Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യത്തിലും ഭക്തിയിലും ലഹരി കണ്ടെത്തി പഴുത്ത് മരിച്ച ജയറാം പടിക്കൽ; ഗീതാ പ്രഭാഷകനായ പുലിക്കോടൻ; വർഗീസ് കേസിൽ അകത്തായ ലക്ഷ്മണ; പുത്ര ദുഃഖം വേട്ടയാടിയ കരുണാകരൻ; രാജൻ കേസിലെ പ്രതികൾക്ക് പണി കൊടുത്തത് 'കാലം'; മൃതദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ദുരൂഹം; രാജന്റെ ഒരു ചരമദിനം കൂടി കടന്നുപോകുമ്പോൾ!

മദ്യത്തിലും ഭക്തിയിലും ലഹരി കണ്ടെത്തി പഴുത്ത് മരിച്ച ജയറാം പടിക്കൽ; ഗീതാ പ്രഭാഷകനായ പുലിക്കോടൻ; വർഗീസ് കേസിൽ അകത്തായ ലക്ഷ്മണ; പുത്ര ദുഃഖം വേട്ടയാടിയ കരുണാകരൻ; രാജൻ കേസിലെ പ്രതികൾക്ക് പണി കൊടുത്തത് 'കാലം'; മൃതദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ദുരൂഹം; രാജന്റെ ഒരു ചരമദിനം കൂടി കടന്നുപോകുമ്പോൾ!

എം റിജു

'ദൃശ്യം' സിനിമയിൽ ജോർജ്കുട്ടിയെന്ന മോഹൻലാലിന്റെ കഥാപാത്രം ഒളിപ്പിച്ച് വെച്ചിരിക്കുന്ന രഹസ്യമുണ്ടല്ലോ. തന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി എത്തിയ ആ ചെറുപ്പക്കാരന്റെ മൃതദേഹം എന്തു ചെയ്തുവെന്ന്. പക്ഷേ കേരളാ പൊലീസിലെ ഉന്നതരും അതുപോലെ ഒരു രഹസ്യം ഒളിപ്പിക്കുന്നുണ്ട്. അതാണ് നക്സലൈറ്റ് ആണെന്ന് മൂദ്രകുത്തി, അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് ക്രൂരമായി മർദിച്ചുകൊന്ന പി രാജന്റെ കാര്യത്തിലും സംഭവിച്ചത്. ആ മൃതദേഹം എന്തുചെയ്തുവെന്നത് ഇന്നും ദുരൂഹമാണ്. പൗരന്റെ ജീവിനും സ്വത്തിനും സംരക്ഷണം, നൽകേണ്ട പൊലീസ് തന്നെ നടത്തിയ ഞെട്ടിപ്പിക്കുന്ന അരുംകൊല, ഇന്ത്യയിൽ എമ്പാടും ചർച്ചയായതാണ്.

ഓരോ മാർച്ച് 2 എന്ന ദിവസവും ഒരു ഞെട്ടിപ്പിക്കുന്ന ഓർമ്മയുടെ പുതുക്കൽ ആണ്. 1976 മാർച്ച് ഒന്നിന് പുലർച്ചെ 6:30നാണ് കോഴിക്കോട് റീജിനൽ എഞ്ചിനീയറിങ്ങ് കോളജിലെ വിദ്യാർത്ഥിയായ രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തൊട്ടടുത്ത ദിവസം കക്കയത്തെ പൊലീസ് ക്യാമ്പിൽവെച്ച് ക്രൂരമായി ഉരുട്ടിക്കൊലയിൽ രാജൻ മരിച്ചു. പക്ഷേ സംഭവം നടന്ന് 47 വർഷത്തിനുശേഷവും മൃതദേഹം എന്തുചെയ്തുവെന്ന് ഇനിയും പിടികിട്ടിയില്ല. ദൃശ്യത്തിലെ ജോർജ്കുട്ടി പറയുന്നതുപോലെ ആ ഒരു കാര്യത്തിൽ തന്നെയായിരുന്നു, കേസിലെ പ്രതികളായ ജയാറം പടിക്കലും, പുലിക്കോടൻ നാരായണനും, അടക്കമുള്ള പൊലീസ് ഉദ്യോഗ്ഥരുടെ രക്ഷയും. ബോഡി കിട്ടാത്തതുകൊണ്ട് രാജൻ കേസ് ഇപ്പോഴും നിയമത്തിന്റെ കണ്ണിൽ തിരോധാനമാണ്. ഇനി എപ്പോഴെങ്കിലും രാജൻ തിരിച്ചെത്തിയാലോ എന്ന വാദമാണ് സുപ്രീംകോടതിവരെ സംശയത്തിന്റെ ആനുകുല്യം നൽകി പ്രതികളെ വിട്ടയക്കാൻ തീരുമാനിക്കാനുള്ള പ്രധാന കാരണവും.

അതായത് രാജന്റെ മൃതദേഹം എന്തുചെയ്തുവെന്ന് വെളിപ്പെടുത്താതിരിക്കുന്നത് പൊലീസിന്റെ കൂടി ആവശ്യമാണ്. ഉരുട്ടിക്കൊന്നശേഷം പഞ്ചസാരയിട്ട് കത്തിച്ച് കക്കയം ഡാമിലെ ഉരക്കുഴിൽ തള്ളിയെന്നാണ് ഒരു നിഗമനം. കൂത്താട്ടുകുളത്തുകൊണ്ടുവന്ന് കൊത്തിനുറുക്കി അരച്ച് പന്നികൾക്ക് കൊടുത്തുവെന്നാണ് മറ്റൊന്ന്. പക്ഷേ ഇതിനൊന്നും സ്ഥിരീകരണം ഉണ്ടായില്ല. രാജന്റെ പിതാവ് ഈച്ചരവാര്യർ എന്ന വൃദ്ധനായ പ്രൊഫസർ തന്റെ മരണംവരെ നീതിക്കായി പൊരുതിയിരുന്നു. മകന് എന്തുപറ്റി എന്ന് അറിയണം എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. മകനെ കാത്തിരുന്ന് കാത്തിരുന്ന് അവസാനം മാനസികവിഭ്രാന്തിയിലേക്ക് വീണാണ് രാജന്റെ അമ്മ മരിച്ചത്. കരുണാകന്റെ മുഖ്യമന്ത്രി സ്ഥാനം പോലും ഈ കേസിൽ നഷ്ടമായി.

ആരായിരുന്നു പി രാജൻ

കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളേജിൽ അവസാന വർഷ വിദ്യാർത്ഥി ആയിരുന്ന പി രാജൻ, ഗായകനും കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയുമായിരുന്നു. മുരളി കണ്ണമ്പള്ളിയടക്കമുള്ള നക്സൽ നേതാക്കൾ ആർഇസിയിലെ രാജന്റെ മുറിയിൽ എത്താറുണ്ടായിരുന്നെങ്കിലും അയാൾ ഒരു നക്സൽ പ്രവർത്തകൻ ആയിരുന്നില്ല എന്ന് ഉറപ്പാണ്. ഒരുപക്ഷേ അനുഭാവി ആയിരിക്കാം. കലാ- സാഹിത്യ പ്രവർത്തനങ്ങളിൽ ആയിരുന്ന രാജന് കൂടുതൽ താൽപ്പര്യം. മലയമ്മ, ചാത്തമംഗലം, പുള്ളന്നുർ തുടങ്ങിയ പ്രദേശങ്ങിലൊക്കെപോയി, പ്രാദേശിക ക്ലബ് വാർഷികങ്ങിലും ക്ഷേത്രേത്സവങ്ങളിലുമൊക്കെ അയാൾ പാടിയിരുന്നു. രാജന്റെ നേതൃത്വത്തിൽ ആർഇസിയിലെ കുട്ടികൾ ശ്രമദാനമായി പ്രദേശവാസികൾക്ക് റോഡ് വെട്ടിക്കൊടുത്തിരുന്നു.

ആ സമയത്താണ് കെ വേണുവിന്റെ നേതൃത്വത്തിൽ കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണം ഉണ്ടായത്. ആ ആക്ഷനിടെ ഒരാൾ 'രാജാ ഓടിക്കോ' എന്ന് പറഞ്ഞതാണ്, ഈ വിദ്യാർത്ഥിക്ക് വിനയായത്. പ്രതികൾ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികൾ ആയിരുന്നുവെന്നാണ് അന്നത്തെ പൊലീസിനെ സർവാധിപതിയായിരുന്ന ജയറാം പടിക്കൽ കരുതിയിരുന്നത്. സ്‌കോട്ട്ലൻഡ് യാർഡിൽപോയി പരിശീലനം സിദ്ധിച്ച ആ പൊലീസ് ഉദ്യോഗസ്ഥൻ, പക്ഷേ അന്ന് രാജൻ എവിടെ ആയിരുന്നു എന്ന് പോലും പരിശോധിച്ചില്ല. കായണ്ണ പൊലീസ് സ്്റ്റേഷൻ ആക്രമിക്കപ്പെടുമ്പോൾ രാജൻ , ഒരു കലാലയ മത്സരത്തിലായിരുന്നു. ഇക്കാര്യം അദ്ധ്യാപകരരോട് ചോദിച്ചാൽ മനസ്സിലാവും. എന്നാൽ അതിനൊന്നും പൊലീസ് തയ്യാറായില്ല. അവർ നേരെ ആർഇസിയിലെത്തി രാജനടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു കൊണ്ട്പോയി.

കരുണാകരൻ സന്നിഹിതനായിരുന്ന ഒരു ചടങ്ങിൽ അദ്ദേഹത്തെ അവഹേളിക്കുന്ന 'കനക സിംഹാസനത്തിൽ കയറി ഇരിക്കുന്നവൻ ശുംഭനോ അതോ ശുനകനോ' എന്ന പാട്ട് രാജൻ പാടിയെന്നും, അതിന്റെ പ്രതികാരമാണ് അറസ്റ്റ് എന്നും പറയുന്നുണ്ട്. എന്നാൽ ഈ കഥക്ക് തെളിവൊന്നുമില്ല.

ജട്ടി വായിൽ തിരുകി ഉരുട്ടൽ

കക്കയം പൊലീസ് ക്യാമ്പിലേക്കായിരുന്നു രാജനെ കൊണ്ടുപോയിരുന്നത്. ക്രൈംബ്രാഞ്ച് ഡിഐജി ജയറാം പടിക്കലിനായിരുന്നു ക്യാമ്പിന്റെ ചുമതല. അടിയന്തരാവസ്ഥയുടെ നാളുകളിൽ പൊലീസിനെ കിരീടം വെക്കാത്ത രാജാവായിരുന്നു പടിക്കൽ. മുഖ്യമന്ത്രി അച്യുതമേനോനെയും, ഡിജിപിയെയും നോക്കുകുത്തിയാക്കി പടിക്കലും, ആഭ്യന്തര മന്ത്രി കെ കരുണാകരനും ആയിരുന്നു അന്ന് എല്ലകാര്യങ്ങളും തീരുമാനിച്ചിരുന്നത്. നക്സലുകളെ വേരോടെ പിഴുതെറിയണമെന്ന കരുണാകന്റെ നിർശേദം പടിക്കൽ അതേപടി അനുസരിക്കയായിരുന്നു.

രാജനെ ചോദ്യം ചെയ്തത്, സബ് ഇൻസ്പെക്ടർ പുലിക്കോടൻ നാരായണൻ അടങ്ങുന്ന സംഘമായിരുന്നു. മർദനത്തിന് കുപ്രസിദ്ധനായ ഉദ്യോഗസ്ഥനായിരുന്നു പുലിക്കോടൻ. മുടിനീട്ടിവളർത്തിയവരെ ഒരു കാരണവുമില്ലാതെ സ്റ്റേഷനിൽ പിടിച്ചുകൊണ്ടുവന്ന് മുടിവെട്ടിക്കുകയായിരുന്നു പുലിക്കോടന്റെ അക്കാലത്തെ പ്രധാന ഹോബി. തലകീഴായി തൂക്കിയിട്ട് അടിക്കുക, കൈ പിറകോട്ട് കെട്ടി വിലങ്ങ്വെച്ചശേഷം അതിൽ ലാത്തികയറ്റി കപ്പിയിൽ തൂക്കിയിട്ട് പ്ലയിൻപോലെ പറപ്പിക്കുക, നഖം പറിച്ചെടുക്കുക തുടങ്ങിയ ക്രൂരമായ ഭേദ്യമുറകളുടെ രാജാവായിരുന്നു പുലിക്കോടൻ. പിൽക്കാലത്ത റിട്ടയർമെന്റിനുശേഷം ഇതേ പുലിക്കോടൻ മുടി നീട്ടിവളർത്തി ഗീതാപ്രഭാഷന ആയതും കാലത്തിന്റെ കാവ്യനീതി.

വിജനമായ പ്രദേശത്തായിരുന്നു കക്കയം ക്യാംപ്. പിടിക്കപ്പെട്ടവരെയെല്ലാം അതിഭീകരവുമായ മർദനത്തിനു വിധേയരാക്കി. 'ഉരുട്ടൽ'എന്ന പൈശാചികമായ മർദനമുറ അവതരിച്ചത് ഇവിടെയാണ്. മൂന്നുവർഷം എംബിബിഎസ് പഠിച്ചതിന് ശേഷം പഠനം നിർത്തിയ ആളാണ് പടിക്കൽ. ശരീരശാസ്ത്ര പരമായി നല്ല അറിവുണ്ടായിരുന്നു പടിക്കലിന്റെ സംഭാവനയായിരുന്നു ഈ ഉരുട്ടൽ.

അടിവസ്ത്രം മാത്രമിട്ട ഇരയെ കൈകൾ ബെഞ്ചിന്റെ അടിയിലും കാൽമുട്ടിനുതാഴെ ബെഞ്ചുമായി ചേർത്തുകെട്ടും. പിന്നെ കാലിന്റെ തള്ളവിരലുകൾ കൂട്ടിക്കെട്ടുന്നു. നിലവിളിക്കാതിരിക്കാൻ വായിൽ തുണിതിരുകും. മിക്കവാറും അടികൊണ്ട് വീണ മറ്റൊരാളിന്റെയോ അല്ലെങ്കിൽ അവനവന്റെയോ ജട്ടിയായിരിക്കും വായിൽ കുത്തിത്തിരുകുന്നത് എന്നാണ് അനുഭവസ്ഥർ പറയുന്നത്. ഇരയുടെ തുടയിൽ ഒരു ഉലക്കവച്ചശേഷം, ഇരുവശവും രണ്ടുപൊലീസുകാർവീതം നിന്ന്, സർവശക്തിയും ഉപയോഗിച്ച് താഴോട്ടും മേലോട്ടും ഉരുട്ടുന്നു. ഇരയുടെ തുടയിലെ മാംസവും അസ്ഥിയും ഞെരിഞ്ഞുടയും. പൊലീസുകാർ ക്ഷീണിക്കുമ്പോൾ ഇടവേളയുണ്ട്. അതിനുശേഷം നീരുവച്ചു വീർത്ത തുടയിൽ ഉരുട്ടൽ തുടരുന്നു. ഉരുട്ടി തുടയിൽ മാസം അടർന്നുപോകും. നീര് വന്ന ആ ഭാഗത്ത് ഈച്ച വന്നുനിന്നാൽ പോലും പ്രാണൻ പോകും. പക്ഷേ പുറമേക്ക് നോക്കുമ്പോൾ തല്ലിയതിന്റെ ഒരുപാടും കാണില്ല. കോടതിയിൽ പ്രതികളെ ഹാജരാക്കുമ്പോൾ ഒക്കെ ഇത് പൊലീസിന് ഗുണം ചെയ്തു.

രാജൻ കൊല്ലപ്പെടുന്നു

സബ് ഇൻസ്പെക്ടർ പുലിക്കോടൻ നാരായണന്റെ നേതൃത്വത്തിൽ നടന്ന ക്രൂരമർദ്ദനത്തിലും ഉരുട്ടലിലും ആണ് രാജൻ കൊല്ലപ്പെട്ടതെന്ന് അക്കാലത്ത് ക്യാമ്പിൽ ഇതേ രീതിയിൽ പിടിച്ചുകൊണ്ടു വന്ന മറ്റുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്. രാജനനൊപ്പം ആർഇസിയിൽനിന്ന് പിടിച്ച ചാലിയെആണ് ആദ്യം ഉരുട്ടിയത്. ആ സമയത്തു രാജനെ ചുമരിനോടു ചേർത്തുനിർത്തി അടിച്ചു. രാജനും ഉരുട്ടലിനു വിധേയനായി.ചങ്ങല കൊണ്ടുള്ള മർദനങ്ങൾ നടന്നുപുലിക്കോടനൊപ്പം ജയരാജൻ, ലോറൻസ് എന്നീ പൊലീസുകാരാണ് രാജനെ ഉരുട്ടിക്കൊണ്ടിരുന്നത്. ബീരാൻ എന്ന പൊലീസുകാരൻ ശബ്ദം പുറത്തുവരാതിരിക്കാൻ വായ തുണിയുപയോഗിച്ച് അടച്ചുപിടിച്ചിരുന്നുവെന്നും, കുറേ സമയം ഉരുട്ടലിനു വിധേയമാക്കിയ രാജന്റെ അനക്കം നിലച്ചു.

അന്നു രാജൻ പൂർണമായും നിശ്ചലനായിക്കിടക്കുന്നത് രാജന്റെ കൂടെ പിടികൂടിയ ജോസഫ് ചാലിയും ചാത്തമംഗലത്ത് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന രാജനും കണ്ടിട്ടുണ്ട്. ഇരാജന്റെ വായിലെ തുണി നീക്കി, വെള്ളം കുടഞ്ഞപ്പോഴും ഭാവഭേദം ഉണ്ടായില്ല. അതോടെ രാജൻ കിടന്നിരുന്ന മുറിയിൽനിന്ന് എല്ലാവരെയും മാറ്റി. ഇതെല്ലാം നടക്കുമ്പോൾ ഉച്ചയ്ക്കു രണ്ടുമണി ആയിക്കാണമെന്നാണ് ചാലി പിന്നീട് മൊഴി നൽകിയിത്. അതോടെ ക്യാമ്പിൽ ശ്മശാന മൂകതയായി. ആദ്യം ഡോക്ടറെ വിളിപ്പിച്ചുവെങ്കിലും രാജൻ മരിച്ചുവെന്ന് ഉറപ്പായതോടെ ഡോക്ടറെ മൃതദേഹം കാണിക്കാതെ ഒഴിവാക്കുകയായിരുന്നു.അന്നു വൈകിട്ട് ആറരമണിക്കും ഏഴു മണിക്കും മധ്യേ ഒരു മൃതദേഹം ചാക്കിൽ കെട്ടി കൊണ്ടുപോകുന്നത് ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരനായേേ താമസ് കണ്ടിട്ടുണ്ട്. അദ്ദേഹവും രാജൻകേസില മെറ്റാരു മറ്റൊരു സാക്ഷി മറിയം ലോനപ്പനും ഇതു സംബന്ധിച്ചു മൊഴി നൽകിയിരുന്നു.

രാജനെ പൊലീസ് പിടിച്ചുകൊണ്ടുപോയതിന്റെ അന്നുതന്നെ അന്നത്തെ ആർഇസി പ്രിസൻസിപ്പൽ പ്രൊഫ. ബഹാവുദ്ദീൻ, രാജന്റെ പിതാവും, കോഴിക്കോട് ഗവൺമെന്റ് ആർട്സ് കോളജിലെ അദ്ധ്യാപകനുമായ പ്രൊഫസർ ഈച്ചരവാര്യരെ കണ്ടിരുന്നു. മുഖ്യമന്ത്രി അച്യുതമേനോനുമായി അടുത്ത ബന്ധമാണ് ഈച്ചരവാര്യർക്ക്. അതുവഴി ഒന്ന് അടിയന്തരമായി ബന്ധപ്പെടാൻ പറഞ്ഞപ്പോൾ നീതിമാനായ ആ പിതാവ് ആദ്യം വിസമ്മതിക്കയാണ് ഉണ്ടായത്. തന്റെ മകന് നക്സലുകളുമായി ഒരു ബന്ധവും ഇല്ലെന്നും, നിരപരാധി ആയതുകൊണ്ട് പൊലീസ് അവനിൽനിന്ന് വിവരം ശേഖരിച്ചശേഷം വെറുതെ വിടും എന്നായിരുന്നു ഈച്ചരവാര്യർ കരുതിയത്.

പക്ഷേ അത് ശരിയാവണമെന്നില്ല എന്ന് അച്യുതമേനോൻ തന്നെ എഴുതിയിട്ടുണ്ട്. '' അക്കാലത്ത് കരുണാകരനും പടിക്കലും ഒരുകാര്യവും തന്നെ അറിയിച്ചിരുന്നില്ല. രാജൻ എവിടെ എന്ന് ഞാൻ കരുണാകരനോട് ചോദിച്ചിരുന്നില്ല. ചോദിച്ചിട്ട് കാര്യമില്ല എന്ന് അറിയാവുന്നതുകൊണ്ടാണ് അത്.''- അച്യുതമേനോൻ പിന്നീട് പറഞ്ഞു. പക്ഷേ അച്യതമോനൊന്റെ വ്യക്തിജീവിതത്തിലെയും ഏറ്റവും വലിയ വിഷാദമായിരുന്നു രാജന്റെ മരണം. ആ വ്യഥ മരണംവരെ അദ്ദേഹത്തെ വേട്ടയാടി.

കൊത്തിനുറുക്കി പന്നിക്ക് കൊടുത്തു?

അടിയന്തരാവസ്ഥ പിൻവലിക്കപ്പെടുകയും, കരുണാകരൻ മാറി ആന്റണി മുഖ്യമന്ത്രിയാവുകയും ചെയ്തതോടെ ക്രൈംബ്രാഞ്ച് ഡിഐജി ജയറാം പടിക്കൽ, സബ് ഇൻസ്പെക്ടർ പുലിക്കോടൻ നാരായണൻ, കോഴിക്കോട് പൊലീസ് സുപ്രണ്ട് കെ ലക്ഷ്മണ, എന്നിവർ അടങ്ങുന്ന ആറോളം പൊലീസുകാർ അറസ്റ്റ് ചെയ്യപ്പെട്ടു. പക്ഷേ ഇവർക്ക് തുണയായത് സത്യത്തിൽ രാജന്റെ മൃതദേഹം കിട്ടാഞ്ഞതാണ്.

രാജന്റെ മൃതദേഹം പിന്നീട് പൊലീസ് ജീപ്പിലിട്ട് എങ്ങോട്ടോ കൊണ്ടുപോവുകയാണ് ഉണ്ടായത്. മൃതദേഹം പൊങ്ങിവരാതിരിക്കാൻ വയർ കീറി പുഴയിലിട്ടുവെന്നും, അല്ല പഞ്ചസാരയിട്ട് പൂർണ്ണമായി കത്തിച്ചുവെന്നുമൊക്കെ പറയപ്പെടുന്നുണ്ട്. അതല്ല ബോഡി ആദ്യം കുറ്റ്യാടിപ്പുഴയിലെ കക്കയം ഡാമിനടുത്ത് ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് കുഴിച്ചിട്ടെന്നും, പിന്നീട് പുറത്തെടുത്ത് പെട്രോളൊഴിച്ചു കത്തിച്ച് അവശിഷ്ടം ഉരക്കുഴി വെള്ളച്ചാട്ടത്തിലെറിഞ്ഞ് തെളിവുകൾ നശിപ്പിക്കുകയും ചെയ്തു എന്നും വാദമുണ്ട്. പിൽക്കാലത്ത ജയറാം പടിക്കലുമായി തെറ്റിയ ലക്ഷ്മണ വെളിപ്പെടുത്തിയത് മൃതദേഹം കത്തിച്ചു കളഞ്ഞു എന്നായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് പൊലീസിൽ കരാർ ഡ്രൈവറായിരുന്ന ഒരാൾ പീപ്പിൾ ചാനലിനു 2014 നവംബറിൽ നൽകിയ അഭിമുഖത്തിൽ, രാജന്റെ മൃതദേഹം കൂത്താട്ടുകുളം മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യയിൽ കൊണ്ടുവരികയും അവിടുത്തെ ശീതീകരണമുറിയിൽ കൊത്തിനുറുക്കി അരച്ച് പന്നികൾക്ക് ഭക്ഷണമായി നൽകിയിട്ടുണ്ടാവുകയും ചെയ്തിരിക്കാം എന്നാണ് പറയുന്നത്!

രാജന്റെ മൃതദേഹം കണ്ടെത്തുവാൻ നേവിയുടെ മുങ്ങൽ വിദഗ്ദ്ധർ കക്കയം ഡാമിൽ രണ്ടു ദിവസം മുങ്ങിത്തപ്പിയിരുന്നു. മുപ്പത് അടി താഴ്ചയിലായിരുന്നു പരിശോധന. മൃതദേഹം ഉരക്കുഴിയിൽ കൊണ്ടുപോയി ഇട്ടു എന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്മാർ അവസാനം എത്തിച്ചേർന്നത്. ഉരക്കുഴി ഭാഗത്ത് ഒരു പൊലീസ് വാൻ സ്റ്റക്ക് ആയി നിന്നതിനു തെളിവുകളുണ്ട് എന്നു കുറ്റപത്രത്തിൽ പറയുന്നു. കക്കയം വനത്തിലുള്ളിലെ പാറക്കൂട്ടങ്ങൾ നിറഞ്ഞ അഗാധമായ ഒരു ഗർത്തമാണ് ഉരക്കുഴി> വഴുക്കലുള്ള പാറകളും അപ്പുറം കാണാനാവാത്ത ഗർത്തത്തിലേക്കു പതിക്കുന്ന കാട്ടുചോലയുമാണുള്ളത്. എന്നാൽ മൃതദേഹം കണ്ടെടുക്കുന്നതിനോ, നശിപ്പിച്ചതായി തെളിയിക്കുന്നതിനോ അന്വേഷണ ഉദ്യോഗസ്ഥന്മാർ പരാജയപ്പെട്ടു.

ഈ തെളിവുകളുടെ അഭാവമാണ് കൊലക്കുറ്റം സംശയാതീതമായി തെളിയിച്ചിട്ടില്ല എന്നു വിധിക്കുമ്പോൾ കോയമ്പത്തൂർ കോടതി കാരണമായി പറയുന്നത്. വിധിയിൽ പറയുന്നു ''പി.രാജൻ മർദനത്തെ തുടർന്ന് കക്കയം ക്യാംപിൽ മരിച്ചു എന്ന് സാഹചര്യത്തെളിവുകളിൽനിന്നു അനുമാനിക്കാം. എന്നാൽ മൃതദേഹം കണ്ടെടുത്തിട്ടില്ല. അതു നശിപ്പിച്ചതായും തെളിയിച്ചിട്ടില്ല. അതിനാൽ കൊലക്കുറ്റം സംശയാതീതമായി തെളിയിച്ചിട്ടില്ല''.ഈ പഴുതുതന്നെയാണ് ഹൈക്കോടതിയിലും ജയാറം പടിക്കലും, പുലിക്കോടൻ നാരായണനും അടക്കമുള്ള പ്രതികൾക്ക് തുണയായത്.

കരുണാകരനും അനുഭവിച്ചു

കോടതിക്ക് ശിക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും രാജൻ കേസ് പ്രതികളെയെല്ലാം കാലം ശിക്ഷിച്ചുവെന്നാണ്, ഈ കേസ് സംബന്ധിച്ച് ഒരുപാട് ശക്തമായ റിപ്പോർട്ടുകൾ എഴുതിയ കേരള കൗമുദി പത്രം ചൂണ്ടിക്കാട്ടിയത്. വ്യാജ സത്യവാങ്ങ്മൂലം നൽകിയെന്ന കേസിൽ കരുണാകരന് മുഖ്യമന്ത്രിസ്ഥാനം നഷ്ടമായി. പിന്നീട് ഈ കേസിലും കോടതി കരുണാകരനെ കുറ്റവിമുക്നാക്കിയെങ്കിലും രാജന്റെ പ്രേതം ജീവിതകാലം മുഴുവൻ അദ്ദേഹത്തെ വേട്ടയാടി. മകൻ മുരളീധരന്റെ പേരിൽ വിവാദങ്ങൾ ഉയർന്നപ്പോഴോക്കെ ഈച്ചരവാര്യരുടെ പുത്രദുഃഖവും മാധ്യമങ്ങൾ ചർച്ചയാക്കി. ഒടുവിൽ മുരളീധരനും കരുണാകരനും രണ്ട് പാർട്ടികളിൽ പോലുമായി. കരുണാകരൻ കോൺഗ്രസിലേക്ക് മടങ്ങിയപ്പോഴും ഡിഐസി വിട്ട് മുരളി കോൺഗ്രസിലേക്ക് മടങ്ങിയില്ല. മകൻ കോൺഗ്രസിൽ തിരിച്ചെത്തുന്നത് കാണാതെയാണ് കരുണാകരൻ കണ്ണടച്ചത്.

പക്ഷേ രാജൻ കേസിൽ ഉദ്യോഗസ്ഥർ പറഞ്ഞത് അദ്ധമായി വിശ്വസിച്ചതാണ് കരുണകാരന് പറ്റിയ പിശക് എന്ന് പിന്നീട് തെളിഞ്ഞു. മൂന്നരപതിറ്റാണ്ട് കരുണാകരന്റെ പേഴ്സണൽ സ്റ്റാഫിൽ പ്രധാനിയായി പ്രവർത്തിച്ച മൂൻ ജില്ലാകല്കടർ കൂടിയായ കെ.എസ് പ്രേമചന്ദ്രക്കുറുപ്പ് ഐഎഎസിന്റെ സർവീസ് സ്റ്റോറിയായ 'ലീഡറോടൊപ്പം മൂന്നരപ്പതിറ്റാണ്ട്'- എന്ന പുസ്തകത്തിൽ ഇക്കാര്യം പറയുന്നുണ്ട്. രാജന് എന്താണ് സംഭവിച്ചത് എന്ന് കരുണാകരന് നേരിട്ട് അറിയില്ലായിരുന്നു.

ഇതിനായി അന്നത്തെ ക്രൈംബ്രാഞ്ച് ഡി.ഐ.ജി ജയാറം പടിക്കലിനെ കരുണാകരൻ നേരിട്ട് വിളിച്ചുവരുത്തി ചോദിച്ചതിന് താൻ സാക്ഷിയാണെന്ന് പ്രേമചന്ദ്രക്കുറുപ്പ് എഴുതുന്നു. ''എന്നാൽ വികാരധീനനായാണ് പടിക്കൽ മുഖ്യമന്ത്രിയുടെ ചോദ്യത്തോട് പ്രതികരിച്ചത്. 'സർ കണ്ണിനു കാഴ്ച കുറവുണ്ടായിരുന്ന എന്റെ രണ്ട് കുട്ടികൾക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി മാത്രം അങ്ങ് എനിക്ക് സ്‌കോട്ട്ലാന്റ് യാർഡിൽ ഒരു വർഷത്തെ പരിശീലനം ശരിയാക്കിത്തന്നു. അവരുടെ കാഴ്ച കുറേയൊക്കെ ശരിയായി കിട്ടി. ആ കടപ്പാട് ഒരിക്കലും അവസാനിക്കുകയില്ല. അങ്ങയെ ഞാൻ സ്വന്തം അച്ഛനെപ്പോലെയാണ് കാണുന്നത്, അങ്ങയുടെ മുഖത്തുനോക്കി ഞാൻ കള്ളം പറയുമെന്ന് അങ്ങ് കരുതുന്നുണ്ടോ, രാജൻ എന്ന വിദ്യാർത്ഥിയെ ഒരു കാലത്തും കസ്റ്റ ഡിയിൽ എടുത്തിട്ടേയില്ല.'- പടിക്കൽ ഇങ്ങനെയാണ് പറഞ്ഞത്.

ഇതോടെ ലീഡർക്ക് പൂർണ്ണ വിശ്വാസമായി. ഒപ്പം ആശ്വാസവും. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് രാജനെ കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്ന പ്രസ്താവന അദ്ദേഹം നടത്തുന്നത്.''- പ്രേമചന്ദ്രക്കുറുപ്പ് എഴുതുന്നു. അവസാനകാലത്ത് തന്നെ വന്നുകണ്ട പല മാധ്യമ പ്രവർത്തകരോടും കരുണാകരൻ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ രാജനെ കൊല്ലണമെന്ന് കരുണാകരൻ കരുതിയിട്ടുണ്ടാവില്ല. പക്ഷേ അടിയന്തരാവസ്ഥകാലത്ത് പൊലീസ് അമിത അധികാരങ്ങൾ നൽകിയതിലും, ജയാറം പടിക്കലിനെ കയറൂരി വിട്ടതിലുമെല്ലാം വലിയ പങ്ക് കരുണാകരനുണ്ട്. ആ പാപക്കറ അദ്ദേഹം എത്ര കഴുകിയാലും പോവില്ല. ഒരു രാജൻ മാത്രമല്ല വർക്കല വിജയനും, അങ്ങാടിപ്പുറം ബാലകൃഷ്ണനും അടക്കം എത്രയോ പാവങ്ങളാണ് അടിയന്തരവസ്ഥയിൽ രക്തസാക്ഷികൾ ആയത്.

മദ്യത്തിന് അടിമയായ പടിക്കൽ

അടിയന്തരാവസ്ഥക്കാലത്ത് അതിക്രമം നടത്തിയ മിക്ക പൊലീസ് ഓഫീസർമാരെയും പോലെ അതി ദയനീയമായിരുന്നു ജയാറം പടിക്കൽ എന്ന പ്രതാപശാലിയായ ഐപിഎസുകാരെന്റെയും അന്ത്യം. ഡോ വെങ്ങാനൂർ ബാലകൃഷ്ണൻ നിരവധി തവണ പടിക്കലിനെ നേരിട്ട് കണ്ട് എഴുതിയ ' ജയറാം പടിക്കലിന്റെ ക്രൈം ഡയറി' എന്ന പുസ്തകത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. രാജൻ കേസിൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന് പടിക്കൽ ഒരിക്കലും കരുതിയതല്ല. പക്ഷേ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ, പടിക്കലിനെയും പുലിക്കോടനനെയും ജനം കല്ലെറിയുകയും തുപ്പുകയും ആയിരുന്നു. നക്സലുകളെ കൈകാര്യം ചെയ്യാനായി ജയറാം പടിക്കൽ പറഞ്ഞ് പണിയിച്ചതായിരുന്നു കോഴിക്കോട് ജില്ലാ ജയിലിനെ ഒരു ഇടുങ്ങിയ മുറി. അവിടെ തന്നെ ജയറാം പടിക്കലും റിമാൻഡിൽ കഴിയേണ്ടി വന്നു! അന്ന് പുലിക്കോടൻ നാരായണന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ പടിക്കൽ ആ ജയിൽ മുറിയിലും സുഖമായി ഉറങ്ങിയെന്ന് ഡോ വെങ്ങാനൂർ ബാലകൃഷ്ണൻ തന്റെ പുസ്തകത്തിൽ എഴുതുന്നുണ്ട്. പടിക്കൽ കിടന്ന ആ സെൽ ഇപ്പോഴും കോഴിക്കോട് ജയിലിൽ ഒഴിച്ചിട്ടിരിക്കയാണെന്നാണ് പറയുന്നത്.

സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വിട്ടയച്ചതോടെ പടിക്കൽ വീണ്ടും സർവീസിൽ തിരിച്ചെത്തി. പക്ഷേ പിന്നീട് അങ്ങോട്ട് അദ്ദേഹത്തെ സംശയത്തോടെയും വെറുപ്പോടെയുമാണ് പൊതുസമുഹവും രാഷ്ട്രീയക്കാരും നോക്കിക്കണ്ടത്. എൽഡിഎഫ് ഭരിക്കുമ്പോൾ പ്രധാനപ്പെട്ട പോസ്റ്റുകൾ ഒന്നും കൊടുത്തില്ല. 91ൽ കരുണാകരൻ വീണ്ടും മുഖ്യമന്ത്രിയായപ്പോഴാണ് അദ്ദേഹം ഡിജിപി ആയത്. 94 എപ്രിൽ 30ന് അദ്ദേഹം വിരമിച്ചു. ഡിജിപിക്ക് വിരമിക്കുമ്പോൾ കിട്ടേണ്ട സെറിമോണിയൽ പരേഡ് അദ്ദേഹം വേണ്ടെന്നുവെച്ചു. അപ്പോഴേക്കും സ്റ്റേറ്റ് പൊലീസിലെ ചേരിപ്പോര് ശക്തമാവുകയും, അനധികൃത സ്വത്തുസമ്പാദനക്കേസിൽ പടിക്കലിന് എതിരെയുള്ള വിജിലൻസ് റിപ്പോർട്ട് ദേശാഭിമാനിയിൽ വാർത്തയാവുകയും ചെയ്തിരുന്നു. അങ്ങനെ ഫലത്തിൽ അപമാനിതനായാണ് കേരളപൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തനും ക്രൂരനുമായ പൊലീസ ഓഫീസർ വിരമിച്ചത്.

വിരമിച്ച ശേഷവും നിരന്തരം ഭീതിയിലായിരുന്നു പടിക്കലിന്റെ ജീവിതം. നക്സലുകൾ തന്നെ ആക്രമിക്കുമെന്ന് അദ്ദേഹം ഭയന്നു. ചെറുപ്പത്തിൽ കണ്ണിന് പ്രശ്നം ഉണ്ടായിരുന്നു രണ്ടുമക്കളിൽ ഒരാൾക്ക് ചെറിയ മാനസിക അസ്വാസ്ഥ്യവും ഉണ്ടായിരുന്നു. ഈ അരക്ഷിതാവസ്ഥകൾ എല്ലാം ചേർന്ന് കടുത്ത മദ്യപാനത്തിലേക്കും, ഭക്തിയിലേക്കും അദ്ദേഹം നീങ്ങിയെന്നാണ് ഡോ വെങ്ങാനൂർ ബാലകൃഷ്ണൻ എഴുതുന്നത്. അതുപോലെ ശിവസേനയുടെ തലപ്പത്ത് എത്താൻ ഒരു ശ്രമവും അദ്ദേഹം നടത്തിയിരുന്നു. ശിവസനേ ഉണ്ടാക്കുന്ന സ്വകാര്യ ഡിറ്റക്റ്റീവ് സംഘടനയുടെ നേതൃതത്തിൽ അവർ കണ്ടിരുന്നത് പടിക്കലിനെ ആയിരുന്നു. പക്ഷേ കേരളത്തിലെ ശിവസേനാ നേതൃത്വവുമായുള്ള ഭിന്നതകളെ തുടർന്ന് അത് നടന്നില്ല.

പുലിക്കോടന്റെ ഗീതാ പ്രഭാഷണം

അവസാന കാലത്ത് പടിക്കൽ സാമ്പത്തികമായും പിന്നോക്കമായിരുന്നു. 1997 ജൂലൈ 15നാണ് പടിക്കൽ മരിക്കുന്നത്. ഈ മരണം ഒരു കൊലപാതകം ആണെന്ന് വരെ ആരോപണം ഉയർന്നിരുന്നു. പക്ഷേ പാൻക്രിയാസ് റ്റൈറ്റിസ് വന്ന അദ്ദേഹത്തിന് മദ്യപാനവുമായി ബന്ധപ്പെട്ട ഡെലിറിയ ട്രെമൻസ് എന്ന തലച്ചോറിനെ ബാധിക്കുന്ന രോഗാവസ്ഥയും ഉണ്ടായിരുന്നു. ഇത് കുടാതെ ഒരു ശ്വാസകോശത്തിന് കൊളാപ്സും ന്യൂമോണിയയും ഉണ്ടായി. ഇതായിരുന്നു മരണകാരണം. അമിതമായ മദ്യപാനം മുലം പഴുത്ത് മരിച്ചുവെന്നാണ് പടിക്കലിന്റെ എതിരാളികൾ പ്രചരിപ്പിച്ചത്. 2014ൽ കുളിമുറിയിൽ കുളിക്കുന്നതിനിടെ വീണ് പടിക്കലിന്റെ മകൻ രാകേഷ് മേനോനും ദുരൂഹമായി മരിച്ചിരുന്നു. ഇയാൾക്ക ചെറിയ തോതിൽ മാനസിക അസ്വാസ്ഥ്യവും ഉണ്ടായിരുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതൊക്കെ ഈച്ചരവാര്യരുടെ ശാപം എന്ന നിലയിലാണ് പ്രചരിക്കപ്പെട്ടത്!

ഏതാണ്ട് സമാനമായിരുന്നു രാജൻ കേസിലെ മറ്റ് പ്രതികളുടെയും അവസ്ഥ. പുലിക്കോടൻ നാരായണൻ വിരമിച്ചശേഷം താടിയും മുടിയും നീട്ടി ആധ്യാത്മിക പ്രഭാഷണങ്ങളിലേക്ക് നീങ്ങി. ഒരു മാധ്യമങ്ങൾക്കും പിടികൊടുക്കാതെ നീണ്ട മൗനത്തിൽ ആയിരുന്നു വർഷങ്ങളായി അയാൾ. സ്ഫടികം സിനിമ ഇറങ്ങിയപ്പോൾ അതിൽ വില്ലനായ പൊലീസുകാരന് പുലിക്കോടൻ എന്ന് പേരിട്ടപ്പോൾ അത് ചോദ്യം ചെയ്ത കോടതിയിൽ എത്തിയപ്പോഴാണ് അയാളുടെ പേര് പിന്നെ കേൾക്കുന്നത്. കോടതി നിർദ്ദേശം അനുസരിച്ച് സ്ഫടികം ടീം ആ പേര് മാറ്റുകയും ചെയ്തു.

അന്നത്തെ പൊലീസ് സുപ്രണ്ട് ലക്ഷ്മണ പിന്നെ ഐഎൻഎൽ എന്ന പാർട്ടിയിൽ ചേക്കേറി രാഷ്ട്രീയം പയറ്റിയെങ്കിലും ക്ലച്ച് പിടിച്ചില്ല. പ്രതികളെ ക്രൂരമായി മർദിക്കുക ലക്ഷ്മണയുടെ ഹോബിയായിരുന്നു. 'ഞാൻ ഒരു ദലിത് സമുദായത്തിൽ ജനിച്ചും ഈ രീതിയിൽ എത്തി നീ ഒക്കെ എന്തായെടാ' എന്ന് ചോദിച്ചായിരുന്നു ലക്ഷ്മണയുടെ ഭേദ്യം ചെയ്യലെന്നും പഴയ നക്സലുകൾ എഴുതിയിട്ടുണ്ട്. പ്രതികളുടെ ജനനേന്ദ്രിയം പിടിച്ച് തിരിച്ച് പീഡിപ്പിക്കുന്നതിൽ വിദഗ്ധനായിരുന്നു ലക്ഷ്മണ. ഐഎൻഎൽ വിഎസുമായി ഒരു ചർച്ച നടത്തിയപ്പോൾ അതിൽ ലക്ഷ്മണയും ഉണ്ടായിരുന്നു. എന്നാൽ ലക്ഷ്മണയുടെ കൈകൾ പഴയ ഓർമ്മവെച്ച് വിഎസിന്റെ മുണ്ടിനടിയിലേക്ക് നീണ്ടുവെന്നും അങ്ങനെയാണ് ചർച്ച പൊളിഞ്ഞത് എന്നും പിന്നീട് എതിരാളികൾ തമാശയിറക്കി! നക്സൽ വർഗീസ് കേസിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലിനെ തുടർന്ന് ലക്ഷ്മണ ജയിലിൽ ആവുകയും ചെയ്തു. ലക്ഷ്മണ ജയിലിൽ ആയപ്പോഴും മാധ്യമങ്ങൾ പോലും എഴുതിയത് അത് ഇച്ചരവാര്യരുടെ ശാപം ആണെന്നാണ്.

മകൻ രാജനെ തേടിയുള്ള അന്വേഷണത്തിലൂടെയും, തുടർന്നുള്ള നിയമ പോരാട്ടത്തിലൂടെയും അച്ഛൻ ഈച്ചരവാര്യർ സമാനതകളില്ലാത്ത ചരിത്രം സൃഷ്ടിച്ചു. ഒരു പിതാവിന്റെ കാത്തിരിപ്പിന്റെ കഥ പറഞ്ഞ, ഷാജി എൻ കരുണിന്റെ 'പിറവി' എന്ന ചിത്രം കാൻഫെസറ്റിവലിൽ പോലും എത്തി. ഈച്ചരവാര്യരുടെ ആത്മകഥയും ചൂടപ്പം പോലെ വിറ്റുപോയി. തന്റെ മകന്റെ മൃതദേഹം എന്തു ചെയ്തുവെന്ന് കണ്ടെത്തണമെന്ന് ഈച്ചരവാര്യരുടെയും വലിയ ആഗ്രഹം ആയിരുന്നു. അത്മകഥയിൽ ഈച്ചരവാര്യർ ഇങ്ങനെ എഴുതുന്നു. 'ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. ഞാൻ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകൾ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ. മരിച്ചിട്ടും നിങ്ങൾ എന്തിനാണ് എന്റെ മകനെ മഴയത്ത് നിർത്തിയിരിക്കുന്നത്''.

മരിച്ചിട്ട് 47 വർഷം കഴിഞ്ഞിട്ടും രാജന്റെ മൃതദേഹം എന്തുചെയ്തുവെന്ന് കൃത്യമായ ഉത്തരമില്ല.

വാൽക്കഷ്ണം: നക്സലുകളായി തലകൊയ്യാൻ ഇറങ്ങിയവരും അവരെ ക്രൂരമായി തല്ലിച്ചതച്ചവരും ഒരുപോലെ ഭക്തി മാർഗത്തിലേക്ക് തിരിയുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്. തലശ്ശേരി- പുൽപ്പള്ളി ആക്രമണക്കേസിലെ പ്രതിയായ ഫിലിപ്പ് എം പ്രസാദ് സായിബാബ ഭക്തനായി. പൊലീസുകാരുടെ പേടി സ്വപ്നം ആയിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ പാസ്റ്റർ ആയി. പുലിക്കോടനും പടിക്കലും തിരിഞ്ഞതും അതേ ഭക്തിമാർഗത്തിലേക്കാണ്!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP