Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഭക്ഷ്യക്ഷാമം മൂലം കൂട്ട മരണങ്ങളുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട രാജ്യം; ലോകത്തിൽ എറ്റവും കുറഞ്ഞ ആയുർ ദൈർഘ്യമുള്ള നാട്; ബ്രിട്ടീഷ് ഭരണം തകർത്തത് സാമ്പത്തിക അടിത്തറ; എന്നിട്ടും 30 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിച്ച ലോക മഹാത്ഭുദം; പാക്കിസ്ഥാൻ കൊടും പട്ടിണിയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ കുതിക്കുന്നു; വളരുന്ന ഭാരതത്തിന്റെ കഥ!

ഭക്ഷ്യക്ഷാമം മൂലം കൂട്ട മരണങ്ങളുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട രാജ്യം; ലോകത്തിൽ എറ്റവും കുറഞ്ഞ ആയുർ ദൈർഘ്യമുള്ള നാട്; ബ്രിട്ടീഷ് ഭരണം തകർത്തത് സാമ്പത്തിക അടിത്തറ; എന്നിട്ടും 30 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിച്ച ലോക മഹാത്ഭുദം; പാക്കിസ്ഥാൻ കൊടും പട്ടിണിയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ കുതിക്കുന്നു; വളരുന്ന ഭാരതത്തിന്റെ കഥ!

എം റിജു

ടിനെയും കോഴികളെയും പശുക്കളെയും എല്ലാം തിന്നു തീർത്തു. പിന്നെ ഒന്നും തിന്നാൻ ഇല്ല. ഗതികെട്ട് പട്ടിയിറച്ചി തിന്നു. പല്ലിയെയും കൂറയെയും പുഴുക്കളെയും പഴുങ്ങിത്തിന്നു. അവസാനം മുനുഷ്യൻ മനുഷ്യനെതന്നെ തിന്ന സംഭവങ്ങൾ പോലുമുണ്ടായ കാലം. ഒന്നും രണ്ടുമല്ല 30 ലക്ഷം പേരാണ് അന്ന് അവിടെ പട്ടിണി കിടന്ന് മരിച്ചത്. അതാണ് 43ലെ ബംഗാൾ ക്ഷാമം! ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ പാശ്ചാത്യ ബുദ്ധിജീവികൾ പൊതുവെ പ്രവചിച്ചിരുന്നത് പട്ടിണി മരണങ്ങളുടെ ആഭ്യന്തര കലാപങ്ങളുടെയും കാലമായിരുന്നു. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി വിറ്റ്സൺ ചർച്ചിനിലെപ്പോലുള്ളവർ പരസ്യമായും പറഞ്ഞു. വെള്ളക്കാർ പോയാൽ ആ അപരിഷ്‌ക്കൃതർ പട്ടിണി കിടന്നും, തമ്മിൽ തല്ലിയും മരിക്കുമെന്ന്.

സ്വാതന്ത്ര്യം കിട്ടുമ്പോൾ ലോകത്തിലെ ഏറ്റവും കുറവ് ആയുർ ദൈർഘ്യമുള്ള രാജ്യമായിരുന്നു നാം. വെറും 32 വയസ്സായിരുന്നു അത്. ലോകത്ത് ഏറ്റവും കൂടുതൽ ശിശുമരണ നിരക്കുള്ള രാജ്യം, ലോകത്ത് ഏറ്റവു കൂടുതൽ പട്ടിണിക്കാർ ഉള്ള രാജ്യം, ലോകത്ത് ഏറ്റവും കൂടുതൽ പോഷകാഹാരക്കുറവുള്ള രാജ്യം. പക്ഷേ ജാതീയമായ ഉച്ച നീചത്വങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും യാതൊരു കുറവുമില്ല. പട്ടിയും പൂച്ചയും നടക്കുന്ന വഴിയിലൂടെ മനുഷ്യനെ നടക്കാൻ അനുവദിക്കാത്ത നാട്. ചെറുതും വലുതുമായ മത കലാപങ്ങൾ നിരന്തരം വേട്ടയാടുന്ന നാട്.

75 വർഷം കഴിഞ്ഞ് പിന്തിരിഞ്ഞ് നോക്കുമ്പോൾ, ഭാരതം എന്ന വിശാലമായ മണ്ണ്, ഏറെ മാറിയിരിക്കുന്നു. തൊട്ടടുത്ത ദിവസം സ്വാതന്ത്ര്യം കിട്ടിയ പാക്കിസ്ഥാൻ കൊടും പട്ടിണിയിലേക്ക് നീങ്ങുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി വികസനത്തിലേക്ക് കുതിക്കയാണ്. വെറും 32 വയസ്സിൽനിന്ന് നമ്മുടെ ശരാശരി ആയുർദൈർഘ്യം 72ലേക്ക് കുതിച്ചു. പാശ്ചാത്യ ബുദ്ധിജീവികൾ വിഭാവനം ചെയ്തപോലെ പട്ടിണികിടത്ത് മരിക്കയല്ല, ഗോഡൗണുകൾ ഭക്ഷ്യധാന്യങ്ങളാൽ നിറഞ്ഞ് കവിഞ്ഞ്, മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യമായി നാം മാറി. അമേരിക്കയും, റഷ്യയും, ചൈനയും കഴിഞ്ഞാൽ നാലാമത്തെ സൈനിക ശക്തി. കോവിഡ് കാലത്ത്പോലും വിവിധ ഭാഗങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്ത് ലോകത്തിന്റെ ഔഷധ ഫാക്ടറിയായി നാം. ദേശീയ ആഭ്യന്തര ഉൽപ്പാദനത്തിന്റെ കണക്കായ ജിഡിപി നിരക്ക് വെച്ചുനോക്കുമ്പോൾ, ഇന്ത്യ ലോക രാഷ്ട്രങ്ങളിൽ അഞ്ചാമതാണ്. അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി, ഇന്ത്യ എന്നിങ്ങനെ പോവുന്ന ആ ലിസ്റ്റ്. നമ്മെ നൂറ്റാണ്ടുകൾ അടിമകളാക്കിവെച്ച ബ്രിട്ടൻ ഈ പട്ടികയിൽ ഇന്ത്യക്ക് തൊട്ടു പിറകിലാണ്.

ഇന്ന് 137 കോടി ജനങ്ങളുള്ള ഇന്ത്യയിൽ അതി ദരിദ്രർ ജനസംഖ്യയുടെ ആറുശതമാനം ആയ എട്ടുകോടിയാണ്. ( എന്നാൽ 20 കോടി ജനസംഖ്യയുള്ള നൈജീരിയയുടെ 33 ശതമാനവും പട്ടിണിക്കാരാണ്. നൈജീരിയയെ പിന്തള്ളി ഇന്ത്യ ലോക പട്ടിണി രാജ്യമായെന്നത് ഇപ്പോൾ സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്ന് വെറും കണക്കിലെ കളി മാത്രമാണ്) സ്വാതന്ത്ര്യം കിട്ടുമ്പോൾ ഇന്ത്യയിൽ 70 ശതമാനവും, ഒരു നേരത്തെ അന്നത്തിന് വകയില്ലാത്ത 'എല്ലുന്തികൾ' ആയിരുന്നെന്ന് നോക്കണം. ഏതാണ്ട് 30കോടിക്കും 40 കോടിക്കും ഇടയിലുള്ള ജനങ്ങളുടെ പട്ടിണി മാറ്റിയ ഒരു ലോകമാഹത്ഭുദമാണ് ഇന്ത്യ. ഇന്ത്യയുടെ സാമ്പത്തിക-സാമൂഹിക വളർച്ച ശരിക്കും പഠിക്കേണ്ടതുതന്നെയാണ്.

എന്നുവെച്ച് ഇന്ത്യ ഒരു സ്വർഗരാജ്യമാണെന്നൊന്നും കരുതാൻ കഴിയില്ല. ഒരുപാട് മേഖലകളിൽ നാം ഇനിയും മുന്നോട്ട് പോകാനുണ്ട്. പക്ഷേ നാം എവിടെ നിന്നാണ് തുടങ്ങിയത്, ഇപ്പോൾ എന്തായി എന്ന് പരിശോധിക്കുന്നതും, സ്വാതന്ത്ര്യത്തിന്റെ ഈ 75ാം വാർഷികത്തിൽ നല്ലതാണ്. പ്രത്യേകിച്ച് ഒരേപോലെ സ്വാതന്ത്ര്യം കിട്ടിയ പാക്കിസ്ഥാൻ, 250 ശതമാനം വിലക്കയറ്റവുമൊക്കെയായി, കടുത്ത പട്ടിണിയിലേക്ക് പോകുന്ന അവസരത്തിൽ.

ഇന്ത്യയെ മുടിപ്പിച്ച ബ്രിട്ടീഷ് ഭരണം

പലരും തെറ്റിദ്ധരിക്കുന്നതുപോലെ ക്യാപിറ്റിലിസവും കൊളോണിയലിസവും ഒന്നല്ല. ക്യാപിറ്റിലിസത്തിൽ സമ്പത്തിന്റെ വിതരണം നടക്കുന്നതോടെ നമ്മളും ഇവിടെ മുതലറിക്കാൻ വന്ന രാജ്യവും ഒരുപോലെ രക്ഷപ്പെടുകയാണ്. എന്നാൽ കൊളോണിയലിസം എന്നാൽ എകപക്ഷീയമായ കൊള്ളയാണ്. സത്യത്തിൽ ഇന്ത്യയുടെ സ്വത്തുക്കൾ കൊള്ളയടിച്ച് ചണ്ടിയാക്കുകയാണ് ബ്രിട്ടീഷ് ഭരണം ചെയ്തത്. ശശി തരൂർ തന്റെ പുസ്തകങ്ങളിലും പ്രഭാഷണങ്ങളിലും ഇടക്കിടെ വ്യക്തമാക്കുന്നതാണ് ഇക്കാര്യം. കോളനികൾ സൃഷ്ടിക്കപെടാനുള്ള പ്രധാന കാരണം മെർക്കന്റലിസവും ദേശീയതയുമാണ്. മറ്റു രാജ്യങ്ങളെ തകർക്കുകയും അത് വഴി രാജ്യങ്ങൾ സാമ്പത്തിക അഭിവൃദ്ധി നേടുകയും ചെയ്യുന്ന വ്യവസ്ഥയാണ് മെർക്കന്റലിസം. അവിടെ രാജ്യത്തിന്റെ സ്വത്ത് എന്നാൽ അധികാരികൾ സ്വന്തമാക്കുന്ന സ്വർണത്തിന്റെയും വെള്ളിയുടെയും അളവ് ആണ്. ഒരു രാജ്യത്തിന്റെ അഭിവൃദ്ധി മറ്റൊരു രാജ്യത്തിന്റെ നഷ്ടവും ദുരിതവുമാണ്.

1757 ലെ പ്ലാസി യുദ്ധത്തിൽ വിജയിച്ചത് മുതൽ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിവരെയുള്ള കാലഘട്ടത്തെ ബ്രിട്ടീഷ് ഭരണകാലമെന്നു വിളിക്കുന്നത്. അതിനമുമ്പ് ചരക്കുത്പാദനത്തിലും കയറ്റുമതിയിലും ഒന്നാമതായിരുന്നു ഇന്ത്യ. 1780-1860 കാലയളവിലെ ഇസ്റ്റ് ഇന്ത്യാ കമ്പനി ഭരണം ഇന്ത്യയെ, അസംസ്‌കൃതവസ്തുക്കൾ മാത്രം കയറ്റുമതി ചെയ്യുകയും ഉൽപ്പന്നങ്ങൾ പുറംരാജ്യത്തുനിന്ന് വാങ്ങുകയും ചെയ്യുന്ന ഒരു ആശ്രിത സമ്പദ്ഘടനയാക്കി. 1750കളിൽ ഉയർന്ന നിലവാരമുള്ള ഇന്ത്യൻ പട്ട് തുണികൾക്കും പരുത്തി തുണികൾക്കും, ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലുമെല്ലാം ഒരുപാട് ആവശ്യക്കാരുണ്ടായിരുന്നു. എന്നാൽ 19ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ തുണിക്കു പകരം പരുത്തിയും പട്ടുമെല്ലാം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തു തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനംതന്നെ ബ്രിട്ടീഷ് കോട്ടൺ മിൽ കമ്പനികൾ ഇന്ത്യൻ തുണിയുൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്താനും പകരം തങ്ങളുടെത് ഇന്ത്യയിൽ വിൽക്കാൻ വേണ്ട സഹായങ്ങൾ നൽകാനും ഭരണകൂടത്തോട് ആവശ്യപ്പെട്ടു തുടങ്ങിയിരുന്നു. 1830 മുതൽ ബ്രിട്ടീഷ് കോട്ടൻ മിൽ ഉൽപ്പനങ്ങൾ ഇന്ത്യൻ വിപണികളിൽ പ്രത്യക്ഷപ്പെട്ടു. 1850 ൽ 5.2 മില്യൺ മൂല്യമുള്ള തുണികളുടെ സ്ഥാനത്ത് 1896 ൽ 18.4 മില്യൺ എന്ന അളവിൽ അവരുടെ ഇറക്കുമതി വർധിച്ചു.

കൊളോണിയൽ ഭരണം ഇന്ത്യുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ പങ്ക് വഹിച്ചു. അവർ മെച്ചപ്പെട്ട റെയിൽവേ, ടെലിഗ്രാഫുകൾ സൗകര്യങ്ങളും ആധുനിക നിയമവ്യവസ്ഥയും ഇന്ത്യയിൽ വ്യാപിപ്പിച്ചു. എന്നാൽ ഈ അടിസ്ഥാന സൗകര്യങ്ങളെല്ലാം വിഭവങ്ങൾ ചൂഷണം ചെയ്യാനായിരുന്നു. അങ്ങനെ ആഭ്യന്തര വ്യാവസായികോത്പാദനം തടസ്സപ്പെട്ടു. വർധിച്ചുവരുന്ന ജനസംഖ്യക്കനുസരിച്ച് മതിയായ കാർഷികോൽപ്പാദനം സാധ്യമല്ലാതായി. ഇത് ഇന്ത്യക്കാരെ പതിവായി ക്ഷാമബാധിതരാക്കുകയും ലോകത്തിലെ ഏറ്റവും കുറഞ്ഞ ആയുർദൈർഘ്യവും, വ്യാപകമായ പോഷകാഹാരക്കുറവും ഉണ്ടാക്കി. നേരത്തെ പറഞ്ഞ 30 ലക്ഷം പേർ മരിച്ച ബംഗാൾ ക്ഷാമം പോലും ബ്രിട്ടീഷ് പ്രധാനമന്ത്രി ചർച്ചിലിന്റെ പടിപ്പുകേടുകൊണ്ടും വംശീയ മുൻവിധി കൊണ്ടും ഉണ്ടായതാണെന്ന് പിന്നീട് പഠനങ്ങൾ വന്നു. ബംഗാളിന് ധാന്യങ്ങൾ കൊടുക്കാതെ അത് ചർച്ചിൽ വകമാറ്റിരുന്നു. ഇന്ത്യയുടെ പ്രസ്റ്റീജ് ആയ കോഹിനൂർ രത്നം വരെ ബ്രിട്ടീഷുകാർ അടിച്ചുകൊണ്ട് പോയി. അങ്ങനെ എല്ലാ അർത്ഥത്തിനും തകർന്ന ഇന്ത്യയെ പിടിച്ചു കയറ്റുക എന്ന വലിയ ദൗത്യമായിരുന്നു നെഹ്റുവിന്റെ മുന്നിൽ ഉണ്ടായിരുന്നു.

നെഹ്റു: ആധുനിക ഇന്ത്യയുടെ ശിൽപ്പി

സത്യത്തിൽ അന്നത്തെ ഇന്ത്യ ഒരിക്കലും അർഹിക്കാത്ത പ്രധാനമന്ത്രിയായിരുന്നു സാക്ഷാൽ ജവഹർലാൽ നെഹ്റു. കവിയും, കാൽപ്പനികനും, പുരോഗമനവാദിയും, നിരീശ്വരവാദിയും, സോഷ്യലിസ്റ്റുമായ നെഹ്റു തന്നെ ആയിരുന്നു, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം. ഗാന്ധിജിയുടെ ജനാധിപത്യ വിരുദ്ധതമൂലം നമുക്ക് കിട്ടിയ സമ്മാനമാണ് നെഹ്റുവെന്ന്, എഴുത്തുകാരൻ രാമചന്ദ്രഗുഹയൊക്കെ വിലയിരുത്താറുണ്ട്. കാരണം കോൺഗ്രസ് പാർട്ടി ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയായി വൻ ഭൂരിപക്ഷത്തിന് തെരഞ്ഞെടുത്തത് സർദാർ വല്ലഭായ് പട്ടേലിനെ ആയിരുന്നു. പക്ഷേ ഗാന്ധിജി മാത്രം അത് അംഗീകരിച്ചില്ല. ധ്യാനത്തിന് ഇരുന്നശേഷം ഗാന്ധി പറഞ്ഞൂ, നെഹ്റു പ്രധാനമന്ത്രിയാവട്ടേ എന്ന്. എല്ലാവരും അത് അംഗീകരിച്ചു.

ചോരപ്പുഴയിലേക്കാണ് ഇന്ത്യ പിറന്നു വീണത്. നാടെങ്ങും ഹിന്ദു മുസ്ലിം സിഖ് കലാപങ്ങൾ. അത് അമർച്ച ചെയ്യണം, സമാധാനം ഉണ്ടാക്കണം. ചൈനയുടെയും പാക്കിസ്ഥാന്റെയും വെല്ലുവിളി പരിഹരിക്കണം. അതോടൊപ്പം ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം അവിടെ കിടക്കുന്നുണ്ടായിരുന്നു. ഈ ജനകോടികൾക്ക് ഭക്ഷണം കൊടുക്കണം.

1947ൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ, മധ്യകാലത്തിലെ ഏറ്റവും വലിയ ഉൽപ്പാദകശക്തി, ലോകത്തിലെ തന്നെ ഏറ്റവും വലിയ ദരിദ്ര രാഷ്ട്രങ്ങളിൽ ഒന്നായിത്തീർന്നിരുന്നു. ഇന്ത്യ തിരഞ്ഞെടുത്തത് ഒരു മിശ്ര സമ്പവ്യവസ്ഥയായിരുന്നു. സോഷ്യലിസത്തിന്റെയും ക്യാപിറ്റിലിസത്തിന്റെയും സ്വഭാവങ്ങൾ ഉൾച്ചേർന്നിരുന്ന ഒന്നായിരുന്നു അത്. സോവിയറ്റ് യൂണിയനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കേന്ദീകൃതവും ആസൂത്രിതവുമായ പഞ്ചവത്സര പദ്ധതികളും ഇന്ത്യയിൽ നടപ്പിലാക്കി. 1920 കളുടെ അവസാനം സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് ജോസഫ് സ്റ്റാലിൻ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതിയെ മാതൃകയാക്കിയാണ് ഈ നടപടി. ഇന്ത്യയെ കൂടാതെ ചൈനയാണ് പഞ്ചവത്സരപദ്ധതി മാതൃക പിന്തുടർന്നത്. ഇന്ത്യ സ്വതന്ത്രയായതിനു തൊട്ടുപിന്നാലെ, ഏകദേശം രണ്ടു വർഷങ്ങൾക്കുള്ളിൽ നെഹ്റു പ്രഥമ പഞ്ചവത്സര പദ്ധതിക്കു തുടക്കം കുറിച്ചു. അതുപോലെ ഭക്ഷ്യ സുരക്ഷക്കുള്ള നീക്കങ്ങളും തുടങ്ങി.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ആധുനിക ഇന്ത്യ കെട്ടിപ്പടുത്തവരിൽ എറ്റവും പ്രധാനിയാണ്, പുതിയ മോദി ഭരണത്തിൽ എവിടെയും അവഗണിക്കപ്പെടുന്ന നെഹ്റു. ശാസ്ത്രം, സങ്കേതിക വിദ്യ, വിദ്യാഭ്യാസം എന്നിവയിൽ ആയിരുന്നു, അണക്കെട്ടുകളെ ക്ഷേത്രങ്ങളായി കണ്ട ആ ഭരണാധികാരിയുടെ മുൻഗണന. ഇന്ത്യ ഒരിക്കലും പാക്കിസ്ഥാനെപ്പോലെ പട്ടാള ഭരണത്തിലേക്ക് പോകാത്തതിന് പിന്നിലും തുടക്കം മുതലേ നെഹ്റു കൊണ്ടുവന്ന പാർലിമെന്റിന്റെ മേധാവിത്വം തന്നെയാണ്. ഇന്ത്യയിൽ സൈനിക ജനറൽമാർ, പ്രധാനമന്ത്രിയെ സല്യൂട്ട് ചെയ്യുന്ന വെറും ഉദ്യോഗസ്ഥർ മാത്രമാണ്. എന്നാൽ പാക്കിസ്ഥാനിൽ അങ്ങനെ അല്ല. ഇപ്പോഴും ആര് ഭരിക്കണമെന്നുപോലും സൈന്യം തീരുമാനിക്കുന്നു.

ഹരിത വിപ്ലവം രക്ഷിച്ച പട്ടിണി ജീവിതങ്ങൾ

ഇന്ത്യയുടെ പട്ടിണി മാറ്റിയ കാര്യങ്ങൾ പരിഗണിക്കുമ്പോൾ രണ്ട് രക്തരഹിത വിപ്ലവങ്ങളാണ്, അതിൽ നിർണ്ണയകം ആയത്. ഒന്ന് ഹരിത വിപ്ലവം. രണ്ട് ക്ഷീര വിപ്ലവം. വർഗീസ് കുര്യന്റെ നേതൃത്വത്തിൽ ഗുജറാത്തിലായിരുന്നു, ധവള വിപ്ലവത്തിന്റെ തുടക്കം. 1960കളുടെ തുടക്കത്തിൽ നെഹ്റുവിന്റെ നേതൃത്വത്തിൽ നാം കാർഷിക മേഖലയിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. പക്ഷേ അത് ഇന്ദിരയുടെ കാലത്താണ് എല്ലാ അർത്ഥത്തിലും മുന്നോട്ട് പോയത്. ലോക പ്രശസ്ത ശാസ്ത്രജ്ഞനായ നോർമൻ ബോർലാങ്ങിനെ കൂട്ട് പിടിച്ച് ഡോ എം എസ് സ്വാമിനാഥൻ നടത്തിയ ഗവേഷണങ്ങൾ ഫലം കണ്ടു. 1966ൽ ഇന്ത്യയിൽ കടുത്ത ഭക്ഷ്യ ക്ഷാമം ഉണ്ടായി. ഇതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് ഭക്ഷ്യ ധാന്യങ്ങൾ കിട്ടുവാൻ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അമേരിക്ക സന്ദർശിക്കുകയും, പ്രസിഡന്റ്‌റ് ലിൻഡൻ ജോൺസണിന്റെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ലിൻഡൻ ജോൺസൺ ഇന്ത്യക്ക് അടിയന്തിരമായി 3 മില്യൺ ടൺ ഭക്ഷ്യ ധാന്യങ്ങളുടെയും, 9 ദശ ലക്ഷം ഡോളറിന്റെ സഹായവും പ്രഖ്യാപിച്ചു. ഇതിനു ശേഷമാണ് ഇന്ദിരാ ഗാന്ധി ഹരിത വിപ്ലവത്തിലൂടെ ഭക്ഷ്യോൽപ്പാദനം കൂട്ടുക എന്നത് ഗവൺന്റെിന്റെ മുഖ്യ അജണ്ടയാക്കി മാറ്റിയതും അതിൽ വിജയിച്ചതും. ഒരുകാലത്ത് അമേരിക്കയിൽനിന്ന് വരുന്ന ഗോതമ്പിന്റെ ഉപ്പുമാവ് ആയിരുന്നല്ലോ നമ്മുടെ സ്‌കൂളുകളിലെ മുഖ്യ വിഭവം.

പല ലോകരാജ്യങ്ങളുടേയും ജനസംഖ്യയേക്കാൾ കൂടുതൽ പേരാണ് ഒരു ദിവസം ഇന്ത്യയിലെ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്. അത്രയും പേരെ തീറ്റിപ്പോറ്റാൻ പരമ്പരാഗത കൃഷി പോരായിരുന്നു. 1970കളിൽ ഇന്ത്യ ഉണ്ടാക്കിയ ഐആർഎട്ട് പോലുള്ള സങ്കരയിനം വിത്തുകളാണ് ഈ മഹാരാജ്യത്തെ പട്ടിണി മാറ്റിയത്. ശ്രീലങ്കയിൽ വന്ദന ശിവയുടെ ഉപദേശ പ്രകാരം ജൈവ കൃഷിക്ക് പോയതുകൊണ്ടാണ് ഇന്നിപ്പോൾ അവർ പിച്ച തെണ്ടുന്ന അവസ്ഥയിലേക്ക് പോകാനുള്ള ഒരു കാരണം. വന്ദന ശിവ ഇന്ത്യയിലെ ഹരിത വിപ്ലവത്തിനും എതിരായിരുന്നു. ഭാഗ്യത്തിന് പ്രായോഗിക വീക്ഷണം ഉണ്ടായിരുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വന്ദന ശിവയുടെ ജൈവ കൃഷിയേയും, 'സീറോ കോസ്റ്റ് ഫാമിങ്ങിനേയും' ഇന്ത്യയിൽ അകറ്റി നിറുത്തി. പക്ഷേ ഇന്ന് ഗോഡൗണുകൾ നിറയുമ്പോൾ നാം ഈ വീണ്ടും ജൈവകൃഷിക്കുവേണ്ടി വാദിക്കുന്നു.

ഹരിത വിപ്ലവത്തിന്റെ തുടക്കത്തിൽ ഗോതമ്പിലും, അടുത്ത പതിറ്റാണ്ടോടെ അരിയുടെ ഉൽപ്പാദനത്തിലും നാം 250 ശതമാനത്തിലധികം വർധനവുണ്ടാക്കി. ഉൽപ്പാദനക്ഷമത കൂടിയ വിത്തിനങ്ങളുടെ ഉപയോഗമായിരുന്നു ഹരിതവിപ്ലവത്തിലെ പ്രധാന സവിശേഷത. അതോടൊപ്പം പുതിയതരം രാസവളങ്ങളും കീടനാശിനികളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ജലസേചന സൗകര്യങ്ങളുടെ കാര്യത്തിലും വർധനവുണ്ടായി. 1980കളോടെ ഇത് ഭക്ഷ്യസ്വയംപര്യാപ്തതക്ക് വഴിവെച്ചു. അതോടെ നമ്മുടെ പട്ടിണിപ്പേടി മാറി.

ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുമ്പോൾ ഒരിക്കലും മറന്നുപോകാൻ കഴിയാത്തത പേരാണ് ഇന്ദിരാഗാന്ധിയുടേത്. ഹരിത വിപ്ലവം, 1971ൽ പാക്കിസ്ഥാനെതിരെ നേടിയ സൈനിക വിജയം, ബംഗ്ളാദേശിന്റെ രൂപീകരണം, പൊഖ്‌റാനിൽ നടത്തിയ ആണവ പരീക്ഷണം, ഇവയൊക്കെ ഇന്ദിരാ ഗാന്ധിയുടെ നേട്ടങ്ങളാണ്. പക്ഷേ അവർ ഓർമ്മിക്കപ്പെടുന്നത് അടിയന്തരാവസ്ഥ എന്ന തീരാക്കളങ്കത്തിന്റെ പേരിലാണെന്ന് മാത്രം. തീർച്ചയായും ഇന്ത്യയുടെ ജനാധിപത്യത്തിന് ഏറ്റ ആഘാതം ആയിരുന്നു അടിയന്തരാവസ്ഥ.

നരസിംഹറാവുവും മന്മോഹനും

സർക്കാറിന്റെ ഒരു നയം കൊണ്ട് 20 കോടി ജനതയുടെ ജീവിത നിലവാരം മാറ്റാൻ കഴിയുമാ. അതായിരുന്നു 1991ൽ നരസിംഹംറാവു പ്രധാനമന്ത്രിയായിരിക്കേ മന്മോഹൻസിങ്ങ് എന്ന ധനമന്ത്രിയുടെ കാർമ്മികത്വത്തിൽ നടന്നത്. 1950 മുതൽ 1991 വരെ ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നയം 'ലൈസൻസ്, ക്വോട്ട, പെർമിറ്റ് രാജ്' ആയിരുന്നു. പക്ഷേ 1991ൽ ഒരു പുതിയ സാമ്പത്തിക നയം സ്വീകരിക്കാൻ ഇന്ത്യ നിർബന്ധിതരായി. അതാണ് 'ഉദാരവൽക്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം'. സത്യത്തിൽ ഡെങ്ങ് സിയാവോ പിങ്ങിന്റെ ക്യാപിറ്റലിസ്റ്റ് നയങ്ങൾ, ചൈനയുടെ തലവരമാറ്റിയതോടെ നരസിംഹറാവു ഇന്ത്യയുടെ തലവര മാറ്റി. പക്ഷേ ഇന്ത്യയിൽ ഇന്നും തീർത്തും അപ്രസക്തനാണ് നരസിംഹറാവു. അദ്ദേഹത്തെ കോൺഗ്രസുകാർക്കുപോലും വേണ്ട. റാവുവിന്റെ മൃതദേഹം നോക്കാൻ അളില്ലാതെ ശ്മാശാനത്തിൽ പാതി കത്തിക്കിടന്നതും, അത് ലോക്കൽ ചാനലിൽ വാർത്തയായതോടെ ചിലർ എത്തി പുർണ്ണമായും സംസ്‌ക്കരിച്ചതുമെല്ലാം മറക്കാൻ കഴിയില്ല.

റാവുവിന് മുമ്പുതന്നെ രാജീവ്ഗാന്ധിയുടെ കാലത്ത് തന്നെ ഇന്ത്യയിൽ സാമ്പത്തികരംഗത്തെ പരിഷ്‌കാരങ്ങൾ നടപ്പിലാക്കി തുടങ്ങിയിരുന്നു. രാജീവിന്റെ കംപ്യുട്ടറൈസേഷൻ പ്രോഗ്രാമും, സാം പിട്രോഡയുടെ ടെലിക്കോം വിപ്ലവവും, മാറുന്ന ഇന്ത്യയുടെ സൂചകങ്ങൾ ആയിരുന്നു. 1990കളുടെ തുടക്കത്തിൽ ഇന്ത്യക്കും, ശ്രീലങ്കക്ക് ഇപ്പോൾ സംഭവിച്ചതിന് സമാനമായ ഫോറിൻ എക്സ്ചേഞ്ച് പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. ഇന്ത്യ അന്ന് മേന്മോഹൻ സിംഗിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് തകർച്ചയിൽ നിന്ന് രക്ഷപെട്ടത്. മുമ്പത്തെ ചന്ദ്രശേഖർ സർക്കാർ വിദേശ ബാങ്കുകളിൽ സ്വർണം പണയം വെക്കേണ്ടി വന്നിരുന്നു. അന്നൊക്കെ ഇന്ത്യയിലെ കമ്യുണിസ്റ്റുകൾ വലിയ നുണയാണ് പ്രചരിപ്പിച്ചത്. പക്ഷേ അഞ്ചുവർഷത്തിനുള്ളിൽ തന്നെ ഇന്ത്യ ആ സ്വർണം തിരിച്ച് എടുത്തു.

1991ലെ ഒന്നാം ഗൾഫ് യുദ്ധം ഇന്ത്യയുടെ അവസ്ഥയെ കൂടുതൽ പരിതാപകരമാക്കിയിരുന്നു. യൂദ്ധത്തെ തുടർന്ന് ഉയർന്ന എണ്ണവില ഇന്ത്യയുടെ വിദേശനാണ്യശേഖരത്തെ സാരമായി ബാധിച്ചു. ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി വന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. ഈ അവസരത്തിൽ ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി എന്നിവ ഇന്ത്യയെ സഹായിക്കാൻ തയ്യാറാവുകയും, പകരം ഇന്ത്യൻ സമ്പദ്ഘടനയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേ തുടർന്നാണ് പുത്തൻ സാമ്പത്തിക നയം നിലവിൽ വന്നതും, ഇന്ത്യ ഉദാരവൽക്കരണത്തിന്റെ പാതയിലേക്ക് തിരിഞ്ഞതും.

പക്ഷേ അവിടെയും കമ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ചത് ഇന്ത്യയുടെ വ്യവസായ മേഖല കുത്തകൾക്ക് തുറന്ന് കൊടുക്കയാണെന്നും, ഐംഎംഎഫ് നമ്മുടെ തുളസിയും ഇഞ്ചിയും ആരിവേപ്പുമൊക്കെ കടത്തിക്കൊണ്ടുപോകും എന്നുമായിരുന്നു. പക്ഷേ ഒന്നും ഉണ്ടായില്ല. ആഗോളീകരണത്തോടെ കുതിക്കുന്ന ഇന്ത്യയെ ആണ് പിന്നീട് കണ്ടത്. ഐഎംഎഫിൽനിന്ന് എടുത്ത കടം നാം തിരികെ അടച്ചു. പക്ഷേ ഇപ്പോഴും ഇന്ത്യക്ക് വിദേശ കടം ഉണ്ട്. പക്ഷേ അതിനുള്ള വരുമാനവും ഉണ്ട്. ഉദാരീകരണത്തെ തുടർന്ന് സർവീസ് സെക്ടറിൽ ഉണ്ടായ വിപ്ലവം ആണ് ഇന്ത്യയിൽ തൊഴിൽ അവസരങ്ങളുടെ കൊടുങ്കാറ്റ് ഉണ്ടാക്കിയത്.

ഇന്ന് ഇന്ത്യയുടെ കരുതൽ ധന ശേഖരം 572 ബില്യൺ ഡോളറാണ്. ഈ പട്ടികയിലും അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ചൈന, ജപ്പാൻ, സ്വിററ്സർലൻഡ്, റഷ്യ എന്നിയയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഈ പട്ടികയിൽ വെറും 86ാം സ്ഥാനത്താണ് പാക്കിസ്ഥാൻ.

പൊതുമേഖലയിൽനിന്ന് സ്വകാര്യമേഖലയിലേക്ക്

സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് പിന്നാലെ പോകുന്നതിന് പകരം ക്യാപിറ്റലിസ്റ്റ് ആശയത്തിലേക്ക് നെഹ്റു പോവുക ആയിരുന്നെങ്കിൽ, ഇന്ത്യ എത്രയോ പെട്ടെന്ന് പുരോഗമിക്കുമായിരുന്നെന്ന് കരുതുന്നുവരും ഉണ്ട്. 1948 ഏപ്രിൽ 8ന് പ്രഖ്യാപിച്ച വ്യാവസായികനയത്തോടെയാണ് സ്വതന്ത്ര ഇന്ത്യയുടെ വ്യാവസായിക ചരിത്രവും സമ്പദ്ഘടനയുടെ രൂപീകരണവും നടക്കുന്നത്. കൽക്കരി, റെയിൽവേ, ഊർജം, വസ്ത്രം തുടങ്ങി പ്രധാനപ്പെട്ട വ്യവസായമേഖലകളെയെല്ലാം സർക്കാരിന്റെ മാത്രം അധീനതയിലും അപ്രധാന വ്യവസായങ്ങളെ ലൈസൻസ് വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്കും നൽകിക്കൊണ്ടുള്ളതായിരുന്നു ആ നയം.

പിന്നീട് വന്ന 1956 ലെ വ്യാവസായികനയം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ നയങ്ങളിലൊന്നായിരുന്നു. 17 മേഖലകളെ കേന്ദ്രകുത്തകയിലും 12 എണ്ണത്തെ സ്വകാര്യ-സഹകരണത്തോടെ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലും മറ്റുള്ളവയെ ലൈസൻസ് വ്യവസ്ഥയിൽ സ്വകാര്യമേഖലക്കും നൽകി. പൊതുമേഖലാ സ്ഥാപനങ്ങളെ 'ആധുനിക ഇന്ത്യയുടെ ദേവാലയങ്ങൾ' എന്ന് നെഹ്റു വിശേഷിപ്പിച്ച ഈ നയത്തിനു കീഴിൽ പൊതുമേഖലാ വ്യാവസായികരംഗത്തിന് വലിയ തോതിലുള്ള വളർച്ചയുണ്ടായി. പക്ഷേ കാലക്രമേണ ഇന്ത്യയുടെ പൊതുമേഖല ശരിക്കും ഒരു വെള്ളാനായായി.

പക്ഷേ ഇതിൽനിന്നെല്ലാമുള്ള മൊത്തത്തിലുള്ള യൂ ടേൺ ആയിരുന്നു 91ലെ പുതിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ. ഇത്, വ്യാവസായിക രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ നടന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കുക, എല്ലാ വ്യവസായമേഖലകളിലും സ്വകാര്യനിക്ഷേപം അനുവദിക്കുക, പ്രത്യക്ഷവും പരോക്ഷവുമായ വിദേശനിക്ഷേപം അനുവദിക്കുക, പ്രത്യക്ഷസഹായങ്ങൾ വെട്ടിക്കുറക്കുക, തൊഴിൽ നിയമങ്ങൾ പരിഷ്‌കരിക്കുക തുടങ്ങിയ നടപടികൾ ഇതേതുടർന്നുണ്ടായി.

ഡോ. മന്മോഹൻ സിങ്, മോൺടക്ക് സിങ് അഹ്ലുവാലിയ, സി. രംഗരാജൻ - ഇവരായിരുന്നു ഉദാരവൽക്കരണം എന്ന നയം ഇന്ത്യയിൽ നടപ്പാക്കിയത്. ഈ ടീമിനെ നയിച്ചത് ാ മന്മോഹൻ സിങ് തന്നെ ആയിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലേത് ഒരു വിജ്ഞാന കേന്ദ്രീകൃത ഇക്കോണമി ആണെന്നുള്ളത് ഡോക്ടർ മന്മോഹൻ സിങ്ങിന് അറിയാമായിരുന്നു. സിംഗപ്പൂർ, തായ്വാൻ, ഹോംഗ് കോംഗ്, ദക്ഷിണ കൊറിയ, ഈ 'ഏഷ്യൻ ടൈഗേഴ്സ്' രാജ്യങ്ങളിൽ സംഭവിച്ച സാമ്പത്തിക വളർച്ചയെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നു. പല ഇന്റ്‌റർവ്യൂവികളിലും മന്മോഹൻ സിങ് ഇതു പറഞ്ഞിട്ടുമുണ്ട്. പക്ഷേ മന്മോഹൻ സിങ്ങും ഇന്ത്യയിൽ ഒട്ടും പോപ്പുലർ അല്ല.

ഇന്ന്, വെള്ളാന ആയിട്ടും, പൊതുമേഖലയെ നിലനിർത്തണം എന്ന് ആഗ്രഹിക്കുന്നവർ ഇന്ന് കമ്യുണിസ്റ്റുകൾ മാത്രമേ ഉണ്ടാവു. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണം അവസാനിച്ച് ബിജെപി നേതൃത്വത്തിലുള്ള ഭരണം വന്നിട്ടും അവർ 91ലെ പോളിസി തന്നെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.

ലോകത്തിലെ നാലാമത്തെ സൈനിക ശക്തി

ഇന്ന് അമേരിക്കയും റഷ്യയും ചൈനയും കഴിഞ്ഞാൽ നാലാമത്തെ സൈനിക ശക്തിയാണ് ഇന്ത്യ. 62ൽ ആക്രമിച്ചതുപോലുള്ള ഒരു പരിപാടിക്ക് ചൈന മുന്നോട്ട് നീങ്ങാത്ത് ഇന്ത്യ ഒരു ആണവ ശക്തി ആയതുകൊണ്ട് മാത്രമാണ്. 1974, മെയ് 18ന് പൊഖ്‌റാനിൽ നടത്തിയ ആണവ പരീക്ഷണം വഴി ചൈനക്ക് ശക്തമായ ഒരു മുന്നറിയിപ്പ് നൽകാൻ ഇന്ദിരാ ഗാന്ധിക്ക് സാധിച്ചു. 'ഓപ്പറേഷൻ സ്മൈലിങ് ബുദ്ധ' എന്നു പേരിട്ടിരുന്ന ആ ആണവ പരീക്ഷണത്തിലൂടെ ഇന്ത്യ ലോകത്തെ ആറാമത്തെ ആണവ ശക്തിയായി മാറി. പിന്നീട് വാജ്പേയി സർക്കാർ ആ നേട്ടം അരക്കിട്ട് ഉറപ്പിച്ചു. ആണവായുധങ്ങളാണ് സത്യത്തിൽ ലോകത്തിൽ സമാധാനം കൊണ്ടുവരുന്നത് എന്നത് ഇന്ത്യയുടെ കാര്യത്തിലും ശരിയാവുന്നു.

ലോക സൈനിക ശക്തി പട്ടികയിൽ പാക്കിസ്ഥാന് 13ാം സ്ഥാനമാണുള്ളത്. ഇതിൽ കൗതുകമുണർത്തുന്നത്, സൈനിക ശക്തിയിൽ ഫ്രാൻസും ജർമനിയും ബ്രിട്ടനും ജപ്പാനും ഇസ്രയേലിനുമൊക്കെ ഇന്ത്യക്ക് പിന്നിലാണെന്നതാണ്. ഇന്ത്യക്കുള്ളതിശന്റെ പകുതി മാത്രമാണ് പാകിസഥാന്റെ പക്കലുള്ള യുദ്ധ ടാങ്കുകൾ. തോക്കുകളുടേയും സായുധ വാഹനങ്ങളുടെയുമൊക്കെ കാര്യത്തിൽ പാക്കിസ്ഥാൻ സേന ഇന്ത്യയേക്കാൾ ബഹുദൂരം പിന്നിലാണ്. ഇതേസമയം, ആയുധങ്ങളുടെ കാര്യത്തിൽ ഇന്ത്യയും ചൈനയും ഏകദേശം തുല്യ നിലയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നാവിക സേനയുടെ കാര്യത്തിൽ ചൈന വൻ ശക്തിയാണ്. അത് മറികക്കാനുള്ള നീക്കമാണ് നാം ഇപ്പോൾ നടത്തുന്നത്.

അതുപോലെ മിസൈൽ ടെക്ക്നോളജി, റോക്കറ്റുകൾ, സാറ്റലൈറ്റുകൾ എന്നിവയിൽ എല്ലാം രാജ്യം ഏറെ മുന്നേറിക്കഴിഞ്ഞു. 2008 ഒക്ടോബർ 22ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം വിക്ഷേപിച്ച ചന്ദ്രയാൻ ചരിത്രമായി. നമ്മുടെ രാജ്യം സ്വന്തമായി ഗവേഷണം നടത്തി വികസിപ്പിച്ചതിനാൽ ഇന്ത്യയുടെ ബഹിരാകാശ പദ്ധതിക്ക് ഈ ദൗത്യം ഒരു വലിയ ഉത്തേജനമായിരുന്നു. അതുപോലെ എത്രയെത്ര പ്രോജക്റ്റുകൾ.

ഇന്ത്യയുടെ നേട്ടം എല്ലാവുടേതുമാണ്

പക്ഷേ നമ്മുടെ രാജ്യം എന്ന് പറയുന്നത് ഇന്ന് പലരും പ്രചരിക്കുന്നതുപോലെ, 2014ൽ മോദി സർക്കാർ അധികാരത്തിൽ ഏറ്റതിനുശേഷം മാത്രം വികസിച്ചതല്ല. നെഹ്റുമുതൽ മന്മോഹൻസിങ്വരെയുള്ളവർ അതിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതി, ആധാർ, ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനലക്ഷങ്ങളുടെ സാമ്പത്തികമായ ഉയർച്ച, ഇന്ത്യയിൽ ആഗോള രീതിക്കനുസരിച്ചുള്ള വികസനം, ഡൽഹി മെട്രോ പോലുള്ള ഇൻഫ്രാസ്ട്രക്ച്ചർ മികവ് ,ഇതൊക്കെ മന്മോഹൻ സിംങ്ങ് സർക്കാരിന്റെ നേട്ടങ്ങളായിരുന്നു. ഒന്നാം യുപിഎ സർക്കാറിൽ പങ്കാളികളായി ഇടതുപക്ഷവും തൊഴിലുറപ്പ് അടക്കമുള്ള പദ്ധതികളിൽ വലിയ പങ്കുവഹിച്ചു.

സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ ഫലമായി ശക്തമായ മധ്യവർഗം ഇന്ത്യയിൽ രൂപം കൊണ്ടു. ഈ മധ്യവർഗം പല രാജ്യങ്ങളിലേയും ജനസംഖ്യകൾ ഒന്നിച്ചുവെക്കുന്ന അത്രയുമുണ്ട്. ഈ മധ്യവർഗ്ഗവും, ശക്തമായ ഭ്യന്തര വിപണിയും ഉള്ളതുകൊണ്ടായിരുന്നു, 2008ൽ അമേരിക്കയിൽ തുടങ്ങിയ സാമ്പത്തിക തകർച്ച ഇന്ത്യയെ ബാധിക്കാതിരുന്നത്. ലോകമാകെ പിന്നീട് വന്ന സാമ്പത്തിക മാന്ദ്യം നമ്മെ അധികം ബാധിച്ചില്ല.

യാഥാർഥത്തിൽ മന്മോഹൻസിങ്ങ് സർക്കാർ ഉണ്ടാക്കിയ താരമമേന വലിയ സാമ്പത്തിക വളർച്ചയിൽനിന്നാണ് മോദി സർക്കാറിന് തുടങ്ങാൻ ഉണ്ടായിരുന്നത്. പക്ഷേ നോട്ടു നിരോധനം അടക്കമുള്ള ദുരന്തങ്ങളുമായി രാജ്യത്തെ പിറകോട്ട് അടിപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്. പക്ഷേ ഇപ്പോൾ ഇന്ത്യ പതുക്കെ അതിൽനിന്നും കരകയറി വരുന്നു. അതുപോലെ കോൺഗ്രസ് ഭരണത്തിന്റെ ശാപാമായ ക്രോണി ക്യാപറ്റിലിസം ബിജെപിയുടെ കാലത്തും പ്രകടം. ഗൗതം അദാനിയൊക്കെ പ്രകടമായ ഉദാഹരണം. അതുപോലെ ബീഫിന്റെപേരിലും മതത്തിന്റെ പേരിലുമൊക്കെയുള്ള ആക്രമണങ്ങളും, വർധിക്കുന്ന അസഹിഷ്ണുതയും ഇന്ത്യയുടെ സൽപ്പേരിനും വികസനത്തിനും വിലങ്ങുതടിയാവുന്നത്.

പക്ഷേ ഇങ്ങനെയൊക്കെ ഒരുപാട് പരിമിതികൾ ഉണ്ടെങ്കിലും പാക്കിസ്ഥാൻ ഇന്ത്യയെപ്പോലെ ആയില്ല എന്ന് നമുക്ക് ആശ്വസിക്കാം. എല്ലാറ്റിലും വലുത് നാം ഇപ്പോഴും ഒരു ജനാധിപത്യ രാഷ്ട്രമായി നിലനിൽക്കുന്നുവെന്നത് തന്നെയാണ്. ഒരു ചായക്ക് 240 രൂപ കൊടുക്കേണ്ടി വരുന്ന ശ്രീലങ്കയുടെയും, ഒരു കിലോ പഴത്തിന് 200 രൂപ കൊടുക്കേണ്ടി വരുന്ന പാക്കിസ്ഥാന്റെയും സമകാലീന അവസ്ഥ നമ്മുടെ മുന്നിലുണ്ട്. പ്രസിഡന്റിൻന്റെയും പ്രധാനമന്ത്രിയുടെയും വസതിയിലെ വിലപിടിപ്പുള്ളവയും, മൃഗശാലയിലെ സിംഹങ്ങളെയുമൊക്കെ വിൽക്കേണ്ട അവസ്ഥിലാണ് ഇന്ന് പാക്കിസ്ഥാൻ. നേപ്പാളിന്റെയും അഫ്ഗാനിസ്ഥാന്റെയും അവസ്ഥ പറയുകയും വേണ്ട്. ഇന്ത്യ മോചിപ്പിച്ച ബംഗ്ലാദേശ് തന്നെയാണ് വികസനത്തിന്റെ കാര്യത്തിൽ ഇപ്പോൾ കുതിക്കുന്ന നമ്മുടെ ഏക അയൽക്കാർ.

അതുപോലെ കൃത്യമായ ക്യാപിറ്റലിസത്തിന്റെ പാതയിലുടെ ഇന്ത്യക്ക് ഏറെ മുന്നേറാൻ ആവട്ടെ. ഒരുപാട് പ്രശ്നങ്ങളും പോരായ്മകളും ഉണ്ടെങ്കിലും ജന കോടികളെ പട്ടിണി മരണങ്ങളിൽനിന്ന് രക്ഷിച്ച രാജ്യം എന്നായിരിക്കും ഇന്ത്യ ഭാവിയിൽ അറിയപ്പെടുക.

വാൽക്കഷ്ണം:  ആഗോളീകരണത്തെയും ഉദാരീകരണത്തേക്കുറിച്ചും സ്വകാര്യവത്ക്കരണത്തെക്കുറിച്ചുമൊക്കെ കമ്യൂണിസ്ററുകൾ പറഞ്ഞത് പച്ച നുണയായിരുന്നെന്നത് ചരിത്രം തെളിയിക്കുന്നു. ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുമ്പോൾ, കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് നയങ്ങൾ ആണ് നാം പിന്തുടരുന്നിരുന്നെതെങ്കിൽ നമ്മുടെ അവസ്ഥ എന്താവുമായിരുന്നെന്ന് ആലോചിച്ചു നോക്കുക. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP