Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

നാമജപം നടത്തുന്നവർ വെടിവെക്കുമ്പോൾ ലക്ഷ്യം കൃത്യമായിരിക്കും; ശരിയായ സമയത്ത് ദൈവം ആയുധമെത്തിക്കും'; ലക്ഷ്യം ദുർജ്ജനങ്ങളെ കൊന്നൊടുക്കി ഹിന്ദുരാജ്യം സ്ഥാപിക്കൽ; ധബോൽക്കർ, പൻസാര, കൽബുർഗി, ഗൗരീലങ്കേഷ് കൊലകൾ നടത്തിയ സനാതൻ സൻസ്ഥയുടെ അടിവേരുകൾ എവിടെ? മഹാരാഷ്ട്ര പോലും നടപ്പാക്കിയിട്ടും അന്ധവിശ്വാസ നിർമ്മാർജന ബിൽ നടപ്പാക്കാൻ മടിച്ച് കേരളം; ധബോൽക്കറുടെ ഒരു ചരമവാർഷികം കടന്നുപോകുമ്പോൾ

നാമജപം നടത്തുന്നവർ വെടിവെക്കുമ്പോൾ ലക്ഷ്യം കൃത്യമായിരിക്കും; ശരിയായ സമയത്ത് ദൈവം ആയുധമെത്തിക്കും'; ലക്ഷ്യം ദുർജ്ജനങ്ങളെ കൊന്നൊടുക്കി ഹിന്ദുരാജ്യം സ്ഥാപിക്കൽ; ധബോൽക്കർ, പൻസാര, കൽബുർഗി, ഗൗരീലങ്കേഷ് കൊലകൾ നടത്തിയ സനാതൻ സൻസ്ഥയുടെ അടിവേരുകൾ എവിടെ? മഹാരാഷ്ട്ര പോലും നടപ്പാക്കിയിട്ടും അന്ധവിശ്വാസ നിർമ്മാർജന ബിൽ നടപ്പാക്കാൻ മടിച്ച് കേരളം; ധബോൽക്കറുടെ ഒരു ചരമവാർഷികം കടന്നുപോകുമ്പോൾ

എം മാധവദാസ്

ഗാന്ധി വധത്തിനുശേഷം ഇന്ത്യ കണ്ട ഹിന്ദുത്വ തീവ്രാവാദത്തിന്റെ ഏറ്റവും വലിയ ഇര. 2013 ഓഗസ്റ്റ് 20ന് വെടിയേറ്റ് മരിച്ച എഴുത്തുകാരനും യുക്തിവാദിയും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊരുതിയ സാമൂഹിക പ്രവർത്തകനുമായ നരേന്ദ്ര ധബോൽക്കറായിരുന്നു അത്. ഗാന്ധിയെപ്പോലെ തന്നെ ഒരു ഉറുമ്പിനെയും ധബോൽക്കർ നോവിച്ചിരുന്നില്ല. പക്ഷേ അദ്ദേഹം  ആൾദൈവങ്ങൾക്കും അന്ധവിശവാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ആഞ്ഞടിച്ചു. സാധാരണക്കാരായ ജനങ്ങളെ സംഘടിപ്പിച്ച് ആയിരിക്കണക്കിന് ബോധവത്ക്കരണ പരിപാടികൾ നടത്തി. അതുകൊണ്ടുതന്നെ ചില തീവ്രാ മതവാദികളുടെ മനസ്സിലെ കണ്ണിലെ കരടായിരുന്നു അദ്ദേഹം. തുടർച്ചായായി പലഭാഗങ്ങളിൽനിന്നും അദ്ദേഹത്തിന് ഭീഷണി നിലനിന്നിരുന്നു. നിരന്തര പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ അന്ധവിശ്വാസങ്ങൾക്കെതിരെ നിയമംകൊണ്ടുവരുമെന്ന് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ ആയിരുന്നു കൊലപാതകവും. 2013 ഓഗസ്റ്റ് 20ന് പ്രഭാത സവാരിക്കിടെ ഇറങ്ങിയ അദ്ദേഹത്തെ ബൈക്കിലെത്തിയ രണ്ടുപേർ വെടിവെച്ച് കൊല്ലുകായായിരുന്നു.

അത് ഒരു തുടക്കം മാത്രമായിരുന്നു. യുക്തിവാദികളും സാമൂഹിക പ്രവർത്തകരെയും ലക്ഷ്യമിട്ട് ഇറങ്ങിയ ഇസ്ലാമിക തീവ്രാവാദികളെപ്പോലെ അപലപിക്കപ്പേടെണ്ട ഒരു കൂട്ടർ ഈ ഇന്ത്യയിലും ഉണ്ടെന്ന് പിന്നീടുള്ള കൊലപാതക പരമ്പരകൾ തെളിയിക്കപ്പെട്ടു. ധബോൽക്കർക്ക്ശേഷം ഗോവിന്ദ് പൻസാരെ, അതിനുശേഷം കൽബുർഗി, തുടർന്ന് ഗൗരീലങ്കേഷ്.... എല്ലാ കൊലപാതകങ്ങളുടെയും രീതി ഒരുപോലെ. എല്ലാറ്റിന്റെയും പ്രത്യയ ശാസ്ത്രവും ഒന്നുന്നെ. ഹിന്ദുത്വ തീവ്രാവാദം. ഈ നാലുകൊലപാതങ്ങളും തമ്മിൽ ഗുരുതരമായ സമ്യം ഉണ്ടെന്നും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച സനാതൻ സൻസ്ഥ എന്ന സംഘടനയുടെ അടിത്തറ കണ്ടെത്തണമെന്നും ശക്തമായ ആവശ്യം ഉയർന്നെങ്കിലും ഏതാനും അറസ്റ്റകളിൽ ഒതുങ്ങുകയായിരുന്നു അത്. ധബോൽക്കറുടെ മരണത്തിന് 7 വർഷം തികയുമ്പോഴും ഗൂഢാലോചന കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സമൂഹത്തിൽ വെളിച്ചം കൊണ്ടുവരാനായി ജീവിതം ത്യജിച്ച ആ സാമൂഹിക പരിഷ്‌ക്കർത്താവിനുവേണ്ടി അദ്ദേഹത്തിന്റെ ചരമ ദിനം അന്ധവിശ്വാസ നിർമ്മാർജ്ജന 
ദിനമായി ആചരിക്കയാണ് കേരളത്തിലടക്കമുള്ള വവിധ യുക്തിവാദി സംഘനകൾ. ധബോൽക്കർ രക്തം ചിന്തി മഹാരാഷ്ട്രയിൽ നേടിയെടുത്ത 
അന്ധവിശ്വാസ നിർമ്മാർജ്ജന കേരളത്തിലും അവതരിപ്പിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.

ആരാണ് ധബോൽക്കർ

1945 നവംബർ 1നു പൂണെയിൽ അച്ച്യുതിന്റെയും താരാഭായിയുടെയും മകനായാണ് ധാബോൽക്കർ ജനിച്ചത്. അദ്ദേഹത്തിന്റെ മുതിർന്ന ജ്യേഷ്ഠൻ പ്രശസ്തനായ വിദ്യാഭ്യാസചിന്തകനും ഗാന്ധിയനുമായ ദേവദത്ത ധാബോൽക്കർ ആണ്. മിറാജ് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് ബിരുദം നേടിയ ധാബോൽക്കർ 12 വർഷത്തോളം ഡോക്റ്റർ ആയി സേവനമനുഷ്ടിച്ചു. സമൂഹത്തിൽ വളർന്നു വരുന്ന അന്ധവിശ്വാസങ്ങളും, ചൂഷണങ്ങളും ശ്രദ്ധയിൽപ്പെട്ടതോടെ അദ്ദേഹം മുഴുവൻ സമയ സാമൂഹികപ്രവർത്തകനും സാമൂഹിക പരിഷ്‌കർത്താവുമായി മാറി.മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതിയുടെ നേതാവായിരുന്നു. ബാബ അധാവയുമായി സഹകരിച്ചും പ്രൊഫ. ശ്യാം മാനവിന്റെ അഖിൽ ഭാരതീയ അന്ധശ്രദ്ധനിർമൂലൻ സമിതിയയുടെ എക്‌സിക്യുട്ടീവ് പ്രസിഡന്റായും പ്രവർത്തിച്ചു. പുരോഗമനാശയങ്ങളുടെ പ്രചരണത്തിനായി പുറത്തിറക്കുന്ന സാധന എന്ന മാസികയുടെ പത്രാധിപരായിരുന്നു. ഇന്ത്യൻ കബഡി ടീമംഗമായിരുന്ന ഇദ്ദേഹം മഹാരാഷ്ട്ര സർക്കാരിന്റെ ഏറ്റവും വലിയ കായിക പുരസ്‌കാരമായ ശിവ് ഛത്രപതി രാജ്യ ക്രീഡ ജീവൻ ഗൗരവ് പുരസ്‌കാർ നേടിയിട്ടുണ്ട

ദുർമന്ത്രവാദവും മറ്റ് അനാചാരങ്ങളും നിരോധിക്കുന്ന, അന്ധവിശ്വാസ ദുരാചാരനിർമ്മാർജജന നിയമം (Anti-superstition and black magic bill) പാസാക്കാൻ മഹാരാഷ്ട്ര സർക്കാരിനുമേൽ സമ്മർദം ചെലുത്തിവരികയായിരുന്നതിനെയാണ് അദ്ദേഹം വെടിയേറ്റു മരിക്കുന്നത്.

'അത്ഭുദം കാണിക്കൂ; 21ലക്ഷം നേടൂ,'

അന്ധവിശ്വാസങ്ങൾക്കെതിരെ നേരിട്ട് പടനയിച്ച വ്യക്തിയായിരുന്നു ധബോൽക്കർ. മഹാരാഷ്ട്രയിലെ പല ദുർമന്ത്രവാദികളും അദ്ദേഹത്തിന് മുന്നിൽ അടിയറവു പറഞ്ഞു. ദിവ്യാത്ഭുതം ഉണ്ടെന്ന് അവകാശപ്പെടുന്നവരെയും ആത്മീയ ചികിൽസകരെയും അദ്ദേഹം നിരന്തരം വെല്ലുവിളിച്ചു. 'അത്ഭുദം കാണിക്കൂ 21ലക്ഷം നേടൂ,'എന്ന ബോർഡ് തൂക്കി അദ്ദേഹം ഇവരെ വെല്ലുവളിച്ചു. ഒരു ദിവ്യാത്ഭുദം കാണിക്കുന്നവർക്ക് 21ലക്ഷം കൊടുക്കാമെന്നായിരുന്നു വെല്ലുവിളി. പലരും അതിന് ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു.

ആയിരക്കണക്കിന് സ്‌കൂളുകളിലും കോളജുകളിലും ശാസ്ത്ര പ്രഭാഷണങ്ങൾ നടത്തിക്കൊണ്ട് അദ്ദേഹം ആൾദൈവങ്ങളെയും ആത്മീയ ആചാര്യന്മാരെയും പൊളിച്ചടുക്കി. അക്കാലത്ത് മഹാരാഷ്ട്രയിൽ വ്യാപകമായ ഒരു ടെക്നിക്കായിരുന്നു പ്രേതത്തെ നാരങ്ങയിൽ ആവാഹിക്കുക. എന്നിട്ട് മന്ത്രവാദി നാരങ്ങ മുറിക്കുമ്പോൾ രക്തം വരും. ഇത് കാണിച്ചായിരുന്നു മന്ത്രവാദി വിശ്വാസം നേടിയിരുന്നത്. എന്നാൽ ഇത് വെറും ലളിതമായ രസതന്ത്രം മാത്രമാണെന്ന് ധബോൽക്കർ തെളിയിച്ചു. അമോണിയം തയോസൈനേറ്റ്, ഫെറിക്ക് ക്ലോറേഡും ചേർത്ത് കത്തി കൊണ്ട് നാരങ്ങ മുറിക്കുമ്പോൾ ഉണ്ടാകുന്ന ലളിതമായ രാസപ്രവർത്തനം മാത്രമാണിതെന്ന് അദ്ദേഹം ഡെമോ കാട്ടി തെളിയിച്ചു.

അക്കാലത്തെ ഏറ്റവും വലിയ ആത്മീയ ചികിൽസകനായ അസ്ലം ബാബയെ പൊളിച്ചടുക്കിയാണ് ധബോൽക്കറിന്റെ അനുയായികൾ എക്കാലവും ഓർക്കുന്നത്. അത്ഭുദ ശസ്ത്രക്രിയ നടത്തുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. 'രോഗിയുടെ' മാറ് പേപ്പർ കൊണ്ട് മറച്ച് ,ഹൃദയം തുറന്നെടുത്ത്് അത് റിപ്പയർ ചെയ്യുന്നുവെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇത് വെറും കൺകെട്ട് മാത്രമാണെന്നും അയാൾ ഹൃദയത്തിന്റെ രൂപത്തിലുള്ള ഒരു പ്ലാസ്റ്റിക്ക് വസ്തുവാണ് പുറത്ത് എടുത്തിരുന്നതെന്നും ഒന്നാന്തരം അഭിനയാമാണ് ഇതൊന്നും ധബോൽക്കർ തെളിയിച്ചു. അതോടെ ജനം ബാബയെ അടിച്ചോടിക്കയായിരുന്നു. തൊട്ടുപിന്നാലെ ഇയാൾക്കെതിരെ ലൈംഗിക പീഡനങ്ങൾ അടക്കം നിരവധി പരാതികളും കേസുകളും ഉണ്ടായി. അതുപോലെതന്നെ തവളക്കല്യാണം, വിവാഹ ധുർത്ത് എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം ശക്തമായി പ്രതികരിച്ചിരുന്നു. 'വിശ്വാസത്തിനും അദ്ധവിശ്വാസത്തിനും ഇടക്ക് നേർത്ത ഒരു വരയുണ്ട്. അത് വേർതിരിക്കേണ്ടത് നിങ്ങളാണ്' എന്നായിരുന്നു ധബോൽക്കർ തന്റെ എത് പ്രഭാഷണത്തിലും പറയാറുണ്ടായിരുന്നത്.

ധബോൽക്കർ കേസിൽ തുമ്പുണ്ടാക്കാനും മന്ത്രവാദി

ആദ്യം കേസന്വേഷിച്ച മഹാരാഷ്ട്ര പൊലീസ്  ധാബോൽക്കറിന്റെ കൊലപാതകക്കേസിൽ തുമ്പുണ്ടാക്കാനായി മന്ത്രവാദിയുടെ സഹായം തേടുകയുണ്ടായി എന്ന് പത്രറിപ്പോർട്ടുകളുണ്ടായിരുന്നു. ധാബോൽക്കറിന്റെ ആത്മാവിനെ വിളിച്ചുവരുത്തി കൊലപാതകികളെ സംബന്ധിച്ച വിവരം ശേഖരിക്കുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം. എത്ര അപഹാസ്യം എന്ന് നോക്കുക. ഒരു ജന്മം അന്ധവിശ്വാസത്തിനെതിരായ ഹോമിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ടും അന്ധവിശ്വാസ പ്രചാരണം. ഇത്തരത്തിലുള്ള നിരവധി വിഷയങ്ങൾ പൊലീസിനെതിരെ ഉണ്ടായതോടെ 2014ൽ ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് കേസിന്റെ ന്വേഷണം സിബിഐ ഏറ്റെടുത്തു. നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുറഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടെങ്കിൽ ഒരു ഏജൻസി അന്വേഷിച്ചാൽ പോരേ എന്നു സുപ്രീം കോടതി ചോദിച്ചിരുന്നു.സിബിഐ എറ്റെടുത്തിട്ടും ഇഴഞ്ഞുനീങ്ങിയ അന്വേഷണത്തിന് ജീവൻ വെച്ചത് കോടതി ഇടപെടലോടെയാണ്. അന്വേഷണം വൈകുന്നതിനെതിരെ ബോംബെ ഹൈക്കോടതി സിബിഐയെ വിമർശിച്ചിരുന്നു.അന്വേഷണത്തിന്റെ പേരിൽ സിബിഐ വെറുതെ സമയംപാഴാക്കുന്നതായി കോടതി പറഞ്ഞു.

എന്നാൽ കേസിൽ ഏഴുവർഷം കഴിഞ്ഞും അന്വേഷണം പൂർത്തിയായില്ലെന്ന് മകൻ ഹമീദ് ധബോൽക്കർ പറയുന്നത്. സംഭവത്തിലെ പ്രധാന കുറ്റവാളികളെ കണ്ടെത്തി സിബിഐ കേസ് ഉടൻ അവസാനിപ്പിക്കണമെന്ന് ഹമീദ് ധബോൽകർ ആവശ്യപ്പെട്ടു. സിബിഐ വിരേന്ദ്ര താവ്ഡെ, ശരത് കലസ്‌കർ, സചിൻ അന്തുറെ, സഞ്ജീവ്, പുനലേകർ, വിക്രം ഭാവെ എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചെങ്കിലും മറ്റ് ആരോപിതരായ അമല കലേ, അമിത് ദെഗ്വേർ, രാജേഷ് ബംഗേര എന്നിവർക്കെതിരെ ഒന്നും ചെയ്തില്ല.

അന്വേഷണം ആരംഭിച്ച് കുറെയായെങ്കിലും ആരാണ് യഥാർഥ കുറ്റവാളിയെന്നതിൽ ഇനിയും തീർപ്പ്കൽപ്പിച്ചിട്ടില്ല. സിബിഐ അവരെ കണ്ടെത്തണം. അല്ലാത്ത പക്ഷം എഴുത്തുകാരും യുക്തിചിന്തകരും മാധ്യമപ്രവർത്തകരും അടക്കമുള്ളവർക്കുനേരെയുള്ള ഭീഷണികൾ തുടരും.ധബോൽകർ കൊല്ലപ്പെടു?േമ്പാൾ കോൺഗ്രസ്- എൻ.സി.പി സർക്കാരാണ് ഭരിക്കുന്നത്. ഗോവിന്ദ് പൻസാരെ 2015ൽ കൊല്ലപ്പെടുമ്പോൾ ബിജെപി-ശിവസേന സർക്കാരാണ് ഭരിച്ചത്. ഇപ്പോൾ സഖ്യ സർക്കാരും. എല്ലാ പാർട്ടികളും മഹാരാഷ്ട്രയുടെ പുരാഗതിക്ക് പിന്നിൽ തങ്ങളാണെന്ന് പറയുന്നവരാണ്. അംബേദ്കറുടെയും ഫുലേയുടെയും പുരോഗമന ചിന്തകൾ പ്രസംഗങ്ങളിൽ എല്ലാവരും ഉദ്ധരിക്കുന്നു. പക്ഷേ പുരോഗമന ചിന്തകൾക്കായി നിലകൊണ്ടതിന്റെ പേരിൽ കൊല്ലപ്പെട്ട ഒരാളുടെ കേസന്വേഷണം ഇതുവരെയും പൂർത്തിയായില്ല എന്നതാണ്? യാഥാർഥ്യം -ഹമീദ് ധബോൽക്കർ അഭിപ്രായപ്പെട്ടു.

ബോംബ് സ്ഫോടനത്തിനുവരെ പരിശീലനം ലഭിച്ചു

കൃത്യമായ പരിശീലവനും ആസൂത്രണവും നടത്തിയ ഒരു സംഘടന ഈ കൊലക്ക് പിറകിൽ ഉണ്ടെന്ന് പ്രതികളെ ചോദ്യം ചെയ്തപ്പോൾ വ്യക്തമായിരുന്നു. കൊലപാതകത്തിന് ആറ് വർഷങ്ങൾക്കു ശേഷമാണ് നരേന്ദ്ര ധാബോൽക്കർ വധകേസിലെ മുഖ്യ പ്രതിയെ പിടികൂടിയത്. 2018ൽ ആയുധം കൈവശംവച്ച കേസിൽ ശരദ് കലാസ്‌കറിനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന പിടികൂടിയതാണ് കേസിൽ വഴിത്തിരിവായത്. ആയുധം ശേഖരിച്ച കേസിലെ ചോദ്യം ചെയ്യലിനിടയിലാണ് ധാബോൽക്കർ, പൻസാരെ, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകത്തിലെ നിർണായക സൂചനകൾ ലഭിക്കുന്നത്. 'ഒരെണ്ണം തലയുടെ പുറകിൽ, അയാൾ നിലത്ത് വീണപ്പോൾ മറ്റൊരണം വലത് കണ്ണിന്റെ മുകളിൽ' നരേന്ദ്ര ധബോൽക്കറിനെ വെടിവച്ചിട്ട രീതി കർണാടക പൊലീസിനോടു വിവരിക്കുകയായിരുന്നു കേസിൽ അറസ്റ്റിലായ ശരദ് കലാസ്‌കർ. ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകത്തിലും പങ്കുള്ളതായി 14 പേജുകളുള്ള കുറ്റസമ്മത പത്രത്തിൽ ശരദ് കലാസ്‌കർ സമ്മതിച്ചിട്ടുണ്ട്.

ചില തീവ്രവലതുപക്ഷ ആളുകൾ സമീപിച്ചാണ് ധാബോൽക്കറിനെ കൊല്ലണമെന്ന് ആവശ്യപ്പെട്ടതെന്നു ശരദ് കലാസ്‌കർ പൊലീസിനോടു പറഞ്ഞു. തുടർന്നു ബോംബ് സ്ഫോടനത്തിലും ആയുധങ്ങൾ ഉപയോഗിക്കുന്നതിലും പരിശീലനം ലഭിച്ചതായും കലാസ്‌കർ പറഞ്ഞു. ധബോൽക്കർ വധത്തിന്റെ മുഖ്യ ആസൂത്രകനും സനാതൻ സൻസ്ത നേതാവുമായ വീരേന്ദ്ര താവഡെയാണ് തലയ്ക്കും പുറകിൽ വെടിവയ്ക്കണമെന്ന നിർദ്ദേശം നൽകിയതും. സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുന്നതിനു വേണ്ടിയായിരുന്നു അത്. ഗൗരി ലങ്കേഷ് വധക്കേസിലെ ഒന്നാ പ്രതിയായ അമോൽ കാലെയെ പരിചയപ്പെടുത്തിയതും താവഡെയാണ്. കലാസ്‌കർ പറഞ്ഞു.

ആദ്യം അറസ്റ്റിലായത് ഹിന്ദു ജനജാഗൃതി പ്രവർത്തകൻ

ധബോൽക്കറെ വധിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന തോക്ക്, സിബിഐ ഉദ്യോഗസ്ഥർ കടലിൽ നിന്നാണ് സിബിഐ ഉദ്യോഗസ്ഥർ കണ്ടെടുത്തത്.നോർവീജിയയിൽ നിന്നുള്ള ആഴക്കടൽ മുങ്ങൽ വിദഗ്ധരുടെയും നൂതന സാങ്കേതിക വിദ്യകളുടെയും സഹായത്തോടെയാണ് സിബിഐ ഉദ്യോഗസ്ഥർ അറബിക്കടലിൽ നിന്നും തോക്ക് കണ്ടെത്തിയത്. കൊലയ്ക്ക് ഉപയോഗിച്ച തോക്ക് ഇതുതന്നെയാണ് ആധികാരിക ഫോറൻസിക്ക് പരിശോധനക്ക് ശേഷം തെളിഞ്ഞിരുന്നു.

സനാതൻ സൻസ്ഥ, ഹിന്ദു ജനജാഗ്രൃതി എന്നീ തീവ്ര ഹിന്ദുത്വ സംഘടനകളാണ് കേസിൽ തുടക്കം മുതലേ ആരോപിതകൾ ആയത്. ഇതിൽ ഹിന്ദു ജനജാഗൃതി പ്രവർത്തകനാണ് ആദ്യം പിടിയിൽ ആയത്. സനാതൻ സൻസ്തയുടെ സഹോദര സംഘടനയായ ഹിന്ദു ജനജാഗൃതി സമിതി പ്രവർത്തകനായ ഡോ. വീരേന്ദ്ര തവാഡേയെ ആണ് സിബിഐ ആദ്യം അറസ്റ്റ് ചെയ്തത ഡോ.തൗഡെയ്‌ക്കെതിരെ ഗുഢാലോചന കുറ്റമാണ് ചുമത്തയിരിക്കുന്നത്. 2009ലെ ഗോ സ്‌ഫോടനക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയും സനാതൻ സൻസ്താന പ്രവർത്തകനുമായ സാരംഗ് അകോൽകറുമായി ഇയാൾ നടത്തിയ ഇമെയിൽ ഇടപാടുകളുടെ വിവരങ്ങളും ലഭിച്ചതായി സിബിഐ അറിയിച്ചിരുന്നു.ഇതിനുശേഷമാണ് ഗോവിന്ദ് പൻസാരെ, കൽബുർഗി, ഗൗരിലങ്കേഷ് എന്നിവരുടെ കൊലകൾ ഉണ്ടായത്. എല്ലാം സമാനമായിരുന്നു. പക്ഷേ സനാതൻ സൻസ്ത എന്ന ഭീകര സംഘടനയാണ് ഈ കൊലക്ക് പിന്നിലെന്ന് പരക്കെ ആരോപണം ഉണ്ടായിരുന്നു. പക്ഷേ അതിന്റെ അടിവേരുകളിലേക്ക് അന്വേഷണം ഉണ്ടായിട്ടില്ല.

പിന്നാലെ പൻസാരെ കൊല്ലപ്പെടുന്നു

ധബോൽക്കർക്ക് സമാനമായ രീതിയിയാണ് മുതിർന്ന സിപിഐ നേതാവും ഹിന്ദുത്വ വിമർശകനും ആക്റ്റീവിസുറ്റുമായ ഗോവിന്ദ് പൻസാരെ കൊല്ലപ്പെടുന്നത്. 2015 ഫെബ്രുവരി 16നാണ് പൻസാരക്ക് വെടിയേൽക്കുന്നത്. അദ്ദേഹത്തിന്റെ പത്‌നി ഉമക്കും ഗുരതര പരിക്കേറ്റു. കൊൽഹാപൂരിലെ സാഗർമാൽ പ്രദേശത്ത് അദ്ദേഹം താമസിക്കുന്ന ഐഡിയൽ ഹൗസിങ് സൊസൈറ്റിക്ക് സമീപം വച്ചാണ് അദ്ദേഹത്തിനും പത്‌നിക്കും നേരെ ബൈക്കിൽ വന്ന രണ്ടു പേർ വെടിയുതിർത്തത്. രാവിലെ 9.30ന് പ്രഭാതസവാരി കഴിഞ്ഞ് തിരികെ വരുമ്പോഴാണ് സഖാവ് ഗോവിന്ദ് പൻസാരെയും അദ്ദേഹത്തിന്റെ ഭാര്യ ഉമാ പൻസാരെയും ക്ലോസ് റേഞ്ചിൽ വെടിയേറ്റ് വീണത്. ഒരു ബുള്ളറ്റ് അദ്ദേഹത്തിന്റെ കഴുത്തിലെ മൃദുല പേശികളിലൂടെ തുളഞ്ഞ് കയറിയെങ്കിൽ മറ്റൊന്ന് അദ്ദേഹത്തിന്റെ ശ്വാസകോശത്തെ തകർത്തുകൊണ്ട് കക്ഷത്തിലൂടെയും വേറൊന്ന് അദ്ദേഹത്തിന്റെ മുട്ടിനെയും തകർത്തുകളഞ്ഞു. മഹാരാഷ്ടയിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനാണ് പൻസാരെ. വലതുപക്ഷ ശക്തികളുടെ കടുത്ത വിമർശകനുമായിരുന്നു അദ്ദേഹം. കൊൽഹാപൂരിൽ ഒരു ചുങ്കം പിരിവിനെതിരെ സമരം നയിച്ചു വരികയായിരുന്നു അദ്ദേഹം. അസംഘടിത തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു വരികയായിരുന്നു.

ഇക്കാലത്ത് ധബോൽക്കറെ കൂടാതെ കൊലചെയ്യപ്പെട്ട മറ്റൊരാൾ വിവരാവകാശ പ്രവർത്തകനായ സതീശ് ഷെട്ടിയാണ്. പൂണെയിൽ വച്ചാണ് അദ്ദേഹം കൊല ചെയ്യപ്പെട്ടത്. ഭൂമി തട്ടിയെടുക്കാനുള്ള ശ്രമം വെളിച്ചത്തുകൊണ്ടു വന്നതിനായിരുന്നു ഇത്. ഈ കേസ് സിബിഐ അന്വേഷിക്കയാണ്. 1984ൽ പൻസാരെ രചിച്ച ആരാണ് ശിവജി എന്ന പുസ്തകം ധാരാളം വായനക്കാരെ ആകർഷിക്കുകയുണ്ടായി. ഹിന്ദു വർഗീയ വാദികൾ ചെയ്യുന്നതു പോലെ ശിവജിയെ ഹിന്ദുക്കളുടെ രാജാവായല്ല, ജനങ്ങളുടെ രാജാവായാണ് അതിൽ ചിത്രീകരിച്ചിരുന്നത്. ആർഎസ്എസിനെയും മറ്റ് ഹിന്ദു സംഘടനകളെയും പൻസാരെ തുടക്കം മുതലേ വിമർശിച്ചു പോന്നിരുന്നു. ഇത് എതിരാളികൾക്ക് അലോസരമുണ്ടാക്കുകയുണ്ടായി.

കൊല, ശിവജി മുസ്ലീ വിരുദ്ധനല്ലെന്ന് സമർഥിച്ചതിനോ?

ചരിത്ര തെളിവുകളുടെ തന്നെ അടിസ്ഥാാനത്തിൽ ശിവാജി ഒരു ജനകീയനായ രാജാവായിരുന്നുവെന്നും ദരിദ്ര ''റായത്തു''കൾക്കുവേണ്ടി അഥവാ കർഷകർക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ചിരുന്നുവെന്നും മാത്രവുമല്ല ബ്രാഹ്മണരുടെയും ഗോക്കളുടെയും സംരക്ഷകനല്ല മറിച്ച് കർഷകർ, സ്ത്രീകൾ, ശൂദ്രാദിശൂദ്രന്മാർ എന്തിനേറെ മുസ്ലീങ്ങളുടെ പോലും സംരക്ഷകനായിരുന്നു ശിവജിയെന്നും പൻസാരെ വളരെ അനായാസമായി വിവരിച്ചു. ഈ വൈര്യാഗ്യമാണ് കൊലക്ക് ഇടയാക്കിയത്. ''ആരാണ് ശിവാജി'' (ശിവാജി കോൻ ഹോത്താ?) എന്ന പാൻസാരെയുടെ ലഘുലേഖ മറാഠിയിലും ഇംഗ്ലീഷിലുമായി രണ്ട് ലക്ഷത്തിലധികം കോപ്പികളാണ് വിറ്റുപോയത്. പത്തൊമ്പതാം നൂറ്റാണ്ടുമുതൽ സാംസ്‌കാരിക ദേശീയതയുടെ വക്താക്കൾ പൊതുബോധത്തിൽ ശ്രദ്ധാപൂർവ്വം നിർമ്മിച്ചെടുത്തതും പിൽക്കാല കാവിസൈദ്ധാന്തികർ അംഗീകരിച്ചിരുന്നതുമായ നിരവധി മിത്തുകളെ ഈ ഗ്രന്ഥം തുറന്നുകാട്ടുകയുണ്ടായി.

ചെറുതെങ്കിലും വളരെ ശക്തമായ ഈ ഗ്രന്ഥം ആയിരക്കണക്കിനു ജനങ്ങളിലേയ്ക്കാണ് കടന്നുചെന്നത്. ബജ്രംഗ്ദൾ, വിശ്വഹിന്ദുപരിഷത് മുതലായ മൗലികവാദ വലതുപക്ഷ ശക്തികളുടെ വെറുപ്പാണ് ഈ ഒരൊറ്റ ഗ്രന്ഥത്തിലൂടെ അദ്ദേഹം സമ്പാദിച്ചത്. ''ചരിത്രം തെറ്റായി പുനർരചിക്കുക'' എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി ഭഗത്സിങ്ങിനെയും ശിവാജിയെയും മൗലികവാദ വലതുപക്ഷ ശക്തികൾ കയ്യടക്കുന്ന സമയത്താണ് പാൻസാരെയുടെ കൈപ്പുസ്തകം കടന്നുവരുന്നത്.ചരിത്ര തെളിവുകളുടെ തന്നെ അടിസ്ഥാാനത്തിൽ ശിവാജി ഒരു ജനകീയനായ രാജാവായിരുന്നുവെന്നും ദരിദ്ര ''റായത്തു''കൾക്കുവേണ്ടി അഥവാ കർഷകർക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ചിരുന്നുവെന്നും മാത്രവുമല്ല ബ്രാഹ്മണരുടെയും ഗോക്കളുടെയും സംരക്ഷകനല്ല മറിച്ച് കർഷകർ, സ്ത്രീകൾ, ശൂദ്രാദിശൂദ്രന്മാർ എന്തിനേറെ മുസ്ലീങ്ങളുടെ പോലും സംരക്ഷകനായിരുന്നു ശിവജിയെന്നും അദ്ദേഹം വളരെ അനായാസമായി വിവരിച്ചു.

നൂറ് കണക്കിന് കിലോ അരിയും നെയ്യും കത്തിച്ചുകളയുന്ന ഒരു യജ്ഞം കൊൽഹാപൂരിൽ സംഘടിപ്പിക്കപ്പെട്ടപ്പോൾ അതിനെതിരെ പ്രക്ഷോഭം വിജയകരമായി സംഘടിപ്പിക്കാൻ പാൻസാരെക്ക് കഴിഞ്ഞു. ധബോൽക്കറെ നിഷ്ഠൂരമായി കൊലപ്പെടുത്തിയപ്പോൾ ജനങ്ങളുടെ യുക്തിബോധം ഉണർത്താൻ ലക്ഷ്യമിട്ട് അദ്ദേഹം ''വിവേക് ജാഗ്രതി'' എന്ന പരിപാടി സംഘടിപ്പിച്ചു. ഇങ്ങനെ അദ്ദേഹം ഹിന്ദുത്വവാദികളുടെ കണ്ണിലെ കരടായി.

കൽബുർഗിക്കും ഗൗരിലങ്കേഷിനും വെടിയുണ്ട

അടുത്തത് കൽബുർഗിയുടെ ഊഴമായിരുന്നു. കന്നഡ സാഹിത്യകാരനും കന്നട സർവകലാശാലാ മുൻ വി സിയുമായിരുന്നു ഡോ. എം.എം. കൽബുർഗി എന്ന മല്ലേഷപ്പ മാടിവലപ്പ കൽബുർഗി വിഗ്രഹാരാധനക്കും അന്ധവിശ്വാസത്തിനുമെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച വ്യക്തിയുമാരുന്നു. ഇദ്ദേഹത്തിനും സമാനമായ വിധിയായിരുന്നു. 2015 ഓഗസ്റ്റ് 30 ന് ധാർവാഡിലെ വീട്ടിൽ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ രണ്ട് പേരടങ്ങുന്ന കൊലയാളി സംഘം വെടിവെച്ചുകൊന്നു.

1938ൽ വിജപുരാ ജില്ലയിലെ യറഗല്ല ഗ്രാമത്തിൽ മഡിവാളൻ-ഗുറമ്മ ദമ്പതികളുടെ മകനായി ജനിച്ച കൽബുർഗി, സിന്ദഗി, ബിജാപുര, ധർവാഡ് എന്നിവിടങ്ങളിൽ പഠിച്ചു. 1983 വരെ കർണ്ണാട സർവ്വകലാശാലയിൽ പ്രൊഫസറായി. പിന്നീട് അവിടെ തന്നെ വകുപ്പുമേധാവിയായി. വിദ്യാർത്ഥി ഭാരതി എന്ന പത്രം തുടങ്ങി. 107 കൃതികൾ പ്രസിദ്ധീകരിച്ചു. കന്നഡ ഹംപി സർവകലാശാല വൈസ് ചാൻസലറായിരുന്ന കൽബുർഗി കന്നഡ ഭാഷാപണ്ഡിതനുമായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്.
വിഗ്രഹാരാധനയെ എതിർത്തതിന് ഇദ്ദേഹത്തിന് ഹിന്ദുത്വ ഭീകരരുടെ വധഭീഷണിയുണ്ടായിരുന്നു. ദൈവകോപമുണ്ടാകുമോ എന്നു പരീക്ഷിക്കാൻ വിഗ്രഹങ്ങളിലും ദൈവത്തിന്റെ ചിത്രങ്ങളിലും ചെറുപ്പകാലത്തു മൂത്രമൊഴിച്ചിട്ടുണ്ടെന്ന എഴുത്തുകാരൻ യു.ആർ. അനന്തമൂർത്തിയുടെ വാക്കുകൾ ട ഒരു ചടങ്ങിൽ കൽബുർഗി പരാമർശിച്ചിരുന്നു. തുടർന്ന് കൽബുർഗിക്കെതിരേ വി.എച്ച്.പി.യും ബംജ്രംഗ്ദളും രംഗത്തെത്തിയിരുന്നു. ഉത് ഒരു മറയാക്കിയായിരുന്നു കൽബുർഗിക്കുനേരെ കടുത്ത ആക്രമണം ഉണ്ടായത്.

അടുത്ത കൊലപാതകം മാധ്യമപ്രവർത്തകയും സാമൂഹ്യ പ്രവർത്തകയും ആയിരുന്നു ഗൗരി ലങ്കേഷിന്റെത് ആയിരുന്നു. അവരും മതങ്ങൾക്കും ഹിന്ദുത്വ ശക്തകൾക്കുമെതിരെ നിരന്തരം പോരടിക്കുന്ന വ്യക്തിയായിരുന്നു. കർണാടകയിലെ ബ രാജരാജേശ്വരി നഗറിലെ വീട്ടിൽ വെച്ച് സെപ്റ്റംബർ 5, 2017 നു രാത്രി 8 മണിയോടെ അവർ വെടിയേറ്റ് മരിക്കയായിരുന്നു. ബൈക്കിലെത്തിയ അജ്ഞാത സംഘം വീടിന് മുന്നിൽ വച്ച് ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്നത്. സംഭവത്തിൽ അറസ്റ്റിലായ പ്രതികളെല്ലാവരും സനാതൻ സൻസ്തയുമായി ബന്ധമുള്ളവരായിരുന്നു എന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. കർണാടകത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്നത്. അന്വേഷണത്തിൽ താൻ തൃപ്തയാണെന്നും അവരുടെ സഹോദരിയും ആക്റ്റീവിസ്റ്റുമായ കവിത ലങ്കേഷ് പറയുന്നു. മറ്റ് തീവ്രവാദ ഗ്രൂപ്പുകളെപ്പോലെ തന്നെ സനാതൻ സൻസ്തയെയും പ്രഖ്യാപിക്കണമെന്ന് ഇവർ ഉറപ്പിച്ച് പറയുന്നു. പക്ഷേ അവിടെയാണ് പ്രശ്നം. ഈ ഹൈന്ദവ തീവ്രാവാദ സംഘടനയുടെ അടിവേരുകൾ തേടിയുള്ള സമഗ്രമായ അന്വേഷണം എവിടെയും ഉണ്ടായിട്ടില്ല.

എന്താണ് സനാതൻ സൻസ്ഥ

'ശാസ്ത്രീയമായ ആത്മീയതയ്ക്കുള്ള സനാതന സമൂഹം' എന്നാണ് സനാതൻ സൻസ്ത സ്വയം വിശേഷിപ്പിക്കുന്നത്. എക്കാലത്തും തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ പേരിൽ അറിയപ്പെട്ടിട്ടുള്ള സംഘടനയായാണിത്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്ന ആശയത്തിൽ പ്രവർത്തിക്കുന്ന 'ഹിന്ദു ജനജാഗൃതി സമിതി' സനാതൻ സൻസ്തയുടെ സഹോദര സംഘടനയാണ്. സനാതൻ സൻസ്ത 1999ലും ഹിന്ദു ജനജാഗൃതി സമിതി 2002ലുമാണ് സ്ഥാപിക്കപ്പെടുന്നത്.

ഈ നാലുകൊലപാതങ്ങളിലും ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സനാതൻ സൻസ്ത എന്ന സംഘടനയുമായി ബന്ധമുള്ളവരാണ്. സനാതൻ സൻസ്ത പ്രസിദ്ധീകരിച്ച 'ക്ഷത്ര ധർമ സാധന' എന്ന പുസ്തകത്തിലെ ആശയങ്ങളും മാർഗനിർദ്ദേശങ്ങളും മുൻനിർത്തിയായിരുന്നു കൊലപാതകമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അന്ധവിശ്വാസങ്ങൾക്കെതിരായി പ്രവർത്തിക്കുകയും നിയമപ്രകാരം പല അന്ധവിശ്വാസങ്ങളെയും നിരോധിക്കുവാനും പ്രവർത്തിച്ചയാളാണ് ഇവരെല്ലാം. ഹിന്ദുവായി ജനിച്ച ഇവരുടെ ഇടപെടലുകൾ ഹിന്ദുവിരുദ്ധമാണ്, ഇത്തരക്കാർ 'ദുർജനം' ആണ് എന്നാണ് ക്ഷത്ര ധർമ സാധന പറയുന്നത്. കാൽബുർഗി ഒരു പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾ തങ്ങളുടെ ആശയങ്ങളോട് യോജിക്കാത്തതായും കുറ്റാരോപിതനായ ഗണേശ് മിസ്‌കിന് അനുഭവപ്പെട്ടു. ഇതാണ് കൽബുർഗിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്.

ഗണേശിന് പുറമേ പ്രതികളായ അമോൽ കാലേ, പ്രവീൺ പ്രകാശ് ചതുർ, വാസുദേവ് ഭഗവാൻ സൂര്യവംശി, ശരദ് കലാസ്‌കർ, അമിത് രാമചന്ദ്ര ബഡ്ഡി എന്നിവരെല്ലാം ഇതേ ആശയത്തിൽ ആകൃഷ്ടരായവരാണ്. കൽബുർഗിയെ കൊന്ന അതേ രീതിയിലാണ് ഗൗരി ലങ്കേഷിന്റെയും കൊലപാതകം. ഇതിനായുള്ള ആയുധപരിശീലനവും ആസൂത്രണവും സമാനരീതിയിലാണ് നടത്തിയത്. രണ്ട് ഓപ്പറേഷനും നേതൃത്വം കൊടുത്തത് അമോൽ കാലെയാണ്. പൂണെയിൽ നിന്നുള്ള ഈ എഞ്ചിയറിങ് ബിരുദധാരിയാണ് കേസിലെ ഒന്നാംപ്രതി.

'നാമജപം നടത്തുന്നവർ വെടിവെക്കുമ്പോൾ ലക്ഷ്യം കൃത്യമായിരിക്കും'

യുക്തിവാദിയും കന്നഡ എഴുത്തുകാരനുമായ കെഎസ് ഭഗവാനെ വധിക്കാൻ ശ്രമിച്ച കേസിലാണ് അമോൽ കാലെയെ അറസ്റ്റ് ചെയ്യുന്നത്. കുറ്റാരോപിതരുടെ പക്കൽനിന്ന് ഒരു ഡയറിയും അന്വേഷണസംഘം കണ്ടെത്തുകയുണ്ടായി. ഗിരീഷ് കർണാട്, ബിടി ലളിത നായിക്, വീരഭദ്ര ചേന്നമല സ്വാമിജി, യുക്തിവാദി സി എസ് ധ്വാരകനാഥ് എന്നിവരുടെ പേരും അതിലുണ്ടായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തെ നിശിതമായി എതിർക്കുന്നവരാണ് ഇവരെല്ലാവരും. കോഡായി രേഖപ്പെടുത്തിയ ചില പേരുകൾ തിരിച്ചറിയാൻ അന്വേഷണസംഘത്തിനായില്ല. ദേവനാഗരി ലിപിയിലാണ് ഇതെഴുതിയിരിക്കുന്നത്. സനാതൻ സൻസ്തയുടെ ചരിത്രം പറഞ്ഞു തുടങ്ങേണ്ടത് സ്ഥാപകൻ ഡോ ജയന്ത് ബാലാജി അതാവലെയുടെ ജീവിതത്തിൽ നിന്നാണ്. മഹാരാഷ്ട്രയിലെ റായ്ഗഡിൽ ജനിച്ച അതവാലെ എംബിബിഎസ് പഠനത്തിന് ശേഷം തീരുമാനിച്ചത് മനഃശാസ്ത്രം പഠിക്കാനാണ്. മനഃശാസ്ത്രത്തിൽ അതവാലെയെ ആകർഷിച്ച വിഷയം 'ഹിപ്‌നോസിസ്' ആയിരുന്നു. ക്ലിനിക്കൽ ഹിപ്‌നോസിസിൽ വിദഗ്ധനായറിയപ്പെട്ട അതവാലെ ഇന്ത്യയിലും ബ്രിട്ടനിലുമായി മുപ്പത് വർഷത്തോളം പ്രാക്റ്റിസ് ചെയ്തു.

ഇതിനിടയിലാണ് അതവാലെ ആത്മീയതയിലേക്കെത്തുന്നത്. രോഗികളായെത്തുന്നവരോട് ഹിപ്‌നോസിസിനിടയിൽ ആത്മീയ ദർശനങ്ങൾ പങ്കുവയ്ക്കുകയാണ് അതവാലെ ചെയ്തത്. ഇത് രോഗശാന്തി നൽകുമെന്ന് പറഞ്ഞ അതവാലെ താൻ ദൈവത്തോട് സംസാരിക്കുന്നുണ്ട് എന്നും അവകാശപ്പെട്ടു. അങ്ങനെയാണ് അതവാലെ അനുയായികളെ ഉണ്ടാക്കുന്നത്.ഒടുവിൽ മുംബൈയിലെ തന്റെ വീട്ടിലാണ് അതവാലെ സനാതൻ ഭാരതീയ സംസ്‌കൃതി സൻസ്ത ആരംഭിക്കുന്നത്. പിന്നീടത് സനാതൻ സൻസ്തയായി ചുരുക്കി. സമൂഹത്തിൽ നിന്ന് 'ദുർജനങ്ങളെ' ഉന്മൂലനം ചെയ്യുക ഈശ്വരീയ രാജ്യം സൃഷ്ടിക്കുക' എന്നതാണ് പ്രഖ്യാപിത ആശയം. അതവാലെ എഴുതിയ 'ക്ഷത്ര ധർമ സാധന' സനാതൻ സൻസ്തയുടെ മാനിഫെസ്റ്റോയും വിശുദ്ധ ഗ്രന്ഥവുമാണ്.

ജയന്ത് ബാലാജി അതാവലെയുടെ സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് ക്ഷത്ര ധർമ സാധന. സമൂഹത്തിൽ ദുർജനങ്ങളും സാധകരും ഉണ്ട് എന്നാണ് പുസ്തകം പറയുന്നത്.
'അസുര ശക്തികൾ ദുർജനങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുകയും അതിന്റെ ഫലമായി അവർ രാജ്യത്തോടും മതത്തോടും തെറ്റ് ചെയ്യുകയും ചെയ്യുന്നു'. ഈ ദുർജനങ്ങളെ മൂന്നായി തരംതിരിക്കുന്നുണ്ട്. രാഷ്ട്രദ്രോഹി, ദേശദ്രോഹി, ധർമദ്രോഹി എന്നിങ്ങനെയാണ് ദുർജനങ്ങൾ. ദുർജനങ്ങളുടെ ശരീരം രജസും തമസും ഉത്പാദിപ്പിക്കുന്നുണ്ട് എന്നും ഇത് സാധകരെ അലോസരപ്പെടുത്തുന്നതാണ് എന്നും അതാവാലെ സമർത്ഥിക്കുന്നു. ഒരുപാടികൂടിക്കടന്ന്, 'അത്തരം ദുർജനങ്ങളെ കൊന്നില്ലായെങ്കിൽ അവർ സാധകരെ കൊല്ലുകയും അസുരരാജ്യം സ്ഥാപിക്കുകയും ചെയ്യും' ക്ഷത്ര ധർമ സാധന ശത്രുക്കളെ കൊല്ലാനും ആഹ്വാനം ചെയ്യുന്നു.

സനാതൻ സൻസ്തയുടെ ലക്ഷ്യമായ ഈശ്വരരാജ്യം സ്ഥാപിക്കുന്നതിനെ കുറിച്ചും ക്ഷത്ര ധർമ സാധനയിൽ പറയുന്നുണ്ട്. 'ശരിയായ സമയത്ത് സൻസ്തയുടെ സാധകർക്ക് ദൈവം ആയുധമെത്തിക്കും,' എന്ന് പറയുന്ന അതാവാലെ നാമജപം നടത്തുന്നവർ വെടിവെക്കുമ്പോൾ ലക്ഷ്യം കൃത്യമായിരിക്കുമെന്നും സമർത്ഥിക്കുന്നു.

മഹാരാഷ്ട്ര നടപ്പാക്കിയിട്ടും കേരളം നടപ്പാക്കുന്നില്ല

നരേന്ദ്ര ധബോൽക്കർ ഒരിക്കൽ പറഞ്ഞു. ഈ സമരത്തിൽ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ ആശയം കൂടുതൽ ശക്താമുകയാണ് ചെയ്യുക. അപ്പറഞ്ഞത് ശരിയായി. ഡോ നരേന്ദ്ര ധബോൽക്കർ എന്ന വലിയ മനുഷ്യന്റെ രക്തസാക്ഷിത്വം ഇന്ത്യയിലെ പുരോഗമന ചിന്തയെ വളരെയധികം സമരോത്സുകമാക്കി. നരേന്ദ്രധബോൽക്കറിന്റെ സ്വപ്നം പോലെ മഹാരാഷ്ട്രയിൽ പ്രസ്തുത നിയമം പ്രാബല്യത്തിൽ വന്നു.കേരളമടക്കം പല സംസ്ഥാനങ്ങളിലും അന്ധവിശ്വാസ ദുരാചാര നിർമ്മാർജന ബില്ലിനുവേണ്ടിയുള്ള ആവശ്യം ഉന്നയിക്കപ്പെട്ടു. പക്ഷേ മഹാരാഷ്ട്രയിൽ ഫട്നാവീസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നടപ്പാക്കിയിട്ടും ഈ വിപ്ലവ കേരളത്തിൽ അന്ധവിശ്വാസ നിർമ്മാർജന ബിൽ നടപ്പാക്കിയിട്ടില്ല. മഹാരാഷ്ട്രയിലെ ജനങ്ങൾ കേരളീയരെപോലെ സമ്പൂർണ സാക്ഷരതയുടെ സുവർണ ഫലകമൊന്നും വച്ചവരല്ല. എങ്കിലും അവിടെ അന്ധവിശ്വാസ വിരുദ്ധ നിയമം പ്രാബല്യത്തിൽ വന്നു. സ്ത്രീധന നിരോധന നിയമംപോലെ അതു ചവിട്ടിമെതിക്കപ്പെട്ടേക്കാമെങ്കിലും പ്രയോജനപ്പെടുത്തണമെന്നുള്ളവർക്ക് ഉപകരിക്കുമെന്ന് വ്യക്തമാണ്.

ഇപ്പോൾ മറ്റൊരു ശ്രദ്ധേയമായ ചുവടുവയ്‌പ്പ് നടത്തിയിരിക്കുന്നത് അസം ഭരണകൂടമാണ്. നൂറുകണക്കിന് ആളുകളാണ് അസമിൽ ദുർമന്ത്രവാദികളുടെ പീഡനത്തിന് ഇരയായത്. ദുർമന്ത്രവാദികൾക്ക് ജാമ്യം പോലും ലഭിക്കാത്തരീതിയിലുള്ള ഒരു നിയമനിർമ്മാണത്തിനാണ് അസം ആഭ്യന്തര മന്ത്രാലയം നടത്തി.. അസമിൽ തയാറാക്കിവരുന്ന നിയമത്തിൽ കുറ്റവാളികളിൽ നിന്നും ഈടാക്കുന്ന പിഴപ്പണം ഇരകൾക്ക് നൽകാനും വ്യവസ്ഥയുണ്ട്.ദുർമന്ത്രവാദത്തിനിരയായ പാവങ്ങളെ സമൂഹം വിചിത്രദൃഷ്ടിയോടെ കാണും. സാമൂഹ്യമായ ബഹിഷ്‌കരണം ഈ സമ്പ്രദായത്തിന്റെ തിക്തഫലമാണ്. അതിനാൽ ഇരകളെ പുനരധിവസിപ്പിക്കാനുള്ള വകുപ്പുകളും അസം നിയമത്തിലുണ്ട്. ദുർമന്ത്രവാദികൾക്ക് കടുത്തശിക്ഷയും നിർദ്ദേശിക്കുന്നുണ്ട്. ഗുവാഹതി കോടതിയിൽ റജീബ് കലിത എന്ന അഭിഭാഷകൻ നൽകിയ പൊതുതാൽപ്പര്യ ഹർജിയെ തുടർന്നാണ് അസമിൽ നിയമനിർമ്മാണ നീക്കങ്ങളുണ്ടായിട്ടുള്ളത്.

ജിന്ന്, പിശാച് ബാധകളിൽ നിന്നും മോചിപ്പിക്കാനെന്ന പ്രാകൃത രീതി അനുസരിച്ച് നിരവധി കൊലപാതകങ്ങളാണ് കേരളത്തിൽ നടന്നത്. കേരളത്തിലെ പുരോഗമന സാംസ്‌കാരിക സംഘടനകൾ ഈ ക്രൂരകൃത്യങ്ങളെ സമൂഹമധ്യത്തിൽ വിചാരണ ചെയ്യുകയും അന്ധവിശ്വാസ നിർമ്മാർജന നിയമത്തിനായി സർക്കാരിനെ സമീപിക്കുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ 51 എ (ബി), 51 എ (എച്ച്), ആർട്ടിക്കിൾ 25 (1) ഇവയും ഡ്രഗ്സ് ആൻഡ് മാജിക്കൽ റമഡീസ് ആക്ടും പശ്ചാത്തലമാക്കി തയാറാക്കിയ ഈ ബിൽ കുറ്റത്തിന് വിധേയനായ വ്യക്തി പരാതി നൽകിയില്ലെങ്കിൽ പോലും കേസ് എടുക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. പൊതു പ്രവർത്തകർ നൽകുന്ന പരാതിയുടേയോ മാധ്യമ വാർത്തയുടേയോ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യേണ്ടതാണ്. പക്ഷേ എന്നിട്ടും കേരളത്തിൽ ആതീയതട്ടിപ്പുകാർ വിലസുകയാണ്. മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ നടപ്പാക്കിയത് നടപ്പാക്കാനുള്ള ആർജവം പോലും കേരള സർക്കാറിന് ഇല്ലാതെ പോകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP