Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രത്യയശാസ്ത്രം ഇല്ലാതെ ജനക്ഷേമം അജണ്ടയാക്കിയ പാർട്ടികൾ; സൗജന്യങ്ങൾ ഒരുപാട് നൽകുമ്പോളും ഖജനാവിൽ പണം ബാക്കി; മോദിയുടെ കണ്ണിലെ കരടായി കെജ്രിവാൾ; 'മുണ്ടുടുത്ത മോദി'യുടെ കരടായി സാബു എം ജേക്കബ്; ഡൽഹിയും കിഴക്കമ്പലവുമായി അതിശയകരമായ സാദൃശ്യങ്ങൾ; 20 ട്വന്റി - ആപ്പ് സഖ്യം കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കുമോ?

പ്രത്യയശാസ്ത്രം ഇല്ലാതെ ജനക്ഷേമം അജണ്ടയാക്കിയ പാർട്ടികൾ; സൗജന്യങ്ങൾ ഒരുപാട് നൽകുമ്പോളും ഖജനാവിൽ പണം ബാക്കി; മോദിയുടെ കണ്ണിലെ കരടായി കെജ്രിവാൾ; 'മുണ്ടുടുത്ത മോദി'യുടെ കരടായി സാബു എം ജേക്കബ്; ഡൽഹിയും കിഴക്കമ്പലവുമായി അതിശയകരമായ സാദൃശ്യങ്ങൾ; 20 ട്വന്റി - ആപ്പ് സഖ്യം കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കുമോ?

എം റിജു

2012 സെപ്റ്റമ്പറിൽ ഒരു പുതിയ പാർട്ടിയുണ്ടാക്കി, അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ തങ്ങൾ അധികാരം പിടിക്കും എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. അരവിന്ദ് കെജ്രിവാൾ, ആം ആദ്മി പാർട്ടിയുണ്ടാക്കിയപ്പോൾ ഡൽഹിയിലെ കോൺഗ്രസ് നേതൃത്വം പരിഗണിക്കപോലും ഉണ്ടായിട്ടില്ല. താരതമ്യേന മികച്ച മുഖ്യമന്ത്രിയെന്ന് പേരെടുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ഷീലാ ദീക്ഷിതായിരുന്നു ഡൽഹി ഭരിച്ചിരുന്നത്. കോൺഗ്രസ് എന്ന വലിയ പാർട്ടിയെ എതിരിടുന്നത്, ചൂൽ അടയാളമാക്കിയ ഒരു കുഞ്ഞ് പാർട്ടിയാണ്. പക്ഷേ ഒറ്റവർഷത്തിനുശേഷം 2013ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഷീലാ ദീക്ഷിത് ശരിക്കും ഞെട്ടി എന്ന് മാത്രമല്ല അവർ തകർന്നുപോയി എന്ന് പറയുന്നതാണ് സത്യം.

2013ൽ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച അരവിന്ദ് കെജ്രിവാൾ, മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ 25,864 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തറ പറ്റിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അട്ടിമറിയായി അത് ഇന്നും കണക്കാക്കുന്നു. ആം ആദ്മി പാർട്ടി എഴുപതു സീറ്റുകളിൽ ഇരുപത്തി എട്ടെണ്ണത്തിൽ വിജയിച്ചു. 2015ൽ എഴുപത് സീറ്റുകളിൽ അറുപത്തിഏഴിലും ജയിച്ച് ചരിത്രവിജയം കുറിച്ചു. 57,213 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെജ്രിവാൾ 2015ൽ വിജയിച്ചത്. പിന്നീട് അങ്ങോട്ട് അവർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഡൽഹിയിൽ ഹാട്രിക്ക് അടിച്ചു. ഇപ്പോൾ ആപ്പ് പഞ്ചാബും പിടിച്ചു. മറ്റ് പല സംസ്ഥാനങ്ങളിലും അവർ സാന്നിധ്യം അറിയിച്ചു.

പറഞ്ഞുവരുന്നത് ഒരു രാഷ്ട്രീയ മാറ്റം ഉണ്ടാകാൻ നൂറ്റാണ്ടുകളുടെ സമയം ഒന്നും വേണ്ട എന്നാണ്. 2010ന് മുമ്പ് അരവിന്ദ് കെജ്രിവാൾ എന്ന വ്യക്തിയെക്കുറിച്ച് ഈ ലോകത്ത് ആരൊക്കെ കേട്ടിരിക്കും. ബംഗാളിൽ മൂന്നരപ്പതിറ്റാണ്ട് തുടർച്ചയായി ഭരിച്ച സിപിഎം, കെട്ടിവെച്ച കാശുപോലും കിട്ടാതെ നാലാംസ്ഥാനത്തേക്ക് തള്ളപ്പെടുന്ന ഒരു സാഹചര്യം ഇത്ര പെട്ടെന്ന് ഉണ്ടാവുമെന്ന് നാം ആരെങ്കിലും കരുതിയോ. ഒറ്റയടിക്ക് കേൾക്കുമ്പോൾ അസാധ്യമെന്ന് തോനുന്ന പലകാര്യങ്ങളും രാഷ്ട്രീയത്തിൽ സാധ്യമാണ്.

 

അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഗതിമാറ്റാൻ കഴിയുന്ന ഒരു നിർണ്ണായ നീക്കത്തിനാണ് ഇന്നലെ കിഴക്കമ്പലം സാക്ഷിയായത്. അതാണ് ട്വന്റി ട്വന്റിയും ആം ആദ്മിയും യോജിച്ച് പ്രവർത്തിക്കാനുള്ള തീരുമാനം. കിഴക്കമ്പലത്ത് നടന്ന കൂറ്റൻ പൊതുയോഗത്തിൽ, കേരളം പിടിക്കുമെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം, കേട്ട് ചിരിക്കുന്ന ഇടത്- വലത് കക്ഷികൾ, ഡൽഹിയുടെയും പഞ്ചാബിന്റെയും അനുഭവം നോക്കണം. ഞങ്ങൾ അവിടം ഭരിക്കുമെന്ന് കെജ്രിവാൾ പറഞ്ഞപ്പോൾ, പരിഹസിച്ചവർ ഇന്ന് എവിടെ നിൽക്കുന്നുവെന്ന് ഓർക്കണം.

ഇടതും- വലതും മാറിമാറി ഭരിക്കുന്ന കേരളത്തിൽ പുതിയ ഒരു രാഷ്ട്രീയ സാധ്യതയാണ് ഇവിടെ തുറന്നിട്ടിരിക്കുന്നത്. പലരും സ്നേഹിച്ചിട്ടില്ല, മറ്റൊരു ഓപ്ഷനും ഇല്ലാഞ്ഞിട്ടാണ് ഈ പാർട്ടികൾക്ക് പിന്തുണ കൊടുക്കുന്നത്. വൈജാത്യങ്ങൾ കുറച്ച് ഉണ്ടെങ്കിലും, ട്വന്റി ട്വന്റിയും ആം ആദ്മിയും തമ്മിൽ പല വിഷയങ്ങളിലും അതിശയകരമായ സാമ്യങ്ങളും കാണാം.

പ്രത്യയശാസ്ത്രമില്ലാതെ  പടരുന്ന അത്ഭുദങ്ങൾ

ഡൽഹിയിൽ ആം ആദ്മി അധികാരത്തിൽ വന്നതിന് ഏതാണ്ട് സമാനമായിട്ടാണ് കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി ട്വന്റിയും അധികാരത്തിൽ വരുന്നത്. വികസനം മാത്രമായിരുന്നു, ഇരുവരുടെയും മുദ്രാവാക്യം. ജനങ്ങളുടെ ക്ഷേമം എന്നല്ലാതെ ഒരു പ്രത്യയശാസ്ത്ര ബാധ്യതയും ഇവർക്കില്ലായിരുന്നു. ഇന്ത്യയിൽ തീരെ പതിവില്ലാത്ത ഒന്നാണത്. ഇവിടെ ഏത് ഈർക്കിലി പാർട്ടിക്കും അവരുടെ പ്രത്യയശാസ്ത്രങ്ങളും രാഷ്ട്രീയ വിശ്വാസങ്ങളും ഉണ്ട്. പക്ഷേ ട്വന്റി ട്വന്റിയും ആം ആദ്മിയും ജനക്ഷേമം എന്ന ഒറ്റക്കാര്യം മാത്രമാണ് തങ്ങളുടെ പ്രത്യയശാസ്ത്രമായി പറയുന്നത്.

''വെള്ളം, വൈദ്യുതി, വിദ്യാഭ്യാസം''... തുടർച്ചയായി മൂന്നുതവണ ഡൽഹിയിൽ അധികാരത്തിലേറാൻ അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞത് എന്തുകൊണ്ട് എന്ന ചോദ്യത്തിന്, എഴുത്തുകാരി അരുദ്ധതി റോയ് മറുപടി ഉത്തരം നൽകിയത് അങ്ങനെയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിമാർ കൊണ്ടുവന്ന സൗജന്യ പൊളിറ്റിക്സിനേക്കാളും, നമ്മുടെ പിണറായിയുടെ കിറ്റ് രാഷ്ട്രീയത്തേക്കാളും നന്നായി വെൽഫയർ പൊളിറ്റിക്സ് നടപ്പാക്കിയത് ആം ആദ്മിയാണ്.

ഡൽഹിയിലെ ഒരു സാധാരണക്കാരന്റെ ജീവിതം അവർ മാറ്റി മറിച്ചു കളഞ്ഞു. അവിടെ വെള്ളക്കരവും, വൈദ്യുതി ചാർജ് വർധനയും വലിയ പ്രശ്നമായിരുന്നു. ഒപ്പം ചികിത്സയും. പാവങ്ങൾക്ക് ഇന്ന് ഡൽഹിയിൽ ചികിത്സ സൗജന്യമാണ്. ഒരു കുട്ടി ഡിഗ്രികളിയുന്നവരെ വിദ്യാഭ്യാസവും സൗജന്യം. സ്ത്രീകൾക്ക് ബസ് യാത്രയും സൗജന്യം! (ഡൽഹിയിൽ താമസിക്കുന്ന ഒരു വീട്ടമ്മ ഇന്ന് കേരളത്തിൽ എത്തിയാൽ അവർക്ക് പ്രതിമാസം 5000 രൂപ അധിക ചെലവുണ്ടാകുമെന്നാണ് ഒരു പഠനം പറയുന്നത്.) എന്നിട്ടും ഖജനാവ് പാപ്പരാവുന്നില്ല എന്നതാണ്, ഡൽഹിയിലെ ഏറ്റവും വലിയ അത്ഭുദം.

നികുതി പിരിവ് പഴുതടച്ച് നടത്തുന്നു. മണി മാനേജ്മെന്റ് നന്നായി നടത്തിയാൽ ക്ഷേമ പ്രവർത്തനത്തിന് പണം ഉണ്ടെന്നാണ് കെജ്രിവാൾ പറയുന്നത്. കടത്തിൽ മേൽ കടം എടുത്ത് ചെലവ് നടത്തുന്ന 'ഐസക്കിസമല്ല' ഡൽഹിയിൽ നടക്കുന്നത്. ''ജനങ്ങളുടെ ദൈനം ദിന കാര്യങ്ങളിൽ ഇടപെടുകയാണ് ഞങ്ങളുടെ പ്രത്യയശാസ്ത്രം. അല്ലാതെ നിങ്ങളുടെ വിദേശ നയം എന്താണ്, സാമ്പത്തിക നയം എന്താണ്, എന്നൊക്കെ ചോദിക്കുന്നവരോട് എനിക്ക് മറുപടിയില്ല'- പഞ്ചാബ് നിയമഭാ തെരഞ്ഞെടുപ്പിൽ മുക്കിലും മൂലയിലും എത്തി പ്രസംഗിച്ച കെജ്രിവാൾ പറഞ്ഞത് ഇതാണ്.

ഇനി ട്വന്റി ട്വന്റിയിലേക്ക് വന്നാൽ അവരും ചെയ്യുന്നത് ഇതുതന്നെയാണ്. ട്വന്റി ട്വന്റിയുടെ ധന മാനേജ്മെന്റും നാം കണ്ടുപഠിക്കേണ്ടതാണ്. 2015ൽ അവർ ധികാരത്തിലേറുമ്പോൾ കിഴക്കമ്പലം, കേരളത്തിലെ ഏതൊരു പഞ്ചായത്തിനെപ്പോലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളും, കുടിവെള്ളമെത്താത്ത കോളനികളും, തരിശായിക്കിടക്കുന്ന പാടങ്ങുമുള്ള ഒരു പ്രദേശമായിരുന്നു. അവിടെയാണ് അവർ മാറ്റം കൊണ്ടുവന്നത്. ഇന്ന് കിഴക്കമ്പലത്ത് ഒന്ന് പോയിനോക്കണം. ഇടറോഡുകൾ പോലും രാജ വീഥികൾപോലെ മനോഹരം. ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങൾ തുച്ഛമായ വിലയിൽ വാങ്ങിക്കാൻ കഴിയുന്ന സ്റ്റോർ. ലക്ഷം വീട് കോളനികളെ അത്യാധുനിക വില്ലകളാക്കി മാറ്റിയരിക്കുന്നു. കുടിവെള്ള പ്രശ്നം സമ്പൂർണ്ണമായി പരിഹരിച്ച് കഴിഞ്ഞു. തരിശായിക്കിടന്ന ഏക്കർ കണക്കിന് ഭൂമിയിൽ നെല്ലുവിളയിച്ചു. പഴം -പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടി.

കഴിക്കമ്പലത്ത് 20 ട്വന്റി അധികാരമേൽക്കുമ്പോൾ അവർക്ക് കടം മുപ്പത്തിയഞ്ചു ലക്ഷം രൂപയായിരുന്നു. ഇപ്പോൾ പതിമൂന്നരക്കോടി മിച്ചമാണ്! നോക്കണം, ഇത്രയും വികസനം നടത്തിയിട്ടും തുക മിച്ചം. കേരളത്തിലെ ഓരോ പഞ്ചായത്തും, ഈ രീതിയിൽ മാനേജ്ചെയ്യുകയാണെങ്കിൽ നമ്മുടെ ധനസ്ഥിതിയെന്താവും. ദുർവ്യയവും, കൈയിട്ടുവാരലും എല്ലാം ഒഴിവാക്കിക്കൊണ്ട് പണം നേരെ ചൊവ്വേ ഉപയോഗിച്ചതുകൊണ്ടാണ് ഈ മാറ്റം ഉണ്ടായത്.

ഇന്ന് കിഴക്കമ്പലത്ത് ആരും ഭുമിവിൽക്കാൻ പോലും തയ്യാറാവുന്നില്ല. ഭുവി വിലയും വൻ തോതിൽ കൂടി. മറ്റ് പലസ്ഥലങ്ങളിൽനിന്നും ആളുകൾ ഇങ്ങോട്ട് കുടിയേറാൻ ആഗ്രഹിക്കുന്നു എന്നതിൽനിന്നുതന്നെ അറിയാൻ കഴിയാം, ഈ പ്രദേശത്തിന് എന്തോ മെച്ചമുണ്ടെന്ന്. എന്നിട്ടും 20 ട്വന്റിക്കും അതിനെ നയിക്കുന്ന കിറ്റക്സ് ഗ്രൂപ്പിനും ഇല്ലാത്ത കുറ്റങ്ങൾ കണ്ടെത്തുക എന്നത് നമ്മുടെ രാഷ്ട്രീയക്കാരുടെ പതിവ് ശീലമാണ്. കെജ്രിവാളിനെ നേരിട്ടപോലെ നിങ്ങൾക്ക് സംവരണത്തെക്കുറിച്ചുള്ള നിലപാടെന്താണ്, പൊതമേഖലയെക്കുറിച്ചുള്ള നിലപാട് എന്താണ്, എന്നൊക്കെ ചോദിച്ചാണ് അവർ സാബു എം ജേക്കബിനെ നേരിട്ടത്. എന്നാൽ കുറേ ചോദ്യങ്ങൾ ചോദിക്കുക എന്നല്ലാതെ ഈ വിഷയത്തിൽ നിങ്ങൾക്ക് എന്താണ് സൊലൂഷ്യൻ എന്ന അദേഹത്തിന്റെ ചോദ്യത്തിന് അവർ മറുപടി പറഞ്ഞില്ല.

പത്താംക്ലാസും ഗുസ്തിയുമായി വന്ന് ഒരു വിഷയത്തെക്കുറിച്ചും ധാരണയില്ലാതെ ഇടപെടുന്ന പരമ്പരാഗത രാഷ്ട്രീയക്കാരെപോലെയല്ല, കെജ്രിവാളിന്റെയും സാബു എം ജേക്കബിന്റെയും പ്രവർത്തനം. ഇരുവരും ഉന്നത വിദ്യാഭ്യാസം നേടിയവരും തങ്ങളുടെ കർമ്മ മണ്ഡലങ്ങളിൽ കഴിവ് തെളിയിച്ചവരുമാണ്.

പൊരുതിക്കയറി വന്ന കെജ്രിവാൾ

ഒരു സാധാരണ വിദ്യാർത്ഥിയായി തുടങ്ങി, മിടുക്കനായ ഐഐടി വിദ്യാർത്ഥിയായി, ടാറ്റ സ്റ്റീലിൽ എൻജിനീയറായി, ഇന്ത്യൻ ഭരണ സർവ്വീസിലെത്തി, അഴിമതി വിരുദ്ധ സമരത്തിനായി ജോലി ഉപേക്ഷിച്ച്, ഒടുവിൽ ആം ആദ്മി എന്ന പാർട്ടി ഉണ്ടാക്കി, ഇന്ദ്ര പ്രസ്ഥത്തിൽ അധികാരത്തിലേറിയ അസാധാരണമായ കഥയാണ് കെജ്്രിവാളിന്റെത്. ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങിയത്.

ഇന്ത്യയിലെ വിദ്യാർത്ഥികളുടെ സ്വപ്ന സ്ഥാപനങ്ങളിൽ ഒന്നായ, ഐഐടി ഖൊരക്പൂരിൽനിന്ന് നിന്ന് മെക്കാനിക്കൽ എൻജിനീയറിങിൽ ബിരുദം സ്വന്തമാക്കിയ മിടുക്കനാണ് അരവിന്ദ്. ലക്ഷങ്ങളുടെ ശമ്പളത്തിനാണ്, 1989 ൽ കെജ്രിവാൾ ടാറ്റ സ്റ്റീലിൽ അരവിന്ദ് എൻജിനീയറായത്. പക്ഷേ സ്വകാര്യ കമ്പനിയിലെ ജോലി അദ്ദേഹത്തിന് തീരെ പിടിച്ചില്ല. സിവിൽ സർവ്വീസ് ആയി അടുത്ത ലക്ഷ്യം. 1992 ൽ ടാറ്റയിലെ ജോലി രാജിവച്ച് സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുക്കാനിയ കൊൽക്കത്തയിലേക്ക് പോയി. 1995 ൽ ഇന്ത്യൻ റവന്യു സർവ്വീസിലെത്തി. ഇന്ത്യൻ റവന്യൂ സർവ്വീസ് (ഐആർഎസ്) ആണ് അരവിന്ദ് ഒരു കുടുംബം ഉണ്ടാക്കിക്കൊടുത്തത് എന്ന് പറയാം. ഐആർഎസിലെ ഒരേ ബാച്ചുകാരിയായ സുനിതയെ ആണ് പ്രണയിച്ച് വിവാഹം കഴിച്ചത്.

സർക്കാർ സർവ്വീസ് പൊതു ജന സേവനം തന്നെ. എന്നാലും അതിലെ വ്യാപകമായ അഴിമതി അദ്ദേഹത്തെ അസ്വസ്ഥാനാക്കി. ജനങ്ങൾക്ക് അത്ര പിടിപാടില്ലാത്തതും എന്നാൽ ഏറെ ആവശ്യമുള്ളതും ആയ ആദായ നികുതി, റേഷൻ , വൈദ്യുതി മേഖലകളിൽ സഹായം എത്തിക്കനായി അദ്ദേഹം ഒരു സംഘടന തുടങ്ങി. 'പരിവർത്തൻ'. 1999 ൽ ആയിരുന്നു.സർക്കാർ ജോലിയിൽ ഇരിക്കുമ്പോൾ മുഴുവൻ സമയ പൊതു പ്രവർത്തനം സാധ്യമല്ലല്ലോ. ജോലി വേണോ.. പൊതു പ്രവർത്തനം വേണോ... ്ര്രെകജിവാളിന്റെ തീരുമാനം പൊതുപ്രവർത്തകനായി നിൽക്കാനായിരുന്നു. അങ്ങനെ ഇൻകം ടാക്‌സ് ജോയിന്റ് കമ്മീഷണറായിരിക്കെ 2006 ൽ അദ്ദേഹം ജോലി രാജിവച്ചു.

അണ്ണ ഹസാരെയുടെ നേതൃത്വത്തിൽ അഴിമതി വിരുദ്ധ സമരം തുടങ്ങിയപ്പോഴാണ് അദ്ദേഹം കൂടുതൽ ജനശ്രദ്ധ നേടിയത്. ജനലോക്പാലിൻ കരട് രൂപീകരിക്കുന്നതിനുള്ള സമിതിയിൽ പൗര സമൂഹത്തിന്റെ പ്രതിനിധിയായി കെജ്രിവാളും ഉണ്ടായിരുന്നു. പുഴുക്കുത്ത് വീണ ഇന്ത്യൻ രാഷ്ട്രീയത്തിന് ഒരു മുക്തി വേണമെങ്കിൽ തങ്ങളും രാഷ്ട്രീയത്തിൽ ഇറങ്ങണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എന്നാൽ അണ്ണ ഹസാരെ ഇതിന് എതിരായിരുന്നു. പക്ഷേ അരിവിന്ദ് പാർട്ടിയുണ്ടാക്കി. അത് ചരിത്രവുമായി.

കരിഓയിൽ പ്രയോഗം, ചാണകവെള്ളം തളിക്കലുമൊക്കെ പലതവണ കെജ്രിവാളിന്റെ നേർക്ക് കോൺഗ്രസ്- ബിജെപി പ്രവർത്തകരിൽനിന്ന് ഉണ്ടായിട്ടുണ്ട്. ഒരിക്കൽ തനിക്കുനേരെ കരിമഷി ഒഴിച്ച ഒരാളുടെ വീട്ടിലേക്ക് നേരെ കടന്നുചെന്ന് കെജ്രിവാൾ ഏവരെയും ഞെട്ടിച്ചു. അമ്പരന്നുപോയ അയാൾ തനിക്ക് ഒന്നും അറിയില്ലെന്നും ബിജെപി നേതാക്കൾ പറഞ്ഞിട്ട് ചെയ്തതാണെന്നും പറഞ്ഞ് മാപ്പു പറഞ്ഞത് വലിയ വാർത്തയായിരുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ പൊലീസ് പ്രൊട്ടക്ഷൻ ഉള്ളതുകൊണ്ട് മാത്രമാണ്.

തീയിൽ കുരുത്ത സാബു എം ജേക്കബ്

അരവിന്ദ് കെജ്രിവാളിനെപ്പോലെ തന്നെ ശരിക്കും ഒരു പേരാളിയാണ് ട്വന്റി ട്വന്റിയെയും അതിന് നേതൃത്വം കൊടുക്കുന്ന സാബു എം ജേക്കബും. മുതലാളിയുടെ മക്കൾ എന്ന ലേബലിൽ കിറ്റക്സിന്റെ തലപ്പത്ത് ഒന്നുമറിയാതെ എത്തിയവർ അല്ല അദ്ദേഹം. സ്വന്തം കമ്പനിയിൽ തൊഴിലാളികളെപ്പോലെ ഏറ്റവും അടിത്തട്ട് മുതൽ അപ്പൻ അവരെ ജോലി ചെയ്യിപ്പിച്ചിട്ടുണ്ട്. സാബു എം ജേക്കബ് ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. '' എട്ടാംക്ലാസിൽ പഠിക്കുമ്പോൾ പിതാവിന്റെ കമ്പനിയിൽ ടോയ്ലറ്റ് കഴുകിയാണ് ഞാൻ ജോലി തുടങ്ങിയത്. സ്‌കുൾ വിട്ടുവന്നാൽ അന്ന അലൂമിനിയം കമ്പനിയിലേക്ക് വരണമെന്നാണ് അച്ഛൻ പറഞ്ഞത്.

നാളെ മുതൽ ജോലിക്കെടുക്കുന്നുവെന്ന പിതാവിന്റെ വാക്കുകൾ കേട്ടപ്പോൾ എറെ സന്തോഷം തോന്നി. ശമ്പളമായി, പരിപ്പുവടയും സമൂസയും കിട്ടുമെല്ലോ എന്നോർത്ത് ഞാൻ ഓടിച്ചെന്നു. അപ്പോൾ എന്റെ കൈയിലേക്ക്, അപ്പൻ നൽകിയത് വലിയ ബ്രഷും ബക്കറ്റുമായിരുന്നു. എല്ലാ ദിവസവും കമ്പനിയിലെ കക്കൂസും മൂത്രപ്പുരയും വൃത്തിയാക്കുന്നത് നീയാണ് എന്നാണ്, അദ്ദേഹം പറഞ്ഞത്. എന്നാൽ വൈകുന്നേരം കിട്ടുന്ന ശമ്പളം ഓർത്തപ്പോൾ പിന്നീട് രണ്ടും കൽപ്പിച്ച് തയ്യാറായി. കക്കുസ് കഴുകൽ ഏറ്റെടുത്തു.ആദ്യദിവസം മൂക്കും പൊത്തി പുറത്തേക്കോടിയ എന്റെ കൈയിൽനിന്നും ചൂൽ പിടിച്ചുവാങ്ങി അച്ഛൻ ആ ജോലി നിർവഹിച്ചു. എത് ജോലിക്കും മാന്യതയുണ്ടെന്ന് അന്ന് പഠിച്ചതാണ്. ''- സാബു എം ജേക്കബ് കുട്ടിക്കാലം ഓർത്ത് പറയുന്നു.

സാബു എം ജേക്കബിനും കിറ്റക്സിനും നേരെ ആക്രമണം തുടങ്ങുന്നത് 20 ട്വന്റിയെന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതുകൊണ്ടാണെന്നാണ് പലരും പറയുന്നത്. എന്നാൽ ഇത് ശരിയല്ല. അതിനും എത്രയോ മുമ്പേ തുടങ്ങിയതാണ് ഈ പക. ഇതിന് കാരണമുണ്ട്. അവിഹിതമായി ഒന്നും ചെയ്യാത്തതിനാൽ കിറ്റക്സ് ഗ്രൂപ്പ് രാഷ്ട്രീയക്കാരെയും സാമുദായിക സംഘടനകളെയും ഭയന്നില്ല. അവർക്ക് ലക്ഷങ്ങൾ പിരിവ് കൊടുത്തില്ല.

ബിസിനസുകാരൻ എന്നാൽ എല്ലാ രാഷ്ട്രീയക്കാർക്കും കയറി നിരങ്ങാനുള്ള ആളാണെന്നാണ് പല പാർട്ടിക്കാരും കയറിയിരുന്നത്. അതിൽ കൊടിയുടെ നിറഭേദം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ 1975 മുതൽ പലവർഷങ്ങളിലും കമ്പനിയിൽ രാഷ്ട്രുയക്കാർ പ്രതിഷേധമുണ്ടാക്കി. സാബു ജേക്കബ് ഇങ്ങനെ പറയുന്നു. ''ഞങ്ങൾ നോട്ടടിച്ച് ഉണ്ടാക്കുന്നെന്ന മട്ടിൽ ആയിരുന്നു പലപ്പോഴും അവരുടെ പെരുമാറ്റം. പെട്ടൊന്നൊരു ദിവസം നമ്മുടെ മുന്നിൽ വന്ന് ഡിമാന്റുകൾ വെക്കും. ചോദിക്കുന്ന പൈസ കൊടുത്തില്ലെങ്കിൽ അധികാരം ഉപയോഗിച്ച് ഉപദ്രവിക്കും. 1988ൽ കമ്പനിയിൽ യൂണിയൻ ഉണ്ടാക്കാനുള്ള സമരം നടന്നു. പുറമെനിന്ന് എത്തിയവർ ആയിരുന്നു ആ സമരത്തിന് നേതൃത്വം നൽകിയത്. 585 ദിവസമായിരുന്നു ഈ സമരം നീണ്ടുനിന്നത്. പല ജില്ലകളിൽനിന്നും ആളുകൾ എത്തി. കിറ്റക്സ് പൂട്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

കറേ വർഷം മുമ്പ് പുതിയൊരു രാഷ്ട്രീയ കക്ഷിക്കാർ വന്ന് 50 ലക്ഷം സംഭാവന ചോദിച്ചു. അത്തരമൊരു സംഘടനയെക്കുറിച്ച് അന്ന് കേട്ടിട്ടുപോലും ഉണ്ടായില്ല. ഞങ്ങൾ അമ്പതിനായിരം രൂപ കൊടുക്കാമെന്ന് പറഞ്ഞപ്പോൾ അവർ ഭീഷണിപ്പെടുത്തി തിരിച്ചുപോവുകയാണ് ഉണ്ടായത്. അവരുടെയും ഉപദ്രവങ്ങൾ പിന്നീട് ഉണ്ടായി. എന്റെ അച്ഛനെ കാറിൽനിന്ന് വലിച്ചിറക്കി, റോഡിലിട്ട് 70 വെട്ടാണ് വെട്ടിയത്. 97ലാണ് ഈ സംഭവം. അദ്ദേഹത്തിന്റെ വിരലുകൾ ചിതറിപ്പോയി. എന്നിട്ടും എങ്ങനെയോ രക്ഷപ്പെട്ടു. എന്നെ മൂന്നു പ്രാവശ്യം ബോംബെറിഞ്ഞിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. 2001ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അന്ന് രാത്രി 200ലേറെ രാഷ്ട്രീയക്കാർ ഫാക്ടറി ആക്രമിച്ചു. അഞ്ച് വണ്ടി തീവച്ചു. സ്ത്രീകളുടെ ഹോസ്റ്റലിന്റെ ചില്ലുകൾ തകർത്തു. രണ്ടര മണിക്കൂർ അക്രമമായിരുന്നു. ഇത് കേരളത്തിന്റെ പൊതുസ്വഭാവമാണ്. ''- സാബു ജേക്കബ് പറയുന്നു.

അവർ മോദിയുടെ കരട് , ഇവർ പിണറായിയുടെ

ഇനി രാഷ്ട്രീയ എതിരാളികളുടെ കാര്യം എടുത്താലും ട്വന്റി ട്വന്റിയും ആം ആദ്മിയും തമ്മിലുള്ള സാദൃശ്യങ്ങൾ പ്രകടമാണ്. ഇരു സംസ്ഥാനങ്ങളിലും ഭരണപക്ഷത്തിന്റെ കടുത്ത എതിർപ്പാണ് ഇരു പാർട്ടികളും നേരിടുന്നത്. മോദി സർക്കാറിന്റെ അടിച്ചമർത്തലുകൾക്കിടയിലാണ് കെജ്രിവാൾ ഈ നേട്ടങ്ങൾ കൊണ്ടുവരുന്നത് എന്നത് നോക്കണം. ക്രമസമാധാന വിഷയത്തിലൊക്കെ കേന്ദ്രവും ഡൽഹിയും പലതവണ ഏറ്റമുട്ടി. കോൺഗ്രസ് ദുർബലമായതോടെ ദേശീയയലത്തിൽ മോദിക്ക് ഒരു എതിരാളിയുണ്ടെങ്കിൽ അത് കെജ്രിവാൾ തന്നെയാണെന്ന് ഇപ്പോൾ ദേശീയ മാധ്യമങ്ങൾപോലും എഴുതുന്നുണ്ട്. ഇപ്പോൾ പഞ്ചാബിൽ ജയച്ചതോടെ കോൺഗ്രസ്- ബിജെപി വിരുദ്ധ സഖ്യത്തിന്റെ നായകത്വവും കെജ്രിവാളിന് ലഭിച്ചിരിക്കയാണ്.

സമാനമായി വന്നാൽ കേരളത്തിലും ഭരണകക്ഷിയുടെ കണ്ണിലെ നമ്പർ വൺ കരടാണ് ട്വന്റി ട്വന്റിയും സാബു എം ജേക്കബും. കിറ്റക്സ് പൂട്ടിക്കാൻ കോൺഗ്രസും സിപിഎമ്മും ഒറ്റക്കെട്ടാണ്. കുന്നത്തുനാട് എംഎൽഎ ശ്രീനിജനാണ്, കിറ്റക്സിനെ കെട്ടുകെട്ടിക്കാൻ എറ്റവും മുന്നിൽ നിൽക്കുന്നത്. ഏറ്റവും ഒടുവിലായി ഒരു ട്വന്റി ട്വന്റി പ്രവർത്തകനെ അടിച്ചുകൊന്ന വിഷയത്തിലും ശ്രീനിജന്റെ പേര് ഉയന്നവുന്നു. തന്റെ പുതിയ നിക്ഷേപങ്ങൾ എല്ലാം തെലങ്കാനയിലേക്ക് മാറ്റി, കേരളം വിടാനുള്ള കിറ്റക്സിന്റെ തീരുമാനവും പിണറായി സർക്കാറിന് വലിയആഘാതമാണ് ഉണ്ടാക്കിയത്.

''കൃഷിയിൽ നിന്നാണ് ഞങ്ങൾ വ്യവസായത്തിലേക്ക് വന്നത്. ഒരുപാട് പേർക്ക് തൊഴിൽ കൊടുക്കുകയായിരുന്നു ലക്ഷ്യം. കിറ്റക്‌സിൽ ഇന്നുവരെ തൊഴിലാളി പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഓർക്കണം. ഞങ്ങൾക്ക് നേരെയുണ്ടായിട്ടുള്ളത് ഉദ്യോഗസ്ഥ-രാഷ്ട്രീയ അക്രമങ്ങളാണ്. മുൻകാലങ്ങളിൽ വലിയ പ്രതിസന്ധികളുണ്ടായെങ്കിലും കേരളം നന്നാകണമെന്ന് ആഗ്രഹമുള്ളതു കൊണ്ടാണ് പിടിച്ചുനിന്നത്. കേരളത്തിലെ നിക്ഷേപം ഉപേക്ഷിക്കാനുള്ള തീരുമാനം വൈകാരികമല്ല. ആലോചിച്ചെടുത്തതാണ്. 1995 ലാണ് കിറ്റെക്‌സ് ഗാർമെന്റ്‌സ് തുടങ്ങിയത്. ഈ 26 വർഷം കമ്പനി പ്രവർത്തിച്ചത് തെലങ്കാനയിലോ തമിഴ്‌നാട്ടിലോ ആയിരുന്നെങ്കിൽ ഇതിന്റെ പത്തിരട്ടി വളർന്നേനെ. ഇന്ന് 15,000 പേർ ജോലിയെടുക്കുന്ന സ്ഥാപനത്തിൽ ഒന്നരലക്ഷം പേരുണ്ടായിരുന്നേനെ.''- സാബു പറയുന്നു.

''വ്യവസായ സൗഹൃദമെന്ന സംഗതി കേരളത്തിലില്ല. വ്യവസായ സൗഹൃദത്തിൽ 28ാം റാങ്കാണ് കേരളത്തിന്. ത്രിപുര മാത്രമാണ് കേരളത്തിന് പിന്നിലുള്ളത്. എന്തൊരു നാണക്കേടാണിത്. കേരളം നമ്പർ വൺ ആണെന്ന് പറയുന്നത് രാഷ്ട്രീയക്കാരും മന്ത്രിമാരുമാണ്. കേരളത്തിലാണ് എന്റെ ഫാക്ടറി, പതിനായിരത്തിലേറെ പേർ ജോലി ചെയ്യുന്നു എന്ന് ഞാൻ പറയുമ്പോൾ മറ്റ് നാട്ടുകാർ അന്തംവിടുകയാണ്.''- സാബു ജേക്കബ് ചൂണ്ടിക്കാട്ടുന്നു.

ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരുപോലെ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും, ട്വന്റി-ട്വന്റി നാടിന്റെ വികസനം കൊതിക്കുന്ന ഒരുപാട് ആളുകളുടെ സ്വപ്നം ആവുകയാണ്. അതിവേഗത്തിലാണ് പാർട്ടിയുടെ വളർച്ച. ഇപ്പോൾ തൃക്കാക്കരയിൽ അവരുടെ വോട്ട് ആരാണെന്ന് വലിയ രീതിയിൽ ചർച്ച നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആം ആദ്മിയുമായി സഖ്യം ഉണ്ടാവുന്നതും കെജ്രിവാൾ നേരിട്ട് കേരളത്തിലേക്ക് വരുന്നതും.

പഞ്ചാബ് ജയിച്ചതോടെ ആപ്പും കെജ്രിവാളും വീണ്ടും ഇന്ത്യയിൽ തരംഗമാവുകയാണ്. ഇന്ത്യയിൽ എല്ലായിടത്തുമുള്ള ചിന്തിക്കുന്ന യുവാക്കൾ, പഴയ നക്സലൈറ്റ് കാലഘട്ടത്തിലെന്നപോലെ ഇപ്പോൾ ആകൃഷ്ടരാവുന്നത് ഈ നേതാവിലാണ്. അവരും ട്വന്റി ട്വന്റിയും കൈ കോർക്കുമ്പോൾ പുതിയ ഒരു വികസന രാഷ്ട്രീയം സാധ്യമാകുമെന്നാണ് പൊതവെ കരുതുന്നത്. എല്ലാ മുന്നണികളിലെയും ചിന്തിക്കുന്ന ചെറുപ്പക്കാരെയാണ് ഈ സംഖ്യം ലക്ഷ്യമിടുന്നതും. ഏതായാലും ഒന്ന് ഉറപ്പാണ്. ഈ സഖ്യം പടുരന്നതോടെ ഇടതപക്ഷത്തും വലതുപക്ഷത്തും ഒരുപോലെ വോട്ട് ചോരും. മറ്റൊരു ബദൽ ഇല്ല എന്ന ഗതികേടിൽനിന്ന് കേരളരാഷ്ട്രീയത്തിന്റെ തലവരമാറ്റാൻ ഈ സഖ്യത്തിന് ആവുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്.

വാൽക്കഷ്ണം: ഈ സഖ്യം തുടക്കത്തിലേ ശ്രദ്ധിക്കേണ്ടത് സാമൂഹിക-പരിസ്ഥിതി പ്രവർത്തകർ എന്ന പേരിൽ ആം ആദ്മിയിൽ കയറിക്കൂടിയ ഈഗോയിസ്റ്റുകളായ കുറേ നേതാക്കളെയാണ്. കേരളാ ആപ്പിനെ തമ്മിലടിയുടെ കേന്ദ്രമാക്കി മാറ്റിയവരിൽ ചിലർ ഇപ്പോഴും അതിന്റെ തലപ്പത്തുണ്ട്. ഇവരായിരിക്കും സഖ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസദ്ധിയും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP