Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

വീര പരിവേഷമില്ല, ഭീകരരുടെ മൃതദേഹങ്ങൾ ഇപ്പോൾ അനാഥ പ്രേതങ്ങൾ; വീരമൃത്യുവരിച്ച സൈനികർ താഴ്‌വരയിലും ഹീറോ; പണ്ഡിറ്റുകളും തിരിച്ചുവരുന്നു; നുഴഞ്ഞുകയറ്റം തടഞ്ഞു, സാമ്പത്തിക ശൃംഖല തകർത്തു; ഇനി ഡയറക്ട് ആക്ഷൻ; രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!

വീര പരിവേഷമില്ല, ഭീകരരുടെ മൃതദേഹങ്ങൾ ഇപ്പോൾ അനാഥ പ്രേതങ്ങൾ; വീരമൃത്യുവരിച്ച സൈനികർ താഴ്‌വരയിലും ഹീറോ; പണ്ഡിറ്റുകളും തിരിച്ചുവരുന്നു; നുഴഞ്ഞുകയറ്റം തടഞ്ഞു, സാമ്പത്തിക ശൃംഖല തകർത്തു; ഇനി ഡയറക്ട് ആക്ഷൻ; രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!

എം റിജു

മ്മുകാശ്മീർ വീണ്ടും ഇന്ത്യൻ സൈനികരുടെ ചോരകൊണ്ട് ചുവക്കുകയാണ്. കഴിഞ്ഞ ദിവസം അനന്ത്നാഗ് ജില്ലയിലെ കൊക്കാർനാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൂടി വീരമൃത്യുവരിച്ചു. മൂന്ന് ദിവസമായി തുടരുന്ന ഏറ്റുമുട്ടലിൽ ഇതുവരെ നാല് സൈനികർക്കാണ് ജീവൻ നഷ്ടമായത്. ഗഡോൾ വനമേഖലയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെത്തുടർന്നാണ് ജീവൻ പണയംവെച്ചുള്ള സൈനിക ഓപ്പറേഷൻ നടക്കുന്നത്. ലഷ്‌കർ കമാൻഡർ ഉസൈർ ഖാൻ ഉൾപ്പെടെയുള്ള ഭീകരർക്കായാണ് തെരച്ചിൽ തുടരുന്നത്. ഡ്രോണുകൾ ഉപയോഗിച്ചുള്ള തെരച്ചിലും നടത്തുന്നുണ്ട്. ഓപ്പറേഷനിൽ മൂന്ന് ഭീകരരുടെ ഒളിത്താവളങ്ങളും സുരക്ഷാസേന തകർത്തു. ഒരു എകെ 47 റൈഫിൾ, വെടിമരുന്ന്, ഭക്ഷണം, പാത്രങ്ങൾ എന്നിവയും കണ്ടെടുത്തു.

കഴിഞ്ഞ വർഷം തീവ്രവാദഗ്രൂപ്പിൽ ചേർന്ന ഖാൻ, വനത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ച് നന്നായി അറിയാവുന്നതിനാൽ പ്രദേശത്തെ ലഷ്‌കർ പ്രാദേശീക കമാൻഡറായി പ്രവർത്തിക്കുകയാണ്. കോക്കർനാഗിലെ ഗഡോൾ വനമേഖലയിലെ മുഴുവൻ പ്രദേശവും സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്.
നേരത്തെ, ഇവിടെ ഏറ്റുമുട്ടലിൽ രണ്ട് സൈനിക ഉദ്യോഗസ്ഥരും ജമ്മു കശ്മീർ പൊലീസിലെ ഒരു ഡിഎസ്‌പിയും വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജമ്മു കശ്മീരിൽ നടന്ന ഏഴ് പ്രധാന ഭീകരാക്രമണങ്ങളിൽ ഭാരതത്തിന് നഷ്ടമായത് 30 സൈനികരുടെ ജീവനാണ്.

പക്ഷേ ഈ ജീവത്യാഗമൊന്നും വെറുതെ ആയിരുന്നില്ല. ഇന്ത്യാ ടുഡെയുടെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ 30 വർഷത്തിനിടെ ഏറ്റവും ശാന്തമായ കാലഘട്ടത്തിലുടെയാണ് കാശ്മീർ കടന്നുപോകുന്നത്. ഇന്ത്യക്ക് നഷ്ടമായ ജവാന്മാരുടെ നാലിരിട്ടിയോളം ഭീകരരെ നമുക്ക് ഇല്ലാതാക്കാൻ കഴിഞ്ഞു. ഇപ്പോൾ ഇന്ത്യയുടെ ഇന്റലിജൻസ് സംവിധാനവും കിറുകൃത്യമാണ്. മൂൻകാലങ്ങളിലെപോലെ ജനങ്ങളുടെ സഹകരണം കിട്ടാത്ത അവസഥയില്ല. കാശ്മീർ പൊലീസും ഏറെ മാറി. ഭീകരരുടെ ഒളിത്താവളങ്ങൾ കൂടുതലായി കണ്ടെത്താൻ ഇന്ന് സൈന്യത്തന് കഴിയുന്നു. അത് പലപ്പോളും പറഞ്ഞുതരുന്നതും പ്രാദേശിക വാസികളാണ്. കാശ്മീരികൾക്കും ഭീകരവാദം മടുത്ത അവസ്ഥയാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിരവധി കൊടും ഭീകരരെയാണ് ഇന്ത്യക്ക് അകത്തും പുറത്തും വെച്ച് കൊന്നാടുക്കിയത്.

ഇത്തവണ കാശ്മീരിലും സ്വാതന്ത്ര്യദിനം ആവേശത്തോടെയാണ് കൊണ്ടാടിയത്. മുമ്പൊക്കെ ഭീകരരെ പേടിച്ച് ദേശീയപതാക ഉയർത്താൻ പോലും കഴിഞ്ഞിരുന്നില്ല. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് അടക്കമുള്ള കടുത്ത നടപടികൾ ഭീകരരുടെ ആത്മവിശ്വാസവും ചോർത്തി. ഇപ്പോൾ പാക്കിസ്ഥാൻ സാമ്പത്തികമായി തകർന്നതോടെ അതിർത്തിക്കപ്പുറത്തുനിന്ന് ഭീകരതക്ക് കിട്ടുന്ന സാമ്പത്തിക പിന്തുണയും കുറഞ്ഞു. ഈ സാഹചര്യങ്ങൾ മുതലെടുത്ത്, പരമാവധി ഭീകരരെ തീർക്കുക, താഴ്‌വരയിൽ സമാധാനം ഉറപ്പുവരുത്തുക, അതിനാണ് ഇന്ത്യൻ സൈന്യം ശ്രമിക്കുന്നത്. ശരിക്കും രക്തം ചിന്തി അവർ സമാധാനം ഉറപ്പുവരുത്തുകയാണ്.

എന്തുകൊണ്ട് സൈനികർ കൊല്ലപ്പെടുന്നു?

ഇപ്പോൾ കാശ്മീരിൽ നടക്കുന്നതും ഇന്ത്യൻ സൈന്യത്തിന്റെ നേരിട്ടുള്ള ടാർജെറ്റഡ് ഇന്റർവെൻഷൻ ആണെന്നാണ്, ഇന്ത്യാ ടുഡെ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതായത് നാളിതുവുരെ നാട്ടുകാരുടെ പിന്തുണയോടെ, പ്രാദേശിക ഭൂമി ശാസ്ത്ര അറവിന്റെ ആനുകൂല്യം മുതലെടുത്ത് എവിടെയെങ്കിലും ഭദ്രമായി ഒളിച്ചിരിക്കുക, എന്നിട്ട് തക്കം കിട്ടുമ്പോൾ ആഞ്ഞടിക്കുക എന്നയായിരുന്നു ലഷ്‌ക്കർ ഇ തയ്യിബ അടക്കമുള്ള ഭീകര സംഘടനകളുടെ മോഡസ് ഒപ്പറാൻഡി. എന്നാൽ ഇപ്പോൾ കൃത്യമായി ഇന്റലിജൻസ്് വിവരം കിട്ടുന്നതുകൊണ്ട് സൈന്യം നേരിട്ട് ഭീകരരുടെ ഒളിത്താവളങ്ങളിൽ എത്തുകയാണ്. അതായത് മടകളിലെത്തി നേരിട്ട് സിംഹങ്ങളെ പിടിക്കുന്നതുപോലുള്ള സാഹസികമായ ഒരു പ്രവർത്തനമാണിത്. അതുകൊണ്ടുതന്നെയാണ് ചില സൈനികർ കൊല്ലപ്പെടുന്നതും.

പക്ഷേ സൈനികർ കൊല്ലപ്പെടുന്നതിന്റെ മുന്നിരിട്ടി ഭീകരർ മരിച്ചുവീഴുകയോ, പരിക്കേൽക്കുകയോ, അറസ്റ്റിലാവുകയോ ചെയ്യുന്നുണ്ട്. കോക്കർനാഗിലെ ബോംബിങ്ങിലും ഗ്രനേഡ് വർഷത്തിലും എത്ര ഭീകരന്മാർ വധിക്കപ്പെട്ടു എന്ന് ഇനിയും കണക്ക് എടുക്കുന്നില്ല. മുഴുവൻ ഭീകരന്മാരേയും കീഴ്പ്പെടുത്തിയ ശേഷമേ കല്ലപ്പെട്ട ഭീകരന്മാരുടെ മൃതദേഹങ്ങൾ സൈന്യം പരിശോധിക്കൂ. അതുവരെ അവ കാട്ടിൽ തന്നെ കിടക്കും. അതിനാൽ എത്ര ഭീകരന്മാർ കൊല്ലപ്പെട്ടു എന്ന കണക്കുകൾ പിന്നീടേ പുറത്ത് വരൂ.

ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച ഏറ്റുമുട്ടൽ വെള്ളിയാഴ്ച മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ, മലയോരമേഖലയിലെ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരർ എവിടെയാണെന്ന് ഡ്രോണുകൾ ഉപയോഗിച്ച് സൈന്യം കണ്ടെത്തി വൻ ആക്രമണം നടത്തുകയായിരുന്നു. അനന്ത്നാഗ് മേഖലയിൽ ഭീകരർക്കെതിരായ സംയുക്ത സുരക്ഷാ ഓപ്പറേഷനുകൾക്കിടെ, ഡ്രോണുകൾ ഉപയോഗിച്ചാണ് സൈന്യം ഭീകര കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയത്.

ഭീകരരുടെ ഒളിത്താവളം എന്ന് സംശയിക്കുന്ന സ്ഥലങ്ങളിലും സൈന്യം ഡ്രോൺ മുഖേന ബോംബിങ്ങ് നടത്തി.ഇത്ര വലിയ ഡ്രോൺ ആക്രമണം സൈന്യം ഇതാദ്യമായാണ് ഉപയോഗിക്കുന്നത്. അനന്ത്നാഗിലെ കോക്കർനാഗിലെ ഗദൂൽ ഗ്രാമത്തിന് ചുറ്റുമുള്ള വനങ്ങളിൽ ഭീകരരെ വേട്ടയാടാൻ സൈന്യത്തിന്റെയും പൊലീസിന്റെയും സംയുക്ത സേന ഓപ്പറേഷൻ തുടരുകയാണ്. പാക്കിസ്ഥാൻ പിന്തുണയുള്ള ലഷ്‌കർ-ഇ-തൊയ്ബയുടെ നിഴൽ ഗ്രൂപ്പായ ദി റെസിസ്റ്റൻസ് ഗ്രൂപ്പിൽ ഉള്ളവരാണ് ഭീകരരെന്ന് സംശയിക്കുന്നു. സുരക്ഷാ സേന പ്രദേശം വളയുകയും കോക്കർനാഗ് മേഖലയിൽ 48 മണിക്കൂറിലേറെയായി ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തുകയും ചെയ്തു. ജനങ്ങളിൽ നിന്നും ഭീകരരരെ ഒറ്റപ്പെടുത്തി കൊലപ്പെടുത്തുക എന്നതാണ് സൈനീക തന്ത്രം.

ഗദൂലിൽ രണ്ടും മൂന്നും ഭീകരർ ഉണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ നടത്തിയത്. എന്നാൽ ഓപ്പറേഷൻ തുടങ്ങിയ ശേഷമാണ് കൂടുതൽ ഭീകരർ ഉണ്ടെന്ന് അറിയുന്നത്. സെപ്റ്റംബർ 13 ന് കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ നടന്ന ഭീകരവിരുദ്ധ പോരാട്ടത്തിൽ രാജ്യത്തിന് നഷ്ടമായത് മൂന്ന് ധീര സൈനികരെയാണ്. 19 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് കമാൻഡർമാരായ കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോഞ്ചക്, ജമ്മുകശ്മീർ പൊലീസ് ഡിഎസ്‌പി ഹുമയൂൺ ഭട്ട് എന്നിവരാണ് പോരാട്ടത്തിൽ വീരമൃത്യു വരിച്ചത്.

ഭീകരുടെ മൃതദേഹങ്ങൾ അനാഥപ്രേതങ്ങൾ

മുമ്പൊക്കെ ഇന്ത്യൻ സൈനികർ കൊല്ലപ്പെടുമ്പോൾ, കാശ്മീരിൽ വലിയ ആഹ്ലാദമാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവാറുള്ളത്. എന്നാൽ ഇന്ന് കൊല്ലപ്പെട്ട സൈനികരുടെ സംസ്‌ക്കാര ചടങ്ങിന്റെ വീഡിയോകൾക്ക് താഴെ ആയിരിക്കണക്കിന് കാശ്മീരികളാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. ഇതിൽ കേണൽ മൻപ്രീത്സിങിന്റെ മരണം, രാജ്യസ്നേഹികൾക്കിടയിൽ ശരിക്കും നൊമ്പരമായി.

മൻപ്രീത് സിങ് ഓപ്പറേഷന് പോകുന്നതിന് മുമ്പ് ഭാര്യയെ ഫോണിൽ വിളിച്ചിരുന്നു. ഓപ്പറേഷന് പോകുന്നതായി പറഞ്ഞെങ്കിലും അത് അവസാന വാക്കുകൾ ആകുമെന്ന് ഭാര്യ ജഗ്മീർ കൗർ കരുതിയിരുന്നില്ല. പഞ്ച്കുള മോർണി ഹിൽസ് ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്‌കൂളിലെ ഇക്കണോമിക്സ് ലക്ചറണ് ജഗ്മീത് കൗർ. 'അഭി ഓപറേഷൻ മേ ജാ രഹാ ഹു (ഞാൻ ഇപ്പോൾ ഒരു ഓപറേഷന് -സൈനിക നീക്കത്തിന്- പുറപ്പെടുകയാണ്) ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബുധനാഴ്ച പുലർച്ചെ പ്രിയതമൻ പറഞ്ഞത് അദ്ദേഹത്തിന്റെ അവസാന വാക്കുകളായിരിക്കുമെന്ന് ജഗ്മീത് നിനച്ചിരുന്നില്ല.

എന്നാൽ, ഏതാനും മണിക്കൂറുകൾക്ക് ശേഷം കേട്ടത് ഞെട്ടിക്കുന്ന വാർത്തയായിരുന്നു. ഏറ്റുമുട്ടലിൽ ഭർത്താവിന് മാരകമായി പരിക്കേറ്റതായി അവർ അറിഞ്ഞു. പിന്നാലെ മരണവിവരം ബന്ധുക്കൾ അറിഞ്ഞെങ്കിലും ജഗ്മീതിൽ നിന്ന് മറച്ചുവെച്ചു. പിറ്റേന്ന് രാവിലെയാണ് അവരെ ഇക്കാര്യം അറിയിച്ചത്. കേണൽ മൻപ്രീത് സിംഗിന്റെ സംസ്‌ക്കാര ചടങ്ങുകൾ പഞ്ചാബിലെ ഗരീസാബാദിലാണ് നടന്നത്. ആറ് വയസ്സുള്ള മകൻ അവസാന സെല്യൂട്ട് നൽകിയത് ആർമി യൂണിഫോം ധരിച്ച്. പഞ്ചാബിലെ മുള്ളൻപൂർ ഗരീബ്ദാസിലെ വീട്ടിലെത്തിച്ച മൃതശരീരത്തിൽ അഭിവാദ്യം അർപ്പിക്കുന്ന കുഞ്ഞു കബീർ സിങ് ഏവർക്കും നോവായി.

കബീർ സിങ് ഭാവി ഭാരതത്തിന്റെ വാഗ്ദാനമാണെന്ന് പ്രതിരോധ വിദഗ്ധൻ റിട്ട. കേണൽ ശൈലേന്ദ്ര പറഞ്ഞു. കേണൽ മൻപ്രീത് സിംഗിനെ പോലെ ധീരസൈനികനായി മകൻ വളർന്നുവരും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബിലെ ഒരു ചെറു ഗ്രാമമായ ഭരോൺജിയനിലാണ് കേണൽ മൻപ്രീത് സിങ് ജനിച്ചത്. രാഷ്ട്രീയ റൈഫിൾസിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹത്തിന്റെ കാശ്മീരിലെ കാലാവധി അവസാനിക്കാൻ നാല് മാസം മാത്രമാണ് ബാക്കിയുണ്ടായത്.
മൻപ്രീത് സിംഗിന് കബീറിനെ കൂടതെ രണ്ട് വയസ്സുകാരി മകളുമുണ്ട്. അദ്ദേഹത്തിന്റെ പിതാവും ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച വിമുക്തഭടനായിരുന്നു. ഏതാനും വർഷം മുൻപാണ് പിതാവ് മരണപ്പെട്ടത്. അമ്മയും ഭാര്യ ജഗ്മീത് ഗ്രെവാളും അടങ്ങുന്നതാണ് മൻപ്രീതിന്റെ കുടുംബം.
2021ൽ, ലെഫ്റ്റനന്റ് കേണലായിരിക്കുമ്പോൾ, മൻപ്രീത് സിംഗിനെ ധീരതയ്ക്കുള്ള സേന മെഡൽ നൽകി രാജ്യം ആദരിച്ചിരുന്നു. ഇതേവർഷം തന്നെ പ്രമോഷന്റെ ഭാഗമായി സമാധാന പ്രദേശത്ത് പോസ്റ്റിംഗും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ധീരനായ ആ സൈനികൻ ആ പോസ്റ്റിങ് വേണ്ടെന്നു വെയ്ക്കുകയായിരുന്നു.

ഇപ്പോൾ മകൻ മൻപ്രീത് സിംഗിന് സൈനിക യൂണിഫോമിൽ അന്തിമോപചാരം നൽകുന്ന ചിത്രവും വീഡിയോയുമെല്ലാം, കാശ്മീരിലും വ്യാപകമായി പ്രചരിച്ചു. ജനങ്ങളുടെ മാറുന്ന മനോഭാവത്തിന് ഉദാഹരണമായാണ് ഇത് ചൂണ്ടിക്കാട്ടപ്പെടുന്നത്. നേരത്തെ ഭീകരർ കൊല്ലപ്പെടുമ്പോൾ, അവരുടെ മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള വലിയ ഘോഷയാത്രകൾ കണ്ട സ്ഥലമാണ് കാശ്മീർ. പക്ഷേ ഇന്ന് അനാഥ പ്രേതങ്ങളെപ്പോലെ കിടക്കാനാണ് അവരുടെ വിധി. തീവ്രവാദത്തിനുള്ള ്പ്രോത്സഹനം താഴ്‌വരയിൽ വല്ലാതെ കുറയുന്ന എന്നതിന്റെ ഉദാഹരണമായി ദേശീയ മാധ്യമങ്ങൾ ഇവയും എടുത്തുകാണിക്കുന്നുണ്ട്.

ഡ്രോണിൽ തൂങ്ങി ഭീകരർ വരുന്നു

റോയും, എൻഐഎയും, ആർമിയും തമ്മിലുള്ള സംയുക്ത ഓപ്പറേഷനിലുടെ കൃത്യമായ വിവരം കൃത്യമായ സമയത്ത് അറിയാൻ ഇപ്പോൾ ഇന്ത്യക്ക് കഴിയുന്നുണ്ട്. നേരത്തെ കാർഗിൽ യുദ്ധത്തിലടക്കം വൻ ഇന്റലിജൻസ് വീഴ്ചയാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. പാക് ഭീകരർ കിലോമീറ്ററുകൾ ഉള്ളിൽ കയറിപ്പോഴാണ് ഇന്ത്യ വിവരം അറിഞ്ഞത്. അതും ഉപഗ്രഹ ടെക്ക്നോളജി വഴി, ഇസ്രയേലാണ് വിവരങ്ങൾ നൽകിയത്. ഇപ്പോൾ അക്കാലം പോയി. ഇസ്രയേലിന്റെ തന്നെ നൂതന സാങ്കേതിക വിദ്യകൾ വഴി അതിർത്തിയിലുടെയുള്ള നുഴഞ്ഞുകയറ്റത്തിന്റെ മുനയൊടിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്.

ഭീകരന്മാർക്ക് ആയുധം എത്തുന്നത് പാക്ക് അധീന കാശ്മീർ വഴിയാണ് എന്ന് കണ്ടെത്തി ആ പാത ഒരു പരിധിവരെ അടക്കാൻ ഇന്ത്യക്ക് ആയിട്ടുണ്ട്. ചൈനീസ് നിർമ്മിതമായ ആയുധങ്ങൾ ഭീകരർ ഉപയോഗിക്കുന്നത്. ഇത് പാക്ക് അധിനിവേശ കാശ്മീരിൽ എത്തിക്കുന്നത് ചൈനയുടെ ഏജൻസികളോ ആയുധ കച്ചവടക്കാരോ ആണ്. അത് കാശ്മീരിലെ ഭീകരർക്ക് കൈമാറുന്നത് പാക് ചാര സംഘടന ഐഎസ്ഐയാണെന്നും വ്യക്തമാണ്. നൈറ്റ് വിഷൻ ക്യാമറകൾ, അത്യാധുനിക പിസ്റ്റളുകൾ, ഗ്രനേഡുകൾ തുടങ്ങി അനേകം ഉപകരണങ്ങളും ഡ്രോണുകളും ഭീകരവാദികൾക്ക് നൽകുന്നുണ്ട്. ഇതിന് പുറമെ ഭീകരവാദികൾക്ക് അതിർത്തിൽ നുഴഞ്ഞുകയറാൻ സഹായിക്കുന്ന ഡിജിറ്റൽ മാപ്പുകളും നൽകിയിരുന്നു. ഈ ആയുധപാത ബ്ലോക്ക് ചെയ്യാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. അപ്പോൾ ഭീകരരും അടവ് മാറ്റുകയാണ്.

ഇപ്പോൾ തീവ്രവാദികളും ടെക്ക്നോളജി നന്നായി ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ വിവരങ്ങളും ഇന്ത്യക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യയിലേക്കു ഭീകരരെ എത്തിക്കാൻ പാക്ക് ഭീകര സംഘടനകൾ 'ഡ്രോണി'ന്റെ സഹായം തേടുന്നതായി റിപ്പോർട്ട്. 70 കിലോഗ്രാം വരെ ഭാരമുള്ള പേലോഡുകൾ വഹിക്കാൻ ശേഷിയുള്ള ഡ്രോണുകൾ 'മനുഷ്യക്കടത്തി'നും ഉപയോഗപ്പെടുത്താനാണ് ശ്രമമെന്നാണ് പറയന്ത്. ഇതുമായി ബന്ധപ്പെട്ട് പാക്ക് ഭീകര സംഘടനയായ ലഷ്‌കറെ തയിബയുടെ ഷകാർഗറിലുള്ള പരിശീലന ക്യാംപിൽ നടത്തിയ പരീക്ഷണ വിഡിയോയും പുറത്തായിട്ടുണ്ട്.

ഡ്രോണിന്റെ സഹായത്തോടെ ആളുകളെ ഉയർത്തിയെടുത്ത് ജലോപരിതലത്തിൽ ഇറക്കാനാകുമോയെന്നാണ് ലഷ്‌കറെ തയിബയുടെ പരീക്ഷണം. ഡ്രോണിൽ തൂങ്ങിക്കിടക്കുന്ന ഒരാളെ ജലോപരിതലത്തിൽ ഇറക്കുന്നതാണു വിഡിയോയിലുള്ളത്. പാക്കിസ്ഥാനിലെ ഷകാർഗറിലുള്ള ലഷ്‌കറെ പരിശീലന ക്യാംപിൽനിന്നുള്ളതാണു വിഡിയോ. ഏതാനും മാസങ്ങൾക്കു മുൻപ്, ഡ്രോണിന്റെ സഹായത്തോടെ ലഷ്‌കറെ ഭീകരൻ അതിർത്തി കടന്ന് പഞ്ചാബിലെത്തിയതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇതേ മാധ്യമം റിപ്പോർട്ട് ചെയ്തു. ലഷ്‌കറെ തയിബയുടെ സാമ്പത്തിക സഹായവും ഇയാൾക്കുണ്ടായിരുന്നു.

ഡ്രോണിന്റെ സഹായത്തോടെ പഞ്ചാബിലിറങ്ങിയ ഇയാളെ, അവിടെവച്ച് ദൗത്യം ഏൽപ്പിക്കുമെന്നാണ് അറിയിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പഞ്ചാബിൽനിന്ന് ആയുധങ്ങൾ ശേഖരിക്കാനും ലഷ്‌കർ നേതൃത്വം ഈ ഭീകരനു നിർദ്ദേശം നൽകിയിരുന്നുവെന്നാണ് വിവരം. ഡ്രോണിന്റെ സഹായത്തോടെ ആയുധങ്ങളും ലഹരിക്കടത്തും അതിർത്തി മേഖലകളിൽ പലതവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അതേ മാർഗത്തിലൂടെ ആളുകളെ കടത്തുന്നതായി റിപ്പോർട്ട് വരുന്നത് ഇതാദ്യമാണ്. പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് ഡ്രോണുകൾ ഉപയോഗപ്പെടുത്തിയുള്ള ആയുധ, ലഹരിക്കടത്ത് സജീവം. ഇനി ഇന്ത്യയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളികളിൽ ഒന്ന് ഈ ഡ്രോണുകളെ നിയന്ത്രിക്കുക എന്നതാവും.

റോയുടെ കില്ലർ സ്‌ക്വാഡ്

ഇതിനെല്ലാം ഉപരിയായി കാശ്മീരിലെ ഭീകരതക്ക് തടയിടുന്ന കാര്യത്തിൽ ഏറ്റവും ഗുണം ചെയ്തത് വിദേശത്തുപോയി ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ, തടയാൻ കഴിഞ്ഞു എന്നതാണ്. സിഐഎയുടെയും, മൊസാദിന്റെയുമൊക്കെ കില്ലർ സ്‌ക്വാഡുകളെക്കുറിച്ച് കേട്ടിട്ടില്ലേ. ലോകത്തിന്റെ ഏത് കോണിൽ പോയി ശത്രുക്കളെ കൊന്നിടുന്ന രീതി. ആ ശൈലിയിലേക്ക് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയും കടന്നിരിക്കയാണ്. അടുത്തകാലത്ത് വിദേശത്ത് ഇന്ത്യയുടെ ശത്രുക്കൾ പൊടുന്നനെ കൊല്ലപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ മൂന്നുമാസത്തിനിടെ ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന നിരവധി ഭീകരരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ടത്. ആരാണ് ഇതിന് പിന്നിലെന്ന ലോക മാധ്യമങ്ങളുടെ ചോദ്യത്തിന് ഔദ്യോഗിക ഉത്തരമില്ല. പക്ഷേ രഹസ്യമായി എതിരാളികൾ ഭയക്കുന്നുണ്ട്്. അതിന് പിന്നിൽ റോ തന്നെയാണ്. ഇനി രാജ്യത്തിന് അകത്തേക്ക് വന്നാൽ, കാശ്മീർ ഭീകരർ ഇങ്ങനെ കൊല്ലപ്പെട്ട കാലം ഉണ്ടായിട്ടില്ല. പോപ്പുലർ ഫ്രണ്ട് തൊട്ടുള്ള തീവ്രവാദ സംഘടനകളെ എൻ ഐ എയും നിലം പരിശാക്കുന്നു. ഇക്കഴിഞ്ഞ ആഴ്ചയിലും എൻഐഎ പിടികൂടിയവരെ നോക്കുക. കേരളമടക്കം കത്തിക്കാൻ പദ്ധതിയിട്ടവർ എന്നാണ് ആരോപണം. ഇവർക്കൊക്കെ ആരാണ് കൃത്യമായി വിവരം കൊടുക്കുന്നത്. ഉത്തരം റോ എന്നുതന്നെ.

ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് ചീഫ് പരംജിത് സിങ് പഞ്ച്വാർ ലഹോറിൽ കഴിഞ്ഞ 2023 മെയ് 7ന് വെടിയേറ്റു മരിച്ചു. യുകെയിൽ ഇന്ത്യയുടെ പതാക താഴെയിറക്കി ഖലിസ്ഥാൻ പതാക ഉയർത്താൻ ശ്രമിച്ച അവതാർ സിങ് ഖണ്ഡ ലണ്ടൻ ആശുപത്രിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് ചീഫ് ഹർദീപ് നിജ്ജാർ കാനഡയിലെ സറിയിൽ ഗുരുദ്വാരയ്ക്കു മുന്നിൽ വെടിയേറ്റു മരിച്ചത് ജൂൺ 20ന്. ഭീകരനെന്നു പ്രഖ്യാപിച്ച് എൻഐഎ തലയ്ക്കു 10 ലക്ഷം വിലയിട്ടിരുന്ന ഹർദീപ്, ഒരു മാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഖലിസ്ഥാനിയാണ്.

കഴിഞ്ഞമാസം കാശ്മീർ ഭീകരരിൽ നാലു പേർ അജ്ഞാതരുടെ വെടിയേറ്റ് പാക്കിസ്ഥാനിൽ മരിച്ചിരുന്നു. 2023 ഫെബ്രുവരിയിൽ ഹിസ്ബുൽ ഭീകരൻ പാക്കിസ്ഥാനിൽ വെടിയേറ്റ് കാലപുരി പൂകി. 1999ൽ ഐസി 814 ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്ത ഭീകരരിലൊരാൾ കറാച്ചിയിൽ വെടിയേറ്റു മരിച്ചത് 2022 മാർച്ചിലാണ്. ഇക്കൊല്ലം തന്നെ ജനുവരിയിൽ രണ്ടു പാക്ക് ഐഎസ്ഐ ഏജന്റുമാർ പഞ്ചാബിൽ വെടിയേറ്റു മരിച്ചു.

ഈ കൊലകളിലൊന്നും ആരാണ് ഘാതകരെന്ന് ആർക്കും അറിയില്ല. പ്രതികളെ ഇതുവരെ പിടികൂടിയിട്ടുമില്ല. അതിനർഥം ഒന്നേയുള്ളു പ്രഫഷനൽ പരിശീലനം കിട്ടിയവരാണ് കൊല നടത്തിയത്. കൃത്യം നടത്തിയാലുടൻ രക്ഷപ്പെടാൻ സർവ സന്നാഹങ്ങളും ഉള്ളവർ. 'ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ'യെന്നാണ് സംസാരം. ഇന്ന് ചൈനയും പാക്കിസ്ഥാനും ഭയക്കുന്ന സ്പൈ നെറ്റ്‌വർക്ക് ഇന്ത്യക്ക് ഉണ്ടെന്ന് സാക്ഷാൽ ന്യൂയോർക്ക് ടൈംസ് പോലും എഴുതിയിട്ടുണ്ട്. കശ്മീരിലേയും പഞ്ചാബിലേയും ഭീകരവാദക്കാർ ഒന്നൊന്നായി ഇല്ലാതാകുന്നത് റോയുടെ ശക്തമായ ഇന്റലിജൻസ് ഇൻപുട്ടിന് തെളിവായി മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. എന്തു ചെയ്താലും വിദേശത്തുപോയി സമാധാനമായി ജീവിക്കാം, എന്ന ആത്മവിശ്വാസം ഭീകരർക്ക് നഷ്ടമായി. ഭീകരതയെ ചെറുക്കുന്നതിൽ ഇതും നിർണ്ണായകമായി.

കാശ്മീരി പണ്ഡിറ്റുകൾ തിരിച്ചുവരുന്നു

അതിനിടെ കാശ്മീരിനെ സംബന്ധിച്ച ഏറ്റവും ആഹ്ളാദകരമായ ഒരു വാർത്തയും കഴിഞ്ഞ ആഴ്ച പുറത്തുവന്നു. ഒരുകാലത്ത് കാശ്മീരിൽനിന്ന് ഭീകരർ ചോരയൊഴുക്കി ആട്ടിപ്പായിപ്പിച്ച, കാശ്മീരി പണ്ഡിറ്റുകളിൽ കുറച്ചുപേർ ജന്മ നാട്ടിൽ തിരിച്ച് എത്തുകയാണ്. അവരെ പിഡിപി നേതാവ് മെഹബൂബ മുഫ്തി മാലയിട്ട് സ്വീകരിക്കുന്നതിന്റെ ചിത്രവും, വ്യക്തമാക്കുന്നത് കാശ്മീരിന്റെ മാറുന്ന മുഖമാണ്. ഇങ്ങനെ ആത്മവിശ്വാസം കൊടുത്താൽ കൂടുതൽ പണ്ഡിറ്റുകൾ ജന്മനാട്ടിൽ തിരിച്ചെത്തുമെന്നാണ്, ഇന്ത്യാ ടുഡെ പറയുന്നത്.

2022 ജനുവരിയിൽപോയും കാശ്മീരിൽ പണ്ഡിറ്റുകൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ട്രാൻസ്ഫർ കിട്ടി അവിടെ ബാങ്കിൽ ജോലി ചെയ്യുക ആയിരുന്നു മുകേഷ് കുമാറിനെ ഓഫീസിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഭീകരർ വെടിവെച്ചു കൊല്ലുകായിരുന്നു. കാശ്മീരി പണ്ഡിറ്റായ രജ്നി ബാല എന്ന സ്‌കൂൾ ടീച്ചറിനെയും ഒരു കാര്യവില്ലാതെയാണ് വെടിവെച്ചിട്ടത്. അതിനും ഒരുമാസം മുമ്പ് വെടിയേറ്റ് ശരീരം തുളഞ്ഞത് രാഹുൽ ഭട്ട് എന്ന പണ്ഡിറ്റിനായിരുന്നു.

ഇതോടെ ജമ്മുവിലെ അവശേഷിക്കുന്ന ഹിന്ദു സമൂഹം കടുത്ത ഭീതിയിലായിരുന്നു. തങ്ങളുടെ കണ്ണീര് കൂടി കാണിച്ച് അധികാരത്തിലേറിയ മോദി സർക്കാറിന് എന്തുകൊണ്ട് തങ്ങളെ രക്ഷിക്കാൻ കഴിയുന്നില്ല എന്ന ചോദ്യമാണ്, ഈ നിസ്സഹായരായ ജനവിഭാഗം ഉയർത്തുന്നത്.കാശ്മീരി പണ്ഡിറ്റുകളെയും പ്രാദേശിക നേതാക്കളെയും കൊല്ലുന്നതിനെതിരെ നൂറോളം സർക്കാറുദ്യോഗസ്ഥർ സമരം ചെയ്തതും വാർത്തയായി. സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താനുള്ള അവരുടെ അവകാശത്തിന് വേണ്ടിയായിരുന്നു സമരം. തീവ്രവാദികൾ വധിച്ച രജ്നി ബാല എന്ന സ്‌കൂൾ ടീച്ചറിന്റെ ചിത്രം പതിച്ച പോസ്റ്ററുകളോടെ എത്തിയ അവർ അവകാശങ്ങൾ നടപ്പാക്കാതെ ജോലി തുടരില്ലെന്നും പറഞ്ഞു.പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജിന് കീഴിൽ ജോലി ചെയ്തിരുന്ന നാലായിരത്തോളം കാശ്മീരി പണ്ഡിറ്റുകളും, 24 മണിക്കൂറിനുള്ളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയില്ലെങ്കിൽ, തങ്ങൾ കാശ്മീർ വിട്ട് പോകുമെന്ന് ഭീഷണിമുഴക്കിയിരുന്നു. ഇതോടെ അഭയാർഥികളെ ക്യാമ്പിൽ തടയുകയാണ് പൊലീസ് ചെയ്തത്.

2021 ഒക്ടോബറിലും സമാനമായ അവസ്ഥയുണ്ടായിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ, അഞ്ച് പേരെയാണ് കശ്മീർ താഴ്‌വരയിൽ വെടിവെച്ചു കൊന്നത്. അവരിൽ ഭൂരിഭാഗവും ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള പണ്ഡിറ്റുകൾ ആയിരുന്നു. 1990കാലത്ത് തങ്ങൾ കണ്ട അതേ നിശബ്ദതയാണ് അവിടെ വീണ്ടും കണ്ടതെന്ന് ആദിത്യ രാജ് കൗൾ എന്ന കാശ്മീരി എഴുത്തുകാരൻ പറയുന്നു. അവരുടെ വാക്കുകൾ ഇങ്ങനെ.''ഇന്ന് മൂന്ന് പതിറ്റാണ്ടിന് ശേഷം കാശ്മീർ താഴ്‌വര വീണ്ടും നിശബ്ദമായി. വീണ്ടും ശരത് കാലമെത്തി. പൊഴിഞ്ഞു വീണ ചിനാർ ഇലകൾ നിലത്ത് അനക്കമറ്റ് കിടക്കുന്നു. ശ്രീനഗറിലെങ്ങും നിശബ്ദത. പതിവിലും നേരത്തെ മാർക്കറ്റുകൾ അടയ്ക്കുന്നു. അജ്ഞാതമായ ഒരു ഭീതി എങ്ങും നിഴലിച്ചിട്ടുണ്ട്. ലാൽചൗക്കും സമീപത്തെ മാർക്കറ്റുകളും ഇരുട്ടുന്നതിനു മുമ്പ് തന്നെ അടച്ചു തുടങ്ങി. ന്യൂനപക്ഷ സമുദായക്കാരായ മധുരപലഹാരക്കട ഉടമകളും പഴക്കച്ചവടക്കാരും മുൻകരുതലിന്റെ ഭാഗമായി നേരത്തെ വീട്ടിലേക്ക് മടങ്ങുന്നു.''- ഇങ്ങനെയാണ് അദ്ദേഹം എഴുതിയത്.

എന്നാൽ ഇപ്പോൾ കാര്യങ്ങളെല്ലാം ഒരു പരിധിവരെ മാറിയിരിക്കയാണ്. ഈ സ്ഥിതി എത്രകാലം ഉണ്ടാവുമെന്ന് ഉറപ്പില്ലെങ്കിലും, കാശ്മീരിലെ പണ്ഡിറ്റുകൾക്ക് അടക്കം ഒരുപരിധിവരെ ആത്മവിശ്വാസം കൊടുക്കാൻ സർക്കാറിന് കഴിഞ്ഞിട്ടുണ്ട്.


ജനങ്ങളുടെ മനോഭാവം മാറുന്നു

ഇന്ത്യയുടെ അവിഭാജ്യഘടകമെന്ന് നാം ആവർത്തിക്കുമ്പോളും, ജമ്മു കാശ്മീരിൽ പലപ്പോഴും സ്വാതന്ത്ര്യദിനാഘോഷത്തിന് വലിയ പകിട്ടൊന്നും ഉണ്ടാവുമായിരുന്നില്ല. ഭീകരത കത്തി നിൽക്കുന്ന മുൻ കാലങ്ങളിൽ കാശ്മീർ താഴ്‌വരയിലെ പലയിടത്തും പതാക ഉയർത്താൻ പോലും കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. ഭീകരർ ഇന്ത്യൻ പതാക കത്തിക്കുന്നതിനും, കാശ്മീരിനായി അവർ രൂപകൽപ്പന ചെയ്ത പതാക ഉയർത്തുന്നതും, മൂക സാക്ഷിയായി നിൽക്കാൻ മാത്രമേ സമാധാനകാംക്ഷികളായ പൊതുജനത്തിനുപോലും കഴിഞ്ഞിരുന്നുള്ളു.

എന്നാൽ ഇത്തവണ കാര്യങ്ങൾ മാറി. ഇത്തവണ കാശ്മീരിലും സ്വാതന്ത്ര്യദിനഘോഷം ആവേശത്തോടെ നടന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ആവേശകരമായ ചിത്രങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിക്കയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ കാമ്പയിൻ ഏറ്റെടുത്ത് സോപോറോയിലെ ഒരു വീട്ടിൽ ദേശീയപതാക ഉയർത്തുന്ന ചിത്രമാണ് ഇപ്പോൾ തരംഗമാകുന്നത്. ഹിസ്ബുൾ ഭീകരൻ ജാവിദ് മട്ടുവിന്റെ വീടിന്റെ മുകൾനിലയിൽ നിന്ന് സഹോദരൻ റായിസ് മട്ടു ത്രിവർണ പതാക വീശുന്ന ചിത്രം അദ്ദേഹം തന്നെയാണ് പുറത്തുവിട്ടത്.

അഭിമാനത്തോടെയാണ് രാജ്യത്തിന്റെ പതാക പിടിക്കുന്നതെന്ന് റായിസ് മട്ടു വാർത്താ ഏജൻസിയോട് പറഞ്ഞു. 'ഹൃദയത്തിൽ തിരംഗ വീശുന്നുണ്ട്. എന്റെ നാട് ഭാരതമാണ്. കശ്മീർ ഭാരതത്തിന്റെ പൂവനിയും, സാരേ ജഹാൻ സെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ.''.. റായിസ് മട്ടു പറഞ്ഞു. 'കശ്മീർ മാറുകയാണ് ഭായ്... എന്റെ ജീവിതത്തിൽ ആദ്യമായാണ് ഈ ദിവസം, ഒരു സ്വാതന്ത്ര്യദിനത്തലേന്ന് ഇങ്ങനെ എന്റെ കട തുറന്ന് എനിക്കവിടെ ഇരിക്കാൻ പറ്റുന്നത്. മുമ്പ് സ്വാതന്ത്ര്യദിനം വന്നാൽ ഒരാഴ്ചയൊക്കെ ഹർത്താലാണ്. അന്നൊക്കെ രാഷ്ട്രീയ പാർട്ടികൾക്കും ഇതൊരു കളിയായിരുന്നു. രാജ്യം മാറി, കാശ്മീരും മാറി.'' 2009ലാണ് ജാവിദ് തീവ്രവാദ സംഘടനയുടെ ഭാഗമായത്. അതിനുശേഷം ഞങ്ങൾ അവനെ കണ്ടിട്ടില്ല, അവനെക്കുറിച്ച് ഒന്നുമറിയില്ല, എവിടെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ, തിരികെ വരാൻ ഞാൻ അവനോട് അഭ്യർത്ഥിക്കുന്നു. ഭായ് സ്ഥിതി മാറി, പാക്കിസ്ഥാന് ഇനിയൊന്നും ചെയ്യാൻ കഴിയില്ല''- റായിസ് പറഞ്ഞു. ഇതുപോലെ നിരവധിപേർ പ്രതികരണവുമായി രംഗത്തെത്തുന്നുണ്ട്.

കാശ്മീർ താഴ് വര തീവ്രവാദത്തിന്റെ ഹബ്ബായി മാറുന്നതാണ് യുപിഎ ഭരണത്തിൽ കണ്ടത്. പക്ഷേ മോദി അധികാരത്തിലേറിയ ശേഷമുള്ള തുടർച്ചയായ സൈനികവും, രാഷ്ട്രീയവുമായ നടപടികൾ തീവ്രവാദികൾക്ക് കടുത്ത തിരിച്ചടിയാവുന്ന കാഴ്ചയാണ് ഇന്ത്യ പിന്നീട് കണ്ടത്. 2019 ഓഗസ്റ്റ് 6-നാണ്, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കാശ്മീരിന് അനുവദിച്ച പ്രത്യേക പദവി അല്ലെങ്കിൽ സ്വയംഭരണം കേന്ദ്ര സർക്കാർ റദ്ദാക്കിയത്.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ തന്നെ ഇവിടെ വാർത്താവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കേണ്ടി വന്നു. അഞ്ചു മാസത്തിന് ശേഷമാണ് പുനഃസ്ഥാപിച്ചത്. ഏത് കലാപവും തടയാൻ ആയിരക്കണക്കിന് അധിക സുരക്ഷാ സേനയെ വിന്യസിച്ചു. മുൻ മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി പ്രമുഖ കശ്മീരി രാഷ്ട്രീയക്കാരെ കസ്റ്റഡിയിലെടുത്തു. ഇങ്ങനെയൊക്കെയുള്ള നടപടികൾ വേണ്ടി വന്നെങ്കിലും അവിടെ സമാധാനം ഏറെക്കുറെ പുനഃസ്ഥാപിക്കാനയി. ഇത് കാരണം പ്രത്യേകിച്ച് എന്തെങ്കിലും കുഴപ്പം കാശ്മീരികളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. പക്ഷേ തീവ്രവാദികൾക്ക് പഴയപോലെ അത്ര സുഗമമായി പ്രവർത്തിക്കാനും കഴിയുന്നില്ല.

അതുപോലെ തന്നെ ഇന്ത്യൻ സൈന്യവും, ചാര സംഘടനയായ റോയും അവസരത്തിന് ഒത്ത് ഉയർന്നു. അതിർത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റം കാര്യമായി തടഞ്ഞു. പാക്കിസ്ഥാൻ ഭീകരർക്ക് വിദേശരാജ്യങ്ങളിൽനിന്ന് ലഭിക്കുന്ന ഫണ്ടും ഒരു പരിധി വരെ തടയാൻ പറ്റി. കാനഡയും, യുകെയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ വെച്ചുപോലും പല ഭീകരരും കൊല്ലപ്പെട്ടു. അതോടൊപ്പം കാശ്മീർ ജനതയെ വിശ്വാസത്തിലെടുക്കാനുള്ള ശ്രമങ്ങളും ഏറെക്കുറേ ഫലം കണ്ടു. മോദി- അമിത്ഷാ- അജിത്ത് ഡോവൽ കൂട്ടുകെട്ട് രാഷ്ട്രീയവും സൈനികവുമായ എല്ലാ സാധ്യതകളും ഈ വിഷയത്തിൽ പരിശോധിക്കയാണ്.

ഇനിയുള്ളത് ഒളിത്താവളങ്ങളിലുള്ള ഭീകരരെ നേർക്ക് നേർ പോരാടി വധിക്കയെന്നതാണ്. ശരിക്കും ഒരു ഡയറക്ട് ആക്ഷൻ. അതിൽ നമുക്കും നാശനഷ്ടം ഉണ്ടാവുമെന്ന് ഉറപ്പാണ്. പക്ഷേ എന്നിട്ടും സമാധാനത്തിനായുള്ള ആ യുദ്ധത്തിൽനിന്ന് പിന്മാറാനാവില്ല എന്ന് ഇന്ത്യൻ സൈന്യം പറയുന്നു. ഭീകരതയുടെ ശവപ്പെട്ടിയിൽ ആവസാനത്തെ ആണിയടിക്കാനായി ഇന്ത്യൻ സൈന്യം, പൊരുതുകയാണ്. ശരിക്കും രക്തം ചൊരിഞ്ഞ് നേടുന്ന സമാധാനം!

വാൽക്കഷ്ണം: കാശ്മീരിലെ ആട്ടിൻതോലണിഞ്ഞ ചെന്നായ സംഘടനകളെ നിരോധിച്ചതും സ്വത്ത് കണ്ടുകെട്ടിയതിനും, ഒപ്പം പാക്കിസ്ഥാൻ സാമ്പത്തികമായി തകർന്നതും ജിഹാദികളുടെ സാമ്പത്തിക നാഡിയാണ് തകർത്തത്. നിരോധിത സംഘടനയായ കശ്മീർ ജമാഅത്തെ ഇസ്ലാമിയുടെ മാത്രം 100 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയത്. അങ്ങനെയുള്ള ബഹുമുഖ നീക്കങ്ങളാണ് കാശ്മീരിൽ സമാധാനം കൊണ്ടുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP