Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കൻ ഉപരോധം മൂലം മുടങ്ങിപ്പോയ ചബാഹർ തുറമുഖം സാധ്യമാക്കിയതോടെ ഇന്ത്യയുടെ ഉറ്റമിത്രമായി; തുറമുഖം ഏറ്റെടുത്ത് വ്യാപാരത്തിന്റെ അനന്തസാധ്യതകൾ തുറന്ന് ഇന്ത്യയും; ഗ്വാധറിൽ ചൈനയും പാക്കിസ്ഥാനും ചേർന്ന് സ്വപ്‌നംകണ്ട തുറമുഖവ്യാപാരം തകർത്ത് ഇന്ത്യ-ഇറാൻ സൗഹൃദം; സുഷമ സ്വരാജിന്റെ ചിറകിൽ നയതന്ത്രം കുതിച്ചുപറന്നപ്പോൾ പാക്കിസ്ഥാനെ ചുറ്റിവളഞ്ഞ് അഫ്ഗാനിലും ഇറാനിലും നിന്നുപോലും സേനാനീക്കത്തിന് ഇന്ത്യ പ്രാപ്തമായത് ഇങ്ങനെ

അമേരിക്കൻ ഉപരോധം മൂലം മുടങ്ങിപ്പോയ ചബാഹർ തുറമുഖം സാധ്യമാക്കിയതോടെ ഇന്ത്യയുടെ ഉറ്റമിത്രമായി; തുറമുഖം ഏറ്റെടുത്ത് വ്യാപാരത്തിന്റെ അനന്തസാധ്യതകൾ തുറന്ന് ഇന്ത്യയും; ഗ്വാധറിൽ ചൈനയും പാക്കിസ്ഥാനും ചേർന്ന് സ്വപ്‌നംകണ്ട തുറമുഖവ്യാപാരം തകർത്ത് ഇന്ത്യ-ഇറാൻ സൗഹൃദം; സുഷമ സ്വരാജിന്റെ ചിറകിൽ നയതന്ത്രം കുതിച്ചുപറന്നപ്പോൾ പാക്കിസ്ഥാനെ ചുറ്റിവളഞ്ഞ് അഫ്ഗാനിലും ഇറാനിലും നിന്നുപോലും സേനാനീക്കത്തിന് ഇന്ത്യ പ്രാപ്തമായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക്കിസ്ഥാൻ പിന്തുണയോടെ പുൽവാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ അതിനെ അപലപിച്ചും ഇന്ത്യക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചും അമേരിക്കയും ബ്രിട്ടനും ഫ്രാൻസും മുതൽ ഇന്ത്യയുടെ ചെറു അയൽ രാജ്യമായ ഭൂട്ടാൻവരെ രംഗത്ത് എത്തി. പക്ഷേ, അക്കൂട്ടത്തിൽ ഇന്ത്യയുടെ ഹൃദയംതൊട്ട പ്രതികരണം വന്നത് കുറച്ചുകാലമായി മാത്രം വലിയ സൗഹൃദം പുലർത്തുന്ന രാജ്യമായ ഇറാനിൽ നിന്നായിരുന്നു. എന്തിനും ഏതിനും ഒപ്പമുണ്ടെന്ന ഒരു അടുത്ത സുഹൃത്തിന്റെ ആശ്വസിപ്പിക്കൽ പോലെയായി അത്.

ഇതിന്റെ മുഴുവൻ ക്രെഡിറ്റും പോകുന്നത് പ്രവാസി ഇന്ത്യക്കാരുടെ എല്ലാം മനസ്സിൽ ഇടംപിടിച്ച ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് തന്നെയാണ്. അതുകൊണ്ടു കൂടിയാണ് ഇന്ത്യയ്ക്ക് അനുകൂലമായും പാക്കിസ്ഥാന് എതിരായും ഇറാൻ ഇന്നലെ ശക്തമായി പ്രതികരിച്ചതിന് പിന്നാലെ ബൾഗേറിയയിലേക്കുള്ള യാത്രയ്ക്കിടെ സമയം കണ്ടെത്തി ഇന്നുതന്നെ സുഷമ ടെഹ്‌റാനിൽ ഇറങ്ങുകയും അവിടത്തെ വിദേശകാര്യ സഹമന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തത്.

എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും ചില സൗഹൃദങ്ങൾ ഉറച്ചുനിൽക്കുമെന്നതിന്റെ സൂചനകൂടെയായി ഇത്. പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയെപ്പോലെ തന്നെ തീവ്രവാദ ഭീഷണി നേരിടുന്ന രാജ്യംകൂടിയാണ് ഇറാൻ. ഇന്ത്യയിൽ വ്യാഴാഴ്ചയാണ് പാക് പിന്തുണയോടെ ഭീകരാക്രമണം നടന്നതെങ്കിൽ ഇറാനിൽ അത് തൊട്ടു തലേദിവസമായിരുന്നു. ബുധനാഴ്ച ഇറാൻ സേനാവിഭാഗമായ റവലൂഷണറി ഗാർഡിന്റെ 27 ഭടന്മാരാണ് സേനാ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഇതോടെയാണ് ചാവേറുകളെ തുണയ്ക്കുന്ന പാക്കിസ്ഥാന് കനത്ത വില നൽകേണ്ടിവരുമെന്ന് വ്യക്തമാക്കി ഇറാൻ കഴിഞ്ഞദിവസം ശക്തമായ താക്കീതുമായി എത്തിയത്. ഇന്ത്യയിൽ ആക്രമണം നടത്തിയത് ജയ്‌ഷെ മുഹമ്മദ് ആയിരുന്നെങ്കിൽ ജയ്‌ഷെ അൽ അജൽ ആണ് ഇറാനിൽ ആക്രമണം നടത്തിയത്. രണ്ടും പാക്കിസ്ഥാൻ പാലൂട്ടി വളർത്തുന്ന ഭീകരന്മാർ. ഇതോടെയാണ് ഇന്ത്യയും ഇറാനും ഒരുമിച്ചുനീങ്ങും പാക്കിസ്ഥാനെതിരെ എന്ന നില വന്നത്. എന്നാൽ ഈയൊരു സൗഹൃദം ഉണ്ടായത് പൊടുന്നനെയല്ല. നരേന്ദ്ര മോദി സർക്കാർ വന്നതിന് പിന്നാലെ ഇന്ത്യയുടെ രാജ്യാന്തര വ്യാപാര താൽപര്യങ്ങൾ കൂടെ പരിഗണിച്ചാണ് ഇറാനുമായി ചില കരാറുകൾ ഉണ്ടാക്കുന്നതും അത് ഇപ്പോഴത്തെ നിലയിൽ വലിയൊരു സൗഹൃദത്തിലേക്ക് മാറുന്നതും. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ്.

ഇന്ത്യയുടെ വ്യാപാര താൽപര്യങ്ങൾക്കും കുറ്റകൃത്യങ്ങൾ, സൈബർ കുറ്റങ്ങൾ എന്നിവ തടയുന്നതിനുമെല്ലാം ഇന്ത്യയും ഇറാനും തമ്മിൽ 2016 മെയിൽ ധാരണയിൽ എത്തിയതോടെയാണ് ഇരു രാജ്യങ്ങളിലും സൗഹൃദത്തിന്റെ പുതുപാത തുറക്കുന്നത്. വാണിജ്യം, സാംസ്‌കാരികം, സയൻസ്, സാങ്കേതികവിദ്യ, റെയിൽവേ തുടങ്ങിയ വിവിധ മേഖലകളിലെയും കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇതിൽ പക്ഷേ, ഏറ്റവും പ്രധാനം നയതന്ത്രപരമായി കൂടി വലിയ പ്രാധാന്യമുണ്ടായിരുന്ന ചബഹാർ തുറമുഖ വികസനമാണ്. ഇതോടൊപ്പം ഇറാനിലെ തുറമുഖനഗരമായ ചബഹാറിനെ അഫ്ഗാനിസ്താനിലെ സറൻജ് നഗരവുമായി ബന്ധിപ്പിക്കുന്ന ചഹബാർ-സഹേദൻ-സറൻജ് ഇടനാഴിയും വരുന്ന തരത്തിൽ ഒരു ബൃഹദ് പദ്ധതിയാണ് ഇന്ത്യ മുന്നോട്ടുവച്ചത്. ഇതിന് ഇറാനും തയ്യാറായി. ഇതോടെ പാക്കിസ്ഥാനും ചൈനയ്ക്കും അത് വലിയ അടിയായി മാറുകയും ചെയ്തു. 90 ദശലക്ഷം ഡോളർ ആണ് ഇന്ത്യ ഈ പദ്ധതിക്കായി മാറ്റിവച്ചത്.

ഇതുകൊണ്ട് ഇന്ത്യക്കും ഇറാനും മാത്രമല്ല, അഫ്ഗാനിസ്ഥാനും വലിയ വ്യാപാര ഗുണമുണ്ടാകുന്നു. ഇതെല്ലാം നേരിട്ടുതന്നെ ബാധിക്കുന്നത് പാക്കിസ്ഥാനേയും അതിനേക്കാളുപരി പാക്കിസ്ഥാൻ വഴി പാതവെട്ടി പാക്കിസ്ഥാനിൽ തന്നെ ഗ്വാദറിൽ തുറമുഖം കെട്ടി നൽകി സ്വന്തം വ്യാപാരപാത സൃഷ്ടിച്ചെടുക്കുന്ന ചൈനയേയുമാണ്. ഇത്തരത്തിൽ യഥാർത്ഥത്തിൽ ഇന്ത്യയുടെയും ഇറാന്റെയും വ്യാപാര താൽപര്യങ്ങൾ ഒരു ഭാഗത്തും ചൈനയുടേയും പാക്കിസ്ഥാന്റേയും വ്യാപാര താൽപര്യങ്ങൾ മറുഭാഗത്തും എന്ന നിലയിൽ വെറും 72 കിലോമീറ്റർ അടുത്തായി രണ്ട് തുറമുഖങ്ങൾ. ഇതിൽ ഇറാനിൽ ഇന്ത്യ ഒരുക്കുന്ന തുറമുഖം ശത്രുപക്ഷത്ത് നിൽക്കുന്ന ചൈനയേയും പാക്കിസ്ഥാനേയും ഒരുപോലെ ചൊടിപ്പിക്കുന്നതുമാണ്. പാക്കിസ്ഥാനിൽ ചൈനയുടെ സഹായത്തോടെ നിർമ്മിക്കുന്ന ഗ്വാദർ തുറമുഖത്തിന്റെ മൂന്നിരട്ടി വലിപ്പവും പ്രവർത്തന ശേഷിയുമുള്ള തന്ത്രപ്രധാന തുറമുഖമാണ് ചബാഹർ എന്നുകൂടി അറിയുക

ഇക്കഴിഞ്ഞ ഡിസംബറിൽ ഇന്ത്യ ഔദ്യോഗികമായി ചബഹാർ തുറമുഖത്തിന്റെ പ്രവർത്തന നിയന്ത്രണം ഏറ്റെടുത്തിരുന്നു. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഇതിന്റെ നിർമ്മാണം പൂർത്തിയാവുകയും ഇറാൻവഴി അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് നീളുന്ന പാതയും തയ്യാറാവുകയും ചെയ്തതോടെ ഇതുവഴി ഇന്ത്യയുടെ ചരക്കുനീക്കം സുഗമമായി. അതുപോലെ തന്നെ ഇന്ത്യയിലേക്കുള്ള എണ്ണ പ്രകൃതിവാതക നീക്കത്തിനും പുതിയൊരു മാർഗം തുറന്നുകിട്ടിയത് ഇറാനും വലിയ സഹായമായി. പ്രത്യേകിച്ചും അമേരിക്കയുടെ ഉൾപ്പെടെ ഉപരോധം നിൽക്കുമ്പോൾ.

ഇത്തരത്തിൽ വലിയൊരു സുഹൃത്തിനെ നേടിയതിന്റെ മേന്മയാണ് കഴിഞ്ഞ ദിവസം ഭീകരാക്രമണത്തിന് പിന്നാലെ ഇറാന്റെ വാക്കുകളിൽ പ്രതിഫലിച്ചത്. ഇറാനുമേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയും ഇന്ത്യയോടുൾപ്പെടെ എണ്ണ ഇറക്കുമതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ഒട്ടൊക്കെ ഇന്ത്യക്ക് വഴങ്ങേണ്ടിയും വന്നു. പക്ഷേ, അതുകൊണ്ടൊന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന് ഒരു ഉലച്ചിലും തട്ടിയില്ലെന്നതിന് നിദാനം കൂടിയായി ഇറാന്റെ ഇന്നലത്തെ പ്രതികരണം.

2001ലെ ഗുജറാത്ത് ഭൂകമ്പത്തിന് ശേഷം ആദ്യം സഹായം എത്തിച്ച സുഹൃത്ത്

2001ൽ ഗുജറാത്ത് ഭൂകമ്പസമയത്ത് സഹായ വാഗ്ദാനവുമായി ആദ്യം എത്തിയത് ഇറാനായിരുന്നു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എടുത്തുപറഞ്ഞത് ഇരു രാജ്യങ്ങളും തമ്മിൽ 2016ൽ ഒമ്പത് നിർണായക കരാറുകൾ ഒപ്പുവച്ച വേളയിലാണ്. സിസ്റ്റാൻ ബലൂചിസ്താൻ പ്രവിശ്യകൾക്ക് തെക്കായി വരുന്ന ചബാഹർ തുറമുഖം ആയിരുന്നു അതിൽ പ്രധാനം. ഒമാൻ കടലിലേക്കും പേർഷ്യൻ ഗൾഫിലേക്കും സുഗമമായി കടക്കാവുന്ന തുറമുഖം ആണിത്. നൂറ്റാണ്ടുകളായി വാണിജ്യത്തിന് പേരുകേട്ട സ്ഥലം. ഈ തുറമുഖം ഇന്ത്യ വികസിപ്പിച്ചതോടെ അഫ്ഗാനിസ്ഥാനും മധ്യേഷ്യയുമായി ബന്ധം മെച്ചപ്പെടുത്തി പുതിയ സഞ്ചാരമാർഗ്ഗം തുറക്കുകയായിരുന്നു ഇന്ത്യ. 2003 മുതൽ ഇന്ത്യയും ഇറാനും തമ്മിലുള്ള ചർച്ചയിലെ അജൻഡയായിരുന്ന തുറമുഖവികസനം കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് യാഥാർത്ഥ്യമായത്.

ഇറാൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനവും ചൈനയ്ക്കും പാക്കിസ്ഥാനും സൃഷ്ടിച്ച അസ്വസ്ഥതകൾ ഏറെയായിരുന്നു. ഇന്ത്യയെ പ്രതിരോധത്തിലാക്കുന്ന ചരക്കു നീക്കം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇറാനുമായി ഇന്ത്യ കൈകോർത്തതോടെ ചൈനയ്ക്ക് കാഴ്ചക്കാരായി നോക്കി നിൽക്കേണ്ട സ്ഥിതിയായി. പാക്കിസ്ഥാന്റെ സഹായത്തോടെ പശ്ചിമേഷ്യൻ കടലിൽ ചൈന നടത്തുന്ന ഇടപെടലുകളെ ചെറുക്കാനുള്ള വഴികൾ ഇന്ത്യയ്ക്ക് തുറന്നു നൽകുന്ന തുറമുഖം എന്ന നിലയിൽ വലിയ പ്രാധാന്യമുണ്ട് ചബഹാറിന്. തുർക്ക്‌മെനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവയടക്കം മദ്ധ്യ ഏഷ്യയിലേക്കുള്ള ഇന്ത്യൻ ചരക്കുകൾ 50ശതമാനം ചെലവു കുറച്ച് എത്തിക്കാനും ഇന്ത്യക്കാകും.

അമേരിക്കൻ ഉപരോധത്തിൽ മുടങ്ങിയ 8.5 കോടി ഡോളർ ചെലവുള്ള തുറമുഖ വികസനം ഇന്ത്യ ഏറ്റെടുക്കുകയായിരുന്നു. ഇതിന് പുറമെ അഫ്ഗാനിലേക്കുള്ള പാതയ്ക്കുള്ള ചെലവും. ചബാഹറിലൂടെ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇറാനിൽ നിന്ന് പെട്രോളിയവും ഗോതമ്പും മറ്റു ചരക്കുകളും എത്തിക്കാം. ചൈനയുടെ ആധിപത്യത്തിലുള്ള പാക്കിസ്ഥാനിലെ ഗ്വാധാർ തുറമുഖം വഴിയല്ലാതെ അഫ്ഗാനിസ്ഥാനിലേക്ക് ചരക്കു കൊണ്ടുപോകാം. ഇതോടൊപ്പം പാക്കിസ്ഥാൻ കനിഞ്ഞില്ലെങ്കിൽ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാകുന്ന അഫ്ഗാനിസ്ഥാന് തുറമുഖം വഴി ചരക്കു നീക്കം സുഗമമാക്കാം. തുറുങ്കിലടക്കപ്പെട്ട അഫ്ഗാനിസ്ഥാന് യഥാർത്ഥത്തിൽ ഇന്ത്യ പുറം ലോകത്തേക്ക് തുറന്നു കൊടുത്ത ഒരു കവാടം തന്നെയാണ് ചബഹാർ.

ഇനി പാക്കിസ്ഥാനെ നേരിടാൻ ഇന്ത്യയ്ക്ക് യുദ്ധമുഖങ്ങൾ മൂന്ന്

ഒരു യുദ്ധമുണ്ടായാൽ ഇന്ത്യയോ പാക്കിസ്ഥാനോ കൂടുതൽ ദിവസം പിടിച്ചുനിൽക്കുക എന്ന ചോദ്യം എല്ലാ യുദ്ധസമാന സാഹചര്യങ്ങളിലും ഉയരുക സാധാരണയാണ്. എന്നാൽ ഇപ്പോൾ ഇന്ത്യയുടെ സ്ഥിതി വളരെയധികം മെച്ചപ്പെട്ടു എന്നു തന്നെയാകും മറുപടി. ഇതിന് കാരണം പലതുണ്ട്. ആൾബലത്തിലും ആയുധബലത്തിലും ഇന്ത്യ മുന്നിലാണ് എന്നതു മാത്രമല്ല കാര്യം.

ഇറാനുമായുള്ള സൗഹൃദംവഴി ചാബഹറിൽ ഒരു സേനാവിന്യാസത്തിന് ഇപ്പോൾ തുറന്ന സാഹചര്യമാണുള്ളത്. മാത്രമല്ല, ഇറാനെപോലെ ഒരു രാജ്യത്തിൽ നിന്നുള്ള സഹായവും. ഇതിന് പുറമെ ഇന്ത്യയുടെ സഹായത്തോടെ വൻ വികസന പദ്ധതികൾ നടപ്പിലാക്കുന്ന അഫ്ഗാനിലും ഇപ്പോൾ തന്നെ ഇന്ത്യയുടെ സേനാ സാന്നിധ്യമുണ്ട്. ഔദ്യോഗികമായി സേനാ താവളം തുറന്നു എന്ന് പറയാൻ പറ്റില്ലെങ്കിലും ഇന്ത്യയാണ് അഫ്ഗാന്റെ സേനയ്ക്കുപോലും പരിശീലനം നൽകുന്നത് എന്നറിയുമ്പോൾ ഈ മേഖലയിൽ ഇന്ത്യ എത്രത്തോളം ശക്തമാണെന്ന് ഊഹിക്കാം. ഇതിന് പുറമെ ഇന്ത്യയ്ക്കും ഇറാനും ഇടയിൽ കടലിലെ സാന്നിധ്യംകൂടെ ഇന്ത്യക്ക് അനുകൂലം.

ഇത്തരത്തിൽ പാക്കിസ്ഥാന് ഇന്ത്യൻ അതിർത്തിയിൽ നിന്ന് മാത്രമല്ല, ഇറാന്റെയും അഫ്ഗാന്റെയും അതിർത്തികളിലൂടെയും തിരിച്ചടി നൽകാൻ ഇന്ത്യക്ക് കഴിയുമെന്ന നിലയിലേക്ക് ഇപ്പോൾ കാര്യങ്ങൾ വളർന്നു. ഇറാനുമായും അഫ്ഗാനുമായും എല്ലാം സൗഹൃദത്തിൽ എത്തിയത് ഇന്ത്യയ്ക്ക് ഇത്തരത്തിൽ വലിയ നേട്ടമാണ്. ഒരു യുദ്ധം ഉണ്ടാകുമോ ഇല്ലയോ എന്നതിലുപരി ഒരു യുദ്ധമുണ്ടായാൽ ചുറ്റിൽ നിന്നും തിരിച്ചടി കിട്ടുമെന്ന നിലയിലാണ് ഇപ്പോൾ പാക്കിസ്ഥാൻ. ഇത് ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഇന്നലെ ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടായ പ്രതികരണവും.

ചബാഹാർ തുറമുഖംകൊണ്ടും സൈനിക വിന്യാസ രംഗത്ത് ഇന്ത്യക്ക് കൂടുതൽ നേട്ടങ്ങളുണ്ട്. താജിക്കിസ്ഥാനിൽ ഇന്ത്യൻ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ഫാർക്കോർ എയർബേസിലേക്കും ചബാഹർ വഴി എത്താം. ഏതായാലും ഇന്ന് സുഷമാ സ്വരാജ് നടത്തിയ ഇറാൻ സന്ദർശനം പാക്കിസ്ഥാന് ശക്തമായ താക്കീതും കൂടിയാണെന്ന നിലയിൽ മാറുന്നതും അതുകൊണ്ടുതന്നെ. അമേരിക്കയുടേയും സൗദിയുടേയും എല്ലാം ശത്രുപക്ഷത്താണ് ഇറാൻ. എന്നിട്ടും അതൊന്നും വകവയക്കാതെ ഇന്ത്യൻ വിദേശകാര്യമന്ത്രി ഇന്ന് ടെഹ്‌റാനിൽ എത്തിയത് മറ്റ് ലോക രാഷ്ട്രങ്ങൾക്കും കൗതുകം ആകുന്ന വിഷയവുമാണ്.

ശത്രുരാജ്യമായി തന്നെ കാണണം എന്നും ഈ അയൽക്കാരെ

'പാക്കിസ്ഥാനെ നാലായി വിഭജിക്കണം. അതിൽ മൂന്നുഭാഗം ഇന്ത്യയോട് കൂട്ടിച്ചേർക്കണം. പടിഞ്ഞാറൻ പാക്കിസ്ഥാൻ മാത്രം വിട്ടുകൊടുത്ത് സിന്ധ്, പഖ്തൂൺ, ബലൂചിസ്ഥാൻ മേഖലകൾ ഇന്ത്യ ഏറ്റെടുക്കണം'. കഴിഞ്ഞവർഷം ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞ വാക്കുകൾക്ക് ഇന്ത്യയിൽ വലിയ വില കിട്ടിയില്ലെങ്കിലും അത് പാക് മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഒരു പക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോദി 2016ൽ നടത്തിയ ചെങ്കോട്ട പ്രസംഗത്തിൽ ഉണ്ടായ ബലൂചിസ്ഥാൻ പ്രസ്താവനയ്ക്ക് ശേഷം സ്വാമിയുടെ പ്രസ്താവന പാക്കിസ്ഥാനെ വലിയ തോതിൽ തന്നെ വിറളി പിടിപ്പിക്കുന്നതായിരുന്നു.

അതിന് കാരണമുണ്ട്. മോദിയുടെ ചെങ്കോട്ട പ്രസംഗത്തിന് മുമ്പ് ഇന്ത്യ പാക്കിസ്ഥാന്റെ ആഭ്യന്തര വിഷയങ്ങളിൽ ഏറെ ദശാബ്ദങ്ങളായി ഇടപെട്ടിരുന്നില്ല. ഒരുപക്ഷേ, ഇന്ദിരാഗാന്ധി 1971ൽ കിഴക്കൻ പാക്കിസ്ഥാനെ വിഭജിച്ച് ബംഗ്‌ളാദേശിന് രൂപംകൊടുത്തതുപോലെ നരേന്ദ്ര മോദി പാക്കിസ്ഥാനിൽ നിന്ന് മോചനം ആഗ്രഹിക്കുന്ന ബലൂചിസ്ഥാൻ പ്രവിശ്യയെ അടർത്തിയെടുക്കുമോ എന്ന ചോദ്യമാണ് അന്ന് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചയായത്. ഏതായാലും മോദി അധികാരമേറ്റതിന് ശേഷം ഇന്ത്യ കൈക്കൊള്ളുന്ന ഓരോ നയതന്ത്ര ഇടപെടലുകളും അതീവ ജാഗ്രതയോടെ വീക്ഷിക്കുകയായിരുന്നു പാക്കിസ്ഥാൻ. ഇത്തരത്തിൽ വിറളി പൂണ്ട പാക്കിസ്ഥാൻ ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാന്റെ ആഭ്യന്തരകാര്യങ്ങളിൽ ഏതു നിമിഷവും ഇടപെടൽ ഭയക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് സുബ്രഹ്മണ്യൻ സ്വാമിയുടേയും പാക്കിസ്ഥാനെ നാലായി വിഭജിക്കണമെന്ന വാക്കുകൾ ചർച്ചയായത്.

കാശ്മീർ വിഘടനവാദികൾക്കും അവരെ സഹായിക്കാനെന്ന വ്യാജേന താഴ്‌വരയിൽ ജയ്‌ഷെ മുഹമ്മദിനെയും ലഷ്‌കർ ഇ തൊയ്ബയേയും എല്ലാം സഹായിച്ച് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ നേതൃത്വത്തിൽ ദശാബ്ദങ്ങളായി ഇടപെടൽ നടത്തിവരികയാണ് പാക്കിസ്ഥാൻ. ഓരോ ഘട്ടത്തിലും ഇന്ത്യ താഴ്ന്നുകൊടുക്കുമ്പോഴും തോളിലിരുന്ന് ചെവിതിന്നുന്ന സമീപനം സ്വീകരിച്ചിട്ടുണ്ട് പാക്കിസ്ഥാൻ. നരേന്ദ്ര മോദി അധികാരത്തിൽ എത്തിയപ്പോഴും ഇതുതന്നെയാണ് ചെയ്തത്. പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ പിറന്നാളിന് മോദി പറന്നെത്തി. അപ്രതീക്ഷിതമായി ഇസ്‌ളാമാബാദിൽ ഇറങ്ങിയ മോദി ചായകുടിക്കുകയും ഷെരീഫിന്റെ മകൾക്ക് സമ്മാനം നൽകുകയും ചെയ്തു.

പക്ഷേ, അതിന് ഒരാഴ്ചയ്ക്കകം ഇന്ത്യ നൽകേണ്ടിവന്ന വില ഏഴ് ജവാന്മാരുടെ ജീവനായിരുന്നു. മോദി-ഷെരീഫ് ചർച്ച ഇന്ത്യാ-പാക് സമാധാനം ആഗ്രഹിക്കാത്തവർക്ക് പ്രകോപനമായി എന്ന് പത്താൻകോട്ട് ഭീകരാക്രമണം വിലയിരുത്തപ്പെട്ടു. ഇതിന് പിന്നാലെയാണ് ഉറിയിൽ ആക്രമണം. അതിന് പക്ഷേ, ഇന്ത്യ ശക്തമായ തിരിച്ചടി സർജിക്കൽ സ്‌ട്രൈക്കിലൂടെ നൽകുകയും ചെയ്തു. എന്നാൽ പാത്തിരുന്ന പാക്കിസ്ഥാൻ വീണ്ടും ഭീകരരെ പാലൂട്ടി വളർത്തി ഇതാ ഇപ്പോൾ ഇന്ത്യയ്ക്ക് പുൽവാമയിൽ 40 ധീര സൈനികരുടെ ജീവനെടുത്ത് വീണ്ടും കണ്ണീർ സമ്മാനിച്ചിരിക്കുന്നു.

സമാനമായ ഒരു സാഹചര്യം കൂടെ ഇതോടൊപ്പം ഓർക്കേണ്ടതാണ്. ഷെരീഫ് പ്രധാനമന്ത്രി ആയിരിക്കുമ്പോൾ തന്നെയാണ് വാജ്‌പേയിയും ഷെരീഫും വാഗാ അതിർത്തിയിൽ സൗഹൃദം പങ്കിട്ടത്. ഇതിന് പിന്നാലെയാണ് രാജ്യത്തേക്ക് നുഴഞ്ഞുകയറിയ കാർഗിൽ യുദ്ധം ഉണ്ടായത്. ഇതെല്ലാം വെളിവാക്കുന്നതും പാക്കിസ്ഥാന്റെ ചതിപ്രയോഗങ്ങൾ തന്നെ. എന്നെല്ലാം സൗഹൃദക്കൈകൾ നീട്ടിയിട്ടുണ്ടോ അന്നെല്ലാം ഇന്ത്യയുടെ ചെവി കടിച്ചിട്ടുണ്ട് പാക്കിസ്ഥാൻ. അതിനാൽ തന്നെ പാക്കിസ്ഥാനോട് സൗഹൃദത്തിന്റെ ഭാഷ ചേരില്ലെന്നതിന് മുൻ അനുഭവങ്ങൾ തന്നെ സാക്ഷി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP