Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എച്ചിലെടുത്തും അത് തിന്നും വളർന്ന ബാല്യം; കുഴികുത്തി പട്ടിക്കൊപ്പം കഞ്ഞി; സ്‌കൂളിൽ ചേർന്നത് ഉപ്പുമാവിന് വേണ്ടി; ജാതിപ്പേര് വിളിച്ചുള്ള അദ്ധ്യാപകന്റെ മർദനത്തിൽ മനം മാറ്റം; എക്കണോമിക്സ് എം എക്ക് ഒന്നാം റാങ്ക്; ജാതി ഭ്രാന്തന്മാർക്കെതിരെ പോരടിച്ച് പി എച്ച് ഡി; ഇതാ കേരളത്തിലെ അംബേദ്ക്കർ! ഡോ എം കുഞ്ഞാമന്റെ കനലെരിയുന്ന ജീവിതകഥ

എച്ചിലെടുത്തും അത് തിന്നും വളർന്ന ബാല്യം; കുഴികുത്തി പട്ടിക്കൊപ്പം കഞ്ഞി; സ്‌കൂളിൽ ചേർന്നത് ഉപ്പുമാവിന് വേണ്ടി; ജാതിപ്പേര് വിളിച്ചുള്ള അദ്ധ്യാപകന്റെ മർദനത്തിൽ മനം മാറ്റം; എക്കണോമിക്സ് എം എക്ക് ഒന്നാം റാങ്ക്; ജാതി ഭ്രാന്തന്മാർക്കെതിരെ പോരടിച്ച് പി എച്ച് ഡി; ഇതാ കേരളത്തിലെ അംബേദ്ക്കർ! ഡോ എം കുഞ്ഞാമന്റെ കനലെരിയുന്ന ജീവിതകഥ

എം റിജു

'കേരളത്തിലെ അംബേദ്ക്കർ' എന്ന് ഏതെങ്കിലും ഒരു വ്യക്തിയെ വിശേഷിപ്പിക്കാൻ കഴിയുമെങ്കിൽ അത് ഡോ എം കുഞ്ഞാമനെ ആയിരിക്കും. ഉപ്പുമാവ് കിട്ടുമെന്നതിനാൽ സ്‌കൂളിലെ പടി ചവിട്ടിയ ഈ ദലിത് ബാലൻ, ഇന്ന് ലോകം അറിയുന്ന അക്കാദമീഷ്യനും സാമ്പത്തിക ശാസ്ത്രജ്ഞനും, ദലിത് ചിന്തകനും അദ്ധ്യാപകനുമാണ്. ഡോ എം കുഞ്ഞാമൻ എന്ന മണ്ണ്യമ്പത്തൂർ കുഞ്ഞാമന്, ഡോ കെ ആർ നാരായണന് ശേഷം സാമ്പത്തിക ശാസ്ത്രം എഎ യിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദലിത് കേരളീയൻ എന്ന ബഹുമതി കൂടിയുണ്ട്. അദ്ദേഹത്തിന്റെ ഡവലപ്മെന്റ് ഓഫ് ട്രൈബൽ ഇക്കോണോമി, സ്റ്റേറ്റ് ലെവൽ പ്ലാനിങ് ഇൻ ഇന്ത്യ, എക്കണോമിക് ഡെവലപ്പ്മെന്റ് ആൻഡ് സോഷ്യൽ ഗ്ലോബലൈസേഷൻ, എന്നീ പുസ്തകങ്ങളും എറെ ചർച്ചചെയ്യപ്പെട്ടതാണ്.

കേരളത്തിലെ ദലിത് ജീവിതത്തെക്കുറിച്ച് ഇത്രമേൽ പഠനവും വിശലകനവും നടത്തിയ വ്യക്തി വേറെയുണ്ടാവില്ല. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആത്മകഥയായ 'എതിരിന്' മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരിക്കയാണ്. എന്നാൽ 'അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഇത്തരം ബഹുമതികളുടെ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ല', എന്ന് വിനയപൂർവം പറഞ്ഞുകൊണ്ട് കുഞ്ഞമാൻ ഈ അവാർഡ് നിരസിക്കയാണ്.

പക്ഷേ ആ പുസ്തകം വായിച്ചവർക്ക് അറിയാം, ഏത് അവാർഡിനേക്കാളും മൂല്യമുള്ള ഉള്ളടക്കമാണ് അതിനുള്ളതെന്ന്. എച്ചില് തിന്ന് ജീവിച്ച ബാലനിൽനിന്ന്, ജാതിവെറിയന്മാരോട് പൊരുതിക്കയറിയാണ് ഡോ കുഞ്ഞാമൻ, അക്ഷരം പഠിക്കുന്നതും വളരുന്നതും, ഡോക്ടറേറ്റ് എടുക്കുന്നതും. അംബേദ്ക്കറെപ്പോലെ ശരിക്കും കനലെരിയുന്ന ജീവിതമാണ് കുഞ്ഞാമന്റെതും.

എച്ചില് തിന്നുന്ന ജീവിതം

ആത്മകഥയിൽ ഡോ കുഞ്ഞാമൻ തന്റെ ബാല്യം ഇങ്ങനെ വിവരിക്കുന്നു. ''ഇരുട്ടുനിറഞ്ഞതായിരുന്നു കാലം. പേടി മാത്രം നൽകിയിരുന്ന സമുദായം. ജാതി പാണൻ. അച്ഛൻ അയ്യപ്പൻ, അമ്മ ചെറോണ. അവർ നിരക്ഷരരായിരുന്നു. എച്ചിലെടുത്തും അത് തിന്നുമാണ് ജീവിതം. അച്ഛൻ കന്നുപൂട്ടാൻ പോകും. കടുത്ത ദാരിദ്ര്യവും അടിച്ചമർത്തപ്പെട്ട ജാതിയും. ഒന്നു മറ്റൊന്നിനെ ഊട്ടിവളർത്തി.

മലബാറിൽ പട്ടാമ്പിക്കടുത്ത് വാടാനംകുറിശ്ശിയിലാണ് വീട്. വീടെന്ന് പറഞ്ഞുകൂടാ. ചാളയാണ്. ഒരു മണ്ണെണ്ണ വിളക്കുണ്ട്. ഞാൻ പുസ്തകം വായിക്കാൻ തുടങ്ങുമ്പോൾ വിളക്ക് അമ്മ അടുക്കളയിലേക്കു കൊണ്ടുപോകും. അപ്പോൾ, എന്നിലേക്ക് ഇരുട്ട് അരിച്ചിറങ്ങാൻ തുടങ്ങും. ലോകം ഒരു ഇരുട്ടായി എന്നെ ചുറ്റിവരിയും. വയറുകാളാൻ തുടങ്ങുമ്പോൾ ജന്മിമാരുടെ വീടുകളിലേക്കുപോകും. അവിടെ കഞ്ഞി പാത്രത്തിൽ തരില്ല. മുറ്റത്തുപോലുമില്ല, തൊടിയിൽ മണ്ണുകുഴിച്ച്, ഇലയിട്ട് ഒഴിച്ചുതരും.

പതിന്നാലു വയസ്സുള്ളപ്പോഴാണ്, വീടിനടുത്തുള്ള ഒരു ജന്മിയുടെ വീട്ടിൽ കഞ്ഞിക്കുചെന്നു. മണ്ണിൽ കുഴിച്ച് കഞ്ഞിയൊഴിച്ചുതന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കുടിക്കാൻ പറഞ്ഞു വീട്ടുകാർ. കുഴിയുടെ അടുത്തേക്കു കുരച്ചെത്തിയ പട്ടി കഞ്ഞി കുടിക്കാനുള്ള ആർത്തിയിൽ എന്നെ കടിച്ചുമാറ്റി. തിരിഞ്ഞുനോക്കുമ്പോൾ, ഒരു മനുഷ്യനും പട്ടിയും തമ്മിലുള്ള ബന്ധമായിരുന്നില്ല അത്, രണ്ടു പട്ടികളുമായുള്ള ബന്ധമായിരുന്നു. രണ്ടു പട്ടികൾ കഞ്ഞിക്കുവേണ്ടി മത്സരിക്കുന്നു. പട്ടി കടിച്ച മുറിവിൽനിന്നു ചോര വന്നപ്പോൾ ദേഷ്യമല്ല തോന്നിയത്, എന്റെ അവസ്ഥയിലുണ്ടായിരുന്ന മറ്റൊരു ജീവി എന്ന അനുതാപം മാത്രം.

ഞങ്ങളുടെ സമുദായത്തിന്റെ ജോലി ഓലക്കുട ഉണ്ടാക്കലായിരുന്നു. ഉയർന്ന ജാതിക്കാരുടെ വീട്ടിൽ സദ്യയോ അടിയന്തിരമോ ഉണ്ടാകുമ്പോൾ വാഴയില മുറിച്ചുകൊടുക്കുന്നത് ഞങ്ങളാണ്. സദ്യകഴിഞ്ഞ എച്ചിലും ഞങ്ങളാണെടുക്കുക. ഞാനൊക്കെ എച്ചിൽ വലിയ ആർത്തിയോടെയാണ് എടുക്കുക, കളയാനല്ല, കഴിക്കാൻ. ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് ചില സഹപാഠികളുടെ വീട്ടിൽ സദ്യയുണ്ടാകും. അവർ കാൺകെ എച്ചിലിനായി മത്സരിക്കുന്നതും അത് ആർത്തിയോടെ കഴിക്കുന്നതും അപകർഷതാബോധം ഉണ്ടാക്കിയിരുന്നു. എങ്കിലും എല്ലാ ലജ്ജകളെയും ശമിപ്പിക്കുന്നതായിരുന്നു വിശപ്പിന്റെ കാളൽ. ആത്മാഭിമാനമല്ല, എന്തിനെയും ആ വേവൽ വെണ്ണീറാക്കുമായിരുന്നു.''- ഡോ കുഞ്ഞാമൻ എഴുതി.

ഉപ്പുമാവിന് വേണ്ടി സ്‌കുളിൽ

''പുസ്തകവും സ്ലേറ്റും ഷർട്ടുമില്ലാതെ ഞാൻ സ്‌കൂളിൽ പോയിരുന്നത് പഠിക്കാനല്ല, ഒരുമണിവരെ ഇരുന്നാൽ ചില ദിവസങ്ങളിൽ ഉച്ചക്ക് കഞ്ഞി കിട്ടും. അത് കുടിക്കാനായിരുന്നു. സ്‌കൂളിൽ പോകുമ്പോൾ ഒരു പിഞ്ഞാണം മാത്രമാണ് കൈയിലുണ്ടാകുക. അന്ന് ഹൈസ്‌കൂൾ ക്ലാസുകളിൽ ഉച്ചക്കഞ്ഞിയില്ല. നാട്ടിലെ ആരെങ്കിലും വിശേഷാവസരങ്ങളിൽ സ്‌കൂളിൽ കഞ്ഞി വിതരണം ചെയ്യും. ഞങ്ങൾ അതും കാത്തിരിക്കും. കഞ്ഞിയില്ലാത്ത ദിവസങ്ങളിൽ ഉച്ചയ്ക്ക് ഏട്ടൻ മാങ്ങ അരിഞ്ഞുകൊണ്ടുവരും. അത് തിന്ന് പച്ചവെള്ളവും കുടിച്ച് ക്ലാസിൽ പോയിരിക്കും.

എൽപി വിദ്യാർത്ഥികൾക്ക് അന്ന് സർക്കാർ വക ഉപ്പുമാവുണ്ട്. ഉപ്പുമാവുണ്ടാക്കുന്നത് ലക്ഷ്മിയേടത്തിയാണ്. അവർ ഒരു കടലാസുകഷണത്തിൽ ഉപ്പുമാവ് പൊതിഞ്ഞ് ഇറയത്ത് എനിക്കായി ഒളിച്ചുവെക്കും. ഞാനത് എടുത്തുകൊണ്ടുപോയി മൂത്രപ്പുരയിലിരുന്ന് കഴിക്കും. കാരണം, ഹൈസ്‌കൂൾ വിദ്യാർത്ഥിയായ ഞാൻ ഉപ്പുമാവ് കഴിക്കുന്നത് ആരെങ്കിലും കണ്ടാൽ, ലക്ഷ്മിയേടത്തിയുടെ പണി പോകും. വാടാനംകുറിശ്ശിയിലെ സ്‌കൂളിനെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ആദ്യം ഓർമവരുന്നത് അദ്ധ്യാപകരെയും ക്ലാസ്മുറികളെയുമല്ല, ലക്ഷ്മിയേടത്തിയെയാണ്. അവർ ഉപ്പുമാവ് തന്നില്ലായിരുന്നുവെങ്കിൽ എനിക്ക് ക്ലാസിലിരിക്കാൻ കഴിയുമായിരുന്നില്ല. എം.എയ്ക്ക് ഒന്നാം റാങ്ക് കിട്ടിയപ്പോൾ അവർ പറഞ്ഞു:

'എടാ, എന്റെ ഉപ്പുമാവ് തിന്നു പഠിച്ചിട്ടാണ് നിനക്കു റാങ്ക് കിട്ടിയത്'.
അതൊരു വലിയ യാഥാർത്ഥ്യമായിരുന്നു. ഭക്ഷണമായിരുന്നു അന്നത്തെ ഏറ്റവും പ്രധാന പ്രശ്‌നം. ഈയൊരു മാനസികാവസ്ഥയിൽനിന്നു കരകയറണമെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം വേണം. സാമ്പത്തിക പരാശ്രിതത്വമുള്ള ഒരാളെ സമൂഹത്തിന് പല നിലയ്ക്കും ബന്ധിക്കാൻ കഴിയും. നിരക്ഷരരായ, പട്ടിണി കിടക്കുന്ന അയ്യപ്പനും ചെറോണയും മകനെ സ്‌കൂളിലേക്കയച്ചത് ഭക്ഷണത്തിനുവേണ്ടിയായിരുന്നു. എനിക്കും അന്ന് ഭക്ഷണം തന്നെയായിരുന്നു വലിയ പ്രശ്‌നം.''- കുഞ്ഞാമൻ ചൂണ്ടിക്കാട്ടി.

'പാണൻ പറയെടാ'

അത്മകഥയിൽ തനിക്ക് നേരിട്ട് ഹീനമായ ജാതിവിവേചനങ്ങൾ അദ്ദേഹം പറയുന്നുണ്ട്. '' മറ്റൊരു ദേശത്തുനിന്ന് സ്ഥലം മാറിവന്ന മലയാളം അദ്ധ്യാപകനുണ്ടായിരുന്നു, ഞങ്ങളുടെ ദേശത്ത്. അദ്ദേഹത്തിന്റെ മക്കളും എന്റെ സ്‌കൂളിൽ പഠിക്കുന്നുണ്ട്. ഒരു ദിവസം ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. അവർ കഴിച്ച ഭക്ഷണത്തിൽ ബാക്കിവന്നതിൽ കുറച്ചുവെള്ളമൊഴിച്ച് അദ്ദേഹത്തിന്റെ ഭാര്യ എനിക്കുതന്നു. അതിന് സ്‌കൂളിൽവച്ച് ഈ അദ്ധ്യാപകൻ എന്നെ ഭീകരമായി മർദ്ദിച്ചു. ഒരു കാരണവും പറഞ്ഞില്ല. ഞാൻ പിന്നെ ആ വീട്ടിൽ പോയിട്ടില്ല. എന്തിനാണ് എന്നെ മർദ്ദിക്കുന്നതെന്നോ അവർ കഴിച്ച ഭക്ഷണത്തിന്റെ ബാക്കി തരുന്നതെന്തിനെന്നോ ചിന്തിക്കാനുള്ള ശേഷി അന്ന് എനിക്കുണ്ടായിരുന്നില്ല.

കുട്ടികൾക്ക് ഭയവും ബഹുമാനവുമുണ്ടായിരുന്ന ഒരു അദ്ധ്യാപകനുണ്ടായിരുന്നു, മൂന്നാം ക്ലാസിൽ. അദ്ദേഹം എന്നെ പേര് വിളിക്കില്ല. പാണൻ എന്നാണ് വിളിക്കുക. ബോർഡിൽ കണക്ക് എഴുത് 'പാണൻ പറയെടാ' എന്നു പറയും. സഹികെട്ട് ഒരിക്കൽ ഞാൻ പറഞ്ഞു:

'സാർ എന്നെ ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമൻ എന്നു വിളിക്കണം'. 'എന്താടാ നിന്നെ ജാതിപ്പേര് വിളിച്ചാൽ' എന്നുചോദിച്ച് ചെരിട്ടത്ത് ആഞ്ഞടിച്ചു. അയാൾ നാട്ടിലെ പ്രമാണിയാണ്. എവിടെടാ പുസ്തകം എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ കഞ്ഞി കുടിക്കാനാണ് വന്നത്, പഠിക്കാനല്ല എന്നായി പരിഹാസം. അടിയേറ്റ് വിങ്ങിയ കവിളുമായാണ് വീട്ടിലെത്തിയത്. അമ്മയോട് കാര്യം പറഞ്ഞു, അവർ പറഞ്ഞു:'നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല മോനേ, നന്നായി വായിച്ച് പഠിക്കൂ'.അന്ന് ഞാൻ സ്‌കൂളിലെ കഞ്ഞികുടി നിർത്തി. ഉച്ചഭക്ഷണസമയത്ത് ഒരു പ്ലാവിന്റെ ചോട്ടിൽ പോയിരിക്കും. എന്നെ മർദ്ദിച്ച മാഷ് ഒരു ദിവസം അടുത്തുവന്നു: 'കുഞ്ഞാമാ, പോയി കഞ്ഞി കുടിക്ക്'. അന്നാണ് അദ്ദേഹം ആദ്യമായി എന്നെ പേര് വിളിക്കുന്നത്.

'വേണ്ട സർ'.'ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ടാണോ?'സർ പറഞ്ഞതിൽ തെറ്റൊന്നുമില്ല, കഞ്ഞി കുടിക്കാൻ വേണ്ടി മാത്രമാണ് ഞാൻ വന്നിരുന്നത് പക്ഷേ, ഇനി എനിക്കു കഞ്ഞി വേണ്ട, എനിക്കു പഠിക്കണം'.ആ അദ്ധ്യാപകന്റെ മർദ്ദനം ജീവിതത്തിലെ വഴിത്തിരിവായി. കാരണം, കഞ്ഞി കുടിക്കാനല്ല പഠിക്കുന്നത് എന്ന തിരിച്ചറിവുണ്ടായി. തുടർച്ചയായി വായനതുടങ്ങി. വാടാനംകുറിശ്ശിയിലെ വായനശാലയിൽനിന്ന് പുസ്തകം എടുത്തുവായിക്കും.''

മുടക്കുമുതൽ 37 പൈസ

''ഞങ്ങളുടെ ജന്മിക്ക് പത്തു മക്കളാണ്. രണ്ടുപേർ അദ്ധ്യാപകരാണ്. ഒരാൾ വേണുമാഷ്, എന്റെ അദ്ധ്യാപകൻ. പത്താം ക്ലാസിൽ പഠിക്കുമ്പോൾ, ലംപ്‌സംഗ്രാന്റ് അച്ഛൻ ഒപ്പിട്ടുവാങ്ങി; 40 രൂപ. അത് വേണുമാഷ് അച്ഛന്റെ കൈയിൽനിന്ന് വാങ്ങി കീശയിലിട്ട് പറഞ്ഞു:'നിന്റെ കൈയിൽ വച്ചാൽ ഇതുകൊണ്ട് അരി വാങ്ങും. ഇത് ഇവനെ അടുത്ത കൊല്ലം കോളേജിൽ അയയ്ക്കാനുള്ളതാണ്'. കോളേജ് എന്ന വാക്ക് എന്റെ മനസ്സിൽ ആദ്യമായി വരികയാണ്.ഞാൻ മാഷോടു ചോദിച്ചു: 'എനിക്കൊക്കെ കോളേജിൽ പോകാൻ പറ്റുമോ?'. 'പറ്റും. നിനക്ക് പറ്റും, നീ ഉയരേണ്ടവനാണ്' അദ്ദേഹം പറഞ്ഞു.

എനിക്കും കോളേജിൽ പഠിക്കാൻ പറ്റും എന്ന അറിവ് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി. എന്റെ സമുദായക്കാർ പണിക്കുപോയാൽ ദിവസം ഏഴും എട്ടും രൂപ കിട്ടും. അവർ എന്നോടു ചോദിക്കും: 'കോളേജിൽ പോയാൽ നിനക്ക് എത്ര രൂപ കിട്ടും?'മാസം ഏഴര രൂപ'.'എന്തിനാണ് കോളേജിൽ പോകുന്നത്, ഇവിടെ പണിയെടുത്താൽ ഇതിലും കൂടുതൽ കിട്ടില്ലേ' എന്നാകും അവർ.ഞങ്ങളുടെ ദേശത്ത് ദലിത് വിഭാഗത്തിൽനിന്ന് ആദ്യമായി ഞാനാണ് എസ്.എസ്. എൽ.സി. പാസായത്, വാടാനംകുറിശ്ശി സ്‌കൂളിൽനിന്ന്, നല്ല മാർക്കോടെതന്നെ. ബുദ്ധിശക്തികൊണ്ടാണ് എനിക്ക് കോളേജിൽ പോകാൻ കഴിഞ്ഞത് എന്നുപറയാൻ കഴിയില്ല. പകരം, ഞാൻ ഒരു കഴുതയെപ്പോലെ കഠിനാദ്ധ്വാനം ചെയ്യുകയായിരുന്നു.

അന്ന് ഷൊർണ്ണൂർ ടൗണിൽ ചാത്തു എന്നൊരാളുണ്ട്. റെയിൽവേയിലാണ്. വീടിനടുത്തുള്ള ഒരു ചായക്കടക്കാരൻ പറഞ്ഞു ചാത്തുവിനെ കണ്ടാൽ പാലക്കാട് വിക്ടോറിയ കോളേജിൽ ചേരാനുള്ള കാര്യം ശരിയാക്കി തരും എന്ന്. ഞാൻ അദ്ദേഹത്തെ പോയി കണ്ടു.'സർട്ടിഫിക്കറ്റിന്റെ കോപ്പി കൊടുത്തുപൊയ്‌ക്കോ, അഡ്‌മിഷൻ ശരിയാക്കിത്തരാം' എന്ന് ചാത്തു പറഞ്ഞു.ജന്മിയുടെ മകനായ എന്റെ അദ്ധ്യാപകൻ അച്ഛന്റെ കൈയിൽനിന്ന് ലംപ്‌സംഗ്രാന്റ് വാങ്ങിവച്ചിരുന്നുവല്ലോ. അച്ഛൻ പലതവണയായി അത് തിരിച്ചുവാങ്ങിയിരുന്നു. രണ്ടുരൂപ തന്നിട്ട് അദ്ദേഹം പറഞ്ഞു:
'നീ നന്നായി വാ'.

1967-ലെ കർക്കിടകം. കോളേജിൽ ചേരാൻ പോകുന്നതിനുമുമ്പ് അച്ഛനോട് യാത്ര പറയാൻ ചെന്നു. പാടത്ത് കന്നുപൂട്ടുകയായിരുന്നു അദ്ദേഹം: 'കഴുക്കോലിന്റെ വടക്കേപടിഞ്ഞാറുഭാഗത്ത് ഒരു പൊതിയുണ്ട്, അതെടുത്തോ' എന്നു പറഞ്ഞു അച്ഛൻ. മുപ്പത്തേഴു പൈസയുണ്ടായിരുന്നു അതിൽ. അതാണ് ജീവിതത്തിലെ എന്റെ മുടക്കുമുതൽ'.''- കുഞ്ഞാമൻ എഴുതി.

ഇഎംഎസിനോടും വിയോജിച്ചു

ബിരുദാനന്തര ക്ലാസ്സിൽ പഠിക്കുമ്പോഴും തുൽജാപൂരിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ പോയപ്പോഴുംഏ ഈ ജാതി അവഹേളനം പല രൂപത്തിലും തുടർന്നതായി പറയുന്നുണ്ട്. ഒരു വ്യക്തിയെ, ജന്മത്തിന്റെ പേരിൽ എങ്ങനെയൊക്കെ തളർത്താമെന്നതിന് മറ്റ് ഏറെ ഉദാഹരണങ്ങൾ ആവശ്യമില്ല. ''എന്റെ ജന്മമായിരുന്നു എന്റെ പാപം'' എന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമൂലയെക്കൊണ്ട് ഇക്കാലത്തും പറയിച്ചില്ലേ. അതിലും എത്രയോ രൂക്ഷാനുഭവങ്ങളായിരുന്നു കുഞ്ഞാമന്റേത്.

എം.എ. ധനശാസ്ത്രത്തിൽ ഒന്നാംറാങ്കു നേടിയപ്പോൾ, ''ദാറ്റ് ബെഗ്ഗർ'' എന്നു പറഞ്ഞ് അപമാനിച്ചത് കോളേജ് സഹപാഠിയായ പെൺകുട്ടിയായിരുന്നു. ഒരു ചായയ്ക്കുപോലും ഗുണമില്ലാതെ പോയ റാങ്കിനോട് തോന്നിയ അവജ്ഞ. ജോലിക്കായുുള്ള അലച്ചിൽ.റാങ്കും കയ്യിൽ വെച്ച്, ഒന്നുമാവാത്ത രണ്ട് ഊഷര വർഷങ്ങൾ. തുടർന്ന് തിരുവനന്തപുരത്ത് സി.ഡി.എസിൽ എം.ഫിൽ പഠനം. കേരളത്തിലെ ആദിവാസി പ്രശ്‌നങ്ങളെക്കുറിച്ച് പഠനം.

കോളേജ് പഠനകാലത്ത് നക്‌സൽപ്രസ്ഥാനത്തോടും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയോടും വിശേഷിച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ രാഷ്ട്രീയവിശകലന സമീപനങ്ങളോടും വ്യക്തിജീവിതത്തിലദ്ദേഹം പുലർത്തിയ അസമാനമായ മാനുഷികതയോടും കുഞ്ഞാമന് ആഭിമുഖ്യമുണ്ടാകുന്നുണ്ട്. തിരുവനന്തപുരത്തെത്തുമ്പോൾ ഇ.എം.എസിനോടു മാത്രമല്ല, കെ.എൻ. രാജ് ഉൾപ്പെടെയുള്ള അദ്ധ്യാപകരോടും നിരന്തരം വിയോജിക്കേണ്ടിവരുന്നു, കുഞ്ഞാമന്. രാജുമായി സിഡിഎസിൽ വച്ചു നടന്ന ഒരു സംഭാഷണം കുഞ്ഞാമൻ ഓർത്തെടുക്കുന്നു.

'പിഎച്ച്.ഡി. തീസിസ് എഴുതിക്കഴിഞ്ഞ സമയം. അന്ന് സംസാരത്തിനിടെ അദ്ദേഹം പറഞ്ഞു:'യു ആർ ക്വസ്റ്റനിങ് ദി ഹൈറാർക്കി, വാട്ട് യു കാൻ ഡു?'-ഞാൻ പറഞ്ഞു: 'അങ്ങനെ ഉയരത്തിൽനിന്ന് സംസാരിക്കരുത്. താങ്കൾ ബ്രിട്ടീഷുഭരണകാലത്തെ ജഡ്ജിയുടെ മകനാണ്. താങ്കൾ ഇങ്ങനെ ഉയർന്നുവന്നത് അനുകൂല സാഹചര്യങ്ങളിൽനിന്നാണ്. ഞാനൊക്കെ ഭക്ഷണം കഴിക്കാതെ ഇരന്നിരന്ന്, നിങ്ങളെപ്പോലുള്ളവരുടെ അടികൊണ്ട് വന്നവരാണ്. അതുകൊണ്ടുതന്നെ എനിക്കു നിങ്ങളെപ്പോലുള്ളവരോട് എതിർപ്പുണ്ട്. എനിക്ക് ആ എതിർപ്പ് പ്രകടിപ്പിച്ചേ കഴിയൂ. അതെന്റെ ധാർമികവും സാമൂഹികവുമായ ഉത്തരവാദിത്തമാണ്. താങ്കൾക്ക് അത് ഇഷ്ടമല്ലെങ്കിൽ ഒ.കെ എന്നുമാത്രമേ പറയാനാകൂ. താങ്കൾ എന്റെ സ്ഥാനത്തായിരുന്നുവെങ്കിൽ സ്‌കൂൾ ഫൈനൽ പരീക്ഷ പാസാകില്ലായിരുന്നു. ഞാൻ താങ്കളുടെ സ്ഥാനത്തായിരുന്നുവെങ്കിൽ ഒരു നോബൽ സമ്മാനജേതാവായേനെ. ഈ വ്യത്യാസം നമ്മൾ തമ്മിലുണ്ട്'''- ഇങ്ങനെയായിരുന്നു ഡോ കുഞ്ഞാമന്റെ മറുപടി.

എ കെ ജി സെന്ററിലെ സെമിനാറുകളിൽ ഈ എം എസ്സിനെ നേരിട്ട് വിമർശിക്കുമായിരുന്നു താൻ എന്ന് കുഞ്ഞാമൻ എഴുതുന്നുണ്ട്. ഒരിക്കൽ അത്തരമൊരു സെമിനാറിൽ നിശ്ശബ്ദനായിരുന്ന അദ്ദേഹത്തോട്, ''വിമർശിക്കണം. വിമര്ശനത്തിലൂടെ ആണ് മാർക്സിസം വളരുന്നത്. എന്നെയും വിമർശിക്കണം. വിമർശിക്കപ്പെടാതിരിക്കാൻ ഞാൻ ദൈവമല്ല.'' എന്ന് നേരിട്ട് പറഞ്ഞ ഈ എം എസ് ആണ് തന്റെ ശരിയായ അദ്ധ്യാപകൻ എന്നും പുസ്തകത്തിൽ ഒരിടത്തു കുഞ്ഞാമൻ സൂചിപ്പിക്കുന്നുണ്ട്.

തട്ടിക്കയറിയ എ കെ ആന്റണി

സർവകലാശാലാ അദ്ധ്യാപകനിയമനത്തിൽ ഒന്നാം റാങ്കുണ്ടായിട്ടും തന്നെ നിയമിക്കാത്തതിനെതിരെ പോരാടിയ കാലത്താണ് ഇടതുപക്ഷവും വലതുപക്ഷവും ദലിതർക്കെതിരെ ഒരേ നിലപാടുള്ളവരാണ് എന്ന് കുഞ്ഞാമൻ തിരിച്ചറിയുന്നത്. ഒന്നാം റാങ്ക് കിട്ടിയിട്ടും ഓപ്പൺ പോസ്റ്റിൽ ദലിതനെ നിയമിക്കില്ല എന്ന അതിവിചിത്രമായ നയമായിരുന്നു അന്ന് കേരളസർവകാലാശാല സ്വീകരിച്ചത്. ആ കഥ കുഞ്ഞമാൻ അതന്റെ ആത്മകഥയിൽ ഇങ്ങനെ എഴുതുന്നു. ''സി.ഡി.എസിൽ ഗവേഷണ വിദ്യാർത്ഥിയായിരിക്കെത്തന്നെ കേരള സർവകലാശാലയിൽ ലക്ചറർ തസ്തികയ്ക്ക് അപേക്ഷിച്ചു. 32 അപേക്ഷകരിൽ ഒന്നാം റാങ്ക് എനിക്കായിരുന്നു, എന്നാൽ, നിയമിച്ചില്ല. മറ്റൊരാൾക്കായിരുന്നു നിയമനം.

ജോലി നിഷേധിക്കപ്പെട്ട വിഷയം എംഎൽഎ. ആയിരുന്ന സി.ഒ. പരമനോടു പറഞ്ഞു. വൈസ് ചാൻസലർ വി.കെ. സുകുമാരൻ നായരായിരുന്നു. പൊതു ഒഴിവാണ്, എസ്.സി/എസ്.ടിക്കാർക്ക് അപേക്ഷിക്കാൻ പാടില്ലായിരുന്നു എന്നതായിരുന്നു സർവകലാശാലയുടെ വിശദീകരണം. എങ്കിൽ നിങ്ങൾ എന്തിനാണ് കുഞ്ഞാമന് ഒന്നാം റാങ്ക് നൽകിയത് എന്ന് പരമൻ ചോദിച്ചപ്പോൾ, അത് മെരിറ്റിന്റെ അടിസ്ഥാനത്തിലാണ് എന്നായിരുന്നു മറുപടി.

1977, എ.കെ. ആന്റണി മുഖ്യമന്ത്രി. 37 കാരനായ അദ്ദേഹത്തിന്റെ ആദ്യ ടേം. ഞാൻ അദ്ദേഹത്തെ കണ്ട് വിവരം പറഞ്ഞു. ആന്റണി എന്നോട് തട്ടിക്കയറുകയായിരുന്നു: 'ഞാൻ നിങ്ങൾക്ക് ജോലിതരാൻ ഇരിക്കുകയാണോ? യൂണിവേഴ്‌സിറ്റി സ്വന്തം നിയമമുണ്ടാക്കുന്ന സ്ഥാപനമാണ്, അവർ നിയമമുണ്ടാക്കുന്നു, നടപ്പാക്കുന്നു'. ഞാൻ പറഞ്ഞു: 'യൂണിവേഴ്‌സിറ്റി അതിന്റെ നിയമത്തിനനുസരിച്ച് പ്രവർത്തിക്കണം എന്നാണ് എന്റെയും ആവശ്യം. ഞാനിവിടെ വന്നത്, മുഖ്യമന്ത്രിയോട് ഒരു സാധാരണ പൗരന് പരാതി ബോധിപ്പിക്കാൻ അവകാശമുണ്ട് എന്ന ധാരണയുടെ പുറത്താണ്. ആ ധാരണ തെറ്റാണെങ്കിൽ ഞാൻ പറഞ്ഞത് പിൻവലിക്കുന്നു'.ഒന്നൊന്നര പേജിൽ ഞാൻ പറഞ്ഞത് എഴുതിക്കൊടുത്ത് ഇറങ്ങിപ്പോന്നു.

എന്റെ വിഷയം പലരും പത്രങ്ങളിൽ എഴുതി. നീലലോഹിതദാസൻ നാടാർ നിയമസഭയിൽ ഉന്നയിച്ചു എന്ന് ഇതിനിടെ അറിഞ്ഞു. അദ്ദേഹത്തെ എനിക്കറിയില്ല. പിന്നീടാണ് പരിചയപ്പെട്ടത്.ചോദ്യമായി വിഷയം സഭയിൽ ഉന്നയിച്ച വിവരം അദ്ദേഹം പറഞ്ഞു. അന്ന് അദ്ദേഹം എല്ലാവരെയും വിറപ്പിക്കുന്ന, വലിയ മാടമ്പികളെ ചോദ്യം ചെയ്യുന്ന പിന്നാക്കക്കാരനാണ്. സഭയിലെ എസ്.സി, എസ്.ടിക്കാരായ എംഎൽഎമാരുടെ ക്ഷേമസമിതിക്ക് അർധ ജുഡീഷ്യൽ അധികാരമുണ്ട്. അധികാരികളെ വിളിച്ചുവരുത്തി ചോദിക്കാം. ഈ കമ്മിറ്റി സർവകലാശാല അധികൃതരെ വിളിച്ചുവരുത്തി ചോദിച്ചപ്പോൾ അവർ പറഞ്ഞത്, ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നാണ്.

എന്നാൽ, സർക്കാർ ഒരു കാര്യം ചെയ്തു. ഒരു സൂപ്പർ ന്യൂമററി തസ്തിക ഉണ്ടാക്കി എന്നെ അതിൽ നിയമിക്കാൻ നിർദ്ദേശം നൽകി. സർവകലാശാലയിലെ അദ്ധ്യാപക തസ്തികകൾ സ്റ്റാറ്റിയൂട്ടറി തസ്തികകളാണ്. പുതിയ തസ്തിക വരാൻ ഒന്നൊന്നര വർഷമെടുത്തു. സർവകലാശാല ഇക്കണോമിക്‌സ് വകുപ്പിൽ സൂപ്പർ ന്യൂമററി തസ്തിക ഉണ്ടാക്കി, അത് പട്ടികജാതി വർഗത്തിന് സംവരണം ചെയ്തിട്ടാണ് എനിക്ക് ഉത്തരവ് അയച്ചത്. ഒരു ഓപൺ തസ്തികയിലേക്ക് അപേക്ഷിച്ച് ഒന്നാം റാങ്കുള്ള ഒരാളെ നിയമിക്കുന്നത്, എസ്.സി-എസ്.ടി സംവരണത്തിലൂടെ. ചണ്ഡാളൻ സിംഹാസനത്തിനു പുറകിലൂടെ മാത്രം വരണം എന്ന അധീശനിയമം ഇവിടെ കൃത്യമായി പാലിക്കപ്പെട്ടു. അങ്ങനെ കേരള സർവകലാശാലയിൽ അദ്ധ്യാപകനായി.''

വി സി ആക്കുമായിരുന്നെന്ന് വി എസ്

കമ്യൂണിസ്റ്റുകൾ കുഞ്ഞാമനോടു ചെയ്ത നെറികേടുകൾക്ക് നിരവധിയുണ്ട്. ഒന്ന് ഇങ്ങനെയാണ് ''2004-ൽ രണ്ടാമത്തെ മകൾ കുക്കു (അനില) മരിച്ചപ്പോൾ ശാരീരികമായും മാനസികമായും തളരാനും തകരാനും തുടങ്ങി. ആ തകർച്ചയ്‌ക്കൊടുവിൽ, 2005-ൽ രോഗബാധിതനായി ഒന്നര മാസം മെഡിക്കൽ കോളേജാശുപത്രിയിൽ കഴിയേണ്ടിവന്നു.

കേരളത്തിൽനിന്ന് മാറിനിന്നാൽ, മാനസികമായി അല്പം ആശ്വാസം കിട്ടുമെന്ന് അടുപ്പമുള്ള ചിലർ പറഞ്ഞു. അത് ശരിയാണെന്ന് എനിക്കും തോന്നി. ഒടുവിൽ കേരള സർവകലാശാലയിൽനിന്ന് രാജിവെക്കാൻ തീരുമാനിച്ചു. അന്ന് പ്രൊഫസറായിരുന്നു. വി സി.യും വകുപ്പും സമ്മതിച്ചില്ല. രാജിക്കത്ത് വാങ്ങിയില്ല. ഡിപ്പാർട്ടുമെന്റിൽ വെറുതേ വന്നിരുന്നാൽ മതിയെന്ന് അവർ പറഞ്ഞു. അങ്ങനെ പിന്നെയും ഒരു വർഷം കടന്നുപോയി.

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ ഒഴിവുണ്ടായിരുന്നു. ഭാര്യ രോഹിണിയാണ് അപേക്ഷ അയച്ചത്. 2006ൽ അവിടെ പ്രൊഫസറായി നിയമനം കിട്ടി. വി എസ് അച്യുതാനന്ദൻ ആണ് അന്ന് മുഖ്യമന്ത്രി. കേരളത്തിൽനിന്ന് യാത്രയാകുകയാണ്. യാത്ര പറയാം എന്നു കരുതി വിഎസിനെ കണ്ടു. വി എസ്. മുഖ്യമന്ത്രിയായ ഉടനേയായിരുന്നു ഈ കൂടിക്കാഴ്ച. അദ്ദേഹം ഒരു കസേരയിൽ ഇരിക്കുന്നു. നമ്മളിൽ ഒരാൾ ഇരിക്കുന്നതുപോലെ. ഞാൻ പറഞ്ഞു:

'രണ്ടു കാര്യങ്ങൾക്കാണു വന്നത്, മുഖ്യമന്ത്രിയായതിന് ഒന്നഭിനന്ദിക്കാൻ, പിന്നെ; ഞാൻ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പോകുകയാണ്, ആ വിവരം പറയാനും'. വി എസ്. പറഞ്ഞു: 'എന്തിനാണ് പോകുന്നത്? കുഞ്ഞാമനെ ഒന്നുകിൽ ആസൂത്രണബോർഡിൽ എടുക്കണം, അല്ലെങ്കിൽ വൈസ് ചാൻസലർ ആക്കണം എന്ന് വിചാരിക്കുന്നു. തിരിച്ചുവരാൻ കഴിയുമെങ്കിൽ വരണം'. ഞാൻ പാർട്ടിയുടെ പല നയങ്ങളെയും വിമർശിക്കാറുണ്ടെങ്കിലും വി.എസിന് എന്നോട് പ്രത്യേക താത്പര്യമുണ്ടായിരുന്നു. യാത്ര പറഞ്ഞുപോന്നു.

ഇതിനുശേഷം ഒരിക്കൽ മുംബൈയിൽവച്ച് കണ്ടപ്പോൾ ഡോ. തോമസ് ഐസക്കും പറഞ്ഞു: ''ഞാൻ കുഞ്ഞാമനെ കേരള സർവകലാശാല വൈസ് ചാൻസലറാക്കാൻ വിചാരിച്ചതാണ്'.തോമസ് ഐസക് എനിക്ക് വ്യക്തിപരമായി ബന്ധമുള്ളയാളാണ്, ഗവേഷണത്തിന് എന്നോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു. ഞാൻ പറഞ്ഞു: 'ഞാൻ ഒരു ചായയ്ക്കും കഞ്ഞിക്കും വേണ്ടി മറ്റുള്ളവരോട് ഇരന്നിട്ടുണ്ട്. ഈ പദവിക്കുവേണ്ടി ഞാൻ താങ്കളെ സമീപിച്ചിരുന്നുവോ? ഈ മാതിരിയുള്ള ആത്മാർത്ഥതയില്ലാത്ത വാക്കുകൾ പറയുന്നതെന്തിനാണ്? നമ്മൾ സുഹൃത്തുക്കളല്ലേ. നമ്മൾ ഒരു നിറമാണെങ്കിലും എനിക്കു വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അത് ഞാൻ പ്രകടിപ്പിക്കാറുമുണ്ട്''- കുഞ്ഞാമൻ തുറന്നടിക്കുന്നു.

ആർക്കാണ് ഇവിടെ ഭൂമി കിട്ടിയത്?

ആത്മകഥയിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് എതിരായ നിശിതമായ വിമർശനങ്ങളും കുഞ്ഞാമൻ ഉന്നയിക്കുന്നുണ്ട്. ''കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവന് എന്ന മുദ്രാവാക്യവുമായാണ് കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ എത്തിയതെങ്കിലും ഞങ്ങൾക്കൊന്നും ഭൂമി കിട്ടിയില്ല. അടിസ്ഥാന മാറ്റമുണ്ടാക്കാതെ വൈകാരിക മുദ്രാവാക്യമാണ് പാർട്ടി ഉയർത്തിയത്. .എന്റെ അച്ഛനെപ്പോലൊരാളുടെ ജീവിതം മുമ്പത്തെപ്പോലെ തന്നെ തുടർന്നു, മാറ്റമില്ലാതെ. മേലാളന്മാർക്കു വിധേയപ്പെട്ടും അവരുടെ അടിമകളായും.'' കുഞ്ഞാമൻ എഴുതുന്നു.

ഭൂപരിഷ്‌ക്കരണത്തിലൂടെ കൃഷിഭൂമി അധ്വാനിക്കുന്ന വിഭാഗങ്ങൾക്ക് കിട്ടാതെ പോയതിന്റെ കാരണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയപരമായ പ്രശ്‌നമായല്ല അദ്ദേഹം കാണുന്നത്. മറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വം ജന്മി കുടുംബങ്ങളിൽ നിന്നായതുകൊണ്ടാണെന്നതാണ് അദ്ദേഹം ഉന്നയിക്കുന്ന വിമർശനം. ഭൂപരിഷ്‌ക്കരണമടക്കമുള്ള ഭരണകൂട നടപടികളിലൂടെ സവർണതയും ബ്രാഹ്‌മണ്യവും അക്കാദമിക തലത്തിലടക്കം ശക്തിപ്പെടുകയാണ് ചെയ്തതെന്ന വിമർശനവും ഡോ കുഞ്ഞാമൻ ഉന്നയിക്കുന്നു.

മാർക്‌സിസവും അംബേദ്ക്കറിസവും തമ്മിൽ യോജിപ്പ് സാധ്യമാണെന്ന് ഇന്ന് പലരും പങ്കുവെയ്ക്കുന്ന ആശയത്തെ കുഞ്ഞാമൻ അനുകൂലിക്കുന്നില്ല. അത്തരമൊരു യോജിപ്പ് ഒരു തരത്തിലും സാധ്യമല്ലെന്നാണ് കുഞ്ഞാമന്റെ നിലപാട്. ഇതിന് ആധാരമായി അംബേദ്ക്കറോട് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി തുടക്കകാലത്ത് സ്വീകരിച്ച സമീപനം മുതൽ അടിച്ചമർത്തപ്പെട്ടവരോട് മാർക്‌സിസം കാണിച്ചതായി പറയുന്ന സമീപനവും കുഞ്ഞാമൻ എതിര് എന്ന പുസ്തകത്തിൽ എടുത്തുകാണിക്കുന്നു

എന്തുകൊണ്ട് താൻ ഒരു ആക്റ്റിവിസ്റ്റ് ആയില്ല എന്നതിനെക്കുറിച്ച് കുഞ്ഞാമൻ പറയുന്നതിങ്ങനെ: 'ഒരു സംഘടനയുടെ ഭാഗമാകുമ്പോൾ സംഘടനയാണ് നമുക്കുവേണ്ടി ചിന്തിക്കുന്നത്, നമ്മളല്ല. രാഷ്ട്രീയ പ്രവർത്തകർ പറയും, അച്ചടക്കമുള്ള രാഷ്ട്രീയപ്രവർത്തകനാണ് താൻ എന്ന്. അതിനർഥം അവർക്ക് ചിന്തിക്കേണ്ട കാര്യമില്ല, പാർട്ടിയുടെ തലപ്പത്തുള്ളവർ അവർക്ക് വേണ്ടി ചിന്തിക്കും എന്നാണ്. അത് എന്നെ സംബന്ധിച്ച് സ്വീകാര്യമായ കാഴ്ചപ്പാടല്ല. ഞാൻ ഏറെ പരിമിതികളുള്ള ആളാണ്. പക്ഷേ എന്റെ അധിപൻ ഞാൻ തന്നെയായിരിക്കണം എന്ന് നിർബ്ബന്ധമുണ്ട്. അങ്ങനെയൊരു സ്വാതന്ത്ര്യബോധത്തിൽനിന്നാണ് ഈയൊരു നിലപാട് വരുന്നത്.''

സംവരണം രണ്ടു തലമുറയിൽ ഏറെ വേണ്ട

കേരളത്തിലെ ഏതൊരു ബുദ്ധിജീവിയും, തൊടാൻ ഭയക്കുന്ന വിഷയമാണ് സംവരണം. എന്നാൽ അതിലും ഡോ കുഞ്ഞാമന് വ്യത്യസ്തമായ അഭിപ്രായമാണ്. ട്രൂ കോപ്പി മാഗസിനിൽ, മനില സി മോഹൻ നടത്തിയ അഭിമുഖത്തിൽ വളരെ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങൾ അദ്ദേഹം മുന്നോട്ട് വായിക്കുന്നുണ്ട്.

കുഞ്ഞാമൻ പറയുന്നു, ''ശരിയായിട്ടുള്ള രാഷ്ട്രീയമെന്ന് പറഞ്ഞാൽ അധികാര ഘടനയെ ചോദ്യം ചെയ്യലാണ്. കീഴാള വിഭാഗങ്ങളിൽ നിന്ന് വരുന്ന വ്യക്തികളെ നോക്കിയാൽ മനസ്സിലാവും. അവർ ഈ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നില്ല. അവർ ജാതി വ്യവസ്ഥയെ നിലനിർത്തുകയാണ് ചെയ്യുന്നത്. ജാതിയെ നില നിർത്തുന്നത് ഈ താഴ്ന്ന ജാതിക്കാരാണ്. ജാതിവ്യവസ്ഥയെ അല്ല ജാതിയെ..... ജാതി എന്നു പറയുമ്പോൾ അത് പലതരത്തിലും പ്രയോജനപ്പെടുന്ന ഒരു കാര്യമാണ്. രാഷ്ട്രീയത്തിലായാലും, തൊഴിൽ കിട്ടുന്ന കാര്യത്തിലായാലും, സംവരണം കിട്ടുന്ന കാര്യത്തിലായാലും...ഇങ്ങനെ ഇത് പ്രയോജനപ്പെടുന്നതുകൊണ്ടാണ് ജാതി നിർമ്മാർജനം ചെയ്യപ്പെടാത്തത്. അംബേദ്കർ 1936 എഴുതിയ അദ്ദേഹത്തിന്റെ മാസ്റ്റർപീസ്, അനിഹിലേഷൻ ഓഫ് കാസ്റ്റ്, ജാതിയുടെ ഉന്മൂലനം, അത് നടക്കുന്നില്ല. ഇന്നൊരു പക്ഷേ ജാതി ഉന്മൂലനം ചെയ്യണം എന്ന് പറഞ്ഞാൽ എതിർപ്പ് കൂടുതൽ വരുന്നത് താഴ്ന്ന ജാതിക്കാരിൽ നിന്ന് ആയിരിക്കും. കാരണം ഇത് പലതരത്തിൽ സ്വാധീനമുണ്ട്. രാഷ്ട്രീയത്തിലായാലും, തൊഴിൽ ആയാലും ഏതു രംഗത്തായാലും ഇതിനൊരു സ്വാധീനമുണ്ട്.

സംവരണം വിഭാവനം ചെയ്തത് സാമൂഹ്യപദവി ഉയർത്താൻ വേണ്ടിയിട്ട് അല്ലായിരുന്നു. അധികാര ഘടനയിൽ നിന്ന് മാറ്റിനിർത്തപ്പെടുന്ന ആളുകൾക്ക് തീരുമാനങ്ങൾ എടുക്കുന്ന ആ പ്രക്രിയയിൽ പങ്കാളിത്തവും പ്രാധിനിത്യവും കൊടുക്കാൻ വേണ്ടിയിട്ടാണ് അത് ചെയ്തത്. ഇവരുടെ മൊത്തത്തിലുള്ള ഉയർച്ചയും വളർച്ചയും ഉണ്ടാകണമെങ്കിൽ, ഭരണഘടനയ്ക്ക് പുറത്താണ് പ്രവർത്തനം നടത്തേണ്ടത് എന്ന് അംബേദ്കർ തന്നെ പറഞ്ഞിരുന്നു. സാമൂഹിക രംഗത്ത്, സാമ്പത്തികരംഗത്ത്, രാഷ്ട്രീയരംഗത്ത്.. സാമ്പത്തിക രംഗത്തുള്ള മാറ്റങ്ങളാണ് വളരെ മൗലികമായിട്ട് വേണ്ടത്. അത് വരാതെ നിന്നാൽ ഈ സംവരണത്തിലൂടെ ഒരു തൽപ്പര വിഭാഗത്തെ മാത്രമേ സൃഷ്ടിക്കാൻ കഴിയൂ. അവർ ഒരു പ്രത്യേക വിഭാഗം ആയിട്ട് മാറുകയാണ്. അത് മൊത്തത്തിൽ ഉള്ള ഒരു സാമൂഹിക വിഭാഗത്തിന് ഗുണകരമായി തീരുന്നില്ല. അങ്ങനെ നോക്കുമ്പോൾ ഇവർ (ദളിതർ ) മാത്രമല്ല പിന്നാക്കാവസ്ഥ അനുഭവിക്കുന്നത്. സമൂഹത്തിലെ മറ്റു വിഭാഗങ്ങളും പിന്നോക്കാവസ്ഥ അനുഭവിക്കുന്നുണ്ട് . അപ്പോൾ ഇത്തരത്തിൽ പ്രാന്തവൽക്കരിക്കപ്പെട്ട അതായത് സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും പിന്തള്ളപ്പെട്ട വിഭാഗങ്ങളെ സംബന്ധിച്ചെടുത്തോളം ആവശ്യം ഒരു ഇക്കണോമിക് സെക്യൂരിറ്റി ആണ്. ഇക്വാലിറ്റി ഇവിടെ പറയാൻ പറ്റില്ല.

സംവരണം ഒരു രണ്ടു തലമുറയിൽ ഏറെ മുന്നോട്ടു പോകാൻ പാടില്ല. രണ്ടു തലമുറയ്ക്കായി അത് പരിമിതപ്പെടുത്തണം. അല്ലെങ്കിൽ ഇതിന്റെ ആനുകൂല്യങ്ങളെല്ലാം അനുഭവിച്ചുവരുന്ന സാമൂഹിക വിഭാഗങ്ങളും കുടുംബങ്ങളും എല്ലാ ആനുകൂല്യങ്ങളും വീണ്ടും വീണ്ടും കൈവശം വയ്ക്കും. അതിലൊരു സ്ഥാപിത താൽപര്യം ഉയർന്നുവരും. കേന്ദ്രീകരണം വരും. സംവരണം എടുത്ത് എടുത്തുനോക്കിയാൽ പേഴ്സൻന്റേജ് അവിടെ വളരെ ഡിറ്റർമിൻഡ് ആണ്. ഇപ്പൊ ഇവർക്ക് കിട്ടുന്നത് മറ്റുള്ളവരിൽ നിന്നല്ല. ഈ സംവരണ വിഭാഗങ്ങളിലുള്ള വളരെ പാവപ്പെട്ടവർക്ക് അവരിൽ തന്നെയുള്ള ശക്തരായിട്ട് ഉള്ളവരോടാണ് മത്സരിക്കേണ്ടി വരുന്നത്. അപ്പൊ ഇങ്ങനെ ഒരു മാനദണ്ഡം ഇല്ലാത്തതുകൊണ്ട് ഇത് പ്രതികൂലമായി ബാധിക്കുന്നത് ഇവരിൽ ഉള്ള അശക്തരായ വ്യക്തികളെയാണ്... കുടുംബങ്ങളെയാണ്.''- കുഞ്ഞാമൻ ചൂണ്ടിക്കാട്ടുന്നു.

മുതലാളിയായി രക്ഷപ്പെടുക

സുനിൽ പി ഇളയിടവും സണ്ണി എം കപിക്കാടും അടക്കമുള്ള ചിന്തകർ, മുതലാളിത്തം എന്ന വാക്ക് എടുത്തിട്ട് ഒരു ഭീകരാവസ്ഥയുണ്ടാക്കുമ്പോൾ, ഡോ. കുഞ്ഞാമൻ മുതലാളിയായി രക്ഷപെടാനാണ് ദലിത് സമൂഹത്തോട് ആഹ്വാനം ചെയ്യുന്നത്. ഉദാരവൽക്കരണനയങ്ങൾ ദലിതർക്ക് ഗുണകരമായെന്ന് നിലപാടാണ് കുഞ്ഞാമന് ഉള്ളത്. ഇന്ത്യയിൽ ഉദാരവൽക്കരണം നടപ്പിലാക്കിയതിന് ശേഷം രൂപീകരിക്കപ്പെട്ട ദളിത് ചേംബർ ഓഫ് കോംമേഴ്‌സ് ഇൻഡസ്ട്രിയെ ദളിത് ശാക്തീകരണത്തിന്റെ ഉദാഹരണമായി അദ്ദേഹം കാണുന്നു. ദളിത് മുതലാളിമാർ വിവേചനം നേരിടില്ലെന്നതാണ് അദ്ദേഹം പറയുന്നത്. ദളിത് മുതലാളിമാർ ഉണ്ടായി വരുമ്പോൾ അത് വ്യവസ്ഥയെ വെല്ലുവളിക്കലാണ് എന്ന ഒരു നിഗമനത്തിലേക്കും കുഞ്ഞാമൻ പോകുന്നുണ്ട്. 'അതിശക്തമായ ക്യാപിറ്റലിസ്റ്റ് ക്ലാസ്, റാഡിക്കൽ ഇന്റലിജൻഷ്യ, നല്ല പണ്ഡിതന്മാർ എന്നിവർക്കേ വ്യവസ്ഥിതിയെ വെല്ലുവിളിക്കാൻ കഴിയൂ' എന്നുമുള്ള പക്ഷക്കാരനാണ് കുഞ്ഞാമൻ. ചുരുക്കിപ്പറഞ്ഞാൽ അയ്യൻകാളി പറഞ്ഞപോലെ സമ്പത്തുണ്ടാക്കി ശക്താവുക എന്നതുതന്നെ.

പക്ഷേ ഇന്ന് ഈ റിട്ടയേഡ് ലൈഫ് നയിക്കുന്ന കാലത്തും തനിക്ക് പഴയ ആ അപകർഷതാബോധം വിട്ടുമാറിയിട്ടില്ലെന്ന് ഡോ കുഞ്ഞാമൻ പറയുന്നു. ''സത്യത്തിൽ എന്റെ സമൂഹം എനിക്കു തന്നത് അഞ്ചു കാര്യങ്ങളായിരുന്നു. ദാരിദ്ര്യം, ഭയം, അപകർഷതാബോധം, ആത്മവിശ്വാസമില്ലായ്മ, ധൈര്യമില്ലായ്മ. പിന്നീട്, പഠിച്ച് ജോലി കിട്ടി ദാരിദ്ര്യത്തിൽനിന്ന് മുക്തനായി, സാമ്പത്തികമായി സ്വതന്ത്രനായി. ധാരാളം എഴുതുന്നു. എഴുതുന്നത് ആളുകൾ ശ്രദ്ധിക്കുന്നു. എന്നാലും എന്റെ അധഃകൃതസമൂഹം പൈതൃകമായി തന്ന ഭയത്തിൽനിന്നും അപകർഷതാബോധത്തിൽനിന്നും ധൈര്യമില്ലായ്മയിൽനിന്നും ഇന്നും മുക്തനായിട്ടില്ല.''- കുഞ്ഞാമൻ പറയുന്നു. പക്ഷേ തന്റെ മക്കളുടെ സാഹചര്യങ്ങൾ അങ്ങനെ അല്ലെന്നും ഒരു തലമുറയോടെ ആ പ്രശ്നം അവസാനിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വാൽക്കഷ്ണം: ഈ രീതിയിലുള്ള ജാതി സംവരണം അശാസ്ത്രീയമാണെന്നും, അത് രണ്ട് തലമുറയിൽ കൂടുതൽ തുടരരുത് എന്നുമുള്ള ഡോ കുഞ്ഞാമന്റെ അഭിപ്രായം, പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. മെറിറ്റിനെ പരിഹസിക്കുന്ന ഒരു സമൂഹമായി മാറുന്ന നമുക്ക് ഇത്തരം കാര്യങ്ങളൊന്നും ചർച്ച ചെയ്യാൻ പോലും പറ്റാറില്ലല്ലോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP