കിലും, പിന്നീട് ചൈന അതിൽ നിന്ന് പിന്മാറിയിരുന്നു. സിംല കരാറിൽ ഇന്ത്യാ - ചൈനാ അതിർത്തിയായി രേഖപ്പെടുത്തിയിരുന്ന മക് മോഹൻ രേഖയ്ക്ക് വ്യക്തമായ ഒരു ലിഖിത - രേഖാചിത്ര രൂപം ഉണ്ടായിരുന്നില്ല എന്നത് വസ്തുതയാണ്. അതുകൊണ്ട് തന്നെ എൽഎസി സംബന്ധിച്ച് ഇരു രാഷ്ട്രങ്ങളുടെയും കാഴ്ചപ്പാടുകളും സമീപനങ്ങളും വ്യത്യസ്തമാണ്. ഇത് മുതലെടുത്ത് ചൈന ഇടക്കിടെ ഇന്ത്യയിലേക്ക് കയറിവരും. കാരണം നേരത്തെ പറഞ്ഞ ആർത്തി തന്നെ. പുല്ലുപോലും മുളക്കാത്ത മൈനസിലേക്ക് താഴുന്ന മഞ്ഞുമലകൾ ആണെങ്കിലും ചൈനീസ് സാമ്രാജ്വത്വത്തിന് ഒരു തരിയെങ്കിലും വെട്ടിപ്പിടിച്ചേ മതിയാവൂ.ഈ അവ്യക്തത തന്നെയാണ് 2013 ൽ ഡെസ്പാങ് താഴ്‌വരയിലും 2014 ൽ ചുമാറിലും 2017 ൽ ദോക്ലാമിലും ഉണ്ടായ തർക്കത്തിന് കാരണമായത്. അതാണിപ്പോൾ കിഴക്കൻ ലഡാക്കിലും ആവർത്തിക്കപ്പെടുന്നത്.

കേന്ദ്രസർക്കാരിന്റെ കണക്കനുസരിച്ച് 2016-2018 കാലയളവിൽ 1,025 തവണയാണ് ചൈനീസ് സൈന്യം അതിർത്തി ലംഘിച്ചത്. 2017 ൽ ദോക്ലയിൽ രണ്ടു മാസത്തോളമാണ് ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ നേർക്കുനേർ നിന്നത്. ഭൂട്ടാനും ചൈനയും അവകാശവാദമുന്നയിക്കുന്ന സ്ഥലമാണ് ദോക്ല. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ജൂൺ 16 ന് ഈ മേഖലയിൽ റോഡ് നിർമ്മിച്ചതാണ് പ്രശ്നത്തിനു കാരണമായത്. ജൂൺ 18 ന് ഓപ്പറേഷൻ ജുണിപെറിന്റെ ഭാഗമായി 270 ഇന്ത്യൻ സൈനികർ രണ്ടു ബുൾഡോസറുകളുമായി സിക്കിം അതിർത്തി കടന്ന് ദോക്ലയിലെത്തി. മേഖലയിൽ റോഡ് നിർമ്മിക്കുന്നതിനെതിരെ ഭൂട്ടാനും രംഗത്തെത്തി.ഇതിനിടയിൽ ദോക്ല ചൈനയുടെ ഭാഗമാണെന്നു കാട്ടുന്ന ഭൂപടം ചൈന പുറത്തുവിട്ടു. എന്നാൽ 2012-ലെ ധാരണ ലംഘിക്കുന്ന നടപടിയാണ് ചൈനയുടേതെന്ന് ഇന്ത്യ തിരിച്ചടിച്ചു. ഒടുവിൽ ഓഗസ്റ്റ് 28 ന് സൈനികരെ മേഖലയിൽനിന്നു പിൻവലിക്കുന്നതായി ഇരുരാജ്യങ്ങളും അറിയിച്ചതോടെയാണ് സംഘർഷത്തിന് അറുതിയായത്.

നയതന്ത്ര വിദഗധൻ ടി പി ശ്രീനിവാസൻ ഇങ്ങനെ പറയുന്നു.'ലോകത്ത് പ്രധാന കാര്യങ്ങൾ സംഭവിക്കുമ്പോൾ ചൈന ഇന്ത്യൻ അതിർത്തിയിൽ എത്തിനോക്കാറുണ്ട്. ഇന്ത്യ-ചൈന അതിർത്തി കൃത്യമായി അടയാളപ്പെടുത്തിയതല്ല. അതൊരു ആക്ച്വൽ കൺട്രോൾ ആണ്. ബോർഡർ ലൈൻ പോലും ഇല്ല. ഇന്ത്യയും ചൈനയും അതിർത്തിയിൽ മുഖാമുഖം നിൽക്കുകയാണ്. പക്ഷെ വളരെ നീളം കൂടിയ അതിർത്തി ആയതിനാൽ എപ്പോഴും പട്രോളിങ് നടത്താൻ കഴിയില്ല. ഒരു ഗ്യാപ് വരുമ്പോൾ ചൈന അതിർത്തിയിൽ കടന്നുകയറും. ടെന്റ് അടിക്കും. ഇന്ത്യ പരാതി പറയുമ്പോൾ ബഹളം കൂട്ടുമ്പോൾ അത് നിങ്ങളുടെ സ്ഥലമാണോ എങ്കിൽ ഞങ്ങൾ പോകുന്നു എന്ന് പറഞ്ഞു പോകും. ഇതൊരു സ്ഥിരം പരിപാടിയാണ്. ഇത് ഒരു പാട് തവണ സംഭവിച്ചിട്ടുണ്ട്.'- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തളരുമ്പോൾ അടിക്കുന്ന രാഷ്ട്രീയ ശൈലി

എതിരാളികൾ തളരുമ്പോൾ അടിക്കുന്ന രാഷ്ട്രീയ ശൈലിയാണ് എക്കാലത്തും ചൈന സ്വീകരിക്കാറുള്ളത്. ഇപ്പോൾ അതിർത്തിയിൽ സംഘർഷമുണ്ടാക്കിയത് രണ്ട് കാര്യങ്ങൾ കൊണ്ടു കൂടിയാണ്. ഒന്ന് ഇന്ത്യയും ഇപ്പോൾ ഇന്ത്യയുമായി നല്ല ബന്ധമുള്ള അമേരിക്കയും ഒരു പോലെ തളർന്നു നിൽക്കായാണ്. 1962ൽ ചൈന ഇന്ത്യയെ ആക്രമിക്കുമ്പോൾ അമേരിക്ക പ്രതിസന്ധിയിലായിരുന്നു. ക്യൂബൻ പ്രതിസന്ധിയിൽ അമേരിക്ക മുങ്ങിത്താഴുമ്പോഴാണ് ചൈന ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുകയറുകയും ഇന്ത്യൻ പ്രദേശങ്ങൾ കയ്യടക്കുകയും ചെയ്തത്. അന്ന് അമേരിക്കൻ സഹായം ഇന്ത്യയ്ക്ക് ലഭിക്കില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ചൈന ഇന്ത്യയെ ആക്രമിച്ചത്. ക്യൂബൻ പ്രതിസന്ധിയിൽ നിന്ന് അമേരിക്ക കരകയറിയപ്പോൾ ചൈന ഇന്ത്യയിലേക്കുള്ള കടന്നുകയറ്റവും ആ കാലത്ത് നിർത്തി. ഇപ്പോൾ അമേരിക്ക ദുർബലമായ അവസ്ഥയിലാണ്.

കോവിഡ് പ്രതിസന്ധി കാരണം അമേരിക്ക തകർന്നടിഞ്ഞിരിക്കുന്ന സമയമാണ്. അമേരിക്കൻ സഹായം പെട്ടെന്ന് ലഭിക്കില്ലെന്ന് ഉറപ്പുള്ള സമയത്ത് തന്നെയാണ് ഇന്ത്യയിൽ അതിർത്തി സംഘർഷം വഷളായ അവസ്ഥയിലേക്ക് ചൈന നീക്കുന്നത്. പക്ഷെ നിലവിലെ അതിർത്തിയിലെ ഈ നീക്കം യുദ്ധത്തിൽ കലാശിക്കാനുള്ള സാധ്യതയില്ല. ഇരു സൈന്യങ്ങളും തോക്കുയർത്താത്ത അവസ്ഥ നിലനിൽക്കുകയാണ്. അമേരിക്ക ദുർബലമായ അവസ്ഥയിൽ ലോകമേധാവിത്തത്തിനുള്ള ശ്രമം കൂടി ഇന്ത്യൻ അതിർത്തിയിലെ ചൈനാ നീക്കങ്ങളിൽ നിന്നും തെളിയുന്നുണ്ട്. ഇതെല്ലാം ഈ ലക്ഷ്യം മുൻ നിർത്തിയുള്ള ചൈനയുടെ നീക്കങ്ങളുടെ ഭാഗമാണ്. ഇന്ത്യയിലും കോവിഡ് വൻ പ്രതിസന്ധിയുണ്ടാക്കുന്ന കാലം കൂടിയാണ് ഇതെന്ന് ഓർക്കണം. എന്നാൽ ചൈനയാകട്ടെ കോവിഡിൽ നിന്ന് ഏതാണ്ട് കരകയറി വരികുയുമാണ്.

കോവിഡിൽ ചതിച്ചത് ലോകത്തെ തന്നെ

പക്ഷേ കോവിഡ് മഹാമാരിയിൽ ചൈന ചതിച്ചത് ലോകത്തെ തന്നെയാണ്. വുഹാനിലെ ഒരു മാംസ മാർക്കറ്റിൽ ഉണ്ടായ, പ്രഭവസ്ഥലത്തുവെച്ച് തന്നെ തടയാൻ കഴിയുമായിരുന്ന ഒരു വൈറസിനെ, ഇരുമ്പുമറമൂലം മറച്ചൂവെച്ച് ഒരു ബയോളജിക്കൽ ചെർണോബില ദുരന്തമാക്കുകയാണ് ചൈന ചെയ്തത്.ചെർണോബിൽ ദുരന്തത്തിൽ 31പേർ മാത്രമാണ് മരിച്ചതെന്ന്കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയൻ നൽകിയ കണക്ക് ഓർക്കണം. ഈ ഇരുമ്പുമറ ഇപ്പോഴും നിലനിൽക്കുന്നു. ാൽപ്പതിനായിരത്തോളംപേർ വൂഹാനിൽ കോവിഡ് മൂലം മരിച്ചുവെന്ന് പാശ്ചാത്യമാധ്യമങ്ങൾ അവിടുത്തെ ശ്മാനങ്ങളിൽനിന്ന് കൊടുത്ത ചിതാഭസ്മത്തിന്റെ കണക്കും, പേരു വെളിപ്പെടുത്താത്ത പ്രദേശവാസികളുമായുള്ള അഭിമുഖവുമൊക്കെ എടുത്തതിന്റെ അടിസ്ഥാനത്തിൽ പറയുമ്പോഴും ചൈന പറയുന്നത് വെറും മൂവായിരത്തിലേറെ മരണങ്ങളുടെ കണക്ക് മാത്രമാണ്! മരണസംഖ്യയിൽ മാത്രമല്ല ചെർണോബിൽ ദുരന്തവും കോവിഡ് വ്യാപനവും തമ്മിലുള്ള അഭൂതപൂർവമായ സാമ്യം ഇരിക്കുന്നത്.

ചെർണോബിൽ ദുരന്തത്തിനു ശേഷം, പതിനായിരക്കണക്കിനു കുട്ടികളെ ആണവധൂളിയിലൂടെ മാർച്ച് ചെയ്യാൻ നിര്ബ്ബന്ധിതരാക്കും വിധം കീവ് നഗരത്തിലെ മെയ് ദിന പരേഡ് നടത്തിയേ പറ്റൂ എന്ന് സോവിയറ്റ് അധികൃതർ നിർബ്ബന്ധം പിടിക്കുകയുണ്ടായി. ഇതേ നിർബ്ബന്ധബുദ്ധിയുടെ സമാനദൃശ്യമാണ് കഴിഞ്ഞ മാസം വുഹാനിൽ കാണാനായത് .വുഹാനിലെ ബൈബുട്ടിങ് ജില്ലയിൽ , നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സര വിരുന്നു നടത്താൻ അധികൃതർ തീരുമാനിച്ചു.സമൂഹവിരുന്നിന്റെ ഇരുപതാം വർഷത്തിൽ, വിഭവങ്ങളുടെ എണ്ണത്തിൽ ഒരു റിക്കാർഡ് സൃഷ്ടിക്കാൻ സംഘാടകർ ശ്രമിച്ചു . നാൽപ്പതിനായിരം കുടുംബങ്ങൾ ഉണ്ടാക്കിയ 13, 986 തരം വിഭവങ്ങൾ വിളമ്പിക്കൊണ്ടാണ് , ആയിരക്കണക്കിന് ആൾക്കാർ പങ്കെടുത്ത ആ സമൂഹവിരുന്ന് നടന്നത് ! അപ്പോഴും കോവിഡ് പടരുകയായിരുന്നു. ഭരണകൂടം നൽകിയ ഉറപ്പിൽ നിരപരാധികളായ മനുഷ്യർ അതൊന്നും അറിഞ്ഞില്ല.

ഇതേ ഫീഡ്ബാക്കാണ് ചൈന തങ്ങളുമായി അടുത്ത ബന്ധം പുലർത്തിയ എല്ലാരാജ്യങ്ങൾക്കും നൽകിയത്. ഇതിൽ ഇറ്റലിയും ഉൾപ്പെടും. അത് വിശ്വസിച്ച അവർ ഹഗ് എ ചൈനീസ് എന്നപേരിൽ കാമ്പയിൽ നടത്തി. കോവിഡ് വ്യാപനമാണ് അതുമൂലം ഉണ്ടായത്. പ ഒരൊറ്റ മാംസമാർക്കറ്റിൽ നിന്ന് ഉടലെടുത്ത ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ ചൈന വഷളാക്കി. രോഗം ആദ്യം കണ്ടെത്തിയ ഡോക്ടറെ പിടിച്ച് അകത്തിടുകയാണ് ചൈന ചെയ്തത്. ആളുകൾ മരിച്ചുവീഴുമ്പോളും രോഗം മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പടരും എന്നതിന് തെളിവില്ലെന്ന് ഭരണകൂടം പറഞ്ഞു. ഇതു വിശ്വസിച്ച പാവം ജനം ഒന്നുമറിയാതെ ഇടപഴകി വീണ്ടും കോവിഡ് പടർത്തി. ലോകത്തിന്റെ നാനാഭാഗത്തേക്കും കയറ്റുമതി ചെയ്തു. ആ രീതിയിൽ നോക്കുമ്പോൾ ചൈനീസ് ഭരണകൂടത്തിന് ഈ രോഗത്തിന്റെ സൃഷ്ടിയിൽ വലിയ പങ്കുണ്ട്. അതുകൊണ്ടാണ് ചൈനക്കെതിരെ കേസ് പോകണണെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആവശ്യം ഉയരുന്നത്.

ഉറ്റ സുഹൃത്ത് പാക്കിസ്ഥാനെയും ചതിച്ചു

കാശിന്റെകാര്യം വരുമ്പോഴും ചൈനക്ക് ബന്ധുവെന്നോ സുഹൃത്ത് രാജ്യമെന്നോ ഉള്ള പരിഗണനയൊന്നുമില്ല. ഇരുമ്പുസഹോദരന്മാർ എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്നവരാണ് ചൈനയും പാക്കിസ്ഥാനും. ശരിക്കും ചങ്ക് ബ്രോസ്. ആ പാക്കിസ്ഥാനെ ഈ കോവിഡ് കാലത്ത് ചൈന പറ്റിച്ചുവെന്നത് അമ്പരപ്പിക്കുന്നതാണ്. കോവിഡ് പ്രതിരോധത്തിന് എന്നപേരിൽ ലക്ഷക്കണത്തിന് നിലവാരമില്ലാത്ത പരിശോധന കിറ്റുകളാണ് ചൈന പാക്കിസ്ഥാന് നൽകിയത്! ചൈന തങ്ങളോട് അങ്ങനെ ചെയ്യില്ല എന്ന ഉറപ്പിൽ പണി തുടങ്ങിയ ഇംറാനും കൂട്ടർക്കും ഇപ്പോൾ ശരിക്കും പണി കിട്ടി. തങ്ങളുടെ എക്കാലത്തെയും വലിയ സുഹൃത്തായ പാക്കിസ്ഥാനെ വരെ വഞ്ചിച്ചത് ചൈനയുടെ കുപ്രസിദ്ധി വർദ്ധിപ്പിച്ചു.

കോവിഡ് കാലത്ത് അമേരിക്കയയെും ചൈന ചതിക്കാൻ ശ്രമിച്ചു. കോവിഡിൽ യുഎസ് ആരോഗ്യ മേഖലയിൽ വലിയ പ്രതിസന്ധി വന്ന സാഹചര്യത്തിൽ, അതായത് ആന്റി ബോഡി ടെസ്റ്റുകൾ വ്യാപകമാക്കേണ്ട ആവശ്യകത ഉള്ള സമയത്ത് കമ്പനികളുടെ ഗുണനിലവാരം ടെസ്റ്റ് ചെയ്യാതെതന്നെ ഉപയോഗപ്പെടുത്താം എന്ന ഇളവ് അവർ നൽകി. അതോടെ അവിടെയും വിപണി കണ്ടെത്താൻ ചൈന എത്തി. ഗുണനിലവാരമില്ലാത്ത ആന്റിബോഡി കിറ്റുകൾ ഇറക്കി അമേരിക്കയെ മുഴുവൻ പ്രതിസന്ധിയിലാക്കി, അതുപോലെതന്നെ ഇറ്റലിയിലും സംഭവിച്ചു. ആയിരങ്ങൾ മരിച്ചുവീഴുമ്പോൾ കച്ചവട കണ്ണുമായായിരുന്നു ചൈന അവരെയും സമീപിച്ചത്. യൂറോപ്പിൽ ചൈനയെ അനുകൂലിക്കുന്ന ഏക രാഷ്ട്രമാണ് ഇറ്റലിയെന്ന് ഓർക്കണം. ചൈനയെ അനകൂലിക്കാനായി നടത്തിയ 'ഹഗ് എ ചൈനീസ് കാമ്പയിൻ' വഴിയാണ് ഇറ്റലിയിൽ കോവിഡ് വ്യാപകമായതെന്നും ഓർക്കണം. സുരക്ഷാ ഉപകരണങ്ങളും മാസ്‌കുകളും ഇറ്റലിക്ക് വൻ വിലയ്ക്കാണ് അന്ന് ചൈന കൈമാറിയത്. അതായത് ചൈന പ്രതിസന്ധിയിലായിരുന്ന വേളയിൽ യൂറോപ്പ്യൻ യൂണിയൻ സൗജന്യമായി നൽകിയ ഉപകരണങ്ങൾ ഒരു ഉളുപ്പുമില്ലാതെ ചൈന വൻ തുകയ്ക്ക് മറിച്ചുവിറ്റു! പിന്നീട് ഇറ്റലിക്ക് തുണയായത് ക്യൂബൻ ആരോഗ്യ സംവിധാനങ്ങളായിരുന്നു.

അവിടം കൊണ്ട് നിർത്താതെപല രാജ്യങ്ങളെയും മെഡിക്കൽ ഉപകരണങ്ങളുടെ പേരിൽ വഞ്ചിച്ചുകൊണ്ടേ ഇരുന്നു. നിലവാരം കുറഞ്ഞവ വിപണിയിൽ വിറ്റഴിക്കുകയാണ് പ്രധാന രീതി. കൊറോണ അതിവേഗം തിരിച്ചറിയാൻ സാധിക്കുന്ന ടെസ്റ്റിങ് കിറ്റുകൾ 50000 എണ്ണമാണ് സ്പെയിൻ ഗുണനിലവാരം ഇല്ല എന്നുപറഞ്ഞ് തിരിച്ചയച്ചത്. നെതർലൻഡും നേരത്തെ കിറ്റുകളും സുരക്ഷാ കവചങ്ങളും ചൈനക്ക് തിരിച്ചയച്ചുനൽകി. തുർക്കി, ജോർജിയ, ചെക്ക് റിപബ്ലിക്ക് എന്നിവർ രോഗത്തിന്റെ വ്യാപ്തി ഈ ഉപകരണങ്ങളിൽ കൃത്യമായി അറിയുന്നില്ലെന്നും ഉന്നയിച്ചിരുന്നു പക്ഷേ അവരുടെ ഗതികേടുകൊണ്ട് തിരിച്ചയച്ചില്ല. 1.70 ലക്ഷം ഉപകരണങ്ങളാണ് ചൈനയിൽനിന്ന് ഇന്ത്യ വാങ്ങിയത്. 20000 കവറോളുകളും വാങ്ങിയിട്ടുണ്ട്. ഇവകയെല്ലാം തിരിച്ചയക്കാനുള്ള നടപടികൾ അണിയറയിൽ നടന്നുവരുന്നു.

സഹായിച്ച് തുറമുഖങ്ങളും വ്യവസായ ശാലകളും തട്ടിയെടുക്കുന്നു

കമിഴ്ന്ന് വീണാൽ കാൽപ്പണം എന്നതാണ് ചൈനയുടെ ശൈലി. വിവിധ രാജ്യങ്ങളെ സഹായിച്ച് സത്യത്തിൽ കടക്കെണിയിലാക്കി അവരെ ഊറ്റിയെടുക്കയാണ് ചൈന ചെയ്യുന്നത്. റോഡ്- തുറമുഖം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ചുരുങ്ങിയ ചെലവിൽ നിർമ്മിച്ചു തരാമെന്ന് പറഞ്ഞാണ് ചൈന വിവിധ രാജ്യങ്ങളെ കെണിയിലാക്കിയത്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക വൻകരകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനെന്നപേരിൽ ചൈനീസ് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്. 152 രാജ്യങ്ങളിലാണ് ഈ പദ്ധതിയിലൂടെ ചൈന നിക്ഷേപം നടത്തുന്നത്. കൂടാതെ എഷ്യ, യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, അമേരിക്ക മേഖലകളിലെ വിവിധ സംഘടനകൾക്കും സഹായം നൽകുന്നു. വ്യാപാരത്തിന് സഹായമാകുന്ന അന്താരാഷ്ട്ര പാതകളാണ് പ്രധാനമായും പദ്ധതിയിലൂടെ ചൈന ലക്ഷ്യമിടുന്നത്. റോഡ് എന്നതിൽ സമുദ്രപാതകളും ഉൾപ്പെടുന്നത്. നേരത്തെ വൺ ബെൽറ്റ് വൺ റോഡ് എന്നറിയപ്പെട്ടിരുന്ന പദ്ധതി 2016-ലാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് എന്നറിയപ്പെട്ട് തുടങ്ങിയത്. മേഖലയിലെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്നാണ് ചൈന പറയുന്നത്. എന്നാൽ സമഗ്ര ആധിപത്യമാണ് ചൈനയുടെ ലക്ഷ്യമെന്നാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്.

23 രാജ്യങ്ങൾ ചൈനയുടെ കടക്കെണിയിൽ പെട്ടതായാണ് റിപ്പോർട്ട്. വാഷിങ്ടൺ ആസ്ഥാനമായ സെൻർ ഫോർ ഡെവലപ്മെന്റ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് നിക്ഷേപം സ്വീകരിച്ച 68 രാജ്യങ്ങളിൽ 23 രാജ്യങ്ങൾ കടബാധ്യത കാരണം ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എട്ട് രാജ്യങ്ങളാണ് ഏറ്റവും അപകടാവസ്ഥയിലുള്ളതെന്ന് സെന്റർ പറയുന്നു. തജികിസ്ഥാൻ, മാലിദ്വീപ്, പാക്കിസ്ഥാൻ, ജിബൂട്ടി, കിർഗിസ്ഥാൻ, ലാവോസ്, മംഗോളിയ, മോണ്ടിനെഗ്രോ എന്നീ രാജ്യങ്ങളാണ് കടക്കെണിയിൽ പെട്ടിരിക്കുന്നത്. കടബാധ്യത ഈ രാജ്യങ്ങളെ അപകടകരമായ തരത്തിൽ ചൈനയുടെ ആശ്രിതരാക്കി മാറ്റുകയാണ്. വായ്പാ പ്രശ്നങ്ങളുടെ പേരിലുള്ള ചൈനയുടെ ഇടപെടലുകൾ ഇപ്പോൾത്തന്നെ ബെൽറ്റ് ആൻഡ് റോഡ് ആനുകൂല്യം നേടുന്ന രാജ്യങ്ങളിൽ സംഘർഷത്തിനിടയാക്കിയിട്ടുണ്ട്.

ചൈനയിൽ നിന്ന് വായ്പയെടുത്ത് ചതിക്കുഴിയിൽ പെട്ടതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീലങ്ക. ആഭ്യന്തര യുദ്ധത്തിന്റെ കെടുതിയിൽ വലഞ്ഞ ശ്രീലങ്കയ്ക്ക് സഹായഹസ്തമായാണ് ചൈനയുടെ പിന്തുണയെത്തിയത്. 2010 മുതൽ 2015 വരെയുള്ള കാലയളവിലാണ് ഹമ്പന്തോട്ട തുറമുഖത്തിന്റെ വികസനത്തിനായി ചൈന അഞ്ച് ബില്യൺ ഡോളർ നൽകിയത്. 6.3 ശതമാനം പലിശനിരക്കിലായിരുന്നു കടമായി തുക നൽകിയത്. എന്നാൽ പിന്നീട് തുറമുഖം പൂർണമായി ചൈനയുടെ നിയന്ത്രണത്തിലായി. കടബാധ്യത തീർക്കാനാവാതെ ശ്രീലങ്കൻ സർക്കാർ 99 വർഷത്തെ പാട്ടത്തിന് തുറമുഖത്തിന്റെ നടത്തിപ്പ് ചൈനയ്ക്ക് നൽകി. ഇപ്പോൾ ഗോതബായ രാജപക്സെ പ്രസിഡന്റായതോടെ തുറമുഖം തിരിച്ചുനൽകണമെന്ന് ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീലങ്കയിലെ റെയിൽവേ, റോഡ് വികസനത്തിലും ചൈന നിക്ഷേപം നടത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ ആകെയുള്ള വിദേശ കടത്തിന്റെ ഒമ്പത് ശതമാനം ചൈനയോടാണ്.

ചൈനയുടെ കടബാധ്യതകൾ തീർക്കുന്നതിനായി ഒരു വ്യവസായ ശാല കൂടി കൈമാറാൻ ഒരുങ്ങുകയാണ് തജകിസ്ഥാൻ. നേരത്തെ തന്നെ ചൈനീസ് കമ്പനികൾക്ക് നികുതിയിളവ് നൽകാൻ തജികിസ്ഥാൻ നിർബന്ധിതമായിരുന്നു. ഇതേ തുടർന്ന് നേരത്തെ തന്നെ തകർച്ചയിലായ തജികിസ്ഥാന്റെ സാമ്പത്തികരംഗം കൂടുതൽ ഭീഷണിയിലായി. ഇതിനെല്ലാം പുറമെ തജികിസ്ഥാനിൽ ചൈന ഒരു സൈനിക കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. അതിർത്തിക്കപ്പുറവും ചൈനീസ് സൈന്യത്തിന്റെ ശക്തി വ്യാപിച്ച് മേഖലയിൽ ആധിപത്യം നേടാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്.

ചൈനീസ് നിക്ഷേപങ്ങളിൽ വലഞ്ഞ മാലിദ്വീപ് കടബാധ്യത തീർക്കാൻ വഴി തേടുകയാണ്. വൻ കടബാധ്യത രാജ്യത്തെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയായിരുന്നുവെന്നും ഇതിൽ നിന്ന് പുറത്ത് കടക്കാൻ വഴി തേടുകയാണെന്നും അടുത്തിടെ മാലിദ്വീപ് വിദേശ കാര്യ മന്ത്രാലയം പ്രസ്താവിച്ചിരുന്നു. മുൻ സർക്കാർ വൻ തോതിൽ കടം വാങ്ങിയത് രാജ്യത്തെ കുഴപ്പത്തിലാക്കിയെന്നും എന്നൽ നയതന്ത്ര നീക്കങ്ങളിലൂടെ ഇതിൽ നിന്ന് പുറത്തുകടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ് പറഞ്ഞു. മാലിദ്വീപിന്റെ മുൻ പ്രസിഡന്റ് അബ്ദുള്ള യമീർ അഴിമതിക്കുറ്റത്തിന് അഞ്ച് വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. യമീന്റെ കാലത്താണ് ചൈനയിൽ നിന്ന് കടം വാങ്ങിയത്.

ഈ വർഷം ആദ്യമായി പാക്കിസ്ഥാൻ സർക്കാരിന്റെ ബാധ്യതകളുടെ പട്ടികയിൽ ചൈനീസ് നിക്ഷേപവും ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ കടം കെണിയാകുന്നത് പാക്കിസ്ഥാൻ തിരിച്ചറിയുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര നാണയനിധിയിൽ നിന്ന് കടമെടുത്ത് ചൈനീസ് കടം തീർക്കാനും പാക്കിസ്ഥാൻ ശ്രമ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് ചൈനീസ് നിക്ഷേപം ബാധ്യതകളിൽപ്പെടുത്തിയത്. എന്നാൽ ചൈനീസ് കടം തീർക്കാൻ വായ്പ നലകുന്നതിന് ഐഎംഎഫ് എതിരാണ്. 6.6 ബില്യൺ ഡോളറിലധികമാണ് പാക്കിസ്ഥാൻ ചൈനയ്ക്ക് നൽകാനുള്ളത്. ഈ തുകയിൽ ഏറെയും ഉപയോഗിച്ചത് രണ്ട് ആണവ നിലയങ്ങൾക്ക് വേണ്ടിയാണെന്നാണ് റിപ്പോർട്ട്. ദീർഘകാലമായി ചൈനീസ് പണമാണ് പാക്കിസ്ഥാനെ വിദേശ വിനിമയ രംഗത്ത് പിടിച്ചുനിർത്തുന്നത്. എന്നാൽ ഇപ്പോൾ പലിശ കൂടിക്കൂടി പാക്കിസ്ഥാൻ ചൈനയുടെ വിധേയ രാജ്യമായിരിക്കുന്നു. ജപ്പാനുമായി സെന്കാക്ക് ദ്വീപുകളിന്മേൽ അവകാശത്തർക്കമുണ്ടായപ്പോൾ ചൈനീസ് തുറമുഖങ്ങളിൽ അന്താരാഷ്ട്ര നിലവിളിയെയൊക്കെ മറികടന്ന് തന്നെ ജപ്പാന്റെ ഇലക്ട്രോണിക്‌സ് അസംസ്‌കൃതവസ്തുക്കൾക്കായുള്ള ധാതുക്കൾ ഇറക്കാൻ ചൈന സമ്മതിക്കാതിരുന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്.

ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട് ഇന്ത്യ

്ഇപ്പോൾ ഇന്ത്യ ശത്രുക്കളാൽ വലയം ചെയ്യപ്പെട്ടിരിക്കയാണെന്നതാണ് എറ്റവും വിചിത്രം. ഒരു കാലത്ത് ഇന്ത്യയുടെ സാമന്ത രാഷ്ട്രം എന്ന് അറിയപ്പെട്ടിരുന്ന നേപ്പാൾ പോലും ഇന്ന് നമ്മുടെ ശത്രുപക്ഷത്താണ്. ഇന്ത്യ ഉയർത്തിയ ഉപരോധം നേപ്പാൾ മറികടന്നത് ചൈനയുടെ ബലത്തിൽ ആയിരുന്നു. ഇന്ന് ഇന്ത്യയുടെ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി ഭൂപടം നിർമ്മിക്കാനും നേപ്പാളിന് ബലം നൽകിയത് ചൈനയാണ്. കമ്യൂണിസ്റ്റ് അനുഭാവ സർക്കാർ ആണ് ഇപ്പോൾ ചൈനയിൽ ഉള്ളതെന്നും ഓർക്കണം. അയലത്തുള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ കൂടെ ശക്തമായി നിൽക്കുന്നത് ഭൂട്ടാൻ ആണെന്ന് പറയാം, കൂടെ ബംഗ്ലാദേശും. അടുത്തിടെ വന്ന പൗരത്വ നിയമവും മറ്റും ബംഗ്ലാദേശ് ബന്ധത്തിലും കാര്യമായ വിള്ളൽ വീഴ്‌ത്തിയിട്ടുണ്ട്. ഇവരെ ഒഴിച്ചാൽ മ്യാന്മാർ, മാലി, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ തൊട്ടുള്ള അതിർത്തി രാജ്യങ്ങൾ നിലവിൽ ഇന്ത്യക്ക് എതിരാണ്. അതിന് പിന്നിൽ പ്രവർത്തിക്കുന്നതും ചൈനയാണെന്നതിൽ തർക്കമില്ല.

ചൈനയുമായി എക്കാലവും അടുത്ത ബന്ധം പുലർത്തിയിട്ടുള്ള നേതാവാണ് നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 4 തവണ ചൈന സന്ദർശിച്ച അദ്ദേഹം വ്യാപാര ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ ശ്രദ്ധിച്ചു. പ്രധാനമന്ത്രിയായ ശേഷം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായുള്ള സൗഹൃദത്തിനു മോദി വലിയ പ്രധാന്യമാണ് നൽകിയിട്ടുള്ളത്. ആറു വർഷത്തിനിടെ എട്ടു തവണ പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റുമായി ഇന്ത്യയിലും ചൈനയിലുമായി കൂടിക്കാഴ്ച നടത്തി.

2014 ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം 18 തവണയാണ് ചൈനീസ് നേതാവ് ഷീ ജിൻപിംങിനെ കണ്ടത്. ഇതിൽ രണ്ട് രാജ്യങ്ങളിലുമായി നടന്ന ചർച്ചകളും വിവിധ ഉച്ചകോടികൾക്കിടെ നടത്തിയ കൂടിക്കാഴ്ചകളും പെടും. കഴിഞ്ഞ 70 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഏറ്റവും കൂടുതൽ തവണ ചൈന സന്ദർശിച്ചതും നരേന്ദ്ര മോദിയുടെ കാലത്താണ്. അഞ്ച് തവണയാണ് പ്രധാനമന്ത്രി മോദി ചൈന സന്ദർശിച്ചത്. ഷീ ജിൻപിങ്ങിന്റെ ഇന്ത്യൻ സന്ദർശനത്തിനിടെ മഹാബലിപുരത്തായിരുന്നു ഇന്ത്യയുടെയും ചൈനയുടെയും അവസാനത്തെ ഉച്ചകോടി നടന്നത്. മോദി രണ്ടാമത് അധികാരത്തിൽ വന്നതിന് ശേഷം ഇതിനകം മൂന്ന് തവണ ചൈനീസ് നേതാവുമായി ചർച്ച നടത്തി കഴിഞ്ഞു. എന്നാൽ അതൊന്നും അതിർത്തി പ്രശ്‌നം പരിഹരിക്കുന്നതിൽ ഫലവത്തായില്ലെന്നാണ് കഴിഞ്ഞ 40 ദിവസമായി തുടരുന്ന സംഘർഷവും സൈനികർക്ക് ഉണ്ടായ ജീവഹാനിയും തെളിയിക്കുന്നത്.

മറ്റ് അതിർത്തിരാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുകയും അമേരിക്കയുമായുള്ള സഹകരണം വർധിപ്പിക്കുയും ചെയ്യുക തന്നെയാണ് ഇതിനുള്ള പോംവഴിയായി നയതന്ത്ര വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. നെഹറുവിന് പറ്റിയ ചതി മോദിക്ക് പറ്റാതിരിക്കണമെങ്കിൽ കടുത്ത ജാഗ്രതയും നയതന്ത്രമിടുക്കുമാണ് ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP