Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

പണമെറിഞ്ഞ് ഇന്ത്യയുടെ അയൽക്കാരെ മുഴുവൻ ഒപ്പമാക്കി; ഇന്ത്യയുടെ സാമന്തരാഷ്ട്രം എന്നറിയപ്പെട്ടിരുന്ന നേപ്പാൾ പോലും കാലുമാറി; ചൈനീസ് കടം 1.1 ട്രില്യണായി ഉയർന്നതോടെ അമേരിക്കയിലും ആശങ്ക; റോഡുണ്ടാക്കാനും തുറമുഖമുണ്ടാക്കാനും സഹായിച്ച് കടക്കെണിയിലാക്കിയത് 23 രാജ്യങ്ങളെ; ചങ്കല്ല ചൈന ചതിയൻ; പുല്ലു മുളക്കാത്ത മഞ്ഞുമലകളല്ല ഈ മഹാരാജ്യത്തിന്റെ വിപണിയാണ് ചൈനക്ക് വേണ്ടത്; അതിർത്തിയിലെ സംഘർഷത്തിന്റെ അടിസ്ഥാന കാരണങ്ങളിലൂടെ

പണമെറിഞ്ഞ് ഇന്ത്യയുടെ അയൽക്കാരെ മുഴുവൻ ഒപ്പമാക്കി; ഇന്ത്യയുടെ സാമന്തരാഷ്ട്രം എന്നറിയപ്പെട്ടിരുന്ന നേപ്പാൾ പോലും കാലുമാറി; ചൈനീസ് കടം 1.1 ട്രില്യണായി ഉയർന്നതോടെ അമേരിക്കയിലും ആശങ്ക; റോഡുണ്ടാക്കാനും തുറമുഖമുണ്ടാക്കാനും സഹായിച്ച് കടക്കെണിയിലാക്കിയത് 23 രാജ്യങ്ങളെ; ചങ്കല്ല ചൈന ചതിയൻ; പുല്ലു മുളക്കാത്ത മഞ്ഞുമലകളല്ല ഈ മഹാരാജ്യത്തിന്റെ വിപണിയാണ് ചൈനക്ക് വേണ്ടത്; അതിർത്തിയിലെ സംഘർഷത്തിന്റെ അടിസ്ഥാന കാരണങ്ങളിലൂടെ

മറുനാടൻ ഡെസ്‌ക്‌

ങ്കിലെ ചൈനാ തള്ളുകൾക്ക് ഇപ്പോഴും യാതൊരു പഞ്ഞവുമില്ലാത്ത നാടാണ് കേരളം. പക്ഷേ യഥാർഥത്തിൽ ഇന്ന ലോകത്തിനുമുന്നിൽ ചതിയന്റെ സ്ഥാനമാണ് നമ്മുടെ ഈ അപകടകാരികളായ അയൽക്കാർക്കുള്ളത്. ഒന്നാമതായി കോവിഡ് വിവരം മൂടിവെച്ചുവെന്നതിന്റെ പേരിലാണ് ചൈന ലോകവ്യാപകമായി ഒറ്റപ്പെട്ടത്. ചില രാഷട്രങ്ങൾക്ക് ചൈനയിൽനിന്ന് നഷടപരിഹാരം ആവശ്യപ്പെട്ടൊക്കെ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനിരിക്കയാണ്. പക്ഷേ കോവിഡ് ചതിയേക്കാൾ വലിയ ചതി ചൈനയുടെ സാമ്പത്തിക കെണിയാണ്. സഹായിച്ച് സഹായിച്ച് ചൈന കടക്കെണിയിലാക്കിയത് 23 രാഷ്ട്രങ്ങളെയാണ്. പണമെറിഞ്ഞാണ് ഇന്ത്യുടെ അയൽക്കാരെ മുഴുവൻ ചൈന തങ്ങളുടെ വശത്താക്കി. ഇന്ത്യയുടെ സാമന്തരാഷ്ട്രം എന്ന് അറിയപ്പെട്ടിരുന്ന നേപ്പാൾപോലും ഇന്ന് ചൈനീസ് ചേരിയിലാണ്. കോടികൾ സഹായം നൽകിയും വികസപദ്ധതികൾ ഏറ്റെടുത്തുമാണ് ചൈന നേപ്പാളിനെ അടുപ്പിച്ചത്. ശ്രീലങ്ക, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മ്യന്മാർ, തുടങ്ങിയ അയൽക്കാരും ചൈനീസ് പക്ഷത്താണ്. ഇന്ത്യക്കൊപ്പമുള്ളത് ഭൂട്ടാനും, ബംഗ്ലാദേശും മാത്രം!

പണമെറിഞ്ഞാണ് ചൈന ഇവരൊയൊക്കെ കൈയിലെടുക്കുന്നത്. പിന്നെ കടക്കരനാവുന്നതോടെ നയപരമായ ഒരു തീരുമാനവും ചൈനക്കെതിരെ എടുക്കാൻ ഇവർക്കാവില്ല. അമേരിക്കപോലും 1.1 ട്രില്ല്യൻ ഡോളറിന്റെ കടക്കാരനാണ് ചൈനയോടെ. ട്രംപ് വാചകമടിക്കുന്നതൊക്കെ പലപ്പോഴും ഷീ ജിൻ പിങിൻെ കക്ഷത്തിൽ തന്റെ കഴുത്തുവെച്ചുകൊടുത്തിട്ടാണെന്ന് ഒരിക്കൽ ന്യൂയോർക്ക് ടൈംസ് എഴുതിയത് ഇതിന്റെ പശ്ചാത്തലത്തിലാണ്. ചൈന അമേരിക്കൻ കടപത്രങ്ങൾ ഒന്നിച്ച് ഡമ്പ്ചെയ്യാൻ ഒരുങ്ങിയാൽ ഡോളർ വീഴും. പക്ഷേ ചൈന അത് ചെയ്യാത്തത് ഔദാര്യം കൊണ്ടല്ല. ഡോളർ വീണാൽ ലക്ഷക്കണക്കിന് രുപയും നഷ്ടം തങ്ങൾക്കും സംഭവിക്കും എന്നതുകൊണ്ടുതന്നെ.

ഇനി പുതിയൊരു സാമ്പത്തിക ക്രമമാണ് പല വിദഗ്ധരും പ്രവചിക്കുന്നത്. അമേരിക്കയും യൂറോപ്പും തളരുകയും ചൈന ലോകവിപണിയിൽ ഒന്നാമത് എത്തുമെന്ന് കോവിഡിന് മുമ്പ് പലരും എഴുതിയിരുന്നു. ഈ സാഹചര്യത്തിൽ വേണം അതിർത്തിയിലെ സേനാ വിന്യാസങ്ങയെും ചൈനയുടെ ആവർത്തിച്ചുള്ള പ്രകോപനങ്ങളെയും കാണേണ്ടത്. ഒരു യുദ്ധസമാനമായ സാഹചര്യം ഉണ്ടാക്കാൻ ചൈനയെ പ്രേരിപ്പിക്കുന്ന ഘടകം സാമ്പത്തികം തന്നെയാണ്.

കവലച്ചട്ടമ്പിയെപോലെ ഒരു രാജ്യം

മറ്റെന്തെങ്കിലും പ്രശ്നത്തിലെ വൈരവഗ്യം തീർക്കാനായി നിസ്സാരപ്രശ്നങ്ങൾക്ക് കവലിൽ കത്തിയെടുത്ത് വെല്ലുവിളിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാക്കാലത്തെ ചട്ടമ്പികളെപ്പോലെയാണ് ചൈനയുടെ പെരുമാറ്റം. ഇന്ത്യൻ അതിർത്തിയിൽ നിരന്തരം സംഘർഷം ഉണ്ടാക്കുന്നത് നമ്മെ ഭീഷണിപ്പെടുത്താൻ തന്നെയാണ്. അതിർത്തിയിലെ ഏതാനും മഞ്ഞുമലകൾ കിട്ടിയിട്ട് ചൈനക്ക് യാതൊരു കാര്യവുമില്ല. അവർക്ക് വേണ്ടത് 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ വിപണിയാണ്. കേന്ദ്ര സർക്കാർ ചൈനീസ് കമ്പനികളെ ഇന്ത്യൻ കോർപറേറ്റുകളിൽ നിക്ഷേപിക്കുന്നത് തടഞ്ഞുകൊണ്ടുവന്ന ബില്ലാണ് ഇപ്പോഴത്തെ പ്രകോപനം. മാത്രമല്ല കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യ അമേരിക്കയുമായി നല്ല ബന്ധത്തിൽ ആയതും ചൈനക്ക് അത്ര പിടിച്ചിട്ടില്ല. കോവിഡനുശേഷം ചില കമ്പനികൾ ചൈന വിട്ട് ഇന്ത്യയിലേക്ക് വരുന്നുവെന്ന് വാർത്തകൾ പടരുന്നു. ഇതൊക്കെ തന്നെയാണ് അടിസ്ഥാനപരമായി ചൈനയുടെ പ്രശ്നം. അതിനുവേണ്ടിയാണ് 62ൽ ഇന്ത്യതോറ്റയുദ്ധം അവർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. മരിയാദക്ക് ഞങ്ങൾ പറയുന്നത് കേട്ടില്ലെങ്കിൽ ഇനിയും പണിതരുമെന്ന്.

പക്ഷേ ഇങ്ങനെയാണെങ്കിലും യുദ്ധം ആരും ആഗ്രഹിക്കുന്നില്ല. ആണവായുധങ്ങളാണ് ലോകത്ത് സമാധാനം കൊണ്ടുവന്നത് എന്ന വാചകം എത്ര ശരിയാണ്. പക്ഷേ വ്യാപാരയുദ്ധം അത് ചൈന തുടർന്നകൊണ്ടിരിക്കയാണ്.ഇപ്പോഴത്തെ ഇന്ത്യയുടെ കാര്യം തന്നെ നോക്കുക. കണക്കുകൾ അനുസരിച്ച് മിക്ക ഇലക്ട്രിക്കൽ മെഷീനറിയും, ജൈവ വളങ്ങളും, ഇരുമ്പും, സ്റ്റീലും, മറ്റു വസ്തുക്കളും ചൈനയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ഇന്ത്യയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഒരു ഉപകരണമാണ് 'സ്മാർട്ട് ഫോൺ'. ഇപ്പോൾ ഇന്ത്യയിലെ 'സ്മാർട്ട് ഫോൺ' വിപണിയിലെ 60 ശതമാനത്തിലേറെയും ചൈനീസ് കമ്പനികൾ സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ. പണ്ട് ഇന്ത്യൻ കമ്പനികളായ മൈക്രോമാക്സ്, കാർബൺ, ലാവാ ഇന്റ്‌റെക്‌സ് - ഇവയൊക്കെ ഉണ്ടായിരുന്നു. പക്ഷെ അവയെ ഒക്കെ ചൈനീസ് കമ്പനികൾ 'സ്മാർട്ട് ഫോൺ' വിപണിയിൽ ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു. കൊറിയൻ കമ്പനിയായ സാംസങിന് പോലും ഇപ്പോൾ ചൈനീസ് കമ്പനികളോട് മൽസരിക്കാനാവുന്നില്ലാ.

ചൈനയുടെ ഉൽപാദന രംഗത്തെ വളർച്ച അറിയാൻ കേരളത്തിലെയോ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെയോ ഏതെങ്കിലും ഇലക്രോണിക് കടയിലോ, കുട്ടികൾക്ക് കളിപ്പാട്ടം വിൽക്കുന്ന കടയിലോ പോയാൽ മതി. ചൈനീസ് മൊബൈൽ കമ്പനികളായ വിവോ, ജിയോനി, ഷവോമി, എസ്യൂസ്, വൺ പ്ലസ് വൺ തുടങ്ങിയവ ഇന്ത്യയിൽ നേരിട്ട് വിപണനം നടത്തുമ്പോൾ ഇന്ത്യൻ നിർമ്മിത മൊബൈൽ ഫോണുകൾ മിക്കതും ചൈനീസ് നിർമ്മിതം മാത്രമാണ്. അത് വെറുതെ റീബ്രാൻഡ് ചെയ്ത് കാർബൺ, ലാവ - എന്ന പേരിൽ ഒക്കെ വരുന്നു എന്ന് മാത്രം. ചുരുക്കത്തിൽ നമ്മൾ ഉടുക്കുന്ന തുണിയിലും, ഉപയോഗിക്കുന്ന ഇന്ത്യൻ ഫോണിലും, കാറിലും, ബൈക്കിലും ഒക്കെ ഇപ്പോൾ ചൈനയുടെ ഒരംശമുണ്ട്. ഇതിന്റ്‌റെയൊക്കെ ഫലമായി 57 ബില്യൺ ഡോളറിന്റ്‌റെ 'ട്രെയിഡ് സർപ്ലസ്' ചൈനാ ഇന്ത്യൻ വ്യാപാരത്തിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്. 57 ബില്യൺ ഡോളറിന്റ്‌റെ വ്യാപാര നഷ്ടം എന്നു പറഞ്ഞാൽ എത്ര ഭീമമായ തുകയാണെന്ന് ആർക്കും ഊഹിക്കാവുന്നതേ ഉള്ളൂ. ചുരുക്കം പറഞ്ഞാൽ ചൈനയുമായി മുട്ടുമ്പോൾ തോൽവികൾ ഏറ്റുവാങ്ങാൻ ഇന്ത്യാക്കാരന്റ്‌റെ ജന്മം ഇനിയും ബാക്കി. സാമ്പത്തിക രംഗത്ത് ചൈന ഉയർത്തുന്ന ഭീഷണി ഇന്ത്യ ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ല.

2014ലെ ലഡാക്ക് പടയൊരുക്കം ഓർത്തുനോക്കുക

ഇക്കഴിഞ്ഞ ഏപ്രിൽ 12 ന്, കോവിഡ് മഹാമാരിയെ തുടർന്ന് ഇന്ത്യയിലെ ഓഹരി വിപണികൾ മുഴുവൻ കൂപ്പു കുത്തിയതിനെ തുടർന്ന് രാഹുൽ ഗാന്ധി ഒരു ട്വീറ്റ് ചെയ്തു. കോവിഡ് സാഹചര്യം മുതലെടുത്തു ചില വിദേശ താല്പര്യങ്ങൾ ഇന്ത്യൻ കോർപറേറ്റുകളെ വിലക്ക് വാങ്ങാൻ ശ്രമിക്കുന്നുണ്ടെന്നും അതിന് സർക്കാർ എത്രയും വേഗം തടയിടണം എന്നുമായിരുന്നു ട്വീറ്റ്.രണ്ടു ദിവസത്തിനുള്ളിൽ കേന്ദ്ര സർക്കാർ ചൈനീസ് കമ്പനികളെ ഇന്ത്യൻ കോർപറേറ്റുകളിൽ നിക്ഷേപിക്കുന്നത് പ്രായോഗികമായി തടയുന്ന തരത്തിൽ ഒരു നിയമം കൊണ്ട് വരികയും ചെയ്തു. അതിനു ശേഷം ഇന്ത്യൻ അതിർത്തികളിൽ ചൈനീസ് കയ്യേറ്റങ്ങളുടെ പരമ്പരയായിരുന്നു.

കാർഗിൽ യുദ്ധത്തിന് ശേഷം ആദ്യമായി ഒരു വിദേശ രാജ്യം ഇന്ത്യൻ അതിർത്തിക്കുള്ളിൽ കയറി നിലയുറപ്പിച്ചിരിക്കുന്നു എന്ന് ഇക്കണോമിക് ടൈംസും ബിസിനസ് സ്റ്റാൻഡേർഡ്സും റിപ്പോർട്ട് ചെയ്തു. ഇന്ത്യ ഇതുവരെ ആ വാർത്ത നിഷേധിച്ചിട്ടില്ല. അതിർത്തിയിൽ ചൈന വലിയ തോതിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായി ഉപഗ്രഹ ചിത്രങ്ങളും വന്നിട്ടുണ്ട്, ഒരു സ്ഥലത്തല്ല, ലഡാക്കും സിക്കിമും ഉൾപ്പടെ നിരവധി സ്ഥലങ്ങളിൽ.

ഇന്ത്യൻ അതിർത്തിയിൽ യുദ്ധം ചെയ്യണമെന്നോ സ്ഥലങ്ങൾ പിടിച്ചെടുക്കണമെന്നോ ചൈന ഉദ്ദേശിക്കുന്നുണ്ടെന്ന് കരുതാൻ പറ്റില്ല. അവരുടെ ലക്ഷ്യം സാമ്പത്തികം മാത്രമാണ്. 2014 ൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നതിന്റെ തൊട്ടു മുമ്പായിരുന്നു ചൈനീസ് സൈന്യം ലഡാക്കിൽ വൻ പടയൊരുക്കം നടത്തിയത്.ആയുധം എടുക്കാതെ യുദ്ധം ജയിക്കുക എന്നതാണ് ചൈനീസ് തന്ത്രം. ഭാവിയിൽ വാർത്താ വിനിമയ രംഗം മുഴുവൻ നിയന്ത്രിക്കും എന്ന് കരുതപ്പെടുന്ന 5 ജി സാങ്കേതിക വിദ്യ ഇന്ത്യയിൽ നടപ്പാക്കാൻ ചൈനീസ് കമ്പനികളെ അനുവദിക്കുകയില്ലെന്നായിരുന്നു ഇന്ത്യയുടെ തീരുമാനം. പക്ഷെ ചൈനീസ് പ്രസിഡന്റിന്റെ ഇക്കഴിഞ്ഞ സന്ദർശനത്തിനിടെ ആ തീരുമാനം മാറ്റി.

ധോകലാമിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും മാസങ്ങളോളം മുഖാമുഖം നിന്നതും ഈ തീരുമാനവും ചേർത്ത് വായിക്കാം. ഇപ്പോൾ ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ 5 ജി സേവനങ്ങൾ നൽകാം, അത് വഴി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ മുഴുവനും ചോർത്താനും പറ്റും.ചൈനീസ് കമ്പനിയായ ടിക് ടോകിൽ അംഗമായിട്ടുള്ള ഇന്ത്യക്കാരുടെ എണ്ണം 12 കോടിയോളം വരും. ഒരു ശരാശരി ഇന്ത്യക്കാരന്റെ മുഴുവൻ വിവരങ്ങളും ചൈനക്ക് കിട്ടാൻ ടിക് ടോക് മാത്രം മതി. ഇപ്പോൾ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ഇ-ബാങ്കിങ് കമ്പനിയായ പേ-ടി-എം ൽ ചൈനയുടേതാണ് ഏറ്റവും വലിയ നിക്ഷേപം. കൊവിഡിനെ തുടർന്ന് മറ്റു ബാങ്കിങ് സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ ചൈന ശ്രമിച്ചതിനാണ് രാഹുൽ ഗാന്ധി ഒരു ട്വീറ്റിലൂടെ തടയിട്ടത്.ഇപ്പോൾ തന്നെ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരക്കമ്മി വർഷത്തിൽ 60 ബില്യൺ ഡോളറോളം വരും. അത് പോരാഞ്ഞിട്ട് ചൈനക്ക് ഇന്ത്യൻ കമ്പനികളിൽ കയറി മേയണം. അതിനു തടയിടാനുള്ള ഏതു നിയമവും അതിർത്തിയിൽ പടയൊരുക്കത്തിന് വഴിയൊരുക്കും, നേപ്പാൾ പോലുള്ള പുതിയ സാമന്ത രാജ്യങ്ങളും അവരുടെ കൂടെയുണ്ടാവും.

വിദേശകാര്യം കൈകാര്യം ചെയ്യുന്നതിൽ നിന്ന് എടുത്തു ചട്ടക്കാരനായ ഡോവലിനെ സർക്കാർ മാറ്റിയിട്ടുണ്ട്. ഇപ്പോൾ ഡോവൽ ഇപ്പോൾ ആഭ്യന്തരമാണ് കൈകാര്യം ചെയ്യുന്നത്.. നയതന്ത്ര മേഖലയിൽ ദീർഘകാലം പ്രവർത്തിച്ച അനുഭവ സമ്പത്തുള്ള ജയശങ്കറിന്റെ പൂർണ നിയന്ത്രണത്തിലാണിപ്പോൾ വിദേശകാര്യം. അതിന്റെ ഗുണം വരും വർഷങ്ങളിൽ കാണും എന്ന് പ്രതീക്ഷിക്കാം. എതായാലും ചൈനയോട് മുട്ടമ്പോൾ ഇന്ത്യ ഏറെ സൂക്ഷിക്കണ എന്ന് ചുരുക്കം.

നേപ്പാൾ ഇപ്പോൾ ചൈനക്ക് ഒപ്പം

'ഇന്ത്യക്കാരാണിവിടെ കൊറോണ പടർത്തുന്നത്, മാത്രമല്ല, ഇന്ത്യൻ കൊറോണ ചൈനീസ് കോറോണയെക്കാളും ഇറ്റാലിയൻ കോറോണയെക്കാളും വീര്യം കൂടിയതുമാണ് ', നേപ്പാൾ പ്രധാനമന്ത്രികെ പി ശർമാ ഒലി അവരുടെ പാർലമെന്റിൽ പറഞ്ഞതാണിത്.

ഒന്നാമതായി കോറോണയുടെ ഉറവിടം ഇന്ത്യയല്ലെന്ന് മാത്രമല്ല, ലോകം മുഴുവൻ കൊറോണ പടർത്തിയതിൽ ഇന്ത്യക്കാർക്ക് പങ്കുമില്ല. രണ്ടാമത്, വീര്യം കുറഞ്ഞ കൊറോണ, കൂടിയ കൊറോണ എന്നൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന പല പ്രാവശ്യം വ്യക്തമാക്കിയിട്ടുമുണ്ട്.ഇതൊക്കെ അറിയാമായിരുന്നിട്ടും എഴുതി തയ്യാറാക്കിയ ഒരു പ്രസംഗത്തിൽ നേപ്പാൾ പ്രധാനമന്ത്രി ഇന്ത്യയെ അധിക്ഷേപിക്കുന്നതെന്തിനാണ് ? ഉത്തരം ചൈനയെ സന്തോഷിപ്പിക്കാൻ. ഇത് മാത്രമല്ല നേപ്പാൾ ചെയ്തത്, ഇന്ത്യയുടെ ചില ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ പുതിയ ഭൂപടം പ്രസിദ്ധീകരിക്കുകയും ചെയ്തു.തർക്ക പ്രദേശമാണെന്ന് ഇപ്പോൾ നേപ്പാൾ പറയുന്നുണ്ടെങ്കിലും ഇത് വരെ ഒരു തർക്കവും ഉണ്ടായിരുന്നില്ല, പുതിയതായി ഓരോ പ്രശ്ങ്ങൾ ഉണ്ടാക്കി കൊണ്ട് വരുന്നതാണ്. ഏതായാലും ഇക്കാര്യത്തിൽ ഒരു ചർച്ചയും ഇല്ലെന്നും ആ ഭൂപ്രദേശം ഇന്ത്യയുടേതാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

നാലഞ്ച് വർഷം മുമ്പായിരുന്നെങ്കിൽ ഭയഭക്തി ബഹുമാനങ്ങളോട് കൂടിയല്ലാതെ ഒരു നേപ്പാൾ പ്രധാനമന്ത്രി ഇന്ത്യയെ കുറിച്ച് സംസാരിക്കില്ലായിരുന്നു. ഇന്ത്യയുടെ ഒരു സാമന്ത രാജ്യം പോലെയായിരുന്നു നേപ്പാൾ പോലെയല്ല ശരിക്കും. കൃത്യം പറഞ്ഞാൽ 2015 മുതലാണ് സ്ഥിതി മാറിയത്. നേപ്പാൾ അവരുടെ പുതിയ ഭരണഘടന അംഗീകരിക്കാൻ തീരുമാനിച്ചു, പക്ഷെ അതിലെ ചില വകുപ്പുകൾ ഇന്ത്യക്ക് ഉൾകൊള്ളാൻ കഴിയുന്നവയായിരുന്നില്ല. അന്ന് വിദേശ കാര്യവുമൊക്കെ മോദിയും ഡോവലും കൂടിയാണ് കൈകാര്യം ചെയ്തു കൊണ്ടിരുന്നത്.

നേപ്പാളി ഭരണഘടനയിലെ ചില വകുപ്പുകൾ, പ്രത്യേകിച്ച് മധേഷികളുമായി ബന്ധപ്പെട്ടവയിൽ മാറ്റം വരുത്തണമെന്ന് ഡോവൽ നേപ്പാളിനോട് ആവശ്യപ്പെട്ടു. ഇന്നത്തെ വിദേശകാര്യ മന്ത്രിയായ ജയ്ശങ്കറിനെ കാട്മണ്ഡുവിലക്കയച്ചു ഇന്ത്യയെ അനുസരിച്ചില്ലെങ്കിൽ വരാവുന്ന ഗുരുതരമായ ഭവിഷ്യത്തിനെ കുറിച്ച് മുന്നറിയിപ്പ് നൽകി.പക്ഷെ നേപ്പാൾ അവരുടെ തീരുമാനങ്ങളുമായി മുന്നോട്ട് പോയി. ഇന്ത്യ നേപ്പാളിനോട് അപ്രഖ്യാപിത ഉപരോധം ആരംഭിച്ചു. ഉപരോധം അഞ്ചു മാസം നീണ്ടു നിന്നു. പെട്രോളും ഗ്യാസും ഉൾപ്പടെ മനുഷ്യനു വേണ്ട മുഴുവൻ സാധനങ്ങളും ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തു കൊണ്ടിരുന്ന നേപ്പാൾ ഇന്ത്യയുടെ മുൻപിൽ കീഴടങ്ങും എന്നായിരുന്നു ഡോവൽ ടീമിന്റെ പ്രതീക്ഷ.

അങ്ങനെ തന്നെ ആവേണ്ടതായിരുന്നു, ചൈന തക്കം നോക്കി ചാടി വീണില്ലായിരുന്നെങ്കിൽ. നേപ്പാൾ ഒരു 'ലാൻഡ് ലോക്ഡ്' രാജ്യമാണ്, അഥവാ കര അതിർത്തികൾ മാത്രമേയുള്ളൂ. അതുതന്നെ രണ്ടു രാജ്യങ്ങളുമായി മാത്രം ഇന്ത്യയും ചൈനയും.ചൈനയിലേക്കുള്ള അതിർത്തി ഭീകരമായ പർവത നിരകളാണ്, ഗതാഗതം എളുപ്പമല്ല. ഇന്ത്യ മാത്രമായിരുന്നു നേപ്പാളിന്റെ വഴി. പക്ഷെ ചൈന ആകാശ മാർഗവും പർവത റൂട്ടുകളിലൂടെയും നേപ്പാളിലേക്ക് സാധനങ്ങൾ എത്തിച്ചു. അഞ്ചു മാസം കഴിഞ്ഞു ഉപരോധം അവസാനിക്കുമ്പോൾ നേപ്പാൾ ഇന്ത്യയുടേതല്ല ചൈനയുടെ സാമന്ത രാജ്യം ആയിക്കഴിഞ്ഞിരുന്നു.

ഇപ്പോൾ നേപ്പാളിന്റെ വിദേശ നിക്ഷേപത്തിന്റെ എൺപതു ശതമാനവും ചൈനയിൽ നിന്നാണ്. ഒരു ബില്യൺ നേപ്പാളി റുപ്പീയുടെ സഹായം വേറെയും. നേപ്പാളിലെ അണക്കെട്ടുകൾ മുതൽ പഞ്ചായത്തു റോഡുകൾ വരെ ഇപ്പോൾ ചൈനയാണ് നിർമ്മിക്കുന്നത്.ഹിമാലയം തുരന്ന് നിരവധി റോഡുകൾ നിർമ്മിക്കുന്നുണ്ട് നേപ്പാളിലേക്ക് ചൈന, കൂടാതെ റെയിൽവേ ലൈനും. നേപ്പാളിൽ ഇന്ത്യൻ കമ്പനികൾക്ക് കുത്തകയുണ്ടായിരുന്ന ടെലികോം, വാഹന മേഖലകൾ ഒന്നൊന്നായി ഇപ്പോൾ ചൈനീസ് കമ്പനികളുടെ കയ്യിലേക്ക് പോകുകയാണ്.

ചൈന കയറി നിരങ്ങുന്ന ശ്രീലങ്ക

അടുത്ത കാലം വരെ ഇന്ത്യയുടെ മറ്റൊരു സാമന്ത രാജ്യമായിരുന്നു ശ്രീലങ്ക. കാരവൻ റിപ്പോർട്ട് പ്രകാരം, 2014 ൽ ഡോവൽ ശ്രീലങ്ക സന്ദർശിച്ചതിനു പിറകെ, ശ്രീലങ്ക ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രീലങ്കയിലെ തലവനെ പുറത്താക്കി, അന്നത്തെ രജപക്‌സേ സർക്കാരിനെ അട്ടിമറിക്കാൻ ഇന്ത്യ ശ്രമിക്കുന്നു എന്നതായിരുന്നു ശ്രീലങ്ക കാരണം പറഞ്ഞത്.

ഏതായാലും അതിനു ശേഷം വന്ന തിരഞ്ഞെടുപ്പിൽ രജപക്‌സെയുമായി തെറ്റി പിരിഞ്ഞ ഇന്ത്യൻ പക്ഷക്കാരനായ സിരിസേന തിരഞ്ഞെടുപ്പിൽ ജയിച്ചു. പക്ഷെ അഞ്ചു വർഷം തികയുന്നതിന് മുമ്പേ രജപക്‌സെ തിരിച്ചു വന്നു. ഇപ്പോൾ ചൈനക്കാർ കയറി നിരങ്ങുകയാണ് കൊളംബോയിൽ.ശ്രീലങ്കയിലെ ഏറ്റവും വലിയ തുറമുഖമായ ഹമ്പൻതോട്ട പോർട്ട് ഇപ്പോൾ ചൈന നേരിട്ടാണ് നടത്തുന്നത്, 99 കൊല്ലത്തേക്കാണ് ലീസ് എഗ്രിമെന്റ്. ചൈനയുടെ വാണിജ്യ കപ്പലുകൾ മാത്രമല്ല യുദ്ധക്കപ്പലുകളും ഇപ്പോൾ ശ്രീലങ്കൻ തീരങ്ങളിൽ നങ്കൂരമിട്ടിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് നോക്കിയാൽ കാണാവുന്ന ദൂരത്തിൽ. ഒരു ബില്യൺ ഡോളറിന്റെ സഹായം ഇതിനു പുറമെ ചൈന ശ്രീലങ്കക്ക് കൊടുക്കുന്നുണ്ട്. നിരവധി റോഡുകളും അണക്കെട്ടുകളും നിർമ്മിച്ചു നൽകുന്നതിന് പുറമെയാണിത്.

കയ്യീന്ന് പോയ മറ്റൊരു അയൽക്കാരനാണ് മ്യാന്മാർ. മ്യാന്മാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചില തീവ്രവാദി ഗ്രൂപ്പുകൾക്ക് നേരെ ഇന്ത്യ 2014 ൽ അതിർത്തി കടന്ന് ഒരു ആക്രമണം നടത്തി. മ്യാന്മാർ സർക്കാരിന്റെ മൗനാനുവാദത്തോടു കൂടി സ്ഥിരമായി നടക്കുന്നതാണത്, രണ്ടു കൂട്ടരും പുറമെ പറയാറുണ്ടായിരുന്നില്ല എന്ന് മാത്രം.

പക്ഷെ പുതുതായി ഭരണത്തിൽ വന്നതിന്റെ ആവേശത്തിൽ മോദിയുടെ ചില മന്ത്രിമാർ ഇതൊരു വീരവാദമാക്കി വാചകമടിച്ചു നടന്നു. മ്യാന്മറിലെയും മറ്റു രാജ്യങ്ങളിയെയും മാധ്യമങ്ങളിൽ ഇതൊരു വലിയ വാർത്തയായി. മ്യാന്മാർ ഭരണകൂടം നാണം കെട്ടു. അന്ന് തുടങ്ങിയതാണ് ഇന്ത്യ-മ്യാന്മാർ ബന്ധത്തിലെ കല്ലുകടി.ഇപ്പോൾ മ്യാന്മറിൽ ചൈന തുടങ്ങിയ പ്രോജക്ടുകളുടെ ലിസ്റ്റ് കണ്ടാൽ ഞെട്ടും. ചൈനയിൽ നിന്ന് മ്യാന്മറിലേക്ക് റെയിൽവേ ലൈൻ, മ്യാന്മറിൽ ചൈനയുടെ പൂർണ നിയന്ത്രണത്തിൽ ഒരു തുറമുഖം, ബെൽറ്റ് റോഡിലുള്ള പങ്കാളിത്തം, ടെലികോം സർവിസുകൾ തുടങ്ങി നിരവധി.ബംഗാൾ ഉൾക്കടലിൽ മ്യാന്മറിന് വേണ്ടി ഒന്നര ബില്യൺ ഡോളർ ചെലവാക്കി ചൈന നിർമ്മിച്ചു നടത്തുന്ന ക്യാക്പയു തുറമുഖം കൊൽക്കത്തയിൽ നിന്ന് നോക്കിയാൽ കാണാം. ബംഗാൾ ഉൾക്കടലിലെ ഇന്ത്യയുടെ ഏറ്റവും വലിയ തലവേദനയാണ് ഈ തുറമുഖം. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലും ഒപ്പിട്ടു കഴിഞ്ഞു മ്യാന്മാർ.

മംഗോളിയിലും മാലിയിലും സംഭവിച്ചത്

മാലിദ്വീപാണ് ചൈന അവരുടെ കയ്യിലുള്ള പരിധിയില്ലാത്ത ഡോളർ നിക്ഷേപം കൊണ്ട് കയ്യിലാക്കിയ മറ്റൊരു രാജ്യം . മാലിദ്വീപിലെ വിമാന താവളം, തുറമുഖം, പാലങ്ങൾ എന്നിവയ്ക്ക് വേണ്ടി ചൈന നിക്ഷേപിക്കുന്നത് മൂന്നര ബില്യൺ ഡോളറാണ്. പാക്കിസ്ഥാൻ ആദ്യമേ തന്നെ ചൈനയുടെ ഒരു കോളനിയാണ്.പാക്കിസ്ഥാന്റെ 62 ബില്യൺ ഡോളർ കടബാധ്യതയിൽ എൺപതു ശതമാനവും ചൈനയിൽ നിന്ന് വാങ്ങിയതാണ്. പാക്കിസ്ഥാൻ അധീന കാശ്മീരിൽ ചൈനയാണ് ഹൈവേകൾ നിർമ്മിക്കുന്നത്, കൂടാതെ 6 ബില്യൺ ഡോളർ മുടക്കി പുതിയ റെയിൽവേ ലൈനും. ഗ്വാദർ തുറമുഖം 43 കൊല്ലത്തേക്ക് ചൈനക്ക് നടത്താൻ കൊടുത്തിരിക്കുകയാണ് പാക്കിസ്ഥാൻ.

അയലത്തുള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ കൂടെ ശക്തമായി നിൽക്കുന്നത് ഭൂട്ടാൻ ആണെന്ന് പറയാം, കൂടെ ബംഗ്ലാദേശും. അടുത്തിടെ വന്ന പൗരത്വ നിയമവും മറ്റും ബംഗ്ലാദേശ് ബന്ധത്തിലും കാര്യമായ വിള്ളൽ വീഴ്‌ത്തിയിട്ടുണ്ട്. ചൈനയുടെയും റഷ്യയുടെയും ഇടക്ക് സാൻഡ്വിച്ച് പോലെ കിടക്കുന്ന ഒരു കൊച്ചു രാജ്യമാണ് മംഗോളിയ, പ്രധാനമായും ചൈനയെ ആശ്രയിച്ചാണ് അവരുടെ എക്കൊണോമിയും തൊഴിലും ഒക്കെ. 2015 ലാണ് ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി മംഗോളിയ സന്ദർശിക്കുന്നത്.സന്ദർശനോദ്ദേശം എന്താണെന്ന് ഭരണകക്ഷിയായ ബിജെപി ആദ്യം തന്നെ പെരുമ്പറ കൊട്ടി ലോകത്തെ അറിയിച്ചിരുന്നു ചൈനയുടെ കയ്യിലുള്ള ഒരു സാമന്ത രാജ്യത്തെ ഇന്ത്യയുടെ കയ്യിലെത്തിക്കുക. മോദി മംഗോളിയയിൽ പോയി അവർക്ക് ഒരു ബില്യൺ ഡോളർ വാഗ്ദാനം ചെയ്തു ഏകദേശം 7000 കോടി രൂപ.

ആ പണം കിട്ടുമെന്ന വാഗ്ദാനം വിശ്വസിച്ച മംഗോളിയ ചാടിക്കയറി ദലൈലാമയെ സന്ദർശനത്തിന് വിളിച്ചു. ദലൈലാമ ചൈനക്ക് അനഭിമതനും ഇന്ത്യക്ക് പ്രിയപ്പെട്ടയാളും എന്നത് മാത്രമല്ല, ഭൂരിഭാഗം ഉള്ള മംഗോളിയൻ ബുദ്ധിസ്റ്റുകളുടെ ആത്മീയ നേതാവുമാണ്. ദലൈലാമയുടെ സന്ദർശനത്തിനെതിരെ ചൈന മംഗോളിയക്ക് മുന്നറിയിപ്പ് കൊടുത്തു, മംഗോളിയ അനുസരിച്ചില്ല.ദലൈലാമയുടെ സന്ദർശനം നടന്നു, ചൈന മംഗോളിയക്കെതിരെ അപ്രഖ്യാപിത ഉപരോധവും ഏർപ്പെടുത്തി. പെട്രോൾ ഇറക്കുമതി ചെയ്യാൻ പോലും പണമില്ലാതെ വിഷമിച്ച മംഗോളിയ മോദി വാഗ്ദാനം ചെയ്ത 7000 കോടിക്ക് ഇന്ത്യയെ വിളിച്ചു. ഇന്ത്യയുടെ പണം കിട്ടിയില്ല. അവസാനം മംഗോളിയ പരസ്യമായി ചൈനയോട് മാപ്പ് പറഞ്ഞു അവരുടെ ക്യാമ്പിലേക്ക് തിരിച്ചു കയറി.

റോഡുണ്ടാക്കാനും തുറമുഖമുണ്ടാക്കാനും സഹായിച്ച് വീഴ്‌ത്തുമ്പോൾ

വിവിധ രാജ്യങ്ങളെ സഹായിച്ച് സത്യത്തിൽ കടക്കെണിയിലാക്കി അവരെ ഊറ്റിയെടുക്കയാണ് ചൈന ചെയ്യുന്നത്. റോഡ്- തുറമുഖം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ചുരുങ്ങിയ ചെലവിൽ നിർമ്മിച്ചു തരാമെന്ന് പറഞ്ഞാണ് ചൈന വിവിധ രാജ്യങ്ങളെ കെണിയിലാക്കിയത്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക വൻകരകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനെന്നപേരിൽ ചൈനീസ് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്. 152 രാജ്യങ്ങളിലാണ് ഈ പദ്ധതിയിലൂടെ ചൈന നിക്ഷേപം നടത്തുന്നത്. കൂടാതെ എഷ്യ, യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, അമേരിക്ക മേഖലകളിലെ വിവിധ സംഘടനകൾക്കും സഹായം നൽകുന്നു. വ്യാപാരത്തിന് സഹായമാകുന്ന അന്താരാഷ്ട്ര പാതകളാണ് പ്രധാനമായും പദ്ധതിയിലൂടെ ചൈന ലക്ഷ്യമിടുന്നത്. റോഡ് എന്നതിൽ സമുദ്രപാതകളും ഉൾപ്പെടുന്നത്. നേരത്തെ വൺ ബെൽറ്റ് വൺ റോഡ് എന്നറിയപ്പെട്ടിരുന്ന പദ്ധതി 2016-ലാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് എന്നറിയപ്പെട്ട് തുടങ്ങിയത്. മേഖലയിലെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്നാണ് ചൈന പറയുന്നത്. എന്നാൽ സമഗ്ര ആധിപത്യമാണ് ചൈനയുടെ ലക്ഷ്യമെന്നാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്.

23 രാജ്യങ്ങൾ ചൈനയുടെ കടക്കെണിയിൽ പെട്ടതായാണ് റിപ്പോർട്ട്. വാഷിങ്ടൺ ആസ്ഥാനമായ സെൻർ ഫോർ ഡെവലപ്മെന്റ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് നിക്ഷേപം സ്വീകരിച്ച 68 രാജ്യങ്ങളിൽ 23 രാജ്യങ്ങൾ കടബാധ്യത കാരണം ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എട്ട് രാജ്യങ്ങളാണ് ഏറ്റവും അപകടാവസ്ഥയിലുള്ളതെന്ന് സെന്റർ പറയുന്നു. തജികിസ്ഥാൻ, മാലിദ്വീപ്, പാക്കിസ്ഥാൻ, ജിബൂട്ടി, കിർഗിസ്ഥാൻ, ലാവോസ്, മംഗോളിയ, മോണ്ടിനെഗ്രോ എന്നീ രാജ്യങ്ങളാണ് കടക്കെണിയിൽ പെട്ടിരിക്കുന്നത്. കടബാധ്യത ഈ രാജ്യങ്ങളെ അപകടകരമായ തരത്തിൽ ചൈനയുടെ ആശ്രിതരാക്കി മാറ്റുകയാണ്. വായ്പാ പ്രശ്നങ്ങളുടെ പേരിലുള്ള ചൈനയുടെ ഇടപെടലുകൾ ഇപ്പോൾത്തന്നെ ബെൽറ്റ് ആൻഡ് റോഡ് ആനുകൂല്യം നേടുന്ന രാജ്യങ്ങളിൽ സംഘർഷത്തിനിടയാക്കിയിട്ടുണ്ട്.

ചൈനയിൽ നിന്ന് വായ്പയെടുത്ത് ചതിക്കുഴിയിൽ പെട്ടതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീലങ്ക. ആഭ്യന്തര യുദ്ധത്തിന്റെ കെടുതിയിൽ വലഞ്ഞ ശ്രീലങ്കയ്ക്ക് സഹായഹസ്തമായാണ് ചൈനയുടെ പിന്തുണയെത്തിയത്. 2010 മുതൽ 2015 വരെയുള്ള കാലയളവിലാണ് ഹമ്പന്തോട്ട തുറമുഖത്തിന്റെ വികസനത്തിനായി ചൈന അഞ്ച് ബില്യൺ ഡോളർ നൽകിയത്. 6.3 ശതമാനം പലിശനിരക്കിലായിരുന്നു കടമായി തുക നൽകിയത്. എന്നാൽ പിന്നീട് തുറമുഖം പൂർണമായി ചൈനയുടെ നിയന്ത്രണത്തിലായി. കടബാധ്യത തീർക്കാനാവാതെ ശ്രീലങ്കൻ സർക്കാർ 99 വർഷത്തെ പാട്ടത്തിന് തുറമുഖത്തിന്റെ നടത്തിപ്പ് ചൈനയ്ക്ക് നൽകി. ഇപ്പോൾ ഗോതബായ രാജപക്സെ പ്രസിഡന്റായതോടെ തുറമുഖം തിരിച്ചുനൽകണമെന്ന് ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീലങ്കയിലെ റെയിൽവേ, റോഡ് വികസനത്തിലും ചൈന നിക്ഷേപം നടത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ ആകെയുള്ള വിദേശ കടത്തിന്റെ ഒമ്പത് ശതമാനം ചൈനയോടാണ്.

പാക്കിസ്ഥാൻ പെട്ടത് ഇങ്ങനെ

ദീർഘകാലമായി ചൈന ഏറെ അടുപ്പം പുലർത്തുന്ന രാജ്യമാണ് പാക്കിസ്ഥാൻ. ഇതിന്റെ ഭാഗമായി പാക്കിസ്ഥാനിൽ വൻതോതിൽ ചൈന നിക്ഷേപം നടത്തിയിട്ടുണ്ട്. പക്ഷേ ഇതെല്ലാം വായ്പയായാണ്. ഇന്ത്യക്കെതിരെ എന്നും ഒപ്പം നിൽക്കുന്ന രാജ്യമെന്ന നിലയിലാണ് ചൈന പാക്കിസ്ഥാനെ കാണുന്നത്. കൂടാതെ ഇന്ത്യൻ സമുദ്രത്തിലേക്കുള്ള ചൈനയുടെ എളുപ്പവഴിയും പാക്കിസ്ഥാനിലൂടെയാണ്. മിഡിൽ ഈസ്റ്റിലേക്കും ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുമുള്ള ബദൽ പാതയും പാക്കിസ്ഥാനിലൂടെയുണ്ട്.

ഈ വർഷം ആദ്യമായി പാക്കിസ്ഥാൻ സർക്കാരിന്റെ ബാധ്യതകളുടെ പട്ടികയിൽ ചൈനീസ് നിക്ഷേപവും ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ കടം കെണിയാകുന്നത് പാക്കിസ്ഥാൻ തിരിച്ചറിയുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര നാണയനിധിയിൽ നിന്ന് കടമെടുത്ത് ചൈനീസ് കടം തീർക്കാനും പാക്കിസ്ഥാൻ ശ്രമ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് ചൈനീസ് നിക്ഷേപം ബാധ്യതകളിൽപ്പെടുത്തിയത്. എന്നാൽ ചൈനീസ് കടം തീർക്കാൻ വായ്പ നലകുന്നതിന് ഐഎംഎഫ് എതിരാണ്. 6.6 ബില്യൺ ഡോളറിലധികമാണ് പാക്കിസ്ഥാൻ ചൈനയ്ക്ക് നൽകാനുള്ളത്. ഈ തുകയിൽ ഏറെയും ഉപയോഗിച്ചത് രണ്ട് ആണവ നിലയങ്ങൾക്ക് വേണ്ടിയാണെന്നാണ് റിപ്പോർട്ട്. ദീർഘകാലമായി ചൈനീസ് പണമാണ് പാക്കിസ്ഥാനെ വിദേശ വിനിമയ രംഗത്ത് പിടിച്ചുനിർത്തുന്നത്. എന്നാൽ ഇപ്പോൾ പലിശ കൂടിക്കൂടി പാക്കിസ്ഥാൻ ചൈനയുടെ വിധേയ രാജ്യമായിരിക്കുന്നു.

ചൈന- പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി രൂപപ്പെടുത്തിയത് ചൈനയാണ്. പടിഞ്ഞാറൻ ചൈന മുതൽ ഇന്ത്യൻ സമുദ്രം വരെയാണ് ഈ സാമ്പത്തിക ഇടനാഴി. ചൈനയ്ക്ക് മാത്രമല്ല, പാക്കിസ്ഥാനും ഇത് ഗുണകരമാണ്. സാമ്പത്തിക പുരോഗതിയിലേക്കെത്താൻ പാക്കിസ്ഥാന് ഇത് സഹായകമാകുന്നുണ്ട്. നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാൽ പദ്ധതിയിൽ ചൈന നടത്തുന്ന ഇടപെടലുകൾ പാക്കിസ്ഥാന് ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് പങ്കുള്ളതിനാൽ പാക്കിസ്ഥാനിൽ അഴിമതി വർധിച്ചു. അഴിമതി കൂടുന്നത് പദ്ധതിച്ചെലവും വർധിപ്പിക്കുന്നു. അങ്ങനെ പാക്കിസ്ഥാൻ ചൈനയോട് കടപ്പെടുകയും ചെയ്തു.

ചൈനയുടെ കടബാധ്യതകൾ തീർക്കുന്നതിനായി ഒരു വ്യവസായ ശാല കൂടി കൈമാറാൻ ഒരുങ്ങുകയാണ് തജകിസ്ഥാൻ. നേരത്തെ തന്നെ ചൈനീസ് കമ്പനികൾക്ക് നികുതിയിളവ് നൽകാൻ തജികിസ്ഥാൻ നിർബന്ധിതമായിരുന്നു. ഇതേ തുടർന്ന് നേരത്തെ തന്നെ തകർച്ചയിലായ തജികിസ്ഥാന്റെ സാമ്പത്തികരംഗം കൂടുതൽ ഭീഷണിയിലായി. ഇതിനെല്ലാം പുറമെ തജികിസ്ഥാനിൽ ചൈന ഒരു സൈനിക കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. അതിർത്തിക്കപ്പുറവും ചൈനീസ് സൈന്യത്തിന്റെ ശക്തി വ്യാപിച്ച് മേഖലയിൽ ആധിപത്യം നേടാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്.

ചൈനീസ് നിക്ഷേപങ്ങളിൽ വലഞ്ഞ മാലിദ്വീപ് കടബാധ്യത തീർക്കാൻ വഴി തേടുകയാണ്. വൻ കടബാധ്യത രാജ്യത്തെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയായിരുന്നുവെന്നും ഇതിൽ നിന്ന് പുറത്ത് കടക്കാൻ വഴി തേടുകയാണെന്നും അടുത്തിടെ മാലിദ്വീപ് വിദേശ കാര്യ മന്ത്രാലയം പ്രസ്താവിച്ചിരുന്നു. മുൻ സർക്കാർ വൻ തോതിൽ കടം വാങ്ങിയത് രാജ്യത്തെ കുഴപ്പത്തിലാക്കിയെന്നും എന്നൽ നയതന്ത്ര നീക്കങ്ങളിലൂടെ ഇതിൽ നിന്ന് പുറത്തുകടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ് പറഞ്ഞു. മാലിദ്വീപിന്റെ മുൻ പ്രസിഡന്റ് അബ്ദുള്ള യമീർ അഴിമതിക്കുറ്റത്തിന് അഞ്ച് വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. യമീന്റെ കാലത്താണ് ചൈനയിൽ നിന്ന് കടം വാങ്ങിയത്.

അമേരിക്കയെയും ചൈന മുക്കുമോ

2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം പുതിയ പുതിയ നോട്ടടിയിലൂടെ മാത്രമാണ് അമേരിക്ക അവരുടെ പഴയ കടങ്ങളുടെ കണക്കു തീർത്തുകൊണ്ടിരുന്നത്. അവരുണ്ടാക്കിവെച്ച കടങ്ങൾ അവർക്ക് ഒരു കാലത്തും ഇല്ലാതാക്കാൻ കഴിയുകയുമില്ലാ. പലിശയും കൂട്ടുപലിശയും ചേർന്ന് അമേരിക്കയ്ക്ക് ഇന്ന് വൻ കടബാധ്യതയുണ്ട്. അമേരിക്ക ചൈനക്ക് കൊടുത്തു തീർക്കാനുള്ള കടം 1.1 ട്രില്യൺ ആണ്. അമേരിക്കൻ ഡോളറിലുള്ള ഈ കടത്തിന്റ്‌റെ പലിശ എല്ലാ വർഷവും മുടങ്ങാതെ ചൈന വാങ്ങുന്നുമുണ്ട്. ചൈനയുമായുള്ള എല്ലാ ബന്ധവും വിഛേദിക്കാൻ ഒരുങ്ങുന്നതിനു മുൻപ് അവർക്കു കൊടുക്കാനുള്ള പണം കൊടുത്തു തീർക്കണം എന്ന കാര്യം ഇപ്പോൾ ചൈനയെ ഭീഷണിപ്പെടുത്തുന്ന അമേരിക്കൻ പ്രസിഡന്റ്‌റ് ഡൊണാൾഡ് ട്രംപോ, അമേരിക്കൻ സെനറ്റർമാരോ അവിടുത്തെ ജനങ്ങളെ ഓർമപ്പെടുത്തുന്നില്ലാ. അമേരിക്കൻ ട്രെഷറി ബോണ്ടുകളിലുള്ള കടം വെറുതെ എഴുതി തള്ളാനൊന്നും പറ്റുകയില്ലാ. അങ്ങനെ ചെയ്താൽ ലോക കറൻസി മാർക്കറ്റിൽ അമേരിക്കൻ കടപ്പത്രങ്ങളുടെ മൊത്തം വിശ്വാസ്യതയും തകരും. അല്ലെങ്കിൽ തന്നെ, പണ്ട് അമേരിക്കൻ പ്രസിഡന്റ്‌റ് ബാരക്ക് ഒബാമ തന്നെ ചൈനീസ് പ്രസിഡന്റ്‌റിനോട് ചൈനയുടെ കൈവശമുള്ള അമേരിക്കൻ ട്രെഷറി ബോണ്ടുകൾ വളരെ സുരക്ഷിതമാണെന്ന് ഉറപ്പ് കൊടുത്തിട്ടുണ്ട്. ചുരുക്കം പറഞ്ഞാൽ ചൈനയുടെ കക്ഷത്തിൽ തല കൊണ്ട് വച്ചിട്ടാണ് ചൈനയെ ഒരു പാഠം പഠിപ്പിക്കാൻ അമേരിക്കൻ ഭരണകൂടം ഇപ്പോൾ നടക്കുന്നത്.

ബോണ്ടുകൾ, ഡെറിവേറ്റീസ് മാർക്കറ്റ്, സ്റ്റോക്ക് മാർക്കറ്റ് - ഇവയുടെ എല്ലാം ലോക തലസ്ഥാനം അമേരിക്കയാണ്. ഹൈ സ്പീഡ് കമ്പ്യൂട്ടറുകളും, ഇന്റ്‌റർനെറ്റും ഉപയോഗിച്ച് നടക്കുന്ന ഈ കളികൾ എത്ര നാൾ നീണ്ടുനിൽക്കും എന്നുമാത്രമാണ് ഇനി അറിയേണ്ടത്. സ്റ്റോക്ക് മാർക്കറ്റിലെ ഈ കളികൾ മിക്കവയും ഡോളറിലാണ് നടക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ചു് കടം 23 ട്രില്ല്യൺ കടന്നിരിക്കുന്നു. അതിൽ വലിയൊരു ഭാഗം അമേരിക്കൻ ഗവൺമെന്റ്‌റ് അവരുടെ തന്നെ മറ്റു ഡെബ്റ്റുകൾക്ക് ബാധ്യതപ്പെട്ട കടം ആയതുകൊണ്ട് അതൊരു പുറം ബാധ്യത അല്ല എന്നാണ് ചിലരൊക്കെ അവകാശപ്പെടുന്നത്. പക്ഷെ ഇതിന്റ്‌റെ പലിശ ചൈനയുടെ കൈവശമുള്ള ട്രെഷറി ബോണ്ടുകൾ പോലെ തന്നെ അമേരിക്കയ്ക്ക് ഒരു വൻ ബാധ്യതയാണ്. ലോകത്താകമാനം 100 ട്രില്യൺ ഡോളറിന്റ്‌റെ കടപ്പത്രങ്ങൾ നിലനിൽക്കുന്നുണ്ടന്ന് പറയുന്നു. ഇതിലെ 30 ശതമാനത്തിലേറെയും യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടേതോ, അവരുടെ കോർപറേറ്റകളുടേതോ, മുനിസിപ്പാലിറ്റികളുടേതോ ആണ്. ഇത് അമേരിക്കയുടെ കട ബാധ്യതയാണ്. 'കടം ഇരിക്കെ ധനം ഇല്ലാ' എന്ന പഴയ മലയാളം ചൊല്ല് ഓർമിച്ചാൽ മനസിലാക്കാം അമേരിക്കയുടെ ഇപ്പോഴത്തെ സാമ്പത്തിക പാപ്പരത്തം.

ചൈന 'റിസേർച് ആൻഡ് ഡെവലപ്പ്മെന്റ്‌റിലൂടെ' കൈവരിച്ച ടെക്നൊളജിക്കൽ നേട്ടമാണ് സത്യത്തിൽ അമേരിക്കയുമായുള്ള വ്യാപാര തർക്കത്തിൽ പ്രതിഫലിക്കുന്നത്. ശരിക്കും അതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്. 5 ഏയിൽ അമേരിക്ക ചൈനക്ക് 'ലീഡ്' വിട്ടുകൊടുക്കാൻ ഒട്ടുമേ ഒരുക്കമല്ല. അമേരിക്കൻ ഭരണകൂടത്തിലെ പലരും ഏത് പരസ്യമായി തന്നെ വ്യക്തമാക്കി കഴിഞ്ഞു. ചൈനക്ക് 5 ഏയിൽ 'ലീഡ്' നേടിയാൽ ചൈനക്ക് പിന്നെ പിന്തിരിഞ്ഞു നോക്കേണ്ടി വരില്ലെന്ന് അമേരിക്കയ്ക്ക് നന്നായി അറിയാം. കാരണം ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ 4 ഏയിൽ ഡൗൺലോഡിങ്ങിൽ 1 ഏയ/ െസ്പീഡുള്ളപ്പോൾ, 5 ഏയുടെ 'പീക്ക് സ്പീഡ്' 20 ഏയ/ െആണ്. ഓട്ടോമേഷൻ, റോബോട്ടിക്ക് ടെക്‌നോളജി, സ്പെയ്സ് എക്സ്പ്ലൊറേഷൻ - ഇവയിലൊക്കെ ചൈന 'ലീഡ്' നേടിയാൽ അമേരിക്കയ്ക്ക് പത്തിമടക്കുകയേ നിർവാഹമുള്ളൂ. അങ്ങനെയൊക്കെ സംഭവിച്ചാൽ പിന്നെ അമേരിക്കയ്ക്ക് ഒരു 'സൂപ്പർപവർ' പദവി അവകാശപ്പെടാനില്ലാ. ഓട്ടോമേഷനിൽ ചൈന വ്യക്തമായ ആധിപത്യം നേടിക്കഴിഞ്ഞു. സ്പെയ്സ് എക്സ്പ്ലൊറേഷനിൽ 'ലീഡ്' നേടാനാണെന്നു തോന്നുന്നു, ചൈന ലോകത്തിലെ ഏറ്റവും വലിയ 'റേഡിയോ ടെലിസ്‌കോപ്പ്' സ്ഥാപിച്ചത്. ഇൻഫ്രാസ്ട്രക്ച്ചറിലും ചൈന ഒട്ടും പിന്നിലല്ല. ലോകത്തിലെ ഏറ്റവും നീളം കൂടിയ 'സസ്‌പെൻഷൻ ബ്രിഡ്ജും', 50 കിലോമീറ്റർ ഏറെ നീളമുള്ള കടൽപ്പാലവും ഒക്കെ ചൈന കുറച്ചു നാൾ മുമ്പ് നിർമ്മിച്ചായിരുന്നല്ലോ.

അതായത് ലോക വ്യാപര മേധാവിത്വത്തിനായി ലോകമെമ്പാടും ചൈന കളിക്കുന്ന കളിയും ചതിയും തന്നെയാണ് ഇന്ത്യയുടെ നേർക്കും എടുക്കുന്നത്. അതിന് കോവിഡിൽ കിട്ടിയ അനുകൂല സാഹചര്യം മുതലെടുത്ത് ചൈനയോട് കിടപിടിക്കുന്ന ഒരു കയറ്റുമതി രാഷ്ട്രമാവാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. അതിർത്തിയിലെ സംഘർഷം ഒരു മറമാത്രമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP