Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

1875ൽ ആദ്യ സെൻസസിനുള്ള നടപടി തുടങ്ങിയപ്പോഴുള്ള കുപ്രചാരണം ഇത് നികുതി കൂട്ടാനും പരിവർത്തിത ക്രൈസ്തവരെ നാടുകടത്താനും ഉള്ളതെന്ന്; 145 വർഷങ്ങൾക്ക് ശേഷവും കേരളത്തിലുള്ളത് സമാനമായ വാദങ്ങൾ; സെൻസസിലും എൻപിആറിലും തെറ്റായ വിവരം കൊടുത്താൽ പണി കിട്ടുക വ്യക്തിക്കും രാഷ്ട്രത്തിനും ഒരുപോലെ; ലോകവ്യാപകമായ നടത്തുന്ന ശാസ്ത്രീയ വിവര ശേഖരത്തോട് മുഖം തിരിക്കരുത്; അരുന്ധതി റോയും പിണറായി വിജയനും ഒരുപോലെ ചെയ്യുന്നത് ഭീതിവ്യാപാരം തന്നെ

1875ൽ ആദ്യ സെൻസസിനുള്ള നടപടി തുടങ്ങിയപ്പോഴുള്ള കുപ്രചാരണം ഇത് നികുതി കൂട്ടാനും പരിവർത്തിത ക്രൈസ്തവരെ നാടുകടത്താനും ഉള്ളതെന്ന്; 145 വർഷങ്ങൾക്ക് ശേഷവും കേരളത്തിലുള്ളത് സമാനമായ വാദങ്ങൾ; സെൻസസിലും എൻപിആറിലും തെറ്റായ വിവരം കൊടുത്താൽ പണി കിട്ടുക വ്യക്തിക്കും രാഷ്ട്രത്തിനും ഒരുപോലെ; ലോകവ്യാപകമായ നടത്തുന്ന ശാസ്ത്രീയ വിവര ശേഖരത്തോട് മുഖം തിരിക്കരുത്; അരുന്ധതി റോയും പിണറായി വിജയനും ഒരുപോലെ ചെയ്യുന്നത് ഭീതിവ്യാപാരം തന്നെ

എം മാധവദാസ്

1875 മെയ് 18-ന് തിരുവിതാംകൂറിൽ ആദ്യ കാനേഷുമാരിക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ വിവാദങ്ങൾ കൊടുമ്പിരി കൊള്ളുകയായിരുന്നു. പുതിയ നികുതികൾ ഏർപ്പെടുത്താനുള്ള തന്ത്രം ആണിതെന്നായിരുന്നു ആദ്യ കുപ്രചാരണം. പിന്നെ ഇന്നത്തേതുപോലെ ജാതിയും മതവും കൊണ്ടുള്ള കളിയും. ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രിസ്തുമതം സ്വീകരിച്ച ദളിതരെ നാടുകടത്താനുള്ള കണക്കപ്പെടുപ്പായിരുന്നു ഇതെന്നാണ് പ്രചാരണം കൊടുമ്പിരിക്കൊണ്ടത്. മുസ്ലീങ്ങളെ പുറത്താക്കാനുള്ള നീക്കമാണെന്ന പ്രചാരണവും ഉണ്ടായി... കാനേഷുമാരിയും നികുതിയുമായി യാതൊരു ബന്ധവും ഇല്ലെന്നും, ആരെയും പറത്താക്കാനുള്ള നീക്കമല്ലെന്നും പറഞ്ഞ് തിരുവിതാംകൂർ രാജവംശത്തിന് പ്രത്യേക വിളംബരം അടക്കമുള്ള നിരവധി ബോധവത്ക്കരണ പരിപാടികൾ നടത്തേണ്ടി വന്നെന്ന് വിവിധ രേഖകൾ വ്യക്താമാക്കുന്നു.

നോക്കുക. കാലം എത്ര കഴിഞ്ഞു. 145 വർഷങ്ങൾക്കുശേഷവും കേരളത്തിന്റെ
പൊതുബോധത്തിൽ യാതൊരു മാറ്റവുമില്ലെന്ന് ഇന്ന് സെൻസസുമായും ദേശീയ ജനസംഖ്യ രജിസ്റ്ററമായും ബന്ധപ്പെട്ട വിവാദങ്ങൾ തെളിയിക്കുന്നു. നോബേൽ സമ്മാന ജേതാവായ എഴുത്തുകാരി അരുന്ധതീ റോയ് ആഹ്വാനം ചെയ്യുന്നത് സെൻസസ് രേഖകൾ തെറ്റിച്ചുകൊടുക്കാനാണ്. ദേശീയ ജനസംഖ്യ രജിസ്റ്ററിനോട് ഒരു തരത്തിലും സഹകരിക്കില്ല എന്നാണ് പിണറായി സർക്കാർ പറയുന്നത്. സിഎഎയുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തിൽനിൽക്കുന്ന വ്യാപകമായ ഭീതി, സെൻസസിലും
പ്രതിഫലിക്കുന്നുണ്ട്. ഈ കണക്കിന് പോയാൽ സെൻസസ് എടുക്കാൻ വരുന്ന ഉദ്യോഗസ്ഥർക്ക് അടികിട്ടാനുള്ള നല്ല സാധ്യതയാണ് ഇപ്പോളും ഉള്ളത്. കേരളം എത്രമാത്രം സാമൂഹികമായി പിറകോട്ട് അടിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇതും.

1875ൽ പക്ഷേ സാംസ്കാരിക നായകരും ബുദ്ധിജീവികളും ഒന്നും തന്നെ സെൻസസിനെ എതിർത്ത് എതിർത്തിരുന്നില്ല. അന്ന് ഭരിക്കുന്ന തിരുവിതാംകൂർ രാജകുടുംബവും ബ്രിട്ടീഷ് അധികൃതരും ഇത്തരം വികസന സൂചികകൾക്കുവേണ്ടി ശക്തമായി രംഗത്ത് എത്തിയിരുന്നു. പക്ഷേ ഇന്നോ, എൻ പി ആറിനോട് നിസ്സഹകരിക്കും പക്ഷേ സെൻസസിനനോട് സഹകരിക്കും എന്നാണ് പിണറായി സർക്കാർ പറയുന്നത്. അപ്പോളും സെൻസസ് വിവരങ്ങൾ തെറ്റിച്ച് കൊടുക്കാൻ ആഹ്വാനം ചെയ്യുന്നത് തെറ്റാണെന്ന് സർക്കാർ ശക്തമായി പറയുന്നില്ല. അതിനെതിരെ ഒരു
ബോധവത്ക്കരണവും നടത്തുന്നില്ല. പത്തുവോട്ടിനുവേണ്ടി സെൻസസ് എന്ന ശാസ്ത്രീയ ഡാറ്റ അട്ടിമറിക്കാൻ ശ്രമിക്കുന്നത് കാണുമ്പോഴാണ് തിരുവിതാംകൂർ രാജവംശം എത്രമാത്രം ശാസ്ത്രബോധമുള്ളവർ ആയിരുന്നെന്ന് തോന്നിപ്പോവുക. ഇന്ത്യയിൽ ആദ്യമായി വസൂരി കുത്തിവെപ്പ് തിരുവിതാംകൂറിൽ നടന്നപ്പോഴും സമാനമായ സംഭവം ഉണ്ടായി. വ്യാപകമായ കുപ്രചാരണം ഉണ്ടായിട്ടും അത് പിൻവലിക്കാൻ അവർ തയ്യാറായില്ല. അന്നത്തെ പൊതുജനവികാരം കുത്തിവെപ്പിന് എതിരായിരുന്നിട്ടുകൂടി നിർബന്ധമായി കുത്തിവെപ്പിക്കാൻ ഉത്തരവിട്ടത് തിരുവിതാകൂർ രാജാക്കന്മാർ ആയിരുന്നു. 
അങ്ങനെയാക്കെയാണ് വസൂരിയെന്ന മഹാമാരിയെ എന്നേക്കുമായി രാജ്യത്തുനിന്ന് കെട്ടുകെട്ടിച്ചത്. ഇന്നായിരുന്നെങ്കിൽ ജനവികാരത്തിന് വഴങ്ങി ആ 'അച്ചുകുത്തൽ' പിൻവലിക്കയാവുകയും ചെയ്യുക. എം ആർ വാക്സിനേഷനൊക്കെ എതിരായി മോദി-ആർഎസ്സ് വാക്സിനേഷൻ എന്നും മറ്റും നിരന്തരമായ കുപ്രചാരണം ഇപ്പോഴും നടക്കുന്നുണ്ട്. 150 വർഷം കഴിഞ്ഞിട്ടും കേരളത്തിൽ ശാസ്ത്രബോധം ഇനിയും എത്തിയിട്ടില്ലെന്ന് ചുരുക്കം.

സത്യത്തിൽ വിവിധ വിഷയങ്ങളിലെ സർക്കാറിന്റെ പ്രാഥമിക ഡാറ്റയാണ് സെൻസസും എൻ പി ആറും. ലോകത്തിലെ മിക്ക വികസിത രാജ്യങ്ങളും അവലംബിക്കുന്ന വിവരശേഖരണ രീതി. ഇതിനെ ഈ രീതിയിൽ പെരുപ്പിച്ച് വളച്ചൊടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. സെൻസർ എൻ പി ആർ രേഖകൾ പൗരത്വത്തിന്റെ പ്രാഥമിക മാനദണ്ഡംപോലുമല്ല. ഇപ്പോൾ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമവുമായി ഇതിന് യാതൊരു ബന്ധവുമില്ല. പൗരത്വഭേദഗതി നിയമമാവട്ടെ പൗരത്വം എടുത്തുകളയാനുള്ളതല്ല, കുടിയേറ്റക്കാർക്ക് പൗരത്വം കൊടുക്കാനുള്ളതാണ്.നിലവിലുള്ള ഒരു പൗരനെയും അത് രാജ്യത്ത്നിന്ന് പുറുത്താക്കുന്നുമില്ല. ആ നിലക്ക് നോക്കുമ്പോൾ രാജ്യദ്രോഹപരമായ കുറ്റമാണ് പിണറായി വിജയനും അരുദ്ധതിറോയിയുമൊക്കെ പ്രചരിപ്പിക്കുന്നത്.

തെറ്റായ വിവരം കൊടുത്താൽ പണി കിട്ടുക വ്യക്തിക്കും രാഷ്ട്രത്തിനും

സെൻസസിലും എൻപിആറിലും തെറ്റായ വിവരങ്ങൾ കൊടുത്താൽ പണികിട്ടുക വ്യക്തിക്കും രാഷ്ട്രത്തിനും ഒരുപോലെയാണ്. സർക്കാറിന്റെ സകല വികസനസൂചികളുടെയും വിവരങ്ങൾ തെറ്റും. മാത്രമല്ല ഭാവിയിലെ ബയോ മെട്രിക്ക് സംവിധാനവുവുമായി ബന്ധപ്പെടുമ്പോൾ പൗരന് തന്നെ പണകിട്ടും. ഉദാഹരണമായി നിങ്ങൾ ഒരു പാസ്പോർട്ട് എടുക്കാൻ പോകുന്നുവെന്ന് വെക്കുക. അവിടെ എൻപിആർ വിവരങ്ങൾ തെറ്റാണ് കൊടുത്തതെങ്കിൽ ആധാർ വഴി കിട്ടിയ നിങ്ങളുടെ അടിസ്ഥാന വിവരങ്ങളുായി അത് യോജിച്ചപോകില്ല. അപ്പോൾ നിങ്ങൾ സസ്പെക്ട് ലിസ്റ്റിൽ ആവുകയാണ്. ഇതുപോലെ ഓരോ വ്യക്തിഗത ആനുകൂല്യത്തെയും ഇത് ബാധിക്കും. നമ്മുടെ നാട്ടിൽ ഭക്ഷ്യ വിതരണ സമ്പ്രദായത്തിന്റെ ഗുണഭോക്താക്കൾ എത്രപേരുണ്ട്, വൈഫൈ എവിടെ, കണക്റ്റിവിറ്റി എത്രയുണ്ട് തുടങ്ങിയ കാര്യങ്ങൾ ഒക്കെ സെൻസസിന്റെ ഭാഗമായുണ്ട്. സമ്പൂർണ്ണവും ശാസ്ത്രീയവുമായ ഒരു വിവര ശേഖരണമാണ അത്. ഡേറ്റകൾ ശേഖരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമായി കാണാൻ കഴിയില്ല.

നമ്മുടെ നാട്ടിലുള്ള ജനങ്ങൾക്ക് ഏത് രീതിയിലുള്ള വികസനമാണ് ഇനി വേണ്ടത് എന്ന് മനസ്സിലാക്കാനുള്ള സൂചകങ്ങളുടെ ഭാഗമായാണ് നിങ്ങളുടെ വീട്ടിൽ ടീവിയുണ്ടോ, ഫ്രിഡ്ജ് ഉണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഒക്കെ ഉൾപ്പെടുത്തുന്നത്. സർക്കാറിന് വികസനത്തിനുള്ള ഡാറ്റയാണ് സത്യത്തിൽ സെൻസസ്. വികസനത്തിന്റെ അത്യന്താപേക്ഷിതമായ ഘടകങ്ങളാണ് സെൻസസും വിവര ശേഖരണവും. അതായത് ഇത്തരം ഡാറ്റകളോട് നിസ്സഹരിക്കുന്നതോടെ രാജ്യവും വ്യക്തിയും പിറകോട്ട് അടിക്കപ്പെടുകയാണ്. കടുത്ത സാമൂഹിക ദ്രോഹമാണ് സെൻസസ് ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെടുന്നവരൊക്കെ ചെയ്യുന്നത്. ജേക്കബ് വടക്കൻചേരിയും മോഹനനൻ വൈദ്യരും വാക്സിനഷേനെതിയും മറ്റും നടത്തുന്നതുപോലുള്ള ഭീതി വ്യാപാരമാണ്, അരുദ്ധതീറോയിയെപ്പോലുള്ള ലോകം ആദരിക്കുന്ന എഴുത്തുകാരിയും ചെയ്യുന്നത്.

1875 മെയ് 18-ന് തുടങ്ങിയ തിരുവിതാംകൂറിലെ ആദ്യ കാനേഷുമാരി കണക്കെടുപ്പ് ജനങ്ങളിൽ പ്രത്യേകിച്ചും താഴ്ന്നജാതികൾക്കിടയിൽ വലിയ രീതിയിൽ ആശങ്കയുണ്ടാക്കിയിരുന്നു. കണക്കെടുപ്പിനും മാസങ്ങൾക്കു മുൻപുതന്നെ അതിനെക്കുറിച്ചുള്ള വിളംബരം ഉണ്ടായിരുന്നു. അതിനെത്തുടർന്ന് പുതിയ നികുതികൾ അടിച്ചേൽപ്പിക്കുന്നതോ മുൻകാലങ്ങളിലേതുപോലെ തങ്ങളെ അടിച്ചമർത്തുന്നതിനോ, മിഷണറിമാരുടെയും മതപരിവർത്തനം നേടിയവരെ തദ്ദേശീയരുടെ സഹായത്തോടുകൂടി ക്രിസ്ത്യാനികളെ കപ്പൽ കയറ്റി വിദേശത്തേയ്ക്ക് അയക്കുകയോ ചെയ്യും എന്നൊക്കെ പലരും ഭയപ്പെടുകയും ചെയ്തിരുന്നു. ഇത്തരം ഭീതി ലഘൂകരിക്കുന്നതിനായി വീണ്ടും വീണ്ടും വിളംബരം പുറപ്പെടുവിക്കുകയും മിഷൻ പ്രവർത്തകർ മലയാളത്തിലും തമിഴിലും നോട്ടീസുകൾ ഉണ്ടാക്കി വിതരണം ചെയ്യുകയും എന്യൂമറേറ്റർമാരെ സഹായിക്കുന്നതിനായി അവരോടൊപ്പം സഞ്ചരിക്കുകയും ചെയ്തു. 23,11,379 ആണ് ഈ കണക്കെടുപ്പിൽ നിന്നും ലഭ്യമായ ജനസംഖ്യ. ഇതിൽ 17,02,805 പേർ ഹിന്ദുക്കളും 1,39,905 പേർ മുഹമ്മദീയരും 4,66,874 പേർ വ്യത്യസ്ത വിഭാഗങ്ങളിൽ ഉൾപ്പെടുന്ന തദ്ദേശീയരായ ക്രിസ്ത്യാനികളും ആണെന്നു കണക്കാക്കി. ഇവരെകൂടാതെ 1,383 യൂറേഷ്യക്കാർ, 201 യൂറോപ്യന്മാർ, 154 യഹൂദന്മാർ എന്നിവരുടേയും കണക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വിഭാഗം ക്രിസ്ത്യാനികൾ ഉള്ളതിനാൽ തിരുവിതാംകൂറിനെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ ഉള്ള നാട്ടുരാജ്യമായി സ്ഥിരീകരിക്കുകയും ചെയ്തു.

1875ലെ ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ച് തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ വിസ്തീർണ്ണം 6,731 ചതുരശ്ര നാഴികയായി കണക്കാക്കിയിട്ടുണ്ട്. ശരാശരി ജനസംഖ്യ ചതുരശ്രനാഴികയ്ക്ക് 343 പേർ എന്ന കണക്കിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതിൽ തീരദേശത്തെ ജനങ്ങളുടെ എണ്ണം ച.നാഴികയ്ക്ക് 1280 വരെയും ഉൾനാടൻ പ്രദേശങ്ങളിലേത് 37 വരെയുമാണ്. 100 പുരുഷന്മാർക്ക് 110 സ്ത്രീകൾ എന്ന നിരക്കിലാണ് സ്ത്രീപുരുഷ അനുപാതമെങ്കിലും 100 ആൺകുട്ടികൾക്ക് 85 പെൺകുട്ടികൾ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ ജനസംഖ്യയിൽ ശരാശരി 5.74 ശതമാനം ആളുകൾക്ക് എഴുതാനും വായിക്കാനും അറിയാം എങ്കിലും പ്രദേശങ്ങളുടെയും ജനവിഭാഗങ്ങളുടേയും വ്യത്യാസമനുസരിച്ച് അതും വളരെ വ്യത്യസ്തമായ കണക്കുകളാണ് നൽകുന്നത്. 6.56, 5.75, 4.72 എന്നീ ശതമാനക്കണക്കിൽ യഥാക്രമം ക്രിസ്ത്യൻ, ഇസ്ലാം, ഹിന്ദു ജാതി വിഭാഗങ്ങളിലെ ജനങ്ങൾക്ക് അക്ഷരാഭ്യാസം ഉണ്ട്. അതിൽ തന്നെ പഠന-ഭരണ-സാംസ്‌കാരിക കേന്ദ്രമായ തിരുവനന്തപുരത്ത് 15 ശതമാനം ആളുകൾക്ക് വിദ്യാഭ്യാസം ഉള്ളതായി കണക്കാക്കിയിട്ടുണ്ട്. പക്ഷേ തിരുവനന്തപുരത്തു നിന്നും വളരെ അകലെ സ്ഥിതിചെയ്യുന്ന തിരുവിതാംകൂറിന്റെ തന്നെ ഭാഗമായ മൂവാറ്റുപുഴ, തൊടുപുഴ, ചെങ്കോട്ട, പത്തനാപുരം, ചെങ്ങന്നൂർ എന്നീ ജില്ലകളിലും താഴ്ന്ന ജാതിക്കാർ ധാരാളമുള്ള ചേർത്തലയിലും ആകെ ജനസംഖ്യയുടെ 3 മുതൽ 4 ശതമാനം ആളുകൾക്കാണ് അക്ഷരാഭ്യാസം ഉള്ളവരായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കൂട്ടത്തിൽ 60,000 ജനസംഖ്യയായി കണക്കാക്കിയിട്ടുള്ള കുന്നത്തൂരിൽ 2.79 ശതമാനമാണ് അക്ഷരാഭ്യാസമുള്ള ജനങ്ങൾ.ബ്രിട്ടീഷ് ഇന്ത്യയിലെ കാനേഷുമാരിയുമായി ബന്ധപ്പെട്ട് തിരുവിതാംകൂറിൽ 1881 ഫെബ്രുവരി 17-ന് മറ്റൊരു കാനേഷുമാരി നടത്തുകയും അതിൽ ആകെ ജനസംഖ്യ 24,01,158 പേരായും അതിൽ 12,04,024 പേർ സ്ത്രീകളും 11,97,134 പുരുഷന്മാരും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

നോക്കുക ഈ ഡാറ്റ കിട്ടാനാണ് നാം സെൻസസ് നടത്തുന്നത്. അതിനുസരിച്ചാണ് നമ്മുടെ പേരായ്മകൾ തിരിച്ചറിയുന്നത്. അതനുസരിച്ചാണ് വികസന
പദ്ധതികൾ പ്രഖ്യാപിക്കുന്നത്. ആദ്യ സെൻസസ് കാലത്ത് നമ്മുടെ ആയുർദൈർഘ്യം വെറും 29 വയസ്സായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പൊതുജനആരോഗ്യ ഇടപെടലാണ് നമ്മുടെ ശരാശരി ആയുർദൈർഘ്യത്തെ 70 കടത്തിയത്. ആയുർദൈർഘ്യം കേരളപ്പിറവിക്കുശേഷം 30 വയസ്സോളം കൂടിയിട്ടുണ്ട്. നാൽപ്പത്തഞ്ച് വയസ്സിൽനിന്ന് 75 വയസ്സിലേക്ക്. അതായത്, 1950കളിൽ കേരളത്തിൽ ജനിച്ചവരുടെ പ്രതീക്ഷിത ആയുർദൈർഘ്യം 45 ആയിരുന്നെങ്കിൽ  2010-14 കാലയളവിൽ ജനിച്ചവർക്ക് ഇത് 75 വയസ്സാണ്. ദേശീയ ശരാശരി ഇക്കാലയളവിൽ 36 വയസ്സിൽനിന്ന് 68 വയസ്സായി ഉയർന്നു. ഈ വിവരങ്ങൾ ഒക്കെ നമുക്ക് എവിടെ നിന്നാണ് കിട്ടുന്നത്. സെൻസസ് തന്നെ.

എൻ പി ആറിനെ ഭയക്കണോ?

ഇന്ത്യയിലെ രജിസ്ട്രാർ ജനറലിന്റെയും സെൻസസ് കമ്മീഷണറുടെയും ഓഫീസ് നിർവചിച്ചിരിക്കുന്നതുപോലെ, ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) രാജ്യത്തെ സാധാരണ താമസക്കാരുടെ രജിസ്റ്ററാണ്. 1955ലെ പൗരത്വ നിയമവും 2003 ലെ ചട്ടങ്ങളും അനുസരിച്ച്, ഏറ്റവും താഴെ തട്ടിൽ നിന്നാണ് എൻപിആറിൽ വിവരം ശേഖരണം തുടങ്ങുന്നത്. അതായത് ഗ്രാമങ്ങളിൽ നിന്ന് തുടങ്ങി ഉപജില്ല, ജില്ല, സംസ്ഥാനം എന്നിവ കടന്ന് ദേശീയ തലത്തിലേക്ക് എത്തുന്നു.

'കഴിഞ്ഞ ആറുമാസമോ അതിൽ കൂടുതലോ ഒരു പ്രദേശത്ത് താമസിക്കുന്ന അല്ലെങ്കിൽ അടുത്ത ആറുമാസമോ അതിൽ കൂടുതലോ ആ പ്രദേശത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ', എൻപിആറിന്റെ ഭാഗമാകാൻ യോഗ്യനാണ്. നിയമപ്രകാരം, ഇന്ത്യയിലെ ഓരോ സാധാരണ താമസക്കാരനും എൻപിആറിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്.

കഴിഞ്ഞ ആറുമാസമോ അതിൽ കൂടുതലോ ഒരു പ്രദേശത്ത് താമസിച്ച വ്യക്തി അല്ലെങ്കിൽ അടുത്ത ആറുമാസമോ അതിൽ കൂടുതലോ ആ പ്രദേശത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ എൻപിആറിന്റെ ആവശ്യങ്ങൾക്കായി ഒരു സാധാരണ താമസക്കാരനായി നിർവചിക്കാം. പൗരത്വവുമായി ബന്ധപ്പെട്ട 2003ലെ ചട്ടങ്ങൾ അനുസരിച്ച് 'ജനസംഖ്യാ രജിസ്റ്റർ' എന്നാൽ ഒരു ഗ്രാമത്തിലോ ഗ്രാമപ്രദേശങ്ങളിലോ പട്ടണത്തിലോ വാർഡിലോ അതിർത്തി രേഖപ്പെടുത്തിയ പ്രദേശങ്ങളിലോ (രജിസ്ട്രാർ ജനറൽ നിർണ്ണയിച്ച പട്ടണത്തിലോ നഗരത്തിലോ ഉള്ള ഒരു വാർഡിനുള്ളിൽ) താമസിക്കുന്ന വ്യക്തികളുടെ വിശദാംശങ്ങൾ അടങ്ങിയ രജിസ്റ്ററാണ്.

2019 ജൂലൈ 31 ലെ സർക്കാർ ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നത് ഇങ്ങനെ- പൗരത്വം (പൗരന്മാരുടെ രജിസ്ട്രേഷനും ദേശീയ ഐഡന്റിറ്റി കാർഡുകൾ അനുവദിക്കലും) ചട്ടങ്ങളുടെ 2003 ലെ ചട്ടം 3ലെ ഉപചട്ടം (4) അനുസരിച്ച്, ലോക്കൽ രജിസ്ട്രാറുടെ അധികാരപരിധിയിൽ താമസിക്കുന്ന സാധാരണക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായി അസം ഒഴികെയുള്ള രാജ്യത്തൊട്ടാകെയുള്ള പോപ്പുലേഷൻ രജിസ്റ്ററും വീടുതോറുമുള്ള കണക്കെടുപ്പിനുള്ള ഫീൽഡ് വർക്കുകളും തയാറാക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുക. 2020 ഏപ്രിൽ 1 മുതൽ 2020 സെപ്റ്റംബർ 30വരെയാണ് ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടത്.ജനസംഖ്യാപരമായതും ബയോമെട്രിക് വിശദാംശങ്ങളും ഉൾക്കൊള്ളുന്ന രാജ്യത്തെ സാധാരണ താമസക്കാരുടെ സമഗ്രമായ തിരിച്ചറിയൽ ഡാറ്റാബേസ് സൃഷ്ടിക്കാനാണ് എൻപിആറിലൂടെ ലക്ഷ്യമിടുന്നത്.

എൻപിആറിൽ, ഓരോ വ്യക്തിയുടെയും ഇനിപ്പറയുന്ന ജനസംഖ്യാപരമായ വിശദാംശങ്ങൾ ഉൾപ്പെടുത്തും:

വ്യക്തിയുടെ പേര്
ഗൃഹനാഥൻ / ഗൃഹനാഥയുമായുള്ള ബന്ധം
അച്ഛന്റെ പേര്
അമ്മയുടെ പേര്
പങ്കാളിയുടെ പേര് (വിവാഹിതരാണെങ്കിൽ)
ആൺ / പെൺ
ജനനത്തീയതി
വൈവാഹിക നില
ജനനസ്ഥലം
ദേശീയത
സാധാരണ താമസത്തിന്റെ ഇപ്പോഴത്തെ വിലാസം
നിലവിലെ വിലാസത്തിൽ താമസമാക്കിയ കാലാവധി
സ്ഥിര മേൽവിലാസം
തൊഴിൽ / പ്രവർത്തനം
വിദ്യാഭ്യാസ യോഗ്യത

സെൻസസ് 2011 ന് മുന്നോടിയായി, വീടുകൾ കയറിഇറങ്ങിയുള്ള വിവരശേഖരണത്തിനൊപ്പം എൻപിആറിനായുള്ള വിവരങ്ങൾ 2010ൽ ശേഖരിച്ചിരുന്നു. വീടുതോറുമുള്ള സർവേ നടത്തി ഈ ഡാറ്റ 2015 ൽ വീണ്ടും അപ്‌ഡേറ്റുചെയ്തു. 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 2021 ലെ ജനസംഖ്യാ കണക്കെടുപ്പിനൊപ്പം അടുത്ത ഘട്ട വിവരശേഖരണം അസം സംസ്ഥാനം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രപ്രദേശങ്ങളിലും നടക്കും.

കഴിഞ്ഞ ആറ് മാസമോ അതിൽ കൂടുതലോ ഒരു പ്രദേശത്ത് താമസിച്ച വ്യക്തി അല്ലെങ്കിൽ അടുത്ത ആറുമാസമോ അതിൽ കൂടുതലോ ആ പ്രദേശത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയെയാണ് എൻപിആറിൽ 'സാധാരണ താമസക്കാരൻ' എന്ന് നിർവചിക്കുക.ജനസംഖ്യാ വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും എൻപിആറിനായി ശേഖരിക്കും. ഇതിനായി രേഖകൾ ഒന്നും തന്നെ സമർപ്പിക്കേണ്ട ആവശ്യമില്ല. ദേശീയ ജനസംഖ്യാരജിസ്റ്ററിനായി രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് വിവരങ്ങൾ ശേഖരിച്ചിരുന്നു. 2011ലെ സെൻസസിന്റെ ഭാഗമായുള്ള വീടുകളിലെ കണക്കെടുപ്പിലാണ് വിവരങ്ങൾ ശേഖരിച്ചത്. വീടുതോറുമുള്ള സർവേ നടത്തി എൻപിആർ 2015 ൽ പുതുക്കി. പുതുക്കിയ വിവരങ്ങളുടെ ഡിജിറ്റൈസേഷൻ പൂർത്തിയായതായി അധികൃതർ അറിയിച്ചിരുന്നു.

ഇതിന്റെ അടുത്ത ഘട്ടം എന്ന നിലയിൽ സെൻസസിന്റെ ഭാഗമായി വിവരശേഖരണത്തിനുമൊപ്പംഎൻപിആർ അപ്‌ഡേറ്റ് ചെയ്യും.2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ അസം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുംസെൻസസിന്റെ ഭാഗമായി വീടുകളിലെത്തിയുള്ള കണക്കെടുപ്പും ദേശീയ ജനസംഖ്യാരജിസ്റ്ററും തീരുമാനിച്ചിരിക്കുകയാണെന്ന് സെൻസസ് കമ്മീഷണർ അറിയിച്ചു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആദ്യ പടിയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നാണ് ആരോപണം. ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ ഉൾപ്പെട്ടതുകൊണ്ട് പൗരത്വം കിട്ടണമെന്ന് നിർബന്ധമില്ല. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ബംഗാൾ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ദേശീയ പൗരത്വ രജിസ്റ്റർ പ്രവർത്തനങ്ങൾ നിർത്തിവെച്ചത്.

എൻപിആർ പലർക്കും റെസിഡൻർ് ഐൻഡിറ്റി കാർഡ് നൽകിയിട്ടുണ്ട്. ഇത് 2012 ൽ കോൺഗ്രസ് സർക്കാർ കൊടുത്തു തുടങ്ങിയതാണ് അന്ന് ചിലർക്കൊക്കെ കിട്ടി. 2020 ലെ എൻപിആറിലൂടെ മുൻപ് കിട്ടാത്തവർക്ക് നൽകും

കാനേഷുമാരി നടത്തുന്നത് ഇങ്ങനെയാണ്

ഒരു രാജ്യത്തെയോ പ്രദേശത്തെയോ എല്ലാ ആളുകളേയും കുറിച്ച് ഒരു പ്രത്യേക സമയത്തുള്ള വിവരങ്ങൾ അവരവരിൽനിന്നും ശേഖരിക്കുകയും അവ കൂട്ടിച്ചേർത്തു വിശകലനം ചെയ്യുന്നതുമായ പ്രവർത്തനമാണു് കാനേഷുമാരി. ഒരേസമയത്ത് എല്ലാവരിൽ നിന്നും അവരവരെകുറിച്ചു് വിവരം ശേഖരിക്കുന്നതു് കാനേഷുമാരിയുടെ ഒരു പ്രത്യേകതയാണ്. സാധാരണയായി ഈ വാക്ക്ഒരു രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിനെക്കുറിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഉപദേശപ്രകാരം അഞ്ച് അല്ലെങ്കിൽ പത്തുവർഷത്തിലൊരിക്കൽ കാനേഷുമാരി നടത്തേണ്ടതാണ്.

കാനേഷുമാരിയിൽ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ ജനാധിപത്യപ്രക്രീയ (നിയോജകമണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയം), ധനകാര്യാസൂത്രണം (നികുതിവരുമാനത്തിൽ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ളവിഹിതം നിശ്ചയിക്കൽ) ഗവേഷണം, വ്യാവസായികാവശ്യങ്ങൾ, പദ്ധതിനിർവഹണം മുതലായവയ്ക്ക് ഉപയോഗിക്കുന്നു. ജനസംഖ്യാകണക്കെടുപ്പ് വളരെ അത്യാവശ്യമാണെങ്കിലും അവയുടെ പരമ്പരാഗതരീതികൾ വളരെ ചെലവേറിയതായിവരുന്നു. ജനങ്ങളുടെ രജിസ്റ്ററ് ഉപയോഗിച്ചുള്ള സെൻസസ്(നോർവേ, സ്വീഡൻ)'മൈക്രോ സെൻസസ്' അഥവാ 'സാമ്പിൾ സെൻസസ്' (ഫ്രാൻസ് , ജർമ്മനി ) മുതലായ രാഷ്ട്രങ്ങളിൽ പ്രചാരത്തിലുണ്ട്. ഇന്ത്യയിലും സാമ്പിൾ ഉപയോഗിച്ച് കാനേഷുമാരിയിൽ ചില വിവരങ്ങൾ ശേഖരിക്കുകയുണ്ടായിട്ടുണ്ട് (1981ൽ)

കാനേഷുമാരി എന്ന വാക്ക് പേർഷ്യൻ ഭാഷയിൽ നിന്നാണു വന്നത്. ഈ വാക്കിന്റെ വാച്യാർത്ഥം വീട്ടുനമ്പർ എന്നു മാത്രമാണ്. പേർഷ്യൻ ഭാഷയിൽ Jt\(Khaneh) എന്നാൽ വീട് എന്നാണർത്ഥം. ഷൊമാരേ(Shomareh) എന്നാൽ എണ്ണം എന്നർത്ഥം . പിന്നീട് ഈ രണ്ടു പദങ്ങളും യോജിച്ച് കാനേഷുമാരി എന്നായി.കാനേഷുമാരി ഇന്തയിൽ ഭാരതത്തിൽ പുരാതന കാലം മുതലേ ജനങ്ങളുടെ എണ്ണം തിട്ടപ്പെടുത്താൻ തുടങ്ങിയിരുന്നു. ബി. സി. മൂന്നാം നൂറ്റാണ്ടിൽ മൗര്യചക്രവർത്തിയായിരുന്ന അശോകന്റെ ഭരണകാലത്തും ഗുപ്ത ഭരണകാലത്തും ഭാരതത്തിൽ ജനസംഖ്യയുടെ കണക്കെടുപ്പുകൾ നടന്നിട്ടുണ്ട്.

ബ്രിട്ടീഷ് ഇന്ത്യയിൽ 1865 നും 1872 നും ഇടയ്ക്ക് പല പ്രദേശങ്ങളിലായി പല സമയങ്ങളിൽ കാനേഷുമാരി നടന്നു.. 1881 ൽ നടന്ന ആദ്യത്തെ ദശവത്സര കാനേഷുമാരിയുടെ വിവരങ്ങൾ 1885-87 കാലത്ത് പ്രസിദ്ധീകരിച്ച ഇമ്പീരിയൽ ഗസറ്റിൽ ചേർത്തിട്ടുണ്ട്. ആദ്യകാലത്ത് ജനസംഖ്യക്കൊപ്പം ജാതി, മതം തുടങ്ങിയ വിവരങ്ങൾ കൂടി ശേഖരിച്ചിരുന്നു. പിന്നീട് ആയൂർദൈർഘ്യം, ശിശുമരണം, മാതൃമരണം, സാക്ഷരത, ജനസാന്ദ്രത, സ്ത്രീ-പുരുഷ അനുപാതം തുടങ്ങിയ വിവരങ്ങളും കാനേഷുമാരിയിൽ ഉൾപ്പെടുത്തുകയുണ്ടായി.

സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ കാനേഷുമാരി കണക്കെടുപ്പു് നടന്നത് 1951 ലാണ്. സാമ്പത്തിക വികസനത്തിനുതകുന്ന വിവരങ്ങൾ കൂടി ശേഖരിച്ചത് ഒരു പ്രത്യേകതയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ സ്ഥിതിവിവര വിഭാഗം നൽകിയ ശുപാർശകൾ പാലിച്ചു കൊണ്ടാണ് 1961 ലെ കാനേഷുമാരി നടന്നത്. ഇതിനു പുറമേ കുടുംബം, തൊഴിൽ, മതം, അന്യസ്ഥലത്ത് ജനിച്ചവരുടെ താമസത്തിന്റെ കാലയളവ് എന്നീ വിവരങ്ങളും കാനേഷുമാരി കണക്കിൽ ചേർത്തിരുന്നു. ഈ കണക്കെടുപ്പിലാണ് യന്ത്ര സഹായത്തോടെയുള്ള പട്ടികപ്പെടുത്തൽ ആദ്യമായി നടന്നത്. 2021- ലേത് ഇന്ത്യയുടെ 15ാമത്തെ കാനേഷുമാരിയാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആറാമത്തേതുമാണ്. 21 ആം നൂറ്റാണ്ടിലേയും 3 ആം സഹസ്രാബ്ദത്തിലേയും ആദ്യത്തെ കണക്കെടുപ്പും. ഇന്ത്യയിലെ 15ാംമത് സെൻസസ് ( കാനേഷുമാരി) ഏപ്രിൽ 1, 2010 ന് ആരംഭിച്ചു. ഇതിന്റെ, 2011 മാർച്ച് 31ന് പുറത്തുവിട്ട പ്രാഥമിക കണക്കു പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 121.02 കോടിയായി ഉയർന്നു. 18 കോടിയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പുരുഷന്മാർ 62.37 കോടി, സ്ത്രീകൾ 58.65 കോടിഎന്നതാണ് ഇപ്പോഴത്തെ നില. കേരളത്തിൽ 1000 പുരുഷന്മാർക്ക് 1084 സ്ത്രീകൾ ഉള്ളതായും പുതിയ കാനേഷുമാരി കണക്ക് അറിയിക്കുന്നു.ദേശീയ തലത്തിൽ ഇത് 1000 പുരുഷന്മാർക്ക് 914 സ്ത്രീകൾ എന്ന നിലയിലാണ്.

ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്റർ എന്താണ്?

2003ലെ ചട്ടപ്രകാരം ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്ററിനെ 'ഇന്ത്യയിലും ഇന്ത്യയ്ക്കും പുറത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ വിശദാംശങ്ങൾ അടങ്ങിയ രജിസ്റ്റർ' എന്ന് നിർവചിക്കുന്നു.അസമിലെ 1951ലെ ദേശീയ പൗരന്മാരുടെ രജിസ്റ്റർ നവീകരിക്കാൻ 2015 ൽ സുപ്രീം കോടതി ഉത്തരവിട്ടതിന് വളരെ മുമ്പുതന്നെ, പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ കീഴിലുള്ള കേന്ദ്രസർക്കാർ 2003ൽ രാജ്യവ്യാപകമായി എൻആർസിയുടെ പ്രക്രിയ ആരംഭിക്കാൻ നടപടി തുടങ്ങിയിരുന്നു.

അതിൽ ഇങ്ങനെ പറയുന്നു: ''ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്ററിന്റെ ഉദ്ദേശ്യത്തിനായി, ഓരോ കുടുംബവുമായും വ്യക്തികളുമായും ബന്ധപ്പെട്ട നിർദ്ദിഷ്ട വിവരങ്ങൾ ശേഖരിക്കുന്നതിനായി വീടുതോറുമുള്ള ഒരു കണക്കെടുപ്പ് കേന്ദ്ര സർക്കാർ രാജ്യത്തുടനീളം കൊണ്ടുപോകും. 'അസമിലെ എൻആർസി പ്രക്രിയയിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്റർ എന്ന് വിളിക്കപ്പെടുന്ന ഈ ചട്ടം പ്രകാരം ''രജിസ്ട്രേഷൻ ജനറൽ ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്റർ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യും'' എന്ന് അനുശാസിക്കുന്നു.

പൗരത്വം (പൗരന്മാരുടെ രജിസ്ട്രേഷനും ദേശീയ ഐഡന്റിറ്റി കാർഡുകളുടെ അനുവദിക്കലും) റൂൾ 2 പ്രകാരമുള്ള ഉപ റൂൾ 2.0 പറയുന്നു- 'ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്റർ ഇന്ത്യൻ പൗരന്മാരുടെ സ്റ്റേറ്റ് രജിസ്റ്റർ അടങ്ങുന്ന ഉപ ഭാഗങ്ങളായി വിഭജിക്കപ്പെടും, ഇന്ത്യൻ പൗരന്മാരുടെ ജില്ലാ രജിസ്റ്റർ, ഇന്ത്യൻ പൗരന്മാരുടെ ഉപജില്ലാ രജിസ്റ്റർ, ഇന്ത്യൻ പൗരന്മാരുടെ പ്രാദേശിക രജിസ്റ്റർ എന്നിവയിൽ കേന്ദ്രസർക്കാർ ഉത്തരവ് പ്രകാരം സിറ്റിസൺ രജിസ്ട്രേഷൻ രജിസ്ട്രാർ ജനറലുമായി കൂടിയാലോചിച്ച് വ്യക്തമാക്കാം.

നിയമപ്രകാരം, ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്ററിൽ പൗരന്മാരുടെ ഇനിപ്പറയുന്ന വിവരങ്ങൾ അടങ്ങിയിരിക്കും:

പേര്
അച്ഛന്റെ പേര്
അമ്മയുടെ പേര്
ആൺ/ പെൺ
ജനനത്തീയതി
ജനനസ്ഥലം
വാസയോഗ്യമായ വിലാസം (നിലവിലുള്ളതും സ്ഥിരവുമായ)
വൈവാഹിക നില, (വിവാഹിതനാണെങ്കിൽ), ഇണയുടെ പേര്
ദൃശ്യമായ തിരിച്ചറിയൽ അടയാളം
പൗരത്വം രജിസ്റ്റർ ചെയ്ത തീയതി
രജിസ്ട്രേഷന്റെ സീരിയൽ നമ്പർ
ദേശീയ ഐഡന്റിറ്റി നമ്പർ

സെൻസസിൽ എന്തൊക്കെ ഉണ്ടാവും?

ഒരു വീടിന്റെ ലൊക്കേഷൻ വിശദാംശങ്ങൾക്ക് പുറമെ, സെൻസസിൽ വ്യക്തികളുടെ ഇനിപ്പറയുന്ന വിശദാംശങ്ങൾ ഉണ്ടായിരിക്കും:

1. വ്യക്തിയുടെ പേര്
2. ഗൃഹനാഥൻ/ ഗൃഹനാഥയുമായുള്ള ബന്ധം
3. ആൺ/ പെൺ
4. ജനനത്തീയതിയും പ്രായവും
5. നിലവിലെ വൈവാഹിക നില
6. വിവാഹിതനായ സമയത്തെ പ്രായം
7. മതം
8. പട്ടികജാതി (പട്ടികജാതി) / പട്ടികവർഗ (എസ്ടി)
9. അംഗപരിമിതിയുണ്ടോ?
10. മാതൃഭാഷ
11. അറിയാവുന്ന മറ്റ് ഭാഷകൾ
12. സാക്ഷരതാ നില
13. വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹാജർ നില
14. ഉയർന്ന വിദ്യാഭ്യാസ നില
15. കഴിഞ്ഞ വർഷത്തിൽ ഏത് സമയത്ത് ജോലി ചെയ്തു
16. സാമ്പത്തിക പ്രവർത്തനത്തിന്റെ വിഭാഗം
17. തൊഴിൽ
18. വ്യവസായം, വ്യാപാരം അല്ലെങ്കിൽ സേവനം എന്നിവയുടെ സ്വഭാവം
19. തൊഴിലാളിയുടെ വർഗം
20. സാമ്പത്തികേതര പ്രവർത്തനം
21. ജോലി തേടുന്നുണ്ടോ? ജോലി ചെയ്യാൻ തയാറാണോ?
22. ജോലിസ്ഥലത്തേക്കുള്ള യാത്ര
23. ജന്മസ്ഥലം
24. അവസാന താമസസ്ഥലം
25. കുടിയേറ്റത്തിനുള്ള കാരണം
26. കുടിയേറ്റം മുതൽ ഈ ഗ്രാമത്തിൽ / പട്ടണത്തിൽ താമസിക്കുന്ന കാലാവധി
27. നിലവിലെ കുട്ടികൾ
28. ജനിച്ച കുട്ടികൾ
29. കുട്ടികളുടെ എണ്ണം

മൂന്ന് പ്രക്രിയകളിലും പൗരന്മാരുടെ വിവരശേഖരണത്തിന് ഏതാണ്ട് ഒരേ നടപടിക്രമങ്ങളാണ് ഉൾക്കൊള്ളുന്നതെങ്കിലും ഉൾപ്പെടുത്തിയിരിക്കുന്ന വിശദാംശങ്ങളുടെയും ഉപയോഗത്തിന്റെ ഉദ്ദേശ്യത്തിന്റെയും കാര്യത്തിൽ ഇവ മൂന്നും തമ്മിൽ വ്യത്യാസമുണ്ട്.സെൻസസ് രാജ്യത്തെ ജനസംഖ്യയുടെ ഒരു ചിത്രം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ദേശീയത പ്രഖ്യാപനവും ബയോമെട്രിക്സ് വിവരങ്ങൾ എന്നിവയുടെ സ്വയം പ്രഖ്യാപനം ഉൾപ്പെടെ ഒരു വ്യക്തിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ എൻപിആർ തേടുന്നു.

അതിനാൽ, ഒരു വ്യക്തിയുടെ ദേശീയത നിർണ്ണയിക്കാൻ എൻപിആർ ഉപയോഗിക്കാം. എന്നിരുന്നാലും, സെൻസസിലെന്നപോലെ, എൻപിആർ ഡാറ്റയുടെ ആധികാരികത സർവേയിൽ പങ്കെടുത്ത വ്യക്തിയുടെ സത്യസന്ധതയെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, ഇരട്ടിപ്പ് തടയുന്നതിനായി എൻപിആർ വിശദാംശങ്ങൾ ശേഖരിക്കുമ്പോൾ മുമ്പ് സർക്കാർ ബയോമെട്രിക്സും ആധാർ നമ്പറും പരസ്പരം മാറിമാറി ശേഖരിച്ചുവെന്നത് പ്രസ്താവിക്കേണ്ടത് പ്രധാനമാണ്.

എൻപിആറിനെ രാജ്യവ്യാപകമായ എൻആർസിയുടെ മുന്നോടിയായി വിളിക്കാം. കാരണം നിയമം അനുസരിച്ച് ലോക്കൽ രജിസ്ട്രാറുടെ അധികാരപരിധിയിൽ താമസിക്കുന്ന എല്ലാ വ്യക്തികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്ന തീയതി കേന്ദ്രസർക്കാർ തീരുമാനിച്ചേക്കാം.ഇപ്പോൾ, എൻപിആറിൽ നിന്ന് വ്യത്യസ്തമായി, എൻആർസിയിൽ പോപ്പുലേഷൻ രജിസ്റ്ററിൽ നിന്ന് കൃത്യമായ പരിശോധനയ്ക്ക് ശേഷമുള്ല വ്യക്തികളുടെ വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നു. സർക്കാർ തയ്യാറാക്കിയ ഒരു പ്രക്രിയ പ്രകാരമാണ് സ്ഥിരീകരണം നടത്തുന്നത്. അസമിൽ കണ്ടതുപോലെ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.

എൻആർസിയും എൻപിആറും തമ്മിലുള്ള ബന്ധം നിരവധി സർക്കാർ രേഖകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. 2014 നവംബർ 26ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ, ''ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) സാധാരണക്കാരായ എല്ലാ നിവാസികളുടെയും രജിസ്റ്ററാണ്. എല്ലാ സാധാരണ താമസക്കാരുടെയും പൗരത്വ നില പരിശോധിച്ചുകൊണ്ട് ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്റർ (എൻആർസി) സൃഷ്ടിക്കുന്നതിനുള്ള ആദ്യപടിയാണ് എൻപിആർ. എന്നു പറയുന്നു. പക്ഷേ ഓർക്കണം എൻആർസി നടപ്പാക്കാൻ കേന്ദ്രം തത്വത്തിൽ തീരുമാനിച്ചിട്ടില്ല. ഇല്ലാത്തകാര്യ്ത്തെ ചൊല്ലി ഭീതി പരത്തുന്നത് എന്തിനാണെന്ന് വ്യക്തമല്ല.

എന്താണ് സെൻസസ് ചോദ്യങ്ങളെന്നുപോലും അറിയാതെ സർക്കാർ

പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിൽ തൊട്ട് തുടർച്ചയായ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പിണറായി സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സിഎഎ എന്നത് ഒരാളുടെയും പൗരത്വം എടുത്തുമാറ്റുന്നതിനുള്ളതല്ലെന്നും ഇത് കുടിയേറ്റക്കാർക്ക് പൗരത്വം കൊടുക്കാനുള്ളത് ആണെന്നുപോലും മനസ്സിലാക്കാതെ കുപ്രചാരണങ്ങളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തള്ളിവിട്ടത്. പൗരത്വം കൊടുക്കാനുള്ള എല്ലാ അധികാരങ്ങളും കേന്ദ്രത്തിന് ആണെന്നരിക്കെ, കേരളം ഇതിനെതിരെ സുപ്രീംകോടതിയിൽ ലക്ഷങ്ങൾ പൊടിച്ചാണ് കേസിന് പോയിരിക്കുന്നത്. അതും ആർട്ടിക്കിൾ 14ന്റെ ലംഘനം ചൂണ്ടിക്കാട്ടി നിരവധി സംഘടനകൾ കേസ് കൊടുത്തിരിക്കുന്നതിനിടെ. ഈ രീതിയിലുള്ള വസ്തുപരമായി നിലൽക്കാത്ത കാര്യങ്ങളാണ്, അടുത്തകാലത്തായി സർക്കാർ പ്രചരിപ്പിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് രണ്ടുദിവസം മുമ്പ് ഉണ്ടായത്. ചീഫ്് സെക്രട്ടറിയടക്കമുള്ള വലിയയൊരു ഉദ്യോഗസ്ഥ വൃന്ദത്തിനും മുഖ്യമന്ത്രിയടക്കമുള്ളവർക്കും എന്താണ് എൻപിആർ എന്താണ് സെൻസൻസ് എന്നതിന്റെ അടിസ്ഥാനകാര്യങ്ങൾപോലും അറിയില്ലെന്നാണ് ഇപ്പോൾ വാർത്തകൾ പുറത്തവരുന്നത്.

സെൻസസ് നടപടിക്രമങ്ങളെക്കുറിച്ചുള്ള വിശദീകരണത്തിൽ സംസ്ഥാന സർക്കാറിന് ഉണ്ടായത് ഗുരുതര വീഴ്ചയാണ്. വിവാദമായ രണ്ട് ചോദ്യങ്ങൾ സെൻസസിൽ ഉണ്ടെന്നും അത് ഒഴിവാക്കിയെന്നും ആദ്യം വിശദീകരിച്ചതും പിന്നീട് തിരുത്തിയതും സർക്കാറിന് നാണക്കേടായി. കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് സെൻസസിലെ രണ്ട് ചോദ്യങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്. വ്യക്തിയുടെ ജനനതിയ്യതി, മാതാപിതാക്കളുടെ ജനനസ്ഥലത്തെ കുറിച്ചുമുള്ള ചോദ്യങ്ങൾ ഒഴിവാക്കാനായിരുന്നു തീരുമാനം. പക്ഷെ ആദ്യ ഘട്ട സെൻസസിന്റെ 34 ചോദ്യങ്ങളുടെ പട്ടികയിൽ ഈ ചോദ്യങ്ങൾ ഇല്ല. അത് തിരിച്ചറിഞ്ഞതാകട്ടെ സർക്കാർ തീരുമാനം വന്നതിന്റെ അടുത്ത ദിവസം സെൻസസ് ഡയറക്ടറേറ്റും പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതോടെ. വിവാദ ചോദ്യങ്ങൾ സെൻസസിൽ ഇല്ലെന്നും ജനസംഖ്യാ രജിസ്റ്ററിലാണുള്ളതെന്നും പിന്നീട് പൊതുഭരണവകുപ്പ് മാധ്യമങ്ങളെ അനൗദ്യോഗികമായി അറിയിച്ചു.

ഔദ്യോഗികമായി അറിയിക്കണമോയെന്ന സംശയങ്ങൾക്കൊടുവിൽ ചീഫ് സെക്രട്ടറി വിശദീകരണമിറക്കി. സെൻസസും ജനസംഖ്യ രജിസ്റ്ററും രണ്ടാണ്. ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കില്ല എന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ജനസംഖ്യ രജിസ്റ്ററിലെ ഒരു ചോദ്യവും കേരളത്തിൽ ചോദിക്കില്ലെന്നും ചീഫ് സെക്രട്ടറി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.സെൻസസ് ഡയറക്ടറേറ്റിൽ മാസങ്ങൾക്ക് മുമ്പ് കേന്ദ്രത്തിൽ നിന്നും ചോദ്യാവലി എത്തിയിട്ടും മന്ത്രിസഭാ യോഗം ഇല്ലാത്ത വിവാദ ചോദ്യങ്ങളെ കുറിച്ച് അര മണിക്കൂറിലേറെ ചർച്ച ചെയ്തതാണ് സർക്കാറിനെ വെട്ടിലാക്കുന്നത്. ചീഫ് സെക്രട്ടറി പോലും കാബിനറ്റിൽ വ്യക്തതവരുത്തിയില്ല എന്നത് നാണക്കേട് മാത്രമല്ല സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കി. സർക്കാറിന് ഒന്നിലും വ്യക്തതയില്ല എന്ന് യുഡിഎഫും അനാവശ്യ വിവാദമുണ്ടാക്കിയെന്ന് ബിജെപിയും കുറ്റപ്പെടുത്തുമെന്ന് ഉറപ്പാണ്.

ഈരീതിയാണ് കാര്യങ്ങൾ മൊത്തത്തിൽ പോവുന്നത്. സെൻസസും ജനസംഖ്യരജിസ്റ്റും സിഎഎയും തമ്മിൽ യാതൊരു ബന്ധവും ഇല്ലെങ്കിലും സർക്കാർ തന്നെ സെൻസസിനോടും, എൻപിആറിനോടും പുറം തിരിഞ്ഞ് നിൽക്കയാണ്. അതിനിടെ അരുദ്ധതീ റോയിയെപ്പോലുള്ള എഴുത്തുകാർ പറയുന്നത് സെൻസസ് വിവരങ്ങൾ തെറ്റായി കൊടുക്കണം എന്നാണ്. സത്യത്തിൽ ഇത് രാജ്യത്തിന്റെ വികസനത്തിന് വലിയ ഭീഷണിയാണ്. സാമൂഹിക പുരോഗതിയുടെ അടിസ്ഥാന സൂചകങ്ങൾ നമുക്ക് കിട്ടുന്നത് കാനേഷുമാരിയിലൂടെയാണ്. അത് ബഹിഷ്‌ക്കരിക്കണം എന്നു തന്നെയാണ്, പിണറായി സർക്കാറും രഹസ്യമായി പ്രചരിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP