Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

അമേരിക്കയ്ക്ക് എണ്ണപ്പണക്കൊതി, ഇറാന് മത ഭ്രാന്ത്; ഷിയാ ഐസിസ് എന്ന് വിളിക്കുന്ന ഹൂതി വിമതരിലൂടെ മക്കയും മദീനയും വരെ ആക്രമിക്കാനും സൗദിയെ തകർക്കാനും പദ്ധതിയിട്ടത് ഇറാൻ; തങ്ങൾക്കു പിന്നിലെ എല്ലാ ഭീകരാക്രമണങ്ങളിലും ഈ തെമ്മാടി രാഷ്ട്രത്തിന് പങ്കെന്ന് യുഎസ്; ആയുധം വിറ്റും ആണവ കുത്തക നിലനിർത്തിയും ചുളുവിലക്ക് എണ്ണതട്ടാനും ശ്രമിക്കുന്ന അമേരിക്കയാണ് തെമ്മാടി രാഷ്ട്രണെന്ന് ഖുമേനി; യുഎസിന്റെ ഭാഗത്താണോ ശരി, ഇറാന്റെ ഭാഗത്താണോ; വൈരത്തിന്റെ നാൾ വഴികളിലൂടെ

അമേരിക്കയ്ക്ക് എണ്ണപ്പണക്കൊതി, ഇറാന് മത ഭ്രാന്ത്; ഷിയാ ഐസിസ് എന്ന് വിളിക്കുന്ന ഹൂതി വിമതരിലൂടെ മക്കയും മദീനയും വരെ ആക്രമിക്കാനും സൗദിയെ തകർക്കാനും പദ്ധതിയിട്ടത് ഇറാൻ; തങ്ങൾക്കു പിന്നിലെ എല്ലാ ഭീകരാക്രമണങ്ങളിലും ഈ തെമ്മാടി രാഷ്ട്രത്തിന് പങ്കെന്ന് യുഎസ്; ആയുധം വിറ്റും ആണവ കുത്തക നിലനിർത്തിയും ചുളുവിലക്ക് എണ്ണതട്ടാനും ശ്രമിക്കുന്ന അമേരിക്കയാണ് തെമ്മാടി രാഷ്ട്രണെന്ന് ഖുമേനി; യുഎസിന്റെ ഭാഗത്താണോ ശരി, ഇറാന്റെ ഭാഗത്താണോ; വൈരത്തിന്റെ നാൾ വഴികളിലൂടെ

എം മാധവദാസ്

ണ്ണപ്പണത്തോടുള്ള ഒടുങ്ങാത്ത ആർത്തി, ലോകം മുഴുവൻ തങ്ങൾ വിശ്വസിക്കുന്ന ആശയത്തിന് കീഴിലാക്കാനുള്ള ത്വര, ലോകമാകെ ഭീതിവിതക്കുന്ന മത തീവ്രവാദം, സുന്നി-ഷിയാ സംഘർഷങ്ങൾ....അങ്ങനെ നിരവധി  പ്രശ്‌നങ്ങൾ കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന സങ്കീർണ്ണമായ സമസ്യ. അതാണ് യുഎസ്- ഇറാൻ തർക്കം. കഴിഞ്ഞ ആറുപതിറ്റാണ്ടായി നിലനിൽക്കുന്ന പ്രശ്നമാണത്. അതുകൊണ്ടുതന്നെ പെട്ടെന്നുള്ള  പരിഹാരവും അകലെ. അമേരിക്കയുടെ ഭാഗത്താണോ ശരി, ഇറാന്റെ ഭാഗത്താണോ ശരിയെന്ന് ഇന്നും പാശ്ചാത്യ ചരിത്രവിദഗധർക്കും മനുഷ്യാവകാശ പ്രവർത്തകർക്കും വ്യക്തമായി തീർപ്പുകൽപ്പിക്കാൻ  കഴിയുന്നില്ല. ഇടതുപക്ഷ അനുഭാവികളായ ചോംസ്‌ക്കിയെയും റോബർട്ട് ഫിസ്‌ക്കിനെയും പോലുള്ള പണ്ഡിതർ, പ്രശ്നങ്ങളുടെ ഉത്തരവാദിത്വം അമേരിക്കൻ സാമ്രാജ്വത്ത്വത്തിന്റെതാണെന്ന് പറയുമ്പോൾ, ഡാനിയൽ ഡെന്നറ്റിനെപ്പോലുള്ള സ്വതന്ത്രചിന്തകർ രണ്ടു കക്ഷികൾക്കും തുല്യപങ്കാളിത്തമുള്ള സംഘർഷമായാണ് ഇതിനെ കാണുന്നത്. അമേരിക്കയുടെ സാമ്പത്തിക താൽപ്പര്യത്തോടൊപ്പം പരിഗണിക്കപ്പെടേണ്ടതാണ്, ഇറാൻ ഉയർത്തുന്ന മതമൗലികവാദവും അതുവഴിയുള്ള ഭീകരവാദത്തിന് വഴിയൊരുക്കലുമെന്ന് ഡാനിയൽ ഡെന്നറ്റ് ചൂണ്ടിക്കാട്ടുന്നു.

ഈ പ്രശ്നം പഠിക്കുമ്പോൾ രണ്ടുപേരുടെയും ഭാഗത്ത് തെറ്റുണ്ട് എന്ന് വ്യകതമാണ്. എണ്ണപ്പണക്കൊതിയാണ് അമേരിക്കയുടെ അടിസ്ഥാന പ്രശ്നം. ലോകത്ത് ഇറാനാണ് ഏറ്റവും വിലകുറച്ച് എണ്ണകൊടുക്കുന്നത്. യുഎസ്- ഇറാൻ പ്രശ്നം തുടങ്ങുന്നതുതന്നെ ഇവിടെ നിന്നാണ്. ഇറാൻ ചൊൽപ്പടിയിൽ വന്നാൽ മേഖലയിലെ എണ്ണക്കുത്തക അമേരിക്കയ്ക്ക് ആവും. ഇതിനുപുറമെ ആഗോള തീവ്രാവാദത്തിന് വിത്തിടുന്നത് ഇറാൻ ആണെന്നാണ് അമേരിക്ക പറയുന്നത്. ആയുധംവിറ്റും ആണവകുത്തക നിലനിർത്തിയും ചുളുവിലക്ക് എണ്ണതട്ടാനും ശ്രമിക്കുന്ന അമേരിക്കയാണ് തെമ്മാടി രാഷ്ട്രണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള
ഖുമേനി ഒരിക്കൽ തിരിച്ചടിച്ചത്.

.ഇറാന്റെ നമ്പർ ടു വ്യക്തിയാണ് അമേരിക്കൻ മിസൈൽ ആക്രമണത്തിൽ ഇറാഖിൽ കൊല്ലപ്പെട്ടത്. റവല്യൂഷണറി ഗാർഡ്‌സിലെ രഹസ്യാന്വേഷണ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ മേധാവിയായ കാസെം സൊലൈമാനി ഇറാനിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവാണ്. സ്വാഭാവികമായും ഈ കൊല ഇറാനെ ക്ഷോഭിപ്പിച്ചിട്ടുണ്ട്. ഇത് ഒരു യുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്.

ആറു പതിറ്റാണ്ടുകൾക്ക് മുമ്പേതുടങ്ങിയ പ്രശ്നം

1953ൽ ഇറാനിലെ പ്രധാനമന്ത്രി മുഹമ്മദ് മൊസദ്ദിഖിനെ പുറത്താക്കിയതോടെയാണ് ഇറാനും അമേരിക്കയുമായുള്ള പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇറാന്റെ എണ്ണ മേഖലയെ ദേശസാൽക്കരിക്കാൻ പദ്ധതിയിട്ടത് ഇഷ്ടപ്പെടാതെയാണ് ബ്രിട്ടനും അമേരിക്കയും കൂടെ ചേർന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ പുറത്താക്കിയത വൻ പ്രതിഷേധത്തിന് ഇടയാക്കി. നോക്കുക, ഒരു രാജ്യം അവരുടെ മുതൽ ദേശസാത്ക്കരിക്കുന്നതിൽ മറ്റ് രാജ്യങ്ങൾക്ക് എന്താണ് പ്രശ്നം. ഇതുകൊണ്ടാണ് ഏണ്ണപ്പണത്തിനുള്ള ആർത്തിയാണ്, ഇന്ന് ലോകത്തെ മുഴുവൻ ഞെട്ടിക്കുന്ന യുഎസ്- ഇറാൻ സംഘർഷങ്ങൾക്ക് തുടക്കമെന്ന് നോം ചോംസ്‌ക്കി നിരീക്ഷിക്കുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കുന്ന എന്ന തന്ത്രമായിരുന്നു അവർ പിന്നീട് പറയറ്റിയത്. പഴയ രാജ്യഭരണം പുനഃസ്ഥാപിക്കാനായി പാശ്ചാത്യ ശക്തികൾ അധികാരത്തിൽ ഏറ്റിയത് മുഹമ്മദ് റസാ ഷാ പഹ്ലവിയെ ആയിരുന്നു.

അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ നിർലോഭമായ പിന്തുണ ഷാ ഭരണകൂടത്തിന് ലഭിച്ചു. ഷാ ഇറാനിൽ നിയമങ്ങൾ വകവെക്കാതെ ഭരണം ഏറ്റെടുത്ത് നടത്താൻ ആരംഭിച്ചു. ഈ നടപടികൾ ഇറാനിയൻ ജനതയെ ചൊടിപ്പിച്ചു. ഇറാനിൽ പ്രതിഷേധം ശക്തമായി. ഷായുടെ കടുത്ത വിമർശകനായ മതനേതാവ് ആയത്തുല്ല ഖൊമേനി 1964ൽ ഇറാഖിലേക്ക് നാടുകടത്തപ്പെട്ടു. എന്നാൽ ഖൊമേനി വെറുതെ ഇരുന്നില്ല. അദൃശ്യനായ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെ, 1979ൽ ഇറാനിൽ ഇസ്ലാമിക വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. തനിക്കെതിരെ ആയിട്ടുള്ള തുടർച്ചയായ പ്രതിഷേധങ്ങൾ കാരണം റസാ ഷാ ഇറാനിൽ നിന്ന് പുറത്താക്കപ്പെട്ടു. 14 വർഷത്തെ നാടുകടത്തിൽ ജീവിതത്തിന് ശേഷം വിപ്ലവത്തിനായി ആഹ്വാനം ചെയ്തിരുന്ന നേതാവ് ആയത്തുല്ല ഖൊമേനി
ഇറാനിലേക്ക് മടങ്ങി വന്നു. അങ്ങനെ ഏപ്രിൽ 1, 1979ൽ ഔദ്യോഗികമായി ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാൻ എന്ന രാഷ്ട്രം നിലവിൽ വന്നു.

പ്രശ്നം കിടക്കുന്നത് അവിടെയാണ്. എണ്ണക്കുവേണ്ടിയുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയും ആർത്തി, ഫലത്തിൽ ഔദ്യോഗിക മതങ്ങളൊന്നുമില്ലാത്തെ ഒരു രാജ്യത്തെ തീർത്തും ഇസ്ലാമിക വത്ക്കരിക്കയാണ് ചെയ്തത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടക്കൊലകളുമാണ് പിന്നീട് അവിടുത്തെ ന്യുനപക്ഷങ്ങൾക്ക് നേരയുണ്ടായത്. ഇറാൻ ഒരു ഷിയാ ഭൂരിപക്ഷ രാഷ്ട്രമാണ്. അതുകൊണ്ടുതന്നെ സുന്നികൾ അവിടെ പീഡനത്തിന് ഇരയായി. ( പാക്കിസ്ഥാനിലൊക്കെ നേരെ തിരിച്ചാണ്. അവിടെ സുന്നികൾ ഷിയകളെ പീഡിപ്പിക്കുന്നു) മാത്രവുമല്ല ലോകത്ത് എമ്പാടുമുള്ള ഷിയകളെ സംരക്ഷിക്കാനുള്ള ബാധ്യതയും ഇറാന്റെതായി. സൗദിക്ക് നേരെ നിരന്തരം ആക്രമണം അഴിച്ചുവിടുന്ന ഹൂതി വിമതരെ ഷിയകൾ ആയതുകൊണ്ട് ഇറാൻ ആളും അർഥവും കൊടുത്ത് സംരക്ഷിക്കയായിരുന്നു. ഒരുവേള ഷിയാ ഐസിസ് എന്നപേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്.

അക്രമവും ഉപരോധവും വഷളാക്കി

ഷായ്ക്ക് അമേരിക്ക അഭയം പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് തെഹ്റാനിലെ അമേരിക്കൻ എംബസിയിൽ ഇരച്ചുകയറി 63 അമേരിക്കൻ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ സംഭവമാണ് എല്ലാ പ്രശ്നങ്ങളും വഷളാക്കിയത്. ആയിരക്കണക്കിന് ഇസ്ലാമിക പ്രവർത്തകരെ കൂട്ടക്കൊല ചെയ്ത ഷായെ ഇറാനിലേക്ക് വിചാരണയ്ക്കായി വിട്ട് കിട്ടണമെന്നായിരുന്നു ഇവരുടെ ആവശ്യം. അമേരിക്ക ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങളെല്ലാം അവസാനിപ്പിക്കുകയും ഇറാനുമേൽ ഉപരോധം കൊണ്ട് വരുകയും ചെയ്തു. ഇതായിരുന്നു അമേരിക്ക ഇറാനുമേൽ ചുമത്തിയ ആദ്യ ഉപരോധം.

1980 ൽ ഇറാൻ - ഇറാഖ് യുദ്ധം ആരംഭിച്ചു. എട്ട് വർഷം നീണ്ടു നിന്ന യുദ്ധമായിരുന്നു അത്. ഈ സാഹചര്യത്തിൽ ഇറാന് അമേരിക്കയുമായി സമാധാന ചർച്ചകൾക്ക് തുടക്കം കുറിക്കേണ്ടി വന്നു. 444 ദിവസത്തെ തടവിന് ശേഷം പിടിച്ചുവെച്ച അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ സ്വതന്ത്രരാക്കി. അന്ന് അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ജിമ്മി കാർട്ടർ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. ജിമ്മി കാർട്ടറിന്റെ വലിയ പരാജയമായും കണക്കാക്കുന്നത് ഈ ഹോസ്റ്റേജ് ക്രൈസിസ് തന്നെയായിരുന്നു. തങ്ങൾ വല്ലാതെ നാണം കെട്ടുപോയ പോലെ ഈ സംഭവം അമേരിക്കക്കാർക്ക് ഫീൽ ചെയ്തു. പുറം രാജ്യങ്ങളിൽ അത്യാഹിതങ്ങളിൽ പെട്ടുപോയ അമേരിക്കൻ പൗരന്മാരുടെ കാര്യത്തിൽ ജിമ്മി കാർട്ടറിന് വേണ്ടത് പോലെ ഒന്നും ചെയ്യാൻ പറ്റിയില്ല എന്നതായിരുന്നു അദ്ദേഹത്തിന് നേരിടേണ്ടി വന്ന ആരോപണം. അത് കാർട്ടറുടെ പതനത്തിനും ഇടയാക്കി. ( ഇന്നും ഇറാൻ പറയുന്നത് ട്രംപിന് ജിമ്മി കാർട്ടറുടെ ഗതി വരുമെന്നാണ്)

പിന്നീട് എക്കാലവും അമേരിക്കയുടെ നോട്ടപ്പുള്ളിയായിരുന്നു ഇറാൻ. കാർട്ടറെ തുടർന്ന് റൊണാൾഡ് റീഗൻ ആണ് അമേരിക്കൻ പ്രസിഡന്റായത്. ഇതോടെ സിഐഎയുടെ ഇറാൻ വിരുദ്ധ നീക്കവും ശക്തിപ്പെട്ടു. ഇതിനിടെ ഇടക്കാലത്ത് ഇറാൻ- യുഎസ് ബന്ധവും മെച്ചപ്പെട്ടു. ഇറാൻ വിട്ടയച്ച ഏഴ് അമേരിക്കൻ ഉദ്യോഗസ്ഥർ ലെബനാനിൽവെച്ച് ഹിസ്ബുല്ലയുടെ പിടിയിലായി. ഇവരെ രക്ഷിക്കാനായി ഇറാൻ തന്നെ മുൻകൈയെടുത്തിറങ്ങി. അങ്ങനെ അമേരിക്കയുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ ഇറാനിനായി. ഈ സഹായത്തിന് പകരമായി ഇറാനിലേക്ക് ഇസ്രയേൽ വഴി അമേരിക്ക, ആയുധം സപ്ലൈ ചെയ്യാൻ തുടങ്ങി. ഇതൊരു ആയുധക്കരാറിന്റെ ഭാഗമായി നടന്നതായിരുന്നു. എന്നാൽ ഇത് എത്തിച്ചേർന്നത് നിക്ക്വരാഗ്വയിൽ സോഷ്യലിസ്റ്റ് സർക്കാരിനെതിരെ വിപ്ലവം നടത്തിക്കൊണ്ടിരുന്ന റൈറ്റ് വിങ് ഗ്രൂപ്പായ കോൺട്രാസിലേയ്ക്കായിരുന്നു. ഇറാനിലേക്ക് ആയുധസഹായം എന്ന മറവിൽ അമേരിക്ക കോൺട്രാസിന് ആയുധസഹായം നൽകുകയാണെന്ന് പരക്കെ വിമർശനം ഉയർന്നു. 1985-86 കാലയളവിലായിരുന്നു ഇത്. ഇറാൻ-കോൺട്രാ സ്‌കാൻഡൽ എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. റൊണാൾഡ് റീഗന്റെ രണ്ടാം ഘട്ടത്തിലായിരുന്നു ഇത്.

വെള്ളക്കാരുടെ അധികാരം തിരിച്ച് കൊണ്ടുവരിക, വൈറ്റ് പ്രൊപഗൻഡ ഏത് വിധേനയും നടപ്പിലാക്കുക എന്നതായിരുന്നു കോൺട്രാസ് ലക്ഷ്യമിട്ടിരുന്നത്. ഈ ലക്ഷ്യം നിറവേറ്റാനായി സർക്കാരുമായി യുദ്ധത്തിലേർപ്പെട്ടിരുന്ന കോൺട്രാസ് നിരവധി മനുഷ്യാവകാശലംഘനം നടത്തിയിരുന്നു എന്നും റിപ്പോർട്ടുണ്ട്. അതായത് ഇറാൻ- അമേരിക്ക പ്രശ്നം ലോക വ്യാപകമായി പല ഉപ പ്രശ്നങ്ങൾക്കും കാരണമാക്കി.

തങ്ങളുടെ ആഭ്യന്തരപ്രശ്നങ്ങളിൽ അമേരിക്ക ഇടപെടുന്നത് ഇറാന് താൽപ്പര്യമുള്ള വിഷയമായിരുന്നില്ല. അതുകൊണ്ടുതന്നെ നന്നായി ബന്ധം വൈകാതെ തന്നെ ഇല്ലാതാവുകയും ചെയ്തു. ഇറാനെതിരെയുള്ള അമേരിക്കൻ ഉപരോധം ആദ്യം നിലവിൽ വന്നത് 1979ലായിരുന്നു. ഇത് പ്രകാരം ഏതാണ്ട് 12 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഇറാനിയൻ അസെറ്റുകൾ ഫ്രീസ് ആക്കപ്പെട്ടു. അൾജിയേഴ്സ് അക്കോഡ്സിന് ശേഷമാണ് ഈ ഉപരോധം പിൻവലിച്ചത്. 1981, ജനുവരി 19ന് ഇറാനും അമേരിക്കയും തമ്മിലുള്ള ഹോസ്റ്റേജ് ക്രൈസിസിന് പരിഹരിക്കാൻ അൾജീരിയ മുൻകൈയെടുത്ത് നടത്തിയ സമാധാന ചർച്ചകൾക്കാണ് അൾജിയേഴ്സ് അക്കോഡ്സ് എന്ന് പറയുന്നത്. പിന്നീട് 1981 മുതൽ 1987 വരെ ഇറാൻ അമേരിക്കയോട് നല്ല നിലയിലായിരുന്നില്ല എന്നും ഇറാൻ തീവ്രവാദത്തെ സപ്പോർട്ട് ചെയ്യുന്നു എന്നും പ്രസ്താവിച്ച് വീണ്ടും 1987ൽ ഇറാന് മേൽ ഉപരോധം കൊണ്ടുവന്നു.

യാത്രാവിമാനം വെടിവെച്ചിട്ട് അമേരിക്ക കൊന്നത് 290 പേരെ

ഈ സമയത്താണ് ഏകദേശം നൂറു കിലോമീറ്റർ അകലെ ബാൻഡർ അബ്ബാസ് എയർപോർട്ടിൽ നിന്ന് ദുബായിലേക്ക് 290 യാത്രക്കാരുമായി ഇറാൻ എയറിന്റെ 655 എയർബസ് A 300 വിമാനം പറന്നുയരുന്നത്. ഇറാൻ എയറിന്റെ ദുബായിലേക്കുള്ള സ്ഥിരം സർവീസുകളിൽ ഒന്നായിരുന്നു. ടെഹറാനിൽ നിന്ന് പുറപ്പെട്ട വിമാനം ഇടത്താവളമായി ബാൻഡർ അബ്ബാസ് എയർപോർട്ടിൽ എത്തി അവിടുന്ന് പറന്നുയരുകയായിരുന്നു. ഏകദേശം 28 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചെറു യാത്ര ഈ വിമാനം സഞ്ചരിക്കേണ്ട വിമാനപാതയുടെ നേരെ താഴെ കടലിലായിരുന്നു വിൻസെൻസ് ഇറാനിയൻ സ്പീഡ്‌ബോട്ടുകളെ തുരത്തി വെടിവെച്ചു കൊണ്ടിരുന്നത്. ടേക് ഓഫ് ചെയ്ത വിമാനം പെട്ടെന്ന് തന്നെ പടക്കപ്പലുകളുടെ റഡാറിൽ പ്രത്യക്ഷപ്പെട്ടു. വിമാനത്തിന്റെ 'ആൾട്ടിറ്റിയുഡോ', 'ക്ലൈംബിങ് റേറ്റോ' പരിഗണിക്കാതെ അതൊരു ഇറാനിയൻ എ14 ഫൈറ്റർ ജെറ്റാണെന്ന് വിൻസൻസ് തീരുമാനിച്ചു. ഇരുപതു മൈൽ ദൂരപരിധിക്കുള്ളിലേക്ക് വന്നാൽ മിസൈലുപയോഗിച്ചു വിമാനത്തെ തകർക്കാനുള്ള അനുമതിയും സർഫസ് കമാൻഡറിൽനിന്ന് ലഭിച്ചു.

തിരിച്ചറിയാനാവാത്ത വിധം റഡാറിൽ പ്രത്യക്ഷപ്പെടുന്ന എയർക്രാഫ്റ്റുകൾ ഫൈറ്റർ ആണോ അതോ സിവിലിയൻ ആണോ എന്ന് മനസ്സിലാക്കാൻ മാർഗ്ഗങ്ങളുണ്ട്. ആദ്യം കഎഎ (Identification Friend or Foe) എന്ന സംവിധാനമാണ് പ്രയോജനപ്പെടുത്തേണ്ടത്. പ്രദേശം യുദ്ധമേഖലയായി നേരത്തെ പ്രഖ്യാപിച്ചതിനാൽ ആ റൂട്ടിൽ പറക്കുന്ന സിവിലിയൻ എയർക്രാഫ്റ്റുകൾ കഎഎ നിർബന്ധമായും ഉപയോഗിക്കണമെന്ന് യുഎൻ നിർദ്ദേശമുണ്ടായിരുന്നു.

എയർസ്പീഡ്, അൾട്ടിറ്റിയൂഡ് എന്നീ ഘടകങ്ങൾ പരിഗണിച്ചും വിമാനമേതെന്ന് തിരിച്ചറിയാം. റഡാറിൽ തുടർച്ചയായി ലഭ്യമാകുന്ന വിവരങ്ങൾ വഴി വിമാനത്തിന്റെ വേഗം, ഉയരം എന്നിവ നിർണയിക്കാം. ഇവ മനസ്സിലാക്കി യാത്രവിമാനമാണോ യുദ്ധവിമാനമാണോ എന്നത് നിർണയിക്കാം. ഇതൊന്നും കൂടാതെ നേരത്തെ ബോട്ടുകളെ നിരീക്ഷിക്കാൻ ലോഞ്ച് ചെയ്ത ഫൈറ്ററുകളിലെ പൈലറ്റുമാർക്ക് വിമാനത്തിനടുത്തേക്ക് പറന്നു ചെന്ന് വിമാനത്തെ തിരിച്ചറിയാമായിരുന്നു. പക്ഷേ അതിനൊന്നും വിൻസെൻസ് മുതിർന്നില്ല.

വിമാനത്തിലേയ്ക്ക് നിരന്തരം സന്ദേശങ്ങൾ അയച്ചെന്നും പ്രതികരിച്ചില്ലെന്നുമായിരുന്നു വിൻസെൻസിന്റെ വാദം. വിൻസെൻസ് അയച്ച സന്ദേശങ്ങൾ മിക്കവാറും മിലിട്ടറി ഫ്രീക്വൻസിയിൽ ആയതിനാൽ യാത്രാവിമാനമായ 655 ൽ ലഭിച്ചു കാണില്ല. മാത്രമല്ല, ടേക്ക് ഓഫിന് ശേഷമുള്ള നിമിഷങ്ങളായതിൽ 655 പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുന്ന തിരക്കിലും ആയിരുന്നു. സൈഡ്‌സിന്റെ അവസാനത്തെ മുന്നറിയിപ്പ് സന്ദേശം ലഭിച്ച വിമാനം വഴിതിരിഞ്ഞെങ്കിലും ഇതിനകം വിൻസെൻസ് രണ്ട് മിസൈലുകൾ തൊടുത്തിരുന്നു. ലക്ഷ്യം കൃത്യമായിരുന്നു. വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. അൽപസമയത്തിനകം എമർജൻസി ഫ്രീക്വൻസിയിൽ ഇറാൻ നേവിയുടെ സന്ദേശം വന്നു. ഒരു എയർബസ് വിമാനം തകർന്നതായും സമീപത്തുള്ള കപ്പലുകൾ സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. ഈ സന്ദേശം കേട്ടതിന് ശേഷമാണു വിൻസെൻസിലെ നാവികർക്ക് ബോധം ഉണ്ടായത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതും വിൻസെൻസ് തന്നെയായിരുന്നു. അമേരിക്കൻ നേവിയുടെ ടിവി ക്രൂ ഈ ഓപ്പറേഷൻ മുഴുവനും കവർ ചെയ്തിട്ടുണ്ട്. വിമാനം തകർക്കുന്നതിന് മുൻപും ശേഷവും നടന്ന സംഭവങ്ങളും റേഡിയോ വിനിമയങ്ങളും ഈ വിഡിയോയിലുണ്ട്. ക്ലാസ്സിഫൈ ചെയ്ത ദൃശ്യങ്ങൾ ഏറെക്കാലത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് ബിബിസി നേടിയെടുത്തത്.

മുന്നറിയിപ്പ് കിട്ടിയിട്ടും യുദ്ധസമാനമായ സാഹചര്യത്തിലേക്ക് ചെന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു ഇറാനിയൻ വിമാനത്തിന്റെ ലക്ഷ്യം എന്ന അമേരിക്കയുടെ വാദം താൽക്കാലികമായി നിലനിന്നു. എന്നാൽ ഗുരുതരമായ പിഴവുകൾ പിന്നീട് വിൻസെൻസിന്റെ കംപ്യൂട്ടർ രേഖകളിൽ കത്തെത്തി. ഇറാന്റെ യാത്രവിമാനത്തിനു നേരെ വെടിയുതിർത്ത സമയത്തു വിൻസെൻസ് ഇറാന്റെ ജലാതിർത്തിക്കുള്ളിൽ ആയിരുന്നു. വിമാനം തകർന്നു വീണതും ഇറാന്റെ അധികാരപരിധിയിലുള്ള സമുദ്രത്തിലായിരുന്നു. രാജ്യാന്തര സമാധാനകരാറുകളുടെ പച്ചയായ ലംഘനമായിരുന്നു ഇത്. അമേരിക്കക്കുമേൽ ഇറാന്റെ പക കൂട്ടിയ സംഭവം ആയിരുന്നു ഇത്.

മൂന്നു പതിറ്റാണ്ടിനിപ്പുറവും ഇറാൻ ഈ ആരോപണം ്ഉന്നയിക്കുന്നുണ്ട്. 1988 ജൂലൈ 3ന് അമേരിക്കൻ നാവിക സേന വിമാനം വെടിവച്ചിട്ടത് പിഴവ് ആയിരുന്നില്ലെന്നാണ് ഇറാൻ പറയുന്നത്. യുദ്ധക്കപ്പലിന്റെ ക്യാപ്ടൻ തെറ്റ് ചെയ്തു എന്ന് പറയുകയും അതേസമയം അദ്ദേഹത്തിന് പുരസ്‌കാരം നൽകുകയുമാണ് അമേരിക്ക ചെയ്തതെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ അലി ലാരിജാനി പറഞ്ഞു. കുറ്റക്കാരനെങ്കിൽ ക്യാപ്ടനെ നിയമപരമായി ശിക്ഷിക്കുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. നിയമനടപടികൾക്ക് പോലും വിധേയനാക്കാതെ പുരസ്‌കാരം നൽകി ആദരിക്കുകയും അതേ സമയം തന്നെ ക്യാപ്ടൻ തെറ്റ് ചെയ്‌തെന്ന് പറയുകയും ചെയ്യുന്നത് കാപട്യമാണ് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.'അവർ (അമേരിക്കക്കാർ) പറഞ്ഞത് യുദ്ധക്കപ്പലിന്റെ ക്യാപ്റ്റൻ ഒരു തെറ്റ് ചെയ്തുവെന്നാണ്. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ എന്തിനാണ് പിന്നീട് ക്യാപ്റ്റന് അവാർഡ് നൽകിയത്? അവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ അവനെ ശിക്ഷിക്കണം, ഇതിനാൽ നിങ്ങൾ കള്ളം പറയുകയാണ്' ഇറാൻ പാർലമെന്റ് സ്പീക്കർ അലി ലാരിജാനി പറഞ്ഞു.

തെമ്മാടി രാഷ്ട്രമെന്ന് ബുഷ്

1995ൽ ഇറാൻ 'തെമ്മാടി രാജ്യം' (Rogue State) തീവ്രവാദം സ്പോൺസർ ചെയ്യുന്നുണ്ടെന്നും പറഞ്ഞ് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഇറാന് മേലുള്ള ഉപരോധം ശക്തിപ്പെടുത്തി. ഇതാദ്യമായിട്ടായിരുന്നു ഒരു പ്രസിഡന്റ് തന്നെ ഇറാനെ ഇത്തരത്തിൽ വിമർശിച്ചത്. എണ്ണ വിപണിയിൽ ഇറാന് നഷ്ടമുണ്ടാക്കാൻ വേണ്ടിയായിരുന്നു ഈ ഉപരോധം. എണ്ണ വിപണി മാത്രമല്ല, മറ്റ് ട്രെയ്ഡുകളിലൊന്നും ഇറാനുമായി സഹകരിക്കരുതെന്നായി. പിന്നീടങ്ങോട്ട് ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുതക്ക് പരിഹാരമായിട്ടില്ല. 2001ൽ സൗദി അറേബ്യയിലെ യു എസ് മിലിറ്ററി ബെയ്സ് ബോംബിടാൻ സഹായിച്ചുവെന്ന് ആരോപിച്ച് വീണ്ടും അമേരിക്ക ഇറാനെതിരെ രംഗത്ത് വന്നു. സെപ്റ്റംബർ 2001ൽ പുറത്ത് വന്ന സി ഐ എ റിപ്പോർട്ട് പ്രകാരം ഇറാൻ വൻ ആണവപദ്ധതിക്ക് രൂപം നൽകുന്നുണ്ടെന്നും റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ സഹായം ഇതിനായി തേടുന്നുണ്ടെന്നും റിപ്പോർട്ട് വന്നു. 2002ൽ ജോർജ് ഡബ്ല്യു ബുഷ് ഇറാൻ, വടക്കൻ കൊറിയ എന്നീ രാജ്യങ്ങൾ തിന്മയുടെ അച്ചുതണ്ട് (Axis of evil) ആണെന്ന് ബുഷ് പ്രസ്താവിച്ചു. സ്റ്റേറ്റ് ഓഫ് യൂണിയൻ അഡ്രസിലായിരുന്നു ഈ പ്രഖ്യാപനം. എന്നാൽ 2003ൽ International Atomic Energy Agency (IAEA) യുടെ റിപ്പോർട്ട് പ്രകാരം ഇറാൻ ഈ ആണവപദ്ധതി ഭാവിയിലെ പവർ പ്ലാന്റ് ഡെവലപ് ചെയ്യാൻ വേണ്ടി ഉണ്ടാക്കിയതാണ്. ഐക്യരാഷ്ട്രസഭക്ക് ഇറാനിൽ പരിശോധന നടത്താൻ ഇറാൻ അനുമതി കൊടുക്കുകയും ചെയ്തു. പ്ലൂട്ടോണിയം പ്രൊഡക്ഷൻ നടന്നിട്ടുണ്ടെങ്കിലും ഒന്നും ബോംബ് ഉണ്ടാക്കാനായി ഉപയോഗിച്ചിട്ടില്ലെന്ന് ഐഎഇഎ റിപ്പോർട്ട് ചെയ്തു. ഇറാൻ യൂറേനിയം സമ്പുഷ്ടീകരണം നിർത്തണമെന്ന് യൂറോപ്യൻ യൂണിയനിലും ആവശ്യം ഉയർന്നു. മാർച്ച് 2005ന് അമേരിക്കയും ഇറാനും തമ്മിൽ ഒരു ധാരണയിലെത്തി. ആണവപദ്ധതി നിർത്തിയാൽ ഉപരോധം പിൻവലിക്കാമെന്ന് ധാരണയായി. പത്ത് വർഷത്തോളം തടഞ്ഞുവച്ചിരുന്ന ലോക വ്യാപാര സംഘടനയിലെ ഇറാന്റെ അംഗത്വം നൽകുകയും ചെയ്തു.

ഇറാന്റെ പ്രസിഡന്റായി 2005 ൽ അഹ്മദി നെജാദ് ചുമതലയേറ്റതിന് പിന്നാലെ അമേരിക്ക ഇറാനിൽ തങ്ങൾ ഇടപെടുമെന്ന് ബുഷ് പറഞ്ഞിരുന്നു. 1979ൽ അമേരിക്കൻ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയതിൽ അഹ്മദി നെജാദിന് പങ്കുണ്ടായിരുന്നുവെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. ഇതിന് ശേഷം 'ദി ന്യൂ യോർക്കറി'ൽ അമേരിക്ക ഇറാനെതിരെ നൂക്ലിയാർ സ്ട്രൈക് പ്ലാൻ ചെയ്യുന്നു എന്ന് റിപ്പോർട്ട് വന്നു. അമേരിക്ക ഇത് നിഷേധിച്ചെങ്കിലും അഹ്മദി നെജാദ് ഐക്യരാഷ്ട്രസഭയിൽ പരാതി ബോധിപ്പിക്കുകയും അങ്ങനെയൊരു നൂക്ലിയാർ സ്ട്രൈക്കുണ്ടായാൽ തങ്ങൾക്കും അത് പോലെ തന്നെ തിരിച്ചടിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. സമാധാന ആവശ്യങ്ങൾക്കുവേണ്ടി ആണവപദ്ധതി ഒന്നുകൂടെ തുടരുകയും ചെയ്തു. യൂറോപ്യൻ യൂണിയനും യു എസും ചേർന്ന് ഇറാന്റെ യുറേനിയം സമ്പൂഷ്ടീകരണം സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.ഡിസംബർ 2005ന് ഇറാന്റെ ആണവപദ്ധതി ചൂണ്ടിക്കാണിച്ച് ഇറാന് ഉപരോധമേർപ്പെടുത്തി ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗൺസിലിന്റെ ഉത്തരവിറങ്ങി.

ഇറാൻ ആണവപദ്ധതിയിൽ ഒരു വ്യക്തത ഇല്ല എന്നും പറഞ്ഞ് റിപ്പോർട്ട് വന്നു. യുഎസ് ഡിഫൻസ് സെക്രട്ടറി റോബർട്ട് ഗെയ്റ്റ്സ് ഇറാൻ യു എസിനും മിഡിൽ ഈസ്റ്റിനും ഒരു ഭീഷണിയാണെന്ന് പറഞ്ഞു. ഇറാന്റെ ആണവപദ്ധതികളിൽ നിയമവിരുദ്ധമായി യുഎസ് ചാരപ്രവർത്തനം കാണിക്കുന്നുവെന്ന് പറഞ്ഞ് ഇറാൻ അമേരിക്കയ്ക്ക് ഔദ്യോഗികമായി പരാതി കൊടുത്തു.ബുഷ് ഭരണം കഴിഞ്ഞ് ഒബാമ അധികാരത്തിലേറിയപ്പോൾ ബന്ധം മെച്ചപ്പെടുമെന്നാണ് പൊതുവെ കരുതിയത്. ഇറാനുമായി ചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ ഇറാന്റെ ആണവപദ്ധതി നിർത്തണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ കാര്യങ്ങൾ ഒന്നുകൂടി വഷളാവുകയാണ് ചെയ്തത്.ഏകദേശം 3000 ദിവസങ്ങൾ ഇറാനിൽ കിുെലരശേീി വേണ്ടി നിന്ന ഐഎഇഎ ഉദ്യോഗസ്ഥരുടെ സർവൈലൻസ് പ്രകാരം ഇറാൻ കരാർ പ്രകാരമാണ് വർത്തിക്കുന്നത് എന്ന് ഐഎഇഎ ഡയറക്ടർ യുകിയാ അമാനോ ജനുവരി 2016ന് റിപ്പോർട്ട് നൽകി. എന്നാൽ ഇറാൻ പലതും മറച്ച് വെച്ചിട്ടുണ്ടെന്ന് അമേരിക്കയും ഇസ്രയേലും ആരോപിച്ചു.

ട്രംപ് യുഗം തുടങ്ങിയതോടെ കളിമാറുന്നു

യുറേനിയം സമ്പൂഷ്ടീകരണം നിയന്ത്രിച്ച ഇറാൻ ആണവപദ്ധതികളിൽ നിന്ന് മെല്ലെ പിന്നോക്കം പോയിത്തുടങ്ങിയിരുന്നു. ഉപരോധങ്ങളിൽ അയവുവന്നത് രാജ്യത്തെ സമ്പദ്്യവസ്ഥയ്ക്കും നേട്ടമായി. പക്ഷെ ഡോണൾഡ് ട്രംപ് അധികാരത്തിലേറിയതോടെ കഥമാറി. ഇറാന്റെ എക്കാലത്തെയും മുഖ്യശത്രുവായ സൗദിയുമായി ട്രംപ് കൈകോർത്തതോടെ രാജ്യാന്തരനിലപാടുകൾ മാറിമറിഞ്ഞു. സിറിയ, ഇറാഖ്, യമൻ എന്നിവിടങ്ങളിലെ ഇറാൻ നിലപാടുകൾക്കെതിരെ അമേരിക്ക ശക്തമായി രംഗത്തെത്തി. സൗദി അറേബ്യയുിടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കൂടി കളത്തിലിറങ്ങിയതോടെ ഇറാനും നിലപാട് കടുപ്പിച്ചു. സൗദി അറേബ്യയുടെ മുഖ്യ ശത്രുക്കളായ യമനിലെ ഹൂതി വിമതരെ സഹായികുന്നത് ഇറാനാണെന്ന് സൽമാൻ രാജകുമാരൻ ആരോപിക്കുന്നു. യുഎൻ നീരീക്ഷകരും വിദേശവിദഗ്ധരും സൗദിയുടെ ആരോപണം ശരിവയ്ക്കുന്നുണ്ട്.

മെയ് 2018ൽ അമേരിക്ക ആണകാരിൽ നിന്ന് പിന്മാറുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. 2018 നവംബറോട് കൂടി ഇറാന് മേലുള്ള യു എസ് ഉപരോധം തിരിച്ച് പ്രാബല്യത്തിൽ വരികയും ചെയ്തു. ഇറാനിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളും (ഇന്ത്യയടക്കം) മറ്റ് വാണിജ്യാവശ്യങ്ങൾക്ക് ഇറാനുമായി ബന്ധം നിലനിർത്തുന്ന രാജ്യങ്ങളും ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്ക താക്കീത് നൽകിയിട്ടുണ്ട്. എണ്ണ കയറ്റുമതിയിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന രാജ്യമാണ് ഇറാൻ. പല രാജ്യങ്ങളും ഇവിടെ നിന്നാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്. ചില രാജ്യങ്ങൾക്ക് ഇളവ് നൽകിയെങ്കിലും 2019 മെയ് രണ്ടോട് കൂടി ഇതവസാനിക്കും.

ഷിയാ ഐസിസിനെ പേടിച്ച് സൗദി

ഇറാൻ- അമേരിക്ക സംഘർഷത്തിൽ മലയാളികൾ അടക്കം പേടിക്കേണ്ടത് സൗദിയിലെ കുഴപ്പങ്ങളാണ്. സൗദിയിലെ പ്രമുഖ എണ്ണക്കമ്പനിയായ ആരോകോയെ അടക്കം നിരന്തരം ആക്രമിക്കുന്ന ഹുതി വിമതർക്ക് എല്ലാ പിന്തുണയും കൊടുക്കുന്നത് ഇറാൻ ആണെന്ന് യാതൊരു തർക്കവുമില്ല. അൽഖ്വായിദയും ഐസിസും പൊതുവേ സുന്നി ഭീകര സംഘടനകളായി അറിയപ്പെടുമ്പോൾ ഹൂതി വിമതർ ഷിയകളാണ്. ഷിയാ രാഷ്ട്രമായ ഇറാൻ പിന്തുണക്കുന്നത് ഇവരെയാണ്. ക്രൂരതക്ക് പേരുകേട്ട ഇവർ ഷിയാ ഐസിസ് എന്നാണ് അറിയപ്പെട്ടിരുന്നത്. സൗദിയുടെ ആരാംകോ എണ്ണക്കമ്പനിയുടെ സംസ്‌കരണകേന്ദ്രവും എണ്ണപ്പാടവും ലക്ഷ്യമിട്ട് ഹൂതിവിമതർ നടത്തിയ ഡ്രോൺ ആക്രമണത്തിൽ വൻ തീപ്പിടിത്തവും സ്ഫോടനവുമാണ് ഇടക്കിടെ ഉണ്ടാകുന്നത്.ലോകത്തിലെ ഏറ്റവുംവലിയ എണ്ണ ഉത്പാദന, ശുദ്ധീകരണ, സംസ്‌കരണ സംവിധാനമുള്ള സ്ഥാപനമാണ് സൗദി ആരാംകോ.

സൗദിയിൽ ഒരു ആക്രമണമുണ്ടായാൽ അത് സ്വന്തം നാട്ടിൽ ഉണ്ടായ പോലെയുള്ള ആശങ്കയാണ് കേരളത്തിലുമുണ്ടാവുക. കാരണം അത്രയേറെ മലയാളികൾ ഉണ്ട് ആ രാജ്യത്ത്. ഇന്ന് സൗദിയിലെ അബ്ഹ വിമാനത്താവളത്തിനുനേരെ ആക്രമണം ഉണ്ടായെന്ന വാർത്തയും ഞെട്ടലോടെയാണ് ലോകം കേട്ടത്. മുമ്പ് മക്കയും മദീനയും ആക്രമിക്കാൻ ശ്രമിച്ചപ്പോഴും, സൗദിയുടെ ഏണ്ണ പെപ്പ്ലൈനിനുനേരെ ആക്രമണമുണ്ടായപ്പോഴും ഉയർന്നുകേട്ട പേരാണ് ഹൂതി വിമതരുടേത്. കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന ശൈലിയിൽ തിരിച്ചടിക്കുന്ന ഹൂതികളെ ലോകം ഭയക്കുന്നുണ്ട്. അതെകാണ്ടുതന്നെ ഷിയാ ഐസിസ് എന്ന ഇരട്ടപ്പേരും ഇവർക്കുണ്ട്. ആരാണ് ഹൂതി വിമതർ, എന്തിനാണ് ഇവർ മക്കയെയും മദീനയെയും പോലും ലക്ഷ്യമിടുന്നത് എന്ന ചോദ്യത്തിന് ഒറ്റ മറുപടിയേയുള്ളൂ. വംശീയത തന്നെ.

ലോകമെമ്പാടുമുള്ള സുന്നി-ഷിയാ സംഘർഷങ്ങളുടെ തുടർച്ച തന്നെയാണ് ഇന്ന് ഹൂതികൾക്ക് ഭാഗികമായി രാജ്യനിയന്ത്രണമുള്ള യെമനിലും സംഭവിച്ചത്. ഷിയാക്കൾക്ക് ഭൂരിപക്ഷമുള്ള ഇറാനാണ് ആയുധവും ധനവും കൊടുത്ത് ഹൂതികളെ സംരക്ഷിക്കുന്നത്. യെമന്റെ ഭരണം പിടിക്കുന്ന രീതിയിൽ സായുധ ശക്തിയായി ഹൂതികളെ വളർത്തിയതും ഇറാൻ തന്നെ. അതുകൊണ്ടുതന്നെ ഹൂതികളുടെ മുഖ്യശത്രു ഇറാനെ എതിർക്കുന്ന, അമേരിക്കയുമായി നല്ല ബന്ധത്തിലുള്ള സൗദി തന്നെയാണ്. സൗദിയുമായി അതിർത്തി പങ്കിടുന്ന രാജ്യം കൂടിയാണ് യെമൻ. മാത്രവുമല്ല ഇവിടുത്തെ ഹൂതി ഭരണത്തിനെതിരെ അമേരിക്കൻ പിന്തുണയോടെ സംയുക്ത സേന പട നയിക്കുകയുമാണ്. അതുകൊണ്ടുതന്നെ സുന്നി ഭൂരിപക്ഷമുള്ള സൗദിയെ എത് രീതിയിലും നശിപ്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചവരാണ് ഹൂതികൾ.

ശത്രുരാജ്യത്തായിപ്പോയതുകൊണ്ട് മക്കയെയും മദീനയെപ്പോലും അവർ അംഗീകരിക്കുന്നില്ല. തലനാരിഴയ്ക്കാണ് ഹൂതികളുടെ മിസൈലാക്രമണത്തിൽനിന്ന് ഈ നഗരങ്ങൾ രക്ഷപ്പെട്ടത്. ആരാംകോയുടെ എണ്ണ  പൈപ്പ്‌ലൈനുകൾ ഒക്കെ അവർ ആക്രമിക്കുന്നതും സൗദിയെ സാമ്പത്തികമായി തകർക്കാൻ കൂടിയാണ്. സൗദിയാവട്ടെ യെമനിൽ പടനീക്കം നടത്തി ഹൂതികളെ തുരത്താനും ശ്രമിക്കുന്നു. ഇതിനിടയിൽ തകർന്നുപോകുന്നത് യെമനിലെ കോടിക്കണക്കിന് പാവങ്ങളാണ്. ഇന്ന് ലോകത്തിൽ ഏറ്റവും വലിയ പട്ടിണിയുള്ള രാജ്യങ്ങളിൽ ഒന്നാണിത്. അഴിമതിയും അരാജകത്വവും സർവ സാധാരണം. ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്ന കോളറ പോലുള്ള പകർച്ചവ്യാധികൾ നൂറുകണക്കിന് ജീവനാണ് അപഹരിക്കാറുള്ളത്. 2011ലെ മുല്ലപ്പൂ വിപ്ലവക്കാലത്ത് തുടങ്ങിയ നിലയ്ക്കാത്ത യുദ്ധംമൂലം, കെട്ടിടങ്ങൾ തകർന്നും, പരിസ്ഥിതി മലിനമായും ഈ രാജ്യം സമ്പൂർണ്ണമായ നാശത്തിലേക്കാണ് നീങ്ങുന്നത്.യെമനിലെ ഷിയ ഗോത്ര വർഗ്ഗമാണ് ഹൂതികൾ. അടിസ്ഥാനമായി യമനിലെ പ്രശ്‌നം വംശീയമാണ്. യെമനിലെ ഷിയാ വിഭാഗമായ സയിദി എന്നറിയപ്പെടുന്ന ഒരു ഇസ്ലാമിക ശാഖയാണ് ഹൂതികൾ. സുന്നി ഭൂരിപക്ഷ യെമനിൽ സയിദികൾ ന്യൂനപക്ഷമാണ്. സയിദികളെ അടിച്ചമർത്തുന്നതിനോടുള്ള ചെറുത്തുനിൽപ്പായാണ് ഹൂതി മുന്നേറ്റം തുടങ്ങിയത്.

ഹുസൈൻ അൽ-ഹൂതി എന്ന നേതാവിന്റെ പേരിൽ നിന്നാണ് ഹൂതികൾ ആ പേര് സ്വീകരിക്കുന്നത്. ഇയാൾ സ്ഥാപിച്ച സംഘമാണ് പിന്നീട് ഹൂതികളായി രൂപാന്തരം പ്രാപിച്ചത്. 1990 കളിൽ ആണ് ഹൂതികൾ ശക്തി പ്രാപിക്കുന്നത്. പ്രസിഡന്റ് അലി അബ്ദുള്ള സലേയുടെ കടുത്ത അടിച്ചമർത്തലുകലാണ് ഈ സംഘടനക്ക് നേരിടേണ്ടി വന്നത്. 2004 ൽ ഹുസൈൻ അൽഹൂതിയുടെ മരണത്തിന് ഇടയാക്കിയ സർക്കാരിന്റെ സൈനിക നീക്കമാണ് ഹൂതികളെ സായുധ ആക്രമണങ്ങളിലേക്ക് നയിച്ചത്. ഇതോടെ ലക്ഷണമെത്ത ഒരു ഭീകരവാദ സംഘടനയായി ഹൂതികൾ മാറി. ഇറാന്റെ പിന്തുണതോടെ വളരെപെട്ടെന്ന് ലബനനിലെ ഹിസ്ബുല്ലയെപ്പോലെയും, ലങ്കയിലെ തമിഴ്പുലികളെപ്പോലെയും എല്ലാവിധ ആധുനികോത്തര ആയുധങ്ങളുമുള്ള സൈനിക സ്വഭാവമുള്ള സംഘടനയായി മാറി.ഇതോടെ ഹൂതികൾ സ്വന്തം സൈന്യം തന്നെ രൂപീകരിച്ചു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു നടന്നത്. യെമനിലെ പ്രധാന കേന്ദ്രങ്ങൾ മുഴുവൻ ഹൂതികൾ പിടിച്ചടക്കി. സർക്കാരും സൈന്യവും പ്രതിരോധത്തിലായി. 

ആദ്യകാലത്ത് ഷിയാ തീവ്രാദ സംഘടനകളെ മാത്രം പിന്തുണച്ചിരുന്ന ഇറാൻ ഇപ്പോൾ അമേരിക്കയെ അടിക്കാനായി മറ്റ് തീവ്രവാദ സംഘടനകൾക്കും പിന്തുണ നൽകുന്നുണ്ട്. ഏതായാലും റവല്യൂഷണറി ഗാർഡ്സിലെ രഹസ്യാന്വേഷണ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ മേധാവിയായ കാസെം സൊലൈമാനി വധത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പാണ്. ഏത് നിമിഷവും അതിശക്തമായ ഒരു ഭീകരാക്രമണം, അമേരിക്കയിലോ സൗദിയിലോ ഉണ്ടാവാം. നേരിട്ടുള്ള യുദ്ധം ഉടനെയുണ്ടാവാൻ സാധ്യതയില്ലെങ്കിലും സൗദിയിലേ യുഎസിലോ വൈകാതെ ഭീകരാക്രമണം പ്രതീക്ഷിക്കാമെന്നാണ് നയതന്ത്രവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP