Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202413Saturday

ചൊവ്വയിൽ 10 ലക്ഷം പേരുടെ കോളനി സ്ഥാപിക്കാൻ വിറ്റത് പത്തുകോടി ഡോളറിന്റെ സ്വത്തുക്കൾ; അമേരിക്കയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ കൊച്ചിയിലെത്താൻ ലക്ഷ്യമിടുന്ന സ്റ്റാർഷിപ്പിന് മുടക്കിയത് ശതകോടികൾ; ഇപ്പോൾ മനുഷ്യന്റെ തലച്ചോർ കമ്പ്യൂട്ടറുമായി ഘടിപ്പിക്കുന്നു; ഇലോൺ മസ്‌ക്ക് ലോകത്തിന്റെ ഗതി തിരിച്ചുവിടുമ്പോൾ!

ചൊവ്വയിൽ 10 ലക്ഷം പേരുടെ കോളനി സ്ഥാപിക്കാൻ വിറ്റത് പത്തുകോടി ഡോളറിന്റെ സ്വത്തുക്കൾ; അമേരിക്കയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ കൊച്ചിയിലെത്താൻ ലക്ഷ്യമിടുന്ന സ്റ്റാർഷിപ്പിന് മുടക്കിയത് ശതകോടികൾ; ഇപ്പോൾ മനുഷ്യന്റെ തലച്ചോർ കമ്പ്യൂട്ടറുമായി ഘടിപ്പിക്കുന്നു; ഇലോൺ മസ്‌ക്ക് ലോകത്തിന്റെ ഗതി തിരിച്ചുവിടുമ്പോൾ!

എം റിജു

നിലവിലുള്ള മനുഷ്യന്റെ പതിനായിരം ഇരട്ടിബുദ്ധിയുള്ള മനുഷ്യരെ സൃഷ്ടിക്കാൻ കഴിയമോ? പകുതി മനുഷ്യ മസ്തിഷ്‌ക്കവും പകുതി കംമ്പ്യൂട്ടറുമായ സൂപ്പർമാന്റെ കഥയൊക്കെ, ലെയിൻ ബാങ്ക്സിനെ പോലുള്ള എഴുത്തുകാർ ഉണ്ടാക്കിയിട്ടുണ്ട്. എല്ലാവരും ഇവ സയൻസ് ഫിക്ഷനായി ചിരിച്ചുതള്ളി. എന്നാൽ ഇലോൺ മസ്‌ക്ക് എന്ന, ലോകത്തിന്റെ ഗതിതന്നെ മാറ്റിമറിക്കാൻ ശ്രമിക്കുന്ന, കിറുക്കനായ ശതകോടീശ്വരന് ഇത് വെറും കഥയായി തോന്നിയില്ല.

മനുഷ്യന്റെ ചിന്തകളെ കംമ്പ്യൂട്ടറുകളുമായി ബന്ധിപ്പിക്കുക, എന്ന അത്യപൂർവമായ ആശയം അയാൾക്ക് കിട്ടുന്നത് ലെയിൻ ബാങ്ക്സിന്റെ എഴുത്തുകളിൽ നിന്നാണ്. എഴുത്തുകാരനായ വാൾട്ടർ ഐസക്സണിന്റെ മസ്‌കിനെ കുറിച്ചുള്ള പുസ്തകത്തിൽ ഇക്കാര്യം എടുത്തുപറയുന്നുണ്ട്.

മനുഷ്യന്റെ ചിന്തകളെ കംമ്പ്യൂട്ടറുകളുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നും, അതിനായുള്ള ഗവേഷണങ്ങൾക്കായി താൻ ശതകോടികൾ ഇൻവസ്റ്റ്ചെയ്യാൻ പോവുകയാണെന്നും, 2016ൽ ഇലോൺ മസ്‌ക്ക് പറഞ്ഞപ്പോൾ, അത് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്റെ മറ്റൊരു ഉച്ചക്കിറുക്ക് എന്ന് കരുതിയവർ ഒട്ടേറെ. അത്ലാന്റിക്ക് സമുദ്രത്തിന് പാലം കെട്ടാനും, ആകാശത്തിന് പന്തലിടാനുമൊക്കെ ആരെങ്കിലും ഒരു പ്രോജക്റ്റുമായി വന്നാൽ, അതിൽ വീണുപോവുന്നവനാണ് മസ്‌ക്ക്. ചൊവ്വയിൽ 10 ലക്ഷം പേരുടെ ഒരു കോളനി സ്ഥാപിക്കാനും, മണിക്കൂറിൽ 1000 കിലോമീറ്റർ വരെ വേഗത കൈവരിക്കുമെന്നു കരുതപ്പെടുന്ന ട്യൂബ് ഗതാഗത സംവിധാനത്തിനും, ഒരു ഭൂഖണ്ഡത്തിൽനിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് മിന്നൽ വേഗത്തിൽ ആളുകളെ എത്തിക്കാൻ കഴിയുന്ന സ്റ്റാർഷിപ്പിനും, മനുഷ്യൻ ചെയ്യാത്ത എല്ലാ അപകടകരമായ തൊഴിലും ചെയ്യുന്ന ഹ്യൂമനോയിഡ് റോബോർട്ടിനുമൊക്കെ കോടികളാണ് മസ്‌ക്ക് മുടക്കിയത്. മനുഷ്യന്റെ തലച്ചോർ കമ്പ്യൂട്ടറുമായി ഘടിപ്പിക്കുക എന്ന ന്യൂറാലിങ്ക് സാങ്കേതിക വിദ്യയെയും, അതുപോലെ നടന്നാൽ നടന്നു എന്ന് പറയാവുന്ന, പത്തിലൊന്ന് വിജയം പോലുമില്ലാത്ത പ്രോജക്റ്റ് ആയിട്ടാണ് ലോകം കണ്ടത്.

പക്ഷേ കഴിഞ്ഞ ആഴ്ച കളിമാറി. എട്ടുവർഷത്തെ തുടർച്ചയായ പരീക്ഷണത്തിന് ഒടുവിൽ ന്യൂറാലിങ്ക് പ്രാഥമിക വിജയം കണ്ടിരിക്കുന്നു. ന്യൂറാലിങ്കിൽ നിന്ന് ബ്രെയിൻ ചിപ്പ് ഘടിപ്പിച്ച ആദ്യത്തെ മനുഷ്യന് മനസുകൊണ്ട് കമ്പ്യൂട്ടർ മൗസ് നിയന്ത്രിക്കാൻ സാധിച്ചതായി ഇലോൺ മസ്‌ക് അറിയിച്ചത് ഞെട്ടലോടെയാണ് ശാസ്ത്രലോകം കേട്ടത്!

തലച്ചോറും കമ്പ്യൂട്ടറും കണക്റ്റാവുമ്പോൾ!

രോഗിയിൽ നിന്ന് പരമാവധി ലഭിക്കാവുന്നത്ര മൗസ് ബട്ടൺ ക്ലിക്കുകൾ നേടാനാണ് ന്യൂറാലിങ്ക് ഇപ്പോൾ ശ്രമിക്കുന്നത്. ചിപ്പ് ഘടിപ്പിച്ച മനുഷ്യൻ പൂർണമായും സുഖം പ്രാപിച്ചതായും മസ്‌ക് വ്യക്തമാക്കി.''പുരോഗതി നല്ലതാണ്, രോഗി പൂർണമായി സുഖം പ്രാപിച്ചു. നിലവിൽ ദോഷഫലങ്ങളൊന്നുമില്ല. ചിന്തകൾ കൊണ്ട് സ്‌ക്രീനിനു ചുറ്റും ഒരു മൗസിനെ ചലിപ്പിക്കാൻ രോഗിക്ക് കഴിയും,'' സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ സ്‌പേസ് ഇവന്റിൽ മസ്‌ക് പറഞ്ഞു.

തലച്ചോറിന്റെ പ്രവർത്തനം വായിക്കാനും രേഖപ്പെടുത്താനും സാധിക്കുന്ന, കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൈക്രോചിപ്പാണ് ന്യൂറാലിങ്ക്. തലമുടി നാരിനെക്കാൾ നേർത്ത 64 ഇംപ്ലാന്റുകൾ ചേർന്ന ചിപ്പാണിത്. തലച്ചോറിൽ നിന്നുമുള്ള സിഗ്നലുകൾ കംപ്യൂട്ടർ സർക്യൂട്ടുകൾ പിടിച്ചെടുക്കും. ഇതിനുള്ളിൽ സെൻസറുകളും വയർലെസ് രീതിയിൽ ചാർജ് ചെയ്യാവുന്ന ബാറ്ററികളുമുണ്ട്.

നമ്മുടെ മസ്തിഷ്‌കം നമ്മുടെ ശരീരത്തെ നിയന്ത്രിക്കാൻ വൈദ്യുത സിഗ്നലുകൾ ഉപയോഗിക്കുന്നതുപോലെ, ന്യൂറാലിങ്കിന്റെ ബ്രെയിൻ ചിപ്പ് ചിന്തകൾക്കും ഡിജിറ്റൽ ലോകത്തിനും ഇടയിലുള്ള ഒരു പാലമായി പ്രവർത്തിക്കുന്നു. 2016-ൽ മസ്‌ക്ക് സഹ സ്ഥാപകനായി സ്ഥാപിച്ച ന്യൂറോടെക്‌നോളജി കമ്പനിയുടെ പദ്ധതിയായിരുന്നു ബ്രെയിൻ ചിപ്പ്. മസ്തിഷ്‌കവും കമ്പ്യൂട്ടറും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. മനുഷ്യന്റെ നിരവധി പരിമിതികളെ ഇതുവഴി മറികടക്കാനാകുമെന്നാണ് മസ്‌ക്ക് വിശ്വസിക്കുന്നത്.

ചലനശേഷി നഷ്ടപ്പെട്ടവർക്കും ശാരീരിക അവശതകളുള്ളവർക്കും പദ്ധതി സഹായകമാകും. പൊണ്ണത്തടി, ഓട്ടിസം, വിഷാദം, സ്‌കീസോഫ്രീനിയ തുടങ്ങിയ അവസ്ഥകൾക്കുള്ള ചികിത്സയിലും ചിപ്പിന് നിർണായക പങ്ക് വഹിക്കാനാകുമെന്ന് കമ്പനി കരുതുന്നു. ഭാവിയിൽ എഐ സംവിധാനങ്ങളുമായി മനുഷ്യന്റെ തലച്ചോറിനെ ബന്ധിപ്പിക്കുന്ന തലത്തിലേക്കു പദ്ധതി വളരുമെന്ന് മസ്‌ക്ക് നേരത്തെ പറഞ്ഞതു വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

സുരക്ഷാ പ്രോട്ടോക്കോളുകളുടെ പേരിൽ കഠിനമായ സൂക്ഷ്മ പരിശോധനകളെയാണ് മസ്‌ക്ക് അതിജീവിച്ചത്. സെപ്റ്റംബറിൽ ഹ്യൂമൻ ട്രയൽ റിക്രൂട്ട്‌മെന്റിന് അംഗീകാരം ലഭിച്ചതിന് ശേഷം കഴിഞ്ഞമാസമാണ് കമ്പനി ആദ്യത്തെ മനുഷ്യനിൽ ചിപ്പ് വിജയകരമായി ഘടിപ്പിച്ചത്. ജനുവരിയിൽ റോബട്ടിക് ശസ്ത്രക്രിയ വഴിയാണ് തലയിൽ ചിപ് ഘടിപ്പിച്ചത്. ടെലിപ്പതി എന്നാണ് തലച്ചോറിനേയും കംപ്യൂട്ടറിനേയും ബന്ധിപ്പിക്കുന്ന ഈ ഉപകരണത്തിന് പേരിട്ടിരിക്കുന്നത്.

ന്യൂറാലിങ്ക് പ്രവർത്തിക്കുന്നതെങ്ങനെ?

കേൾക്കുമ്പോൾ പേടി തോന്നുമെങ്കിലും, ലളിതമായ ശാസ്ത്ര തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ന്യൂറാലിങ്കിന്റെ പ്രവർത്തനം. തലയോട്ടിയുടെ ചെറിയൊരു ഭാഗം നീക്കി, അതിലൂടെ ചെറിയ ഒരു കംമ്പ്യൂട്ടർചിപ് വച്ച്, തലച്ചോറും കംമ്പ്യൂട്ടറുമായി ലിങ്ക് ചെയ്തു പ്രവർത്തിപ്പിക്കുക എന്നതാണ് ന്യൂറാലിങ്ക് സാങ്കേതികവിദ്യ. ജൂലൈ 2016ൽ കാലിഫോർണിയയിൽ മെഡിക്കൽ ഗവേഷണത്തിനായി രജിസ്റ്റർ ചെയ്തതാണ് ന്യൂറാലിങ്ക് കമ്പനി. ഇതിന് മുഴുവൻ പണവുംതന്നെ ഇറക്കിയിരിക്കുന്നത് മസ്‌ക് ആണ്. തുടക്കത്തിൽ അമ്യോട്രോഫിക് ലാറ്ററൽ സ്‌കെലറോസിസ് (എഎൽഎസ്) പോലെയുള്ള കടുത്ത പ്രശ്നം തലച്ചോറിനെ ബാധിച്ചിരിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശമാണ് ഇതിനുള്ളത്. എന്നാൽ വർഷങ്ങൾക്കുള്ളിൽ വൻ ലക്ഷ്യങ്ങളാണ് മാസ്‌ക്കിലനുള്ളത്. ചിന്തകളെപ്പോലും അപ്ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും വരെ ശേഷി ആർജ്ജിച്ചേക്കുമെന്നു കരുതുന്ന 'ന്യൂറൽ ലെയ്സ്' ടെക്നോളജി അടക്കമാണ് പുതിയ ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫെയ്സിന്റെ സാധ്യതയായി കാണുന്നത്.

2016ൽ ഈ പരീക്ഷണത്തിന് സന്നദ്ധരായവരെ ക്ഷണിച്ച് കമ്പനി ഇറക്കിയ കുറിപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനായി ആയിരക്കണക്കിന് പേർ എത്തിയെന്ന് മസ്‌ക്ക് തന്നെ അറിയിച്ചിരുന്നു. മനുഷ്യന്റെ ചിന്തകളെ കമ്പ്യൂട്ടറിലേക്ക് എത്തിക്കാൻ സാധിക്കുന്ന ഒരു ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫെയ്സ് വികസിപ്പിച്ചെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കാലം കുറച്ചായി. പക്ഷേ അതിന് സ്വതന്ത്ര റിവ്യൂ ബോർഡിന്റെ അനുമതി ലഭിക്കാൻ വൈകി. അനുതിലഭിച്ചതോടെ പക്ഷാഘാത രോഗികളിൽ ബ്രെയിൻ ഇംപ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് ആദ്യം തുടങ്ങിയത്. പ്രിസൈസ് റോബോട്ടിക്കലി ഇംപ്ലാന്റഡ് ബ്രെയിൻ കംപ്യൂട്ടർ ഇന്റർ ഫെയ്സ് എന്നാണ് ഈ പദ്ധതിക്ക് പേര്. മനുഷ്യന്റെ തലയോട്ടിക്കുള്ളിൽ സ്ഥാപിക്കുന്ന യന്ത്രത്തിന്റെ സുരക്ഷയും പ്രവർത്തനക്ഷമതയുമാണ് പരീക്ഷിക്കുക.

കുരങ്ങ് ചത്തത് വിവാദത്തിൽ

തലയോട്ടിയുടെ ഒരു ഭാഗം തുറന്ന് അതിനുള്ളിൽ സ്ഥിരമായിഒരു കമ്പ്യൂട്ടർ പ്രൊസസർ വയ്ക്കുക എന്ന സംവിധാനത്തിനു ഭാവിയിൽ പല ഉദ്ദേശലക്ഷ്യങ്ങളും, ഉണ്ടെങ്കിലും ന്യൂറാലിങ്കിന്റെ തുടക്ക ഘട്ടം, ശരീരം തളർന്നു പോയവർക്കും, കാഴ്ചശക്തിയില്ലാത്തവർക്കുമൊക്കെ തുണയാകാനായിരുന്നു. നേരത്തെ പന്നികളിലും കുരങ്ങുകളിലുമാണ് ടെസ്റ്റ് ചെയ്ത് ഇത് വിജയം നേടി. പക്ഷേ 2022-ൽ ഒരു കുരങ്ങ് ചത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മസ്‌ക്ക് ഈ പരീക്ഷണങ്ങളിൽ ധൃതി കൂട്ടുന്നുവെന്നും ആരോപണം ഉയർന്നു. പക്ഷേ കുരുങ്ങ് ചത്തത് മറ്റ് കാരണങ്ങൾ കൊണ്ടാണെന്ന് പിന്നീട് വെളിപ്പെട്ടു. മാത്രമല്ല, തളർന്നുകിടക്കുന്ന രോഗികളിലും മറ്റും ഇത് ഏറെ ഗുണം ചെയ്യുമെന്ന് പല ശാസ്ത്രകാരന്മാരും എഴുതിയതോടെ പൊതുബോധം മാറി.

ആറ് വർഷം നീണ്ട പഠനമായിരിന്നു തുടർന്ന് നടന്നത്. നട്ടെല്ലിന് ക്ഷതമേറ്റ് തളർന്ന ക്വാഡ്രിപ്ലീജിയ, എഎൽഎസ്, രോഗാവസ്ഥകളിലുള്ളവരിലായിരുന്നു പരീക്ഷണം. മനുഷ്യരുടെ തലച്ചോറും മൈക്രോചിപ്പും തമ്മിൽ ബന്ധിപ്പിച്ച്, ചില രോഗാവസ്ഥകളിലുള്ളവരെ സഹായിക്കാനൊക്കുമോ എന്നറിയാനായിരിക്കും ശ്രമം. ഇതിന് സ്വമേധയാ മുന്നോട്ടുവരുന്നവരെ ക്ഷണിച്ചാണ്, കമ്പനി പരസ്യം ചെയ്തത്.

ഒരാളുടെ തലച്ചോറിൽ സൃഷ്ടിക്കപ്പെടുന്ന സിഗ്‌നലുകൾ ന്യൂറാലിങ്ക് വഴി വ്യാഖ്യാനിച്ച് ആ വിവരം തലച്ചോറിനു വെളിയിലുള്ള ഉപകരണങ്ങളിലേക്ക് ബ്ലൂ ടൂത്ത് ഉപയോഗിച്ചു കണക്ട് ചെയ്യുക എന്ന ലക്ഷ്യമാണ് പരീക്ഷണത്തിന്. ഈ പരീക്ഷണത്തിന് വിധേയമാവുന്ന രോഗികളുടെ മസ്തിഷ്‌കത്തിൽ ചലനങ്ങൾ നിയന്ത്രിക്കുന്ന ഭാഗത്തായാണ് ശസ്ത്രക്രിയയിലൂടെ ന്യൂറാലിങ്ക് ചിപ്പ് ഘടിപ്പിക്കുക. ഒരു റോബോട്ട് ഉപയോഗിച്ചായിരിക്കും ഈ ശസ്ത്രക്രിയ. ശേഷം മസ്തിഷ്‌കത്തിൽ നിന്നുള്ള സിഗ്‌നലുകൾ പിടിച്ചെടുക്കുകയും അവയെ ഒരു ആപ്പിലേക്ക് അയക്കുകയും ചെയ്യും. ചിന്തകളിലൂടെ ഒരു കമ്പ്യൂട്ടർ കഴ്സറും കീബോർഡും നിയന്ത്രിക്കുന്നതിന് രോഗികളെ പ്രാപ്തമാക്കുകയാണ് പരീക്ഷണത്തിന്റെ പ്രാഥമിക ലക്ഷ്യമൊണ്് കമ്പനി പറഞ്ഞത്. അതിലാണ് ഇപ്പോൾ വിജയിച്ചിരിക്കുന്നത്.

2030നു മുമ്പ് 22,000 പേരിൽ പരീക്ഷണം

മനുഷ്യരുടെ ചരിത്രത്തിൽ ദൂരവ്യാപകപ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ഒരു പരീക്ഷണമാണിത്. ആദ്യ ഘട്ടത്തിൽ 40 വയസിൽ താഴെയുള്ള, അവയവങ്ങൾ തളർന്ന മുതിർന്നവരിലാണ് പരീക്ഷണം നടത്തിയത്. 2024ൽ 11 പേരിലാണ് ടെസ്റ്റ് നടത്തിയത്. ഇതിൽ നിന്ന് എത്തിച്ചേരാവുന്ന നിഗമനങ്ങൾ കൂടെ ഉൾപ്പെടുത്തി, രണ്ടാം ഘട്ടത്തിൽ 2030നു മുമ്പ് 22,000 പേരിൽ ഈ പരീക്ഷണം നടത്തുമെന്നാണ് മസ്‌കിന്റെ ജീവചരിത്രകാരന്മാരിൽ ഒരാളായ ആഷ്ലിവാൻസ് പറയുന്നത്. ഇതിൽ സ്വമേധയാ പങ്കെടുക്കാൻ എത്തുന്നവർക്ക് പണം നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ട് പറയുന്നു.

തലയോട്ടിക്ക് തുളയിടുന്ന ശസ്ത്ര്ക്രീയയെ ക്രെനിയക്ടെമി എന്നാണ് വിളിക്കുന്നത്. ന്യൂറാലിങ്കിന്റെ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചെത്തുന്നവർക്ക് ക്രെനിയക്ടെമി നടത്താൻ ഒരു വിദഗ്ധനായ സർജന് രണ്ടു മണിക്കൂറോളം എടുക്കും. ചിപ് വെക്കുന്നത് റോബോട്ട് ആയിരിക്കും. അതിന് 25 മിനിറ്റും എടുത്തേക്കുമെന്നാണ് കണക്കുകൂട്ടൽ. കൈകൾ, മണിബന്ധം, കൈത്തണ്ട എന്നിങ്ങനെയുള്ള ഭാഗങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിലെ മേഖലയെ ആയിരിക്കും ചിപ്പുമായി ബന്ധിപ്പിക്കുക. രോഗിക്ക് പ്രശ്നം സൃഷ്ടിക്കാതെ, ഇവിടെ നിന്ന് പ്രയോജനപ്രദമായ ഡേറ്റ ശേഖരിക്കാനാകുമെന്ന് തെളിയിക്കുക എന്നതായിരിക്കും പ്രഥമ ഘട്ട പരീക്ഷണത്തിന്റെ ലക്ഷ്യം. ന്യൂറാലിങ്ക് ചിപ്പ് ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റ അടുത്തിരിക്കുന്ന ഒരു ലാപ്ടോപ്പിലേക്കോ ടാബ്ലറ്റിലേക്കോ വയർലെസായി പ്രക്ഷേപണം ചെയ്യും.

ഇത്തരം ഒരു ഉപകരണം തലച്ചോറിൽ പിടിപ്പിക്കുന്നതിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ സാധിക്കുമോ എന്ന പേടിയായിരുന്നു ന്യൂറാലിങ്കിന്റെ ഗവേഷകർക്ക്. ചിപ്പിൽ ഉള്ള ലിഥിയം ബാറ്ററി തലയോട്ടിക്കുള്ളിൽ എത്തുമ്പോൾ എന്തു സംഭവിക്കും എന്നുള്ള പേടിയും, ഉപകരണത്തിന്റെ വയറുകൾ തലച്ചോറിലേക്ക് പറ്റിപ്പിടിച്ചുപോകുമോ എന്ന പേടിയും ഒക്കെയായിരുന്നു ഗവേഷകർ നേരിട്ട പ്രധാന വെല്ലുവിളികൾ. എന്തായാലും, ഇക്കാര്യങ്ങളിലൊക്കെ കമ്പനി നൽകിയ വിശദീകരണങ്ങൾ അമേരിക്കയിലെ, ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അംഗീകരിച്ചതോടെയാണ് രോഗികളിൽ പരീക്ഷണം ആരംഭിക്കുന്നത്. വരുന്ന കാലത്ത്അമിത വണ്ണം, ഓട്ടിസം, വിഷാദരോഗം, സ്‌കിറ്റ്സോഫ്രീനിയ തുടങ്ങിയ രോഗങ്ങളുള്ളവർക്കും ചിപ് ഗുണകരമായേക്കുമെന്നാണ് മസ്‌ക് കരുതുന്നത്.

ചൊവ്വാക്കോളനിയിലേക്ക് പത്തുലക്ഷം പേർ!

ഒറ്റനോട്ടത്തിൽ ഭ്രാന്ത് എന്ന ആശയങ്ങൾക്ക് പിറകെ പോയതുതന്നെയായിരിക്കണം, കൈയിൽ കാൽക്കാശില്ലാതെ ദക്ഷിണാഫ്രിക്കയിൽനിന്ന് അമേരിക്കയിലെത്തി, പിന്നെ വളർന്നുപന്തലിച്ച മസ്‌ക്കിന്റെ വിജയത്തിനും അടിസ്ഥാനം. 2018-ൽ തന്റെ ബഹിരാകാശമേഖലാ കമ്പനിയായ സ്പേസ് എക്സിന്റെ ഫാൽക്കൺ ഹെവി എന്ന റോക്കറ്റ് വിക്ഷേപിച്ചപ്പോൾ ടെസ്ല റോഡ്സ്റ്റർ എന്ന ആരും കൊതിക്കുന്ന കാറും ബഹിരാകാശത്തേക്ക് അയച്ചു മസ്‌ക് (ടെസ്ലയും മസ്‌കിന്റെ കമ്പനി തന്നെ). ഈ കാറിപ്പോഴും ബഹിരാകാശത്ത് ചുറ്റിക്കറങ്ങുന്നു. ഇതുപോലെ ഒരു വട്ട് കാണിക്കാൻ മസ്‌ക്കിനെ കഴിയൂ.

ഇലോൺ മസ്‌ക്ക് 2050 ൽ ചൊവ്വയിൽ 10 ലക്ഷം പേരുടെ ഒരു കോളനി സ്ഥാപിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇതിനായുള്ള ധനസമാഹരണത്തിനാണു 10 കോടി ഡോളർ മൂല്യമുള്ള തന്റെ റിയൽ എസ്റ്റേറ്റ് സ്വത്തുക്കൾ മസ്‌ക്ക് വിൽക്കാൻ തുടങ്ങിയത്. തന്റെ പേരിലുണ്ടായിരുന്ന അവസാന വീടും വസ്തുവും 210 കോടി രൂപയ്ക്ക് മസ്‌ക്ക് ഇടയ്ക്ക് വിറ്റു. ചൊവ്വയിൽ ഒരു കോളനി സ്ഥാപിക്കാനായി തന്റെ വീടുകളും വസ്തുവകകളും വിൽക്കുമെന്നു കുറേക്കാലം പറഞ്ഞു നടന്നിട്ടാണ് വിറ്റത്. 16000 ചതുരശ്രയടി വിസ്തീർണമുള്ള ഈ ബംഗ്ലാവിൽ ഒൻപതു കിടപ്പുമുറികളും 10 ബാത്ത്റൂമുകളുമുണ്ട്.

കോളനി സ്ഥാപിച്ച ശേഷം ചൊവ്വയിൽ ഒരു നഗരം പണിയണമെന്നൊക്കെയാണു മസ്‌കിന്റെ 'ചെറിയ ചെറിയ' സ്വപ്നങ്ങൾ. അതിനായി സന്നാഹങ്ങളും ഒരുക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ, പുനരുപയോഗ സാധ്യതയുള്ള റോക്കറ്റ് സ്റ്റാർഷിപ് മികച്ച ഉദാഹരണം. മസ്‌ക്കിന്റെ ഭ്രമലോകത്തിൽ, ഭൂമിയിൽ മാത്രമായിരിക്കില്ല മനുഷ്യർ താമസിക്കുന്നത്. സൗരയൂഥത്തിലെ വിവിധയിടങ്ങളിൽ മനുഷ്യരുടെ കോളനികളുണ്ടാകും. സ്റ്റാർഷിപ് പോലുള്ള വമ്പൻ റോക്കറ്റുകൾ ഭൂമിയിൽനിന്ന് ആളുകളെ അങ്ങോട്ടെത്തിക്കും.

ഇതേ സ്റ്റാർഷിപ് തന്നെ ഒരു ഭൂഖണ്ഡത്തിൽനിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് മിന്നൽ വേഗത്തിൽ ആളുകളെ എത്തിക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ അമേരിക്കയിൽനിന്ന് മിനിറ്റുകൾക്കുള്ളിൽ കൊച്ചിയിലെത്താം. ലോകത്തെവിടെ ഏതു രാജ്യത്തും ജോലി ചെയ്യാനും അവിടെപ്പോയി താമസിക്കേണ്ട കാര്യമൊന്നുമില്ല. ഒട്ടേറെ വിപ്ലവകരമായ സാങ്കേതികവിദ്യകൾക്കു മസ്‌ക് പണം മുടക്കിയിട്ടുണ്ട്. അതിൽ പ്രധാനമാണ് ഹൈപ്പർ ലൂപ്പ്. മണിക്കൂറിൽ 1000 കിലോമീറ്റർ വരെ വേഗം കൈവരിക്കുമെന്നു കരുതപ്പെടുന്ന ട്യൂബ് ഗതാഗത സംവിധാനമാണിത്. വൻകിട ഡ്രെജിങ് ജോലികൾക്കായി ബോറിങ് എന്ന കമ്പനിയും മസ്‌ക്കിന്റെ ഉടമസ്ഥതയിലുണ്ട്.

ദിവസങ്ങൾക്കു മുൻപാണ് ടെസ്ലയുടെ ഹ്യൂമനോയിഡ് റോബട് ഒപ്റ്റിമസ് നടക്കുന്നതിന്റെയും മറ്റും പുതിയ വിഡിയോകളും ചിത്രങ്ങളും ഇലോൺ മസ്‌ക് പുറത്തുവിട്ടത്. ഒപ്റ്റിമസിനെ കാണുമ്പോൾ പേടിയായെന്നു പലരും പറഞ്ഞെങ്കിലും ഈ റോബോട്ട് ഭാവിയിൽ മനുഷ്യരുടെ പല ജോലികളും ഇതു ചെയ്യും. എ ഐ സാങ്കേതിക വിദ്യകൂടി ഇതുമായി ചേരുന്നതതോടെ, ശരിക്കും ഒരു സൂപ്പർ റോബോട്ടാണ് ഒരുങ്ങുന്നത്.


ഭക്ഷണത്തിന് ഗതിയില്ലാത്ത പയ്യനിൽനിന്ന്

പഠനനാളുകളിൽ ഭക്ഷണത്തിനുപോലും ഗതിയില്ലാത്ത ഒരു പയ്യനിൽനിന്നാണ് മസ്‌ക്ക് ഈ രീതിയിൽ വളർന്നത്. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ 1971 ജൂൺ 28നാണു മസ്‌ക് ജനിച്ചത്. പകൽ സ്വപ്നങ്ങളിൽ മുഴുകിയ ബാല്യം, മസ്‌കിനെ സ്‌കൂളിലെ മറ്റു വിദ്യാർത്ഥികൾക്കിടയിൽ പരിഹാസപാത്രമാക്കി. മസ്‌കിന് എന്തോ കുഴപ്പമുണ്ടെന്നു കരുതി രക്ഷിതാക്കൾ വൈദ്യപരിശോധന വരെ നടത്തി.

നിർബന്ധിത സൈനിക സേവനം ഭയന്ന് ഇലോൻ മസ്‌ക്ക് ദക്ഷിണാഫ്രിക്കയിൽനിന്ന് കാനഡയിലേക്ക് രക്ഷപ്പെടുകയായിരുന്നു. അതാണ് ജീവിതത്തിൽ വഴിത്തിരുവ് ആയതും. 1989-ൽ അദ്ദേഹം കാനഡയിലാണ് ഡിഗ്രി പഠിച്ചത്. തുടർന്ന് 1992- ൽ തന്റെ സ്വപ്നരാജ്യമായ യുഎസിൽ എത്തിച്ചേരുകയും അവിടെ പെൻസിൽവേനിയ സർവകലാശാലയിൽ പഠനം പൂർത്തിയാക്കുകയും ചെയ്തു. യുഎസിലെ പഠനനാളുകളിൽ പ്രതിദിനം ഒരു ഡോളർ മാത്രമായിരുന്നു മസ്‌ക് ചെലവാക്കിയത്. ഓറഞ്ചുകളായിരുന്ന പ്രധാന ആഹാരം.

സഹോദരനുമായിച്ചേർന്ന് 1995-ൽ ആരംഭിച്ച കൊച്ചുകമ്പനിയിൽ നിന്നാണ് മസ്‌കിന്റെ ഭാഗ്യം തെളിയുന്നത്. പത്രങ്ങൾക്ക് ഓൺലൈൻ സിറ്റി ഗൈഡ് സോഫ്റ്റ് വെയർ നൽകുക എന്നതായിരുന്നു ബിസിനസ്. 1999-ൽ മസ്‌ക് പിന്നീട് എകസ് കോം എന്ന ഓൺലൈൻ ബാങ്കിങ് കമ്പനി ആരംഭിച്ചു. ഒരു വർഷത്തിനുശേഷം, ഇത് പീറ്റർ തീൽ സ്ഥാപിച്ച സാമ്പത്തിക സ്റ്റാർട്ടപ്പ് കോൺഫിനിറ്റിയുമായി ലയിക്കുകയും പേപാൽ രൂപീകരിക്കുകയും ചെയ്തു. പിന്നീട് പേപാലിന്റെ സിഇഒ ആയി മസ്‌കിനെ തിരഞ്ഞെടുത്തു, പക്ഷേ അത് അധികനാൾ നീണ്ടുനിന്നില്ല. ബ്രാൻഡിംഗിലും മൈക്രോ മാനേജിംഗിലും നിരവധി അഭിപ്രായവ്യത്യാസങ്ങൾക്ക് ശേഷം, 2000-ൽ പേപാലിൽ നിന്ന് മസ്‌കിനെ പുറത്താക്കി.പക്ഷേ അതും മസ്‌ക്കിന് ഗുണം ചെയ്തു. അയാൾക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞു. സ്വന്തമായി ആശയങ്ങൾ പ്രാവർത്തികമാക്കാൻ കഴിഞ്ഞു. അക്കാലം മുതൽ തന്നെ ആഡംബര കാറുകളോടും മറ്റുമുള്ള മസ്‌കിന്റെ കമ്പം ശ്രദ്ധ നേടിയിരുന്നു.

മസ്‌കിന്റെ ചിന്തകളുടെയും സങ്കൽപ്പങ്ങളുടേയും യഥാർഥ വലുപ്പം ലോകം കണ്ടത് 2002ൽ സ്‌പേസ് എക്‌സ് ആരംഭിക്കുന്നതോടെയാണ്. മസ്‌കിന് ആകാശമൊന്നും ഒരു പരിധിയേയല്ലെന്ന് പിന്നീട് കാലം തെളിയിച്ചു. ഭൂമിയിൽ നിന്ന് ആളുകളെ ബഹിരാകാശത്തെത്തിക്കാനും അവിടുന്ന് തിരിച്ച് ഭൂമിയിലെത്താനും കഴിയുന്ന, ബഹിരാകാശ ടാക്‌സികളെക്കുറിച്ച് ആരും ചിന്തിക്കാത്ത കാലത്താണ് മസ്‌ക് ഇതിനായി സ്‌പേസ് എക്‌സ് പോലൊരു കമ്പനി സ്ഥാപിക്കുന്നത്. ചൊവ്വയെ ഭൂമിയുടെ കോളനിയാക്കുമെന്ന തരത്തിൽ ഒരു സാധാരണക്കാരന്റെ ചിന്താമണ്ഡലത്തിൽ നിന്ന് ആയിരക്കണക്കിന് പ്രകാശ വർഷങ്ങൾ അകലെയുള്ള സ്വപ്നങ്ങളാണ് അയാൾക്കുണ്ടായിരുന്നത്.

നൊബേൽ സമ്മാനം കിട്ടുമോ?

ആകാശത്തിനായി മാത്രമല്ല ഭൂമിക്ക് വേണ്ടിയും മസക്കിന് പദ്ധതികളുണ്ടായിരുന്നു. 2004-ൽ മസ്‌ക്ക് ഇലക്ട്രിക് കാർ കമ്പനിയായ ടെസ്ല ആരംഭിച്ചു. പിന്നീട് അദ്ദേഹം ആദ്യത്തെ ഓൾ-ഇലക്ട്രിക് കാറായ റോഡ്സ്റ്റർ വികസിപ്പിക്കാൻ ഊർജം ചെലവഴിച്ചു. ഇതിനിടയിൽ ഊർജസംരക്ഷണത്തിനായി സോളാർ സിറ്റി എന്ന ഒരു കമ്പനിക്ക് കൂടി മസ്‌ക്ക് രൂപം നൽകി.

എന്നാൽ മസ്‌ക്കിന്റെ കമ്പനികൾ ആകാശത്തും ഭൂമിയിലും തുടക്കം മുതൽ തന്നെ അത്ഭുതങ്ങൾ സൃഷ്ടിക്കുകയായിരുന്നില്ല. സ്പേസ് എക്സോ, ടെസ്ലയോ സോളാർസിറ്റിയോ നന്നായി പ്രവർത്തിച്ചില്ലെന്ന് മാത്രമല്ല മസ്‌ക്കിന്റെ കുറേ പണം പോകുകയും ചെയ്തു. അതിജീവനത്തിനായി വായ്പയെടുത്താണ് മസ്‌ക്ക് പിന്നീട് ജീവിച്ചത്. എന്നാൽ 2008 ഡിസംബറോടെ, ബഹിരാകാശത്തേക്ക് സാധനങ്ങൾ എത്തിക്കുന്നതിന് നാസയുമായി 1.5 ബില്യൺ ഡോളർ കരാർ സ്‌പേസ് എക്‌സ് നേടി. ഇത് ക്ലിക്കായതോടെ ടെസ്ലയും കൂടുതൽ വിദേശ നിക്ഷേപകരെ സുരക്ഷിതമാക്കി. 2010ൽ ടെസ്ല 226 മില്യൺ ഡോളർ സമാഹരിച്ചു. 2012 മെയ് 22ന് ഫാൽക്കൻ 9 എന്ന റോക്കറ്റ് വിക്ഷേപിച്ചു സ്പേസ് എക്സ് ചരിത്രം സൃഷ്ടിച്ചു. പിന്നീടങ്ങോട്ട് മസ്‌കിന് വച്ചടി വച്ചടി കയറ്റമായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി ആമസോൺ സ്ഥാപകൻ ജെഫ് ബോസോസിനെ വെട്ടിച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികൻ എന്ന പദവിയും അദ്ദേഹത്തെ തേടിയെത്തുന്നു. പിന്നീടങ്ങോട്ടുള്ള മസ്‌ക്കിന്റെ ജീവിതം എല്ലാവർക്കും അറിയാം.

സത്യത്തിൽ നമ്മുടെ മമ്മൂട്ടി സിനിമായ 'പ്രാഞ്ചിയേട്ടൻ ദ സെയിന്റിലെ' അരിപ്രാഞ്ചിയുടെ അനുഭവമാണ് ഇലോൺ മസ്‌ക്ക് എന്ന, ഇത്രയേറെ സംഭാവനകൾ ശാസ്ത്രത്തിനും കൊടുത്ത സംരംഭകന്. ലോകത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന നിരവധി കാര്യങ്ങൾ ചെയ്തിട്ടും, അയാളെ 'ഒരു വേദനിക്കുന്ന കോടീശ്വരൻ' എന്ന അഴകിയ രാവണൻ സ്റ്റെലിലാണ് പലരും വിലയിരുത്തുന്നത്. ട്വിറ്റർ ഏറ്റെടുക്കയും, പൊടുന്നനെ ഒരുപാട് ജീവനക്കാരെ പിരിച്ചുവിടുകയും, അതിന്റെ പേരുമാറ്റുകയുമൊക്കെ ചെയ്തത് മസ്‌ക്കിന് ഒരുപാട് ശത്രുക്കളെ സമ്മാനിച്ചു. കിറുക്കനെന്ന ആയാളുടെ പ്രതിഛായക്ക് മാറ്റുകൂട്ടി. പക്ഷേ ന്യൂറോലിങ്ക് പരീക്ഷണത്തിന്റെ ഭാഗിക വിജയത്തോടെ ഈ ഇമേജിനും മാറ്റം വന്നിരിക്കയാണ്. കടുത്ത മസ്‌ക്ക് വിരോധിയായ ഗാർഡിയൻ പത്രംപോലും, പുതിയ ആശയങ്ങൾക്കായി, ഇത്രയും റിസ്‌ക്ക് എടുത്ത് കോടികൾ മുടക്കുന്ന അയാളുടെ മനസ്സിനെ അഭിനന്ദിക്കുന്നു. ഇദ്ദേഹത്തിന് നെബേൽ സമ്മാനം കൊടുക്കണം എന്നുപോലും ഇപ്പോൾ അഭിപ്രായമുയരുന്നുണ്ട്.

വാൽക്ക്ഷ്ണം: പണം പലരെയും പലരീതിയിലാണ് മാറ്റി മറിക്കുക. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ് തന്റെ പണം മുഴുവൻ പാവങ്ങൾക്കായി സംഭാവനചെയ്യുമെന്ന് അറിയിച്ചാണ് ലോകത്തെ ഞെട്ടിച്ചത്. എത്രയും പെട്ടെന്ന് ലോക കോടീശ്വര ലിസ്റ്റിൽനിന്ന് ഇറങ്ങണം എന്നാണ് ഗേറ്റ്സ് പറയുന്നത്. ഇലോൺ മസ്‌ക്കും ചാരിറ്റി പ്രവർത്തനങ്ങളൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ കീശ പ്രധാനമായും ചോരുന്നത്, കാമുകിമാർക്ക് പണം കൊടുത്തും, പീഡന ആരോപണം ഒതുക്കിയാണെന്നുമാണ് ദ സൺ പോലുള്ള പത്രങ്ങൾ എഴുതുന്നത്. മൂന്നുഭാര്യമാരിലായി 9 മക്കളുള്ള മസ്‌ക്കിന്, ലോകമെമ്പാടും കാമുകിമാരും ഉണ്ട്. ഇനി ചൊവ്വയിൽ പോയാൽ അവിടെ ഒരു ഏലിയനെ മസ്‌ക്ക് കാമുകിയാക്കും എന്നാണ് ഒരു ടാബ്ലോയിഡ് എഴുതിയത്!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP