Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202424Saturday

ചീട്ടുകളിക്ക് കാവൽനിന്ന് തുടക്കം; മാഹിയിലെ കള്ളക്കടത്തിലുടെ വളർച്ച; സിപിഎം ഗുണ്ടയായതോടെ ഹീറോ; 51 വെട്ടി ടി പിയെ കൊന്നതിന് അകത്ത്; തടവറയിലും ക്വട്ടേഷനും കള്ള്ളക്കടത്തും; ഇപ്പോൾ വിയ്യൂർ അക്രമങ്ങളിലൂടെ വീണ്ടും വിവാദത്തിൽ; ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ

ചീട്ടുകളിക്ക് കാവൽനിന്ന് തുടക്കം; മാഹിയിലെ കള്ളക്കടത്തിലുടെ വളർച്ച; സിപിഎം ഗുണ്ടയായതോടെ ഹീറോ; 51 വെട്ടി ടി പിയെ കൊന്നതിന് അകത്ത്; തടവറയിലും ക്വട്ടേഷനും കള്ള്ളക്കടത്തും; ഇപ്പോൾ വിയ്യൂർ അക്രമങ്ങളിലൂടെ വീണ്ടും വിവാദത്തിൽ; ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ

എം റിജു

കൊടി സുനി! കേരളത്തിലെ ക്രിമിനൽ റെക്കോർഡുകളിൽ 'തങ്കലിപികളിൽ' എഴുതിവേക്കേണ്ട പേരാണിത്. കാരണം, നാളിതുവരെ ഒരു മലയാളിക്കും ജയിലിൽ കിടന്ന് കോടീശ്വരൻ ആവാൻ കഴിഞ്ഞിട്ടില്ല. പക്ഷേ കണ്ണൂർ നിടുമ്പ്രം ചൊക്ലി ഷാരോൺ വില്ല മീത്തലെചാലിൽ വീട്ടിൽ എൻ.കെ. സുനിൽകുമാർ എന്ന ചെറുപ്പക്കാരന് അത് കഴിഞ്ഞു. കേരളത്തിന്റെ ക്രമസമാധാനപാലനത്തിന് നേരെ നോക്കി പല്ലിളിക്കയാണ് കൊടി സുനി എന്ന സിപിഎം ഒത്താശയുള്ള ക്രിമിനൽ.

ഇപ്പോഴിതാ സുനി വീണ്ടും വാർത്തകളിൽ നിറയുകയാണ്. വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ ജീവനക്കാരെ തടവുകാർ ആക്രമിച്ചതിന് ചുക്കാൻ പിടിച്ചതുകൊടി സുനിയാണെന്നാണ് പറയുന്നത്. ഇയാളുടെ നേതൃത്വത്തിലുള്ള തടവുകാരുടെ സംഘം ജയിൽ ഓഫിസിലെത്തി ആക്രമണം അഴിച്ചുവിടുകയാണെന്നാണ് പൊലീസ് റിപ്പോർട്ട്. കമ്പിയടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള അപ്രതീക്ഷിത ആക്രമണം ജീവനക്കാർക്ക് തടയാനായില്ല. തടവുകാർ ജയിൽ ഓഫിസിലെ ഫർണിച്ചറുകൾ തല്ലിത്തകർത്തു. പിന്നീട് ജില്ലാ ജയിലിലെ ഉദ്യോഗസ്ഥർ കൂടി സ്ഥലത്തെത്തിയാണ് ഇവരെ കീഴ്‌പ്പെടുത്തിയത്.

പക്ഷേ കൊടി സുനിയെ ജയിലിനുള്ളിൽ ജയിൽ ജീവനക്കാർ മർദ്ദിച്ചു എന്നാണ് കുടുംബത്തിന്റെ പരാതി. സെല്ലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സുനിയെ മുളകുപൊടിയെറിഞ്ഞ് മാരകമായി മർദ്ദിക്കുകയായിരുന്നുവെന്ന് കുടുംബം പരാതിപ്പെട്ടു. ഇന്നലെ ഉച്ചയോടെ സുനിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തിട്ടുണ്ട്.

ജയിലിൽ മുൻപും പ്രശ്നങ്ങളുണ്ടാക്കിയിട്ടുള്ളയാളാണ് സുനി. വിയ്യൂർ ജയിലിനുള്ളിൽ തനിക്കു വധഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടിയും പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഇത് കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റം ലഭിക്കാനുള്ള സമ്മർദ തന്ത്രമാണെന്നാണു സൂചന. വിയ്യൂരിൽ സുനിയുടെ കയ്യിൽനിന്നു മൊബൈൽ ഫോൺ പിടികൂടിയിരുന്നു. ടിപി വധക്കേസിലെ മറ്റു പ്രതികൾക്കെല്ലാം കോവിഡ് കാലത്തു പ്രത്യേക പരോൾ ലഭിച്ചപ്പോൾ സുനി മാത്രം ജയിലിൽ തന്നെയായിരുന്നു.

ഇപ്പോൾ കണ്ണൂരിലേക്ക് മാറാനാണ് സുനിയുടെ ഈ കളി എന്നാണ് അറിയുന്നത്. അതെ കളിക്ക് നേതൃത്വം കൊടുക്കുന്നതുകൊടി സുനിയാവുമ്പോൾ എല്ലാവരും ഒന്ന് ഭയക്കും. കാരണം അങ്ങനെയാണ് അയാളുടെ ജീവിതം. പാർട്ടി ഇപ്പോൾ തന്നെ തഴയുകയാണോ എന്ന സംശയവും സുനിക്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. പഴയ പരിഗണന അയാൾക്ക് കിട്ടുന്നില്ല എന്ന് ഉറപ്പാണ്. സിപിഎമ്മിന്റെ തണലിൽ, പതുക്കെ വളർന്നുവന്ന സുനി ഇപ്പോൾ, പുരക്ക് മുകളിൽ ചായുന്ന മരമായി മാറുകയാണോ എന്ന് പാർട്ടിക്ക് ആശങ്കയുണ്ടാവും. പക്ഷേ സുനിയുടെ പഴയ കളികൾ ഞെട്ടിപ്പിക്കുന്നത് തന്നെയായിരുന്നു.

പേരിനൊപ്പം കൊടി വന്നത് ?

എൻ.കെ. സുനിൽകുമാർ എന്ന ചെറുപ്പക്കാരന്റെ പേരിന് മുന്നിൽ കൊടി എങ്ങനെ വന്നു എന്നതിന്, മുത്തശ്ശിക്കഥകൾ സമാനമായ പലകാര്യങ്ങളാണ് പ്രചരിക്കുന്നത്. ചെറുപ്പത്തിൽ ആർഎസ്എസ് പ്രവർത്തകനായ കൊടി സുനി പിന്നെ സിപിഎമ്മിൽ ചേരുകയാണെന്നാണ് പറയുന്നവരും ഉണ്ട്. അത് ശരിയല്ലെന്നും ആദ്യമുതൽ സുനി സിപിഎമ്മാണെന്ന് പറയുന്നവരും ഉണ്ട്. കണ്ണൂരല്ല, മാഹിക്കാരനാനാണ് സുനി. പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയി, നികുതി വ്യത്യാസം മൂലം കള്ളക്കടത്തിന്റെയും മദ്യവ്യാപാരത്തിന്റെയും പറുദീസയായിരുന്നു. കേരളാ പൊലീസിനെപ്പോലെ ശക്തമായ പൊലീസിങ്ങും ഇവിടെയില്ല. മാഹിയിൽ അടിപിടി നടത്തി കേരളത്തിലേക്ക് മുങ്ങുകയും തിരിച്ചും ഇവിടെ പതിവായിരുന്നു. ഈ സാമ്പത്തിക- സാമൂഹിക സാഹചര്യങ്ങളുടെ കൂടി ഉപോൽപ്പന്നമാണ് കൊടി സുനി.


ആർഎസ്എസ് പോക്കറ്റായ ചെമ്പ്രയാണ് കൊടി സുനിയുടെ നാട് എന്നാണ് പൊതുവേ മാധ്യമങ്ങൾ പറയുന്നത്. എന്നാൽ ചെമ്പ്രയ്ക്കടുത്തുള്ള പള്ളൂർ വയലിൽ നിന്നുള്ളയാളാണ് കൊടി സുനി എന്നും ആർഎസ്എസ് പോക്കറ്റായ ചെമ്പ്രയിലൂടെ ബൈക്കൊടിച്ചു പോയി ധീരത പ്രദർശിപ്പിക്കുക അയാൾക്ക് ഒരു ഹരമാണെന്നുമാണ് ചിലർ പറയുന്നത്. സിപിഎമ്മിന്റെ പ്രവർത്തകനായ കൊടി സുനി ആ പാർട്ടിയുടെ ആക്ഷനുകളിൽ പങ്കെടുക്കാൻ തുടങ്ങിയതോടെയാണ് സിപിഎം പാർട്ടി ഗ്രാമമായ ചൊക്ലിക്ക് സമീപമുള്ള നീടുമ്പ്രത്തേക്ക് താമസമാക്കിയതെന്നും പറയപ്പെടുന്നു. പാർട്ടി തങ്ങളുടെ വിശ്വസ്തനായ കൊലയാളിയെ സുരക്ഷിത താവളത്തിലേക്ക് മാറ്റുകയായിരുന്നു എന്നു വേണമെങ്കിൽ പറയാം.

കൊടി സുനിയുടെ പേരിലെ കൊടിക്ക് പിന്നിൽ മൂന്ന് കഥകളാണ് കേട്ടത്. മറ്റ് പാർട്ടികളുടെ കൊടി എവിടെ കണ്ടാലും അത് വലിച്ചു പറിച്ചു കളഞ്ഞ് സിപിഎമ്മിന്റെ കൊടി കെട്ടുക സുനിയുടെ രീതിയാണ് എന്നതാണ് ഒരു കഥ. മറ്റൊന്ന് ആർഎസ്എസ് പോക്കറ്റായ ചെമ്പ്രയിൽ ആദ്യമായി സിപിഎം കൊടി കെട്ടിയ ആളാണ് സുനി, അങ്ങനെയാണ് ആ പേർ വന്നത് എന്നാണ്. മൂന്നാമത്തെ കഥ ഇത് ഒരു കുടുംബപേരാണ് എന്നാണ്. ബന്ധുവായ ഒരു സ്ത്രീ ബിജെപിയുടെ കൊടി മാറ്റി സിപിഎം കൊടി ഉയർത്തിയതുമായി ബന്ധപ്പെട്ടാണത്രേ കൊടിയെന്ന പേര് ലഭിക്കുന്നത്. എന്തായാലും ഈ മൂന്ന് കഥകൾക്കും വ്യക്തമായ സ്ഥിരീകരണം ഒന്നുമില്ല. 'മുള്ളൻകൊല്ലി വേലായുധൻ' എന്നൊക്കെപ്പറയുന്നപോലെ ഒരുപാട് വീര കഥകളിലുടെ കൊടി സുനിയും ഒരു മിത്തിന് സമാനമാവുന്നു.

മുതലെടുത്തത് മയ്യഴിയുടെ അരാജകത്വം

കൊടി സുനിയെ വളർത്തിയതിൽ മാഹിയിലെ അരാജക വ്യവസ്്ഥക്ക് വലിയ പങ്കുണ്ട്. 90കളുടെ തുടക്കത്തിൽ മദ്യ-കോഴി- ഇലട്രോണിക്ക്സ് കള്ളക്കടത്തുകാരുടെ വിഹാര രംഗമായിരുന്നു ഇവിടം. മയ്യഴിയുടെ ഭാഗമായ ചെമ്പ്രയിലെ ക്രമിനലുകളെ ജനം പേടിയോടെയാണ് കണ്ടിരുന്നത്. ഫ്രഞ്ച് അധീനതയിലുണ്ടായിരുന്നു എം മുകുന്ദന്റെ കാൽപ്പനിക തുളുമ്പുന്ന വരികളിലുടെ നാം കണ്ട മയ്യഴിയല്ല, പിന്നീട് രൂപപ്പെട്ടത്. കേരളത്തിനകത്തെ ഈ കൊച്ചു പ്രദേശം ആദ്യ കേന്ദ്ര ഭരണ പ്രദേശമായും പിന്നീട് പോണ്ടിച്ചേരി സംസ്ഥാനത്തിന്റെയും ഭാഗമായി.

പ്രശ്സത മാധ്യമ പ്രവർത്തകനായ സാജു കൊമ്പൻ ഇങ്ങനെ നിരീക്ഷിക്കുന്നു. ''അക്കാലത്ത് മാഹിയിലെ നിയമവാഴ്ച പരിതാപകരമായിരുന്നു. മാഹി പൊലീസ് പല കാര്യങ്ങളിലും നോക്കുക്കുത്തിയായി. ആർക്കും എന്തും ചെയ്യാവുന്ന മാഫിയാ സംസ്‌കാരം മാഹിയെ ചുറ്റിപ്പറ്റി വളർന്ന് വന്നു. കോൺഗ്രസ്സും സിപിഎമ്മും ബിജെപിയും അതിനു വേണ്ട വെള്ളവും വളവും പകർന്നു''- സാജു ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ച് അദ്ദേഹം എഴുതതിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ ചുരുക്കാം.

വൈകാതെ നിരവധി നിയമ വിരുദ്ധ പ്രവർത്തികളുടെ കേന്ദ്രമായി മാഹിയും പ്രദേശങ്ങളും മാറി. കേരളത്തെ അപേക്ഷിച്ച് വാണിജ്യ നികുതി കുറഞ്ഞ പ്രദേശമെന്ന നിലയിൽ മാഹിയുടെ റോഡിന് ഇരുവശവും മദ്യഷോപ്പുകൾ കൂണുപോലെ മുളച്ചുപൊന്തി. നിരവധി ബാറുകൾ തുറക്കപ്പെട്ടു. കേരളത്തിൽ നിന്നും മദ്യപാനികൾ മാഹിയിലേക്ക് ഒഴുകി മദ്യ വിപണിയോടനുബന്ധിച്ച് ഒരു തൊഴിൽ സമൂഹം തന്നെ മാഹിയിലും പള്ളൂരുമൊക്കെ രൂപപ്പെട്ടു. അതിൽ മദ്യ കയറ്റിറക്ക് തൊഴിലാളികൾ മുതൽ ബാറിനു സെക്യൂരിറ്റി നൽകുന്ന സംഘങ്ങളും കേരളത്തിലേക്ക് മദ്യം കടത്തുന്നവരും ഒക്കെ ഉണ്ടായി. കേരളത്തിൽ നിന്നെത്തുന്ന മദ്യപാനികൾ മാഹിയുടെ ഉൾപ്രദേശങ്ങളിൽ തമ്പടിച്ചു. പണം വെച്ചു ശീട്ട് കളിക്കുന്ന സംഘങ്ങൾ വളർന്നു. അതിന് നടത്തിപ്പുകാരും കാവൽക്കാരും ഉണ്ടായി. മദ്യം കൂടാതെ കോഴിക്കടത്തും മണൽക്കടത്തും വളർന്നു. അതിന് എസ്‌കോർട്ട് പോവുക യുവാക്കളുടെ പ്രധാന തൊഴിൽ മേഖലയായി മാറി.

ഒരു കാലത്ത് കെട്ടിട നിർമ്മാണ സാമഗ്രികളും ഇലക്ട്രിക്കൽ സാധനങ്ങളും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന മാഹിയിലേക്ക് കേരളത്തിൽ നിന്നുള്ള ആളുകൾ അതിനായി വരാൻ തുടങ്ങി. കേരള ഗവൺമെന്റിന്റെ ചെക്ക് പോസ്റ്റുകൾ കോഴിക്കോട് റൂട്ടിൽ അഴിയൂരും തലശ്ശേരി റൂട്ടിൽ മാഹി പാലത്തിന് ഇപ്പുറവും ഉണ്ടെങ്കിലും കടത്തുകൾ നിർബാധം തുടർന്നു. അതിനു സഹായിക്കുന്ന നല്ല കടത്തുകാർ ആവശ്യമായി വന്നു. തലശ്ശേരിയിൽ നിന്നും സാധനങ്ങൾ വാങ്ങിച്ച് മാഹി ബിൽ തരുന്ന ഏർപ്പാടുകൾ വരെ ഉണ്ടായി. ഇങ്ങനെ മാഹിയിലെ ഒരു വിഭാഗം യുവാക്കൾ എളുപ്പത്തിൽ പണം ഉണ്ടാക്കാൻ വേണ്ടി ഇത്തരത്തിലുള്ള നിയമ വിരുദ്ധമായ തൊഴിൽ മേഖലകളിലേക്ക് നിരന്തരം കടന്നു വന്നുകൊണ്ടിരുന്നു. അവരിൽ ഒരാളാണ് കൊടി സുനിയും.

രാഷ്ട്രീയകൊലകളിലുടെ ജീവിതം

രണ്ടുസംസ്ഥാനങ്ങൾ, രണ്ടു പൊലീസ് സംവിധാനങ്ങൾ. ഈ സാധ്യത നന്നായി മുതലെടുത്തത് മാഹിയിലെ ക്രിമിനലുകൾ ആയിരുന്നു. കേരളത്തിൽ കൊല നടത്തി മാഹിയിലേക്കും, തിരിച്ച് കേരളത്തിലേക്കും കടക്കുക എന്നതായിരുന്നു രാഷ്ട്രീയ കൊലയാളികളുടെ സ്ഥിരം രീതി. പോണ്ടിച്ചേരി പൊലീസ് കൊലയാളികൾക്ക് സുരക്ഷിതമായി വിഹരിക്കാനുള്ള അവസരവും ഒരുക്കി കൊടുത്തിരുന്നു.

1996ൽ പന്ന്യന്നൂരിൽ വെച്ചു ബിജെപി ജില്ല പ്രസിഡണ്ട് പന്ന്യന്നൂർ ചന്ദ്രൻ കൊല ചെയ്യപെട്ടപ്പോൾ നിരവധി കൊലപാതകങ്ങൾ കണ്ണൂരും പരിസര പ്രദേശങ്ങളിലും അരങ്ങേറി. ഒരു സെവൻസ് ഫുട്‌ബോൾ മത്സരം പോലെ അടിക്ക് തിരിച്ചടികൾ നിരവധി ഉണ്ടായി. ആ കാലത്ത് ആർഎസ്എസ് ഗുണ്ടാ സംഘം ഒളിപ്പാർത്ത പ്രദേശമായിരുന്നു ചെമ്പ്ര. അന്നത്തെ ചെറുപ്രായക്കാരനാണ് കൊടി സുനി. സ്വാഭാവികമായും ഇരുപക്ഷത്തുമുള്ള വീരന്മാരായ രാഷ്ട്രീയ കൊലപാതകികളെ കണ്ടുവളർന്ന അയാളും അതിലേക്കു തന്നെ തിരിഞ്ഞത് സ്വാഭാവികം.

സിപിഎം പടുവിലായി ലോക്കൽ കമ്മിറ്റിയംഗം മോഹനനെ വധിച്ച കേസിൽ അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകൻ കുപ്പി സുബിഷും ഇതേ കാലത്ത് ചെമ്പ്രയിൽ വളർന്നു വന്നയാളാണ്. കൊടി സുനി ഒന്നാം പ്രതിയും സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും പ്രതികളുമായ തലശ്ശേരി ഫസൽ വധക്കേസിൽ കുപ്പി സുബീഷിന്റെ മൊഴിയുടെ ഓഡിയോ സമീപകാലത്ത് വലിയ വിവാദമായിരുന്നു. 2016 ഒക്ടോബർ 22ന് ഫസലിനെ കൊന്നത് ആർഎസ്എസ് പ്രവർത്തകരായ താൻ ഉൾപ്പെടുന്ന സംഘമായിരുന്നു എന്നായിരുന്നു മൊഴി. ഒരു കൊലക്കേസിൽ പെട്ട് ഗൾഫിലേക്ക് കടന്ന ചെമ്പ്ര സ്വദേശിയായ പ്രഭീഷും സംഘത്തിൽ ഉൾപ്പെട്ടതായി സുബീഷിന്റെ മൊഴിയിൽ ഉണ്ട്.

2018 മേയിൽ സിപിഎം നേതാവും മാഹി മുൻ നഗരസഭാ കൗൺസിലറുമായ കണ്ണിപ്പോയിൽ ബാബുവിനെ കൊലപ്പെടുത്തിയ പ്രതികളിൽ ചിലർ നിർബാധം വിഹരിച്ചത് വലിയ വാർത്തയായിരുന്നു. ഒടുവിൽ സിപിഎമ്മിന്റെ കേരളത്തിലെ ഉന്നത നേതാക്കളും പുതുച്ചേരി ഗവർണ്ണർ കിരൺ ബേദിയും ചെലുത്തിയ സമ്മർദത്തിന്റെ ഫലമായാണ് അറസ്റ്റുകൾ നടന്നത്. ബിജെപി പുതുച്ചേരി സംസ്ഥാന സമിതി അംഗം വിജയൻ പൂവച്ചേരിയടക്കം പിന്നീട് അറസ്റ്റിലായി. ബാബു കൊല ചെയ്യപ്പെട്ട് മണിക്കൂറുകൾക്കുളിൽ ബിജെപി പ്രവർത്തകൻ ഷമോജിനെ കൊല ചെയ്ത സിപിഎമ്മുകാർ കടന്നത് കേരളത്തിലേക്കാണ്.

കൊടി സുനിയെ തല്ലിയ കുഞ്ഞനന്തൻ

ഇങ്ങനെ മാഹി ടീമിൽനിന്നാണ്, കൊടി സുനി ക്രമിനലിസത്തിന്റെ ബാല പാഠങ്ങൾ പഠിക്കുന്നത്.സിപിഎമ്മിന്റെ പിന്തുണ കൂടി ആയതോടെ അയാൾ പനപോലെ വളർന്നു. പാർട്ടിക്കുവേണ്ടി എന്തിനും ചെയ്യാൻ കഴിയുന്ന ഒരു സംഘത്തെ ഉണ്ടാക്കിയെടുക്കാൻ അയാൾക്ക് കഴിഞ്ഞു. പൊലീസ് റിപ്പോർട്ട് അനുസരിച്ച് ചെമ്പ്ര പള്ളൂരിലെ ഒരു ദരിദ്ര കുടുംബത്തിലാണ് സുനിയുടെ ജനനം. നാട്ടുകാർ പറയുന്ന വീരകഥയും പൊലീസ് റിപ്പോർട്ടും തമ്മിൽ വലിയ വ്യത്യസാമുണ്ട്. ചീട്ടുകളിക്ക് കാവൽ നിന്നാണ് കൊടി സുനിയുടെ തുടക്കമെന്നാണ് പൊലീസ് റിപ്പോർട്ട്. പൊലീസിനെ നിരീക്ഷിക്കുകയും, കളിക്കിടെ തല്ലുണ്ടാക്കുന്നവരെ നിയന്ത്രിക്കുകയുമായിരുന്നു ആദ്യകാല ജോലി. അങ്ങനെയുള്ള തല്ലുകേസിൽനിന്നാണ് തുടക്കം. വൈകാതെ സുനി ഒരു മുഴവൻ സമയ പാർട്ടി ഗുണ്ടയായി.

പാർട്ടി നൽകുന്ന ക്വട്ടേഷനുകൾക്ക് പുറമേ, ബ്ലേഡ് മാഫിയ, വാഹന മാഫിയ, മണൽ മാഫിയ എന്നിവർക്ക് വേണ്ടിയും അവൻ പ്രവർത്തിച്ചു. അതിനിടെ മാഹിയിൽ ചൂതാട്ടം നിരോധിച്ചതും സുനിക്ക് കോളായി. അവർ സമാന്തര ചൂതാട്ടകേന്ദ്രങ്ങൾ തുടങ്ങി. കളിക്കാൽ താൽപ്പര്യമുള്ളവരെ ഫോണിൽ വിളിച്ച് സ്ഥലത്തെത്തിച്ച്, വണ്ടിയിൽ സുരക്ഷിതമായി വീട്ടിൽ എത്തിക്കും.

മാഹിയിലെ ബിജെപി പ്രവർത്തകരുടെ കൊലപാതകത്തിനുശേഷം അവിടം പന്തിയല്ല എന്ന് തിരിച്ചറിഞ്ഞ സുനി ചൊക്ലിയിലേക്ക് താമസം മാറി. ചൊക്ലി നിടുമ്പ്രത്ത് വീട് പണിതു. പിന്നെ ചൊക്ലി അങ്ങാടിയായി അയാളുടെ താവളം. അവിടെ സിഐടിയുവിന്റെ ചുമട്ടുതൊഴിലാളിയായും ജോലി നോക്കി. പക്ഷേ അത് ഒരു മറയായിരുന്നു. പ്രധാന പണി ഗുണ്ടാപ്പണി തന്നെ ആയിരുന്നു.

അതിനിടെയാണ് കൊടി സുനി പാനുർ ഗ്യാങ്ങുമായി പരിചയപ്പെടുന്നത്. ഇതോടെ സംഘം വലുതായി. കിർമാനി മനോജ്, ട്രൗസർ മനോജ്, അന്ത്യേരി സുര, അണ്ണൻ സിജിത്ത്, ഷാഫി എന്നിവരുമായൊക്കെ പരിചയപ്പെടുന്നത് അങ്ങനെയാണ്.
പാനുരിലെ സിപിഎം നേതാവ് കുഞ്ഞനന്തനായിരുന്നു കൊടി സുനിയുടെ 'ആത്മീയ നേതാവ്'. കുഞ്ഞനന്തൻ എന്ത് പറഞ്ഞാലും കൊടി സുനി കേൾക്കും. ഈർക്കിൽപോലുള്ള കുഞ്ഞനന്തൻ ഒരിക്കൽ കൊടി സുനിയുടെ മുഖത്ത് പാനൂർ ടൗണിലിട്ട് പരസ്യമായി തല്ലിയതായും പറഞ്ഞുകേട്ടിട്ടുണ്ട്! കൊടി സുനി കൈവീശി ഒന്ന് കൊടുത്താൽ കുഞ്ഞനന്തൻ തീർന്നുപോവും. പക്ഷേ കൊടി സുനിക്ക് കൈ പൊങ്ങില്ല. കുഞ്ഞനന്തന് പന്നിൽ വലിയ ഒരു പാർട്ടിയെ ആണ് അയാൾ കാണുന്നത്. ടി പി വധക്കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൊടി സുനി നിൽകിയ മൊഴിയിൽ പറയുന്നത്, കുഞ്ഞനന്തനെ തനിക്ക് പേടിയാണെന്നാണ്. ടി പി വധത്തിലും കൊടി സുനിയെ കണക്റ്റ് ചെയ്യുന്നതും കുഞ്ഞനന്തൻ തന്നെ.

സിപിഎമ്മിനുള്ളിൽ രഹസ്യമായി പ്രവർത്തിക്കുന്ന കില്ലർ സ്‌ക്വാഡിന്റെ ചുമതല എന്ന് കുഞ്ഞനന്തനായിരുന്നു എന്നാണ് പറയുന്നത്. എന്നാൽ കുഞ്ഞനന്തന് ഒരു അബദ്ധം പറ്റി. ടി പി ചന്ദ്രശേഖരരെ കൊല്ലാൻ ഈ കില്ലർസ്‌ക്വാഡ് തീരുമാനിച്ചിട്ടില്ലായിരുന്നു. ഏതാനും പ്രാദേശിക നേതാക്കളുടെ പണിയായിരുന്നു ഇത്. പക്ഷേ കുഞ്ഞനന്തൻ ഇത് വിളിച്ച് ചോദിച്ചപ്പോൾ കോഴിക്കോട്ടെ ഒരു ഉന്നതനായ നേതാവ് ചതിച്ചു. അയാൾ യെസ് മൂളിക്കൊടുത്തു. അതോടെയാണ്, കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ ടി പി വധം നടക്കുന്നത്.

51 വെട്ടിന്റെ ഹീന ചരിത്രം

കേരള ചരിത്രത്തിലെ ഏറ്റവും ഹീനമായ കൊലപാതകങ്ങളിൽ ഒന്നായി മാറി ടി പി വധം. സിപിഎം എന്ന പാർട്ടി വിട്ട് ആർഎംപി ഉണ്ടാക്കിയതിന് ടി പി ചന്ദ്രശേരൻ കൊടുക്കണ്ടി വന്നത് സ്വന്തം ജീവൻ തന്നെയായിരുന്നു. 2012 മെയ് 4-ന് രാത്രി 10 മണിക്ക് വടകരക്കടുത്ത് വള്ളിക്കാട് വെച്ച് ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആ 51 വെട്ടിൽ ആദ്യ വെട്ട് കൊടി സുനിയുടേതായിരുന്നെന്നാണ് പൊലീസ് റിപ്പോർട്ട്.

സിപിഎം ആസൂത്രണം ചെയ്തു നടത്തിയ കൊലപാതകം എന്നു പൊലീസ് കണ്ടെത്തിയ കേസിൽ കൊടി സുനി മൂന്നാം പ്രതിയാണ്. എം സി അനൂപ്, കിർമ്മാണി മനോജ്, ഷാഫി, ടി കെ രജീഷ്, അണ്ണൻ സിജിത്ത് തുടങ്ങിയവരാണ് മറ്റ് പ്രതികൾ. സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും തെളിയിക്കപ്പെട്ട കേസിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ഒന്നരക്കൊല്ലം തടവിൽ കിടന്നു.

ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്ടിച്ച ഈ കേസാണ് കൊടി സുനി എന്ന രാഷ്ട്രീയ ക്വട്ടേഷൻ ഗുണ്ടയ്ക്ക് താര പരിവേഷം നൽകിയത്. പാർട്ടി ഗ്രാമമായ മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി മലയിൽ നിന്നും മഴ പെയ്യുന്ന പാതിരാത്രിയിൽ കൊടി സുനിയെയും സംഘത്തെയും അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷനിൽ പിടികൂടിയത് ഒരു ത്രില്ലർ പോലെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കേരള പൊലീസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച ക്രൈം ഇൻവെസ്റ്റിഗേഷനോടുവിൽ കൊടി സുനിയും സംഘവും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയായിരുന്നു. ഇാേതാടെ കഥ അവിടെ തീരും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ കൊടി സുനിയുടെ കഥ അവിടെ തുടങ്ങുന്നതേയുള്ളൂ. ജയിലിൽ കിടന്ന് കോടീശ്വരനായ മലയാളി എന്ന ഖ്യാതിയാണ് ജയിൽ ജീവിതം സുനിക്ക് കൊടുത്തത്.


ജയിലിലെ വിഐപി

ടി പി വധക്കേസിൽ പാർട്ടിക്ക് പങ്കൊന്നുമില്ലെന്ന് സിപിഎം ആവർത്തിക്കുമ്പോഴും കൊടി സുനി അടക്കമുള്ളവർക്ക്, ജയിലിൽ അടക്കം എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്ത് പാർട്ടിയാണ്. ജയിലിൽ ശരിക്കും 'വി.ഐ.പി'യായിരുന്നു സുനി. യഥേഷ്ടം ഫോൺ വിളിക്കാം, പ്രത്യേക ഭക്ഷണം, വാർഡന്മാരെ എടാ പോടാ എടാ പോടാ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം. എന്നിങ്ങനെ ജയിലിനു പുറത്തു കിട്ടുന്നതിനേക്കാൾ സുഖസൗകര്യത്തിലാണ് സുനിയുടെ ജീവിതമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒരിക്കൽ ജയിലിനകത്തുനിന്ന് സുനി ഫോൺ വിളിക്കുന്നതു മൊബൈലിൽ പകർത്തിയ വാർഡനു ലഭിച്ചത് മെമോയായിരുന്നു. 2017 ജനുവരിയിലാണു കൊടി സുനി ജയിൽ ഉദ്യോഗസ്ഥനു മെമോ 'കൊടുപ്പിച്ചത്'.ഉദ്യോഗസ്ഥൻ ഫോൺ വിളി പകർത്തുന്നതു കണ്ട സുനി ഫോൺ പിടിച്ചെടുത്ത് സിംകാർഡ് നശിപ്പിച്ചു. ജയിലിനകത്തു കാമറ കടത്തിയെന്നു പറഞ്ഞ് വാർഡനു ജെയിലർ മെമോ നൽകി. തടവുകാരുടെ ചിത്രം അനുമതിയില്ലാതെ എടുക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണു വിശദീകരണം തേടിയത്. എന്നാൽ സുനി ആരോടാണു സംസാരിച്ചത് എന്നതിനെപ്പറ്റി അന്വേഷണം നടന്നില്ല എന്നതാണ് യാഥാർഥ്യം. ഇതെല്ലാം വലിയ വിവാദമായിരുന്നു.

ടി പി വധക്കേസിലെ പ്രതികൾ ജയിലിൽ ഫേസ്‌ബുക്ക് ഉപയോഗിച്ച് ചിത്രങ്ങൾ ഇട്ടതും വാർത്തയായി. സെല്ലിൽ മീൻ പൊരിക്കാനുള്ള അനുമതിയൊക്കെ സുനിക്ക് ഉണ്ടായിരുന്നു. പേടി കാരണം പല വാർഡന്മാരും ട്രാൻസ്ഫറിനുള്ള അപേക്ഷ പോലും സുനിയോട് പറയുമായിരുന്നു. ഒരിക്കൽ വിയ്യൂർ ജയിലിൽവെച്ച് സുനിയെയും കൂട്ടരെയും തല്ലിച്ചതച്ചപ്പോൾ, ജയിലിനുമുന്നിൽ അന്നത്തെ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ അടക്കമുള്ള വലിയ നിരയാണ് തിടിച്ചുകൂടിയത്. ജയിലിലും കാര്യമായ പണിയൊന്നും ഇവർക്ക് എടുക്കേണ്ടി വന്നില്ല. കിണ്ണത്തപ്പ നിർമ്മാണം എന്നൊക്കെപ്പറഞ്ഞ് കുറേക്കാലം സുഖവാസം കൊടുത്തു.

ഇടക്കിടെ ടി പി കേസിലെ പ്രതികൾക്ക് പരോളും കിട്ടും. കുഞ്ഞനന്തനൊക്കെ ജയിലിൽ കിടന്നതിനേക്കാൾ കൂടുതൽ പുറത്താണ് ജീവിച്ചിരുന്നത്. പരോളും ശിക്ഷാകാലാവധി തീരുന്നതിനു മുമ്പുള്ള ജയിൽ മോചനവും നിയന്ത്രിക്കുന്നത് നിയമങ്ങളോ ജയിൽ വകുപ്പുകളോ അല്ല, രാഷ്ട്രീയ നേതാക്കൾ അടങ്ങുന്ന ഉപദേശക സമിതികളാണ്. അതുകൊണ്ട് തന്നെ ഇടതു സർക്കാർ അധികാരത്തിലേറിയ ശേഷം ടി.പി വധക്കേസിലെ പ്രതികൾക്ക് കൈയയച്ചു പരോൾ നൽകിയത് ഏറെ വിവാദങ്ങളും ഉണ്ടാക്കിയിരുന്നു.

തടവറയിൽകിടന്ന് കള്ളക്കടത്ത്

ജയിലിൽ കിടന്നും, കൊള്ളയും കൊലയും, കള്ളക്കടത്തുമൊക്കെ ആസുത്രണം ചെയ്യുന്ന 'പ്രതിഭാശാലികളെ' കുറിച്ച് മുംബൈ അധോലോകത്തിന്റെ കഥകളിലാണ് നാം കേട്ടത്. പക്ഷേ ഇപ്പോൾ അത് കേരളത്തിലും യാഥാത്ഥ്യമാവുകയാണ്. കൊടി സുനി തടവറയിൽനിന്ന് നിർബാധം ചെയ്തത് ആ പണിയാണ്. മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ, ക്വട്ടേഷൻ ജോലികൾ തുടങ്ങിയവ ജയിലിൽ വെച്ച് ആസൂത്രണം ചെയ്യുകയും പരോളിലെത്തി ഇക്കാര്യങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നതാണ് സുനിയുടെ രീതി. ജയിലിൽ നിന്നു ഇതിനായി വിളിച്ചത് ആയിരത്തിലേറെ കോളുകളാണ് എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

നിരവധി പിടിച്ചുപറി, മോഷണ കേസുകളിൽ പ്രതിയായ കോഴിക്കോട് പൊക്കുന്ന് സ്വദേശി രഞ്ജിത്ത് എന്ന കാക്ക രഞ്ജിത്ത്, കൊല്ലത്തെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ രാജേഷ് ഖന്ന എന്നിവരുമായി ചേർന്നാണ് കൊടി സുനി പദ്ധതി നടപ്പാക്കിയത്.കോഴിക്കോട്ട് കാർ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വർണം കവർന്നതാണ് കേസ്. ഈ കേസിൽ സുനിയെ സെൻട്രൽ ജയിലിലെത്തി ചോദ്യം ചെയ്യാൻ കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിന് അനുമതി നൽകുകയും ചെയ്തു. 2016 ജൂലായ് 16ന് രാവിലെ ആറോടെ ദേശീയപാതയിൽ നല്ലളം മോഡേൺ സ്റ്റോപ്പിന് സമീപം കാർ യാത്രക്കാരനെ ആക്രമിച്ചാണ് സ്വർണം കവർന്നത്. കവർച്ച നടത്താനും സ്വർണം മറിച്ചുവിൽക്കാനും സുനി ജയിലിൽ നിന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച് ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. ഇങ്ങനെ നിരവധി കേസുകൾ. പരോളിലിറങ്ങിയപ്പോഴും സുനി തല്ലകേസിൽ പ്രതിയായി.

സ്വർണക്കടത്തിന്റെ പേരിലുണ്ടായ അർജുൻ ആയങ്കി വിവാദത്തിലും കൊടി സുനി പെട്ടു. ഈ സംഘാംഗങ്ങളുമായി സിപിഎമ്മിലെ ഉന്നതർക്ക് ബന്ധമുണ്ടെന്ന ആക്ഷേപം നേരത്തേ ഉയർന്നിരുന്നു. കള്ളക്കടത്തു സ്വർണത്തിന്റെ മൂന്നിലൊന്ന് സിപിഎം പ്രാദേശിക നേതാക്കൾക്കടക്കം നൽകുന്നു എന്നാണ് പിടിക്കപ്പെട്ടവർ പറയുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി, ഷാഫി എന്നിവർക്കും സ്വർണക്കടത്തു സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. ഇതിന് പിന്നാലെയാണ് കൊടി സുനിയുടെ സ്വത്തിലെ വളർച്ചയുടെ വിവരവും പുറത്തു വരുന്നത്. ആയങ്കി ഉൾപ്പെട്ട ക്വട്ടേഷൻ സംഘത്തിന് ജയിലിൽനിന്നു നിർദ്ദേശം നൽകുന്നതുകൊടി സുനിയും സംഘവുമാണെന്നാണ് പൊലീസ് പറയുന്നത്. ഇങ്ങനെ ജയിലിൽ കിടന്നും കൊടി സുനി കോടീശ്വരനായി.

വീട്ടിലും ചുതാട്ട കേന്ദ്രം

2021ൽ പുറത്തുവന്ന വാർത്ത പ്രകാരം, കൊടിസുനിയുടെ പുതിയ വീട്ടിന് മുമ്പിൽ ചൂതാട്ട കേന്ദ്രവുമുണ്ട്. ഈ ചൂതാട്ട കേന്ദ്രത്തിൽ പ്രധാനമായും നടക്കുന്നത് റമ്മികളിയാണ്. ഈ ചീട്ടുകളിക്കാർ എന്തിനും പോന്ന മാഫിയാ സംഘം കൂടിയാണ്. അങ്ങനെ സ്വന്തം സൈന്യത്തെ ഇപ്പോഴും ചൊക്ലിയിൽ കൂടെ നിർത്താൻ കൊടി സുനിക്ക് കഴിയുന്നുണ്ട്.
്.
നേരത്തെ കൊടി സുനിയുടെ വീട് 'ചൊക്ലി ഷാരോൺ വില്ല മീത്തലെചാലിൽ' വീടായിരുന്നു. എന്നാൽ ഇന്ന് വീടുകൾ ഏറെയുണ്ട്. തലശ്ശേരി പള്ളൂർ നെടുമ്പ്രം മൂന്നങ്ങാടിയാണ് വിലാസം. ഇവിടെ ഉണ്ടായിരുന്ന ചെറിയ ഒറ്റനില വീട് കഴിഞ്ഞ എട്ടുവർഷത്തിനിടെ വലിയ ഇരുനില വീടായി. ഈ വീടിന്റെ മുറ്റവും പറമ്പും കേന്ദ്രീകരിച്ച് ഒരു സ്ഥിരം ചീട്ടുകളി കേന്ദ്രവും. ചുരുക്കി പറഞ്ഞാൽ ചൂതാട്ട കേന്ദ്രം. കളിയുടെ ഒരു വിഹിതം വാടകയായി വീട്ടുകാർക്ക്. അതുകൊണ്ട് തന്നെ ഈ വീട്ടിൽ എപ്പോഴും ആളും അനക്കവുമുണ്ട്. അങ്ങനെ വീടിന് കാവലും.

നെടുമ്പ്രത്തെ ഈ വീടിന് സമീപത്തായി അറുപത് ലക്ഷം രൂപയ്ക്ക് വിൽപ്പനയ്ക്ക് വെച്ചിരുന്ന ഒരു ഇരുനില വീടും പറമ്പും അടുത്തിടെ സുനി ഇടപെട്ട് രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിയായ ഒരു സുഹൃത്തിന്റെ പേരിൽ വാങ്ങിയ ഈ വീട് 40 ലക്ഷം രൂപയ്ക്കാണ് കച്ചവടം ഉറപ്പിച്ചത്. മേക്കുന്ന് പള്ളിക്കുനി മോന്താൽ ഭാഗത്ത് സുഹൃത്തിന്റെപേരിൽ സുനി രണ്ടു വർഷത്തിനിടെ സ്ഥലവും വാങ്ങിയിട്ടുണ്ട്. പള്ളൂർ തെരുക്ഷേത്രത്തിനടുത്ത് നേരത്തേ വാങ്ങിയ സ്ഥലം വിൽപ്പനയ്ക്കും വച്ചിട്ടുണ്ട്.

സുനിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന പള്ളൂർ സ്വദേശിയുടെ പേരിൽ പാറാലിൽ ഒരു വർക്ക് ഷോപ്പും പള്ളൂരിൽ ഒരു മണൽ കച്ചവട കേന്ദ്രവും ഒരു ഹോട്ടലും ആരംഭിച്ചിട്ടുണ്ട്. കർണാടകത്തിൽനിന്ന് എത്തിക്കുന്ന മണലാണ് ഇവിടെ വിൽപ്പന. ഇതിന് പുറമേ അടുത്ത ചില ബന്ധുക്കൾ മുഖേന നാട്ടിൽ സ്വർണം വിൽപ്പന നടത്താൻ ശ്രമിച്ചതായും വിവരമുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ബിനാമി ഇടപാടുകളിലൂടെയൊക്കെ കോടികളുടെ സ്വത്തുണ്ട് സുനിക്ക്. ജയിലിൽ കിടന്ന കാലത്താണ് അയാളുടെ ആസ്തി പത്തിരട്ടിയായി വർധിച്ചത് എന്നോർക്കണം.

കൊടിസുനിയെ കൊല്ലാനും ക്വട്ടേഷൻ!

വാളെടുത്തവൻ വാളാൽ എന്നത് ഈ ഗുണ്ടകളെയും ക്വട്ടേഷൻ സംഘങ്ങളെ സംബന്ധിച്ച് ഒരു പൊതുനിയമാണ്. ആ ഭീതി കൊടി സുനിക്കും ഉണ്ട്. ഈയിടെ സുനിയെ ജയിലിൽ കൊലപ്പെടുത്താനായി ക്വട്ടേഷൻ കൊടുത്തത് വാർത്തയായിരുന്നു. ഉത്തരമേഖലാ ജയിൽ ഐ.ജിയുടെ നേതൃത്വത്തിൽ ഈ വിഷയത്തിൽ അന്വേഷണം നടത്തിവരികയാണെന്നാണ് അറിയുന്നത്.

സ്വർണ്ണക്കടത്തുകാരാണ് സുനിയെ അപായപ്പെടുത്തുന്നതിന് പിന്നിലെന്നാണ് സൂചന. കൊടുവള്ളി സംഘമടക്കം സുനിയോട് വിരോധമുള്ള നിരവധി സംഘങ്ങൾ നിലവിലുണ്ട്. 10 ലക്ഷം രൂപക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികൾക്കാണ് ക്വട്ടേഷൻ കൊടുത്തത്. ഫ്ലാറ്റ് കൊലക്കേസിലെ പ്രതി റഷീദ്, തീവ്രവാദക്കേസിലെ പ്രതി അനൂപ്, എന്നിവർക്കാണ് ക്വട്ടേഷൻ കൊടുത്തതെന്നാണ് പുറത്തുവന്ന് സൂചന. മറ്റൊരു കേസിൽ ജയിലിൽ കഴിയുന്ന വാടാനപ്പള്ളി സ്വദേശി ബിൻഷാദിനോട് റഷീദ് സുനിയെ തല്ലക്കടിച്ച് കൊല്ലാൻ ആവശ്യപ്പെതായും മൊഴിയുണ്ട്.കൊടി സുനിയുടെ സഹ തടവുകാരനാണ് ക്വട്ടേഷൻ വിവരം ജയിലിൽ അറിയിക്കുന്നത്. ഇതോടെ ജയിലിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് വിയ്യൂരിലെ പുതിയ അനിഷ്ട സംഭവങ്ങൾ വാർത്തയാവുന്നത്.

മറ്റൊരു ഭീതികൂടി കൊടി സുനിക്ക് ന്യായമായും ഉണ്ടാകണം. ഒരുപാട് രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് അയാൾ. ഒരുപാട് ബിനാമികളുടെ പേര് അയാൾക്ക് അറിയാം. എപ്പോഴേങ്കിലും കൊടി സുനി വായ തുറന്നാൽ ആപ്പിലാവുക, കേരളത്തിലെ നിരവധി രാഷ്ട്രീയക്കാർ ആയിരിക്കും. അതുകൊണ്ടുതന്നെ തന്നെ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ അവർ തീരുമാനിക്കുമെന്ന ഭീതിയും ഈ കൊടി സുനിക്ക് ഉണ്ടാവും. കാരണം കൂടെക്കിടന്നവന് അല്ലേ രാപ്പനി അറിയൂ!

വാൽക്കഷ്ണം: ഇങ്ങനെയൊക്കെ ആണെങ്കിലും കട്ട പാർട്ടിക്കാരുടെ സർക്കിളിൽ ഇപ്പോഴും വീര പരിവേഷമാണ് കൊടി സുനിക്ക്. ഒരു വിവാഹ പാർട്ടിയിൽ 'ആരാധകർ' സുനിയുടെ ഫ്ളക്സ്് വെച്ചത് നേരത്തെ വിവാദമായിരുന്നു. പരോളിൽ ഇറങ്ങിയ ടി പി കേസ് പ്രതികൾക്ക് പാർട്ടി ഗ്രാമങ്ങളിൽ വലിയ സ്വീകരണമാണ് കിട്ടാറുള്ളത്. ജയിലിൽ കിടക്കവേ തന്നെ, മംഗലാപുരത്തെ ഒരാശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറുമായി സുനി ഫെയ്സ് ബുക്ക് പ്രണയത്തിലായെന്നും ഉടൻ വിവാഹിതനാവുമെന്നും വാർത്തയുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP