Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

'മുസ്ലീങ്ങളാരും ക്രിസ്മസ് ആശംസിക്കുകയോ സ്റ്റാറ്റസുകൾ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യരുത്'; വിവാദ പോസ്റ്റുവഴി വിലക്ക് കിട്ടിയിട്ടും സാക്കിർ നായിക്കിന് യാതൊരു മാറ്റവുമില്ല; സമാനമായ വിദ്വേഷ പ്രസംഗം സംപ്രേഷണം ചെയ്തതിന് പീസ് ടിവിക്ക് 2.75 കോടി രൂപ പിഴ; നടപടി യുകെയിലെ സർക്കാർ ഏജൻസിയായ ഓഫ്കോമിന്റേത്; വിവാദ മതപ്രഭാഷകന്റെ നേതൃത്വത്തിലുള്ള ടിവി പ്രോഗ്രാമുകളിൽ ഇപ്പോഴുമുള്ളത് വിദ്വേഷ ഭാഷണം; കോവിഡ് കാലത്തും മതവിദ്വേഷം ചീറ്റി സാക്കിർ നായിക്ക്

'മുസ്ലീങ്ങളാരും ക്രിസ്മസ് ആശംസിക്കുകയോ സ്റ്റാറ്റസുകൾ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യരുത്';  വിവാദ പോസ്റ്റുവഴി വിലക്ക് കിട്ടിയിട്ടും സാക്കിർ നായിക്കിന് യാതൊരു മാറ്റവുമില്ല; സമാനമായ വിദ്വേഷ പ്രസംഗം സംപ്രേഷണം ചെയ്തതിന് പീസ് ടിവിക്ക് 2.75 കോടി രൂപ പിഴ; നടപടി യുകെയിലെ സർക്കാർ ഏജൻസിയായ ഓഫ്കോമിന്റേത്; വിവാദ മതപ്രഭാഷകന്റെ നേതൃത്വത്തിലുള്ള ടിവി പ്രോഗ്രാമുകളിൽ ഇപ്പോഴുമുള്ളത് വിദ്വേഷ ഭാഷണം; കോവിഡ് കാലത്തും മതവിദ്വേഷം ചീറ്റി സാക്കിർ നായിക്ക്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഈ കോവിഡ് കാലത്ത് മക്കയും മദീനയും വത്തിക്കാനും തൊട്ട് നമ്മുടെ ഗുരുവായൂരും ശബരിമലയുംവരെ അടച്ചിട്ടിരിക്കയാണ്. മതവും മതപ്രഭാഷകരും ഇതുപോലെ പ്രതിസന്ധിയിലായ കാലം വേറെയില്ല. കേരളത്തിലടക്കം ഇസ്‌ലാമിക മതപ്രഭാഷകർക്ക് ചാകരയായിരുന്നു റമാദാൻ മാസത്തിലെ മതപ്രഭാഷണ സദസ്സുകൾ. കോവിഡുമൂലം ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് അവർക്കൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇതൊന്നും ബാധിക്കാത്ത ഒരു വ്യക്തിയുണ്ട്. അതാണ് സാക്ഷാൽ സാക്കിർ നായിക്ക. മുംബൈയിൽ ജനിച്ച ലോക പ്രശസ്തനായ ഇസ്‌ലാമിക മത പ്രഭാഷകൻ. വിദ്വേഷ പ്രസംഗം തൊട്ട് മതംമാറ്റവും നികുതിവെട്ടിപ്പുവരെയുള്ള നിരവധി കുറ്റങ്ങൾ ചുമത്തി ഇന്ത്യകേസ് എടുത്തതോടെ മലേഷ്യയിലേക്ക് മുങ്ങിയ ഇസ്‌ലാമിക പ്രഭാഷകൻ. കാരണം സാക്കിർ നയിക്കിന് പീസ് ടീവിയെന്ന സ്വന്തമായ ടെലിവിഷൻ ചാനൽ ഉണ്ട്. അതുവഴി ലോകമെമ്പാടുമുള്ള വിശ്വാസികളെ തേടി അദ്ദേഹം ഈ ലോക്ഡൗൺ കാലത്തും പ്രഭാഷങ്ങൾ തുടരുകയാണ്.

ഏറ്റവും വിചിത്രം മതകാലുഷ്യങ്ങൾ തീെര കുറഞ്ഞ ഈ കോവിഡ് കാലത്തും ശരിക്കും വിഷം ചീറ്റുകയാണ് സാക്കിർ നായിക്ക് ചെയ്യുന്നത്. അന്യമതങ്ങളെ നിന്ദിച്ചുകൊണ്ടും മത തീവ്രാവാദത്തിന് വളംവെക്കുന്ന രീതിയിലും വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള പ്രഭാഷണം നടത്തിയതിന് സാക്കിർ നായിക്കിന്റെ പീസ് ടിവിക്ക് 2.75 കോടി രൂപ പിഴ ചുമത്തിയത് ഇപ്പോൾ വലിയ വാർത്തയായിരിക്കയാണ്.യു.കെയിലെ സർക്കാർ നിരീകഷണ ഏജൻസിയായ ഓഫ്കോം ആണ് പീസ് ടിവി വിദ്വേഷം കലർന്നതും അങ്ങേയറ്റം കുറ്റകരവുമായ ഉള്ളടക്കമാണ് ചാനലിൽ പ്രക്ഷേപണം ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയത്.

'പീസ് ടിവി ഉറുദു, പീസ് ടിവി എന്നിവയിൽ സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാമുകളിൽ വിദ്വേഷ ഭാഷണവും വളരെ നിന്ദ്യമായ ഉള്ളടക്കവും അടങ്ങിയിട്ടുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി, അത് ഒരു സന്ദർഭത്തിൽ കുറ്റകൃത്യങ്ങൾക്ക് വരെ കാരണമാകുമെന്നും കണ്ടെത്തി' ഏജൻസി പറഞ്ഞു.ജൂലൈ 2019ൽ സംപ്രേഷണം ചെയ്ത മതപരമായ സ്വഭാവമുള്ള പരിപാടിയായ കിതാബ് ഉത് തഖ്വീതിലാണ് വിദ്വേഷ പ്രചാരണമെന്നാണ് സമിതിയുടെ കണ്ടെത്തൽ. ഇത് ഇപ്പോഴും വീണ്ടും സംപ്രേഷണം ചെയ്തുകൊണ്ടിരിക്കയാണ്. ഇംഗ്ലണ്ടിലെ സംപ്രേഷണ നിയമങ്ങൾ വ്യാപകമായ രീതിയിൽ സക്കീർ നായിക്കിന്റെ ചാനൽ ലംഘിച്ചുവെന്നും സമിതി കണ്ടെത്തി.ദുബായിൽ നിന്ന് ഇംഗ്ലീഷ്, ബംഗാളി, ഉറുദു ഭാഷകളിൽ സൗജന്യമായി സംപ്രേഷണം ചെയ്യുന്ന ലാഭരഹിത സാറ്റലൈറ്റ് ടെലിവിഷൻ ശൃംഖലയാണ് പീസ് ടിവി. പീസ് ടിവിയുടെ സ്ഥാപകനും പ്രസിഡന്റുമാണ് നായിക്. ലാഭരഹിത സാറ്റലൈറ്റ് ടെലിവിഷൻ എന്നാണ് പേരെങ്കിലും പീസ് ടീവിയുടെ മറവിൽ കോടികൾ ആണ് സാക്കിർ നായിക്കിന് സംഭാവനായി കിട്ടുന്നത്.

ഈ ഒരുപരിപാടിയെക്കുറിച്ച് മാത്രമാണ് പരാതി കിട്ടിയതെങ്കിലും മറ്റ് പലപരിപാടികളിലും സമാമായ വിദ്വേഷ പരാമർശങ്ങൾ പ്രകടമാണ്. ഉദാഹരണമായി മുസ്‌ലീങ്ങളാരും ക്രിസ്മസ് ആഘോഷിക്കരുത് എന്ന വാക്കുകാളാണ് സാക്കിർ നായിക്കിനെ പിഴയിലേക്ക് നയിച്ചത്. പക്ഷേ ഇത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല. മറ്റ് മതസ്തരുടെ ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്ന് എന്നും അത്തരം ഉൽസവങ്ങൾക്ക് പണം കൊടുക്കരുതെന്നും സാക്കിർ നായിക്കും ആവർത്തിക്കുന്നുണ്ട്. ഇസ്‌ലാമികമായ ജിഹാദ് അടക്കമുള്ള കാര്യങ്ങളിലും സാക്കിർ നായിക്കന് യാതൊരു വിട്ടുവീഴ്ചയുമില്ല. ഇസ്‌ലാം എന്നത് 100 ശതാമനവും ഒരു രാഷ്ട്രീയ വ്യവസഥയാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. സംവാദമെന്നും സംശയമെന്നും പേരിൽ മറ്റുമതങ്ങളെ ഇകഴ്‌ത്തിക്കാട്ടി ഇസ്‌ലാമിന്റെ മഹിമ പറയുകയാണ് സാക്കിർ നായിക്കിന്റെ ഒരു രീതി. ഇത് അദ്ദേഹത്തിന്റെ ചാനൽ ഇടതടവില്ലായെ സംപ്രേഷണം ചെയ്തുകൊണ്ടും ഇരിക്കുന്നു. മതേതരത്വത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന യൂറോപ്യൻ നാടുകളിൽപോലും നായിക്ക് ഈ പ്രചാരണം തുടരുകയാണ്. പക്ഷേ വിശാലമായ അഭിപ്രായ സ്വതന്ത്ര്യത്തിന്റെ പേരിൽ അവർ ആ ടീവി നിരോധിക്കുന്നില്ല എന്നുമാത്രം. ഇപ്പോൾ പരാതി കിട്ടിയതോടെയാണ് കോടികൾ പിഴ ചുമത്തിയത്.

പക്ഷേ ഈ പിഴയെക്കെ സംഭാവനകളിലൂടെ പുല്ലുപോലെ അടയ്ക്കാൻ സാക്കിർ നായിക്കിന് കഴിയും. ലോക് ഡൗണിൽ ജനം വീട്ടിലിരിക്കുമ്പോൾ അത് ഒരു അവസരമായി കണ്ട് കൂടുതൽ കൂടുതൽ വീഡിയോകൾ ഇറക്കി, ലോകത്തെ ഇസ്‌ലാമികവത്ക്കരിക്കാൻ ശ്രമിക്കയാണ് നായിക്ക്. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞ പൈശാചിക വിശ്വാസത്തിൽ പെട്ടുപോയവരെ താൻ സത്യമാർഗം കാണിച്ചുകൊടുത്ത് രക്ഷിച്ച് എടുക്കയാണെന്ന്. എന്തും ന്യായീകരിച്ച് വെളുപ്പിച്ച് എടുക്കാനുള്ള സാമാധ്യമായ കഴിവാണ് സാക്കിർ നായിക്കിന്റെ മൂലധനം. ശരിക്കും ഒരു വ്യഖ്യാന ഫാക്ടറി. ഇപ്പോൾ കോവിഡ്‌പോലുള്ള മഹാമാരി ഖുർആൻ പ്രവചിപ്പിരുന്നുവെന്നും അത് അള്ളാഹുവിന്റെ പരീക്ഷണമാണെന്നും പറഞ്ഞാണ് അദ്ദേഹം വെളിപ്പിച്ചെടുക്കുന്നത്.

കേരളത്തിൽ മുജാഹിദ് ബാലുശ്ശേരി അടക്കമുള്ളവർ ഇസ്‌ലാമി വിശ്വാസികൾ മറ്റ് മതസ്ഥരോട് ചിരിക്കരുതെന്നും അവരെ ജോലിക്ക്‌വെക്കരുത് എന്നും, അമ്പലത്തിന് പണം കൊടുക്കുന്നത് വേശ്യാല്യത്തിന് പണം കൊടുക്കുന്നതുപോലെയാണെന്നുമൊക്കെ പറയുന്നിന്റെ ഒറിജനൽ വേർഷൻ വരുന്നത് സത്യത്തിൽ സാക്കിർ നായിക്കിൽനിന്ന് തന്നെയാണ്. അതാണ് എവിടെ തീവ്രാവാദം ഉണ്ടോ അവിടെ സാക്കിർ നായിക്കുമുണ്ടെന്ന ഒരു വാചകം ശക്തമാവാനും കാരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പിടിച്ച തീവ്രാവാദികളിലെ കൈയിൽ പലപ്പോഴും കാണുക സാക്കിർ നായിക്കിന്റെ ലഘുലേഖയോ സീഡിയോ ആയിരിക്കും. കേരളത്തിൽ ആടുമേക്കാനെന്നപേരിൽ സിറിയിലേക്ക് പോയവും സാക്കിർ നായിക്കിന്റെ ആരാധർ ആയിരുന്നു. എം എം അക്‌ബറിന്റെ പീസ് സ്‌കൂളിലെ ഒരു മൂൻ ജീവനക്കാരൻ അടക്കം നിരവധിപേവെ എൻഐഎ ഈ വിഷയത്തിൽ അന്വേഷിച്ചിരുന്നു.

2016 ൽ മലേഷ്യയിലേക്ക് കടന്ന നായിക്കിനെ കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷ പ്രസംഗത്തിലൂടെ തീവ്രവാദത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇന്ത്യ ആവശ്യപ്പെട്ടുണ്ട്.നായിക്കിനെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് മലേഷ്യൻ സർക്കാറിനോട് കഴിഞ്ഞാഴ്ച ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. യു.കെയിലേക്ക് നായിക്കിന് പ്രവേശനം വിലക്കിയിയിരുന്നു. അത് മുസ്‌ലീങ്ങൾ ക്രിസ്മസ് ആഘോഷിക്കരുത് എന്ന് പറഞ്ഞതിന് ആയിരുന്നു. എന്നാൽ അതിൽനിന്ന് ഒന്നും പഠിക്കാതെ സമാനമായ ആശയങ്ങൾ ആവർത്തിക്കയാണ് സാക്കിർ നായിക്ക് ചെയ്യുന്നത്.

ക്രിസ്മസ് ആഘോഷം അള്ളാഹുവിന് എതിര്

'മുസ്ലീങ്ങളാരും ക്രിസ്മസ് ആശംസിക്കുകയോ സ്റ്റാറ്റസുകൾ അപ്‌ഡേറ്റ് ചെയ്യുകയോ ക്രിസ്മസ് ദിനത്തിൽ ചെയ്യരുത്.... എന്തുകൊണ്ടെന്നാൽ ക്രിസ്മസ് ആഘോഷിക്കുന്നത് ഇസ്ലാമിനും അല്ലാഹിനും നബിക്കും എതിരാണ്. അതുകൊണ്ട് തന്നെ ആ വലിയ പാതകത്തെ കുറിച്ച് ബോധവാന്മാരാകുക....'- ഒരുമയുടെ സന്ദേശവുമായി ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുമ്പോൾ സക്കീർ നായിക് തന്റെ അനുയായികളെ പഠിപ്പിക്കുന്നത് ഈ തരത്തിലാണ്. 2019 ഡിസംബറിൽ സാക്കീർ നായിക് ഇട്ട പോസ്റ്റ് എല്ലാ അർത്ഥത്തിലും ്രമാനവികതയെ തള്ളി പറയുകയാണ്. അതുകൊണ്ട് തന്നെ വലിയ പ്രതിഷേധമാണ് സക്കീർ നായിക്കിനെതിരെ അന്ന് ഉയരുന്നത്. പക്ഷേ എന്നിട്ടും സമാനമായ ആശയം അദ്ദേഹം വീണ്ടും ടീവിയിലൂടെ സംപ്രേഷണം ചെയ്യുന്നു. ഡിസംബർ 25ന് ക്രിസ്തു ജനിച്ചുവെന്നത് ആധികാരികമായി തെളിയിക്കുന്ന രേഖകൾ ഒന്നുമില്ലെന്നും സക്കീർ നായിക് മറ്റൊരു പോസ്റ്റിൽ പറയുന്നു. ബൈബിളിൽ താനൊരു ദൈവമാണെന്ന് ക്രിസ്തു പറഞ്ഞിട്ടില്ലെന്നും മറിച്ച് തന്നെ ആരാധിക്കാനാണ് ആവശ്യപ്പെട്ടതെന്നും വിശദീകരിക്കുന്നുണ്ട് സക്കീർ നായിക്. ഇതേ ആശയം തന്നെയാണ് അദ്ദേഹം ടീവിയിലുടെ ഇപ്പോഴും പറയുന്നത്.

ഇന്ത്യയിൽ ഒട്ടേറെ കേസുകളിൽ പ്രതിയാണ് സാക്കിർ നായിക്. ധാക്ക ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ മൊഴിയെ തുടർന്നാണ് സാക്കിർ നായിക്കിന് മേൽ കുരുക്ക് വീഴുന്നത്. ഐസിസിൽ ചേരാൻ പ്രചോദനം കിട്ടിയത് സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങൾ ആയിരുന്നു എന്നാണ് അവരുടെ മൊഴി. ഭീകരവാദം, മതപരിവർത്തനം തുടങ്ങിയ കേസുകളിൽ ആണ് ദേശീയ അന്വേഷണ ഏജൻസി സാക്കിർ നായിക്കിനെ പ്രതി ചേർത്തിട്ടുള്ളത്. ധാക്ക ഭീകരാക്രണ കേസിലെ പ്രതികളുടെ മൊഴി പുറത്ത് വന്നതിന് പിറകെ ആയിരുന്നു സാക്കിർ നായിക്ക് ഇന്ത്യ വിട്ടത്. അറസ്റ്റ് ഉണ്ടാകും എന്ന് ഉറപ്പായ സാഹചര്യത്തിൽ ആയിരുന്നു ഇത്. തുടർന്ന് മലേഷ്യയിൽ അഭയം തേടുകയായിരുന്നു. ഇത്തരത്തിലൊരു വ്യക്തിയാണ് ക്രീസ്മസിനെ അപാനിച്ച് പോസ്റ്റിടുന്നതെന്നതാണ് ശ്രദ്ധേയം.

2016 ബംഗ്‌ളാദേശിലെ ധാക്കയിൽ ഭീകരാക്രമണം നടന്നതിന് തൊട്ടുപിന്നാലെയാണ് സാക്കിർ നായിക്ക് ഇന്ത്യയിൽ നിന്നും രാഷ്ട്രീയാഭയം തേടി മലേഷ്യയിൽ എത്തുന്നത്. ധാക്കയിൽ ആക്രമണം നടത്തിയവരിൽ ഒരാൾ, 'തന്നെ ആ പ്രവൃത്തിക്ക് പ്രേരിപ്പിച്ചത് പീസ് ടിവി എന്ന യൂട്യൂബ് ചാനലിലൂടെ സാക്കിർ നായിക്ക് നടത്തിയ മതപ്രഭാഷണങ്ങളാണ്' എന്ന് മൊഴികൊടുത്തതോടെ മുംബൈയിൽ നായിക്കിന്റെ അറസ്റ്റുചെയ്യാനുള്ള സമ്മർദ്ദം മുറുകിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പലായനം. അതിൽ പിന്നെ സാക്കിർ അബ്ദുൽ കരീം നായിക്ക് എന്ന സാക്കിർ നായിക്ക് ഇന്ത്യൻ മണ്ണിൽ കാലുകുത്തിയിട്ടില്ല. ഇന്ത്യയിൽ നായിക്കിനെതിരെ ഗുരുതരമായ പല കുറ്റങ്ങളും ആരോപിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പേരിൽ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലാണ് ഇന്ന് സാക്കിർ നായിക്കിന്റെ സ്ഥാനം.

ബ്രിട്ടനും കാനഡയും അടക്കമുള്ള രാജ്യങ്ങൾ വിസ നിഷേധിച്ച ശേഷമാണ് സാക്കിർ നായിക്ക് മലേഷ്യയിൽ അഭയം തേടിയത്. അവിടത്തെ സർക്കാർ, നായിക്കിനെ സ്വീകരിക്കുകയും പെർമനന്റ് റെസിഡൻസ് പെർമിറ്റ് നൽകുകയും ചെയ്തു. നായിക്കിനുമേൽ കഴിഞ്ഞ കുറെ ആഴ്ചകളായി പല ഭാഗത്തുനിന്നും രാഷ്ട്രീയ, നിയമ സമ്മർദ്ദങ്ങളുണ്ടായിരുന്നു. സക്കീർ നായിക്ക് ഇന്ത്യയിൽ പ്രസിദ്ധനാകുന്നത് തൊണ്ണൂറുകളിലാണ്. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ എന്ന സംഘടനയിലൂടെ ഇസ്ലാം മത പ്രചാരണം നടത്തിയാണ് നായിക്ക് പ്രശസ്തനാകുന്നത്. എംബിബിഎസ് ബിരുദധാരിയായിരുന്ന നായിക്ക് അല്പനാളത്തെ പ്രാക്ടീസിന് ശേഷം മുഴുവൻ സമയ മതപ്രചാരണം തൊഴിലായി തെരഞ്ഞെടുക്കുകയായിരുന്നു.

ഞാൻ ലാദന് ഒപ്പം

അസാമാന്യമായ ഓർമശക്തിയുള്ള നായിക്കിന് ഖുർആൻ അടക്കമുള്ള എല്ലാ ഇസ്ലാമിക ഗ്രന്ഥങ്ങളും കരതലാമലകമായിരുന്നു. അതുമാത്രമല്ല, ഹൈന്ദവ വേദഗ്രന്ഥങ്ങളിൽ നിന്നും, ഗീതയിൽ നിന്നും, ബൈബിളിൽ നിന്നുമൊക്കെ നിമിഷനേരം കൊണ്ട് സാന്ദർഭികമായി ഉദ്ധരണികൾ ഓർത്തെടുത്ത് ചോദ്യോത്തര വേളകളിൽ തിളങ്ങാൻ സാക്കിർ നയിക്കിനായിരുന്നു. ഇന്റർനെറ്റ് പ്രചാരത്തിലായതോടെ യൂട്യൂബ് വഴിയും നായിക്കിന്റെ പ്രഭാഷണങ്ങളുടെ ക്ലിപ്പിംഗുകൾ പ്രചരിക്കാൻ തുടങ്ങി. ഇസ്ലാമിനെ മറ്റുള്ള മതങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പ്രഭാഷണങ്ങളിലും സംവാദങ്ങളിലും സ്ഥിരമായി ഏർപ്പെട്ടിരുന്ന സക്കീർ നായിക്ക് താമസിയാതെ താരതമ്യ മതപഠനത്തിലെ പണ്ഡിതൻ എന്ന പേരിൽ പ്രസിദ്ധനായി.

' ബിൻ ലാദൻ ഇസ്ലാമിന്റെ ശത്രുക്കളോട് പോരാടുകയാണെങ്കിൽ ഞാൻ അദ്ദേഹത്തോടൊപ്പമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദിയായ അമേരിക്കയ്‌ക്കെതിരെ ലാദൻ ഭീഷണി മുഴക്കുന്നുണ്ട് എങ്കിൽ ഞാൻ ലാദനൊപ്പമാണ്. ആ അർത്ഥത്തിൽ എല്ലാ മുസ്ലീങ്ങളും ടെററിസ്റ്റുകളാവേണ്ടതുണ്ട്. ടെറർ ഉണ്ടാക്കുന്ന ആളാണ് ടെററിസ്റ്റ് പൊലീസുകാരൻ കള്ളന്റെ മനസ്സിൽ ടെറർ ഉണ്ടാക്കും. അപ്പോൾ കള്ളനെ സംബന്ധിച്ചിടത്തോളം പൊലീസുകാരൻ ഒരു ടെററിസ്റ്റ് ആണ്. സമൂഹത്തിൽ അസാന്മാർഗിക പ്രവൃത്തി ചെയ്യുന്നവരുടെയും കുറ്റവാളികളുടെയും മനസ്സിൽ ടെറർ ഉണ്ടാക്കുന്നവരായിരിക്കണം യഥാർത്ഥ മുസ്ലിംകൾ. ആ അർത്ഥത്തിൽ ടെററിസ്റ്റുകൾ തന്നെ..' എന്ന നായിക്കിന്റെ പ്രസംഗം ഏറെ വിവാദാസ്പദമായ ഒന്നായിരുന്നു. ഈ വാദങ്ങൾ അദ്ദേഹം ഇപ്പോഴും ടീവിയിലൂടെ ഉന്നയിക്കുന്നുണ്ട്.

അതുപോലെ തന്നെ സ്വവർഗ്ഗരതിക്കും മതപരിവർത്തനത്തിനു വധശിക്ഷ തന്നെ നൽകണം എന്ന് വാദിക്കുന്നയാളാണ് സാക്കിർ നായിക്ക്. ഇസ്ലാം മതത്തിൽ പുരുഷന് സ്വന്തം ഭാര്യമാരെ അടിക്കാനുള്ള അവകാശത്തെപ്പറ്റിയുള്ള നായിക്കിന്റെ പ്രസംഗവും വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. ഇസ്ലാമിക രാജ്യങ്ങളിൽ മറ്റുമതങ്ങളിൽ പെട്ടവർക്ക് വിശ്വാസസ്വാതന്ത്ര്യം അനുവദിക്കേണ്ടതില്ല എന്നായിരുന്നു നായിക്കിന്റെ അഭിപ്രായം. ഇങ്ങനെ ഒരർത്ഥത്തിൽ, വളരെ കടുത്ത നിലപാടുകൾ വച്ചുപുലർത്തിയിരുന്ന ഒരു മത പ്രചാരകനായിരുന്നു സാക്കിർ നായിക്ക്.

എവിടെ സാക്കിർ നായിക്ക് ഉണ്ടോ അവിടെ ഭീകരവാദവുമുണ്ടെന്നത് ഇന്ന് ഒരു പഴഞ്ചൊല്ലുപോലെയായിരിക്കയാണ്. എന്നാൽ ഇത് കെട്ടുകഥയല്ല തികഞ്ഞ യാഥാർഥ്യമാണെന്നാണ് ദേശീയ സുരക്ഷാ ഏജൻസികൾ നൽകുന്ന വിവരം. ബംഗ്ലാദേശ് തൊട്ട് ഏറ്റവും ഒടുവിലായി ശ്രീലങ്കയിൽ നടന്ന ചാവേർ ആക്രമണത്തിൽവരെ പ്രതികളിൽ നിന്ന് കണ്ടുകിട്ടിയത് സാക്കിർ നായിക്കിന്റെ ലഖുലേഖകളും സീഡികളും ആയിരുന്നു. അതുപോലെ തന്നെ കേരളത്തിൽനിന്ന് ഐഎസിൽ ചേർന്ന പ്രതികളിലും, ഇതിന് പ്രേരകമായി എന്ന് പറയുന്ന എം എം അക്‌ബറിന്റെ പീസ് സ്‌കൂളിലും സാക്കിർ നായിക്കിന്റെ ലഘുലേഖകൾ കണ്ടെത്തിയിരുന്നു.ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി രാജ്യത്തെ വിവിധ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്ത 127 പേർ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളാലും ആശയങ്ങളാലും പ്രചോദിതരായവരാണെന്ന് വിവരം. രാജ്യത്തെ ഭീകരവാദ വിരുദ്ധ ടീമുകളുടെ ഒരു യോഗവുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ ദേശീയ അന്വേഷണ ഏജൻസി ഡയറക്ടർ വൈ സി മോദിയാണ് കഴിഞ്ഞവർഷം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

മുബൈയിൽ ജനിച്ച് ഇന്ത്യക്കതീതനായി വളർന്നു

മുംബൈയിൽ 1965ൽ ജനിച്ച സാകിർ നായിക്ക് വളരെ ചെറുപ്പത്തിലെ ഇസ്ലാമിക പ്രഭാഷണ രംഗത്ത് എത്തിപ്പെട്ട വ്യക്തിയാണ്. മുംബൈയിലെത്തന്നെ സെന്റ് പീറ്റേഴ്സ്സ് ഹൈസ്‌കൂളിൽ നിന്നുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ശേഷം കിഷിൻചന്ദ് ചെല്ലാറം കോളേജിൽ പഠിച്ചു. വൈദ്യ ബിരുദം നേടിയത് ടോപിവാല നാഷണൽ മെഡിക്കൽ കോളേജ് ആൻഡ് നായർ ഹോസ്പിറ്റലിൽ നിന്നായിരുന്നു. പിന്നീട് മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കി. 1991ലാണ് സാക്കിർ നായിക് പ്രബോധനം ആരംഭിക്കുന്നത്. ഐആർഎഫ് സ്ഥാപിക്കുകയും ചെയ്തു. ഫർഹത് നായിക്കാണ് ഭാര്യ.

ലോകത്തെമ്പാടുമായി ധാരാളം മതപഠന ക്ലാസുകൾ നടത്തുകയും നിരവധി സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാം മതത്തെ ആധുനിക ശാസ്ത്രം, ക്രിസ്തു മതം, മതേതരത്വം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് സാധാരണയായി നായിക്ക് പ്രഭാഷണങ്ങൾ നടത്താറുള്ളത്. ഇവയൊക്കെ മത പരിവർത്തനം ലക്ഷ്യമിട്ടുള്ളതാണെന്ന വെളിപ്പെടുത്തലാണ് സാക്കിർ നായിക്കിനെ കുടുക്കിയത്. കണ്ണിൽ നോക്കി മതം മാറ്റാൻ കഴിയുന്ന വ്യക്തിയാണ് സാക്കിർ നായിക്ക് എന്നാണ് പല അന്വേഷണ ഉദ്യോസ്ഥരും പറയുന്നത്.

മോദി സർക്കാർ കണ്ടുകെട്ടിയത് കോടികളുടെ സ്വത്ത്

അതേസമയം കോടികളുടെ സ്വത്തുവകകളാണ് മോദി സർക്കാർ സാക്കിർ നായിക്കിന്റെതായി ഇന്ത്യയിൽനിന്ന് കണ്ടുകെട്ടിയത്. വിവിധ ഘട്ടങ്ങളിലായി 70 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ടെന്നാണ് കണക്ക് . മുംബൈ, പൂണെ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്. സാക്കിർ നായിക്കിനും അദ്ദേഹത്തിനു കീഴിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ (ഐ.ആർ.എഫ്) പ്രവർത്തകർക്കുമെതിരേ 2017 ഒക്ടോബറിൽ എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇ.ഡിയുടെ നടപടി.

2016 നവംബർ 15 നാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കേന്ദ്രമന്ത്രിസഭ സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഭീകരസംഘടനകളുമായുള്ള സംശയകരമായ സാമ്പത്തിക ഇടപാട്, തീവ്രവാദം പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര ചാനലായ പീസ് ടീവിയുമായി ദുരൂഹബന്ധം തുടങ്ങിയ ആരോപണങ്ങളെത്തുടർന്നാണ് സാക്കിർ നായിക്കിന്റെ സംഘടനയുടെ പ്രവർത്തനം നിരോധിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാർശ ചെയ്തത്. യുഎപിഎ നിയമപ്രകാരമാണ് വിലക്ക്. നിരോധനത്തെ തുടർന്ന് സംഘടനയുടെ പേരിൽ നായിക്കിന് പ്രസംഗങ്ങൾ നടത്താനോ ഫണ്ടുകൾ സ്വീകരിക്കാനോ സാധിക്കില്ല.

സംഘടനയുടെ പ്രവർത്തനം നിരോധിച്ച കേന്ദ്രനടപടി മുസ്ലിങ്ങൾക്കെതിരായ ആക്രമണമാണെന്നുപറഞ്ഞ് മുസ്ലിങ്ങളെ കൂടെനിർത്താൻ ഒളിവിലിരുന്നുകൊണ്ട് സാക്കിർ നായിക് ശ്രമിച്ചിരുന്നു. എന്നാൽ ഇത് വിലപ്പോകാതിരുന്നപ്പോൾ നോട്ട് നിരോധനത്തെ തുടർന്നുള്ള വിമർശനം മറികടക്കാനാണ് കേന്ദ്രത്തിന്റെ ഈ നടപടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം നിരോധിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. നായികിന്റെ സംഘടനയെ നിരോധിക്കാനുള്ള തീരുമാനം ഇന്ത്യയുടെ ദേശീയ സുരക്ഷ മുൻനിർത്തിയാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. നായിക്കിനും ഐആർഎഫിനും എതിരെ ശക്തമായ കേസുകളാണ് നിലനിൽക്കുന്നതെന്നും കോടതി അന്ന് പറഞ്ഞിരുന്നു

ഇപ്പോൾ സാക്കിർ നായിക്ക് മലേഷ്യയിലാണ് ഉള്ളത്. പത്ത് രാഷ്ട്രങ്ങൾ പൗരത്വം നൽകാമെന്ന് വാഗ്ദാനം നൽകിയതായി അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. സൗദി രാഷ്ട്രത്തിന് സാക്കിർ നായിക്കിന്റെ സേവനം ആവശ്യമുണ്ടെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് അഭിപ്രായപ്പെട്ടെന്നും സാക്കിർ നായിക് പറഞ്ഞിരുന്നു. മലേഷ്യയിലും നായിക്ക് വെറുതെ ഇരിക്കുകയായിരുന്നില്ല. ഇന്ത്യക്കാർക്ക് എതിരെ അവിടെനിന്നും അദ്ദേഹം വിഷം ചീറ്റി. മലേഷ്യയിലെ ഇന്ത്യാക്കാർക്ക് കൂറ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്ന സാക്കിർ നായിക്കിന്റെ പ്രസ്താവന നേരത്തെ വൻ വിവാദം സൃഷ്ടിച്ചിരുന്നു. മലേഷ്യയിലെ മാനവ വിഭവശേഷി മന്ത്രിയും ഇന്ത്യൻ വംശജനുമായ എം കുലശേഖരൻ ഇക്കാര്യത്തിൽ ശക്തമായി പ്രതിഷേധിച്ചിട്ടും, നായിക്കിനെ സംരക്ഷിക്കുകയാണ് മലേഷ്യ ചെയ്തത്.

മുസ്ലിം സംഘടനകൾക്ക് നായിക്ക് ഇപ്പോഴും വിശുദ്ധൻ

ഇത്രയേറ തെളിവുകൾ കിട്ടിയിട്ടും സാക്കിർ നായിക്കിനെതിരായ നിലപാട് മാറ്റം വരുത്താൻ കേരളത്തിലെ മുസ്ലിം സംഘടനകൾ തയ്യാറായിട്ടില്ല. മുസ്ലീലീഗ് തൊട്ട് മുജാഹിദും ജമാഅത്തെ ഇസ്ലാമി വരെയുള്ള സകല ഇസ്ലാമിക സംഘടനകളും സാക്കിർ നായിക്കിനെ മോദി സർക്കാർ പീഡിപ്പിക്കുകയാണെന്ന നിലപാടാണ് ഇപ്പോഴുമുള്ളത്. ബംഗ്ലാദേശ് തീവ്രവാദി ആക്രമണത്തിന് പ്രേരണയായെന്ന ആരോപണം ഉയർന്ന സമയത്തുതന്നെ ഈ വിവാദ മുസ്ലിം പ്രഭാഷകന് പിന്തണയുമായി മുസ്ലിംലീഗും എസ്ഡിപിഐയും രംഗത്തെത്തിയിരുന്നു. സാക്കിർ നായിക്കിനെ അകാരണമായി വേട്ടയാടുകയാണെന്ന് കോഴിക്കോട് നടന്ന മുസ്ലിംലീഗ് പ്രവർത്തക സമിതി യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളത്തിൽ ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ വ്യക്തമാക്കയത്.. സാക്കിർ നായികിനെ പിന്തുണച്ച് ലീഗ് സംസ്ഥാന കമ്മിറ്റി പ്രമേയവും പാസാക്കി.

സാക്കിർ നായിക്കിനെതിരായ നീക്കം അഭിപ്രായസ്വാതന്ത്ര്യവും മതപ്രചാരണ സ്വാതന്ത്ര്യവും ഹനിക്കാൻ ശ്രമിക്കാനുള്ളതാണെന്നും മുസ്ലിം ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. സാക്കിർ നായിക്ക് ഇത്രയും കാലം നിഗൂഢ കേന്ദ്രങ്ങളിൽ അല്ലായിരുന്നു. അങ്ങനെ നിഗൂഢ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തിയുമല്ല അദ്ദേഹം. മുൻവിധിയുടെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സർക്കാർ സാക്കിർ നായിക്കിനെതിരെ അന്വേഷണം നടത്തുന്നത്. നിരവധി പ്രസംഗങ്ങൾ നടത്തുകയും പുസ്തകങ്ങൾ എഴുതുകയും ചെയ്ത വ്യക്തിയാണ് നായിക്ക്. ഇസ്ലാമിലെ സമാധാനസിദ്ധാന്തത്തിന്റെ പ്രചാരകനാണ് അദ്ദേഹം. യാതൊരു സാഹചര്യത്തിലും മറ്റുള്ള മതത്തിൽപ്പെട്ടവരെ ആക്രമിക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ഭീകരവാദത്തെ ശക്തമായി എതിർത്ത ഒരു വ്യക്തിയെ, ഭീകരവാദത്തിന്റെ പ്രോത്സാഹകനായി അവതരിപ്പിക്കുന്ന വളരെ വിചിത്രമായ അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. സാക്കിർ നായിക്ക് ഐസിസിനെ എതിർത്തു കൊണ്ട് സംസാറിക്കുന്നതിന്റെ വീഡിയോയും ലീഗ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. മുസ്ലിം ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ മൂജാഹിദ് വിഭാഗങ്ങൾക്കിട
്‌യിൽ കനത്ത സ്വാധീനമുള്ള മത പ്രചാരകനാണ് സാക്കിർ നായിക്. അതുകൊണ്ട് തന്നെയാണ് ലീഗ് നേതാക്കൾ സാക്കിർ നായിക്കിനെ പിന്തുണച്ച് രംഗത്തെത്തിയതെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു.

സാക്കിർ നായിക്കിനെ പിന്തുണച്ച് എസ്ഡിപിഐയും രംഗത്തെത്തിയിരുന്നു. സാക്കിർ നായിക്ക് വിദ്വേഷം പ്രചരിപ്പിക്കുകയോ ഭീകരതയെ പ്രോൽസാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും എസ്ഡിപിഐ പറഞ്ഞു. മാധ്യമങ്ങളിലെ തങ്ങളുടെ സഹായികളെ വച്ച്കാവിസേന നടത്തുന്ന ഗൂഢാലോചനയാണ് ഇപ്പോൾ സാക്കിർ നായിക്കിനെതിരെ നടക്കുന്നത്. മാധ്യമങ്ങളുടെ സഹായത്തോടെ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനും പീസ് ടിവിക്കും എതിരെ സർക്കാർ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. അന്വേഷണം പോലും നടത്താതെ അദ്ദേഹത്തിനെതിരേ നടപടിയെടുക്കണമെന്ന തരത്തിലുള്ള പ്രചാരണം ഖേദകരമാണ് എസ്ഡിപിഐ നേതാക്കൾ വ്യക്തമാക്കിയിരുന്നു.

മലേഷ്യയിൽ എത്തിയിട്ടും ഇന്ത്യാക്കാർക്ക് പാര

ഇന്ത്യവിട്ട് മലേഷ്യയിൽ എത്തിയിട്ടും അവിടുത്തെ ഇന്ത്യൻ സമൂഹത്തിന് നിരന്തരം പാര പണിയുകയാണ് നായിക്ക് ചെയ്തത്. മലേഷ്യയിലെ ഇന്ത്യാക്കാർക്ക് കൂറ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്ന സാക്കിർ നായിക്കിന്റെ ഒരുവർഷം മുമ്പത്തെ പ്രസ്താവന നേരത്തെ വൻ വിവാദം സൃഷ്ടിച്ചിരുന്നു. മലേഷ്യയിലെ മാനവ വിഭവശേഷി മന്ത്രിയും ഇന്ത്യൻ വംശജനുമായ എം കുലശേഖരൻ ഇക്കാര്യത്തിൽ ശക്തമായി പ്രതിഷേധിച്ചിട്ടും, നായിക്കിനെ സംരക്ഷിക്കുകയാണ് മലേഷ്യ ചെയ്തത്. പഴയ 'അതിഥി'കളായ മലേഷ്യയിലെ ചൈനീസ് വംശജർ ഉടൻ രാജ്യംവിടണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങൾക്കുള്ളതിനെക്കാൾ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കൾക്കുള്ളതെന്നുമായിരുന്നു പിന്നീട് സാക്കിർ നായിക്ക് നടത്തിയ വിവാദ പ്രസ്താവന. ഇതിനെതിരെ മലേഷ്യൻ പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. വംശീയവികാരങ്ങളെ ആളിക്കത്തിക്കാനാണ് നായിക്ക് ശ്രമിക്കുന്നത്. മതപ്രസംഗം നടത്താനുള്ള അവകാശം നായിക്കിനുണ്ട്. എന്നാൽ, അയാളതല്ല ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്ത് രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഇടപെടാൻ നായിക്കിന് അവകാശമില്ല. വിവാദപ്രസ്താവന രാജ്യത്ത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്നും മലേഷ്യൻ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതെല്ലാം വെറും ഒത്തുകളി മാത്രമാണെന്നും മലേഷ്യൻ ഭരണകൂടം നായിക്കിന് ഒപ്പമാണെന്നും ഒരിക്കൽ കൂടി തെളിഞ്ഞിരിക്കയാണ്.

സാക്കിർ നായിക്കിനെ വിമർശിച്ചാൽ ഉപമുഖ്യമന്ത്രിപോലും മലേഷ്യയിൽ എൽടിടിഇ ഭീകരനാവുമെന്ന ഗുരുതരമായ അവസ്ഥയാണ് നിലവിലുള്ളത്. നായിക്കിനെ വിമർശിച്ചതിന്റെ പേരിൽ മലേഷ്യൻ പ്രവിശ്യാ ഉപമുഖ്യമന്ത്രിക്കെതിരെ ഭീകരവാദക്കുറ്റം ചുമത്തി പൊലീസ് ചോദ്യം ചെയ്തത് രാജ്യത്തെ ഞെട്ടിച്ചിരിക്കയാണ്. മലേഷ്യയിലെ പൗരൻ പോലുമല്ലാത്ത നായിക്കിനുവേണ്ടി രാജ്യത്തെ ഭരണകൂടം പ്രവർത്തിക്കുന്നത് കൃത്യമായ പക്ഷപാതിത്തമാണെന്ന് വ്യാപകമായ വിമർശനം ഉയർന്നു കഴിഞ്ഞു. ഭീകരവാദവും വിദേശനാണ്യവിനിമയ ചട്ടവും അടക്കം നിരവധി കേസുകളിൽപെട്ടതിന്റെ ഫലമായി ഇന്ത്യവിട്ട സാക്കിർ നായിക്ക് അഭയം കൊടുത്ത രാജ്യത്തിലും സൃഷ്ടിക്കുന്നത് ഗുരുതര പ്രശ്‌നങ്ങളാണ്. നേരത്തെ ചൈനക്കാരും ഇന്ത്യക്കാർക്കു എതിരെ വിദ്വേഷ പ്രസംഗം നടത്തിയ നായിക്കിനെതിരെ മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് തന്നെ രംഗത്തുവന്നിരുന്നു. എന്നാൽ ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും സാക്കിർ നായിക്കിന്റെ ഒപ്പം തന്നെയാണ് മലേഷ്യൻ ഭരണകൂടമെന്നും പുതിയ സംഭവ വികാസങ്ങൾ തെളിയിക്കയാണ്.

ഈ നാട്ടിൽ ജനിച്ചുവളർന്നവരെ ഇവിടുത്തെ പൗരൻ പോലുമല്ലാത്ത നായിക്ക് മറ്റുള്ളവരെ വിമർശിക്കുന്നതിന്റെ അനൗചിത്യമാണ് പലരും ചൂണ്ടിക്കാട്ടിയിരുന്നത്. സ്ഥിരം താമസക്കാരൻ എന്ന പദവിയല്ലാതെ നായിക്കിന് മലേഷ്യൻ പൗരത്വം കിട്ടിയിട്ടില്ല. നായിക്കിനെ വിട്ടുകൊടുക്കണം എന്നുള്ള ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ ആവശ്യം മലേഷ്യ തള്ളുകയായിരുന്നു. സാക്കിർ നായിക്ക് എത്തിയതോടെ മലേഷ്യൻ മുസ്ലീങ്ങൾ ഒരു ഭാഗത്തും ചൈനക്കാരും തമിഴരും മറുഭാഗത്തുമായി സാമുദായിക ധ്രുവീകരണം മലേഷ്യയിൽ കൃത്യമായി നടക്കുന്നുണ്ട്.

മലേഷ്യയിലെ പെനാങ് ഉപമുഖ്യമന്ത്രി ഡോ. പി രാമസ്വാമിയെയാണ് എൽടിടിഇ ഭീകരവാദ ബന്ധം ആരോപിച്ച് പൊലീസ് ചോദ്യം ചെയ്തത്. ബുകിത് അമനിലെ പൊലീസ് ആസ്ഥാനത്ത് മൂന്ന് മണിക്കൂറോളമാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. സാക്കിർ നായികിനെ വിമർശിച്ചതും രാമസ്വാമിയുടെ രണ്ട് ലേഖനങ്ങൾ വിവാദമായതിന്റെയും പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യൽ. മലേഷ്യയിലെ ബടു അറങിൽ മൂന്നുപേരെ വെടിവെച്ച് വീഴ്‌ത്തിയ സംഭവത്തിൽ പൊലീസിനെ ചോദ്യം ചെയ്യുന്നതായിരുന്നു ആദ്യ ലേഖനമായ 'ന്യൂ ഗവൺമെന്റ് ബട്ട് ദ സേം ഓൾഡ് പൊലീസ് ഫോഴ്‌സ്', 'ഹൂ ആം ഐ, പീസ്‌മേക്കർ ഓർ ടെററിസ്റ്റ്' എന്ന ലേഖനത്തിൽ തനിക്കെതിര എൽടിടിഇ ബന്ധം ആരോപിക്കപ്പെട്ടതിനെക്കുറിച്ച് രാമസ്വാമി വിശദീകരിച്ചിരുന്നു.

എന്നാൽ സാകിർ നായിക്കിനെ വിമർശിക്കുന്നവരെ നിശബ്ദരാക്കാൻ ചില പാർട്ടികൾ ശ്രമിക്കുന്നതായും തനിക്ക് സാകിർ നായിക്കുമായി വ്യക്തിപരമായ വിദ്വേഷമില്ലെന്നും രാമസ്വാമി പറഞ്ഞു. 'മുസ്ലിങ്ങൾ അല്ലാത്തവരെ അധിക്ഷേപിക്കരുത്. വർഗീയ വിദ്വേഷങ്ങൾ പ്രോത്സാഹിപ്പിക്കരുത്. രാജ്യത്തോടുള്ള പ്രതിബദ്ധതയെ ചോദ്യം ചെയ്യരുത്'- അദ്ദേഹം കൂട്ടിച്ചേർത്തു. എൽടിടിഇയുമായി തനിക്ക് ബന്ധമുണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുകയാണെന്നും രാമസ്വാമി ആരോപിച്ചു.

പക്ഷേ മലേഷ്യൻ സർക്കാർ രാമസ്വാമിക്കൊപ്പം നിന്നില്ല. അതായത് ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരു വ്യക്തി ഇന്ത്യക്കുപോലും പാരായായിരിക്കുന്നു. എത്രയോ അനുഭവങ്ങൾ ഉണ്ടായിട്ടും ലോക രാഷ്ട്രങ്ങൾ സാക്കിർ നായിക്കിനെതിരെ നടപടി എടുക്കിന്നില്ല. തീവ്രാവാദികളേക്കാൾ ഭീകരരാണ് തീവ്രാവാദത്തിന് വളമിടുന്നവർ എന്നിരിക്കെ സത്യത്തിൽ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ സാക്കിർ നായിക്കിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നീക്കമാണ് നടത്തേണ്ടത്. ഇത് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലും കാമ്പയിൻ ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP