Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിപ്ലവ ചൈനയിൽ 'ആതിഥേയന്റെ' ഭാര്യക്കൊപ്പം സർക്കാർ ചാരന് ഉറങ്ങാം; ഹറാമായിട്ടുള്ള മദ്യവും മാംസവും കഴിക്കാൻ 'ബന്ധു സഖാക്കൾ' പ്രേരിപ്പിക്കണം; പെട്ടെന്ന് താടിവച്ചാലും മദ്യപിക്കുന്നയാൾ പെട്ടെന്ന് നിർത്തിയാലുമൊക്കെ റിപ്പോർട്ട് ചെയ്യണം; സുന്നത്തു കല്യാണങ്ങളിൽ, പേരിടൽ ചടങ്ങുകളിൽ, ജനന- മരണങ്ങൾ തുടങ്ങിയവയിലൊക്കെ സജീവമാവണം; മിശ്രവിവാഹങ്ങൾ പരമാവധി പ്രോൽസാഹിപ്പിക്കണം; വീടുകളിലേക്ക് 'സർക്കാർ ബന്ധുക്കളെ' വിട്ട് ഉയിഗൂർ മുസ്ലിംങ്ങളെ ചൈന മെരുക്കാൻ ശ്രമിക്കുന്നത് ഇങ്ങനെ

വിപ്ലവ ചൈനയിൽ 'ആതിഥേയന്റെ' ഭാര്യക്കൊപ്പം സർക്കാർ ചാരന് ഉറങ്ങാം; ഹറാമായിട്ടുള്ള മദ്യവും മാംസവും കഴിക്കാൻ 'ബന്ധു സഖാക്കൾ' പ്രേരിപ്പിക്കണം; പെട്ടെന്ന് താടിവച്ചാലും മദ്യപിക്കുന്നയാൾ പെട്ടെന്ന് നിർത്തിയാലുമൊക്കെ റിപ്പോർട്ട് ചെയ്യണം; സുന്നത്തു കല്യാണങ്ങളിൽ, പേരിടൽ ചടങ്ങുകളിൽ, ജനന- മരണങ്ങൾ തുടങ്ങിയവയിലൊക്കെ സജീവമാവണം; മിശ്രവിവാഹങ്ങൾ പരമാവധി പ്രോൽസാഹിപ്പിക്കണം; വീടുകളിലേക്ക് 'സർക്കാർ ബന്ധുക്കളെ' വിട്ട് ഉയിഗൂർ മുസ്ലിംങ്ങളെ ചൈന മെരുക്കാൻ ശ്രമിക്കുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ബീജിങ്ങ്: മാവോ സേതൂങ്ങ് നടപ്പാക്കിയ സാംസ്കാരിക വിപ്ലവത്തിന്റെ പേരിൽ ചൈനയിൽ ജീവൻ നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് ജനങ്ങൾക്കാണ്. രാഷ്ട്രീയമായി വിയോജിക്കുന്നവരെയൊക്കെ രാഷ്ട്രത്തിന്റെ ഭാഗമാക്കാനുള്ള മാവോയുടെയും കമ്യുണിസ്റ്റു പാർട്ടിയുടെയും മെരുക്കിയെടുക്കലിൽ ബുദ്ധിജീവികളും കലാകാരന്മാരും തൊട്ട് ഭിന്ന ലൈംഗികതയുള്ളവർവരെ വെടിയേറ്റു വീണു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഉദ്യോഗസ്ഥ മേധാവിത്വത്തിനെതിരെയുള്ള പാർട്ടി പ്രവർത്തകരുടെ കലാപം എന്ന രീതിയിൽ തുടങ്ങിയ സാംസ്കാരിക വിപ്ലവം പിന്നീട് നരഹത്യ മാത്രമായി പരിമിതപ്പെടുകയായിരുന്നു. പാർട്ടിയിൽ മാവോയുടെ എതിരാളികളെ അവസാനിപ്പിക്കുക എന്നതിന് പുറമെ ഹാൻ വംശജരുടെ ആധിപത്യം ഉറപ്പിക്കലും ഇതിലൂടെ നടന്നുവെന്ന ആരോപണവും സാംസ്കാരിക വിപ്ലവത്തിനെതിരെ ഉയർന്നിരുന്നു. മാവോക്ക് ശേഷം സാംസ്കാരിക വിപ്ലവത്തെ പാർട്ടിതന്നെ  തള്ളിപ്പറയുകയും, ഡെങ്ങ് സിയാവോ പിങ്ങ് അധികാരമേറ്റതുതൊട്ട് ശുദ്ധമായ മുതലാളിത്തം ചൈന നടപ്പാക്കാനും തുടങ്ങി. ഇതിന്റെ ഗുണഫലങ്ങളും ഒരു പാടി ഉണ്ടായി. ലോകത്തിന്റെ നമ്പർ വൺ സാമ്പത്തിക ശക്്തിയായി ചൈന കുതിച്ച്. ഇന്ന് അമേരിക്കപോലും അൽപ്പം ഭയത്തോടെ കാണുന്ന, രാജ്യം തന്നെയാണ് ചൈന.

എന്നാൽ ഈ മാറ്റങ്ങൾ എല്ലാം വെറും പുറംപൂച്ച് മാത്രമാണെന്നും യഥാർഥ ചൈനീസ് ഭീകരത അങ്ങിനെ തന്നെ കിടക്കുന്നുണ്ടെന്നുമാണ്, സ്വന്തം രാജ്യത്തെ പൗരന്മാരായ ഉയിഗൂർ മുസ്ലീങ്ങൾക്കു നേരെയുള്ള ചൈനയുടെ നീക്കം കണ്ടാൽ ബോധ്യപ്പെടുക. ഇപ്പോൾ മാവോയുടെ സാംസ്കാരിക വിപ്ലവക്കാലം തിരിച്ചുവരുമെന്നും ശക്തമായ ആശങ്കയുണ്ട്. കാരണം ഒരു കോടി യുവാക്കളെയാണ് പാർട്ടി ഗ്രാമങ്ങളിലേക്ക് അയച്ചത്. രാജ്യത്തിന്റെ സംസ്‌ക്കാരവും ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതിയും ലക്ഷ്യമിട്ടാണ് ഇതെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിശദീകരണം. എന്നാൽ സാംസ്കാരിക വിപ്ലവകാലത്ത് നടത്തിയതുപോലുള്ള പ്രവർത്തനങ്ങളാണോ പാർട്ടി ലക്ഷ്യമിടുന്നതെന്ന ആശങ്കയാണ് വ്യാപകമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.കമ്മ്യൂണിസ്റ്റ് യൂത്ത് ലീഗിന്റെ നേതൃത്വത്തിലാണ് യുവാക്കളെ ഗ്രാമങ്ങളിലേക്ക് അയക്കാൻ തീരുമാനിച്ചിട്ടുള്ളത്. പുറമെ എന്തെല്ലാം പറഞ്ഞാലും ഉയിഗൂർ മുസ്ലീങ്ങളെ ലക്ഷ്യമിട്ടുള്ള ചാരപ്പണിയാണ് ഇതെന്ന് വ്യക്തമാണ്.

കമ്യൂണിസ്റ്റ് ചൈനയുടെ വടക്കുപടിഞ്ഞാറ് കിടക്കുന്ന സിൻജിയാങ് പ്രവിശ്യയിൽ, അടിമകളെപ്പോലെ ജീവിക്കുന്നവരാണ് ഉയിഗൂർ മുസ്ലീങ്ങൾ. ഇവർ മതം ഉപേക്ഷിച്ച് ദേശീയവാദികൾ ആകണം എന്നാണ് ചൈന ആഗ്രഹിക്കുന്നത്. അതിനായി 30 ലക്ഷത്തോളം വരുന്ന ഉയിഗൂർ മുസ്ലീങ്ങളെ തടവറകളിൽ അടച്ചിരിക്കയാണ് ചൈന. എന്നാൽ ഇത് തടവറയല്ല, രാഷ്ട്ര പുനർ നിർമ്മാണ കേന്ദ്രങ്ങളാണെന്നാണ് ആ കമ്യുണിസ്റ്റ് രാജ്യം പറയുന്നത്. അവിടെ എങ്ങനെ ഒരു നല്ല പൗരനാകാം എന്നാണത്രേ ചൈന ഇവരെ പഠിപ്പിക്കുന്നത്. പുരുഷന്മാർ ജയിലിലായ ഉയിഗുർ വീടുകളിലേക്ക് ഇപ്പോൾ 'ബന്ധു സഖാക്കൾ' എന്ന പേരിലാണ് ചൈന ആളുകളെ കയറ്റിവിടുന്നത്. സമ്മതമില്ലാതെ വീടുകളിൽ എത്തുന്ന ഈ അതിഥികൾ ഉയിഗൂരികൾക്കൊപ്പം ഉണ്ടും ഉറങ്ങിയും താമസിക്കും. എല്ലാകാര്യങ്ങളും റിപ്പോർട്ട് ചെയ്യും. ചൈനീസ് ഭാഷയടക്കം പുതിയ കാര്യങ്ങൾ പഠിപ്പിക്കും. അസ്വഭാവികമായ എന്തു കണ്ടാലും പെട്ടെന്ന് റിപ്പോർട്ട് ചെയ്യണമെന്നാണ് ബന്ധു സഖാക്കൾക്ക് നിർദ്ദേശം കിട്ടിയത്. '

ഹറാമായിട്ടുള്ള മദ്യവും മാംസവും കഴിക്കാൻ പ്രേരിപ്പിക്കണം, താടിയില്ലാത്തയാൾ പെട്ടെന്ന് താടിവച്ചാലും മദ്യപിക്കുന്നയാൾ പെട്ടെന്ന് നിർത്തിയാലുമൊക്കെ റിപ്പോർട്ട് ചെയ്യണം, സുന്നത്തുകല്യാണങ്ങളിൽ, പേരിടൽ ചടങ്ങുകളിൽ, ജനന- മരണങ്ങൾ തുടങ്ങിയവയിലൊക്കെ സജീവമാവണം, മിശ്രവിവാഹങ്ങൾ പരമാവധി പ്രോൽസാഹിപ്പിക്കണം തുടങ്ങിയവയാണ് ഇവർക്ക് നൽകിയ മറ്റ് നിർദ്ദേശങ്ങൾ. എന്നാൽ ഉയിഗൂരികളാകട്ടെ ഇതിൽ ഒന്നും പിടികൊടുക്കാതെ തങ്ങളുടെ വിശ്വാസവുമായി ഉറച്ച് മുന്നോട്ടുപോകുയാണ്.

നിസ്‌ക്കാരവും നോമ്പുമൊക്കെ ഉപേക്ഷിപ്പിച്ച് മുസ്്ലീങ്ങളെ അവർ അല്ലാതാക്കുകയാണ് ചൈനയുടെ ലക്ഷ്യം. എന്നാൽ ഈ രീതിയിലുള്ള പീഡനങ്ങൾ ഉണ്ടായിട്ടും അറബ് ലോകം അടക്കമുള്ള ഇസ്ലാമിക ലോകം പോലും ഈ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ മൗനം പാലിക്കയാണ്. കാരണം ചൈനയുമായുള്ള വ്യാപാര - വ്യവസായ ബന്ധങ്ങൾ തന്നെ. ആകെ പ്രതികരിക്കുന്നത് പാശ്ചാത്യ മനുഷ്യാവകാശ സംഘടകൾ മാത്രമാണ്. പാക്കിസ്ഥാനോ ഇറാനോപോലും ഇവർക്കുവേണ്ടി നിലകൊണ്ടിട്ടില്ല. കേരളത്തിൽ നോക്കുക. റോഹീങ്ക്യൻ മുസ്ലീങ്ങൾക്കുവേണ്ടി വലിയ റാലികൾ നടന്ന ഇവിടെ, ഉയിഗൂർ മുസ്ലീങ്ങളുടെ കാര്യം ആരും മിണ്ടുന്നില്ല.

ക്ഷണിക്കപ്പെടാത്ത അതിഥികൾ വാതിലിൽ മുട്ടുമ്പോൾ

രാജ്യത്തെ ഭൂരിപക്ഷത്തിന്റെതിൽനിന്ന് മാറിയുള്ള മതവും ആചാരങ്ങളും രാഷ്ട്രീയവും ജീവിതരീതിയുമാണ് നിങ്ങളുടേത് എന്ന വെക്കുക. അതിന്റെ പേരിൽ ഭരണകൂടം നമ്മുടെ വീട്ടിലെ പുരുഷന്മാരെ 'നന്നാക്കാൻ' വേണ്ടി ക്യാമ്പുകളിൽ തടവിലാക്കുന്നു. തുടർന്ന് 'നിങ്ങൾക്കിതാ ഒരു ബന്ധു' എന്ന് പറഞ്ഞ് ഒരു സർക്കാർ പ്രതിനിധിയെ നമ്മുടെ വീട്ടിലേക്കയക്കുന്നു. അയാൾ നമ്മുടെ വീട്ടിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുകയും ഇനിമുതൽ ഈ ഭാഷയും സംസ്‌കാരവുമാണ് നിങ്ങൾ പിന്തുടരേണ്ടത് എന്ന് പറയുകയും ചെയ്യുന്നു. തീർന്നില്ല, നമ്മുടെ വീട്ടിലെ സ്ത്രീക്കൊപ്പം, ക്യാമ്പുകളിലാക്കപ്പെട്ടവരുടെ ഭാര്യയ്ക്കൊപ്പം ഒരേ കിടക്കയിൽ ഈ സർക്കാർ ചാരൻ ഉറങ്ങുകയും ചെയ്യുന്നു. പുരുഷന്മാർ ഇല്ലാത്ത വീടുകളിൽ പലപ്പോഴും ചാര വനിതകളാണ് എത്താറുള്ളതെന്നുമാത്രം. ഇതാണ് ചൈനയിൽ ഉയിഗുർ വംശജരുടെ അവസ്ഥ അതാണ്.

ഉയിഗുറുകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സിസിടിവി നിരീക്ഷണങ്ങളും അവരുടെ വീടുകളിൽ നിർബന്ധിതമായി ഗവൺമെന്റിന്റെ ചാരന്മാരെ പാർപ്പിക്കലും കുറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന് സർക്കാരിന് തോന്നുന്ന ഉയിഗുറുകളെ വലിയ റീഎജുക്കേഷൻ സെന്ററുകളിൽ പാർപ്പിച്ച് ചൈനീസ് വിദ്യാഭ്യാസം നൽകലും ഒക്കെ ഇതിന്റെ ഭാഗമായി നടന്നുപോരുന്നുണ്ട്. ഇപ്പോൾ, വന്നിരിക്കുന്ന വാർത്ത മനുഷ്യാവകാശത്തിന്റെ കടുത്ത ലംഘനങ്ങളിലൊന്ന് തന്നെയാണ്. ഇങ്ങനെ തടങ്കലിൽ പാർപ്പിച്ചുകൊണ്ടിരിക്കുന്ന പുരുഷന്മാരുടെ വീടുകളിലേക്ക് അയക്കപ്പെടുന്ന ഗവൺമെന്റ് ചാരൻ/ കേഡറുകളെ സംബന്ധിച്ചാണത്. 

2017 -ന്റെ അവസാനം മുതൽ, ഉയിഗൂരിലെ കുടുംബങ്ങളിലേക്ക് ഉദ്യോഗസ്ഥരെത്തുകയും അവരെ ചൈനീസ് സംസ്‌കാരം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. 'ജോഡിയാക്കി കുടുംബമാക്കുക' (Pair Up and Become Family) എന്നത് ചൈനീസ് സർക്കാർ ഉയിഗുറുകൾക്ക് നേരെ നടപ്പിലാക്കുന്ന അനേകം നയങ്ങളിലൊന്നായിരുന്നു. 2017 ഏപ്രിൽ മുതൽ തന്നെ ഇങ്ങനെ വ്യത്യസ്തമായ മതാചാരങ്ങളെ ഉൾക്കൊള്ളുന്നവരെയും മറ്റ് രാഷ്ട്രീയത്തിൽ (അധികൃതരുടെ ഭാഷയിൽ തെറ്റായ രാഷ്ട്രീയം) വിശ്വസിക്കുന്നവരെയും ഉൾക്കൊള്ളുന്ന 1.5 ദശലക്ഷം ഉയിഗുർ വംശജരെയും മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങളെയും പാർപ്പിക്കുന്നതിനായി ക്യാമ്പുകൾ പണിയുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയിരുന്നു.

ഇങ്ങനെ പുരുഷന്മാർ തടങ്കലിലായിരിക്കുന്ന പല വീടുകളിലും ബന്ധു സഖാവ് എന്ന പേര് നൽകിയിരിക്കുന്ന ഒരു സർക്കാർ പ്രതിനിധി എത്തുകയും ഈ ബന്ധു വീട്ടിലെ കാര്യങ്ങളിൽ വീട്ടിലെ അംഗത്തെപ്പോലെ ഇടപെടുകയും ചെയ്യുന്നു. ഈരണ്ടു മാസത്തിൽ ഓരോ വീട്ടിലും ആറ് ദിവസമെങ്കിലും ഇവർ താമസിക്കും. ഇതുസംബന്ധിച്ച് ബിബിസി ഒരു കേഡറെ കണ്ട് രഹസ്യമായി എടുത്ത ഇന്റവ്യുവിൽ ഇങ്ങനെയാണ് പറയുന്നത്. 'ഈ ബന്ധുക്കൾ എല്ലാ രണ്ട് മാസം കൂടുമ്പോഴും ഈ വീടുകളിലെത്തും. ജോഡികളെന്ന് പറഞ്ഞിരിക്കുന്നവരുമായി ഒരുമിച്ച് കഴിയും. പകൽ മാത്രമല്ല, രാത്രികളിലും അവർക്കൊപ്പം തന്നെയാണ് കഴിയേണ്ടത്. കുടുംബത്തിന് പുതിയ ആശയസംഹിതകളും ആശയങ്ങളും പഠിപ്പിക്കും. ജീവിതത്തെ കുറിച്ച് സംസാരിക്കും. ആ സമത്താണ് നമുക്കിടയിലൊരു ബന്ധം രൂപപ്പെട്ടുവരുന്നത്. ഒരുമിച്ച് വീട്ടിലെ കാര്യങ്ങൾ നോക്കുകയും ഭക്ഷണം കഴിക്കുകയും മാത്രമല്ല. രാത്രിയിൽ ഈ വീട്ടിലെ സ്ത്രീകൾക്കൊപ്പം ഒരേ കിടക്കയിൽ തന്നെയാണ് ഉറങ്ങുന്നതും. പ്രത്യേകിച്ച് മഞ്ഞുകാലങ്ങളിൽ... സാധാരണ ഒന്നോ രണ്ടോ പേരോ ആണ് ഒരു ബെഡ്ഡിൽ കിടക്കുന്നതെങ്കിൽ മഞ്ഞുകാലമെത്തിയാൽ മൂന്നോ അതിലധികമോ പേരൊക്കെ ഒരു ബെഡ്ഡിൽ കിടക്കും'- പേരുവെളിപ്പെടുത്താത്ത ആ കേഡർ പറയുന്നു.

ശരിയായ രീതിയിൽ കിടപ്പറ ഒരുക്കുന്നതിനും മറ്റും നമ്മളവരെ സഹായിക്കാറുണ്ട്. ഇനി അഥവാ എത്തുന്ന വീട്ടിൽ കട്ടിലില്ലെങ്കിൽ അവരെവിടെയാണോ കിടക്കുന്നത് ആ സ്ഥലത്ത് തന്നെ അവരുടെ കൂടെത്തന്നെ നമ്മളും കിടക്കും. എല്ലാവർക്കും ഒരുമിച്ച് കിടക്കാവുന്ന ഒരിടത്ത് എല്ലാവരും ചേർന്ന് തൊട്ടുമുട്ടിയായിരിക്കും പലപ്പോഴും കിടക്കുക. ഞങ്ങളാരും ഒരിക്കലും സ്ത്രീകളെ ചൂഷണം ചെയ്യാറില്ല. അങ്ങനെയൊന്ന് കേൾക്കാനും പറ്റില്ല. ഇപ്പോൾ, ഇങ്ങനെ വരുന്ന ബന്ധുക്കൾക്കൊപ്പം ഒരുമിച്ചുറങ്ങുക എന്നത് സാധാരണമായിത്തന്നെയാണ് അവർ കാണുന്നത്. അധികം വരുന്നത് വനിതകൾ ആയതിനാൽ ലൈംഗിക ചൂഷണത്തെക്കുറിച്ച് പരാതി ഉണ്ടായിട്ടില്ല. പക്ഷേ പുരുഷ ചാരന്മാർ കുട്ടികൾക്കൊപ്പമാണ് ഉറങ്ങുക.

ഈ ഉയിഗുറുകളുടെ വീട്ടിൽ തങ്ങാനെത്തുന്നവർ അവർ കഴിക്കാത്ത തരത്തിൽ/ഹറാമായിട്ടുള്ള മദ്യവും മാംസവും ഒക്കെക്കൊണ്ടാണ് എത്തുക. തുടർന്ന്, അവരെ അവ കഴിക്കാൻ പ്രേരിപ്പിക്കുകയും ചൈനീസ് ഭാഷ പഠിപ്പിക്കുകയും മറ്റും ചെയ്യുകയാണ് എന്നും വിവരങ്ങളുണ്ട്. ഏതായാലും ചൈനീസ് സർക്കാർ ഉയിഗുർ വംശജരോട് കാണിക്കുന്ന ഈ അങ്ങേയറ്റത്തെ മനുഷ്യാവകാശലംഘനങ്ങൾ ലോകത്തിന്റെ തന്നെ ശ്രദ്ധയാവശ്യപ്പെടുന്നതാണ്.

ന്യൂയോർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹ്യുമൻ റൈറ്റ്സ് വാച്ചിന്റെ കണക്കനുസരിച്ച് 2017 ഡിസംബറിൽ, അധികൃതർ ഒക്ടോബർ 2016 -ലെ 'പെയർ അപ്പ് ആൻഡ് ഫാമിലി ഡ്രൈവ്' വിപുലീകരിച്ചു. ഇതനുസരിച്ച് രണ്ട് മാസത്തിലൊരിക്കൽ ഒരു ലക്ഷത്തിലധികം ഉദ്യോഗസ്ഥർ ഉയിഗുർ വീടുകൾ സന്ദർശിക്കുന്നുണ്ട്. ഒരു ദശലക്ഷത്തിലധികം കേഡർമാരെ ആഴ്ചയിൽ വീടുകളിൽ ചെലവഴിക്കാൻ വേണ്ടി അണിനിരത്തിയിട്ടുണ്ട്, പ്രാഥമികമായും അത് നടപ്പിലാക്കിയിരിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്.  ഉദ്യോഗസ്ഥർ വീട്ടിലെത്തി ചെലവഴിച്ചതിന്റെ റിപ്പോർട്ടുകൾ ഫോട്ടോ സഹിതം തയ്യാറാക്കപ്പെടുന്നു. പലതും ബന്ധപ്പെട്ട ഏജൻസികളുടെ ഫേസ്‌ബുക്ക് പേജുകളിലും പങ്കുവെക്കപ്പെടുന്നു. വീട്ടിലെ അംഗങ്ങളെപ്പോലെ അടുത്തിടപഴകുന്ന തരത്തിലുള്ള ചിത്രങ്ങളാണ് പങ്കുവെക്കപ്പെടുന്നത്. ഒരുമിച്ചിരിക്കുന്നതും ഉറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതും കുട്ടികളെ പഠിപ്പിക്കുന്നതുമടക്കമുള്ള ചിത്രങ്ങളാണ് പങ്കുവെക്കുന്നത്. അതിന് ഈ വീട്ടുകാരുടെ സമ്മതമുണ്ടോ എന്നത് വ്യക്തമല്ല. ഉയിഗുർ വംശജരും ഇങ്ങനെ ഫോട്ടോ 'ഇതാ എന്റെ പുതിയ ബന്ധു' എന്ന മട്ടിൽ സാമൂഹ്യമാധ്യമങ്ങളിലും മറ്റും പങ്കുവെച്ച് കാണാറുണ്ട്. എന്നാലിത് നിർബന്ധിതമായി ചെയ്യിക്കുകയോ, ആ ഉദ്യോഗസ്ഥൻ തന്നെ പങ്കുവെക്കുന്നതോ ആവാം.

മ്യൂണിച്ച് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വേൾഡ് ഉയിഗുർ കോൺഗ്രസ് പ്രസിഡണ്ട് പറയുന്നത് 'പെയർ അപ്പ് ആൻഡ് ബികം ഫാമിലി' കാമ്പയിൻ ഈ മനുഷ്യരുടെ സ്വകാര്യതയിലേക്കും സുരക്ഷിതത്വത്തിലേക്കും സാധാരണഗതിയിലുള്ള ജീവിതത്തിലേക്കുമുള്ള പൂർണമായ കടന്നുകയറ്റമാണ് എന്നാണ്. ഒരു മോചനവും സാധ്യമല്ലാത്ത തരത്തിലുള്ള തടവറകളായി ഉയിഗുർ വംശജരുടെ വീടുകൾ മാറുന്നു എന്നും അദ്ദേഹം പറയുന്നു.

മതനാമം കൊണ്ടുനടക്കുന്നതും തീവ്രവാദം

അന്ധവിശ്വാസങ്ങളിൽ അഭിരമിക്കുന്ന പാർശ്വവൽകൃതരായ ഉയിഗൂർ മുസ്ലീങ്ങളെ അതിൽ നിന്നെല്ലാം അടർത്തിയെടുത്ത് മതേതര മുഖ്യധാരാ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുന്നതിന് ഇങ്ങനെ നിഴൽപോലെ കൂടെ നടക്കുന്ന നവാഗത ബന്ധുക്കൾ വേണമെന്നാണ് സർക്കാർ പറയുന്നത്. ചൈനയിൽ സി ജിൻ പിങ് ഭരണത്തിലേറിയപ്പോൾ മുതൽ ഉയിഗൂർ മുസ്ലിങ്ങളുടെ തെരുവുകളിൽ മുക്കിനുമുക്ക് ഗവണ്മെന്റിന്റെ കണ്ണുകളാണ്. ഇപ്പോൾ തന്നെ, മുഖം തിരിച്ചറിയാൻ കഴിയുന്ന സിസിടിവി ക്യാമറകൾക്ക് മുന്നിലൂടെയല്ലാതെ അവർക്ക് വീടിന്റെ പടിവിട്ട് ഒരടിപോലും വെക്കാനാവില്ല. ഈ പുതിയ പരിഷ്‌കാരം ഒരുപടികൂടി കടന്ന്, അവരുടെ വീടിനുള്ളിലും സർക്കാരിന്റെ ചാരക്കണ്ണുകൾ സ്ഥാപിച്ചിരിക്കുകയാണ്.ഒരുവാക്ക് ഒക്കെ മതിയാവും അവരെ സർക്കാർ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും തുടർന്നുള്ള പീഡനങ്ങൾക്കിരയാക്കാനും..

ചൈനയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെ കണക്കുകളനുസരിച്ച് ഏകദേശം പത്തുലക്ഷത്തോളം ഉയിഗൂർ മുസ്ലിങ്ങൾ 'ഭീകരവാദം' എന്ന വിശാലമായ ആരോപണം നേരിട്ട് കരുതൽ തടങ്കലുകളിൽ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ സിം ജിയാങ്ങിലെ പ്രവിശ്യാഭരണകൂടത്തിന്റെ മുൻകൈയിൽ 'ഒരേ കുടുംബമാവൽ' വാരം സംഘടിപ്പിക്കുകയുണ്ടായി. ഉയിഗൂർ കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കുന്ന, അവർക്കുവേണ്ടി കറിക്കരിഞ്ഞുകൊടുക്കുന്ന, അവർക്കൊപ്പം അത്താഴമുണ്ണുന്ന നവാഗതബന്ധുജനങ്ങളുടെ നന്മനിറഞ്ഞ സേവനങ്ങളുടെ സചിത്ര വർണ്ണനകൾ അയിരുന്നു എങ്ങും.

സർക്കാരിന്റെ ചാരക്കണ്ണുകൾക്കുള്ള ടെസ്റ്റ് റൺ ആയിരുന്നു യഥാർത്ഥത്തിൽ ഡിസംബറിലെ 'ഒരേ കുടുംബമാവൽ' വാരാഘോഷം.. ഫെബ്രുവരിയായപ്പോഴേക്കും, സിൻ ജിയാങ് യുണൈറ്റഡ് ഫ്രണ്ട് വർക്‌സ് ഡിപ്പാർട്ടുമെന്റ് വക ഉത്തരവിറങ്ങി. സർക്കാർ ഉദ്യോഗസ്ഥരെല്ലാം തങ്ങളുടെ നിയുക്ത ബന്ധുകുടുംബങ്ങളോടൊപ്പം രണ്ടുമാസത്തിലൊരിക്കൽ ചുരുങ്ങിയത് അഞ്ചു ദിവസത്തേക്കെങ്കിലും താമസിച്ചിരിക്കണം'. പൊതുമേഖലയിൽ തൊഴിലെടുക്കുന്ന പാർട്ടി സഖാക്കൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ ഇതിനകം നൽകപ്പെട്ടിട്ടുണ്ട്. തങ്ങളുടെ നവബന്ധുക്കളുടെ കുടിപാർപ്പുകളിൽ, സുന്നത്തുകല്യാണങ്ങളിൽ, പേരിടൽ ചടങ്ങുകളിൽ, അടുത്ത ബന്ധുജനങ്ങളുടെ ജനന മരണ വിവാഹ അടിയന്തിരങ്ങളിൽ ഒക്കെ ഇനി അവർ പങ്കെടുത്തേ മതിയാവൂ.. ഓരോ കുടുംബാംഗത്തിന്റെയും രാഷ്ട്രീയ ചായവ് സാമൂഹികവ്യാപാരങ്ങൾ, മതം, വരുമാനം, അവരുടെ ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, ഇതിനൊക്കെപ്പുറമെ, അവരുടെ അടുത്ത ബന്ധുക്കളുടെ വിശദവിവരങ്ങൾ ഒക്കെയും അറിഞ്ഞിരിക്കാൻ പാർട്ടി ചാരന്മാർ ബാധ്യസ്ഥരാണ്. കുടുംബങ്ങൾക്ക് ഈ സൗജന്യനിരീക്ഷണത്തിനു പുറമെ സർക്കാർ നൂറു രൂപയ്ക്കും അഞ്ഞൂറ് രൂപയ്ക്കുമിടയിൽ ഒരു സംഖ്യ, ഭക്ഷണച്ചെലവുകൾ വഹിക്കുന്നതിലേക്കായി സർക്കാർ അനുവദിക്കുന്നതാണ്. ഇങ്ങനെ ബന്ധുത്വത്തിന് നിയുക്തരാവുന്ന സഖാക്കന്മാർ 'ഉയിഗർ വംശജരുടെ വീടുകൾക്കുള്ളിൽ മാത്രമല്ല, അവരുടെ ഹൃദയങ്ങൾക്കുള്ളിൽകൂടിയാണ് അധിവസിക്കുന്നത് ' എന്നാണ് പാർട്ടി പത്രം മുഖപ്രസംഗമെഴുതിയത്. മിശ്ര വിവാഹങ്ങൾ പ്രോൽസാഹിപ്പിച്ചും അവർ ഉയിഗൂരുകാരെ ചൈനയിൽ ലയിപ്പിക്കുന്നുണ്ട്.

ഉയിഗൂരികളുടെ ശ്മശാനങ്ങൾ ഇനി അമ്യൂസ്മെന്റ് പാർക്ക്

2014 മുതൽ ചൈനീസ് സർക്കാർ തോണ്ടിനിരത്തിയത് ഉയിഗൂരികളുടെ 45 ശ്മശാനങ്ങളാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ഇതിൽ മുപ്പതെണ്ണവും തോണ്ടിയത്. ആഗോളതലത്തിൽ പലതരത്തിലുള്ള നടപടികളും ഇതിന്റെ പേരിൽ ചൈനയ്‌ക്കെതിരെ വന്നു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഉയിഗറുകളോടുള്ള വിവേചനത്തിന്റെ പേരിൽ ചൈനയിലെ ചില ഉദ്യോഗസ്ഥർക്ക് അമേരിക്ക വിസ നിഷേധിക്കുന്നത്.പ്രസിദ്ധ ഉയിഗുർ കവി ലുട്ട്പുള്ള മുട്ടലിപ്പ് അന്ത്യവിശ്രമം കൊള്ളുന്ന ഒരു വലിയ ഖബറിസ്ഥാനുണ്ടായിരുന്നു അക്സുവിൽ. ഇപ്പോൾ അത് ചൈനീസ് സർക്കാറിന്റെ വക ഒരു അമ്യൂസ്മെന്റ് പാർക്കായി മാറിയിട്ടുണ്ട്. 'ഹാപ്പിനെസ്സ് പാർക്ക്' എന്നാണ് പുതിയ പേര്.ആ ഖബറിടങ്ങൾ നിന്നിടത്ത് ഇന്ന് കോൺക്രീറ്റിൽ തീർത്ത പാണ്ട പ്രതിമകളുണ്ട്, കുട്ടികൾക്കുള്ള യന്ത്രഊഞ്ഞാലുകളുണ്ട്, ഒരു കൃത്രിമ തടാകവുമുണ്ട്. ആ പ്രദേശം, മുമ്പ് ഉയിഗുറുകളെ സംബന്ധിച്ചിടത്തോളം ഒരു തീർത്ഥാടന കേന്ദ്രത്തിനു സമമായിരുന്ന ഇടമാണ്. അവിടെ മണ്ണിൽ ഉണ്ടായിരുന്ന എല്ലും തലയോട്ടികളും എല്ലാം ഒന്നിച്ച് ജെസിബിക്ക് വാരി ട്രക്കുകളിൽ കയറ്റി, ദൂരെയെങ്ങോ ഒരു മരുഭൂമിയിലുള്ള പുതിയ ശ്മശാനത്തിലേക്ക് മാറ്റിയിട്ടുണ്ട് സർക്കാർ.

ഉയിഗുറുകൾക്ക് അവരുടെ പൂർവികരുടെ ഖബറിടങ്ങളിൽ ചെന്നിരുന്ന് പ്രാർത്ഥനകൾ അർപ്പിക്കുകയും പൂക്കളും മറ്റും കൊണ്ടുവെക്കുകയും ഒക്കെ ചെയ്യുന്ന പതിവുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഖബറുകൾ അവർ എന്നും നല്ലപോലെ സൂക്ഷിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ കാത്തുസൂക്ഷിച്ചു പോന്ന ഖബറിടങ്ങളാണ് യാതൊരു മുന്നറിയിപ്പും കൂടാതെ യന്ത്രസഹായത്തോടെ ഇടിച്ചു നിരത്തി, തോണ്ടി മാറ്റിയിരിക്കുന്നത്. അവിടെയിപ്പോൾ അവശേഷിക്കുന്നത് ഒറ്റപ്പെട്ട ചില തലയോട്ടികളും എല്ലുകളും മാത്രമാണ്. ഇനിയവർക്ക് ചെന്നിരുന്ന് പ്രാർത്ഥിക്കാൻ ഒരിടമില്ല. അതുതന്നെയാണ് സർക്കാരിന്റെയും ലക്ഷ്യം.

മിണ്ടാട്ടമില്ലാതെ അറബ് രാജ്യങ്ങളും ഇസ്ലാമിക ലോകവും

എന്നാൽ ഏറ്റവും ഭയാനകം പാശ്ചാത്യ മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും ഒഴിച്ചാൽ ഇസ്ലാമിക ലോകത്തുനിന്നുപോലും ഉയിഗൂരികൾക്ക് വേണ്ടത്ര പിന്തുണ കിട്ടിയിട്ടില്ല ്എന്നതാണ്. രാഷ്ട്രാന്തരീയ തലത്തിൽ ഈ പ്രശ്നം സജീവമാകാതെ പോകുന്നത് ചൈനയുടെ തന്ത്രപരമായ നീക്കം കാരണമാണ്. ഉയിഗൂർ മുസ്ലീങ്ങൾ വംശീയമായി തുർക്കികളാണെങ്കിലും അടുത്തകാലംവരെ തുർക്കി ചൈനക്കെതിരെ രംഗത്ത് വരാൻ മടിച്ചു. വാണിജ്യ രംഗത്തുള്ള സഹകരണമാണ് പ്രധാനം. അറബ് ലോകം സ്വന്തം പ്രശ്നങ്ങളിൽ ഉഴലുകയാണ്. അവർക്ക് ഉയിഗൂർ പ്രശ്നത്തിൽ ഇടപെടാൻ കഴിയില്ല. പാക്കിസ്ഥാൻ ചൈനയുടെ അടുത്ത സുഹൃദ് രാജ്യമാണ്. അമേരിക്കയും പാശ്ചാത്യ നാടുകളുമാണ് ഉയിഗൂർ പ്രശ്നം പലപ്പോഴും അന്താരാഷ്ട്ര വേദിയിൽ അവതരിപ്പിക്കുക. പക്ഷേ, അവയൊക്കെ ജലരേഖകളായി മാറുകയാണ് പതിവ്.

ചൈനയിലെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ നരകയാതന അനുഭവിക്കുന്ന മുസ്ലിംകൾ തങ്ങളുടെ യാതനകൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോടു പങ്കുവച്ചതിനെ തുടർന്ന് രാജ്യാന്തര തലത്തിൽ ചൈനയ്ക്കെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. ചിലമേഖലകളിലെ തീവ്ര മതമൗലികവാദങ്ങളെയും കലാപങ്ങളെയും നേരിടാനാണ് രാജ്യത്ത് ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ തുടങ്ങിയതെന്നായിരുന്നു ചൈനയുടെ വിശദീകരണം.

ചൈനയിൽ മുസ്ലിങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് തുർക്കി ആവശ്യപ്പെട്ടിരുന്നു. ചൈനീസ് സർക്കാരിന്റെ നേതൃത്വത്തിൽ ഉയിഗൂർ മുസ്ലിങ്ങൾക്കെതിരെ കടുത്ത മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. മനുഷ്യത്വത്തിന് നാണക്കേടാണ് ചൈനീസ് സർക്കാരിന്റെ നടപടിയെന്ന് വിമർശിച്ച തുർക്കി കോൺസൻട്രേഷൻ ക്യാംപുകൾ അടച്ചുപൂട്ടാനും ആവശ്യപ്പെട്ടു. ഇതിന് അപ്പുറത്തേക്ക് ഒന്നും തുർക്കിക്കും ചെയ്യാനാകുന്നില്ല. പടിഞ്ഞാറൻ ചൈനയിൽ ടർക്കിഷ് മുസ്ലിങ്ങളും സമാനമായ സാഹചര്യം നേരിടുന്നുണ്ടെന്നും മതവിശ്വാസികളെ ചൈനീസ് സർക്കാർ വേട്ടയാടുകയാണെന്നും തുർക്കി ആരോപിച്ചു ചൈന നടത്തുന്നത് വംശഹത്യയാണെന്ന് തുർക്കി പ്രസിഡന്റ് എർദോഗാനും ആരോപിച്ചിരുന്നു.

കോൺസൻട്രേഷൻ ക്യാംപുകൾക്ക് പുറമെ ചൈനയുടെ ചിലയിടങ്ങളിൽ വിശ്വാസത്തെ പിന്തുടരാൻ മുസ്ലിങ്ങൾക്ക് അവകാശമില്ല. വ്രതാനുഷ്ടാനത്തിനും പ്രാർത്ഥനയ്ക്കും താടി വെയ്ക്കുന്നതിനും ഹിജാബ് ധരിക്കുന്നതിനും നിരോധനമുണ്ട്.കഴിഞ്ഞ ഓഗസ്റ്റിലാണ് ചൈനയിലെ കോൺസൻട്രേഷൻ ക്യാംപുകളിൽ പത്തുലക്ഷത്തിലേറെ മുസ്ലിങ്ങൾ ഉണ്ടെന്ന് ഐക്യരാഷ്ട്ര സഭ സ്ഥിരീകരിച്ചത്. ബീജിങ് യു.എന്നിനെ തള്ളിയെങ്കിലും ക്യാംപിൽ നിന്ന് പുറത്തെത്തിയവരുടെ തുറന്ന് പറച്ചിലുകൾ ചൈനയെ പ്രതിരോധത്തിലാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP