Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202225Saturday

കോളജ് റാഗിങ്ങ് വിവാഹത്തിലെത്തിയ അപൂർവത; മകന്റെ മരണം മനംമാറ്റമായി; സർക്കാർ ആശുപത്രിയിലെ ഹൃദയമാറ്റ ശസ്ത്രക്രിയ ചെലവ് കുറയ്ക്കലിൽ വിപ്ലവമായി; ഉറങ്ങുന്നത് രണ്ടോ മൂന്നോ മണിക്കൂർ മാത്രം; ശിവഭക്തനും ശ്രീ എമ്മിന്റെ അനുയായിയും; പൾസ് 20ലേക്ക് താഴ്ന്നിട്ടും വാവാ സുരേഷിനെ രക്ഷിച്ചത് ഈ ഡോക്ടറുടെ കരുതൽ; കേരളത്തിന്റെ 'ഹൃദയം കവർന്ന' ഡോ ടി.കെ ജയകുമാറിന്റെ ജീവിതകഥ

കോളജ് റാഗിങ്ങ് വിവാഹത്തിലെത്തിയ അപൂർവത; മകന്റെ മരണം മനംമാറ്റമായി; സർക്കാർ ആശുപത്രിയിലെ ഹൃദയമാറ്റ ശസ്ത്രക്രിയ ചെലവ് കുറയ്ക്കലിൽ വിപ്ലവമായി; ഉറങ്ങുന്നത് രണ്ടോ മൂന്നോ മണിക്കൂർ മാത്രം; ശിവഭക്തനും ശ്രീ എമ്മിന്റെ അനുയായിയും; പൾസ് 20ലേക്ക് താഴ്ന്നിട്ടും വാവാ സുരേഷിനെ രക്ഷിച്ചത് ഈ ഡോക്ടറുടെ കരുതൽ; കേരളത്തിന്റെ 'ഹൃദയം കവർന്ന' ഡോ ടി.കെ ജയകുമാറിന്റെ ജീവിതകഥ

എം റിജു

നുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന് തുല്യമായ നേട്ടം! ലോകത്ത് ആദ്യമായി ഹൃദയ മാറ്റിവെക്കൽ ശസ്ത്രക്രിയ, 1967ൽ ദക്ഷിണാഫ്രിക്കയിൽ നടന്നപ്പോൾ, ശാസ്ത്രലോകം വിലയിരുത്തിയത് അങ്ങനെ ആയിരുന്നു. പ്രധാന ആശുപത്രികളിൽ നിന്ന് വളരെ ദൂരെയുള്ള ഒന്നിൽ, ഒട്ടും അറിയപ്പെടാതിരുന്ന ഡോക്ടർ ക്രിസ്റ്റ്യൻ ബർണാഡ് എന്ന സർജനാണ് ഈ ഓപ്പറേഷൻ നടത്തി ലോകത്തെ ഞെട്ടിച്ചത്. പിന്നീട് ദക്ഷിണാഫ്രിക്കയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സെലിബ്രിറ്റി ഡോക്ടറായി അദ്ദേഹം മാറി. അപ്പോഴും തന്റെ കടമയും സാമൂഹിക ഉത്തരവാദിത്വവും ആ മുനഷ്യസ്നേഹി മറന്നില്ല.

ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. വെള്ളക്കാരായ ഡോക്ടർമാരുടെ സംഘം, കറുത്തവരുടെ ഹൃദയം പരീക്ഷണത്തിന് ഉപയോഗിക്കുന്നു എന്ന ആരോപണം ഭയന്ന്, രോഗിയുടെ ശസ്ത്രക്രിയ വൈകിപ്പിച്ചത് വരെ അദ്ദേഹം ലോകത്തോട് തുറന്നുപറഞ്ഞു. ലോകത്തിലെ ആദ്യത്തെ ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ഗ്രൂട്ട് ഷൂർ ആശുപത്രിയിൽ വെള്ളക്കാരും കറുത്തവരുമായ രോഗികളെ വേറെ ബ്ലോക്കുകളിലാക്കി ചികിത്സിക്കുന്നതിനേയും ഡോ ബർനാഡ് എതിർത്തു. ഫലത്തിൽ അദ്ദേഹം വർണ്ണ, വർഗ വ്യത്യാസമില്ലാത്ത ഒരു ലോകത്തിന്റെ ബ്രാൻഡ് അംബാസിഡറായി.

55 വർഷത്തിലേറെക്കഴിഞ്ഞ് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ചരിത്രം തിരുത്തിയ ഡോക്ടർ മാത്രം ആയിരുന്നില്ല ക്രിസ്റ്റിയൻ ബർഡാണ്. 'മാനവികതയുടെ ഹൃദയമായ മനുഷ്യൻ' എന്നാണ് ബിബിസി അദ്ദേഹത്തെ ഒരു ലേഖനത്തിൽ വിശേഷിപ്പിച്ചത്. അതുപോലെ മാനവികതയുടെ ഹൃദയമായി മാറിയ ഒരു ഹൃദയമാറ്റ ശസ്ത്രക്രിയാ വിദഗ്ധൻ ഇവിടെ കോട്ടയത്തുമുണ്ട്. മുറ്റത്തെ മുല്ലക്ക് മണമില്ല, എന്നതുപോലെ നാം അത് അറിയുന്നില്ല എന്നുമാത്രം. അതാണ്, സംസ്ഥാനത്ത് ആദ്യമായി ഒരു സർക്കാർ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്ത്് ചരിത്രം സൃഷ്ടിച്ച, കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ ടി.കെ ജയകുമാർ.

സ്വകാര്യ ആശുപത്രിയിൽ 30ലക്ഷം രൂപയിലേറെ രൂപ ചെലവുവരുന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വെറും 3 ലക്ഷം രൂപക്ക് ചെയ്തുകൊണ്ട്, സാധാരണക്കാർക്ക് പ്രാപ്യമായ രീതയിൽ ഈ മേഖലയെ അദ്ദേഹം മാറ്റിയെടുത്തു. മെഡിക്കൽ പ്രൊഫഷൻ വെറുമൊരു ജോലിയല്ല ഈ ഭിഷഗ്വരന്. ഒരുതരം ഭ്രാന്തമായ അഭിനിവേശം തന്നെയാണ്. അതുകൊണ്ടുതന്നെ വെറും രണ്ടോ മൂന്നോ മണിക്കുർ മാത്രമാണ് അദ്ദേഹം ഉറങ്ങുന്നത്. കോട്ടയം മെഡിക്കൽ കോളജിനെ ഇന്ത്യയിലെ നമ്പർ വൺ എന്ന് പറയാവുന്ന രീതിയിൽ വളർത്തിയെടുത്തും ഇദ്ദേഹത്തിന്റെ നിരന്തര പരിശ്രമങ്ങൾ കൊണ്ടാണ്.

നിർധനരായ രോഗികളുടെ അത്താണിയാണ് ഡോ. ജയകുമാർ. അദ്ദേഹത്തിന്റെ ശമ്പളത്തിന്റെ നല്ലൊരു ഭാഗവും, പാവങ്ങൾക്ക് മരുന്നും ഭക്ഷണവും വാങ്ങിയും, വണ്ടിക്കൂലി കൊടുത്തുമാണ് തീരുന്നതെന്ന് സുഹൃത്തുക്കൾ പറയുന്നു. അതുകൊണ്ടുതന്നെ രോഗികളെ സംബന്ധിച്ച് ജയകുമാർ വെറുമൊരു ഡോക്ടർ മാത്രമല്ല. തങ്ങളുടെ എല്ലാമാണ്.

പ്രതിവർഷം നന്നാക്കുന്നത് രണ്ടായിരത്തോളം ഹൃദയങ്ങൾ!

സ്വന്തം പങ്കാളിയുടെ മാത്രമല്ല, പതിനായിരങ്ങളുടെ 'ഹൃദയം കവർന്ന' ഡോക്ടറാണ് ജയകുമാർ. വർഷത്തിൽ അദ്ദേഹം നന്നാക്കിയെടുക്കുന്നത് രണ്ടായിരത്തോളം ഹൃദയങ്ങളാണ്. മസ്തിഷ്‌കമരണം സംഭവിച്ച ആളിൽനിന്ന് ജീവനുള്ള ഹൃദയം എടുത്തുമാറ്റി മറ്റൊരാളിൽ നട്ടുപിടിപ്പിക്കുന്ന അസാധാരാണമായ കൈപ്പുണ്യം. മിടിക്കുന്ന ഏഴ് ഹൃദയങ്ങളാണ് ഈ കൈകൾ തുന്നിപ്പിടിപ്പിച്ചത്. അദ്ദേഹത്തിന്റെ ചികിത്സക്ക് വിധേയരായ പല രോഗികളും വികാരവായ്‌പ്പോടെയാണ് തങ്ങളുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെക്കുന്നത്.

ദിവസം 45 മിനുട്ടുമാത്രമാണ് ഈ ഡോക്ടർ വീട്ടിൽ ചെലവിടുന്നത്. ആരോഗ്യത്തിന് ശരാശരി എട്ടു മണിക്കൂറെങ്കിലും ദിവസവും ഉറങ്ങണം എന്ന് രോഗികളോട് നിർദ്ദേശിക്കുന്ന ഡോക്ടർക്ക് ഉറക്കം രണ്ടോ മൂന്നോ മണിക്കൂർ മാത്രം. ബാക്കി സമയം മുഴുവൻ ശസ്ത്രക്രിയാ മുറിയിലോ രോഗികൾക്ക് നടുവിലോ കാണാം. മേജർ ശസ്ത്രക്രിയകൾ ചെയ്യുന്നു. പുലരാറാവുമ്പോഴും ചില ദിവസങ്ങളിൽ ശസ്ത്രക്രിയാ മുറിയിലായിരിക്കും. അവസാനത്തെ ശസ്ത്രക്രിയയും പൂർത്തിയാക്കി നന്നേ ക്ഷീണിതനായി സൂപ്രണ്ടിന്റെ റൂമിലെ സെറ്റിയിൽ കിടന്ന് ഒരു മയക്കം..!

പുലർച്ചെ നാലുമണിക്ക് എണീറ്റ് മെഡിക്കൽ കോളേജ് സൂപ്രണ്ട് എന്ന നിലയിലുള്ള ഫയലുകൾ നോക്കി ജോലി ഒതുക്കി ആറരയോടെ വീട്ടിലേക്ക്. പ്രഭാതകൃത്യങ്ങൾ തീർത്ത് 20 മിനുട്ട് യോഗയും ചെയ്ത് പ്രാതൽ. മിക്ക ദിവസവും ഈ ഒരുനേരത്തെ ഭക്ഷണം മാത്രമാണ് സ്വന്തം വീട്ടിൽ കഴിക്കുന്നത്. പിന്നെ ആശുപത്രിയിലേക്ക് മടക്കം. അപ്പോഴേക്കും നിരവധി ഹൃദ്രോഗികൾ അദ്ദേഹത്തിന്റെ വരവു കാത്തുകിടക്കുന്നുണ്ടാവും. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന രോഗികൾ പലരും മടക്കയാത്രയ്ക്ക് ബസ്സുകൂലിപോലും ഇല്ലാത്തവരാണെന്ന് മനസ്സിലായാൽ സ്വന്തം കാറിൽ ഡ്രൈവറെ കൂട്ടി വീട്ടിലെത്തിക്കുന്നൊരാൾ.

കൊറോണക്കാലത്ത് കോട്ടയം മെഡിക്കൽ കോളേജിൽ അഡ്‌മിറ്റായ കോവിഡ് രോഗികൾക്കായി മുഴുവൻ സമയം അദ്ദേഹം നീക്കിവെച്ചു. ഏറ്റവും മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കി. അവസാനത്തെ രോഗിയെയും ജീവിതത്തിലേക്ക് യാത്രയാക്കിയിട്ട് മടങ്ങിയത് തന്നെ കാത്തിരിക്കുന്ന ഹൃദ് രോഗികൾക്കരികിലേക്കാണ്.

മകന്റെ മരണം സൃഷ്ടിച്ച മനംമാറ്റം

മധ്യതിരുവിതാംകൂറിലെ ഒരു സാധാരണ കുടുംബത്തിലാണ് ഡോ. ജയകുമാറിന്റെ ജനനം. കിടങ്ങൂർ എൻഎസ്എസ് ഹൈസ്‌കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായിരുന്ന പിതാവാണ് തന്റെ സ്വഭാവ രൂപീകരണത്തിൽ വലിയ പങ്കുവഹിച്ചതെന്ന് അദ്ദേഹം പറയാറുണ്ട്. കോട്ടയം മെഡിക്കൽ കോളജിൽ തന്നെ പഠിച്ച്, എം.ബി.ബി.എസും എം.ഡിയു കഴിഞ്ഞ് അവിടെ തന്നെ ഡോകടറായി സേവനം അനുഷ്ഠിക്കയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത് ഒരു ദുരന്തമാണ്.

വർഷങ്ങൾക്കിപ്പുറത്തും വേദനയോടെ ഡോ.ജയകുമാർ ഓർമിക്കുന്ന ദിനത്തിൽ തന്നെയാണ് അദ്ദേഹം അച്ഛനായതും. കോട്ടയം മെഡിക്കൽ കോളേജിലാണ് അദ്ദേഹത്തിന്റെ ആദ്യത്തെ കുഞ്ഞ് പിറന്നത്, 20 വർഷം മുമ്പ്. മിടുക്കനായ ഒരു ആൺകുഞ്ഞ്. കുഞ്ഞിനെ കൺനിറയെ കാണുമ്പോഴേക്കും വിദഗ്ധ ഡോക്ടർമാർ കണ്ടെത്തി, കുഞ്ഞിന് ശ്വാസകോശസംബന്ധമായ ഗുരുതര രോഗമുണ്ടെന്ന്. ആകെ തളർന്നുപോയ നിമിഷം. കുഞ്ഞിനെ രക്ഷിക്കണമെങ്കിൽ എത്രയും വേഗം എറണാകുളത്ത് പി.വി എസ്. ആശുപത്രിയിൽ എത്തിക്കണം, അതും 24 മണിക്കൂറിനുള്ളിൽ. അന്ന് എല്ലാ സൗകര്യവുമുള്ള ആംബുലൻസില്ല. ചികിത്സയ്ക്ക് ഒന്നര ലക്ഷം രൂപ വരെ ചെലവാകും.

കോട്ടയം മെഡിക്കൽകോളേജിൽ ഡോക്ടർ ജയകുമാർ ജോലിചെയ്യുന്ന സമയവുമാണ്. എന്നിട്ടും അത്രയും പണം കണ്ടെത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അവന്റെ ചലനമറ്റ പിഞ്ചുമുഖത്തേക്കുനോക്കി ഡോ. ജയകുമാർ അന്നൊരു തീരുമാനമെടുത്തു. 'ഒരു സാധാരണക്കാരന്റെ കഠിനമായ മാനസിക വ്യഥ എനിക്കന്ന് മനസ്സിലായി. ഇനിയുള്ള ജീവിതം സാധാരണക്കാരും സാധുക്കളുമായ രോഗികൾക്കു വേണ്ടി മാത്രമാണ്. എന്റെ അടുത്തുവരുന്ന ഒരാളും പണമില്ലാത്തതിനാൽ കണ്ണീരോടെ മടങ്ങരുത്. ആവുന്നവിധം അവർക്കായി എന്തെങ്കിലും ചെയ്യണം.''- മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഡോ ജയകുമാർ പറയുന്നു.

തുടർന്ന് ഹൃദയമാറ്റ ശസ്ത്രക്രിയയിൽ മാസ്റ്റർ ബിരുദവും ദേശീയ കാർഡിയോതൊറാസിക് ബോർഡ് പരീക്ഷയിൽ വിജയവും നേടി.അതിനു ശേഷമാണ് ഹൃദ്രോഗ ചികിത്സാരംഗത്ത് മുഴുവൻ ശ്രദ്ധയും അർപ്പിച്ച് പ്രവർത്തിച്ചു തുടങ്ങിയത്. ഇപ്പോൾ ദിവസവും മുൻകൂട്ടി നിശ്ചയിച്ച ഹൃദയ, ശ്വാസകോശ ശസ്ത്രക്രിയകളും വാൽവ് മാറ്റിവയ്ക്കൽ സർജറിയും മറ്റുമായി അദ്ദേഹം സദാ ഹൃദയത്തിന്റെ ലോകത്താണ്. സ്വകാര്യ ആശുപത്രിയിലെ ചികിത്സാചെലവ് താങ്ങാൻ കഴിയാത്തതിനാൽ മെഡിക്കൽ കോളേജിലെ സർക്കാർ സംവിധാനത്തെ ആശ്രയിക്കുന്നവർ ഏറെയും സാധുക്കളും സാധാരണക്കാരും ആണല്ലോ. പുറത്ത് 30 ലക്ഷം വരെ ചെലവു വരുന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക് ഇവിടെ മൂന്നു ലക്ഷം രൂപയോളമേ വരുന്നുള്ളൂ.

അതീവ സങ്കീർണ്ണമായ ഹൃദയ ശസ്ത്രക്രിയ

രോഗിക്ക് എല്ലാ ചികിത്സാ സംവിധാനങ്ങളും പരാജയപ്പെട്ടുകഴിയുമ്പോഴാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെപ്പറ്റി ചിന്തിക്കുക. മാസപേശികൾക്ക് ബലക്ഷയം സംഭവിച്ച് ഹൃദയം കൃത്യമായി പ്രവർത്തിക്കാനാവാതെ രോഗി വിഷമിക്കുന്ന ദിനങ്ങൾ. രോഗിക്കു ചേരുന്ന ഹൃദയം നിശ്ചിത സമയത്തിനുള്ളിൽ കിട്ടണം.

മസ്തിഷ്‌കമരണം സംഭവിച്ച ആളെ പരിശോധിച്ച് തന്റെ രോഗിക്ക് ചേരുന്ന ഹൃദയമാണെന്ന് ഉറപ്പാക്കുന്ന നിമിഷം, കഠിനമായ സമ്മർദം നൽകുന്ന നിമിഷങ്ങളാണെന്ന് ഡോക്ടർ ജയകുമാർ പറയുന്നു. തലച്ചോറിലെ ശ്വാസോച്ഛ്വാസത്തെ നിയന്ത്രിക്കുന്ന ഭാഗം നിശ്ചലമാകുമ്പോഴാണ് മസ്തിഷ്‌കം മരിച്ചുവെന്ന് പറയുക. പിന്നെ വെന്റിലേറ്ററിന്റെ സഹായത്തോടെയാകും രോഗിയുടെ ജീവൻ നിലനിർത്തുന്നത്. വെന്റിലേറ്റർ എപ്പോൾ മാറ്റുന്നുവോ മൂന്നുമിനിട്ടിനകം മരിക്കും. തൊട്ടുമുമ്പുവരെ ഓടിനടന്ന ഒരാളുടെ ഹൃദയമാണ് ശരീരത്തിൽനിന്ന് വേർപെടുത്തി മറ്റൊരാളിൽ നട്ടുപിടിപ്പിക്കേണ്ടത്. അധികം സമയമില്ല. നാല് മണിക്കുർകൊണ്ട് പുർത്തിയാക്കണം. മുക്കാൽ മണിക്കുർ എടുക്കാൻതന്നെ വേണം, ഒന്നര മണിക്കുർ പിടിപ്പിക്കാൻ.

ദാതാവിന്റെ വിവരങ്ങൾ വെളിപ്പെടുത്തരുതെന്നാണ് വിദേശരാജ്യങ്ങളിലെ നിയമം. പക്ഷേ ഇന്ത്യയിൽ അതൊന്നും പാലിക്കാറില്ല. ദാനം ചെയ്ത ആളിന്റെ ബന്ധുക്കളും സ്വീകരിച്ചയാളും പരസ്പരം കാണുകയും വികാരങ്ങൾ കൈമാറുകയും ചെയ്യുന്നു.
ഹൃദയത്തിനൊപ്പം അയാളിൽ ഒട്ടിച്ചേരുന്നത് മറ്റൊരാളാണ് എന്ന വിചാരം മാനസ്സികമായ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കാം. വേറൊരു വ്യക്തിയുടെ വികാരങ്ങളും സ്വഭാവവും എന്തിന് ആത്മാവ് തന്നെയും ഹൃദയത്തിനൊപ്പം തന്നിലേക്കെത്തുന്നുവെന്ന് സ്വീകർത്താവിന് തോന്നിയേക്കാം. പക്ഷേ അതെല്ലാം വെറും തോന്നലുകൾ മാത്രമാണ്. ഘട്ടം ഘട്ടമായ ചികിത്സകൊണ്ട് നമുക്ക് അതെല്ലാം അതിജീവിക്കാവുന്നതാണെന്ന് ഡോക്ടർ പറയുന്നു.

അതിനേക്കാൾ പ്രശ്നം ശരീരം ഈ ഫോറിൻ ബോഡിയെ റിജക്റ്റ് ചെയ്യാൻ ശ്രമിക്കുന്നതുകൊണ്ടാണ്. അതിനാൽ ഇമ്മ്യണോ സപ്രസന്റ് മരുന്നുകൾ ശക്തമായി കൊടുക്കേണ്ടി വരും. അത് രോഗിയുടെ പ്രതിരോധ ശേഷിയെ ബാധിക്കും. അയാൾക്ക് അണുബാധ വരാതെ നോക്കണം. വന്നാൽ നല്ല ചികിത്സ കൊടുക്കണം. അങ്ങനെ യുദ്ധസമാനമായ അന്തരീക്ഷത്തിലാണ് ഒരു ഹൃദയ ശസ്ത്രക്രിയ നടക്കുക. ഒരുപാട് ടീം ഇതിന്റെ പിറകിലുണ്ട്. ഒരു മിലിട്ടറി യുദ്ധത്തിന് പോകുന്നപോലെ ഓരോ ടീമും പ്രവർത്തിക്കുന്നു.

ഒരു ഉറങ്ങാത്ത രാത്രിയിൽ പിറന്ന ചരിത്രം

ലോകത്തിൽ 67ൽ തുടങ്ങിയതാണെങ്കിലും, ഹൃദയമാറ്റ ശസത്രക്രിയ കേരളത്തിൽ എത്താൻ അതും കഴിഞ്ഞ് 45വർഷത്തോളം എടുത്തു. ആ ശസ്ത്രക്രിയക്ക് നേതൃത്വം കൊടുത്തതാവട്ടെ ഡോ ടി.കെ ജയകുമാറിന്റെ ആത്മസുഹൃത്തും എറണാകുളം മെഡിക്കൽ ട്രസ്റ്റിലെ സർജനുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറമായിരുന്നു. 2003 മെയ് 13നായിരുന്നു സംസ്ഥാനത്ത് ആദ്യ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. കാർഡിയോമയോപ്പതി അസുഖം ബാധിച്ച കെ.എ എബ്രഹാമിലാണ്, വാഹനാപകടത്തെത്തുടർന്ന് മരിച്ച നോർത്ത് പറവൂർ സ്വദേശി സുകുമാരന്റെ ഹൃദയം പിടിപ്പിച്ചത്. കർഷകനായ എബ്രഹാം, സുകുമാരന്റെ ഹൃദയവുമായി 20 മാസവും 11 ദിവസുമാണ് ജീവിച്ചത്.

ഈ വിജയം വലിയ വാർത്തയായി. എയർ ആംബുലൻസിൽ നേവിയുടെ സഹായത്തോടെ ഹൃദയം കൊണ്ടുവന്നതുമൊക്കെ പിന്നെ 'ട്രാഫിക്ക്' പോലുള്ള സിനിമകൾക്ക് ഒക്കെ പ്രമേയമായി. ഡോ ജോസ് പെരിയപ്പുറവുമായുള്ള സൗഹൃദം തന്നെയാണ് സർക്കാർ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയക്കുള്ള സംവിധാനം ഒരുക്കാൻ ഡോ. ജയകുമാറിനെ പ്രേരിപ്പിച്ചതും. എല്ലാ മാർഗ നിർദ്ദേശങ്ങളും ഡോ ജോസ് പെരിയപ്പുറവും നൽകി. അങ്ങനെയാണ് 2015 സെപ്റ്റമ്പർ 15 ന് കോട്ടയം മെഡിക്കൽ കോളജ് ചരിത്രം എഴുതുന്നത്. കേരളത്തിൽ ആദ്യമായി സർക്കാർ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത് അന്നായിരുന്നു.

ഏലൂരിൽ വൈദ്യുതി പോസ്റ്റിൽ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ വിനയകുമാറിന് പുലർച്ചെ മൂന്ന് മണിയോടെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. ആരോഗ്യ വകുപ്പിന്റെ മൃതസഞ്ജീവനി പദ്ധതി പ്രകാരമാണ് വിനയകുമാറിന്റെ ഹൃദയം പൊടിമോന് നൽകിയത്. കൂടാതെ വിനയകുമാറിന്റെ കരളും വൃക്കകളും നേത്രപടലങ്ങളും ദാനം ചെയ്തിട്ടുണ്ട്.

ഡോ ടി.കെ ജയകുമാറിനെയും കൂട്ടരെയും സംബന്ധിച്ച് ഒരു ഉറങ്ങാത്ത രാത്രിയായിരുന്നു അത്. പൊടിമോന്റെ രക്തവുമായി ക്രോസ് മാച്ച് നടത്തി അനുയോജ്യമെന്നുള്ള റിപ്പോർട്ട് അമൃതാ ആശുപത്രിയിൽ നിന്നു രാത്രി ലഭിച്ചു. തുടർന്ന് ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിനയകുമാറിന്റെ ഹൃദയം വേർപെടുത്തുന്ന ശസ്ത്രക്രിയ അർധരാത്രിയോടെ ലൂർദ് ആശുപത്രിയിൽ ആരംഭിച്ചു. പുലർച്ചെ മൂന്ന് മണിയോടെ ശസ്ത്രക്രിയ പൂർത്തിയാക്കി. മൂന്നേകാലോടെ ഹൃദയം സൂക്ഷിച്ച പെട്ടിയുമായി ഡോക്ടർമാർ കോട്ടയത്തേക്ക് ആംബുലൻസിൽ യാത്ര തിരിച്ചു. നാലരയോടെ കോട്ടയം മെഡിക്കൽ കോളജിലെത്തി. ഒട്ടും വൈകാതെ പൊടിമോന്റെ ശരീരത്തിൽ ഹൃദയം തുന്നിപ്പിടിപ്പിക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. എട്ട് മണിയോടെ ശസ്ത്രക്രിയ പൂർത്തിയാക്കുകയായിരുന്നു.

ഡൽഹി എയിംസ് ആശുപത്രിയിൽ മാത്രമാണ് സർക്കാർ തലത്തിൽ ഇതിന് മുൻപ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നിട്ടുള്ളത്. പക്ഷേ ആ സന്തോഷം അധിക ദിവസം നീണ്ടല്ല. 28 ദിവസത്തിനകം പൊടിമോൻ മരിച്ചത് വലിയ ആഘാതമായി. പക്ഷേ ഡോ ടി.കെ ജയകുമാറിലുള്ള വിശ്വാസം രോഗികൾക്ക് നന്നായി ഉണ്ടായിരുന്നു. അതിനുശേഷവും ആറ് ശസ്ത്രക്രിയകൾ അവിടെ നടന്നു. രണ്ടെണ്ണം ഈ കോവിഡ് കാലത്തായിരുന്നു. എല്ലാം വിജയവും ആയിരുന്നു.

പക്ഷേ ഇതൊന്നും തന്റെ വിജയമല്ലെന്ന് പറഞ്ഞ് ഡോക്ടർ വിനയാന്വിതനാവും. '' ഇത് ഒരു ടീമിന്റെ വിജയമാണ്. ഒരു നല്ല കാർഡിയോ തൊറാസിക്ക് ടീമിനെ ഉണ്ടാക്കിയെടുത്തുവെന്നാണ് കോട്ടയത്തെ പ്രത്യേകത. അതുപോലെ ഒരു ടീം ഉണ്ടെങ്കിൽ നമുക്ക് എവിടെയും വിജയം കൊയ്യാൻ കഴിയും.''ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ഈ മേഖലയിൽ ഏറെ മുന്നേറിക്കഴിഞ്ഞു. ജനിച്ച ഉടനെയുള്ള കുട്ടികളുടെ ശസ്ത്രക്രിയ തൊട്ട വാൾവ് റിപ്പയർവരെ ഇവിടെ ചെയ്യാൻ കഴിയും. നേരത്തെ സർക്കാർ സംവിധാനത്തിൽ ശ്രീചിത്രക്ക് മാത്രമാണ് ഈ മികവ് അവകാശപ്പെടാൻ ഉണ്ടായിരുന്നത്.

ലോക്ഡൗണിലും ഹൃദയം കൈമാറി അവർ

ഈ ലോക്ഡൗൺ കാലത്ത് അതായത് 2020 ഏപ്രിൽ 19ന് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തി കോട്ടയം മെഡിക്കൽ കോളജ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകത്താകമാനം അവയവദാന പ്രക്രിയ നിലച്ചിരിക്കെയുള്ള ഈ നേട്ടം രാജ്യാന്തര മാധ്യമങ്ങളിൽപോലും വാർത്തയായി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കെസി ജോസി (62) നാണു ഹൃദയം മാറ്റിവച്ചത്. തിരുവനന്തപുരത്തു നിന്ന് ഹൃദയമെത്തിച്ചത് ലോക്ക്ഡൗണിനെത്തുടർന്ന് തിരക്കൊഴിഞ്ഞ വഴികളിലൂടെയാണ്. ബൈക്ക് അപകടത്തെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീകുമാറിന്റെ (50) ഹൃദയമാണ് നൽകിയത്. മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ബന്ധുക്കൾ അവയവ ദാനത്തിനു തയാറാകുകയായിരുന്നു. ഇതുവഴി ജോസ് ഉൾപ്പെടെ നാലു പേർക്കാണു പുതുജീവൻ ലഭിച്ചത്.

വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്തെത്തിയ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച പുലർച്ചെ 3.15ന് ശ്രീകുമാറിൽനിന്ന് ഹൃദയമെടുത്തു. തുടർന്ന് റോഡ് മാർഗം 5.15ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തി. ഇവിടെ അഞ്ച് മണിക്കാണ് ശസ്ത്രക്രിയയിൽ തുടങ്ങിയത്. മൂന്നു മണിക്കൂറോളമാണു ശസ്ത്രക്രിയ നീണ്ടുനിന്നത്. ഹൃദയം മാറ്റിവയ്ക്കാനാവശ്യമായ മരുന്ന് എറണാകുളത്തുനിന്ന് ഫയർ ഫോഴ്സ് 40 മിനിറ്റ് കൊണ്ട് എത്തിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ നടന്ന ആറാമത്തെ ഹൃദയ മാറ്റിവെക്കൽ ശസ്ത്രക്രിയയാണിത്.

വെറും നാലുമാസം കഴിഞ്ഞ് ഓഗസ്റ്റ് 14 ,ഡോ ജയകുമാറും കൂട്ടരും വീണ്ടും ഇതേ ശസ്ത്രക്രിയ നടത്തി. സന്നദ്ധ പ്രവർത്തകനായ കോട്ടയം വ്ളാക്കാട്ടൂർ സ്വദേശി സച്ചിന്റെ (22) അകാല വേർപാട് ആറ് പേർക്കാണ് പുതുജീവിതം നൽകിയത്. ബൈക്കപകടത്തെത്തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച സച്ചിന്റെ ഹൃദയം, കരൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ എന്നിവയാണ് ദാനം നൽകിയത്. ഹൃദയവും ഒരു വൃക്കയും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കും, കരൾ കൊച്ചി ആംസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലുള്ള രോഗിക്കും, ഒരു വൃക്ക എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിനും, രണ്ട് കണ്ണുകൾ മെഡിക്കൽ കോളേയിലെ ഐ ബാങ്കിനുമാണ് നൽകിയത്.

ഇതോടെ കോട്ടയം മെഡിക്കൽ കോളേജിൽ മറ്റൊരു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രകിക്ക് കൂടി വേദിയായി. സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ഏഴാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണിത്. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന ബന്ധുക്കൾ ലോക അവയവദാന ദിനമായ ഓഗസ്റ്റ് 13ന് ഇതിന് സന്നദ്ധമായി മുന്നോട്ട് വന്നതും മറ്റൊരു പ്രത്യേകതയായി.

ഡോ. ടി.കെ ജയകുമാർ പകർന്നുകൊടുത്ത ധൈര്യം ക്രമേണേ മറ്റ് സർക്കാർ ആശുപത്രികൾക്കും പ്രചോദനമായി. 2021 ഡിസംബർ 17ന് എറണാകുളം ജനറൽ ആശുപത്രി പുതിയ ചിരിത്രം എഴുതി. ഇന്ത്യയിൽ ആദ്യമായി ജില്ലാതല സർക്കാർ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നടത്തുന്ന അപൂർവ്വ നേട്ടമാണ് എറണാകുളം ജനറൽ ആശുപത്രി കൈവരിച്ചത്. അവിടെയും ആദ്യത്തെ ബെപ്പാസ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകാനുള്ള യോഗം ഡോ. ടി.കെ. ജയകുമാറിന് തന്നെ ആയിരുന്നു.

സ്വന്തം പിതാവിന്റെ ഹൃദയ ശസ്ത്രക്രിയ എങ്ങനെ ചെയ്യും?

ബൈപ്പാസ് സർജറിയാണ് ജയകുമാറിന് ഏറ്റവു കടുതൽ ചെയ്യേണ്ടിവന്നത്. പക്ഷേ സ്വന്തം പിതാവിന്റെ ഹൃദയത്തിൽ സർജറി ചെയ്യേണ്ട അവസ്ഥ ഒരു മകന് വന്നുചേർന്നാൽ എന്തുചെയ്യും. അത്തരം ഒരു അവസ്ഥയുടെ വക്കിലെത്തിയതിന്റെ ഒരു അനുഭവം ഡോ ടി.കെ ജയകുമാറിന് പറയാനുണ്ട്.

മനോരമക്ക് നൽകിയ ഒരു അഭിമുഖത്തിൽ ഡോ ടി.കെ ജയകുമാർ ഇങ്ങനെ പറയുന്നു. ''എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമാണ് 2008 ഓഗസ്റ്റ് 8. സ്നേഹനിധിയായ എന്റെ അച്ഛനെ നെഞ്ചുവേദന വന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോ. ജയപ്രകാശ് സാർ വിശദമായി പരിശോധിച്ച് ആൻജിയോഗ്രാം ചെയ്യാൻ തീരുമാനിച്ചു. 80 വയസ്സിനോടടുത്ത, മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന അച്ഛന് ആൻജിയോഗ്രാം ചെയ്യാൻ മനസ്സിൽ ഭയമുണ്ടായിരുന്നെങ്കിലും ആ സാഹചര്യത്തിൽ അത് അനിവാര്യമായിരുന്നു. അച്ഛനു വളരെ ഗുരുതരമായ ബ്ലോക്ക് ഉണ്ടെന്നും ഉടനെ ശസ്ത്രക്രിയ ആവശ്യമാണെന്നും മനസ്സിലായി. അപ്പോൾത്തന്നെ എറണാകുളം ലിസി ആശുപത്രിയിൽ ജോസ് സാറിനെ ( ഡോ ജോസ് പെരിയപ്പുറം) വിളിച്ച് അങ്ങോട്ടു പോകാൻ തീരുമാനിച്ചു. ആംബുലൻസ് എത്തിയപ്പോഴേക്കും അച്ഛന്റെ നില വഷളായി.

ഹൃദയപരാജയത്തിന്റെ ഭാഗമായി ശ്വാസകോശത്തിൽ വെള്ളം കെട്ടുന്ന അക്യൂട്ട് പൾമണറി എഡിമ എന്ന അവസ്ഥയായിരുന്നു അച്ഛന്റേത്. ആ അവസ്ഥയിൽ അച്ഛനെ എറണാകുളത്ത് എത്തിക്കുക അസാധ്യമായിരുന്നു. കോട്ടയത്തു ശസ്ത്രക്രിയ ചെയ്യണമെങ്കിൽ ഞാൻ തന്നെ ചെയ്യേണ്ടിവരും. സ്വന്തം അച്ഛനെ ഇത്രയും ഗുരുതരാവസ്ഥയിൽ ശസ്ത്രക്രിയ നടത്തുന്നത് ഒരു ഞെട്ടലോടെ ഞാൻ ഓർത്തു. അപ്പോൾത്തന്നെ ജോസ് സാറിനെ വീണ്ടും വിളിച്ചു. ആ സമയത്ത് ജോസ് സാർ ശസ്ത്രക്രിയ നടത്തുകയായിരുന്നതിനാൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്ന ഡോ. ജേക്കബ് ഏബ്രഹാം എന്റെ ഫോൺ അറ്റൻഡ് ചെയ്യുകയും ഞാൻ പറഞ്ഞ കാര്യങ്ങൾ ജോസ് സാറിനെ ധരിപ്പിക്കുകയും ചെയ്തു. വിവരങ്ങൾ പറഞ്ഞപ്പോൾ ഈ അവസ്ഥയിൽ അച്ഛനെ കൊണ്ടുവരേണ്ടെന്നും അദ്ദേഹവും ടീമും കോട്ടയത്തു വന്ന് ശസ്ത്രക്രിയ ചെയ്യാമെന്നും അറിയിച്ചു. അന്നേദിവസം നാല് വലിയ ശസ്ത്രക്രിയകൾ കഴിഞ്ഞ് കോട്ടയം വരെ യാത്ര ചെയ്ത് ഞാൻ ആവശ്യപ്പെടുക പോലും ചെയ്യാതെ ഒരു മേജർ ഓപ്പറേഷന് തയാറായ ആ വലിയ മനസ്സിനു മുൻപിൽ എന്തു പറയണമെന്നറിയാതെ നിന്നു. രാത്രി എട്ടു മണിയോടെ അദ്ദേഹവും ടീമും കോട്ടയത്തെത്തി. അച്ഛന്റെ ശസ്ത്രക്രിയ വിജയകരമായി നടത്തി.

ആശുപത്രിയിലെ ജോലിത്തിരക്കിനിടയിൽനിന്ന് കിടങ്ങൂരുള്ള എന്റെ വീട്ടിൽ എത്തുമ്പോഴൊക്കെയും അച്ഛനോടു ചേർന്ന് കെട്ടിപ്പിടിച്ചു കിടക്കുന്ന സ്വഭാവം എനിക്കുണ്ടായിരുന്നു. ഓരോ പ്രാവശ്യവും അങ്ങനെ കിടക്കുമ്പോൾ അതിനു വീണ്ടും വർഷങ്ങളോളം ഭാഗ്യം തന്ന ജോസ് സാറിനെ ഓർത്ത് മനസ്സും കണ്ണും നിറഞ്ഞിട്ടുണ്ട്. ഡോ. ജോസ് നേതൃത്വം കൊടുക്കുന്ന ഹാർട്ട് കെയർ ഫൗണ്ടേഷൻ വഴി ആയിരത്തിലധികം പേർക്കു കോട്ടയം മെഡിക്കൽ കോളജിൽ സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തുകയുണ്ടായി. കോട്ടയം മെഡിക്കൽ കോളജിലെ ആദ്യത്തെ ബൈപാസ് ശസ്ത്രക്രിയ ചെയ്തപ്പോഴും ഹൃദയം മാറ്റിവയ്ക്കൽ നിർവഹിച്ചപ്പോഴും അദ്ദേഹത്തിന്റെയും സഹപ്രവർത്തകരുടെയും പൂർണ പിന്തുണയും മാർഗനിർദ്ദേശങ്ങളും എനിക്കുണ്ടായിരുന്നു.''- ഡോ ടി.കെ ജയകുമാർ പറയുന്നു.

പൾസ് 20ലേക്ക് താണ വാവ സുരേഷിനെ രക്ഷിച്ചു

ഇപ്പോൾ ഡോക്ടർ വീണ്ടും വാർത്തകളിൽ നിറഞ്ഞത്, പാമ്പുകളുടെ തോഴൻ വാവാ സുരേഷിനെ ഊണും ഉറക്കുവുമില്ലാതെ പരിചിച്ച് രക്ഷിച്ച് എടുത്തതിലൂടെയാണ്. മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുവരുമ്പോൾ പഴ്സ് റേറ്റ് 20 ലേക്ക് താഴ്ന്ന് അതീവ ഗുരതരാവസ്ഥയിൽ ആയിരുന്നു വാവ. തുടർന്ന് ദിവസങ്ങളോളം ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലെ മേധാവികളാണ് വാവയെ ചികിത്സിച്ചത്.

ജനുവരി 31 തിങ്കളാഴ്ച വൈകിട്ട് 4.15നാണ് സുരേഷിനെ കോട്ടയം കുറിച്ചിയിൽ വച്ച് മൂർഖൻ പാമ്പ് കടിച്ചത്. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ, വലതുകാലിലെ മുട്ടിനു മുകൾഭാഗത്ത് പാമ്പ് കടിക്കുകയായിരുന്നു. ഇഴഞ്ഞു പോയ പാമ്പിനെ പിടിച്ച് സുരേഷ് ചാക്കിലേക്ക് കയറ്റി. തുടർന്ന് സുരേഷിനെ കാറിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.ആദ്യം തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചാണ് സുരേഷിന് ചികിത്സ നൽകിയത്. മൂർഖൻ പാമ്പിന്റെ വിഷമായതിനാൽ, വേഗത്തിൽ തലച്ചോറിലേക്ക് എത്തുകയായിരുന്നു. വാവയെ മെഡിക്കൽ കോളേജിൽ എത്തിച്ചതു മുതൽ ഡോ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൃത്യമായി തന്നെ കാര്യങ്ങൾ വിലയിരുത്തി. മരുന്നുകളും ചികിൽസാ രീതിയും പലപ്പോഴും മാറ്റി പരീക്ഷിച്ചു. ഇതെല്ലാം വാവയുടെ ശരീരത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കിയായിരുന്നു. ജനകീയ ഡോക്ടറെന്ന് പേരെടുത്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്റെ കണക്കു കൂട്ടലുകളെ പോലും തെറ്റിച്ച് അതിവേഗം വാവ ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി സുരേഷിന്റെ ആരോഗ്യനില മോശമായിരുന്നു. ഇതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വിദഗ്ധസംഘം സുരേഷിന്റെ ആരോഗ്യനില വിശദീകരിച്ച് മാധ്യമങ്ങളെ കണ്ടിരുന്നു. തൊട്ടടുത്ത രാവിലെയും അതേനിലയിലായിരുന്നു. എന്നാൽ ഉച്ചയോടെ വീണ്ടും പഴയ നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു. രാത്രി വീണ്ടും വാവ സുരേഷ് കണ്ണുതുറന്നു. കഴിഞ്ഞ ദിവസം ആശുപത്രിവിട്ട അദ്ദേഹം ആദ്യം നന്ദി പറഞ്ഞത് ഡോക്ടർമാർക്കാണ്. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ മികവാണ് സുരേഷിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്നും മന്ത്രി വാസവനും ചൂണ്ടിക്കാട്ടി. അങ്ങനെ കേരളത്തിലെ ഒരു സർക്കാർ ആശുപത്രി ഏതൊരു സ്വകാര്യ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികളേക്കാൾ മികച്ചതാണെന്ന് തെളിഞ്ഞതും, ആരോഗ്യ പ്രവർത്തകരുടെ അഭിമാനം ഉയർത്തുകയാണ്.

കോളജ് റാഗിങ്ങ് വിവാഹത്തിലെത്തിയ അപൂർവത

ഡോ ടി.കെ ജയകുമാറിന്റെ വ്യക്തി ജീവിതത്തിലും ഒരുപാട് ആക്സ്മികതളൂണ്ട്. ഉറ്റ സുഹൃത്തും, കേരളത്തിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുമായ ഡോ ജോസ് പെരിയപ്പുറം, 'ഫ്ളവേഴ്സ് ഒരു കോടി' എന്ന ടെലിവിഷൻ പ്രോഗ്രാമിൽ പങ്കെടുക്കവെയാണ്, ഡോ ജയകുമാറിന്റെ വിവാഹ കഥ വെളിപ്പെടുത്തിയത്. മെഡിക്കൽ കോളജിലെ റാഗിങ്ങിന്റെ ഭാഗമായി സീനിയേഴ്സ്, ജൂനിയർ പെൺകുട്ടികളോട് പതിവായി ചോദിക്കുന്ന ചോദ്യമാണത്രേ, 'വിൽ യു മാരീ മീ' എന്നത്. ജയകുമാറും അതുപോലെ ഒരു ജൂനിയർ പെൺകുട്ടിയോട് ആ ചോദ്യം ചോദിച്ചു. പിൽക്കാലത്ത് അത് അദ്ദേഹം മറന്നുപോയി. പക്ഷേ അവൾ മറന്നില്ല. ഇയാളെ മാത്രമേ വിവാഹം കഴിക്കൂ എന്ന് അവൾ ശപഥം ചെയ്തു. പഠിച്ച് ഡോക്ടർ ആയപ്പോൾ, അവൾ തന്റെ രക്ഷിതാക്കളെ ജയകുമാറിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു. അങ്ങനെയാണ് അദ്ദേഹം ഡോ ലക്ഷ്മിയെ വിവാഹം കഴിക്കുന്നത്. അവർ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിലെ തന്നെ പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയാണ്.

ഒരു നല്ല വായനക്കാരനുമാണ് ഡോ ജയകുമാർ. ഡോക്ടർ ആയി പ്രാക്റ്റീസ് തുടങ്ങുന്നതിന് മുമ്പ് ഗാന്ധിയൻ, നെഹ്‌റുവിയൻ തത്ത്വചിന്തകളിൽ തൽപ്പരനായിരുന്നു. ഭാര്യ ഡോ. ലക്ഷ്മി ജയകുമാറും നല്ല വായനക്കാരിയാണ്. ശിവഭക്തനാണ് ഡോക്ടർ ജയകുമാർ, പക്ഷേ ക്ഷേത്രത്തിലൊന്നും പോകാൻ നേരം കിട്ടാറില്ല. ശ്രീ 'എം' ഉയർത്തിയ ജീവിത തത്വശാസ്ത്രത്തിൽ ആകൃഷ്ടരായ ദമ്പതികൾ തങ്ങളുടെ മൂത്ത മകൾ ചിന്മയിയെ ആന്ധ്രാപ്രദേശിലെ 'പീപ്പൽ ഗ്രോവ്' സ്‌കൂളിലേക്ക് അയച്ചാണ് പഠിപ്പിച്ചത്. വർഷങ്ങളായുള്ള ആത്മബന്ധമുള്ള ശ്രീ എമ്മുമായി അവർക്കുള്ളത്. അദ്ദേഹം കോട്ടയത്ത് വരുമ്പോൾ പാർക്കുന്നത് ഡോ. ജയകുമാറിനൊപ്പമാണ്. ഡോക്ടർക്ക് തന്റെ കുട്ടികളുമായി ചിലവഴിക്കാൻ പരിമിതമായ സമയം മാത്രമേ ലഭിക്കൂ. ദമ്പതികൾ ഒരുമിച്ച് ഔട്ടിംഗിന് പോകുന്നത് വളരെ അപൂർവമാണ്. ഇതാണ് താനൊരു ഡോക്ടറാകില്ലെന്ന് പറയാൻ മകളെ പ്രേരിപ്പിച്ചത്. ഇളയമകൻ ചിദാനന്ദ് കോട്ടയം ചിന്മയ സ്‌കൂളിലെ വിദ്യാർത്ഥിയാണ്.

കൃഷിയിലുള്ള ഈ ദമ്പതികളുടെ താൽപ്പര്യവും വാർത്തയായിരുന്നു. കിടുങ്ങൂരിലെ കുടുംബ സ്ഥലത്ത് ഒരു ഫാം ഉണ്ട്. ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും ഡോക്ടുറടെ ജീവിതം പശുക്കൾക്ക് ഒപ്പമാണ്. ''അദ്ധ്യാപകനാണെങ്കിലും എന്റെ പിതാവ് ഒരു കർഷകൻ ആയിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ഞാനും അവർക്കൊപ്പം കലപ്പ പിടിക്കും. ഈ ഫാമിൽ ഇപ്പോൾ മുപ്പതോളം പശുക്കൾ ഉണ്ട്. മത്സ്യകൃഷി, കോഴിക്കൃഷി എന്നിവ വേറെയും'- ഡോ ജയകുമാർ ഒരു അേഗ്രാ ടീവിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. പവിഴമല്ലി ചമത, പൂവരശ് തുടങ്ങിയ അപൂർവ വൃക്ഷലതാദികളും ഇവിടെയുണ്ട്. തിരക്കേറിയ മെഡിക്കൽ ജീവിതത്തിൽനിന്ന് ഡോക്ടർ ദമ്പതികൾ, ഒരു ബ്രേക്ക് എടുക്കുന്നതും ഇവിടേക്കുതന്നെ.

ഡയബറ്റിക്സ് ,കൊളസ്ടോാൾ, ഹൈപ്പർ ടെൻഷൻ എന്നിവയാണ് ഹൃദ്രോഗ കാരണമായ പ്രധാന വില്ലന്മാരായി ഡോക്ടർ കാണുന്നത്.'' പാരമ്പര്യവും ഒരു പ്രധാന ഘടകമാണ്. അമ്പതുവയസ്സിന് താഴെയുള്ള പ്രായത്തിൽ കുടുംബത്തിൽ ഹാർട്ട് അറ്റാക്ക് വന്നവർ ഉണ്ടെങ്കിൽ നിങ്ങളും കൃത്യമായി ചെക്കപ്പ് എടുക്കണം. അതുപോലെ ജീവിത ശൈലിയിലും ഏറെ ശ്രദ്ധിക്കണം. പുകവലി, കൊഴുപ്പ്, മാനസികസംഘർഷം, അമിത ഭാരം തുടങ്ങിയവയും ഹൃദ്രോഗത്തിലേക്ക് നയിക്കും. കൃത്യമായ വ്യായാമവും ഹൃദയാരോഗ്യം നിലനിർത്താൻ അനിവാര്യമാണ്. ഹൃദ്രോഗം എനിക്ക് വരില്ല എന്ന അമിത ആത്മവിശാസം ആർക്കും വേണ്ട. അതുപോലെ രോഗം വന്നാൽ എല്ലാം തീർന്നുവെന്ന ധാരണയും തെറ്റാണ്. ഹൃദയമാറ്റ ശസ്ത്രക്രിയ കഴിഞ്ഞിട്ടും ചുമട് എടുത്തും മീൻപിടിച്ചുമൊക്കെ ജീവിക്കുന്നവരുമുണ്ട്. ''- ഡോ ജയകുമാർ പറയുന്നു.

അതുപോലെ ഈ ലോകത്തിലെ ഏറ്റവും മഹത്വരമായ കാര്യമായി ഡോക്ടർ കാണുന്നത് അവയവദാനത്തെയാണ്. അതിനെ താഴ്‌ത്തിക്കെട്ടുന്ന രീതിയിലുള്ള പ്രചാരങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും ഈ ജനകീയ ഡോക്ടർ സമൂഹത്തോട് അവശ്യപ്പെടുന്നു. ''തന്റെ രോഗി എത്ര ഗുരുതരമായ അവസ്ഥയിലായാലും എവിടെങ്കിലും ഒരു മസ്തിഷ്‌ക മരണം നടന്നുകിട്ടാൻ ഒരു ഡോക്ടറും പ്രാർത്ഥിക്കില്ല. ഓരോ ജീവനും ഒരു കുടുംബത്തിന്റെ വെളിച്ചമാണ്. ഒരിടത്ത് പ്രകാശം പരക്കാൻ മറ്റൊരിടത്തെ വെളിച്ചം ഊതിക്കെടുത്താൻ എങ്ങനെ പ്രാർത്ഥിക്കാനാവും.'' - ഡോ ജയകുമാർ ചോദിക്കുന്നു.

വാൽക്കഷ്ണം: എത്രയോ പ്രാഞ്ചിയേട്ടന്മാർക്ക് പത്ശ്രീയും പത്മഭൂഷണുമൊക്കെ നൽകി ആദരിക്കുന്ന രാജ്യമാണ് നമ്മുടേത്. പക്ഷേ ഇതുപോലെ ഒരു സമുഹത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ജനകീയ ഡോക്ടർമാരെ ആദരിക്കുന്നതിൽ നാം മടിക്കയാണോ. പത്മഅവാർഡുകൾ യഥാർഥത്തിൽ പോകേണ്ടത് ഇത്തരം കരങ്ങളിലേക്കല്ലേ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP