Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കിഫ്ബിയും പെൻഷൻ ബോർഡും ഭാഗമല്ലെന്ന വാദത്തിൽ ഇഷ്ടം പോലെ കടമെടുക്കുമ്പോഴും ജാമ്യക്കാരൻ സർക്കാർ; ഇത് കടമെടുത്ത് ധൂർത്തടിച്ച് ബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കും സാമ്പത്തിക ശാസ്ത്രം; ഇരട്ട മുഖ ചതിയിൽ കേരളം കടക്കെണിയിലേക്ക് പോകുന്ന കഥ

കിഫ്ബിയും പെൻഷൻ ബോർഡും ഭാഗമല്ലെന്ന വാദത്തിൽ ഇഷ്ടം പോലെ കടമെടുക്കുമ്പോഴും ജാമ്യക്കാരൻ സർക്കാർ; ഇത് കടമെടുത്ത് ധൂർത്തടിച്ച് ബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കും സാമ്പത്തിക ശാസ്ത്രം; ഇരട്ട മുഖ ചതിയിൽ കേരളം കടക്കെണിയിലേക്ക് പോകുന്ന കഥ

അഡ്വ വിടി പ്രദീപ് കുമാർ

കിഫ്ബിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതൃത്വങ്ങൾ ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ ഒന്നും മനസ്സിലാവാത്ത പൊതുജനം ചിലത് മനസ്സിലാക്കാനുണ്ട്. 20 വർഷം കൊണ്ടാണ് കേരളത്തിന്റെ പൊതുകടം 1,58,387 കോടിയിൽ എത്തിയത്. എന്നാൽ പൊതുകടം 3,39,738 കോടിയിലേക്ക് എത്തിയത് കഴിഞ്ഞ 5 വർഷം കൊണ്ടാണ്. ഈ കണക്കിൽ നിന്ന് പൊതുകടം വർദ്ധിക്കുന്നതിന്റെ വേഗത മനസ്സിലാക്കാൻ അരിഭക്ഷണം കഴിക്കുന്ന സാമാന്യ യുക്തി മതി, സാമ്പത്തിക ശാസ്ത്രം പഠിക്കേണ്ടതില്ല.

അതായത് ഇന്ന് സംസ്ഥാനത്ത് ജനിക്കുന്ന ഓരോ കുഞ്ഞും 98,314 രൂപയുടെ കടക്കാരനായിട്ടാണ് ഇവിടെ ജനിക്കുന്നത്. അധികാരത്തിൽ വരുന്ന രാഷ്ട്രീയ പാർട്ടികൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് കടമെടുത്ത് ധൂർത്തടിച്ച് അതിന്റെ ബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവെച്ച് ഇറങ്ങി പോകുന്ന നടപടി ഒഴിവാക്കാനാണ് രാജ്യത്തും അനുബന്ധമായി സംസ്ഥാനത്തും ധന ഉത്തരവാദിത്വ നിയമം ഉണ്ടാക്കിയത്. ഇതനുസരിച്ച് സർക്കാറിന് ഓരോ വർഷവും എടുക്കാവുന്ന കടത്തിന് പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതായത് വരുമാനത്തിന് ആനുപാതികമായി മാത്രമേ കടമെടുക്കാൻ കഴിയൂ.

അതോടെ രാഷ്ട്രീയ നേതൃത്വത്തിന് ഇഷ്ടം പോലെ കടമെടുക്കാൻ കഴിയാത്ത അവസ്ഥ വന്നു. സ്റ്റേറ്റ് ഹൈവേയുടെ ഓരങ്ങളിൽ മദ്യഷാപ്പുകൾ പാടില്ലായെന്ന കോടതി വിധി വന്നപ്പോൾ ബീവറേജസിലെ വരുമാനം കുറയുമെന്ന് മനസ്സിലാക്കിയ നമ്മുടെ സർക്കാർ സ്റ്റേറ്റ് ഹൈവേകളുടെ പേര് ജില്ലാ റോഡുകളെന്ന് പുനഃർനാമകരണം ചെയ്ത് മദ്യ വരുമാനം നിലനിർത്തിയ അഭ്യാസം നിങ്ങൾക്ക് ഓർമ്മയുണ്ടാവുമല്ലോ. അതേ പോലെ ധനഉത്തരവാദ നിയമത്തിൽ നിന്നും രക്ഷപ്പെടാനാണ് സർക്കാർ രണ്ട് കമ്പിനികൾ ഉണ്ടാക്കിയത്.

അതിൽ ഒന്നാമത്തേതാണ് കിഫ്ബി, രണ്ടാമത്തേത് സോഷ്യൽ സെക്യൂരിറ്റി ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡും. സർക്കാറിന് ഏറ്റവും കൂടുതൽ ചെലവ് വരുന്നത് ഒന്ന് വികസന പ്രവർത്തനത്തിനും രണ്ട് സാമൂഹിക സുരക്ഷാ പെൻഷനുമാണ്. സർക്കാർ ഈ രണ്ട് പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളും ഈ കമ്പിനികളെ ഏൽപ്പിച്ചു. ഇവ രണ്ടും സർക്കാർ സ്ഥാപനമാണോ എന്ന് ചോദിച്ചാൽ അതെയെന്നും, അല്ലെയെന്ന് ചോദിച്ചാൽ അല്ലായെന്നും പറയാവുന്ന വിധത്തിലാണ് ഇവയുടെ രൂപീകരണം.

ഇത് ഇരട്ട മുഖത്തിൽ ഒളിപ്പിക്കുന്ന ചതി

സർക്കാറിന്റെ പൊതുമരാമത്ത് വകുപ്പിനെ കൊണ്ട് നാട്ടിലെ റോഡുകളും പാലങ്ങളും ഉണ്ടാക്കിക്കാൻ കിഫ്ബിക്ക് എന്താണ് അധികാരമെന്ന് ചോദിക്കുമ്പോൾ സർക്കാർ പറയും കിഫ്ബി ഒരു സർക്കാർ സംവിധാനമാണെന്ന്. കിഫ്ബി എങ്ങനെയാണ് ഇത്രയും കടമെടുക്കുന്നതെന്ന് ചോദിക്കുമ്പോൾ സർക്കാർ പറയും കിഫ്ബി സർക്കാറിന്റെ ഭാഗമല്ല, ഒരു കമ്പിനി മാത്രമാണെന്ന്. ഇവ രണ്ടും സർക്കാറിന്റെ ഭാഗമല്ലായെന്ന വാദത്തിലാണ് ഇവരെ കൊണ്ട് ഇഷ്ടം പോലെ കടമെടുപ്പിക്കുന്നത്. അതേസമയം ഈ കടങ്ങളുടെ ജാമ്യക്കാരൻ സർക്കാറാണ്.

സ്വന്തമായി വരുമാനമില്ലാത്ത കിഫ്ബി ഇതുവരെ 63,259 കോടി രൂപയുടെ 903 പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. പണി തീർത്താൽ കരാറുകാർക്ക് പണം നൽകണമല്ലോ. 903 പദ്ധതികളിൽ 103 പദ്ധതിയുടെ പണം മാത്രമാണ് ഇതുവരെ നൽകിയത്. ഇതിന് 5036 കോടി രൂപ കടമെടുക്കുകയും 7194 കോടി രൂപ സർക്കാറിൽ നിന്ന് ഗ്രാന്റ് ആയി ലഭിക്കുകയും ചെയ്തിട്ടുണ്ട്. 3,30,000 രൂപ ശമ്പളമുള്ള സിഇഒ. അടക്കം 16 ജീവനക്കാരും പ്രതിമാസം 7,17,000 രൂപ വാടകയുള്ള ഓഫീസിൽ പ്രവർത്തിക്കാൻ കിഫ്ബിയുടെ ഒരു വർഷത്തെ ഭരണപരമായ ചെലവ് മാത്രം 58 കോടി രൂപയാണ്.

നിലവിൽ അംഗീകാരം നൽകിയ പദ്ധതികൾ പൂർത്തീകരിക്കാൻ മാത്രം 58,895 കോടി രൂപ വേണം. സർക്കാറിൽ നിന്നും ഒരു വർഷം ലഭിക്കുക പെട്രോളിന്റെ സെസ്സും, വാഹന നികുതി യോടൊപ്പം വാങ്ങിക്കുന്ന സെസ്സും ഉൾപ്പെടെ പരമാവധി 2000 കോടി രൂപയാണ്. സർക്കാറിൽ നിന്ന് കിട്ടുന്ന ഈ തുക നിലവിലെ വായ്പയുടെ തിരിച്ചടവിലേക്കും ഭരണപരമായ ചെലവിലേക്കും പോകും. അപ്പോൾ നിലവിലെ 58,895 കോടി രൂപയുടെ കടം വീട്ടാൻ കിഫ്ബിയുടെ മുന്നിലുള്ള മാർഗ്ഗം എന്താണ് ? ഇതിന്റെ ഉത്തരമാണ് സമൂഹത്തിന് ലഭിക്കേണ്ടത്. ഇതിനുള്ള ഉത്തരം ഇന്നുവരെ സർക്കാർ നൽകിയിട്ടില്ല. 10,000 കോടി രൂപ വീണ്ടും കടമെടുക്കാനാണ് കഴിഞ്ഞ ബോർഡ് മീറ്റിങ്ങിൽ തീരുമാനിച്ചത്.

കടമെല്ലാം ജനത്തിന്റെ ബാധ്യത

അതായത് സംസ്ഥാനത്തിന്റെ നിലവിലുള്ള 2,74,000 കോടി രൂപ കടത്തിന്റെ കൂടെ കിഫ്ബിയുടെ 58,895 കോടി രൂപയും ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് വഴി ഉണ്ടാക്കി വെച്ച 6843 കോടി രൂപയുടെ കടം കൂടി ജനത്തിന്റെ തലയിലാണെന്ന് ചുരുക്കം. ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ശമ്പളത്തിനും പെൻഷനും കടത്തിന്റെ പലിശ തിരിച്ചടയ്ക്കാനുമായി ഓരോ മലയാളിയും കഴിഞ്ഞ വർഷം സർക്കാറിന് നൽകിയത് ശരാശരി 21,131 രൂപയാണ്. നിലവിൽ സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും ഈ കമ്പിനികളുടെ തലയിൽ കെട്ടിവെച്ച് സർക്കാർ പിന്മാറുകയാണ്.

ഇത് ഒരു ഔദ്യോഗിക സ്വകാര്യവൽക്കരണത്തിന്റെ തുടക്കമാണ്. മുഴുവൻ ജനങ്ങളും നൽകുന്ന നികുതി പണം കൊണ്ട് ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും മാത്രം സുഭിക്ഷമായി ജീവിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കൽ മാത്രമായി സർക്കാറിന്റെ ഉത്തരവാദിത്വം മാറുകയാണ്. പണക്കാരന്റെ സ്വത്തും, നാട്ടിലെ ക്രമസമാധാനവും മാത്രമാണ് ഒരു സർക്കാറിന്റെ ഉത്തരവാദിത്വമെന്ന രീതിയിലേക്ക് മാറുന്ന ആധുനിക ജനാധിപത്യത്തിന്റെ പുത്തൻ രൂപമായ മുതലാളിത്ത ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിന്റെ തുടക്കം മാത്രമാണിത്. താഴെ കൊടുത്ത കണക്കിലൂടെ ഇത് വ്യക്തമാവും.

വരുമാനം

കഴിഞ്ഞ വർഷത്തെ തനത് നികുതി വരുമാനം: 47,671 കോടി,
നികുതിയേതര വരുമാനം: 6,420 കോടി ,
കേന്ദ്ര വിഹിതം: 11,532 കോടി. ആകെ വരുമാനം : 65,623 കോടി രൂപ.

ചെലവ്:

ഉദ്യോഗസ്ഥരുടെ ശമ്പളത്തിന് ചിലവഴിച്ചത്: 27,806 കോടി.
പെൻഷൻ: 18,942 കോടി.
കടങ്ങളുടെ
പലിശയിനത്തിൽ തിരിച്ചടച്ചത് : 23,619 കോടി.
മന്ത്രിമാരെയും, എംഎ‍ൽഎ. മാരെയും സംരക്ഷിക്കുന്ന ചെലവ് :212 കോടി.
ആകെ : 70579 കോടി രൂപ. അതായത് 65,623 കോടി രൂപ വരുമാനവും 70579 കോടി രൂപ ചിലവും. ചുരുക്കി പറഞ്ഞാൽ ഭരണപരമായ ചെലവിനും, പലിശയ്ക്കും വേണ്ടി മാത്രം ചിലവഴിച്ചത് റവന്യു വരുമാനത്തിന്റെ 108 % മാണ് !

കബളിപ്പിക്കുന്നത് റിസർവ്വ് ബാങ്കിനേയും

ജനത്തിന് ബാധ്യതയാവുന്ന സാമ്പത്തിക ധൂർത്ത് നിയന്ത്രിക്കപ്പെടുന്ന റിസർവ്വ് ബാങ്കിനെ പോലും സർക്കാർ കബളിപ്പിക്കുകയാണ്. റിസർവ് ബാങ്ക് നിയമമനുസരിച്ച് ദിവസവും വൈകുന്നേരം സംസ്ഥാന സർക്കാറിന്റെ ട്രഷറി അടയ്ക്കുമ്പോൾ ട്രഷറിയിൽ 1.66 കോടി രൂപ ബാക്കി ഉണ്ടായിരിക്കണം. 1.66 കോടി രൂപ ബാക്കി ഇല്ലെങ്കിൽ റിസർവ്വ്ബാങ്ക് സർക്കാറിന് ഓവർ ഡ്രാഫ്റ്റ് നൽകും. 2003 ലെ ഓവർ ഡ്രാഫ്റ്റ് റെഗുലേഷൻ സ്‌കീം അനുസരിച്ച് രാജ്യത്തെ ഒരു സംസ്ഥാന സർക്കാരിനും തുടർച്ചയായി 14 ദിവസത്തിൽ കൂടുതൽ ഓവർ ഡ്രാഫ്റ്റിൽ പ്രവർത്തിക്കാൻ പാടില്ല.

ഈ പ്രതിസന്ധി മറി കടക്കാനായി സർക്കാർ ഗ്യാരണ്ടി നിന്ന് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളെ കൊണ്ട് വിവിധ ബാങ്കുകളിൽ നിന്ന് കടമെടുപ്പിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ 11 ശതമാനം പലിശയ്ക്ക് ബാങ്കുകളിൽ നിന്ന് ലോൺ എടുക്കുന്നു. ലോണെടുത്ത ഈ തുക പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാറിന്റെ ട്രഷറിയിൽ നിക്ഷേപിക്കുന്നു. ട്രഷറിയിലെ സേവിംങ്ങ്‌സ് ബാങ്ക് നിക്ഷേപത്തിലെ ഹ്രസ്വകാല നിക്ഷേപത്തിന് സർക്കാർ നൽകുന്നത് 4.5 ശതമാനം പലിശയാണ്. അങ്ങനെ പൊതുമേഖലാ സ്ഥാപനങ്ങൾ 11 ശതമാനം പലിശയ്ക്ക് ലോൺ എടുത്ത് 4.5 ശതമാനം പലിശയ്ക്ക് ട്രഷറിയിൽ നിക്ഷേപിക്കുന്നു.

ബെവ്‌കോ, കനറാ ബാങ്കിൽ നിന്ന് എടുത്ത 750 കോടിയും ഫെഡറൽ ബാങ്കിൽ നിന്ന് എടുത്ത 250 കോടിയും കൂടി ആയിരം കോടിയാണ് ഇങ്ങനെ ട്രഷറിയിൽ നിക്ഷേപിച്ചത്. അതേപോലെ കെ.എസ്.എഫ്.ഇ. 3635 കോടി രൂപയാണ് വിവിധ ബാങ്കിൽ നിന്ന് കടമെടുത്ത് ട്രഷറിയിൽ നിക്ഷേപിച്ചത്. ട്രഷറിയിലെ നീക്കിയിരിപ്പ് 1.66 കോടിയിലും കുറയുന്ന ദിവസം ഇവർ പണം നിക്ഷേപിക്കുകയും അടുത്ത ദിവസം പിൻവലിക്കുകയും നാല് ദിവസം കഴിഞ്ഞ് വീണ്ടും നിക്ഷേപിക്കുകയും ആറ് ദിവസം കഴിഞ്ഞ് വീണ്ടും പിൻവലിക്കുകയും ഇങ്ങനെയുള്ള ഒരു സർക്കസ്സാണ് നമ്മുടെ സംസ്ഥാനത്ത് നടക്കുന്നത്.

ഇത് ഞാണിന്മേൽ കളിക്കുന്ന സർക്കസ്

ഞാണിന്മേൽ സർക്കസ് കളിക്കുന്ന സർക്കാറാണ് 64,000 കോടി രൂപയുടെ കെ-റെയിൽ പദ്ധതിക്ക് വേണ്ടി 33,700 കോടിയുടെ കടമെടുക്കുന്നത്. ഈ കളി തീക്കളിയാണ്. ഇനിയെങ്കിലും ജനം ഉണരുന്നില്ലെങ്കിൽ നമ്മൾ വലിയ വില നൽകേണ്ടി വരും. സോഷ്യൽ സെക്യൂരിറ്റി ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിനെ കൊണ്ട് കടമെടുപ്പിച്ച് ക്ഷേമ പെൻഷൻ നൽകി ആ കടബാധ്യതയും ജനങ്ങളുടെ തലയിൽ കെട്ടിവെക്കുന്നതിനെ കുറിച്ച് പറയുമ്പോൾ 60 ലക്ഷത്തോളം പാവങ്ങൾക്ക് ക്ഷേമ പെൻഷൻ നൽകുന്നതിനെ വിമർശിക്കുകയാണെന്ന ക്യാപ്‌സ്യൂൾ പ്രതീക്ഷിക്കുന്നതുകൊണ്ട് ഒരു കാര്യം കൂടി പറയാം.

ഓരോ മലയാളിയുടെയും കൂട്ടത്തിൽ പെൻഷൻ വാങ്ങിക്കുന്ന 60 ലക്ഷത്തോളം പാവങ്ങളും കഴിഞ്ഞ വർഷം സർക്കാറിലേക്ക് നൽകിയ 21,131 രൂപ എവിടെ എന്തിന് വേണ്ടി ചിലവഴിച്ചുവെന്ന് ക്യാപ്‌സൂൾ മറുപടി തരണം. 21,131 രൂപ അങ്ങോട്ട് വാങ്ങിച്ച് വെച്ചിട്ടല്ലെ മാസം 1600 രൂപ കടം വാങ്ങിച്ച് ഇങ്ങോട്ട് തരുന്നത് ? 60 ലക്ഷത്തോളം പാവങ്ങൾക്ക് പെൻഷൻ നൽകാൻ വേണ്ടിയാണ് സോഷ്യൽ സെക്യൂരിറ്റി ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് ഉണ്ടാക്കിയതെങ്കിൽ നിലവിലുള്ള 46 ക്ഷേമനിധി ബോർഡുകൾ എന്തിനാണ് നിലനിർത്തുന്നത് ? വികസന പ്രവർത്തനത്തിന് ആരും എതിരല്ല. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ എല്ലാം കിഫ്ബിയെ ഏൽപ്പിക്കുമ്പോൾ സർക്കാറിന്റെ പൊതുമരാമത്ത് വകുപ്പിലെ 8328 ജീവനക്കാർക്ക് എന്താണ് പണിയെന്നും എന്തിനാണ് ഇതിനൊരു വകുപ്പും മന്ത്രിയുമെന്ന് കൂടി ഇവർ പറയണം.

(ദി പീപ്പിൾ എന്ന സംഘടനയുടെ സെക്രട്ടറിയാണ് ഈ വിശദ റിപ്പോർട്ട് തയ്യാറാക്കിയ അഡ്വ.വി.ടി.പ്രദീപ് കുമാർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP