Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വേദനസംഹാരി കൊടുക്കാതെ പാവങ്ങളെ നരകിപ്പിച്ച് മരിക്കാൻ വിട്ടു; ഒരു സൂചി ഉപയോഗിക്കുന്നത് നാൽപ്പത് തവണവരെ; അടിയന്തരാവസ്ഥയെയും ഭോപ്പാൽ ദുരന്തത്തെയും ന്യായീകരിച്ചു; കുട്ടികളെ ദത്തുകൊടുക്കുന്നത് കത്തോലിക്കർക്ക് മാത്രം; പാവങ്ങളുടെ അമ്മയോ, മതപരിവർത്തനത്തിന്റെ മാതാവോ? മദർ തെരേസ വിമർശിക്കപ്പെടുമ്പോൾ!

വേദനസംഹാരി കൊടുക്കാതെ പാവങ്ങളെ നരകിപ്പിച്ച് മരിക്കാൻ വിട്ടു; ഒരു സൂചി ഉപയോഗിക്കുന്നത് നാൽപ്പത് തവണവരെ; അടിയന്തരാവസ്ഥയെയും ഭോപ്പാൽ ദുരന്തത്തെയും ന്യായീകരിച്ചു; കുട്ടികളെ ദത്തുകൊടുക്കുന്നത് കത്തോലിക്കർക്ക് മാത്രം; പാവങ്ങളുടെ അമ്മയോ, മതപരിവർത്തനത്തിന്റെ മാതാവോ? മദർ തെരേസ വിമർശിക്കപ്പെടുമ്പോൾ!

എം റിജു

ള്ളികൾ അടക്കമുള്ള സകല ആരാധനാലയങ്ങളും പൊളിച്ച് മാറ്റുകയും, ബൈബിളും ഖുറാനും മടക്കമുള്ള എല്ലാ മതഗ്രന്ഥങ്ങൾ വായിക്കുന്നതും, കുട്ടികൾക്ക് ദൈവനാമത്തിൽ പേരിടുന്നതുമെല്ലാം കുറ്റകരമാവുന്നതുമായ ഒരു സമ്പുർണ്ണമായ നിരീശ്വരവാദ രാജ്യം ഉണ്ടായിരുന്നു ഈ ലോകത്ത്! അതായിരുന്നു അൻവർ ഹോജയുടെ അൽബേനിയ. ആ നിരീശ്വരവാദ രാജ്യത്തുനിന്നാണ് എന്ന ആഗ്നസ് എന്ന വിളിപ്പേരുള്ള പെൺകുട്ടി, മദർ തെരേസ എന്നപേരിൽ വളർന്ന് പാവങ്ങളുടെ അമ്മയായി അറിയപ്പെട്ടതും ഒപ്പം കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ പ്രചാരകയും ആയത്.

മദർ തെരേസയെക്കുറിച്ച് കുറ്റം പറഞ്ഞാൽ ഇന്ത്യയിൽ കൊച്ചുകുട്ടികളിൽനിന്ന് പോലും അടികിട്ടും. ആ രീതിയിലാണ് ഇന്ത്യൻ മാധ്യമങ്ങൾ അവരെ വിശേഷിപ്പിക്കാറുള്ളത്. വിശുദ്ധമാതാവ്. സ്നേഹത്തിന്റെയും സേവനത്തിന്റെയു പ്രത്യക്ഷമാലാഖ. അനാഥർക്കും അശരണർക്കും ആലംബഹീനർക്കും കാരുണ്യക്കടലായി മാറിയ മഹതി. മാനവസേവനത്തിനായി ജീവിതം ഒഴിഞ്ഞുവച്ച ഫ്ളോറൻസ് നൈറ്റിംഗിലിനെയും ഹെലൻ െകല്ലറിനെയും പോലെയോ അതിലുപരിയായോ ചരിത്രത്തിൽ സ്ഥാനം നേടിയ പുണ്യവതി. കൽക്കത്തയിലെ തെരുവീഥികളിൽ പിറന്നുവീഴുന്ന അനാഥശിശുക്കൾക്ക് അഭയത്തിന്റെയും സാന്ത്വനത്തിന്റെയും തണൽ ഭവനങ്ങൾ പ്രദാനം ചെയ്ത ത്യാഗിനി. മദർ തെരേസയെ ഉപമിക്കാൻ വിശേഷണപദങ്ങൾ പലപ്പോഴും അപര്യാപ്തമായാണ് നാം കാണുന്നത്.

ലോകമെമ്പാടും ആദരിക്കപ്പെട്ട മദറിന് സമാധാനത്തിനുള്ള നോബേൽ സമ്മാനം നൽകപ്പെട്ടു. ഇന്ത്യാഗവൺമെന്റ് അത്യുന്നത ബഹുമതിയായ ഭാരതരത്ന പുരസ്‌കാരം നൽകി അവരെ ബഹുമാനിച്ചിരുന്നു. കത്തോലിക്കാ സഭയാവട്ടെ അവരെ വിശുദ്ധയായും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തരം ഒരു വ്യക്തിത്വത്തെക്കുറിച്ച് എന്തെങ്കിലും ഒരു നെഗറ്റീവ് വാർത്തകൾ ഉണ്ടെങ്കിൽ അത് നമ്മുടെ നാട്ടിൽ എല്ലാവരും മറച്ചുവെക്കും. ഒരു വാർത്തപോലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ കൊടുക്കില്ല. എന്നാൽ വിദേശ രാജ്യങ്ങളിൽ അതല്ല സ്ഥിതി. അവിടെ ഇടക്കിടക്ക് പുനർ വായനകളും തെളിവിൽ അധിഷ്ഠിതമായ വ്യത്യസ്ഥമായ പഠനങ്ങളും ഉണ്ടാവും. അങ്ങനെയുള്ള പുനർ വായനയിൽ മദർ തെരേസയെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

വീണ്ടും വൈറലായി ഹിച്ചൻസ്

മദർ തേരസയുടെ ലക്ഷ്യങ്ങളെയും പ്രതിബദ്ധതയേയും സേവനസന്നദ്ധതയേയും ചോദ്യംചെയ്തുകൊണ്ട് ആദ്യമായി രംഗത്തുവന്നത് ബ്രിട്ടനിലെ സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ ക്രിസ്റ്റഫർ ഹിച്ചൻസ് ആയിരുന്നു. 2011ൽ 'മിഷനറി പൊസിഷൻ' എന്ന പേരിൽ ഒരു പുസ്തകം എഴുതിക്കൊണ്ടാണ് മദറിന്റെ ഉദ്ദേശശുദ്ധികളുടെ രഹസ്യാത്മകത ഹിച്ചൻസ് വെളിപ്പെടുത്തിയത്. ഈ പുസ്തം ഇപ്പോൾ ബിബിസി അടക്കമുള്ള മാധ്യമങ്ങൾ വീണ്ടും ചർച്ചചെയ്യുകയാണ്.

പാശ്ചാത്യ ക്രിസ്ത്യൻ രാജ്യങ്ങളിലും അനാഥശിശുക്കളും അശരണരും വേണ്ടുവോളമുണ്ടെന്നിരിക്കെ ഇന്ത്യയിൽ എന്തുകൊണ്ടാണ് മദർ തന്റെ സേവനം കേന്ദ്രീകരിച്ചതെന്ന ചോദ്യത്തിന് ഹിച്ചൻസ് ഒറ്റവാക്കിൽ ഉത്തരം നൽകുന്നു, മതപരിവർത്തനം എന്ന ഒറ്റ അജണ്ടമാത്രം. അനാഥശിശുക്കളെ ദത്തെടുത്ത് മാമോദീസ മുക്കി ക്രിസ്ത്യൻ മതത്തിലെ പ്രബല വിഭാഗമായ കത്തോലിക്കരായി മാറ്റുകയെന്ന ശൈലിയാണ് മദർ കൽക്കത്തയിൽ അവലംബിച്ചതെന്ന് ഹിച്ചൻസ് ഉദാഹരണസഹിതം വെളിപ്പെടുത്തുന്നു. അശരണരെയും അനാഥരേയും അതേ രീതിയിൽ നിലനിർത്തിക്കൊണ്ട് ക്രിസ്ത്യൻ മതത്തിന്റെ അനുശാസന സംഹിതകളായ യാതനയുടെയും സഹനീയതയുടെയും മാർഗ്ഗത്തിലേക്ക് നയിക്കുകയെന്നതായിരുന്നുവത്രേ മദറിന്റെ സേവനശൈലി.

ക്രിസ്ത്യൻ മതത്തിന്റെ വേരോട്ടം അധികമില്ലാതിരുന്ന പശ്ചിമബംഗാളിൽ പ്രത്യേകിച്ച് കൽക്കത്തയിൽ കത്തോലിക്കസഭയുടെ ആധിപത്യം ഉറപ്പിക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും ഹിച്ചൻസ് വെളിപ്പെടുത്തുന്നു. എതാനും വർഷങ്ങൾക്ക് മുമ്പ് കാൻസർ ബാധിച്ച് മരിച്ച ഹിച്ചൻസിന്റെ പ്രഭാഷണങ്ങളും എഴുത്തും ഇപ്പോഴും യൂറോപ്പിലെ നവ നാസ്തിക ഗ്രൂപ്പുകൾ വൈറൽ ആക്കുകയാണ്. അടുത്തിടെ പ്രമുഖ നാസ്തികനും പരിണാമ ശാസ്ത്രജ്ഞനുമായ റിച്ചാർഡ് ഡോക്കിൻസ് ഹിച്ചൻസിന്റെ ഒരു വീഡിയോ ഷെയർ ചെയ്തിരുന്നു.

മദർ തെരേസയെക്കുറിച്ച് ചാനൽ 4 എന്ന സ്വകാര്യ ചാനലിനുവേണ്ടി, പാക്കിസ്ഥാൻകാരനായ താരിഖ് അലി സംവിധാനം ചെയ്ത 'ദ ഹെൽസ് ഏഞ്ചൽ' എന്ന ഡോക്യുമെന്ററിയിലും ഹിച്ചിൻസ് പ്രവർത്തിച്ചിട്ടുണ്ട്. ലോകത്തിലെ ധനാഢ്യരിൽ നിന്നും പണം സ്വീകരിച്ചുകൊണ്ട് , മദർ തെരേസയും മിഷണറീസ് ഓഫ് ചാരിറ്റി പ്രവർത്തകരും, അവരുടെ സ്തുതിപാഠകരായി മാറുന്നുവെന്നും ഹെൽസ് ഏഞ്ചൽ എന്ന ഹ്രസ്വചിത്രം ആരോപിക്കുന്നു.

ബംഗാളിൽ ജനിച്ച ഡോക്ടറും, സാമൂഹിക പ്രവർത്തകനുമായ അരൂപ് ചാറ്റർജിയും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ബംഗാളിൽ മിഷണറീസ് ഓഫ് ചാരിറ്റിയേക്കാൾ നന്നായി ജീവകാരുണ്യപ്രവർത്തനം നടത്തുന്ന ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളുണ്ടെന്ന് ഡോക്ടർ അരൂപ് ചാറ്റർജി പറയുന്നു. ദ ഹെൽസ് ഏഞ്ചൽ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകനും ആണ് ഈ ഡോക്ടർ. മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രഭാവലയത്തിൽ മറ്റുള്ള സംഘടനകൾ അവഗണിക്കപ്പെട്ടുപോയി എന്ന് അരുപ് കുറ്റപ്പെടുത്തുന്നു. ചില മൂന്നാം ലോക രാഷ്ട്രങ്ങളിലുള്ളതിനേക്കാൾ സമ്പാദ്യം മിഷണറീസ് ഓഫ് ചാരിറ്റിയുടെ കയ്യിലുണ്ടെന്നും, അത് വേണ്ട രീതിയിൽ വിനിയോഗിക്കുന്നതിൽ മദർ തെരേസ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിക്കുന്നു.

ലക്ഷ്യം മതപരിവർത്തനം തന്നെ

വത്തിക്കാൻ കത്തോലിക്കസഭ ആസൂത്രണം ചെയ്ത നിഗൂഢ മതപരിവർത്തനലക്ഷ്യം പ്രായോഗികമാക്കുന്നതിനുള്ള സമർഥമായ ഉപാധിയായിരുന്നു മദറെന്നും അതിനുവേണ്ടി ലോകരാജ്യങ്ങളിൽ നിന്ന് ശതകോടികളുടെ പണം അവർക്ക് ലഭിച്ചുവെന്നും ദ മിഷനറി പൊസിഷൻ എന്ന പുസ്തതകത്തിൽ പ്രതിപാദിക്കുന്നു.

അൽബേനിയ, ഹെയ്തി എന്നീ രാജ്യങ്ങളിലെ ഏകാധിപതികളും ആഫ്രിക്കൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുമായിരുന്നു ഇക്കാര്യത്തിൽ മുൻപന്തിയിൽ. ഈ സമ്പത്ത് സ്വകാര്യ നിക്ഷേപങ്ങളായാണ് മാറിയതത്രെ.

ഗർഭനിരോധന മാർഗ്ഗങ്ങളെ മുച്ചൂടും എതിർക്കുകയെന്ന നയം മദർ സ്വീകരിച്ചു. അത് ത്തോലിക്ക സഭയുടെ നിർദ്ദേശത്തിന് അനുസരിച്ചായിരുന്നു.അനാഥർ പിറന്നു വീഴുന്നത് തടയണമെങ്കിൽ അവരുടെ പിറവി ഒഴിവാക്കണമെന്ന യുക്തസഹമായ മാർഗ്ഗത്തിന് മദറിന്റെ സേവനപദ്ധതികളിൽ സ്ഥാനമുണ്ടായിരുന്നില്ല.

പക്ഷേ ഇന്ത്യൻ മാധ്യമങ്ങൾ, 'ഭാരതരത്നം' നൽകി ഇന്ത്യാ ഗവൺമെന്റ് ബഹുമാനിച്ച തെരേസയ്ക്കെതിരെ അക്ഷരമുരിയാടാൻ അവർ തയ്യാറായില്ല. ഇതിന് ഏക അപവാദം ''ഔട്ട്ലുക്ക്'' മാഗസിൻ കാനഡ പ്രൊഫസർ ജനീവേവ് ചെനാർഡുമായി നടത്തിയ വിശദമായ അഭിമുഖമാണ്. യാതൊരു കാരണവശാലും സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് തെരേസ അർഹയല്ലെന്ന് പ്രൊഫസർ ചെനാർഡ് അഭിമുഖത്തിൽ വ്യക്തമാക്കി. മദർ തെരേസയുടെ സ്ഥാപനത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയ കനേഡിയിൽ വസ്തുതാന്വേഷണ സംഘത്തിന് നേതൃത്വം കൊടുത്തത് പ്രൊഫസർ ജനീവേവ് ചെനാർഡ് ആണ്.

സേവനത്തിനുവേണ്ടി ലോകരാഷ്ട്രങ്ങളിൽ നിന്ന് ശേഖരിച്ച കോടിക്കണക്കിന് ഡോളറുകൾ അനാഥരെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ചെലവാക്കപ്പെട്ടില്ലെന്നും പ്രൊഫസർ അർഥശങ്കയ്ക്കിടയില്ലാത്തവിധം ആരോപിച്ചു. തെരേസയുടെ സേവനത്തിന്റെ ഫലമായി എത്രമാത്രം അനാഥരും ആലംബഹീനരും ജീവിതപ്രാപ്തിക്കുള്ള യോഗ്യതനേടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിപ്പെട്ടുവെന്ന അചോദ്യത്തിനും ഉത്തരമില്ലെന്ന് പഠനറിപ്പോർട്ടിലെ നിഗമനങ്ങൾ ന്യായീകരിച്ചുകൊണ്ട് പ്രൊഫസർ പറഞ്ഞു. ഇളം പ്രായത്തിൽ ശിശുക്കളെ മാമോദീസ മുക്കി ക്രിസ്ത്യാനികളാക്കി പ്രത്യേകിച്ച് കത്തോലിക്കരാക്കി മാറ്റിയ തെരേസയുടെ നടപടി മതപരിവർത്തനത്തിൽ മാത്രം അധിഷ്ഠിതമായിരുന്നുവെന്നും ഗവേഷണപഠനം രേഖപ്പെടുത്തുന്നു. ഇതിനെതിരെ സാമൂഹ്യസംഘടനകൾ ഒന്നും പ്രതികിരച്ചിരുന്നില്ല. കാരണം അതിലേറെയാണ് മാധ്യമങ്ങൾ തെരേസയെ വാഴ്‌ത്തിപ്പാടി വിശുദ്ധയാക്കിയത്.

പാവങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നു

മോഡേൺ മെഡിസിനോട് എന്നും വല്ലാത്ത ഒരു അലർജി ഉണ്ടായിരുന്ന മദർ തേരസയുടെ കൈയിൽവരുന്ന പാവപ്പെട്ടവർക്ക് വേദന സഹിച്ചുകൊണ്ടുള്ള അതി ദാരണുമായ മരണമാണ് വിധിക്കപ്പെട്ടത്. പ്രാകൃതമായിരുന്നു അവരുടെ ചികിത്സാരീതികൾ എന്ന് പിന്നീട് അവിടെനിന്ന് തെറ്റിപ്പോയ പലരും ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ അക്കാലത്ത് തന്നെ ലോകാരോഗ്യസംഘടന ഉൽക്കണ്ഠ രേഖപ്പെടുത്തിയിരുന്നു. കൂടുതൽ വേദന അനുഭവിക്കുന്നവർ ക്രിസ്തുവിനോട് കൂടുതൽ അടുത്തു നിൽക്കുന്നവരാണെന്ന ഒരു തെറ്റായ ധാരണ മദർ തെരേസ വച്ചു പുലർത്തിയിരുന്നത്. മരണത്തോട് മല്ലിടുന്ന രോഗി എത്ര തന്നെ വേദന അനുഭവിച്ചാലും വേദനസംഹാരികൾ നൽകാൻ മദർ തെരേസ വിസമ്മതിച്ചു.ക്രിസ്തുവിന്റെ സഹനങ്ങളിൽ പങ്കാളിയാകാൻ ലഭിക്കുന്ന അവസരമാണിതെന്നും അതുകൊണ്ടുതന്നെ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനമാണിതെന്നും ഉള്ള ഒരു വിശ്വാസം മദർതെരേസക്ക് ഉണ്ടായിരുന്നത്. ഒരു രൂപയുടെ ഇഞ്ചക്ഷനിൽ കുറക്കാൻ കഴിയുന്ന വേദന, കാലങ്ങൾ സഹിച്ചാണ് ഇവിടുത്തെ രോഗികൾ മരിക്കാറുള്ളത് എന്നാണ് ഹിച്ചൻസ് ചൂണ്ടിക്കാട്ടുന്നുന്നത്! എത്ര പ്രാകൃതം എന്നോർക്കണം.

മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രമങ്ങളിൽ താരതമ്യേന മോശം ചികിത്സാരീതിയാണത്രെ പിന്തുടർന്നു പോന്നിരുന്നതെന്ന് അവിടെനിന്ന് രക്ഷപ്പെട്ട് പോന്നവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു തവണ ഉപേക്ഷിച്ച ശേഷം നശിപ്പിക്കേണ്ടതായ സൂചികൾ മുപ്പതോ നാൽപ്പതോ തവണ വരെ വീണ്ടും ഉപയോഗിച്ചിരുന്നുവെന്ന് മിഷണറീസ് ഓഫ് ചാരിറ്റിയിൽ പ്രവർത്തിച്ചിരുന്ന ഡാഫെൻ റേ എന്ന ഒരു സന്നദ്ധപ്രവർത്തക പിന്നീട് പറയുകയുണ്ടായി. ഇത്തരം കാരണങ്ങൾകൊണ്ടാണ് ഇവർ നിർമ്മൽഹൃദയ വിട്ടുപോന്നത് എന്ന് അവരെഴുതിയ പുസ്തകത്തിൽ പറയുന്നു. പല രോഗികളെ പലപ്പോഴും തണുത്ത വെള്ളത്തിലാണ് കുളിപ്പിച്ചിരുന്നത്. മാത്രമല്ല, അവരെ ശുശ്രൂഷിച്ചിരുന്ന സന്യാസിനിമാർ പലരും കൃത്യമായ പരിശീലനം നേടാത്തവരായിരുന്നു. വേദനസംഹാരികൾ പലപ്പോഴും നൽകിയിരുന്നില്ല. ശുശ്രൂഷക്കായി നിയോഗിക്കപ്പെട്ടിരുന്ന പല സന്യാസിനിമാരിലേക്കും രോഗങ്ങൾ പടരാൻ ഇത്തരം ചികിത്സാരീതികൾ കാരണമാകാറുണ്ടായിരുന്നു.

ബോധപൂർവമായി സൃഷ്ടിച്ച പട്ടിണിയും ദാരിദ്രവും സൃഷ്ടിച്ച് ഫണ്ട് വാങ്ങുന്നുവെന്ന ആരോപണവും വിമർശകർ ഉന്നയിക്കുന്നുണ്ട്്. അന്ന് കൽക്കത്തയെക്കുറിച്ചൊക്കെ പട്ടിണിയും സാംക്രമികരോഗങ്ങളും കാരണം മലീസമായ നഗരം, എന്ന ധാരണയാണ് മദർ ലോകത്തിന് കൊടുത്തത്. യഥാർഥ രോഗികൾ ഈ കണക്കിനേക്കാളും എത്രയേ കുറവായിരുന്നു. അതുകൊണ്ടാണ് തീർത്തും കൃത്രിമവും കെട്ടിച്ചമക്കപ്പെട്ടതുമാണ് മദറിന്റെ രോഗിക്കണക്കുകൾ എന്ന് വിമർശനം ഉയരുന്നത്.

അവിശുദ്ധ ധനാഡ്യരുമായി അടുത്ത ബന്ധം

അതുപോലെ തന്നെ മദർ തേരസയുടെ സാമ്പത്തിക ബന്ധവും സംശയാസ്പദമാണ്. സംഭാവന നൽകുന്നവർ ഏത് തരക്കാരാണെന്ന് നോക്കുന്ന കൂട്ടത്തിൽ അയിരുന്നില്ല അവർ. ഏത് വെറുക്കപ്പെട്ടവരിൽനിന്ന് കിട്ടിയാലും പണം വാങ്ങിവെക്കുമെന്ന് 'ദ മിഷനറി പൊസിഷൻ' എന്ന പുസ്തകം അടിവരയിടുന്നു.

ഹെയ്തിയിലെ ഏകാധിപതിയായിരുന്ന ജീൻ ക്ലോഡ് ഡുവേലിയറിൽ നിന്ന് മദർ തെരേസ സംഭാവന കൈപ്പറ്റിയിരുന്നു. രാജ്യത്തിന്റെ സ്വത്തുകൊള്ളയടിച്ചുവെന്ന കാരണത്താൽ നിഷ്‌കാസിതനായ ഒരു പരമാധികാരിയായിരുന്നു ഡുവേലിയർ. ഇദ്ദേഹത്തിൽ നിന്ന് സംഭാവന സ്വീകരിക്കാൻ മദർ തെരേസ ഹെയ്തിയിലേക്ക് പോവുകയുണ്ടായി. ഇത് എന്ത് ധാർമ്മികയുടെപേരിലാണെന്ന് ക്രിസ്റ്റഫർ ഹിച്ചൻസ് ചോദിക്കുന്നു.

അതുപോലെ സംശയാസ്പദമായ ഇടപാടുകൾ ഒരുപാടുണ്ട്. തൊഴിലാളികളുടെ പെൻഷൻ തുകയായ 450 മില്ല്യൺ പൗണ്ട് അപഹരിച്ച റോബർട്ട് മാക്സ് വെൽ എന്നയാളിൽ നിന്ന് മദർ തെരേസ തന്റെ സംഘടനയ്ക്കായി പണം സ്വീകരിച്ചിരുന്നു. ഇതിനെച്ചൊല്ലി ചോദ്യങ്ങൾ ഉയർന്നപ്പോൾ അവർ മൗനം പാലിച്ചു. 1988 ലെ ഇംഗ്ലണ്ട് സന്ദർശനവേളയിൽ ലണ്ടനിൽ ഒരു ആശ്രമം സ്ഥാപിക്കാനുള്ള മദറിന്റെ അഭ്യർത്ഥന പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചർ നിരസിച്ചു. തുടർന്നാണ് ദ ഡെയിലി മിറർ പത്രത്തിന്റെ ഉടമസ്ഥനായിരുന്ന റോബർട്ട് മാക്സ്വെല്ലിന്റ നേതൃത്വത്തിൽ ലണ്ടനിൽ നിന്ന് കുറേയേറെ പണം ഇവർ സ്വരൂപിച്ചത്. 3,02,000 അമേരിക്കൻ ഡോളർ ഇങ്ങനെ ഉണ്ടാക്കി. എന്നാൽ ഈ പണം എങ്ങനെയാണ് ചെലവാക്കപ്പെട്ടതെന്ന് മദർ തെരേസ അറിഞ്ഞിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. മാത്രവുമല്ല, റോബർട്ട് മാക്സ്വെൽ മറ്റു പല പണാപഹരണകേസുകളിലും പ്രതിയായിരുന്ന ആളുമാണ്. മദർ തെരേസയുടെ കാരുണ്യപ്രവർത്തനങ്ങൾക്കു വേണ്ടി ശേഖരിച്ച പണത്തിൽ നിന്ന് ഒട്ടും തന്നെ അപഹരിക്കപ്പെട്ടിട്ടില്ലെന്ന് ഡെയിലി മിറർ പത്രത്തിന്റെ വക്താവ് പിന്നീട് വെളിപ്പെടുത്തുകയുണ്ടായി, എന്നാൽ മദർ തെരേസ വിചാരിച്ചിരുന്നപോലൊരു ശരണാലയം ലണ്ടനിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല. ആ പണം എവിടെപ്പോയി എന്നതിനും ഇന്നും ഉത്തരമില്ല.

അമേരിക്കയിലെ ബാങ്കിങ് വ്യവസായിയായിരുന്ന ചാൾസ് കീറ്റിങ് മിഷണറീസ് ഓഫ് ചാരിറ്റിക്കായി ഒരു കോടി ഇരുപത്തഞ്ച് ലക്ഷം അമേരിക്കൻ ഡോളർ സംഭാവനയായി നൽകിയിരുന്നു. ഇയാൾ പിന്നീട് ലോൺ തട്ടിപ്പ് കേസിൽപ്പെട്ട് ജയിലിലായി. ഈ സംഭവത്തെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നപ്പോഴൊക്കെ മദർ തെരേസ മൗനം പാലിക്കുകയായിരുന്നു. അൽബേനിയയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപതിയായിരുന്ന എൻവർ ഹോജായുടെ ശവകുടീരത്തിൽ മദർ തെരേസ പുഷ്പചക്രം അർപ്പിച്ചത് ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. മതങ്ങളെ പുർണ്ണമായും നിരോധിക്കുകയും, ബൈബിൾ വായിക്കുന്നതുവരെ കുറ്റകരവും ആക്കിയ നേതാവായിരുന്നു അൻവർ ഹോജ എന്ന് ഓർക്കണം.

'അടിന്തരാവസ്ഥ സന്തോഷകരമായ കാലം'

അതുപോലെ ഫാസിസത്തോടും നടുക്കുന്ന മൗനമായിരുന്നു അവരുടെ നിലപാട്.
ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി, 1975ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ മദർ തെരേസ ഈ നടപടിയെ അനുകൂലിച്ചിരുന്നു. സമരങ്ങളില്ലാത്ത, തൊഴിലുകൾ കൂടുതലുള്ള എല്ലാവരും സന്തോഷവാന്മാരായ ഒരു കാലം എന്നാണ് മദർ തെരേസ അടിയന്തരാവസ്ഥയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. അടിയന്തരാവസ്ഥക്കുശേഷം ഇന്ദിരാഗാന്ധി അധികാരമൊഴിഞ്ഞ കാലത്ത് മദർ അവരെ വസതിയിൽപോയി സന്ദർശിച്ചു. 'ഇന്ദിരാ ഗാന്ധി എന്റെ നല്ലൊരു സുഹൃത്താണ്' എന്നാണ് ഇതിനെക്കുറിച്ചു ചോദിച്ചവരോട് മദർ തെരേസ പറഞ്ഞത്. ഭോപ്പാൽ ദുരന്തമുണ്ടായപ്പോൾ സേവനസന്നദ്ധതയുമായി ഓടിയെത്തുന്നതിന് പകരം മദർ സ്വീകരിച്ചത് ''നാം പൊറുക്കേണ്ട ഒരു അപകടമാണിത്'' എന്ന നിലപാടായിരുന്നു. അതായത് യൂണിയൻ കാർബൈഡ് കമ്പനി മദറിന് വേണ്ടപ്പെട്ടവരും ഫണ്ട് നൽകുന്നവരും ആണെന്ന് പിന്നീട് തെളിഞ്ഞു. ഒരു രാജ്യം മുഴുവൻ യൂണിയൻ കാർബൈഡിന് എതിരെ നിൽക്കുമ്പോഴാണ്, കാരണ്യത്തിന്റെ ഈ അമ്മയുടെ നടപടി എന്നോർക്കണം.

ചാരിറ്റി പ്രവർത്തനങ്ങൾക്കായി കിട്ടിയ സംഭാവനകൾ മദർ തെരേസ അത്തരം പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതിനു പകരം പുതിയ സേവനകേന്ദ്രങ്ങൾ തുറക്കുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചിരുന്നതെന്നും വിമർശിക്കുന്നവരുണ്ട്. ജർമ്മനിയിലെ ഒരു മാസിക പുറത്തു വിട്ട കണക്കുപ്രകാരം 1991ൽ സംഭാവനയായി ലഭിച്ച തുകയുടെ ഏഴുശതമാനം മാത്രമാണ് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിട്ടുള്ളതെന്നു പറയപ്പെടുന്നു. മിഷണറീസ് ഓഫ് ചാരിറ്റി നിലവിൽ വന്ന 1965 മുതൽ പണസംബന്ധമായി കാര്യങ്ങൾ നോക്കിയിരുന്നത് വത്തിക്കാൻ നേരിട്ടായിരുന്നുവെന്നും, മദറിന്റെ മരണത്തോടെ ആ നിയന്ത്രണം കൂടുതൽ ശക്തമായി എന്നും മിഷണറീസ് ഓഫ് ചാരിറ്റിയിലെ സന്നദ്ധപ്രവർത്തകർ ആരോപിക്കുകയുണ്ടായി.

ദത്ത് പോലും  കത്തോലിക്കർക്ക് മാത്രം

മദറിന്റെ അനാഥാലയത്തിൽനിന്ന്, ഒരു കുഞ്ഞിനെ ദത്തെടുക്കാനെത്തിയ അമേരിക്കൻ ദമ്പതികളുടെ അനുഭവകഥ ചില പാശ്ചാത്യമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതും വലിയ കോളിളക്കം ഉണ്ടായി. കുഞ്ഞുങ്ങളുണ്ടാവില്ലെന്ന് മെഡിക്കൽ പരിശോധനയിലൂടെ വ്യക്തമായതിനെത്തുടർന്ന് ഇവർ ഇന്ത്യയിൽ എത്തിയത്.ദമ്പതികളോട് എഴുന്നൂറ് കുട്ടികളിൽ നിന്ന് ആരെ വേണമെങ്കിലും ദത്തെടുക്കാമെന്നായിരുന്നു മദറിന്റെ പ്രഥമ പ്രതികരണം. ഇവർ ദത്ത് നടപടികൾ പൂർത്തിയാക്കുന്നതിന് തുടങ്ങുമ്പോൾ, മദർ അന്വേഷിച്ചത് അവർ ഏതു മതത്തിൽപ്പെട്ടവരെന്ന്.

പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻസ് എന്ന മറുപടി കേട്ടപാടെ മദർ ദത്ത് നിഷേധിച്ചു. ദമ്പതികൾ ആകെ അമ്പരന്നു. മദറിന്റെ മനം മാറ്റത്തിന് കാരണം തിരക്കി.''കത്തോലിക്കാ സംഹിതകളിൽ വളരുന്ന ഒരു കുട്ടി പ്രൊട്ടസ്റ്റന്റ് കുടുംബത്തിന് അനുയോജ്യമാവില്ല'' എന്ന ഞെട്ടിക്കുന്ന മറുപടിയാണ് അവരിൽനിന്ന് ഉണ്ടായത്.

ലോകമെമ്പാടും വിശുദ്ധമാതാവായി പ്രകീർത്തിക്കപ്പെടുന്ന തെരേസയുടെ മറുപടി അമേരിക്കൻ ദമ്പതികളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. അവർ മദറിന്റെ തികച്ചും പക്ഷപാതപരമായ സമീപനത്തിൽ രോക്ഷാകുലരായി. ക്രിസ്ത്യൻ മതത്തിലെ അവാന്തര വിഭാഗങ്ങളിൽ ഇങ്ങനെയൊരു കാർക്കശ്യം പ്രകടമാക്കുന്നതിന്റെ അർഥശൂന്യതയേയും അസംബന്ധത്തെയും ചോദ്യം ചെയ്തുകൊണ്ട് മദറിന്റെ കാരുണ്യലേശമില്ലാത്ത നടപടിയെക്കുറിച്ച് ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങൾക്ക് കത്തെഴുതി. മദറിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ആ കത്ത് പ്രസിദ്ധീകരിക്കാൻ പത്രങ്ങൾ തയ്യാറായില്ല.

പാശ്ചാത്യരാജ്യങ്ങളിലെ ചില പത്രങ്ങളിൽ ദമ്പതികൾ ആ കത്ത് പ്രസിദ്ധീകരിച്ചെങ്കിലും അതിന്റെ അനുരണനങ്ങൾ എവിടെയുമുണ്ടായില്ല. അതിനുശേഷമാണ് കനേഡിയൻ യൂണിവേഴ്സിറ്റികളിലെ രണ്ട് പ്രൊഫസർമാർ ഈ കത്തടക്കം പഠിച്ച് ഗവേഷണ പഠനറിപ്പോർട്ട് തയ്യാറാക്കുന്നത്. ഇത് മദർ തെരേസയെക്കുറിച്ചുള്ള ഒരു പുനർവിചാരണയാണ്.

'ലോകസമാധാനത്തിന് ഭീഷണി ഗർഭച്ഛിദ്രം'

ഗർഭനിരോധനത്തെക്കുറിച്ചും, ഭ്രൂണഹത്യയെക്കുറിച്ചും മദർ തെരേസ എടുത്തിരുന്ന നിലപാടുകൾ ധാരാളം വിമർശനങ്ങൾക്കു വഴിയൊരുക്കുകയുണ്ടായി. മദർ തെരേസ ഈ രണ്ടു കാര്യങ്ങളേയും അന്ധമായി എതിർത്തിരുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യുന്ന സ്ത്രീകൾ സ്നേഹിക്കപ്പെടേണ്ടവരല്ല എന്നും മദർ പറഞ്ഞിരുന്നു.ജനസംഖ്യാ പെരുപ്പം കൊണ്ട് ബുദ്ധിമുട്ടുന്ന ഇന്ത്യയെപ്പോലുള്ള രാജ്യത്ത് കൃത്രിമമായ ഗർഭനിരോധനമാർഗ്ഗങ്ങൾ അവലംബിക്കുതിനെയും അവർ എതിർത്തിരുന്നു. ഗർഭം ധരിക്കുക എന്നത് ദൈവികമായ തീരുമാനമാണെന്നും അത് തടയാൻ മനുഷ്യന് അർഹതയില്ല എന്നുമാണ് ഇത്തരം വിമർശനങ്ങൾക്കെതിരേ മദർ പ്രതികരിച്ചിരുന്നത്

എന്നാൽ മദർ തെരേസ ഭ്രൂണഹത്യയേയും, കൃത്രിമ ഗർഭനിരോധനത്തേയും മാത്രമാണ് എതിർത്തിരുന്നതെന്നും, പ്രകൃത്യാലുള്ള ഗർഭനിരോധനത്തെ അനുകൂലിച്ചിരുന്നുവെന്നും മദറിന്റെ അനുയായികൾ പറയുന്നു. ''ഭ്രൂണഹത്യ എന്നത് ഒരു ജീവനെ ഇല്ലാതാക്കുന്ന ഹീന കൃത്യമാണ്, അമ്മയുടെ ഗർഭപാത്രത്തിൽ കുഞ്ഞിന് സുരക്ഷിതത്വമില്ലെങ്കിൽ പിന്നെയെവിടെയാണുണ്ടാവുക''- മദർ പതിവായി ചോദിക്കാറുള്ളത് ഈ ചോദ്യമായിരുന്നു. പക്ഷേ ആധുനിക സാഹചര്യങ്ങൾവെച്ചുനോക്കുമ്പോൾ ഇത് വെറും വരട്ടുവാദമാണെന്ന് വ്യക്തമാണ്.

സമാധാനത്തിന് നോബൽ സമ്മാനം സ്വീകരിച്ചുകൊണ്ടുള്ള മദർതെരേസയുടെ പ്രഭാഷണത്തിൽ 'ലോകസമാധാനം' തകർക്കുന്നത് ഗർഭച്ഛിദ്രമാണെന്ന പ്രഖ്യാപനം പുരസ്‌കാരച്ചടങ്ങിന് സാക്ഷ്യം വഹിച്ച സദസ്യരെ ഞെട്ടിച്ചു. 'ലോകസമാധാനത്തിനുള്ള ഏകഭീഷണി ഗർഭച്ഛിദ്രമാ'ണെന്ന പ്രസ്താവന പ്രബുദ്ധമായ സദസ്സിനെയാകെ ചിന്താക്കുഴപ്പത്തിലാക്കി. കൃത്രിമമായ ഗർഭനിരോധന ഉപാധികൾക്ക് പകരം വേണ്ടത് 'സ്വാഭാവികമായ ഗർഭനിരോധ'നമാണെന്ന മദറിന്റെ അഭിപ്രായവും സദസ്യർക്ക് സ്വീകാര്യമായില്ല. സമാധാനത്തിനുള്ള നോബൽ പ്രസംഗത്തിൽ 'ഗർഭച്ഛിദ്ര'വും 'ഗർഭനിരോധ'നവും എന്തിന് കടന്നുവരണമെന്ന ചോദ്യവും വിദേശമാധ്യമങ്ങളിൽ വിവാദമായിരുന്നു.

ഇക്കാര്യത്തിൽ കിസ്റ്റഫർ ഹിച്ചൻസിന്റെ പ്രതികരണം ഇങ്ങനെ- ''തെരേസയ്ക്കെതിരായ എന്തു പ്രചാരണവും വിവാദവും നയാഗ്ര വെള്ളച്ചാട്ടത്തിൽ മുങ്ങിപ്പോകുന്ന അവസ്ഥയാണ്. മാധ്യമങ്ങളും കത്തോലിക്കസഭയും വർഷങ്ങളായയി ംയുക്തമായി രൂപപ്പെടുത്തിയ അജണ്ടയാണിത്. മദറിന്റെ മറ്റ് നടപടികൾ പോലെ ഗർഭഛഛിദ്ര വിവാദവും മാധ്യങ്ങൾ വേണ്ട രീതിയിൽ എടുത്തില്ല''- ഹിച്ചൻസ് ചൂണ്ടിക്കാട്ടി.

ഈ വിവാദം ഉണ്ടായതോടെ മദർ തെരേസ ഏതു മാനദണ്ഡപ്രകാരമാണ് അതിനർഹയായതെന്ന ചോദ്യവും ചില പാശ്ചാത്യ മാധ്യമങ്ങൾ ഉയർത്തി. ലോകത്തിലെ യുദ്ധഭൂമികളിലെവിടെയും സമാധാനത്തിന്റെ മാർഗ്ഗദീപമായി മദർതെരേസ പ്രത്യക്ഷപ്പെട്ടിരുന്നില്ല. പോരാട്ട മേഖലകളിലൊന്നും അവർ ശാന്തിയുടെയോ സമാധാനത്തിന്റെയോ പ്രവാചകയായി എത്തപ്പെട്ടതുമില്ല. യുദ്ധഭൂമികളിൽ മുറിവേറ്റുകിടന്ന് ജീവനുവേണ്ടി പിടഞ്ഞ മനുഷ്യർക്ക് ഒരു രക്ഷാകവചമായി മാറുന്നതിനോ, മുറിവുകളുണക്കാനും ജീവൻ നിലനിർത്താനുമുള്ള ഔഷധങ്ങളുമായി അവർ എത്തുന്നതിനോ, ചരിത്രം സാക്ഷ്യം വഹിച്ചിട്ടില്ല. അവരുടെ കൈയിൽ കിട്ടിയ രോഗികളെപ്പോലെ വേദന സംഹാരികൊടുക്കാതെ നരികിച്ച് മരിപ്പിച്ചതാണ് യാഥാർഥ്യം.

പിന്നെ, എങ്ങനെ, മദർ തെരേസ ലോകസമാധാനത്തിന്റെ പ്രതീകമായി പ്രവർത്തിക്കപ്പെട്ടു. ഈ ചോദ്യത്തിന് ഇന്നും ഉത്തരം കിട്ടിയിട്ടില്ല. കത്തോലിക്കാ സഭയുടെ സമ്മർദമായിരുന്നു നൊബേൽ സമ്മാനത്തിന്റെയും പിന്നിൽ. മതപ്രചാരണത്തിനായി കൂടുതൽ പുരോഹിതരെയും കന്യാസ്ത്രീകളെയും സൃഷ്ടിക്കാനുള്ള ഒരു തന്ത്രമാണ് മദറിനെ അവർ അർഹിക്കാത്ത രീതിയിൽ ഉയർത്തിവിടുന്നത് എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.


വിശുദ്ധയാക്കാനുള്ള നടപടികളും വിവാദത്തിൽ

മദറിനെ ഒരു വേൾഡ് ഐക്കൺ ആക്കി ഉയർത്താനുള്ള കത്തോലിക്കാ സഭയുടെ തന്ത്രങ്ങൾ അവർ മരിച്ചശേഷവും തുടർന്നു. 1997ൽ മരിച്ച മദർതെരേസയെ 1998ൽ തന്നെ വാഴ്‌ത്തപ്പെട്ടവളും വിശുദ്ധയുമായി ജോൺ മാർപാപ്പ പ്രഖ്യാപിച്ചത് അതുസംബന്ധിച്ച് അനുഷ്ഠിക്കേണ്ട നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പാടേ കാറ്റിൽ പറത്തിക്കൊണ്ടാണെന്ന് ഹിച്ചൻസ് വെളിപ്പെടുത്തുന്നു. വാഴ്‌ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിനുള്ള കാലയളവ് മരണശേഷം അഞ്ചു വർഷമാണ്. ഇതിനകം ''ദൈവരാജ്യത്തിലെത്തിയ'' വ്യക്തിയുടെ ആത്മാവിന്റെ അത്ഭുതസിദ്ധികളുടെ അനുഭവരേഖകൾ അനിവാര്യമാണ്. അവ അവലോകനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനും കർദ്ദിനാൾമാരുടെ ഒരു സമിതി തന്നെ റോമിലെ സഭയിലുണ്ട്. എന്നാൽ, മദർ തെരേസയുടെ കാര്യത്തിൽ ഇവയൊന്നും പാലിക്കപ്പെടുകയുണ്ടായില്ലെന്നും ഹിച്ചൻസ് പറയുന്നു.

വാഴ്‌ത്തപ്പെട്ടവളാക്കാൻ വത്തിക്കാൻ കണ്ടെത്തിയ അത്ഭുതപ്രവർത്തി ഇന്ത്യാക്കാരിയായ മോണിക്ക ബെസ്ര എന്ന സ്ത്രീയുടെ വയറ്റിലുണ്ടായിരുന്ന ട്യൂമർ മദറിനോടുള്ള പ്രാർത്ഥനയോടും വിശ്വാസംകൊണ്ടും ഭേദമായി എന്നതായിരുന്നു. എന്നാൽ ഇത് ഒരു ട്യൂമറല്ല, മറിച്ച് ക്ഷയരോഗം കൊണ്ടുണ്ടായ ഒരു മാംസവളർച്ച മാത്രമായിരുന്നുവെന്നും താനാണ് അത് ചികിത്സിച്ചു ഭേദമാക്കിയതെന്നും ഡോക്ടർ.രഞ്ജൻ മുസ്താഫി ന്യൂയോർക്ക് ടൈംസിനു നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.- '' അത് അത്ഭുത പ്രവർത്തിയൊന്നുമല്ല, മോണിക്ക ഒമ്പതു മാസത്തോളം ഈ അസുഖത്തിനു മരുന്നു കഴിക്കുന്നുണ്ടായിരുന്നു, മരുന്നു കൊണ്ടുമാത്രമാണ് ഈ രോഗം ഭേദമായത്, ഡോക്ടർ പറഞ്ഞത് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ലെങ്കിലും വിദേശമാധ്യമങ്ങൾ വലിയ പ്രധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. തന്റെ ഭാര്യയുടെ അസുഖം ഭേദമായത് മരുന്നു കഴിച്ചിട്ടാണ് അല്ലാതെ മദർ തെരേസ കാരണമല്ല എന്ന് മോണിക്ക ബസ്രയുടെ ഭർത്താവും മാധ്യമങ്ങളോട് പറയുകയുണ്ടായി.

പക്ഷേ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ ഇതൊന്നും കാര്യമായ വാർത്തയാക്കിയില്ല. അവർക്ക് മദർ തെരേസയെന്നാൽ ഇപ്പോഴും വിമർശനങ്ങൾക്ക് അപ്പുറത്തുള്ള ഒരു വ്യക്തിത്വമാണ്.


എതിർത്തത് രജനീഷും ആർഎസ്എസും

ഇന്ത്യയിൽ മദർ തെരേസക്ക് എതിരായ വിമർശനങ്ങൾ ഉയർത്തിയത് രണ്ടേ രണ്ടുപേർ മാത്രമാണ്. ഒന്ന് ആർഎസഎസ്. രണ്ട് ഓഷോ രജനീഷ്. ആർഎസ്എസ് മേധാവികളയാ സുദർശനം, മോഹൻഭാഗവതുമൊക്കെ മതപരിവർത്തനം എന്ന മദറിന്റെ ഹിഡൻ അജണ്ടക്കെതിരെ പല തവണ പ്രതികരിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴും കാര്യം അന്വേഷിക്കാതെ അവരെ ഫാസിസ്റ്റുകൾ ആക്കാനാണ്, ഇന്ത്യയിലെ പുരോഗമനവാദികൾ പോലും ശ്രമിച്ചിരുന്നത്.

സുദർശനും, മോഹൻഭാഗവതിനുമൊക്കെ ഒരു വലിയ സംഘടനയുടെ പിന്തുണയുണ്ട്.
എന്നാൽ ഒരു വ്യകതി എന്ന നിലയിൽ മദറിനെതിരെ 1970കളിൽ ശബ്ദിച്ച ഒരേ ഒരു ഇന്ത്യക്കാരൻ ജബൽപൂർ യൂണിവേഴ്സിറ്റിയിൽ തത്ത്വചിന്ത മാതാത്മക വിഭാഗത്തിലെ രജനീഷായിരുന്നു. (പിന്നീട്, ഓഷോ) രജനീഷ് മദറിന്റെ ഉദ്ദേശശുദ്ധികളെ ചോദ്യംചെയ്തുകൊണ്ട് അവർക്ക് കത്തുകളെഴുതി. ''ഒരു അനാഥശിശുവിനെ സംരക്ഷിക്കാൻ ഏറ്റെടുക്കുമ്പോൾ എന്തിന് ആ കുട്ടിയെ ക്രിസ്ത്യാനിയാക്കി മാറ്റുന്നുവെന്നാ'യിരുന്നു രജനീഷിന്റെ ആദ്യ കത്തിലെ ചോദ്യം.അതിന് മദർ രജനീഷിന് നൽകിയ മറുപടി ഇപ്രകാരമായിരുന്നു. ''അതു കർത്താവിന്റെ കാരുണ്യം അവർക്കു കിട്ടുന്നതിനു വേണ്ടിയാണ്...''

ഈശ്വാരൻ എല്ലാവരുടേതുമാണെങ്കിൽ ഒരു പ്രത്യേക മതത്തിന് മാത്രം എങ്ങനെ അദ്ദേഹത്തിന്റെ കാരുണ്യം കിട്ടുന്നുവെന്ന മറുചോദ്യവുമായി രജനീഷ് വീണ്ടും മദറിനെഴുതി. മാത്രമല്ല അനാഥശിശുക്കൾ ജനിക്കുന്നതിനെക്കാൾ മെച്ചം അത്തരത്തിൽ കുഞ്ഞുങ്ങൾ പിറക്കാതിരിക്കുന്നതല്ലെ ഈശ്വരൻ ഇഷ്ടപ്പെടുകയെന്ന ചോദ്യവും രജനീഷ് ഉന്നയിച്ചു. ഗർഭനിരോധനവും ഗർഭച്ഛിദ്രവും ഒഴിവാക്കണമെന്ന് കർത്താവ് കൽപ്പിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മോസസിന് കടന്നു പോകുവാൻ കടലിൽ വഴിയൊരുക്കിയ കർത്താവിന് ഗർഭനിരോധന ഉപാധികളുടെ നിർമ്മാണം തടഞ്ഞുകൂടായിരുന്നുവോവെന്ന രസകരമായ അന്വേഷണവും കത്തിലൂടെ രജനീഷ് നടത്തി.അതിനുള്ള മദറിന്റെ മറുപടി ഇങ്ങനെ- ''കർത്താവ് നിങ്ങളോട് പൊറുക്കട്ടെ, നിങ്ങൾക്കുവേണ്ടി ഞാൻ നിത്യവും കർത്താവിനോട് പ്രാർത്ഥിക്കുന്നു.''

അതിന് ഓഷോയുടെ മറുപടി രസകരമായിരുന്നു. ''കർത്താവ് എന്നോട് പൊറുക്കണമേ എന്ന് പ്രാർത്ഥിക്കാൻ വേണ്ടിയുള്ള തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല. എനിക്കു വേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കാൻ ആരാണ് നിങ്ങൾക്ക് അധികാരവും അവകാശവും തന്നത്? എന്റെ സ്വാതന്ത്ര്യത്തിന്റെ മാർഗത്തിൽ നിങ്ങൾ എന്തിന് കർത്താവിനെയും ഈശ്വരനെയും കൊണ്ടു നിർത്തുന്നു....? നിങ്ങൾ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക. നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന മാർഗത്തിൽ എനിക്ക് ബോദ്ധ്യമാകാത്ത വസ്തുതകളാണ് ഞാൻ നിങ്ങളോട് ആരാഞ്ഞത്? അതൊരു പാപമല്ല. പൊറുക്കപ്പെടേണ്ടതുമില്ല.'' ഈ കത്തുകൾ, പിന്നീട് പ്രസിദ്ധീകൃതമായി. 'ഓഷോ'യുടെ പുസ്തകങ്ങളിൽ ഇപ്പോഴും ഇവയുണ്ട്.

''നിങ്ങൾ ദത്തെടുക്കുന്ന ഓരോ കുഞ്ഞിനെയും ആ കുഞ്ഞ് ജനിച്ചത് ഹിന്ദുമതത്തിലോ മുസ്ലിം മതത്തിലോ ആണെങ്കിൽ ആ മതങ്ങളിൽ വളരാൻ അവരെ അനുവദിക്കാത്ത നിങ്ങൾക്കെതിരെ കോടതിയിൽ പോകാൻ എനിക്കു കഴിയുമെന്ന'' വിശദീകരണത്തോടെയാണ് രജനീഷ് തെരേസയ്ക്കുള്ള കത്തുകൾക്ക് വിരാമമിട്ടത്.ഉത്തരം മുട്ടിപ്പോയ മദർ പിന്നെ ഒരു കത്തും അയച്ചില്ല.

ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ മാധ്യമങ്ങളും കത്തോലിക്കാ സഭയും പർവതീകരിക്കുന്നത് കണക്കിലെടുക്കാതെ വസ്തുനിഷ്ഠമായി വിലയിരുത്തിയാൽ മദറിന്റെ ചെയ്തികളിൽ ഒരുപാട് തെറ്റുകൾ കണ്ടെത്താൽ കഴിയും. എന്നുവെച്ച അവർ യാതൊരു സേവനവും ചെയ്യാത്ത വ്യക്തിയാണെന്നും അഭിപ്രായപ്പെടേണ്ട കാര്യമില്ല. പക്ഷേ വിമർശനത്തിന് അതീതരായി ആരുമില്ല എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ ഒരിക്കൽ കൂടി തെളിയിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ നെടുംതൂണെന്ന് പറയുമ്പോഴും നാം വിശുദ്ധ പശുക്കൾക്ക് നേരെ പലപ്പോഴും കണ്ണടയ്ക്കുകയാണ്.


റഫറൻസ്-ക്രിസ്റ്റഫർ ഹിച്ചൻസ് - പുസ്തകം ദി മിഷനറി പൊസിഷൻ'

ദ ഹെൽസ് ഏഞ്ചൽ - ഡോക്യുമെന്റി- താരിഖ് അലി

ഓഷോ രജനീഷിന്റെ പുസ്തങ്ങൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP