Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202226Thursday

'കുലംകുത്തി'യുടെ പ്രചാരകൻ പിണറായിയല്ല സ്റ്റാലിൻ! കൊല നടത്തി മറ്റുള്ളവരുടെ മേൽ ചാർത്തി രക്ഷപ്പെടുന്ന രീതിയും ആ ചുവപ്പ് ഭീകരന്റേത്; കോണ്ടം സുഷിരമിട്ട് നിർമ്മിച്ച് വിപ്ലവതന്ത്രമാണെന്ന് പറഞ്ഞ ചെഷസ്‌ക്യൂ; വിമർശിക്കാൻ അനുമതി കൊടുത്ത് യുവാക്കൾക്ക് കെണിയൊരുക്കിയ മാവോ; ക്യൂബക്കാർ വിശ്വസിക്കുന്നത് ചന്ദ്രയാത്ര പോലും തട്ടിപ്പെന്ന്; പ്രതിവർഷം 50 കോടി കമന്റ് ഇടാൻ തക്ക സൈബർ ആർമി ഒരുക്കിയ ചൈന; ആടിനെ പട്ടിയാക്കുന്ന കമ്യൂണിസ്റ്റ് ക്യാപ്സൂൾ പ്രൊപ്പഗാൻഡയുടെ ചരിത്രം!

'കുലംകുത്തി'യുടെ പ്രചാരകൻ പിണറായിയല്ല സ്റ്റാലിൻ! കൊല നടത്തി മറ്റുള്ളവരുടെ മേൽ ചാർത്തി രക്ഷപ്പെടുന്ന രീതിയും ആ ചുവപ്പ് ഭീകരന്റേത്; കോണ്ടം സുഷിരമിട്ട് നിർമ്മിച്ച് വിപ്ലവതന്ത്രമാണെന്ന് പറഞ്ഞ ചെഷസ്‌ക്യൂ; വിമർശിക്കാൻ അനുമതി കൊടുത്ത് യുവാക്കൾക്ക് കെണിയൊരുക്കിയ മാവോ; ക്യൂബക്കാർ വിശ്വസിക്കുന്നത് ചന്ദ്രയാത്ര പോലും തട്ടിപ്പെന്ന്; പ്രതിവർഷം 50 കോടി കമന്റ് ഇടാൻ തക്ക സൈബർ ആർമി ഒരുക്കിയ ചൈന; ആടിനെ പട്ടിയാക്കുന്ന കമ്യൂണിസ്റ്റ് ക്യാപ്സൂൾ പ്രൊപ്പഗാൻഡയുടെ ചരിത്രം!

എം റിജു

50 സി ആർമി! ഒരു തരി രക്തം ചിന്തേണ്ട അവശ്യമില്ല ഇവർക്ക്. പക്ഷേ ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമാണിത്. എന്ത് വ്യാജ നിർമ്മിതി വഴിയും തങ്ങളുടെ പ്രതിഛായ മെച്ചപ്പെടുത്താനും, പ്രതികൂലമായി വരുന്ന വാർത്തകളെ തകർക്കാനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് രൂപം കൊടുത്ത ഈ സൈബർ പോരാളി ഗ്രൂപ്പിൽ പതിനായിരക്കണക്കിന് ആളുകളാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ പ്രതിവർഷം 50 കോടി കമന്റുകൾ ഇടാൻ തക്ക ശക്തിയുള്ള സൈന്യമാണിത്. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ചൈനയിലെ ഉന്നതരായ ഉദ്യോഗസ്ഥരും, ബുദ്ധിജീവികളും, സോഷ്യൽ മീഡിയ മാനേജർമാരും അടങ്ങുന്ന ഉന്നത സമിതിയാണ് ഇവർക്ക് വേണ്ട ക്യാപ്സ്യൂളുകൾ വാട്സാപ്പിൽ നൽകുന്നത്. അത് കിട്ടിയാലുടൻ വെട്ടുക്കിളിക്കൂട്ടങ്ങളെപ്പോലെ 50 സി ആർമി പണി തുടങ്ങും. പിന്നെ എവിടെയും ചൈനീസ് മയമായിപ്പോകും. നുണകളും അർധ സത്യങ്ങളും വ്യാജവാർത്തകളുമെല്ലാം ടൺകണക്കിന് വർഷിച്ച്, ഗീബൽസിയൻ തന്ത്രത്തിലൂടെ, ഒരു നുണയെ അവർ സത്യമാക്കിയെടുക്കുന്നു. അതാണ് ശാസ്ത്രീയമായ പ്രൊപ്പഗൻഡ മനേജ്മെന്റ്.

50 സി ആർമിയെക്കുറിച്ച് ലോകത്ത് പല പഠനങ്ങളും ഉണ്ടായിട്ടുണ്ട്. 2017 ലെ ഒരു പഠനത്തിൽ റിപ്പോർട്ട് ചെയ്തുകാണുന്നത് , ഒരൊറ്റ വർഷത്തിൽ, 44.8 കോടി സോഷ്യൽ മീഡിയ കമന്റുകൾ ചൈനീസ് സർക്കാർ ഇങ്ങനെ പടച്ചു വിടുന്നുണ്ട് എന്നാണ്. ഇപ്പോൾ ഈ സൈബർ ആർമി വീണ്ടും ചർച്ചയായത് കോവിഡിന്റെ സമയത്താണ്. വുഹാനിൽ കോവിഡ് പടർന്ന സമയത്ത് ചങ്കിലെ ചൈന മോഡൽ' തള്ളുകൾ ആയിരുന്നു ലോക മെമ്പാടും. ' പത്തു ദിവസം കൊണ്ട് ആശുപത്രി പണിതു , രോഗത്തിന് മേൽ പൂർണവിജയം നേടി, ആദർശപ്രേരിതരായ ആരോഗ്യപ്രവർത്തകർ തങ്ങളുടെ തല മുണ്ഡനം ചെയ്തു, ചുവന്നകൊടികളുമായി വുഹാനിലേക്ക് പറന്നിറങ്ങി,'... എന്നിങ്ങനെയുള്ള ആഖ്യാനങ്ങൾ. ഇതിന്റെ നിജസ്ഥിതി അന്വേഷിച്ച ന്യയോർക്ക് ടൈംസാണ് ഇത് , കൃത്യമായ നിർദ്ദേശം മുകളിൽനിന്ന് കിട്ടുന്ന 50 സി
ആർമിയുടെ കളിയാണെന്ന് കണ്ടത്. എന്നാൽ കാര്യങ്ങൾ ചൈന പറഞ്ഞതുപോലെയല്ല എന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നു. വുഹാനിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്ത ഡോക്ടർറെ ചൈന പീഡിപ്പിക്കയായിരുന്നു. വാർത്തകൾ പുറത്തുവരുന്നതിലായിരുന്നു ചൈനയുടെ പ്രശ്നം.

കോവിഡ് പടരുമ്പോഴും ഒന്നും സംഭവിച്ചില്ല എന്ന പ്രചാരണമാണ് ചൈനയും 50 ഇ ആർമിയും നടത്തിയത്. ഇത് വിശ്വസിച്ച് 'ഹഗ് എ ചൈനീസ്' എന്ന കാമ്പയിൻ നടത്തിയ ഇറ്റലിയിലൊക്കെ കൊറോണ പടർന്ന് പതിനായിരങ്ങൾ മരിച്ചു വീണു! വുഹാനിലെ മാംസ മാർക്കറ്റിൽ തന്നെ ഒതുക്കാമായിരുന്നു ഒരു പ്രശനത്തെ, ഭരണകൂടത്തിന്റെ ഇരുമ്പുമുറ മൂലം ലോകമെമ്പാടും കയറ്റുമതി ചെയ്യുകയാണ് സത്യത്തിൽ ചൈന ചെയ്തത്. ചെർണോബിൽ ദുരന്ത സമയത്ത് സമാനമായ പ്രൊപ്പഗൻഡയാണ് റഷ്യയും അഴിച്ചു വിട്ടത്. വെറും 28പേർ മാത്രം മരിച്ചു എന്നായിരുന്നു ആദ്യ വാർത്ത. ആണവധൂളികൾ നിറഞ്ഞു നിൽക്കുന്ന കീവ് നഗരത്തിലൂടെ കുട്ടികളെകൊണ്ട് മാർച്ചുപോലും സോവിയറ്റ് യൂണിയൻ നടത്തിച്ചു. ഒന്നും സംഭവിച്ചിട്ടില്ല എന്ന് ബോധ്യപ്പെടുത്താൻ. ഫലമോ പതിനായിരങ്ങൾക്ക് ആണവ വികരണമേറ്റു. ചൈനയും അതുതന്നെ ചെയ്തു. വുഹാനിൽ കോവിഡ് പരക്കെ നാട്ടുകാരെ വെച്ച് ഫുഡ് ഫെസ്റ്റിവലും മറ്റു നടത്തി. ഫലമോ കോവിഡ് ലോകം എമ്പാടും എത്തി.

ചൈന വിട്ട് ഇങ്ങ് കേരളത്തിലേക്ക് വന്നാലും ക്യാപ്സൂൾ കമ്മ്യൂണിസ്റ്റ് പ്രചാരണം ഇപ്പോഴും അതി ശക്തമാണ്. പിഎസ്‌സി നിയമനങ്ങൾ നടത്തുന്നില്ല എന്ന വാർത്തക്കെതിരെ കമന്റിടാനും പ്രതികരിക്കാനും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ഓഡിയോ പുറത്തായതോടെയാണ് ഈ വിവാദം സോഷ്യൽ മീഡിയ ഏറ്റെടുത്തത്. പക്ഷേ ലോക ചരിത്രം പരിശോധിച്ചാൽ ഇത് ഒരു പ്രഖ്യപിതമായ കമ്യൂണിസ്റ്റ് രീതിയാണെന്ന് കാണാം. നിരന്തരമായ വ്യാജവാർത്തകളിലൂടെയും വിവരങ്ങളിലൂടെയും ലോക കമ്മ്യുണിസ്റ്റ് നേതാക്കളും കൃത്രിമമായ പ്രതിഛായായാണ് സൃഷ്ടിച്ചത്. ചൈനയിലും റഷ്യയിലും ജനം പട്ടിണികൊണ്ട് മരിച്ചുവഴുമ്പോഴും, മധുരമനോഞ്ജ ചൈനയെക്കുറിച്ചും, റഷ്യൻ സ്വർഗത്തെക്കുറിച്ചും കവിത എഴുതകയായിരുന്നു മലയാളത്തിലെ കവികൾ പോലും. ഇന്ന് കേരളത്തിൽ പ്രചുരപ്രചാരം നേടിയ കുലംകുത്തി, ബൂർഷ്വാ തുടങ്ങിയ വാക്കുകൾപോലും സ്റ്റാലിന്റെ രഹസ്യപ്പൊലീസാണ് പ്രചാരത്തിൽ വരുത്തിയത്.

കുലംകുത്തിയുടെ പേറ്റന്റ് സ്റ്റാലിന്

ചില വാക്കുകൾ അങ്ങനെയാണ്. എതെങ്കിലും ഒരു നേതാവിന്റെ വായിൽനിന്ന് വന്നാലോ അല്ലെങ്കിൽ ഒരു പ്രത്യേക സംഭവത്തിലൂടെ കടുന്നപോയാലെ ജനം ഓർക്കു. അത്തരം ഒരു സംഭവം ആയിരുന്നു ടിപി ചന്ദ്രശേഖൻ സിപിഎം വിട്ട് ആർഎംപി ഉണ്ടാക്കിയപ്പോൾ, അവരെ കുലംകുത്തികൾ എന്ന് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ വിശേഷിപ്പിച്ചത്. പക്ഷേ വർഗ്ഗവഞ്ചകർ, കുലംകുത്തികൾ തുടങ്ങിയ വാക്കുകൾ പിണറായിയുടെ സംഭാവനയാണെന്ന് ആരും ധരിക്കരുത്. ചാനൽ ഫോറിന്റെ പുതിയ ഡോക്യുമെന്റിയായ 'ലെറ്റേഴസ് ഫ്രം ലെനിനിൽ' ആധികാരിക ചരിത്രകാരന്മാരെ ഉദ്ധരിച്ച് പറയുന്നത് ഇതിൽ ഒന്ന് ലെനിന്റെയും മറ്റേത് സ്റ്റാലിന്റെയും ആണെന്നാണ്.

സർ നിക്കോളാസ് രണ്ടാമന്റെ പതനത്തിനുശേഷം വന്ന താൽകാലിക ഭരണകൂടത്തോട് സഹകരിക്കുന്ന തന്റെ സ്വന്തം ഗ്രൂപ്പിലുള്ളവരെ 'വർഗ്ഗ വഞ്ചകരെന്നു' വിളിച്ച് ആക്ഷേപിച്ചത് വ്ലാഡിമർ ലെനിൻ ആയിരുന്നു. പക്ഷേ ഇദ്ദേഹത്തിനൊപ്പം ഉറ്റ അനുയായിയായി ജോസഫ് സ്റ്റാലിൻ ഉണ്ടായിരുന്നു. ഈ അവസരത്തിൽ ഭിന്നതകൾമൂലം പലരും പാർട്ടി വിട്ടു. വിക്ടർ ചെർനോവ്, അലക്സാണ്ടർ കെറെൻസ്‌കി തുടങ്ങിയ ഇത്തരം വിമത സഖാക്കളെ 'കൂലം കുത്തികൾ' എന്ന് വിളിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണമായ 'പ്രവ്ദ'യിൽ ഒരുഗ്രൻ ലേഖനം പാസാക്കുകയാണ് ചെയ്തത്. ആദ്യകാല കമ്മ്യുണിസ്റ്റ് പ്രസിദ്ധീകരണങ്ങളുടെ ചരിത്രത്തിൽ പ്രമുഖ സ്ഥാനമുള്ള 'പ്രവ്ദ' യുടെ പത്രാധിപരായിരുന്നു സ്റ്റാലിൻ.

നമ്മുടെ നാട്ടിൻപുറങ്ങളിൽ നടക്കുന്ന രാഷ്ട്രീയ ചർച്ചകളിൽ ഉയർന്നുകേൾക്കാറുള്ള 'ബൂർഷ്വാ' പ്രയോഗത്തിന് വൻ പ്രചാരം  നേടാനുള്ള കാരണവും സ്റ്റാലിൻ തന്നെയാണ്.
 ഒക്ടോബർ വിപ്ലവത്തിൽ തന്റെകൂടെ നിന്നതിന്റെ നന്ദിയായി ലെനിൻ രാജ്യത്തിനകത്തെ റഷ്യൻ ഇതര ജനവിഭാഗങ്ങളെ ചേർത്തുനിർത്തുന്നതിനുള്ള സുപ്രധാന രാഷ്ട്രീയകാര്യ ചുമതലകൂടി സ്റ്റാലിനു നൽകി. പാർട്ടിയിൽ അനന്തമായ അധികാരങ്ങളാണ് ഈയൊരു പദവിയിലൂടെ സ്റ്റാലിന് കൈവന്നത്. തുടക്കത്തിൽ റഷ്യൻ ഇതര ജനവിഭാഗങ്ങൾക്ക് സ്വയം നിർണയാവകാശം വാഗ്ദാനം നൽകിയ സ്റ്റാലിൻ പിന്നെപ്പിന്നെ സ്വന്തമായ നിലപാടുകളെടുത്തവരെ ബൂർഷ്വാസികളെന്നു വിളിച്ചു നേരിടാൻ തുടങ്ങി. ജോർജ്ജിയൻസും ഉക്രൈനികളുമൊക്കെ സോവിയറ്റ് യൂണിയന്റെ ഭാഗമാകാത്തിടത്തോളം അവരുടെ സ്വയം നിർണയാവകാശം വകവെച്ച് കൊടുക്കില്ലെന്നു സ്റ്റാലിൻ പ്രഖ്യാപിച്ചു. ഇതിനോടനുബന്ധിച്ചുണ്ടായ സിവിൽയുദ്ധത്തിൽ വരാൻപോകുന്ന സോവിയറ്റ് യൂണിയന്റെ ഭാഗമാകാൻ വിസമ്മതിച്ചു സ്വതന്ത്ര സ്റ്റേറ്റുകളായി നിന്നിടത്തെ പ്രാദേശിക ഭരണാധികാരികളെ കൊന്നു നദിയിൽ തള്ളുകയായിരുന്നു. ഇക്കാലത്ത് സ്റ്റാലിൻ നിരന്തരം പറയാനും എഴുതാനും ഉപയോഗിച്ച് ബൂർഷ്വാസിയെന്ന വാക്ക് ക്രമേണെ സാധാരണക്കാരിലും എത്തിയെന്നാണ് ചരിത്രം.

പ്രാവ്ദയിൽ ഇരിക്കുമ്പോൾ തന്നെ പാർട്ടിക്ക് ആവശ്യമായ കാപസ്യൂളുകൾ പ്രചരിപ്പിക്കാനുള്ള ഒരു ടീം സ്റ്റാലിന് സ്വന്തമായിട്ടുണ്ട് ഉണ്ടായിരുന്നു. പിന്നീട് രഹസ്യപ്പൊലീസിന്റെ സമ്പൂർണ്ണ ചുമതലയോടെ സോവിയറ്റ് യൂണിയന്റെ അധിപനായപ്പോൾ സ്റ്റാലിൻ ശക്താമയ ഒരു പ്രാപ്പഗൻഡ ടീമിനെ വാർത്തെടുത്തു. ബ്വൂർഷ്വകൾ, പെറ്റി ബൂർഷ്വകൾ, വർഗവഞ്ചകർ, കുലംകുത്തികൾ എന്നീ വാക്കുൾ ഒക്കെയും സ്റ്റാലിന് ആളുകെഴ കൊല്ലാനുള്ള അനൗദ്യോഗകി ലൈസൻസ് ആയിരുന്നു. ആദ്യം പ്രാപ്പഗൻഡ് ടീം ഇവർക്കായി ഒരു ചാപ്പയിടിക്കും. പിന്നെ രഹസ്യപ്പൊലീസ് പിടിക്കും. അപ്പോഴേക്കും ജനങ്ങൾക്ക് മുന്നിൽ ഇവർ ഒറ്റുകാർ ആയിരിക്കും. തനിക്കുവേണ്ടാത്ര ഒരു വാർത്തപോലും പുറത്തുപോവാതെ ഇരുമ്പുമറയിട്ട് സൂക്ഷിക്കാനും സ്റ്റാലിന് കഴിഞ്ഞു. അങ്ങനെയാണ് 'മധുരമനോജ്ഞ റഷ്യയെന്നൊക്കെ' മലയാളത്തിലെ കവികൾപോലും പാടിപ്പുകഴ്‌ത്താൻ ഇടയാക്കിയത്.

സ്റ്റാലിൻ ഒരു കിരാതനായ സ്വേച്ഛാധിപതിയായിരുന്നുവെങ്കിലും പ്രൊപ്പഗാൻഡകളിലൂടെ ലോകത്തെ സ്വാധീനിക്കാൻ ഇയാൾക്കു സാധിച്ചിരുന്നുവെന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് 'ദ ഹൻഡ്രഡ്' എന്നപേരിൽ മൈക്കിൾ ഹാർട്ട് 1978-ൽ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പട്ടികയിൽ അറുപത്തിയാറാം സഥാനം സ്റ്റാലിനാണ്.

'മാഷാ അല്ലാഹ്' കള്ളക്കളികൾ റഷ്യയിലും

ബൂർഷ്വാ, പെറ്റി ബൂർഷ്വാ, വർഗവഞ്ചകർ എന്ന പേരിട്ട് ഓരോ സ്ഥലത്തും ക്വാട്ട നിശ്ചയിച്ച് ആളുകളെ കൊല്ലാൻ ലെനിൻ കത്തെഴുതി എന്നുവരെ ഇപ്പോൾ പുറത്തുവരുന്നുണ്ട്. അതായത് സ്റ്റാലിന്റെ മറവിൽ ലെനിന്റെ ഭീകരത ആരും കണാതെപോവുകയാണെന്ന് ചുരക്കം.കൊന്നിട്ട് അത് മറ്റുള്ളവരെ പേരിലിടകു എന്ന തന്ത്രത്തിന്റെ തുടക്കവും സ്റ്റാലിൻ കാലത്തായിരുന്നു. ലെനിൻ അവസാനിച്ചതോടെ സ്റ്റാലിന്റെ അടുത്ത ഉന്നം സ്വാഭാവികമായും മറ്റൊരു പ്രമുഖ നോതാവാത ട്രോസ്‌കിയിലേക്ക് തിരിഞ്ഞു. പോളിറ്റ് ബ്യുറോ അംഗങ്ങളായ ഗ്രിഗറി സിനോവിച്ചിനെയും ലെവ് കാമിനെവിനെയും ഉപയോഗിച്ച് ട്രോസ്‌ക്കിക്കെതിരെ കരുക്കൾ നീക്കി.ഉൾപാർട്ടി ജനാധിപത്യം അനുവദിക്കാത്ത സ്വേച്ചാധിപതിയെന്നു ട്രോസ്‌കി സ്റ്റാലിനെ വിമർശിച്ചപ്പോൾ പാർട്ടിയിൽ വിഭാഗീയതയുണ്ടാക്കുകയാണ് ട്രോസ്‌കിയെന്നു സ്റ്റാലിനും വാദിച്ചു. സ്റ്റാലിന്റെ തനിനിറം വ്യക്തമാക്കാൻ ലെനിൻ സഖാക്കൾക്കായി എഴുതിയ ഒസ്യത്ത് പാർട്ടി സീ സിയിൽ പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യവുമായി ട്രോസ്‌കിയും ലെനിന്റെ വിധവയും രംഗത്തുവന്നു. അതോടെ സ്റ്റാലിൻ ട്രോസ്‌കിയെ അധികാരത്തിൽനിന്നു പുറത്താക്കി കസാക്കിസ്ഥാനിലേക്ക് നാടുകടത്തി. പാർട്ടിയിലെ തന്റെ പ്രാമാണിത്വം അരക്കിട്ടുറപ്പിക്കുകയായിരുന്നു സ്റ്റാലിൻ!

സ്റ്റാലിന്റെ തെമ്മാടിത്തരത്തിൽ മനംമടുത്ത പാർട്ടിയിലെ ഒരു വിഭാഗം ട്രോസ്‌കിയെ പാർട്ടിയിൽ തിരിച്ചെടുക്കാന് പീ ബിയിൽ ആവശ്യമുന്നയിച്ചു. പാർട്ടിയിലെ ഇത്തരം വിമർശകരെ അറസ്റ്റ് ചെയ്തു വിചാരണ ചെയ്യാനാണ് സ്റ്റാലിന്റെ ആഹ്വാനമുണ്ടായത്. ഇതോടെ സ്റ്റാലിൻ അനുകൂലിയായിരുന്ന സെർഗി കിരോവ് അടക്കമുള്ളവർ സ്റ്റാലിനെതിരെ രംഗത്ത് വന്നു. വ്യാവസായികവൽക്കരണത്തിന്റെയും കൃഷി ഭൂമി പിടിച്ചെടുക്കലിന്റെയും ഭാഗമായി അന്യായമായി ജയിലിലടക്കപ്പെട്ടവരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കിരോവ് പീ ബിയിൽ തെറ്റുതിരുത്തൽരേഖ കൊണ്ടുവന്നു. ഇതോടെ കിരോവിനെ അനുനയിപ്പിച്ചു കൂടെനിർത്താൻ ലെനിൻഗ്രാഡിൽ ആയിരുന്ന കിരോവിനെ സ്റ്റാലിൻ മോസ്‌കോവിലേക്കു വിളിപ്പിച്ചെങ്കിലും ഇയാളുടെ നയങ്ങളെ പിന്താങ്ങാൻ കിരോവ് തയ്യാറായില്ല. തൊട്ടടുത്ത ഏതാനും നാളുകൾക്കുള്ളിൽത്തന്നെ സെർഗി കിരോവ് ക്രൂരമായി വധിക്കപ്പെട്ടു. ശേഷം നടന്നതാണ് സമകാലിക കേരളീയ സംഭവങ്ങളെ പഠിക്കുന്നവർ സൂക്ഷ്മമായി ഓർത്തു വെക്കേണ്ടത്. കൊലയുടെ പിന്നിൽ ട്രോസ്‌കിയുടെ ആളുകളാണെന്ന് പ്രചരിപ്പിച്ച സ്റ്റാലിൻ നേരത്തെ തന്നെ സഹായിച്ച പീ ബി അംഗങ്ങളായിരുന്ന ഗ്രിഗറി സിനോവിച്ചിനെയും ലെവ് കാമിനെവിനെയും അടക്കം പതിനഞ്ചോളം പാർട്ടി ഉന്നതരെ തൂക്കിലേറ്റി.

1934-ൽ NKVD എന്ന സോവിയറ്റ് രഹസ്യ പൊലീസിനെ ഉപയോഗിച്ച് പാർട്ടിയിൽ തനിക്കെതിരെ സംസാരിക്കുന്ന മുഴുവൻ സഖാക്കളെയും അറസ്റ്റ് ചെയ്തു പീഡിപ്പിച്ചു അവരെക്കൊണ്ട് ട്രോസ്‌കിയോടൊപ്പം ചേർന്നു രാജ്യദ്രോഹം ചെയ്തുവെന്ന് കള്ളകുറ്റസമ്മതം ചെയ്യിപ്പിച്ചു. രണ്ടു വർഷങ്ങൾക്കുശേഷം ഇവരെയൊക്കെയും തൂക്കിലേറ്റി പാർട്ടിയിൽ തന്റെ ആധിപത്യം സ്റ്റാലിൻ ഒന്നുകൂടി ശക്തമാക്കി. അടുത്ത നീക്കം റെഡ് ആർമി എന്ന തന്റെ സൈനിക ഗ്രൂപ്പിലേക്കായിരുന്നു. ജർമ്മനിയുമായി ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയവർ സൈന്യത്തിലുണ്ടെന്നു വരുത്തി തീർത്തു ഏതാണ്ട് 30,000 ആർമി ഓഫീസർമാരെ സ്റ്റാലിൻ വകവരുത്തി. മൊത്തം ഉന്നത ആർമി ഓഫീസർമാരുടെ പകുതിയോളം വരും ഈ സംഖ്യ.

എതിരാളികളെയും തന്റെ സ്ഥാനത്തിനു ഭീഷണിയായി വരാൻ സാധ്യതയുള്ള പാർട്ടിയിലെ മുതിർന്ന സഖാക്കളെയുമൊക്കെ അതി വിദഗ്ദ്ധമായി ഉന്മൂലനം ചെയ്യാൻ തനിക്കു ഉപകരണമായി വർത്തിച്ച NKVD എന്ന രഹസ്യ പൊലീസ് ആയിരുന്നു സ്റ്റാലിന്റെ അടുത്ത ഉന്നം. തന്റെ യഥാർത്ഥ മുഖം ഒരിക്കലും അനാവരണം ചെയ്യപ്പെടരുതെന്ന നിർബന്ധം ആയിരുന്നു ഈയൊരു നീക്കത്തിന് പിന്നിൽ. NKVD യിലെ തന്റെ രഹസ്യങ്ങൾ അറിയാവുന്നവരെ കശാപ്പു ചെയ്യാനുള്ള നീക്കത്തെ ന്യായീകരിക്കാൻ സ്റ്റാലിൻ ഒരു കഥയുണ്ടാക്കി. രാജ്യത്തെ ഒട്ടനവധി നിരപരാധികളുടെ കൂട്ടക്കുരുതിക്ക് കാരണം രഹസ്യ പൊലീസിനകത്തെ ചില ഫാസിസ്റ്റുകളാണെന്നായിരുന്നു ഇയാൾ പടച്ചുവിട്ട നുണ. ഫാസിസ്റ്റുകളെപ്പോലെതന്നെ ഗീബത്സിന്റെ കടുത്ത ആരാധകരും പ്രയോക്താക്കളുമാണ് കമ്മ്യുണിസ്റ്റുകളും. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ പിറ്റേ ദിവസം പിണറായി വിജയന്റെയും ഈ പി ജയരാജന്റെയുമൊക്കെ പ്രസ്താവനകളും, കൈരളി പീപ്പിൾ ചാനലിന്റെ 'മാഷാ അല്ലാഹ്' സ്റ്റിക്കർ സ്‌ക്രോളിങ് പ്രയോഗവുമൊക്കെ ഇതോടൊപ്പം ചേർത്തു വായിക്കുക. രഹസ്യ പൊലീസിനെതിരെയുള്ള ഈയൊരു നുണബോംബിനുശേഷം മുഴുവൻ സീനിയർ ഓഫീസർമാരെയും സ്റ്റാലിൻ കൊന്നുതള്ളി.

സ്റ്റാലിൻ കാലത്തുതൊട്ടുതന്നെ നിലവിലുള്ള ഒരു പ്രഖ്യാപിത കമ്യൂണിസ്റ്റ് രീതിയാണ് വ്യാജ സമ്മതിയുടെ നിർമ്മിതി. സ്റ്റാലിൻ കുട്ടികൾക്ക് പൂച്ചെണ്ട് കൊടുക്കുന്നതിന്റെ ചിത്രങ്ങൾ എടുത്ത് പ്രചരിപ്പിക്കാനും എന്തിന് യോഗങ്ങളിൽ അദ്ദേഹത്തിനുവേണ്ടി കയ്യടിക്കാൻപോലും പ്രത്യേകം ആളുകൾ ഉണ്ടായിരുന്നു. തീർത്തും ആസൂത്രിതമായ ഒരു പബ്ലിക്ക് റിലേഷൻ വർക്കിലൂടെ അടിനെ പട്ടിയാക്കാൻ അവർക്ക് കഴിയുമായിരുന്നു. ചെർണോബിൽ ദുരന്തകാലത്തെ രാഷ്ട്രീയ പിടിപ്പുകേടുകൾ ഒന്നും അതുകൊണ്ടാണ് പുറത്തുവരാത്തത്. എന്നാൽ സ്റ്റാലിനെ കടത്തിവെട്ടുന്ന അതി ശക്തമായ പ്രൊപ്പഗൻഡ മാനേജ്മെന്റ് ടീം ആണ് മാവോയുടെ കാലം തൊട്ടുതന്നെ ചൈനയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഷീ ജൻ പിങ്ങ് ഭരണത്തിൽ അത് പതിനായിരങ്ങളായി.

മാവോയുടെ വിമർശന കെണി

ടിയാനമെന്റ് സ്വക്വയർ വെടിവെപ്പിന് ശേഷമാണ് ചൈന അതി ശക്തമായ പ്രാപ്പഗൻഡ ടീമിനെ വളർത്തിയെടുത്തതെങ്കിലും, ഇതിന് 'ശാസ്ത്രീയമായ' ഒരു അടിത്തറിയും താത്വികമാനവും നൽകിയത് സാക്ഷൽ മാവോ സേതൂങ്ങ് തന്നെയാണ്. മുതലാളിത്ത ശക്തികൾ നിരന്തര കുപ്രചാരണങ്ങളിലൂടെ ചൈനയെ അപകീർത്തിപ്പെടുത്തുകയാണെന്നും അതിനാൽ ചൈനയുടെ മാനം രക്ഷിക്കാൻ നമുക്കും കൗണ്ടർ പ്രചരണം വേണമെന്നും മാവോ വാദിച്ചു. മാത്രമല്ല മാർഗം മാവോയിസത്തിൽ ഒരു പ്രശ്നമായിരുന്നില്ല. ലക്ഷ്യം മാത്രമാണ് പ്രധാനം. ലക്ഷ്യത്തിനായി ആരെയും കൊല്ലാം എന്തും ചെയ്യാം. എന്ത് വ്യാജ കഥകളും പടച്ചുവിടാം. 'വിപ്ലവം എന്നത് ഒരു തേയില സൽക്കാരമോ ഡിന്നർ പാർട്ടിയോ അല്ലെന്നും' മഹത്തായ ലക്ഷ്യത്തിനുവേണ്ടി ആയിരങ്ങൾ കൊല്ലപ്പെടുന്നത് സ്വാഭാവികമാണെന്നും 'മരണത്തെ സ്നേഹിച്ചിരുന്ന സൈക്കോ' എന്ന് പിന്നീട് വിലയിരുത്തപ്പെട്ട ഈ നേതാവ് പറഞ്ഞിരുന്നു.

ഇത് മാവോയുടെ അനുചരന്മാരും എഴുത്തകാരുമെല്ലാം വ്യാപകമായി പ്രചരിപ്പിച്ചു. നുണ പ്രചാരണത്തിനും വിദേശ പ്രതിനിധികളെ തെറ്റിദ്ധരിപ്പിക്കാനും വലിയൊരു ടീം തന്നെ മാവോയ്ക്ക് ഉണ്ടായിരുന്നു. ദ ്രേഗറ്റ് ലീപ്പ് ഫോർവേഡ്, കൾച്ചറൽ റവല്യൂഷൻ തുടങ്ങിയ മാവോയുടെ തെറ്റായ നടപടികളുടെ പേരിൽ ലക്ഷക്കണക്കിന് ചൈനാക്കാർ പട്ടിണികിടന്ന് മരിച്ചപ്പോളും ലോകമെമ്പാടും മധുരമനോഞ്ജ ചൈനയെക്കുറിച്ച് ലേഖനങ്ങൾ വന്നത് അങ്ങനെയാണ്. സ്വന്തം നാട്ടുകാർ പട്ടിണി കിടക്കുമ്പോഴും ധാന്യങ്ങൾ പിടിച്ചുവാങ്ങി കയറ്റുമതി ചെയ്ത് മാവോ പേരെടുത്തു. അങ്ങനെ ലോകത്തിലെ മറ്റ് രാഷ്ട്രങ്ങളുടെ പട്ടിണി മാറ്റുന്ന മനുഷ്യസ്നേഹി എന്ന ഇമേജ് മാവോക്ക് വന്നുചേർന്നു. അതുപോലെ തന്നെ മാവോയുടെ പ്രൊപ്പഗൻഡാ ടീം ഒരുക്കിയ മറ്റൊരു കെണിയായിരുന്നു ആളുകൾക്ക് മാവോയേയും ഭരണകൂടത്തെയും വിമർശിക്കാനും സ്വയം തെറ്റുകൾ ഏറ്റുപറഞ്ഞ് പാർട്ടിക്കുമുന്നിൽ നിഷ്‌ക്കളങ്കരാവാനും ആളുകൾക്ക് കൊടുത്ത അവസരം.

ഇതോടെ, നോക്കു, മാവോ എത്ര ജനാധിപത്യവാദിയെന്ന രീതിയിൽ വിമർശകരായ വിദേശ പത്രക്കാർ പോലും എഴുതി. പക്ഷേ സംഭവിച്ചത് നേരെ മറിച്ചായിരുന്നു. തന്റെ ശത്രുക്കളും വിമർശകരും ആരാണെന്ന് അറിയാനായി മവോയുടെ കാപ്സ്യൂൾ ടീം ഒരുക്കിയ കെണിയായിരുന്നു ഇത്. വിമർശിക്കാനുള്ള സ്വാതന്ത്ര്യം വെച്ച് മാവോയെ വിമർശിച്ച് എഴുതിയ പതിനായിരക്കണക്കിന് ചെറുപ്പക്കാരെ രഹസ്യപ്പൊലീസ് പൊക്കി. ഭൂരിഭാഗം പേരും തടവറയിലായി. പലരും ഭൂമുഖത്തുനിന്ന് ഇല്ലാതായി. അപ്പോഴും അത് പെറ്റി ബൂർഷ്വകളെയും, വർഗവഞ്ചകരെയും, അഞ്ചാംപത്തികളെയും കണ്ടെത്താനുള്ള അവസരമായാണ് മാവോയുടെ പ്രാപ്പഗൻഡാ ടീം പ്രചരിപ്പിച്ചത്.

വടക്കൻ കൊറിയക്കാർ ഇപ്പോഴും കിമ്മിനെ ആരാധിക്കുന്നു

'അഞ്ച് ഉത്തര കൊറിയൻ പട്ടാളക്കാർ നാലുവീതം ദക്ഷിണ കൊറിയൻ പട്ടാളക്കാരെ വെടിവെച്ചിട്ടാൽ ആകെ കൊല്ലപ്പെട്ടവർ എത്ര'?... ഉത്തര കൊറിയയിലെ സ്‌കൂളുകളിൽ ഗണിതംപോലും പഠിപ്പിക്കുന്നത് ഇങ്ങനെയാണ്. എന്തുകൊണ്ടാണ് ആ രാജ്യത്തെ ഇത്രയേറെ ദ്രോഹിച്ചിട്ടും എല്ലാ വിധ സ്വാതന്ത്ര്യങ്ങളും കവർന്നിട്ടും കിം ജോങ് ഉൻ എന്ന ഭ്രാന്തൻ ഭരണാധികാരി ഇപ്പോഴും ആ നാട്ടിൽ ജനപ്രിയൻ ആവുന്നത് എന്ന ചോദ്യത്തിൽ ചാനൽ ഫോർ ലേഖിക തേരസാ സ്മിത്ത് നൽകുന്ന മറുപടി, മൈൻഡ് കണ്ടീഷനിങ്ങ് എന്ന മനഃശാസ്ത്ര പ്രതിഭാസമാണ്. കാരണം ഉത്തരകൊറിയയിൽ ചാനലുകളോ, സിനിമയോ, ഇന്റർനെറ്റോ ഒന്നുമില്ല. പിറന്നുവീഴുന്ന ഓരോ കുഞ്ഞും,  കമ്യൂണിസ്റ്റ് വ്യാഖ്യാന ഫാക്ടറികൾ ഉണ്ടാക്കിയെടുത്ത വ്യാജകഥകൾ കേട്ടാണ് വളരുന്നത്. ദക്ഷിണ കൊറിയയും അമേരിക്കയും ചേർന്ന് ഉത്തര കൊറിയയെ തകർക്കാൻ വരുന്നതിന്റെയും അവിടെനിന്ന് നമ്മുടെ നേതാവ് രക്ഷിക്കുന്ന കഥയുമാണ് ഓരോ കുട്ടിയും രോമാഞ്ചം കൊള്ളുന്നത്. സ്‌കൂളിൽ പോയാൽ അവർ പഠിക്കുന്നതും അതുതന്നെ.

അതായത് അവർക്ക് ഒരിക്കലും തുറന്ന ലോകത്തേക്ക് കടക്കാൻ കഴിയുന്നില്ല. ആകെയുള്ള ഉത്തര കൊറിയൻ വിമതർ എന്ന് പറയുന്നത് പുറത്തുപോയി പഠിച്ചവരും ആ നാട്ടിൽനിന്ന്
ചാടിപ്പോയവരും ആണ്. മറ്റു സമൂഹങ്ങളുമായി ഇടപെടുമ്പോഴാണ് നമ്മൾ എത്ര പ്രാകൃതാവസ്ഥയിലാണ് ജീവിക്കുന്നതെന്ന് അവർ തിരിച്ചറിയുന്നത്. അതുകൊണ്ടുതന്നെ ഉത്തര കൊറിയ ഇപ്പോൾ പാശ്ചാത്യ വിദ്യാഭ്യാസത്തെ പ്രോൽസാഹിപ്പിക്കാറില്ല. കമ്യൂണിസ്റ്റ് ഏകാധിപതി കിമ്മിന്റെ വർണ്ണനകളും നിറപിടിപ്പിച്ച ചിത്രങ്ങളും, സർക്കാറിന്റെ ടെലിവിഷനിലൂടെയും റേഡിയോയിലുടെയും ഉള്ള  പ്രചാരണങ്ങൾ
 ഇതിന് പുറമെയാണ്. കിമ്മിന് അത്ഭുദ ശക്തികൾ പോലുമുണ്ടെന്ന് അവരിൽ പലരും വിശ്വസിക്കുന്നുണ്ട്. പലപ്പോഴും പർവതങ്ങൾക്ക് മുകളിൽ വെള്ളക്കുതിരപ്പുറത്ത് നിൽക്കുന്ന കിമ്മിന്റെ പടം ഉത്തര കൊറിയ പുറത്തുവിടുന്നതൊക്കെ ഈ അത്ഭുദ മനുഷ്യൻ എന്ന ഇമേജ് ഊട്ടി ഉറപ്പിക്കാൻ കൂടിയാണ്.

മുടിവെട്ടാൻ പോലും ആളുകൾക്ക് സ്വാതന്ത്ര്യമില്ലാത്ത നാടാണ് ഉത്തര കൊറിയ എന്ന് ഓർക്കണം. കിം ജോങ് ഉന്നിന്റെ സാമ്രാജ്യത്തിൽ നിന്നും പുറത്ത് വന്നവർ മാധ്യമങ്ങൽക്ക് മുന്നിൽ ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങൾ പറഞ്ഞിരുന്നു. ആരും കേട്ടാൽ തലയിൽ കയ്യും വെച്ചിരുന്നു പോകുന്ന നിയമങ്ങളാണ്  നില നിൽക്കുന്നത്. ഉത്തര കൊറിയയിൽ ആകെയുള്ളത് മൂന്നേ മൂന്ന് ചാനലുകൾ മാത്രമാണ്. മൂന്നും സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതാണ്. അത് തന്നെ ധാരാളം എന്നാണ് അധികാരികൾ പറയുന്നത്. ഇവയിൽ പ്രധാനമായും സംപ്രേഷണം ചെയ്യുന്ന പരിപാടികൾ സർക്കാർ അറിയിപ്പുകളും ഭരണാധികാരികളുടെ പ്രസംഗങ്ങളും ആണ്. ഭരണകൂടം നിഷ്‌ക്കർഷിക്കുന്ന രീതിയിലല്ലാതെ മുടിവെട്ടാൻ പോലും കഴിയില്ല. ഹോളിവുഡ് സിനിമ കണ്ടാലും നിങ്ങളെ ഫയറിങ്ങ് സ്‌ക്വാഡ് വെടിവെച്ചു കൊല്ലാം. പക്ഷേ ഇതൊക്കെ ശത്രുക്കളിൽനിന്ന് നമ്മെ രക്ഷിക്കാനും മഹത്തായ ഒരു ലക്ഷ്യത്തിലെത്താനുള്ള കടുത്ത നടപടികൾ ആണെന്നാണ് കിമ്മിന്റെ മാധ്യമ പ്രചാരണ ടീം പറയുക. ആ മൈൻഡ് കണ്ടീഷനിങ്ങ് പാവം മനുഷ്യരെ എല്ലാ അതിക്രമങ്ങളും സഹിക്കാൻ പര്യാപ്തമാക്കുകയും ചെയ്യുന്നു.

വിപ്ലവത്തിനു വേണ്ടി കോണ്ടം സുഷിരമിട്ട് നിർമ്മിച്ച നേതാവ്

അതുപോലെ തന്നെ കമ്യൂണിസ്റ്റ് പ്രൊപ്പഗൻഡകളുടെ ആൾ രൂപമായിരുന്നു റുമാനിയയിലെ കമ്യൂണിസ്റ്റ് എകാധിപതി ചെഷസ്‌ക്യ. തന്റെ നാട്ടിലെ ജനസംഖ്യ വല്ലാതെ കുറയുകയാണെന്ന് ഒരിക്കൽ ഈ എകാധിപതിക്ക് സംശയം തോന്നി. ഉടൻതന്നെ തന്റെ അനുചരരെ വിളിച്ച് ചെഷസ്‌ക്യൂ ഈ വിവരം പങ്കുവെച്ചു. എങ്ങനെയെങ്കിലും നാടിന്റെ ജനസംഖ്യം കൂട്ടണം. പക്ഷേ അതിനായി അവർ പ്ലാൻ ചെയ്തത് ചരിത്രത്തിൽ തന്നെ സമാനകൾ ഇല്ലാത്ത ഒരു പരിപാടിയായിരുന്നു. ഗർഭനിരോധന ഉറകൾ നിർമ്മിക്കുന്ന കമ്പനികളെ സ്വാധീനിക്കുക. എന്നിട്ട് കോണ്ടങ്ങൾ പുറത്തറിയാത്ത ചെറിയ സൂഷിരങ്ങൾ ഇട്ട് നിർമ്മിക്കുക. അഞ്ചുവർഷത്തെ കാലയളവിൽ അങ്ങനെ പതിനായിക്കണക്കിന് കുഞ്ഞുങ്ങൾ റുമാനിയയിൽ ജനിച്ചു. അവിഹിത ഗർഭത്തിന്റെ പേരിൽ കൊലകളും മറ്റം നടന്നു. അനാഥകുട്ടികൾ വലിയ സാമൂഹിക  പ്രശ്‌നമായി. പിന്നീട് ഇക്കാര്യം പുറത്താവുകയും ജനരോഷം ഉയരുകയും ചെയ്തപ്പോൾ എല്ലാം വിപ്ലവത്തിന് വേണ്ടി എന്നായിരുന്നു ചെഷസ്‌ക്യൂവിന്റെ മറുപടി.

ജനം പട്ടിണിയിലും ശൈത്യത്തിലും മരിക്കുമ്പോൾ സ്വർണ്ണചെരിപ്പുള്ള പത്നിയുമായി സ്വർണ്ണത്തളികയിൽ ഭക്ഷണം കഴിച്ചിരുന്ന ചെഷ്സക്യൂവിനെ പക്ഷേ ഒരു പ്രാപ്പഗൻഡാ മാനേജ്മെന്റിനും രക്ഷിക്കാനായില്ല. രോഷം അണപൊട്ടി ഒഴുകിയതോടെ ജനം അദ്ദേഹത്തെ ഓടിച്ചിട്ട് തല്ലിയും വെടിവെച്ചും കൊല്ലുകയായിരുന്നു. അപ്പോഴും ചെഷസ്‌ക്യൂവിന്റെ മാധ്യമ വിഭാഗം പടച്ചുവിട്ട കഥകൾ വിശ്വസിച്ച് ലോകത്തിന്റെ പലഭാഗത്തും ഇദ്ദേഹത്തെ വിശുദ്ധനാക്കി ലേഖനങ്ങൾ വന്നിരുന്നു.

കലാ സാഹിത്യരംഗത്തും ചെഷസ്‌ക്യൂ കാര്യമായി ഇടപെട്ടു.  അധികാരമേറ്റ ഉടൻ 'ഡ്രാക്കുള' നോവൽ പുസ്തകരൂപത്തിൽ വിറ്റഴിക്കുന്നതും ചലച്ചിത്രരൂപത്തിൽ പ്രദർശിപ്പിക്കുന്നതും റൊമാനിയയിൽ നിരോധിക്കുകയുണ്ടായി. ചെഷസ്‌ക്യൂവിന്റെ പതനത്തിനുശേഷമാണ് ഡ്രാക്കുളപ്രഭുവിന് തന്റെ സ്വന്തം രാജ്യത്ത് പിന്നീട് പ്രവേശനം കിട്ടിയത്. ഡ്രാക്കുള കഥ തന്നെ കളിയാക്കാൻ ഉണ്ടാക്കിയതോണോ എന്നുപോലും അദ്ദേഹത്തിന് സംശയം ഉണ്ടായിരുന്നത്രേ. ഇന്ന് റുമാനിയയിലെ ഏറ്റവും വലിയ വരുമാന മാർഗമാണ് കാർപ്പാത്തിയൻ ടൂറിസം എന്ന ഡ്രാക്കുളകോട്ട കാണിക്കൽ.

മാർക്സിസ്റ്റുകൾ അടിമുടി ശാസ്ത്ര വിരുദ്ധർ

പലപ്പോഴും കേരളത്തിലടക്കം ശാസ്ത്രത്തിന്റെ വക്താക്കളായി മാർക്സിസ്റ്റുകൾ എത്താറുണ്ടെങ്കിലും അതും ഒരു പ്രാപ്പഗൻഡ മാത്രമായിരുന്നുവെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. തങ്ങളുടെ ആവശ്യത്തിനുള്ള സാങ്കേതിക വിദ്യയോട് യോജിക്കും എന്നല്ലാതെ, യുക്തി അധിഷ്ഠിയമായ, തെളിവുകളോട് ആദരവുള്ള ശാസ്ത്ര ചിന്താഗതിക്കാർ ആയിരുന്നില്ല ഒരു കാലത്തും ലോകത്തിലെ മാർക്സിസ്റ്റ് നേതാക്കൾ. പ്രശ്സ്ത സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ ഡാനിയൽ ഡെന്നറ്റ് ഇങ്ങനെയാണ് ഒരിക്കൽ എഴുതിയത്. ' മാർക്സിസം ശാസ്ത്രീയമാണ് എന്നത് അടിമുടി അന്ധവിശ്വാസമാണ്. മാർക്സിസത്തെ ഒരു സാമ്പത്തിശാസ്ത്രമാണെന്ന് കണക്കാക്കാൻ ആവില്ല. അതൊരു മതേതര വിശ്വാസ പ്രസ്ഥാനം മാത്രമാണ്. ശാസ്ത്രീയമായ അപഗ്രഥിച്ചാൽ മാർക്സിന്റെ തിയറികൾ തെറ്റു തന്നെയാണ്. പക്ഷേ ലോക മെമ്പാടുമുള്ള പ്രാപ്പഗൻഡാ ടീം വഴി അവർക്ക് ഇതൊരു ശാസ്ത്രമാക്കി മാറ്റിയെടുക്കാൻ കഴിയുന്നു.'

മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ല എന്ന് വിശ്വസിക്കുന്നവരാണ് ക്യൂബയിൽ കൂടുതലും എന്ന് ഈയിടെയും ഒരു സർവേ റിപ്പോർട്ട് പുറത്തുവന്നിരുന്നു. അന്ധമായ അമേരിക്കൻ വിരോധം വളരെ ചെറുപ്പത്തിലേ അടിച്ചേൽപ്പിക്കുന്നതുകൊണ്ട്, മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയിട്ടില്ല എന്നാണ് കൂടുതൽ ക്യൂബക്കാരും വിശ്വസിക്കുന്നത്. അത് അമേരിക്ക ഉണ്ടാക്കിയ ഒരു തട്ടിപ്പ് മാത്രമാണേത്ര. പ്രത്യയശാസ്ത്ര വിധേയത്വം മനുഷ്യനെ എങ്ങനെ ശാസ്ത്ര വിരോധിയാക്കാം എന്നതിന്റെ ഉദാഹരണമാണ് ഈ സർവേ. അതുപോലെ തന്നെ സ്റ്റാലിൻ അടക്കമുള്ള മാർക്സിസ്റ്റ് നേതാക്കൾ ഡാർവിനസത്തിൽപോലും വിശ്വസിച്ചിരുന്നില്ല. ലാമാർക്കിസം പോലുള്ള കപട സിദ്ധാന്തങ്ങളിൽ ആയിരുന്നു അദ്ദേഹത്തിന് കമ്പം. സ്റ്റാലിൻ ജനിതക ശാസ്ത്രത്തിലും വിശ്വസിച്ചിരുന്നില്ല. അതുമൂലം സ്റ്റാലിന്റെ കാലത്ത് വാവാലേവിനെപ്പോലുള്ള ആയിരക്കണക്കിന് ശാസ്ത്രജ്ഞന്മാരാണ് പഡീപ്പിക്കപ്പെട്ടത്. താൻ ആഗ്രഹിക്കുന്ന രീതിയിൽ ഗവേഷം നടത്തിയിട്ടില്ല എന്നാതായിരുന്ന ഇവർക്കുനേരെ ഉയരുന്ന കുറ്റം.

മവോയും പലപ്പോഴും ഒന്നാന്തരം ശാസ്ത്ര വിരോധിയായിരുന്നു. കുരുവികൾ രാജ്യത്തിന്റെ ഭക്ഷണം തിന്നു തീർക്കുന്നുവെന്ന് പറഞ്ഞ് രാജ്യത്തെ മുഴുവൻ കുരുവികളെയും കൊല്ലാൻ മാവോ ഉത്തവരിട്ടിരുന്നു. ഫലമോ കുരുവികൾ തിന്നുന്ന മറ്റ് കീടങ്ങൾ പെരുകി പട്ടിണി രൂക്ഷമായി. ഭക്ഷ്യ ശൃംഖലയെക്കുറിച്ചുള്ള മൂന്നാംക്ലാസ് ധാരണപോലും മാവോക്ക് ഉണ്ടായിരുന്നില്ല. ഹോമിയോപ്പതി തൊട്ട് ഡ്രാഗൺ ജോൽസ്യംവരെ ചൈനയിൽ തഴച്ചുവളർന്നു. ഇന്നും ലോകത്തിലെ ഏറ്റവും അന്ധവിശ്വാസികൾ ഉള്ള രാജ്യങ്ങളിൽ ഒന്ന് കമ്യൂണിസ്റ്റ് ചൈനയാണ്. വിദേശമാധ്യമങ്ങൾ ഒരുകാലത്ത് മാവോയുടെ അനോരോഗ്യത്തെക്കുറിച്ച് തുടർച്ചയായി എഴുതിയിരുന്നു. ഇതോടെ താൻ ആരോഗ്യവാനാണ് എന്ന് തെളിയിക്കാൻ മാവോ തീരുമാനിച്ചു. അദ്ദേഹം പരസ്യമായി യാങ്്സീ നദീ നീന്തി കൈയടി നേടി. പക്ഷേ അതോടെ അത് ഒരു ആചാരമായി. എല്ലാവർഷവും അതേസമയം ആളുകൾ അവിടെയെത്തി നീന്തൽ തുടരുന്നു. മാവോ മരിച്ചിട്ടും വർഷങ്ങളോളം അത് ഒരു ആചാരമായി തുടർന്നു!പക്ഷേ പുറത്ത് ക്യാപ്സൂൾ പ്രൊപ്പഗൻഡ വഴി എന്താണ് പ്രചാരണം വന്നത് എന്നും ഓർക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP