Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരിങ്ങാലക്കുടയിൽ നിന്ന് ഇന്നസെന്റ് വഴി വെള്ളിത്തിരയിലേക്ക്; ഇടവേളകളിൽ മാത്രം സിനിമ; മലയാള സിനിമയിലെ ക്രോണിക്ക് ബാച്ചിലറും പ്രശ്ന പരിഹാരകനും; ദിലീപിന്റെയും വിജയ് ബാബുവിന്റെയും സംരക്ഷകൻ; 'അമ്മയെ' ക്ലബ്ബാക്കി വിവാദത്തിൽ; മോഹൻലാലിനെ പോലും നിയന്ത്രിക്കുന്നത് ഈ കൊച്ചുമനുഷ്യൻ; ഇടവേള ബാബുവിന്റെ ജീവിത കഥ

ഇരിങ്ങാലക്കുടയിൽ നിന്ന് ഇന്നസെന്റ് വഴി വെള്ളിത്തിരയിലേക്ക്; ഇടവേളകളിൽ മാത്രം സിനിമ; മലയാള സിനിമയിലെ ക്രോണിക്ക് ബാച്ചിലറും പ്രശ്ന പരിഹാരകനും; ദിലീപിന്റെയും വിജയ് ബാബുവിന്റെയും സംരക്ഷകൻ; 'അമ്മയെ' ക്ലബ്ബാക്കി വിവാദത്തിൽ; മോഹൻലാലിനെ പോലും നിയന്ത്രിക്കുന്നത് ഈ കൊച്ചുമനുഷ്യൻ; ഇടവേള ബാബുവിന്റെ ജീവിത കഥ

എം റിജു

യാൾ ഇടവേളകളിൽ മാത്രമാണ് സിനിമ ചെയ്യാറുള്ളത്. എടുത്തുപറയത്തക്ക കഥാപാത്രങ്ങൾ അധികമൊന്നുമില്ല. പക്ഷേ വലിയവരുടെ സംഘടനയായ 'അമ്മ'യുടെ എല്ലാമെല്ലാമാണ് ഈ ചെറിയ മനുഷ്യൻ. സത്യത്തിൽ മലയാള സിനിമയിലെ താരരാജാവാണ് ഈ ക്രോണിക്ക് ബാച്ചിലർ. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള വൻ താരങ്ങളെപ്പോലും നിയന്ത്രിക്കുന്ന രീതിയിൽ ഇദ്ദേഹം വളർന്നു കഴിഞ്ഞു. താര സംഘടനയായ 'അമ്മ'യിൽ ആര് വാഴണം, ആര് വീഴണം, എത് സ്റ്റേജ് ഷോകൾ എവിടെ നടക്കണം, ഏത് പ്രൊജക്റ്റ് മുന്നോട്ട് പോകണം എന്നൊക്കെ തീരുമാനിക്കുന്നത്, വയസ്സ് 59 എത്തിയിട്ടും കോളജ് കുമാരന്റെ വേഷം വിടാൻ മടിക്കുന്ന ഈ നടനാണ്. അതാണ് ഇടവേള ബാബു. മലയാള സിനിമാ നടന്മാരുടെ സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി.

സിനിമകളിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത് വളരെ കുറവാണെങ്കിലും അണിയറയിൽ അദ്ദേഹത്തിന്റെ റോൾ വലുതാണ്. മികച്ച സംഘാടകനും ട്രബിൾ ഷൂട്ടറുമായാണ് ബാബു അറിയപ്പെടുന്നത്. പതിനായിരത്തോളം ഫോൺനമ്പറുകൾ കൈയിലുള്ള ഇദ്ദേഹമാണ് താരങ്ങൾക്കിടയിലും, നിർമ്മാതാക്കൾ, സംവിധായകർ തുടങ്ങിവരുമായുള്ള വിഷയങ്ങളിലും ഇടപെട്ട് പരിഹാരം കാണുന്നതിന് മുന്നിൽ നിൽക്കുന്നത്. 23 വർഷം 'അമ്മ'യുടെ ഭാരവാഹിയായി ഇരുന്ന അപൂർവ വ്യക്തിത്വം എന്നി വിശേഷണവും ബാബുവിന് സ്വന്തം.

ഒരു അഭിമുഖത്തിൽ ബാബു ഇങ്ങനെ പറയുന്നു. ''എന്നെ എല്ലാവർക്കും ഇഷ്ടമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്കും എല്ലാവരെയും ഇഷ്ടമാണ്. അതാണ് എന്റെ ഫോർമുല. ആരെയും നിയന്ത്രിക്കാനോ ആജ്ഞാപിക്കാനോ ഞാൻ പോകാറില്ല. എത്ര വലിയ പുലിയായാലും ഞാൻ സ്നേഹത്തോടെ പറഞ്ഞാൽ കേൾക്കാറുണ്ട്'- ഇത് വളരെ ശരിയാണ്. പുലികളെ മെരുക്കുന്ന റിങ്ങ്മാസ്റ്ററൂടെ റോൾ ആണ് പലപ്പോഴും ബാബുവിന് താരസംഘടനയിൽ ഉള്ളത്.

കരുത്തനായ ഈ സംഘാടകൻ, ഇപ്പോൾ നിരവധി ആരോപണ ശരങ്ങളും നേരിടുകയാണ്. 'അമ്മ' ഒരു ക്ലബ്ബാണെന്ന് പറഞ്ഞതിന്റെ പേരിൽ നിശിതമായ വിമർശനമാണ് നടനും എംഎൽഎയുമായ കെ ബി ഗണേശ്‌കുമാർ ഉയർത്തിയത്. പീഡനക്കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ്ബാബുവിനെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ലെന്നും, ഇതിന് പിന്നിൽ ബാബുവാണെന്നും ഗണേശ് കുമാർ ആരോപിക്കുന്നു. അതുപോലെ നടൻ ഷമ്മി തിലകനും ശക്തമായ ആക്രമണമാണ്, നടത്തിയത്. സിനിമയില്ലാത്തവർക്കാണ് 'അമ്മ'യുടെ കൈനീട്ടം കൊടുക്കേണ്ടതെങ്കിൽ, ആദ്യം കൊടുക്കേണ്ടത് അമ്മ സെക്രട്ട്രറി ഇടവേള ബാബുവിനാണെന്ന ഷമ്മിയുടെ തുറന്നടിക്കൽ വലിയ ട്രോളുമായി. 'ഒരു മണ്ടനെ കാണൂ, ഓക്കാനമുണ്ടാകുന്നു' എന്ന് ബാബുവിനെ വിമർശിച്ചുകൊണ്ടാണ് നടി പാർവതി തെരുവേത്ത് നേരത്തെ 'അമ്മ'യിൽനിന്ന് രാജിവെച്ചത്.

താര സംഘടനയിലെയും മലയാള സിനിമയിലെയും ഏറ്റവും വലിയ മാനിപുലേറ്റർ ഇടവേള ബാബുവാണെന്നാണ്, വനിതാ കൂട്ടായ്മയായ ഡബ്യിയുസിസിയിലെ അംഗങ്ങളിൽ പലരും രഹസ്യമായി പറയുന്നത്. മോഹൻലാലുമായും മറ്റ് 'അമ്മ' ഭാരവാഹികളുമായൊന്നും തങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല എല്ലാം ബാബുവുമായിട്ടാണെന്നാണ് ഇവർ പറയുന്നത്. ബാബു പറയുന്നത് ശരിയാണോ എന്ന് പറയാൻ, ഗണേശ്‌കുമാർ മോഹൻലാലിലോട് അഭ്യർത്ഥിച്ചിട്ടും അദ്ദേഹം മിണ്ടിയിട്ടില്ല. അതാണ് ബാബുവിന്റെ സ്വാധീന ശക്തി.

ഒരു വലിയ നടൻ അല്ലാഞ്ഞിട്ടുപോലും, യുഎഇയുടെ ഗോൾഡൻ വിസപോലും ബാബുവിന് കിട്ടുന്നു. ക്രിക്കറ്റിന്റെ എബിസിഡി അറിയാത്ത ഇയാൾ സെലിബ്രിറ്റി ക്രിക്കറ്റിൽ കുടവയറും ചാടിച്ച് ബാറ്റെടുത്ത് നടക്കുന്നത് കാണുമ്പോൾ നാം അന്തിച്ചുപോകും. ആരാണ് ഇടവേള ബാബു. എന്താണ് അയാളെ ഇത്ര കരുത്തനാക്കുന്നത്?

ഇന്നസെന്റിന്റെ വഴിയെ സിനിമയിലേക്ക്

നടൻ ഇന്നസെന്റിന്റെ നാടു കൂടിയായ,  തൃശുർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ബാബു ജനിച്ചത്. അച്ഛൻ പൊലീസ് വകുപ്പിലും അമ്മ സംഗീത അദ്ധ്യാപികയുമായിരുന്നു. എംകോം ബിരുദധാരിയായ ബാബുവിന്റെ സിനിമാ പ്രവേശം അവിചാരിതമായിരുന്നു. നടൻ ഇന്നസെന്റ് വഴിയാണ് പത്മരാജൻ തിരക്കഥ എഴുതി മോഹൻ സംവിധാനം ചെയ്ത 'ഇടവേള'യിലേക്ക് ബാബു എത്തിയത്. ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ, അമ്മനത്ത് ബാബു ചന്ദ്രൻ എന്ന ബാബു ഇടവേള ബാബുവായി. 1982ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. 1963 നവംബർ 8ന് ജനിച്ച ബാബുനിന് ഇപ്പോൾ 59 വയസ്സായി. കണ്ടാൽ പറയില്ലെന്ന് മാത്രം. വയറുചാടിയില്ലായിരുന്നെങ്കിൽ ഇപ്പോഴും കോളജ് കുമാരനായി അഭിനയിക്കാമെന്ന് ബാബു തന്നെ തമാശ പറയും.

സർക്കാർ ജോലിക്കാരായ ദമ്പതികളുടെ മകൻ സിനിമയിൽ ഇറങ്ങിയത് അക്കാലത്ത് ബന്ധുക്കൾക്ക് ഒന്നും പിടിച്ചിട്ടില്ലെന്ന് ബാബു അഭിമുഖങ്ങളിൽ പറയാറുണ്ട്. ''നടൻ ആയതുകൊണ്ട് വിവാഹവും നടക്കാതെ പോയി. എട്ടര വർഷം നന്നായി പ്രണയിച്ചവനാണ് ഞാൻ. അനിയത്തി പ്രാവ് സിനിമയുടെ ക്ലൈമാക്സ് എത്രയോ വർഷം മുമ്പ് പ്രയോഗത്തിൽ വരുത്തിയവരാണ് ഞങ്ങൾ. ബന്ധുക്കൾക്ക് ഉണ്ടാവുന്ന പ്രശ്നങ്ങളും മറ്റ് കണക്കാക്കി ഞങ്ങൾ പ്രണയത്തിൽനിന്ന് പിന്മാറുക ആയിരുന്നു. പിരിയാം എന്നത് പ്രണയിനിയുമായി ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു. അങ്ങനെ ഇന്നും അവിവാഹിതനായി കഴിയുന്നു''- ഇടവേള ബാബു മനോരമ ന്യുസിൽ ജോണിലൂക്കോസുമായുള്ള അഭിമുഖത്തിൽ പറയുന്നു.

താരസംഘടനയായ അമ്മ രൂപീകൃതമായ 1994 മുതൽ ഇടവേള ബാബു സംഘടനയിൽ അംഗമാണ്. എം ജി സോമൻ പ്രസിഡന്റും, ടി പി മാധവൻ ജനറൽ സെക്രട്ടറിയുമായിരുന്നു അന്ന്. ( അതേ ടി പി മാധവൻ ഇന്ന് പത്താനാപുരം ഗാന്ധി ഭവനിൽ ആരോരുമില്ലാതെ കഴിയുന്നു. അമ്മ കൊടുക്കുന്ന കൈ നീട്ടവും വാങ്ങി!) നടൻ ഗണേശ് കുമാറാണ് ഇടവേളയെ ഭരണസമിതിയിലേക്ക് കൊണ്ടുവരുന്നത്. ( അതേ ഗണേശുമായാണ് ഇന്ന് ബാബു മുട്ടൻ അടി നടത്തുന്നത്) തുടർന്ന് ക്യാപ്റ്റൻ രാജുവിന്റെ പ്രോത്സാഹനത്തോടെ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെത്തി. മമ്മൂട്ടിയും മോഹൻലാലും ജനറൽ സെക്രട്ടറിമാരായി മാറി മാറി എത്തുമ്പോൾ, ബാബു ജോയിന്റ് സെക്രട്ടറിയായി തന്നെ തുടർന്നു. കോടതി വ്യവഹാരങ്ങളിലേക്ക് സംഘടന എത്തപ്പെട്ടതോടെയാണ് സെക്രട്ടറി പദവി ബാബുവിൽ നിക്ഷിപ്തമായത്.

സിനിമാ മേഖലയുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നമുണ്ടായാലും ഒരുകാര്യം തനിക്ക് നിർബന്ധമാണെന്ന പക്ഷക്കാരനാണ് ബാബു. ഷൂട്ടിങ് മുടക്കാൻ സമ്മതിക്കില്ല. ആദ്യം ഷൂട്ടിങ്, പിന്നീട് സമവായം എന്ന ലൈനാണ് തന്നെ സമീപിക്കുന്നവരോട് ബാബു പറയുക. മലയാള സിനിമയിലെ തല മുതിർന്ന നടനായ മധു മുതൽ യുവതാരം ടൊവിനോ തോമസ് വരെ ഇദ്ദേഹത്തിൽ അർപ്പിച്ചിട്ടുള്ള വിശ്വാസം വെറുതേയല്ല. സാമ്പത്തികത്തിൽ തുടങ്ങി വ്യക്തിപരമായ ആവശ്യങ്ങൾക്ക് വരെ ബാബുവിന്റെ കൈയിൽ പരിഹാരമുണ്ട്. അതു തന്നെയാണ് 23 വർഷം താരസംഘടനയുടെ തലകളിലൊന്നാകാൻ ഇടവേള ബാബുവിന് സാധിക്കുന്നതും.

കരിപ്പൂർ സ്വർണ്ണക്കടത്തിൽ വിവാദത്തിൽ

മാധ്യമങ്ങളും താരങ്ങളും തമ്മിലെ ബന്ധത്തിന്റെ കണ്ണിയും ബാബുവായിരുന്നു. പതിനായിരത്തോളം ഫോൺ നമ്പറുകൾ കൈയിലുള്ള, അത് കൃത്യമായി അപ്ഡേറ്റ് ചെയ്യുന്ന ബാബുവിനെ സമീപിച്ചാണ് മാധ്യമ പ്രവർത്തകർ താരങ്ങളുമായുള്ള അഭിമുഖങ്ങളൊക്കെ നടത്താറുള്ളത്. പക്ഷേ 2013ലെ കരിപ്പൂർ സ്വർണ്ണക്കടത്ത് വിവാദം ഉണ്ടായതോടെ, ആ ബന്ധം ഉലഞ്ഞു. ബാബുവിനുനേരെ അതിരൂക്ഷമായ ആക്രമണമാണ് മാധ്യമങ്ങൾ നടത്തിയത്.

കള്ളക്കടത്തു കേസിലെ പ്രതികളുമായി ഇടവേള ബാബുവിന് അടുത്ത സൗഹൃദം ആയിരുന്നെന്നും, ഇതിന്റെ പേരിൽ മണിക്കൂറുകളോളം ഡിആർഐ നടനെ ചോദ്യം ചെയ്തുമെന്നാണ് ആദ്യം വാർത്തകൾ പുറത്തുവന്നത്. ഇടക്ക് ബാബു അറസ്റ്റിലാവും എന്നും വാർത്തകൾ പരന്നു. കരിപ്പൂർ സ്വർണ്ണക്കടുത്തുകേസിലെ പ്രധാന പ്രതിയായ നബീലിന്റെ ഫ്‌ളാറ്റിൽ ഈ നടൻ സ്ഥിരം സന്ദർശകനായിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഫ്‌ളാറ്റിൽ ആഡംബരക്കാറിൽ നിരവധി സ്ത്രീകൾ എത്താറുണ്ടായിരുന്നുവെന്നും പല മാധ്യമങ്ങളും എഴുതിവിട്ടു. എന്നാൽ ഇത് പച്ച നുണയാണെന്നാണ് ബാബു പറയുന്നത്. തന്നെ വെറും പതിനഞ്ച് മിനിറ്റ് മാത്രമാണ് ചോദ്യം ചെയ്തതെന്നും, താൻ പൊട്ടിക്കരഞ്ഞുവെന്നുമൊക്കെയുള്ള വാർത്ത കള്ളമാണെന്നും ബാബു പറഞ്ഞു.

മനോരമ ന്യൂസിൽ ജോണി ലൂക്കോസിന് അനുവദിച്ച അഭിമുഖത്തിൽ ബാബു ഇങ്ങനെ പറയുന്നു. ''ആരുടെയും ഔദാര്യം ഞാൻ സ്വീകരിക്കാറില്ല. ദുബായിൽ പോയാൽ ഒരു പേനപോലും കൊണ്ടുവരാറുമില്ല. ആരുടെ ഫ്ളാറ്റിലും പോയി താമസിക്കാറുമില്ല. സ്വർണ്ണക്കടത്തിലെ പ്രതിയായ നബീലിനെ അറിയാമായിരുന്നെങ്കിലും ഇയാൾ കള്ളക്കടത്തുകാരനാണെന്ന് അറിയില്ലായിരുന്നു. ഒരു സുഹൃത്ത് വഴിയാണ് നബീലിനെ പരിചയപ്പെട്ടത്. ലോയിഡ് എന്ന അസിസ്റ്റന്റ് ഡയറക്ടർക്ക് ഒരു നിർമ്മാതാവിനെ വേണം. സുഹൃത്തായ നബീലിന്റെ കാര്യം ഞാൻ പറഞ്ഞു. കഥയെക്കുറിച്ച് ചർച്ചചെയ്യാൻ ചെയ്യാൻ നിർമ്മാതാവിന്റെ ഫ്‌ളാറ്റിൽ പോകണമെന്ന് പറഞ്ഞു. ഞാൻ ഒപ്പം വേണമെന്ന് നിർമ്മാതാവും നിർബന്ധിച്ചു. അങ്ങനെ ആ ഫ്‌ളാറ്റിൽ ലോയിഡിനൊപ്പം ഞാൻ പോയി. കഥ സംസാരിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്നുതവണ താൻ ആ ഫ്‌ളാറ്റിൽ പോയിട്ടുണ്ട്. ഓരോ പ്രാവശ്യവും ഫ്‌ളാറ്റിലെ രജിസ്റ്ററിൽ പേരെഴുതി ഒപ്പ് വച്ചിരുന്നു. ഇത് നോക്കിയാണ് ഡിആർഐ എന്നെ വിളിപ്പിച്ചത്''- ബാബു പറയുന്നു.

താൻ സ്വർണ്ണക്കടത്തുകേസിലെ പ്രതി ആയിരുന്നെങ്കിൽ അവർ തന്നെ വെറുതെ വിടുമായിരുന്നോ എന്നാണ്, ബാബു ചോദിക്കുന്നത്. തന്റെ വാർത്തകളിൽ കുരുക്കിയത് ഒരു പ്രമുഖ മാധ്യമത്തിന്റെ ഗൂഢാലോചനയാണെന്നും അദ്ദേഹം പറയുന്നു. '' അന്ന് സ്വർണ്ണക്കടത്ത് കേസിൽ അവരുടെ ചർച്ചയിൽ പങ്കെടുക്കാൻ വരുമോ എന്ന് ചോദിച്ച് ഒരു പ്രമുഖ ചാനലിൽനിന്ന് നിരവധി തവണ വിളിച്ചു. പക്ഷേ എനിക്ക് ഇതുമായി ബന്ധമില്ലെന്നും അതിനാൽ വരില്ലെന്നും അറിയിച്ചു. പക്ഷേ ഇതിന്റെ പേരിൽ നീ അനുഭവിക്കും എന്ന ഭീഷണിയാണ് ഉണ്ടായത്. തൊട്ടുപിന്നാലെ തന്നെ എന്റെ പേരിൽ അവർ വാർത്ത കൊടുത്തു. ഇത് എന്നെ ഒന്ന് വിളിച്ചു നോക്കുകപോലും ചെയ്യാതെ മറ്റ് മാധ്യമങ്ങൾ ആവർത്തിച്ചു ''- ബാബു പറയുന്നു.

എന്നും  ദിലീപിന് ഒപ്പം

പക്ഷേ ബാബുവിനെതിരെ വരുന്ന ഏറ്റവും വലിയ വിമർശനങ്ങളിൽ ഒന്ന് അയാൾ സ്ത്രീപീഡകരെ സംരക്ഷിക്കുന്നുവെന്നതാണ്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനൊപ്പമാണ് ബാബു മനസ്സുകൊണ്് നിന്നത്. ഗത്യന്തരമില്ലാതെ ദിലീപ് സ്വയം മാറി നിൽക്കയായിരുന്നു. അതിനിടെ നടിയെ ആക്രമിച്ച കേസിൽ ബാബു മൊഴി മാറ്റുകയും ചെയ്തു. എന്നാൽ പൊലീസ് എഴുതിച്ചേർത്ത കാര്യങ്ങൾ കോടതിയിൽ തിരുത്തുകയാണ് ചെയ്തത് എന്നാണ് ബാബു ഇതേക്കുറിച്ച് പറയുന്നത്. താൻ അറിയുന്ന ദിലീപ് അത്തരമൊരു കാര്യം ചെയ്യില്ലെന്നും റിപ്പോർട്ടർ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയിൽ ബാബു പറഞ്ഞു.

''ഞാൻ കൊടുത്ത മൊഴി എനിക്കല്ലേ അറിയൂ. കോടതി രണ്ടാമത് നമ്മളെ വിളിക്കുന്നത് പൊലീസ് എഴുതിവെച്ചത് പൂർണമായും ശരിയല്ല എന്നതുകൊണ്ടല്ലേ? പ്രത്യേകിച്ച് ഞാൻ കൊടുത്ത മൊഴിയിൽ ഞാൻ ഒപ്പിട്ട് കൊടുത്തിട്ടില്ല. ഞാൻ ചോദിച്ചതാണ്, ഒപ്പിടണോ എന്ന്, അപ്പോൾ ഒപ്പിടേണ്ട എന്ന് അവർ പറഞ്ഞു. ഞാൻ പറഞ്ഞത്, കുറെയൊക്കെ ഉണ്ട്, കുറെയൊക്കെ ഇല്ല. അവർക്ക് ആവശ്യമുള്ള ഭാഗങ്ങൾ അവർ എടുത്തിട്ടുണ്ട്. ഇതാണ് അതിലുള്ളത്.പിന്നെ കോടതി എന്നോട് ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞാൽ പോരെ, ഞാൻ. കോടതി എന്നോട് രണ്ട് മൂന്ന് കാര്യങ്ങൾ ചോദിച്ചു. എന്തെങ്കിലും രേഖകൾ സൂക്ഷിക്കുന്നുണ്ടോ?, രേഖാപരമായി കംപ്ലെയിന്റ് ചെയ്തിട്ടുണ്ടോ? കംപ്ലെയിന്റെ ചെയ്തിട്ടില്ലെന്ന് പറഞ്ഞു. ചോദിക്കാത്ത ചോദ്യത്തിന് അങ്ങോട്ട് ഞാൻ കേറി എല്ലാം പറയണോ? പിന്നെ വ്യക്തിപരമായ പല കാര്യങ്ങളും ഞങ്ങൾ പറഞ്ഞിട്ടുണ്ടാകും. ഇത് മുഴുവൻ എനിക്ക് കോടതിയിൽ പറയാൻ പറ്റുമോ?'''- ബാബു പറഞ്ഞു.

നടിക്ക് അവസരങ്ങൾ നിഷേധിക്കാൻ ദിലീപ് കാരണമായോ എന്ന ചോദ്യത്തിന് രേഖാമൂലമായ പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു. അവസരങ്ങൾ നിഷേധിച്ചിട്ടുണ്ട് എന്നത് വാക്കാൽ പറഞ്ഞോ എന്ന് ചോദിച്ചപ്പോൾ അതും അതിന് അപ്പുറത്തുള്ളതുമായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടാകും.- 'ഞങ്ങൾ തമ്മിൽ സംസാരിച്ച കാര്യങ്ങൾ നാട്ടുകാർക്ക് എങ്ങനെ അറിയാം. എനിക്കല്ലെ അറിയുള്ളൂ. ഞാൻ പറയാത്ത കാര്യങ്ങളാണ് പൊലീസ് എഴുതി വെച്ചത്. ഞാൻ പറഞ്ഞ പല കാര്യങ്ങളും എഴുതിയിട്ടില്ല, ഇതാണ് ഞാൻ കോടതിയിൽ വാദിച്ചത്. അറിയാത്ത കാര്യങ്ങൾ പറയുന്നത് ശരിയല്ല. ഞാൻ അറിയുന്ന ദിലീപ് അത് ചെയ്യില്ല, എനിക്ക് അത്രയേ പറയാൻ കഴിയൂ.'- ഇതായിരുന്നു ബാബുവിന്റെ വാദം. ഇതിനെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ ശക്തമായി രംഗത്ത് എത്തിയിരുന്നു. ദിലീപിന്റെ ക്രിമിനൽ പ്രവർത്തികൾക്ക് ബാബു അടക്കമുള്ള താരങ്ങളാണ് കുടപിടിക്കുന്നത് എന്നാണ് അവർ ആരോപിക്കുന്നത്.

'ഒരു മണ്ടനെ കാണൂ, ഓക്കാനമുണ്ടാകുന്നു'

രണ്ടുവർഷം മുമ്പ് അതിജീവിതയെക്കുറിച്ച് ഇടവേള ബാബു നടത്തിയ ഒരു പരാമർശവും വൻ വിവാദമായി. 'അമ്മ' നിർമ്മിക്കുന്ന ട്വന്റി- ട്വന്റി മോഡൽ സിനിമയിൽ അതിജീവിത ഉണ്ടാവുമോ, എന്ന ചോദ്യത്തിന് നൽകിയ ഉത്തരത്തിൽ 'മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ലെന്നും അതുപോലെ രാജി വച്ചവരും സിനിമയിൽ ഉണ്ടാകില്ലെന്നുമായിരുന്നു' അദ്ദേഹത്തിന്റെ മറുപടി. ഇതിൽ പ്രതിഷേധിച്ചാണ് നടി പാർവതി തെരുവോത്ത് അമ്മയിൽനിന്ന് രാജിവെച്ചത്. ഇൻസ്റ്റഗ്രം സ്റ്റോറിയിലൂടെയാണ് പാർവതി രൂക്ഷമായാണ് പ്രതികരിച്ചത്. 'ഒരു മണ്ടനെ കാണൂ, ഓക്കാനമുണ്ടാക്കുന്നു, നാണം കെട്ട പരാമർശം' എന്നാണ് ഇടവേള ബാബുവിന്റെ പേരെടുത്ത് പറഞ്ഞ് സ്റ്റോറിയിട്ടത്.

തുടർന്ന് പാർവതി സോഷ്യൽ മീഡിയയിൽ ഇട്ട കുറിപ്പ് ഇങ്ങനെയാണ്. ''2018 ൽ എന്റെ സുഹൃത്തുക്കൾ എ എം എം എയിൽനിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ എ എം എം എ ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു.ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല.

ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.''- ഇങ്ങനെയാണ് പാർവതി വിമർശനം നടത്തിയത്. എന്നാൽ ട്വന്റി ട്വന്റി സിനിമയിലെ കഥാപാത്രത്തിന്റെ കാര്യമാണ് താൻ പറഞ്ഞത് എന്നാണ് ബാബു പറയുന്നത്.

തന്റെ പിതാവിനെതിരെ മോശം പരാമർശം നടത്തിയതിന് തിലകന്റെ മകൻ ഷമ്മി തിലകനും ബാബുവിനെതിരെ രംഗത്ത് എത്തി. ''ചാരിറ്റബിൾ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന സംഘടനയാണ് അമ്മ. അതിൽ പറയുന്ന നിയമാവലികൾ പ്രകാരം ആരെയും പുറത്താക്കാനുള്ള അധികാരം ആർക്കും തന്നെയില്ല. അല്ലാത്തപക്ഷം അതിനകത്ത് നിന്നും പുറത്താക്കപ്പെടേണ്ടത് തിലകനോ, പാർവ്വതിയോ ഒന്നുമല്ല. ഇടവേള ബാബു എന്ന വ്യക്തിയാണ് പുറത്താക്കപ്പെടേണ്ടത്. സംവിധായകൻ വിനയൻ കോമ്പെറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യക്ക് ഒരു കേസ് കൊടുത്തിരുന്നു. ആ കോടതിയുടെ വിധി വന്നത് ഓൺലൈനിലുണ്ട്. വിനയൻ വേഴ്സസ് അമ്മ എന്ന് സേർച്ച് ചെയ്താൽ ആ ഫയൽസ് കിട്ടും.

തിലകനോട് ചെയ്തത് അനീതിയാണെന്നുള്ളത് അതിൽ വ്യക്തമായി എഴുതിയിട്ടുണ്ട്. കോടതിയിലെ ഒരു ട്രയൽ കഴിഞ്ഞിട്ടുള്ള വിധിയാണത്. ഈ വിധി വന്നതിന് ശേഷം മാത്രമാണ് ഞാൻ ഇതിനെതിരെ അസോസിയേഷനിൽ പൊട്ടിത്തെറിച്ചിട്ടുള്ളത്. അതിന് മുൻപ് വരെ എനിക്ക് പൊട്ടിത്തെറിക്കാൻ യാതൊരു തെളിവുകളും എന്റെ പക്കൽ ഉണ്ടായിരുന്നില്ല. എന്നിട്ട് എന്നെ കുറ്റക്കാരനാക്കുകയാണ് അമ്മ ചെയ്ത്. ഈ സംഘടനയിൽനിന്ന് പുറത്തുപോകേണ്ടത് ഇടവേള ബാബു ആണെന്നുള്ളതിൽ ഒരു സംശയവുമില്ല. കൂടെ ഇന്നസെന്റും പുറത്തുപോകേണ്ടതാണ്.''- ഷമ്മി തിലകൻ പ്രതികരിച്ചു.

ഈ പ്രതികരണങ്ങളുടെ അടക്കം പ്രതികാരം എന്ന നിലയിലാണ് ഷമ്മി തിലകനെ പുറത്താക്കാനുള്ള നീക്കം ഇപ്പോൾ നടക്കുന്നത്. അതിന്റെ സൂത്രധാരനും ബാബുവാണെന്നാണ് ആക്ഷേപം. വിമർശകരായ നടിമാരെ ഒന്നൊന്നായി സിനിമയിൽനിന്ന് വെട്ടിയതിലും ബാബുവിന് പങ്കുണ്ടെന്ന് ആരോപണം ഉണ്ട്.

വിജയ് ബാബുവിനെ സംരക്ഷിക്കുന്നു

ഏറ്റവും ഒടുവിലായി വിജയ് ബാബുവിനെ സംരക്ഷിക്കുന്നുവെന്ന ആരോപണമാണ് ഇടവേള ബാബുവിനെതിരെ ഉയരുന്നത്. 'അമ്മ' ഒരു ക്ലബ് ആണെന്നും, വിജയ്ബാബു കുറേ ക്ലബിൽ അംഗമാണെങ്കിലും ഒന്നിൽനിന്നും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ല എന്നുമാണ് ബാബു പ്രതികരിച്ചത്. ഈ പരാമർശം വൻ വിവാദമായി. ജോയ്മാത്യു, ഹരീഷ് പേരടി, ഷമ്മി തിലകൻ തൊട്ട് ഗണേശ്‌കുമാർ വരെ ഇതിൽ പ്രതികരിച്ചു. സോഷ്യൽ മീഡിയ താരസംഘടനയെ നിർത്തിപ്പൊരിച്ചു. ഇതിൽ പ്രസിഡന്റ് എന്ന നിലയിൽ മോഹൻലാലിന്റെ നിലപാട് എന്താണ് എന്ന ഗണേശ്‌കുമാറിന്റെ ചോദ്യത്തിന് ലാലേട്ടനും പ്രതികരണം ഇല്ല. സ്‌ക്രീനിൽ പത്തുപേരെ ഒറ്റക്ക് അടിച്ചിരുന്ന, സൂപ്പർ താരങ്ങൾ, ബാബുവെന്ന ചെറിയ മനുഷ്യന് മുന്നിൽ വിനീതർ ആവുന്നു.

എന്നാൽ ഗണേശ് കുമാറിന്റെ ചോദ്യങ്ങൾക്ക് ബാബു നൽകിയ മറുപടി അതിലേറെ വിവാദമായി. ഇഡി അറസ്റ്റ് ചെയ്ത് ജയിലിലടച്ച ബിനീഷ് കോടിയേരിയുടെ കേസിൽ വിധി വരുന്നത് വരെ സസ്പെൻഡ് പോലും ചെയ്യരുതെന്ന നിലപാടിൽ നിന്നയാളാണ് ഗണേശ്് കുമാർ എന്ന് തുറന്ന കത്തിൽ ബാബു ചൂണ്ടിക്കാട്ടുന്നു. ജഗതി ശ്രീകുമാറിനും പ്രിയങ്കക്കും എതിരെ കേസ് വന്നപ്പോഴും മുൻകാല കമ്മിറ്റി ഇതേ നിലപാടാണ് എടുത്തതെന്നും ഇടവേള ബാബു കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ കത്തിൽ ഒരു ക്ലബ് എന്ന് പറഞ്ഞാൽ എന്താണ് എന്ന സാങ്കേതിക വിശദീകരണവും ഉണ്ട്.

പക്ഷേ ഗണേശ് കുമാറും ഒന്നാന്തരമായി തിരിച്ചിടുച്ചു. ''ക്ലബിന്റെ വിക്കിപീഡിയയിലെ അർഥമല്ല തനിക്ക് അറിയേണ്ടത്. കോടതി കുറ്റവിമുക്തനാക്കിയ, ഇപ്പോൾ അനാരോഗ്യം കാരണം മാറി നിൽക്കുന്ന ജഗതി ശ്രീകുമാറിനെ എന്തിനാണ് ഈ പ്രശ്നത്തിലേക്ക് വലിച്ചിട്ടത്. ബിനീഷ് കോടിയേരിയുടേത് ഒരു സിനിമാ സംബന്ധിയായ പ്രശ്നമല്ല. രണ്ടു പേർ തമ്മിലുള്ള പണമിടപാടിന്റെതാണ്. അതുപോലെയാണ് പ്രിയങ്കയുടെ കേസും. എന്നാൽ വിജയ്ബാബുവിന്റെത് അങ്ങനെയല്ല. അത് മലയാള സിനിമക്ക് അകത്തുള്ള പ്രശ്നമാണ്.''- ഇങ്ങനെ ഓരോന്നിന്നും അക്കമിട്ട് ഗണേശ് മറുപടി പറഞ്ഞു. കൂടാതെ അദ്ദേഹം ഈ പ്രശ്നങ്ങളിലൊക്കെ അഭിപ്രായം ആരാഞ്ഞുകൊണ്ടും പുതിയ വിമർശനങ്ങൾ ഉന്നയിച്ചും അമ്മ പ്രസിഡന്റായ മോഹൻലാലിന് കത്തെഴുതുകയും ചെയ്തു.

'വിവാഹം അറുപതുവയസ്സു കഴിഞ്ഞ് മതി'

ഇങ്ങനെയൊക്കെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും ഒരുപാട്പേരെ സഹായിക്കുന്ന വ്യക്തിയാണ് ഇടവേള ബാബുവെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. ഏത് പാതിരായ്ക്ക് വിളിച്ചാലും ബാബുവിനെ ഫോണിൽ കിട്ടും. ഏത് പ്രൊജക്റ്റ് സംസാരിക്കാനും റെഡിയാണ്. അന്തരിച്ച നടി സുകുമാരിയൊക്കെ പറയാറുണ്ട്. ബാബു തന്റെ കുടുംബത്തിലെ ഒരു അംഗം പോലെയാണെന്നും എവിടെപ്പോയാലും അവനെ വിളിച്ച് പറയാറുണ്ടെന്നും. '' തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള സ്ഥാനമാണ് എന്റേത്. സംഘടനയിൽ 500ഓളം പേരുണ്ട്. രണ്ടോ മൂന്നോ പേർ മാത്രമാണ് സംഘടനക്കെതിരെ തിരിഞ്ഞത്'' - ഒരു അഭിമുഖത്തിൽ ബാബു പറയുന്നു. മാത്രമല്ല അമ്മ സെക്രട്ടറി എന്ന നിലയിലോ, ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗം എന്ന നിലയിലോ ഒരു പൈസയും കൈപ്പറ്റാറില്ലെന്നു സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തുതന്നെയാണ് ഇപ്പോഴും ജീവിക്കുന്നതെന്നും അദ്ദേഹം പറയുന്നു. നടി മേനക ഒരിക്കൽ തമാശയായി പറഞ്ഞത് ' മലയാള സിനിമാക്കാരെ സേവിക്കാനാണ് ബാബു ഇപ്പോഴും അവിവാഹിതനായി തുടരുന്നത്' എന്നായിരുന്നു.

താനൊരു ക്രോണിക് ബാച്ചിലർ ആണെന്നാണ് ഇടവേള ബാബു സ്വയം വിശേഷിപ്പിക്കുന്നത്. 60 കഴിഞ്ഞാൽ വിവാഹിതനാകാം എന്ന അഭിപ്രായമാണ് അദ്ദേഹത്തിന്. ''ഇപ്പോഴത്തെ ജീവിതത്തിൽ ആനന്ദം കണ്ടെത്തുന്നുണ്ട്. ഇപ്പോൾ എനിക്ക് എവിടെയും പോകാം. അവിവാഹിതനായാൽ കുറച്ച് നുണ പറഞ്ഞാൽ മതി. സുഹൃത്തുക്കൾക്ക് 8 മണി കഴിഞ്ഞാൽ ഭാര്യമാരുടെ കോൾ വരും. എന്റെ കാര്യത്തിൽ അങ്ങനെയില്ല'- അവിവാഹിതനായി തുടരുന്നതിന്റെ ഗുണം വിശദീകരിച്ച് ബാബു ചരിക്കുന്നു.

''ഇപ്പോൾ ഒരു ടെൻഷനുമില്ല. ബെഡ് കണ്ടാൽ മതി ഉറങ്ങാൻ. എന്നാൽ ഇതുപോലെ അല്ല മറ്റു ചിലർ. ഗുളിക കഴിക്കണം, രണ്ടെണ്ണം സേവിക്കണം. സ്വന്തമായി ലക്ഷ്യമുണ്ടെങ്കിൽ ബാച്ചിലർ ലൈഫ് ആണ് നല്ലത്. പക്ഷേ കൂടെ ആളില്ലെന്ന ബോധ്യം വേണം. എല്ലാം സ്വന്തമായി ചെയ്യണം എന്ന തോന്നലുണ്ടാകണം. ഒരു പേന നിലത്ത് വീണാൽ പോലും എടുത്തു തരാർ ആളില്ലെന്ന് തീരുമാനിക്കണം. വീട്ടിൽ ചേട്ടൻ എവിടെയെങ്കിലും പോകുമ്പോൾ ചേട്ടത്തിയമ്മ പാക്ക് ചെയ്തു കൊടുക്കും. തന്റെ കാര്യത്തിൽ ഇത് സ്വയം ചെയ്യണം''- ബാബു പറയുന്നു.'

'വർഷങ്ങളുടെ ശ്രമഫലമായി ഉണ്ടാക്കി എടുത്ത സംഘടനയാണ് അമ്മ. സിനിമയിൽ പ്രശ്‌നങ്ങളുണ്ടാകാം. അത് സംസാരിച്ചാൽ തീരാവുന്നതേയുള്ളൂ. എനിക്ക് ആരോടും വഴക്കില്ല. എല്ലാം തുറന്ന് സംസാരിച്ചാൽ തീരും''- തനിക്കെതിരെ വിമർശനങ്ങൾ ഉയരുമ്പോൾ ബാബു പതിവായി പറയാറുള്ളത് ഇതാണ്. ബാബുവിന്റെ സുഹൃത്തുക്കൾക്ക് അദ്ദേഹം നിഷ്‌ക്കളങ്കനായ മനുഷ്യസ്നേഹിയാണ്. വിമർശകർക്ക് അമ്മയിലെ സകല പ്രശ്നങ്ങൾക്കും കാരണക്കാരനായ ഉപജാപക്കാരനും. ഇതിൽ ഏതാണ് ശരിയെന്ന് കാലം തെളിയിക്കട്ടെ.

വാൽക്കഷ്ണം: പക്ഷേ എന്തൊക്കെ വിമർശിച്ചാലും ഇത്രയും വലിയ ഒരു സംഘടനയെ ഒന്നിച്ച് കൊണ്ടുപോകാനുള്ള ബാബുവിന്റെ മിടുക്ക് അംഗീകരിക്കേണ്ടതാണ്. സിനിമയിൽ അധികം സജീവമല്ലെങ്കിലും, മമ്മൂട്ടിക്കും ലാലിനുമൊക്കെ കിട്ടുന്ന വലിയ അംഗീകാരങ്ങളും ബാബുവിന് കിട്ടുന്നുണ്ട്. യുഎഇയുടെ ഗോൾഡൻ വിസ വരെ. ഇങ്ങനെ പോവുകയാണെങ്കിൽ അടുത്തത് പത്മശ്രീയാണെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP