Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ നിയമത്തെ അനുകൂലിച്ചു രജനീകാന്ത് രംഗത്തു വന്നതു രാവിലെ; വിജയിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തതു വൈകീട്ട്; എങ്കിലും തമിഴകം ഒറ്റക്കെട്ടായി വിജയിനൊപ്പം; ബിജെപി കാണിച്ച ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരമെന്ന് തമിഴ് മാധ്യമങ്ങൾ; ഒറ്റരാത്രി കൊണ്ട് രാഷ്ട്രീയ ഹീറോയായി ചലച്ചിത്ര ഹീറോ; രജനീകാന്ത് ബിജെപിയിലേക്ക് പോകുമ്പോൾ മോദി വിരുദ്ധ സഖ്യത്തിന്റെ പടനായകനായി വിലയിരുത്തപ്പെടുന്നത് വിജയിയെ; തമിഴക രാഷ്ട്രീയത്തിലും ഇനി സ്‌റ്റൈൽ മന്നനും ഇളയ ദളപതിയും നേർക്കുനേർ

പൗരത്വ നിയമത്തെ അനുകൂലിച്ചു രജനീകാന്ത് രംഗത്തു വന്നതു രാവിലെ; വിജയിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തതു വൈകീട്ട്; എങ്കിലും തമിഴകം ഒറ്റക്കെട്ടായി വിജയിനൊപ്പം; ബിജെപി കാണിച്ച ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരമെന്ന് തമിഴ് മാധ്യമങ്ങൾ; ഒറ്റരാത്രി കൊണ്ട് രാഷ്ട്രീയ ഹീറോയായി ചലച്ചിത്ര ഹീറോ; രജനീകാന്ത് ബിജെപിയിലേക്ക് പോകുമ്പോൾ മോദി വിരുദ്ധ സഖ്യത്തിന്റെ പടനായകനായി വിലയിരുത്തപ്പെടുന്നത് വിജയിയെ; തമിഴക രാഷ്ട്രീയത്തിലും ഇനി സ്‌റ്റൈൽ മന്നനും ഇളയ ദളപതിയും നേർക്കുനേർ

എം മാധവദാസ്

ചെന്നൈ: ചരിത്രം ചിലപ്പോൾ അങ്ങനെയാണ്. നിങ്ങളെ ഉപദ്രവിക്കാനായി നടത്തിയ നടപടികൾ ആയിരിക്കും പലപ്പോഴും ഉർവശീശാപം പോലെ ഉപകാരമാവുക. തമിഴകത്തിന്റെ പ്രിയപ്പെട്ട നടൻ വിജയിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുന്നത്. ആദായനികുതി വകുപ്പിന്റെ നടപടിയും, ഷൂട്ടിങ് നിർത്തിവയ്‌പ്പിച്ചതും ഉറങ്ങാൻ പോലുമനുവദിക്കാതെ ഒരു രാത്രി മുഴുവൻ വിജയിയെ ചോദ്യം ചെയ്തതും തമിഴ് ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ മായാത്ത മുറവാണ് ഉണ്ടാക്കിയിരിക്കുന്നത്. സിനിമയും രാഷ്ട്രീയവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന തമിഴകത്ത് ജോസ്ഫ് വിജയ് എന്ന ഇളയ ദളപതി ഇപ്പോൾ അക്ഷരാർഥത്തിൽ ഹീറോയാണ്. തമിഴ് പത്രങ്ങളും ചാനലുകുമെന്ന് വേണ്ട സോഷ്യൽ മീഡിയയിൽ പോലും വലിയ രോഷമാണ് വിജയിക്കെതിരായ നടപടിയിൽ ഉണ്ടായിരിക്കുന്നത്. ബിജെപി അടുത്തകാലത്ത് ചെയ്ത ഏറ്റവും വലിയ അബദ്ധം എന്നാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. ശക്തമായ ജനരോഷമാണ് കേന്ദ്ര സർക്കാറിനെതിരെ ഇപ്പോൾ തമിഴ്‌നാട്ടിൽ അലയടിക്കുന്നത്. ഡിഎംകെയും കോൺഗ്രസും ഇത് നന്നായി മുതലെടുക്കുന്നു. ഭാവിയിലെ മോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ കുന്ത മുന വിജയ് ആണെന്നാണ് തമിഴ് മാധ്യമങ്ങൾ പറയുന്നത്.

എംജിആറിന്റെ കാലം തൊട്ടുതന്നെ തമിഴകം എന്നും സിനിമയോട് വിധേയത്വം കാട്ടിയുള്ളതായിരുന്നു. ഇന്നത്തെ സൂപ്പർതാരമാണ് നാളത്തെ മുഖ്യമന്ത്രിയെന്നത് തമിഴകത്തെ അലിഖിത നിയമം ആയിരുന്നു. എന്നാൽ സൂപ്പർസ്റ്റാറായ രജിനികാന്തും കമൽഹാസനും ഇക്കാര്യത്തിൽ തിരിച്ചടിയാണ് കിട്ടിയത്. ഇരുവരുയെും സ്വന്തം പാർട്ടികൾ ക്ലച്ച് പടിച്ചില്ല. ഇപ്പോൾ പൗരത്വഭേദഗതിയെ അനുകൂലിക്കുകയും ചെയ്തയോടെ രജനീകാന്ത് ബിജെപിയിൽ ചേരും എന്നാണ് അറിയുന്നത്. അങ്ങനെയാണെങ്കിൽ രജനി വേഴ്സ്സ് വിജയ് എന്ന സമവാക്യമായി്രിക്കും ഇനി തമിഴകത്ത് രൂപപ്പെടുക. വിജയിന്റെ രാഷ്ട്രീയ നിലപാടുകളും ഫലത്തിൽ ഗുണം ചെയ്യുന്നത് തമിഴ്‌നാട്ടിൽ തളർന്നു കിടക്കുന്ന കോൺഗ്രസിനാണ്. വിജയിന്റെ പിതാവ് കോൺഗ്രസ് അനുഭാവിയാണെന്നാണ് പറയപ്പെടുന്നത്. ഡിഎംകെയും വിജയിനെ റാഞ്ചാൻ തയ്യാറായി നിൽക്കുന്നുണ്ട്. നിലവിൽ എഐഡിഎംകെയുടെയും കണ്ണിലെ കരടാണ് വിജയ്. ഒരു സിനിമക്ക് 40 കോടിയോളം പ്രതിഫലം വാങ്ങുന്ന വിജയ് , രാജ്യത്തെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടനാണ്.

രാഷ്ട്രീയത്തിലും വിജയും രജനിയും കൊമ്പു കോർക്കുമോ?

സിനിമയിലും രജനിയും വിജയും രണ്ടുതട്ടിലാണെന്നത് സിനിമാ രംഗത്ത് പരസ്യമായ രഹസ്യമാണ്.സൂപ്പർതാരങ്ങളുടെ ഫാൻസ് അസോസിയേഷനുകൾ തമ്മിൽ കട്ടക്കലിപ്പിലാണെങ്കിലും തമിഴ്‌നാട് സിനിമാ ലോകത്ത് വർഷങ്ങളായി പാലിക്കുന്ന ചില മര്യാദകളുണ്ട്. ദീപാവലി, പൊങ്കൽ തുടങ്ങിയ ആഘോഷവേളകളിൽ സൂപ്പർതാര ചിത്രങ്ങൾ ഒരുമിച്ചു റിലീസ് ചെയ്യാറില്ല. 2020 ഫെബ്രുവരി അഞ്ചിനു പക്ഷേ, തമിഴ്‌നാട്ടിൽ രണ്ടു സൂപ്പർതാരങ്ങൾ ബ്രേക്കിങ് ന്യൂസുകളുടെ സ്‌ക്രീനിൽ ഒരുമിച്ചു റിലീസായി. പൗരത്വ നിയമത്തെ അനുകൂലിച്ചു തലൈവർ രജനീകാന്ത് രംഗത്തു വന്നതു രാവിലെ. ബിഗിൽ സിനിമയുമായി ബന്ധപ്പെട്ട് ഇളയ ദളപതി വിജയ്യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തതു വൈകിട്ട്.ഈ സാമ്യതകളാണ് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

തമിഴ് സിനിമാ ലോകത്ത് തൊണ്ണൂറുകളിലെ രജനിയുടെ കസേരയിലാണ് ഇപ്പോൾ വിജയ്. കരുണാനിധി- ജയലളിതമാരുടെ പ്രഭാവ കാലമായിരുന്നെങ്കിലും അന്നു രജനി പറഞ്ഞ ഓരോ വാചകത്തിലും രാഷ്ട്രീയ സൂചനകൾ കാണാൻ ആരാധകരും ശത്രുക്കളും മൽസരിച്ചു. എംജിആറിനു ശേഷം തമിഴ് രാഷ്ട്രീയം പിടിച്ചടക്കാൻ പ്രാപ്തിയുള്ള താരമെന്ന് എല്ലാവരും വിശ്വസിച്ചപ്പോഴും രജനിയുടെ രാഷ്ട്രീയം ചില മുന വച്ച ഡയലോഗുകളിലൊതുങ്ങി. ഇപ്പോൾ, ജയ-കരുണാനിധി കാലത്തിനു ശേഷം, സംസ്ഥാന രാഷ്ട്രീയത്തിൽ ശൂന്യതയെന്ന മുറവിളികൾക്കിടെ രജനി തേങ്ങയുടയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു. അഞ്ചു പതിറ്റാണ്ടിലേറെയായി തമിഴകം വോട്ടു ചാർത്തിയ ദ്രാവിഡ രാഷ്ട്രീയത്തിൽനിന്നു ഭിന്നമാണു തന്റെ വഴിയെന്നു രജനി പ്രഖ്യാപിക്കുകയും ചെയ്തു.

ആത്മീയ രാഷ്ട്രീയത്തിലൂടെ ബിജെപിയുടെ ഹിന്ദുത്വയോടു ചേർന്നു നിൽക്കുകയാണു രജനിയെന്ന വിമർശനങ്ങൾക്കിടയിലും ദ്രാവിഡവഴിയിൽ നിന്നു മാറി നടക്കാനുള്ള താരത്തിന്റെ നീക്കം ധീരമാണെന്ന വിലയിരുത്തലുകളുമുണ്ട്.  പക്ഷേ, തൊണ്ണൂറുകളിൽ നിലനിന്നിരുന്ന രജനി പ്രഭാവം അതേ തീവ്രതയോടെ ഇപ്പോൾ നിലനിൽക്കുന്നുണ്ടോയെന്നതാണു ചോദ്യം. അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലത്തിനു മാത്രമേ അതിന് ഉത്തരം നൽകാനാവൂ.

വിജയ്: ക്ഷോഭിക്കുന്ന യുവ തലമുറയുടെ പ്രതിനിധി

ക്ഷോഭിക്കുന്ന തലമുറയുടെ പ്രതിനിധിയെന്ന നിലയിൽനിന്ന്, സ്വന്തം ആശയധാര പ്രഖ്യാപിച്ച രാഷ്ട്രീയക്കാരനിലേക്കു രജനി മാറിയിരിക്കുന്നു. അവിടെയാണ്, വർഷങ്ങളായി സിനിമയിലും അതുമായി ബന്ധപ്പെട്ട വേദികളിലും രാഷ്ട്രീയ സൂചനകളുടെ ശരം തൊടുക്കാൻ മടിക്കാത്ത വിജയ് കളത്തിലേക്കു വരുന്നത്. രജനീകാന്തിനെപ്പോലെ, സ്വന്തം സിനിമയുടെ സന്ദേശം തമിഴകത്തെ അവസാനത്തെ ഗ്രാമത്തിലെ അവസാന വീട്ടിലുമെത്തിക്കാനുള്ള താരപ്രഭാവം വിജയ്ക്കുമുണ്ട്.മെർസലിലും സർക്കാരിലും വിജയ് തൊടുത്ത വിമർശനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അസ്വസ്ഥരാക്കിയത് അതുകൊണ്ടാണ്. അവസാന ചിത്രമായ ബിഗിലിൽ വലിയ രാഷ്ട്രീയ സൂചനകളില്ലായിരുന്നുവെങ്കിലും അതിന്റെ കേട് ഓഡിയോ ലോഞ്ചിൽ തീർത്തു. വിജയ് മുനവച്ച വർത്തമാനങ്ങളിലൂടെ രാഷ്്ട്രീയം പറഞ്ഞപ്പോൾ, പിതാവ് സംവിധായകൻ കൂടിയായ എസ്.എ.ചന്ദ്രശേഖർ, മകൻ രാഷ്ട്രീയത്തിൽ വരുമെന്നുതന്നെ മറയില്ലാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. ചന്ദ്രശേഖർ കോൺഗ്രസ് അനുഭാവിയാണെന്നു കിട്ടുന്ന വേദികളിലെല്ലാം ബിജെപി നേതാക്കൾ പറഞ്ഞുവയ്ക്കാറുണ്ട്. ഇത്് ഭാഗികമായി ശരിയാണു താനും.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രജനിയും കമലും രംഗത്തുണ്ടാകുമെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഏതെങ്കിലുമൊരു വേഷത്തിൽ വിജയ്യും കളത്തിലുണ്ടാകുമെന്ന സൂചനകൾക്ക് ആദായനികുതി വകുപ്പിന്റെ റെയ്ഡോടെ കൂടുതൽ ബലം വന്നിരിക്കുന്നു. നേരിട്ടു പ്രചാരണത്തിനിറങ്ങിയില്ലെങ്കിലും രാഷ്ട്രീയം വ്യക്തമാക്കുന്ന ചില ഡയലോഗുകൾ താരത്തിൽനിന്നു പ്രതീക്ഷിക്കാം.1996-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് രജനീകാന്ത് പറഞ്ഞ പ്രശസ്തമായ ആ ഡയലോഗ് ഇന്നു തമിഴ്‌നാട് രാഷ്ട്രീയത്തിൽ പ്രിയപ്പെട്ട വാചകമാണ്. 'ജയലളിത ഇനിയും മുഖ്യമന്ത്രിയായാൽ ദൈവത്തിനു പോലും തമിഴ്‌നാടിനെ രക്ഷിക്കാനാകില്ല' എന്ന ആ രജനി ഡയലോഗിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പ് ഡിഎംകെ സഖ്യം തൂത്തുവാരി. ജയയ്ക്കെതിരായ അഴിമതി ആരോപണങ്ങളുൾപ്പെടെ പല കാരണങ്ങളും അതിനു പിന്നിലുണ്ടായിരുന്നെങ്കിലും രജനിയുടെ ആ 'മാസ്' ഡയലോഗും അതിൽ പങ്കുവഹിച്ചു.

ഇതുവരെ വരമ്പത്തിരുന്നു കളി കണ്ടിരുന്ന രജനി നേരിട്ടു കളത്തിലിറങ്ങുമ്പോൾ, തമിഴ്‌നാട് രാഷ്ട്രീയത്തിൽ വരമ്പത്തിരുന്നു വിസിലടിക്കുന്ന റോൾ വിജയ് ഏറ്റെടുക്കുമോ?

രാഷ്ട്രീയം പറഞ്ഞ് കേന്ദ്രത്തിന്റെ കരടായ നടൻ

കേന്ദ്ര സർക്കാരിനെ സിനിമകളിലൂടെ വിമർശിച്ചതിന്റെ പേരിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിടേണ്ടി വന്ന നടനാണ് വിജയ്. തമിഴ്‌നാട് സർക്കാരിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും വിമർശനങ്ങൾ ഉന്നയിച്ച് വിജയ് കഴിഞ്ഞദിവസവും രംഗത്തെത്തിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങളിൽ ബിജെപിയ്‌ക്കെതിരെയും തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെ സർക്കാരിനെതിരെയും വിമർശനങ്ങൾ ഉന്നയിക്കുന്ന ഭാഗങ്ങൾ ഉണ്ടായിരുന്നു. ഇതിനെതിരെ എഐഎഡിഎംകെ പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തിരുന്നു.

വിജയ് ചിത്രമായ മെർസലിൽ കേന്ദ്ര സർക്കാരിനെതിരായ വിമർശങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന പേരിലാണ് സംഘപരിവാർ അനുഭാവികളും നേതാക്കളും താരത്തിനെതിരെ രംഗത്തെത്തിയത്. മെർസൽ സിനിമയുടെ പേരിൽ വംശീയമായി പോലും വേട്ടയാടപ്പെട്ട ഇളയ ദളപതി ഈ അഗ്നിപരീക്ഷകളെ അതിജീവിച്ച് ശക്തമായി തിരിച്ചെത്തും എന്നാണ് ആരാധകർ പറയുന്നത്.വിജയ് ചിത്രമായ മെർസലിൽ മോദി സർക്കാരിനെതിരെ പരാമർശം ഉണ്ട് എന്ന പേരിൽ ബിജെപിയും സംഘപരിവാറും അപ്പോൾ തന്നെ രംഗത്തിറങ്ങിയിരുന്നു.പിന്നീട്, വിജയ് ഹിന്ദു വിരുദ്ധനാണെന്ന രീതിയിൽ പ്രചാരണം ശക്തമായി. അതിന് വിജയുടെ മതം തന്നെയാണ് ഇവർ ഉപയോഗിക്കുന്നത്. ഹൈന്ദവ വിരുദ്ധ ചിത്രങ്ങളിൽ അഭിനയിക്കുന്ന വിജയ് ഒരു ക്രിസ്ത്യാനി ആണെന്ന് എത്ര പേർക്ക് അറിയാം എന്ന ചോദ്യമാണ് സംഘപരിവാർ കേന്ദ്രങ്ങൾ ഉയർത്തിയത്. അമ്പലമല്ല, ആശുപത്രിയാണ് വേണ്ടത് എന്നൊരു ഡയലോഗ് ഉണ്ട് സിനിമയിൽ. ഈ ഡയലോഗിൽ ക്ഷേത്രത്തിന് പകരം പള്ളി എന്ന് വിജയ് പറയുമോ എന്നാണ് സംഘപരിവാർ അനുകൂലികളുടെ ചോദ്യം. വിജയ്ക്കെതിരെ കേരളത്തിൽ പോലും വിദ്വേഷ പ്രചാരണം രൂക്ഷമായിരുന്നു. വിജയ് ക്രിസ്ത്യാനിയാണ് എന്നാണ് ഇവർ കൂട്ടത്തോടെ പ്രചരിപ്പിക്കുന്നത്. ഹൈന്ദവ വിരുദ്ധ ചിത്രങ്ങളിൽ ആണ് വിജയ് അഭിനയിക്കുന്നത് എന്നും ഇവർ ആക്ഷേപിക്കുന്നു.

ജോസഫ് വിജയ് ചന്ദ്രശേഖർ എന്നാണ് വിജയുടെ മുഴുവൻ പേര്. സോഷ്യൽ മീഡിയയിലെ ഫേക്ക് അക്കൗണ്ടുകൾ മാത്രമല്ല ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്. ബിജെപിയുടെ ഔദ്യോഗിക നേതാക്കളും വിജയ്ക്കെതിരെ രംഗത്തിറങ്ങിയിരുന്നു. തമിഴ്‌നാട്ടിലെ ബിജെപി നേതാവ് എച്ച് രാജ വിജയ് ക്രിസ്ത്യാനിയാണ് എന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടു. വിജയുടെ മുഴുവൻ പേരും എഴുതിക്കൊണ്ടായിരുന്നു രാജയുടെ ട്വീറ്റ്.സിനിമയിലെ ഡയലോഗുകളിൽ വിജയുടെ മത വിശ്വാസത്തിന് പങ്കുണ്ട് എന്നാണ് അടുത്ത വിമർശനം. മോദി സർക്കാരിനെ വിമർശിക്കുന്നതിന്റെ പേരിലായിരുന്നു ഈ യുദ്ധമെല്ലാം. നരേന്ദ്ര മോദി സർക്കാരിന്റെ നോട്ട് നിരോധനവും കാഷ് ലെസ് എക്കോണമിയും എല്ലാം സിനിമയിൽ പരിഹസിക്കപ്പെടുന്നുണ്ട്. ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ ആണ് ഈ രംഗം.

സിംഗപ്പൂരിൽ ഏഴ് ശതമാനം ജിഎസ്ടി ഈടാക്കുമ്പോൾ ഇന്ത്യയിൽ 28 ശതമാനം ആണ് ജിഎസ്ടി. എന്നാൽ സിംഗപ്പൂരിൽ കുറഞ്ഞ ചെലവിൽ വൈദ്യസഹായം ലഭ്യമാകുമ്പോൾ ഇന്ത്യയിൽ അത് സാധ്യമാകുന്നില്ലെന്നാണ് വിജയുടെ ഒരു ഡയലോഗ്. അമ്പലങ്ങളല്ല ആശുപത്രികളാണ് വേണ്ടത് എന്നും വിജയ് പറയുന്നുണ്ട്. ഇതെല്ലാം ബിജെപി പ്രവർത്തകരെ മാത്രമല്ല, നേതാക്കളെ പോലും ചൊടിപ്പിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് നാളുകൾക്ക ശേഷം വിജയുടേതായി ഏറ്റവും ഒടുവിൽ പുറത്തു വന്ന ചിത്രം ബിഗിലിന്റെ നിർമ്മാതാക്കളായ എവി എസ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ഇരുപതോളം കേന്ദ്രങ്ങളിൽ ഇന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിജയിയെ സെറ്റിലെത്തി ചോദ്യം ചെയ്യുന്നത്. രണ്ട് വർഷം മുൻപ് മെർസൽ സിനിമ റിലീസായ സമയത്തും സമാനമായ പരിശോധന ആദായനികുതി വകുപ്പ് നടത്തിയിരുന്നു എന്നാൽ അന്നും ചട്ടവിരുദ്ധമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

പുതിയ ചിത്രമായ മാസ്റ്ററിന്റെ ചിത്രീകരണത്തിലായിരുന്നു വിജയ്. അതേസമയം കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ നിർദ്ദേശത്തെ തുടർന്ന് രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകൾ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചിരുന്നു. രജനീകാന്തിനെ എൻഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പിന്റെ നടപടി.

തുടർച്ചയായ വിജയചിത്രങ്ങളിലൂടെ തമിഴിൽ തിളങ്ങിനിൽക്കുന്ന സൂപ്പർതാരമാണ് ദളപതി വിജയ്. നടന്റെതായി പുറത്തിറങ്ങാറുള്ള മിക്ക ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. വിജയുടെതായി ഒടുവിൽ പുറത്തിറങ്ങിയ ബിഗിൽ ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിൽ നിന്നായി വലിയ വിജയം നേടിയിരുന്നു. അറ്റ്ലീ സംവിധാനം ചെയ്ത ബിഗിൽ മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. മെർസൽ, സർക്കാർ,ബിഗിൽ എന്നീ മെഗാഹിറ്റുകളോടെ തമിഴിൽ താരമൂല്യം ഉയർന്ന താരമായും ദളപതി മാറിയിരുന്നു. വിജയ് ചിത്രങ്ങൾ നിർമ്മിച്ചാൽ സാമ്പത്തിക ലാഭം ഉറപ്പായും ലഭിക്കുമെന്ന തരത്തിലേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങൾ. അതിനിടയിലാണ് പുതിയ വിവാദങ്ങളും പ്രശ്‌നങ്ങളും താരത്തെ തേടിയെത്തുന്നത്. ഇപ്പോഴിതാ രാഷ്ട്രീയത്തിൽ ഇറങ്ങാനും വിജയ് നിർബന്ധിക്കപ്പെട്ടിരിക്കയാണ്.അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നതിൽ തമിഴ്‌നാട്ടിലെ രാഷ്ട്രീയ കളികൾ ഇനി വേറെ ലെവലായിരിക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP