Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഫ്ഗാനിലെ ജയിൽ ആക്രമണത്തിൽ ചാവേറായ ഡോ ഇജാസ് ഐഎസിന്റെ കേരള അമീർ; ലക്ഷ്യമിട്ടത് പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യൽ; ഭാര്യ റഫീലയും അഞ്ചുവയസ്സുള്ള മകളും അഫ്ഗാനിൽ തടവറയിൽ; വഴിതെറ്റിച്ചത് സാക്കിർ നായിക്ക് എന്ന് നാട്ടുകാർ; ബാഗ്ദാദി വീണിട്ടും കീഴടങ്ങാതെ ഐഎസിന് വേണ്ടി ആയുധമെടുത്തു; ഒടുവിൽ ചാവേറുമായി; ഖിലാഫത്തിനായി സിറിയയിലേക്കും അഫ്ഗാനിലേക്കും പോയ മലയാളികൾ മരിച്ചു തീരുമ്പോൾ

അഫ്ഗാനിലെ ജയിൽ ആക്രമണത്തിൽ ചാവേറായ ഡോ ഇജാസ് ഐഎസിന്റെ കേരള അമീർ; ലക്ഷ്യമിട്ടത് പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യൽ; ഭാര്യ റഫീലയും അഞ്ചുവയസ്സുള്ള മകളും അഫ്ഗാനിൽ തടവറയിൽ; വഴിതെറ്റിച്ചത് സാക്കിർ നായിക്ക് എന്ന് നാട്ടുകാർ; ബാഗ്ദാദി വീണിട്ടും കീഴടങ്ങാതെ ഐഎസിന് വേണ്ടി ആയുധമെടുത്തു; ഒടുവിൽ ചാവേറുമായി;  ഖിലാഫത്തിനായി സിറിയയിലേക്കും അഫ്ഗാനിലേക്കും പോയ മലയാളികൾ മരിച്ചു തീരുമ്പോൾ

എം മാധവദാസ്

കാസർകോട്: അഫ്ഗാനിസ്താനിലെ ജലാലാബാദ് ജയിലിലെ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു കൊല്ലപ്പെട്ട ഡോ ഇജാസ് ഐഎസിന്റെ കേരള അമീർ ആയിരുന്നെന്ന് അന്വേഷണ എജൻസികൾ. കേരളത്തിൽനിന്നുള്ള ഐഎസ് റിക്രൂട്ട്മെന്റിന്റെ ചുമതല ഇയാൾക്ക് ആയിരുന്നത്രേ. പ്രൊഫഷണലുകളെ ഐസിലേക്ക് റിക്രൂട്ട് ചെയ്യുകയെന്ന ഭാരിച്ച ഉത്തരവാദിത്വമായിരുന്നു ഇയാളുടേത് എന്നാണ് എൻഐഎ വൃത്തങ്ങൾ പറയുന്നത്. ചൈനയിൽപോയി പഠിച്ച് എംബിബിഎസും എംഡിയും നേടിയ ഇജാസ്, മെഡിക്കൽ സർവീസിൽനിന്ന് അവധിയെടുത്താൻ ഐഎസിൽ ചേർന്നത്. അധികം ആരോടും സംസാരിക്കാത്ത സൗമന്യം ശാന്തനുമായ വ്യക്തിയായിരുന്നു ഇയാൾ എന്നാണ് നാട്ടുകാർ പറയുന്നത്. പലപ്പോഴും കാശു വാങ്ങാതെ ചികിസിക്കുന്നതിനാലും വീട്ടിൽവന്ന് പരിശോധിക്കുന്നതിനാലും അദ്ദേഹം ജനങ്ങൾക്ക് പ്രിയപ്പെട്ടവനായി. സാക്കിർ നായിക്കിനോടുള്ള അന്ധമായ ആരാധനയാണ് ഇയാളെ വഴിതെറ്റിച്ചത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

ആദ്യം അഫ്ഗാനിലും ഡോക്ടറുടെ ജോലിനോക്കിയ ഇജാസ് ഐസ് തലവൻ ബാഗ്ദാദി മരിച്ചതോടെയാണ് ആയുധം എടുത്തത്. കുടത്ത സാമ്പത്തിക പ്രതിസന്ധികൂടി വന്നതോടെ ഐഎസിലുള്ളവർ പോലും കീഴടങ്ങാനാണ് ആഗ്രഹിച്ചത്. എന്നാൽ തീവ്രാവാദം മനസ്സിൽ ഉറച്ചപോയ ഇജാസ് സ്വയം ചാവേറായി ഓപ്പറേഷൻ നയിക്കയായിരുന്നു. കേരളത്തിൽ ഐഎസ് തീവ്രാദത്തിന് വലിയ വേരുകൾ ഉണ്ടെന്ന യുഎൻ റിപ്പോർട്ടും നാം ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.

ഡോ ഇജാസിന്റെ ഭാര്യയും മക്കളും അഫ്ഗാനിൽ പിടിയിൽ

പടന്ന കല്ലുകെട്ടിയ പുരയിൽ ഡോ. കെ.പി. ഇജാസിന്റെ ഭാര്യ റഫീന(റിഫൈല)യും അഞ്ചുവയസ്സുള്ള മകൾ ഹയാനും അഫ്ഗാൻ അധികൃതരുടെ പിടിയിലായതായി റിപ്പോർട്ട്. റഫീനയും ബിഡിഎസ് ബിരുദധകരിയാണ്. ഇജാസ് കൊല്ലപ്പെട്ടെന്ന റിപ്പോർട്ടിനു പിന്നാലെയാണ് ഭാര്യയും മകളും കസ്റ്റഡിയിലാണെന്ന സ്ഥിരീകരിക്കാത്ത വിവരം.ഇജാസുമായുള്ള വിവാഹശേഷം ശ്രീലങ്കയിൽ ജോലികിട്ടി പോകുന്നുവെന്നാണ് വീട്ടുകാരോട് റഫീന പറഞ്ഞിരുന്നത്. രണ്ടുവയസ്സായിരുന്ന മകൾ ഹയാനയും അവർക്കൊപ്പം ഉണ്ടായിരുന്നു. വീടുവിടുമ്പോൾ ഗർഭിണിയായിരുന്ന റഫീന അഫ്ഗാനിലെത്തി രണ്ടാമത്തെ കുഞ്ഞിന് ജന്മംനൽകിയ വിവരം വീട്ടിൽ വിളിച്ചുപറഞ്ഞിരുന്നു. പിന്നീട് ഒരു ബന്ധവും ഉണ്ടായില്ല.

അഫ്ഗാൻ ജയിലിൽ ഭീകരാക്രമണം നടത്തിയ സംഘത്തിന്റെ ചിത്രം ഭീകരസംഘടനയായ ഐ. എസ്. പുറത്തുവിട്ടപ്പോഴാണ് ഇജാസിനെയും തിരിച്ചറിഞ്ഞത്. സംഘത്തിലെ മൂന്നുപേർ ഇന്ത്യക്കാരാണെന്ന് ഭീകരാക്രമണത്തിന് ശേഷം പുറത്തുവിട്ട ശബ്ദരേഖയിൽ ഐ.എസ് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് എൻഐഎ. അന്വേഷണം നടത്തുന്നത്.

കാബുളിൽ നിന്ന് 115 കിലോമീറ്റർ അകലെ കിഴക്കൻ അഫ്ഗാനിൽ നൻഗർഹർ പ്രവിശ്യയിൽ സെൻട്രൽ ജയിലിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. ആക്രമണത്തിൽ 29 പേർ കൊല്ലപ്പെടുകയും അൻപതിലധികം പേർക്ക് പരുക്കേറ്റിരുന്നു. ഞായറാഴ്ച വൈകിട്ട് ജയിലിന് മുന്നിൽ കാർ ബോംബ് സ്ഫോടനം നടന്നു.മൂന്ന് ഇന്ത്യക്കാരും മൂന്ന് അഫ്ഗാൻകാരും മൂന്ന് താജിക്ക് സ്വദേശികളും ഒരു പാക് പൗരനും അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്തിയ ഐസിസ് ഇന്നലെ ഭീകരരുടെ ചിത്രവും പുറത്തുവിട്ടു. തടവിൽ കിടക്കുന്ന ഭീകരരെ മോചിപ്പിക്കാനാണ് സംഘം ജയിൽ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. നിരവധി തടവുകാർ രക്ഷപ്പെട്ടു. ഒരു ഭീകരൻ സ്‌ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് ജയിൽ കവാടത്തിൽ ഇടിച്ചുകയറ്റി ചാവേർ ആയി. കൂട്ടാളികൾ സുരക്ഷാ സേനയ്ക്ക് നേരെ തുരുതുരാ വെടിവച്ചു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ എല്ലാ ഭീകരരെയും വധിച്ചതായി അഫ്ഗാൻ സൈനിക മേധാവി ജനറൽ യാസീൻ സിയ അറിയിച്ചു.മരിച്ചത് ഇജാസാണെന്ന് ഉറപ്പാക്കാൻ ഡി.എൻ.എ. പരിശോധന നടത്തേണ്ടതുണ്ട്.

21 മലയാളികളിൽ എത്രപേർ ബാക്കി

അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ ജയിൽ അക്രമത്തിൽ ചാവേറായ മലയാളിയായ .െഎസ്. ഭീകരൻ ഡോ. കെ.പി. ഇജാസ് വെള്ളരിക്കുണ്ടിലും നീലേശ്വരത്തും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നാട്ടുകാർക്ക് പ്രിയപ്പെട്ട ഡോക്ടറായിരുന്നു. വിദേശത്തേക്ക് പോകുന്നതിനായി സർക്കാർ സർവീസിൽ നിന്ന് അവധിയെടുത്താണ് ഇജാസ് പോയത്.കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ ഉടുമ്പംതല സ്വദേശിയാണ് ഡോക്ടർ ഇജാസ്. പടന്ന കല്ലുകുടിപ്പുരയിൽ അബ്ദുൾ റഹിമാന്റെ മകനാണ് ഇജാസ്. ബോംബെയിൽ ബിസിനസുകാരനായ അബ്ദുൾ റഹിമാന് അവിടെ ലോഡ്ജുകളടക്കം നിരവധി കെട്ടിടങ്ങളുണ്ട്. ചൈനയിൽ നിന്നാണ് ഇജാസ് എം.ബി.ബി.എസും എം.ഡിയും നേടിയത്. വടകരയിൽ ഡെന്റൽ ഡോക്ടറായ തെക്കടപ്പുറം കൊടച്ചാൽ സ്വദേശിനിയായ റിഫൈലിയയെയാണ് വിവാഹം കഴിച്ചത്. മകൾ അയാനയ്ക്ക് രണ്ടു വയസുള്ളപ്പോഴായിരുന്നു ഇജാസ് കുടുംബത്തോടൊപ്പം ഐ.എസിൽ ചേർന്നത്.

കേരളത്തിൽ നിന്നുള്ള സംഘം ഐ.എസിൽ ചേർന്ന വിവരം അറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ഇജാസുമായും ഭാര്യയുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ തങ്ങൾ ഐഎസിൽ ചേർന്നിട്ടില്ലെന്നായിരുന്നു അന്നു പ്രതികരിച്ചത്. 2016 ജൂണിൽ ഇജാസുൾപ്പെടെ 21 മലയാളികളാണ് ഐ.എസിൽ ചേർന്നത്. കാസർഗോഡ് പാലക്കാട് സ്വദേശികളാണ് ഇവർ. ഐ.എസിന്റെ കേരള അമീർ ആയ പടന്ന വടക്കുമ്പാട്ടെ റാഷിദ് അബ്ദുള്ളയുടെ നേതൃത്വത്തിലാണ് ഇജാസ് ഉൾപ്പെടെയുള്ള 21 അംഗസംഘം അഫ്ഗാനിൽ പോയത്. ഇതിൽ എത്രപേർ ബാക്കിയുണ്ടെന്ന് ആർക്കും അറിയില്ല. മൊത്തം നൂറോളം പേർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഐഎസിൽ എത്തിയതായി കേൾക്കുന്നുണ്ട്. പ്രവാചകചര്യയിലുള്ള ജീവിതം മോഹിച്ചാണ് ഇവരിൽ പലരും ജിഹാദിനുപോയത്. ഇതിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടു. ബാക്കിയുള്ളവർക്ക് ദുരിതമയ ജീവിതമാണെന്നും പലരും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നാണ് അറിയുന്നത്.

റാഷിദ് അബ്ദുള്ളയുടെ ഭാര്യ കൊച്ചി വൈറ്റിലയിലെ സോണിയ എന്ന ആയിഷ, മകൾ സാറ, റാഷിദിന്റെ സഹോദരൻ ഷിഹാസ്, ഭാര്യയും ഡെന്റൽ ഡോക്ടറുമായ അജ്മല, ബന്ധുവായ അഫ്‌സാക്ക് മജീദ്, ഭാര്യ ഷംസിയ എന്നിവരാണ് പടന്നയിൽനിന്ന് ഐ.എസ് സംഘത്തിൽ ചേർന്നത്.ഇതിൽ റാഷിദ് അബ്ദുള്ള നേരത്തെ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് ഇജാസാണ് കേരള അമീറിന്റെ ചുമതല വഹിക്കുന്നതെന്നാണ് അന്വേഷണസംഘം പറയുന്നത്. 2015ലാണ് ഇജാസ് ഐ.സുമായി ബന്ധം സ്ഥാപിച്ചത്. സംഘത്തിലെ പി.കെ. ശിഹാസ് ടെലഗ്രാം ആപ്പിലൂടെ പൊതുപ്രവർത്തകൻ ബി.സി.എ. റഹ്മാൻ വഴി ബന്ധുക്കൾക്ക് സന്ദേശം അയച്ചിരുന്നു. തിരോധാനം അന്വേഷിക്കുന്ന എൻ.ഐ.എ. സംഘം ഇജാസിന്റെയും കുടുംബത്തിന്റെയും വീടുകളിലും റഹ്മാനുമായി ബന്ധപ്പെട്ടും നിരവധി തവണ എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.

രണ്ടുവർഷം മുമ്പ് സഹോദരനും കൊലപ്പെട്ടു

രണ്ട് വർഷം മുമ്പ് അഫ്ഗാനിസ്ഥാനിൽ ഇജാസിന്റെ സഹോദരനും കൊല്ലപ്പെട്ടിരുന്നു. ഇജാസിന്റെ ഭാര്യ റാഹില അഫ്ഗാൻ സുരക്ഷാസേനയുടെ കസ്റ്റഡിയിലാണുള്ളത്. ഈ വർഷം മാർച്ചിൽ കാബൂളിലെ ഗുരുദ്വാരയിൽ നടന്ന ഐ.എസ്. അക്രമണത്തിൽ ഇന്ത്യക്കാരുൾപ്പെടെ 27 പേർ കൊല്ലപ്പെട്ടിരുന്നു. ഈ അക്രമണത്തിൽ കണ്ണൂർ സ്വദേശിയായ മുഹമ്മദ് മുഹ്‌സിൻ ഉൾപ്പെട്ടതായി നേരത്തെ തിരിച്ചറിഞ്ഞിരുന്നു. കാസർഗോഡെത്തുന്ന എൻ.ഐ.എ. സംഘം ഇജാസിന്റെ പടന്നയിലെ വീട്ടുകാരിൽനിന്നും ബന്ധുക്കളിൽ നിന്നും മൊഴിയെടുക്കും.

കണ്ണൂരിലെ ഐ.എസ്. റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട അന്വേഷണവും നടക്കും. കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷൻ, പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ, കണ്ണൂർ എടക്കാട് സ്റ്റേഷൻ, ടൗൺ സ്റ്റേഷൻ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത തിരോധാനകേസുകളെല്ലാം എൻ.ഐ.എ സംഘമാണ് നിലവിൽ അന്വേഷിക്കുന്നത്.ഈ റിക്രൂട്ട്‌മെന്റുകളിൽ ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, തീവ്രവാദ സംഘടനകൾക്ക് നൽകിയ പിന്തുണ എന്നീ കുറ്റങ്ങൾ ചുമത്തി ഇജാസിനെതിരേ എൻ.ഐ.എ. 2015ൽ കേസെടുത്തിരുന്നു.

ഐ.എസിൽ ചേർന്നതോടെ 2016 സെപ്റ്റംബർ 29ന് എറണാകുളത്തെ പ്രത്യേക കോടതി ഇജാസിനെതിരേ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. വളപട്ടണം റിക്രൂട്ട്‌മെന്റ്, കനകമല ഗൂഢാലോചന എന്നിവയും റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് എൻ.ഐ.എ. അന്വേഷിക്കുന്ന കേസുകളാണ്.

വിവാദമായ നിമിഷ കേസിലും ഒത്താശ ചെയ്തു

ഡോ. കെ.പി. ഇജാസ് മുമ്പു ജോലി ചെയ്തിരുന്നതു കോഴിക്കോട് തിരുവള്ളൂർ മെഡിക്കൽ സെന്ററിൽ. 2016-ൽ അഫ്ഗാനിലേക്കു കടക്കുന്നതിനു രണ്ടുവർഷം മുമ്പാണു മെഡിക്കൽ സെന്ററിൽ ജോലിയിൽ പ്രവേശിച്ചത്. അക്കാലത്ത് ദീർഘനാൾ ജോലിയിൽനിന്നു മാറിനിൽക്കുകയും തീവ്രവാദ ആശയങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയും ചെയ്തിരുന്നതായി പിന്നീടു വ്യക്തമായി. ആ സമയത്താണ് ഇയാൾ തീവ്രാവാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായതായി പറയുന്നു.

ഐ.എസിൽ ചേർന്ന തിരുവനന്തപുരം സ്വദേശി നിമിഷ (ഫാത്തിമ) ഇജാസിന്റെ ഭാര്യ റിഫൈലയുടെ സഹപാഠിയായിരുന്നു. കാസർകോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റൽ കോളജിലാണ് ഇരുവരും പഠിച്ചത്. നിമിഷ മതം മാറിയശേഷം പാലക്കാട് യാക്കരയിലെ ഈസയെ വിവാഹംചെയ്യാൻ ഒത്താശചെയ്തതും ഇജാസാണ്. ഈസയും സഹോദരൻ യഹ്യയും ക്രിസ്തുമതത്തിൽനിന്നു പരിവർത്തനം ചെയ്തവരാണ്. യഹ്യ വിവാഹംചെയ്തതും മതം മാറിയ മറിയം എന്ന മെറിനെയാണ്.

കാസർംോട്ടുനിന്നു ചുരുങ്ങിയ കാലയളവിൽ 16 പേരാണ് അഫ്ഗാനിലെ ഐ.എസ്. ക്യാമ്പിലേക്കു പോയത്. ഇതിനു നേതൃത്വം നൽകിയിരുന്നത് വിദേശപഠനം നടത്തിയിട്ടുള്ള ഇജാസായിരുന്നു. 2013-14 കാലയളവിൽ അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ ഇജാസ് കൊല്ലപ്പെട്ടെന്നു നാട്ടിലുള്ള ബന്ധുക്കളെ ഭാര്യ അറിയിച്ചിരുന്നു. ഐ.എസിൽ ചേർന്ന മറ്റു ചിലരും മരിച്ചതായി പലഘട്ടങ്ങളിൽ സന്ദേശം വന്നെങ്കിലും അവ തെറ്റാണെന്നു പിന്നീടു വ്യക്തമായി. ഐ.എസിലേക്കു പ്രഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിലായിരുന്നു ഇജാസിന്റെ ശ്രദ്ധ.

സിറിയയിലും ഇറാഖിലും ഭരണകൂടങ്ങൾക്കെതിരേ പോരാടുകയായിരുന്നു ലക്ഷ്യം. കേരളത്തിൽനിന്ന് ഐ.എസിൽ ചേരാൻപോയ സംഘത്തിലെ വനിതകളടക്കം മിക്കവരും മെഡിക്കൽ, എൻജിനീയറിങ് ബിരുദധാരികളാണ്. ഓൺലൈൻ വഴിയാണ് ഇവരെ സ്വാധീനിച്ചത്. ഡോ. ഇജാസിന്റെ ഭാര്യ റിഫൈലയും ഫാത്തിമ എന്ന നിമിഷയും ബി.ഡി.എസ്. പഠിച്ചവരാണ്.

ബാഗ്ദാദി കൊല്ലപ്പെട്ടിട്ടും കീഴടങ്ങിയില്ല

ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതോടെ ഐസിസിന് ക്ഷീണമുണ്ടായി. സാമ്പത്തിക സ്ത്രോസുകൾ അടഞ്ഞതോടെ ഭക്ഷണത്തിനുപോലും വകുപ്പില്ലാത്ത അവസ്ഥയിലേക്ക് ഐസിസ് വീണു. ഇതോടെയാണ് സ്ത്രീകൾ അടക്കം അഫ്ഗാൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയത്. ഐസ് വധുക്കൾ എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ത്രീകളിൽ ഭൂരിഭാഗവും ഇന്ന് മാതൃരാജ്യത്തേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കയാണ്.

അപ്പോഴും ഇജാസിനെ പോലുള്ളവർ ഐസിസിന്റെ ഉയർത്തെഴുന്നേൽപ്പിന് വേണ്ടി ശ്രമിച്ചു. ഇതിന്റെ ഭാഗമാണ് ജയിൽ ആക്രമണവും. ഹൈദരാബാദിൽ നിന്ന് മസ്‌കറ്റ് വഴിയാണ് ഇജാസ് നാട്ടിലെ ബന്ധുക്കളുമായി ഒരിക്കലും ബന്ധപ്പെട്ടിരുന്നില്ല. സംഘത്തിലെ പി.കെ. അഷ്ഫാക്ക് ടെലിഗ്രാഫ് ആപ്പിലൂടെ പൊതുപ്രവർത്തകൻ ബി.സി.എ റഹ്മാൻ വഴി ബന്ധുക്കൾക്ക് സന്ദേശം അയച്ചിരുന്നു. ഇജാസിനെയും തങ്ങൾക്കൊപ്പമുള്ള മറ്റ് പുരുഷന്മാരേയും ഡ്രോൺ ആക്രമണത്തിൽ കൊന്നുവെന്ന് റഫീല ഉൾപ്പെടെയുള്ള സ്ത്രീകൾ ചാനലുകളോട് പറഞ്ഞിരുന്നു. അത് വ്യാജമായിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

കാസർക്കോട്ട് നിന്നും കാണാതായ ഡോ.ഇജാസ്, ഭാര്യ റുഫൈല, അഷ്ഫാഖ് മജീദ് എന്നിവർ തങ്ങൾ ഐസിസ് ക്യാമ്പിലാണെന്നും ഖിലാഫത്ത് സ്ഥാപിക്കുന്നുന്നതിനായാണ് ഇവിടെ വന്നതെന്നും വ്യക്തമാക്കി വീട്ടുകാർക്ക് 2016ൽ ശബ്ദ ശന്ദേശം അയച്ചിരുന്നു. എംബിബിഎസ് ബിരുദദാരിയായ ഇജാസും സംഘത്തിലെ മറ്റൊരാളും ചേർന്നാണ് ഐസിസ് ക്യാമ്പിൽ ക്ലിനിക്ക് ആരംഭിച്ചുവെന്നും വിവരം വന്നിരുന്നു. 2016ലെ സന്ദേശത്തിൽ ക്ലിനിക്ക് തുടങ്ങിയിട്ടുണ്ടെന്നും നല്ല രീതിയിൽ പ്രവർത്തനം മുന്നോട്ടു പോകുന്നുണ്ടെന്നുമായിരുന്നു വീട്ടുകാരോട് ഡോ.ഇജാസ് പറഞ്ഞിരുന്നത്.

അബ്ദുൽ റാഷിദ് അബ്ദുല്ല, അഷ്ഫാഖ് മജീദ്, ഡോ. ഇജാസ്, സഹോദരൻ ഷിഹാസ്, ഷഫിസുദ്ദീൻ, പാലക്കാട് നിന്ന് കാണാതായ ബെസ്റ്റിൻ എന്ന യഹിയ, ഭാര്യ മെറിൻ മറിയം, സഹോദരൻ ബെക്സൺ എന്ന ഈസ, ഭാര്യ നിമിഷ ഫാത്തിമ തുടങ്ങിയവരായിരുന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായത്. കാസർകോട് ചന്ദേര പൊലീസ് സ്റ്റേഷൻ, പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത തിരോധാന കേസുകളെല്ലാം എൻ.ഐ.എ സംഘമാണ് അന്വേഷിക്കുന്നത്. തിരോധാന കേസുമായി ബന്ധപ്പെട്ട് വിവാദ പ്രഭാഷകൻ സാക്കിർ നായിക്കിന്റെ കൂട്ടാളികളെയടക്കം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സാക്കിർ നായിക്കിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് (ഐആർഎഫ്) വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാനായി അഫ്ഗാനിസ്താനിലേക്ക് കാസർകോട് നിന്ന് പോയവർ അവിടെ ജിഹാദികൾക്ക് സൗകര്യമൊരുക്കി ജീവിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഭീകരർക്ക് മേൽക്കോയ്മയുള്ള പ്രദേശത്ത് കടകൾ സ്ഥാപിച്ചും മതം പഠിപ്പിച്ചും കഴിയുന്ന ഇവരിലാരുംതന്നെ പോർമുഖത്തേയ്ക്ക് പോകാൻ താത്പര്യം കാണിക്കുന്നില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഐഎസിന്റെ ശക്തിക്ഷയിക്കുകയും പോരാടൻ ഡോ ഇജാസ് തയ്യാറാവുകയായിരുന്നു. ഒടുവിൽ അദ്ദേഹം ചാവേറുമായി.

നിമിഷാ ഫാത്തിമ എവിടെ

കഴിഞ്ഞ വർഷം അഫ്ഗാൻ സേനയ്ക്ക് മുന്നിൽ കീഴടങ്ങിയ ഐഎസ് സംഘത്തിന്റെ ഫോട്ടോയിൽ മലയാളിയായ നിമിഷ എന്ന ഫാത്തിമയുടെയും ഭർത്താവ് വിൻസർ് എന്ന ഈസയുടെയും ചിത്രങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇവർ മടങ്ങിവരുമെന്ന് ഓർത്ത് നിഷിഷയുടെ അമ്മ തിരുവനന്തപുരം ആറ്റുകാൽ സ്വദേശിനി ബിന്ദു ആഗ്രഹിച്ചിരുന്നത്. ഭീകരവാദ കേസുകൾ അന്വേഷിക്കുന്ന എൻഐഎ കാണിച്ച ഫോട്ടോയിൽ ഇവരുടെ മകൾ ആയ ഉമ്മക്കുൽസും ഉണ്ടായിരുന്നു.

തന്റെ രണ്ടു മക്കളിൽ ഏക പെൺ തരിയാണ് നിമിഷ ഐഎസിൽ ചേരാൻ പോയപ്പോൾ ബിന്ദുവിനു നഷ്ടമായത്.കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിൽ അവസാനവർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയായിരുന്ന നിമിഷ പഠനകാലത്തെ സൗഹൃദത്തിലാണ് ക്രിസ്ത്യൻ മതവിശ്വാസിയായ പാലക്കാട് സ്വദേശി ബെക്സൺ വിൻസെന്റിനെ വിവാഹംകഴിച്ചത്. തുടർന്ന് ഇരുവരും ഇസ്ലാംമതം സ്വീകരിച്ചു. 2016-ലാണ് ഇവർ ശ്രീലങ്ക വഴി അഫ്ഗാനിലേക്ക് കടന്നത്. നാഗർഹാറിലാണ് ഇവരുണ്ടായിരുന്നതെന്നാണ് ബന്ധുക്കൾക്ക് മുമ്പ് ലഭിച്ച വിവരം. കാസർകോട് നിന്ന് കാണാതായവർക്കൊപ്പമാണ് തിരുവനന്തപുരം സ്വദേശിനിയും ബി.ഡി.എസ്. വിദ്യാർത്ഥിനിയുമായ നിമിഷ എന്ന ഫാത്തിമയും അപ്രത്യക്ഷയായത്. കാസർകോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റൽ കോളേജ് അവസാനവർഷ വിദ്യാർത്ഥിനിയായിരുന്നു നിമിഷ.

ആറ്റുകാൽ സ്വദേശിനി നിമിഷ, ഇസ്ലാം മതത്തിലേക്കു മാറിയത്. സെക്രട്ടേറിയറ്റിനു പിന്നിലുള്ള ഊറ്റുകുഴിയിലെ സലഫി സെന്ററിൽ വച്ചാണെന്ന് പൊലീസിന്റെ സ്ഥിരീകരിച്ചിരുന്നു. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജ് അവസാനവർഷ വിദ്യാർത്ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവർത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചത്. അന്നത്തെ കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ട് അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറിനു സമർപ്പിച്ച റിപ്പോർട്ടിൽ പെൺകുട്ടിയുടെ ജീവിതരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചും പറയുന്നുണ്ട്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാൾ കേരള നദ്വത്തുൽ മുജാഹിദീനിലെ സജീവ അംഗമായിരുന്നു. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

ഇങ്ങനെ സാക്കിർ നായിക്ക് വഴിയൊക്കെ നിരവധിപേരെ ബ്രയിൻ വാഷ്‌ചെയ്ത് മത പരിവർത്തനം നടത്തി സിറിയയിലേക്കും അഫ്ഗാനിലേക്കും കടത്തിയത്.

പിന്നിൽ സാക്കിർ നായിക്ക്

ഡോ ഇജാസിന്റെ മനസ്സിലേക്ക് ഈ രീതിയിലുള്ള തീവ്രാവാദം കയറ്റിവിട്ടത് വിവാദ ഇസ്ലാമിക പ്രബോധകൻ സാക്കിർ നായിക്ക് ആണെന്നാണ് ആരോപണം. എവിടെ സാക്കിർ നായിക്ക് ഉണ്ടോ അവിടെ ഭീകരവാദവുമുണ്ടെന്നത് ഇന്ന് ഒരു പഴഞ്ചൊല്ലുപോലെയായിരിക്കയാണ്. എന്നാൽ ഇത് കെട്ടുകഥയല്ല തികഞ്ഞ യാഥാർഥ്യമാണെന്നാണ് ദേശീയ സുരക്ഷാ ഏജൻസികൾ നൽകുന്ന വിവരം. ബംഗ്ലാദേശ് തൊട്ട് ഏറ്റവും ഒടുവിലായി ശ്രീലങ്കയിൽ നടന്ന ചാവേർ ആക്രമണത്തിൽവരെ പ്രതികളിൽ നിന്ന് കണ്ടുകിട്ടിയത് സാക്കിർ നായിക്കിന്റെ ലഖുലേഖകളും സീഡികളും ആയിരുന്നു. അതുപോലെ തന്നെ കേരളത്തിൽനിന്ന് ഐഎസിൽ ചേർന്ന പ്രതികളിലും, ഇതിന് പ്രേരകമായി എന്ന് പറയുന്ന എം എം അക്‌ബറിന്റെ പീസ് സ്‌കൂളിലും സാക്കിർ നായിക്കിന്റെ ലഘുലേഖകൾ കണ്ടെത്തിയിരുന്നു. ഇതേ ഒരു പാതയിലുടെയാണ് ഡോ ഇജാസും തീവ്രാവാദത്തിന്റെ വഴിയിൽ എത്തിയത്.

മതപരിവർത്തനവും വിദേശനാണ്യവിനിയ ലംഘനവും അടക്കമുള്ള ഗുരുതരമായ കേസുകൾ പതിയായതിനെ തുടർന്ന് ഇന്ത്യ വിട്ട നായിക്ക് ഇപ്പോൾ മലേഷ്യയിലാണ്. ഇപ്പോഴിതാ സാക്കിർ നായിക്കിന്റെ ഭീകരവാദ ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ പുറത്തുവന്നിരിക്കയാണ്. ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി രാജ്യത്തെ വിവിധ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്ത 127 പേർ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളാലും ആശയങ്ങളാലും പ്രചോദിതരായവരാണെന്ന് വിവരം. രാജ്യത്തെ ഭീകരവാദ വിരുദ്ധ ടീമുകളുടെ ഒരു യോഗവുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ ദേശീയ അന്വേഷണ ഏജൻസി ഡയറക്ടർ വൈ സി മോദിയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. രാജ്യത്തെ പൊലീസ് സേനയിലെ ഉന്നത പദവികൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ, ഇന്ത്യയ്ക്ക് മുന്നിൽ ഉയർന്നുവരുന്ന തീവ്രവാദ ഭീഷണികളെ കുറിച്ചും മോദി വിശദീകരിച്ചു. കൂടാതെ, ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജമാഅത്ത് ഉൽ മുജാഹിദീൻ എന്ന ഭീകരസംഘടന കേരളം, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വേരുപിടിച്ചിട്ടുണ്ടെന്നും എൻഐഎ ഡയറക്ടർ വിശദീകരിച്ചു. ഇതോടെ സാക്കിർ നായിക്കുമായി ബന്ധമുള്ള സംഘടനകളുടെ മേൽ കേന്ദ്രസർക്കാർ അന്വേഷണം ശക്തമാക്കിയിരിക്കയാണ്.

ലോകത്തെമ്പാടുമായി ധാരാളം മതപഠന ക്ലാസുകൾ നടത്തുകയും നിരവധി സംവാദങ്ങളിൽ പങ്കെടുക്കുകയും സാക്കിർ നായിക്ക് ചെയ്തിട്ടുണ്ട്. ഇസ്ലാം മതത്തെ ആധുനിക ശാസ്ത്രം, ക്രിസ്തു മതം, മതേതരത്വം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് സാധാരണയായി നായിക്ക് പ്രഭാഷണങ്ങൾ നടത്താറുള്ളത്. ഇവയൊക്കെ മത പരിവർത്തനം ലക്ഷ്യമിട്ടുള്ളതാണെന്ന വെളിപ്പെടുത്തലാണ് സാക്കിർ നായിക്കിനെ കുടുക്കിയത്. കണ്ണിൽ നോക്കി മതം മാറ്റാൻ കഴിയുന്ന വ്യക്തിയാണ് സാക്കിർ നായിക്ക് എന്നാണ് പല അന്വേഷണ ഉദ്യോസ്ഥരും പറയുന്നത്.അതേസമയം കോടികളുടെ സ്വത്തുവകകളാണ് മോദി സർക്കാർ സാക്കിർ നായിക്കിന്റെതായി ഇന്ത്യയിൽനിന്ന് കണ്ടുകെട്ടിയത്. വിവിധ ഘട്ടങ്ങളിലായി 70 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ടെന്നാണ് കണക്ക് . മുംബൈ, പൂണെ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്. സാക്കിർ നായിക്കിനും അദ്ദേഹത്തിനു കീഴിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ (ഐ.ആർ.എഫ്) പ്രവർത്തകർക്കുമെതിരേ 2017 ഒക്ടോബറിൽ എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇ.ഡിയുടെ നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP