Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ലാഹോറിലെ സിഖ് ഗുരുദ്വാര പള്ളിയാക്കാൻ ഒരുങ്ങി പാക്കിസ്ഥാൻ; ഫ്രാൻസിൽ കോവിഡ് നിയന്ത്രണങ്ങൾ മോസ്‌ക്കുകൾക്ക് ബാധകം ആക്കരുതെന്ന് മതപണ്ഡിതർ; 'ഖിലാഫത്തിനായി ഒരുമിക്കൂ, ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ' എന്ന് ചോദിച്ച് തുർക്കി മാഗസിൻ; ലോകമെമ്പാടുമുള്ള മതമൗലികവാദത്തിന് വളമിട്ട് ഹാഗിയ സോഫിയ; എർദോഗാൻ ലാദനേക്കാൾ ഭയക്കേണ്ട തീവ്രവാദിയാവുമോ?

ലാഹോറിലെ സിഖ് ഗുരുദ്വാര പള്ളിയാക്കാൻ ഒരുങ്ങി പാക്കിസ്ഥാൻ; ഫ്രാൻസിൽ കോവിഡ് നിയന്ത്രണങ്ങൾ മോസ്‌ക്കുകൾക്ക് ബാധകം ആക്കരുതെന്ന് മതപണ്ഡിതർ; 'ഖിലാഫത്തിനായി ഒരുമിക്കൂ, ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ' എന്ന് ചോദിച്ച് തുർക്കി മാഗസിൻ; ലോകമെമ്പാടുമുള്ള മതമൗലികവാദത്തിന് വളമിട്ട് ഹാഗിയ സോഫിയ; എർദോഗാൻ ലാദനേക്കാൾ ഭയക്കേണ്ട തീവ്രവാദിയാവുമോ?

എം മാധവദാസ്

സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വ്യത്യാസം നക്സലുകൾ തൊട്ട് ഇസ്ലാമിസ്റ്റുകൾവരെയുള്ള ഏതൊരു ഗ്രൂപ്പിന്റെയും ചരിത്രം പിരിശോധിച്ചാൽ പ്രകടമാണ്. നിങ്ങൾക്ക് ശക്തമായ ഒരു പ്രത്യയശാസ്ത്രം ഉണ്ടായിട്ട് കാര്യമില്ല. അത് നടപ്പാക്കാൻ കഴിയുന്ന ഒരു നേതൃത്വം വേണം. അപ്പോൾ മാത്രമാണ് അതിനെ അനുകാരിച്ച് ലക്ഷക്കണക്കിന് അനുയായികൾ ഉണ്ടാവുന്നത്. ഇസ്ലാമിക മതമൗലികവാദത്തിനും കാര്യത്തിലും ഇപ്പറഞ്ഞത് അക്ഷരം പ്രതി ശരിയാവുകയാണ്. സഖ്യകക്ഷികളുടെ ആക്രമണവും സാമ്പത്തിക പ്രതിസന്ധിയും മൂലം ഇസ്ലാമിക്ക് സ്റ്റേറ്റ് നാശോന്മുഖമാവുകയും, അൽഖ്വായിദയും, താലിബാനും എതാണ്ട് ഒതുങ്ങുകയും ചെയ്തതോടെ തീർന്നുവെന്ന് കരുതുന്ന ഇസ്ലാമിക തീവ്രാവാദത്തിന് പുതിയ ഊർജം നൽകിയിരിക്കുന്നത് തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് എർദോഗാന്റെ നടപടികൾ. ബിൻലാദനെയും മുള്ളാഒമിനെയും സഹാഹിരിയേക്കാളുമൊക്കെ ഭീകരനാണ് എർദോഗാൻ. കാരണം അവരൊക്കെ പ്രത്യക്ഷത്തിൽ ആയുധം എടുക്കുന്ന തീവ്രവാദികൾ ആയിരുന്നു. എന്നാൽ എർദോഗാൻ ആവട്ടെ ഒരു രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയിൽ മതതീവ്രവാദം ഒളിച്ചുകടത്തുകയാണ് ചെയ്യുന്നത്. 'ഭാവിയിൽ ആഗോള ഇസ്ലാമിക തീവ്രാവാദത്തിന്റെ പ്രഭവ കേന്ദ്രം തുർക്കിയാവനുള്ള എല്ലാ സാധ്യതയുമുണ്ട്. ഖത്തർ അടക്കമുള്ള രാഷ്ട്രങ്ങളിൽനിന്നുള്ള ഫണ്ടിങ്ങ് നിലച്ചതും, ഇറാന്റെ പിറകോട്ടടിയുമൊക്കെ പ്രശ്നമായ ഇസ്ലാമിക തീവ്രവാദികൾക്ക് ഒരു അഭയകേന്ദ്രം യൂറോപ്പിലെ ഈ മതേതര രാജ്യം ആവുകയെന്നത് ഖേദകരമാണ്'- ദ ഗാർഡിയനിൽ പൊളിറ്റിക്കൽ അനാലിസ്സ്റ്റ് ഡേവിഡ ലാം എഴുതുന്നു.

മുമ്പ് കൃസ്ത്യൻ കത്തീഡ്രൽ ആയിരുന്ന പിന്നീട് ലോക പ്രശസ്തമായ ചരിത്ര സ്മാരകമായ ഹാഗിയ സോഫിയ കോടതി വിധിയുടെ മറവിൽ മുസ്ലിം പള്ളിയാക്കിക്കൊണ്ടുള്ള എർദോഗന്റെ നടപടി, ആഗോള വ്യാപകമായ മതേരത്വത്തിന് എറ്റ മുറിവായിരുന്നു. പക്ഷേ എർദോഗാൻ ഉദ്ദേശിച്ചതുതന്നെ നടന്നു. ഒറ്റ ദിവസം കൊണ്ട് അദ്ദേഹം ലോകമെമ്പാടുമുള്ള ഇസ്ലാമിസ്റ്റുകളുടെ ഹീറോ ആയി. സൗദി ക്ഷയിച്ചതോടെ ആഗോള ഇസ്ലാമിന്റെ ഖലീഫയെന്ന അനൗദ്യോഗിക പട്ടമാണ് എർദോഗാൻ കാംക്ഷിച്ചിരുന്നത്. എതാണ് അത് ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.

പ്രതിപക്ഷം അടിച്ചുകയറി വരുന്ന ഒരു സാഹചര്യത്തിലാണ് എർദോഗാൻ ഈ മതം കൊണ്ടുള്ള തീക്കളി പുറത്തെടുത്തത്. ഫലം ഉടനടിയുണ്ടായി. മതവികാരത്തിനിടയൽ പെട്ട് ജനം എല്ലാം മറക്കുന്നു. തുറന്നതിന്റെ ആദ്യ വെള്ളിയാഴ്ച നിസ്്ക്കരിക്കാനായി ഹാഗിയ സോഫിയയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. സോഷ്യൽ മീഡിയിൽ ഒരു വിഭാഗം ഇസ്ലാമിന്റെ മഹത്വം ഉയർത്തിപ്പിടിച്ച ഖലീഫയായി അദ്ദേഹത്തെ വാഴ്‌ത്തുന്നു. ഇനി തുർക്കിയുടെ ആജീവനാന്ത പ്രസിഡന്റും അദ്ദേഹം ആയിരിക്കും എന്നാണ് ന്യൂയോർക്ക് ടൈംസ് അടക്കമുള്ള പത്രങ്ങൾ വിലയിരുത്തുന്നത്.

നോക്കുക, ഇങ്ങ് കൊച്ചുകേരളത്തിൽ തൊട്ട് ലോകമമ്പൊടുമുള്ള ഇസ്ലാമിക സമൂഹങ്ങളിൽ എർദോഗാന് വലിയ പിന്തുണയാണ് കിട്ടുന്നത്്. കേരളത്തിൽ ബാബറി മസ്ജിദ് തകർന്ന കാലത്തുപോലും മതേതരത്വത്തിനുവേണ്ടി നിലകൊണ്ട മുസ്ലിം ലീഗ് പോലും എർദോഗാനെ ന്യായീകരിക്കുന്നു. അയോധ്യാക്കേസിൽ വലിയ വായിൽ നിലവിളിച്ച കേരളത്തിലെ സെക്കുലർ സിംഹങ്ങൾപോലും ഈ വിഷയത്തിൽ മൗനം അവലംബിക്കുന്നു. സിറിയയിലും, ഈജിപ്തിലും, നൈജീരിയയലും, ടുണീഷ്യയിലും, സൗദിയിലുമൊക്കെ സമാനമായ അവസ്ഥയാണ്. ഒരു ന്യുനപക്ഷം മാത്രമേ ഈ നടപടിയെ എതിർക്കുന്നുള്ളൂ. മാത്രമല്ല അപകടകരമായ മറ്റൊരു അവസ്ഥയാണ് ലോക മാധ്യമങ്ങൾ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്. എർദോഗാൻ ഇഫ്ക്ട് എന്ന മതപരത ലോകം എമ്പാടും വ്യാപിക്കുന്നു. പാക്കിസ്ഥാനിൽ ഇംറാൻഖാനും ഇതേ അടവ് പുറത്തെടുക്കയാണ്. തർക്കത്തിലുള്ള സിഖ് ഗുരദ്വാര പള്ളിയാക്കാനാണ് ഇംറാൻ നീക്കം നടക്കുന്നത്. ഫ്രാൻസിൽ കോവിഡ് നിയന്ത്രണങ്ങൾ മോസ്‌ക്കുകൾക്ക് ബാധകമാക്കരുത് എന്നാണ് മത പണ്ഡിതരുടെ വാദം. ബ്രിട്ടിനിലും സ്വീഡനിലും ഇതേ പ്രശ്നമുണ്ട്.

വർഗീയതയുടെ ഒരു പ്രശ്നം കൗണ്ടർ വർഗീയതയാണ്. മാർപ്പാപ്പപോലും അപലപിച്ച ഒരു പ്രശ്നമായിരുന്നു ഹാഗിയ സോഫിയ. ഇത് കൃസ്ത്യൻ വിശ്വാസി സമൂഹത്തിലും ഉണ്ടാക്കിയ മുറിപ്പാടുകൾ ചില്ലറയല്ല. യൂറോപ്പിൽ പൂട്ടിപ്പോയ പല പള്ളികളും തുറക്കുന്നതിനും ക്രിസ്തുമതത്തിന്റെ ശക്തമായ തിരിച്ചുവരവിന് ഇത് ഇടയാക്കുമെന്നാണ് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ ഡോ സാം ഹാരീസ് നിരീക്ഷിക്കുന്നത്. അതായത് മതേതരത്വമല്ല മതമാണ് ആധുനിക സമൂഹത്തിലും ഉയർന്ന് നിൽക്കുന്നത് എന്ന് ചുരുക്കം.

തൊലിയും മാംസവും ഉരിച്ചുമാറ്റിയിട്ടും മാറാത്ത വിശ്വാസം

ലാഹോറിലെ നൗലഖ ബസാറിലെ പ്രശസ്തമായ സിഖ് ഗുരുദ്വാരയെ പാക്കിസ്ഥാൻ ഭരണാധികാരികൾ മുസ്ലിം പള്ളിയാക്കി മാറ്റുന്നു. ഈ പ്രശ്നത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും ഹാഗിയ സോഫിയയിൽ എർദോഗാൻ എടുത്ത തന്ത്രം ഇംറാൻഖാനും ഇപ്പോൾ പയറ്റുകയാണ്. കോവിഡിനെ നേരിടുന്നതിലൊക്കെ വൻ പരാജയമായിപ്പോയി എന്ന് വിമർശനം ഉയർന്ന ഇംറാന് ഇതും ഒരു പിടവള്ളിയാണ്. ഹാഗിയ സോഫിയക്ക് ആഗോള മുസ്ലിം സമൂഹത്തിൽ കിട്ടയ പിന്തുണ പാക് ഭരണകൂടത്തിനും പ്രചോദമാവുന്നുണ്ട്.

വിഷയത്തിൽ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിൽ ശക്തമായ പ്രതിഷേധം ഇന്ത്യ രേഖപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ലാഹോറിലെ നൗലഖ ബസാറിൽ ഭായ് തരു സിങ് ജിയുടെ രക്തസാക്ഷിത്വ കേന്ദ്രമായ ഗുരുദ്വാര 'ഷാഹിദി അസ്താൻ' ആണ് മസ്ജിദ് ഷാഹിദ് ഗഞ്ചിന്റെ സ്ഥലമായി അവകാശപ്പെട്ട് മുസ്ലിം പള്ളിയാക്കുന്നത്. മതപരമായ അവകാശങ്ങളും സാംസ്‌കാരിക പൈതൃകവും ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ, സുരക്ഷ, ക്ഷേമം എന്നിവ നോക്കിക്കാണാൻ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പഞ്ചാബിലെ മുഗൾ ഗവർണ്ണറായ സക്കറിയാ ഖാൻ ആണ് ബായി തരു സിങ് ജിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും തടവിലാക്കിയത്. അതിക്രൂരമായാണ് അദ്ദേഹത്തെ ആഴ്ചകളോളം പീഡിപ്പിച്ചത്. സകല എല്ലുകളും ഒടിഞ്ഞു നുറുങ്ങിയിട്ടും അദ്ദേഹം മതം മാറാൻ തയ്യാറായില്ല. 'മതം മാറൂ അല്ലെങ്കിൽ മരിക്കൂ' എന്ന് ഭീഷണിപ്പെടുത്തിയപ്പോൾ അദ്ദേഹം തിരികെച്ചോദിച്ചത് 'മതം മാറിയാൽ മരിക്കില്ലേ? മുസ്ലീങ്ങളൊന്നും മരിക്കാറില്ലേ' എന്നായിരുന്നു.

പരസ്യമായി വിചാരണ ചെയ്യപ്പെട്ട ശേഷം, സിഖ് വിശ്വാസത്തിന്റെ ഭാഗമായി അദ്ദേഹം വളർത്തിയിരുന്ന നീണ്ട മുടി മുറിച്ച് മുസ്ലീമായി മാറിയെന്ന് പറയണമെന്ന് സക്കറിയാ ഖാൻ അദ്ദേഹത്തോട് വീണ്ടും ആജ്ഞാപിച്ചു. മുടി മുറിക്കില്ല, മുസ്ലീമാവില്ല എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ തലയിലെ തൊലിയും മാംസവും ജീവനോടെ ഉരിച്ചുമാറ്റി. 1745 ജൂൺ 9 നായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. അനേക ദിവസങ്ങൾ ആ നിലയിൽ ജയിലിൽക്കഴിഞ്ഞ അദ്ദേഹം 22 ദിവസങ്ങൾ കഴിഞ്ഞപ്പോൾ മരണമടഞ്ഞു. ധീരശഹീദ് ആകുമ്പോൾ വെറും 25 വയസ്സു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

1745 ൽ ഭായ് തരു ജി പരമമായ ത്യാഗം ചെയ്ത ചരിത്രപരമായ ഗുരുദ്വാരയാണ് ഗുരുദ്വാര ഷാഹിദി അസ്താൻ ഭായ് തരു ജി. 'സിഖ് സമൂഹം ബഹുമാനപൂർവ്വം ആരാധിക്കുന്ന സ്ഥലമാണ് ഗുരുദ്വാര. ഈ സംഭവം ഇന്ത്യയിൽ കടുത്ത ആശങ്കയോടെയാണ് കാണുന്നത്. പാക്കിസ്ഥാനിലെ ന്യൂനപക്ഷ സിഖ് സമുദായത്തിന് നീതി ലഭിക്കണമെന്ന വ്യക്തമായ ആവശ്യം ഇന്ത്യ അറിയിച്ചിട്ടുണ്ട്.

ഖിലാഫത്തിനായി ഒരുമിക്കാൻ തുർക്കിയിൽ ആഹ്വാനം

ചരിത്ര സ്മാരകമായ ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയതിനു ശേഷം തുർക്കിയിൽ നടക്കുന്നത് അതിദ്രുത വർഗീയവത്ക്കരണമാണ് നടക്കുന്നതെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ പറയുന്നത്. ഖിലാഫത്ത് തിരിച്ചുവരണമെന്നും ഇസ്ലാമിക സാമ്രാജ്വത്തിന്റെ പഴയ കരുത്ത് തിരിച്ചു പിടിക്കാൻ തുർക്കി നേതൃത്വം കൊടുക്കണമെന്നുമാണ് നവമാധ്യമങളിലടക്കം ചർച്ചകൾ നിറയുന്നത്. തുർക്കിയുടെ മതേതരത്വത്തിൽമേലുള്ള അവസാനത്തെ ആണിയടിയാണ് പ്രസിഡന്റ് എർദോഗാൻ നടത്തിയതെന്നുമാണ് ദ ഗാർഡിയൻ അടക്കമുള്ള പാശ്ചാത്യമാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇതുതന്നെയാണ് എർദോഗാൻ ഉദ്ദേശിച്ചതെന്നും ഗാർഡിയൻ വിമർശിക്കുന്നു. കാരണം എർദോഗാന്റെ ഭരണത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ അലയടിക്കുന്ന സമയത്താണ് മുമ്പ് കൃസ്ത്യൻ ദേവാലയം ആയിരുന്ന ഹാഗിയ സോഫിയയെ, മുസ്ലിം പള്ളിയാക്കിമാറ്റാൻ, സുപ്രീകോടതി വിധിയുടെ മറവിൽ തീരുമാനം വരുന്നത്. മതം പ്രധാന വിഷയം ആയതോടെ തൽക്കാലം എർദോഗാൻ രക്ഷപ്പെട്ടിരിക്കയാണ്. പക്ഷേ ഇത് ശരിക്കും തീക്കളിയാണെന്ന് എർദോഗാൻ അറിയുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

'ഖിലാഫത്ത് പുനഃസ്ഥാപിക്കേണ്ട സമയം അതിക്രമിച്ചെന്ന്' കാട്ടി തുർക്കി സർക്കാർ അനുഭാവമുള്ള മാഗസിന്റെ പരാമർശത്തെ ചൊല്ലി വൻ വിവാദം നടക്കുകയാണ്. 'ഖിലാഫത്തിനായി ഒരുമിക്കൂ, ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ്? നിങ്ങളല്ലെങ്കിൽ പിന്നെ ആരാണ്? മാഗസിൻ കവർ പേജിൽ എഴുതിയിരിക്കുന്നു.ഗെർമെക് ഹയാത് എന്നാണ് മാഗസിന്റെ പേര്. ഓട്ടോമൻ കാലഘട്ടത്തിലെ പതാകയുടെ ചുവപ്പുനിറത്തിലാണ് മാഗസിന്റെ കവർ പേജ്. പ്രസിഡന്റ് റെജപ് തയ്യിപ് എർദൊഗാൻ രാജ്യത്തെ ചരിത്ര സ്മാരകമായ ഹയ സോഫിയ മസ്ജിദാക്കിയതിനു ശേഷം തുർക്കി സ്വതന്ത്രമായെന്നും മാഗസിൻ പറയുന്നു.
മാഗസിന് 10000 വരിക്കാരാണ് നിലവിൽ ഉള്ളത്.

അതേസമയം മാഗസിനെതിരെ എർദോഗാന്റെ പാർട്ടിയായ എ.കെ.പി തന്നെ വിമർശമനം ഉന്നയിച്ചിട്ടുണ്ട്.'തുർക്കി റിപ്പബ്ലിക് നിയമവാഴ്ചയുള്ള ഒരു ജനാധിപത്യ മതേതര രാഷ്ട്രമാണ്,'നമ്മുടെ രാഷട്രീയ ഭരണത്തെക്കുറിച്ച് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന അനാരോഗ്യകരമായ ചർച്ചയും ധ്രുവീകരണവും തുർക്കിയുടെ അജണ്ടയിലില്ല,' പാർട്ടി പ്രതിനിധി ട്വീറ്റ് ചെയ്തു.മാഗസിനെതിരെ അങ്കാര ബാർ കൗൺസിൽ ക്രിമിനൽ പരാതി ഫയൽ ചെയ്തിട്ടുണ്ട്. തുർക്കി റിപ്പബ്ലിക്കിനെതിരെ സായുധ കലാപം നിരോധിക്കുന്ന നിയമം ലംഘിച്ചെന്നും ജനങ്ങളെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നെന്നുമാണ് പരാതിയിൽ ഉള്ളത്. തുർക്കിയിലെ നിരവധി പത്രമാധ്യമങ്ങൾ മാഗസനിനെതിരെ രംഗത്തു വന്നിട്ടുണ്ട്. രാജ്യത്ത് ട്വിറ്ററിൽ വിഷയം ട്രെൻഡിംഗാണ്.

ഹാദിയ സോഫിയ മസ്ജിദാക്കിയതിനു ശേഷം രാജ്യത്ത് സമാനമായ വിവാദങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. 86 വർഷത്തിനു ശേഷം ഹാദിയ സോഫിയയിൽ ആദ്യ മുസ്ലിം പ്രാർത്ഥന കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടയിൽ തുർക്കിയിലെ മതകാര്യ വകുപ്പിന്റെ തലവനായ പുരോഹിതൻ അലി എർബസ് നടത്തിയ വിവാദ പ്രസ്താവനയും ഇതോടൊപ്പം വിവാദമായിരുന്നു. 'ഞങ്ങളുടെ വിശ്വാസത്തിന്റെ കീഴിൽ വരുന്ന ഏത് വസ്തുവകകളും തൊടുന്നവർ കത്തും' എന്നാണ് രാജ്യത്തെ പ്രധാന മതപുരോഹിതൻ പറഞ്ഞത്. 'കൈവശം വെച്ചിരിക്കുന്ന എല്ലാ വസ്തുവകകളും ഞങ്ങളുടെ വിശ്വാസത്തിൽ അലംഘനീയമാണ്, അത് തൊടുന്നവർ കത്തും. ഇത് ലംഘിക്കുന്നവർ ശപിക്കപ്പെടും,'

ഇപ്പോഴത്തെ റിപബ്ലിക് ഓഫ് തുർക്കിയുടെ സ്ഥാപകനും ഹാഗിയ സോഫിയയെ 1934 ൽ മ്യൂസിയം ആക്കുന്നതിന് മുന്നിൽ നിൽക്കുകയും ചെയ്ത മുസ്തഫ കമാൽ അത്തതുർക്കിനെ ഉദ്ദേശിച്ചാണ് ഇമാമിന്റെ പരാമർശമെന്നാണ് പരക്കെ ഉയരുന്ന വിമർശനം. ഇതുപോലെ മതസൗഹാർദത്തിന് ഭീഷണിയാകുന്ന നിരവധി പോസ്റ്റുകളാണ് ഇപ്പോൾ തുർക്കിയിൽ നിറയുന്നത്.

വർധിക്കുന്നു സ്ത്രീ വിരുദ്ധത

തുർക്കിയുടെ അതിതീവ്രമായ മതവത്ക്കരണത്തെ ഏറ്റവും ഭീതിയോടെ കാണുന്ന ഒരു വിഭാഗം സ്ത്രീകളാണ്. കാരണം മതത്തിന്റെ എക്കാലത്തെയും വലിയ ഇര സ്ത്രീയാണെന്ന് അവർക്ക് നന്നായി അറിയാം. ഇപ്പോൾ ,തുർക്കിയിൽ 27 വയസുള്ള പിനാർ ഗൽട്ടേക്കിൻ എന്ന വിദ്യാർത്ഥിയെ മുൻകാമുകൻ അതിക്രൂരമായ രീതിയിൽ കൊലപ്പെടുത്തിയതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് രൂപപ്പെട്ടുവന്നിരിക്കുന്നത്. തുർക്കിഷ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം പിനാർ ഗൽട്ടേക്കിന്റെ മൃതദേഹം ഏഗിയൻ പ്രവിശ്യക്കടത്തുള്ള ഒരു കാട്ടിൽ നിന്നാണ് കണ്ടെടുത്തത്.

പിനാർ ഗൽട്ടേക്കിന്റെ മുൻപങ്കാളിയായ സെമൽ മെറ്റിൻ അവ്‌സി അവരെ ക്രൂരമായി മർദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം ചവറ്റുകൊട്ടയിലിട്ട് കത്തിച്ചതിന് ശേഷം കോൺക്രീറ്റിൽ പൊതിയുകയും ചെയ്തു. 32കാരനായ സെമലിനെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഫെമിസൈഡിനെതിരെ ശക്തമായ ഒരു പ്രതിരോധം തുർക്കിയിലെ സ്ത്രീകളിൽ നിന്ന് ഉയർന്നുവന്നത്.

ഒരു സ്ത്രീയെയോ പെൺകുട്ടിയേയൊ തന്റെ ജെൻഡറിന്റെ പേരിൽ പുരുഷൻ കൊലചെയ്യുന്നതിനെയാണ് ഫെമിസൈഡ് എന്ന് പറയുക. സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങളിൽ അസഭ്യപ്രയോഗം, മാനസിക പീഡനം, നിത്യേനയുള്ള ശാരീരകവും ലൈംഗികവുമായ അതിക്രമം തുടങ്ങി നിരവധി പീഡനങ്ങൾ ഉൾപ്പെടുന്നു. ഇതിന്റെ ഏറ്റവും അറ്റത്ത് നിൽക്കുന്നതും അത്യന്തം ഹീനവുമായ പ്രവൃത്തിയാണ് ഫെമിസൈഡ് അഥവാ സ്ത്രീകളെ കൊലപ്പെടുത്തുന്നത്.

തുർക്കിയിലെ ഉയർന്നുവരുന്ന ഫെമിസൈഡിനെതിരെ പതിനായിരകണക്കിന് സ്ത്രീകളാണ് ശബ്ദമുയർത്തിയത്. ഇതേ തുടർന്ന് ഫെമിസൈഡിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ശക്തമായ ക്യാമ്പയിൻ ആരംഭിച്ചു. ഇൻസ്റ്റാഗ്രാമിൽ #ംീാലിൗെുുീൃശേിഴംീാലി എന്ന ഹാഷ് ടാഗിൽ സ്ത്രീകൾ തങ്ങളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് ഫെമിസൈഡിനെതിരായി ശബ്ദമുയർത്തുകയാണ് ഈ ക്യാമ്പയിനിലൂടെ ചെയ്യുന്നത്. സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരകണക്കിന് സ്ത്രീകൾ ഈ ക്യാമ്പയനിന്റെ ഭാഗമാവുന്നുണ്ട്.

വിശ്വാസികൾ ആണെങ്കിൽ സ്ത്രീ പീഡനകേസിൽ നിന്നും രക്ഷപ്പെടാം

ഫെമിസൈഡിനെക്കുറിച്ചുള്ള ചർച്ചകൾക്കൊപ്പം തന്നെ തുർക്കിയിലെ എർദോഗാൻ ഭരണത്തിലെ സ്ത്രീവിരുദ്ധത പുറത്തുകൊണ്ടുവരിക കൂടിയാണ് ഈ ക്യാമ്പയിനിലൂടെ ചെയ്യുന്നത്. എർദോഗൻ സർക്കാരിന്റെ നേതൃത്വത്തിൽ ലിംഗാധിഷ്ഠിത അക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരുന്ന നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഏകാധിപതിയായ എർദോഗന്റെ സ്ത്രീവിരുദ്ധ നയങ്ങൾ തുർക്കിയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ദുരഭിമാനക്കൊലയും തുർക്കിയിൽ ആഴത്തിൽ വേരൂന്നിയ സാമൂഹിക പ്രശ്‌നങ്ങളാണ്. 2009ലെ ഒരു പഠനം പറയുന്നത് തുർക്കിയിൽ 15 മുതൽ 60 വയസുവരെ പ്രായമുള്ള സ്ത്രീകളിൽ 42 ശതമാനവും തങ്ങളുടെ ഭർത്താക്കന്മാരിൽ നിന്നോ പങ്കാളികളിൽ നിന്നോ ശാരീരകമോ ലൈംഗികമോ ആയ അതിക്രമം നേരിടുന്നു എന്നാണ്. ഈ പ്രതിസന്ധി എല്ലാ വർഷവും വർദ്ധിച്ചുവരികയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2019ൽ 474 സ്ത്രീകളാണ് തങ്ങളുടെ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെട്ടത്. ഒരു ദശാബ്ദത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കൊവിഡിനെ തുടർന്ന് ലോക്ക്ഡൗണും കൂടി ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ 2020ലെ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്നാണ് സൂചനകൾ.

ലിംഗാധിഷ്ഠിത അതിക്രമങ്ങളും ഗാർഹിക പീഡനവും തടയുന്നതിനുള്ള കർമ്മപദ്ധതികൾ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ 2011ൽ നടന്ന് കൗൺസിൽ ഓഫ് യുറോപ്പ് കൺവെൻഷൻ/ഇസ്താംബുൾ കൺവെൻഷൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ഏറ്റവും ആദ്യം അംഗീകരിച്ച രാജ്യമായിരുന്നു തുർക്കി. എന്നാൽ റജബ് ത്വയിബ് എർദോഗാന്റെ നേതൃത്വത്തിലുള്ള കൺസെർവേറ്റീവ് ജസ്റ്റിസ് ഡെവലപ്‌മെന്റ് പാർട്ടി പരമ്പരാഗത കുടുംബ മൂല്യങ്ങളിൽ നിന്നും പിന്നോട്ട് പോകുന്നുവെന്ന് കാണിച്ച് ഈ നിയമത്തിൽ നിന്നും പിന്മറാൻ ശ്രമിച്ചിരുന്നു. ഈ നീക്കം സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾ തന്നെ ഇല്ലാതാക്കുമോ എന്ന ഭയം വനിതാവകാശ പ്രവർത്തകർക്കിടയിലുണ്ട്.

സർക്കാരിനെ കൂടാതെ ചെറുതെങ്കിലും അതിനിർണായക സ്വാധീനമുള്ള പല ഗ്രൂപ്പുകളും ഇസ്താംബുൾ കൺവെൻഷനിൽ നിന്ന് പിന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കൺവെൻഷനിലെ നിർദ്ദേശങ്ങൾ വിവാഹമോചനത്തിനും അവിശുദ്ധമായ ജീവിത രീതികൾക്കും പ്രേരണയാകുമെന്നായിരുന്നു ഇത്തരം ഗ്രൂപ്പുകളുടെ പ്രധാന വാദം. ഈ നിയമത്തിന്റെ ഭാവി ഇപ്പോൾ പാർലമെന്റിന്റെ കയ്യിലാണ്.

എന്നാൽ ഇസ്താംബുൾ കൺവെൻഷൻ തെറ്റായിരുന്നുവെന്ന് എ.കെ.പിയുടെ ഡെപ്യൂട്ടി ചെയർമാൻ നുമാൻ കുർതുൽമ്‌സു അഭിപ്രായപ്പെട്ടിരുന്നു. തുർക്കിഷ് സമൂഹത്തിന് ഉതകുന്ന നിയമമല്ല ഇതെന്നായിരുന്നു തുർക്കി സ്പീക്കർ പറഞ്ഞത്. എർദോഗാൻ ഉൾപ്പെടെ ഭരണനേതൃത്വങ്ങളിലിരിക്കുന്നവർ നിരന്തരം സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഉന്നയിക്കാറുമുണ്ട്. എർദോഗാൻ പറയുന്നത് സ്ത്രീകൾ പുരുഷന്മാർക്ക് തുല്യരല്ല എന്നാണ്. കുട്ടികളില്ലാത്ത സ്ത്രീകളെയും എർദോഗാൻ അപമാനിക്കാറുണ്ട്. പൊതുസ്ഥലങ്ങളിൽ ഷോട്ട്‌സ് ധരിക്കുന്ന സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുന്നതിനു പകരം അവരെ കടുത്ത ഭാഷയിൽ ചീത്ത പറയണമെന്നായിരുന്നു മുൻ പ്രധാനമന്ത്രിയായ ബിനാലി യിൽദിരിം പറഞ്ഞത്.

ഭരണനേതൃത്വത്തിലുള്ളവർ ഉയർത്തുന്ന ഇത്തരം പരാമർശങ്ങൾ വ്യക്തമാക്കുന്നത് അവരുടെ മനോഭാവമാണെന്ന് കുടുംബനിയമത്തിൽ പഠനം നടത്തുന്ന അഭിഭാഷകയായ സെലിൻ നാകിപോഗ്ലു പറയുന്നു. യഥാർത്ഥത്തിൽ ഇവിടെ നിലവിലുള്ള നിയമങ്ങൾ ശക്തമാണ്. അത് കൃത്യമായി നടപ്പിലാക്കുക എന്നതിലാണ് കാര്യം. സർക്കാർ വിവാഹമോചനത്തിൽ നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എന്നിരുന്നാലും വിവാഹമോചന നിരക്ക് ഉയർന്നുവരികയാണ്.സ്ത്രീകളെ അതിക്രമിക്കുന്ന കേസുമായി ബന്ധപ്പെട്ട പുരുഷന്മാർ കോടതിയിലെത്തുമ്പോൾ അവർ മതപരമായ വിശ്വാസം നിലനിർത്തുന്നവരും നല്ല രീതിയിൽ വേഷം ചെയ്യുന്നവരുമാണെങ്കിൽ പലപ്പോഴും കുറ്റകൃത്യത്തിൽ ഇളവുകൾ നൽകാറുണ്ട്. ബോധപൂർവ്വം ചെയ്ത കുറ്റകൃത്യങ്ങളിൽ പോലും പുരുഷന്മാർക്ക് ഇത്തരം ഇളവുകൾ നൽകാറുണ്ട്. ഇതിന് ടൈ റിഡക്ഷൻ എന്നൊരു പേരു പോലും നിലവിലുണ്ട്. ഇതിനെതിരെയെല്ലാം തുർക്കിയിലെ പുതിയ തലമുറ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.

മതേതര രാജ്യത്തിൽ നിന്ന് ഇസ്ലാമിക രാജ്യത്തിലേക്ക്

പേരിനെങ്കിലും മതേതരത്വം നിലനിൽക്കുന്ന രാജ്യമാണ് തുർക്കി. അവിടെ ഇസ്ലാമിക ദേശീയത കത്തിച്ച് പിടിമുറക്കാനാണ് എർദോഗാന്റെ നീക്കം.അടിച്ചമർത്തപ്പെട്ട ഈ ഇസ്ലാമിസ്റ്റ് പരീക്ഷണങ്ങളുടെ തുടർച്ചയായിട്ടാണ് എർദോഗാനും അദ്ദേഹത്തിന്റെ ജസ്റ്റിസ് ആൻഡ് ഡവലപ്മെന്റ് അഥവാ എ കെ പാർട്ടിയും കടന്നു വരുന്നത്. ആദ്യ ഘട്ടത്തിൽ പ്രതീക്ഷകൾ നൽകുന്നതായിരുന്നു എർദോഗാന്റെ പല നടപടികളും. വ്യക്തിസ്വാതന്ത്രത്തെയും മനുഷ്യാവകാശങ്ങളേയും പറ്റി വാചാലനായി, കുർദ് വിഷയത്തിൽ തന്റെ മുൻഗാമികളെ അപേക്ഷിച്ച് ഭേദപ്പെട്ട നിലപാടെടുത്തു, അത് വരെ അവഗണിക്കപ്പെട്ടവരെ കൂടി പരിഗണിക്കുന്ന ഭരണം കാഴ്ച വെച്ചു. ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തോട് വിമുഖത കാണിച്ചവർ പോലും ഭരണത്തോട് മതിപ്പ് കാണിച്ചു. 2002 ൽ 35 ശതമാനം വോട്ട് കിട്ടിയിരുന്ന പാർട്ടിക്ക് 2007 ൽ 47 ശതമാനവും 2011 ൽ 50 ശതമാനവും വോട്ട് കിട്ടി.

തുടർച്ചയായ ഭരണം എർദോഗാനെ ശരിക്കും എകാധിപതിയാക്കി. സമസ്ത മേഖലകളിലും സ്വന്തക്കാരെ തിരുകിക്കയറ്റി. സമരങ്ങളേയും വിമർശനങ്ങളേയും ധാർഷ്ട്യത്തോടെ പുച്ചിച്ചു തള്ളി. പത്ര സ്വാതന്ത്രത്തിന് കൂച്ചു വിലങ്ങിടാൻ തുടങ്ങി, നിയോ ലിബറൽ നയങ്ങൾ അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ മൽസരിച്ചു. പരിസ്ഥിതിയെ തകർത്തുള്ള ''മാൾ വികസനം'' ഹിംസാത്മകമായി അടിച്ചേൽപിച്ചു ജനങ്ങളെ ഒന്നടങ്കം ശത്രുപക്ഷത്ത് നിർത്തിയുള്ള ഈ വികസനത്തിനെതിരായ ജന രോഷം അണ പൊട്ടി ഒഴുകി. 2015 ലെ തിരഞ്ഞെടുപ്പിൽ വെറും 40 ശതമാനം വോട്ട് മാത്രം കിട്ടി ഭരണം നില നിർത്തി. അപകടം മണത്തറിഞ്ഞ എർദോഗാൻ സ്വയം തിരുത്തുന്നതിന് പകരം തന്ത്രപരമായ നീക്കങ്ങളിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് നോക്കിയത്.

അർദ്ധ ഫാഷിസ്റ്റ്, തീവ്ര ദേശീയ കക്ഷിയായ ലിസ്റ്റ് പാർട്ടി(ങഒജ) യെ കൂട്ടു പിടിച്ച് തീവ്ര തുർക്കി ദേശീയ കാർഡ് കളത്തിലിറക്കി. കുർദുകൾക്കെതിരായ സൈനിക, രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി, പത്ര മാധ്യമങ്ങളെ വരിഞ്ഞു കെട്ടി. നൂറു കണക്കിന് മാധ്യമ പ്രവർത്തകരെ തടവിലാക്കി, ഡസൻ കണക്കിന് മാധ്യമങ്ങൾക്ക് പൂട്ടിട്ടു, സോഷ്യൽ മീഡിയയെയും ഇന്റർനെറ്റിനെയും കർശനമായി നേരിട്ടു, രാഷ്ട്രീയ എതിരാളികളെയും മനുഷ്യാവകാശ പ്രവർത്തകരേയും ക്രൂരമായി അടിച്ചമർത്തി, 2016 ലെ സൈനിക അട്ടിമറി പിടിവള്ളിയാക്കി സർക്കാർ സംവിധാനം മുഴുവൻ വരുതിയിലാക്കി, ആയിരക്കണക്കിനാളുകളെ പിരിച്ചു വിടുകയോ തടവിലാക്കുകയോ ചെയ്തു.

ഇന്ന് പത്ര സ്വാതന്ത്രത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മോശം ഏകാധിപത്യ നാടുകളുടെ കൂട്ടത്തിലാണ് എർദോഗാന്റെ തുർക്കി. റിപ്പോർട്ടേഴ്‌സ് ബിയോണ്ട് ബോർഡേഴസിന്റെ കണക്കുപ്രകാരം 180 രാജ്യങ്ങളിൽ 149 ആണ് തുർക്കിയുടെ സ്ഥാനം. ലോകത്താകമാനം തടവിൽ കഴിയുന്ന മാധ്യമപ്രവർത്തകരിൽ മൂന്നിലൊന്നും തുർക്കിയിലാണ്.ജുഡീഷ്യറി, സൈന്യം, ബ്യൂറോക്രസി, മാധ്യമരംഗം, എല്ലാം വർഷങ്ങൾ നീണ്ട ശുദ്ധികലശങ്ങൾ വഴി മെരുക്കിയെടുത്തിയിട്ടുണ്ട്.എല്ലാവിധ എതിർ ശബ്ദങ്ങളേയും അടിച്ചൊതുക്കി മുന്നോട്ട് പോവുന്ന എർദോഗാനിൽ തെളിഞ്ഞ് വരുന്നത് ലക്ഷണമൊത്ത ഒരു ഏകാധിപതിയാണ്. ആയിരക്കണക്കിന് കുർദുകളുളെയാണ് അയാൾ കൊന്നെടുക്കിയത്.

ഐസിനെ സിറിയയിൽ നിന്ന് സഖ്യസേന ഓടിക്കുമ്പോഴും എർദോഗാന് താൽപ്പര്യം അവിടുത്തെ കുർദുകളെ കൊന്നെടുക്കാനായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് എർദോഗാൻ 2018ൽ സിറിയയിൽ കയറി തുർക്കിയെ ആക്രമിച്ചത്. ഫലത്തിൽ ഇത് സഹായം ചെയ്തത് ഐസിസിനാണ്. രഹസ്യമായി ഐഎസ് അനുകൂലിയാണെന്നും എർദോഗാനെതിരെ പ്രചാരണം ഉണ്ട്.

ഇന്ത്യയിൽ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് വിലാപം

സ്വന്തം രാജ്യത്ത് കാര്യങ്ങൾ ഇങ്ങനെയാക്കെ ആണെങ്കിലും തരം കിട്ടുമ്പോഴൊക്കെ ലോക മുസ്ലീങ്ങൾക്ക് വേണ്ടി വാദിക്കാനും ഇന്ത്യയെവരെ അപമാനിക്കാനും എർദോഗാന് മടിയില്ല. ഡൽഹി കലാപ കാലത്ത് മുസ്ലിങ്ങളെ ഡൽഹിയിൽ കൂട്ടക്കൊല ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞത്. ഇങ്ങനെയുള്ള ഒരു രാജ്യം എങ്ങനെയാണ് ലോകസമാധാനം കൊണ്ടു വരുകയെന്നും എർദോഗാൻ ചോദിച്ചു.

ഇന്ത്യയിൽ മുസ്ലിം കൂട്ടക്കൊല സാധാരണ പോലെയായി. ഡൽഹിയിൽ മുസ്ലിങ്ങളെ അക്രമിച്ച ആൾക്കൂട്ടം സ്വകാര്യ ട്യൂഷൻ സെന്ററിൽ പഠിക്കാൻ പോയ കുട്ടികളെ പോലും ഇരുമ്പുദണ്ഡ് ഉപയോഗിച്ച് തല്ലിച്ചതച്ചെന്നും എർദോഗാൻ പറഞ്ഞു. ഇങ്ങനെയുള്ള ഒരു രാജ്യമാണോ ലോകസമാധാനം കൊണ്ടു വരാൻ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.ജനസംഖ്യ കൂടിയതു കൊണ്ടു മാത്രം ഒരു രാജ്യവും ശക്തമാകില്ല. അതല്ല ഒരു രാജ്യത്തിന്റെ ശക്തിയെ നിർണയിക്കുന്നതെന്നും എർദോഗാൻ പറഞ്ഞു.

എർദോഗന്റെ ലക്ഷ്യം ലോക മുസ്ലിം നേതൃത്വം

ഇസ്ലാമിന്റെ ആഗോള പേരാളിയായി ചിത്രീകരിക്കപ്പെട്ട് ആഗോളതലത്തിലെ ഖലീഫയെന്ന അനൗദ്യോഗിക പദവി നേടിയെടുക്കാനാണ് എർദോഗാന്റെ ശ്രമം എന്നാണ് രാജ്യന്തര മാധ്യമങ്ങൾ വിമർശിക്കുന്നത്. നേരെത്ത സൗദിക്കായിരുന്നു മുസ്ലിം ലോകത്തിന്റെ'നേതൃസ്ഥാനം. എന്നാൽ ഇന്ന് ആ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണ്. സൗദിയുടെ വഹാബിസം ഇസ്ലാമിക ലോകത്ത് എടുക്കാച്ചരക്കായി മാറി. മുഹമ്മദ് ബിൻ സൽമാനാണെങ്കിൽ പരമ്പരാഗത അധികാര സമവാക്യം പൊളിച്ചെറിഞ്ഞു. വഹാബിസം മാത്രമല്ല, അൽ സഊദ് രാജ കുടുംബം തന്നെ ഇന്ന് അപ്രസക്തമാണ്. പ്രമുഖർ പലരും ജയിലിലോ പൂർണമായും ഒതുക്കപ്പെട്ട അവസ്ഥയിലോ ആണ്. സൗദിയുടെ വിദേശ കടം കഴിഞ്ഞ 5 വർഷത്തിനിടക്ക് 15 ഇരട്ടി കൂടിയപ്പോൾ ഇതേ കാലയളവിൽ കരുതൽ നാണ്യ ശേഖരത്തിൽ മൂന്നിലൊരു ഭാഗം കുറഞ്ഞു. ഈ സാഹചര്യത്തിൽ മക്ക, മദീന സാന്നിധ്യം ഒന്ന് കൊണ്ട് മാത്രം 'ആഗോള മുസ്ലിം നേതൃ' സ്ഥാനത്ത് തുടരാനാവില്ല. മരുഭൂമിയിൽ യൂറോപ്പിനെ സ്വപ്നം കാണുന്ന മുഹമ്മദ് ബിൻ സൽമാന് അതിൽ വലിയ താൽപര്യവുമില്ല.

ഈ അവസ്ഥയിൽ ലോക മുസ്ലീങ്ങളുടെ നേതാവ് ആരായിരിക്കണം. അതിനുള്ള കളികളാണ് എർദോഗാൻ നടത്തുന്നതെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ പറയുന്നത്. അതോടെ ലോകമെമ്പാടുമുള്ള ഇസ്ലാമിക സംഘടനകളുടെ ഫണ്ടിങ്ങും അങ്ങോട്ടാവും. മാത്രമല്ല അതോടെ തീവ്രവാദ സംഘടനകൾ പുനർജ്ജനിക്കാനും ഇടയുണ്ടെന്നും ലോകം കരുതുന്നു.

പക്ഷേ ഒന്നോർക്കണം, തുർക്കിയിലും ഒരു പുതിയ തലമുറ വളർന്നുവരുന്നുണ്ട്. ഹാഗിയ സോഫിയ മ്യൂസിയം പള്ളി ആക്കി മാറ്റാനുള്ള തീരുമാനം വരുന്നതിന് തൊട്ട് മുമ്പ് 'മെട്രോ പോൾ' തുർക്കിയിൽ നടത്തിയ അഭിപ്രായ സർവേ വ്യാപകമായി ഉദ്ധരിക്കപ്പെട്ടിരുന്നു. ഇതിൽ 44 % പേരും അഭിപ്രായപ്പെട്ടത് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള നീക്കമാണെന്നായിരുന്നു. 12% പേർ ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമായും വിലയിരുത്തി. വെറും 29. 5 % പേർ മാത്രമാണ് പള്ളി തിരിച്ച് പിടിക്കാനുള്ള മതപരമായ നീക്കമായി ഇതിനെ കണ്ടത്. അതായത് എർദോഗാന്റെ രാഷ്ട്രീയ തന്ത്രം തിരിച്ചറിയപ്പെടുന്നുണ്ടെന്നതാണ്. അതുമാത്രമാണ് ലോകത്തിന്റെ ആശ്വാസവും.

വാരിയൻകുന്നനെ ചെഗുവേരയാക്കിയവർ എർദോഗാനെ കാസ്ട്രോയാക്കുമോ

എറ്റവും വിചിത്രം മതേതര ബുദ്ധിജീവികൾ ഏറെയുള്ള കേരളത്തിൽ ഹാഗിയ സോഫിയക്കെതിരെ കാര്യമായ പ്രതികരണങ്ങൾ ഉണ്ടായില്ല എന്നതാണ്്. മുസ്ലീലീഗ് പോലും ഇതിന് അനകൂലമായണ് പ്രതികരിച്ചത്. ഡോ എംഎൻ കാരശ്ശേരിയെയും ബഷീർ വള്ളിക്കുന്നിനെയും പോലുള്ള എതാനും പേർ മാത്രമാണ് ഇതിനെതിരെ പ്രതികരിച്ചത്. യുക്തിവാദി നേതാവ് രാജഗോപാൽ വാകത്താനം ഈ ഇരട്ടത്താപ്പിനെതിരെ ഇങ്ങനെയാണ് എഴുതിയത്. 'ഹൈന്ദവ ഫാസിസത്തിനെതിരെ കണ്ഠക്ഷോഭംചെയ്യുന്ന ഒരു ബുജിയേയും സംഘങ്ങളെയും വഴിയിലും സമൂഹ മാധ്യമത്തിലും കാണുന്നില്ല. ലീഗടക്കമുള്ള മുഴുവൻ ഇസ്ലാം മതവാദികളുംഹാഗിയ സോഫിയയ്ക്കു പിന്നിൽ അണിനിരന്നു കഴിഞ്ഞു. ഇസ്‌ളാമോഫോബിയ പറഞ്ഞ് യുക്തിവാദികളെ ആക്രമിക്കുന്നവരെ വഴിയോരത്തു പോലും കാണാനില്ല. മതമേതായാലും ഫാസിസമാണെന്ന യുക്തിവാദികളുടെ നിലപാട് ചരിത്രം സാക്ഷ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ജനാധിപത്യത്തിൽ നിന്ന് മതത്തെ മാറ്റി നിർത്തിയില്ലെങ്കിൽ ഇതല്ല, ഇതിലുമപ്പുറം സംഭവിക്കും. ചെറിയൊരു ഭയമുണ്ട്.വാരിയംകുന്നനെ ചെഗുവേരയാക്കിയ കെ.ഇ.എൻ.എർദോഗാനെ ഫിദൽ കാസ്‌ട്രോ ആക്കുമോ,ആവോ'- രാജഗോപാൽ വാകത്താനം തന്റെ ഫേസ്‌ബുക്കിൽ കുറിക്കുന്നു.

അയോധ്യവിധിയെപ്പോലെ എതിർക്കേണ്ട ഒന്നാണ് തുർക്കിയിലെ ഹാഗിയ സോഫിയ മുസ്ലിംപള്ളിയാക്കി മാറ്റിയതതെന്ന് ഡോ എംഎൻ കാരശ്ശേരി ചൂണ്ടിക്കാട്ടുന്നു. മുസ്ലീലീഗ് മുഖപത്രമായ ചന്ദ്രിക പത്രത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇതിനെ അനുകൂലിച്ച് ലേഖനമെഴുതിയത് അങ്ങേയറ്റം പ്രതിഷേധാത്മകമാണ്. .കേരളത്തിലെ മത സൗഹാർദത്തെ ലേഖനം എങ്ങനെ ബാധിക്കുമെന്ന് ഇവർ ആലോചിക്കണമെന്നും മുസ്ലിംലീഗ് ഒരിക്കലും ആ നടപടിയെ അനുകൂലിക്കാൻ പാടില്ലെന്നും എം എൻ കാരശ്ശേരി ചൂണ്ടിക്കാട്ടി.

'ചരിത്രത്തിന്റെ വലിയ നഷ്ടമാണ് ബാബരി പള്ളി പൊളിച്ചതും. ഗാന്ധി വധത്തിന് ശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ആക്രമണമാണ് അതെന്നതിൽ എനിക്ക് സംശയമില്ല. അത്തരം കാര്യങ്ങൾ ആര് ചെയ്താലും, അത് മുസ്ലീങ്ങൾ ക്രിസ്ത്യാനികളോട് ചെയ്താലും ഹിന്ദുക്കൾ മുസ്ലീങ്ങളോട് ചെയ്താലും മുസ്ലീങ്ങൾ ബുദ്ധമതക്കാരോട് ചെയ്താലും എല്ലാം തെറ്റാണ്.ബാബരി പള്ളിയുടെ കാര്യത്തിൽ എന്താണ് നിലപാടെന്ന് മുസ്ലിംലീഗ് ആലോചിക്കണം. അതിനോട് ചേർന്ന ഒരു നിലപാട് മാത്രമേ ഹാഗിയ സോഫിയയെ കുറിച്ചും അവർ എടുക്കാൻ പാടുള്ളൂ. ഇസ്താംബുളിൽ വേറെ പള്ളിയില്ലാഞ്ഞിട്ടല്ല, എർദോഗാന് അടുത്ത തെരഞ്ഞെടുപ്പിൽ മതമൗലിക വാദികളുടെ വോട്ട് കിട്ടാനുള്ള ഒരു നടപടിയാണ് അദ്ദേഹം സ്വീകരിച്ചത്. അതിനെ എതിർക്കുകയാണ് മുസ്ലീലീഗ് ചെയ്യേണ്ടത്. കേരളത്തിലെ മുസ്ലിം-ക്രിസ്ത്യൻ സൗഹാർദത്തെ ലേഖനം എങ്ങനെ ബാധിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങളും ചന്ദ്രികയും ആലോചിക്കേണ്ടതാണ്. മുസ്ലിംലീഗ് ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് പുനഃപരിശോധിക്കണം.പൗരാവകാശങ്ങളിൽ വിശ്വാസമുള്ളവരും മതേതരവാദികളും ജനാധിപത്യവാദികളും, ചരിത്രത്തെയും സംസ്‌കാരത്തെയും ബഹുമാനിക്കുന്നവരും ഹാഗിയ സോഫിയ വിഷയത്തിൽ തുർക്കി സ്വീകരിച്ച നടപടിയെ തള്ളിപ്പറയേണ്ടതാണ്.'- കാരശ്ശേരി ചൂണ്ടിക്കാട്ടി.

എന്നാൽ ബഷീർവള്ളിക്കുന്ന് ചൂണ്ടിക്കാട്ടുന്നത് വെൽഫെയർ, എസ്ഡിപിഐ കൂട്ടുകെട്ടിന് ലീഗ് ശ്രമിക്കുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ ഈ രീതിയിലുള്ള ആശങ്ക ഉണ്ടായിരുന്നുവെന്നാണ്. 'പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിയത് സാദിഖലി ശിഹാബ് തങ്ങളുടെ ചന്ദ്രികയിലെ ലേഖനമാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രതികരണമായിരുന്നു അത്. ഇത്തരം വിഷയങ്ങളിൽ ലീഗിന്റെ നാളിതുവരെയുള്ള പ്രഖ്യാപിത നിലപാടുകളിൽ നിന്നുള്ള ഒരു തിരിഞ്ഞു നടത്തമായിരുന്നു ആ ലേഖനം. എന്തായിരിക്കും അതിന് കാരണം.. ഒരു രാജ്യത്തെ ഭരണാധികാരി അവിടുത്തെ ഭൂരിപക്ഷ ജനതയുടെ മത വികാരങ്ങളെ ഉണർത്തി വിട്ട് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുമ്പോൾ, അവിടുത്തെ ന്യൂനപക്ഷ ജനതയുടെ വികാരങ്ങളെ വൃണപ്പെടുത്തുമ്പോൾ, തീർച്ചയായും ലീഗിനെപ്പോലൊരു ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനം നിൽക്കേണ്ടത് മത മൗലിക വാദികളുടെയും മതരാഷ്ട്ര വാദികളുടേയും കൂടെയല്ല, മത ന്യൂനപക്ഷങ്ങളുടെ കൂടെയാണ്. അതാണ് നാം പ്രതീക്ഷിച്ചിരുന്നത്, പക്ഷേ സംഭവിച്ചത് മറിച്ചാണ്, എന്തായിരിക്കാം അതിനു കാരണം?

വെൽഫെയർ, എസ് ഡി പി ഐ കൂട്ടുകെട്ടിന് ലീഗ് ശ്രമിക്കുന്നു എന്ന വാർത്ത വന്നപ്പോൾ തന്നെ പലരും ആശങ്കപ്പെട്ടിരുന്ന ഒന്നാണ് ലീഗ് അതിന്റെ പ്രഖ്യാപിത മതേതര നിലപാടുകളിൽ നിന്ന് ഇനി പിറകോട്ട് പോകും എന്നുള്ളത്. ജമാഅത്ത് സാഹിത്യങ്ങളും അവരുടെ നിലപാടുകളും 'മാധ്യമം' പ്രൊപ്പഗണ്ടകളുമൊക്കെ ലീഗുകാർ അറിയാതെ തന്നെ അവരിലേക്ക് എത്തിപ്പെടും എന്നത്. അതാണ് ഇപ്പോൾ സംഭവിക്കുന്നത് എന്നാണ് എന്റെ ബലമായ സംശയം'- ബഷീർ വള്ളിക്കുന്ന് ചൂണ്ടിക്കാട്ടുന്നു.

പ്രതിപക്ഷം ഇവർ മാത്രം; പ്രതീക്ഷയും

പ്രതിപക്ഷമൊന്നും എർദോഗാന് ഇപ്പോൾ ഒരു ഇരപോലുമല്ല. മൂന്ന് പ്രതിയോഗികളാണ് അദ്ദേഹത്തിന് ഉള്ളത്. ഒന്ന് അഭ്യസ്ത വിദ്യരായ യുവാക്കൾ, രണ്ട് പൊരുതുന്ന സ്ത്രീകൾ, മൂന്ന് സോഷ്യൽ മീഡിയ. ഇതിനെ മൂന്നിനെയും മെരുക്കി സർവാധിപതിയാനുള്ള തന്ത്രങ്ങളാണ് എർദോഗാൻ ഇപ്പോഴും സ്വീകരിക്കുന്നത്. ഹാഗിയ സോഫിയ വിഷയത്തിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ സാമൂഹ്യ മാധ്യമങ്ങൾക്ക് വിലങ്ങിടാൻ നടപടികളുമായി തുർക്കി ഭരണകൂടം നടപടി തുടങ്ങിക്കഴിഞ്ഞു. ഇതു സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള അധികാരം ഭരണകൂടത്തിന് തുർക്കി പാർലമെന്റ് വിട്ടുനൽകി.

മതമൗലിക വാദത്തെ പ്രോത്സാഹിപ്പിക്കുന്ന എർദോഗന്റെ നയങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിലും രാജ്യത്തിനകത്തും പ്രതിഷേധം ശക്തമാകുകയാണ്. സർക്കാരിനെതിരായ സന്ദേസങ്ങൾ പ്രചരിക്കാതിരിക്കാനാണ് സാമൂഹ്യമാധ്യമങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ വിലക്കിക്കൊണ്ടുള്ള നടപടി. നിലവിൽ ദശലക്ഷത്തിൽ അധികം പേർ തുർക്കിയിൽ ഫേസ്‌ബുക്ക്, ട്വിറ്റർ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. തുർക്കി സമൂഹത്തിന്റെ ബാഹ്യമായ ബന്ധം വിഛേദിച്ച് മതമൗലിക നടപടികൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ പുറംലോകത്തെ അറിയിക്കാതിരിക്കാനാണ് എർദോഗന്റെ ഇത്തരത്തിലുള്ള നീക്കങ്ങൾ എന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പർട്ട് ചെയ്യുന്നത്.

അതായത് തുർക്കിയിലും വിലിയ തോതിൽ യുവാക്കൾ പ്രതിഷേധിക്കുന്നുവെന്ന് ചുരുക്കും. ലോക വ്യാപകമായി സംഭവിക്കുന്നതും അതാണ്. മതത്തിന്റെ വേലിക്കെട്ടുകൾ ഇല്ലാത്ത ഒരു തലമുറ ലോകവ്യാപകമായി വളർന്നുവരികയാണ്. ഡോ സാം ഹാരീസിന്റെ ഭാഷയിൽ പറഞ്ഞാൽ അവർ തന്നെയാണ് ലോകത്തിന്റെ വെളിച്ചവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP