Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണ പാത്രത്തിൽ വീഞ്ഞു കുടിച്ചിരുന്ന കമ്യൂണിസ്റ്റുകാർ ഭരിച്ചിരുന്ന നാട്; ഡ്രാക്കുള യാത്ര ആരംഭിച്ച നഗരം; അരാജക വാദത്തിന്റെയും വ്യഭിചാരത്തിന്റെയും ലോകതലസ്ഥാനം; ഒരു നഗരം മുഴുവൻ പഠിക്കുന്നത് കമ്പ്യൂട്ടറിൽ നിന്നുള്ള മോഷണം; ഒടുവിൽ കേരളത്തിലെത്തിയ എടിഎം തട്ടിപ്പിന്റെ വേരുകൾ തേടി പോകുമ്പോൾ

സ്വർണ പാത്രത്തിൽ വീഞ്ഞു കുടിച്ചിരുന്ന കമ്യൂണിസ്റ്റുകാർ ഭരിച്ചിരുന്ന നാട്; ഡ്രാക്കുള യാത്ര ആരംഭിച്ച നഗരം; അരാജക വാദത്തിന്റെയും വ്യഭിചാരത്തിന്റെയും ലോകതലസ്ഥാനം; ഒരു നഗരം മുഴുവൻ പഠിക്കുന്നത് കമ്പ്യൂട്ടറിൽ നിന്നുള്ള മോഷണം; ഒടുവിൽ കേരളത്തിലെത്തിയ എടിഎം തട്ടിപ്പിന്റെ വേരുകൾ തേടി പോകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരത്ത് അരങ്ങേറിയ എടിഎം തട്ടിപ്പ് രാജ്യാന്തരതലത്തിൽ റൊമേനിയയെന്ന യൂറോപ്യൻ രാജ്യത്തെ ചെറുപ്പക്കാർ കാട്ടിക്കൂട്ടുന്ന സൈബർ ക്രൈമുകളുടെ കൂട്ടത്തിലെ ഒരു കുട്ടിക്കളി മാത്രം. ലോകത്തെവിടെയും സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും നടന്നാലും പൊലീസ് ആദ്യമന്വേഷിക്കുന്നത് ഇതിൽ റൊമേനിയക്കാർക്ക് എന്താണ് പങ്കെന്നാണ്. ഇവിടെ നമ്മുടെ നാട്ടിലും എടിഎമ്മുകളിൽ നിന്ന് ഇടപാടുകാരുടെ വിവരങ്ങൾ ചോർത്തി ലക്ഷങ്ങൾ അടിച്ചുമാറ്റിയ സംഘം റൊമേനിയയിൽ നിന്നുതന്നെയെന്ന വാർത്തകൾ പുറത്തുവന്നുകഴിഞ്ഞു. ഒരാൾ പിടിയിലാകുകയും മുന്നുപേർക്കായി തിരച്ചിൽ നടക്കുകയും ചെയ്യുന്നു.

ലോകമെമ്പാടും വർഷങ്ങളായി, കൃത്യമായി പറഞ്ഞാൽ ഒരു ദശാബ്ദത്തിലേറെയായി റൊമേനിയക്കാർ ഈ പരിപാടി തുടങ്ങിയിട്ട്. കേരളത്തിൽ, ഒരുപക്ഷേ ഇന്ത്യയിൽത്തന്നെ ആദ്യമായാണ് ഇത്തരത്തിൽ എടിഎം ഇടപാടുകാരുടെ വിവരങ്ങൾ അവർപോലും അറിയാതെ ചോർത്തി പണം കവരുന്നതെങ്കിലും ഇതൊരു പഴഞ്ചൻ തന്ത്രമാണ് റൊമേനിയക്കാർക്ക്. വർഷങ്ങൾക്കുമുമ്പേ സമ്പന്ന രാജ്യങ്ങളിൽ അവിടത്തെ ചെറുപ്പക്കാർ ഉപയോഗിച്ച് പഴകിയ ഒരു തട്ടിപ്പ്.

ഇന്റർനെറ്റും കമ്പ്യൂട്ടറും സോഫ്റ്റ് വെയറുകളും ഇപ്പോൾ സ്മാർട്ട് ഫോണുകളുംവരെ ഉപയോഗിച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളുടെ വേരുകൾ തേടിച്ചെന്നാൽ എത്തുന്നത് അതെല്ലാം അവസാനിക്കുന്നത് ഈ യൂറോപ്യൻ രാജ്യത്തിൽത്തന്നെ. കൃത്യമായി പറഞ്ഞാൽ മധ്യ റൊമേനിയയിലെ ഒരു കൊച്ചു പട്ടണത്തിൽ. മിക്ക ലോകരാജ്യങ്ങളിലേയും സൈബർ കുറ്റാന്വേഷകർ ഹാക്കർ വില്ലയെന്ന ചെല്ലപ്പേരിട്ടുവിളിക്കുന്ന റംനികു വാൽഷ്യയാണ് ഈ ആധുനിക കവർച്ചകളുടെ ഉറവിടം.

ലോകത്തെ വൻകിട സൈബർ കവർച്ചകളെല്ലാം അതിവിദഗ്ധമായി ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന ഒരു നഗരമാണ് ഇന്ന് റംനികു വാൽഷ്യ. കൗമാരം വിടാത്ത കുട്ടികൾപോലും പരിശീലിക്കുന്നത് ഇന്റർനെറ്റ് ഹാക്കിങ്. ബാങ്കുകളുടേയും ഓൺലൈൻ വിൽപന സൈറ്റുകളുടേയും ഇന്റർനെറ്റ് സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സൈറ്റുകളുടേയും ഉള്ളിൽ നുഴഞ്ഞുകയറി എങ്ങനെ പണം അപഹരിക്കാമെന്ന് അവർ ചെറുപ്രായത്തിലേ പഠിച്ചെടുക്കുന്നു. അതിൽ 'ഗവേഷണം' നടത്തുന്നു.

കൂട്ടമായെത്തി വീടുകളിൽ നിന്ന് സ്വർണവും പണവും അടിച്ചുമാറ്റി മടങ്ങുന്ന തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തിനു തുല്യമായി രാജ്യാന്തര തലത്തിൽ സൈബർ മോഷണം നടത്തുന്ന ഒരു തിരുട്ടു പട്ടണമാണ് റംനികു വാൽഷ്യെയെന്ന് പറയാം. കഴിഞ്ഞ ഒരു വർഷക്കാലത്തിനിടയിൽ മാത്രം റൊമേനിയക്കാർ ചോർത്തിയത് 6500 കോടിയിൽപ്പരം രൂപയാണെന്നു പറയുമ്പോൾത്തന്നെ ഓൺലൈൻ ഭൂപടത്തിലെ ഈ തിരിട്ടു നഗരത്തിന്റെ കിടപ്പ് മനസ്സിലാക്കാം.

സൈബർ കൊള്ളയുടെ തുടക്കം ഡ്രാക്കുള യാത്രതുടങ്ങിയ നഗരത്തിൽനിന്ന്

ബ്രാംസ്റ്റോക്കറുടെ വിഖ്യാത കഥാപാത്രമായ ഡ്രാക്കുള യാത്രതുടങ്ങുന്ന പ്രദേശമാണ് ട്രാൻസിൽവാനിയ. രക്തംകുടിക്കാൻ ഇംഗ്ലണ്ടിലേക്കുള്ള യാത്ര. ഈ ട്രാൻസിൽവാനിയക്കടുത്തുള്ള മലനിരകൾക്ക് സമീപത്തായി റൊമേനിയയിലെ വാൽഷ്യ കൗണ്ടിയുടെ തലസ്ഥാന നഗരമാണ് റംനികു വാൽഷ്യ. 1.2 ലക്ഷം മാത്രം താമസക്കാരുള്ള നഗരം. പക്ഷേ, ലോകത്തെമ്പാടുമുള്ള കുറ്റാന്വേഷർ ഹാക്കർ വില്ലയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന നഗരം. ഇവിടെനിന്നാണ് ഡ്രാക്കുളയെപ്പോലെ ലോകത്തെ നഗരങ്ങളിലേക്കെല്ലാം സൈബർ കുറ്റവാളികൾ ചിറകുവിരിച്ച് പറക്കുന്നത്. വിലകൂടിയ വിദേശ കാറുകൾ സ്വന്തമാക്കുന്നതിനുവേണ്ടി സകലവിധ ഓൺലൈൻ തട്ടിപ്പുകൾക്കും ചുക്കാൻ പിടിക്കുന്നവരുടെ താവളം.

റൊമേനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിൽ നിന്ന് ദേശിയപാത ഏഴിലൂടെ മൂന്നുമണിക്കൂറോളം യാത്രചെയ്താൽ ട്രാൻസിൽവാനിയൻ മലനിരകൾക്കടുത്തായാണ് ഈ ചെറുപട്ടണം. പൊട്ടിപ്പൊളിഞ്ഞ് വീഴാറായ കെട്ടിടങ്ങൾ, മുറ്റങ്ങളിൽ ചിക്കിനടക്കുന്ന കോഴികൾ, അങ്ങുമിങ്ങും അലക്കി തൂക്കിയിട്ട വസ്ത്രങ്ങൾ. ഒരു പഴഞ്ചൻ നഗരമെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന നഗരത്തിൽ മെഴ്‌സിഡസ് ബെൻസിന്റെ ഷോറൂം കണ്ടാൽ ആരും ഞെട്ടിപ്പോകും. തിളങ്ങുന്ന സെഡാനുകൾ നിരത്തിയിട്ടിരിക്കുന്നു. അടുത്തടുത്തായി മറ്റു മുൻനിര യൂറോപ്യൻ വാഹന ഡീലർമാരുടെ ഷോറൂമുകളും കാണാം. എങ്ങും മുന്തിയ കാറുകളുടെ നീണ്ടനിര. ബിഎംഡബഌു, ഓഡി തുടങ്ങിയ കാറുകളെല്ലാം കാണാം. മുപ്പതിനു താഴെ പ്രായമുള്ള ചെറുപ്പക്കാരുണ്ട് എല്ലായിടത്തും. കാറുവാങ്ങാനെത്തിയവരെല്ലാം നല്ല കാശുകാരായിരിക്കുമെന്ന് കരുതിയാൽ തെറ്റി. അവർ ഇന്റർനെറ്റിൽ നിന്ന് പണം കൊയ്‌തെടുക്കുന്നവരാണെന്ന് നാട്ടിലെ പഴമക്കാർ പറഞ്ഞുതരും. അങ്ങനെയാണ് ഈ നഗരം ഹാക്കർവില്ലയെന്ന ചെല്ലപ്പേരിൽ ലോകമെങ്ങും സൈബർ കുറ്റാന്വേഷകർക്കിടയിൽ അറിയപ്പെടുന്നത്. ലോകത്തെവിടെ ഒരു സൈബർകുറ്റം നടന്നാലും അതിന്റെ വേരുകൾ വന്നുനിൽക്കുന്നത് ഒരുലക്ഷത്തിൽപ്പരം പേർ താമസിക്കുന്ന ഈ കൊച്ചു പട്ടണത്തിലായിരിക്കും.

സൈബർ കുറ്റകൃത്യങ്ങളിലേക്ക് കടക്കുന്നതിന് റൊമാനിയൻ യുവാക്കൾക്ക് പ്രേരണയാകുന്ന ഘടകങ്ങൾ തിരഞ്ഞാൽ അതിൽ മുൻപന്തിയിലുണ്ട് അവിടെ നിലനിൽക്കുന്ന ജിപ്‌സി സംസ്‌കാരവും വ്യഭിചാരത്തിന് മുൻതൂക്കമുള്ള ജീവിതരീതികളും. കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായിരുന്ന ചെഷസ്‌ക്യുവും ഭാര്യയും പോലും നയിച്ചിരുന്നത് അത്തരമൊരു ജിപ്‌സി ജീവിതമായിരുന്നു. ജനസംഖ്യയിൽ ഏതാണ്ട് അഞ്ചുമുതൽ എട്ടുശതമാനംവരെ വരുന്ന ജിപ്‌സി സമൂഹം ഇപ്പോഴുമുണ്ട് റൊമേനിയയിൽ. കമ്മ്യൂണിസത്തിനു പിന്നാലെ രൂപംകൊണ്ട രാഷ്ട്രീയകക്ഷികളുടെ ഉന്നതസ്ഥാനങ്ങളിൽ അവർ ഇടംപിടിച്ചിട്ടുമുണ്ട്.

സംഗീതവും സ്‌പോർട്‌സുമെല്ലാം ഇഷ്ടപ്പെടുന്ന ഇവരുടെ ഊരുചുറ്റൽ ലോകപ്രസിദ്ധമാണ്. മാതാപിതാക്കൾ ഉപേക്ഷിച്ചു പോയ ജിപ്‌സികളുടെ കുഞ്ഞുങ്ങളെ പാർപ്പിക്കുന്ന ജിപ്‌സി ഓർഫനേജ് പോലും ഇവിടെ പ്രവർത്തിക്കുന്നു. അതുപോലെത്തന്നെ രാജ്യം സാമ്പത്തിക അരാജകത്വത്തിലേക്ക് വീഴുന്ന കാലത്ത് വ്യഭിചാരവും ഇവിടെ തഴച്ചുവളർന്നു. ഇക്കാര്യങ്ങളിലെല്ലാം ലോകതലസ്ഥാനമെന്ന പട്ടം റൊമാനിയക്ക് ചാർത്തിക്കിട്ടുമ്പോൾ അവിടെ സൈബർ കവർച്ചകൾ നാട്ടുകാർക്ക് കുറ്റമേ അല്ലാതാകുന്നു. ഒരാളെ നേരിട്ട് കണ്ടുകൊണ്ട് കൊള്ളനടത്തുന്നതും ഓൺലൈൻ വഴി ആരുമറിയാതെ പണം അപഹരിക്കുന്നതും രണ്ടാണെന്ന ന്യായവും റൊമാനിയക്കാർ ഇക്കാര്യങ്ങൾ സംസാരിക്കുമ്പോൾ തുറന്നുപറയും

ചെറുപ്പക്കാരിലെല്ലാവരും മിക്കസമയവും കമ്പ്യൂട്ടറിന് മുന്നിൽത്തന്നെ. പക്ഷെ, അവരിൽ ചെറിയൊരു വിഭാഗമാണ് ഓൺലൈൻ ഹാക്കിംഗിന്റെ തലതൊട്ടപ്പന്മാർ. ഇ-കൊമേഴ്‌സ് തട്ടിപ്പുകൾ, മാൽ വെയറുകളുണ്ടാക്കി സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുന്നവർ, എടിഎമ്മുകളെ കീഴടക്കുന്നവർ അങ്ങനെ ഓരോ മേഖലയിലും സ്‌പെഷ്യലൈസ് ചെയ്തവർ. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്ത് ഈ ചെറുപട്ടണത്തിലെ ചെറുപ്പക്കാർ കൊള്ളയടിച്ചുകൊണ്ടുവന്നത് ദശലക്ഷക്കണക്കണക്കിന് ഡോളറാണ്. ഇതിന്റെ പ്രത്യക്ഷ തെളിവുകളായി പുതിയ അപ്പാർട്ടുമെന്റുകൾ ഈ പഴഞ്ചൻ പട്ടണത്തിൽ ഉയർന്നുകഴിഞ്ഞു. നിശാകഌബുകളും ഉന്നത നിലവാരത്തിലുള്ള ഷോപ്പിങ് സെന്ററുകളുമെല്ലാം ഇന്ന് റംനികു വാൽഷ്യയുടെ മുഖമുദ്രകളാകുന്നു. നമുക്ക് സുപരിചിതമായ തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തിന്റെ ഒരു ഹൈടെക് പതിപ്പെന്ന് പറയാം. സൈബർ ക്രൈമാണ് ഇവിടെ ബിസിനസ്. എല്ലാം ഇന്റർനെറ്റിന്റെ കൈപ്പിടിയിലേക്ക് മാറുന്ന ഇക്കാലത്ത് ഈ നാട്ടുകാരുടെ ബിസിനസ് തഴച്ചുവളരുകയുമാണ്.

പ്രമുഖ ആന്റി വൈറസ് നിർമ്മാതാക്കളായ നോർട്ടൺ ഈ നഗരത്തെപ്പറ്റി ഒരു ഷോർട്ട് ഫിലിം തന്നെ നിർമ്മിച്ചു. ഇന്റർനെറ്റ് രംഗത്തെ ഏറ്റവും അപകടകാരിയായ നഗരമെന്നാണ് ഇതിൽ റംനികു വാൽഷ്യയുടെ വിശേഷണം.


സ്വർണപ്പാത്രത്തിൽ വീഞ്ഞുകുടിച്ച കമ്മ്യൂണിസ്റ്റ് ഭരണാധികാരിയുടെ നാട്

റൊമേനിയൻ കാർ നിർമ്മാതാക്കളായ ഡാഷ്യയുടെ കാറുകൾ മാത്രമായിരുന്നു അൽപകാലം മുമ്പുവരെ തെരുവുകളിൽ കണ്ടിരുന്നത്. ഇന്നതല്ല സ്ഥിതി. എങ്ങും മുന്തിയ കാറുകൾ ചീറിപ്പായുന്നു. ഏതാണ്ട് പത്തുവർഷത്തിൽ താഴെമാത്രം കാലംകൊണ്ട് ഈ നഗരം അടിമുടി മാറുകയാണ്. അതിവേഗം.
1989ൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ വിപഌവത്തിന്റെ അവസാനം, സ്വർണ പാനപാത്രത്തിൽ വീഞ്ഞുകുടിച്ചിരുന്നുവെന്ന് പിന്നീട് ലോകം കണ്ടെത്തിയ കമ്യൂണിസ്റ്റ് ഭരണാധികാരി ചെഷെസ്‌ക്യൂവും ഭാര്യയും കൊല്ലപ്പെട്ടതോടെയാണ് റൊമേനിയ പുതിയ സാമ്പത്തിക തലങ്ങളിലേക്ക് മാറുന്നത്. പത്തുവർഷത്തിനകം ഇന്റർനെറ്റ് സജീവമായതോടെ റൊമേനിയക്കാരും ഇതിലൊരു വിപ്‌ളവം രചിച്ചുതുടങ്ങി. ഏറെക്കുറെ ദരിദ്രമായിരുന്ന രാജ്യത്തിൽ അന്നും ടൂറിസംരംഗത്തെ മേന്മകൊണ്ടും ജോലി നൽകാൻ ഒരു കെമിക്കൽ പഌന്റ് ഉണ്ടായിരുന്നതുകൊണ്ടും റംനികു വാൽഷ്യ മെച്ചപ്പെട്ട നിലയിലായിരുന്നു. പതിയെപ്പതിയെ ഏതാണ്ട് 2002 ആയപ്പോഴേക്കും സൈബർക്രൈമുകളുടെ ലോകതലസ്ഥാനമായി റൊമേനിയ മാറി. സൈബർ കഫേകളിൽ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമായതും ഇതിന് ആക്കംകൂട്ടി. ഇബെയിലും സമാനമായ ലേല സൈറ്റുകളിലും വ്യാജ പരസ്യങ്ങൾ നൽകി ഇരകളെ തേടിപ്പിടിച്ചുകൊണ്ടായിരുന്നു റൊമാനിയയിൽ, പ്രത്യേകിച്ച് റംനികു വാൽഷ്യയിൽ ്ആദ്യകാലത്ത് സൈബർ തട്ടിപ്പുകളുടെ തുടക്കം.

ഇത് അനുദിനം കൂടിവന്നതോടെ എഫ്ബിഐ അടക്കമുള്ള അമേരിക്കയിലേയും മറ്റു രാജ്യങ്ങളിലേയും കുറ്റാന്വേഷകരുടെ ശ്രദ്ധ ഇങ്ങോട്ടേക്കുമാറി. റൊമേനിയക്കാരുടെ ഓരോ ചലനങ്ങളും അവർ നിരീക്ഷിക്കുമ്പോഴും മറുപുറത്ത് സൈബർക്രൈമുകൾ കൂടിവന്നു. തുടക്കക്കാർ ഇപ്പോഴും ഫെയ്ക് ഐഡിയും മറ്റും നൽകി ഇല്ലാത്ത സാധനങ്ങൾ ഓൺലൈനിൽ വിൽപനയ്ക്കുവച്ച് പണം തട്ടുന്നു. പയറ്റിത്തെളിഞ്ഞവർ കുറച്ചുകൂടി വിദഗ്ധമായ തന്ത്രങ്ങളുമായി പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകുന്നു. ദിവസവും പുതിയ തട്ടിപ്പുകൾക്കായി പരീക്ഷണങ്ങളും തുടരുന്നു. 2005 ആയപ്പോഴേക്കും റൊമേനിയ ഓൺലൈൻ തട്ടിപ്പുകാരുടെ സ്വർഗമെന്ന നിലയിൽ ലോകമെങ്ങും അറിയപ്പെട്ടുകഴിഞ്ഞിരുന്നു. ഇതറിയുന്നവരെല്ലാം ഇങ്ങോട്ട് പണമയക്കാൻ മടിച്ചു. ഇതോടെ ചെറുപ്പക്കാർ പലരും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് തട്ടിപ്പിന്റെ പുതിയ തന്ത്രങ്ങളുമായി ചേക്കേറി. ഇന്ന് വിദഗ്ദ്ധർക്കുപോലും പിടികൊടുക്കാത്ത രീതിയിൽ ആഗോളതലത്തിൽ ഒരു നെറ്റ് വർക്കുണ്ട് റൊമാനിയിൽ സൈബർ കൊള്ളക്കാർക്ക്.

ക്ഷണനേരംകൊണ്ട് മോഷ്ടിച്ച പണം രാജ്യങ്ങൾ കടന്നുപോകുമ്പോൾ ശൃംഖലയിലെ ഒന്നോ രണ്ടോപേർ പിടിക്കപ്പെടുമെന്നല്ലാതെ ഇതിന്റെ മുഖ്യ ആസൂത്രകർ കാണാമറയത്തുതന്നെ തുടരും. ലോക്കൽ പൊലീസിൽത്തന്നെ മിക്കവർക്കും തങ്ങളുടെ നാട്ടിലെ ചെറുപ്പക്കാർ ലോകോത്തര കുറ്റവാളികളാണെന്ന് അറിയുകപോലുമില്ല. അടുത്തടുത്തായി ഒരു ഡസനിലേറെ വെസ്‌റ്റേൺ യൂണിയൻ മണി ട്രാൻസ്ഫർ കേന്ദ്രങ്ങളുണ്ട് ഇന്ന് റംനികു വാൽഷ്യയിൽ; ഓൺലൈൻ തട്ടിപ്പുകളുടെ സിലിക്കൺ വാലിയായി മാറിക്കഴിഞ്ഞ ഈ കൊച്ചു പട്ടണത്തിൽ. ഇത്രയേറെ സൈബർ കുറ്റങ്ങൾ റൊമാനിയക്കാർ ലോകത്താകമാനം ചെയ്തുകൂട്ടിയിട്ടും ഇതുവരെ അറസ്റ്റിലായത് വളരെ കുറച്ചുപേർ മാത്രം. ഒന്നോ രണ്ടോ പേർ പിടിയിലാകുമ്പോൾ ദിവസവും ഈ മേഖലയിലേക്ക് അതിലുമേറെപ്പേർ വന്നെത്തുന്നുവെന്ന് റൊമേനിയയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. ഇപ്പോൾ റൊമേനിയക്കാർ കൈവയ്ക്കാത്ത രാജ്യങ്ങൾ കുറവ്. മിക്ക രാജ്യങ്ങളിലും ഇവിടുത്തുകാരുടെ പേരിൽ നിരവധി സൈബർ ക്രൈമുകൾ. സമ്പന്ന രാജ്യങ്ങളിലും ഓൺലൈൻ വ്യവസായം വിപുലമാകുന്ന മേഖലകളിലും ഇന്റർനെറ്റിലൂടെ റൊമാനിയക്കാരുടെ കൈകൾ ഇഴഞ്ഞെത്തുന്നു.

2014 നവംബറിൽ ബ്രിട്ടനിൽ കണ്ടത് പണം തുപ്പുന്ന എടിഎമ്മുകൾ

ബ്രിട്ടനിലെ വിവിധ കേന്ദ്രങ്ങളിലെ എടിഎം മെഷിനുകളിൽ നിന്ന് 2014 നവംബറിൽ കവർച്ചചെയ്യപ്പെട്ടത് 1.6 ദശലക്ഷം പൗണ്ടായിരുന്നു. എടിഎമ്മിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കാവുന്ന മാൽവെയർ കമ്പ്യൂട്ടർ ശൃംഖലയിൽ കയറ്റിവിട്ടായിരുന്നു ഈ വൻ കവർച്ച. ഇതിന് നേതൃത്വം നൽകിയവരെല്ലാം റൊമാനിയക്കാരായിരുന്നു. എടിഎമ്മിലുള്ള പണമെല്ലാം ഒരുമിച്ച് പുറത്തേക്ക് വരുത്തുന്ന മാൽവെയറാണ് അന്ന് കവർച്ചയ്ക്ക് ഉപയോഗിച്ചത്. പ്രമുഖ കമ്പ്യൂട്ടർ ഹാക്കറായിരുന്ന ബാർണബി ജാക്ക് 2010ൽ ഇത്തരമൊരു എടിഎം മാൽവെയറിന്റെ പ്രദർശനം നടത്തിയിരുന്നു. (മയക്കുമരുന്നിന്റെ അമിത ഉപയോഗത്തെ തുടർന്ന് ബാർണബി ജാക്ക് പിന്നീട് മരിച്ചു). ഇതേത്തുടർന്ന് ഇത്തരത്തിലുള്ള കവർച്ചയ്ക്ക് ജാക്ക്‌പോട്ടിങ് എന്ന പേരും ലഭിച്ചിരുന്നു. ഈ പ്രദർശനത്തിന് ഉപയോഗിച്ച രീതിയിൽ മാൽവെയർ നിർമ്മിച്ചാണ് നാലുവർഷത്തിനു ശേഷം ബ്രിട്ടനെ നടുക്കിയ കവർച്ച നടത്തിയത്.

പോർട്‌സ് മൗത്തിൽ ഒരു സ്ത്രീയും പുരുഷനും എടിഎം കൊള്ളയുമായി ബന്ധപ്പെട്ട് ആദ്യം പിടിയിലായി. പണം പുറത്തേക്കുതള്ളാനുള്ള ഒരു മാൽവെയർ എടിഎമ്മിലേക്ക് കടത്തിവിടുകയാണ് ആദ്യം ചെയ്യുന്നത്. പണം പുറത്തുവന്നാലുടൻ ഈ മാൽവെയർ സ്വയം ഇല്ലാതാകുകയും ചെയ്യും. തുടർന്നു നടന്ന അന്വേഷണത്തിൽ മൊൾഡോവയിലേയും റൊമാനിയയിലേയും സൈബർ കുറ്റവാളികൾ ഉൾപ്പെട്ട സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമായി. മെഷിനിൽ ബാങ്ക് ജീവനക്കാരെത്തി പണം നിക്ഷേപിച്ച് മടങ്ങിയ ഉടൻ ഇവർ കയറി പ്രത്യേകം തയ്യാറാക്കിയ ഡിസ്‌ക് മെഷീനുമായി കണക്ട് ചെയ്താണ് പണം കൊള്ളയടിച്ചത്. അമ്പതോളം മെഷീനുകളിൽ ഇത്തരം കവർച്ച അരങ്ങേറിയ ശേഷമാണ് പ്രതികൾ പിടിയിലായത്.

ലണ്ടൻ, ലിവർപൂൾ, ഡോൺകാസ്റ്റർ, ബ്രൈറ്റൺ, ബഌക്ക്പൂൾ, പോർട്‌സ് മൗത്ത്, ഷെഫീൽഡ് എന്നിവടങ്ങളിലായിരുന്നു മെയ് ബാങ്ക് ഹോളിഡെ വീക്കെൻഡിൽ കവർച്ച നടന്നത്. ദിവസങ്ങൾക്കകം കവർച്ചചെയ്ത പണം മുഴുവൻ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഇവർ കടത്തുകയും ചെയ്തു. ഇതിനോടടുത്ത കാലത്തുതന്നെ പ്രമുഖ ആന്റിവൈറസ് നിർമ്മാതാക്കളായ കാസ്പർസ്‌കി ലാബ് നിരവധി എടിഎമ്മുകൾ ഹാക്ക് ചെയ്യാനും പണം കൊള്ളയടിക്കാനും നീക്കങ്ങൾ പലയിടത്തും നടക്കുന്നതായും കണ്ടെത്തിയിരുന്നു. കിഴക്കൻ യൂറോപ്പിൽ ഒട്ടേറെ എടിഎമ്മുകളിൽ ഇത്തരം കവർച്ചാ ശ്രമങ്ങൾ നടന്നു. 2013 മെയ്, ഒക്ടോബർ മാസങ്ങളിലും മാൽവെയർ ഉപയോഗിച്ച് എടിഎം തുറക്കാൻ ശ്രമം നടന്നതായും കാസ്പർസ്‌കി ലാബ് കണ്ടെത്തി.

കേരളത്തിലേതു പോലുള്ള തട്ടിപ്പിലൂടെ ദക്ഷിണ അമേരിക്കയിൽ കവർന്നത് 20 ലക്ഷം ഡോളർ

ഇന്ധനം നിറയ്ക്കുന്ന ഗ്യാസ് സ്‌റ്റേഷനുകളിൽ എടിഎമ്മിനു സമീപം ബഌ ടൂത്ത് ഉപയോഗിച്ച് കാർഡുകളിലെ രഹസ്യങ്ങൾ ചോർത്തുന്ന സ്‌കിമ്മറുകൾ ഉപയോഗിച്ച് 2014 ജനുവരിയിൽ ഒരു സംഘം കവർന്നത് 20 ലക്ഷം ഡോളറായിരുന്നു. ഇപ്പോൾ കേരളത്തിൽ സംഭവിച്ചതുപോലെ നിരവധി ഉപഭോക്താക്കൾക്കാണ് പണം നഷ്ടപ്പെട്ടത്. ടെക്‌സാസ്, ജോർജിയ, സൗത്ത് കരോലിന എന്നിവിടങ്ങളിലായി പതിമൂന്നംഗ സംഘമാണ് ഓപ്പറേഷൻ നടത്തിയത്. ബഌടൂത്ത് ഓൺചെയ്ത സ്‌കിമ്മേഴ്‌സ് പമ്പുകളിലെ എടിഎമ്മുകളിൽ ഘടിപ്പിച്ച് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. കാർഡുകളിലെ വിവരങ്ങൾ ശേഖരിച്ച് അതുപോലുള്ള കാർഡുകൾ ഉണ്ടാക്കി ന്യൂയോർക്ക് ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്നായിരുന്നു മോഷണം. 2012 മാർച്ച് മുതൽ 2013 മാർച്ച് വരെയുള്ള കാലത്ത് കാലിഫോർണിയ, മാൻഹട്ടൻ, നെവാദ എന്നിവടങ്ങളിൽ നിന്ന് 2.1 ദശലക്ഷം ഡോളർ ഇപ്രകാരം കവർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ബൾഗേറിയയിലേയും റൊമാനിയയിലേയും സൈബർ കവർച്ചാ സംഘങ്ങളാണ് ലോകത്താകമാനം എടിഎം കവർച്ചകളിൽ ഇപ്പോൾ വൈദഗ്ധ്യം നേടുന്നതെന്നാണ് റിപ്പോർട്ടുകൾ. യൂറോപ്പിനെ പങ്കിട്ടെടുത്താണ് രണ്ടുരാജ്യക്കാരും കവർച്ച നടത്തുന്നത്. ദക്ഷിണ യൂറോപ്യൻ രാജ്യങ്ങൾ ബൾഗേറിയക്കാർ നോട്ടമിടുമ്പോൾ ബ്രിട്ടൻ ഉൾപ്പെടുന്ന വടക്കൻ യൂറോപ്യൻ രാജ്യങ്ങളാണ് റൊമേനിയക്കാരുടെ പ്രവർത്തനകേന്ദ്രമെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. ഇപ്പോഴിതാ കേരളത്തിലും ഇതിനു സമാനമായ കവർച്ച നടത്തി മുങ്ങിയിരിക്കുന്നു റൊമേനിയൻ സംഘം. വിനോദസഞ്ചാരികളെന്ന മട്ടിൽ തിരുവനന്തപുരത്ത് എത്തുകയും എടിഎമ്മുകളിൽ സ്‌കിമ്മറുകൾ ഘടിപ്പിച്ച് ഇടപാടുകാരുടെ വിവരങ്ങൾ ചോർത്തി ലക്ഷങ്ങൾ കവരുകയും ചെയ്ത സംഭവത്തിൽ റൊമേനയൻ പൗരൻ മരിയൻ ഗബ്രിയേൽ (27) മുംബൈയിൽ പിടിയിലാകുകയും ചെയ്തത് കഴിഞ്ഞദിവസമാണ്.

സംഘത്തിൽ ഉണ്ടായിരുന്ന മറ്റ് റൊമാനിയക്കാർ വിദേശത്തേക്ക് കടന്നുവെന്നാണ് സൂചനകൾ. മരിയനെ കൂടാതെ വിക്റ്റർ ക്രിസ്റ്റിൻ (26), ബോഗ്ഡീൻ ഫ്‌ളോറിയൻ (25), ഇയോൺ ഫ്‌ളോറിൻ എന്നിവരെ പിടികൂടാൻ കേരളപൊലീസ് ഇന്റർ പോളിന്റെ സഹായം തേടിയിരിക്കുകയാണ്. സംഘത്തിൽ ഇനിയും പലരും ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന് പൊലീസ് കരുതുന്നു. എടിഎം മെഷീനിൽ വ്യാജ സ്‌ളോട്ട് ( എടിഎം കാർഡ് സ്വൈപ് ചെയ്യുന്ന സ്ഥലം) ഘടിപ്പിച്ചാണ് തട്ടിപ്പു നടത്തിയതെന്നാണ് പിടിയിലായ ഗബ്രിയേൽ മൊഴി നൽകിയിട്ടുള്ളത്. കേരളത്തിലും, ഒരു പക്ഷേ ഇന്ത്യയിലും ഇത് വലിയ വാർത്തയാണെങ്കിലും അന്താരാഷ്ട്ര രംഗത്ത് അത്ര പുത്തരിയല്ലാത്തൊരു മോഷണരീതിയാണ് ഈ റൊമാനിയക്കാർ കേരളത്തിൽ പരീക്ഷിച്ചതെന്ന് വ്യക്തം.

ഗബ്രിയേൽ മരിയനും കൂട്ടരും കേരളത്തിലെത്തിയത് എന്തുകൊണ്ട്?

സൈബർ ലോകത്ത് അനന്തസാധ്യതകൾ ഉള്ളപ്പോൾ എന്തുകൊണ്ട് ഈ റൊമാനിയക്കാർ കേരളത്തിലെത്തിയെന്നത് ശ്രദ്ധേയമാണ്. ആധുനിക രാജ്യങ്ങളിൽ എടിഎം തട്ടിപ്പ് വ്യാപകമായതോടെ അവിടങ്ങളിലെ പ്രധാന ബാങ്കുകളെല്ലാം എടിഎം കാർഡുകളുടെ രീതി മാറ്റിയിരുന്നു. മൊബൈൽ സിംകാർഡിലും മറ്റുമുള്ള തരത്തിൽ പ്രത്യേക ചിപ്പ് ഘടിപ്പിച്ച കാർഡുകളിലേക്ക് അവിടങ്ങളിലെ ബാങ്കുകൾ മാറിയതോടെ കാർഡ് നമ്പരും പിൻനമ്പരും ചോർത്തുന്നത് അത്ര എളുപ്പമല്ലെന്ന നിലവന്നു. സ്്കിമ്മറുകൾ ഘടിപ്പിച്ചാലും വിവരങ്ങൾ കിട്ടില്ല. പക്ഷേ, ഇന്ത്യയുൾപ്പെടെ ഇന്റർനെറ്റ് ബാങ്കിംഗും എടിഎമ്മുകളും അടുത്തകാലത്താണ് കൂടുതൽ സജീവമായത് എന്നതിനാൽ ഇപ്പോഴും മാഗ്നറ്റിക് ടേപ്പ് ഘടിപ്പിച്ച ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളാണ് ഇവിടെ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുടേയും കൈവശമുള്ളത്.

ഇത്തരം ടേപ്പുകളിലെ വിവരങ്ങൾ വളരെ എളുപ്പം ചോർത്താൻ കഴിയുമെന്നതിനാൽ തട്ടിപ്പുകാർ ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യ പോലുള്ള രാജ്യങ്ങളിലാണെന്നാണ് റിപ്പോർട്ടുകൾ. കാർഡ് സ്വൈപ് ചെയ്യുന്നവേളയിലുണ്ടാകുന്ന കാന്തിക തരംഗങ്ങൾ ചോർത്തിപ്പോലും കാർഡിലെ വിവരങ്ങൾ ചോർത്താനാകും. അതിനാൽത്തന്നെ എത്രയും വേഗം ചിപ് ഘടിപ്പിച്ച കാർഡുകളിലേക്ക് മാറുക മാത്രമാണ് ഇതിൽനിന്ന് രക്ഷപ്പെടാനുള്ള പോംവഴി. എടിഎം ഉപയോഗം ദൈനംദിന കാര്യമായി മാറുകയും ഓൺലൈൻ വ്യാപാരം അനുദിനം വളരുകയും ചെയ്യുന്ന ഇന്ത്യയിൽ ഇതിലൂടെയുള്ള തട്ടിപ്പുകൾക്ക് അനന്തസാധ്യതകളാണ് തുറന്നുവച്ചിരിക്കുന്നത്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തിയതാണ് തിരുവനന്തപുരത്ത് കണ്ടത്.

ഓൺലൈൻ ഹാക്കിംഗിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനെപ്പറ്റി ലോകമാകെ ഗവേഷണങ്ങൾ നടക്കുന്നുണ്ട്്. തട്ടിപ്പുതടയാൻ ഒരു വഴി കണ്ടെത്തുമ്പോൾ ഹാക്കർമാർ അതിനെ പ്രതിരോധിക്കാൻ നൂറുവഴികൾ തുറക്കും. എങ്കിലും എടിഎം കാർഡും പിൻനമ്പരുമെല്ലാം ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിന് ഇപ്പോൾ ഏറെക്കുറെ ഫലപ്രദമായ പോംവഴി അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള മുൻനിര രാജ്യങ്ങൾ നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. രഹസ്യങ്ങൾ ചോർത്താൻ എളുപ്പമായ, പഴയ രീതിയിൽ മാഗ്നറ്റിക് ടേപ്പ് ഉള്ള കാർഡുകളെല്ലാം പിൻവലിച്ച് പകരം മൈക്രോ ചിപ്പ് ഘടിപ്പിച്ച കാർഡുകൾ നൽകുകയാണ് ഇവിടങ്ങളിൽ ചെയ്തത്. ഈ കാർഡ് ഉപയോഗിക്കുമ്പോൾ ഡാറ്റ പ്രസരണം ചെയ്യപ്പെടുന്നില്ലെന്നതാണ് മെച്ചം. അപ്പോൾ സ്‌കിമ്മർ പോലുള്ള ഉപകരണം എടിഎം മെഷീനു സമീപം ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ പോലും വിവരങ്ങൾ ചോർത്താനാകില്ല.

റോബിൻഹുഡ് സിനിമയിൽ കാണിക്കുന്നതുപോലുള്ള തന്ത്രങ്ങൾ നടക്കില്ലെന്ന് ചുരുക്കം. ഇപ്പോൾത്തന്നെ ലക്ഷക്കണക്കിന് മാഗ്നറ്റിക് സ്ട്രിപ്പ് ഉള്ള കാർഡുകൾ ഓരോ മുൻനിര ബാങ്കും ഇടപാടുകാർക്ക് നൽകിയിരിക്കുന്നതിനാൽ അത് ഒറ്റയടിക്ക് പിൻവലിക്കുക എളുപ്പമല്ല. ഘട്ടംഘട്ടമായി ഇത്തരം കാർഡുകൾ മാറ്റുന്നതിന് ചില ബാങ്കുകൾ നടപടി തുടങ്ങിയിട്ടുമുണ്ട്്. പക്ഷേ, ഇത് പൂർണതോതിൽ പ്രാബല്യത്തിൽ വരുംവരെ എടിഎം ഉപയോഗം പൂർണ സൂരക്ഷിതമാണെന്ന് പറയാനാകില്ലെന്ന് ഈ രംഗത്തെ ഉന്നതർ തന്നെ വ്യക്തമാക്കുന്നു. ഇപ്പോൾത്തന്നെ തിരുവനന്തപുരം വെള്ളയമ്പലത്തെ എടിഎമ്മിൽ നിന്ന് പണം എടുത്തവരുടെ ഡാറ്റകളാണ് കവർച്ചക്കാർ ശേഖരിച്ചത്. കുറച്ചു ദിവസങ്ങളിൽ ഇടപാട് നടത്തിയവരുടെ വിവരങ്ങളാണ് ഇവർ ചോർത്തിയതെന്ന് പറയുമ്പോഴും മറ്റ് എടിഎമ്മുകളെല്ലാം സുരക്ഷിതമാണെന്ന് പറയാനാകില്ല. ഇനിയും ഉപയോഗിച്ചിട്ടില്ലാത്ത വിവരങ്ങൾ ഉണ്ടോ എന്നതും അറിയില്ല.

കാർഡ് വിവരങ്ങൾ ചോർന്നുവെന്ന് സംശയമുണ്ടെങ്കിൽ പിൻ നമ്പർ എത്രയും വേഗം മാറ്റുകയാണ് ചെയ്യേണ്ടതെന്ന് ബാങ്ക് അധികൃതർ പറയുന്നു. ഇതിനു പുറമെ ഇടപാടുകൾ നടക്കുന്നതിന് മൊബൈലിൽ ലഭിക്കുന്ന വൺടൈം പാസ് വേഡ് (ഒടിപി ) സർവീസ് ഉപയോഗിക്കുകയും കൂടി ചെയ്താൽ ഇപ്പോഴത്തെ സ്ഥിതിയിൽ കാർഡ് മാറിയില്ലെങ്കിലും ഏറെക്കുറെ സുരക്ഷിതമായി ഇടപാടുകൾ നടത്താം. ഓരോ ഇടപാട് നടക്കുമ്പോഴും പുതി ഓടിപി മൊബൈലിൽ ലഭ്യമാകും. ഇതിന് മിനിറ്റുകളുടെ ആയുസ്സേ ഉണ്ടാകൂ എന്നതിനാലും അക്കൗണ്ടിൽനിന്ന് പണം എടുക്കുന്നതിന് അല്ലെങ്കിൽ ഓൺലൈൻ ഇടപാട് നടത്തുന്നതിന് ഇത് ഒരു രണ്ടാം സുരക്ഷാ വേലിപോലെ പ്രവർത്തിക്കും. നിങ്ങളുടെ കാർഡും പിൻ നമ്പരും മാത്രം പോരാ, പുറമെ നിങ്ങൾ അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്ന മൊബൈൽ നമ്പരിൽ എസ്എംഎസ് സന്ദേശമായി ലഭിക്കുന്ന വൺടൈം പാസ് വേഡ് കൂടി ഇടപാടിന് വേണ്ടിവരുമെന്ന് ചുരുക്കം. ഇപ്പോൾ റൊമേനിയക്കാർ നടത്തിയ തട്ടിപ്പ് ഇന്ത്യയിൽ അവരുടെ ആക്രമണങ്ങളുടെ തുടക്കമാണെങ്കിൽ നമ്മുടെ ഓൺലൈൻ സാമ്പത്തിക ഇടപാടുകൾക്ക് കൂടുതൽ ജാഗ്രത പുലർത്തിയേ മതിയാകൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP