Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊലപാതകവും ബലാത്സംഗ ആരോപണവും വരെ ഉയർന്നിട്ടും ഇന്ത്യൻ അന്വേഷണ ഏജൻസികളെ നോക്കുകുത്തിയാക്കി കൂളായി ഊരിപ്പോയ നയതന്ത്ര പ്രതിനിധികൾ നിരവധി; പാക്കിസ്ഥാൻ ചാരവൃത്തിയും കൈയും കെട്ടി നോക്കി നിൽക്കേണ്ടി വന്നു; ദേവയാനിയുടെ പേരിൽ അമേരിക്കയെ വെല്ലുവിളിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചതും 'നയതന്ത്ര പരിപക്ഷ' തന്നെ; വത്തിക്കാൻ പ്രതിനിധിയെ കേരളാ പൊലീസിന് കാണാൻ കഴിയാതെ പോയ 'നയതന്ത്ര പരിപക്ഷ'യെ കുറിച്ച്

കൊലപാതകവും ബലാത്സംഗ ആരോപണവും വരെ ഉയർന്നിട്ടും ഇന്ത്യൻ അന്വേഷണ ഏജൻസികളെ നോക്കുകുത്തിയാക്കി കൂളായി ഊരിപ്പോയ നയതന്ത്ര പ്രതിനിധികൾ നിരവധി; പാക്കിസ്ഥാൻ ചാരവൃത്തിയും കൈയും കെട്ടി നോക്കി നിൽക്കേണ്ടി വന്നു; ദേവയാനിയുടെ പേരിൽ അമേരിക്കയെ വെല്ലുവിളിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചതും 'നയതന്ത്ര പരിപക്ഷ' തന്നെ; വത്തിക്കാൻ പ്രതിനിധിയെ കേരളാ പൊലീസിന് കാണാൻ കഴിയാതെ പോയ 'നയതന്ത്ര പരിപക്ഷ'യെ കുറിച്ച്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്റെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വത്തിക്കാൻ പ്രതിനിധികളെ കണ്ട് മൊഴിയെടുക്കാൻ ഇന്ന് കേരളാ പൊലീസ് ഡൽഹിയിൽ പോയി. എന്നാൽ, കേരളാ പൊലീസിനെ ഗേറ്റിലെക്ക് അടുപ്പിക്കാൻ പോലും വത്തിക്കാൻ പ്രതിനിധികൾക്ക് സുരക്ഷ ഒരുക്കുന്നവർ തയ്യാറായില്ല. ഇതിന് കാരണം മറ്റൊന്നുമല്ല. വത്തിക്കാൻ ഒരുരാജ്യമാണ്, ആ രാജ്യത്തിന്റെ പ്രതിനിധിയുമായി കൂടിക്കാഴ്‌ച്ച നടത്തണമെങ്കിൽ പോലു അതിന് കൃത്യമായ അനുമതിയും കാരണവും വേണം. അല്ലാതെ എത്രവലിയ കുറ്റം ചെയ്താൽ പോലും ആ രാജ്യത്തിന്റെ പ്രതിനിധികളെ കാണാൻ സാധിക്കില്ല. ഇത് വത്തിക്കാന്റെ മാത്രം കാര്യമല്ല. മറ്റേത് രാജ്യത്തിന്റെയും പ്രതിനിധികൾക്കും ഒരുക്കുന്ന നയതന്ത്ര സുരക്ഷയാണ് കാരണം.

ഈ 'നയതന്ത്ര പരിപക്ഷാ' വിഷയം തന്നെയാണ് ഡൽഹിക്ക് സ്വതന്ത്ര സംസ്ഥാന പദവി നൽകുന്ന കാര്യത്തിൽ അടക്കം തടസമായിരിക്കുന്നത്. നിരവധി രാജ്യങ്ങളുടെ എംബസിയും അവരുടെ നയതന്ത്ര പ്രതിനിധികളും അതീവ സുരക്ഷയിൽ കഴിയുമ്പോൾ പൊലീസ് അധികാരം ഒരു സംസ്ഥാനത്തെ മാത്രമായി ഏൽപ്പിക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് ഡൽഹിയിലെ സുരക്ഷാ ചുമതല കേന്ദ്രത്തിന്റെ മേലാകുന്നതും. നയതന്ത്ര പരിരക്ഷ എന്നത് ഉദ്യോസ്ഥരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടു തന്നെയാണ് കേരളാ പൊലീസ് ലവത്തിക്കാൻ പ്രതിനിധികളെ കാണാൻ പോയി കൈയും വീശി തിരിച്ചു പോരേണ്ടി വന്നതും.

നയതന്ത്ര പരിപക്ഷ എന്ന ഒറ്റക്കാര്യം ഉള്ളതു കൊണ്ട് തന്നെ കേസുകളിൽ നിന്നും ഊരിപ്പോയ വിവിധ രാജ്യങ്ങളുടെ ഉദ്യോഗസ്ഥർ ഉണ്ട്. കൊലപാതക ആരോപണത്തിൽ നിന്നും ബലാത്സംഗ ആരോപണത്തിൽ നിന്നടക്കം ഇങ്ങനെ കൂളായി ഊരിപ്പോയ ഉദ്യോഗസ്ഥരുണ്ട്. ഇതേ നയതന്ത്ര പരിരക്ഷ എന്ന ആയുധം ഉപയോഗിച്ചാണ് ഇന്ത്യ അമേരിക്കയെ പോലും ഒരിക്കൽ വെല്ലുവിളിച്ചത്. അതേസമയം ഇന്ത്യയിൽ നിന്നും ചാരപ്രവർത്തനം നടത്തിയിട്ടുപോലും പാക്കിസ്ഥാൻ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സാധിക്കാതെ പോയതും ഈ നയതന്ത്ര പരിരക്ഷ കൊണ്ടാണ്.

മുഹമ്മദ് അക്തർ എന്നു പേരുള്ള ഒരു പാക്കിസ്ഥാനി എംബസി ജീവനക്കാരനെ ഏതാനം മാസങ്ങൾക്ക് മുൻപ് ഡൽഹി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ നിരവധി രേഖകൾ കയ്യിൽ സൂക്ഷിച്ചതിനായിരുന്നു അയാളെ അറസ്റ്റ് ചെയ്തിരുന്നത്. എന്നാൽ മുഹമ്മദിന്റെ പേരിൽ കേസെടുക്കാനോ സർക്കാരിനോ സാധിച്ചില്ല. സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും അവരെല്ലാം നയതന്ത്ര പരിരക്ഷയുടെ പേരിൽ രക്ഷപെടുകയാണ് ഉണ്ടായത്. ചുരുക്കത്തിൽ ഇന്ത്യയിലാണ് എംബസി ഓഫീസുകൾ സ്ഥിതി ചെയ്യുന്നതെങ്കിലും നയതന്ത്ര പരിരക്ഷയുടെ പേരിൽ എംബസി ഓഫീസുകൾ അവരുടെ രാജ്യത്തെ നിയമങ്ങളുടെ ഭാഗമായി തന്നെ മാറും.

അമേരിക്കയെ ഇന്ത്യ വെല്ലുവിളിച്ച ദേവയാനി സംഭവം

നയതന്ത്ര പരിരക്ഷയിലൂടെ എങ്ങനെയാണ് ഇന്ത്യ സ്വന്തം ഉദ്യോഗസ്ഥരെ രക്ഷിച്ചെടുത്തത് എന്നതിന്റെ തെൡയാ സംഭവമാണ് അമേരിക്കയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗാഡെയെ ചൊല്ലിയുണ്ടായ വിവാദം. വിസ ചട്ടലംഘനത്തിന് അമേരിക്കയിൽ അറസ്റ്റു ചെയ്യപ്പെട്ട ദേവയാനിക്ക് വേണ്ടി ഇന്ത്യ ശക്തിയുക്തം വാദിച്ചതോടെ അമേരിക്കയും ഇന്ത്യയുടെ വഴിക്ക് വരികയായിരുന്നു. വീട്ടവേലക്കാരായവർ ദേവയാനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത് അടക്കമുള്ള വിഷയങ്ങളിൽ നിന്നാണ് ദേവയാനി പോറൽ പോലുമേൽക്കാതെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. നയതന്ത്ര പരിരക്ഷയില്ലാതെ അമേരിക്കയിൽ തിരിച്ചെത്തിയാൽ ദേവയാനിക്കു കേസിൽ വിചാരണ നേരിടേണ്ടിവരുമെന്ന അവസ്ഥയും പിന്നീട് ഉണ്ടായിരുന്നു.

ദേവയാനിയെ അമേരിക്ക ഇന്ത്യയിലേയ്ക്കു മടക്കിയയച്ചതിനു പിന്നാലെ ഒരു മുതിർന്ന അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയും തിരിച്ചടിച്ചിരുന്നു. ദേവയാനിയുടെ അതേ റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണു പുറത്താക്കിയായിരുന്നു ഈ വിഷയത്തിൽ ഇന്ത്യ മുമ്പ് തിരിച്ചടിച്ചത്. ഉദ്യോഗസ്ഥന്റെ പേരു വെളിപ്പെടുത്താൻ വിദേശകാര്യ മന്ത്രാലയം തയാറായില്ല. സംഗീതയുടെ വീസ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതുൾപ്പെടെ രണ്ടു കുറ്റങ്ങളാണ് ദേവയാനിക്കെതിരേ ചുമത്തിയിരുന്നത്്. അറസ്‌റ് നടന്നാൽ 30 ദിവസത്തിനുള്ളിൽ നിയമനടപടി സ്വീകരിക്കുമെന്ന് യുഎസ് കോടതി വ്യക്തമാക്കിയതോടെയാണ് ഈ വിഷയത്തിൽ ഇന്ത്യ ശക്തിയുക്തം ഇടപെട്ടത്.

വീസാ ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ചായിരുന്നു 1999 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥയായ ദേവയാനി ഖോബ്രഗഡെയെ അമേരിക്ക അറസ്‌റ് ചെയ്തത്. 2,50,000 ഡോളർ പിഴയടച്ചാണു ദേവയാനി ജാമ്യം നേടിയത്. അറസ്‌റ് ചെയ്തശേഷം തെരുവിലൂടെ വിലങ്ങണിയിച്ചുകൊണ്ടുപോയതും വിവസ്ത്രയാക്കി പരിശോധിച്ചതും തുടങ്ങി അമേരിക്കയുടെ നടപടികളെ ഇന്ത്യ രൂക്ഷമായി വിമർശിച്ചിരുന്നു. ഇരു രാജ്യങ്ങളുടെ തമ്മിലുള്ള ബന്ധം വഷളാകാനും ഈ സംഭവങ്ങൾ ഇടയാക്കിയിരുന്നു.

സെനഗൽ അംബാസിഡറുടെ മകൻ നടത്തിയ കൊലപാതവും, സൗദി പ്രതിനിധികളുടെ ബലാത്സംഗ വിഷയവും

കൊലപാതക കുറ്റത്തിൽ നിന്നും പോലും നയതന്ത്ര പരിപക്ഷയോടെ രക്ഷപെട്ടവരുണ്ട്. 2003ലാണ് ഇത്തരമൊരു സംഭവം ഇന്ത്യയിൽ ഉണ്ടായത്. സെനഗൽ അംബാസിഡറുടെ മകൻ മൺസൂർ അലി ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ ആരോപണ വിധേയനാിയരുന്നു. ഡൽഹിയിലെ ഹോട്ടൽ റൂമിൽ വെച്ച് കാറിന്റെ താക്കോലിന് വേണ്ടിയായിരുന്നു ഈ തർക്കം ഉണ്ടായതും വിവാദത്തിൽ കൊലപാതകത്തിൽ കലാശിച്ചതും. ഈ സംഭവത്തിൽ നയതന്ത്ര പരിപക്ഷയുടെ മറവിൽ മൺസൂർ അലി രക്ഷപെടുകയാണ് ഉണ്ടായത്. ഇന്ത്യൻ അന്വേഷണ ഏജൻസികൾ അവിടെ നോക്കുകുത്തികളായി.

ഡൽഹിയിലെ സൗദി എംബസി ഉദ്യോഗസ്ഥർ സൗദി എംബസിൽ വെച്ച് നേപ്പാൾ യുവതികെളെ ലൈംഗിക അടിമകളാക്കിയെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. ഉദ്യോഗസ്ഥൻ തങ്ങളെ നാല് മാസത്തോളം തുടർച്ചയായി ബലാത്സംഗം ചെയ്തെന്നും ഇതിന് പുറമെ ഫ്ളാറ്റിൽ സന്ദർശകരായി എത്തിയ വിദേശ സുഹൃത്തുക്കൾക്ക് തങ്ങളെ പീഡിപ്പിക്കാനനുവദിച്ചെന്നും സ്ത്രീകൾ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ പേരിൽ പ്രതിഷേധങ്ങളും ഉടലെടുത്തും. ഇതോടെ യുവതികളെ പാർപ്പിച്ച സൗദി എംബസിയുടെ ഫൽറ്റ് റെയ്ഡ് ചെയ്തു പൊലീസ്. എന്നാൽ, ഈ പൊലീസ് നടപടി പ്രതിഷേധാർഹമെന്നും, വെയിന കൺവെൻഷന് എതിരെന്നും സൗദി ചൂണ്ടിക്കാട്ടിയതോട അവിടെയും നയതന്ത്ര പരിരക്ഷ പ്രധാനകാര്യമായി മാറി. സൗദി നയതന്ത്ര ഊദ്യാഗസ്ഥർ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചതോടെ ഖേദം പ്രകടിപ്പിച്ച് വിദേശകാര്യ സെക്രട്ടറി രംഗത്തെത്തേണ്ടി വരികയുമായിരുന്നു.

യുവതികൾക്ക് ഭക്ഷണം പോലും നലകിയിരുന്നില്ലെന്നും, അതിഥികൾക്ക് കാഴ്‌ച്ചവയ്ക്കാറുണ്ടെന്നും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും യുവതികൾ മൊഴി നൽകിയിരുന്നു. സൗദി നയതന്ത്ര ഉദ്യോഗസ്ഥന് എതിരെ ഗുഡ്ഗാവ് പൊലീസ് എഫ്െഎആർ രജിസ്റ്റർ ചെയ്തു. വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വിദേശകാര്യ വ്യക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. എന്നാൽ സൗദി നയതന്ത്ര ഉദ്യോഗസ്ഥൻ യുവതികളെ പീഡിപ്പിച്ചിരുന്നതായി വ്യക്തത ഇല്ലെന്നും സൗദിയും നോപ്പാളുമായി നല്ല ബന്ധമാണുള്ളതെന്നും നേപ്പാൾ അംബാസഡർ ദീപക് കുമാർ ഉപാധ്യായ വ്യക്തമാക്കി.

പാക് നയതന്ത്ര പ്രതിനിധി മെഹമ്മൂദ് അക്തറിന്റെ ചാരപ്രവർത്തനം

പാക് ഹൈക്കമാമീഷനിലെ ഉദ്യോഗസ്ഥൻ മെഹമ്മൂദ് അക്തർ പാക് രഹസ്യാന്വേഷണ ഏജൻസിക്ക് സുപ്രധാന വിവരങ്ങൾ ചോർത്തിയ സംഭവവും ഏറെ വിവാദമായിരുന്നു. പാക്കിസ്ഥാൻ ഹൈകമ്മിഷൻ ഓഫീസിലെ ഉദ്യോഗസ്ഥനടക്കം നാലുപേരെയാണ് ചാരപ്രവർത്തനത്തിനു ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യൻ അതിർത്തിരക്ഷാ സേന(ബി.എസ്.എഫ്)യുമായി ബന്ധപ്പെട്ട സുപ്രധാനവിവരങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്‌ഐയ്ക്കു ചോർത്തിനൽകിയെന്നാണ സംശയം. എന്നാൽ, കൂടുതൽ നടപടി കൈക്കൊള്ളാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. ചാരപ്രവർത്തനം നടത്തിയതിന്റെ പേരിൽ 48 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശിച്ചതോടെ ഇവർക്ക് രാജ്യം വിട്ടു പോകേണ്ടി വന്നുവെന്ന് മാത്രം.

ഇന്ത്യൻ നടപടിക്കുള്ള തിരിച്ചടി എന്ന നിലയിലാണ് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥൻ സുർജീത് സിങ്ങിനെ പാക്കിസ്ഥാൻ പുറത്താക്കിയിരുന്നു. മൗലാന റംസാനും സുഭാഷും സുഹൈബും ഒന്നരവർഷമായി അക്തറിനൊപ്പം പ്രവർത്തിക്കുന്നതായി ഡൽഹി പൊലീസ് ജോയിന്റ് കമ്മിഷണർ രവീന്ദ്ര യാദവ് പറഞ്ഞു. ചാരപ്രവർത്തനം നടത്തിവന്ന നാലുപേരും ആറുമാസമായി രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. പാക് ഉദ്യോഗസ്ഥനെ ഡൽഹി മൃഗശാലയ്ക്കു സമീപത്തുനിന്നാണ് പിടികൂടിയത്. പാക് ഹൈകമ്മിഷണർ അബ്ദുൽ ബാസിത്തിനെ ആഭ്യന്തരമന്ത്രാലയത്തിൽ വിളിച്ചുവരുത്തി വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ വിശദീകരണം തേടുകയും ഉദ്യോഗസ്ഥനെ തിരിച്ചയയ്ക്കാൻ നിർദേശിക്കുകയും ചെയ്തു. ഉദ്യോഗസ്ഥൻ ചാരപ്രവർത്തനം നടത്തിയെന്ന ആരോപണം പാക്കിസ്ഥാൻ നിഷേധിക്കുകയായിരുന്നു. വിയന്ന ഉടമ്പടിയാണ് ഇത്തരത്തിൽ പലപ്പോഴും നയതന്ത്ര പരിരക്ഷ ഉദ്യോഗസ്ഥർക്ക് നൽകാൻ ഇടയാക്കുന്നത്.

ന്യൂസിലാൻഡിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുടെ ഭാര്യ ഷെഫിനെ ദ്രോഹിച്ചു എന്ന ആരോപണത്തിൽ നിന്നടക്കം ഇന്ത്യൻ ഉദ്യോഗസ്ഥരെ രക്ഷിച്ചത് നയതന്ത്ര പരിരക്ഷയായിരുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ പരിശോധിച്ചാൽ ലഭ്യമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP