Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ഹെറോയിൻ കച്ചവടത്തിന്റെ കണ്ണി മുറിഞ്ഞതോടെ സാമ്പത്തികമായി നട്ടം തിരിഞ്ഞ് താലിബാൻ; പെട്രോൾ വിലയിടിവിലും സ്വർണ്ണക്കടത്തും ആഗോള ഫണ്ടിങ്ങ് നിലച്ചതിലും തകർന്ന് ഐസിസ്; തട്ടിക്കൊണ്ടുപോകലും ഗുണ്ടാപ്പണിയും നിലച്ചതോടെ ഡി കമ്പനി തൊട്ട് യാക്കൂസ വരെയുള്ള വൻ ക്രിമിനൽ സംഘങ്ങളും പ്രതിസന്ധിയിൽ; മാന്ദ്യകാലത്ത് ജനങ്ങളെ സഹായിച്ച് കളി വീണ്ടും കൈയിലെടുക്കാൻ ഇറ്റാലിയൻ മാഫിയയും; കോവിഡിൽ തകർന്നടിഞ്ഞ് ആഗോള തീവ്രവാദ- മാഫിയാ ശൃംഖലയും

ഹെറോയിൻ കച്ചവടത്തിന്റെ കണ്ണി മുറിഞ്ഞതോടെ സാമ്പത്തികമായി നട്ടം തിരിഞ്ഞ് താലിബാൻ; പെട്രോൾ വിലയിടിവിലും സ്വർണ്ണക്കടത്തും ആഗോള ഫണ്ടിങ്ങ് നിലച്ചതിലും തകർന്ന് ഐസിസ്; തട്ടിക്കൊണ്ടുപോകലും ഗുണ്ടാപ്പണിയും നിലച്ചതോടെ ഡി കമ്പനി തൊട്ട് യാക്കൂസ വരെയുള്ള വൻ ക്രിമിനൽ സംഘങ്ങളും പ്രതിസന്ധിയിൽ; മാന്ദ്യകാലത്ത് ജനങ്ങളെ സഹായിച്ച് കളി വീണ്ടും കൈയിലെടുക്കാൻ ഇറ്റാലിയൻ മാഫിയയും; കോവിഡിൽ തകർന്നടിഞ്ഞ് ആഗോള തീവ്രവാദ- മാഫിയാ ശൃംഖലയും

മറുനാടൻ ഡെസ്‌ക്‌

'മത തീവ്രവാദത്തിന് ശക്തമായ സാമ്പത്തിക അടിവേരുകൾ ഉണ്ട്. കേവലമായ സൈനിക ആക്രമണങ്ങൾകൊണ്ട് മാത്രമല്ല, കോടികൾ ഒഴുകുന്ന തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി അറുക്കാൻ കഴിഞ്ഞാൽ മാത്രമേ നിങ്ങൾക്ക് തീവ്രവാദത്തെ പിടിച്ചുകെട്ടാൻ കഴിയൂ'- അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ബറാക്ക് ഒബാമ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. സൈനിക ആക്രമണംപോലെ നിർണ്ണായകമാണ് ആ ഇക്കണോമിക്ക് വെയിൻ അറുത്ത് എടുക്കലെന്ന് കൂട്ടിച്ചേർക്കുമ്പോഴും അത് എങ്ങനെ വേണമെന്ന് അമേരിക്കക്കും കൃത്യമായ പ്ലാൻ ഉണ്ടായിരുന്നില്ല. എഫ് ബിഐ തൊട്ടുള്ള അമേരിക്കയുടെ നൂറായിരം സംഘടനകൾ വർഷങ്ങൾ തലപുകച്ചിട്ടും നിരവധി പദ്ധതികൾ പ്ലാനിട്ടിട്ടും നടക്കാതെ പോയ ഇക്കാര്യം ഇപ്പോൾ ചെയ്തിരിക്കുന്നത് ഒരു കുഞ്ഞൻ വൈറസാണ്. കോവിഡ് 19ൽ ലോകം നിലച്ചപ്പോൾ ലോകവ്യാപകമായി പ്രതിസന്ധിയിലായത് തീവ്രവാദ സംഘടനകളും മാഫിയകളും കൂടിയാണ്. ഒരു പക്ഷേ കോവിഡുകൊണ്ട് മനുഷ്യ കുലത്തിന് ഉണ്ടായ ഏക ഗുണവും ഇതുതന്നെയാണെന്ന് പറയാം!

പെട്രോ ഡോളർ  തൊട്ട് കറുപ്പുകച്ചവടത്തിൽനിന്ന് കിട്ടുന്ന പണം വരെയായിരുന്നു ഇസ്ലാമിക തീവ്രവാദ സംഘടനകളായ താലിബാന്റെയും അൽഖായിദയുടെയും പ്രധാന വരുമാന മാർഗം. മധ്യപൗരസ്ത്യ ദേശത്തുനിന്നുള്ള ശക്തമായ ഫണ്ടിങ്ങ് ആയിരുന്നു ഐഎസിസിന്റെ പ്രവർത്തന മൂലധനം. യസീദീ സ്ത്രീകളെ ടെലിഗ്രാമിൽ വിലപേശി വിറ്റും എണ്ണപ്പാടം കൊള്ളയിടിച്ചും, തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ടും ഈ ഇസ്ലാമിക ഭീകരവാദ സംഘടനകൾ കോടികൾ സമ്പാദിച്ചു. എന്നാൽ ക്രൂഡ് ഓയിൽ വില മൈനസിലേക്ക് താഴുകയും മിഡിൽ ഇസ്റ്റിൽ വൻ സാമ്പത്തിക പ്രതിസന്ധി രൂപപ്പെടുകയും ചെയ്തതോടെ
ഇവർ ശരിക്കും കെണിയിലാണ്.

നേരത്തെ തന്നെ വമ്പൻ പ്രതിസന്ധിയിലായിരുന്നു ഐഎസ് തീവ്രാവാദികൾ. നാലുപാടുനിന്നുമുള്ള ആക്രമണം വഴി ഒറ്റപ്പെട്ടതോടെ ഉടുതുണിക്ക് മറുതുണിയില്ലാതെ, 'ഐഎസ് വധുക്കൾ' എന്ന് അറിയപ്പെടുന്ന ഇക്കൂട്ടരിലെ സ്ത്രീകൾ ജന്മനാടുകളിലേക്ക് തിരിച്ചുപോകാൻ പദ്ധതിയിട്ടത്, നേരത്തെ വലിയ വാർത്തയായിരുന്നു. 'ഐഎസ് പാപ്പരായത് എങ്ങനെ' എന്ന് പറഞ്ഞ് ബിബിസിയിൽ വലിയൊരു ലേഖനവും വന്നു. ആ പ്രതിസന്ധിയിൽ കിടന്ന് നട്ടം തിരിയവെയാണ് കോവിഡ് എത്തുന്നത്. പതിനായിരം ആറ്റംബോംബുകൾ കൊണ്ട് കഴിയാത്തത് ഒരു കുഞ്ഞൻ വൈറസിനെ കൊണ്ട് കഴിയുന്നുവെന്നാണ് ഗാർഡിയനിൽ അവരുടെ യുദ്ധകാര്യ ലേഖകൻ ഫിലിപ്പ് മഖ്തൂം എഴുതുന്നത്.

സമാനമായ തിരിച്ചടിയാണ് നമ്മുടെ മുംബൈയിലെ അവിശിഷട ഡി കമ്പനിതൊട്ട് ,
എൻദാങ്ഗത്രേ, സിനലോവ, യാക്കുസ, സൽവാട്രൂച്ച തുടങ്ങിയ  മയക്കുമരുന്ന് മാഫിയാ ഗ്യാങുകളുടെയും അവസ്ഥ. റാൻസം മണി എന്ന തങ്ങളുടെ മോചനദ്രവ്യ ബിസിനിസ് കോവിഡിൽ പൂർണ്ണമായും പൊളിഞ്ഞു. ടണലുകൾ ഉണ്ടാക്കി അണ്ടർ ഗ്രൗണ്ടിലൂടെ യാത്രചെയ്യുന്ന മെക്സിക്കൽ മയക്കമുരുന്ന് മാഫിയയൊക്കെ ശരിക്കും പത്തി താഴ്‌ത്തി. ഇപ്പോൾ മെക്സിക്കോ കോവിഡിനെ നേരിടാൻ ചെയ്യുന്നത് കോടീശ്വരന്മാരായ ഇത്തരം മയക്കുമരുന്ന് മാഫിയാ തലവന്മാരുടെ വീടും സ്വത്തുക്കളും കണ്ടുകെട്ടുക എന്നതാണ്.

ഐസിസ് പാപ്പരായത് ഇങ്ങനെ

സ്വതവേ ദുർബല പോരാത്തിന് ഗർഭിണിയും എന്ന അവസ്ഥയിയാണ് ആഗോള ഭീകര സംഘടനയായ ഐസിസിന്റെ അവസ്ഥ. അമേരിക്കയുടെയും റഷ്യയുടെയും നേതൃത്വത്തിൽ പാശ്ചാത്യ ശക്തികൾ സിറിയയിലും ഇറാഖിലും നടത്തിയ വൻ മുന്നേറ്റങ്ങളിൽ അക്ഷരാർഥത്തിൽ തകർന്നടിഞ്ഞിരിക്കുകയാണ്, ലോകമെമ്പാടും ഇസ്ലാമിന്റെ രാജ്യം ഉണ്ടാക്കുമെന്ന് പ്രതിജ്ഞയെടുത്ത് മുന്നോട്ടുവന്ന ഈ സംഘടന. കടുത്ത ദാരിദ്രമാണ് സംഘടനക്ക് നിലവിലുള്ളതെന്ന് പാശ്ചത്യമാധ്യമങ്ങൾ മൂന്നുമാസം മുമ്പ് റിപ്പോർട്ട് ചെയ്തത്. അതിനിടയിലാണ് കോവിഡും വരുന്നത്.

ശരിക്കും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് നിലവിൽ ഐഎസ് പ്രവർത്തനം. ജിഹാദിനായി ലോകമെമ്പാടുംനിന്നും ആകർഷിച്ച നൂറുകണക്കിന് ചെറുപ്പക്കാർക്ക് അടിസ്ഥാന സൗകര്യം പോലും കൊടുക്കാൻ സംഘടനയ്ക്ക് ആവുന്നില്ല. ഫണ്ടിന്റെ വരവ് നിലച്ചതുമൂലം നിരവധി പേർ ഐഎസിൽ നിന്ന് തിരിച്ചുപോയതായി ബിബിസിയുടെ സൗത്ത് എഷ്യാ കറസ്പോണ്ടന്റ് ലിയാൻ മക്കി റിപ്പോർട്ട് ചെയ്യുന്നു.

യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് പ്രത്യേക സാമ്പത്തിക വിഭാഗം രൂപവത്ക്കരിച്ച് നടത്തിയ അന്വേഷണമാണ് സത്യത്തിൽ ഐഎസിന്റെ സാമ്പത്തികാടിത്തറ തകർക്കുന്നതിന് തുടക്കം കുറിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നത്. യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറി ഡേവിഡ് കോഹെനായിരുന്നു ഈ ദൗത്യത്തിന്റെ ചുമതല. കായികമായ യുദ്ധത്തിലൂടെ മാത്രം ഐഎസ് ഭീകരതയെ തുരത്താൻ കഴിയില്ലെന്നും അവരുടെ വിശാലമായ സാമ്പത്തിക കണ്ണികൾ കണ്ടുപിടിക്കണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന കണക്കാണ് ഇവർക്ക് കിട്ടിയത്.

എണ്ണയുടെ കരിഞ്ചന്ത വിൽപ്പനയിലൂടെ മാത്രം പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളറാണ് ഐഎസ് ഭീകരർക്ക് ലഭിച്ചിരുന്നത്. തങ്ങളുടെ നിയന്ത്രണ മേഖലയിലുള്ള എണ്ണപ്പാടങ്ങളിൽ നിന്നെടുക്കുന്ന പ്രെട്രോൾ കള്ളക്കടത്തുകാർക്ക് മറിച്ചു വിറ്റാണ് ഇവർ പണം കൊയ്യുന്നത്. ഇത് മേഖലയിൽ വലിയൊരു മാഫിയക്കുകൂടി വകവെച്ചു. മെക്‌സിക്കോയിലും ഇറ്റലിയിലും ഉള്ള മയക്കുമരുന്ന് മാഫിയകളിൽ ഒരു വിഭാഗം ഇതൊരു സൈഡ് ബിസിനസായും ഏറ്റെടുത്തു. ഈ ബന്ധം വെച്ച് അഫ്ഗാനിലെ ഐഎസ് മേഖലയിൽ നിന്ന് ഇവർ വൻതോതിൽ ഓപ്പിയം കടത്തിയതായും റിപ്പോർട്ടുണ്ട്. മെക്്സിക്കോയിലെയും ഇറ്റലിയിലെയും മയക്കുമരുന്നു മാഫിയയുടെ ഉപഭോക്താക്കൾ ഏറെയും യുഎസ്, കാനഡ പോലുള്ള രാജ്യങ്ങളായിരുന്നു. ഇതും അമേരിക്കയ്ക്ക് കൂടുതൽ ഭീഷണിയായി. യാക്കൂസ, എൻദാങ്ങ്ഗ്രത്തെ തുടങ്ങിയ ലോകത്തെ വിറപ്പിക്കുന്ന അധോലോക സംഘങ്ങൾ കൂടി ഈ മാഫിയയിൽ കണ്ണിയായി. ഇറാഖിലെയും സിറിയയിലെയും ഐസിസ് അധിനിവേശ പ്രദേശങ്ങൾ തിരിച്ചുപിടിച്ചതോടെ ഈ വിപത്തിന് തടയിടാൻ പാശ്ചാത്യ രാജ്യങ്ങൾക്കായി.

തട്ടിക്കൊണ്ടു പോകലും അതിലൂടെയുള്ള മോചന ദ്രവ്യങ്ങളുമായിരുന്നു ഐസിസിന്റെ മറ്റൊരു വരുമാനമാർഗം. ലോകമെമ്പാടും ഇവർ നന്നായി നടപ്പാക്കിയ പദ്ധതിയായിരുന്നു ഇത്. 20 ദശലക്ഷം ഡോളറാണ് ഇതുവഴി ഐഎസിന് പ്രതിവർഷ വരുമാനം എന്നായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കണക്ക്. സുരക്ഷ ശക്തമായി വർധിപ്പിക്കുകയും അതുവഴി തട്ടിക്കൊണ്ട് പോകപ്പെടാനുള്ള സാധ്യത കുറക്കുകയുമാണ് ഇതിനായി പാശ്ചാത്യ ശക്തികൾ ആദ്യമായി ചെയ്തത്. അടുത്തത് തട്ടിക്കൊണ്ടുപോയാൽ യാതൊരു രീതിയിലുള്ള മോചനദ്രവ്യവും കിട്ടില്ല എന്നും ഉറപ്പുവരുത്തി. ചില രാജ്യങ്ങൾ ഇതിനായി നിയമ നിർമ്മാണവും നടത്തി. ഇതോടെ വൻ തോതിലാണ് ഐഎസിന്റെ വിലപേശൽ സാധ്യതകൾ ഇടിഞ്ഞത്.

യസീദി സ്ത്രീകളെ വിറ്റും കോടികളാണ് ഐഎസ് ഉണ്ടാക്കിയത്. സ്മാർട് ഫോൺ ആപ്പുകളിലൂടെയാണ് ആവശ്യക്കാർക്ക് പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ഭീകരർ കൈമാറിയിരുന്നത്. പെൺകുട്ടിയുടെ ചിത്രങ്ങൾ, അവളെ അടിമയാക്കി വച്ചിരിക്കുന്ന ഉടമയുടെ പേര്, വിലയെത്ര തുടങ്ങിയ വിവരങ്ങളാണ് കൈമാറുക. ഇതിനായി ഇവർ ഇരകളുടെ പേരും ഫോട്ടോഗ്രാഫുകളും ഉൾപ്പെടെയുള്ള വിശദമായ ഡേറ്റാബേസും സൂക്ഷിച്ചിരുന്നു. ഐഎസ് ചെക്ക്പോസ്റ്റുകൾ വഴി ഇവർ രക്ഷപ്പെടുന്നതിന് തടയുന്നതിന് വേണ്ടിയാണിത്. ഇവയെല്ലാം നുണകളാണെന്ന് ഇസ്ലാമിക മാധ്യമങ്ങൾ പറയുമ്പോഴും സത്യമാണെന്നതിന് യസീദി പെൺകുട്ടികളുടെ അനുഭവ സാക്ഷ്യമുണ്ട്. ഇടനിലക്കാർ യസീദി സ്ത്രീകളെ വാങ്ങി മറ്റ് രാജ്യങ്ങളിലെ വേശ്യാലയങ്ങളിൽ പാർപ്പിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പെൺകുട്ടികളെ വിൽപ്പന നടത്താൻ അനേകം പരസ്യങ്ങളാണ് ടെലിഗ്രാം, വാട്സ്ആപ്പ്, ഫേസ്‌ബുക്ക് തുടങ്ങിയവയിലൂടെ വന്നിരുന്നത്്. 12 വയസ്സിന് താഴേയ്ക്കുള്ളവർക്കാണ് ഉയർന്ന വില. മൂന്നും ഏഴും വയസ്സുകളുള്ള രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ യുവതിക്ക് 3,700 ഡോളറായിരുന്നു വില. ഉടമ വിൽക്കാൻ പരസ്യം നൽകിയത് ഇവരുടെ ഫോട്ടോയോടൊപ്പമായിരുന്നു

രണ്ടുവർഷം മുമ്പ് സിറിയയിൽ നിന്ന് രക്ഷപ്പെട്ട ലാമിയ എന്ന യസീദി പെൺകുട്ടിക്ക് പറയാനുണ്ടായിരുന്നത് തന്നെ ഓൺലൈനിൽ വിറ്റ കഥയായിരുന്നു. ഒരു കള്ളക്കടത്തുകാരന്റെ സഹായത്തോടെ, ഐഎസ് നിയന്ത്രിത മേഖലയിൽ നിന്നും സർക്കാർ അധീന പ്രദേശത്തേക്ക് ഇവർക്ക് കടക്കാനായി. ഇവർക്കൊപ്പം രക്ഷപ്പെട്ട എട്ടു വയസ്സുകാരി അൽമാസും 20കാരി കാതറീനും മൈൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.സ്ഫോടനം ലാമിയയുടെ വലം കണ്ണ് തകർത്തു. മുഖം വടുക്കൾ കൊണ്ട് വികൃതമാകുകയും ചെയ്തു. എന്നാലും ലൈംഗിക അടിമത്വത്തിൽനിന്ന് രക്ഷപ്പെട്ടതിൽ ഇവർ ആശ്വസിക്കുന്നു.

സമൂഹമാധ്യമങ്ങൾ വഴി ഐസ് അനുകൂല ഗ്രൂപ്പുകളെ നിരീക്ഷിച്ചും ഇത്തരം പരസ്യങ്ങൾ കണ്ടെത്തി നീക്കം ചെയ്തുമാണ് പാശ്ചാത്യ സംയുക്ത സേനയുടെ ഇന്റലിജൻസ് വിഭാഗം ഇതിനെ നേരിട്ടത്. പരസ്യം കണ്ട് വാങ്ങാനെന്നപേരിൽ എത്തിയ കമാൻഡോകൾ മൊസൂളിലെ ഒരു കേന്ദ്രം ആക്രമിച്ചാണ് മടങ്ങിയത്. ഒപ്പം മനുഷ്യക്കടത്ത് സംഘങ്ങൾക്കുനേരെയും പിടിമുറുക്കി. ഇതോടെ തങ്ങളുടെ അധിനിവേശ മേഖലക്ക് പുറത്തേക്ക് യുവതികളെ കൊണ്ടുപോകൻ കഴിയാതെ ഐഎസ് കുടുങ്ങുകയായിരുന്നു. അമേരിക്കയുടെയും റഷ്യയുടെയും നേതൃത്വത്തിലുള്ള സേനയും ഇറാഖ്- സിറിയൻ സൈന്യവും കൈകോർത്തതോടെ ആയിരക്കണക്കിന് യസീദി സ്ത്രീകളെയാണ് ഐഎസിന്റെ അടിമച്ചന്തയിൽനിന്ന് രക്ഷിക്കാനായത്. പ്രത്യേക ഗോത്ര വിഭാഗമായ യസീദികളെ, ഇസ്ലാമിക ഭീകരർ മുസ്ലീങ്ങളായി പരിഗണിക്കുന്നില്ല. ഇവരെ കൊന്നു തിന്നാൽ പോലും പ്രശ്്നമില്ല എന്നപേരിൽ മത ശാസനകൾ പോലും ചില ഐഎസ് അനുകൂല പണ്ഡിതർ ഇറക്കിയിരുന്നു.

പക്ഷേ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പ്രധാന വരുമാന മാർഗം ഇതൊന്നുമായിരുന്നില്ല. ശതകോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽനിന്നും ചില രാജ്യങ്ങളിൽനിന്നും സംഭാവനകളായി വൻതോതിൽ ഇവർക്ക് പണം ലഭിക്കുന്നൊണ് ഭീകരരുടെ സാമ്പത്തിക ഭദ്രത തകർക്കാനുള്ള യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് നീക്കത്തിന് നേതൃത്വം നൽകുന്ന ഡേവിഡ് കോഹെൻ എഴുതുന്നത്. ഈ നെറ്റ് വർക്ക് അറുത്തെടുക്കാൻ കഴിഞ്ഞതാണ് ഭീകരതക്കെതിരായ പോരാട്ടത്തിൽ നിർണ്ണായകമായത്. ഇക്കാര്യത്തിൽ സൗദിയടക്കമുള്ള അറേബ്യൻ രാഷ്ട്രങ്ങൾ വലിയ പിന്തുണയാണ് അമേരിക്കയ്ക്ക് നൽകിയത്. സൗദിയടക്കമുള്ള രാജ്യങ്ങൾ ഖത്തറിനെ ഉപരോധിക്കാനുള്ള പ്രധാനകാരണവും ഐഎസ് ഫണ്ടിങ്ങ് തന്നെയായിരുന്നു. ഇസ്ലാമിക മതപ്രബോധന പ്രവർത്തനങ്ങൾക്ക് പരസ്യമായും, തീവ്രാവാദ സംഘടനകൾക്ക് രഹസ്യമായും, ഫണ്ട് നൽകുന്ന രാജ്യമാണ് ഖത്തർ എന്നത് പരസ്യമായ രഹസ്യമാണ്. ഖത്തറിൽ നിന്നുള്ള ഫണ്ടിന്റെ വരവ് നിലച്ചതാണ് ഐസിന്റെ അടിവേരിളക്കിയത്. ഇന്ന് പാക്കിസ്ഥാനിൽനിന്നുപോലും ഡയറക്ട ഫണ്ടിങ്ങ് ഐഎസിന് സാധ്യമല്ല. മാത്രമല്ല തീവ്രവാദ സംശയമുള്ള മുഴുവൻ സംഘടനകളെയും നിരീക്ഷിക്കാനും അതാത് രാജ്യങ്ങളിലെ ഏജൻസികളെ കൊണ്ട് നിയമ നടപടി എടുപ്പിക്കാനും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനായി. സംശയം ഉണ്ടെങ്കിൽ കരിമ്പട്ടികയിൽ പെടും എന്നതിനാൽ സൗദിയും യുഎഇയും അടക്കമുള്ള രാജ്യങ്ങളിലെ കോർപ്പറേറ്റ് കമ്പനികൾ തീവ്രവാദ സ്വഭാവം സംശയിക്കുന്ന സംഘടനകളുമായി ബന്ധം പുലർത്താറുമില്ല.അതുപോലെതന്നെ തീവ്രവാദികളെ സഹായിക്കുന്ന ശതകോടീശ്വരന്മാരെയും സംഘടനകളെയും പ്രത്യേകം നോട്ടമിട്ടുള്ള അന്വേഷണവും നല്ല ഫലം ചെയ്തുവെന്നണ് ഡേവിഡ് കോഹെൻ പറയുന്നത്.

പക്ഷേ ഇങ്ങനെ ഒക്കെ ശ്രമിച്ചിട്ടും രഹസ്യമായി ഐസിന് ചില രാജ്യങ്ങളുടെയും ചില മതഭ്രാന്തന്മാരായ കോടീശ്വരുടെയും പിന്തുണ കിട്ടിയിരുന്നു. പക്ഷേ കോവിഡ് വന്നതോടെ അതും ഇല്ലാതായി. എണ്ണപ്പണത്തിന്റെ പുറത്ത് കെട്ടിപ്പെടുത്ത പ്രെട്രോ ഡോളർ വ്യവസായം ഇനി ഒരു സങ്കൽപ്പം മാത്രം. അതുകൊണ്ടുതന്നെ ഇനി എങ്ങനെ തലകുത്തി മറിഞ്ഞാലും പഴയ പ്രതാപം വീണ്ടെടുക്കാൻ ഐഎസിന് കഴിയില്ലെന്ന് ഉറപ്പാണ്.

ചാരായം  വാറ്റുപോലെ ഹെറോയിൻ വാറ്റുന്ന താലിബാൻ

മത നിയമങ്ങളും യാഥാർഥ്യവും തമ്മിലുള്ള അജഗജാന്തര വ്യത്യാസം അറിയണെമെങ്കിൽ സത്യത്തിൽ താലിബാന്റെ പരിണാമം തന്നെ പഠിക്കണം. ഇസ്ലാമികചര്യകളിൽ അടിയുറച്ച് വിശ്വസിച്ചുകൊണ്ട് രൂപം കൊടുത്ത താലിബാൻ ഇന്ന് അനിസ്ലാമികം എന്ന് കരുതുന്ന മയക്കുമരുന്ന് കള്ളക്കടത്തിലൂടെയാണ് കോടികൾ കൊയ്യുന്നത്. താലിബാന്റെ ഈ മയക്കുമരുന്ന് കടത്ത് ഭീഷണിയാവുന്നത് യൂറോപ്പിനും അമേരിക്കയ്്ക്കുമാണ്. മെക്സിക്കൻ ഡ്രഗ് കാർട്ടൽ വഴി അമേരിക്കയിലും യൂറോപ്പിലും എത്തുന്ന മയക്കുമരുന്നിന്റെ 60 ശതമാനവും എത്തുന്നത് താലിബാൻ വഴിയെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ അഫ്ഗാനിൽനിന്ന് യുഎസ് സൈനികരെ പിൻവലിപ്പിക്കാനുള്ള ട്രംപിന്റെ നീക്കം ലോകം ആശങ്കയോടെയാണ് കണ്ടത്. ഇപ്പോൾ താലബാന് അഫ്ഗാനിൽ പാതി ഭാഗം മാത്രമേ അധീനതയിൽ ഉള്ളൂ. യുഎസ് പിന്മാറുന്നതോടെ വളരെ പെട്ടെന്ന് ഇവിടെ രാഷ്ട്രീയ അട്ടിമറി ഉണ്ടാകാനും സാധ്യതയുണ്ട്. ഫലത്തിൽ ഇതോടെ ലോകത്തിന്റെ മയക്കുമരുന്ന് മാഫിയയുടെ തലസ്ഥാനവും അഫ്ഗാൻ ആവുമെന്നാണ് ഭീതി ഉയരുന്നിരുന്നത്. പക്ഷേ അവിടെയും രക്ഷകനായി എത്തിയത് കോവിഡാണ്. ലോകം ഭാഗികമായി ഷട്ട് ഡൗൺ ചെയ്യപ്പെട്ടതോടെ മയക്കുമരുന്നിന്റെ സപ്ലെ ചെയിൻ മുറഞ്ഞു. അഫ്ഗാനിലെ ഓപ്പിയം പാടത്ത് വിളഞ്ഞ കോടികളുടെ മയക്കുമരുന്ന് വെറുതെയായി.

അഫ്ഗാനിസ്ഥാനിൽ താലിബാന്റെ മൗനാനുവാദത്തോടെയാണ് കറുപ്പ് നിർമ്മാണം നടന്നത്. മലയാളത്തിൽ കറുപ്പ് എന്നും ഇംഗ്ലീഷിൽ ഓപ്പിയം എന്നും ഉർദുവിൽ അഫീം എന്നും പറയുന്ന വസ്തു, കുപ്രസിദ്ധമായ ഒരു ലഹരിപദാർത്ഥമാണ്. ഇതേ ചെടിയിൽ നിന്നാണ് നമ്മൾ പാചകത്തിനുപയോഗിക്കുന്ന കസ്‌കസ് എന്നുപറയുന്ന സാധനം കിട്ടുന്നത്. ഈ ചെടിയുടെ വിത്താണ് കസ്‌കസ്. ഇതേ ചെടിയുടെ പൂക്കൾ കൊഴിഞ്ഞു വീണശേഷം ബാക്കി നില്ക്കുന്ന വിത്തുകളടങ്ങിയിരിക്കുന്ന ഞെട്ടിന്റെ പുറംന്തോടിൽ നിന്ന് ശേഖരിക്കുന്ന കറയിൽ നിന്നാണ് കറുപ്പ് എന്ന ലഹരി വേർതിരിച്ചെടുക്കുന്നത്. അമേരിക്കയെ വളരെയധികം അസ്വസ്ഥമാക്കുന്ന ഒരു മൂല്യവർധിത വസ്തു ഈ ഓപ്പിയം സിറപ്പിൽ നിന്ന് വേർതിരിച്ചെടുക്കാൻ തുടങ്ങിയിട്ടുണ്ട് താലിബാനി ഭീകരവാദികൾ. അതാണ് ഹെറോയിൻ.

ഓർക്കണം ലോകത്ത് ഉപയോഗിക്കപ്പെടുന്ന കറുപ്പിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നത് താലിബാൻ നേരിട്ടാണ്. ഓപ്പിയം സിറപ്പ് മറ്റു ലോകരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുകിട്ടുന്ന പണമുപയോഗിച്ചാണ് താലിബാൻ തങ്ങളുടെ ഭീകരവാദപ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ടിങ് കണ്ടെത്തുന്നത്. ഓപ്പിയം സിറപ്പിന്റെയും ഹെറോയിന്റെയും നിർമ്മാണം തടയാൻ വേണ്ടി പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിലൂടെ അമേരിക്ക ചെലവിട്ടിട്ടുള്ളത് എണ്ണൂറു കോടി ഡോളറോളമാണ്. എന്നിട്ടെന്തായി? ഇപ്പോൾ യുദ്ധം തന്നെ വേണ്ടെന്നു വെച്ച് തിരിച്ചുപോരാൻ അമേരിക്കൻ സൈന്യം തയ്യാറെടുക്കുന്ന ഈ വേളയിലും താലിബാനി ഹെറോയിൻ കാർട്ടലുകളുടെ രോമത്തിൽ പോലും തൊടാൻ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ല.

മുമ്പായിരുന്നെങ്കിൽ ഈ വസ്തുക്കളുടെ കടത്ത് കണ്ടെത്തുക താരതമ്യേന എളുപ്പമായിരുന്നു. കാരണം വലിയ ബാരലുകളിൽ നിറച്ച് ദ്രാവകരൂപത്തിലായിരുന്നു ഓപ്പിയം സിറപ്പ് കടത്തിയിരുന്നത്. എന്നാൽ, കാലം മാറി. താലിബാനി ഭീകരവാദികളും അതിനൊത്ത് മാറി. ഇങ്ങനെ മറ്റുരാജ്യങ്ങൾക്ക് ഓപ്പിയം സിറപ്പ് തുച്ഛമായ വിലയ്ക്ക് വിറ്റഴിക്കുന്നതിൽ ലാഭം കുറവാണ് എന്ന സത്യം അവർ തിരിച്ചറിഞ്ഞു. ഒപ്പം അതിലുള്ള റിസ്‌കും. ഇപ്പോൾ, ഓപ്പിയം സിറപ്പിനെ പ്രോസസ് ചെയ്ത്, അതിൽ നിന്ന് ഹെറോയിൻ എന്ന വിലപിടിപ്പുള്ള മയക്കുമരുന്ന് നിർമ്മിക്കാനുള്ള ഫോർമുല താലിബാൻ തീവ്രവാദികൾ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. അതോടെ കയറ്റുമതി ചെയ്തിരുന്ന അസംസ്‌കൃത ഓപ്പിയത്തിന്റെ അളവ് പാതിയായി കുറഞ്ഞു. ഒന്നുകിൽ മോർഫിൻ അല്ലെങ്കിൽ ഹെറോയിൻ ആക്കി അതിനെ മാറ്റി കുറേക്കൂടി എളുപ്പത്തിലാണ് ഇന്ന് താലിബാനി ഭീകരവാദികൾ തങ്ങളുടെ ഉത്പന്നം വിൽക്കുന്നത്. ഈ സാങ്കേതികവിദ്യ അവർക്ക് നൽകുന്നത് ചുരുങ്ങിയത് അറുപതു ശതമാനമെങ്കിലും കൂടുതൽ ലാഭമാണ്.

ഗവൺമെന്റിനോട് പോരാടി താലിബാനികൾ പിടിച്ചെടുത്ത പ്രദേശങ്ങൾ പലതും അവർ പ്രയോജനപ്പെടുത്തുന്നത് പോപ്പി വിത്തുകൾ കൃഷിചെയ്യാനാണ്. സാങ്കേതിക വിദ്യയിൽ താലിബാനികൾ നേടിയ മുന്നേറ്റം കാരണം ഇന്ന് അഫ്ഗാനിസ്ഥാനിൽ ചുരുങ്ങിയത് 400-500 ഹെറോയിൻ പ്രോസസിങ് ലാബുകളെങ്കിലുമുണ്ട്. ലാബ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരിക വളരെ സങ്കീർണ്ണമായ ഉപകരണങ്ങൾ നിറഞ്ഞ, ടെക്നീഷ്യന്മാർ കോട്ടും മാസ്‌കും ഒക്കെയിട്ട് ടെസ്റ്റ് ട്യൂബുകളിലും, ബ്യൂററ്റുകളിലും ഒക്കെ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എയർ കണ്ടീഷൻഡ് മുറികളാവും. എന്നാൽ താലിബാന്റെ ഹെറോയിൻ ലാബുകൾ അത്രയ്ക്ക് ഹൈട്ടക്ക് അല്ല. ഒരു കൊച്ചു കുടിൽ, ചായ്‌പ്പ് അതുമല്ലെങ്കിൽ ഒരു ഗുഹ ഇതിനുള്ളിൽവെച്ച് ഹെറോയിൻ തയ്യാർ ചെയ്‌തെടുക്കാവുന്ന ഉപകരണങ്ങളാണ് ഈ ലാബിലുള്ളത്. മിക്സിംഗിനായി പത്തുപന്ത്രണ്ടു ബാരലുകൾ. ഓപ്പിയം സിറപ്പിൽ നിന്ന് ഹെറോയിൻ വേർതിരിച്ചെടുക്കുന്ന പ്രക്രിയക്ക് വേണ്ട ചില രാസവസ്തുക്കൾ. വാറ്റിയെടുക്കാൻ വേണ്ട വിറക്. ഒരു പ്രെസ്സിങ് മെഷീൻ, ഒരു ജനറേറ്റർ, അടുത്തുള്ള കുഴൽക്കിണറിൽ നിന്ന് വെള്ളമെടുക്കാൻ ഒരു പമ്പ്. ഇത്രയും ആയാൽ ഒരു ഹെറോയിൻ ലാബ് തയ്യാറായി. മൂന്നാംലോക രാജ്യങ്ങളിലെ ചാരായം വാറ്റുപോലെയാണിതെന്നാണ് ഇവിടം സന്ദർശിച്ച ബിബിസി ലേഖകൻ ചൂണ്ടിക്കാട്ടുന്നത്.

അഫ്ഗാൻ പൊലീസും, അമേരിക്കൻ സ്പെഷ്യൽ ഫോഴ്‌സസും ചേർന്ന് പരമാവധി റെയ്ഡുകൾ നടത്തിയിട്ടുണ്ട്. നശിപ്പിക്കാവുന്നത്ര ലാബുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വരുമാനം ഇരട്ടിപ്പിക്കുന്ന ഈ പുതിയ പ്രോസസിങ് ടെക്നോളജി മനസ്സിലായതോടെ താലിബാന്റെ മുൻകൈയിൽ കൂണുകൾ പോലെ രാജ്യത്തിന്റെ പലഭാഗത്തും മുളച്ചുപൊന്തിയിട്ടുണ്ട് ഇങ്ങനെയുള്ള ലാബുകൾ. ഇവിടെ നിന്ന് ഏഷ്യയിലെയും, യൂറോപ്പിലെയും, ആഫ്രിക്കയിലെയും അമേരിക്കയിലെയും മറ്റും സപ്ലൈ ചെയിനുകളിലേക്ക് ഇപ്പോൾ നേരിട്ടാണ് ഹെറോയിൻ വിതരണം ചെയ്യപ്പെടുന്നത്. കാനഡയിലെ തെരുവുകളിലെത്തുന്ന ഹെറോയിന്റെ 90 ശതമാനവും, ബ്രിട്ടന്റെ തെരുവുകളെ അക്രമാസക്തമാക്കുന്ന ഹെറോയിന്റെ 85 ശതമാനവും പുറപ്പെടുന്നത് അഫ്ഗാനിസ്ഥാനിലെ താലിബാനി ഹെറോയിൻ ലാബുകളിൽ നിന്നാണ്.

ഐഎസിനേക്കാൾ വലിയ ഭീകരരും വീഴുന്നു

ലോകത്തിലെ കൊടും ഭീകരർ ആരാണെന്ന് ചോദിച്ചാൽ മറുപടി ഇസ്ലാമിക് സ്റ്ററ്റ് എന്നായിരിക്കും പൊതുവെയുള്ള മറുപടി. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിന് ആ അഭിപ്രായമില്ല. ലോകത്തിലെ ഏറ്റവും വലിയ ഭീകര സംഘടന അൽഖ്വായിദയോ, ഇസ്ലാമിക്ക് സ്റ്റേറ്റേ അല്ല മെക്സിക്കോയിലെ ലഹരിമരുന്നു രാജാവ് ജാക്വീൻ ഗുസ്മാന്റെ നേതൃത്വത്തിലുള്ള സിനലോവ കാർട്ടലാണെന്നാണ് ട്രംപ് പറയുന്നത്. മെകസിക്കോയിലെയും ലാറ്റിൻ അമേരിക്കയിലെയും ഡ്രഗ് കാർട്ടലുകൾ നടത്തിയ കൊള്ളയും കൊലയും ക്രൂരതയും നോക്കിയാൽ അത്് ഐഎസിനും മുകളിൽ പോവും. 2006 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ 60,000 പേരാണ് ലഹരിമാഫിയകളുടെ കുടിപ്പകയിൽ ജീവിതം ഹോമിക്കപ്പെട്ടത്. ഒരോ അരമണിക്കൂറിലും മെക്സിക്കോയിൽ ഒരാൾ വീതം കൊല്ലപ്പെടുന്നുവെന്നു മെക്സിക്കൻ ഭരണകൂടം തന്നെ സാക്ഷ്യപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ത്രീകളെ പരസ്യമായി ബലാത്സംഗത്തിനിരയാക്കിയും എതിർക്കുന്നവരെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്നും കഴുത്തറത്തു തലകീഴായി കെട്ടിത്തൂക്കിയും ആളുകളിൽ ഭീതിപടർത്തുന്ന ഐഎസ് ഭീകരരുടെ മറ്റൊരു പതിപ്പാണ് മെക്സിക്കോയിലെ ലഹരിക്കടത്തു മാഫിയയെന്നും യുഎസ് ആരോപിക്കുന്നു. 2013ൽ മാത്രം മെക്സിക്കോയിലെ മയക്കുമരുന്നു മാഫിയ കൊന്നുതള്ളിയത് 16,000ത്തോളം നിരപരാധികളെയാണ് യുഎൻ പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ലഹരിമരുന്നു മാഫിയകളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് നടപടി തുടങ്ങിക്കഴിഞ്ഞു. സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ മെക്സിക്കൻ മാഫിയ സംഘങ്ങൾക്ക് തങ്ങളുടെ സ്ഥാപനം വഴി ഏതെങ്കിലും തരത്തിൽ സഹായം എത്തുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നു യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റിന് ട്രംപ് നിർദ്ദേശം നൽകിക്കഴിഞ്ഞു. എന്നാൽ പത്തുപൈസ ചെവലില്ലായെ ഇവിടെ തുരത്താൻ ഒരാൾ എത്തി. അതാണ് കോവിഡ് വൈറസ്. ലോക് ഡൗണിൽ പ്രവർത്തനങ്ങൾ നിലച്ച ഇവരെ തേടി അമേരിക്കൻ - മെക്സിക്കൻ മയക്കുമരുന്ന് വിരുദ്ധ സേനയും എത്തുന്നുണ്ട്. മെകിസിക്കൻ സർക്കാരും അവസരത്തിന് ഒത്ത് ഉയർന്നു. പലരുടെയും സ്വത്ത് കണ്ടുകെട്ടി.

ഇയിടെ ലോകത്തെ ഞെട്ടിച്ച യാക്കുസ സംഘത്തിലെ ഏതാനും പേർ അറസ്്റ്റിലായിരുന്നു. തട്ടിക്കൊണ്ട് പോകുന്നവരെ പീഡിപ്പിച്ച് കൊല്ലുന്നതിന് പേരുകേട്ടവരാണ് യാക്കൂസ സംഘം. ഒരു പാർസൽ കിട്ടുമ്പോൾ മാത്രമാണ്, നിങ്ങളുടെ പ്രിയപ്പെട്ട ആരോ തട്ടിക്കൊണ്ടുപോവപ്പെട്ടതായി അറിയുക. അതിൽ മിക്കവാറും ബന്ദിയുടെ കുറച്ച്് മുടി ആയിരിക്കും. അത് നിങ്ങൾക്കുള്ള അപായ സൂചനയാണ്. പറഞ്ഞ പണം അന്നുതന്നെ കൈമറിയില്ലെങ്കിൽ അടുത്ത ദിവസം വരിക വിരലായിരിക്കും. അത് കടുത്ത അപായ സൂചനയാണ്. എന്നിട്ടും നിങ്ങൾ സെറ്റിൽ ചെയ്തില്ലെങ്കിൽ പിന്നെ തട്ടിക്കൊണ്ടുപോയയാളുടെ ചെവിയാണ് കിട്ടുക. പിന്നെ നിങ്ങൾ അയാളെ അല്ലെങ്കിൽ അവളെ നോക്കേണ്ട. റോഡരുകിൽ എവിടെ നിന്നെങ്കിലും വികൃതമാക്കപ്പെട്ട മൃതദേഹം കിട്ടും. ഇനി നിങ്ങൾ പൊലീസിൽ പരാതി പറയുകയും, ഈ മാഫിയാ സംഘത്തെ പിടിക്കാൻ ശ്രമിക്കുകയും ചെയ്താലോ? ഇരയുടെ തലവെട്ടി പൊതുസ്ഥലത്തായിരിക്കും പ്രദർശനം.- അതാണ് യാക്കൂസ. ലോകത്തെ വിറപ്പിക്കുന്ന ജപ്പാനിൽ തുടങ്ങി പിന്നീട് ഇറ്റലി വഴി കൊളമ്പിയിലേക്കും മെക്സിക്കോയിലേക്കും വളർന്ന മാഫിയാ സംഘം!

പിറന്നത് ജപ്പാനിലാണെങ്കിലും യാക്കൂസയുടെ പ്രവർത്തനകേന്ദ്രം ഇന്ന് ആഗോള മയക്കുമരുന്ന് മാഫിയയുടെ തലസ്ഥാനമായ മെക്സിക്കോയിലാണ്. സിനലോവ കാർട്ടലെന്ന പേരുകേട്ടാൽ ജനം വിറയ്ക്കുന്ന മയക്കുമരുന്ന് മാഫിയാ സംഘവുമായി, തട്ടിക്കൊണ്ടുപോകൽ സംഘമായ യാക്കൂസ കൈകോർത്തതോടെ സ്വസ്ഥത നഷ്ടാവുന്നത് അമേരിക്കയ്ക്ക് കൂടിയാണ്. യുഎസിലെ മാര സൽവാട്രൂച്ച എന്ന സാത്താൻ ആരാധകരായ അധോലോക സംഘവുമായി ഇവർ ബന്ധം സ്ഥാപിച്ചതോടെ അമേരിക്കയിലേക്ക് മെക്സിക്കോയിൽ നിന്ന് മയക്കുമരുന്ന് കുത്തി ഒഴുകുകയാണ്. ഇക്കാരണങ്ങൾ ഒക്കെ കൊണ്ടുതന്നെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മെക്സിക്കൻ അതിർത്തിയിൽ വൻ മതിൽ പണിയുമെന്ന് പ്രഖ്യാപിച്ചത്.

മറ്റൊരു വാണ്ടഡ് മാഫിയ കാർട്ടൽ ആയ കോസ നോസ്ട്ര ഇറ്റലിയിൽ നിന്ന് തുടങ്ങി ന്യൂയോർക്കിൽ എത്തിയ മാഫിയാ സംഘമാണ്. മെക്സിക്കോയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വേരുകളുള്ള ഇവർ സിനലോവ കാർട്ടലിന്റെ കടുത്ത ശത്രുക്കളായാണ് അറിയപ്പെടുന്നത്. ഈ സംഘങ്ങളുടെ ഏറ്റുമുട്ടലുകൾ അമേരിക്കയും മെകിസ്‌ക്കോയും നേരിടുന്ന വലിയ ക്രമസമാധാന പ്രശ്നമാണ്. ഈ രീതിയിലുള്ള പത്തോളം സംഘടനകളെയാണ് അമേരിക്ക ഭീകരസംഘടനകളായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. ആ സാഹചര്യത്തിൽ കോവിഡും അന്വേഷകർക്ക് കൂട്ടായി.

സിനലോവ കാർട്ടലിന്റെ സ്വത്തുക്കൾ ഇപ്പോൾ കണ്ടുകെട്ടപ്പെട്ടിരിക്കയാണ്.ഹോളിവുഡ്ഡ് മസാല സിനിമാക്കഥകളെ അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു, സിനലോവ കാർട്ടൽ സ്ഥാപകൻ ജാക്വീൻ ഗുസ്മാന്റെ വളർച്ച. മൂന്നാംക്ലാസ്സിൽ പഠനം നിർത്തി അച്ഛനൊപ്പം പൊതിക്കഞ്ചാവു വിറ്റു നടന്ന ബാലൻ മെക്സിക്കോയിലെ ലഹരിക്കടത്തു സംഘത്തിന്റെ തലവനായത് ചോര ചിന്തി തന്നെയാണ്. വെറും നാലരയടിമാത്രം ഉയരംമാത്രമുള്ളതനാൽ 'കുള്ളൻ' എന്ന് ഇരട്ടപ്പേരുവീണ ഗുസ്മാൻ മനോധൈര്യവും തോക്ക് ഉപയോഗിക്കുന്നതിലെ മിടുക്കമാണ് തുണയായത്. കൗമാര പ്രായത്തിൽ എത്തിയപ്പോഴേക്കും ഇയാൾ പ്രാദേശിക ഗുണ്ടകളുടെ തലവനായി. ഈ സംഘാടനമികവാണ് ഗുസ്്മാനെ വളർത്തിയതെന്നാണ് ബിബിസി എഴുതുന്നത്. യൗവനത്തുടക്കത്തിൽ തന്നെ രാജ്യത്തിന്റെ നാനാ ഭാഗത്തുമുള്ള കള്ളക്കടത്തുകാരെ ഏകോപിപ്പിച്ച് സിനലോവ കാർട്ടൽ എന്ന ആരും പേടിക്കുന്ന സംഘടനയുണ്ടാക്കാൻ ആയാൾക്ക് കഴിഞ്ഞു.

തനിക്കെതിരെ നീങ്ങുന്നവർ പൊലീസ് ഓഫീസറായാലും പത്രപ്രവർത്തകനായാലും ഗുസ്മാൻ തല അറുക്കുമെന്നുറപ്പാണ്. ഒറ്റുകാരെ പരസ്യമായി കെട്ടിത്തൂക്കി കൊല്ലും. അതായത് ശത്രുക്കളെ കണ്ടെത്തി തല അറുത്ത് റോഡരികിൽ പ്രദർശിപ്പിപ്പിക്കുന്ന നിഷ്ഠൂരനാണിയാൾ. മെകിസിക്കോയിൽ പതിവായ ഒരു കൊലപാതക രീതിയുമാണിത്. കൊലപാതക പരമ്പര ജയിലിലേക്കും വ്യാപിപ്പിച്ചു. നോർത്ത് മെക്‌സിക്കോയിലെ ടോപോ ചികോ ജയിലിലാണ് രണ്ട് വിഭാഗത്തിൽ പെട്ട മയക്കുമരുന്ന് കടത്ത് സംഘത്തിലുള്ള പ്രതികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 52 പേരാണ് കൊല്ലപ്പെട്ടത്.

ആണുങ്ങൾ അടക്കിവാണ മെക്സിക്കൻ ലഹരിമരുന്നു സാമ്രാജ്യത്തെ ഞെട്ടിച്ച പെൺ പുലിയായിരുന്നു ക്ലോഡിയ ഓച്ചോവ ഫെലിക്സ്. ഗുസമാനെ വളർത്തുന്നതിൽ വലിയ പങ്കുവഹിച്ച ഇവർ കഴിഞ്ഞ ഒക്ടോബറിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയായിരുന്നു. 2014 ജൂണിൽ ട്വീറ്റ് ചെയ്ത രണ്ടു ചിത്രങ്ങളിലൂടെയാണു ലഹരിമരുന്നു മാഫിയ ലോകത്തേക്കുള്ള ക്ലോഡിയയുടെ വരവ് ലോകം അറിയുന്നത്. പിങ്ക് നിറത്തിലും സ്വർണ നിറത്തിലുമുള്ള എകെ 47 തോക്കുകൾ പിടിച്ചുള്ള രണ്ടു ചിത്രങ്ങളായിരുന്നു അത്. പതിനായിരങ്ങളാണ് അതിനു പിന്നാലെ ട്വിറ്ററിൽ ക്ലോഡിയയെ പിന്തുടരാനെത്തിയത്. ഇവർ മയക്കുമരുന്ന് മാഫിയിൽ പേരെടുത്തതോടെ സമാന്തരമായ വനിതാ സ്‌ക്വാഡും ഉണ്ടാക്കിയിരുന്നു.

മെക്സിക്കോയിലെ സൂപ്പർ മോഡലായ അവർ അന്ന് അറിയപ്പെട്ടിരുന്നത് റിയാലിറ്റി ഷോ താരം കിം കർദഷിയാന്റെ പേരിലായിരുന്നു. കർദഷിയാനുമായുള്ള രൂപസാദൃശ്യമായിരുന്നു കാരണം. കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിക്കുമ്പോൾ അവരുടെ കൃത്യമായ പ്രായം പോലും ആർക്കും അറിയില്ലായിരുന്നു. പക്ഷേ 35 വയസ്സിനിടെ അവർ നേടിയെടുത്ത കുപ്രസിദ്ധി മെക്സിക്കോയിൽ മറ്റൊരു വനിതയ്ക്കും ഇന്നേവരെയില്ലാത്തതാണ്. ലഹരിമാഫിയയുടെ പല പ്രവർത്തനങ്ങൾക്കു പിന്നിലും ക്ലോഡിയയാണെന്നു നേരത്തേ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. നൈറ്റ് ക്ലബുകളിൽ തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെയെത്തുന്ന അവരെ അതുവരെ കൗതുകത്തിന്റെ കണ്ണുകളോടെയായിരുന്നു മെക്സിക്കോക്കാരും കണ്ടിരുന്നത്. എന്നാൽ മോഡൽ പദവിയിൽ നിന്ന് മെക്സിക്കൻ ലഹരിമരുന്നു മാഫിയയിലെ ഏറ്റവും കരുത്തുറ്റ വനിതയെന്ന നിലയിലേക്ക് ഏതാനും വർഷംകൊണ്ടായിരുന്നു അവരുടെ വളർച്ച.

സിനലോവ കാർട്ടലെന്ന കൊടുംമാഫിയ സംഘത്തിന്റെ നെടുംതൂണായ വാക്വീൻ ഗുസ്മാൻ അറസ്റ്റിലായതും പിന്നാലെയെത്തിയ ഹോസെ റോഡ്രിഗോ ഏരെചികയെ യുഎസ് കുരുക്കിയതുമെല്ലാം ലഹരിക്കടത്തുകാർക്കു വൻ തിരിച്ചടിയാണു നൽകിയത്. ഇതിനുപിന്നാലെ ക്ലോഡിയ മരിച്ചു. വാക്വീൻ ഗുസ്മാൻ എന്ന അധോലോക രാജാവ് കൊടുംക്രൂരതകൾക്കു വേണ്ടി ഉപയോഗിച്ചിരുന്ന സുന്ദരമായ മുഖമായിരുന്നു ക്ലോഡിയ എന്നതു പരസ്യമായ രഹസ്യമായിരുന്നു. എന്നാൽ െപാതുമധ്യത്തിൽ ഗുസ്മാനുമായുള്ള ബന്ധം ക്ലോഡിയ നിഷേധിച്ചിരുന്നു.

സെപ്റ്റംബർ 14ന് ഒരു ഫ്ലാറ്റിൽ ശ്വാസംമുട്ടിയാണ് ക്ലോഡിയ മരിച്ചതെന്നായിരുന്നു പൊലീസ് നിഗമനം. രക്തത്തിൽ അമിത അളവിൽ മദ്യത്തിന്റെ അംശവുമുണ്ടായിരുന്നു. വിഷവാതകമോ മറ്റെന്തെങ്കിലും ശ്വാസതടസ്സമുണ്ടാക്കുന്ന പദാർഥമോ ബലമായി ശ്വസിപ്പിച്ച് കൊലപ്പെടുത്തിയതാകാമെന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്.തലേന്ന് നൈറ്റ് പാർട്ടിയിൽ ഒരാൾക്കൊപ്പം ക്ലോഡിയ പങ്കെടുത്തതിനു തെളിവുകൾ ഉണ്ട്. നൈറ്റ് പാർട്ടിക്കു ശേഷം അപാർട്ട്മെന്റിൽ തിരിച്ചെത്തിയ ക്ലോഡിയയെ പിറ്റേന്നു രാവിലെ വിളിച്ചപ്പോൾ എണീക്കാതായതോടെയാണ് പൊലീസിനെ അറിയിച്ചത്. ഇവർക്ക് എന്തു സംഭവിച്ചുവെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിനും വ്യക്തതയില്ല. ഇങ്ങനെ മാഫിയകൾ സ്വയം പ്രതിരോധത്തിലായ സമയത്താണ് കോവിഡ് വരുന്നതെന്ന് ഓർക്കണം.

സ്വത്തുക്കൾ കോവിഡ് പ്രതിരോധത്തിന്

ലോകത്തെ നടുക്കുന്ന പത്തിലേറെ ഡ്രഗ്-മാഫിയാ കാർട്ടലുകൾക്ക് ഒന്നിച്ച് തിരശ്ശീലയിട്ടാൽ മാത്രമേ അമേരിക്കയ്ക്ക് ഈ വിപത്തിൽനിന്ന് മോചനം ഉണ്ടാവുകയയുള്ളൂവെന്നാണ് യുഎസ് സ്റ്റേറ്റ ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൂട്ടൽ. സിനലോവ-യാക്കുസ- സൽവാട്രൂച്ച കൂട്ടുകെട്ടാണ് ഇപ്പോൾ എറ്റവും ഭീതിദമായിട്ടുള്ളത്. സിനലോവക്ക് ഏറ്റവും വലിയ പിന്തുണ നൽകുന്നത്് ഇപ്പോൾ യാക്കുസയാണ്. ജപ്പാനിലെ പരമ്പരാഗത കുറ്റവാളി സംഘടനകൾക്ക് പൊതുവായി പറയുന്ന പേരാണ് യാക്കൂസ. ലോകത്തിലെ ഏറ്റവും പഴക്കമുള്ള കുറ്റവാളി സംഘടനകൂടിയാണ് ഇത്. ഇവ ഗോക്കുദോ, വയലൻസ് ഗ്രൂപ്പ് എന്നീ പേരുകളിലും അറിയപ്പെടുന്നു. 17ാം നൂറ്റണ്ടിലാണ് ഇത് സ്ഥാപിതമായതെന്ന് കരുതപ്പെടുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കുറ്റകൃത്യ സംഘടനകളിൽ ഒന്നാണ് യാക്കൂസ. ജപ്പാനിൽത്തന്നെ ഇതിന് ഏതാണ്ട് 84,700 അംഗങ്ങളുണ്ട്. ഭീഷണിപ്പെടുത്തി പണം വാങ്ങൽ , നിയമ വിരുദ്ധ ചൂതാട്ടം, ചൂതാട്ടകേന്ദ്രം, വേശ്യാവൃത്തി, കള്ളക്കടത്ത് എന്നിവയാണ് ഇവരുടെ പ്രധാന വരുമാന മേഖലകൾ. ഇവരിലെ ഒരു വിഛാഗമാണ് സിനലോവയുമായി കൈ കോർത്തത്.

മെക്സിക്കോയിലുള്ള ഈ സംഘങ്ങൾക്ക് പക്ഷേ അമേരിക്കയിൽ പിന്തുണ നൽകുന്നത് സാത്താൻ ആരാധകർ ആണെന്ന് കരുതുന്ന സൽവാ ട്രൂച്ചയാണ്. അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ച ഈ ഗ്യാങ്ങിന്റെ പാർട്ടികൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി വരുന്ന മയക്കുമരുന്ന് മറച്ച് കടത്തിക്കൊണ്ടാണ് ഇവർ വിതരണ മേഖലയിലേക്ക് കടക്കുന്നത്. ഇപ്പോൾ വൻതോതിലുള്ള ആയുധ ശേഖരവും, അത്യാധുനിക സംവിധാനങ്ങളുമൊക്കെയായി അവർ അമേരിക്കയെ വിറപ്പിക്കായാണ്. ഇന്ന് യുഎസ് സ്റ്റേറ്റ ഡിപ്പാർട്ട്മെന്റിന്റെ നമ്പർ വൺ ഹിറ്റ് ലിസ്റ്റിലാണ് ഇവർ ഉള്ളത്. കടുത്ത വംശീയ വാദികൾ കൂടിയാണ് ഈ സംഘം. അമേരിക്കയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേർക്കുള്ള ആക്രമണങ്ങൾ ഉണ്ടായപ്പോൾ ഇവർ പ്രതിക്കൂട്ടിലായിരുന്നു. കോവിഡ് കാലത്ത് പ്രതിസന്ധിയിലായ ഇവരുടെ ഒക്കെ നേർക്ക് രഹസ്യപ്പൊലീസ് എത്തുകയാണ്.

അതിനിടെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവന്റെ ആഡംബര വില്ല മെക്സിക്കൻ സർക്കാർ ലേലത്തിൽ വിറ്റതും വലിയ വാർത്തയായി. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനായി, 1997 ൽ മരിച്ച മെക്സിക്കോയിലെ വമ്പൻ മയക്കുമരുന്ന് വ്യാപാരിയായിരുന്ന അമാഡോ കാരിലോ ഫ്യൂന്റസിന്റെ മെക്സിക്കോ സിറ്റിയിലെ വില്ലയാണ് സർക്കാർ ലേലത്തിൽ വെച്ചത്. 2.17 മില്യൺ ഡോളറിന് വീട് ലേലത്തിൽ വിറ്റു പോകുകയും ചെയ്തു. ഈ പണം മെക്സിക്കോ പൊതുജനാരോഗ്യ വിഭാഗം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കടക്കം ഉപയോഗിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

1980-90 കാലയളവിൽ മെക്സിക്കൻ അധോലോകത്തിലെ പ്രധാനിയായിരുന്നു 'ആകാശത്തിന്റെ അധിപൻ' എന്ന പേരിലറിയപ്പെട്ടിരുന്ന കാരിലോ ഫ്യൂന്റസ്. മെക്സിക്കോ കണ്ട ഏറ്റവും കുപ്രസിദ്ധനായ മയക്കുമരുന്ന് വ്യാപാരിയായിരുന്ന ഇയാൾ സ്വകാര്യ വിമാനങ്ങൾ ഉപയോഗിച്ച് വൻ തോതിൽ കഞ്ചാവും കൊക്കെയ്നും കടത്തിയിരുന്നതിനാലാണ് ആ പേര് വീണുകിട്ടിയത്. അമ്മാവന്റെ മയക്കുമരുന്ന് സംഘത്തിലൂടെ കള്ളക്കടത്തിലേക്ക് പ്രവേശിച്ച ഫ്യൂന്റസ് പിന്നീട് തന്റേതായ സാമ്രാജ്യം പടുത്തുയർത്തുകയായിരുന്നു.
വിമാനം പറത്താൻ പഠിച്ച ഫ്യൂന്റസ് കൊളംബിയയിൽനിന്ന് മെക്സിക്കോ വഴി യുഎസിലേക്കടക്കം നിരവധി തവണയാണ് മയക്കുമരുന്ന് കടത്തിയത്. ഒടുവിൽ തന്റെ തലവനായിരുന്ന റാഫേൽ അഗ്വിലർ ഗൗസാർഡോയെ വധിച്ച് സുവാരസ് മയക്കുമരുന്ന് സഖ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അന്നേവരെ തന്റെ ഒരു ഫോട്ടോ പോലും പുറത്തുവരാതെയാണ് ഫ്യൂന്റസ് അധോലോകം നിയന്ത്രിച്ചിരുന്നത്. പക്ഷേ, ഇതിനിടെ 1997 ൽ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്യൂന്റസിന്റെ മരണം.

കൊഴുപ്പ് നീക്കൽ അടക്കമുള്ള ആവശ്യങ്ങളുമായി പ്ലാസ്റ്റിക് സർജറി ചെയ്യാനായാണ് 1997 ൽ ഫ്യൂന്റസ് കള്ളപ്പേരിൽ ഒരു ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ ശസ്ത്രക്രിയയിലെ പിഴവ് കാരണം മരണം സംഭവിക്കുകയായിരുന്നു. ഫ്യൂന്റസിന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരൻ വിസെന്റെ കാരിലോ ഫ്യൂന്റസ് മാഫിയയുടെ നിയന്ത്രണം ഏറ്റെടുത്തു. ഇതിനിടെ ഫ്യൂന്റസിന് ശസ്ത്രക്രിയ നടത്തിയ മൂന്ന് ഡോക്ടർമാർ കൊല്ലപ്പെടുകയും ചെയ്തു. 2014 ൽ വിസന്റെ അറസ്റ്റിലായതോടെയാണ് വർഷങ്ങൾ നീണ്ട ഇവരുടെ മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങൾക്ക് അവസാനമായത്. നിലവിൽ മെക്സിക്കോയിലെ ജയിലിൽ ശിക്ഷ കാത്ത് കഴിയുകയാണ് വിസന്റെ.

കുറ്റവാളികളിൽനിന്ന് പിടിച്ചെടുത്ത വസ്തുവകൾ ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഫ്യൂന്റസിന്റെ ആഡംബര വില്ലയും സർക്കാർ ലേലം ചെയ്തത്. വർഷങ്ങൾക്ക് മുമ്പ് പണിത 38,000 ചതുരശ്ര അടി വിസ്തീർണമുള്ള ആഡംബര വില്ലയിൽ സ്വിമ്മിങ് പൂളും വിശാലമായ പൂന്തോട്ടവും മറ്റ് ആഡംബര സൗകര്യങ്ങളെല്ലാമുണ്ട്. കഴിഞ്ഞദിവസം നടന്ന ലേലത്തിൽ ഫ്യൂന്റസിന്റെ ആഡംബര വില്ലയ്ക്ക് പുറമേ 143 മറ്റ് വസ്തുവകളും സർക്കാർ വിൽക്കാൻ വെച്ചിരുന്നു. 70 കാറുകൾ, അഞ്ച് വീടുകൾ, നൂറിലേറെ ആഭരണങ്ങൾ, അഞ്ച് ചെറുവിമാനങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. ഏകദേശം 4.5 മില്യൺ ഡോളറാണ് കഴിഞ്ഞദിവസത്തെ ലേലത്തിലൂടെ സർക്കാരിന് ലഭിച്ചതെന്നാണ് റിപ്പോർട്ട്.

കളം മാറ്റിച്ചവിട്ടി ഇറ്റാലിയൻ മാഫിയ

എന്നാൽ കാറ്റ് പ്രതികൂലമാണെന്ന് കണ്ടതോടെ തീർത്തും കളംമാറ്റി ചവിട്ടുകയാണ് ഇറ്റാലിയൻ മാഫിയ. സത്യത്തിൽ മാഫിയകളുടെ ജന്മനാടാണ് ഇറ്റലി. ജനങ്ങളെ സഹായിച്ചുകൊണ്ട് തുടങ്ങിയ മാഫിയകൾ വീണ്ടും അതേ ട്രിക്ക് പുറത്തെടുക്കയാണ്. ഇറ്റലിയിൽ കൊവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങുന്നവരുടെ എണ്ണം ലക്കും ലഗാനുമില്ലാതെ കുതിക്കുമ്പോൾ, ജനങ്ങളുടെ ഉപജീവനവും ധനാർജ്ജനവും മുടക്കിക്കൊണ്ട് ലോക്ക് ഡൗൺ കർക്കശമാകുമ്പോൾ അവരിൽ പലർക്കും ഇഎംഐ അടക്കാനും, കടങ്ങൾക്ക് പലിശ നൽകാനും, എന്തിന് വീട്ടിൽ കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കാനും വരെയുള്ള പണമില്ലാതെ ആയിട്ടുണ്ട്. സർക്കാരിൽ നിന്നുള്ള സഹായങ്ങൾ പരിമിതമാണ്. അവതന്നെ എല്ലാവരിലേക്കും എത്തിച്ചേരുന്നുമില്ല. ഈ അവസ്ഥയിൽ അധോലോക മാഫിയയുടെ ബ്ലേഡ് സംഘങ്ങൾ നൽകുന്ന സഹായങ്ങൾ നിരസിക്കാൻ നിവൃത്തിയില്ലാത്ത സാഹചര്യമാണ് ഇറ്റലിക്കാരിൽ പലർക്കും.

ഈ കൊവിഡ് കാലം ഇറ്റാലിയൻ അധോലോക സംഘങ്ങൾക്ക് ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചെടുക്കാൻ, അവരിൽ തങ്ങളോടുള്ള കൂറ് ഉത്പാദിപ്പിച്ചെടുക്കാനുള്ള കാലമാണ്. അവർ ഇപ്പോൾ തങ്ങളുടെ പക്കലുള്ള അളവറ്റ ധനത്തിന്റെ ചെറിയൊരംശം ചെലവിടുന്നത് നാട്ടുകാരിൽ പട്ടിണി കിടക്കുന്നവർക്ക് ഫുഡ് പാക്കറ്റുകൾ എത്തിക്കാൻ വേണ്ടിയാണ്.

ഇറ്റലിയുടെ സമ്പദ് വ്യവസ്ഥ കഴിഞ്ഞ കുറെ വർഷങ്ങളായി ആകെ പരുങ്ങലിലാണ്. വളർച്ച മുരടിച്ചിരിക്കയാണ്. തൊഴിലില്ലായ്മ രൂക്ഷമാണ് രാജ്യത്ത്. അങ്ങനെ വല്ലാത്തൊരു അവസ്ഥയിൽ ജീവിക്കാൻ വേണ്ടി പെടാപ്പാടുപെടുന്ന ജനങ്ങൾക്കുമേൽ ഓർക്കാപ്പുറത്ത് വന്നു വീണ ഇടിമിന്നലാണ് ലോക്ക് ഡൗൺ എന്ന ഈ അടിയന്തരാവസ്ഥ. അത് പലരെയും വല്ലാത്ത സാമ്പത്തിക പ്രയാസത്തിലാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള അവസ്ഥകളിൽ കഴിയുന്നവർക്കാണ് പലപ്പോഴും മാഫിയയുടെ ഭാഗത്തു നിന്നുള്ള ചെറിയ സഹായങ്ങൾ സ്വീകരിക്കേണ്ടി വരുന്നത്. അത് പക്ഷേ അവരുടെ ജീവിതങ്ങളിളെ പിന്നീട് തിരിച്ചു പിടിക്കാനാവാത്ത വിധം മാറ്റും. ആദ്യമാദ്യം നൽകുന്ന സഹായങ്ങളിൽ കാര്യമായ ഉപാധികളോ, പ്രത്യുപകാരത്തെപ്പറ്റിയുള്ള സൂചനകളോ ഒന്നും കാണില്ല. എന്നാൽ, ഒരിക്കൽ മാഫിയയുടെ ഉപകാരം സ്വീകരിച്ചവർക്ക്, തിരിച്ച് അടുത്ത തവണ അവർ പറയുന്നത് പോലെ പ്രവർത്തിക്കാതിരിക്കാൻ സാധിക്കുകയില്ല.

ലോക്ക് ഡൗൺ തുടങ്ങിയ ശേഷം അടച്ചിടേണ്ടി വന്ന പല ബിസിനസ്സുകൾക്കും നഷ്ടം താങ്ങാനുള്ള ശേഷിയില്ല. ഓവർ ഹെഡ് ചെലവുകൾ വഹിക്കാനുള്ള സമ്പാദ്യവും അവർക്ക് കാണില്ല. ആയുഷ്‌കാലത്തെ സമ്പാദ്യം നിക്ഷേപിച്ച് തുടങ്ങിവെക്കുന്ന ബിസിനസ്സുകൾ മാഫിയ വെച്ചുനീട്ടുന്ന തുകയ്ക്ക് വിറ്റൊഴിയാൻ നിർബന്ധിതരായ പലരുമുണ്ട്. അത് മാഫിയയുടെ ഭാഗത്തു നിന്നുള്ള നിർബന്ധം കൊണ്ടല്ല. അവരുടെ ഗതികേടുകൊണ്ടാണ്. ഈ അവസരത്തിൽ എടുത്തുവീശാൻ പണമുള്ളത് മാഫിയയുടെ കയ്യിൽ മാത്രമാണ്. കള്ളക്കടത്തിലൂടെയും മറ്റു ക്രിമിനൽ പ്രവർത്തനങ്ങളിലൂടെയും ഒക്കെ ആർജ്ജിച്ച അളവറ്റ ധനം സേഫിലുള്ളതിനാൽ അവർക്ക് അങ്ങനെ ചെയ്യുക ഏറെ എളുപ്പവുമാകും. പലപ്പോഴും മാഫിയ സംഘങ്ങളുടെ പിണിയാളുകളിൽ നിന്ന് സഹായം സ്വീകരിക്കുന്നവർ, തങ്ങൾ ആരിൽ നിന്നാണ് പണം കടം വാങ്ങിയത് എന്നുപോലും അന്വേഷിക്കാൻ മിനക്കെടാറില്ല. അത്രയ്ക്ക് ഗതികേട് വന്നുപെട്ടിട്ടുണ്ടാവും അവർക്ക്. ഈ പണം സ്വീകരിക്കുക അല്ലെങ്കിൽ കുടുംബത്തോടെ ആത്മഹത്യ ചെയ്യുക എന്ന രണ്ടുവഴികൾ മാത്രം മുന്നിലുള്ള അവസ്ഥയിൽ, പിന്നെ പണം ആര് തന്നാലെന്ത്.അടുത്തതവണ പ്രാദേശിക ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരുമ്പോൾ, ഈ മാഫിയ നേതാക്കൾ കഴിഞ്ഞ തവണ സഹായം സ്വീകരിച്ചവരുടെ അടുത്തേക്ക് അങ്ങോട്ട് ചെല്ലും, എന്നിട്ട് ഏതെങ്കിലും ഒരാൾക്ക് വോട്ടുചെയ്യാൻ പറയും. കുഞ്ഞുങ്ങളുടെ പട്ടിണി മാറ്റാൻ പണം തന്നു സഹായിച്ചവർ പറഞ്ഞാൽ വോട്ടല്ല, അതിലും വലുത് ജനങ്ങൾ നൽകിയെന്നിരിക്കും.

ഇറ്റലിയിലെ ഒട്ടുമിക്ക സ്വകാര്യ വ്യാപാര സ്ഥാപനങ്ങളും ഇന്ന് പാപ്പർസ്യൂട്ടടിക്കുന്നതിന്റെ വക്കിലാണ്. സർക്കാർ ഈ നിമിഷം കൃത്യമായ ഇടപെടലുകൾ നടത്തി അവയെ രക്ഷിച്ചില്ല എന്നുണ്ടെങ്കിൽ അവയെല്ലാം തന്നെ മാഫിയയുടെ കൈകളിലേക്ക് എത്തിച്ചേരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. വായ്പ വേണ്ട ബിസിനസ്സുകൾക്ക് തങ്ങൾ 25,000 യൂറോ വരെ വായ്പ നൽകാൻ തയ്യാറാണ് എന്ന് ഇറ്റാലിയൻ സർക്കാർ അറിയിച്ചിട്ടുണ്ട് എങ്കിലും അതിലെ ചുവപ്പുനാടയുടെ നൂലാമാലകൾ എത്രത്തോളമുണ്ടാകും എന്ന് ആർക്കും ഉറപ്പില്ല.

രണ്ടുണ്ട് പ്രശ്നം. ഒന്ന്, നല്ലൊരു സംഖ്യ വായ്പയായി തരപ്പെടാതെ ബിസിനസുകൾ രണ്ടാമതും തുടങ്ങാൻ സാധിക്കില്ല. അങ്ങനെ തുടങ്ങുന്ന ബിസിനസ്സുകൾക്ക് ലോക്ക് ഡൗൺ കഴിഞ്ഞ് പൂർണ തോതിൽ രാജ്യത്തെ സ്വാഭാവികാവസ്ഥ പുനഃസ്ഥാപിക്കാത്തിടത്തോളം പഴയപോലെ വരുമാനം ഉണ്ടാക്കാനും സാധിക്കില്ല. അതായത് ഉടനെ തന്നെ വലിയ തോതിൽ ഒരു കടം തിരിച്ചടവ് ഉണ്ടാകാൻ സാധ്യത കുറവാണ് എന്നർത്ഥം. പലരും ബിസിനസുകൾ മാഫിയക്ക് വിറ്റുകൊണ്ട് കിട്ടുന്ന കാശും വാങ്ങി ഇനിയുള്ള നഷ്ടമെങ്കിലും കുറക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ, സർക്കാരിന്റെ ശ്രമങ്ങൾ വീണ്ടും വിധം ജനങ്ങളിലേക്ക് എത്തിയില്ലെങ്കിൽ, ഇന്നോളം തള്ളിപ്പറഞ്ഞ മാഫിയയെത്തന്നെ ആശ്രയിക്കാൻ, മാഫിയയുടെ കക്ഷത്തിലേക്ക് തങ്ങളുടെ തലകൾ തിരുകിക്കൊടുക്കാൻ ഇറ്റലിയിലെ സാധാരണക്കാർ നിർബന്ധിതരാകും.

അതായത് കോവിഡ് വൈറസിനപ്പൊലെ മ്യട്ടേറ്റ് ചെയ്തിരിക്കയാണ് ഇറ്റാലിയൻ മാഫിയയും. ഇത് വൻ ദുരന്തമാണ് ഉണ്ടാക്കുകയെന്ന് ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങൾ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. പക്ഷേ കോവിഡിൽ പകച്ചു നിൽക്കുന്ന ഇറ്റാലിയൻ സർക്കാറിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP