Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഇന്ദിരയാണ് ഇന്ത്യ.. ഇന്ത്യയാണ് ഇന്ദിര... നാവടുക്കു പണിയെടുക്കൂ; ചേരികളിൽ നിന്ന് ഒഴിപ്പിക്കപ്പെട്ടത് പത്തു കോടി ആളുകൾ; ലോക്കപ്പിൽ കൊല്ലപ്പെട്ടത് ആയിരങ്ങൾ; മുസ്ലീങ്ങൾ പെറ്റുപെരുകുന്നെന്ന് പറഞ്ഞ് സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ നിർബന്ധിത വന്ധ്യംകരണവും; ബാങ്ക് ദേശസാൽക്കരണത്തിലടക്കം കോൺഗ്രസ് നടത്തിയത് ശതകോടികളുടെ അഴിമതിയും; സ്വതന്ത്ര ഇന്ത്യ കണ്ട എറ്റവും വലിയ രാഷ്ട്രീയ കുറ്റകൃത്യമായ അടിയന്തരാവസ്ഥക്ക് 45 വയസ്സ്

ഇന്ദിരയാണ് ഇന്ത്യ.. ഇന്ത്യയാണ് ഇന്ദിര... നാവടുക്കു പണിയെടുക്കൂ; ചേരികളിൽ നിന്ന് ഒഴിപ്പിക്കപ്പെട്ടത് പത്തു കോടി ആളുകൾ; ലോക്കപ്പിൽ കൊല്ലപ്പെട്ടത് ആയിരങ്ങൾ; മുസ്ലീങ്ങൾ പെറ്റുപെരുകുന്നെന്ന് പറഞ്ഞ് സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ നിർബന്ധിത വന്ധ്യംകരണവും; ബാങ്ക് ദേശസാൽക്കരണത്തിലടക്കം കോൺഗ്രസ് നടത്തിയത് ശതകോടികളുടെ അഴിമതിയും; സ്വതന്ത്ര ഇന്ത്യ കണ്ട എറ്റവും വലിയ രാഷ്ട്രീയ കുറ്റകൃത്യമായ അടിയന്തരാവസ്ഥക്ക് 45 വയസ്സ്

എം മാധവദാസ്

സ്വതന്ത്ര ഇന്ത്യകണ്ട എറ്റവും വലിയ രാഷ്ട്രീയ കുറ്റകൃത്യം എന്താണെന്ന് ചോദിച്ചാൽ അതിന് അടിയന്തരവവസ്ഥ എന്ന ഒറ്റ മറുപടിയേ ഉണ്ടാവകയുള്ളൂ. വിശലാ സ്വാതന്ത്ര്യത്തിലും പൗരവകാശങ്ങളിലും സോഷ്യലിസത്തിലും വിശ്വസിച്ചിക്കുന്ന, സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ഭരണഘടനയുള്ള ഒരു രാജ്യത്ത്, പൗരവാവകാശങ്ങൾ സസ്പെൻഡ് ചെയ്തുകൊണ്ട് അടിയന്തരാവസ്ഥ നിലവിൽവരുമെന്ന് ആരും കരുതിയതല്ല. അതും സോഷ്യലിസത്തിലും ജനാധിപത്യത്തിലും വിശ്വസിച്ചിരുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ജവഹാർലാൽ നെഹുവിന്റെ മകൾ ഇന്ദിരാഗാന്ധിതന്നെ അതിന് കാർമ്മികത്വം വഹിച്ചുവെന്നതും ഇന്ത്യൻ രാഷ്ട്രീയത്തിലെ കാവ്യനീതി. ഇന്ന് മോദിസർക്കാറിനെ രാഷ്ട്രീയ ഫാസിസത്തിന്റെ പേരിൽ വിമർശിക്കുന്ന കോൺഗ്രസ് ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ദിനമാണ് ജൂൺ 25. 1974 ഈ ദിവസത്തിലാണ് രാജ്യം ഏകാധിപത്യത്തിന്റെ കറുത്ത ദിനങ്ങളിലേക്ക് വീണത്. ഹിറ്റ്ലർക്ക് സമാമായുള്ള വംശവെറിയുമായി സഞ്ജയ് ഗാന്ധി ഇന്ദിരക്കുമേൽ കാളസർപ്പമായി വളർന്നകാലം. തുടർന്നുണ്ടായ പൊലീസ് രാജിൽ ആയിരങ്ങൾക്കാണ് ജീവൻ നഷട്മായത്. പൊലീസ് ഭീകരതയുടെ നടക്കുന്ന ഓർമ്മകളുമായി ഇന്നും ജീവഛവങ്ങളായി ജീവിക്കുന്ന നിരവധിപേർ കേരളത്തിലടക്കം ഉണ്ട്. ബുദ്ധിജീവികളും കലാകാരന്മാരുമൊക്കെ വ്യാപകമായി വേട്ടയാടപ്പെട്ട കാലം. മുഖ്യമന്ത്രി അച്യുതമേനോണെ നോക്കുകുത്തിയാക്കി ആഭ്യന്തരമന്ത്രി കെ കരുണാകരൻ കണ്ണിറിക്കി പൊലീസിനെ കയറൂരിവിട്ട് യുവത്വങ്ങളെ വേട്ടയാടിയ കാലം. ബാലചന്ദ്രൻചുള്ളിക്കാടിന്റെ വാക്കുകൾ കടമെടുത്താൽ മസ്തിഷ്‌ക്കത്തിൽ പൊലീസ് ജീപ്പിന്റെ മുരൾച്ചയുണ്ടായിരുന്നു രുധിരകാലം.

അതുകൊണ്ടുതന്നെയാണ് അടിയന്തരാവസ്ഥ രണ്ടാം സ്വാതന്ത്ര്യസമരലമായി പ്രഖ്യപിക്കണമെന്ന് ഈ സമരത്തിലെ പീഡിതർ ആവശ്യപ്പെടുന്നത്.

തുടക്കം ഇന്ദിരയുടെ അധികാര നഷ്ടഭീതിയിൽ നിന്ന്

ജൂൺ 25ന് രാത്രി 11.25ന് ആണെങ്കിലും അടിയന്തരാവസ്യ പ്രഖ്യാപിക്കപ്പെട്ടതെങ്കിലും, ജൂൺ 12 ന് തുടങ്ങിയിരുന്നു ചട്ടങ്ങൾ വിട്ടുള്ള ആ ഭരണക്രമം. അന്ന് സംഭവിച്ച രണ്ടു കാര്യങ്ങൾ ഇവയായിരുന്നു. ഒന്ന്, ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നു. കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ചതുർകക്ഷി പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തി. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള വിമത ശബ്ദം ശക്തിയാർജ്ജിച്ച് ഭരണപക്ഷത്തേക്കു യാത്ര തുടങ്ങിയ ദിവസം. സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് നേരിട്ട ആദ്യത്തെ കടുത്ത വെല്ലുവിളി.

ആദിവസം തന്നെ ഉണ്ടായ രണ്ടാമത്തെ തിരിച്ചടി അലഹാബാദ് ഹൈക്കോടതിയുടെ ചരിത്രം കുറിച്ച വിധിയായിരുന്നു. അത് ഇങ്ങനെ-ഉത്തർപ്രദേശിലെ റായ്ബരേലി മണ്ഡലത്തിൽ നിന്നുള്ള ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാണ്. ഇനി ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മൽസരിക്കാനും പാടില്ല. 1971ൽ നടന്ന തെരഞ്ഞെടുപ്പിന് എതിരേ എതിർ സ്ഥാനാർത്ഥിയായി മൽസരിച്ച സോഷ്യലിസ്റ്റ് പാർട്ടിനേതാവ് ലോകബന്ധു രാജ്‌നാരായൻ നൽകിയ കേസിൽ ആയിരുന്നു വിധി. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് ഇന്ദിരാഗാന്ധി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണമാണ് തിരിച്ചടിച്ചത്.

രാജ്യം ഭരിക്കാൻ പകരം സംവിധാനം ഉണ്ടാക്കാൻ 20 ദിവസത്തെ സാവകാശം നൽകിയാണ് അലഹാബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. അന്ന് തുടങ്ങുകയായിരുന്നു സ്വതന്ത്ര ഇന്ത്യ നേരിട്ട ആദ്യത്തെ ജനാധിപത്യ പരീക്ഷ. ഇരട്ടപ്രഹരത്തിനൊപ്പം ഇന്ദിരയേയും കോൺഗ്രസിനേയും അടിമുടി വിറപ്പിച്ചത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ നടന്ന മുന്നേറ്റമായിരുന്നു. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന ഭീതി അധികാരനത്തിനൊപ്പം വളർന്ന ഇന്ദിരയേയും അതിലേറെ മകൻ സഞ്ജയ് ഗാന്ധിയേയും അസ്വസ്ഥരാക്കി.

തരംഗമായി വളർന്ന ജെ പി

ജയപ്രകാശ് നാരായൻ അതുവരെ ഒരു സാധാരണ വിമത നേതാവ് മാത്രമായിരുന്നു, 1974ന് പറ്റ്‌നയിൽ മൗനജാഥയ്ക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുന്നതുവരെ. തൊഴിലില്ലായ്മയ്ക്കും അവശ്യസാധന വിലവർധനയ്ക്കും എതിരേ ആയിരുന്നു ആ റാലി. 74 വയസുള്ള ജെപിയുടെ നേതൃത്വത്തിൽ നടന്ന റാലിയെ പൊലീസ് തച്ചുതകർത്തതോടെ ബദൽ ശബ്ദം എങ്ങും അലയടിച്ചു. ജൂൺ അഞ്ചിന് പറ്റ്‌ന ഗാന്ധിമൈതാനത്തു നടന്ന വമ്പൻ റാലിയിൽ ജെ പി അതു വരെയുള്ള നിശബ്ദ സമരത്തിൽ നിന്നുള്ള മാറ്റം പ്രഖ്യാപിച്ചു- 'ഇതൊരു വിപ്‌ളവമാണ്. 27 വർഷത്തെ സ്വാതന്ത്ര്യത്തിനു ശേഷവും രാജ്യം പട്ടിണിയും വിലക്കയറ്റവും അഴിമതിയും കൊണ്ട് പൊറുതുമുട്ടുകയാണ്. ഈ സമരം ഇവിടെ അവസാനിക്കില്ല. ഇതു സമ്പൂർണ വിപ്‌ളവമാണ്.'

ജെപിയുടെ ആ പ്രസംഗത്തോടെ പ്രതിപക്ഷ മുന്നേറ്റത്തിന്റെ രൂപം മാറി. ഗുജറാത്തിൽ ആദ്യമായി കോൺഗ്രസ് സർക്കാരിനെ തെരഞ്ഞൊടുപ്പിൽ തോൽപിക്കുന്നതിലേക്കു വരെ അതിന്റെ അലയൊലി നീണ്ടു. അങ്ങനെയാണ് അടിയന്തരാവസ്ഥ എന്ന സൂത്രപ്പണിയുടെ വഴിയിലേക്ക് ഇന്ദിരാഗാന്ധി നീങ്ങുന്നത്.

തെരഞ്ഞെടുപ്പ് ഫലവും കോടതി വിധിയും വന്ന അന്നു തന്നെ ഇന്ദിര അടുപ്പമുള്ളവരുടെ യോഗം വിളിച്ചു. ഇന്ദിര മാറി നിന്ന് കോൺഗ്രസ് സർക്കാർ തന്നെ ഭരിക്കാം എന്ന നിർദ്ദേശം വന്നു. ഇന്ദിരയും അതിനോട് ഒരുഘട്ടത്തിൽ യോജിച്ചു. പക്ഷേ, ശക്തമായ എതിർപ്പുമായി രംഗത്ത് വന്നത് മകൻ സഞ്ജയ് ഗാന്ധിയായിരുന്നു. കോൺഗ്രസ് തന്നെ ഭരിക്കുമെന്നും ഇന്ദിര മാറുന്ന പ്രശ്‌നമില്ലെന്നും യോഗത്തിലേക്ക് കടന്നുവന്ന സഞ്ജയ് അസന്നിഗദ്ധമായി പ്രഖ്യാപിച്ചുവെന്നാണ് രേഖകൾ.

സർക്കാർ തുടരാനുള്ള വഴി ആലോചിക്കാൻ എല്ലാ നേതാക്കളോടും സഞ്ജയ് നിർദ്ദേശം നൽകി. 20 ദിവസത്തെ സമയം കൊണ്ട് സുപ്രീം കോടതിയിൽ അപ്പീൽ നൽകാം. വിധി എതിരായാലും ഇന്ദിര ഒഴിയാൻ പാടില്ല; ഇതായിരുന്നു ആ നിർദ്ദേശം. കോടതി വിധി വന്നതോടെ ജെപിയുടെ നേതൃത്വത്തിലുള്ള മുന്നേറ്റത്തിന് ഇരട്ടിക്കരുത്തായി. ഡൽഹിയിൽ പടുകൂറ്റൻ റാലി നടത്തി. ഇന്ദിരയെ അനുകൂലിച്ച് കോൺഗ്രസും റാലി നടത്തി. ഡൽഹി ട്രാൻസ്‌പോർട് കോർപ്പറേഷന്റെ 1,761 ബസുകൾ ഉപയോഗിച്ചാണ് ഇന്ദിരാ അനുകൂല റാലിക്ക് ഡൽഹിയിൽ ആളെ എത്തിച്ചത് എന്ന് അടിയന്തരാവസ്ഥയെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഷാ കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു. ജൂൺ 24 നിർണായകമായിരുന്നു. 24ന് ഇന്ദിരാഗാന്ധി അലഹാബാദ് ഹൈക്കോടതി വിധിക്ക് എതിരേ കൊടുത്ത അപ്പീലിൽ സുപ്രീം കോടതി വിധി പറയും. അന്നുതന്നൊയാണ് സർക്കാരിനെ അട്ടിമറിക്കുമെന്ന പ്രഖ്യാപനവുമായി ജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ വമ്പൻ റാലി തീരുമാനിച്ചിരുന്നതും. ഇതു രണ്ടും മുന്നിൽ കണ്ട് ജൂൺ 16ന് തന്നെ ഇന്ദിരാഗാന്ധി പദ്ധതി തയ്യാറാക്കി.

ബുദ്ധികേന്ദ്രം സിദ്ധാർത്ഥ ശങ്കർ റേ

പശ്ചിമബംഗാൾ മുഖ്യമന്തിയായിരുന്ന കോൺഗ്രസ് നേതാവ് സിദ്ധാർത്ഥ ശങ്കർ റേ 16-ന് ഇന്ദിരയെ സന്ദർശിച്ച് ആഭ്യന്തര അടിയന്തരാവസ്ഥ എന്ന നിർദ്ദേശം കൈമാറി. രാജ്യത്ത് 1971 മുതൽ വൈദേശിക അടിയന്തരാവസ്ഥ നിലവിൽ ഉണ്ടായിരുന്നു. പാക്കിസ്ഥാൻ യുദ്ധത്തെ തുടർന്ന് പ്രഖ്യാപിച്ചതായിരുന്നു അത്. ബാഹ്യ അടിയന്തരാവസ്ഥ ഉള്ളപ്പോൾ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തടസമില്ല എന്നാണ് റേ നൽകിയ ഉപദേശം. അതുവരെ ഇന്ദിരാഗാന്ധിക്ക് അത്തരമൊരു സാധ്യതയെകുറിച്ച് അറിയില്ലായിരുന്നുവെന്ന് രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജി പിന്നീട് എഴുതി. ഇന്ദിരയുമായി തെറ്റിയ സിദ്ധാർത്ഥ് ശങ്കർ റേ ഇതു നിഷേധിച്ചു. പക്ഷേ അടിയന്തരാവസ്ഥാ നിർദ്ദേശവുമായി രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദിനെ ഇന്ദിര കണ്ടപ്പോൾ കൂടെ ഉണ്ടായിരുന്ന എക നേതാവ് റേ ആയിരുന്നുവെന്ന് പിന്നീട് വ്യക്തമാക്കപ്പെട്ടു.

ജൂൺ 16ന് റേയുടെ ഉപദേശം കിട്ടിയ അന്നു തന്നെ സുപ്രീം കോടതിയിൽ കേസുതോറ്റാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തത്വത്തിൽ തീരുമാനമായി. ഡൽഹിയിൽ മൂന്നോ നാലോ നേതാക്കൾക്കു മാത്രം അറിയാമായിരുന്ന കാര്യം ജൂൺ 22ന് തന്നെ അടുത്തവൃന്ദങ്ങളിലേക്കു കൈമാറി. 22ന് ആർ കെ ധവാൻ ഫോണിൽ വിളിച്ച് ആന്ധ്രമുഖ്യമന്ത്രി വെങ്കല റാവുവിനോട് 24ന് ഡൽഹിയിൽ ഉണ്ടാകണമെന്ന് നിർദ്ദേശം നൽകി. പ്രതിപക്ഷ നേതാക്കളെ 23ന് തന്നെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ലഫ്റ്റനന്റ് ഗവർണർ കൃഷ്ണചന്ദിന് ലഭിച്ച നിർദ്ദേശം. പിന്നീട് അതു തിരുത്തി. 24വരെ കാത്തിരിക്കാൻ ഇന്ദിരാഗാന്ധി തീരുമാനിച്ചു.

ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സുപ്രീം കോടതിയിൽ അവധിക്കാല ബഞ്ചിലിരുന്ന് ഇന്ദിരാഗാന്ധിയുടെ അപ്പീലിൽ വിധി പറയുകയാണ്. ആ വിധി ഇങ്ങനെയായിരുന്നു-ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതി വിധി സാധുവാണ്. പക്ഷേ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദവി ഒഴിയേണ്ടതില്ല. പാർലമെന്റിൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ പാടില്ല. പാർലമെന്റ് അംഗത്വം നഷ്ടമാവുകയും പ്രധാനമന്ത്രി പദം സംരക്ഷിക്കപ്പെടുകയും ചെയ്ത ആ വിധി അനുകൂലമാണോ പ്രതികൂലമാണോ എന്ന് ഇരുവശത്തും ആശങ്കകൾ ഉണ്ടായ നിമിഷങ്ങൾ. ആ വിധിയിൽ അവ്യക്തതയുണ്ടെന്ന വിവാദം ജസ്റ്റിസ് കൃഷ്ണയ്യരെ എക്കാലവും പിന്തുടർന്നിരുന്നു. ഇന്ദിരയ്ക്ക് അനുകൂലമെന്ന് കോൺഗ്രസും ഉടൻ സ്ഥാനമൊഴിയണമെന്ന് ജയപ്രകാശ് നാരായണനും പ്രഖ്യാപിച്ചു. ജെ പിയുടെ വമ്പൻ റാലി ഡൽഹിയിൽ നടന്നു. പൊലീസും പട്ടാളവും പോലും ഇന്ദിരയെ അനുസരിക്കേണ്ടതില്ലെന്ന് റാലിയിൽ ജെ പി പ്രഖ്യാപിച്ചു. രാത്രി 11.25 ന് ആണ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ ശുപാർശ ചെയ്ത് രാഷ്ട്രപതിക്ക് കത്തു നൽകുന്നത്. മന്ത്രിസഭ ചേരാൻ സമയമില്ലെന്നും ഉടൻ ഉത്തരവ് വേണമെന്നും ഇന്ദിര ആവശ്യപ്പെട്ടു. മന്ത്രിസഭ ചേരേണ്ടതില്ലെന്ന് സിദ്ധാർത്ഥ ശങ്കർ റേ രാഷ്ട്രപതിക്ക് ഉപദേശം നൽകി. അങ്ങനെ 11.35ന് രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖയാപിച്ച് ഒറ്റവരി ഉത്തരവ് ഇറക്കി.

ഭരണഘടനയെ മാറ്റിമറിച്ച ഭരണം

ഭരണം തടസ്സമില്ലാതെ തുടരാൻ അടിയന്തരാവസ്ഥ കാലത്ത് അഞ്ചു പ്രധാന ഭേദഗതികൾ ഇന്ദിരാ സർക്കാർ കൊണ്ടുവന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ തെരഞ്ഞെടുപ്പ് കോടതിയിൽ ചോദ്യം ചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള 39-ാം ഭേദഗതിയായിരുന്നു ഇവയിൽ പ്രധാനം. കോടതിവഴി പ്രധാനമന്ത്രി പദം ചോദ്യം ചെയ്യപ്പെടുന്നത് തടയാനായിരുന്നു ഇത്. ഓഗസ്റ്റ് ഏഴിന് ഈ ഭേദഗതി അവതരിപ്പിക്കുമ്പോൾ ലോക്‌സഭയിൽ എതിർക്കാൻ ഒരേ ഒരാളെ ഉണ്ടായിരുന്നുള്ളു-മോഹൻ ധാരിയ ആയിരുന്നു അത്. രാജ്യസഭയിൽ എകകണ്ഠമായി ഇത് പാസായി.

ഓഗസ്റ്റ് ഒൻപതിനു തന്നെ 17 സംസ്ഥാന നിയമസഭകൾ യോഗം ചേർന്ന് ബില്ലിന് അംഗീകാരം നൽകി. അങ്ങനെ ആദ്യത്തെ കിരാത കരിനിയമം എന്നു പേരുകേട്ട ആ ഭേദഗതി നിയമമായി. അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ കോടതിയിൽ ചോദ്യം ചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള 38-ാം ഭേദഗതി, 64 നിയമങ്ങൾ ഒൻപതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്ന 40-ാം ഭേദഗതി, പിഎസ്‌സി ചെയർമാന്റെ കാലാവധി നീട്ടിക്കൊണ്ടുള്ള 41-ാം ഭേദഗതി, ലോക്‌സഭയുടെ കാലാവധി ആറു വർഷമായി ഉയർത്തിയ 42-ാം ഭേദഗതി എന്നിവയും ഇതേ രീതിയിൽ പാസായതോടെ സർക്കാർ ചോദ്യം ചെയ്യപ്പെടാൻ ആകാത്ത സംവിധാനമായി. അവിടെ തുടങ്ങുകയായിരുന്നു സ്വേച്ഛാ ഭരണം. സെക്യലർ,സോഷ്യലിസ്റ്റ് എന്നീവാക്കുകൾ ഭരണഘടനയിൽ ചേർത്തത് ഈ മാറ്റത്തോടെയാണ്. ഒരുപക്ഷേ അടിയന്തരാവസ്ഥ കൊണ്ട്കിട്ടിയ  ഒരേഒരു ഗുണവും അതുതന്നെ ആയിരുന്നു.

ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര

ദേവകാന്ത് ബറൂവയാണ് ആ പ്രഖ്യാപനം നടത്തിയത്-ഇന്ദിരയാണ് ഇന്ത്യ എന്ന വലിയ മാനങ്ങളുള്ള പ്രസ്താവന. പക്ഷേ, യഥാർഥത്തിൽ ഇന്ദിരയായിരുന്നില്ല അന്ന് ഇന്ത്യ. അത് സഞ്ജയ് ഗാന്ധിയായിരുന്നു. സർക്കാരിന്റെ ഓരോ തീരുമാനങ്ങളും പ്രധാനമന്ത്രിയുടെ വസതിയിൽ ഇരുന്ന് സഞ്ജയ് എടുക്കുകയായിരുന്നു. ജനസംഖ്യാ വർധന തടയാനുള്ള കുടുംബാസൂത്രണ പദ്ധതി നിർബന്ധിതമാക്കാൻ തീരുമാനിച്ചതും നഗരങ്ങളിലെ ചേരികൾ ഇടിച്ചു നിരത്താൻ തീരുമാനിച്ചതും സഞ്ജയ് ആയിരുന്നു. രാജ്യത്തെ നൂറുകണക്കിനു ചേരികൾ ഇങ്ങനെ തച്ചുതകർക്കപ്പെട്ടു. ഒരു കോടി ആളുകൾക്ക് വന്ധ്യം കരണ ശസ്ത്രക്രിയ നടത്തി.

തടസ്സം നിന്നവരെ വെടിവച്ചു വീഴ്‌ത്തി. തുർക്മാൻഗേറ്റിലെ കൂട്ടക്കൊല ഉണ്ടാകുന്നത് അങ്ങനെയാണ്. ഭഗത് സിങ് മാർക്കറ്റ്, സുൽത്താൻപുർ മസ്ര, ആര്യസമാജ് മന്ദിരം, കരോൾ ബാഗ്, ആന്ധേരി മാർഗ് എന്നിവിടങ്ങളിലെല്ലാം ലാത്തിച്ചാർജ്ജും വെടിവയ്പും നടന്നു. എത്രപേർ കൊല്ലപ്പെട്ടുവെന്നോ എത്രപേരെ കാണാതായി എന്നോ ഇന്നും കണക്കുകൾ ഇല്ല. സിപിഐ ഒഴികെയുള്ള പ്രതിപക്ഷ കക്ഷി നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്യാനായിരുന്നു ഉത്തരവ്. സംഘടനാ കോൺഗ്രസ്, സോഷ്യലിസ്റ്റ് പാർട്ടി, സിപിഐഎം. സിപിഐഎംഎൽ കമ്യൂണിസ്റ്റ് സെന്റർ തുടങ്ങിയ പാർട്ടികളിലെ ഭൂരിപക്ഷം നേതാക്കളും അറസ്റ്റിലായി. ആർഎസ്എസ്, സിപിഐഎം എൽ എന്നിവ അന്ന് നിരോധിത പാർട്ടികൾ ആയിരുന്നു. കേരളത്തിലും ബംഗാളിലും നേതാക്കളെ മാത്രമല്ല അനുഭാവികളെയും അറസ്റ്റ് ചെയ്തിരുന്നു. ആന്ധ്രയിലാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ പിന്നീട് കൂടുതൽ അറസ്റ്റിലായത്.

അറസ്റ്റ് മാത്രമല്ല നടന്നത്. മന്ത്രിസഭകൾ വരെ ശക്തി ഉപയോഗിച്ച് അട്ടിമറിക്കപ്പെട്ടു. തമിഴ്‌നാട്ടിലേയും ഗുജറാത്തിലേയും പ്രതിപക്ഷ മന്ത്രിസഭകൾ താഴെ വീണു. സഞ്ജയ് ഗാന്ധിയോട് വിയോജിപ്പ് അറിയിച്ച ഐ കെ ഗുജ്‌റാളിനെ ഇതിനിടെ കേന്ദ്രമന്ത്രിഭയിൽ നിന്നു മാറ്റി. പകരം വിദ്യാചരൺ ശുക്‌ളയാണ് ആ സ്ഥാനത്ത് എത്തിയത്. ഡിസംബർ എട്ടിനാണ് പത്രമാരണ ഓർഡിനൻസ് പാസാകുന്നത്. അടിയന്തരാവസ്ഥ കാലത്ത് രാജ്യത്ത് പ്രസിദ്ധീകരണം നിർത്തേണ്ടി വന്നത് 208 പത്രങ്ങൾക്കാണ്. 1434 മാസികകളും എന്നേക്കുമായി പൂട്ടപ്പെട്ടു.

ചേരി നിർമ്മാർജന പദ്ധതികളിലൂടെ ഒഴിപ്പിക്കപ്പെട്ടത് പത്തു കോടി ആളുകൾ വരുമെന്നാണ് കണക്ക്. പലരും എന്നേക്കുമായി തെരുവിലായി. പുനരധിവാസപദ്ധതിയിൽ സ്ഥലം ലഭിച്ചത് അത്യപൂർവം ആളുകൾക്കു മാത്രമായിരുന്നു. നഗരങ്ങളെ ആശ്രയിച്ചു ജീവിച്ചിരുന്നവർ ദൂരെയുള്ള കേന്ദ്രങ്ങളിലേക്കു പോകാൻ മടിച്ചു. ഇതു ദിവസവും സംഘർഷത്തിനും കലാപത്തിനും വഴി വച്ചു. പല മരണങ്ങളും സർക്കാർ രേഖകളിൽ പോലും കയറാതെ അവസാനിച്ചു. സ്റ്റേഷനുകളിൽ പരാതിയുമായി എത്തിയവരെ ആട്ടിയോടിച്ചു. കോടതികൾ പലതും അടഞ്ഞുകിടക്കുകയായിരുന്നു. അങ്ങനെ നിയമപരമായ ഒരു സാധ്യതയും ഇല്ലാതെ കേസുകൾ കെട്ടൊടുങ്ങി. ജയിലിൽ ആയതിനാൽ പ്രതിപക്ഷം ദുർബലമാണ് എന്ന മിഥ്യാധാരണയാണ് അടിയന്തരാവസ്ഥ പിൻവലിക്കുന്നതിലേക്ക് എത്തിയത്. പക്ഷേ അടിയന്തരാവസ്ഥയിൽ ഇന്ദിരപോലും നോക്കുകുത്തിയായി. എല്ലാം തീരുമാനിച്ചത് മകൻ സഞ്ജയ് ആയിരുന്നു.

സഞ്ജയ് ഗാന്ധി: ഒരു ഫാസിസ്റ്റ് ജനിക്കുന്നു

അധികാരം വ്യക്തികളെ എങ്ങനെ ദുഷിപ്പിക്കും എന്നതിന് കൃത്യമായ തെളിവാണ് സഞ്ജയ് ഗാന്ധിയുടെ ജീവിതം. ജോസഫ് സ്റ്റാലിന്റെ ആരാധകൻ കൂടിയായ സഞ്ജയ് ക്രമേണ അധികാരത്തിന്റെ സമസ്ത മേഖലകളിലും പിടിമുറുക്കി. ഒരുവേള ഇന്ദിരാഗാന്ധിപോലും സഞ്ജയിന്റെ കൈയിലെ കളിപ്പാവയായി. ജനാധിപത്യത്തോടും അദ്ദേഹത്തിനുള്ള സമീപനം പുച്ഛമായിരുന്നു. ഒരു കൂട്ടം ആളുകൾ തീരുമാനം എടുക്കാൻ വൈകിച്ച് രാഷ്ട്രത്തെ നശിപ്പിക്കയായിരുന്നെന്നാണ് സഞ്ജയ്ഗാന്ധിയുടെ പക്ഷം. ശക്തമായ ഒരു നേതൃത്വം. അത് അനുസരിക്കുന്ന ജനം. അദ്ദേഹം ആ രീതിയിലുള്ള രാഷ്ട്രമാണ് വിഭാവനം ചെയ്തത്. ഇന്ദിരയുടെ നാവടക്കൂ പണിയെടുക്കൂ സിദ്ധാന്തം എവിടെ നിന്നാണ് വന്നതെന്ന് വ്യക്തം.

ഹിറ്റ്‌ലർക്ക് സമാനമായി വംശവെറിയും അദ്ദേഹം പുലർത്തിയിരുന്നു. മുസ്ലീങ്ങൾ പെറ്റുകൂട്ടി രാജ്യത്തിന് ഭീഷണിയാവുന്നവർ ആണെന്നാണ് സഞ്ജയ് വിശ്വസിച്ചിരുന്നത്. മുസ്ലീങ്ങളുടെ നിർബന്ധിത വന്ധീകരണത്തിലും തുർക്കുമാൻഗേറ്റിലെ ചേരി പൊളിക്കലും ഒക്കെ കലാശിച്ചത് ഈ ചിന്താധാരയാണ്. നോക്കണം, സാർവദേശീയ മാനവികതക്ക് വേണ്ടി വാദിച്ച നെഹ്‌റുവിന്റെ കൊച്ചുമകനാണ് ഇതെന്ന് ഓർക്കണം. അതായത് ഫാസിസം എന്നത് വ്യക്തികളിലൂടെയും കടന്നുവരാം എന്ന് വ്യക്തം.

അടിയന്തരാവസ്ഥയാണ് സഞ്ജയ് ഗാന്ധി എന്ന രാഷ്ട്രീയനേതാവിനെ രൂപപ്പെടുത്തിയ ഉല. പൗരാവകാശങ്ങൾ റദ്ദുചെയ്യപ്പെട്ട ആ ചെറിയ കാലയളവിൽ സഞ്ജയ് കൈക്കൊണ്ട പല തീരുമാനങ്ങളും അദ്ദേഹത്തെയും ഒരുപരിധിവരെ കോൺഗ്രസ് പാർട്ടിയെയും ജനഹൃദയങ്ങളിൽ നിന്ന് അകറ്റി. സഞ്ജയ് ഗാന്ധിക്ക് ഒരു വില്ലൻ പരിവേഷം തന്നെ സമ്മാനിച്ചു. അക്കാലത്തും കമൽനാഥ്, ജഗദിഷ് ടൈറ്റ്ലർ, സജ്ജൻകുമാർ തുടങ്ങിയ നിരവധി എംപിമാർ സഞ്ജയ് ഗാന്ധി അനുഭാവികളായ പാർലമെന്റിനകത്തും, ഖുഷ്വന്ത്സിങിനെപ്പോലുള്ള ചില പത്രപ്രവർത്തകർ പാർലമെന്റിന് പുറത്തും സഞ്ജയ് ഗാന്ധിക്ക് പിന്തുണയുമായി നിലകൊണ്ടു.

അടിയന്തരാവസ്ഥയുടെ ആദ്യ ആഴ്ചകൾ പിന്നിടുമ്പോഴേക്കും തന്നെ സഞ്ജയ് ഗാന്ധി, ഇന്ദിരയുടെ മുഖ്യ രാഷ്ട്രീയ ഉപദേഷ്ടാവാകുന്നു. കൃത്യമായൊരു കാബിനറ്റ് റാങ്കില്ലാതെ തന്നെ, പാർലമെന്റിന്റെ അകത്തളത്തിലേക്ക് പ്രവേശിക്കുകപോലും ചെയ്യാതെ രാജ്യത്തെ ഏറ്റവും പ്രബലനായ വ്യക്തിയായി സഞ്ജയ് മാറുന്നു. മുഖ്യമന്ത്രിമാർ സഞ്ജയിന് മുന്നിൽ മുട്ടിലിഴഞ്ഞു. സഞ്ജയിന്റെ ചെരുപ്പുകൾ കയ്യിലെടുത്തു കൊണ്ടുകൊടുക്കുക വരെ ചെയ്തു. പത്രങ്ങൾ സ്തുതിച്ചുകൊണ്ട് ഭാവഗീതങ്ങളെഴുതി പ്രസിദ്ധം ചെയ്തു.

മുസ്ലീങ്ങൾക്ക് നിർബന്ധിത വന്ധ്യംകരണം

സഞ്ജയ് ഗാന്ധിയുടെയും കൂട്ടരുടെയും കുടിലബുദ്ധിയിൽ ഉദിച്ച പലതും അന്നത്തെ ഇന്ത്യൻ ഗവണ്മെന്റിന്റെ നയങ്ങളായി രൂപാന്തരപ്പെട്ടു. അങ്ങനെ നടപ്പിലാക്കപ്പെട്ട ഒരു പദ്ധതിയായിരുന്നു വന്ധ്യംകരണത്തിലൂടെയുള്ള കുടുംബാസൂത്രണം. വന്ധ്യംകരിക്കുന്നവർക്ക് ആദ്യം ആനുകൂല്യങ്ങൾ നൽകി ആകർഷിക്കാൻ ശ്രമിച്ചു. അതിന് വഴങ്ങാത്ത പലരെയും നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കി. നിർബന്ധിതമായ ഓപ്പറേഷനുകളുടെ പേരും പറഞ്ഞ് പൊലീസ് പാവങ്ങളുടെ ഗ്രാമങ്ങൾ കയറിയിറങ്ങി അക്രമങ്ങൾ പലതും പ്രവർത്തിച്ചു. രണ്ടാഴ്ച കൊണ്ട് ചില സംസ്ഥാനങ്ങളിൽ നടന്നത് ആറു ലക്ഷത്തോളം വന്ധ്യംകരണങ്ങളാണ്. 1975-77 കാലയളവിൽ 1.1 കോടി സ്ത്രീപുരുഷന്മാർ നിർബന്ധിതമായി വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കപ്പെട്ടു. ഇക്കാര്യത്തിൽ സഞ്ജയിന് വേണ്ട സഹായങ്ങൾ ചെയ്ത, സഞ്ജയിനെ മനുഷ്യത്വവിരുദ്ധമായ പല പ്രവൃത്തികൾക്കും നിർബന്ധിച്ച റുക്‌സാന സുൽത്താന എന്ന സ്നേഹിതയും അക്കാലത്ത് കുപ്രസിദ്ധിയാർജ്ജിച്ചു. ഈ നിർബന്ധിത വന്ധ്യംകരണത്തിന്റെ ഇരകൾ എറെയും മുസ്ലീങ്ങൾ ആയിരുന്നു.

സഞ്ജയ് ഗാന്ധിക്ക് ചീത്തപ്പേര് സമ്മാനിച്ച മറ്റൊരു ഓപ്പറേഷനായിരുന്നു ഡൽഹിയിലെ തുർക്ക് മാൻ ഗേറ്റിനടുത്തുള്ള ചേരികൾ ഒഴിപ്പിക്കാൻ നടത്തിയ പൊലീസ് ഓപ്പറേഷൻ. അതൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു. ഒരൊറ്റ രാത്രികൊണ്ട് ആ ചേരി ഒഴിപ്പിച്ചെടുക്കാൻ അവിടെ നടത്തിയ പൊലീസ് ആക്ഷനെ പ്രദേശവാസികൾ എതിർത്തു. അവരിൽ പലരെയും പൊലീസ് വെടിവെച്ചു കൊന്നു. പ്രസ്സിന് സെൻസർഷിപ്പ് ഉണ്ടായിരുന്നതുകൊണ്ട് വിവരം അന്താരാഷ്ട്ര മാധ്യമശ്രദ്ധയിൽ എത്തിയില്ല.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കരണത്തടച്ചുവെന്നതാണ് സഞ്ജയനെ കുറിച്ച് ഉയർന്ന ഏറ്റവും വലിയ അപവാദം. പുലിസ്റ്റർ ജേതാവും പ്രശസ്ത മാധ്യമപ്രവർത്തകനുമായ ലൂയിസ് സിമൻസാണ് അടിയന്തരാവസ്ഥക്കാലത്ത് തന്നെ ഞെട്ടിച്ച ഈ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. വാഷിങ്ങ്ടൺ പോസ്റ്റിന്റെ ഡൽഹി കറസ്‌പോണ്ടന്റ് ആയിരുന്നു ലൂയിസ് സിമൻസ്. അന്ന് സഞ്ജയ് ഗാന്ധിയിലെ നിഷേധി എത്രത്തോളം പുറത്തുവന്നിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ലൂയിസിന്റെ വെളിപ്പെടുത്തൽ. സഞ്ജയ് ഗാന്ധി അന്ന് പ്രധാനമന്ത്രിയായിരുന്ന അമ്മ ഇന്ദിരാ ഗാന്ധിയെ ഒരു സ്വകാര്യഡിന്നർ പാർട്ടിയിൽ വച്ച് ആറുപ്രാവശ്യം അടിച്ചുവെന്നതാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അന്ന് സർവാധിപതിയായി വിലസിയ സഞ്ജയ് ഗാന്ധിയെ ഭയന്ന ഇന്ത്യൻ മാധ്യമങ്ങൾ ആരും ഈ വാർത്ത പ്രസിദ്ധീകരിക്കാൻ തയ്യാറായില്ലെന്നും ലൂയിസ് തുറന്നു പറയുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് എല്ലാവരെയും ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. തുടർന്ന് ലൂയിസിനെ സഞ്ജയ് നാടുകടത്തുകയായിരുന്നു.

തുടർന്നു ബാങ്കോക്കിലെയ്ക്ക് പോയ ലൂയിസ് പിന്നീട് കുറേക്കാലം അവിടെയായിരുന്നു. അടിയന്തരാവസ്ഥക്കാലം കഴിഞ്ഞ് ഇന്ത്യയിൽ വന്ന ലൂയിസ് രാജീവും സോണിയയും അതിഥികൾ ആയെത്തിയ ഒരു ഡിന്നറിൽ പങ്കെടുക്കുകയുണ്ടായി. അന്ന് ഈ 'അടി' സംഭവത്തെക്കുറിച്ച് ആരാഞ്ഞപ്പോൾ രാജീവ് തലയാട്ടി പുഞ്ചിരിക്കുകയും, സോണിയ പരിഭ്രാന്തയായി കാണപ്പെടുകയും ചെയ്തുവെന്നും ലൂയിസ് പറയുന്നു. സ്വന്തം അമ്മയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായ ഒരു വ്യക്തിതെ തല്ലാൻ വരെ കഴിയുന്ന മുനഷ്യൻ എത്ര വലിയ ഫാസിസ്്റ്റാണെന്ന് ഓർക്കണം.

സഞ്ജയ് പാർട്ടിക്കുവേണ്ടി സമ്പാദിച്ചത് ശതകോടികൾ

അതേസമയം സഞ്ജയ് ഗാന്ധി ഇന്ദിരാഗാന്ധിയെ നിയന്ത്രിക്കുകയായിരുന്ന വാദം തെറ്റാണെന്നാണ് ടി.ജെ.എസ് ജോർജിനെപ്പോലുള്ള പ്രമുഖ മാധ്യമപ്രവർത്തകർ പറയുന്നത്. ഇന്ദിരാഗാന്ധിയുടെ അഴിമതികൾക്കുള്ള ഒരു മറമാത്രമായിരുന്നു സ്ഞ്ജയ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇന്ദിരാഗാന്ധിയുടെ ഓൾട്ടർ ഈഗോ ആയിരുന്നു സഞ്ജയ്. ഇന്ദിരക്ക് നേരിട്ട് ചെയ്യാൻ കഴിയാത്തതൊക്കെ അവർ സഞ്ജയിനെ കൊണ്ട് ചെയ്യിച്ചു. ടി.ജെ.എസ് ജോർജിന്റെ ഒരു ലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

'ഇന്ദിരാഗാന്ധി അറിയപ്പെട്ടിരുന്നത് 'ദ ഓൺലി മാൻ ഇൻ ദ കാബിനറ്റ്' എന്നായിരുന്നു. മന്ത്രിസഭയിൽ പൗരുഷമുള്ള ഏക അംഗം. സ്വന്തമായി വ്യക്തിത്വമുള്ളവരെ പരിഹാസ്യരാക്കുകയും (മൊറാർജിദേശായി, സഞ്ജീവ റെഡ്ഡി, നിജലിംഗപ്പ) തന്റെ ചൊൽപ്പടിക്കു നിൽക്കുന്ന ശിങ്കിടികളുടെ കൈയിൽ ഭരണം ഒതുക്കുകയും ചെയ്തതിനു പിന്നിലുള്ള ചേതോവികാരങ്ങൾ രാഷ്ട്രീയമായും മനഃശാസ്ത്രപരമായും വിലയിരുത്തേണ്ടതാണ്. സംശയാതീതമായ വസ്തുത, ഇന്ദിരാഗാന്ധി സ്ഥാപിച്ച തത്ത്വം ഇന്നും കോൺഗ്രസ് സംസ്‌കാരമായി തുടരുന്നു എന്നതാണ്. രാജ്യരക്ഷപോലും രാജഭക്തിക്കു താഴെ എന്നു പാഠം. അഴിമതിയുടെ കാര്യത്തിലും ഇന്ദിരാഗാന്ധി തുടങ്ങിവച്ച പുതിയ യുഗം നിസ്സങ്കോചം പുഷ്പിച്ചു നിൽക്കുന്നു. വിഖ്യാതമായ ഒരു പ്രസ്താവന പുതുയുഗത്തിന് ഔദ്യോഗിക പരിവേഷം നൽകി. സാർവലൗകികമായ പ്രതിഭാസമാണ് അഴിമതി എന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ പ്രയോഗം. ഈ സമീപനം നമ്മുടെ രാജ്യത്തെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ മൂല്യങ്ങളെ തകിടം മറിച്ചു. സംഗതിയുടെ ഗൗരവം മനസ്സിലാക്കാൻ ബി.ജി. ദേശ്മുഖിന്റെ സാക്ഷിപത്രം മതി. ഇന്ത്യ കണ്ട ഏറ്റവും പ്രഗല്ഭരായ ഉദ്യോഗസ്ഥന്മാരിലൊരാളായ ദേശ്മുഖിന്റെ 'എ കാബിനറ്റ് സെക്രട്ടറി ലുക്‌സ് ബാക്ക്' എന്ന പുസ്തകം (2004) പശ്ചാത്തല വിവരങ്ങളുടെ ബാഹുല്യം കൊണ്ട് അത്യുത്തമമാണ്.

അദ്ദേഹം വെളിപ്പെടുത്തുന്നു:'തെരഞ്ഞെടുപ്പുകളിൽ അളവില്ലാതെ പണമൊഴുക്കിയാൽ മാത്രമെ ആരും എതിർവാക്ക് പറയാത്ത നേതാവായി സ്വയം പ്രതിഷ്ഠിക്കാൻ സാധിക്കൂവെന്ന് ഇന്ദിരാഗാന്ധി തിരിച്ചറിഞ്ഞു. മഹാരാഷ്ട്രയിൽ തന്റെ വിശ്വസ്തരായ രജനി പട്ടേലിനെയും വസന്ത്‌റാവ് നായിക്കിനെയും അവർ വളരെയേറെ ആശ്രയിച്ചു. അവരാണെങ്കിൽ നരിമാൻ പോയിന്റിലെ കടൽവെള്ളം വിറ്റ് കാശുണ്ടാക്കി. (കടൽ നികത്തിയാണ് ബോംബെയിലെ ഏറ്റവും വിലമതിപ്പുള്ള റിയൽ എസ്റ്റേറ്റായി നരിമാൻ പോയിന്റ് ഉയർന്നത്.) രാഷ്ട്രീയത്തിൽ ആധിപത്യം ഉറപ്പിച്ചശേഷം ഇന്ദിര നിശ്ചയിച്ചു പണം ശേഖരിക്കാൻ എളുപ്പമാർഗ്ഗം വിദേശ ഉടമ്പടികളുടെ വീതംവയ്പിൽ കൂടിയാണെന്ന്. 1980 ജനുവരിയിൽ തന്നെ സഞ്ജയ്ഗാന്ധി ചില പ്രത്യേക വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥന്മാരെ വിളിച്ചുവരുത്തി ഉടമ്പടികൾ തീർപ്പാക്കേണ്ട രീതികളെക്കുറിച്ച് വിശദമായ നിർദ്ദേശങ്ങൾ നൽകി. അടിയന്തരവസ്ഥക്കാലത്തും ബാങ്ക് ദേശസാൽക്കരണത്തിലൂടെയൊക്കെ കോടികളുടെ അഴിമതിയാണ് ഇന്ദിരഗാന്ധിയുടെ നേതൃത്വത്തിൽ നടന്നത്.

ബി.കെ. നെഹ്‌റുവിന്റെ ആത്മകഥയിൽനിന്ന് ഒരു ഭാഗം ദേശ്മുഖ് ഇവിടെ ഉദ്ധരിക്കുന്നു: 'സഞ്ജയ്ഗാന്ധിയുടെ ശവസംസ്‌കാരത്തിന് പിറ്റേദിവസം ഞാൻ രാജീവിനോടു ചോദിച്ചു, പാർട്ടിക്കുവേണ്ടി സഞ്ജയ് ശേഖരിച്ച പണമൊക്കെ സുരക്ഷിതമാണോ എന്ന്. കോൺഗ്രസ് ഓഫീസിലെ അലമാരിയിൽനിന്നു കിട്ടിയത് ഇരുപതുലക്ഷം മാത്രമാണെന്ന് രാജീവ്പറഞ്ഞു. സഞ്ജയ് എത്ര ശേഖരിച്ചുവെന്ന് ഞാൻ അന്വേഷിച്ചു. കൈകൾകൊണ്ട് തലതാങ്ങിപ്പിടിച്ച് രാജീവ് പറഞ്ഞു, 'കോടികൾ, എണ്ണമില്ലാത്ത കോടികൾ? 'അങ്ങനെ ഭരണത്തിന്റെ തലപ്പത്തുനിന്ന് അഴിമതി സ്ഥാപനവത്കരിക്കപ്പെട്ടു. ശേഷം ചിന്ത്യം. സാഹചര്യങ്ങൾ ഈ വിധത്തിൽ ഉരുത്തിരിഞ്ഞപ്പോൾ തിരുവായ്ക്ക് എതിർവായില്ല എന്ന അവസ്ഥയുണ്ടായി. ഇന്ദിരാഗാന്ധിയും സഞ്ജയ്ഗാന്ധിയും ചേർന്നു സ്ഥാപിച്ച പരമോന്നത നേതൃത്വം കുടുംബവാഴ്ചയായി രൂപാന്തരപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. - ടി ജെ എസ് ജോർജ് ലേഖനത്തിൽ വ്യക്തമാക്കി.

രാജൻ: കേരളത്തിലെ അക്രമങ്ങളുടെ പ്രതീകം

കേരളം കണ്ട ഏറ്റവും വലിയ കേസ് ഏതാണെന്ന് ചോദിച്ചാൽ രാജൻ കേസ് എന്നല്ലാതെ ഒരു മറുപടിയും ഉണ്ടാവില്ല. അടിയന്തരാവസ്ഥയുടെ എല്ലാ ഭീകരയയും അറിയാൻ ഈ ഒരൊറ്റ സംഭവം മതി.അടിയന്തരാവസ്ഥക്കാലത്ത് പൗരന്മാർക്കുള്ള അവകാശങ്ങൾ റദ്ദാക്കപ്പെട്ടിരുന്നു. അതിനെ തുടർന്ന് പൊതുവേ ഇന്ത്യയിൽ പൊലീസ് രാജ് നടപ്പിലാകുകയുണ്ടായി. നക്സലുകളെ പിടികൂടുക എന്ന പ്രധാന ഉദ്ദേശത്തോടെ രണ്ട് പൊലീസ് ക്യാമ്പുകൾ അക്കാലത്ത് കേരളത്തിൽ തുറന്നിരുന്നു. കക്കയം, ശാസ്തമംഗലം എന്നിവിടങ്ങളിലായിരുന്നു അവ. കക്കയം ക്യാമ്പിൽ മലബാർ സ്പെഷ്യൽ പൊലീസിനെയായിരുന്നു പ്രധാനമായും വിന്യസിച്ചിരുന്നത്. ആഭ്യന്തര മന്ത്രി കെ കരുണാകന്റെ നിർലോഭമായ പിന്തുണ ലഭിച്ചതോടെ കേരളത്തിലും പൊലീസ് രാജ് ശക്തമായി.

കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളേജിൽ അവസാന വർഷ വിദ്യാർത്ഥി ആയിരുന്നു രാജൻ. ഗായകനും കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയുമായിരുന്നു. കായണ്ണ പൊലീസ് സ്റ്റേഷനിൽ ഉണ്ടായ നക്സലൈറ്റ് ആക്രമണത്തെ തുടർന്ന്, അതിൽ പങ്കാളിയായ ഒരു രാജനെ തിരഞ്ഞു വന്ന പൊലീസ്, ഒരു കലാലയ മത്സരം കഴിഞ്ഞ് ഹോസ്റ്റലിലെത്തി സംഘം ചേർന്നിരുന്ന വിദ്യാർത്ഥികളോട് ആരാണ് രാജൻ എന്നു ചോദിക്കുകയും, താനാണ് രാജനെന്ന് പറഞ്ഞതിനെത്തുടർന്ന് രാജനെ കൊണ്ടുപോവുകയുമായിരുന്നു. എന്നാൽ മന്ത്രി വെള്ളഈച്ചരൻ സന്നിഹിതനായിരുന്ന ഒരു ചടങ്ങിൽ കരുണാകരനെ അവഹേളിക്കുന്ന ' കനക സിംഹാസനത്തിൽ കയറി ഇരിപ്പവൻ ശുംഭനോ വെറും ശുനകനോ' എന്ന പാട്ടുപാടിയതിനണ്, രാജനെ പൊലീസ് കൊണ്ടുപോയത് എന്നും പറയപ്പെടുന്നുണ്ട്.

1976 മാർച്ച് ഒന്നിന് പുലർച്ചെ 6:30-നു ആയിരുന്നു രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തത് . കക്കയം പൊലീസ് ക്യാമ്പിലേക്കായിരുന്നു രാജനെ കൊണ്ടുപോയിരുന്നത്. ഡി.ഐ.ജി. ജയറാം പടിക്കലിനായിരുന്നു ക്യാമ്പിന്റെ ചുമതല. രാജനെ ചോദ്യം ചെയ്തത്, സബ് ഇൻസ്പെക്ടർ പുലിക്കോടൻ നാരായണൻ അടങ്ങുന്ന സംഘമായിരുന്നു. രാജനോടൊപ്പം കേരളത്തിലെ പ്രമുഖ ഓട്ടോമൊബൈൽ വ്യാപാരസ്ഥാപനമായിരുന്ന പോപ്പുലറിന്റെ പങ്കാളികളിലൊരാളായ പോൾ ചാലിയുടെ മകൻ, ജോസഫ് ചാലിയേയും, പൊലീസ് എഞ്ചിനീയറിങ് കോളേജ് പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചതിനെത്തുടർന്ന് ജോസഫ് ചാലിയെ കുഴപ്പമൊന്നും സംഭവിക്കാതെ രക്ഷപെടുത്താൻ പോൾ ചാലിക്കായി.

വയർ കീറി പുഴയിലിട്ടോ, അതോ പന്നികൾക്ക് ഭക്ഷണമാക്കിയോ?

സബ് ഇൻസ്പെക്ടർ പുലിക്കോടൻ നാരായണന്റെ നേതൃത്വത്തിൽ നടന്ന ക്രൂരമർദ്ദനത്തിലും ഉരുട്ടലിലും ആണ് രാജൻ കൊല്ലപ്പെട്ടതെന്ന് അക്കാലത്ത് ക്യാമ്പിൽ ഇതേ രീതിയിൽ പിടിച്ചുകൊണ്ടു വന്ന മറ്റുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്. പുലിക്കോടനൊപ്പം വേലായുധൻ, ജയരാജൻ, ലോറൻസ് എന്നീ പൊലീസുകാരാണ് രാജനെ ഉരുട്ടിക്കൊണ്ടിരുന്നതെന്നും, ബീരാൻ എന്ന പൊലീസുകാരൻ ശബ്ദം പുറത്തുവരാതിരിക്കാൻ വായ തുണിയുപയോഗിച്ച് അടച്ചുപിടിച്ചിരുന്നുവെന്നും, കുറേ സമയം ഉരുട്ടലിനു വിധേയമാക്കിയ രാജനെ വിട്ട് ബീരാൻ എഴുന്നേറ്റുവെന്നും, എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയ മറ്റുള്ളവർ ഉരുട്ടൽ നിർത്തിയെന്നും സഹതടവുകാരൻ പറഞ്ഞിട്ടുണ്ട്. രാജന്റെ മൃതദേഹം പിന്നീട് പൊലീസ് ജീപ്പിലിട്ട് എങ്ങോട്ടോ കൊണ്ടുപോവുകയാണുണ്ടായത്. രാജന്റെ മൃതദേഹം പൊങ്ങിവരാതിരിക്കാൻ വയർ കീറി പുഴയിലിട്ടുവെന്നും, അല്ല പഞ്ചസാരയിട്ട് പൂർണ്ണമായി കത്തിച്ചുവെന്നുമൊക്കെ പറയപ്പെടുന്നുണ്ട്. അതല്ല മൃതദേഹം ആദ്യം കുറ്റ്യാടിപ്പുഴയിലെ കക്കയം ഡാമിനടുത്ത് ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് കുഴിച്ചിട്ടെന്നും, പിന്നീട് പുറത്തെടുത്ത് പെട്രോളൊഴിച്ചു കത്തിച്ച് അവശിഷ്ടം ഉരക്കുഴി വെള്ളച്ചാട്ടത്തിലെറിഞ്ഞ് തെളിവുകൾ നശിപ്പിക്കുകയും ചെയ്തു എന്നും വാദമുണ്ട്. രാാജന്റെ മരണശേഷം പുലിക്കോടനെ ക്യാമ്പിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല.

അടിയന്തരാവസ്ഥക്കാലത്ത് പൊലീസിൽ കരാർ ഡ്രൈവറായിരുന്ന ഒരാൾ പീപ്പിൾ ചാനലിനു 2014 നവംബറിൽ നൽകിയ വെളിപ്പെടുത്തൽ, മൃതപ്രായനായ രാജനെ കൂത്താട്ടുകുളം മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യയിൽ കൊണ്ടുവരികയും അവിടുത്തെ ശീതീകരണമുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തുകയും, മൃതദേഹം പുറത്തെടുത്തുകൊത്തിനുറുക്കി അരച്ച് പന്നികൾക്ക് ഭക്ഷണമായി നൽകിയിട്ടുണ്ടാവുകയും ചെയ്തിരിക്കാം എന്നാണ്.

അന്ന് എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പാളായിരുന്ന, പിന്നീട് അലീഗഢ് മുസ്ലിം സർവ്വകലാശാല പ്രോ വൈസ് ചാൻസലറുമായ പ്രൊ. കെ.എം. ബഹാവുദ്ദീൻ, വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്ന് അറസ്റ്റ് ചെയ്ത വിവരം, ഹോസ്റ്റലിന്റെ ആക്ടിങ് വാർഡനായിരുന്ന ഗണിതാധ്യാപകൻ ഡോ. മുരളീധരൻ അറിയിച്ചതിനെ തുടർന്ന്, പൊലീസ് പിടിച്ചുകൊണ്ടുപോയ വിദ്യാർത്ഥികളുടെ പിതാക്കന്മാരെ യഥാസമയം വിവരമറിയിച്ചു. തുടർന്ന് ഒരു വിദ്യാർത്ഥിയെ ക്യാമ്പിൽ നിന്ന് രക്ഷപെടുത്താൻ ആ വിദ്യാർത്ഥിയുടെ പിതാവിനു കഴിഞ്ഞുവെങ്കിലും, എറണാകുളത്ത് താമസിച്ചിരുന്ന രാജന്റെ പിതാവ് ഈച്ചരവാരിയർ അന്വേഷിച്ചറിഞ്ഞ് കക്കയം ക്യാമ്പിലെത്തിയെങ്കിലും രാജനെ കണ്ടെത്താനായില്ല. അദ്ദേഹം സുഹൃത്തായിരുന്ന മുഖ്യമന്ത്രി അച്യുതമേനോനേയും സമീപിച്ചു. എന്നാൽ മേനോൻ ഈ കാര്യത്തിൽ സഹായിച്ചില്ല എന്നു വാരിയർ അദ്ദേഹം എഴുതിയ ആത്മകഥയിൽ എടുത്തു പറയുന്നുണ്ട്. ''എനിക്ക് പോയി ഉടുപ്പിട്ട് പോയി പിടിക്കാൻ പറ്റില്ലെല്ലോ'' എന്ന് പറഞ്ഞ് പോയതിൽ പിന്നീട് അചുതമേനോൻ ദുഃഖിച്ചതായി പിന്നീട് പന്ന്യൻ രവീന്ദ്രൻ വെളിപ്പെടുത്തി. ആഭ്യന്തരമന്ത്രിയായ കരുണാകരനും, ഡി.ഐ.ജി. ആയിരുന്ന ജയറാം പടിക്കലും ആയിരുന്നു അടിയന്തരാവസ്ഥക്കാലത്ത് കാര്യങ്ങൾ നടത്തിയിരുന്നത്.

കോൺസൻട്രേഷൻ ക്യാമ്പുപോലെ കക്കയം ക്യാമ്പും

രാജന്റെ പിതാവും കാഴിക്കോട് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഹിന്ദി പ്രൊസറുമായ ഈച്ചരവാരിയർ ഇന്നും കേരളത്തിന്റെ നൊമ്പരമാണ്. മകനെ കണ്ടെത്താൻ സഹായം തേടി അന്നത്തെ മുഖ്യമന്ത്രിയും ഒരുകാലത്ത് പൊലീസിന്റെ വേട്ടയാടലുകൾ വേണ്ടുവോളം സഹിക്കേണ്ടി വന്നിട്ടുള്ളയാളുമായ സി അച്യുതമേനോന്റെ അടുക്കലും ചെന്നിരുന്നു ഈച്ചരവാര്യർ. ഇടയ്ക്കിടെ വന്നു പരാതിപ്പെട്ടിരുന്ന ഈച്ചരവാര്യരോട് ഒടുവിൽ ഒരു സന്ദർഭത്തിൽ പ്രകടമായ നീരസത്തോടെ മേനോൻ ടെലിഫോണിൽ പറഞ്ഞ ഒരു വാചകമുണ്ട്, 'നിങ്ങളുടെ മകനെയും തിരഞ്ഞ് നാട്ടിലെ പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങണം ഞാനെന്നാണോ നിങ്ങൾ പറഞ്ഞുവരുന്നത്..?' അതുകേട്ടപ്പോൾ ഈച്ചരവാര്യർക്ക് സങ്കടവും ദേഷ്യവും കരച്ചിലും ഒക്കെ ഒന്നിച്ചുവന്നു. എന്നാലും ഇടറാത്ത സ്വരത്തോടെ അദ്ദേഹം മറുപടി പറഞ്ഞു, 'കേരളത്തിലെ മുഖ്യമന്ത്രിക്ക് കീഴ്ജീവനക്കാരിൽ നിന്ന് വിവരം തേടാനുള്ള ചുരുങ്ങിയ കഴിവേ ഉള്ളൂ എന്നെനിക്ക് അറിയില്ലായിരുന്നു. എങ്കിൽ, ഞാൻ അങ്ങയുടെ അടുക്കൽ സഹായവും തേടി വരില്ലായിരുന്നു.' അധികാരം ഒരു കമ്യൂണിസ്റ്റിൽ ഏൽപ്പിച്ച അപചയം അന്ന് താൻ നേരിട്ട് അനുഭവിച്ചറിഞ്ഞു എന്ന് ഈച്ചരവാര്യർ തന്റെ ഓർമ്മക്കുറിപ്പിൽ എഴുതി.

1976 ഫെബ്രുവരി 28 -നാണ് കെ വേണുവിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം നക്‌സലൈറ്റുകൾ കൂരാച്ചുണ്ടിനടുത്തുള്ള കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് തോക്കുകൾ കവരാൻ ശ്രമിച്ചത്. ശ്രമം പരാജയപ്പെട്ടു. പൊലീസ് സ്റ്റേഷൻ തീവെക്കപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ടാണ് രാജനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തതെങ്കിലും, കേസിൽ രാജന് നേരിട്ട് പങ്കുണ്ടായിരുന്നില്ല എന്നാണ് ഈച്ചരവാര്യർ അടക്കമുള്ളവർ പറയുന്നത്. രാജനോടൊപ്പം അന്നത്തെ ആർഇസി ഹോസ്റ്റൽ മെസ്സ് ജീവനക്കാരും രാജന്റെ സുഹൃത്തുക്കളുമായ കോരു, ഗംഗാധരകുറുപ്പ് എന്നിവരും ചാലി, ജോൺ കെ പോൾ എന്നീ സഹപാഠികളും അറസ്റ്റിലായി. കാര്യമായി തിരഞ്ഞുകൊണ്ടിരുന്ന മറ്റൊരു വിദ്യാർത്ഥിയും സജീവ നക്സലൈറ്റ് പ്രവർത്തകനുമായിരുന്ന മുരളി കണ്ണമ്പിള്ളിയെ മാത്രം പൊലീസിന് കിട്ടിയില്ല. മുരളി താമസിച്ചിരുന്ന മുറിയിൽ രാജനും മറ്റുപല വിദ്യാർത്ഥികളും സ്ഥിരമായി വന്നുപോയിരുന്നു എന്നതാണ് അവരെ കായണ്ണ കേസുമായി ബന്ധപ്പെടുത്തി അറസ്റ്റു ചെയ്യാനുള്ള പ്രധാന കാരണം. അന്ന് മുരളി താമസിച്ചിരുന്ന മുറിയുടെ ചുവട്ടിൽ ഒരു ടാപ്പർ രാജനും ഭാര്യ ദേവകിയും പാർത്തിരുന്നു. ഹോസ്റ്റലിനടുത്തുള്ള ഒരു മരത്തിന്റെ രണ്ടുചില്ലകളിന്മേൽ തൂങ്ങി ആ ദമ്പതികൾ ജീവനൊടുക്കി. പൊലീസിന്റെ ചോദ്യം ചെയ്യൽ സഹിക്കാൻ കഴിയാതെ എന്ന് ചിലരും, ടാപ്പർ രാജനെ അടിച്ചു കൊന്നും, ഭാര്യ ദേവകിയെ ബലാത്സംഗം ചെയ്തുകൊന്നും പൊലീസ് കെട്ടിത്തൂക്കിയതായിരുന്നു എന്ന് മറ്റു ചിലരും പറഞ്ഞു. അതുതന്നെ അന്നത്തെ അവരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ പരിശോധിച്ച രാജന്റെ സുഹൃത്ത് കാനങ്ങോട്ടു രാജൻ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

കക്കയത്ത് കെസ്ഇബിയുടെ നിരോധിത മേഖലയിൽ താമസക്കാരെ ഒഴിപ്പിച്ച് ക്രൈം ബ്രാഞ്ചും ലോക്കൽ പൊലീസും ചേർന്ന് തട്ടിക്കൂട്ടിയ പീഡനപ്പുരയായിരുന്നു കക്കയം ക്യാമ്പ്. ഹിറ്റ്‌ലറുടെ കോൺസൻട്രേഷൻ ക്യാമ്പുകളെക്കാൾ ഒന്നുകൊണ്ടും പിന്നിലായിരുന്നില്ല അതും. കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണത്തെ തുടർന്നുള്ള പത്തുമാസം അവിടെ അരങ്ങേറിയത് സമാനതകളില്ലാത്ത കൊടിയ പീഡനങ്ങൾ ആയിരുന്നു. വേണു എവിടെ എന്ന് ചോദിച്ചായിരുന്നു അടി. മരത്തിന്റെ ബെഞ്ചിൽ കിടത്തി, ഉലക്ക രണ്ടു പൊലീസുകാർ രണ്ടറ്റത്തും പിടിച്ച് അരമുതൽ മുട്ടുവരെയുള്ള മാംസളമായ ഭാഗം താഴേക്ക് അതിശക്തമായി അമർത്തിക്കൊണ്ട് ഉരുട്ടും. ഒന്നുരണ്ടു റൗണ്ട് ഉരുട്ടൽ കഴിയുമ്പോൾ തുടയിലെ മാംസം എല്ലിൽ നിന്നും തൊലിയിൽ നിന്നും വേർപെടും. നീരുവന്ന് വീർത്തു ചുവന്നു കിടക്കുന്ന അവിടെ കൂർപ്പിച്ച പെൻസിൽ കൊണ്ട് കുത്തും. പുലിക്കോടൻ, ലക്ഷ്മണ, ജയറാം പടിക്കൽ, മധുസൂദനൻ, മുരളീകൃഷ്ണ ദാസ്, വേലായുധൻ, ബീരാൻ, ജയരാജ് , ലോറൻസ്, അബൂബക്കർ, ബാലഗോപാലൻ, വി.ടി തോമസ് എന്നിവരായിരുന്നു അന്നവിടെ രാജാനടക്കമുള്ള നിരപരാധികളായ വിദ്യാർത്ഥികളെ കൊണ്ടുചെന്നു ക്രൂരമായി പീഡിപ്പിച്ചു കൊണ്ടിരുന്നത്. ഉരുട്ടലിനു ശേഷമുള്ള ക്രൂരമായ ചോദ്യം ചെയ്യലിനിടെ ബൂട്സിട്ട കാലുകൊണ്ട് നെഞ്ചത്ത് കിട്ടിയ ചവിട്ടാണ് രാജന്റെ ജീവനെടുത്തത് എന്ന് അന്ന് തൊട്ടടുത്ത ബെഞ്ചിൽ ഉരുട്ടലിന് വിധേയനായ, രാജൻ വധക്കേസിലെ സാക്ഷി കൂടിയായിരുന്ന, കാനങ്ങോട്ടു രാജൻ പിന്നീട് പറഞ്ഞിട്ടുണ്ട്.

എന്റെ കുഞ്ഞിനെ മരിച്ചിട്ടും എന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത്?

രാജനെ തിരഞ്ഞ് ഈച്ചരവാര്യർ എന്ന ഹതഭാഗ്യനായ അച്ഛൻ കാലുവെന്ത നായ കണക്കിന് നടന്നു ചെല്ലാത്തിടങ്ങളില്ല. മുട്ടാത്ത വാതിലുകളില്ല. രാജന്റെ കാര്യത്തിൽ നടന്നത് വളരെ ലളിതമായ ഒരു കാര്യമായിരുന്നു. രാജൻ എന്ന മിടുക്കനായ എഞ്ചിനീയറിങ് വിദ്യാർത്ഥി കുറ്റക്കാരനാണോ അല്ലയോ എന്ന് ആരും അന്വേഷിച്ചില്ല. അവനെ പിടിച്ചുകൊണ്ടുപോവുക, മർദ്ദിക്കുക, കൊല്ലുക. ഇത്രയേ ഉണ്ടായുള്ളു. ആ അച്ഛന്റെ ചോദ്യം ഏതൊരു മലയാളിയുടെയും നെഞ്ചിലേക്ക് ഒരു ചാട്ടുളി പോലെ തുളച്ചു കയറാൻ പോന്നതാണ്. 'കക്കയം ഡാമിൽ കെട്ടിത്താഴ്‌ത്തിയതാണോ പഞ്ചസാരയിട്ടു കത്തിച്ചതാണോ അതോ കൂത്താട്ടുകുളം മീറ്റ് പ്രൊഡക്ട്സ് ഫാമിലെ പന്നിക്കൂട്ടങ്ങൾക്ക് നിങ്ങളുടെ മകനെ കൊത്തിയരിഞ്ഞിട്ടു നൽകിയതാണോ എന്നറിയാതെ മരണം വരെ ഒരേയൊരു മകനു വേണ്ടി നിങ്ങൾക്കു കാത്തിരിക്കേണ്ടി വന്നിട്ടുണ്ടോ?'

പ്രൊഫ. ഈച്ചരവാര്യർ എഴുതിയ 'ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ' പുസ്തകത്തിലെ വരികൾ ആരുടെയും മനസ്സിനെ നോവിക്കുന്നതാണ്. ഒരിക്കൽ രാജനെ അന്വേഷിച്ച് കക്കയം ക്യാമ്പിലേക്ക് ചെന്നപ്പോഴുള്ള അനുഭവം അദ്ദേഹം ഇങ്ങനെ കുറിച്ചു, 'ഏകാന്തമായ കാത്തിരിപ്പിനിടയിൽ ഒരു കരച്ചിൽ എന്റെ തൊണ്ടയിൽ കുരുങ്ങി. കക്കയം ക്യാമ്പിന്റെ അകത്തളങ്ങളിലെ തടവുമുറിയുടെ സുഷിരങ്ങളിൽ നിന്ന് മകന്റെ 'അച്ഛാ' എന്ന വിളി ഉയരുന്നുണ്ടെന്നു ഞാൻ സംശയിച്ചു. കുറേക്കഴിഞ്ഞ് ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി. ഒരിക്കൽകൂടി ക്യാമ്പിലേയ്ക്കു തിരിഞ്ഞുനോക്കി. ആ പൊലീസുകാരൻ എന്നെത്തന്നെ നോക്കി നിൽക്കുകയാണ്. പെട്ടെന്നയാൾ കുന്നിലെ പച്ചപ്പിലേയ്ക്കു കണ്ണു തിരിച്ചു.' തന്റെ മകനെ പൊലീസ് പിടിച്ചു കൊണ്ടുപോയി തല്ലിയിട്ടുണ്ടാകാം. ഉരുട്ടിയിട്ടുണ്ടാകാം. ജീവച്ഛവമാക്കിയിട്ടുണ്ടാകാം. എന്നാലും അവനെ അവർ കൊന്നുകളഞ്ഞിട്ടുണ്ടാകും എന്ന് ആ അച്ഛൻ ഒരിക്കലും മനസ്സിൽ കരുതിയില്ല. തന്റെ പ്രതീക്ഷകൾ അദ്ദേഹം ഇങ്ങനെ കുറിച്ചു,'രാജൻ വരുമെന്നു തന്നെ ഞാൻ ഉറച്ചു വിശ്വസിച്ചു. രാത്രി എപ്പോഴും ഒരിലച്ചോറു കരുതി വയ്ക്കാൻ ഞാൻ ഭാര്യയോടു പറഞ്ഞു കൊണ്ടിരുന്നു. അവനെപ്പോഴും വരാം. പട്ടിണികിടന്ന് വിശന്ന വയറോടെ ചടച്ച ശരീരത്തോടെ അവൻ വരുമ്പോൾ അവനുവേണ്ടി ചോറ് കരുതിവച്ചിരിക്കണം. അവന് വരാതിരിക്കാനാവില്ല. പട്ടികൾ അകാരണമായി കുരയ്ക്കുകയും ഓളിയിടുകയും ചെയ്ത രാത്രികളിൽ ഉമ്മറവാതിൽ തുറന്ന് അച്ഛാ എന്ന വിളി ഉയരുന്നുണ്ടോ എന്ന് ഇരുട്ടിലേയ്ക്കു ചെവി കൂർപ്പിച്ച് പലതവണ ഞാൻ നിന്നു. പിന്നെ വാതിലടയ്ക്കാതെ കിടക്കയിലേയ്ക്കു വീണു. കുഞ്ഞിമോനേ എന്ന കരച്ചിൽ എന്റെ നെഞ്ചിലെ ഗദ്ഗദത്തിൽ കുഴഞ്ഞു. എന്റെ കണ്ണിൽ നിന്നു കണ്ണീരടരുന്നതും എനിക്കു തടയേണ്ടതുണ്ടായിരുന്നു. അവന്റെ അമ്മ, രാധ ഇതൊന്നും അറിഞ്ഞുകൂടാ...'

ഒരാൾ കൊലപാതകിയോ മാവോയിസ്റ്റോ ആണെന്നു തീരുമാനിക്കാനും ശിക്ഷ നടപ്പാക്കാനുമുള്ള അധികാരം പൊലീസിനും സമൂഹത്തിനും നൽകുന്ന അവസ്ഥ വളരെ പരിതാപകരമാണ്. മകന്റെ കാര്യത്തിൽ ആ ദുര്യോഗം അനുഭവിച്ചാണ് അദ്ദേഹം മരിച്ചത്. മരിക്കും വരെയും പ്രൊഫസറെ സമൂഹം ഒരു നക്സലൈറ്റിന്റെ അച്ഛനായിട്ടാണ് കണ്ടത്. തന്റെ ആത്മനൊമ്പരങ്ങളുടെ ഓർമ്മക്കുറിപ്പുകൾ പറഞ്ഞു നിർത്തുന്നിടത്ത് അദ്ദേഹത്തിന്റെ ഏറെ മർമ്മഭേദകമായ ഒരു ചോദ്യമുണ്ട്, 'എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത്?'

രാജന്മാത്രമല്ല ആയിരക്കണക്കിന് യുവതീയുവാക്കൾക്കാണ് അടിയന്തരാവസ്ഥയിൽ ജീവൻ നഷടമായത്.

ഒടുവിൽ ഇന്ദിര നിലം പരിശാവുന്നു

അടിയന്തരാവസ്ഥ കഴിയുന്നത്ര നീട്ടിക്കൊണ്ടു പോകാൻ സഞ്ജയ് ഗാന്ധി അമ്മ ഇന്ദിരക്കുമേൽ പരമാവധി സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ സ്വന്തം മകനെപ്പോലും ഞെട്ടിച്ചുകൊണ്ട് 1977 -ൽ ഇന്ദിരാഗാന്ധി വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജോൺ ഗ്രിഗ്ഗ് അടക്കമുള്ള പല വിദേശ രാഷ്ട്രീയ നിരീക്ഷകരിൽ നിന്നും തന്റെ സ്വേച്ഛാധിപത്യ ത്വരയെപ്പറ്റി ഉയർന്നുവന്ന വിമർശനങ്ങളാണ്, ഇന്ത്യയെ വീണ്ടും ജനാധിപത്യത്തിന്റെ വഴിയേ നടത്താൻ ഇന്ദിരയെ പ്രേരിപ്പിച്ചത്. ഇന്ദിര തന്റെ രാഷ്ട്രീയജീവിതത്തിൽ എടുത്ത ഏറ്റവും ധീരമായ തീരുമാനമായിരുന്നു അത്.1977 മാർച്ച് 21 ന് അടിയന്തരാവസ്ഥ പിൻവലിച്ച് രാഷ്ട്രപതിയുടെ ചുമതലയുള്ള ഉപരാഷ്ട്രപതി ബി ഡി ജട്ടി ഉത്തരവിട്ടു. രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് ഒരു മാസം മുൻപ് മരിച്ചതോടെയാണ് ബി ഡി ജട്ടിയിൽ ആ ചുമതല എത്തിയത്. പക്ഷേ ജയിലിൽ നിന്നിറങ്ങിയ പ്രതിപക്ഷ നേതാക്കൾക്ക് ഇന്ദിര കരുതിയതിലും കൂടുതൽ ജനപിന്തുണ ഉണ്ടായിരുന്നു.

കോൺഗ്രസ് ആദ്യമായി പ്രതിപക്ഷത്ത് എത്തിയ ആ തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടി 345 സീറ്റ് നേടി അധികാരത്തിലെത്തി. മൊറാർജി ദേശായി ആയിരുന്നു പ്രധാനമന്ത്രി. കോൺഗ്രസിന് 187 സീറ്റ് മാത്രം. കോൺഗ്രസ് പ്രതിപക്ഷത്ത് ആയതിലും വലിയ വാർത്ത അതായിരുന്നു. ഇന്ദിരാ ഗാന്ധി റായ്ബരേലിയിൽ തോറ്റു. സഞ്ജയ് ഗാന്ധിക്കുനേരെ വധശ്രമമുണ്ടായി. 1977 മാർച്ചിൽ അഞ്ചുതവണ അദ്ദേഹത്തിനുനേരെ വെടിയുതിർക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ ഭരണത്തിലേറിയ ജനതാ പാർട്ടി സർക്കാർ സഞ്ജയ് ഗാന്ധിക്കെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം നടത്തി. സഞ്ജയ് ഗാന്ധിയെ ജയിലിലടച്ചു. പീന്നീ് അതിനിന്ന് അദ്ദേഹം ഊരിപ്പോന്നെങ്കിലും ചരിത്രത്തിന്റെ ചെറിയ പകവീട്ടൽ തന്നെയായിരുന്നു അത്.

പക്ഷേ കേരളത്തിൽ മുഴവൻ ലോക്സഭാ സീറ്റും കോൺഗ്രസ് മുന്നണിക്ക് നൽകി, പ്രബുദ്ധ കേരളം അടിയന്തരാവസ്ഥക്ക് പിന്തുണ കൊടുക്കയായിരുന്നു. നക്സൽ ആക്രമണങ്ങളിൽ കേരളം അത്രമേൽ ഭയന്നുപോയ കാലംകൂടിയായിരുന്നു അത്. കേരളത്തിലെ മധ്യവർഗം ഒന്നടങ്കം അടിയന്തരാവസ്ഥയെ പിന്തുണക്കയാണ് ചെയ്തത്. ട്രയിനുകൾ സമയത്തിന് ഓടുന്നു, സർക്കാർ ഉദ്യോഗസ്ഥർ കൃത്യമായി പണിയെടുക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് അവർ അടിയന്തരാവസ്ഥക്ക് ന്യായീകരണമായി കണ്ടെത്തിയത്.

പക്ഷേ കാലം കരുണാകരനെയും വെറുതെ വിട്ടില്ല. രാജൻ കേസിൽ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത് ചരിത്രം. 45 വർഷം കഴിയുമ്പോഴും ഇനി ഒരിക്കലും അടിയന്താരവസ്ഥ ആവർത്തിക്കപ്പെടുതേയെന്നാണ് ജനാധിപത്യവാദികൾ പ്രചരിപ്പിക്കുന്നത്. ഒപ്പം അടിയന്തരാവസ്ഥയെ രണ്ടാം സ്വാതന്ത്ര്യ സമരമായി  പ്രഖ്യാപിക്കണമെന്നും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP