Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202230Wednesday

'പുടിനു വേണ്ടി മരിക്കാൻ ഞങ്ങളില്ല';എതിർക്കുന്നവരെയല്ലാം കൊന്നോടുക്കിയ ക്രൂരന് ഒടുവിൽ തിരിച്ചടി; യുക്രൈനിൽനിന്ന് റഷ്യൻ സൈന്യം തോറ്റോടുന്നത് അഭിമാനക്ഷതമായി; ചെറുപ്പക്കാരുടെ റിസർവ് സേന ഉണ്ടാക്കുമെന്ന പ്രഖ്യാപനം അതിലേറെ വിനയായി; ഒപ്പം വിലക്കയറ്റവും പട്ടിണിയും; റഷ്യയിൽ യുവാക്കളുടെ പ്രക്ഷോഭം; സൈക്കോ എകാധിപതി പുടിൻ വീഴുമോ?

'പുടിനു വേണ്ടി മരിക്കാൻ ഞങ്ങളില്ല';എതിർക്കുന്നവരെയല്ലാം കൊന്നോടുക്കിയ ക്രൂരന് ഒടുവിൽ തിരിച്ചടി; യുക്രൈനിൽനിന്ന് റഷ്യൻ സൈന്യം തോറ്റോടുന്നത് അഭിമാനക്ഷതമായി; ചെറുപ്പക്കാരുടെ റിസർവ് സേന ഉണ്ടാക്കുമെന്ന പ്രഖ്യാപനം അതിലേറെ വിനയായി; ഒപ്പം വിലക്കയറ്റവും പട്ടിണിയും; റഷ്യയിൽ യുവാക്കളുടെ പ്രക്ഷോഭം; സൈക്കോ എകാധിപതി പുടിൻ വീഴുമോ?

എം റിജു

''നിങ്ങൾ പുടിനെതിരെ എഴുതിയാൽ വൈകാതെ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് മരിക്കും''- റഷ്യൻ മാധ്യമ പ്രവർത്തകർക്കിടയിൽ ഭീതി ഉയർത്തുന്ന ഒരു ചൊല്ലാണിത്. ചൊല്ലല്ല യാഥാർഥ്യമാണ്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ മാധ്യമ പ്രവർത്തരും, എഴുത്തുകാരും, ബ്ലോഗർമാരും, യുട്ഊബർമാരുമായി അമ്പതോളം പേർ ആണ് റഷ്യയിൽ കൊല്ലപ്പെട്ടത്. അവർക്ക് ഒക്കെ ഒരു പൊതുസ്വഭാവമുണ്ട്. അവർ വ്ളാദിമർ പുടിൻ എന്ന റഷ്യൻ പ്രസിഡന്റിന്റെ വിമർശകർ ആയിരുന്നു. ഭൂരിഭാഗം പേരും മരിച്ചത് ഉയരമുള്ള കെട്ടിടങ്ങളിൽനിന്ന് താഴേക്ക് വീണാണ്!

ഹിറ്റ്ലർക്കും, സ്റ്റാലിനും, മാവോക്കുമൊക്കെ ശേഷം ആധുനികലോകം കണ്ട സൈക്കോ ഏകാധിപതിയാണ് വളാദിമിർ പുടിൻ എന്ന റഷ്യൻ പ്രസിഡന്റ് എന്നത് പാശ്ചാത്യ മാധ്യമങ്ങളുടെ വാദം മാത്രമല്ല. എതിർക്കുന്നവരെയെല്ലാം സ്വകാര്യ കൊലയാളി സംഘങ്ങളെ വിട്ട് കൊന്നൊടുക്കിയ ക്രൂരതയുടെ ചരിത്രമാണ് പുടിന്റെത്. സ്ത്രീലമ്പടനെന്നും ബാലപീഡകനെന്നും ആക്ഷേപിക്കപ്പെടുന്ന മുൻ കെജിബി ഉദ്യോഗസ്ഥന്റെ കൈയിൽ ലോകത്തിലെ എറ്റവും വലിയ കൊലയാളി സംഘം തന്നെയുണ്ട്. വിഷവാതകം ഉപയോഗിച്ചും, ആക്സിഡന്റ് ഉണ്ടാക്കിയും, ഭക്ഷണത്തിൽ വിഷം കലർത്തി സ്വാഭാവികമായി എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ കാലപുരിക്ക് എത്തിക്കാനും, കെട്ടിടത്തിൽനിന്ന് കാൽവഴുതി മരിച്ചതാക്കി ആളുകളെ കൊല്ലാൻ കഴിയുന്ന, കൃത്യമായ വിദഗ്ധ പരിശീലനം കിട്ടിയ സംഘം. ഈ കൊലയാളികളിൽ ഒരു ടീമിനെയാണ് പുടിൻ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയെ കൊല്ലാൻ അയച്ചത്. പക്ഷേ ആ ശ്രമം പാളി.

ഇപ്പോൾ പുടിന് തിരിച്ചടികളുടെ കാലമാണ്. യുക്രൈൻ യുദ്ധത്തെത്തുടർന്നുണ്ടായ നാറ്റോ സഖ്യരാജ്യങ്ങളുടെ ഉപരോധത്തെ തുടർന്ന്, റഷ്യ വലിയ സാമ്പത്തിക കുഴപ്പത്തിലേക്ക് നീങ്ങുകയാണ്. വിലക്കയറ്റവും പണപ്പെരുപ്പവും റോക്കറ്റു പോലയാണ്. അവശ്യ സാധനങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുന്നു. റൂബിളിന്റെ വില ഇടിയുന്നു. ഇതിനെല്ലാം പുറമേയാണ്, നാറ്റോ ഭീതിയും, സ്റ്റാലിന്റെ കാലത്തെ അഖണ്ഡ റഷ്യ ആഹ്വാനവും പുറത്തെടുത്ത് അയൽരാജ്യമായ യുക്രൈനെ ആക്രമിച്ചതും പാളിയിരിക്കയാണ്. ആദ്യം കനത്ത ബോംബിങ്ങിലുടെയും, തുടന്നുള്ള സൈനിക നീക്കത്തിലൂടെയും വൻ മുന്നേറ്റം നടത്തിയ റഷ്യ ഇപ്പോൾ, യുക്രൈനിൽനിന്ന് തോറ്റോടുന്ന കഥയാണ് പുറത്തുവരുന്നത്. ഈ തിരിച്ചടി മറി കടക്കാനായി, മൂന്ന് ലക്ഷത്തോളം ചെറുപ്പക്കാരുടെ റിസർവ് സേന ഒരുക്കാലുള്ള പുടിന്റെ നീക്കം അതിലേറെ പ്രശ്നമായി. ഇപ്പോൾ റഷ്യയിൽ പുടിൻ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുകയാണ്.

റഷ്യ നിന്ന് കത്തുമ്പോൾ

പ്രതികരിക്കൻ പൊതുവെ മടിയുള്ള ഒരു ജനത എന്നാണ് റഷ്യയെക്കുറിച്ച് പൊതുവെ പറയുക. സോവിയറ്റ് യൂണിയന്റെ കരാള ഹസ്തങ്ങളിൽ പെട്ട് ദാരിദ്രവും, അടിമത്തവും, വികസനമുരടിപ്പുമൊക്കെ ഉണ്ടായിട്ടും അവസാന കാലത്ത് മാത്രമാണ് റഷ്യയിൽ പ്രക്ഷോഭം ഉണ്ടായത്. അതുപോലെ തന്നെയാണ് ഭരണഘടന ഭേദഗതിചെയ്ത്, നീണ്ട മൂന്ന് പതിറ്റാണ്ടോളം റഷ്യയുടെ പ്രസിഡന്റ് ആയ പുടിനോടുള്ള രാജ്യത്തിന്റെ പൊതു സമുപനവും. അഴിമതിയിലൂടെ ശതകോടികളുടെ സ്വകാര്യ സ്വത്താണ് പുടിൻ ഉണ്ടാക്കിയത്. എതിർക്കുന്നവരെയെല്ലാം അരിഞ്ഞിട്ടു. റഷ്യൻ പ്രതിപക്ഷ നേതാവിനെ വരെ വിഷം കൊടുത്തുകൊല്ലാൻ നോക്കി. എന്നിട്ടും കാര്യമായ ഒരു പ്രതിഷേധവും പുടിനെതിരെ ആ നാട്ടിൽ ഉണ്ടായില്ല എന്നത് അമ്പരിപ്പിക്കുന്നതാണ്. ചെറിയ പ്രതിഷേധങ്ങളൊയൊക്കെ മുളയിലേ നുള്ളാനും ഈ കുതന്ത്രങ്ങളുടെ തമ്പുരാന് ആയി.

പക്ഷേ ഇപ്പോൾ എല്ലാം കൈവിട്ട് പോകുന്നതോടെ റഷ്യയിൽ യുവാക്കൾ തെരുവിൽ ഇറങ്ങിയിരിക്കയാണ്. യുക്രെയിനിലെ തിരിച്ചടി മറികടക്കൻ മൂന്ന് ലക്ഷത്തോളം ചെറുപ്പക്കാരുടെ റിസർവ് സേന ഒരുക്കാനുള്ള പുടിന്റെ നീക്കമാണ് വൻ പ്രകോപനം ആയത്. 37 നഗരങ്ങളിലേക്ക് കലാപം പടർന്നിരക്കയാണെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

പുതിയ റിസർവ് ഫോഴ്സ് എന്നത് പരാജയം മറച്ചുപിടിക്കാനുള്ള ഒരു ശ്രമം മാത്രമായിട്ടാണ് പൊതുവെ വിലയിരുത്തുന്നത്. ദേശീയ ബോധമുയർത്തി ആവേശം ജനിപ്പിക്കാനുള്ള പുടിന്റെ ശ്രമമൊന്നും ഇപ്പോൾ ഫലം കാണുന്നില്ല. യുക്രൈൻ അതിർത്തിയിലേക്ക് യുവാക്കളെ അയയ്ക്കുന്നതിനെതിരെ പ്രതിഷേധിച്ച് ആയിരക്കണക്കിന് യുവാക്കളാണ് തെരുവുകളിൽ പ്രതിഷേധത്തിനെത്തുന്നത്.

മോസ്‌കോയും സെന്റ് പീറ്റേഴ്സ്ബർഗും ഉൾപ്പടെ 37 നഗരങ്ങളിൽ നിന്നായി കഴിഞ്ഞ ദിവസം ആയിരത്തോളം യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. പലയിടങ്ങളിലും പ്രതിഷേധക്കാരും സുരക്ഷാ സൈനികരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരെ ബലമായി തെരുവുകളിൽ നിന്നും നീക്കം ചെയ്യുകയാണ്. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി പ്രകടനം നടത്തുന്ന യുവാക്കൾ, പുടിനോട് അതിർത്തിയിൽ ചെന്ന് യുദ്ധം ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. പുടിന് വേണ്ടി മരിക്കാൻ ഒരുക്കമല്ലെന്നും അവർ ഉറപ്പിച്ചു പറയുന്നുണ്ട്.

പ്രതിഷേധം മുറുകിയതോടെ നിരവധി റഷ്യാക്കാർ നാടുവിടാനുള്ള ഒരുക്കത്തിലാണ്. അതിർത്തികൾ ഉടൻ അടച്ചേക്കുമെന്ന ഭീതിയിൽ, കൂടുതൽ കൂടുതൽ ആളുകൾ അതിർത്തി കടക്കുവാൻ ധൃതിപ്പെട്ട് എത്തുകയാണ്.റഷ്യൻ പൗരന്മാർക്ക് വിസ ആവശ്യമില്ലാത്ത തുർക്കി, അർമേനിയ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകൾ എല്ലാം തന്നെ വിറ്റു തീർന്നതായി ആർ ബി കെ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ജോർജിയൻ അതിർത്തിയിൽ നിന്നും കുറച്ച് റഷ്യക്കാരെ തിരിച്ചയച്ചതായും റിപ്പോർട്ടുകളുണ്ട്.

ലോക രാഷ്ട്രങ്ങൾക്കിടയിൽ ഒറ്റപ്പെടുന്നതിനിടയിലാണ് സൈബീരിയയിൽ നിന്നാരംഭിച്ച യുദ്ധ വിരുദ്ധ പ്രക്ഷോഭവും പടരുന്നത്. സൈന്യത്തിനെ അവഹേളിക്കുന്നതിനെതിരെ ഉണ്ടാക്കിയ കരാള നിയമം ഉപയോഗിച്ച് അതിനെ അടിച്ചമർത്താൻ പുടിൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ഇത് ഒരു തുടക്കം മാത്രമാണെന്നും റഷ്യയിൽ യുവാക്കൾ ആകെ അസംതൃപ്തരാണെന്നും പുടിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നുമാണ് പല രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.


രോഗഭീതി, ഒപ്പം ഗറില്ലാ പേടി

കണ്ടാൽ തോന്നില്ലെങ്കിലും ഇപ്പോൾ 70 വയസ്സുണ്ട് വ്ളാദിമിർ പുടിന്. ഈ മുൻ ജൂഡോ ചാമ്പ്യനെ വിവിധ രോഗങ്ങൾ അലട്ടുന്നുണ്ട്. പാർക്കിൻസൺസ് രോഗ ബാധിതനാണ് എന്നൊക്കെ നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പക്ഷേ ഒന്നും പുറത്തുവന്നിട്ടില്ല. എന്തായാലും അസുഖം അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ടെന്ന് വ്യക്തമാണ്.

റഷ്യയുടെ ആജീവനാന്ത പ്രസിഡന്റ് എന്നരീതിയിലാണ് പുടിന്റെ ഭാവം. എതിർശബ്ദങ്ങൾ ഇല്ലാതെയാക്കി 20 കൊല്ലം ഭരിച്ചിട്ടും മതിയാകാതെ അടുത്ത 16 കൊല്ലം കൂടി പ്രസിഡന്റ് പദവിയിൽ ഇരിക്കാൻ ഭരണഘടന ഭേദഗതി ചെയ്തയാളാണ് ഇദ്ദേഹം. രണ്ടുവർഷം മുമ്പ് പാർലമെന്റിൽ ബിൽ അവതരിപ്പിച്ചതോടെ ഒരാളൊഴികെ എല്ലാവരും കൈയടിച്ച് അംഗീക്കുമ്പോൾ സോവിയറ്റ് ഏകാധിപത്യത്തിൽ നിന്നും പുടിൻ എന്ന ഏകാധിപതിയിലേക്ക് റഷ്യ മാറുകയാണ് ഉണ്ടായത്. മാത്രമല്ല, വലിയ അഴിമതിയും സ്വജനപക്ഷപാതിത്തവുമാണ്്, പുടിൻ ഭരണത്തിന്റെ മുഖമുദ്ര. മറ്റ് യൂറോപ്യൻ രാജ്യങ്ങളെ വെച്ചുനോക്കുമ്പോൾ കാര്യമായ വികസന പുരോഗതിയും റഷ്യക്ക് കൈവരിക്കാനായിട്ടില്ല. രാജ്യത്ത് അസമത്വം വർധിക്കുമ്പോഴും പ്രസിഡന്റിന്റെയും സംഘത്തിന്റെയും സ്വത്തുക്കൾ ശതകോടിയിലേക്കാണ് ഉയരുന്നത്. യുദ്ധക്കൊതിയനും അണ്വായുധ പ്രേമിയും കൂടിയാണ് ഇയാൾ. ലോക സമാധനത്തിന് ഇന്നത്തെ ഏറ്റവും വലിയ ഭീഷണി എന്നാണ് അരുന്ധതീറോയ് ഒരു തവണ പുടിനെകുറിച്ച് പറഞ്ഞത്. പക്ഷേ ഇനിയുള്ള കാലം റഷ്യയെ നയിക്കാൻ പുടിനെ ആരോഗ്യം അനുവദിക്കുമോ എന്നാണ് അദ്ദേഹത്തിന്റെ പേടി.

അതുപോലെ തന്നെ പുടിന്റെ പേടി സ്വപ്നമാണ് യുക്രൈൻ ഗറില്ലകളെന്നും, രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയെ കൊല്ലാൻ പുടിൻ സംഘത്തെ വിട്ടതുപോലെ, പുടിനെ തീർക്കാൻ യുക്രൈനും സ്നെപ്പർമാരെ വിട്ടിട്ടുണ്ട്. അവർ റഷ്യയിൽ നിരന്തരം പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. പുടിന്റെ വിശ്വസ്തനും ബുദ്ധികേന്ദ്രമെന്നും വിശേഷിപ്പിക്കപ്പെടുന്ന, അലക്‌സാണ്ടർ ദൂഗിനെ ലക്ഷ്യമിട്ട് കാർ ബോംബ് സ്ഫോടനം നടന്നത് റഷ്യയെ ഞെട്ടിച്ചിരുന്നു. മോസ്‌കോയിൽ നടന്ന സ്‌ഫോടനത്തിൽ അലക്‌സാണ്ടർ ദൂഗിന്റെ മകൾ ദാരിയ ദൂഗിൻ കൊല്ലപ്പെടുകയും ചെയ്തു. യുക്രൈൻ തീവ്രവാദികൾ ആണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യൻ മാധ്യമങ്ങൾ ആരോപിച്ചിരുന്നു. ഇവർ റഷ്യയെ കലാപഭുമിയാക്കുമെന്ന ഭീതി ഇപ്പോഴേ ഉയർന്നു കഴിഞ്ഞു.

മാത്രമല്ല, പുടിനെ അടിക്കാൻ തക്കം പാർത്തുനടക്കുന്ന വിദേശ ശക്തികളുടെ ഇന്റലിജൻസ് സംവിധാനവും ഈ ഏകാധിപതിയെ ഭയപ്പെടുത്തുന്നുണ്ട്. എന്നാൽ യുക്രൈൻ യുദ്ധത്തിന് മുമ്പ് ഇതൊന്നും ആയിരുന്നില്ല, അവസ്ഥ. പുടിൻ തീർത്തും സേഫ് സോണിൽ ആയിരുന്നു. അകാരണമായി ഒരു അയൽരാജ്യത്തെ ആക്രമിച്ചതിന് വലിയ വിലയാണ് പുടിനും കൊടുക്കേണ്ടി വന്നത്.

റഷ്യയെ വിറ്റ് കാശാക്കിയ കള്ളൻ

കള്ളപ്പണത്തിന്റെയും ബിനാമി സ്വത്തുക്കളുടെയും കണക്ക് എടുക്കയാണെങ്കിൽ, ഇലോൺ മസ്‌ക്കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ആവേണ്ടത് പുടിനാണ്. 20,000കോടി ഡോളറിന്റെ സ്വത്തുക്കൾ, 58 സ്വകാര്യ വിമാനങ്ങൾ, 20 ഇടങ്ങളിൽ ആഡംബര സൗധങ്ങൾ, അഞ്ച് ലക്ഷം ഡോളർ വിലയുള്ള വാച്ച്, തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്. പുട്ടിന്റെ മൊത്തം ആസ്തി 300ബില്യൺ ഡോളറാണെന്നാണ് കണക്കാക്കിയിരുന്നത്. ഇത്രയൊക്കെ സമ്പത്തുണ്ടായിട്ടും ഫോർബ്സ് തങ്ങളുടെ സമ്പന്നരുടെ പട്ടികയിൽ പുട്ടിനെ ഉൾപ്പെടുത്തിയിട്ടില്ല.

എന്നാൽ പൊതു-സ്വകാര്യ കമ്പനികളിലുള്ള ഓഹരികൾ, റിയൽ എസ്റ്റേറ്റ്, യാട്ടുകൾ, പണം എന്നിവടയക്കമുള്ള വ്യക്തിപരമായ ആസ്തികളെ കണക്കാക്കിയാണ് തങ്ങൾ സമ്പന്നരുടെ പട്ടിക തയ്യാറാക്കാറുള്ളതെന്നും എന്നാൽ ലോകനേതാക്കളെ പ്രത്യേകിച്ച് സ്വേച്ഛാധിപതികളുടെ സമ്പത്തിനെ ഇതിൽ ഉൾപ്പെടുത്താറില്ലെന്നും അവർ അവ സമ്പാദിക്കുന്നത് തങ്ങളുടെ അധികാരമുപയോഗിച്ചാണെന്നും ഫോർബ്സ് വിശദീകരണം നൽകിയിട്ടുണ്ട്. ഇത് 2007ലെ കണക്കാണ്. ഇപ്പോൾ ഇത് എത്രകോടിയായി ഉയർന്നെന്ന് ആർക്കും അറിയില്ല. അതുകൊണ്ടുതന്നെ യുക്രൈൻ യുദ്ധത്തിന് തൊട്ടുമുമ്പുവരെ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി പുടിൻ തന്നെയാണെന്നായിരുന്നു വിലയിരുത്തൽ.

കണക്കുകൾ പ്രകാരം എണ്ണ വ്യവസായമാണ് പുടിന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ്. എണ്ണകമ്പനിയായ സർജുന്റ്നെഫ്ടെഗസ്സിന്റെ 37 ശതമാനവും പുട്ടിനാണ് നിയന്ത്രിക്കുന്നത്. പ്രകൃതിവാതക കമ്പനിയായ ഗാർസ്പ്രോമിന്റെ 4.5 ശതമാനവും കമ്മോദിറ്റീസ് ട്രേഡറായ ഗൺവോറിന്റെ നല്ലൊരു പങ്കും പുട്ടിന്റെ കൈയിലാണുള്ളത്. എന്നാൽ പുട്ടിന് ഇതിൽ ഉടമസ്ഥാവകാശം ഉണ്ടെന്ന വാർത്ത ഗൺവോർ നിഷേധിച്ചിട്ടുണ്ട്. 2012ൽ 93 ബില്യൺ ഡോളർ വരുമാനമുണ്ടാക്കിയ കമ്പനിയാണിത്. നിഗൂഡ ഉറവിടങ്ങളിൽ നിന്നും തനിക്ക് പുട്ടിന്റെ സമ്പത്ത് ഇതിനെല്ലാം പുറമെയാണ്.

പുടിന്റെ സമ്പത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് 35 മില്യൺ ഡോളർ വില വരുന്ന ചെറുകപ്പലായ ഒളിമ്പിയ. ചെൽസിയ ഫുട്ബോൾ ക്ലബ് ഉടമയായ റോമൻ അബ്രമോവിച്ചാണിത് പുടിന് നൽകിയിരിക്കുന്നതെന്നാണ് സൂചന. പ്രസിഡന്റായതിനെ തുടർന്നുള്ള സമ്മാനമായിരുന്നു ഇത്. എന്നാൽ കരിങ്കടലിലെ ഒരു കൊട്ടാരമാണ് പുടിന്റെ സമ്പത്തിന്റെ ഏറ്റവും വലിയ മൂർത്ത രൂപം. അതിന് ഒരു ബില്യൺ ഡോളർ വില വരും. പുട്ടിന് 58 വിമാനങ്ങളും ഹെലികോപ്റ്ററുകളുമുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ ഒരു രാഷ്ട്രീയ എതിരാളി വെളിപ്പെടുത്തുന്നത്. കൂടാതെ 20 കൊട്ടാരങ്ങളും കൺട്രി റിട്രീറ്റുകളും പുടിനുണ്ട്. പുടിൻ ഉപയോഗിക്കുന്ന പ്രൈവറ്റ് ജെറ്റിന്റെ വില 137 മില്യൺ ഡോളറാണ്. ഇതിന്റെ കാബിനിലെ ബാത്ത് റൂമിൽ സ്വർണം കൊണ്ട് പിടിപ്പിച്ച അലങ്കാരങ്ങൾ വരെയുണ്ട്.നോർത്ത് വെസ്റ്റ് റഷ്യയിലെ ലേക്ക് വാൽദായിൽ ഉള്ള 2300 ഏക്കർ സ്ഥലമാണ് മറ്റൊരു സ്വത്ത്. ഫോർബ്സ് മാഗസിന്റെ സമ്പന്നരുടെ ലിസ്റ്റിൽ പുടിൻ ഇല്ലെങ്കിലും ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കളുടെ ലിസ്റ്റിൽ പുടിൻ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് 119,000 ഡോളറും രണ്ട് അപാർട്ട് മെന്റുകളും ഒരു കാർ പാർക്കിങ് ഗാരേജിൽ ഓഹരിയും മാത്രമേയുള്ളുവെന്നായിരുന്നു 2015ൽ പുടിൻ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നത്. പക്ഷേ പനാമാ പേപ്പറികുളിലൂടെ ഒക്കെ വെളിപ്പെട്ടത് പുടിന നടത്തിയ കോടികളുടെ അഴിമതിയായിരുന്നു. അതായത് റഷ്യയെ ശരിക്കു വിറ്റ് കാശാക്കുകയാണ് സമ്പാദിച്ചിട്ടും സമ്പാദിച്ചിട്ടും മതിവരാത്ത ഈ ഏകാധിപതി ചെയ്തുകൊണ്ടിരുന്നത്.

പക്ഷേ യുക്രൈൻ യുദ്ധംമൂലം പുടിന്റെ സ്വത്തുക്കളും തകർന്നു. സഖ്യകക്ഷികൾ പുടിനുമായി എന്തെങ്കിലും ഒരു ബന്ധമുള്ളവരുടെ മുഴുവൻ അക്കൗണ്ടുകളും മരവിപ്പിച്ചു.ലോക ധനവിനിയോഗ നെറ്റവർക്കിൽ്നിന്ന് റഷ്യ പുറത്തായി. പുടിന്റെ ബിനാമികൾ എന്ന് അറിയപ്പെടുന്നവരുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചു. ലോകമെമ്പാടും നിവധി കാമുകിമാർ ഉള്ള അറിയപ്പെടുന്ന ഒരു സ്ത്രീ ലമ്പടൻ കൂടിയാണ് പുടിൻ.

ഒളിമ്പിക് ജിംനാസ്റ്റിക്‌സ സ്വർണമെഡൽ ജേതാവ് അലീന കബയേവയാണ് പുടിന്റെ ഇപ്പോഴത്തെ അറിയപ്പെടുന്ന കാമുകി. പക്ഷേ അമേരിക്ക അലീനയുടെ മുഴൂവൻ സ്വത്തുക്കളും, യുക്രൈൻ യുദ്ധത്തിന്റെ പേരിൽ മരവിപ്പിച്ചു. പുടിനുമായി എന്തെങ്കിലും രീതിയിൽ ബന്ധമുണ്ടെന്ന് വന്നാൽ മതി. അപ്പോൾ തന്നെ അമേരിക്ക ബ്ലാക്ക് ലിസ്റ്റ് ചെയ്യും. യുഎസും യുകെയും നേരത്തെ പുടിന്റെ പെൺമക്കളായ മരിയ വൊറന്റ്സൊവ, കാതെറിന ടിഖൊനൊവ എന്നിവർക്കെതിരെ വിലക്കു പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോടികളുടെ സ്വത്തുവകൾ ഉണ്ടായിട്ടും, അവ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ് പുടിന് ഉണ്ടായത്.

കൊലയാളി സംഘം പിടിക്കപ്പെടുന്നു

സ്വന്തമായി കൊലയാളി സംഘമുള്ള നേതാവ് പുടിൻ. അതിന്റെ പേരാണ് ഗ്രൂ. റഷ്യൻ മിലിട്ടറി ഇന്റലിജൻസ് വിഭാഗമായ ഗ്രൂ ഏത് ക്രൂരകൃത്യവും സമർഥമായി നടപ്പാക്കാൻ പരിശീലനം സിദ്ധിച്ച വിഭാഗമാണ്. രാജ്യത്ത വഞ്ചിക്കുന്നവരെ പച്ചയ്ക്ക് കത്തിക്കുന്ന സംഭവങ്ങൾ കണ്ട് പരിശീലനം തുടങ്ങുന്ന ഇവർ ജീവൻപോലും പണയപ്പെടുത്തി ഓപ്പറേഷനുകൾ നടത്താൻ മടിയില്ലാത്ത വിഭാഗമാണ്. 1918ൽ വിപ്ലവത്തിനുശേഷം ലെനിൻ രൂപം കൊടുത്ത ഗ്രൂവിന് റഷ്യയുടെ മറ്റ് രഹസ്യാന്വേഷണ ഏജൻസികളെക്കാൾ വ്യത്യസ്തമായ ദൗത്യമായിരുന്നു നിർവഹിക്കാനുണ്ടായിരുന്നത്. സാധാരണ രഹസ്യാന്വേഷണങ്ങൾ കെ.ജി.ബി.നിർവഹിക്കുമ്പോൾ കടുപ്പമേറിയ ഓപ്പറേഷനുകൾക്കായിരുന്നു ഗ്രൂ നിയോഗിക്കപ്പെട്ടിരുന്നത്.

സോവിയറ്റ് യൂണിയൻ ഇല്ലാതായതോടെ കെ.ജി.ബി പ്രവർത്തനം അവസാനിപ്പിച്ചു. പിന്നീട് റഷ്യയിൽ എഫ്.എസ്.ബി. (ഫെഡറൽ സെക്യൂരിറ്റി സർവീസ്) നിലവിൽ വന്നു. കെ.ജി.ബി.യിൽ 16 വർഷത്തോളം പ്രവർത്തിച്ചയാളാണ് വ്‌ളാദിമിർ പുട്ടിൻ. എഫ്.എസ്.ബി. നിലവിൽവന്നപ്പോൾ അതിന്റെ തലവനുമായിരുന്നു. എന്നാൽ, സോവിയറ്റ് യൂണിയൻ തകർന്നെങ്കിലും ഗ്രൂ പിരിച്ചുവിട്ടിരുന്നില്ല. അതിതീവ്ര അന്വേഷണങ്ങൾക്കായി പുടിൻ ഈ സംഘടനയെ എഫ്.എസ്.ബിയുടെ ഭാഗമായി നിലനിർത്തുകയായിരുന്നു.രാജ്യത്തെ സർവകലാശാലകളിൽനിന്ന് മിടുക്കരായ വിദ്യാർത്ഥികളെയാണ് കെ.ജി.ബിയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതെങ്കിൽ, തെരുവിൽനിന്നും ചേരികളിൽനിന്നുമാണ് ഗ്രൂവിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത്. എന്തും ചെയ്യാൻ കെൽപുള്ള ക്രിമിനൽ സംഘമായാണ് ഇവരെ കണ്ടിരുന്നതും. വിദേശരാജ്യങ്ങളിലുള്ള എംബസികളിലും മറ്റും ചെന്ന് രഹസ്യമായി ആക്രമണങ്ങൾ നടത്തുന്നതിനുവേണ്ടിയാണ് ഗ്രൂവിനെ റഷ്യ ഉപയോഗിക്കുനനതെന്ന് ചരിത്രകാരനായ ജോൺ ബാരൺ പറയുന്നു.

എന്തിനും പോന്നവരായാണ് ഗ്രൂവിലെ അംഗങ്ങളെ പരിശീലിപ്പിക്കുന്നതെന്ന് ഗ്രൂവിൽനിന്ന് 1978-ൽ പിരിഞ്ഞ് ബ്രി്ട്ടനിൽ താമസമാക്കിയ വിക്ടർ സുവോരോവ് പറയുന്നു. ഇവർക്കുള്ള പരിശീലനം തുടങ്ങുന്നതുതന്നെ ഗ്രൂവിൽനിന്ന് വേർപെട്ട ഒരു ചാരനെ പച്ചയ്ക്ക് കത്തിക്കുന്ന ദൃശ്യം കാണിച്ചുകൊണ്ടാണ്. ഗ്രൂവിലെ അംഗങ്ങളെ മനക്കട്ടിയുള്ളവരാക്കുന്നതിനൊപ്പം അവർക്കുതന്നെയുള്ള താക്കീതായും ഈ ദൃശ്യം ഉപയോഗിക്കുന്നു.അന്താരാഷ്ട്ര തലത്തിൽ റഷ്യയെ പ്രതിസ്ഥാനത്തുനിർത്തിയ പല സംഭവങ്ങളിലും ഗ്രൂവിന്റെ പങ്ക് തെളിയിക്കപ്പെട്ടിട്ടുണ്ട്. 2016-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 12 ഗ്രൂ അംഗങ്ങൾ ഇടപെട്ടതായി യു.എസ് സ്‌പെഷ്യൽ കോൺസൽ റോബർട്ട് മ്യൂളർ കണ്ടെത്തിയിരുന്നു. 2014-ൽ യുക്രൈനിയൻ വിമാനം വെടിവെച്ചിട്ടതിനുപിന്നിലും ഗ്രൂവായിരുന്നു. 2016 ഒക്ടോബറിൽ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ തലേന്ന് മോണ്ടനെഗ്രോ സർക്കാരിനെ അട്ടിമറിച്ചതിനുപിന്നിലും ഗ്രൂവിന്റെ പങ്ക് തെളിഞ്ഞിരുന്നു.

ഈ ഗ്രൂവിലേക്ക് ജയിലിൽനിന്നുപോലും പുടിൻ റിക്രൂട്ട്മെന്റ് നടത്തിയിരുന്നു. കാരണം എത് ക്രൂരയും ചെയ്യാൻ കഴിയുന്ന ക്രിമിനലുകളെയാണ് ഇവർക്ക് വേണ്ടത്. അങ്ങനെയാണ് ഇവർ പുടിനെ എതിർക്കുന്നവരെയൊക്കെ കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് എറിഞ്ഞൊക്കെ കൊന്നുകൊണ്ടിരുന്നത്. പക്ഷേ അടുത്തകാലം വരെ ഈ സംഘത്തെക്കുറിച്ചുള്ള പ്രവർത്തനങ്ങൾ ദുരൂഹമായി നിലകൊണ്ടു. പക്ഷേ സിഐഎ അതും കണ്ടെത്തി. അവരുടെ പദ്ധതികൾ ചോർത്തിയെടുത്തു. അങ്ങനെയാണ് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌ക്കിയെ രക്ഷിക്കാൻ കഴിഞ്ഞത്. ഗ്രൂവിന് ഫണ്ട് നൽകുന്ന വിദേശ വ്യവസായികളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഫലത്തിൽ യുക്രൈൻ യുദ്ധത്തോടെ പുടിന്റെ സ്വകാര്യ കൊലയാളി സംഘവും മരവിപ്പിക്കപ്പെട്ടിരിക്കയാണ്.


ആണവായുധം ഉപയോഗിക്കമോ?

ചുരുക്കിപ്പറഞ്ഞാൽ യുകൈൻ്ര യുദ്ധംമൂലം പുടിൻ ആകെ പെട്ടിരിക്കയാണ്. സ്വന്തം സമ്പത്ത് നശിച്ചു, രാജ്യത്ത് ആകെ പട്ടിണിയും പരിവട്ടവും. റഷ്യൻ ആർമി വയസ്സന്മ്മാരുടെ സേനയാണെന്നും, തോറ്റോടിയ പടയാണെന്നുമുള്ള പരിഹാസങ്ങൾ വേറെയും. ഈ സാഹചര്യത്തിൽ ഈ ഏകാധിപതി അണവായുധം ഉപയോഗിക്കുമോ എന്നാണ് പേടി. കഴിഞ്ഞ ദിവസം പുടിൻ അങ്ങനെ ഒരു ഭീഷണി മുഴക്കുകയും ചെയ്തു.

പുടിൻ ആണവായുധ ഭീഷണി മുഴക്കിയതോടെ റഷ്യ ലോകരാജ്യങ്ങൾക്കിടയിൽ കൂടുതൽ ഒറ്റപ്പെടുകയാണ്. ഉടനടി യുദ്ധം നിർത്തണം എന്നാവശ്യപ്പെട്ട് ചൈന രംഗത്തെത്തി. റഷ്യയുടെ സുഹൃത്തുകൂടിയായ തുർക്കിയും റഷ്യക്കെതിരെ രംഗത്തെത്തി. പിടിച്ചെടുത്ത സ്ഥലങ്ങൾ എല്ലാം തിരികെ നൽകി യുദ്ധം അവസാനിപ്പിക്കണം എന്നാണ് തുർക്കി ആവശ്യപ്പെടുന്നത്.

ആണവായുധങ്ങൽ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് താൻ വിടുവായത്വം പറയുകയല്ല എന്നായിരുന്നുപുടിൻ പറഞ്ഞത്. ഈ ഭീഷണി തിരിച്ചറിഞ്ഞ് പ്രതികരിക്കുകയാണ് പാശ്ചാത്യലോകം. ആണവായുധ ഭീഷണി മുഴക്കിയതുകൊണ്ടൊന്നും യുക്രെയിൻ യുദ്ധം ജയിക്കാൻ റഷ്യക്കാവില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്സ് പറഞ്ഞു. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായുള്ള ചർച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അവർ.

കഴിഞ്ഞ ദിവസം ഇരു നേതാക്കളും തമ്മിൽ നടന്ന ചർച്ചയിലെ പ്രധാന വിഷയം യുക്രെയിൻ യുദ്ധം തന്നെയായിരുന്നു. ഈ അധിനിവേശം അനുവദിച്ചു കൊടുക്കാൻ പാശ്ചാത്യ ലോകം ഒരിക്കലും തയ്യാറാകില്ല എന്നും അവർ പറഞ്ഞു. തന്റെ സർവ്വനാശകാരിയായ പരാജയത്തെ ന്യായീകരിക്കാനാണ് പുടിൻ ശ്രമിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിലും അവർ പറഞ്ഞു. മനുഷ്യാവകാശങ്ങൾക്കോ സ്വാതന്ത്ര്യത്തിനോ വിലയില്ലാത്തിടത്ത് ജനാധിപത്യമെന്ന അവകാശവും മുഴക്കി പുടിൻ തന്റെ കുഴി സ്വയം തോണ്ടുകയാണെന്നും അവർ പറഞ്ഞു.

യുക്രെയിൻ പ്രതിരോധിക്കുന്നത് അവരുടെ രാജ്യത്തെ മാത്രമല്ലെന്നും, മനുഷ്യരാശി അമൂല്യമെന്ന് കരുതുന്ന ചില മൂല്യങ്ങളെ കൂടിയാണെന്നും പറഞ്ഞ ലിസ് ട്രസ്സ്, യുക്രെയിനും പാശ്ചാത്യ സഖ്യവും ഏത് ഭീഷണിയും നേരിടാൻ സജ്ജമാണെന്നും സൂചിപ്പിച്ചു. അതേസമയം, ആണവായുധം ഉപയോഗിക്കുമെന്ന പുടിന്റെ ഭീഷണിയെ തള്ളിപ്പറഞ്ഞ ജോ ബൈഡൻ, ഒരു ആണവായുധം ഒരിക്കലും ജയിക്കില്ല എന്നും ഓർമ്മിപ്പിച്ചു. ആവശ്യമില്ലാത്ത ഒരു യുദ്ധം വഴി റഷ്യ ഐക്യരാഷ്ട്ര സഭയുടെ കാതലായ ഒരു തത്വം ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നാറ്റോ തലവൻ ജെൻസ് സ്റ്റോളൻബർഗും പുടിന്റെ ഭീഷണിക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. അതേസമയം അടുത്തവർഷം 2.3 ബില്യൺ പൗണ്ടിന്റെ സൈനിക സഹായം യുക്രെയിന് നൽകുമെന്ന് ലിസ് ട്രസ്സ് പറഞ്ഞു. ഐക്യരഷ്ട്ര സഭയുടെ സുരരക്ഷാ കൗൺസിലിലെ ഒരു സ്ഥിരാംഗം തന്നെ ഐക്യരാഷ്ട്ര സഭയുടെ മൂല്യങ്ങൾക്കെതിരെ പ്രവർത്തിക്കുകയാണെന്നും അവർ ആരോപിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും അധികം ആണവായുധ ശേഖരം ഉള്ള രാജ്യമായിട്ടാണ് റഷ്യയെ കരുതിപ്പോരുന്നത്. 5,977 വാർഹെഡ്സ് അവരുടെ കൈവശം ഉണ്ടെന്നാണ് കണക്ക്. 12 ഡിപ്പോകളിലായി സൂക്ഷിച്ചിരിക്കുന്ന ഇവയിൽ 1500 ഓളം എണ്ണം ഏത് സമയത്തും പ്രയോഗിക്കുവാൻ സജ്ജവുമാണ്. യുക്രെയിൻ യുദ്ധത്തിനു മുൻപായി റഷ്യയുടേ ഹൈപ്പർസോണിക് മിസൈലുകളെ പ്രതിരോധിക്കാൻ അമേരിക്കയുടെ നക്ഷത്രയുദ്ധ മിസൈൽ സിസ്റ്റത്തിന് കഴിയുകയില്ല എന്ന് പുടിൻ അവകാശപ്പെട്ടിരുന്നു.

എന്നാൽ ഇതുവരെ നടത്തിയ പരീക്ഷണങ്ങൾ അടിസ്ഥാനമാക്കി നിരീക്ഷിച്ചാൽ, യുക്രെയിനിലേക്കോ തൊട്ടടുത്ത മറ്റു രാജ്യങ്ങളിലേക്കോ വിടാവുന്നത്ര ചെറിയ മിസൈലുകൾ മാത്രമാണ് റഷ്യയുടെ കൈവശം ഉള്ളത്. പക്ഷേ ഇവ ഉപയോഗിച്ച് തന്നെ, ചുറ്റുപാടുമുള്ള രാജ്യങ്ങളിൽ അതിഭീകരമായ നാശം വിതയ്ക്കാൻ റഷ്യക്ക് കഴിയും.

അടുത്തയിടെയായി സൈനിക ആയുധശേഖരത്തിൽ ചേർന്ന ഭൂണ്ഡാന്തര ബാസിസ്റ്റിക് മിസൈലുകൾ വിന്യസിച്ചിരിക്കുന്നത് സൈബീരിയൻ മേഖലയിലാണ്. ഇവയ്ക്ക് ലണ്ടനേയും വാഷിങ്ടണിനേയും ലക്ഷ്യം വച്ച് എത്താനാകും. എന്നാൽ, റഷ്യൻ ആണവായുധങ്ങൾ എത്രത്തോളം ആധുനികമാണ് എന്ന കാര്യത്തിൽ ഏറെ സംശയമുണ്ട്. അമേരിക്കയായാലും റഷ്യ ആയാലും ഒരു പതിറ്റാണ്ടു കാലമായി ആണവായുധ പരീക്ഷണം നടത്തിയിട്ടില്ല എന്നതാണ് വാസ്തവം.

പക്ഷേ ആണാവായുധം പുടിൻ പ്രയോഗിച്ചാൽ അമേരിക്കയടക്കം ഒരു ലോകരാഷ്ട്രത്തിനും പിന്നെ നോക്കിയിരിക്കാൻ ആവില്ല. അതോടെ മോസ്‌ക്കോയിലും അണുബോംബ് വീഴും. അത് ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് ആയിരിക്കും ഈ ലോകത്തെ കൊണ്ടുപോവുക. അതുകൊണ്ടുതന്നെ ആണാവായുധ സാധ്യത ഇപ്പോഴും വിദുരമാണ്. മറ്റൊന്ന് ഉള്ളത് റഷ്യയിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂർഛിച്ച് പുടിൻ വീഴാനുള്ള സാധ്യതയാണ്. പ്രതിഷേധം ശക്തം ആണെങ്കിലും മുൻകാലത്തൊക്കെ ഇത്തരം പ്രക്ഷോഭങ്ങളെ അതിജീവിച്ച ചരിത്രമാണ് പുടിന് ഉള്ളത്. ഇപ്പോൾ ജനം സഹികെട്ട് തെരുവിൽ ഇറങ്ങിയതിനാൽ എന്ത് സംഭവിക്കുമെന്ന് പറയാൻ ആവില്ല. എന്തായാലും പടിന്റെ ശൗര്യം പണ്ടേപ്പോലെ ഫലിക്കില്ല എന്ന് ഉറപ്പാണ്.

വാൽക്കഷ്ണം: ഈഗോയും അനാവശ്യമായ പ്രൈഡും, രാജ്യാഭിമാനവും ഒക്കെ സൈക്കോ ഏകാധിപതികളുടെ പൊതുസ്വഭാവമാണ്. സ്റ്റാലിന്റെയും മാവോയുടെയും ഈഗോ സംരക്ഷണത്തിനായി പതിനായിരിക്കണക്കിന് ജീവനുകളാണ് പൊലിഞ്ഞത്. ഇപ്പോൾ പുടിന്റെ ഈഗോക്കായും എത്രയോ ജീവൻ. ഇനി തങ്ങളെ അതിന് കിട്ടില്ല എന്നതാണ് റഷ്യയിലെ യുവാക്കൾ ഇപ്പോൾ ഉയർത്തുന്ന മുദ്രാവാക്യം. പുടിനറിയാതെ ഈച്ചപോലും അനങ്ങാത്ത രാജ്യത്തും മാറ്റത്തിന്റെ കാറ്റുവരുന്നതായി ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP