Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഇനി അഞ്ചേക്കറിൽ താഴെയുള്ള ക്വാറികളിലും പാറ പൊട്ടിക്കാം; ഒരു വിമാനത്താവളത്തിന്റെ ടെർമിനിന്റെ അത്ര വലുപ്പമുള്ള കെട്ടിടങ്ങൾ ഉണ്ടാക്കാൻ പോലും പാരിസ്ഥിതികാഘാത പഠനം വേണ്ട; പതിനായിരം ലിറ്റർ വരെ നാടൻ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾ തൊട്ട് താപനിലയങ്ങൾക്കു വരെ ഇളവുകൾ; വൻകിട പദ്ധതികൾക്ക് വന്യജീവി ബോർഡിന്റെ മുൻകൂർ അനുമതിയും വേണ്ട; കോവിഡിന്റെ മറവിൽ അരങ്ങൊരുങ്ങുന്നത് വൻ പരിസ്ഥിതിക്കൊള്ളയ്ക്ക്; മോദി ഇന്ത്യയുടെ അവശേഷിക്കുന്ന പച്ചപ്പിന്റെ അന്തകനാവുമോ?

ഇനി അഞ്ചേക്കറിൽ താഴെയുള്ള ക്വാറികളിലും പാറ പൊട്ടിക്കാം; ഒരു വിമാനത്താവളത്തിന്റെ ടെർമിനിന്റെ അത്ര വലുപ്പമുള്ള കെട്ടിടങ്ങൾ ഉണ്ടാക്കാൻ പോലും പാരിസ്ഥിതികാഘാത പഠനം വേണ്ട; പതിനായിരം ലിറ്റർ വരെ നാടൻ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾ തൊട്ട് താപനിലയങ്ങൾക്കു വരെ ഇളവുകൾ; വൻകിട പദ്ധതികൾക്ക് വന്യജീവി ബോർഡിന്റെ മുൻകൂർ അനുമതിയും വേണ്ട; കോവിഡിന്റെ മറവിൽ അരങ്ങൊരുങ്ങുന്നത് വൻ പരിസ്ഥിതിക്കൊള്ളയ്ക്ക്; മോദി ഇന്ത്യയുടെ അവശേഷിക്കുന്ന പച്ചപ്പിന്റെ അന്തകനാവുമോ?

എം മാധവദാസ്

ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി വിദ്വേഷിയായ ഭരണാധികാരി ആരാണെന്ന് ചോദിച്ചാൽ ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൽസൊനാരോയുടെ പേരാണ് പരിസ്ഥിതി പ്രവർത്തകർ പറയുക. 'ആമസോണിന്റെ അന്തകൻ' എന്നാണ് ഇയാളുടെ ചുരുക്കപ്പേര്. കാടും മലകളും ഒന്നും യാതൊരു വിധത്തിലും പ്രാധാന്യമർഹിക്കുന്നില്ലെന്നും മനുഷ്യന് വേണ്ടിയാണെന്നു വികസനത്തിന്വേണ്ടി എത് അറ്റംവരെയും പോകമെന്നുമാണ്, തികഞ്ഞ ശാസ്ത്ര വിരുദ്ധൻ കൂടിയായ ബൊൽസൊനാരോയുടെ വാദം. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുവെ അറിയപ്പെടുന്നത് പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി നിലനിൽക്കുന്ന രാഷ്ട്രീയ നേതാവ് ആയിട്ടാണ്. എന്നാൽ എല്ലാവിധ അന്താരാഷ്ട്ര മാനദണ്ഡങ്ങളും കാറ്റിൽ പറഞ്ഞതി മോദി സർക്കാറിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി മന്ത്രാലയം കൊണ്ടുവരുന്ന ഭേദഗതികൾ വായിച്ചുനോക്കിയാൽ, അദ്ദേഹത്തിൽ ബൊൽസൊനാരോ ആവാഹിച്ചുവോ എന്ന് തോന്നിപ്പോകും.

വികസനത്തിനായി പരിസ്ഥിതി അനുമതിയില്ലാതെ ആർക്കും എന്തുചെയ്യാമെന്നാണ് പുതിയ പരിസ്ഥിതി ഭേദഗതികളുടെ ഉള്ളടക്കം. ഒരു സ്ഥാപനം ആരംഭിക്കുന്നതിന് മുൻപ് പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ചെല്ലാം പഠിച്ച ശേഷം അനുമതി നൽകുകയെന്നതാണ് നിലവിലെ ഇഐഎ നയം. ഇതിനാണ് ഇപ്പോൾ ഭേദഗതി കൊണ്ടുവരുന്നത്. നിലവിൽ കരട് രൂപത്തിലിരിക്കുന്ന ഈ ഭേദഗതി പ്രാബല്യത്തിൽ വന്നാൽ ഇനി ഒരു സ്ഥാപനം തുടങ്ങാൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല. അതായത് ബൊൽസൊനാരോ പറഞ്ഞപോലെ വികസനത്തിന് പരിസ്ഥിതി ഒരു തടസ്സമാവുരതെന്ന്. കോവിഡിന്റെ മറവിലാണ് ലോക മാധ്യമങ്ങൾ അധികമൊന്നും ചർച്ചചെയ്തിട്ടില്ലാത്ത ഈ ഭേദഗതികൾ കടന്നുവരുന്നത്. കുത്തക കമ്പനികൾക്ക് യഥേഷ്ടം ഇന്ത്യയുടെ ഭൂപ്രാകൃതിയെ കൊള്ളയിക്കാനുള്ള അനുമതി നൽകുന്ന ഈ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധിമാണ് രാജ്യത്തെ പ്രകൃതി സ്നേഹികൾ ഉയർത്തുന്നത്.

പരിസ്ഥിതി: കോവിഡിന്റെ ആദ്യ രക്തസാക്ഷി

ശുദ്ധമായ വായുവും നിർമ്മല പ്രകൃതിയും നഗരപ്രദേശങ്ങളിലേയ്ക്കുപോലും മടങ്ങിവന്നു തുടങ്ങി എന്നതാണ് ലോക്ഡൗൺ സൃഷ്ടിച്ച നന്മകളിലൊന്ന്. കോവിഡ് 19 എന്ന മഹാവ്യാധി പരോക്ഷമായി സൃഷ്ടിച്ച ഒരു ഫലം പ്രകൃതിയിൽ മനുഷ്യൻ ഇടപെടുന്നതു നിമിത്തമുള്ള പ്രത്യാഘാതങ്ങൾ താൽക്കാലികമായിട്ടാണെങ്കിലും ലഘൂകരിക്കപ്പെട്ടതാണ്. ലോക്ഡൗണിനെത്തുടർന്ന് വാഹനഗതാഗതം പൂർണ്ണമായും നിലച്ചതോടെ ഫോസിൽ ഫ്യുവൽ മുഖാന്തരമുള്ള മലിനീകരണം മാത്രമല്ല, നഗരപ്രദേശങ്ങളിലെ ശബ്ദമലിനീകരണവും വൻതോതിൽ കുറഞ്ഞു. സമുദ്രാന്തരഗതാഗതം നിലച്ചതും കാര്യങ്ങൾ കുറേയേറെ മെച്ചപ്പെടുത്തി. കപ്പലുകളിൽനിന്നുള്ള ശബ്ദമടക്കമുള്ള സമുദ്ര ഗതാഗതത്തിന്റെ വിപരീതഫലമായി സമുദ്രജീവികളിൽ സ്‌ട്രെസ്-ഹോർമോൺ അളവ് വർദ്ധിക്കുമെന്നാണ് ഗവേഷണങ്ങൾ തെളിയിച്ചിട്ടുള്ളത്. ഇത് അവയുടെ പ്രത്യുല്പാദന ശേഷിയെവരെ ബാധിക്കുന്ന ഒന്നാണ്.

എന്നാൽ, ലോക്ഡൗണുകൾ അവസാനിക്കുമ്പോൾ ആഗോള സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലാണ്. എക്കാലത്തേയും മോശമായ സാമ്പത്തിക മാന്ദ്യത്തെയാണ് ഇപ്പോഴത് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തിക വളർച്ചയിലേക്കുള്ള ദ്രുതഗതിയിലൊരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് ഗവൺമെന്റുകൾ ആദ്യം ചെയ്യുകയെന്ന് സ്വാഭാവികമായി പ്രതീക്ഷിക്കാവുന്നതാണ്. അതായത്, സാമ്പത്തിക വളർച്ചയിലേക്കു മടങ്ങിവരാൻ ഗവൺമെന്റുകൾ നടത്തുന്ന വിറളിപൂണ്ട നീക്കങ്ങളുടെ ആദ്യ രക്തസാക്ഷി പരിസ്ഥിതി സംരക്ഷിക്കുന്നതിന് അവ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അഥവാ ' ഗ്രീൻ ടേപ്പ്' ആയിരിക്കുമെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. സാമ്പത്തിക വളർച്ച ഉറപ്പുവരുത്താനായി വിഭവചൂഷണത്തിനുവേണ്ടി മൂലധനത്തിനു വാതിലുകൾ മലർക്കേ തുറന്നിട്ടു കൊടുക്കുന്നതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം അനുഭവിക്കാൻ പോകുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരിക്കുമെന്നുള്ളതും സ്പഷ്ടം.

കോവിഡ് 19-ൽനിന്നുള്ള ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ഉണ്ടായ നാശനഷ്ടം 2007-2009 ലെ സാമ്പത്തിക മാന്ദ്യത്തേക്കാൾ വളരെ കൂടുതലായിരിക്കുമെന്ന ആശങ്ക വ്യാപകമാണ്. അന്താരാഷ്ട്ര നാണയനിധിയുടെ കണക്കനുസരിച്ച് 1930-കളിലെ മഹാമാന്ദ്യത്തിനുശേഷം ഉണ്ടായ ഏറ്റവും വലിയ മാന്ദ്യത്തിനാണ് ലോക്ഡൗൺ കാരണമാകാൻ പോകുന്നത്. വൈറസിന്റെ ഭയാനകമാകാൻ പോകുന്ന 'രണ്ടാം തരംഗം' ഒഴിവാക്കിക്കൊണ്ടു ഘട്ടം ഘട്ടമായി ലോക്ഡൗൺ പിൻവലിക്കാൻ ശ്രമിക്കുന്ന ഗവൺമെന്റുകൾക്ക് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട തങ്ങളുടെ സമ്പദ്വ്വസ്ഥകൾ പുനരുജ്ജീവിപ്പിക്കുക എന്ന കനത്ത വെല്ലുവിളിയെക്കൂടി നേരിടേണ്ടതുണ്ട്.

ലോക്ഡൗൺ തുടങ്ങിയപ്പോഴുണ്ടായ നേരിയ തോതിലുള്ള പാരിസ്ഥിതിക നേട്ടങ്ങൾ മഹാവ്യാധിയുടെ പിൻവാങ്ങലിനൊപ്പം അപ്രത്യക്ഷമാകുമെന്നു മാത്രമല്ല, പരിസ്ഥിതി തകർച്ച കൊവിഡിനു മുൻപുള്ളതിനേക്കാൾ വേഗത്തിലായിരിക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ. ഏറെക്കാലത്തെ പോരാട്ടങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും ഫലമായാണ് പരിസ്ഥിതി സംരക്ഷണത്തിനുതകുന്ന നിയന്ത്രണങ്ങൾ ലക്ഷ്യമിട്ടുള്ള നിയമങ്ങൾ ജനപ്രതിനിധിസഭകൾ നിർമ്മിക്കുന്നത്. ഈ നിയന്ത്രണങ്ങൾ ദുർബ്ബലപ്പെടുത്തുന്നത് കാലാവസ്ഥാ വ്യതിയാനവും മറ്റു ഭീഷണികളും മൂലം ഇതിനകംതന്നെ തകർന്നുപോയ പാരിസ്ഥിതിക വ്യവസ്ഥകളെ കൂടുതൽ തകർക്കുകയാണ് തീർച്ചയായും ചെയ്യുക. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടു നിർമ്മിച്ചിട്ടുള്ള നിയമങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ, ഒരു താൽക്കാലിക നടപടിയായിട്ടാണെങ്കിൽപ്പോലും നിരവധി ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം ഉണ്ടാക്കിയെടുത്ത ഈ രംഗത്തെ നേട്ടങ്ങൾക്ക് തുരങ്കം വയ്ക്കും. അവ തിരികെ നേടുന്നത് പ്രയാസകരമാകുകയും ചെയ്യും. ഇതേക്കുറിച്ചൊന്നും ബോധവാന്മാരല്ലാത്തവരല്ല നമ്മുടെ ഭരണാധികാരികൾ.

ലഭ്യമായ സൂചനകളനുസരിച്ച്, പ്രകൃതിയുടേയും ദുർബ്ബല ജനവിഭാഗങ്ങളുടേയും തൊഴിലാളികളുടേയും സംരക്ഷണത്തിനുതകുന്ന നിയമനിർമ്മാണങ്ങളെ ദുർബ്ബലപ്പെടുത്താനും അവയിൽ വെള്ളം ചേർക്കാനും നമ്മുടെ ഭരണാധികാരികൾ പ്രത്യക്ഷത്തിൽത്തന്നെ തുനിഞ്ഞിറങ്ങിയിരിക്കുന്നു എന്നുതന്നെയാണ് കൊവിഡിനെ മുൻനിർത്തി ഭരണതലത്തിൽ അവർ നടത്തുന്ന നീക്കങ്ങൾ തെളിയിക്കുന്നത്. ഘടനാപരമായ തകരാറുകൾ നിമിത്തം കുറേക്കാലമായി തകർച്ചയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയെ കോവിഡ് കാലത്തെ പ്രത്യേക സ്ഥിതിവിശേഷം ചൂണ്ടിക്കാട്ടി വളർച്ച ഉറപ്പുവരുത്താനെന്ന വ്യാജേന തൊഴിലാളികളുടേയും പരിസ്ഥിതിയുടേയും ചെലവിൽ തൽക്കാലം രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിനാണ് ഇപ്പോൾ ആക്കം കൂട്ടിയിരിക്കുന്നത്. തൊഴിൽ നിയമങ്ങളിലെ ഭേദഗതികളെപ്പോലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ കരടു വിജ്ഞാപനവും ആ വഴിക്കുള്ള നീക്കമാണ്.

വരുന്നത് അപകടകരമായ മാറ്റങ്ങൾ

അനിയന്ത്രിതമായ വികസന പദ്ധതികളുണ്ടാക്കിയേക്കാവുന്ന പരിസ്ഥിതി നാശത്തിന്റെ തോത് കുറയ്ക്കുകയോ ആവശ്യമെങ്കിൽ പദ്ധതി തന്നെ നിർത്തലാക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ (1986) ഭാഗമായി പരിസ്ഥിതി ആഘാത പഠന (Environment Impact Assessment-EIA) വിജ്ഞാപനം 1994 ൽ ഇന്ത്യയിൽ നിലവിൽ വരുന്നത്. 1992ൽ ഐക്യരാഷ്ട്രസഭ റിയോ ഡി ജനീറോയിൽ വച്ച് നടത്തിയ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിൽ ഇന്ത്യ ഒപ്പ് വെച്ച റിയോ ഉടമ്പടിയിൽ (Rio-Declaration) പരിസ്ഥിതി സംരക്ഷണത്തിനായി വികസനപ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് പ്രത്യേകം നിഷ്‌കർഷിക്കുന്നുണ്ട്. വികസന പദ്ധതികളുണ്ടാക്കുന്ന പരിസ്ഥിതി ആഘാതങ്ങളെ ജന പങ്കാളിത്തത്തോടെ വിലയിരുത്തി പദ്ധതി നടത്തിപ്പിന് അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളാണ് വിജ്ഞാപനത്തിൽ വേണ്ടത്.

പരിഷ്‌കരിച്ച പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം 2006 ലും (EIA2006) അവയിലെ പല വ്യവസ്ഥകളും പുതുക്കിക്കൊണ്ടുള്ള കരട് വിജ്ഞാപനം 2020 (Draft EIA-2020) ലും പുറത്തിറങ്ങി. വികസന പദ്ധതികൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനായി 2006 നും 2020 നും ഇടയിൽ പരിസ്ഥിതി സംരക്ഷണ ലക്ഷ്യങ്ങളെ ദുർബലപ്പെടുത്തുന്ന ധാരാളം നിയമഭേദഗതികൾപരിസ്ഥിതി മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്നാൽ 2020 മാർച്ച് 23 ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ പല വ്യവസ്ഥകളും EIA നിയമത്തിന്റെ അടിസ്ഥാനലക്ഷ്യം തന്നെ മാറ്റി മറിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന് അവശ്യം വേണ്ട ജനാധിപത്യ പ്രക്രിയയെത്തന്നെ അപ്രസക്തമാക്കുകയും ചെയ്യുന്നു. പദ്ധതികളുടെ വിഭാഗീകരണത്തിലും മുൻകൂർ പരിസ്ഥിതി അനുമതി പ്രക്രിയയിലും വികസന പ്രക്രിയയിൽ പങ്കാളികൾ ആവാനുള്ള ജനങ്ങളുടെ അവകാശത്തിലും അപകടകരമായ മാറ്റങ്ങളാണ് കരട് വിജ്ഞാപനം മുന്നോട്ട് വയ്ക്കുന്നത്.

സാങ്കേതിക വശങ്ങൾ ഇങ്ങനെയാണ്

2006 ലെ വിജ്ഞാപനത്തിൽ വികസനപദ്ധതികളെ പ്രധാനമായും എ ബി വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ആധുനികവത്കരണ, വിപുലീകരണ പദ്ധതികളുൾപ്പടെയുള്ള എ വിഭാഗം പദ്ധതികൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും ബി വിഭാഗം പദ്ധതികൾ സംസ്ഥാന ഇഐഎ അഥോറിറ്റിയിൽ നിന്നും മുൻകൂർ പാരിസ്ഥിതിക അനുമതി വാങ്ങണമെന്ന് 2006 ലെ വിജ്ഞാപനം നിഷ്‌കർഷിച്ചിരുന്നു. കേന്ദ്ര/ സംസ്ഥാന തലങ്ങളിലുള്ള വിദഗ്ധ സമിതിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി പരിസ്ഥിതി മന്ത്രാലയം/സംസ്ഥാന അഥോറിറ്റി പാരിസ്ഥിതിക അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്യും. ഇതിൽ ബി വിഭാഗത്തിൽ പെടുന്ന പദ്ധതികളെ പരിസ്ഥിതി ആഘാത പഠനം വേണ്ടതെങ്കിൽ ബി വൺ എന്നും അല്ലെങ്കിൽ ബി ടു എന്നും രണ്ടായി തിരിച്ചിരുന്നു.

2020 ലെ കരട് വിജ്ഞാപനത്തിലും വികസന പദ്ധതികളെ കേന്ദ്ര സംസ്ഥാന തലങ്ങളിലായി A, B1, B2 എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടിട്ടുണ്ട്. A, B1 വിഭാഗങ്ങളിൽ പെട്ട വികസന പദ്ധതികൾക്കുള്ള മുൻകൂർ പാരിസ്ഥിതിക അനുമതി പ്രക്രിയ ആറ് ഘട്ടങ്ങളിലായാണ് നടക്കുക - 1) വിഷയ പഠനം 2) ഇഐഎ റിപ്പോർട്ടിന്റെ കരട് തയ്യാറാക്കൽ 3) അഭിപ്രായ ശേഖരണവും പൊതുതെളിവെടുപ്പും 4) ഇഐഎ റിപ്പോർട്ട് തയാറാക്കൽ 5) വിലയിരുത്തൽ 6) മുൻകൂർ പാരിസ്ഥിതിക അനുമതി നൽകുകയോ റദ്ദാക്കുകയോ ചെയ്യൽ. എന്നാൽ A, B1 വിഭാഗങ്ങളിൽ പ്രാരംഭ ശേഷിയേക്കാൾ 50 ശതമാനത്തിൽ കുറവ് വികാസം മാത്രം ആവശ്യമായ വിപുലീകരണ പദ്ധതികളെ കരട് വിജ്ഞാപനത്തിൽ പാരിസ്ഥിതിക അനുമതി തേടുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. കൂടാതെ B2 പദ്ധതികൾക്കുള്ള പ്രവർത്തനാനുമതി മുൻകൂർ പാരിസ്ഥിതിക അനുമതിയെന്നും മുൻകൂർ പാരിസ്ഥിതിക അനുവാദമെന്നും (Prior Environmental Permission) എന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ അർത്ഥം (അനുമതി, അനുവാദം) ഒന്ന് തന്നെയെങ്കിലും മുൻകൂർ പാരിസ്ഥിതിക അനുവാദം മാത്രം വേണ്ടി വരുന്ന B2 പദ്ധതികൾക്ക് ഇഐഎ റിപ്പോർട്ടുകളോ വിദഗ്ധ സമിതിയുടെ വിലയിരുത്തലോ ആവശ്യമില്ല. സംസ്ഥാന റെഗുലേറ്ററി അഥോറിറ്റിയിൽ നിന്നും നേരിട്ടുള്ള അപേക്ഷയിൽ പ്രവർത്തനാനുമതി ലഭ്യമാക്കാവുന്നതാണ്. പദ്ധതിക്ക് വേണ്ടിയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ആസൂത്രണ രേഖ (Environment Management Plan) ഹാജരാക്കിയാൽ മാത്രം മതിയാകും. രാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ടതും തന്ത്ര പ്രധാനമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്നതുമായ പദ്ധതികളെ (Defence projects & projects of strategic importance) A, B1, B2 എന്നിവയിൽ പെടാത്ത ഒരു പ്രത്യേക വിഭാഗമായി തന്നെ പുതിയ വിജ്ഞാപനത്തിൽ പരിഗണിച്ചിരിക്കുന്നു.

തെളിയുന്നത് കമ്പോള യുക്തി

കരട് വിജ്ഞാപനത്തിൽ പരിസ്ഥിതി ആഘാത പഠനവും പൊതു തെളിവെടുപ്പും നടപ്പിലാക്കേണ്ട പദ്ധതികളുടെ എണ്ണവും തരവും ഗണ്യമായി കുറച്ചിരിക്കുന്നു. ജലസേചനം ആധുനികവത്കരിക്കാനുള്ള പദ്ധതികൾ, പ്രഖ്യാപിത വ്യവസായ എസ്റ്റേറ്റുകൾക്കുള്ളിൽ (Notified Industrial Estates) പ്രവർത്തിക്കുന്ന ലോഹ, കീടനാശിനി, പെയിന്റ്, പെട്രോളിയം ഉത്പന്നങ്ങൾ മുതലായവ നിർമ്മിക്കുന്ന വ്യവസായ പദ്ധതികൾ, അതിർത്തി പ്രദേശങ്ങളിലുള്ള ദേശീയ പാത, എക്സ്പ്രസ് പാത, പൈപ്പ് ലൈൻ പദ്ധതികൾ, കെട്ടിട നിർമ്മാണ പദ്ധതികൾ, പ്രാദേശിക വികസന പദ്ധതികൾ, മേൽപ്പാലം, ഉപരിതല പാത, ഫ്‌ളൈ ഓവർ പദ്ധതികൾ, കടൽ തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അപ്പുറമുള്ള പദ്ധതികൾ എന്നിവയ്ക്ക് പൊതു തെളിവെടുപ്പുകൾ വേണ്ടെന്ന് പുതിയ വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു. വിപുലീകരണപദ്ധതികളുടെ കാര്യമെടുത്താൽ പ്രാരംഭ ശേഷിയേക്കാൾ 50 ശതമാനമെങ്കിലും അധികം വികാസം ആവശ്യമായ A, B1 വിഭാഗങ്ങളിലുള്ള പദ്ധതികൾക്ക് മാത്രമേ പൊതു തെളിവെടുപ്പുകൾ ആവശ്യമുള്ളു എന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഇതിനെല്ലാം പുറമെ B2 വിഭാഗത്തിൽ പെടുന്ന എല്ലാ പദ്ധതികൾക്കും ആഘാത പഠനവും പൊതു തെളിവെടുപ്പുകളും വിജ്ഞാപനത്തിലൂടെ ഒഴിവാക്കിയിരിക്കുന്നു. രാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ടതും തന്ത്ര പ്രധാനമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്നതുമായ പദ്ധതികളിലും പൊതുതെളിവെടുപ്പുകൾ ഒഴിവാക്കിയിരിക്കുന്നു. ഈപദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങളാന്നും തന്നെ പൊതു സമൂഹത്തിനുമുന്നിൽ വയ്ക്കേണ്ടതില്ലെന്നും വിജ്ഞാപനത്തിലുണ്ട്. ഒരു പദ്ധതിയെ തന്ത്ര പ്രധാനമെന്ന് വിലയിരുത്താനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാവുന്നതിലൂടെ ഭാവിയിൽ പല വികസന പദ്ധതികളെയും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി പൊതുസമൂഹത്തിന്റെ അംഗീകാരം ഇല്ലാതെ തന്നെ നടപ്പിലാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഭൂമിയുടെ പാരിസ്ഥിതിക മൂല്യത്തേയോ വൈവിധ്യത്തേയോ അവയിൽ പുലരുന്ന ജനവിഭാഗങ്ങളേയോ അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതിയുക്തിയല്ല മറിച്ച് സാമ്പത്തിക ലാഭത്തിലധിഷ്ഠിതമായ കമ്പോളയുക്തിയാണ് നിലവിൽ പരിസ്ഥിതി സംബന്ധമായ തീരുമാനങ്ങൾക്കാധാരമെന്ന് പരിസ്ഥിതി നിയമ നിർമ്മാണത്തിലെ വൈരുദ്ധ്യങ്ങൾ തെളിയിക്കുന്നു. സാമൂഹിക, പാരിസ്ഥിതിക മേഖലകളിൽ ഉണ്ടായേക്കാവുന്ന ആഘാതങ്ങൾക്കനുസൃതമായിട്ടാണ് പദ്ധതികളുടെ വിഭാഗീകരണം എന്ന് വിജ്ഞാപനത്തിൽ പറയുന്നുണ്ട്. എങ്കിലും വികസന പദ്ധതിയുടെ ശേഷി, ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തൃതി എന്നിവയെ അടിസ്ഥാനമാക്കിയാണ് വിജ്ഞാപനത്തിൽ പദ്ധതിയുടെ വിഭാഗീകരണം പ്രധാനമായും നടന്നിരിക്കുന്നത്. കരട് വിജ്ഞാപനത്തിൽ ഭൂമിക്ക് ഏകതാനമായ (homogeneous) ആയ ഒരു അസ്തിത്വമാണ് കൽപ്പിച്ച് കൊടുക്കപ്പെട്ടിട്ടുള്ളത്. കൃഷിനിലങ്ങൾ, തണ്ണീർത്തടങ്ങൾ, വനമേഖലകൾ, ജലസ്രോതസ്സുകൾ, തീരപ്രദേശങ്ങൾ, മലമ്പ്രദേശങ്ങൾ എന്നിങ്ങനെ പ്രകൃതം കൊണ്ടും പാരിസ്ഥിതിക സാമൂഹിക പ്രാധാന്യം കൊണ്ടും വ്യത്യസ്തമാണ് വികസന പദ്ധതികൾക്ക് വേണ്ടി ഏറ്റെടുക്കപ്പെടുന്ന ഭൂമി. ഭൂമിയുടെ പാരിസ്ഥിതിക മൂല്യത്തേയോ വൈവിധ്യത്തേയോ അവയിൽ പുലരുന്ന ജനവിഭാഗങ്ങളേയോ അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതിയുക്തിയല്ല (Environmental Rationality) മറിച്ച് സാമ്പത്തിക ലാഭത്തിലധിഷ്ഠിതമായ കമ്പോളയുക്തിയാണ് (Economic/Market Rationality) നിലവിൽ പരിസ്ഥിതി സംബന്ധമായ തീരുമാനങ്ങൾക്കാധാരമെന്ന് പരിസ്ഥിതി നിയമ നിർമ്മാണത്തിലെ വൈരുദ്ധ്യങ്ങൾ തെളിയിക്കുന്നു. പാരിസ്ഥിതിക പഠനവും പൊതു തെളിവെടുപ്പും ഒഴിവാക്കുന്നതിലെ പരിസ്ഥിതി ഉത്തരവാദിത്തമില്ലായ്മയും ജനാധിപത്യനിരാസവും വെളിവാക്കുന്ന ധാരാളം ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്.

വിശാഖപട്ടണം ദുരന്തം ഒരു പാഠം

മെയ് 7 ന് ദുരന്തമുണ്ടായ വിശാഖപ്പട്ടണത്തെ എൽ.ജി പോളിമേഴ്‌സ് കെമിക്കൽ പ്ലാന്റിന്റെ വിഷയം തന്നെയെടുത്താൽ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാത്രം അനുമതിയോടെയാണ് പ്ലാന്റ് പ്രവർത്തിച്ചിരുന്നത് എന്ന് കാണാം. 2004 നും 2018 നും ഇടയിൽ ടജഇആയുടെ അനുമതിയോടെ ആറ് തവണ പ്ലാന്റിൽ വിപുലീകരണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. 13 കൊല്ലത്തിനിടെ കമ്പനി പോളിസ്റ്റിറീന്റെ ദൈനംദിന ഉത്പാദനം 235 ടണ്ണിൽ നിന്നും 313 ടണ്ണായി കൂട്ടിയിട്ടുണ്ട്. ദൈനം ദിന ഉത്പാദനം 615 ടണ്ണാക്കി ഉയർത്താനുള്ള അപേക്ഷയാണ് ഇപ്പോൾ കമ്പനി സമർപ്പിച്ചിരിക്കുന്നത്. ഇത് പോലെ പല കമ്പനികളും പ്രവർത്തന ശേഷി പല ഘട്ടങ്ങളായി ഉയർത്തിക്കൊണ്ട് പാരിസ്ഥിതിക അനുമതി പ്രക്രിയയിൽ നിന്നൊഴിവാവുന്നതും പതിവാണ്. വിപുലീകരണ പ്രവർത്തനങ്ങൾക്ക് പാരിസ്ഥിതിക അനുമതി വേണമെന്ന 2006ലെ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ പാലിക്കാതെയാണിത് നടന്നിരിക്കുന്നത്.

മുൻകൂർ പാരിസ്ഥിതിക അനുമതിയില്ലാതെ പ്രവർത്തിക്കുന്ന പദ്ധതികളിൽ നിയമലംഘനങ്ങൾ നടന്നാൽ അവ ലംഘനങ്ങൾ എന്ന വിഭാഗത്തിൽപ്പെടുത്തി അനുമതിക്കായി അപേക്ഷിക്കാമെന്ന് നിയമഭേദഗതി ഇറങ്ങുകയും ഇപ്പോഴുള്ള വിജ്ഞാപനത്തിൽ അത് ചേർക്കുകയും ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ലംഘനങ്ങളുടെ വിഭാഗത്തിൽ പ്ലാന്റ് പാരിസ്ഥിതിക അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്. മുൻകരുതൽ നടപടികൾ ഉറപ്പ് വരുത്താതെയുള്ള പദ്ധതി പ്രവർത്തനങ്ങൾ എന്തെല്ലാം ദുരന്തങ്ങൾ ഇനിയും ഉണ്ടാക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് വിശാഖപട്ടണത്ത് സംഭവിച്ചത്. വിപുലീകരണ പ്രവർത്തനങ്ങൾ അൻപത് ശതമാനത്തിൽ താഴെയാണെങ്കിലും അവപരിസ്ഥിതിയേയും തദ്ദേശ ജനവിഭാഗങ്ങളേയും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്നും ഈ ദുരന്തത്തിൽ നിന്ന് മനസ്സിലാക്കാം. പദ്ധതിയുടെ സ്വഭാവവും സാമൂഹിക പാരിസ്ഥിതിക ആഘാത സാധ്യതകളും പാരിസ്ഥിതിക അനുമതിക്ക് നിർബന്ധമായും മാനദണ്ഡങ്ങൾ ആവേണ്ടതിന്റെ ആവശ്യകതയാണ് ഇത്ചൂണ്ടിക്കാണിക്കുന്നത്. 2006 ലെ വിജ്ഞാപനത്തിന് ശേഷം വിവിധ നിയമഭേദഗതികളിലൂടെ പാരിസ്ഥിതിക അനുമതി പ്രക്രിയയിൽ പല അടിസ്ഥാനമാറ്റങ്ങളും കേന്ദ്രപരിസ്ഥിതി മന്ത്രാലയം വരുത്തിയിട്ടുണ്ട്.

ഇളവുകൾ വേദാന്തയടക്കമുള്ള വമ്പന്മാർക്ക്

തമിഴ്‌നാട്ടിലെ കാവേരി ഡെൽറ്റ പ്രദേശത്ത് ഒഎൻജസി വേദാന്ത ലിമിറ്റഡ് മുതലായ സ്ഥാപനങ്ങളുടെ ഹൈഡ്രോ കാർബൺ പര്യവേക്ഷണ പദ്ധതികളെ 202 ജനുവരിയിൽ A വിഭാഗം പദ്ധതിയിൽ നിന്നും മാറ്റി B2 വിഭാഗത്തിൽ ഉൾപ്പെടുത്തി ഉത്തരവായി. മാർച്ചിലെ കരട് വിജ്ഞാപനത്തിൽ ആ2 പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി പ്രക്രിയ ആവശ്യവുമില്ല. ഇതിലൂടെ പരിസ്ഥിതി ആഘാത പഠനമോ പൊതു തെളിവെടുപ്പോ ഇല്ലാതെ പാരിസ്ഥിതിക അനുവാദം മാത്രം നേടേണ്ട ഒരു പദ്ധതി ആക്കി ചുരിക്കിയിരിക്കുന്നു. നാലായിരം ചതുരശ്ര കിലോമീറ്ററിലധികം പ്രദേശത്തുള്ള പര്യവേക്ഷണ പദ്ധതികൾക്കാണ് തദ്ദേശ ജനങ്ങളുടെ എതിർപ്പ് കണക്കിലെടുക്കാതെ പ്രവർത്തിക്കാനുള്ള അനുമതി ലഭ്യമാവുന്നത്. ഈ പദ്ധതികളുണ്ടാക്കുന്ന പാരിസ്ഥിതികമായ ആഘാതങ്ങൾ പ്രദേശത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവസന്ധാരണമാർഗ്ഗങ്ങളെ കൂടി പ്രതികൂലമായി ബാധിക്കും. കരട് വിജ്ഞാപനത്തിൽ എല്ലാ ഹൈഡ്രോ കാർബൺ പര്യവേക്ഷണ പദ്ധതികളെയും ആ2 വിഭാഗത്തിൽ പെടുത്തിക്കൊണ്ട് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിലൂടെ ഭാവിയിലും പല വികസന പദ്ധതികളും ഇപ്രകാരം പാരിസ്ഥിതിക അനുവാദ വിഭാഗത്തിൽപ്പെടുത്തി എളുപ്പത്തിൽ നടപ്പിൽ വരുത്താനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. മറ്റൊന്ന് ഖനന പദ്ധതികളെ കുറിച്ചാണ്. 5 ഹെക്റ്ററിലോ അതിൽ താഴെയോ ഉള്ള ഖനന പദ്ധതികളെ ആ2 വിഭാഗത്തിൽ പെടുത്തി പാരിസ്ഥിതിക അനുമതിയോ പൊതു തെളിവെടുപ്പോ നടത്തേണ്ടതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. 2006 ലെ വിജ്ഞാപനത്തിലും ഈ വിസ്തൃതിയിലുള്ള ഖനന പദ്ധതികളെ പാരിസ്ഥിതിക അനുമതി പ്രക്രിയയിൽ നിന്നും ഒഴിവാക്കിയിരുന്നു. കേരള വന ഗവേഷണ കേന്ദ്രം (ഗഎഞക) കരിങ്കൽ ക്വാറികളെക്കുറിച്ച് നടത്തിയ 2017ലെ പഠനറിപ്പോർട്ടിൽ കേരളത്തിലെ 5924 ക്വാറികളിൽ 50.6 ശതമാനം ക്വാറികളും 0.02- 0.5 ഹെക്ടർ വിസ്തൃതിയിലുള്ള ക്വാറികളാണ് എന്ന് പറയുന്നുണ്ട്. 35.7 ശതമാനം ക്വാറികൾ 0.5 - 2 ഹെക്ടർ വിസ്തൃതിയിൽ പെടുന്നു. ഈ റിപ്പോർട്ട് പ്രകാരം കേരളത്തിലെ മൊത്തം 7157.6 ഹെക്ടർ ക്വാറികളുടെ ഭൂരിഭാഗവും രണ്ടോ അതിൽ താഴെയോ ഹെക്ടർ മാത്രം വിസ്തൃതി ഉള്ളവയാണ്. ഇവയിൽ പലതും സ്ഥിതി ചെയ്യുന്നത് പരിസ്ഥിതി ലോല മേഖലകളിലും. 2012ൽ സുപ്രീം കോടതി കരിങ്കൽ ക്വാറികൾക്ക് അനുമതി നൽകുന്നതിന് മുൻപ് നിർബന്ധമായും പരിസ്ഥിതി ആഘാത പഠനവും വിലയിരുത്തലും നടത്തണമെന്ന് വിധിക്കുകയുണ്ടായി. ചെറു വിസ്തൃതിയുള്ള ക്വാറികൾ ആണെങ്കിലും ഒരു പ്രത്യേക പ്രദേശത്ത് കാലങ്ങളായി ഖനനം നടത്തിയാൽ ആ പ്രദേശത്തിന്റെ മൊത്തം പരിസ്ഥിതിയെ ബാധിക്കാനുള്ള സാധ്യതയെക്കുറിച്ച് കോടതി വിധിയിൽ പറയുന്നു. കേരളത്തിൽ സമീപ കാലത്ത് അധികമായി ഉണ്ടാവുന്ന ഉരുൾപൊട്ടൽ ദുരന്തങ്ങളെ ഈ സാഹചര്യത്തോട് ചേർത്ത് വായിക്കേണ്ടതുണ്ട്.

കോവിഡ് കാലത്ത് അനുമതി നൽകിയത് 191 പദ്ധതികൾക്ക്

വിജ്ഞാപനവുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെങ്കിലും ഗൗരവത്തോടെ കാണേണ്ട ഒന്നാണ് ഈ കോവിഡ് കാലത്ത് വീഡിയോ കോൺഫറൻസിങ്ങിലൂടെ 191 വികസന പദ്ധതികളുടെ - ഓയിൽ റിഫൈനറി, യുറേനിയം ഖനന പദ്ധതി, കൽക്കരി പ്ലാന്റ് മുതലായവ ഉൾപ്പടെ - പാരിസ്ഥിതികാനുമതി പ്രക്രിയ ത്വരിതപ്പെടുത്താൻ പരിസ്ഥിതി മന്ത്രാലയം ശ്രമിക്കുന്നു എന്ന വാർത്ത. ഒരു പദ്ധതിക്കായി ഒരുദിവസം വരെ നീളുന്ന വിലയിരുത്തൽ പ്രക്രിയയാണ് വീഡിയോ കോൺഫറൻസിൽ ചുരുങ്ങിയ സമയക്രമത്തിൽ നടത്തേണ്ടി വരുന്നത്. കൂടാതെ വലിയ പദ്ധതികളുടെ കാര്യത്തിൽ ആഘാതമനുഭവിക്കുന്ന ജനങ്ങൾക്കോ അവരുടെ പ്രതിനിധികൾക്കോ തെളിവുകൾ ഹാജരാക്കാനുള്ള അവസരവും നഷ്ടമാവുന്നു.

ഗൗരവത്തോടെ കാണേണ്ട ഒന്നാണ് ഈ കോവിഡ് കാലത്ത് വീഡിയോ കോൺഫറൻസിങ്ങിലൂടെ 191 വികസന പദ്ധതികളുടെ - ഓയിൽ റിഫൈനറി, യുറേനിയം ഖനന പദ്ധതി, കൽക്കരി പ്ലാന്റ് മുതലായവ ഉൾപ്പടെ - പാരിസ്ഥിതികാനുമതി പ്രക്രിയ ത്വരിതപ്പെടുത്താൻ പരിസ്ഥിതി മന്ത്രാലയം ശ്രമിക്കുന്നു എന്ന വാർത്ത.

കോവിഡ് -19 മൂലമുള്ള അതിരൂക്ഷമായ സാമൂഹിക സാമ്പത്തിക പ്രതിസന്ധികൾ ഇന്ത്യ നേരിട്ടു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ തന്നെ പരിസ്ഥിതി സംരക്ഷണത്തിനും അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവസന്ധാരണത്തിനും ഗൗരവതരമായ ആഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന പുതിയ നിയമനിർമ്മാണങ്ങൾ നടത്തുന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. കരട് വിജ്ഞാപനം നിയമമാകുന്നതിന് മുൻപ് പൊതുസമൂഹത്തിൽ പരിസ്ഥിതി സാമൂഹിക പ്രവർത്തകർ, പരിസ്ഥിതി ശാസ്ത്രജ്ഞർ, പൊതുജനങ്ങൾ, പഞ്ചായത്ത് തല പ്രതിനിധികൾ എന്നിവരുമായുള്ള വിശദമായ ചർച്ചകൾക്കും അഭിപ്രായസമന്വയങ്ങൾക്കും വിധേയമാകേണ്ടതുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൗരസമൂഹത്തിന്റെയും പരിസ്ഥിതി പ്രവർത്തകരുടെയുംസമ്മർദ്ദത്തെത്തുടർന്ന് കരട് വിജ്ഞാപനത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും ആശങ്കകളും എതിർപ്പുകളും പങ്ക് വയ്ക്കുവാനുള്ള തീയതി 2020 ജൂൺ 30 വരെ കേന്ദ്ര സർക്കാർനീട്ടിയിരിക്കുന്നു.

സാമൂഹിക-പാരിസ്ഥിതിക നീതിയിലും അവകാശങ്ങളിലും അധിഷ്ഠിതമായ നിയമനിർമ്മാണം നടപ്പിൽ വരുത്താൻ ഈ സമയം നാം വിനിയോഗിക്കേണ്ടതുണ്ട്. വിജ്ഞാപനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുക എന്നതിലപ്പുറം പരിസ്ഥിതി ആഘാത പഠന പ്രക്രിയയെ പ്രത്യേകം ഒരു നിയമവ്യവസ്ഥയ്ക്കുള്ളിൽ കൊണ്ട് വരുന്നതിന്റെ സാധ്യതകളും ആലോചിക്കേണ്ടതാണ്. രാഷ്ട്രീയ സമ്മർദമോ കമ്പോള താത്പര്യമോ കൊണ്ട് വിജ്ഞാപനത്തിൽ വരുത്തുന്ന ഭേദഗതികളെ തടയാൻ ശക്തമായ ഒരു നിയമത്തിന് സാധിക്കും. ഒരേ പ്രദേശത്ത് ധാരാളം പദ്ധതികൾ വരുന്നതുകൊണ്ടുണ്ടാകുന്ന സംഘടിതമായ പാരിസ്ഥിതിക ആഘാതങ്ങളെയും (Regional & Cumulative Impact Assessment) പഠിക്കേണ്ടതുണ്ട്. കോവിഡ്-19 എന്ന ആഗോള വ്യാധിയുടെ പശ്ചാത്തലത്തിൽ വിവിധ പദ്ധതികളുടെ പൊതുജനാരോഗ്യ ആഘാത പഠനവും (Health Impact Assessment) അത്ര തന്നെ പ്രസക്തമാണ്.

നിലപാട് എടുക്കാതെ കേരള സർക്കാർ

പരിസ്ഥിതി ആഘാത വിലയിരുത്തൽ (എൻവയൺമെന്റൽ ഇംപാക്ട് അസസ്മെന്റ് ഇഐഎ) വിജ്ഞാപനം പരിഷ്‌കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ സിപിഎം കേന്ദ്രനേതൃത്വം വരെ ശക്തമായ എതിർപ്പു രേഖപ്പെടുത്തിയിട്ടും നിലപാടെടുക്കാതെ സംസ്ഥാന സർക്കാർ.നിർദ്ദേശങ്ങൾ അറിയിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കും. സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അഥോറിറ്റി വ്യവസ്ഥകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ശുപാർശകൾ മെയ്‌ മാസം തന്നെ നൽകിയിരുന്നെങ്കിലും ഇതുവരെ അംഗീകരിക്കുകയോ കേന്ദ്രസർക്കാരിനു കൈമാറുകയോ ചെയ്തിട്ടില്ല. ജൂൺ 30ന് അകം നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ഉത്തരവ്. പിന്നീട് കോടതി ഇടപെട്ടതിനെത്തുടർന്നാണു തീയതി നാളെ വരെ നീട്ടിയത്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട പ്രകാരം മെയ്‌ 27നു തന്നെ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അഥോറിറ്റി ശുപാർശകൾ കൈമാറി.

ഹരിത ട്രിബ്യൂണൽ നിർദ്ദേശപ്രകാരം പിരിച്ചുവിട്ട ജില്ലാതല പരിസ്ഥിതി ആഘാത നിർണയ അഥോറിറ്റികൾ പുനഃസ്ഥാപിക്കണമെന്നതാണു പ്രധാന നിർദ്ദേശം. വ്യവസ്ഥകളിലെ വിവാദമായ മറ്റു നിർദ്ദേശങ്ങളൊന്നും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് അഥോറിറ്റിയുടെ നിലപാട്.അതേസമയം, പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിനെ എതിർപ്പ് അറിയിക്കാനുള്ള കൂട്ടായ ശ്രമങ്ങൾ നടക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ സിനിമാതാരങ്ങൾ ഉൾപ്പെടെ നിയമത്തിനെതിരെ പ്രചാരണത്തിനിറങ്ങിയിരുന്നു.

വിമർശനവുമായി രാഹുൽ ഗാന്ധിയും വൃന്ദ കാരാട്ടും

പരിസ്ഥിതി ആഘാത പഠന വ്യവസ്ഥ ലഘൂകരിക്കാനുള്ള കരടുവിജ്ഞാപനം പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പരിസ്ഥിതി നശീകരണവും രാജ്യത്തെ കൊള്ളയടിക്കുന്നതും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ കൊള്ളയടിക്കുക എന്നതാണ് കരടുവിജ്ഞാപനം കൊണ്ട് ലക്ഷ്യമിടുന്നതെന്നു വ്യക്തമാണെന്നും ട്വീറ്റിൽ രാഹുൽ ആരോപിച്ചു. പുതിയ വ്യവസ്ഥകൾ വികസനമെന്ന പേരിൽ ബിസിനസ് അനുകൂല അജൻഡ നടപ്പാക്കാനും സുപ്രീംകോടതിയുടെയും ഹരിത ട്രിബ്യൂണലിന്റെയും വിധികൾ മറികടക്കാനുമുള്ളതാണെന്നു ചൂണ്ടിക്കാട്ടി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനു കത്തു നൽകിയിരുന്നു. വ്യവസ്ഥകൾ കൂടുതൽ ബാധിക്കുന്നത് ആദിവാസികളെയാണെങ്കിലും ആദിവാസി, വനാവകാശനിയമം തുടങ്ങിയ വാക്കുകൾ പോലും കരടിലില്ലെന്നും മലിനീകരണമുണ്ടാക്കുന്ന പല വ്യവസായങ്ങളെയും മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമില്ലാത്ത ഗണത്തിൽപ്പെടുത്തിയതു നിലവിലെ നിയമങ്ങൾ അട്ടിമറിക്കാനാണെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു.

എതിർപ്പുമായി സോഷ്യൽ മീഡിയ

ഇന്ത്യയിലെ യഥാർഥ പ്രതിപക്ഷം സോഷ്യൽ മീഡിയയാണെന്ന് വ്യക്താമക്കുന്ന രീതിയിലേക്കാണ് ഈ നീക്കവും മന്നോട്ട് പോകുന്നത്. ഈ നീക്കത്തിനെതിരെ ശക്തമായ കാമ്പയുനുമായി കേരളത്തിലടക്കം രംഗത്ത് എത്തിയിരിക്കുന്നത് പരിസ്ഥിതി സംഘടനകാളണ്. സമൂഹമാധ്യമങ്ങളിൽ അമ്പരപ്പിക്കുന്ന പിന്തുണയാണ് ഇതുമായി ബന്ധപ്പെട്ട ക്യാമ്പെയിന് ലഭിക്കുന്നത്. പരിസ്ഥിതി ഏറെ ചർച്ചയാവുന്ന ഈ കാലത്ത് നമ്മുടെ രാജ്യം നിലവിലുള്ള പരിസ്ഥിതി നിയമങ്ങൾ ലഘൂകരിക്കാൻ ഒരുങ്ങുന്നു എന്ന് ഒറ്റവാക്കിൽ ഇതിനെ പറയാം. ഇനി അനുമതികളുടെ നൂലാമാലകളില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യാം. അഞ്ചേക്കറിൽ താഴെയുള്ള ക്വാറികളിൽ പാറ പൊട്ടിക്കാം. അങ്ങനെ അവശേഷിക്കുന്നത് കാർന്നുതിന്നാൻ തക്കം പാർത്തിരിക്കുന്നവർക്ക് വാതിൽ തുറന്നുകൊടുക്കുകയാണ് പുതിയ പരിഷ്‌കരണം.

കഴുത്തോളം വെള്ളത്തിൽ നിൽക്കുന്ന മലയാളി ഇതിനെതിരെ ശബ്ദമുയർത്തി കഴിഞ്ഞു. ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള സമയം അവസാനിക്കാനിരിക്കെ വലിയ നീക്കങ്ങൾക്കാണ് കേരളം സാക്ഷിയാകുന്നത്. പൊതുജനവും രാഷ്ട്രീയ നേതൃത്വവും ഇതിനെതിരെ ഒരുമിച്ച് രംഗത്ത് വരേണ്ട സമയം അതിക്രമിച്ചു എന്ന് വ്യക്തമാക്കുന്നതാണ് സൈബർ ഇടങ്ങളിലെ യുവജനങ്ങളുടെ പ്രതിഷേധം സൂചിപ്പിക്കുന്നത്.

പ്രത്യാഘാതങ്ങൾ ഗുരുതരം- സി ആർ നീലക്ണഠൻ

പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ പുതിയ സേദഗതികളെ ഇങ്ങനെ വിലയിരുതതുന്നു.'1984ലാണ് സമഗ്ര പരിസ്ഥിതി സംരക്ഷണ നിയമം കൊണ്ടുവരുന്നത്. വ്യവസായങ്ങളും മറ്റും പാരിസ്ഥിതിക നിയമങ്ങൾ പാലിച്ചു മാത്രമേ ആരംഭിക്കൂ എന്നുറപ്പാക്കുക ആയിരുന്നു ആദ്യ ലക്ഷ്യം. അതിൽ ജനങ്ങൾക്ക് ഇടപെടാനും പാരിസ്ഥിതികാഘാത പഠനം (EIA) എന്ന വ്യവസ്ഥ 1994ൽ കൊണ്ടുവന്നതാണ്. അത് കുറെക്കൂടി മെച്ചപ്പെടുത്തി ചില ഇളവുകളും നൽകി 2006 ൽ നിർമ്മിച്ചതാണ് ഇപ്പോഴുള്ള നിയമം. പദ്ധതികൾക്ക് അംഗീകാരം നൽകാൻ അധികാരം മുൻപ് കേന്ദ്ര സർക്കാരിന് മാത്രമായിരുന്നു. പിന്നീട് ചില പദ്ധതികൾക്കു സംസ്ഥാനങ്ങൾക്കും അധികാരം ലഭിച്ചു. ഇതിനെ എ (കേന്ദ്രം), ബി (സംസ്ഥാനം) വിഭാഗങ്ങൾ എന്നാക്കി.

എന്നാൽ ഇപ്പോൾ ഇതിനെയെല്ലാം ഇല്ലാതാക്കുന്നതാണ് പുതിയ നീക്കങ്ങൾ. ലോകരാജ്യങ്ങൾ പരിസ്ഥിതിയെ പരിഗണിച്ച് മുന്നോട്ടുപോകാനുള്ള ശ്രമം നടക്കുമ്പോഴാണ് ഇവിടെ ഉള്ളതു കൂടി ഇല്ലാതാക്കാൻ ശ്രമം നടക്കുന്നത്. ഇപ്പോഴത്തെ വിജ്ഞാപനം ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ്. പ്രാദേശിക ഭാഷകളിൽ ഇല്ല എന്നത് തന്നെ നിയമവിരുദ്ധമാണ്.

പല മേഖലകളിലെ പദ്ധതികളിലും മുൻപ് നൽകിയിരുന്ന ഇളവുകൾ ഇപ്പോൾ വർധിപ്പിച്ചിരിക്കുകയാണ്. ലോഹ സംസ്‌കരണ യൂണിറ്റിന് 30,000 ടൺ ആയിരുന്ന പരിധി ഒരു ലക്ഷം ടൺ ആക്കി ഉയർത്തി, മൽസ്യ ബന്ധന തുറമുഖങ്ങളുടെ പരിധി വർഷത്തിൽ 10,000 ടൺ എന്നത് മൂന്നിരട്ടിയാക്കി. 70 മീറ്ററിൽ കുറഞ്ഞ വീതിയുള്ള ഹൈവേക്കു അനുമതി വേണ്ട. ജലസേചന പദ്ധതികൾ 2000 ഹെക്ടർ മുതൽ 50000 ഹെക്ടർ വരെയുള്ളവ ബി ഒന്ന് വിഭാഗത്തിലായിരുന്നു. അത് 10,000 മുതൽ 50,000 ഹെക്ടർ വരെ ആക്കി.

സമുദ്രത്തിലെ എണ്ണ പ്രകൃതിവാതക ഖനനത്തിനും സംസ്‌കരണത്തിനുമുള്ള പദ്ധതികൾ മുൻപ് എ വിഭാഗത്തിലായിരുന്നു. ഇപ്പോൾ അത് രണ്ടാക്കി. ഏറ്റവുമധികം പാരിസിഥിതികാഘാതം ഉണ്ടാക്കുന്ന ഖനനത്തെ വേർപെടുത്തി പഠനം വേണ്ടാത്ത ബി രണ്ടിലാക്കി. താപ വൈദ്യുത നിലയങ്ങളുടെ അനുമതിയും ലഘൂകരിച്ചു. മുൻപ് 20 മെഗാവാട്ടും അതിലേറെയുമുള്ളവക്ക് കേന്ദ്ര അനുമതി വേണ്ട എ വിഭാഗത്തിലായിരുന്നു. ഇപ്പോൾ അവയെ മൂന്നാക്കി തിരിച്ചു 100 മെഗാവാട്ടിനു മുകളിൽ മാത്രം എ വിഭാഗം, 15 നും 100 മെഗാവാട്ടിനും ഇടയിലുള്ളവക്ക് ബി ഒന്ന് വിഭാഗവും. ഇങ്ങനെ പോകുന്നു പുതിയ പരിഷ്‌കരണങ്ങൾ.

പുതിയ നീക്കത്തിൽ 1,50,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണം വരെയുള്ള കെട്ടിടങ്ങൾക്കു പാരിസ്ഥിതികാനുമതി കിട്ടാൻ ഒരു പഠനമോ തെളിവെടുപ്പോ വേണ്ട. മുൻപ് ഇത് 20,000 ചതുരശ്ര മീറ്റർ ആയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ടി ത്രീ ടെർമിനൽ വരെ വലുപ്പമുള്ള കെട്ടിടങ്ങളാണിതെന്ന് ഓർക്കണം. അഞ്ചേക്കർ വരെയുള്ള ഖനനത്തിന് അനുമതിക്കു ഇഐഎ വേണ്ടെന്നാണ് തീരുമാനം. പാരിസ്ഥിതികാനുമതിക്കു അപേക്ഷ നൽകി പതിനഞ്ചു ദിവസങ്ങൾക്കകം അത് നൽകിയില്ലെങ്കിൽ അനുമതി കിട്ടിയതായി കണക്കാക്കും. അതുപോലെ പദ്ധതികളെ തരം തിരിക്കുന്നത് അവയുടെ പാരിസ്ഥിതികാഘാതം മാത്രം നോക്കി എന്ന രീതി മാറ്റി മുതൽ മുടക്കു കൂടി പരിഗണിക്കണം എന്ന വ്യവസ്ഥയും െകാണ്ടുവരുന്നു.

പ്രതിദിനം പതിനായിരം ലിറ്റർ വരെ നാടൻ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളെ പാരിസ്ഥിതികാഘാത പഠനത്തിൽ നിന്നും പൊതു തെളിവെടുപ്പിൽ നിന്നും ഒഴിവാക്കുന്നു. തുറമുഖങ്ങളുടെ പ്രവർത്തനങ്ങൾക്കാവശ്യമായ മണ്ണെടുപ്പിനു മുൻകൂർ അനുമതി വേണമെന്ന നിബന്ധന പൂർണ്ണമായും ഒഴിവാക്കുന്നു. ഉയർന്ന (എലവേറ്റഡ്) റോഡുകളും ഫ്‌ളൈഓവറുകളും 1,50,000 ചതുരശ്ര മീറ്ററിന് താഴെയെങ്കിൽ അവയെ ബി രണ്ടു വിഭാഗത്തിൽ പെടുത്തി പാരിസ്ഥിതിക പഠനവും മറ്റും ഒഴിവാക്കുന്നു. പൊതുതെളിവെടുപ്പ് അനിവാര്യമാണെന്ന നിബദ്ധനകളുള്ളവയ്ക്കാണ് ഏറ്റവും കൂടുതൽ ഇളവുകൾ നൽകിയിരിക്കുന്നത്. ലോകം മുഴുവൻ പാരിസ്ഥിതിക വിഷയങ്ങളിൽ കൂടുതൽ ജനപങ്കാളിത്തം ആവശ്യപ്പെടുന്ന ഇക്കാലത്തു ഇന്ത്യയിൽ അത് പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. ഒരു പദ്ധതിയുടെ വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കിയാൽ 30 ദിവസങ്ങൾക്കകം അവർ അഭിപ്രായം പറയണമെന്നു 20 ദിവസം എന്നാക്കി. പദ്ധതി വിപുലീകരിക്കുമ്പോൾ അൻപത് ശതമാനത്തിലേറെ വർധനവില്ലെങ്കിൽ പൊതു തെളിവെടുപ്പ് തന്നെ ആവശ്യമില്ല. ഈ പ്രക്രിയ പൂർത്തീകരിക്കാനുള്ള സമയപരിധി 45 ദിവസം എന്നത് 40 ആക്കി കുറച്ചു.

വൻകിട പദ്ധതികൾക്ക് ദേശീയ വന്യജീവി ബോർഡിന്റെ മുൻകൂർ അനുമതി വേണം എന്ന വ്യവസ്ഥയും ഒഴിവാക്കുന്നു. ഒരു പദ്ധതിക്ക് നൽകുന്ന അനുമതിയുടെ കാലാവധി അഞ്ചു വർഷമായിരുന്നു ഒറ്റയടിക്ക് പത്തുവർഷമാക്കി. നിലവിൽ അഞ്ചു വർഷത്തെ പ്രവർത്തനം വിലയിരുത്തി നിയമലംഘനങ്ങൾ ഇല്ലെങ്കിൽ മാത്രം കാലാവധി നീട്ടുക എന്നതായിരുന്നു നിയമം. കൽക്കരിയും ഇരുമ്പയിരും മറ്റും ഖനനം നടത്താനുള്ള കാലപരിധി മുപ്പതു വർഷത്തിൽ നിന്നും ഒറ്റയടിക്ക് അൻപത് വർഷമാക്കുന്നു. ഇത്തരത്തിൽ മനുഷ്യന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന നിർദ്ദേശങ്ങളാണ് പരിസ്ഥിതി വിജ്ഞാപനം 2020 ഉള്ളത്. ഈ കോവിഡിന്റെ മറവിൽ ജനങ്ങളുടെ പ്രതിഷേധം ഉണ്ടാവില്ലെന്ന് ഉറപ്പാക്കി പാസാക്കാനുള്ള നീക്കമാണ് നടക്കുന്നത്.' സി.ആർ നീലകണ്ഠൻ ചൂണ്ടിക്കാട്ടി.

സ്റ്റോക്‌ഹോം കൺവെൻഷൻ നിലപാടുകളുടെ മരണമണി- അഡ്വ ഹരീഷ് വാസുദേവൻ

സ്റ്റോക്‌ഹോം കൺവെൻഷൻ നിലപാടുകളുടെ മരണമണിയാണെന്ന് പരിസ്ഥിതി പ്രവർത്തകൻ ഹരീഷ് വാസുദേവൻ ചൂണ്ടിക്കാട്ടുന്നു. വ്യവസായങ്ങൾക്കുവേണ്ടി നിലവിലുള്ള പരിസ്ഥിതി നിയമങ്ങൾ ഇളവു ചെയ്താലോ അവ ലംഘിക്കപ്പെട്ടാലോ അതിനെതിരെ നിയമസംവിധാനങ്ങളെ സമീപിച്ചാൽ മിക്കപ്പോഴും നീതി വൈകുന്നതായാണ് അനുഭവം. കേന്ദ്രസർക്കാർ വൻകിട വ്യവസായങ്ങൾക്കുവേണ്ടി പരിസ്ഥിതി നിയമങ്ങളിൽ ഇളവുചെയ്തു കൊടുത്തതിനെതിരെ 2016-ലാണ് കേസ് ഫയൽ ചെയ്തത്. ഇപ്പോഴും അതവിടെ കിടപ്പാണ്. കേന്ദ്രസർക്കാർ ഇതുവരെ ഒരു കൗണ്ടർപോലും ഫയൽ ചെയ്തിട്ടില്ല. ദുരന്തലഘൂകരണ പ്ലാനുകൾക്കും പഠനങ്ങൾക്കും പുല്ലുവില കൊടുക്കുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇ.ഐ.എ നടപടികൾ പ്രഹസനമാണെന്നതിന്റെ ഉത്തമോദാഹരണമാണ് ലോക്ഡൗൺ കാലത്തെ വിശാഖപട്ടണത്തെ വാതകദുരന്തം. നിലവിലുള്ള വിജ്ഞാപനത്തിലെ വ്യവസ്ഥകൾ തന്നെ പര്യാപ്തമാകാതെ വരികയോ അതിൽത്തന്നെ ഇളവുകൾ നൽകുകയോ ശരിയായ രീതിൽ നടപ്പാകാതിരിക്കുകയോ ചെയ്യുന്ന സന്ദർഭത്തിലാണ് ഇ.ഐ.എ വിജ്ഞാപനത്തിൽ വെള്ളം ചേർത്ത് എല്ലാത്തരം വ്യവസായങ്ങൾക്കും ഇളവ് നൽകാനുള്ള കരട് വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിക്കുന്നത്.

ലോക്ഡൗൺ കാലത്തെത്തുടർന്നുണ്ടായ സാമ്പത്തിക തളർച്ചയെത്തുടർന്ന് രണ്ടു കൂട്ടരെ ബാധിക്കുന്ന നിയമങ്ങളിലാണ് പൊളിച്ചെഴുത്തുണ്ടായത്. തൊഴിൽ നിയമങ്ങളിലും പരിസ്ഥിതി നിയമങ്ങളിലും. തൊഴിൽ സുരക്ഷാ നിയമങ്ങൾ പലയിടത്തും റദ്ദാക്കുകയും വെള്ളം ചേർക്കുകയും ചെയ്തു. 2020-ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ-ഇ.ഐ.എ-വിജ്ഞാപനം മുൻകാലങ്ങളിലുണ്ടായതിനേക്കാൾ വലിയ വെള്ളം ചേർക്കലുകളോടെ പുറത്തുവന്നുകഴിഞ്ഞു. നിക്ഷേപം കൊണ്ടുവരാനാണ് എന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ അത് ഇക്കോ സിസ്റ്റങ്ങൾക്കു കൂടുതൽ നാശവും ഭാവിയിൽ കൂടുതൽ ദുരന്തങ്ങൾക്കും വഴിവെയ്ക്കുകയേ ഉള്ളൂ. ലൈസൻസിങ് സ്ട്രീംലൈൻ ചെയ്യേണ്ടത് ആവശ്യം തന്നെ.


എന്നാൽ, അതല്ല ഇപ്പോൾ നടക്കുന്നത്. ഇ.ഐ.എ 2020 ഏറെ ഗുരുതരമായ അപകടമാണ് പരിസ്ഥിതിക്ക് ഉണ്ടാക്കുക. ഈ ലോക്ഡൗൺ കാലത്തുപോലും പരിസ്ഥിതി നിയമലംഘകർക്ക് വലിയ ഇളവ് കൊടുക്കാനാണ് മന്ത്രാലയത്തിന്റെ ഈ ഉത്തരവ്. ഉദ്യോഗസ്ഥർക്കു പണം വാങ്ങി അപ്പപ്പോൾ പിൻവലിക്കാവുന്ന വിജ്ഞാപനങ്ങൾ അല്ല, പാർലമെന്റ് പാസ്സാക്കുന്ന സമഗ്രമായ നിയമമാണ് നമുക്കു വേണ്ടത്. സ്റ്റോക്ക്‌ഹോം കൺവെൻഷൻ മുതൽ പിന്തുടരുന്ന നിയമങ്ങളിൽ കോർപ്പറേറ്റുകൾക്കുവേണ്ടി ഇളവുകൾ അനുവദിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നമ്മൾ അവസാനിപ്പിക്കണം. പരിസ്ഥിതി ആഘാതപഠനം എന്നത് സ്റ്റോക്ക്‌ഹോം കൺവെൻഷൻ മുതൽ ഏതൊരു രാജ്യത്തും വികസനത്തിന്റെ അവിഭാജ്യ ഘടകമാണ്. 1994 മുതൽ ഇന്ത്യയിലെ നിയമവും അതനുസരിച്ചാണ്. നിലനിൽപ്പ് ഉറപ്പുവരുത്തുന്ന വികസനമേ സുസ്ഥിരമാവൂ എന്നതാണ് തത്ത്വം. 2020-ലെ ഭേദഗതിയോടെ ആ കാഴ്ചപ്പാട് ഇല്ലാതാകുകയാണ്.

ഏത് വലിയ പദ്ധതിക്കും മുൻകൂർ പരിസ്ഥിതി ആഘാതപഠനവും ആഘാതലഘൂകരണ മാർഗ്ഗങ്ങളും പൊതുജന അഭിപ്രായ രൂപീകരണവും നടക്കേണ്ടതുണ്ട്. അത് അട്ടിമറിക്കുന്ന നീക്കമാണ് ഇപ്പോഴത്തെ വിജ്ഞാപനം. ഇപ്പോഴത്തെ വിജ്ഞാപനം പിൻവലിച്ച്, പരിസ്ഥിതി ആഘാതപഠനങ്ങൾക്കായി പാർലമെന്റ് സമഗ്രമായ ഒരു നിയമം കൊണ്ടുവരികയാണ് ചെയ്യേണ്ടത്- അദ്ദേഹം വ്യക്തമാക്കി.

കരടുവിജ്ഞാപനത്തെക്കുറിച്ച് പുനരാലോചിക്കണം-ശിബാനി ഘോഷ്

കരടുവിജ്ഞാപനത്തെക്കുറിച്ച് പുനരാലോചിക്കണം എന്നാണ് പരിസ്ഥിതി പ്രവർത്തകയും ആക്റ്റീവിസ്റ്റുമായ സെന്റർ ഫോർ പോളിസി റിസർച്ചിലെ ശിബാനി ഘോഷ് പറയുന്നത്.

2020-ലെ കരടുവിജ്ഞാപനം ലംഘനങ്ങളെ റെഗുലറൈസ് ചെയ്യുന്ന ഒരു റെഗുലേറ്ററി ഫ്രെയിംവർക്കാണ് നിർദ്ദേശിക്കുന്നത്. ഏറെ ആശങ്കാജനകമാണ് ഇത്. വ്യവസ്ഥകൾ ലംഘിച്ചു നടപ്പാക്കിയ/നടപ്പാക്കുന്ന ഇത്തരം പദ്ധതികളെ നേരത്തെ തന്നെ പാരിസ്ഥിതിക താല്പര്യങ്ങളെ മുൻനിർത്തി നിയന്ത്രണങ്ങൾക്കു കീഴിൽ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്നു മന്ത്രാലയം കരുതുന്നുവെന്നാണ് വിജ്ഞാപനത്തിന്റെ മുഖവുരയിൽത്തന്നെ പറയുന്നത്. പ്രകൃതിക്കു കൂടുതൽ ദോഷകരമാകുന്ന രീതിയിൽ കൂടുതൽ ലംഘനങ്ങളിലേയ്ക്കു പോകാതെ നോക്കുകയും നിയന്ത്രിക്കുകയുമാണ് വേണ്ടതെന്നും. തീർച്ചയായും അത്തരം ലംഘനങ്ങളിലേയ്ക്കു ബന്ധപ്പെട്ടവരുടെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുള്ളത് പരമപ്രധാനമായ കാര്യമാണ് എന്ന് അംഗീകരിക്കുന്നു. അതേസമയം അതിന്റെ ലക്ഷ്യം ലംഘകരെ ശിക്ഷിക്കുകയും പാരിസ്ഥിതികമായ ലംഘനങ്ങൾ ഇനിയും ഉണ്ടാകാതെ നോക്കുകയുമാണ് ലക്ഷ്യമിടേണ്ടിയിരുന്നത്. വ്യവസ്ഥകൾ ലംഘിച്ച പദ്ധതികളെ വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും കീഴിൽ കൊണ്ടുവരികയെന്ന വ്യാജേന വനം പരിസ്ഥിതി വകുപ്പ് ഭാവിയിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് നിയമത്തിന്റെ പരിരക്ഷ നൽകാനാണ് ഈ വിജ്ഞാപനം മുഖാന്തരം ശ്രമിക്കുന്നത്.

2006-നും അതിനുമുൻപുമുള്ള പല രൂപത്തിലുള്ള വിജ്ഞാപനങ്ങൾ നടപ്പാക്കിയതിന്റെ ഒരുപാടു അനുഭവങ്ങൾ നമുക്കു മുൻപാകെയുണ്ട്. പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ ലംഘിക്കപ്പെടുകയും ലംഘകർ പൊതുവേ ശിക്ഷിക്കപ്പെടാതെ പോകുകയും ചെയ്തതായാണ് നമ്മുടെ അനുഭവങ്ങൾ. അധികാരികൾ ഭാവിയിൽ ഉണ്ടാകുന്ന ഇത്തരം ലംഘനങ്ങളെ ഫലപ്രദമായി തടയുന്നതിനു നിയമപരമോ അല്ലാതെയോ ഉള്ള നടപടികൾ ഇനിയും കൈക്കൊള്ളാൻ തുനിഞ്ഞിട്ടില്ല. പിഴയൊടുക്കുക എന്ന് ശിക്ഷ ഇതു തടയാൻ പര്യാപ്തമായ ഒന്നല്ല. പ്രത്യേകിച്ചും വലിയ വലിയ പദ്ധതികളൊക്കെ നടപ്പാക്കുന്നവർക്ക്. മലിനീകരിക്കുക പിന്നീട് അതിനു വില നൽകുക എന്നതിനു തുല്യമായ ഒന്നായിട്ടേ അത്തരമൊരു ശിക്ഷയെ കണക്കാക്കാനാകൂ. കമ്പനികൾ അതിനെ ഒരു 'ഇൻപുട്ട് കോസ്റ്റ്' ആയി കണക്കാക്കി പ്രവർത്തനം തുടങ്ങുകയും ചെയ്യും.

ഇന്ത്യൻ കോടതികൾ മുൻകരുതൽ തത്ത്വം നിർവ്വചിക്കുന്ന സന്ദർഭങ്ങളിൽ പലപ്പോഴും അതിന്റെ പരിധിയിൽ തടയൽ തത്ത്വവും (ഉൾക്കൊള്ളുന്നുണ്ട്. 2020-ലെ വിജ്ഞാപനം ഈ സങ്കല്പങ്ങളെയൊക്കെ ഉല്ലംഘിക്കുന്നുണ്ട്. ഉദാഹരണത്തിന്, പരിസ്ഥിതി ആഘാതം ശരിയായ രീതിൽ വേണ്ടത്ര വിലയിരുത്തിയശേഷം തുടങ്ങേണ്ടിയിരുന്ന, വിവിധ കാറ്റഗറികളിൽപ്പെടുന്ന പദ്ധതികളെ പുതിയ വിജ്ഞാപനം പരിസ്ഥിതി ആഘാത പഠനപ്രക്രിയയുടെ പരിധിയിൽനിന്ന് ഒഴിവാക്കിക്കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. ആയതുകൊണ്ട് ഇത്തരം പദ്ധതികളേല്പിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളെ വിജ്ഞാപനം ഇനി മേലാൽ തടയുകയില്ല.

ഇത്തരത്തിലുള്ള വിജ്ഞാപനങ്ങൾ നടപ്പാക്കുന്നതിലുള്ള വിജയപരാജയങ്ങളുടേതായ മൂന്നു ദശകത്തെ അനുഭവം ഗവണ്മെന്റിനു മുൻപാകെയുണ്ട്. കാലാകാലങ്ങളിൽ നടപ്പാക്കിയ വിവിധ വിജ്ഞാപനങ്ങളും സവിശേഷ വ്യവസ്ഥകളും നടപ്പാക്കിയതിന്മേലുള്ള വിവിധ കോടതികളുടെ തീർപ്പുകൾ, മാധ്യമങ്ങളും ഗവണ്മ!!െന്റേതര സംഘടനകളും നൽകിയ റിപ്പോർട്ടുകൾ എന്നിവയൊക്കെയുണ്ട്. പരിസ്ഥിതിയേയും ജനങ്ങളേയും പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ഈ പ്രക്രിയയെ നിയമലംഘകർക്ക് മറികടക്കാനാകുമെന്നതിനു ഖണ്ഡിക്കാൻ കഴിയാത്ത തെളിവുകളുണ്ട്. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുക എന്നതിനു പകരം പരിസ്ഥിതി സംരക്ഷിക്കലാണ് പരമപ്രധാനം എന്നതിനെ മുൻനിർത്തി ഗവണ്മെന്റ് പുതിയ കരടുവിജ്ഞാപനത്തെക്കുറിച്ച് പുനരാലോചനയ്ക്കു തയ്യാറാകണം. പദ്ധതികൾക്ക് അംഗീകാരം നൽകുന്ന നടപടിക്രമങ്ങൾ പുതുക്കിപ്പണിയണം. പൊതുജനങ്ങളുമായുള്ള കൂടിയാലോചന, പൊതുജനപങ്കാളിത്തം എന്നീ തത്ത്വങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്ന തരത്തിൽ പ്രകൃതിക്കു കൂടുതൽ സുരക്ഷനൽകുന്ന ഒരു സംവിധാനം വളർത്തിയെടുക്കുന്നതിനു ഈ അവസരം പ്രയോജനപ്പെടുത്തുകയാണ് ഗവൺമെന്റ് ചെയ്യേണ്ടത്. ശരിയായ രീതിയിലുള്ള ആഘാത പഠനങ്ങൾ നടക്കുന്നുണ്ടോ എന്നു ഉറപ്പുവരുത്തണം. പരിസ്ഥിതിയെ നശിപ്പിക്കുന്നവർ അതിനു കനത്ത വില നൽകേണ്ടിവരുന്നു എന്നു ഗവണ്മെന്റ് ഉറപ്പുവരുത്തുകയും ചെയ്യണം. വെറുതേ പണപരമായ പിഴയിൽ അതൊതുങ്ങരുത്.- അവർ ചൂണ്ടിക്കാട്ടുന്നു.

തിരക്ക് കൂട്ടരുത്; ചർച്ചകൾ നടക്കട്ടെ

പോരായ്മകൾ ചൂണ്ടിക്കാട്ടാമെങ്കിലും രാജ്യത്തെ പരിസ്ഥിതി സംരക്ഷണത്തിനുള്ള മികച്ച കവചമാണ് ഇഐഎ എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.നിലവിലെ വ്യവസ്ഥകൾതന്നെ പാലിക്കുന്നതിൽ വീഴ്ചകൾ സംഭവിക്കുന്നതിനിടെയാണ് കൂടുതൽ ഇളവുകൾക്കുള്ള നീക്കം. നിലവിൽ അഴിമതി വ്യാപകമാണ്. അനുമതി നൽകുക മാത്രമാണു ചെയ്യുന്നത്; സൂക്ഷ്മ പരിശോധനകളില്ല. വികസനവും പരിസ്ഥിതി സംരക്ഷണവും സന്തുലിതമായി നടപ്പാക്കുന്നുമില്ല. ഇനിയും ഇളവുകൾ നൽകിയാൽ നിയമത്തിന്റെ പ്രസക്തി നഷ്ടപ്പെടും.

ഇതിനായി തിരക്കു കൂട്ടേണ്ട യാതൊരുക കാര്യവുമില്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. മാർച്ച് 12നാണ് നിയമഭേദഗതിയുടെ കരട് വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കിയത്. ജൂൺ 30 വരെ പൊതുസമൂഹത്തിന് അഭിപ്രായം അറിയിക്കാം. എന്നാൽ, കോവിഡിനിടെ വിഷയം വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ല. അഭിപ്രായം അറിയിക്കാനുള്ള സമയം നീട്ടിനൽകണം. എല്ലാ ഭാഗത്തുനിന്നുമുള്ളവരുടെ അഭിപ്രായങ്ങൾ കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കാവൂ എന്നാണ് പരിസ്ഥിതി വിദഗ്ദ്ധർ പറയുന്നത്.

പരിസ്ഥിതി നിയമലംഘനങ്ങൾക്കു പിഴ മാത്രം ശിക്ഷയെന്ന ഇളവ് സ്വീകാര്യമല്ല. ഗുരുതര നിയമലംഘനങ്ങൾ പോലും പണമുണ്ടെങ്കിൽ സാധൂകരിച്ചെടുക്കും. പരിസ്ഥിതിനാശം ക്രിമിനൽ കുറ്റമായിത്തന്നെ കാണണം. പരിസ്ഥിതിനിയമങ്ങളിൽ കൂടുതൽ ഇളവുകളല്ല ആലോചിക്കേണ്ടത്; നിലവിലുള്ളവ കാര്യക്ഷമമായി നടപ്പാക്കുകയും പുതിയ സംരക്ഷണ നിർദ്ദേശങ്ങൾ കൂട്ടിച്ചേർക്കുകയുമാണു വേണ്ടതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ സോഷ്യൽ മീഡിയയിൽ അല്ലാതെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളും ജനങ്ങളും ഇത് ഗൗരവാമായി എടുത്തിട്ടില്ല. ഈ നിസ്സംഗത തന്നെയാണ് പ്രശ്നമാകുന്നത്. നമ്മുടെ പച്ചപ്പ് നിലനിൽക്കണോ വേണ്ടയോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP