Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

'തെരുവിൽ പരസ്യമായി കുത്തിക്കൊന്നശേഷം തലയറുത്തു; വെട്ടിമാറ്റിയ തലയുമായി പോസ്റ്റുമിട്ട് 18 കാരൻ; പ്രവാചകനിന്ദയുടെ പേരിൽ ഫ്രാൻസിൽ ഇസ്ലാമിക ഭീകരൻ അദ്ധ്യാപകന്റെ ജീവനെടുത്തത് അതിക്രൂരമായി; മതനിന്ദ തങ്ങളുടെ മൗലിക അവകാശമാണെന്ന് പറഞ്ഞത് ഫ്രഞ്ച് പ്രസിഡന്റിന് മറുപടിയെന്നും വിലയിരുത്തൽ; ചെചൻ മുസ്ലിം കുടിയേറ്റക്കാർക്കെതിരെ ഫ്രാൻസിൽ രോഷം; ഇസ്ലാമിക ഭീകരതയിൽ വീണ്ടും യൂറോപ്പ് നടുങ്ങുമ്പോൾ

'തെരുവിൽ പരസ്യമായി കുത്തിക്കൊന്നശേഷം തലയറുത്തു; വെട്ടിമാറ്റിയ തലയുമായി പോസ്റ്റുമിട്ട് 18 കാരൻ; പ്രവാചകനിന്ദയുടെ പേരിൽ  ഫ്രാൻസിൽ ഇസ്ലാമിക ഭീകരൻ അദ്ധ്യാപകന്റെ ജീവനെടുത്തത് അതിക്രൂരമായി; മതനിന്ദ തങ്ങളുടെ മൗലിക അവകാശമാണെന്ന് പറഞ്ഞത് ഫ്രഞ്ച് പ്രസിഡന്റിന് മറുപടിയെന്നും വിലയിരുത്തൽ; ചെചൻ മുസ്ലിം കുടിയേറ്റക്കാർക്കെതിരെ ഫ്രാൻസിൽ രോഷം; ഇസ്ലാമിക ഭീകരതയിൽ വീണ്ടും യൂറോപ്പ് നടുങ്ങുമ്പോൾ

എം മാധവദാസ്

ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാഷ്ട്രങ്ങളെപ്പോലും ദുഷിപ്പിക്കുകയാണ് മതവൈരം എന്ന് വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞമാസം സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ നിന്ന് പുറത്തുവന്നത്. തീവ്ര വലതുപക്ഷ സംഘടനകൾ ഖുർആൻ കത്തിച്ചെന്നും തുപ്പിയെന്നും ആരോപിച്ച് സ്വീഡനിൽ കഴിഞ്ഞ മാസമുണ്ടായ പ്രക്ഷോഭം, ഡെന്മാർക്ക്, നോർവേ തുടങ്ങിയ രാജ്യങ്ങളിലേക്കും പടർന്നിരുന്നു. മുസ്ലിം കുടിയേറ്റക്കാർ രണ്ട് കുട്ടികളെ സ്വവർഗരതിക്ക് വിധേയമാക്കിയതും, നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതും ആയിരുന്നു വലതുപക്ഷ സംഘടനകളെ പ്രകോപിപ്പിച്ചത്. ഒരുവിധത്തിൽ കലാപം അവസാനിച്ചുവെങ്കിലും ഇപ്പോഴും അതിന്റെ അലയൊലികൾ നിലനിൽക്കയാണ്.

ലോകത്തിലെ ഏറ്റവും സമാധനമുള്ള രാഷ്ട്രങ്ങൾ എന്ന് അറിയപ്പെട്ടിരുന്ന സ്‌കാൻഡനേവിയൻ രാജ്യങ്ങൾ, മുസ്ലീങ്ങൾക്ക് അഭയം കൊടുത്തിന് വലിയ വിലയാണ് നൽകേണ്ടിവന്നതെന്ന് ന്യൂയോർക്ക് ടൈംസ് പോലുള്ള പത്രങ്ങൾ വിലയിരുത്തിയിരുന്നു. കുടിയേറ്റ മുസ്ലിം ജനസംഖ്യവർധിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളാണ് ഇനി പേടിക്കേണ്ടതെന്നും ആ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആ പ്രവചനം ശരിയായി. ഇന്നലെ ഫ്രാൻസ് മാത്രമല്ല, യൂറോപ്പും അക്ഷരാർഥത്തിൽ നടുങ്ങി. അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച് ക്ലാസെടുക്കുന്ന അവസരത്തിൽ മുമ്പ് പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ച ഷാർലി എബ്ദോ മാസികയുടെ പഴയ ലക്കങ്ങൾ കുട്ടികൾക്ക് കാണിച്ചുകൊടുത്ത അദ്ധ്യാപകനെയാണ് ഇസ്ലാമിക മൗലികവാദികൾ കഴുത്തറുത്തുകൊന്നത്.

ഇത് പൊട്ടാൻ പോകുന്ന ബോംബിന്റെ ഒരു തുടക്കമാണെന്ന് മാത്രമാണ് ഫ്രഞ്ച് മാധ്യമങ്ങൾ ഇപ്പോൾ വിലയിരുത്തുന്നത്്. കാരണം നേരത്തെ തന്നെ ഷാർലി എബ്ദോ വിവാദത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ പറഞ്ഞത്, ഇസ്ലാമിക മൗലികവാദികൾക്ക് വലിയ തിരിച്ചിടിയാണ് ഉണ്ടാക്കിയത്. ചാർലി ഹെബ്ദോ മാസിക വിവാദ കാർട്ടുൺ പുനഃപ്രസിദ്ധീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മാക്രോൺ ഇത് ഒരു ജനാധിപത്യരാജ്യമാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുമെന്നും പ്രഖ്യപിച്ചത്. അതിനുശേഷം ഇസ്ലാം വേർസസ് ഫ്രാൻസ് എന്ന രീതിയിൽ ചില പത്രങ്ങൾ തലക്കെട്ട് ഇട്ടിരുന്നു. ഇതിനെല്ലാം ചേർത്തുള്ള കൃത്യമായ തിരിച്ചടിയാണ് ഈ രക്തം കൊണ്ട് ഇസ്ലാമിക മൗലികവാദികൾ ഉദ്ദേശിക്കുന്നത്. പക്ഷേ എന്ത് വിലകൊടുത്താലും ആരെയും വിമർശിക്കാനുള്ള അവകാശത്തിനുവേണ്ടി തങ്ങൾ നിലകൊള്ളും എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ആവർത്തിച്ച് പറയുന്നത്.

അദ്ധ്യാപകനെ കൊന്നത് അതിദാരുണമായി

ലോക വ്യാപകമായി ഇസ്ലാമിസ്റ്റുകൾ ഉപയോഗിക്കുന്ന ഒരു രീതിയാണ് പ്രവാചക നിന്ദ എന്നുള്ളത്. തൊടുപുഴ ന്യൂമാൻ കോളജിലെ അദ്ധ്യാപകൻ ജോസ്ഫ് മാഷിന്റെ കൈ വെട്ടിമാറ്റിയതും, അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കുറ്റത്തിന്റെ പേരിലാണ്. പാക്കിസ്ഥാനും, അഫഗാനിസ്ഥാനും ഇറാനും അടക്കമുള്ള രാജ്യങ്ങളിൽ ഒരു കാര്യവുമില്ലാതെ അന്യമതസ്ഥരെ കൊല്ലാനുള്ള ലൈസൻസാണ് പ്രവാചക നിന്ദ എന്ന വാക്ക്. പാക്കിസ്ഥാനിലൊക്കെ കളിയിൽ തോറ്റ സ്‌കൂൾ കുട്ടികൾ പോലും, അതീവ ന്യുനപക്ഷമായ മറ്റ് സമുദായങ്ങൾക്ക്നേരെ മതനിന്ദാകുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ ഉന്നതമായ ജനാധിപത്യവും, അഭിപ്രായ സ്വാതന്ത്ര്യവും നിലനിൽക്കുന്ന യൂറോപ്യൻ രാജ്യങ്ങളും അതേ രീതി പിന്തുടരാൻ ആ രാജ്യങ്ങൾ സമ്മതിക്കുമോ. എറ്റവും വിചിത്രം പട്ടിണിയും പരിവട്ടവും സഹിക്കാതെ സിറിയയിൽ നിന്ന് ചെച്നിയയിൽ നിന്നുമൊക്കെ അഭയാർഥികളായി എത്തിയവർ ആണ് യൂറോപ്യൻ രാജ്യങ്ങളിലെ മുസ്ലീങ്ങൾ ഏറെയും. അറബിരാഷ്ട്രങ്ങൾ പോലും ഇവർക്ക് അഭയം നൽകാതിരുന്ന കാലത്ത്, സ്വീകരിച്ച് ഭക്ഷണവും പാർപ്പിടവും വിദ്യാഭ്യാസവും നൽകി വളർത്തി സ്വന്തം പൗരന്മാരാക്കിയ രാജ്യത്തിന് നേരയൊണ് ഇവർ ഇപ്പോൾ കത്തിയെടുക്കുന്നത് എന്നോർക്കണം. അറബ്രാജ്യങ്ങളിൽ പലതും കുടിയേറ്റക്കാർക്ക് പൗരത്വം നൽകാതെ രണ്ടാംതരം പൗരന്മാരായി മാറ്റി നിർത്തുമ്പോൾ യൂറോപ്യൻ രാജ്യങ്ങൾ അങ്ങനെ ഒന്നും ചെയ്തില്ല എന്നും ശ്രദ്ധേയമാണ്.

ഉത്തര പാരീസിലെ സെയിന്റ് ഹോനോറിൻ എന്ന സ്ഥലത്താണ് ഈ ഹീനകൃത്യം അരങ്ങേറിയത്. സമാനമായ വാർത്തകൾ കേട്ട് മരവിച്ചിരിക്കുന്ന യൂറോപ്യൻ സമൂഹം കൊല്ലപെട്ട നാൽപ്പത്തിയേഴുകാരനായ സാമുവൽ പി എന്ന അദ്ധ്യാപകനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഈ ക്ലാസ് എടുക്കുമ്പോൾ അദ്ധ്യാപകൻ മുസ്ലിം കുട്ടികളെ കാർട്ടൂൺ കാണിച്ചിരുന്നില്ല. കഴിഞ്ഞയാഴ്‌ച്ച പ്രവാചകന്റെ കാരിക്കേച്ചർ ക്ലാസ്സിൽ കാണിച്ചു എന്ന് പറഞ്ഞ് രോഷാകുലനായ ഒരു രക്ഷകർത്താവ് പരാതിപ്പെട്ടിരുന്നതായി സ്‌കൂളിലെ പാരന്റ് ടീച്ചർ അസ്സോസിയേഷൻ തലവൻ റോഡ്രിഗോ അറേനസ് പറഞ്ഞു. ക്ലാസ്സിൽ ഇസ്ലാംമത വിശ്വാസികളായ വിദ്യാർത്ഥികളെ പുറത്തിറക്കിയ ശേഷമാണ് അദ്ധ്യാപകൻ ഇത് ചെയ്തത്. എന്നാൽ, അദ്ധ്യാപകന്റെ പുറകിൽ നിന്നിരുന്ന ഒരു മുസ്ലിം പെൺകുട്ടി ഇത് കാണുകയും സ്വന്തം രക്ഷകർത്താവിന്റെ അടുത്ത് പരാതിപ്പെടുകയും ആയിരുന്നു. തെരുവിൽ വെച്ച് പരസ്യമായി കുത്തികൊന്നശേഷം തലയറുത്ത് മാറ്റുകയും വെട്ടിമാറ്റിയ തലയുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുകയും ചെയ്യുകയാണ് പതിനെട്ടുകാരനായ കൊലപാതകി ചെയ്തത്. 2004 ൽ ഡെന്മാർക്കിൽ സിനിമാ സംവിധായകനും ലിബറലുമായ തിയോ വാൻഗോഗിനെ കൊലപെടുത്തിയതിന് സമാനമായ ഒരു സംഭവം. നിങ്ങളെ കൊല്ലുമെന്ന് പറഞ്ഞ് പരസ്യമായാണ് തിയോ വാൻഗോഗിനെ കൊലപ്പെടുത്തിയത്.

സംഭവം നടന്ന് ഏറെ നേരം കഴിഞ്ഞെത്തിയ പൊലീസ് പ്രതിയെ സ്‌കൂളിന്റെ പരിസരത്തുവച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കാണുകയായിരുന്നു. അയാളുടെ കൈവശം കൊലചെയ്യാനുപയോഗിച്ച ആയുധവുമുണ്ടായിരുന്നു. തുടർന്നുള്ള ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഈ ദ്യശ്യങ്ങളും സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുണ്ട്. സമീപത്തുള്ള ഒരു വീടിന്റെ പുറകുവശത്തെ അടുക്കളത്തോട്ടത്തിൽ നിന്നും എടുത്തതെന്ന് തോന്നിപ്പിക്കുന്ന വീഡിയോയിൽ പൊലീസ് ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നത് കേൾക്കാം. 'നിന്റെ തോക്ക് വലിച്ചെറിയുക. താഴെ കമഴ്ന്നു കിടക്കുക' എന്നിങ്ങനെ ഫ്രഞ്ച് ഭാഷയിലാണ് പൊലീസ് പറയുന്നത്. ഇതിനിടയിൽ ഒരിക്കൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ, താൻ വെടിവയ്ക്കാൻ പോവുകയാണെന്നും പറയുന്നുണ്ട്. പിന്നീട് അവർ വഴിയരികിലെ ചില മരങ്ങൾക്കിടയിൽ മറയുന്നതിനാൽ വീഡിയോയിൽ ദൃശ്യമല്ല. എന്നാൽ വെടിയൊച്ച കേൾക്കാം. ഏറെ വൈകാതെ, സംഭവം നടന്ന സ്ഥലം സന്ദർശിച്ച ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ, വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്ന് പഠിപ്പിച്ച നമ്മുടെ സഹപ്രവർത്തകൻ ക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുകയാണ് എന്നു പറഞ്ഞു.

കൊലപാതകി ചെചൻ അഭയാർഥിയായി

മോസ്‌കോയിൽ ജനിച്ച ചെച്നീയൻ വംശജനായ ഈ കുട്ടികുറ്റവാളി പക്ഷെ ആ സ്‌കൂളിലെ വിദ്യാർത്ഥിയല്ല. 2000 ത്തിന്റെ ആദ്യമാണ് ആയിരക്കണക്കിന് ചെച്നിയൻ വംശജർ ഫ്രാൻസിൽ അഭയാർത്ഥികളായി എത്തിയത്. റഷ്യയുമായുള്ള യുദ്ധത്തെ തുടർന്നാണ് ഇവർക്ക് രാജ്യം വിട്ടുപോരേണ്ടതായി വന്നത്. ഫ്രാൻസിൽ കുടിയേറിയ ഏകദേശം 30,000 ത്തോളം വരുന്ന ഇവരിൽ ഭൂരിഭാഗവും പാരിസ് പോലുള്ള മഹാനഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലാണ് താമസിക്കുന്നത്. പട്ടിണിയും പരിവെട്ടവുമായി ഈ നാട്ടിലെത്തിയ അഭയാർഥികൾക്ക് അഭയം നൽകി വലുതാക്കിയപ്പോഴേക്കും അവർ പ്ലേറ്റ് മാറ്റി. ലോകത്തെ ഒരു രാഷ്ട്രത്തിൽ എത്തിയാലും ആ നാടിന്റെ രീതികൾ സ്വാംശീകരിക്കാതെ സ്വന്തം സ്വത്വം നിലനിർത്താനുള്ള പൊളിറ്റിക്കൽ ഇസ്ലാമിന്റെ അജണ്ടയാണ് ഇവിടെയും നടപ്പാവുന്നത്. ചെചൻ മുസ്ലീങ്ങൾ വഴി ആവർത്തിക്കുന്ന അക്രമങ്ങൾ ഫ്രാൻസിലെ തീവ്ര വലതുപക്ഷത്തിലും ശക്തിയേകുന്നുണ്ട്.

കഴിഞ്ഞ മാസം ഷാർലി എബ്ദോ മാസികയിലെ രണ്ട് ജീവനക്കാർക്കാർക്ക് നേരേ വധശ്രമം നടന്നിരുന്നു. ഇതിൽ രണ്ട് മത തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2015-ൽ ഇതേ മാസികയുടെ ഓഫീസിലേക്കാണ് തീവ്രവാദികളെത്തി 12 പേരെ കൊന്നത്. 2015- നവംബറിലാണ് രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ തീവ്രവാദി ആക്രമണം നടന്നത്. അന്ന് 130 പേരാണ് കൊല്ലപ്പെട്ടത്. അതിനുശേഷം 2016 ജൂലായിൽ നടന്ന മറ്റൊരു ആക്രമണത്തിൽ 86 പേർ മരണമടഞ്ഞിരുന്നു. ട്യൂണീഷ്യയിൽ നിന്നെത്തിയ ഒരു അഭയാർത്ഥിയായിരുന്നു ഈ ആക്രമണത്തിനു പിന്നിൽ. അതേ മാസം തന്നെ ഒരു കത്തോലിക്ക പുരോഹിതനേയും തീവ്രവാദികൾ കൊന്നിരുന്നു. അഭയം നൽകിയ രാജ്യത്തോട് നന്ദികാണിക്കാത്ത തീവ്രവാദികൾ, സ്വീഡനെ പോലെ ഫ്രാൻസിലേയും സമാധാനം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്

ഇത് മാക്രാണിനുള്ള മറുപടി

മത നിന്ദ തങ്ങളുടെ മൗലിക അവകാശമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനുള്ള കൃത്യമായ പൊളിറ്റിക്കൽ ഇസ്ലാമിന്റെ മറുപടി കൂടിയാണ് ഇത്. സ്വാതന്ത്യം സമത്വം, സാഹോദര്യം'.... ഫ്രഞ്ച് വിപ്ലവം ലോകത്തിന് നൽകിയ നവോത്ഥാനത്തിന്റെ പുതിയ പദാവലികൾ പോലെ ചരിത്രത്തിൽ ഇടം പിടിക്കുന്നവആയിരുന്നു'മതനിന്ദ ഫ്രാൻസിന്റെ മൗലികാവകാശമാണ്. Blasphemy is our birthright. എന്ന മാക്രാണിന്റെ പ്രഖ്യാപനം. നിങ്ങൾക്ക് മതങ്ങളെ വന്ദിക്കുന്നതുപോലെ ഞങ്ങൾക്ക് വിമർശിക്കാനും അവകാശമുണ്ട്. അതാണ് ഫ്രാൻസ്'- മാക്രാൺ അർഥശങ്കക്കിടയില്ലായെ വ്യക്തമാക്കിയത് തന്റെ രാജ്യത്തിന്റെ ഭരണഘടനക്ക് കീഴിലാണ് എല്ലാ മതങ്ങളുമെന്ന്. ലോകം മഴുവൻ മതത്തെ പ്രീണിപ്പിക്കാൻ മൽസരിക്കുമ്പോഴാണ്, മതത്തെ വിമർശിക്കാനുള്ള തന്റെ പൗരന്മാരുടെ അവകാശത്തിനുവേണ്ടി ഒരു ഭരണാധിപൻ രംഗത്ത് എത്തുന്നത്. അതുകൊണ്ട് തന്നെയാണ് ഫ്രഞ്ച് വിപ്ലവാനന്തരക്കാലത്തെ മുദ്രാവാക്യങ്ങളെപ്പോലെ ലോകം കണ്ട എറ്റവും സുന്ദരമായ വർത്തമാനമെന്ന് മാക്രോണിന്റെ പ്രസ്താവനയെ, ചാനൽ ഫോർ പോലുള്ള വാർത്താ ചാനലുകൾ വാഴ്‌ത്തുന്നത്.

മത ബിംബങ്ങളെ വിമർശിക്കാനും കളിയാക്കാനുമുള്ള ഫ്രഞ്ച് പൗരന്റെ അവകാശം സംരക്ഷിക്കാനായി അവരുടെ രാഷ്ട്രത്തലവൻ തന്നെ മുന്നോട്ട് വന്നിരിക്കുന്നത് മുമ്പുനടന്ന രക്തച്ചൊരിച്ചിലിൽ ഒട്ടും പതറാതെയാണ്. പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ 2015ൽ ഷാർലി എബ്ദോ ജേർണലിസ്റ്റുകളെ കൂട്ടക്കൊല ചെയ്ത മതതീവ്രവാദികളുടെ വിചാരണ തുടങ്ങിയപ്പോഴാണ് മതനിന്ദാ സ്വാതന്ത്ര്യത്തെ അസന്ദിഗ്ധമായി പിൻതുണച്ച് ഇമ്മാനുവേൽ മാക്റോൺ രംഗത്ത് വന്നത്. ഫ്രാൻസിന്റെ ഒരുപറ്റം ധീരരായ മാധ്യമപ്രവർത്തകരുടെ ജീവനെടുക്കുന്നതിന് കാരണമായ വിവാദ കാർട്ടൂണുകൾ പുനഃപ്രസിദ്ധീകരിച്ചുകൊണ്ടാണ് ഷാർലി എബ്ദോ വാരിക കൊലയാളികളെ വീണ്ടും വെല്ലുവിളിച്ചത്. അവർക്ക് സമ്പൂർണ്ണ പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഒപ്പം നിന്നിരിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ഒരു ഡച്ച് പത്രത്തിനെതിരെ തലവെട്ട് ഫത്വ പുറപ്പെടുവിക്കപ്പെട്ടപ്പോൾ അവിടുത്തെ സർക്കാരും അഭിപ്രായ സ്വാതന്ത്ര്യത്തിന് ഒപ്പമാണ് നിലകൊണ്ടത്.

യൂറോപ്പിൽ ഏറ്റവും കൂടതൽ മുസ്ലിം ജനസംഖ്യയുള്ള നാടായ ഫ്രാൻസിൽ വൻ ഭീഷണിയാണ് തദ്ദേശീയമായ ഇസ്ലാമിസ്റ്റുകളിൽനിന്ന് മാക്രോൺ നേരിടുന്നത്. അതോടൊപ്പം ഇസ്ലാമികവിരുദ്ധതയും കുടിയേറ്റ വിരുദ്ധതയുമായി നടക്കുന്ന തീവ്ര വലതുപക്ഷം മറുഭാഗത്തും. ശരിക്കും ചെകുത്താനും കടലിനും ഇടയിൽ. ഇതിന് പിന്നാലെയാണ് ഇറാനും തുർക്കിയും അടക്കമുള്ള രാജ്യങ്ങളുടെ ഭീഷണി. ഏറ്റവും ഒടുവിലായി കാർട്ടൂൺ പ്രസദ്ധീകരിച്ചാൽ കനത്ത വില നൽകേണ്ടി വരുമെന്നാണ് അൽഖ്വായിദയുടെ ഭീഷണി. പക്ഷേ മാക്രാൺ എന്ന നട്ടെല്ലുള്ള പ്രസിഡന്റ് അതിനെല്ലാം പുല്ലു വിലയാണ് കൽപ്പിച്ചത്. ഫലത്തിൽ ഇസ്ലാം വേഴ്സസ് ഫ്രാൻസ് എന്ന ഒരു സൂത്രവാക്യം രൂപപ്പെട്ടു വരാനുള്ള സാധ്യതയാണ് വിദേശ മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഫ്രാൻസിനെ തകർക്കാനുള്ള ദേഷ്യം ഇറാനും, ഇപ്പോൾ ആഗോള ഇസ്ലാമിക തീവ്രവാദികളുടെ തലസ്ഥാനമായ തുർക്കിക്കും ഉണ്ട്. പക്ഷേ ലോകത്തിലെ നമ്പർ വൺ സൈനിക ശക്തികൂടിയായ ഫ്രാൻസിനെ തൊടാൻ അവർക്കും ധൈര്യം പോര. പക്ഷേ ഇതിനെല്ലാമുള്ള മറുപടിയായി ആവർ ഭീരുക്കളെപ്പോലെ ഒളിച്ചിരുന്ന് ആക്രമിച്ചത്.

'ദാരുണമായി കൊല്ലപ്പെട്ട ആ അദ്ധ്യാപകൻ പഠിപ്പിക്കുന്ന സ്‌കൂളിലാണ് എന്റെ കുട്ടിയും പഠിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പഠിപ്പിക്കുന്നതിന്റെ ഭാഗമായി ഹാസ്യ പ്രസിദ്ധീകരണമായ ചാർളി ഹെബ്‌ഡോയുടെ ചില കാരിക്കേച്ചറുകൾ അദ്ദേഹം കുട്ടികളെ കാണിച്ചു.

അതിലുണ്ടായിരുന്ന മുഹമ്മദിന്റെ ചിത്രം കാണുന്നതിൽ അതൃപ്തിയോ അനാദരവോ തോന്നുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ക്‌ളാസ്സിന് പുറത്തേക്ക് പോകാനും അദ്ദേഹം സ്വാതന്ത്ര്യം നൽകി. സ്നേഹ ബഹുമാനങ്ങളോടെ തന്റെ കുട്ടികളുടെ അന്വേഷണാത്മകതയേയും വിമർശനബുദ്ധിയേയും പ്രചോദിപ്പിക്കുന്ന മിടുക്കനായ ചരിത്രാദ്ധ്യാപകനായിരുന്നു അദ്ദേഹം.

ഈ വൈകുന്നേരം ഞാൻ അങ്ങേയറ്റം ദുഃഖിതയാണ്, എന്റെ മകളെ ഓർത്ത് അതിലുപരി ഫ്രാൻസിലെ അദ്ധ്യാപകരെ ഓർത്ത്. കൊല്ലപ്പെടും എന്ന ഭയമില്ലാതെ ഈ രാജ്യത്ത് പഠിപ്പിക്കാൻ അവർക്ക് ഇനി സാധിക്കുമോ?'' ഫ്രാൻസിൽ കഴിഞ്ഞ ദിവസം, പതിനെട്ടുകാരനായ ഒരു മുസ്ലിം തീവ്രവാദി പ്രവാചക നിന്ദ ആരോപിച്ച് അദ്ധ്യാപകന്റെ തലയറുത്തുകൊന്ന വാർത്തകേട്ട ആ അദ്ധ്യാപകൻ പഠിപ്പിക്കുന്ന സ്‌കൂളിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷാകർത്താവിന്റെ വാക്കുകളാണിത്. ഇതുപോലെ തന്നെയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രാണും പ്രതികരിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള തന്റെ ജനതയുടെ അവകാശത്തിന് ഏതറ്റം വരെയും പൊരുതുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം കൊല്ലപെട്ട അദ്ധ്യാപകൻ പഠിപ്പിച്ചിരുന്ന സ്‌കൂളിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഐക്യാദാർഡ്യം പ്രകടിപ്പിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു. : 'One of our compatriots was murdered today because he taught... the freedom to believe or not believe. The attack should not divide France because that is what the extremists want. We must stand all together as citizens.' നടന്നത് ഇസ്ലാമിക് ഭീകര ആക്രമണം തന്നെയാണെന്ന് മാക്രോൺ വ്യക്തമാക്കിയിട്ടുണ്ട്.

ഷാർലി എബ്ദോ വിവാദം അവസാനിക്കുന്നില്ല

പാരീസിലെ പ്രമുഖ ഹാസ്യ വാരികയാണ് ഷാർലി എബ്ദോ. വാർത്തയെയും വ്യക്തികളെയും ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന മാസിക ഇസ്ലാമിക നേതാക്കളെ പരിഹസിക്കുന്ന കാർട്ടൂണുകളും മറ്റും നൽകി പലതവണ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. തീവ്രഇടതുപക്ഷനിലപാടുള്ള 'ഷാർലി എബ്ദോ'യുടെ മുഖമുദ്ര അതിരുവിട്ട ആക്ഷേപഹാസ്യമായിരുന്നു. 1970 ലാണ് വാരികയുടെ തുടക്കം. വലിയ പ്രചാരമില്ലാതായതോടെ 81 ൽ പ്രസിദ്ധീകരണം നിലച്ചു. പത്തുവർഷത്തിന് ശേഷം പുനഃപ്രസിദ്ധീകരണമാരംഭിച്ചു. കടുത്ത വിമർശനമായിരുന്നു ഇവരുടെ കാതൽ . അതുകൊണ്ടുതന്നെ ഭൂരിഭാഗം ജീവനക്കാരും പത്രാധിപരും കാർട്ടൂണിസ്റ്റും തൂലികാ നാമത്തിലാണ് അറിയപ്പെട്ടിരുന്നത്.

മാർപാപ്പമാരും പ്രസിഡന്റുമാരും മുഹമ്മദ് നബിയുമെല്ലാം ഷാർലി എബ്‌ഡോയുടെ ആക്ഷേപത്തിനിരയായിട്ടുണ്ട്. പ്രവാചകനെ പത്രാധിപരായി ക്ഷണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യരേഖാചിത്രം പുറംചട്ടയിൽ നൽകിയതിന് 2011 ൽ മാസികയുടെ ഓഫീസിനുനേരെ ബോംബാക്രമണമുണ്ടായി. ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതാവായ അബുബക്കർ അൽ ബാഗ്ദാദിയുടെ കാർട്ടൂൺ വാരിക ട്വിറ്ററിൽ പ്രസിദ്ധീകരിച്ചതിനെത്തുടർന്നുള്ള ഭീഷണിമൂലം പത്രാധിപർക്ക് പ്രത്യകം അംഗരക്ഷകരെ വെച്ചിരുന്നു. അതിരുവിട്ട ആക്ഷേപഹാസ്യമായിരുന്നു മുഖമുദ്ര. കുടിയേറ്റക്കാരുടെ രക്തമിറ്റുവീഴുന്ന തലകളുമേന്തിനിൽക്കുന്ന പൊലീസുകാർ, സ്വയംഭോഗം ചെയ്യുന്ന കന്യാസ്ത്രീകൾ, ഗർഭനിരോധന ഉറധരിച്ച മാർപാപ്പമാർ തുടങ്ങി അങ്ങേയറ്റം പ്രകോപനപരമായി കാർട്ടൂണുകളും വാർത്തകളും പ്രസിദ്ധീകരിച്ചിരുന്നത് വിമർശനത്തിനിടയാക്കിയിരുന്നു.

'മുഹമ്മദ് എനിക്ക് വിശുദ്ധനല്ല. ഞങ്ങളുടെ വരകൾ കണ്ട് ചിരിക്കാത്ത മുസ്ലിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. ഞാൻ ഫ്രഞ്ച് നിയമത്തിന് കീഴിലാണ് കഴിയുന്നത്. ഖുറാൻ നിയമത്തിനുകീഴിലല്ല ''-എന്നായിരുന്നു പത്രാധിപർ സ്റ്റെഫാൻ ചാർബോണറുടെ നിലപാട്. പക്ഷേ 2015 ജനുവരി ഏഴിന് മധ്യ പാരീസിലുള്ള ഓഫീസിന് നേർക്ക് നടന്ന വെടിവെയ്പിൽ 11 പേർ കൊല്ലപ്പെട്ടപ്പോൾ ലോകം നടുങ്ങി. മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികളായ രണ്ട് പേരാണ് വെടിവെയ്പ് നടത്തിയത്. റോക്കറ്റ് ലോഞ്ചറുകളും കലാഷ്‌നിക്കോവ് റൈഫിളുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരമാണിതെന്ന് അക്രമികൾ രക്ഷപെടുന്നതിനിടെ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മരിച്ചവരിൽ ഭൂരിഭാഗവും മാധ്യമപ്രവർത്തകരായിരുന്നു. ചാർലി ഹെബ്ദോയുടെ എഡിറ്റർ ഇൻ ചീഫും കാർട്ടൂണിസ്റ്റുമായ സ്റ്റെഫാൻ ചാർബോണർ, കാർട്ടൂണിസ്റ്റുകളായ കാബു, ദിഗ്‌നസ്, ജോർജ് വൊളിൻസ്‌കി എന്നിവ്ര മരിച്ചവരിൽ ഉൾപ്പെടുന്നു. ഇതോടെയാണ് ഫ്രാൻസിൽ തീവ്ര വലതുപക്ഷം ശക്തമായതും ഇസ്ലാമോ ഫോബിയ വ്യാപകമായതും. അതേ പ്രശ്നം തന്നെ വർഷങ്ങൾ കഴിഞ്ഞിട്ടും ഫ്രാൻസിൽ തുടരുകയാണ്.

ലോകത്തിൽ ആദ്യമായി ബുർഖ നിരോധിച്ചു

ലോകത്ത് എമ്പാടുമുള്ള കുടിയേറ്റക്കാരെ സ്വാഗതം ചെയ്ത രാഷ്ട്രമായിരുന്നു സ്‌കാൻഡനേവിയൻ രാജ്യങ്ങളെപോലെ തന്നെ ഫ്രാൻസും. പക്ഷേ ഈ കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചതോടെ രാജ്യത്ത് കുറ്റകൃത്യ നിരക്കും മതപരതയും വർധിക്കുന്നതാണ് കണ്ട്. ലോകത്ത് എവിടെപ്പോയാലും ആ രാജ്യത്തിന്റെ സംസ്‌കാരത്തെ സ്വാംശീകരിക്കാതെ സ്വയം ഒരു തുരുത്തായി ഇരിക്കാൻ ശ്രമിച്ച ഇസ്ലാമിസ്റ്റുകൾ ഫ്രാൻസിൽ വലതുപക്ഷ തീവ്രവാദത്തിനും വഴിതെളിയിച്ചു. അങ്ങനെയാണ് പൊതുസ്ഥലങ്ങളിലും സ്‌കൂളുകളിലും ബുർഖ നിരോധിക്കുന്ന കടു്തത നടപടിയിലേക്ക് ഫ്രാൻസിന് കടക്കേണ്ടി വന്നത്.

ലോകത്ത് ആദ്യമായി ബുർഖ നിരോധിക്കുന്നത് ഫ്രാൻസിലാണ്. 2011 ഏപ്രിലിൽ പൊതുവിടങ്ങളിൽ അടക്കം ബുർഖ ധരിച്ചുവരുന്നത് ഫ്രാൻസ് നിയമം മൂലം നിരോധിച്ചു. നിയമം ലംഘിച്ച് ബുർഖ ധരിച്ചുവരുന്നവരിൽ നിന്ന് 150 യൂറോയും മുഖം മറയ്ക്കാൻ യുവതികളെ നിർബന്ധിക്കുന്നവരിൽ നിന്ന് 30,000 യൂറോയും പിഴ ഈടാക്കുകയും ചെയ്യും.ഫ്രാൻസിന് പിന്നാലെ 2011ൽ ബെൽജിയവും ബുർഖ നിരോധനം നടപ്പിലാക്കി. നിയമം ലംഘിച്ചാൽ 15 മുതൽ 25 വരെ യൂറോ പിഴയാണ് ബെൽജിയത്തിൽ നിലവിലുള്ളത്. ബുർഖ നിരോധനത്തിനെതിരെ വ്യാപക പ്രതിഷേധം ബെൽജിയത്തിലുണ്ടായി. ബെൽജിയത്തിന് പിന്നാലെ നെതർലാൻഡ്‌സും മുഖം മറച്ചുള്ള വസ്ത്രധാരണത്തിനെതിരെ രംഗത്തെത്തി. സ്‌കൂൾ, ആശുപത്രി, പൊതുഗതാഗതം, സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രം ധരിച്ച് വരുന്നതിനാണ് വിലക്ക്. അതേസമയം പൊതുനിരത്തിൽ ഇത്തരത്തിൽ വസ്ത്രം ധരിക്കുന്നതിന് വിലക്കുകളില്ല. ഇസ്ലാം മതവിശ്വാസികളുടെ വേഷമായ ബുർഖ ഏറ്റവും അവസാനമായി നിരോധിച്ചത് ശ്രീലങ്കയിലാണ്. ഈസ്റ്റർ ദിനത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടനം ഉയർത്തിയ ഭീഷണിയിലാണ് ആളുകളെ തിരിച്ചറിയാൻ മുഖം മറച്ചുള്ള വസ്ത്രധാരണം വേണ്ടെന്ന് ശ്രീലങ്ക തീരുമാനിക്കുന്നത്.

ഇതിനെതിരെ പക്ഷേ മുസ്ലിം സ്ത്രീകളെ അണി നിരത്തി വലിയ ബഹളമാണ് ഇസ്ലാമിസ്റ്റുകൾ ഉയർത്തിയത്. പക്ഷേ 2014ൽ ശിരോവസ്ത്ര നിരോധന യൂറോപ്യൻ മനുഷ്യാവകാശ കോടതി അംഗീകരിച്ചു. അത് സമത്വത്തിന് എതിരാണെന്നുള്ള ഫ്രാൻസിന്റെ വാദമാണ് അവിടെയും അംഗീകരിക്കപ്പെട്ടത്. നിരോധനം മതസ്വാതന്ത്ര്യത്തിനെതിരാണെന്ന വാദം കോടതി തള്ളി. ഫ്രാൻസ് കൊണ്ടുവന്ന നിയമം സമൂഹത്തിൽ പാരസ്പര്യം നിലനിർത്താനുതകുന്നതാണെന്ന് കോടതി വിലയിരുത്തി. പേര് വെളിപ്പെടുത്തരുതെന്ന് അഭ്യർത്ഥിച്ച 24-കാരിയാണ് മനുഷ്യാവകാശ കോടതിയിൽ ഇതുസംബന്ധിച്ച പരാതി നൽകിയത്. പൊതുസ്ഥലത്ത് മുഖപടം മാറ്റുന്നത് തന്നെ തരംതാഴ്‌ത്തുന്ന നടപടിയാകുമെന്ന് യുവതി വാദിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് മുഖപടം ധരിക്കുന്നതെന്നും സുരക്ഷാ ആവശ്യങ്ങൾ വരുമ്പോൾ അത് നീക്കാമെന്നും അവർ ബോധിപ്പിച്ചു.

ലിംഗസമത്വം, അന്തസ്സ്, സമൂഹത്തിൽ ജീവിക്കാനാവശ്യമായ ചുരുങ്ങിയ പരസ്പര ബഹുമാനം എന്നീ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ബുർഖ നിരോധനം നടപ്പാക്കിയതെന്ന് ഫ്രഞ്ച് സർക്കാർ വാദിച്ചു. ഇതിൽ മൂന്നാമത്തെ കാര്യം മാത്രം കോടതി അംഗീകരിച്ചു. നിരോധനം യൂറോപ്യൻ മനുഷ്യാവകാശ ഉടമ്പടി ലംഘിക്കുന്നില്ലെന്ന കാഴ്ചപ്പാടിനോട് 19 ജഡ്ജമാരിൽ രണ്ടുപേർ മാത്രം വിയോജിച്ചു. എന്നാൽ പരാതിക്കാരി ഇതുവഴി യാതൊരു വിവേചനത്തിനും ഇരയായില്ലെന്ന കാര്യത്തിൽ എല്ലാവരും ഏകാഭിപ്രായക്കാരായിരുന്നു.

വലതുപക്ഷവും ഇസ്ലാമിസ്റ്റുകളും കലുഷിതമാക്കുന്ന രാഷ്ട്രീയം

കടുത്ത ഇസ്ലാമിക വിരുദ്ധതയും, വേഗമേറിയ വലതുപക്ഷവൽക്കരണവുമാണ് ലോകത്തിലെ ഏറ്റവും ഉദാത്ത ജനാധിപത്യങ്ങളിൽ ഒന്നായി വാഴ്‌ത്തപ്പെടുന്ന ഫ്രാൻസിന്റെ വർത്തമാനകാല വെല്ലുവിളികൾ .ഫ്രഞ്ച് ഇസ്ലാമിനെക്കുറിച്ച ചർച്ചകളിലെല്ലാം വീാലഴൃീംി ഷശവമറശൊ എന്ന പദം കടന്ന് വരാറുണ്ട്. ചിലർ ഇസ്ലാമിനെയും മുസ്ലിംകളെയും ഭീകരതയുമായി ചേർത്ത് നിർത്തി സംസാരിക്കുമ്പോൾ മറ്റ് ചിലർ ( പ്രധാനമായും ലെഫ്റ്റിസ്റ്റുകൾ) ഭീകരതയെ നിർമ്മിക്കുന്നത് ഇസ്ലാമോഫോബിയ, വംശീയത തുടങ്ങിയ ഘടകങ്ങളാണ് എന്നാണ് പറയുന്നത്. ചരുക്കിപ്പഞ്ഞാൽ ഇസ്ലാവും വലതുപക്ഷവും ഒരുപോലെ ഫ്രാൻസിന്റെ ജീവിതം കലുഷിതമാക്കുന്നു. ലോകത്തിലെ ഏറ്റവും ശാന്തിയും സമാധാനവും ഉണ്ടായിരുന്നു സ്‌കാൻഡനേവിയൻ രാജ്യങ്ങളിലും ഇതുതന്നെയാണ് സംഭവിച്ചത്.

സമത്വത്തിന്റെ തുല്യതയുടെ ആശയങ്ങൾ ലോകത്തിന് പരിചയപ്പെടുത്തിയ രാജ്യത്തുനിന്ന് കടുത്ത വംശീയവാദത്തിന്റെ വാർത്തകളും പുറത്തുവരുന്നുണ്ട്. 2009 ലെ ആംനസ്റ്റി ഇന്റർനാഷണൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ഫ്രാൻസിലെ മുസ്ലിംകളും കറുത്തവരും അനുഭവിക്കുന്ന തീക്ഷ്ണമായ റേഷ്യൽ പ്രൊഫൈലിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ആ വർഷം തന്നെ പുറത്തിറങ്ങിയ വേറൊരു പഠനത്തിൽ പറയുന്നത് വെളുത്തവരെ അപേക്ഷിച്ച് കറുത്തവരും നോർത്താഫ്രിക്കക്കാരും ദിനേനയെന്നോണം വംശീയാതിക്രമങ്ങൾക്ക് വിധേയമാകുന്നുണ്ട് എന്നാണ്. അതേസമയം മുസ്ലിം സ്ത്രീകൾ ഇരയാകുന്നത് ലീഗൽ ഇസ്ലാമോഫോബിയക്കാണ്. ഐക്യഖണ്ഡേനയാണ് ഫ്രഞ്ച് നാഷണൽ അസംബ്ലി ഹെഡ്‌സ്‌കാർഫ് നിരോധനം നടപ്പിലാക്കിയത്. ആയിരക്കണക്കിന് മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസ ഭാവിയാണ് ഇല്ലാതായത്. ഈ നിയമത്തെ ചോദ്യം ചെയ്തുകൊണ്ടാണ് One School for all collective എന്ന പേരിൽ ഒരു സോഷ്യൽ മൂവ്‌മെന്റ് ഫ്രാൻസിൽ രൂപം കൊള്ളുന്നത്.

ലോകത്തിൽ ഏറ്റവും സമാധാനമുള്ള രാജ്യങ്ങൾ പ്രതിസന്ധിയിൽ

ഇസ്ലാമിക ജനസംഖ്യ കൂടിയതോടെ ലോകത്തിൽ ഏറ്റവും സമാധാനമുള്ള സ്‌കൻഡനേവിയൻ രാഷ്ട്രങ്ങളും പ്രതിസന്ധിയിൽ ആയിട്ടുണ്ട്. നോർവേയും സ്വീഡനുമെല്ലാം ഇപ്പോൾ സമാനമായ പ്രശ്നങ്ങിലാണ്.ബ്രൂക്കിങ് കഴിഞ്ഞ മാർച്ചിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം അഭയാർത്ഥികൾക്ക് ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ രാജ്യമാണ് സ്വീഡൻ. അവിടെയാണ് കഴിഞ്ഞമാസം കലാപം ഉണ്ടായത്.

കാനഡയും ഓസ്ട്രേലിയയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. 2013, 2014 കാലത്ത് സ്വീഡൻ അവിടെ അഭയാർത്ഥികളായി എത്തിയ മുഴുവൻ സിറിയക്കാർക്കും റെസിഡന്റ് പെർമിറ്റ് നൽകി. സിറിയൻ ആഭ്യന്തര യുദ്ധം ശക്തമായ ശേഷം 70,000 സിറിയക്കാർ സ്വീഡനിൽ എത്തിയെന്നാണ് കണക്ക്.2015ലെ റിപ്പോർട്ട് പ്രകാരം സ്വീഡന് അഭയം നേടിയുള്ള 1,6200 അപേക്ഷകളാണ് സിറിയയിൽ നിന്നും ലഭിച്ചത്. ഇതിന് പുറമേ അഫ്ഗാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അഭയം തേടിയെത്തിയ മുസ്ലീങ്ങളെ ഈ രാജ്യം സ്വീകരിച്ചു. നോക്കണം, ഇരുപതുപേർക്ക് കയറാവുന്ന ബോട്ടിൽ ഇരുനൂറുപേർ കയറി അത് മുങ്ങി സ്ത്രീകളും കുട്ടികളും മരിക്കുന്ന കാലത്തും സൗദിഅറേബ്യയും തുർക്കിയും ഖത്തറും അടക്കമുള്ള ഒറ്റ ഇസ്ലാമിക രാജ്യങ്ങളും സിറിയൻ മുസ്ലീങ്ങൾക്ക് അഭയം നൽകിയിട്ടില്ല. പക്ഷേ ആ വിശാല മനസ്‌ക്കതക്ക് സ്വീഡൻ വിലയാണ് കൊടുക്കേണ്ടി വന്നത്.

കുടിയേറ്റം വർധിച്ചയോടെ രാജ്യത്ത് കുറ്റകൃത്യങ്ങളും മതകാലുഷ്യങ്ങളും വർധിച്ചു. അതോടെ കുടിയേറ്റ വിരുദ്ധരായ ക്രിസ്ത്യൻ മതമൗലികവാദികൾക്കും രാജ്യത്ത് പിന്തുണ വർധിച്ചു.
നിയോ നാസി ആശയങ്ങൾ പേറുന്ന സ്വീഡിഷ് പാർലമെന്റിലെ ഏറ്റവും വലിയ മൂന്നാംകക്ഷിയാണ് സ്വീഡൻ ഡെമോക്രാറ്റ്സ്. ഇവർ ജനങ്ങളിൽ ഉണ്ടാക്കുന്ന സ്വാധീനം തന്നെ കുടിയേറ്റ് വിരുദ്ധ സമീപനത്തിൽ നിന്നാണ്. അഭയാർത്ഥികളുടെ വരവ് രാജ്യത്ത് കുറ്റകൃത്യങ്ങൾ ഉയരാൻ കാരണമായി, ലോകത്തിന് തന്നെ മാതൃകയായ സ്വീഡന്റെ സാമൂഹ്യ സുരക്ഷ പദ്ധതികളെ ബാധിച്ചു തുടങ്ങിയ പ്രചാരണങ്ങൾക്ക് ജനങ്ങൾക്കിടയിൽ സ്വധീനം ഉണ്ടാക്കാൻ സാധിക്കുന്നുണ്ട് എന്നതാണ് സ്വീഡൻ ഡെമോക്രാറ്റ്സ് പോലുള്ള പാർട്ടികളുടെ വളർച്ച വ്യക്തമാക്കുന്നത്.

ന്യൂയോർക്ക് ടൈംസിൽ അടുത്തിടെ വന്ന റിപ്പോർട്ട് പ്രകാരം കുടിയേറ്റക്കാരുടെ ഒഴുക്ക് വർദ്ധിച്ചതോടെ രാജ്യത്തിന്റെ സാമ്പത്തിക മോഡലിനെ അത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ശക്തമാണ്. ലോകത്തിലെ ഏറ്റവും കൂടിയ നികുതി നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് സ്വീഡൻ, എല്ലാവരും ജോലി ചെയ്യുന്നു എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. എന്നാൽ കുടിയേറ്റക്കാർ വർദ്ധിക്കുമ്പോൾ, ഇവരിൽ പലരും വിദഗ്ദ്ധ തൊഴിലാളികളോ, കാര്യമായ വിദ്യാഭ്യാസം ഉള്ളവരോ അല്ല എന്ന പ്രശ്നമുണ്ട്. അതിനാൽ ഇത്തരക്കാരുടെ ക്ഷേമം സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാകുന്നു. ഇത് സ്വീഡനിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

2018 ലെ കണക്ക് പ്രകാരം സ്വീഡനിലെ തൊഴിൽ ഇല്ലായ്മ നിരക്ക് 3.8 ശതമാനമാണ്. എന്നാൽ കുടിയേറി വന്ന് സ്വീഡൻ പൗരന്മാരായവരിൽ ഇത് 15 ശതമാനമാണ്. ' ഇത്തരം കണക്കുകൾ വച്ചാണ് സ്വീഡൻ ഡെമോക്രാറ്റ്സ് പോലുള്ള വലതുപക്ഷ സംഘടനകൾ ജനങ്ങൾക്കിടയിൽ പ്രചരണം നടത്തുന്നത്, കുടിയേറ്റം സ്വീഡന്റെ സാമ്പത്തിക നിലയിൽ പ്രശ്നം ഉണ്ടാക്കുന്നു എന്ന വാദം അവർശക്തമാക്കുന്നു' -ന്യൂയോർക്ക് ടൈംസിലെ റിപ്പോർട്ട് പറയുന്നു.

ഇസ്ലാം സാംസ്കാരിക വൈവിധ്യത്തെ എതിർക്കുന്നു

സിറിയൻ കുടിയേറ്റക്കാർ പ്രതികൾ ആകുന്ന അക്രമങ്ങളെക്കുറിച്ച് ഇടക്കിടെ വാർത്തകൾ വരാറുണ്ടായിരുന്നെങ്കിലും ഖുർആൻ കത്തിക്കൽ അടക്കമുള്ള വലിയ പ്രക്ഷോഭമായി വളർന്നതിന് പിന്നിൽ മയക്കുമരുന്നിന് അടിമകളായ ചില കുടിയേറ്റക്കാർ സ്വഡീനിലെ രണ്ട് ആൺകുട്ടികളെ സ്വവർഗ്ഗരതിക്ക് വിധേയമാക്കിയതാണ്.രണ്ട് ആൺകുട്ടികളെ 10 മണിക്കൂർ ബലാത്സംഗം ചെയ്തു ജീവനോടെ കുഴിച്ചിട്ടാൻ ശ്രമിച്ചത് കഴിഞ്ഞ മാസം രാജ്യത്ത് വൻ വിവാദമായിരുന്നു. തലസ്ഥാനമായ സ്റ്റോക്ക്ഹോമിനടുത്തുള്ള സോൾനയിലാണ് സംഭവം. 21 വയസുകാരനും 18 വയസുള്ള സുഹൃത്തും അടങ്ങുന്ന രണ്ടംഗ കുടിയേറ്റക്കാരാണ് ഈ ക്രൂരതക്ക് പിന്നിൽ. ലഹരിക്ക് അടിമകളായ ഇവർ കുട്ടികളെ ബലമായി സെമിത്തേരിയിലേക്ക് കൊണ്ടുപോയി. അവിവെച്ച് ബലാത്സംഗം ചെയ്തുവെന്ന് ബ്ലിറ്റ്സ് ഉദ്ധരിച്ച സ്വീഡിഷ് പത്രമായ അഫ്റ്റൺബ്ലാഡെറ്റ് എഴുതുന്നു. 15 വയസ്സിന് താഴെയുള്ളവരാണ് ഈ കുട്ടികൾ. ബലാത്സംഗത്തിന് ശേഷം പൂർണ്ണ നഗ്‌നരാക്കി ജീവനോടെ കുഴിച്ചിടാനും ഇവർ ശ്രമിച്ചു. ഒരു വഴിയാത്രക്കാരൻ നിലവിളികേട്ട് പൊലീസിൽ റിപ്പോർട്ട് ചെയ്തതാണ് കുട്ടികളുടെ ജീവൻ രക്ഷിച്ചത്.

ഈ സംഭവം സ്വീഡനിൽ വലിയ കോളിളക്കം ഉണ്ടാക്കി. അവസരം മുതലെടുത്ത് വലതുപക്ഷ സംഘടകളും തങ്ങളുടെ കാമ്പയിൻ ശക്തമാക്കി. അങ്ങനെയാണ് ഖുറാൻ കത്തിക്കൽ സമരം വരെ നടക്കുന്നത്. ഖുർ ആൻ അടിമുടി മാനവിക വിരുദ്ധമാണെന്നും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന നിരവധി വിദ്വേഷഭാഗങ്ങൾ അതിൽ ഉണ്ടെന്നുമാണ് ഇവർ പ്രചരിപ്പിക്കുന്നത്.തങ്ങൾക്കുനേരെ എന്ത് പ്രചാരണം വരുമ്പോഴും ഇസ്ലാമോഫോബിയ എന്ന് വിലപിച്ച് പ്രതിരോധിക്കയും , എന്നാൽ മറ്റ് രാജ്യങ്ങളിലെ സംസ്‌ക്കാരത്തെ ഒട്ടും സ്വാംശീകരിക്കയും ചെയ്യാത്ത ഇസ്ലാമിന്റെ രീതിയാണ് പ്രശ്നങ്ങളിൽ ഒരു കാരണമെന്ന് ഡോ സാം ഹാരീസിനെപ്പോലുള്ള ചിന്തകർ ചൂണ്ടിക്കാട്ടുന്നു. മൾട്ടികൾച്ചറലിസം അംഗീകരിക്കാതെ അവർ ചെന്നുകയറുന്നിടത്തൊക്കെ ഒരു ഇസ്ലാമിക ലോകം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്എന്ന ശക്തമായ ആരോപണം ഇതോടൊപ്പം കൂട്ടിവായിക്കണം. 'മുസ്ലീങ്ങൾ ഏതു രാജ്യത്ത് പോയാലും അവിടെ പ്രശ്നം ഉണ്ടാകാൻ കാരണം തങ്ങളുടെ മതവും സംസ്‌കാരവും മാറ്റാൻ പാടില്ല എന്ന ശാഠ്യവും മറ്റുള്ളവർ തങ്ങൾക്കു വേണ്ടി വിട്ടുവീഴ്ച ചെയ്യണം എന്ന നിലപാടും കൊണ്ടാണ്.'- ഡോ ഹാരീസ് കൂട്ടിച്ചേർക്കുന്നു.

അതായത് ഇസ്ലാമും യൂറോപ്പും തമ്മിലുള്ള പ്രശ്നം കൃത്യമായ പൊളിറ്റിക്കൽ ആണ്. അതുകൊണ്ടുതന്നെ അത് അടുത്തകാലത്തൊന്നും അവസാനിക്കില്ല എന്ന് ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP