Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്എഫ്‌ഐ പ്രവർത്തകന്റെ കാലു വെട്ടി രാഷ്ട്രീയം തുടങ്ങി; ഇടുക്കി രൂപതയുടെ പിആർഒ ആയി കസ്തൂരി രംഗൻ മൂപ്പിച്ചപ്പോൾ എം എം മണി ഇടത് സ്ഥാനാർത്ഥിയാക്കി; കഞ്ചാവ് കൃഷിക്കാരെ ഒഴിപ്പിച്ച സ്ഥലം കൈയേറി വ്യാജ രേഖയിലൂടെ പട്ടയം ഉണ്ടാക്കി; സി.പി.എം ചങ്ക് പറിച്ചു കൊടുത്തും രക്ഷിക്കാൻ നടത്തുന്ന ജോയ്‌സ് ജോർജിന്റെ കഥയിങ്ങനെ

എസ്എഫ്‌ഐ പ്രവർത്തകന്റെ കാലു വെട്ടി രാഷ്ട്രീയം തുടങ്ങി; ഇടുക്കി രൂപതയുടെ പിആർഒ ആയി കസ്തൂരി രംഗൻ മൂപ്പിച്ചപ്പോൾ എം എം മണി ഇടത് സ്ഥാനാർത്ഥിയാക്കി; കഞ്ചാവ് കൃഷിക്കാരെ ഒഴിപ്പിച്ച സ്ഥലം കൈയേറി വ്യാജ രേഖയിലൂടെ പട്ടയം ഉണ്ടാക്കി; സി.പി.എം ചങ്ക് പറിച്ചു കൊടുത്തും രക്ഷിക്കാൻ നടത്തുന്ന ജോയ്‌സ് ജോർജിന്റെ കഥയിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: സഖാക്കളും മുഖ്യമന്ത്രി തന്നെ ഇടപെട്ട് രക്ഷിച്ചെടുക്കാൻ നോക്കുകയാണ് ഇടുക്കി എം പി ജോയ്‌സ് ജോർജിനെ. തോമസ് ചാണ്ടി വിഷയത്തിൽ സംഭവിച്ചത് സംഭവിക്കാതിരിക്കാൻ ആണ് ആ തീവ്രശ്രമം. മനുഷ്യന് പ്രവേശനം പാടില്ലാതത് കുറിഞ്ഞി സങ്കേതം എന്ന സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയത് നിയമപരമായി കൈവശമാക്കി നൽകാൻ ആണ് നീക്കം.

ഈ നീക്കത്തിന് വേണ്ടി റവന്യു സെക്രട്ടറി പി എച്ച് കുര്യനും സർക്കാരിന്റെ നോമിനിയുമായി നിയമിക്കപ്പെട്ട വൈൽഡ് ലൈഫ് വാർഡനും ഇടുക്കിയലെ ഇടത് നേതാക്കന്മാരും എത്തുന്നുണ്ട്. അവർക്ക് ജോയ്‌സ് ജോർജിന്റെ ഭൂമിയല്ല പ്രശ്‌നം; കൈയേറ്റ ഭൂമിയുടെമേലുള്ള ചോദ്യം ചെയ്യലാണ് പ്രശ്‌നം. ഒരു ഭൂമി വിട്ടു കൊടുക്കേണ്ടി വന്നാൽ മറ്റനേകം പേരുടെ ഭൂമി നഷ്ടമാകും. ശ്രീറാം എന്ന കളക്ടർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ കൊണ്ടു പടിയിരുത്തി പകരം കൊണ്ടു വന്ന സബ് കളക്ടറും പണി തുടങ്ങിയതോടെയാണ് ഇവർ അങ്കലാപ്പിൽ ആയിരിക്കുന്നത്. ഇതോടെ സി.പി.എം എന്ന പ്രസ്ഥാനം ഭരണസ്വാധീനം മുഴുവൻ ഉപയോഗിച്ച് അരയും തലയും മുറുക്കി ജോയ്‌സിനെ രക്ഷിക്കാൻ ഇറങ്ങിയിരിക്കയാണ്.

ഇടതു എംപിയായ ജോയ്‌സ് ജോർജ്ജിന രക്ഷിക്കേണ്ടത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയൊരു രാഷ്ട്രീയ ആവശ്യകത കൂടയാണ്. ഇതിന് കാരണം ഹൈറേഞ്ച് സംരക്ഷണ സമിതി എന്ന സംഘടന ഉപയോഗിച്ച് സിപിഎമ്മിനേക്കാൾ വളരാൻ ജോയ്‌സിന് സാധിച്ചു എന്നതാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയ കൊട്ടകത്തിലെ മണ്ണൊലിപ്പ് തടയാൻ കത്തോലിക്കനായ ജോയ്‌സ് ജോർജ്ജിന്റെ കൊട്ടക്കമ്പൂരിലെ വിവാദ ഭൂമിയെ സംരക്ഷിക്കേണ്ടതും ആവശ്യമാണ്. ഇങ്ങനെ സി.പി.എം സംരക്ഷിക്കാൻ ശ്രമിക്കുന്നത് ഒരു കാലത്ത് അവരുടെ രാഷ്ട്രീയ ശത്രുവായ വ്യക്തിയെ തന്നെയാണ്.

എസ്എഫ്‌ഐ പ്രവർത്തകന്റെ കാലുവെട്ടി രാഷ്ട്രീയം തുടങ്ങി

ഇന്ന് ഇടതു പാളയത്തിൽ വമ്പനായി നിൽക്കുന്ന ജോയ്‌സ് ജോർജ്ജ് ആരാണ? സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ദേശീയ രാഷ്ട്രീയ പാർട്ടിയെന്ന പദവി സംരക്ഷിക്കുന്ന നേതാവ് കൂടിയാണ് ഇടുക്കി എംപി. ഇടതു സ്വതന്ത്രനായി വിജയിച്ച ജോയസ്് അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലല്ല വിജയിച്ചത്. എങ്കിലും സി.പി.എം പക്ഷത്താണെന്ന് എഴുതി നൽകിയതു കൊണ്ടാണ് ഇപ്പോഴും സിപിഎമ്മിന് ദേശീയ രാഷ്ട്രീ പാർട്ടിയെന്ന ബഹുമതി നിലനിൽക്കുന്നത്. ഇങ്ങനെ ദേശീയ മുഖം സംക്ഷിക്കുക എന്നതു കൂടി ജോയസ്ിന്റെ കയ്യേറ്റങ്ങളെ പിന്തുണക്കുന്നതിന് പിന്നിലുണ്ട്.

മറ്റ് രാഷ്ട്രീയ നേതാക്കളെ പോലെ തന്നെ കാമ്പസ് രാഷ്ട്രീയത്തിലൂടെയാണ് ജോയസ് ജോർജ്ജ് വളർന്നത്. ഹൈറേഞ്ചിലെ ശക്തമായി കത്തോലിക്കാ രാഷ്ട്രീയം കോൺഗ്രസിനോട് ചേർന്നു നിന്നു പ്രവർത്തിച്ച കാലം. അന്ന് തൊടുപുഴ ന്യൂമാൻസ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു ജോയ്‌സ് ജോർജ്ജ്. ബിഎസ്‌സി വിദ്യാർത്ഥിയായ ജോയസ് കെ എസ് യു പ്രസ്ഥാനത്തിനൊപ്പം അടിയുറച്ചു നിന്നു. കാമ്പസിലെ മുഖ്യ എതിരാളികൾ എസ്എഫ്‌ഐ തന്നെയായിരുന്നു. ഈ എസ്എഫ്‌ഐയെ നേരിടാൻ അൽപ്പം ഗുണ്ടായിസം പുറത്തെടുക്കാനും ജോയ്‌സ് തയ്യാറായി. എഫ്എഫ്‌ഐ പ്രവർത്തകന്റെ കാലുവെട്ടിയാണ് കാമ്പസിലെ രാഷ്ട്രീയ വൈരം ജോയ്‌സ്് തീർത്തത്.

എന്നാൽ, ഇതോടെ കോളേജിൽ നിന്നും ജോയസ്് പുറത്തായി. പരീക്ഷ എഴുതാൻ പോലും സമ്മതിക്കാതിരുന്ന വേളയിലാണ് കെ കരുണാകരൻ ഇടപെട്ട് പരീക്ഷ എഴുതാൻ അവസരം ഒരുക്കിയത്. ഇതിന് ശേഷം എൽഎൽബി പഠിച്ച് അഭിഭാഷകനായി അദ്ദേഹം. തുടർന്ന് രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും വളർച്ചയുടെ നാളുകളായിരുന്നു ജോയ്‌സ് ജോർജ്ജിന്. ഇടുക്കി രൂപയുമായി അഭേഭ്യമായ ബന്ധമായിരുന്നു ജോയ്‌സിന്റെ കുടുംബത്തിന്. വാഴത്തോപ്പ് സഭാ ആസ്ഥാനത്തിന്റെയും ജോയ്‌സിന്റെ വീടിനും ഒരു മതിൽ പോലുമായിരുന്നു. ഈ ബന്ധങ്ങൾ കൊണ്ടു തന്നെ അഭിഭാഷക രംഗത്ത് മിടുക്കനായി മാറിയ ജോയ്‌സ് ജോർജ്ജിന് സഭയുടെ പിആർഒ ആയി മാറുകയും ചെയ്തു. ഇതോടെ തന്റെ രാഷ്ടീയത്തിന് വേണ്ടി കരുക്കൾ നീക്കി ജോയ്‌സ് ജോർജ്ജ്.

ഹൈറേഞ്ച് സംക്ഷണ സമിതിയുടെ സംരക്ഷകനായി ലോക്‌സഭയിൽ എത്തി

ഹൈറേഞ്ച് സംരക്ഷണ സമിതി എന്ന സംഘടനയായിരുന്നു ജോയ്‌സ് ജോർജ്ജിന്റെ രാഷ്ട്രീയ ജീവിതത്തിൽ കയറ്റത്തിന് വഴിയൊരുക്കിത്. കോൺഗ്രസിലെ ഐ വിഭാഗത്തിലെ പ്രമുഖനായ ഇഎം അഗസ്റ്റിയുടെ ജ്യേഷ്ഠന്റെ മകളെ കെട്ടിയ ജോയ്‌സ് ജോർജ്ജ് മിടുക്കനായ അഭിഭാഷകനായ നിലയിൽ രാഹുൽ ഗാന്ധിയുടെ പോലും അടുപ്പക്കാരനായിരുന്നു. എന്നാൽ, ഇടുക്കി രൂപതയുടെ നിലപാട് എല്ലായെപ്പോഴും സിപിഎമ്മിന് അനുകൂലമായി നിന്നതോടെ ഇടതു രാഷ്ട്രീയമാണ് നല്ലതെന്ന് ജോയ്‌സിന് തോന്നി.

ഇടുക്കി രൂപതയ്ക്ക കോൺഗ്രസ് വിരുദ്ധ മാണി വിരുദ്ധ നിലപാടായിരുന്നു ശക്തം. മലയോര മേഖലയെ ആശങ്കയിലാക്കി കസ്തൂരി രംഗൻ റിപ്പോർട്ട് ആയുധമായിക്കി ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ തണലിൽ ജോർജ്ജ് രാഷ്ട്രീയ കളിച്ചു. ഇടുക്കിയിലെ പരിസ്ഥിതി പ്രശ്‌നങ്ങൾ പ്രാദേശീക വാദം ഉയർത്തി നേരിട്ടതോടെ ജോയ്‌സ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ എല്ലാമെല്ലാമായി. അക്കാലത്ത് ഇടുക്കിയെ സ്തംഭിപ്പിച്ച 48 മണിക്കൂർ ഹർത്താലോടെ സമിതിയുടെ ശക്തി സിപിഎമ്മും തിരിച്ചറിഞ്ഞു. പിന്നീടുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പി ടി തോമസ് സ്ഥാനാർത്ഥിയാവില്ലെന്ന് ഉറപ്പായതോടെ ജോയ്‌സിനെ രംഗത്തിറക്കിയ സഭ തങ്ങളുടെ സീറ്റ് ഉറപ്പിക്കുകയും ചെയ്തു. അനിയനെ എംഎൽഎ ആക്കുക എന്നൊരു ലക്ഷ്യം കൂടി ജോയ്‌സിന് ഉണ്ടെന്നാണ് പറഞ്ഞു കേൾക്കുന്നത്.

കൊട്ടക്കമ്പൂരിലെ കഞ്ചാവ് കൃഷിക്കാരെ ഒഴിപ്പിച്ച സ്ഥലം കൈയേറി വ്യാജ രേഖയിലൂടെ പട്ടയം ഉണ്ടാക്കി

ഭൂമി നീലക്കുറിഞ്ഞി ഉദ്യാനത്തിൽ പെട്ട കൊട്ടക്കമ്പൂരും 58 ാം നമ്പർ ബ്ലോക്കും മലയാളികളുടെ വാർത്തകളിൽ ഇടം പിടിച്ചിട്ട് കുറച്ചുനാളായി. കൊട്ടക്കമ്പൂർ വില്ലേജിലെ 58 ാം നമ്പർ ബ്ലോക്കിലാണ് ജോയ്സ് ജോർജ് എംപിയുടെ വിവാദ ഭൂമി. വട്ടവട വില്ലേജിലെ 62 ാം ബ്ലോക്കും വിവാദഭൂമികളുടെ വിളനിലമാണ്. ജോയ്സ് ജോർജിന്റെ വിവാദപട്ടയങ്ങൾ റദ്ദാക്കിയ ഉത്തരവ് വന്നതോടെയാണ് സർക്കാരിന് കുറിഞ്ഞി ഉദ്യാനത്തിന്റെ മറവിൽ ജോയ്‌സിന്റെ വ്യാജപ്പട്ടയ ഭൂമി രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

കൊട്ടക്കാമ്പൂരിലെ ഭൂമി എങ്ങനെയാണ് ജോയ്‌സ് ജോർജ്ജിന്റെ കൈയിലെത്തിയത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. സർക്കാർ തരിശു ഭൂമിയായി കിടന്ന 115 ഏക്കറാണ് കൊട്ടക്കാമ്പൂരിലുണ്ടായിരുന്നത്. ഈ ഭൂമി പണ്ട് കഞ്ചാവ് കൃഷിക്ക് ഉപയോഗിച്ചിരുന്ന സ്ഥലമാണ്. ഈ സ്ഥലാണ് ജോയ്‌സ് ജോർജ്ജും കൂട്ടാളി സോണി എന്നയാളും ചേർന്നാണ് ഈ ഭൂമി കൈവശപ്പെടുത്തിയത്. ഇടുക്കിയിലെ കോടികൾ വരുമാനമുണ്ടാക്കുന്ന യൂക്കാലി കൃഷിക്ക് പറ്റിയ സ്ഥലം എന്ന നിലയിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഈ ഭൂമിയിൽ ഇരുവരും ചേർന്ന് യൂക്കാലി കൃഷി നടത്തി. കോടികളുടെ ലാഭമാണ് യൂക്കാലി മരങ്ങൾ വെട്ടിവിറ്റപ്പോൾ ഇവർ ഉണ്ടാക്കിയത്. 2014ൽ വരെ ഇവിടെ യൂക്കാലി വെട്ടിവിറ്റു.

ഇതിനിടെയാണ് 34 ഏക്കർ സ്ഥലത്തിന് ജോയ്‌സ് ജോർജ്ജ് വ്യാജ പട്ടയം ഉണ്ടാക്കുന്നത്. പങ്കാളിയായ സോണി അറിയാതെയാണ് ജോയ്‌സിന്റെ ഇടപാടുകൾ. കൊട്ടക്കാമ്പൂരിൽ നിന്നും വളരെ ദൂരെയുള്ള ആദിവാസികളുടെ പേരിൽ പട്ടയമുണ്ടാക്കി. അവരിൽ എട്ട് ഭൂവുടമകളിൽ നിന്നും കൈവശപ്പെടുത്തി എന്ന വിധത്തിലാണ് പട്ടയമുണ്ടാക്കിയത്. വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും പേരെടുത്ത് വ്യാജ രേഖ ജോയ്‌സ് ജോർജ്ജും കൂട്ടരും ചമയക്കുകയായിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.

എട്ട് പേരുടെ പേരിൽ പട്ടയം എടുത്തതിന് ശേഷം 30 ദിവസത്തിന് ശേഷം ജോയ്‌സിന്റെ അച്ചന് എഴുതി കൊടുത്തു. ഈ പവർ ഓഫ് അറ്റോണി വെച്ച് ഒന്നര ലക്ഷം രൂപ വെച്ച് ലോണെടുത്തു. 2005 ൽ, ജോർജ് പാലിയത്ത് തന്റെ കുടുംബാംഗങ്ങളായ മേരിജോർജ് , ജോയ്‌സ് ജോർജ്, ജോർജ്ി ജോർജ് ,അപൂപ, ഡേവിസ്, രാജീവ് ജ്യോതിസ് എന്ന പേരിൽ വിൽപത്രം തയ്യാറാക്കി ഇവർക്ക് എഴുതി നൽകി. ഇങ്ങനെ എഴുതി നൽകിയപ്പോൾ ലോണടക്കണം എന്നും വ്യവസ്ഥയുമുണ്ടാക്കി. സ്വന്തം ഭാര്യക്ക് പോലും പണത്തിന് സ്ഥലം വിറ്റ വ്യക്തിയാണ് ജോയ്‌സിന്റെ പിതാവ്. അമ്പതിനായിരം രൂപയാണ് ഭൂമി ഇടപാടിന്റെ പേരിൽ സ്വന്തമാക്കിയത്.

2001 സെപ്റ്റംബർ ഏഴിനാണ് എട്ട് അസൈന്മെന്റുകളും തയ്യാറാക്കിയത്. ഇതിന് ഒരു മാസത്തിന് ശേഷം ഒക്ടോബർ 23 ന് ഈ ഭൂമി ജോർജ് പാലിയത്തിന്റെ പേരിലേക്ക് മാറ്റി.ദേവികുളം സബ്രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത പവർ ഓഫ് അറ്റോർണികൾ വഴിയാണ് ഈ ഭൂമി കൈമാറിയത്. ആ സമയത്ത് നിയമപ്രകാരം ചേരേണ്ട ലാൻഡ് അസൈന്മെന്റ് കമ്മിറ്റി വിളിച്ചിരുന്നില്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. 1964 ലെ ലാൻഡ് അസൈന്മെന്റ് നിയമപ്രകാരമാണ് ഭൂമി പതിച്ച് നൽകാറുള്ളത്.1971 ഓഗസ്റ്റ് 1 ന് മുമ്പ് സർക്കാർ ഭൂമി കൈവശം വച്ചിരിക്കുന്ന വ്യക്തികളെ മാത്രമേ ഭൂമി പതിച്ച്് നൽകാൻ യോഗ്യരായി നിയമം കണക്കാക്കുന്നുള്ളു. ലാൻഡ് അസൈന്മെന്റ് കമ്മിറ്റി ചേരാതെ ഭൂമി പതിച്ച് നൽകാൻ പാടില്ലെന്ന് നിയമത്തിൽ വ്യക്തമാക്കുകയും ചെയ്യുന്നു.

സോണിയാണ് ഈ വിഷയത്തിലെ തട്ടിപ്പു പുറത്തു കൊണ്ടുവന്നത്. പട്ടയ ഉടമകളെ സോണി കോടതിയിൽ ഹാജരാക്കി. തങ്ങൾക്ക് ജോയിസിന്റെ പിതാവിനെ പോലും അറിയില്ലെന്ന് ഇവർ പറഞ്ഞു. ഇതോടെ ഇലക്ഷൻ കാലത്ത് സോണിയുമായി ജോയ്‌സ് ജോർജ്ജ് സെറ്റിൽമെന്റ് ഉണ്ടാക്കി.

നീലക്കുറിഞ്ഞി സങ്കേതവും ജോയ്‌സിനെ രക്ഷിക്കാനുള്ള ശ്രമങ്ങളും

സിപിഎമ്മിന് ദേശീയ പാർട്ടി സ്റ്റാറ്റസ് പോലും നിലനിർത്തുന്ന ജോയ്‌സ് ജോർജ്ജിനെ രക്ഷിച്ചെടുക്കാനുള്ള തീവ്രശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇടുക്കിയിലെ സിപിഎമ്മിനുള്ളിൽ തന്നെ ഇതിനുള്ളിൽ വ്യത്യസ്ത ശബ്ദങ്ങളുണ്ട്. എന്നാൽ, എംഎം മണിയുടെ വാക്കുകൾ മുഖവിലയ്ക്കെടുത്താണ് സിപിഎമ്മും പിണറായി വിജയനും മുന്നോട്ടു പോകുന്നത്. ഹൈറേഞ്ച് സംരക്ഷണ സമിതിയെ പിണക്കാത്ത നിലപാടാണ് പിണറായികക്കുള്ള്ളത്. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ വി എസ് സർക്കാറിന്റെ കാലത്ത് നിശ്ചയിച്ച നീലക്കുറിഞ്ഞ സങ്കേതം പുനർ നിർണയിക്കാനെന്ന മറവിൽ ജോയ്‌സിന്റെ വ്യാജപ്പട്ടയം രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയത്.

കുറിഞ്ഞി സങ്കേതത്തിന്റെ അന്തിമ വിജ്ഞാപനം വരും മുമ്പ് ചെടികൾക്ക് തീയിട്ടും മറ്റും കയ്യേറ്റക്കാർ നീക്കങ്ങൾ നടത്തുവന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടെയാണ്, കൊട്ടക്കമ്പൂരിലെ ജോയ്‌സ് ജോർജിന്റെ ഭൂമി കയ്യേറ്റക്കേസിൽ വഴിത്തിരിവായി അപ്രത്യക്ഷമായ റീസർവേ ലാൻഡ് രജിസ്റ്റർ വീണ്ടെടുക്കാൻ കഴിഞ്ഞത്. ഈ ലാൻഡ് രജിസ്റ്റർ സർക്കാർ രേഖകളിൽ നിന്ന് എങ്ങനെ കാണാതായെന്ന് ഇനി അന്വേഷിക്കേണ്ടത്.

ഇതിന് പിന്നാലെ മൂന്നാർ ലൈഫ് വാർഡൻ ഇടുക്കി ജില്ലാ കളക്ടർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു.' പ്രാഥമിക പരിശോധനയിൽ ബ്ലോക്ക് നമ്പർ 58 ൽ കടവരിയിലുള്ള കമ്യൂണിറ്റി ഹാൾ ഒഴികെ സർക്കാർ സ്ഥാപനങ്ങളോ, ആരാധനാലയങ്ങളോ,ബാങ്കുകളോ വാണിജ്യ ്സഥാപനങ്ങളോ ഉൾപ്പെടുന്നില്ല. എന്നാൽ കൃഷിയിടങ്ങളും, ആളുകൾ താമസിക്കുന്ന വീടുകളും ഉണ്ട്. യൂക്കാലിപ്റ്റസ് ആണ് ആളുകൾ കൂടുതൽ നട്ടുപിടിപ്പിച്ചിട്ടുള്ളത്. കടവരി, തട്ടാപാറംഭാഗത്ത് പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്.

ചെക്ക് ഡാമുകളും ഉണ്ട്.ബ്ലോക്ക് നമ്പർ 62 ൽ ഇത്തരം സ്ഥാപനങ്ങൾ ഒന്നുമില്ലെന്നും, കൃഷിസ്ഥലങ്ങൾ മാത്രമേയുള്ളുവെന്നും മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ യോഗതീരുമാനത്തിൽ വിശദീകരിച്ചതുപോലെ ബ്ലോക്ക് 58 ലും വട്ടവടയിലെ 62 ലും സർക്കാർ സ്ഥാപനങ്ങളോ, ആരാധനാലയങ്ങളോ, ബാങ്കുകളോ വാണിജ്യ ്സഥാപനങ്ങളോ ഉൾപ്പെടുന്നില്ല എന്ന് വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കുന്നത് ശ്രദ്ധിച്ചാൽ കാര്യങ്ങളുടെ കിടപ്പ് പിടികിട്ടും.

കുറിഞ്ഞിമല സങ്കേതത്തിലെ റൈറ്റ്സ് സെറ്റിൽ ചെയ്തുകൊണ്ടും, പടിഞ്ഞാറ് അതിർത്തി നിർണയിച്ചുകൊണ്ടും സെറ്റിൽമെന്റ് ഓഫീസറായ സബ്കളക്ടർ അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശിക്കണമെന്നും മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ജില്ലാ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കുറിഞ്ഞിമല സങ്കേതത്തിന്റെ പടിഞ്ഞാറ് അതിർത്തിയിൽ വനംവകുപ്പ് നിലവിൽ ജണ്ടകൾ കെട്ടിയും, ഫയർലൈൻ തെളിച്ചും സംരക്ഷിച്ചുവരുന്ന സ്ഥലങ്ങളെ അതിരുകളായി നിർണയിച്ച് അതിർത്തി പുനർനിർണയിക്കണമെന്നാണ് സർക്കാരിന് മുമ്പാകെ നിവേദനങ്ങൾ വന്നത്.

ഏതായാലും സാധാരണക്കാരെ മുൻനിർത്തി തർക്കവും പ്രക്ഷോഭവും ഇളക്കി വിട്ട് ജോയസ് ജോർജ് അടക്കമുള്ള ഉന്നതരുടെ കയ്യേറ്റ ഭൂമി രക്ഷിച്ചെടുക്കാനാണ് നീക്കം നടക്കുന്നതെന്ന ആരോപണം ഇതോടെ ശക്തമായിരുന്നു. 11 വർഷത്തെ തർക്കം തീർക്കാൻ
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, വനം വകുപ്പ് മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എം.എം മണി എന്നിവരാണ് ഇടുക്കിയിലേക്ക് പോകുന്നത്. ജോയ്‌സിന്റെ അടുപ്പക്കാരനായ എംഎം മണിയെ സംഘത്തിൽ ഉൾപ്പെടുത്തിയയത് തന്നെ സംശയങ്ങൾക്ക് ഇടനൽകുന്ന കാരമാണ്. ഇത് സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയ എംപിയെ സംരക്ഷിക്കാനാണെന്ന കാര്യവും ഉറപ്പാണ്. കൈയേറ്റക്കാരെ പിന്തുണക്കുന്ന ഇടതു സർക്കാറിന്റെ നടപടിയിൽ അണികൾക്കിടയിൽ തന്നെ പ്രതിഷേധം ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP