Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202229Thursday

തന്നെ പ്രധാനമന്ത്രിയാക്കിയ സിക്കന്തർ മർസയെ നാടുകടത്തി നിർധനനാക്കി കൊല്ലിച്ച പട്ടാളമേധാവി അയൂബ്ഖാൻ; തന്റെ ഗോഡ്ഫാദർ ഭൂട്ടോയെ തൂക്കിക്കൊന്ന സിയാവുൽ ഹഖ്; നവാസ് ഷെരീഫിനെ തടങ്കലിലാക്കിയ മുഷ്റഫ്; ഇന്ത്യൻ ആർമിയെ കണ്ടുപഠിക്കാൻ ഇപ്പോൾ പാക്കിസ്ഥാനിലും മുറവിളി; പാലൂട്ടിയ കൈക്ക് കൊത്തുന്ന പാക് സൈന്യത്തിന്റെ കഥ!

തന്നെ പ്രധാനമന്ത്രിയാക്കിയ സിക്കന്തർ മർസയെ നാടുകടത്തി നിർധനനാക്കി കൊല്ലിച്ച പട്ടാളമേധാവി അയൂബ്ഖാൻ; തന്റെ ഗോഡ്ഫാദർ ഭൂട്ടോയെ തൂക്കിക്കൊന്ന സിയാവുൽ ഹഖ്; നവാസ് ഷെരീഫിനെ തടങ്കലിലാക്കിയ മുഷ്റഫ്; ഇന്ത്യൻ ആർമിയെ കണ്ടുപഠിക്കാൻ ഇപ്പോൾ പാക്കിസ്ഥാനിലും മുറവിളി; പാലൂട്ടിയ കൈക്ക് കൊത്തുന്ന പാക് സൈന്യത്തിന്റെ കഥ!

എം റിജു

''ഇന്ത്യൻ സൈന്യത്തെ കണ്ടുപഠിക്കൂ'- കടുത്ത ഇന്ത്യാവിരുദ്ധത നിലനിൽക്കുന്ന പാക്കിസ്ഥാനിൽ ഈയിടെ ഏറ്റവും കൂടുതൽ തവണ ആവർത്തിക്കപ്പെട്ട വാക്കാണ് അത്. പുറത്താക്കലിന്റെ വക്കിലെത്തി നിൽക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ, ജനലക്ഷങ്ങൾ പങ്കെടുക്കുന്ന റാലികളിൽവെച്ച് പരസ്യമായി ഇക്കാര്യം പറയുന്നു. '' ഇന്ത്യൻ സൈന്യത്തെ നോക്കൂ, അവർ ജനാധിപത്യത്തിന് കീഴിൽ അടങ്ങി ഒതുങ്ങി കഴിയുകയാണ്. ഒരിക്കലും ഇന്ത്യൻ സൈന്യം അധികാരത്തിനായി മത്സരിച്ചിട്ടില്ല. എന്നാൽ ഇവിടെ എന്താണ് സ്ഥിതി. സ്വാതന്ത്ര്യം കിട്ടി, 75 വർഷം പിന്നിട്ടപ്പോൾ ഇന്ത്യ നമ്മേക്കാൾ എത്ര മുന്നേറി. അതിന്റെ പ്രധാനകാരണം അവിടെ ജനാധിപത്യം ഉണ്ടെന്നാണ്. എന്നാൽ അഴിമതിക്കാരായ രാഷ്ട്രീയക്കാരും, പട്ടാളവും പാക്കിസ്ഥാനിൽ ഭരിക്കാൻ അനുവദിക്കുന്നില്ല. എന്തിന് ബംഗ്ലാദേശ് പോലും ഇന്ന് പാക്കിസ്ഥാനേക്കാൾ സാമ്പത്തികമായി മുന്നേറിക്കഴിഞ്ഞു''- സാക്ഷാൽ ഇമ്രാൻഖാൻ ഇസ്ലാമബാദിലെ പൊതുയോഗത്തിൽ പറഞ്ഞ വാക്കുകൾ ആണിത്.

ഇത് ഇമ്രാൻ പെട്ടന്ന് ഉണ്ടായ ഒരു വെളിപാടല്ല. പാക് സൈനിക മേധാവിയുമായ ഉടക്കിപ്പിരിഞ്ഞതിനുശേഷം, കഴിഞ്ഞ കുറച്ചുകാലമായി അദ്ദേഹം ഇത് ആവർത്തിച്ച് കൊണ്ടിരിക്കയാണ്. അപ്പറഞ്ഞതിൽ ഏറെ കാര്യമുണ്ടുതാനും. പാക്കിസ്ഥാനിൽ ഇപ്പോഴും ജനാധിപത്യം പിച്ചവെക്കുന്ന അവസ്ഥയിൽ തന്നെയാണ്. സൈന്യം തന്നെയാണ് അവിടുത്തെ ഏറ്റവും വലിയ അധികാരകേന്ദ്രം. സ്വാതന്ത്ര്യത്തിനശേഷം മൂന്ന് ഘട്ടങ്ങളിലായി മൂന്ന് ദശാബ്ദത്തിലേറെക്കാലം, ജിന്നയുടെ വിശുദ്ധ നാട് സൈനിക ഭരണത്തിൽ കീഴിലായിരുന്നു.

ഇപ്പോഴും സൈന്യം തന്നെയാണ് ആര് അധികാരത്തിൽ വരണമെന്ന് ആര് പുറത്തു പോവണം എന്നും തീരുമാനിക്കുന്നത്. അതിന്റെ ഏറ്റവും നല്ല ഉദാഹരണം ഇമ്രാൻഖാൻ തന്നെയാണ്. തങ്ങളുമായി നിരന്തരം ഏറ്റമുട്ടിയിരുന്നു ഭൂട്ടോ- ഷെരീഷ് കുടുംബത്തെ മാറ്റിനിർത്താൻ, സൈന്യത്തിന്റെ പിന്തുണയോടെയാണ് ഇമ്രാൻ അധികാരത്തിൽ എത്തുന്നത്. പാക് ആർമിയോട് ഉടക്കിയതോടെ, യോർക്കർ വിദഗ്ധനായ ഈ മുൻക്രിക്കറ്റ് ക്യാപറ്റന്റെ വിക്കറ്റ് തെറിക്കുകയും ചെയ്യുന്നു.

ഇന്ത്യൻ സൈന്യത്തെപോലെ, ജനാധിപത്യത്തിന് മുന്നിൽ സല്യൂട്ട് ചെയ്യാനല്ല, തങ്ങളെ പാലൂട്ടി വളർത്തിയ ഭരണാധികാരികളെ തിരിഞ്ഞുകൊത്തി അധികാരം പിടിക്കാനാണ് പാക്ക് സൈന്യം എപ്പോഴും തക്കം പാർത്തിരുന്നത്.

റാവൽപിണ്ടിയെന്ന ബദൽ അധികാര കേന്ദ്രം

ഇന്ത്യയും പാക്കിസ്ഥാനും ഒരേസമയത്ത് ഉണ്ടായ രണ്ടു രാഷ്ട്രങ്ങളാണ്. എന്നാൽ ഇന്ത്യയിൽ സൈന്യം രാഷ്ട്രീയത്തിൽ ഇടപെടുന്നില്ല. പാക്കിസ്ഥാനിൽ പക്ഷേ സൈന്യമാണ് എല്ലാം. എങ്ങനെയാണ് ഈ വൈരുധ്യം വന്നത് എന്നത് പരിശോധിക്കുന്നതും കൗതുകരമാണ്.

ഭരണതലസ്ഥാനം ഇസ്ലാമബാദ് ആണെങ്കിലും അധികാരത്തിലേക്കുള്ള കറുക്കുവഴി എപ്പോഴും പാക്കിസ്ഥാനെ സൈനിക തലസ്ഥാനമായ റാവൽപിണ്ടിയിലുടെയാണ്. പാക്കിസ്ഥാനിൽ ഒരു പഴഞ്ചൊല്ലുപോലെ ആയിപ്പോയ കാര്യമാണിത്. ഇന്ത്യവിഭജിച്ചുണ്ടായ ആ നാടിന്റെ ചരിത്രം പരിശോധിക്കുമ്പോൾ രണ്ടുകാര്യങ്ങളാണ് അധികാര രാഷ്ട്രീയത്തിൽ നിർണ്ണായകമായി വരുന്നത്. ഒന്ന് മതം. രണ്ട് സൈന്യം. മതത്തെ തങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് തരാതരം ഉപയോഗിക്കാൻ അറിയുന്നവരാണ് പാക് ഭരണാധികാരികൾ ഏറെയും.

ഇപ്പോൾ ഏതാണ്ട് മതേതര മുഖമാവുമെന്ന് പ്രതീക്ഷിച്ച ഇമ്രാൻഖാൻ പോലും, തന്റെ പ്രംസഗങ്ങളിൽ ഖുറാനും ഹദീസും പ്രവാചകനും അള്ളയും എല്ലാം കുത്തി നിറക്കയാണ്. അതുപോലെ പാക് രാഷ്ട്രപിതാവായ മുഹമ്മദലി ജിന്നയടെ പേരുപറഞ്ഞുമുണ്ട് വൈകാരിക ഉദ്ദീപനം. പ്രവാചകൻ നേരിട്ടപോലുള്ള പരീക്ഷണങ്ങളാണ് താൻ നേരിടുന്നതെന്ന് ഇമ്രാനും ആർത്തിക്കുന്നു. ( ഇത് മുസ്ലിം ഭരണാധികാരികളുടെ മൊത്തത്തിൽ ഉള്ള പ്രശ്നം ആണെന്ന് തോനുന്നു. റജീനകേസ് ഉണ്ടായപ്പോൾ നമ്മുടെ പികെ കുഞ്ഞാലിക്കുട്ടി സാഹിബും സമാനമായ ഒരു നമ്പർ പുറത്തെടുത്തിരുന്നു!)

ഇന്ത്യ സ്വതന്ത്രമാവുമ്പോൾ, പാക്കിസ്ഥാന് താരതമ്യേന കുറച്ച് സ്ഥലവും ജനസംഖ്യയുമാണ് ഉണ്ടായിരുന്നത്. അവിഭക്ത ഇന്ത്യയുടെ 17 ശതമാനും റവന്യൂവും, 19 ശതമാനം ജനസംഖ്യയുമുള്ള രാജ്യമായിരുന്നു, മതത്തിന്റെപേരിൽ ജിന്ന കണ്ണുരുട്ടി വാങ്ങിയ ആ രാഷ്ട്രം. പക്ഷേ അവർക്ക് ്എല്ലാ ശതമാന കണക്കിനേക്കാളും കൂടുതൽ വരുന്ന മറ്റൊരു സാധനം കിട്ടി. അതാണ് 33 ശതമാനം വരുന്ന ആർമി. അവിഭക്ത ഇന്ത്യയുടെ സൈന്യത്തിന്റെ 33 ശതമാനം പോയത് പാക്കിസ്ഥാനിലേക്കാണ്. ഇത് ഒരു ചെറിയ രാജ്യത്തെ സംബന്ധിച്ച് വലിയൊരു സംഖ്യയാണ്. അതാണ് പ്രശ്നമായതും.

അക്കാലത്ത് ബ്രിട്ടീഷുകാർക്ക് കീഴിലുള്ള ഇന്ത്യൻ ആർമിയിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ തുല്യമായ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കായിരുന്നു സൈന്യത്തിൽ ആധിപത്യം. 'ദക്ഷിണേന്ത്യക്കാർ, ഭക്ഷണം കഴിക്കുകയും ഉത്തര ഇന്ത്യക്കാർ യുദ്ധം ചെയ്യുകയും ആയിരുന്നു അന്നത്തെ രീതിയെന്നായിരുന്നു', ആദ്യ പാക് പ്രധാനമന്ത്രി ലിയാഖത്ത് അലിഖാൻ ഇതേക്കുറിച്ച് തമാശ പറഞ്ഞത്. പാക്കിസ്ഥാനിലെ റാവൽപിണ്ടി റെജിമെന്റ് ആയിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി.

ദക്ഷിണ-മധ്യ ഇന്ത്യക്കാർ അക്കാലത്ത് സൈന്യത്തിൽ സജീവം ആകാത്തതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അവിടെ വാർ ട്രൈബ്സ് എന്ന് വിളിക്കുന്ന യുദ്ധ ഗോത്രങ്ങൾ അത്രയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പത്താൻകാരെയും, ഖുർഖകളയെുംപോലുള്ളവർ ചെറുപ്പത്തിലെ ആയുധ- കായിക പരിശീലനം കിട്ടുന്ന, യുദ്ധാഭിമുഖ്യമുള്ള യുദ്ധ ഗോത്ര ജനതയാണ്. ഇവരുടെ ചോരത്തിളപ്പും ചെറുപ്പത്തിന്റെ കട്ടക്കലിപ്പും, സൈന്യത്തിൽ എടുത്തുകൊണ്ട് ബ്രിട്ടീഷുകാർ മുതലാക്കി. ഇതോടൊപ്പം മറ്റൊന്നു കൂടിയുണ്ട്. ഇങ്ങനെ സൈന്യത്തിൽ എടുത്ത് ഏകോപിപ്പിച്ചില്ലെങ്കിൽ ഈ ഗോത്രങ്ങൾ തമ്മിൽ ഇടക്കിടെ യുദ്ധം പൊട്ടും. മാത്രമല്ല അവർ ബ്രിട്ടീഷുകാർക്ക് എതിരെ തിരിയാനും സാധ്യതയുണ്ട്.

അങ്ങനെയാണ് ഒരോ ഗോത്രത്തിന്റെയും വംശീയ തനിമകൾ അംഗീകരിച്ചുകൊണ്ടുള്ള റെജിമെന്റുകൾ സേനയിൽ ഉണ്ടാകുന്നത്. പത്താൻ, ആസാം, ഖുർഖ, സിഖ് തുടങ്ങിയവ. അവർക്ക് അവരുടേതായ രണഗീതവും, പൂജയും ഒക്കെ അനുവദിച്ചിട്ടുമുണ്ട്. അങ്ങനെ നോക്കുമ്പോൾ ഇന്ന് പാക്കിസ്ഥാനിലെ പഞ്ചാബിൽ നിന്നുള്ളവർ ആയിരുന്നു ഇന്ത്യൻ സേനയുടെ വലിയൊരു വിഭാഗവും. അങ്ങനെയാണ് ഇന്ത്യൻ സേനയെ വിഭജിച്ചപ്പോൾ അതിന്റെ 33 ശതമാനം പാക്കിസ്ഥാന് പോകുന്നത്.

പാക്കിസ്ഥാനിലെ സ്വതന്ത്ര മാധ്യമ പ്രവർത്തകൻ ആസിഫ് ഫാറൂഖിയുടെ വാക്കുകൾ എടുത്താൽ 'തലക്ക് മാത്രം അസാധാരണ വലിപ്പമുള്ള' കുഞ്ഞിനെപ്പോലെ ആയിരുന്നു, ആർമിയുടെ ഘടനവെച്ച് പാക്കിസ്ഥാൻ. മറ്റെല്ലാം താരതമ്യേന ചെറുതും സൈന്യം മാത്രം വലുതും. അതുകൊണ്ടുതന്നെ സൈന്യം അവിടെ നിർണ്ണായക ശക്തിയായി. ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യത്ത് സൈന്യത്തിന്റെ അംഗബലം ആനുപാതികമായി തന്നെ ആയിരുന്നു.

ഭൂതത്തെ തുറന്നുവിട്ട സിക്കന്തർ മിർസ

പാക്കിസ്ഥാന്റെ ചരിത്രം പരിശോധിച്ചാൽ ഇതുവരെ ഒരു പ്രധാനമന്ത്രിക്കും കാലാവധി പുർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. നല്ല മരണം പാക്കിസ്ഥാന പ്രധാനമന്ത്രിമാർക്ക് കിട്ടാറില്ല എന്നാണ് അവിടുത്തെ പ്രമുഖ പത്രമായ ഡോണിലെ ഒരു ലേഖനം പറയുന്നത്.
ആർമിയെ ചലഞ്ച് ചെയ്ത ഒരാളും പാക്കിസ്ഥാനിൽ വാണിട്ടില്ല. ഡെമോക്രസിക്കുപകരം പ്ലൂട്ടോക്രസി അഥവാ അടിമകളേപ്പോലെ വോട്ട് ചെയ്യുക എന്നതാണ് പലപ്പോഴും പാക്കിസ്ഥാനിൽ നടക്കാറുള്ളത്.

58മുതൽ 71വരെയും, 79- 88വരെയും, 98-2008 വരെയുമുള്ള 34വർഷത്തോളം ആർമിയാണ് രാജ്യം ഭരിച്ചിരുന്നത്. ഏറ്റവും വിചിത്രം നിലവിലുണ്ടായിരുന്നു ഭരണാധികാരികൾ തെരഞ്ഞെടുത്ത ആർമി ചീഫുമാരാണ് അവർക്ക് പണികൊടുത്തത് എന്നതാണ്. ജനാധിപത്യ രീതിയിൽ ഭരണഘടനയെ ബഹുമാനിച്ചുകൊണ്ടുതന്നെയായിരുന്നു ആദ്യകാലത്ത് പാക് ആർമിയുടെ പ്രവർത്തനം. അവരെ കളിപഠിപ്പിച്ച് കൊടുത്തത് ആവട്ടെ പാക്കിസ്ഥാനിൽ ഇന്നും വെറുക്കപ്പെട്ടവനായി കണക്കാക്കപ്പെടുന്ന, സിക്കന്തർ മിർസ
എന്ന പ്രസിഡന്റാണ്.

1956ലാണ് മിർസ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഭരണം തുടങ്ങി രണ്ടുവർഷത്തിനകം കാര്യങ്ങൾ മാറിമറിയാൻ തുടങ്ങി. പ്രതിപക്ഷ ബഹളവും, ഗോത്രയുദ്ധങ്ങളും, സാമ്പത്തിക പ്രതിസന്ധിയുമായി ആകെ പ്രശ്നങ്ങൾ. ഇതിൽ നിന്ന് തടിയൂരാനായി സിക്കന്തർ മിർസ കണ്ടെത്തിയ പോംവഴിയാണ് ഭരണഘടന സസ്പെൻഡ് ചെയ്ത്, സൈനിക നിയമം കൊണ്ടുവരികയെന്നത്. അതോടൊപ്പം അന്നത്തെസൈനിക മേധവിയും തന്റെ അതിവിശ്വസ്തനുമായ അയൂബ് ഖാനെ പ്രധാനമന്ത്രിയാക്കി മിർസ നിയമിച്ചു. ആ മന്ത്രിസഭയിൽ സുൾഫിക്കർ അലി ഭൂട്ടോയും അംഗമായി. പക്ഷേ അധികാരം കിട്ടി 20 ദിവസം കഴിഞ്ഞതോടെ അട്ടിമറിയും നടന്നു. തന്നെ ഒരു ഡമ്മി പ്രധാനമന്ത്രിയായിവെച്ച് കാര്യം കഴിഞ്ഞാൽ കറിവേപ്പിലപോലെ കളയാനാണ് മിർസയുടെ പദ്ധതിയെന്ന് അയൂബ്ഖാന് തോന്നി.

ഇതോടെ അയാൾ കളി മാറ്റി. സൈന്യം മിർസയെ തടവിലാക്കി. നാടുവിട്ടപോവുക അല്ലെങ്കിൽ വിചാരണ നേരിടുക എന്ന ഓപ്ഷനാണ് അവർ മിർസയ്ക്ക് മുന്നിൽവെച്ചത്. ഗത്യന്തരമില്ലാത്ത മിർസ നാടുവിട്ട് ബ്രിട്ടനിലേക്ക് പോയി. പത്തുരൂപ കൈയിലില്ലായെ നിർധനനായാണ് അദ്ദേഹം മരിക്കുന്നത്. മതിയായ ചികിത്സപോലും കിട്ടിയില്ല. പണമില്ലാത്തതിനാൽ താൻ മരിച്ചുപോവുമെന്നും സഹായിക്കണമെന്നും അദ്ദേഹം അവസാനം തന്നെ വന്നുകണ്ടുവരോട് പറഞ്ഞിരുന്നു. അവസാന നിമിഷവും പാക്കിസ്ഥാനിലേക്ക് തിരിച്ചുവരാൻ ഇദ്ദേഹം ശ്രമിച്ചു. പക്ഷേ നടന്നില്ല. മരിച്ചിട്ടും മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ല. ഇറാനിലാണ് സംസ്‌ക്കാരം നടത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ ഉൾപ്പെടെ വെറു മൂന്നേ മൂന്ന് പാക്കിസ്ഥാനികളാണ് സംസ്‌ക്കാര ചടങ്ങുകളിൽ പങ്കെടുത്തത്.

പക്ഷേ പാക്കിസ്ഥാനിൽ പട്ടാളത്തിന്റെ അപ്രമാദിത്വം ഉറപ്പിച്ചത് മിർസ നടത്തിയ അബദ്ധം തന്നെയായിരുന്നു. ഭരണഘടന സസ്പെൻഡ് ചെയ്യുമ്പോൾ മിർസ കരുതിയില്ല അതോടെ തന്റെ അധികാരങ്ങളും റദ്ദാവുകയായിരുന്നെന്ന്.

സിയാവുൽ ഹഖ് എന്ന ഔറംഗസീബ്

പാലുകൊടുത്തകൈക്കുതന്നെ കൊത്തിയാണ് പാക്കിസ്ഥാനിൽ അടുത്ത പട്ടാള ഭരണവം വരുന്നത്. അത് സുൽഫിക്കർ ആലി ഭൂട്ടോ എന്ന പാക് രാഷ്ട്രീയത്തിലെ കരുത്തനായ നേതാവ് ഉണ്ടാക്കിവെച്ച വിനയായിരുന്നു. തനി ഇന്ത്യാവിരുദ്ധൻ കൂടിയായ ഭൂട്ടോ, ഇന്ത്യയുമായി ആയിരം വർഷംവരെ യുദ്ധം ചെയ്യുമെന്നൊക്കെ വാചകമടിച്ച് തലക്കെട്ടുകൾ സൃഷ്ടിച്ച നേതാവ് കൂടിയാണ്. 65ൽ പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചതിന് പിന്നിലും അന്നത്തെ വിദേശകാര്യമന്ത്രിയായ ഭൂട്ടോക്കുള്ള പങ്ക് വിസ്മരിക്കാൻ കഴിയില്ല. പക്ഷേ പാക്കിസ്ഥാൻ തോറ്റുതൊപ്പിയിട്ടു. പക്ഷേ ഭൂട്ടോയും കൂട്ടരും അവിടെ പ്രചാരണം കൊടുത്തത് തങ്ങൾ ജയിച്ചെന്നാണ്. ഇന്നും പാക്കിസ്ഥാൻ ആർമി 65ലെ യുദ്ധം വിജയം ആഘോഷിക്കുന്നുണ്ട്!

1956നുശേഷം പാക്കിസ്ഥാനിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത് 73ലാണ്. അപ്പോഴേക്കും ഇന്ത്യയിൽ എത്ര തെരഞ്ഞെടുപ്പ് കഴിഞ്ഞുവെന്ന് നോക്കണം. അയൂബ് ഖാൻ തന്റെ അടുത്ത പട്ടാള മേധാവി യഹിയഖാന് അധികാരം കൈമാറി. യഹിയ ഇലക്ഷൻ നടത്താമെന്നൊക്കെ പറഞ്ഞ് 73വരെ നീട്ടിക്കൊണ്ടുപോയി. ആ തെരഞ്ഞെടുപ്പിൽ സുൾഫിക്കൻ ആലി ഭൂട്ടോ ജയിക്കുന്നു. എന്നാൽ അധികാരം നിലനിർത്തകു പ്രശ്നമായി. വംശീയ വിദ്വേഷം ഗോത്രയുദ്ധവുമെല്ലാമായി ആകെ പ്രശ്നം. പാർട്ടിക്കാർ തമ്മിൽ അടി. സുന്നി- ഷിയ അടി.... അങ്ങനെ പോകുന്നു. ഇതിനിടയിലാണ് ഭൂട്ടോ, അടിയന്തരവസ്ഥ പ്രഖ്യാപിക്കുന്നത്.

ഈ സമയത്തൊക്കെ ഭൂട്ടോയുടെ വിശ്വസ്ഥൻ ആയിരുന്നു പട്ടാള മേധാവി സിയാവുൾ ഹഖ്. ഹഖിനേക്കാൾ സീനിയർ ആയ മൂന്നുപേരെ തഴഞ്ഞാണ് ഭൂട്ടോ അയാളെ സൈനിക മേധാവി സ്ഥാനത്തേക്ക് കൈപിടിച്ച് ഉയർത്തിയത്. 'ഞാൻ പറഞ്ഞാൽ സിയാവുൽ ഹഖ് എന്തു ചെയ്യുമെന്ന്' ഒരിക്കൽ ഭൂട്ടോ പറഞ്ഞിരുന്നു. എന്നാൽ തന്റെ മുൻഗാമിയെപ്പോലെ തന്നെ പാലുകൊടുത്ത കൈക്ക് കൊത്താൻ അദ്ദേഹവും മടിച്ചില്ല. ഭൂട്ടോയെ വീട്ടു തടങ്കലിലാക്കി സിയാവുൽ ഹഖ് അധികാരം പിടിച്ചു. അവിടെ തീർന്നില്ല തന്റെ ഗോഡ്ഫാദർ ആയിരുന്ന ഭൂട്ടോയെ വിവിധ കാരണങ്ങൾ പറഞ്ഞ് സിയാവുൽ ഹഖ് തൂക്കിക്കൊന്നു. 79ൽ ആയിരുന്നു അത്. രാജ്യാന്തര സമ്മർദം ഉണ്ടായിട്ടും ഹഖ് വഴങ്ങിയില്ല. 'ജസ്റ്റിസ് വിൽബി ഡൺ' എന്ന മാത്രമാണ് അദ്ദേഹം പറഞ്ഞത്.

ക്രൂരനും കടുത്ത മത തീവ്രാവാദിയും ആയിരുന്നു സിയാവുൽ ഹഖ്. പാക്കിസ്ഥാനിലെ ഔറംഗസീബ് എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടത്. പാക്കിസ്ഥാനിലെ അവശേഷിക്കുന്ന മതേതരത്വം കൂടി വെട്ടിക്കകളഞ്ഞ് പൂർണ്ണമായും ഇസ്ലാമിക രാജ്യമാക്കിയത് 'പുഞ്ചിരിക്കുന്ന വില്ലൻ' എന്ന വിശേഷപ്പിക്കപ്പെടുന്ന ഹഖിന്റെ കാലത്താണ്. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും, ക്രിസ്ത്യാനികളും, ഷിയാക്കളും, അഹമ്മദീയാക്കളും ഇക്കാലത്ത് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അഹമ്മദീയാക്കാൾ മുസ്ലീങ്ങൾ അല്ല എന്ന പ്രഖ്യാപനം ഹഖ് നടത്തി. പാക്കിസ്ഥാന് ആദ്യമായി നോബൽ സമ്മാനം നേടിക്കൊടുത്ത, അബു സലാം എന്ന വിശ്രുതനായ ശാസ്ത്രജ്ഞന്റെ ഖബറിടത്തിലെ പലകപോലും അക്കാലത്ത് മാറ്റപ്പെട്ടു. ആദ്യത്തെ മുസ്ലിം നോബൽ സമ്മാന ജേതാവ് എന്ന ഫലകത്തിലെ വാക്യത്തിലെ മുസ്ലിം എന്നത് മായ്ച്ച് കളഞ്ഞു. കാരണം അദ്ദേഹം ഒരു അഹമ്മദീയ മുസ്ലം ആയിരുന്നു എന്നതുതന്നെ.

ഇതെല്ലാം ചെയ്യിച്ചിട്ട് ഒന്നുമറിയാത്ത പോലെയാണ് ഹഖ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുക. ശാന്തമായും സൗമ്യമായും സംസാരിച്ച് ക്രൂരമായ കാര്യങ്ങൾ ചെയ്യുക എന്നതായിരുന്നു സിയാവുൽ ഹഖിന്റെ രീതി. ഒടുവിൽ ഒരു വിമാന അപകടത്തിൽ പെട്ട് അദ്ദേഹം കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ, പാക്കിസ്ഥാൻ ഇന്ന് സ്യൂട്ടും കോട്ടുമിട്ട് നടക്കുന്ന താലിബാനികളുടെ നാട് ആവുമായിരുന്നു.

ഷെരീഫിനെ പുറത്താക്കിയ മുഷ്റഫ്

സിയാവുൾ ഹഖിനുശേഷമുള്ള പാക്കിസ്ഥാന്റെ രാഷ്ട്രീയം നിയന്ത്രിച്ചത് ഭൂട്ടോയുടെ മകൾ ബേനസീറും നവാസ് ഷെരീഫുമായിരുന്നു. ഈ രണ്ടുപേരും സൈനിക മേധാവിത്വത്തിനെതിരെ നിരന്തരം പോരടിച്ചവർ ആയിരുന്നു. അതുകൊണ്ടുതന്നെയാണ് രണ്ടുപേരെയും കെട്ടുകെട്ടിക്കാൻ സൈന്യം ഇമ്രാന് കൈ കൊടുത്തത്.

അഴിമതിയുടെ കൂത്തരങ്ങ് ആയിരുന്നെങ്കിലും നവാസ് ഷെരീഫിന്റെ ഭരണകാലത്ത് ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളുമായുള്ള ബന്ധം മെച്ചെപ്പെട്ടിരുന്നു. പക്ഷേ മറ്റുള്ളവർക്ക് പറ്റിയ ഒരു അബദ്ധം അദ്ദേഹത്തിനും പറ്റി. അതായത് സൈനിക മേധാവി പർവേശ് മുഷറഫിനെ അമിതമായി വിശ്വസിച്ചു. മുഷറഫിന്റെ ഗോഡ് ഫാദർ കൂടിയായിരുന്നു ഷെരീഫ്. ജഹാംഗീർ കരമാത്ത് എന്ന പട്ടാള മേധാവിയെ നിർബന്ധിതമായി വിരമിപ്പിച്ചാണ്, മുഷറഫിനെ ഷെരീഫ് കയറ്റുന്നത്. പക്ഷേ അധികാരം കിട്ടിയപ്പോൾ മുഷറഫ് പണിയാൻ തുടങ്ങി. മുഷറഫിന്റെ നോട്ടം പാക്കിസ്ഥാന്റെ സമ്പൂർണ്ണ ആധിപത്യത്തിലാണെന്ന് വൈകിയാണ് ഷെരീഫ് മനസ്സിലാക്കിയത്. അങ്ങനെ ശ്രീലങ്കയിലേക്ക് മുഷറഫ് ഒരു ഔദ്യോഗികകാര്യത്തിന് പോയപ്പോൾ ഷെരീഫ് പണിഞ്ഞു. മുഷറഫിനെ സ്ഥാനഭ്രഷ്ടനാക്കി. അദ്ദേഹത്തിന്റെയും കൊണ്ടുള്ള വിമാനത്തെ പാക്കിസ്ഥാനിൽ ഇറങ്ങാൻ അനുവദിച്ചില്ല. കാരണം മുഷറഫ് ഇപ്പോൾ രാജ്യത്തിന്റെ ശത്രവും കുറ്റവാളിയും ആണെന്നാണ് ഷെരീഫിന്റെ നിലപാട്.

പക്ഷേ നവാസ് ഷെരീഫ് ഒരിക്കലും വിചാരിക്കാത്ത സംഭവമാണ് പിന്നീട് ഉണ്ടായത്. മുഷറഫ് ശ്രീലങ്കയിൽ ഇരുന്ന് നിർദ്ദേശം നൽകിയതോടെ പട്ടാള ടാങ്കുകൾ ഷെരീഫിന്റെ വസതിയിൽ എത്തി. അയാൾ സൈന്യത്തിന്റെ വീട്ടുതടങ്കലിൽ ആയി. വീണ്ടും പട്ടാളം അധികാരം പിടിച്ചു. ( നരേന്ദ്ര മോദിയുടെ വസതിയിലേക്ക് ഇന്ത്യൻ പട്ടാളടാങ്കുകൾ നീങ്ങുന്ന കാലം നമുക്ക് സങ്കൽപ്പിക്കാൻ കഴിയുമോ. അതാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസവും! )

മുഷ്റഫ് പാക്കിസ്ഥാന്റെ പ്രസിഡന്റായി. തുടർന്ന് അങ്ങോട്ട് ഷെരീഫിന്റെ കഷ്ടകാലമായിരുന്നു. സഹതാപ തരംഗം പേടിച്ച് അയാൾ ഷെരീഫിനെ കൊന്നില്ല എന്നെയുള്ളൂ. എല്ലാ അഴിമതിക്കേസുകളും കുത്തിപ്പൊക്കി. ഷെരീഫിനും കൂടുംബത്തിനും കേസിൽനിന്ന് ഊരാൻ പറ്റാത്ത അവസ്ഥയുണ്ടാക്കി. അതിനുപിന്നാലെ പനാമ പേപ്പേഴസ് എന്ന അഴിമതി റിപ്പോർട്ട് പുറത്തായത്. അതിലും ഷെരീഫ് കുടുംബം പുറത്തായി. അതോടെ ഷെരീഫ് രാഷ്ട്രീയത്തിൽനിന്ന് പറുത്തായപോലെയായി. ഇപ്പോൾ നവാസ് ഷെരീഫിന്റെ മകനും, സഹോദരനുമാണ് പാക്കിസ്ഥാൻ മുസ്ലിം ലീഗിനെ നയിക്കുന്നത്.

ഇമ്രാൻഖാന് സംഭവിച്ചത്

പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ അധികാരത്തിലേറിയത് വളരെയേറെ പ്രതീക്ഷകളോടെയാണ്. അദ്ദേഹത്തിന് വലിയ മാറ്റം കൊണ്ടുവരാനാകുമെന്ന പ്രതീക്ഷ പാക്കിസ്ഥാൻ ജനതയ്ക്ക് ഉണ്ടായിരുന്നു. പരമ്പരാഗത രാഷ്ട്രീയപാർട്ടികളുടെയും നേതാക്കളുടെയും അഴിമതിയായിരുന്നു അതിനു കാരണം. മറ്റൊന്ന് കുടുംബാധിപത്യം. അത് പാക്കിസ്ഥാന്റെ അടിത്തറ തകർത്തിരുന്നു. അതിനിടെയാണ് തെഹ്രികെ ഇൻസാഫ് എന്ന രാഷ്ട്രീയ പാർട്ടിയുടെ ഉദയം. നവാസിനെയും ഭൂട്ടോയെയും തകർക്കാൻ സൈന്യം ആസൂത്രണം ചെയ്ത പാർട്ടിയായിരുന്നു ഇത്. ഇമ്രാൻ ഖാൻ ഇലക്റ്റഡ് പ്രൈമം മിനിസ്റ്റർ അല്ല സെലക്റ്റഡ് പ്രൈമം മിനിസ്റ്റർ ആണെന്നായിരുന്നു ഒരു സൈനിക ഉദ്യോഗ്ഥൻ ഒരിക്കൽ പ്രതികരിച്ചത്.

അതുപോലെ തന്നെ പഞ്ചാബ് എന്ന സംസ്ഥാനവും പാക്കിസ്ഥാന് നിർണ്ണായകമാണ്. ഇന്നും പാക്കിസ്ഥാനിലെ സൈനിക ഓഫീസർമാരിൽ 50 ശതമാനവം പഞ്ചാബിൽ നിന്ന് ഉള്ളവർ ആണ്. ഇന്ത്യയിൽ യുപി പോലെയാണ് പഞ്ചാബ്. ആകെ ജനസംഖ്യായായ 23കോടിയിൽ 11കോടി പഞ്ചാബിനുണ്ട്. പാർലിമെന്റിലെ 272-147പേരാണ് പഞ്ചാബിൽ നിന്നുള്ളവർ. 62പേരാണ് സിന്ധിൽനിന്ന്. ബലൂചിസ്ഥാൻ പാക്കിസ്ഥാന്റെ 40 ശതമാനം വിസ്തൃതിയുള്ള സ്ഥലം അപഹരിക്കുന്നുണ്ടെങ്കിലും അവിടെ ജനസംഖ്യ കുറവാണ്. പഷ്തുൺഖ, ഗിൽജിത്ത് മേഖലയിലും ജനസംഖ്യ കുറവാണ്. ചുരിക്കപ്പറഞ്ഞാൽ നവാസ് ഷെരീഫിന്റെ മുസ്ലീ ലീഗിന്റെ തട്ടകമായ പഞ്ചാബിൽ അവരെ തോൽപ്പിച്ചാൽ പിന്നെ രക്ഷയില്ല. ഭൂട്ടോയുടേത് പഞ്ചാബിൽ വേരുകളുള്ള ഒരു സിന്ധ് പാർട്ടിയാണ്.

അങ്ങനെയാണ് പഞ്ചാബ് കേന്ദ്രീകരിച്ചുള്ള തെഹരീകെ ഇൻസാഫ് പാർട്ടി ഇമ്രാന്റെ നേതൃത്വത്തിൽ രൂപം കൊള്ളുത്. അവർ പഞ്ചാബ് പിടിക്കുന്നു പാക്കിസ്ഥാനും പിടിക്കുന്നു. തന്ത്രം സൈന്യത്തിന്റെത് ആയിരുന്നു.

എന്നാൽ ആ മധുവിധു അധികാലം നീണ്ടില്ല. യുഎസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം ഉണ്ടാക്കുന്നതാണ് പാക്കിസ്ഥാന്റെ വളർച്ചയ്ക്കു ഗുണകരമെന്നാണ് സൈന്യത്തിന്റെ നിലപാട്. എന്നാൽ ചൈന അനുകൂല നിലപാടാണ് ഇമ്രാൻ ഖാനുണ്ടായിരുന്നത്. യുക്രെയ്നെതിരായ റഷ്യയുടെ ആക്രമണത്തിനെ അപലപിക്കുന്ന നിലപാടാണ് സൈനിക മേധാവി ജനറൽ ബജ്വ സ്വീകരിച്ചത്. രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ തലവന്റെ നിയമനത്തിലും സേനാമേധാവിയുടെ താൽപര്യത്തിന് വിരുദ്ധമായ ഇമ്രാന്റെ നിലപാടും സൈന്യത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അവസാനം ഇമ്രാൻ സൈന്യത്തിന് വഴങ്ങിയെങ്കിലും.

മറ്റൊരു മനഃശാസ്ത്ര വിഷയവും ഇവിടെ വർക്കൗട്ട് ആവുന്നുണ്ട്. തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ സൈന്യത്തെ പിന്തുണക്കുന്ന വലയൊരു വിഭാഗം പാക്കിസ്ഥാനിലുണ്ട്. അധികാരം കൈവശമുള്ള ചില കുടുംബങ്ങളാണ് പാക്കിസ്ഥാന്റെ നയങ്ങളെ സ്വാധീനിക്കുന്നത്. ഇന്ത്യയെപ്പോലെ ശക്തമായ ഒരു മധ്യവർഗമില്ല. അതിസമ്പന്നരും അതിദരിദ്രരും മാത്രമാണുള്ളത്. സമ്പന്നരായവരെല്ലാം രാഷ്ട്രീയക്കാരാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയക്കാരെ അവിടുത്തെ ജനത കാര്യമായി അംഗീകരിച്ചിട്ടില്ല. എന്നാൽ സൈന്യത്തിന്റെ സ്ഥിതി അതല്ല. ജീവിതത്തിന്റെ എല്ലാ മേഖലയിലും നിന്നുള്ളവർ അതിന്റെ ഭാഗമാണ്. അഴിമതിരഹിതമായ ഒരു സംവിധാനമാണ് അത് എന്നു കരുതുന്ന വലിയ ഒരു വിഭാഗം അവിടെയുണ്ട്. ഈ ഘടകങ്ങളൊക്കെ കാരണം ജനങ്ങൾക്ക് രാഷ്ട്രീയക്കാരോടുള്ളതിനേക്കാൾ അനുഭാവം സൈന്യത്തോടാണ്. അതുകൊണ്ടുതന്നെ സൈന്യം ഒരാളെ പിന്തുണച്ചാൽ ജനങ്ങൾക്ക് അതിൽ വിയോജിപ്പുണ്ടാവുകയില്ലെന്നും പറയുന്നവർ ഉണ്ട്.

ഇന്ത്യൻ ആർമിയെ കണ്ടുപഠിക്കട്ടെ

ഇപ്പോൾ സൈന്യവുമായി ഇടഞ്ഞ് ഇമ്രാൻ ഇന്ത്യൻ ആർമിയെും ഇന്ത്യൻ വിദേശനയയെത്തയും പുകഴ്‌ത്തിക്കൊണ്ടുള്ള തുടർച്ചയായ പ്രസ്താവനകൾ നടത്തുകയാണ്. ഇതിൽ ക്ഷുഭിതരായ പ്രതിപക്ഷം ഇന്ത്യയിലേക്ക് പോയ്ക്കൊള്ളാനാണ് ഇമ്രാനോട് ആവശ്യപ്പെടുന്നത്. (നമ്മുടെ നാട്ടിൽ സംഘികൾ പാക്കിസ്ഥാനിലേക്ക് പോകാൻ പറയുന്നപോലെ!)

ഇന്ത്യാ വിഭജനത്തിൽ തന്നെ 33 ശതമാനം സൈന്യം പാക്കിസ്ഥാന് കിട്ടിയത് ഫലത്തിൽ ഇന്ത്യക്ക് ഗുണം ചെയ്തുവെന്ന് പിൽക്കാലത്ത് നെഹ്റുവും അംബേദ്ക്കറുമൊക്കെ വിലയിരുത്തിയിട്ടുണ്ട്. കാരണം അധികാരത്തിൽ കണ്ണുള്ള അക്രമാസക്തമായ വംശീയ മനസ്സുള്ള റാവൽപിണ്ടി, പത്താൻ റെജിമെന്റുകൾ ഇന്ത്യയിൽ ആവുകയാണെങ്കിൽ പാക്കിസ്ഥാന്റെ സമാനമായ അവസ്ഥ ഇന്ത്യയിലും ഉണ്ടാവുമായിരുന്നു. ഇത് അംബേദ്ക്കർ പിൽക്കാലത്ത് തന്റെ ഒരു പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫലത്തിൽ ആ വിഭജനംമൂലം ഇന്ത്യൻ ആർമിയിലെ കലിപ്പന്മാർ പോയിക്കിട്ടിയെന്ന് ചുരുക്കം.

മാത്രമല്ല ഭരണഘടനാ സ്ഥാപനങ്ങളെ എങ്ങനെ വളർത്തിയെടുക്കണം എന്ന രീതിയിലുള്ള നെഹ്റൂവിയൻ മാതൃകയും ഇവിടെ നിർണ്ണയാകമായി. സൈന്യത്തെ ഒരു രീതിയിലും അധികാര രാഷ്ട്രീയത്തിലേക്ക് ഇടപെടീക്കാതെ ആയിരുന്നു നെഹ്റുവിന്റെ രീതികൾ. പാക്ക് പ്രധാനമന്ത്രി വിദേശയാത്രക്ക് പോകുമ്പോൾ സൈനിക മേധാവിയെ ഒപ്പം കൂട്ടുന്ന പോലുള്ള ഒരു രീതി ഇന്ത്യയിൽ ഇല്ല. ഇന്ത്യൻ സൈനിക മേധാവി, പ്രധാനമന്ത്രിയെ സല്യൂട്ട് ചെയ്യുന്ന ഒരു ഉദ്യോഗസ്ഥൻ മാത്രമാണ്. ഇന്ത്യൻ സൈന്യത്തിന് രാജ്യമാണ് വലുത്. പട്ടാള മേധാവിയല്ല. ഈ ഒരു ധാരണ വർഷങ്ങളായി ഇന്ത്യൻ സൈന്യത്തിൽ ഉറച്ചുപോയതാണ്. എന്നാൽ ഇങ്ങനെ ഒരു പ്രാക്ടീസ് പാക്കിസ്ഥാനിൽ ഇല്ല. അതിന് നാം നെഹ്റുവിന്റെ വീക്ഷണത്തിന് നന്ദി പറഞ്ഞേ മതിയാവൂ.

മാത്രമല്ല കാശ്മീരിലും പഞ്ചാബിലും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊക്കെ മനുഷ്യാവകാശ ലംഘടനങ്ങൾ നടത്തിയെന്ന ചില പരാതികൾ ഒഴിവാക്കിയാൽ, ഇന്ത്യൻ സേനയെക്കുറിച്ച് പൊതുവെ മതിപ്പാണ് ലോക രാഷ്ട്രങ്ങളിൽ ഉള്ളത്. പാക്കിസ്ഥാൻ സേന ബംഗ്ലാദേശിൽ നടത്തിയതുപോലുള്ള നരനായാട്ട് ഇന്ത്യൻ ആർമിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. പ്രളയം അടക്കമുള്ള സകല ദുരന്തങ്ങളിലും ജനങ്ങളുടെ കുടെ നിന്ന് ഇന്ത്യൻ സേന അതിന്റെ സേവനമുഖം വർധിപ്പിക്കുന്നു. സൈന്യം വരുന്നു എന്ന് കേട്ടാൽ നമുക്കുണ്ടാവുന്ന ഫീൽ, ഒരു രക്ഷകൻ വരുന്നു എന്നതാണ്. ഗുഹയിൽ കുടുങ്ങിയ ബാബുവിന്റെ കാര്യത്തിൽപോലും നാം അത് കണ്ടതാണ്. ആയുധമുഖമല്ല സേവനമുഖമാണ് ഇന്ത്യയിൽ ആർമിക്ക്. എന്നാൽ പാക്കിസ്ഥാൻ ആർമിക്ക് ഇപ്പോഴും അധികാരത്തിന്റെയും അയുധരാഷ്ട്രീയത്തിന്റെ ധാർഷ്ട്യം വിട്ടുപോയിട്ടില്ല.

വാൽക്കഷ്ണം: ഇന്ത്യയും പാക്കിസ്ഥാനും പിറന്നുവീണത് തന്നെ ചോരപ്പുഴയുടെ മണ്ണിലാണ്. 48ലും 65ലും, 71ലും കാർഗിലുമായി പലതവണ പോരടിച്ചിട്ടും, ഈ യുദ്ധ പ്രഭുക്കളുടെ റാവൻപിണ്ടി റെജിമെന്റ് അടങ്ങിയ പാക്കിസ്ഥാന് ഒരിക്കലും ഭാരതത്തെ വെല്ലാൻ കഴിഞ്ഞിട്ടില്ല. 71ലെ ബംഗ്ലാദേശ് യുദ്ധത്തിൽ അവർ ലോകത്തിനുമുന്നിൽ അതിഭീകരമായി നാണം കെടുകയും ചെയ്തു. ആദ്യ ബജറ്റിൽ തന്നെ സൈന്യത്തിന് 50 ശതമാനം നീക്കിവെച്ച രാജ്യമാണ് പാക്കിസ്ഥാൻ. എന്നിട്ടും അവർ സൈനിക കരുത്തിലും ഇന്ത്യക്ക് എത്രയോ പിന്നിലാണ്. ഇവിടെയാണ് സൈന്യത്തെ നയിക്കേണ്ട ഭരണകൂടത്തിന്റെ കൂടെ പ്രാധാന്യം മനസ്സിലാവുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP