Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202226Thursday

ലോകബാങ്കിന്റെ ചാരൻ, കുത്തകകളുടെ കൂട്ടിക്കൊടുപ്പുകാരൻ എന്നൊക്കെ പഴികേട്ടത് സാമ്പത്തിക ഉദാരവത്കരണത്തോടെ; മൗനിബാബയെന്നും ദുർബലനെന്നും പരിഹസിക്കപ്പെട്ടത് പ്രധാനമന്ത്രിയായിരുന്ന കാലത്ത്; ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്നത് 'ഇന്ത്യയുടെ ഡെങ് സിയാവോ പിങ്' എന്നും ആധുനിക ഇന്ത്യയുടെ ശിൽപ്പിയെന്നും; 88ാം ജന്മദിനം കടന്നുപോകുമ്പോൾ തരംഗമായി ഡോ മന്മോഹൻസിങ്

ലോകബാങ്കിന്റെ ചാരൻ, കുത്തകകളുടെ കൂട്ടിക്കൊടുപ്പുകാരൻ എന്നൊക്കെ പഴികേട്ടത് സാമ്പത്തിക ഉദാരവത്കരണത്തോടെ; മൗനിബാബയെന്നും ദുർബലനെന്നും പരിഹസിക്കപ്പെട്ടത് പ്രധാനമന്ത്രിയായിരുന്ന കാലത്ത്; ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്നത് 'ഇന്ത്യയുടെ ഡെങ് സിയാവോ പിങ്' എന്നും ആധുനിക ഇന്ത്യയുടെ ശിൽപ്പിയെന്നും; 88ാം ജന്മദിനം കടന്നുപോകുമ്പോൾ തരംഗമായി ഡോ മന്മോഹൻസിങ്

എം റിജു

'ലോക ബാങ്ക് ഇന്ത്യയെ ജപ്തിചെയ്യുമെന്നത്' 'സന്ദേശം' സിനിമയിൽ ശ്രീനിവാസൻ ഉന്നയിച്ച കോമഡി മാത്രമായിരുന്നുന്നില്ല. 1991ൽ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ, ധനമന്ത്രി ഡോ മന്മോഹൻസിങ്ങ്, മുൻകൈയെടുത്ത് സാമ്പത്തിക ഉദാരവത്ക്കരണത്തിലേക്ക് കടന്നപ്പോൾ കേരളത്തിലടക്കം കമ്യൂണിസ്റ്റുകാർ വ്യാപകമായി പ്രചരിപ്പിച്ചത് അതായിരുന്നു. ഇന്ത്യയിൽ സമ്പന്നർ കൂടുതൽ സമ്പന്നർ ആവുമെന്നും പാവപ്പെട്ടവർ പട്ടിണി കിടന്ന് മരിക്കുമെന്നും നമ്മുടെ സമ്പത്ത് ആഗോള കുത്തകകൾ തട്ടിയെടുക്കുമെന്നും, ഇന്ത്യയുടെ സാമ്പത്തിക സ്വാശ്രയത്വം അട്ടിമറിയും എന്നൊക്കെയുള്ള വാചോടോപങ്ങൾ. അന്ന് സ്വദേശി ജാഗരൻ മഞ്ചുമായി നടന്നിരുന്ന ബിജെപിയും ഇതേ പ്രചാരണം തന്നെയാണ് നടത്തിയത്. ചാണകവും ആര്യവേപ്പും കുങ്കുമവുമൊക്കെയുള്ള തദ്ദേശീയ ഉൽപ്പന്നങ്ങൾ നിറയുന്ന ഒരു'കിണാശ്ശേരിയായിരുന്നു' അവരുടെയും മനസ്സിൽ. എന്നാൽ ഉദാരവത്ക്കരണത്തിന്റെ 29 വർഷത്തിനുശേഷം തിര്ിഞ്ഞുനോക്കുമ്പോൾ, ഇന്ത്യയുടെ ജീവിത നിലവാരം എങ്ങനെ ഉയർന്നു എന്ന് ചിന്തിക്കുമ്പോഴാണ് നാം അന്നത്തെ പ്രതിഷേധ കോപ്രായങ്ങളുടെ പൊള്ളത്തരം അറിയുക. ഇന്ന് ഹരിതവിപ്ലവത്തിനുശേഷം ഇന്ത്യയുടെ പട്ടിണി മാറ്റിയ രണ്ടാം ഹരിത വിപ്ലവമായാണ് സാമ്പത്തിക ഉദാരവത്ക്കരണം പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്. അതിന് നേതൃത്വം കൊടുത്ത മന്മോഹൻസിങിനെ ആധുനിക ഇന്ത്യയുടെ ശിൽപ്പിയായും.

അതുപോലെ ഒന്നും രണ്ടും യുപിഎ സർക്കാറിന്റെ കാലത്ത് പ്രധാനമന്ത്രിയായപ്പോഴും ഡോ സിങ്് വല്ലാതെ പരിഹസിക്കപ്പെട്ടു. ദുർബലനെന്നും, സോണിയാഗാന്ധിയുടെ പാവയെന്നും, മൗനി ബാബയെന്നുമൊക്കെയായിരുന്നു ആക്ഷേപം. പക്ഷേ കാലം എല്ലാറ്റിനും ഒരു അവസരം കാത്തുവെച്ചിട്ടുണ്ട്. ഇന്ന് 88ാം ജന്മദിനം ആഘോഷിക്കുമ്പോൾ ഡോ സിങിനെ ഇന്ത്യയുടെ ഡെങ്ങ്സിയാവോ പിങ്് എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. അതിന് കാരണവും ഉണ്ട്. മാവോയുടെ പട്ടിണി മരണക്കാലത്തുനിന്ന്, വിപണികൾ തുറന്നുകൊണ്ട്, പൂച്ച വെളുത്തതാണെങ്കിലും കറുത്തതാണെങ്കിലും പ്രശ്നമില്ല എലിയെ പിടിച്ചാൽ മതിയെന്ന സിദ്ധാന്തം ഉണ്ടാക്കിയ ഡെങ്ങാണ് സത്യത്തിൽ ആധുനിക ചൈനയെ സൃഷ്ടിച്ചത്. പക്ഷേ മന്മോഹനെപ്പോലൊരു സാമ്പത്തിക ജീനിയസിന്റെ അഭാവം ഇപ്പോൾ പ്രകടമാണ്.

നോട്ടു നിരോധനം അടക്കമുള്ള മാൻ മെയ്ഡ് എക്കണോമിക്ക് ഡിസാസ്്റ്ററുകൾ നാം കണ്ടു. മന്മോഹൻഭരണത്തിന്റെ സാമ്പത്തിക ഉണർവിൽ തുടങ്ങിയ മോദിക്ക് ഒരടിപോലും രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല രാജ്യം വല്ലാതെ പിറകോട്ട അടിക്കയും ചെയ്തു. ഇന്ന് രാജ്യം വലിയ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്ന സമയത്താണ് മന്മോഹൻ ട്വിറ്ററിൽ ട്രൻഡിങ്ങ് ആവുന്നത്. ബിജെപിക്ക് എതിരായ കൃത്യമായ സാമ്പത്തിക സൂചകം കൂടിയാണ് അത്. ഒരു കാലത്ത് കോൺഗ്രസുകാർ പോലും സിങിന് ഒപ്പം ഉണ്ടായിരുന്നില്ല എന്നോർക്കണം. മന്മോഹനൊപ്പംം ഉദാരവത്ക്കരണത്തിന് നേതൃത്വം കൊടുത്ത മുൻ പ്രധാനമന്ത്രി നരസിംഹറാവു കടുത്ത അവഗണനയിലാണ് മരിച്ചത്. പാതി കത്തിയ നിലയിൽ അദ്ദേഹത്തിന്റെ ശരീരം ശ്മാശാനത്തിൽ കിടക്കുന്നതായുള്ള വാർത്ത ലോക്കൽ ചാനലിൽ വന്നതിന് ശേഷമാണ് ആ മൃതദേഹം യഥാവിധി ദഹിക്കപ്പെടുന്നതുപോലും!

വഴി തെറ്റി രാഷ്ട്രീയത്തിലേക്ക്

വഴിതെറ്റി രാഷ്ട്രീയത്തിൽ എത്തിയ ഒരു ബ്യൂറോക്രാറ്റാണ് സത്യത്തിൽ മന്മോഹൻസിംങ്്. 1932 സെപ്റ്റംബർ 26 ന് ഗുർമുഖ് സിംഗിന്റേയും അമൃത് കൗറിന്റേയും മകനായി മന്മോഹൻ ജനിച്ചു. പ പടിഞ്ഞാറൻ പഞ്ചാബിലെ ഗാഹ് എന്ന ഗ്രാമത്തിലായിരുന്നു ഈ കുടുംബം ജീവിച്ചിരുന്നത്. 1947 ലെ ഇന്ത്യാ വിഭജനത്തിനുശേഷം ഈ പ്രദേശം ഇപ്പോൾ പാക്കിസ്ഥാന്റെ ഭാഗമാണ്. ഇന്ത്യാ വിഭജനത്തിനുശേഷം ഗുർമുഖിന്റെ കുടുംബം അമൃത്സറിലേക്ക് കുടിയേറി. മന്മോഹൻ വളർന്നത് അമൃത്സറിലായിരുന്നു. വളരെ ചെറുപ്പത്തിലെ അമ്മ മരിച്ചു പോയതിനാൽ അച്ഛന്റെ അമ്മയാണ് കുട്ടിയായിരുന്ന മന്മോഹനെ വളർത്തിയത്. പഠനത്തിൽ മിടുക്കനായിരുന്നതുകൊണ്ട് സ്‌കോളർഷിപ്പുകൾ നേടിയാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം ഉന്നത പഠനത്തിനായി പഞ്ചാബ് സർവ്വകലാശാലയിൽ ചേർന്നു. അവിടെ നിന്നും ഉന്നത മാർക്കോടെ എം.എ പാസ്സായി. 1954 ൽ പി.എച്ച്.ഡി പഠനത്തിനായി കേംബ്രിഡ്ജ് സർവ്വകലാശാലയിൽ സ്‌കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു. ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള റൈറ്റ്സ് പുരസ്‌കാരവും, ആദം സ്മിത്ത് പുരസ്‌കാരവും നേടിയാണ് മന്മോഹൻ സിങ് സർവ്വകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

1957 ൽ വിദേശപഠനം കഴിഞ്ഞ് തിരിച്ചെത്തിയ മന്മോഹൻ പഞ്ചാബ് സർവ്വകലാശാലയിൽ സീനിയർ ലക്ചററായി ഉദ്യോഗത്തിൽ ചേർന്നു. 1966 ൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡിവലപ്പ്മെന്റിൽ ഇക്കണോമിക്സ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. ന്യൂയോർക്കിലായിരുന്നു ജോലി, 1969 വരെ ആ ജോലിയിൽ തുടർന്നു. 1969 ൽ ന്യൂയോർക്കിൽ നിന്നും തിരിച്ചെത്തിയ സിങ് ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസ്സറായി ഉദ്യോഗം പുനരാരംഭിച്ചു. അന്താരാഷ്ട്ര വ്യാപാരം എന്ന വിഷയത്തിലായിരുന്നു അദ്ദേഹം ക്ലാസ്സുകൾ എടുത്തിരുന്നത്. 1971 ൽ ഗതാഗത വകുപ്പിൽ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായി. 1972 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ ഭാരത സർക്കാർ ധനകാര്യ വകുപ്പിൽ മുഖ്യ ഉപദേഷ്ടാവായിരുന്നു.1980-1982 കാലത്ത് മന്മോഹൻ സിങിന്റെ സേവനം ആസൂത്രണവകുപ്പിലായിരുന്നു. 1982 ൽ ധനകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖർജി മന്മോഹൻ സിങിനെ ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിച്ചു.1985 മുതൽ 1987 വരെയുള്ള കാലഘട്ടത്തിൽ ആസൂത്രണകമ്മീഷൻ ഉപാദ്ധ്യാക്ഷനായി സിങ് നിയമിതനായി.ആസൂത്രണവകുപ്പിലെ ഉദ്യോഗത്തിനുശേഷം, മന്മോഹൻ സിങ്, സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറലായി നിയമിക്കപ്പെട്ടു. ജനീവയിലായിരുന്നു ഈ സ്വതന്ത്ര സ്ഥാപനത്തിന്റെ മുഖ്യകാര്യാലയം.

ജനീവയിൽ നിന്നും തിരിച്ചെത്തിയ ഉടൻ തന്നെ, പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റു. 1991 ൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനായി, തുടർന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. മന്മോഹന്റെ ആ ഉദ്യോഗസ്ഥ മികവുകണ്ടാണ് റാവു രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കുന്നത്.

രാഷ്ട്രീയത്തിൽ എത്തിച്ചത് റാവു

നരസിഹം റാവുമായുള്ള സൗഹൃദവും സ്നേഹ ബന്ധവുമാണ് മന്മോഹൻസിങിനെ രാഷ്ട്രീയത്തിൽ എത്തിച്ചത്. 1991ൽ മുൻ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ മന്ത്രിസഭയിൽ ധനകാര്യവകുപ്പ് കൈകാര്യം ചെയ്താണ് മന്മോഹൻസിങ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.പ്രധാനമന്ത്രിയുടെ ക്ഷണം ആദ്യം നിരസിച്ചെങ്കിലും, പിന്നീട് നരസിംഹറാവു നയിക്കുന്ന കേന്ദ്രമന്ത്രിസഭയിൽ ധനകാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സിങ് സ്ഥാനമേറ്റു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ ലോക് സഭയിലേക്കെത്താനാണ് മന്മോഹൻ സിങിനോട് റാവു ഉത്തരവിട്ടത്. ആദ്യം താൻ അത് ഗൗരവമായിട്ടെടുത്തില്ലെങ്കിലും, പിന്നീട് ശാസനാപൂർവ്വമുള്ള പ്രധാനമന്ത്രിയുടെ ഉത്തരവിനെഅംഗീകരിക്കുകയായിരുന്നുവെന്ന് മന്മോഹൻ സിങ് പിന്നീട് ഒരു പത്രത്തിനായി നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

മന്മോഹൻ സിങ് ധനകാര്യവകുപ്പിൽ ചുമതലയേൽക്കുമ്പോൾ ഇന്ത്യ ഒരു സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും വായ്പയെടുക്കാൻ ഇന്ത്യ നിർബന്ധിതമായിരിക്കുകയായിരുന്നു. എന്നാൽ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളാണ് ഐ.എം.എഫ് ഇന്ത്യയിൽ നടപ്പിലാക്കാൻ ആവശ്യപ്പെട്ടത്. ലൈസൻസ് രാജ് സമ്പ്രദായം നീക്കം ചെയ്യാനും, വിദേശനിക്ഷേപത്തിനായി വിപണികൾ തുറന്നിടാനും മന്മോഹൻ സിങ് നിർബന്ധിതനായി.നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ നടപ്പിലാക്കാനുള്ള മാർഗ്ഗങ്ങളും, പൊതുമേഖലാ സ്ഥാപനങ്ങൾ വേണ്ടിവന്നാൽ സ്വകാര്യവത്കരിക്കാനുള്ള നടപടികളും കൂടുതൽ വേഗത്തിൽ നടപ്പിലാക്കി. ചൈനയിലെ നേതാവായിരുന്ന ഡെൻ സിയാവോപിങിനോടാണ് കേന്ദ്രമന്ത്രി കൂടിയായ പി.ചിദംബരം മന്മോഹൻ സിങ്ങിനെ ഉപമിച്ചത്. ഓഹരി വിപണി വിവാദവുമായി ബന്ധപ്പെട്ട് മന്മോഹൻ സിങ് കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജിവെച്ചെങ്കിലും പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവു ആ രാജികത്ത് സ്വീകരിക്കുകയുണ്ടായില്ല. പകരം റിപ്പോർട്ടിൽ പേരെടുത്തു പറഞ്ഞിരിക്കുന്നവർ മാത്രം ശിക്ഷ ഏറ്റുവാങ്ങിയാൽ മതി എന്നും ധനകാര്യമന്ത്രി എന്ന നിലയിൽ മന്മോഹൻ സിങ് ആ സംഭവത്തിൽ പങ്കുണ്ടെന്നു വിശ്വസിക്കുന്നില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.

കടുത്ത എതിർപ്പും കുപ്രചാരണവുമാണ് സ്വന്തം പാർട്ടിയിൽനിന്നുപോലും ഇരുവർക്കും കിട്ടിയത്. പക്ഷേ അത് ഒരു വലിയ തുടക്കമായിരുന്നു. പ്രമുഖ കമ്പനികൾ ഇന്ത്യയിലെത്തി. ഇന്ത്യൻ വിപണി തുറന്ന്. പലർക്കും പുറത്തേക്ക് ജോലിചെയ്യാൻ അവസരം കിട്ടി. പതുക്കെ രാജ്യം ദാരിദ്രത്തിൽനിന്ന് കരകയറുന്ന അവസ്ഥയായി.

ദ ആക്സിഡന്റ് പ്രൈം മനിസ്റ്റർ

ഇന്ത്യയുടെ പ്രധാനമന്ത്രിയാവുമെന്ന് ആരും ഒരിക്കലും കരുതിയിട്ടില്ലാത്ത വ്യക്തിയാണ് ഡോ മന്മോഹൻ. 2004 ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. കോൺഗ്രസ്സ് മറ്റു കക്ഷികളുമായി കൂടിച്ചേർന്ന് യു.പി.എ സഖ്യം രൂപീകരിക്കുകയും മന്ത്രിസഭക്കുള്ള തങ്ങളുടെ അവകാശം ഉന്നയിക്കുകയും ചെയ്തു. അപ്പോഴേക്കും ബിജെപി പൗരത്വ വിവാദം ഉയർത്തി സോണിയാ ഗാന്ധിയെ സംശയത്തിന്റെ നിഴലിൽ നിർത്തി. ആ സമയത്താണ് പ്രണബ്മുഖർജിയെ വെട്ടി യു.പി.എ ചെയർമാൻ ആയ സോണിയാ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മന്മോഹൻ സിങിന്റെ പേരു നിർദ്ദേശിച്ചത്. ഒരു തവണ പോലും ലോക സഭയിലേക്ക് എത്താൻ കഴിയാതിരുന്ന മന്മോഹൻ സിങിന്റെ സ്ഥാനാർത്ഥിത്വം അത്ഭുതകരമായിരുന്നു. 2004 മെയ് 22 ന് മന്മോഹൻ സിങ് ഇന്ത്യയുടെ പതിനേഴാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

പ്രധാനമന്ത്രിയായിരുന്നപ്പോൾ തുടങ്ങിവെച്ച സാമ്പത്തിക നയങ്ങൾക്ക് മന്മോഹൻ സിങ് കൂടുതൽ കരുത്തു പകർന്നു. സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ പതുക്കെ ഇന്ത്യൻ വിപണിയുടെ ശക്തി കൂട്ടി.മന്മോഹൻ സിങും, ധനകാര്യമന്ത്രി പി.ചിദംബരവും ചേർന്ന് ഈ നയങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കാൻ തുടങ്ങി. ഇക്കാലഘട്ടത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 89% ആയി മാറി. 2007 ൽ ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്നു ഒന്നാം യുപിഎ സർക്കാർ ഇന്ത്യയിലെ ഏറ്റവും മികച്ച സർക്കാറുകളിൽ ഒന്നായാണ് പരിഗണിക്കപ്പെട്ടത്.

ബാങ്കിങ് സാമ്പത്തിക മേഖലയിൽ കൂടുതൽ നവീകരണങ്ങൾ മന്മോഹൻ സിങ് സർക്കാർ നടപ്പിലാക്കിക്കൊണ്ടിരുന്നു. കർഷകരുടെ തിരിച്ചടക്കാൻ പറ്റാത്ത കടങ്ങൾ എഴുതിത്ത്ത്ത്ത്തള്ളാനുള്ള നടപടികൾ സ്വീകരിച്ചു.2005 ൽ വില്പന നികുതിയെ പരിഷ്‌കരിച്ച് മൂല്യ വർദ്ധിത നികുതി പരിഷ്‌കാരം നടപ്പിലാക്കി.2008 കളുടെ തുടക്കത്തിൽ ലോകമെമ്പാടും ബാധിച്ച മൂല്യശോഷണം ഇന്ത്യയിലും അനുഭവപ്പെട്ടു.അക്കാലത്ത് രൂപയുടെ മൂല്യം കുറച്ചത് വൻ വിവാദമാണ്് ഉണ്ടാക്കിയത്. തൊഴിലുറപ്പു പദ്ധതി, വിവരാവകാശ നിയമം തുടങ്ങിയ വിപ്ലവകരമായ പല നിയമങ്ങളും നടപ്പാക്കിയത് മന്മോഹന്റെ കാലത്താണ്. എന്നാൽ മൗനിബാബ, സോണിയുടെ കൈയിലെ പാവ എന്നീ പേരുകളിലാണ് അദ്ദേഹം അധിക്ഷേപിക്കപ്പെട്ടത്. പക്ഷേ ഇപ്പോൾ ഇന്ത്യ അദ്ദേഹത്തെ മനസ്സിലാക്കുന്നു. മോദിയും കൂട്ടരും എടുക്കുന്ന ഓരോ തെറ്റായ നയങ്ങളും മന്മോഹന്റെ മഹത്വം വിളിച്ചോതുന്നു.

പക്ഷേ ഒന്നാം യുപിഎ സർക്കാറിന് കിട്ടിയ കീർത്തി പക്ഷേ രണ്ടാം യുപിഎ സർക്കാറിന് കിട്ടിയില്ല. അിമെതിക്കഥകൾ സർക്കാറിന്റെ ഇമേജ് തകർത്തു. പ്രയോഗിക രാഷ്ട്രീയക്കാരനല്ലാതിരുന്ന മന്മോഹന് ഈ പെരുപ്പിച്ച കണക്കുകൾ കൃത്യമായി വിശദീകരിക്കാനും ആയില്ല. അന്ന് പ്രണബ് മുഖർജിയെപ്പോലുള്ള ഒരു കരുത്തനെ പ്രധാനമന്ത്രിയാക്കുകയും, മന്മോഹനെ ധനമന്ത്രിയായി നിലനിർത്തുകയും ചെയ്തിരുന്നെങ്കിൽ ഒരു പക്ഷേ മോദി തരംഗം ഉണ്ടാവുമായിരുന്നില്ല എന്ന വിലയിരുത്തൽ പോലും പിന്നീട് ഉണ്ടായിട്ടുണ്ട്.

ട്വിറ്ററിലും ട്രൻഡിങ്ങായി മന്മോഹൻ

മന്മോഹൻ സിംഗിന്റെ പിറന്നാൾ ദിനമായ ഇന്ന് ഇന്ത്യൻ സൈബർ ലോകം ആശംസക്കൊപ്പം താങ്കളായിരുന്നു ശരി എന്നു കൂടി പറഞ്ഞു വെക്കുകയാണ്. മന്മോഹൻ സിംഗിന്റെ 88ാം പിറന്നാളാണ് ഇന്ന്. മന്മോഹൻ സിംഗിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രാഹുൽ ഗാന്ധി കുറിച്ചത് 'ആ അസാന്നിധ്യം ഇന്ത്യ തിരിച്ചറിയുന്നു' എന്നാണ്. പ്രധാനമന്ത്രിയെന്ന നിലയിൽ മന്മോഹൻസിങ്ങിന്റെ അഭാവം ഇന്ത്യക്ക് കടുത്ത നഷ്ടമാണെന്ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ രാഹുൽ പറഞ്ഞു.

പ്രധാനമന്ത്രിയെന്ന നിലയിൽ മന്മോഹൻസിങ്ങിന്റെ അഭാവം ഇന്ത്യക്ക് കടുത്ത നഷ്ടമാണെന്ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ രാഹുൽ പറഞ്ഞു. മുൻ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ 88ാം പിറന്നാളാണ് ഇന്ന് ആഘോഷിക്കുന്നത്. സത്യസന്ധത, മാന്യത, അർപ്പണ മനോഭാവം എന്നിവ കൈമുതലായുള്ള ഡോ. സിങ് എല്ലാവർക്കും പ്രചോദനമാണെന്നും രാഹുൽ പറഞ്ഞു. 'മന്മോഹൻ സിങ് ഇല്ലാത്ത വർഷങ്ങളിൽ ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ തിരിച്ചറിയുന്നു. അദ്ദേഹത്തിന് ഇനി വരാനിരിക്കുന്ന വർഷങ്ങൾ മനോഹരമാകട്ടെ.. ഒരു നല്ല ജന്മദിനം ആശംസിക്കുന്നു' ഇതായിരുന്നു രാഹുലിന്റെ ആശംസ.

കോൺഗ്രസ് ഒദ്യോഗിക പേജിൽ മന്മോഹൻ സിങ്ങിന് ആശംസകൾ നേർന്നു. 'ഓരോ ഇന്ത്യാക്കാരന്റേയും നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാവായിരുന്നു മന്മോഹൻ സിങ്. സമൂഹത്തിൽ നിലനിൽക്കുന്ന തിന്മകൾ സമൂലം ഇല്ലാതാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം' കോൺഗ്രസ് ട്വീറ്റ് ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാക്കളും ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസയുമായെത്തി.

അതേസമയം മന്മോഹന്റെ പിറന്നാൽ ട്വിറ്റിറിലും വലിയ ആഗോഷമായി മാറി. പിറന്നാളാഘോഷിച്ച് ട്വിറ്റർ. ട്വിറ്ററിൽ ഹാപ്പിബേർത്ത് ഡേ മന്മോഹൻ സിങ്ങെന്ന ഹാഷ് ടാഗ് ഇപ്പോൾ ട്രെൻഡിങ്ങാണ്. വീ മിസ് യു മന്മോഹൻ സിങ് എന്നാണ് ഭൂരിഭാഗം പേരും ട്വീറ്റ് ചെയ്തിരിക്കുന്നത്. ശശി തരൂർ അടക്കമുള്ള കോൺഗ്രസ് നേതാക്കളും മന്മോഹൻ സിങിന് ട്വിറ്ററിലൂടെ പിറന്നാൾ ആശംസകൾ നേർന്നു. ഇതിനോടകം 28000ത്തിലധികം പേരാണ് ട്വിറ്ററിൽ മുൻ പ്രധാനമന്ത്രി മന്മോഹൻ സിങിന് പിറന്നാൾ ആശംസകൾ നേർന്നത്.

മന്മോഹൻ സിങിന്റെ പിറന്നാൾ ദിനത്തിൽ 2012ൽ ബി.ബി.സിയിൽ എഴുതിയ ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു ശശി തരൂർ മന്മോഹൻ സിങിന് പിറന്നാൾ ആശംസകൾ നേർന്നത്. മന്മോഹൻ സിങിന്റെ നേട്ടങ്ങൾ ഇന്നും പ്രസക്തമാണെന്ന് ശശി തരൂർ പറഞ്ഞു. മാധ്യമങ്ങളേക്കാൾ ചരിത്രം എന്നോട് കരുണകാണിക്കുമെന്ന മന്മോഹൻ സിങിന്റെ വാക്കുകളും പലരും ട്വിറ്ററിലൂടെ പങ്കുവെച്ചു. പ്രധാമന്ത്രിയെന്ന നിലയിൽ മോദി ദുരന്തമായിരിക്കുമെന്ന് മന്മോഹൻ സിങ്ങിന്റെ വാക്കുകൾ പങ്കുവച്ചായിരുന്നു മറ്റുചിലർ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നത്.

കോർപ്പറേറ്റുകൾ നാടിനെ പാപ്പരാക്കുമോ?

യാഥർഥത്തിൽ കുത്തകകൾ എന്ന് വിളിക്കുന്ന കോർപ്പറേറ്റുകൾ നാടിനെ പാപ്പരാക്കുമോ എന്ന ചോദ്യം മന്മോഹൻസിങിന്റെ ജന്മദിനത്തിൽ തന്നെയാണ് ഉയർത്തേണ്ടത്. ഇതുസംബന്ധിച്ച് സോഷ്യൽമീഡിയ ആക്റ്റീവിസ്്റ്റ് സജീവ് ആല എഴുതിയ ഒരു പോസ്റ്റ് ഇങ്ങനെയാണ്.

ചെകുത്താനെന്നും പിശാചെന്നും ഒക്കെയാണ് ഇടതുപക്ഷകേരളം കോർപ്പറേറ്റ്സിന് നല്കിയിരിക്കുന്ന അർത്ഥവും വിശേഷണവും.കോർപ്പറേറ്റുകളെ കെട്ടുകെട്ടിച്ചാൽ രാജ്യം രക്ഷപെടും. അതാണ് നമ്മുടെ സാമാന്യ വികാരവും വിചാരവും.ഉത്തര കൊറിയയിൽ കോർപ്പറേറ്റുകളേയില്ല.

എന്നാൽ ദക്ഷിണ കൊറിയയിൽ സാംസങ്ങും എൽജിയും ഹുണ്ടായിയും ഉണ്ട്. എല്ലാവരും ആഗോള കോർപ്പറേറ്റ് ഭീമന്മാർ.മുപ്പത് വർഷം മുൻപ് ഇന്ത്യയേക്കാൾ ദരിദ്രമായിരുന്ന സൗത്തുകൊറിയയുടെ സമ്പദ്ഘടന ഇന്ന് സ്പെയിനേക്കാൾ വലുതും വികസിതവുമാണ്.ആളോഹരി വരുമാനത്തിലും ആരോഗ്യവിദ്യാഭ്യാസ മേഖലയിലും പാശ്ചാത്യ ക്ഷേമരാഷ്ട്ര നിലവാരം ഇന്ന് കാപ്പിറ്റലിസ്റ്റ് കൊറിയ കൈവരിച്ചിരിക്കുന്നു.ഉത്തര കൊറിയ പട്ടിണിയും ക്ഷാമവും അണുബോംബും മിസൈലും ഉല്പാദിച്ച് ഇരുമ്പ് മറയ്ക്കുള്ളിൽ ജീവിക്കുന്നു.കുട്ടിക്കാലം തൊട്ടേ നമ്മൾ കേൾക്കുന്ന ഫിലിപ്സ് ഡച്ച് കമ്പനിയാണ്.ഡച്ച് ജനതയെ ഈ കുത്തക കമ്പനി പാപ്പരാക്കി നശിപ്പിച്ചതായി അറിവില്ല.

വികസിത ജനാധിപത്യത്തിന്റെ ഉദാത്ത മാതൃകയായി വാഴ്‌ത്തപ്പെടുന്ന സ്‌ക്കാൻഡിനേവിയൻ രാജ്യങ്ങളിലൊന്നായ ഫിൻലൻഡാണ് നോക്കിയയുടെ ജന്മദേശം.ടെക്ക്നോളജിയുടെ അവസാനവാക്കായി ജപ്പാനെ ഉയർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച സോണിയും ടൊയോട്ടയും തോഷിബയും കൊഡാക്കും ഷാർപ്പും എല്ലാം ബഹുരാഷ്ട്ര കമ്പനികൾ തന്നെ. സ്വന്തം നാട്ടിലെ കമ്പനികൾക്ക് വളർച്ചയും അഭിവൃദ്ധിയും ഉറപ്പുവരുത്തുവാൻ എല്ലാ ജനാധിപത്യ ഭരണകൂടങ്ങളും ശ്രദ്ധ ചെലുത്തുന്നു.അതുകൊണ്ടാണ് അമേരിക്കൻ പ്രസിഡന്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ജർമ്മൻ ചാൻസലറും ഒക്കെ ഇന്ത്യ സന്ദർശിക്കുമ്പോൾ അവരുടെ നാട്ടിലെ വ്യവസായികളുടേയും കച്ചവടക്കാരുടേയും സംഘം കൂടെയുണ്ടാകുന്നത്.

അംബാനിയും അദാനിയും ടാറ്റയും ബിർലയും മോദിയുടെ മാത്രമല്ല മന്മോഹൻ സിംഗിന്റേയും ഉറ്റവരായിരുന്നു.ബിർലയെ കൽക്കരി ഖനി ഇടപാടിൽ വഴിവിട്ട് സഹായിച്ചുവെന്ന കേസിലാണ് സത്യസന്ധനായ മന്മോഹൻ സിങ് കോടതി കയറിയത്. യൂസഫലിയും രവി പിള്ളയും ഉമ്മൻ ചാണ്ടിയുടെ മാത്രമല്ല കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും പ്രിയപ്പെട്ടവരാണ്. യൂസഫലി ഓടിച്ച ബാറ്ററി കാറിലിരുന്ന് വിഎസും പിണറായിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ലുലുമാൾ ചുറ്റിക്കണ്ടിട്ടുണ്ട് .

രവിപിള്ളയുടെ മകളുടെ സഹസ്രകോടികൾ പൊടിച്ച കല്യാണമാമാങ്കത്തിന് ഇടത് വലത് ബിജെപി നേതാക്കളെല്ലാം ഹാജരായിരുന്നു. കോർപ്പറേറ്റുകളുടെ അമിത ദുരയും മാൽ പ്രാക്ടീസുകളും നിയന്ത്രിച്ച് അവരെ നാട്ടിലെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായരീതിയിൽ പ്രവർത്തിപ്പിക്കുവാൻ ജനാധിപത്യ സംവിധാനത്തിന് കഴിയണം. ബഹുരാഷ്ട്ര കമ്പനികളെല്ലാം വളർന്നതും പന്തലിച്ചതും ഡമോക്രസിയിൽ തന്നെയാണ്.

തെറ്റായ ട്രേഡ് കുതന്ത്രങ്ങളും ആധിപത്യ പ്രവണതകൾക്കും മൂക്കുകയറിടാൻ ഭരണകൂടത്തിനാവണം.Behind every fortune there is a crime. ആ ആപ്തവാക്യത്തിൽ ശരിയുമുണ്ട്.തെറ്റ് ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കാൻ ഭരണകൂടത്തിനാവണം. അതിനായി ഡമോക്രസിയെ പരമാവധി ശക്തിപ്പടുത്തണം.കാർഷിക മേഖലയിൽ കോർപ്പറേറ്റ് കമ്പനികളുടെ സാന്നിധ്യം തീരെയില്ലാത്തതിന്റെ മുരടിപ്പും ദാരിദ്ര്യവും ആ മേഖലയിൽ കാണാനാവും. ദാരിദ്ര്യത്തിന്റെ തുല്യവിതരണം ലക്ഷ്യമിടുന്ന പ്രത്യയയാസ്ത്രങ്ങളാണ് കോർപ്പറേറ്റ് വിരുദ്ധ വിഷംചീറ്റൽ നടത്തുന്നത്.ഏതെങ്കിലും സാങ്കല്പിക ശത്രുവിനെതിരെ എപ്പോഴും യുദ്ധം ചെയ്ത് രാജ്യത്തിന്റെ സാമ്പത്തിക വികാസം തടയാൻ അവർ ശ്രമിച്ചുകൊണ്ടേയിരിക്കും.

കൊക്കക്കോള നിരോധിച്ചും പെപ്സിയെ പൂട്ടിക്കെട്ടിച്ചും അദാനിയെ കൊഞ്ഞനം കുത്തിയും കിം ജോങ്ങനെ പിന്തുണച്ചും സാമ്രാജ്യത്വത്തെ മുട്ടുകുത്തിക്കുമെന്നുള്ള വാശിപ്പുറത്ത് തന്നെയാണ് ഇന്നും വിപ്ളവകേരളം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP