Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

ക്യാപ്റ്റൻ കൃഷ്ണൻ നായരിൽനിന്ന് ചാക്ക് രാധാകൃഷനിലേക്ക്; രവിപിള്ളയും യൂസഫലിയും പാർട്ടിനേതാക്കളുടെ സ്ഥിരം ജോലി ദാതാക്കൾ; ഫാരീസ് അബൂബക്കർ തൊട്ട് അനസ് മണാറവരെയുള്ള വിവാദ വ്യവസായികൾ ചങ്ങാതിമാർ; സ്വർണ്ണക്കടത്തിലും ഹവാലയിലും ആരോപിതരായ ഇടതു സ്വതന്ത്രന്മാർ; മയക്കുമരുന്ന് കേസ് തൊട്ട് പീഡനക്കേസിൽവരെ ആരോപിതരായ മന്ത്രി പുത്രന്മാർ; പരിപ്പുവടക്കാലത്തിൽനിന്ന് പണക്കൊഴുപ്പിലേക്ക്; സിപിഎമ്മിനെ വിഴുങ്ങുന്ന അവതാരങ്ങളുടെ കഥ

ക്യാപ്റ്റൻ കൃഷ്ണൻ നായരിൽനിന്ന് ചാക്ക് രാധാകൃഷനിലേക്ക്; രവിപിള്ളയും യൂസഫലിയും പാർട്ടിനേതാക്കളുടെ സ്ഥിരം ജോലി ദാതാക്കൾ; ഫാരീസ് അബൂബക്കർ തൊട്ട് അനസ് മണാറവരെയുള്ള വിവാദ വ്യവസായികൾ ചങ്ങാതിമാർ; സ്വർണ്ണക്കടത്തിലും ഹവാലയിലും ആരോപിതരായ ഇടതു സ്വതന്ത്രന്മാർ; മയക്കുമരുന്ന് കേസ് തൊട്ട് പീഡനക്കേസിൽവരെ ആരോപിതരായ മന്ത്രി പുത്രന്മാർ; പരിപ്പുവടക്കാലത്തിൽനിന്ന് പണക്കൊഴുപ്പിലേക്ക്; സിപിഎമ്മിനെ വിഴുങ്ങുന്ന അവതാരങ്ങളുടെ കഥ

എം മാധവദാസ്

 മാവേലി സ്റ്റോറിൽ എടുത്തുകൊടുപ്പുകാരന്റെ ജോലി കിട്ടാത്തതിന് ഒരു മന്ത്രിയുടെ ഇളയ സഹോദരൻ ജീവനൊടുക്കിയ നാടാണിത്! പത്തിരുപതു വർഷം മുമ്പ് കണ്ണൂരിൽ ജോലിചെയ്തിരുന്നു മാധ്യമ പ്രവർത്തകർ മറക്കാത്ത സംഭവമാണ് അത്. മന്ത്രിയൊന്ന് വിളിച്ചു പറയുന്നത് പോകട്ടെ സ്റ്റാഫിലെ ആരോടെങ്കിലും ഒന്ന് വിളിക്കാൻ ചുമതലപ്പെടുത്തുകയെങ്കിയും ചെയ്തിരുന്നെങ്കിൽ, മാനേജർ ആ ചെറുപ്പക്കാരന് വീട്ടിൽ കൊണ്ടുവന്നത് ആ താൽക്കാലിക ജോലി കൊടുക്കുമായിരുന്നു. എന്നാൽ ഇടുന്ന ഖദറുപോലെ വിശുദ്ധമായിരിക്കണം തന്റെ രാഷ്ട്രീയ ജീവിതമെന്ന് വിശ്വസിച്ചിരുന്ന ആ നേതാവ് എല്ലാതരം ശിപാർശകളെയും എതിർത്തിരുന്നു. ഇന്ന് നടക്കുന്ന ബന്ധുനിയമന വിവാദവും മന്ത്രി പുത്രന്മാരുടെയും നേതാക്കളുടെ പുത്രന്മാരുടെയും വിലസലും, അധികാരത്തിന്റെ ഇടനാഴികളിൽ രൂപപ്പെടുന്ന അവതാരങ്ങളുടെ കഥകളുമൊക്കെ ഓർക്കുമ്പോൾ, കേരളം എത്രമാത്രം ദല്ലാൾ രാഷ്ട്രീയത്തിലേക്ക് മാറിയെന്നത് നടുക്കുന്നു.

മുഖ്യമന്ത്രിയായിരിക്കെ തന്റെ ബന്ധുവിനെ ഒരു നിയമനത്തിൽനിന്ന് ഒഴിവാക്കിയ സി അച്യുതമേനോനും, സംശുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകമായ കോൺഗ്രസ് നേതാവ് പി പി ഉമ്മർകോയയും, മക്കൾ കൂലിപ്പണിയെടുത്ത് ജീവിക്കുന്നതിൽ അഭിമാനിച്ചിരുന്ന സിപിഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദനും, രണ്ടുതവണ മന്ത്രിയായിട്ടും കടങ്ങൾ കാരണം വീടു വിറ്റുപോയ പാലോളി മുഹമ്മദ് കുട്ടിയും, എക്സൈസ് മന്ത്രിയായിട്ടും നയാപ്പൈസ സമ്പാദിക്കാത്ത പി കെ ഗുരുദാസനും അടക്കമുള്ള നേതാക്കൾ ഇന്ന് കുറ്റുയറ്റുപോവുകയാണ്. പിണറായി സർക്കാറിന്റെ ഭരണം അവസാനത്തെ ലാപ്പിലേക്ക് കടക്കുമ്പോൾ ശരിക്കും ഇടതുപക്ഷ ഭരണമല്ല ദല്ലാൾ ഭരണമാണ് ഇവിടെ നടക്കുന്നതെന്ന് കാണാം. എന്തിലും ഏതിലും പവർ ബ്രോക്കർമാരും അവതാരങ്ങളും. പിഎസ്‌സിയിൽപോലും സ്വജനപക്ഷപാതം.

അവതാരങ്ങളുടെ പിറവിയെക്കുറിച്ച് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്.'സൂക്ഷിക്കണം, അവതാരങ്ങൾ പലരൂപത്തിലും വരും.' പക്ഷേ അധികാരത്തിന്റെ ഇടനാഴികളിൽ ചുറ്റിത്തിരിഞ്ഞു കാര്യം സാധിച്ചു നൽകുന്ന ചെറുകിട ദല്ലാളുകളിൽ നിന്ന് റിയൽ എസ്റ്റേറ്റും ഹവാലയും സ്വർണ്ണക്കടത്തും മയക്കുമരുന്ന കച്ചവടുമായി അരങ്ങു വാഴുന്ന അവതാര ഭീമന്മാർ ഇടതുഭരണത്തിലും വരാൻ ഇരിക്കുന്നതേയുള്ളൂവെന്ന് ജനങ്ങൾ കരുതിയില്ല. മാർക്സിസ്റ്റ് സൈദ്ധാന്തികനും ആർ എം പി നേതാവുകമായ ഡോ ആസാദ് ഇങ്ങനെ നിരീക്ഷിക്കുന്നു. 'ചങ്ങാത്ത മുതലാളിത്തം എന്നു പറയുന്നതിന്റെ ഏറ്റവും മോശം രൂപമാണ് നാം സിപിഎമ്മിൽ കാണുന്നത്. അത് ഒരു ഇടതുപക്ഷ പാർട്ടിയേ അല്ലാതായിരിക്കുന്നു. അധികാരം വരുമ്പോൾ ദുഷിക്കാതിരിക്കാനുള്ള യാതൊരു മൂൻകരുതലും അവിടെയുണ്ടാവുന്നില്ല. പാർട്ടി തെറ്റുതിരുത്തൽ രേഖയിലൂടെയൊക്കെ ആവുന്നത്ര മുന്നറിയിപ്പ് നൽകിയിട്ടും ഒരു തെറ്റും തിരുത്തപ്പെടുന്നില്ല. മന്ത്രി പുത്രന്മാരുടെ വ്യവസായികളുടെയും വ്യാപാരികളുടെയും സ്വപ്ന സുന്ദരികളുടെയും രൂപത്തിൽ പുതിയ പുതിയ അവതാരങ്ങൾ രൂപപ്പെടുന്നത് അങ്ങനെയാണ്. ജനാധിപത്യമല്ല, പണാധിപത്യമാണ് ഇപ്പോൾ സിപിഎമ്മിനെ നയിക്കുന്നത്.'

ഈ നിരീക്ഷണം ശരിവെച്ചുകൊണ്ട് പുതിയ പുതിയ അവതാരങ്ങളെ നാം പിണറായി സർക്കാറിന്റെ ഭരണത്തിലും കാണുന്നു. യുപിഎ സർക്കാറിന്റെ കാലത്ത് കേന്ദ്രത്തിൽ അധികാരത്തിന്റെ ഇടനാഴികളിൽ രൂപപ്പെട്ട ഒരു പേരായിരുന്നു റാഡിയ പാർട്ടി. നീരാ റാഡിയയെന്ന സുന്ദരിയായ ഇടനിലക്കാരി നടത്തുന്ന പാർട്ടികളിൽ വച്ചായിരുന്നു കൃഷ്ണ ഗോദാവരി തടത്തിലെ ഏണ്ണ നിക്ഷേപങ്ങൾ ആർക്ക് കൊടുക്കണം എന്നതും, 2ജി ലേലം എങ്ങനെയായിരിക്കണം എന്നതുപോലുള്ള നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാവാറുള്ളത്. ഈ കൊച്ചുകേരളത്തിലും നോക്കുക, മന്ത്രി പുത്രൻ സ്വപ്നയും ചേർന്ന് നടത്തിയ പാർട്ടിയുടെ വിവരങ്ങൾ പുറത്തുവരുന്നു. ലൈഫ് പദ്ധതയിൽ ഉണ്ടായ കോടികളുടെ അഴിമതിയുടെ വിവാദത്തിൽ മന്ത്രി പുത്രന്മാരും ഉണ്ടാവുന്നു. മയക്കുമരുന്ന് കേസിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകൻ ആരോപിതനാവുന്നു. സ്വർണ്ണക്കള്ളക്കടുത്തുകേസിൽ സംസ്ഥാന സർക്കാറിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മന്ത്രി ചോദ്യം ചെയ്യപ്പെടുന്നു. എന്നിട്ടും നാം പറയുന്നു കേരളത്തിൽ ഇടതുപക്ഷ സർക്കാരാണ് ഭരിക്കുന്നതെന്ന്.

പക്ഷേ കേരളത്തിന്റെ പൊതു ചിത്രം എടുത്തുനോക്കിയാൽ ഇത് ഒറ്റപ്പെട്ടതാണെന്ന് പറയാൻ കഴിയില്ല. പഞ്ചായത്ത് മുതൽ സെക്രട്ടറിയേറ്റ് വരെ അടിമുടി അവതാരങ്ങൾ കയറി ഇറങ്ങുകയാണ്. 'റിയൽ എസ്റ്റേറ്റുകാരം ബാർ മുതലാളിമാരും കള്ളപ്പണക്കാരും പാർട്ടികോൺഗ്രസുകൾക്കും സമ്മേളനങ്ങൾക്കും കൈയയച്ച് സംഭാവന ചെയ്യുമ്പോൾ അവിടെ ചങ്ങാത്ത മുതലാളിത്തത്തിന്റെ പുതിയ സാധ്യകൾ ആണ് തെളിയുന്നത്. മലബാറിൽ ഇടതുപക്ഷ സ്വതന്ത്രർ എന്ന പേരിൽ സിപിഎം വേഷം കെട്ടിച്ച് കൊണ്ടുവന്ന മുതലാളിമാരെ നോക്കുക. ഹവാലയും സ്വർണ്ണക്കടത്തും നടത്തിയവർ വരെ ഇക്കുട്ടത്തിലുണ്ട്. അവർ അധികാരത്തിൽവന്നാൽ പിന്നെ ആരുടെ താൽപ്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുക. അതുകൊണ്ടുതന്നെയാണ് ഓരോ ദിവസവും പുതിയ പുതിയ അവതാരങ്ങളുടെ കഥകൾ നാം കേൾക്കുന്നത്. '- സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും എഴുത്തുകാരനുമായ സജീവ് ആല ചൂണ്ടിക്കാട്ടുന്നു.

അനസ് മണാറയെന്ന പുതിയ അവതാരം

ഓരോ ദിവസം ഓരോ അവതാരപ്പിറവിയാണ് ഇപ്പോൾ കേരളത്തിൽ. ഏറ്റവും അവസാനം കേട്ടത് അനസ് മണറായെന്ന അവതാരത്തെക്കുറിച്ചാണ്. സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നതാനായി മന്ത്രി കെ.ടി ജലീൽ ഉപയോഗിച്ച വാഹനം അരൂരിലെ പ്രമുഖ വ്യവസായി അനസ് മണാറയുടേതായിരുന്നു. അതിരഹസ്യമായി ജലീലിനെ ഇവിടെ എത്തിക്കാൻ തക്ക ഹൃദയബന്ധം അവർ തമ്മിലുണ്ട്. ഇത്തരം ചങ്ങാത്തക്കൾ തന്നെയാണ് അധികാരത്തിന്റെ ഇടനാഴികളിൽ കുറമുന്നണിയായി രൂപപ്പെടുന്നതും.

കെ.ടി ജലീലുമായി അടുത്ത ബന്ധമുള്ള കടുത്ത സിപിഎം പ്രവർത്തകനാണ് ഈ വ്യവസായി. ജോയിന്റ് ഫ്രീ എന്ന മുട്ടുവേദനയ്ക്കുള്ള മരുന്ന നിർമ്മിക്കുന്ന മണാറ കെയറിന്റെ ഉടമകൂടിയാണ് ഇദ്ദേഹം. കൂടാതെ അരൂരിലെ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന താഹിറ കെമിക്കൽസ്, ഈസ്റ്റേൺ സീ ഫുഡ് കമ്പനി അങ്ങനെ തുടങ്ങീ നിരവധി വ്യവസായ സ്ഥാപനങ്ങളും റിയൽ എസ്റ്റേറ്റ് ബിസിനസുകളും ഉണ്ട്.

സിപിഎം നേതാക്കളുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് അനസ്. പോളിറ്റ് ബ്യൂറോ അംഗമായ എം.എ ബേബിയും മന്ത്രി ജി സുധാകരനും കടന്നപ്പള്ളി രാമചന്ദ്രനുമെല്ലാം അനസിന്റെ അടുത്തയാളുകളാണെന്നുള്ള ചിത്രങ്ങൾ പുറത്തു വരുന്നുണ്ട്. അരൂരിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതും അനസാണെന്നുള്ള വിവരമാണ് ലഭിക്കുന്നത്. അനസ് പറയുന്നതിനപ്പുറം ഒന്നും അരൂരിൽ നടക്കില്ല. വ്യവസായ വകുപ്പിലും വലിയ പിടിപാടാണ് ഇയാൾക്ക്.

അരൂരിലെ ഇൻഡുസ്ട്രിയൽ എസ്റ്റേറ്റിലെ 90 ശതമാനത്തോളം ഭാഗം ഇയാളുടെ കൈവശമാണ് ഉള്ളത്. പല സിപിഎം നേതാക്കളുടെയും ബിനാമിയാണെന്നും സംസാരമുണ്ട്. കോതമംഗലത്തെ കുടുംബ വീട്ടിലും അരൂരിലെ വീട്ടിലും പലപ്പോഴും എൻഫോഴ്സ്മെന്റും ഇൻകംടാക്സും റെയ്ഡ് നടത്തിയിട്ടുണ്ട്. എന്നാൽ ഉദ്യോഗസ്ഥർക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നിൽ ഉന്നത രാഷ്ട്രീയ ബന്ധമാണെന്നാണ് നാട്ടുകാർ പറയുന്നത്.അനസിന്റെ പിതാവ് സെയ്ദ് മുഹമ്മദ് റിട്ടേ എസ് ഐ ആയിരുന്നു. സർക്കാർ സർവീസിൽ ഇടതുപക്ഷ യൂണിയൻ അംഗമായിരുന്നു. റിട്ടയർമെന്റിന് ശേഷം ഇടതുപക്ഷ രാഷ്ട്രീയത്തിലായിരുന്നു പ്രവർത്തനം. പല്ലാരി മംഗലം പഞ്ചായത്ത് രൂപീകരിച്ച കാലം മുതൽ മുസ്ലിം ലീഗായിരുന്നു പഞ്ചായത്ത് ഭരണം കൈയാളിയിരുന്നത്. എന്നാൽ 2000 ൽ പഞ്ചായത്തിൽ ആദ്യമായി അനസിന്റെ പിതാവിന്റെ നേതൃത്വത്തിൽ ഇടതുപക്ഷം അധികാരത്തിലെത്തി. തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം പല തരത്തിലുള്ള സംഘർഷങ്ങൾ ഉണ്ടായി.

ഈ സംഘർഷത്തിനിടെ പൈനാപ്പിൾ വെട്ടുന്ന വടിവാളിന് അനസിനെ വെട്ടുകയും മരിച്ചെന്ന് ഉറപ്പാക്കി കിണറ്റിൽ എറിയുകയും ചെയ്തു. സംഭവം അറിഞ്ഞ് പാർട്ടി പ്രവർത്തകരെത്തി ചേർന്ന് ഫയർഫോഴ്‌സിനെ വിളിച്ച് അനസിനെ ബസേലിയസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ അവിടെനിന്നും കോലഞ്ചേരിയിൽ എത്തിച്ചു. അടുത്ത ദിവസം മെഡിക്കൽ ട്രസ്റ്റിൽ കൊണ്ടു പോയാണ് ജീവൻ രക്ഷിക്കാനായത്. അതിന് ശേഷം അനസ് സിപിഎമ്മിന്റെ അടുത്ത പ്രവർത്തകനായി തുടരുകയായിരുന്നു.വ്യവസായി ആയി വളർന്നതോടുകൂടിയാണ് കെ.ടി ജലീലുമായി അടുത്ത ബന്ധം തുടരുന്നത്. ജലീലിന്റെ മനസാക്ഷിസൂക്ഷിപ്പുകാരിൽ ഒരാളാണ് അനസ് എന്നും പാർട്ടീ പ്രവർത്തകർക്കിടയിൽ അഭ്യൂഹമുണ്ട്. കൊച്ചിയിലെത്തിയാൽ അനസിനെ കാണാതെ ജലീൽ മടങ്ങില്ല. അത്തരത്തിലുള്ള ബന്ധമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്ക് പോകുമ്പോൾ മാധ്യമങ്ങൾ അറിയാതിരിക്കാനായി സാഹായം ചെയ്തു കൊടുക്കാനിടയായത്.

കോതമംഗലം പൈമറ്റം സ്വദേശീയായ അനസ് വർഷങ്ങളായി ആലപ്പുഴ അരൂരിൽ ആണ് താമസിക്കുന്നത്. അറിയപ്പെടുന്ന സീഫുഡ് ഏക്‌സ്‌പോർട്ടറാണ് അനസ്സ്. മറ്റ് മൂന്നു കമ്പിനികളും ഇയാൾ നടത്തുന്നുണ്ട്. ഹജ്ജ് കമ്മറ്റിയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനത്തിനപ്പുറം ബിനസ്സ് കാര്യത്തിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടായിരുന്നില്ലന്നാണ് അവർ പറയുന്നത്. എന്നാൽ അങ്ങനെയല്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്. യൂ ഡി എഫിന്റെ കാലത്തും എൽ ഡി എഫിന്റെ ഭരണത്തിലുമെല്ലാം അനസ്സ് ഹജ്ജുകമ്മറ്റിയുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചിരുന്നെന്നും ഇതിൽ രാഷ്ട്രീയമില്ലന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് അനസ്സിന്റെ കുടംബവൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എസ് ഐ സെയ്ദ് മുഹമ്മദിന്റെ മകന്റ കോടീശ്വരനായുള്ള വളർച്ച ആരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു സഹോദരൻ രാഷ്ട്രീയത്തിലായികുന്നു. പത്തുകൊല്ലം ഗൾഫിൽ ജോലി എടുത്തു. അതിന് ശേഷം ഗൾഫിലെ സാമ്പത്തികം കൊണ്ട് കച്ചവടം തുടങ്ങി. പിന്നെ അതിവേഗം വളർന്നു. ചെമ്മീന്റെ തോട് പൊളിച്ച് കയറ്റുമതി ചെയ്യുന്ന ബിസിനസ്സിൽ വലിയ നേട്ടമുണ്ടായി. ഇതോടെയാണ് അനസിന് ഉന്നത ബന്ധങ്ങളും തുടങ്ങുന്നത്. ഓരോ അവതാരത്തിന്റെയും കഥ ഇങ്ങനെ തന്നെയാണ്. അവർക്ക് പിന്നിൽ ഒരു രാഷ്ട്രീയ നേതാവുണ്ടാവും.

അധികാരത്തിന്റെ ഇടനാഴികളിലെ സ്വപ്നറാണി

ചങ്ങാത്തമുതലാളിത്തം എക്കാലവും നന്നായി ഉപയോഗിക്കുന്ന ഒരു ടെക്ക്നിക്കാണ് ഹണി ട്രാപ്പ്. നോക്കണം വെറും പ്ലസ്ടു വിദ്യാഭ്യാസം മാത്രമുള്ള സ്വപ്ന സുരേഷ് ലൈഫ് മിഷനിൽപ്പോലും കോടികളാണ് കമ്മീഷനായി അടിച്ചുമാറ്റിയത്. കഴിഞ്ഞ യുഡിഫ് സർക്കാറിന്റെ കാലത്ത് സരിതാ നായർ ചെയ്തതിന്റെ അത്രയൊന്നും വരില്ലെങ്കിലും മുഖ്യമന്ത്രിക്കസേരയുടെ അടുത്തുവരെ എത്താൻ സ്വപ്ന സുരേഷിനും കഴിഞ്ഞു. ഇപ്പോഴിതാ ഒരു മന്ത്രിപുത്രനുവേണ്ടി സ്വപ്ന പാർട്ടി നടത്തിയതിന്റെ വിവരങ്ങളും പുറത്താവുകയാണ്. അതായത് കൃത്യമായ രാഷ്ട്രീയ ബന്ധം തന്നെയാണ് സ്വപ്നയുടെ കരുത്ത് എന്ന് വ്യക്തം.

സ്വപ്ന സുരേഷിന് തലസ്ഥാനത്ത് ഒരു മന്ത്രിയുടെ മകൻ വിരുന്നൊരുക്കിയതിന്റെ വിശദാംശങ്ങൾ തേടിയിരിക്കയാണ് കേന്ദ്ര ഏജൻസികൾ. സ്വപ്നയുമൊത്തുള്ള മന്ത്രിയുടെ മകന്റെ ചിത്രങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് വിശദാംശങ്ങൾ കേന്ദ്ര ഏജൻസികൾ തേടിയത്. 2018 ൽ തലസ്ഥാനത്തെ ഹോട്ടലിലായിരുന്നു മന്ത്രിപുത്രന്റെ വിരുന്ന്. വാർത്തകളിൽ പറയുന്ന മന്ത്രി പുത്രൻ ഇ പി ജയരാജന്റെ മകൻ കോറോത്ത് ജെയ്‌സൺ ആണെന്ന് ആരോപിച്ചു ബിജെപിയും രംഗത്തുവന്നിരുന്നു. ഇതോടെ വിവാദം കൊഴുക്കുയാണ്.

മന്ത്രിയുടെ മകന്റെ യുഎഇയിലെ വീസാ കുരുക്ക് പരിഹരിച്ചത് അന്ന് കോൺസുലേറ്റിലായിരുന്ന സ്വപ്ന സുരേഷ് ഇടപെട്ടായിരുന്നു. ഇതിന് നന്ദി പ്രകടിപ്പിച്ചാണ് വിരുന്നൊരുക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം. വിരുന്നിൽ തലസ്ഥാനത്തെ മറ്റൊരു സിപിഎം പ്രമുഖ ദുബായിലുള്ള മകനടക്കം പങ്കെടുത്തിരുന്നു. ഇദ്ദേഹമാണ് മന്ത്രിപുത്രനെ സ്വപ്ന സുരേഷിന് പരിചയപ്പെടുത്തിയിരുന്നത്.ഈ വിരുന്നിന് പിന്നാലെയാണ് 2019 ൽ ലൈഫ് മിഷൻ കരാറിൽ മന്ത്രിയുടെ മകൻ ഇടനിലക്കാരനായതെന്നാണ് സൂചന. കേന്ദ്ര ഏജൻസികൾ മന്ത്രിയുടെ മകനെയും ചോദ്യം ചെയ്യും. വിരുന്നിലെ ചിത്രങ്ങൾ കേന്ദ്ര ഏജൻസിക്ക് ലഭിച്ചതിന് പിന്നാലെ ഇതിന്റെ് വീഡിയോ ദൃശ്യങ്ങൾക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്ന സുരേഷിനൊപ്പം മന്ത്രിപുത്രനും കോടികൾ കമ്മീഷൻ വാങ്ങിയെന്ന ആരോപണമാണ് സർക്കാറിന് തലവേദനയായി മാറുന്നത്. ലൈഫ് മിഷൻ പദ്ധതി വഴി വടക്കാഞ്ചേരിയിൽ ഫ്‌ളാറ്റുകൾ നിർമ്മിക്കുന്നതിനു കരാർ കിട്ടാൻ യൂണിടെക്ക് നൽകിയ നാലു കോടിയിലൊരു പങ്ക് മന്ത്രി പുത്രനും ലഭിച്ചെന്നാണ് ഉയരുന്ന ആരോപണം.

തലസ്ഥാനത്തെ നക്ഷത്രഹോട്ടലിൽ സ്വപ്നയ്ക്കൊപ്പം മന്ത്രിപുത്രൻ നിൽക്കുന്നതിന്റെ 24 ചിത്രങ്ങൾ സ്വപ്നയുടെ ലാപ്ടോപ്പിൽനിന്ന് അന്വേഷണസംഘത്തിനു ലഭിച്ചതായുള്ള സൂചനയുമുണ്ട്. മന്ത്രിപുത്രനെ എൻ.ഐ.എ. ചോദ്യം ചെയ്യുമെന്നും ദുബായ് യാത്രകളും പരിശോധിക്കും. കമ്മീഷൻ സംബന്ധിച്ച് കെട്ടിട നിർമ്മാതാക്കളായ യൂണിടെക് ഉടമകളെ വീണ്ടും ചോദ്യം ചെയ്യാനും കേന്ദ്ര ഏജൻസികൾ തീരുമാനിച്ചിട്ടുണ്ട്. സ്വപ്ന സുരേഷ് ആശുപത്രിയിൽ എത്തിയപ്പോൾ ഒരു നഴ്സിന്റെ ഫോണിൽനിന്ന് ചിലരെ ബന്ധപ്പെട്ടെന്ന ആരോപണവും ബിജെപി ഉന്നയിച്ചിട്ടുണ്ട്. ഇവർ ആരെ വിളിച്ചു, എന്തിന് വിളിച്ചു എന്ന് കണ്ടെത്തണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടത് വിവാദങ്ങൾ കൊഴുക്കാൻ ഇടയാക്കിയിട്ടുണ്ട്.

തലസ്ഥാനത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ മുറിയിൽ വച്ചുള്ളതാണ് പുറത്തുവന്ന മന്ത്രിപുത്രന്റെ ചിത്രങ്ങളെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രി ദുബായിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനു മുൻപായിരുന്നത്രെ ഈ ഇടപാട്. സ്വപ്ന സുരേഷും മന്ത്രിപുത്രനും മറ്റൊരു ഇടനിലക്കാരനും ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നു. ആദ്യം ഇവർക്കു കൈമറിഞ്ഞ 2 കോടിയിൽ 30 ലക്ഷം ഈ മൂന്നാമനു നൽകാമെന്നായിരുന്നുവത്രെ വാഗ്ദാനം. ഇതു പക്ഷേ, മന്ത്രിപുത്രൻ ലംഘിച്ചതോടെയാണ് ചിത്രങ്ങൾ പുറത്തേക്കു പോയത്. ഇതിൽ ചിലത് അന്വേഷണ സംഘത്തിനും കിട്ടിയെന്നാണ് സൂചനയെന്നും മലയാള മനോരമ റിപ്പോർട്ടു ചെയ്തിരുന്നു. ലൈഫ് മിഷൻ ഇടപാടിൽ യുണിടാക്കിന്റെയും റെഡ് ക്രസന്റിന്റെയും ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് മന്ത്രിപുത്രനാണെന്ന് അന്വേഷണ സംഘം കരുതുന്നു. കണ്ണൂരിൽ ഒരു പ്രമുഖ റിസോർട്ടിന്റെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. സ്വർണക്കടത്തു കേസിൽ അന്വേഷണ പരിധിയിലുള്ള യുഎഎഫ്എക്‌സ് എന്ന വീസ സ്റ്റാംപിങ് ഏജൻസിയുടെ ഡയറക്ടർക്കും ഈ റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്നാണു വിലയിരുത്തൽ.

മന്ത്രി ജയരാജനും കുരുക്കിലേക്ക്

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുഎഎഫ്എക്‌സ് സൊല്യൂഷൻസുമായി വ്യവസായ മന്ത്രി ഇ.പി ജയരാജന് അടുത്ത ബന്ധമുണ്ടെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. മന്ത്രിയുടെ മകൻ ചെയർമാനായ ആയുർവേദ റിസോർട്ടിൽ യുഎഎഫ്എക്‌സ് ഡയറക്ടർക്ക് ബിസിനസ് പങ്കാളിത്തമുണ്ടെന്ന് കോൺഗ്രസ് ചാനലയാ ജയ്ഹിന്ദ് ടിവിയാണ് നൽകിയത്. ബിനീഷ് കോടിയേരിക്കും യുഎഎഫ്എക്സ് സൊല്യൂഷൻസ് ഡയറക്ടർമാരുമായി അടുത്ത സൗഹൃദമുണ്ട്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ബാംഗ്ലൂരിലേക്ക് കടക്കാൻ യുഎഎഫ്എക്‌സ് സൊല്യൂഷൻസ് സൗകര്യമൊരുക്കിയതായും സംശയമുണ്ട്.

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിലാണ് യുഎഎഫ്എക്സിനെ കുറിച്ച് പ്രതിപാദിക്കുന്നത്. തന്റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ യുഎഎഫ്എക്സ് ഉൾപ്പെടെയുള്ള കമ്പനികൾ യുഎ ഇ കോൺസുലേറ്റുമായി നടത്തിയ ഇടപാടിൽ ലഭിച്ച കമ്മീഷൻ എന്നായിരുന്നു മൊഴി. ഇതിൽ എൻഫോഴ്‌സ്‌മെന്റ് ഉൾപ്പെടെ അന്വേഷണം നടത്തുന്നുണ്ട്. യുഎഎഫ്എക്‌സ് സൊല്യൂഷൻ ഡയറക്ടർ സുജാതന്റെ ഉടമസ്ഥതയിലുള്ള മാർബിൾ വിപണന ശൃംഖലയുടെ ഉദ്ഘാടനത്തിൽ ഇ.പി. ജയരാജന്റെ സാന്നിധ്യമുണ്ട്. ഇ.പി.ജയരാജന് ഇദ്ദേഹത്തിന്റെ വ്യവസായ സംരഭങ്ങളിൽ നിക്ഷേപമുണ്ടെന്നാണ് സിപിഎം നേതാക്കൾക്കിടയിലെ സംസാരമെന്നുമായരുന്നു പുറത്തുവന്ന വാർത്ത.

സുജാതൻ ഡയറക്ടറായ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ ജയരാജന്റെ മകൻ പുതുശ്ശേരി കോറോത്ത് ജയ്സൺ ആണെന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. പാർട്ടി ശക്തികേന്ദ്രമായ ആന്തൂർ മുനിസിപ്പാലിറ്റിയാലണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സ്ഥാപനത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു. പത്തേക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സ്ഥാപനത്തിന്റെ നിർമ്മാണം പരിസ്ഥിതിക്ക് ദോഷം വരുന്ന നിലയിൽ കുന്നിടിച്ചായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.

യുഎഎഫ്എക്സ് സൊല്യൂഷൻ ഡയറക്ടർമാരായ അരുൺ വർഗീസ്, ടി അമീർ കണ്ണ് റാവുത്തർ എന്നിവരുമായി ബിനീഷ് കോടിയേരിക്കും അടുത്തബന്ധം ഉണ്ട്. യുഎഎഫ്എക്സ് സൊല്യൂഷൻസിൽ ഡയറക്ടറല്ലെങ്കിലും ബിനീഷിന് സ്ഥാപനത്തിൽ നിക്ഷേപം ഉള്ളതായാണ് എൻ.ഐ.എയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബിനീഷിന്റെ ചോദ്യം ചെയ്യൽ. കോൺസുലേറ്റ് വഴി നയതന്ത്ര ബാഗേജിന്റെ മറവിൽ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് എൻ.ഐ.എയ്ക്ക് ലഭിച്ചിരിക്കുന്ന മൊഴി. ഇത്തരത്തിൽ കൊണ്ടുവരുന്ന ബാഗേജുകൾ നേരേ യു.എ.എഫ്.എക്സ് ഓഫീസിലേക്കാണ് കൊണ്ടുപോകുന്നതെന്നാണ് എൻ.ഐ.എയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം.

പല രൂപത്തിലാണ് സ്വർണം ഇത്തരത്തിൽ കടത്തിയിരുന്നത്. ഏറ്റവും ഒടുവിൽ കടത്തിയത് വാതിൽ പിടിയുടെ രൂപത്തിലായിരുന്നു. പലരൂപത്തിൽ വരുന്ന സ്വർണം യു.എ.എഫ്.എക്സ് ഓഫീസിൽ സൂക്ഷിച്ച ശേഷമാണ് ഉചിതമായ സമയം നോക്കി വേർതിരിച്ചെടുക്കുന്നതും തിരുവനന്തപുരത്ത് തന്നെയുള്ള പണിശാലയിലേക്ക് കൊണ്ടുപോകുന്നതും അവിടെ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കടത്തുന്നതും. സന്ദീപ് നായർ, സ്വപ്ന എന്നിവർക്ക് നിർണ്ണായക സ്വാധീനമായിരുന്നു ഈ സ്ഥാപനത്തിലെന്നാണ് എൻ.ഐ.എ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.

ക്യാപ്റ്റൻ കൃഷ്ണൻ നായരിൽ നിന്ന് ചാക്ക് രാധാകൃഷ്ണനിലേക്ക്

സിപിഎമ്മിന്റെ ചങ്ങാത്ത മുതലാളിത്തത്തിന്റെ തുടക്കം ക്യാപറ്റൻ കൃഷ്ണൻ നായരിൽനിന്നാണെന്ന് എം എൻ വിജയനെപ്പോലുള്ളവർ നേരത്തെ വിമർശിച്ചിരുന്നു. നായനാർ സർക്കാറിന്റെ കാലത്തൊക്കെ ശക്തനായിരുന്ന കൃഷ്ണൺ നായർ പക്ഷേ മാന്യനായ ഒരു വ്യവസായി ആയിരുന്നു. അനർഹമായ പദ്ധതികൾ കൊണ്ടുവരാനും കമ്മീഷൻ അടിക്കാനും അദ്ദേഹത്തിന് താൽപ്പര്യമില്ലായിരുന്നു. ഇക്കാലത്ത് അദ്ദേഹം പാർട്ടിയുമായി വല്ലാതെ ഇടയുകയും ചെയ്തു.

പക്ഷേ പാർട്ടി നേതാക്കളുടെ പുത്രന്മാരുടെ കാര്യം വന്നപ്പോഴാണ് ഈ മുതലാളിത്ത വാചോടോപങ്ങൾ ഒക്കെ തീർത്തും മാറിയത്. ബിനീഷ് കോടിയേരി മുതൽ പിണറായിയുടെ മകൾ വീണവരെ ആദ്യം ജോലിചെയതിരുന്നത് രവി പിള്ളയുടെ ഓഫീസിൽ ആയിരുന്നു. ഇപ്പോൾ ബിനീഷിന്റെ ജേഷ്ഠൻ ബിനോയ് കോടയേരി അഞ്ചുകോടി രുപ കൊടുത്ത് ബീഹാറി പെൺകുട്ടിയുടെ പിതൃത്വക്കേസ് പിൻവലിപ്പിച്ചതിന് പിന്നിലും പണം മുടക്കിയത് ആരാണെന്ന് വ്യകതം. 'സിപിഎമ്മിന് എതിർപ്പ് അദാനിപോലുള്ള കുത്തകളോട് മാത്രമാണ്. അവർക്ക് യൂസുഫലിയോടും രവി പിള്ളയോടും യാതൊരു എതിർപ്പുമില്ല. കാരണം അവരുടെ മക്കളുടെ റിക്രൂട്ട്മെന്റ് ഏജൻസികളാണ് ഈ വ്യവസായികൾ. ബിനീഷിനും ബിനോയിക്കുമെല്ലാം എന്ത് ബിസിനിസ് ചെയ്തുള്ള പരിചയം ആണുള്ളത്. ഒരു ആവറേജ് നടൻപോലുമല്ല ബിനീഷ്. നിർവികാരതയാണ് അയാളുടെ മുഖത്ത് നിറയുന്നത്. എന്നിട്ടും ബിനീഷിന് സിനിമയിൽ വേഷങ്ങൾ കിട്ടുന്നു. മയക്കുമരുന്നുകേസിൽ ആരോപിതനായിട്ടും അയാളെ സംരക്ഷിക്കാൻ ആളുകൾ നിറയുന്നു. കേരളത്തിൽ ഇടതുപക്ഷം എങ്ങോട്ട് എന്നതിന്റെ വ്യക്തമായ സൂചനയാണിത്.'- രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ എം എൻ പിയേസൺ ഒരിക്കൽ എഴുതിയത് ഇങ്ങനെയാണ്.

രാഷട്രീയ പാർട്ടികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഫണ്ട് റെയ്സിങ്ങ്. പണ്ടത്തെപ്പോലെ ബക്കറ്റ് പിരിവിനൊന്നും അർക്കും സമയവും താൽപ്പര്യവുമില്ല. അങ്ങനെ നോക്കുമ്പോൾ ഓരോ പ്രദേശത്തെയും പാർട്ടി കറവുപ്പശുക്കളാണ് ബാറുകാരും, മണലുകാരും, ക്വാറി ഉടമകളും മറ്റും. പാർട്ടി കോൺഗ്രസുകളും പ്ലീനങ്ങളും സംസ്ഥാന സമ്മേളനങ്ങളും സെമിനാറുകളും സിമ്പോസിയങ്ങളും അരങ്ങ് തകർക്കുമ്പോൾ ഇതിനുപിന്നിൽ ചെലവാകുന്ന പണം എവിടെ നിന്നാണെന്ന് ആരും ചിന്തിക്കാറില്ല. അങ്ങനെ തന്നെയാണ് ഫാരീസ് അബൂബക്കർ തൊട്ട് ചാക്ക് രാധാകൃഷ്ൺമ്മാർ വരെ പാർട്ടിക്കാരായി മാറുന്നത്. വിഎസിന് മാത്രമായിരുന്നു അവർ വെറുക്കപ്പെട്ടവർ ആയിരുന്നത്. പാർട്ടിക്ക് പ്രിയങ്കരരും. ഉമ്മൻ ചാണ്ടി സർക്കാർ അടച്ചുപൂട്ടിയ ബാറുകളൊക്കെ പൂർവാധികം ശക്തിയോടെ പിണറായി സർക്കാർ തുറന്നു കഴിഞ്ഞു. എത്ര കോടികളാണ് ഇതിനായി ഒഴുകിയതെന്ന് ആർക്കറിയാം.

പാർട്ടിക്ക് ഇണങ്ങാതെ മലപ്പുറം സ്വതന്ത്രർ

വന്നുവന്ന് മലബാറിൽ സിപിഎം സ്വീകരിച്ചിരിക്കുന്ന ഒരു നയം ഉണ്ട്. ഒരു വലിയ പണക്കാരനെ കണ്ടെത്തി സ്ഥാനാർത്ഥിയാക്കുക. അയാളെ പാർട്ടി സഹായിച്ചാൽ മതി. എങ്ങനെയെങ്കിലും പണം ഒഴുക്കി അയാൾ പ്രചാരണം നടത്തിക്കോളും. പി വി അൻവർ, വി അബുദുറഹിമാൻ എന്നീ രണ്ട് വേദനിക്കുന്ന കോടീശ്വരന്മാർ അങ്ങനെ മലപ്പുറത്ത് എം എൽഎ ആയി. ഇതിൽ അൻവർ ഉണ്ടാക്കത്ത പൊല്ലാപ്പുകൾ ഇല്ല. പരിസ്ഥിതി ചൂഷണത്തിൻെ പേരിൽ അടക്കം അവർ പാർട്ടിയെ നിരന്തരം പ്രതിക്കൂട്ടിലാക്കി. നിയാസ് പുളിക്കലകത്ത്, ഗഫൂർ പി ലില്ലീസ് തുടങ്ങിയവരെയും ഇതോടൊപ്പം ചേർത്ത് വായിക്കണം. വന്നുവന്ന് ഏത് പണച്ചാക്കാണ് ഇത്തവണ സ്ഥാനാർത്ഥി എന്ന് ചോദിക്കുന്നിടത്ത് കാര്യങ്ങൾ എത്തിയെന്നാണ് മലപ്പുറത്ത് പ്രചരിക്കുന്ന ഇടത് തമാശ.

'ഖുർആൻ വിവാദത്തിൽപെട്ട' മന്ത്രി കെ ടി ജലീലും ഒരു ഇടതു സ്വതന്ത്രൻ തന്നെയായിരുന്നു. മൂന്നുവർഷം മുമ്പുതെന്ന ഈ മൂന്നുപേരും പാർട്ടിക്ക് വഴങ്ങുന്നില്ല എന്ന ആരോപണം ശക്തമായിരുന്നു. സ്വതന്ത്രർ ' സ്വതന്ത്ര' മായി വിഹരിക്കുന്നതിൽ സിപിഎമ്മിൽ കടുത്ത അമർഷമാണ് ഉയർന്നത്.പാർട്ടിയോട് ആലോചിക്കാതെ കാര്യങ്ങളിൽ ഇടപെടുന്നതും പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും വാക്കുകൾക്ക് ചെവികൊടുക്കാത്തതുമാണ് പ്രധാനമായും സിപിഎമ്മിന് അകത്ത് പ്രതിഷേധം ഉയരാൻ വഴി ഒരുക്കിയിരിക്കുന്നത്.മുസ്ലിം ലീഗിൽ നിന്ന് പുറത്ത് വന്ന കെ ടി ജലീലിന് രാഷ്ട്രീയ അഭയം നൽകുകയും എംഎൽഎയായും മന്ത്രിയായും ഉയർത്തി കൊണ്ടുവരുകയും ചെയ്തിട്ടും ജില്ലയിലെ സിപിഎം നേതൃത്വത്തിന് വിധേയമായല്ല ജലീൽ പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം.

മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ പോലും ഏതാനും പേർ മാത്രമാണ് സിപിഎംകാരായി ഉള്ളത്. ബാക്കിയുള്ള മുഴുവൻ പേരും ജലീൽ തന്നെ നിയമിച്ചവരായതിനാൽ പാർട്ടിക്ക് ഉൾക്കൊള്ളാൻ പറ്റാത്ത പ്രവർത്തികൾ നടക്കുന്നുണ്ടത്രെ. മലപ്പുറം ജില്ലയിൽ ജലീലിന്റെ വഴിക്ക് പാർട്ടി പോകേണ്ടി വരുന്ന സാഹചര്യം എന്തായാലും നടക്കില്ലെന്നും പാർട്ടിയുടെ വഴിക്കാണ് ജലീൽ വരേണ്ടതെന്നുമാണ് ജില്ലയിലെ മുതിർന്ന നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നത്.പാർട്ടി അംഗത്വം പോലും ഇല്ലാത്തതും സ്വതന്ത്ര പരിവേഷമുള്ളതും മുഖ്യമന്ത്രിയുമായുള്ള അടുപ്പവുമാണ് ജലീലിനെ സ്വതന്ത്രമായി വിഹരിക്കാൻ അവസരമൊരുക്കുന്നതെന്നാണ് പാർട്ടിക്കകത്തെ വിമർശനം. മുൻപ് കോൺഗ്രസ്സ് വിട്ടു വന്ന ടി കെ ഹംസയെ എംഎൽഎയാക്കിയും മന്ത്രിയാക്കിയുമെല്ലാം സിപിഎം പരിഗണന നൽകിയപ്പോൾ പാർട്ടി ജില്ലാ നേതൃത്വത്തിനോട് പൂർണ്ണമായും സഹകരിച്ചാണ് അദ്ദേഹം പ്രവർത്തിച്ചതെന്നത് വിമർശകർ ഓർമ്മിപ്പിച്ചിരുന്നു.ജലീലിന്റെ ഓഫീസിൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന കെ പി അനിലും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന രാഘവനുമാണ് പ്രധാനമായും സിപിഎം നേതൃത്വം നിയോഗിച്ചവരായുള്ളത്.ഇതിൽ കെ പി അനിൽ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും രാഘവൻ എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. മലപ്പുറത്ത് നിന്നു തന്നെയുള്ള ജലീലിന്റെ നോമിനിയായ മറ്റൊരു അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഓഫീസിൽ നിന്നുള്ള ഇടപെടൽ പ്രധാനമായും നടക്കുന്നതെന്നാണ് അന്ന് ആരോപണം ഉയർന്നത്.

നിലമ്പൂർ എംഎൽഎ പി.വി അൻവറാണ് സിപിഎം നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്ന മറ്റൊരാൾ.ആര്യാടൻ ഷൗക്കത്തിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ അൻവറിന്റെ പല നടപടികളും ഇതിനകം തന്നെ സിപിഎമ്മിന് തലവേദനയായിട്ടുണ്ട്.എടക്കര, നിലമ്പൂർ പ്രദേശങ്ങൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ അൻവറിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് എടക്കരയിലെ പാർട്ടി ഏരിയാ കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടിരുന്നതാണ്.ഇപ്പോൾ എംഎൽഎയായ ശേഷവും അൻവർ തുടർച്ചയായി വിവാദങ്ങളിൽപ്പെടുന്നതാണ് സിപിഎമ്മിന് തലവേദനയായിരിക്കുന്നത്.താനൂരിൽ മുസ്ലിം ലീഗ് കോട്ട തകർത്ത് എംഎൽഎ ആയ വി അബ്ദുറഹിമാനും സിപിഎം ഏരിയാ നേതാക്കളും തമ്മിലുള്ള ബന്ധവും ഉലഞ്ഞ് തുടങ്ങിയിട്ടുണ്ട്.ഈ മൂന്ന് സ്വതന്ത്രരും വിജയിച്ചത് തങ്ങളുടെ സ്വന്തം കഴിവുകൊണ്ടാണെന്ന് അഹങ്കരിക്കുന്നതുകൊണ്ടാണ് പ്രധാനമായും ഭിന്നതക്ക് കാരണമാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതെന്നാണ് സിപിഎം പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നത്.

ഇതാ ഇവിടെ ഹവാല എംഎൽഎമാരും!

മലപ്പുറത്തെ സിപിഎം സ്വതന്ത്രരുടെ പേരിൽ ഇത്രയൊക്കെയേ ആരോപണങ്ങൾ ഉള്ളതെങ്കിൽ കോഴിക്കോട്ടെ സിപിഎം സ്വതന്ത്രരായി ജയിച്ച് കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന്റെ പേരിലും കുന്ദമംഗലം എം എൽഎ പിടിഎ റഹീമിന്റെ പേരിലും ഹവാലയും സ്വർണ്ണക്കടത്ത് അടക്കമുള്ള കടുത്ത ആരോപണങ്ങളാണ് ഉയരുന്നത്.

കോഴിക്കോട് ജില്ലയിലെ ഒരു മലയോര പട്ടണമായ കൊടുവള്ളി നഗരത്തിന്റെ ഇരുവശങ്ങളിലുമായി 750 മീറ്റർ ദൂരപരിധിയിൽ ഇരുന്നൂറിലധികം സ്വർണ്ണക്കടകളാണുള്ളത്. ഒരു പക്ഷേ രാജ്യത്ത് തന്നെ ഇത്രയും ചെറിയൊരു പട്ടണത്തിൽ ഇത്രയധികം ജൂവലറികളുള്ള മറ്റൊരു സ്ഥലമുണ്ടാകില്ല. എവിടെ സ്വർണ്ണക്കടത്ത് പിടിക്കെപ്പെട്ടാലും അവിടെ ഒരു കൊടുവള്ളിക്കാരനുണ്ടാവുമെന്നാണ് അനൗദ്യോഗിക വിവരം. സ്വർണ്ണക്കടത്തിന് നിരോധനമുണ്ടായിരുന്ന കാലത്ത് പോലും അതിസാഹസികമായി കൊടുവള്ളയിൽ സ്വർണ്ണമെത്തിച്ചിരുന്നു. ഹവാല, കുഴൽ പണമിടപാടുകാളും ഈ പട്ടണത്തിന് പുതുമല്ല.
പല ചരക്ക് കടകളേക്കാളേറെ സ്വർണ്ണക്കടകളുള്ള നാടിനെ അത് ഇവിടുത്തെ സംസ്‌കാരത്തിനപ്പുറമൊന്നുമല്ലന്ന് പറഞ്ഞ് ന്യായീകരിക്കുന്ന ജനപ്രതിനിധകളാണ് ഇവിടെയുള്ളത്. ഏറ്റവുമൊടുവിൽ ജനജാഗ്രതാ യാത്രയിൽ സി പി എം സംസ്്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച മിനികൂപ്പർ വാഹനത്തെ ചുറ്റിപ്പറ്റിയാണ് കൊടുവള്ളി വാർത്തകളിൽ നിറഞ്ഞത്. അതിനെ പ്രതിരോധിക്കാൻ സി പി എം പ്രവർത്തകർ പുറത്ത് വിട്ട ചിത്രങ്ങളും വാർത്തകളും വ്യക്തമാക്കിയത് ഇതൊരു വിഭാഗത്തിന്റെ മാത്രം സംരക്ഷണയിലല്ലെന്നാണ്. കാരാട്ട് ഫൈസലും, കാരാട്ട് റസാഖും, ഫയാസും, അബൂലൈസുമെല്ലാം ഏതാനും ചിലപേരുകൾ മാത്രം.

ഒരു ഒറ്റ ദിവസംകൊണ്ട് അഞ്ചര തൊട്ട് എഴുകോടി രൂപയുടെവരെ കുഴൽപ്പണ ഇടപാടാണ് കൊടുവള്ളി സംഘങ്ങൾ നടത്തുന്നതെന്ന് എൻഫോഴ്സ്മെന്റ് അധികൃതർക്കും അറയാത്തകാര്യമല്ല.എതാണ്ട് നാലായിരത്തോളം ചെറുപ്പക്കാരാണ് കുഴൽപ്പണ വിതരണവുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ മാത്രം ജോലിചെയ്യുന്നത്. പക്ഷേ ഇപ്പോൾ കുഴപ്പണ ബിസിനസ് എതാണ്ട് നിലച്ച മട്ടാണ. നോട്ടുനിരോധനത്തനും ഡിജിറ്റൽ ബാങ്കിങ്ങിനും നന്ദിപറയുക. ഇവിടുത്തെ എംഎൽഎയായി ഇത്തവണ ജയിച്ച ഇടതുപക്ഷ സ്വതന്ത്രൻ കാരാട്ട് റസാഖ്പോലും കൂഴൽപ്പണ രാജാവായാണ് അറിയപ്പെടുന്നത്. കൊടുവള്ളിയുടെ വിൻസന്റ്ഗോമസ് എന്നാണ് കാരാട്ട് റസാഖ് അറിയപ്പെടുന്നതും. മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തിമൂലം, ആ പാർട്ടിയുടെ നേതാവായിരിക്കെ പാർട്ടി വിട്ട കാരാട്ട് റസാഖ് ആണ് ഇപ്പോൾ കൊടുവള്ളിയുടെ എംഎൽഎ. ഇതിൽനിന്നുതന്നെ കൂഴൽപ്പണലോബിയുടെ ശക്തിയും അറിയാം. എംഎൽഎതൊട്ട് പഞ്ചായത്ത് മെമ്പർവരെ ആരാവണമെന്ന് അവർ തീരുമാനിക്കും. ഇപ്പോഴും അതേ അവസ്ഥായാണ്. ഇപ്പോൾ എൻഫോസ്മെന്റ് കൊടുവള്ളിയിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. സ്വർണ്ണക്കേസിലെ പ്രതികൾക്കൊപ്പം നിൽക്കുന്ന ഫോട്ടോയും ഇവരുടെ കോഫോപോസ കേസുകൾ ഒഴിവാക്കാൻ കത്തെഴുതിയതുമാണ് പൊതുവെ മാന്യനെന്ന് അറിയപ്പെട്ടിരുന്ന കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിനും വിനയായത്. ഇരുവരരെയും സ്വർണ്ണക്കടത്തിൽ ചോദ്യം ചെയ്യണമെന്നാണ് മുസ്ലിം ലീഗ് നേതാവ് പി കെ ഫിറോസ്ആരോപിക്കുന്നത്

അതുപോലെ തന്നെ സ്ത്രീപീഡന ആരോപണം വന്ന പി കെ ശശി എംഎൽഎയുടെ കാര്യം നോക്കുക. എത്രപെട്ടന്നാണ് ശശി തിരിച്ചുവന്നത്. 'ഞങ്ങളുടെ തമ്പുരാൻ' എന്ന കൂറ്റൻ ഫ്ളകസ്വെച്ച് പാർട്ടിക്കാർ ശശിയുടെ തിരിച്ചുവരവ് ആഘോഷിക്കയാണ്. പാലക്കാട്ടെ പാർട്ടിയെന്നാൽ ഇപ്പോൾ ശശിയായി മാറിയിരിക്കുന്നു. ക്വട്ടേഷനു ഭൂമി തട്ടിപ്പുമടക്കം എത്രയോ ആരോപണം ഉണ്ടായിട്ടും, ഈയിടെ മാത്രമാണ് കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെ പേരിനെങ്കിലും നടപടിയെടുക്കാൻ പാർട്ടി തയ്യാറായത്.

കട്ടൻചായയുടെയും പരിപ്പുവടയുടെയും കാലം കഴിഞ്ഞു!

കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഇപി ജയരാജൻ പറഞ്ഞ് ഹിറ്റാക്കിയ ഒരു വാചകമായിരുന്നു കട്ടൻ ചായയുടെയും പരിപ്പ് വടയുടെയും കാലം കഴിഞ്ഞുവെന്നത്. കാര്യം ശരിയാണ്. ഇനി മുതലാളിത്തത്തിന്റെ കാലമാണ്. സിപിഎമ്മിലെ ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രതിനിധിയായി എതിരാളികൾ വിലയിരുത്തുന്നതും ഇപിയെ തന്നെ.

സിപിഎമ്മിലെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന വേളയിൽ അണികളുടെ പ്രിയങ്കരനായിരുന്നു ഇ പി ജയരാജൻ. വ്യവസായികളെ സിപിഎമ്മുമായി അടുപ്പിച്ചത് അദ്ദേഹമാണ്. പക്ഷേ പിന്നാലെ വിവാദങ്ങളും വന്നു. ആദ്യം വിവാദമായത് ഇപിയുടെ വീട് നിർമ്മാണമായിരുന്നു. പാപ്പിനിശേരി കീച്ചേരിയിൽ വലിയ വീട് നിർമ്മിക്കാൻ അദ്ദേഹം ഉപയോഗിച്ചത് യന്ത്രക്കല്ലായിരുന്നു. അക്കാലത്ത് യന്ത്രക്കല്ലിനെതിരെ സിഐടിയു നിലപാട് സ്വീകരിച്ച സമയമായിരുന്നു. ചെങ്കല്ല് തൊഴിലാളികളുടെ വികാരം മാനിക്കാതെ പാർട്ടിയിലെ മുതിർന്ന നേതാവ് തന്നെ യന്ത്രക്കല്ല് വീട് പണിയാൻ ഇറക്കിയ ഇരട്ടത്താപ്പ് മാധ്യമങ്ങൾ വാർത്തയാക്കി. അന്നും സിപിഎമ്മിനകത്ത് വികാരം ഉയർന്നു. എന്നാൽ, വി എസ് അച്യുതാനന്ദനായിരുന്നു അന്ന് പാർട്ടി സെക്രട്ടറി. വി എസ് പോലും അന്ന് ജയരാജനെ തള്ളിപ്പറഞ്ഞു.പിന്നീട് ദേശാഭിമാനി ജനറൽ മാനേജറായപ്പോഴാണ് ഇ പി ജയരാജൻ വിവാദങ്ങളിൽ പെട്ടത്. ഇതിൽ ഏറെ വിവാദമായത് ലോട്ടറി വ്യാപാരി സാന്റിയാഗോ മാർട്ടിനിൽനിന്ന് ദേശാഭിമാനി പത്രത്തിന് വേണ്ടി രണ്ടു കോടിരൂപയുടെ ബോണ്ട് വാങ്ങിയെന്നതായിരുന്നു. ഇതരസംസ്ഥാന ലോട്ടറിക്കെതിരെ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ ശക്തമായ നടപടിയെടുക്കുമ്പോഴായിരുന്നു ഈ ഇടപാട്. ഇതോടെ പ്രതിപക്ഷം ശരിക്കും ഇത് ആയുധമാക്കി. മാർട്ടിന്റെ രണ്ട് മക്കളിൽനിന്നായിരുന്നു പണം വാങ്ങിയത്.

വിവാദം പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിച്ഛായയ്ക്ക് ദോഷമായപ്പോൾ ദേശാഭിമാനി ജനറൽ മാനേജർ സ്ഥാനത്തുനിന്ന് ജയരാജനെ മാറ്റി. രണ്ട് കോടി തിരിച്ചുകൊടുക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചു. പണം വാങ്ങിയതിൽ ചുമതല നിർവഹിച്ച ജയാരജന്റെ ഭാഗത്തുനിന്ന് ജാഗ്രത കുറവുണ്ടായി എന്നായിരുന്നു സംസ്ഥാന സെക്രട്ടറേയിറ്റ് നൽകിയ വിശദീകരണം. ജനറൽ മാനേജർ തസ്തികയിലേക്ക് വൈകാതെ തന്നെ ജയരാജൻ മടങ്ങിയെത്തി. മന്ത്രിയായി ചുമതലയേൽക്കുമ്പോഴാണ് ആ പദവി ഒഴിഞ്ഞത്. മാർട്ടിന് പണം തിരിച്ചുകൊടുത്തുവെന്ന സിപിഐഎം അവകാശപ്പെട്ടു.

ഇതിന ശേഷം പിണറായി ചേരിയിൽ ശക്തമായി തുടർന്നു ഇ പി ജയരാജൻ. കണ്ണൂരിൽ നായനാർ ഫുട്‌ബോളുമായി ബന്ധപ്പെട്ടെ പണപ്പിരിവിലും പ്രതിക്കൂട്ടിൽ ഈ നേതാവായിരുന്നു. വെറുക്കപ്പെട്ടവൻ എന്ന് വി എസ് അച്യുതാനന്ദൻ വിളിച്ച ഫാരിസ് അബൂബക്കറുമായി സിപിഎമ്മിന്റെ ബന്ധം പരസ്യപ്പെടുന്നത് കണ്ണൂരിൽ നടന്ന ഇകെ നായനാർ സ്മാരക ഫുട്‌ബോൾ ടൂർണമെന്റിലൂടെയായിരുന്നു. ഇപി ജയരാജനായിരുന്നു ടൂർണമെന്റിന്റെ സംഘാടകൻ. ടൂർണമെന്റെ മുഖ്യ സ്‌പോൺസർ ഫാരിസ് അബൂബക്കറും. ഫുട്‌ബോൾ കളത്തിന് പുറത്ത് പാർട്ടി നേതാക്കളുമായി ഫാരിസിന് വളരെ അടുത്ത ബന്ധമാണെന്ന് പിന്നീടുള്ള സംഭവങ്ങൾ വെളിപ്പെടുത്തി. ഇപ്പോഴും ഇ പിയും ഫാരീസും തമ്മിൽ അടുത്ത ബന്ധമാണെന്നാണ് വാർത്തകൾ.

അത് കൂടാതെ ദേശാഭിമാനിയുമായി ബന്ധപ്പെട്ട മറ്റ് വിവാദങ്ങളിലും അദ്ദേഹം പെട്ടിരുന്നു. സിപിഎം പാലക്കാട് പാർട്ടി പ്ലീനത്തിൽ ദേശാഭിമാനിയിൽ വന്ന പരസ്യം പ്ലീനത്തിന്റെ ശോഭ മുഴുവൻ കെടുത്തിയതായിരുന്നു. ആരോപണ വിധേയരുമായി പാർട്ടിക്കും പാർട്ടി നേതാക്കൾക്കുമുള്ള വഴിവിട്ട ബന്ധങ്ങൾ അവസാനിപ്പിക്കണമെന്നതായിരുന്നു പ്ലീനം തീരുമാനം. പ്ലീനത്തിന്റെ സമാപന ദിവസം ഇറങ്ങിയ ദേശാഭിമാനി പത്രത്തിലെ ഒന്നാം പേജിൽ പാലക്കാട്ടെ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ സൂര്യ ഗ്രൂപ്പിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടു. മലബാർ സിമന്റസ് അഴിമതി ഉൾപ്പടെ രാധാകൃഷ്ണനെതിരെ വിവിധ ആരോപണങ്ങൾ ഉയർന്നുനിൽക്കുമ്പോഴായിരുന്നു പാർട്ടിയെ ശുദ്ധീകരിക്കാൻ ചേർന്ന പ്ലീന ദിവസത്തിലെ പാർട്ടി പത്രത്തിലെ പരസ്യം.പിന്നെയും ദേശാഭിമാനിയുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടായി. തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ ഓഫീസ് മന്ദിരം വിൽപനയിലും വി എം രാധാകൃഷ്ണനുമായുള്ള ഇപി ജയരാജന്റെ അടുപ്പം പ്രകടമായി. മാഞ്ഞാലിക്കുളത്തെ ഓഫീസ് തുച്ഛവിലയ്ക്ക് കൈമാറിയെന്നാണ് പാർട്ടി തലത്തിൽ ഉയർന്ന ആരോപണം. രാധാകൃഷ്ണന്റെ ബിനാമിയുടെ പേരിലായിരുന്നു ഓഫീസ് കൈമാറ്റം. ഇതിന് ശേഷവും ജയരാജൻ വിവാദങ്ങലിൽ ചാടി. എന്നാൽ, അപ്പോഴൊക്കെ പിണറായി വിജയന്റെ പിന്തുണ ജയരാജനുണ്ടായിരുന്നു.

പാർട്ടി എന്നും ഫണ്ട് റൈസർമാർക്ക് ഒപ്പം

കണ്ണൂരിലെ പാർട്ടിക്ക് വേണ്ടി പണമുണ്ടാക്കിയ ഫണ്ട റൈസറായിരുന്നു ഇ പി. .കണ്ണൂർ പറശിനിക്കടവിലെ വിസ്മയ വാട്ടർ തീം പാർക്ക്, വളപട്ടണത്തെ കണ്ടൽ പാർക്ക്. ഇപി ജയരാജൻ മുൻകൈയെടുത്ത് തുടങ്ങിയ രണ്ട് സംരംഭങ്ങളും വിവാദങ്ങളുണ്ടാക്കി. വിമർശനങ്ങൾ ഉണ്ടായെങ്കിലും വിസ്മയ വാട്ടർ തീം പാർക്ക് അവിടെ തന്നെ തുടർന്നു. സിപിഎം മലപ്പുറം സംസ്ഥാന സമ്മേളനത്തിന് മുമ്പ് പാർട്ടിയിലെ ചൂടുപിടിച്ച സംവാദങ്ങളിലൊന്നായിരുന്നു വിസ്മയ വാട്ടർ തീം പാർക്ക്. വിവാദങ്ങളുയർന്നെങ്കിലും സംരംഭവുമായി ഇപി ജയരാജനും പാർട്ടിയും മുന്നോട്ടുപോയി.കണ്ണൂരിലെ വളപട്ടണം പുഴയോരത്ത് ഇപി ജയരാജന്റെ നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനം കണ്ടൽ പാർക്ക് സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. കണ്ടൽ വെട്ടി നശിപ്പിച്ചുകൊണ്ട് ജയരാജനും സിപിഐഎം പുഴയോരം സ്വന്തമാക്കുന്നു എന്ന വിമർശനം ഉയർന്നു. ആരോപണം ജയരാജന്റെ രാഷ്ട്രീയ എഥിരാളിയായ കോൺഗ്രസ് നേതാവ് കെ സുധാകരൻ സമർത്ഥമായി തന്നെ ഉപയോഗിച്ചു. കണ്ടൽ വെട്ടിനശിപ്പിച്ചുള്ള പ്രവൃത്തിപാടില്ലെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ കണ്ടൽപാർക്ക് തുറക്കാനാവാതെ അടച്ചുപൂട്ടേണ്ടി വന്നു.

കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് ഉയർന്ന മറ്റൊരു വിവാദത്തിലും ഇ പി പ്രതിനായകനായിരുന്നു. എറണാകുളത്തെ ലിസ് എന്ന പണമിരട്ടിപ്പ് സ്ഥാനപനത്തിനെതിരായ കേസുകൾ ഒത്തുതീർക്കാൻ ഉടമ ചാക്കോയിൽ നിന്ന് ഇപി ജയരാജൻ ഏറ്റവും അടുത്ത വിശ്വസ്തൻ വഴി പണം വാങ്ങിയതായി ആരോപണം. ഉറപ്പ് നൽകിയത് പ്രകാരം കേസ് ഒത്തുതീർപ്പായില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ചാക്കോ പാർട്ടി സെക്രട്ടറി പിണറായി വിജയന് കത്ത് നൽകി. ഇപി ജയരാജന് നൽകാനെന്ന പേരിലാണ് പണം വാങ്ങിയതെന്നായിരുന്നു പരാതിയിലെ ഉള്ളടക്കം. കർഷക തൊഴിലാളി സംഘടനയായ കെഎസ്‌കെടിയുവിന്റെ മാർച്ചിൽ പങ്കെടുക്കാൻ വ്യവസായിയായ വെള്ളാപ്പള്ളിയുട ആഡംബര കാറിലായിരുന്നു ജയരാജൻ എത്തിയത്. ലാൻഡ് റോവറിൽ ജയരാജൻ എത്തിയതോടെ മാധ്യമങ്ങൾക്ക് ചാകരയായി. ഇംഗ്ലണ്ടിൽ നിന്നും ടാക്‌സി രജിസ്‌ട്രേഷനിൽ ഇറക്കുമതി ചെയ്ത കാർ സ്വകാര്യവാഹനമായി ഉപയോഗിക്കുകയായിരുന്നുവെന്നും ലക്ഷങ്ങളുടെ നികുതിവെട്ടിപ്പ് നടത്തിയ കാറിലാണ് ജയരാജൻ വന്നതെന്നും പിന്നീട് പുറത്തറിഞ്ഞു.

പിണറായി സർക്കാറിനെയും ഇപി വിവാദങ്ങളിൽ കടുക്കി. ഭാര്യാ സഹോദരികൂടിയായ കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതിയുടെ മകൻ പികെ സുധീറിനെ വ്യവസായ വകുപ്പിന് കീഴിൽ കെഎസ്‌ഐഇ മാനേജിങ് ഡയറക്ടറായി നിയമിച്ചതാണ് ആദ്യം പുറത്തുവന്ന ബന്ധുനിയമനം. പിന്നാലെ മറ്റ് ബന്ധുനിയമനങ്ങളുടെ വിവരങ്ങളും പുറത്തുവന്നു. ജ്യേഷ്ഠന്റെ മകൾ ദീപ്തി നിഷാദിനെ ക്ലേസ് ആൻഡ് സിറാമിക്‌സ് പ്രോടക്ടേഴ്‌സിന്റെ ജനറൽ മാനേജർ സ്ഥാനത്തു നിയമനിച്ചതും കുടത്ത എതിർപ്പിന് ഇടയാക്കി. ഇതോടെ ദീപ്തി രാജിവെക്കുകയും ചെയ്തു. എന്നിട്ടും അണികളുടെ രോഷം ശമിച്ചില്ല. സോഷ്യൽ മീഡിയയിലൂടെ കടുത്ത വിമർശനങ്ങൾ പിന്നാലെ വന്നു. ഇതോടെയാണ് അദ്ദേഹം രാജിവെച്ചതും പിന്നീട് തിരിച്ചുവന്നതും.

ഇപ്പോഴിതാ മകന് സ്വപ്നാ സുരേഷുമായി ബന്ധമുണ്ടെന്ന വാർത്തകളുടെ പേരിൽ ഇ പി ഒരിക്കൽ കൂടി വിവാദ നായകനായി. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് നിയോൾ ജോർജ് ഇങ്ങനെ കുറിക്കുന്നു.'ഇത് ഇപിയുടെ മാത്രം പ്രശ്നമല്ല. അധികാരത്തിൽ വരുമ്പോൾ മൂലധന ശക്തികളെ എങ്ങനെ നേരിടം എന്ന് സിപിഎമ്മിന് അറിയില്ല. അവർ പാർട്ടി നയങ്ങളിൽ എല്ലാം വെള്ളം ചേർത്ത് എങ്ങനെയും ലാഭമുണ്ടാക്കാൻ കഴിയുന്ന ഒരു കമ്പനി ആയിട്ടാണ് പ്രവർത്തിക്കുന്നത. സത്യത്തിൽ ഒരു കോർപ്പറേറ്റ് കമ്പനിയുടെ സിഇഒ യാണ് കോടിയേരി ബാലകൃഷ്ണൻ'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP