Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഗൾ രാജാക്കന്മാർ തൊട്ട് ടിപ്പു വരെ പറഞ്ഞത് പശുവിനെ കൊല്ലരുതെന്ന്; തിലകനും ഗാന്ധിയും ശുദ്ധ പശുവാദികൾ; എതിർത്തത് സവർക്കർ മാത്രം; ജെ പിയും മൊറാർജിയും അടങ്ങുന്ന സോഷ്യലിസ്റ്റുകൾ പോലും ഗോവധ നിരോധനത്തിന് ഒപ്പം; ബീഹാറിൽ സിപിഎം പോലും പശുവിന്റെ പേരിൽ വോട്ടുപിടിച്ചു; ഗോ മാതാ സംഘപരിവാറിന്റെ കുത്തകയല്ല; ഇന്ത്യൻ പശു രാഷ്ട്രീയത്തിന്റെ കഥ!

മുഗൾ രാജാക്കന്മാർ തൊട്ട് ടിപ്പു വരെ പറഞ്ഞത് പശുവിനെ കൊല്ലരുതെന്ന്; തിലകനും ഗാന്ധിയും ശുദ്ധ പശുവാദികൾ; എതിർത്തത് സവർക്കർ മാത്രം; ജെ പിയും മൊറാർജിയും അടങ്ങുന്ന സോഷ്യലിസ്റ്റുകൾ പോലും ഗോവധ നിരോധനത്തിന് ഒപ്പം; ബീഹാറിൽ സിപിഎം പോലും പശുവിന്റെ പേരിൽ വോട്ടുപിടിച്ചു; ഗോ മാതാ സംഘപരിവാറിന്റെ കുത്തകയല്ല; ഇന്ത്യൻ പശു രാഷ്ട്രീയത്തിന്റെ കഥ!

എം റിജു

രു നാൽക്കാലിക്ക് ലോകത്തിൽ എവിടെയെങ്കിലും, ഒരു ജനതയുടെ ഭാഗധേയം നിർണ്ണയിക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവുമോ? പക്ഷേ ഇന്ത്യയിൽ അത് കഴിയും. അതാണ് 'ദ ഗ്രേറ്റ് ഇന്ത്യൻ കൗ പൊളിറ്റിക്സ്'. ഇന്ത്യയിലെ ഏറ്റവും പുരാതനവും, ചെലവ് കുറഞ്ഞതും, ഏറ്റവും എളുപ്പത്തിൽ വോട്ട് കിട്ടുന്നതുമായ അടവ്. പുരാതന കാലം തൊട്ട് പശു ഇന്ത്യയിൽ പുണ്യ മൃഗമായിരുന്നു. പലരും ആരോപിക്കുന്നപോലെ സംഘപരിവാർ രാഷ്ട്രീയം ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ചതോടെയല്ല പശുവിന്റെ പേരിലുള്ള കൊലകളും പ്രശ്നങ്ങളും തുടങ്ങിയത്. അത് നൂറ്റാണ്ടുകൾ മുമ്പേയുള്ള ഒരു വിശ്വാസ പ്രശ്നമാണ്. ഇന്ന് കോൺഗ്രസ് ഉൾപ്പടെ ഇന്ത്യയിലുള്ള എല്ലാ പാർട്ടികളും ഈ അവസ്ഥക്ക് ഏറിയും കുറഞ്ഞും തോതിൽ ഉത്തരവാദികളുമാണ്.

ഇന്ത്യയിൽ ഇന്ന് കേരളവും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഒഴികെ മറ്റെല്ലായിടത്തും ഏതെങ്കിലും രീതിയിൽ, ബീഫ് നിരോധനം ഉണ്ടെന്ന് കാണാം. ജമ്മുകാശ്മീരിൽ പശുവിനെ കൊല്ലുന്നതിന് സമ്പൂർണ്ണ നിരോധനമാണ്. മഹാരാഷ്ട്രയിൽ ഗോമാംസം കൈവശം വെക്കുന്നതിൽ കുഴപ്പമില്ല പക്ഷേ കൊല്ലാനോ അറക്കാനോ പാടില്ല. കർണാടകയിലും ഗോമാംസം കൈവശം വെക്കാം. പക്ഷേ ഇവിടെയും കണ്ടീഷണൽ സ്ളോട്ടർ മാത്രമേ അനുവദിച്ചിട്ടുള്ളൂ. മുംബൈയിലോ ബാംഗ്ലൂരിലോ പോകുമ്പോൾ, നിങ്ങളുടെ കൈയിൽ ബീഫ് ഉണ്ടെങ്കിൽ അത് കൂഴപ്പമല്ല. പക്ഷേ ഗുജറാത്ത്, രാജസ്ഥാൻ, ചത്തീസ്ഗഢ്, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിൽ കൈവശം വെക്കുന്നതും കുഴപ്പമാണ്. അവിടെ സമ്പൂർണ്ണമായ ബീഫ് നിരോധനമാണ് നിലവിലുള്ളത്. കേരളത്തിൽനിന്ന് ട്രെയിനിൽ ഉത്തരേന്ത്യയിൽ പോകുന്നവരൊക്കെ സൂക്ഷിക്കണം. തലേന്ന് ഇവിടെനിന്ന് വാങ്ങിയ ബീഫിന്റെ അവശിഷ്ടം ചോറ്റുപാത്രത്തിൽ ഉണ്ടെങ്കിൽ അത് നിങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കും.

എന്നാൽ ചരിത്രം പരിശോധിക്കുമ്പോൾ മനസ്സിലാവുന്ന പ്രധാനപ്പെട്ട കാര്യം, പശു രാഷ്ട്രീയം എന്നത് സംഘപരിവാർ കൊണ്ടുവന്നത് ഒന്നുമല്ല എന്നാണ്. ഇന്ത്യയിൽ നേരത്തെ ഉണ്ടായിരുന്നു സാധനമാണ് ഇത്. ആദ്യകാലത്ത് കോൺഗ്രസ് ആയിരുന്നു പശുവിനെ കൃത്യമായി ഉപയോഗപ്പെടുത്തിയത്. പിൽക്കാലത്ത് അത് ബിജെപി ഹൈജാക്ക് ചെയ്തുവെന്ന് മാത്രം.

മുഗൾ രാജാക്കന്മാരുടെ പശുപാലനം

ഇന്ത്യയിൽ നൂറ്റാണ്ടുകളായി പശു വിശുദ്ധമൃഗം തന്നെ ആയിരുന്നു. അതുകൊണ്ടുതന്നെ ഗോവധ നിരോധനം നടപ്പാക്കുക എന്നത് മുഗളന്മാരുടെപോലും പ്രധാന അജണ്ടായിരുന്നു. ഭരണഘടനയൊന്നും ഇല്ലെങ്കിലും വളരെ ശക്തമായ ഒരു ഭരണമായിരുന്നു മുഗളന്മാർ നടത്തിയത്. ജനങ്ങളെ എക്കാലവും സൈനിക ശക്തികൊണ്ട് അടക്കി ഭരിക്കാൻ കഴിയില്ല എന്ന് നന്നായി അവർക്കറിയാമായിരുന്നു. ജനങ്ങളുടെ സെന്റിമെൻസ് അവർ ശരിക്കും മനസ്സിലാക്കിയിരുന്നു.

ബാബറും, അക്‌ബറും ജഹാഗീറുമെല്ലാം ഗോവധ നിരോധനത്തിന് അനുകൂലമായിരുന്നു. പശുവിനെ കൊല്ലരുതെന്ന് ബാബർ ഹുമയൂണിനോട് പറഞ്ഞതായി രേഖകൾ ഉണ്ട്. അങ്ങനെ ചെയ്താൽ അത് ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ വെറുപ്പിക്കുമെന്നും അത് കലാപത്തിലേക്ക് പോകുമെന്നും ബാബറിന് നന്നായി അറിയാമായിരുന്നു. ശക്തമായ ഗോവധ നിരോധനമായിരുന്നു മുഗൾ കാലഘട്ടത്തിൽ ഉണ്ടായിരുന്നത്. മാത്രമല്ല, നിയമം ലംഘിക്കുന്നവർക്ക് ഇസ്ലാമിക ശിക്ഷാ നിയമം അനുസരിച്ചുള്ള കൈവെട്ട് അടക്കമുള്ള ശിക്ഷകളാണ് കൊടുത്തിരുന്നതും. അവസാനത്തെ മുഗൾ രാജാവ് ബഹദൂർഷാ സഫർ പോലും ഗോവധ നിരോധനം നടപ്പാക്കിയിരുന്നു.

ഇനി തെക്കോട്ടുവന്നാൽ, ടിപ്പു സുൽത്താനും ഹൈദരലിയും ഗോവധ നിരോധനം ഏർപ്പെടുത്തിയിരുന്നു. പശുവിനെ കൊന്നാൽ കൈ വെട്ടുമെന്നാണ് ടിപ്പു പറഞ്ഞത്. ഇത് പശുവിനോടുള്ള സനേഹം കൊണ്ടൊന്നും ആയിരുന്നില്ല, ഒരു രാഷ്ട്ര തന്ത്രമായിരുന്നെന്ന് ഏവർക്കും അറിയാവുന്നതാണ്. താൻ ഹിന്ദുക്കൾക്ക് ഒപ്പമുണ്ടെന്ന് ബോധ്യപ്പെടുത്താൻ കൂടിയായിരുന്നു. അതുകൊണ്ടുതന്നെ മുഗളന്മാരുടെ കാലത്തും ടിപ്പുവിന്റെ കാലത്തും വർഗീയ കലാപങ്ങൾ ഇന്ത്യയിൽ താരതമ്യേന കുറവായിരുന്നുതാനും.

മുഗൾ ഭരണത്തിനുശേഷം ബ്രിട്ടീഷ് ഭരണം വന്നപ്പോൾ അവരും പഴയ രീതികൾ തുടരുകയാണ് ചെയ്തത്. അതായത് ഈ ഗോവധ നിരോധനം അഞ്ചൂറു വർഷത്തിൽ അധികമായി ഇന്ത്യയിൽ ഉള്ളതാണ്. അത് മോദിയോ അമിത്ഷായോ, പുതുതായി കൊണ്ടുവന്നയോ ഇറക്കുമതി ചെയ്തയോ അല്ല എന്ന് വ്യക്തം.

പശുലഹളകളുടെ കാലം

പക്ഷേ പശുവിനെ കൊല്ലുന്നതിരായ പ്രക്ഷോഭങ്ങളും സംഘർഷങ്ങളും ഏറ്റവും കൂടുതൽ വരുന്നത് 19ാം നൂറ്റാണ്ടിലാണ്. 1857ലെ ശിപ്പായി ലഹള എന്ന് അറിയപ്പെടുന്ന ഒന്നാം സ്വാതന്ത്യസമരം ഇതിൽ നിർണ്ണായകമാണ്. ശിപായിമാർ കടിച്ച് തുറന്ന് ഉപയോഗിക്കുന്ന തിരകളിൽ, പശുവിന്റെയും പന്നിയുടെയും കൊഴുപ്പുകൾ ഉണ്ടെന്നുള്ള പ്രചാരണമായിരുന്നു ഈ കലാപത്തിന് ആക്കം കൂട്ടിയത്. അടിസ്ഥാനപരമായി മതവികാരം തന്നെയായിരുന്നു ഇവിടെ പ്രവർത്തിച്ചത്. അതിനുശേഷമാണ് ഇന്ത്യയിൽ 'കൗ പൊളിറ്റിക്സ്' ശക്തിപ്പെടുന്നത്.

ഹിന്ദുക്കൾക്കും സിഖുകാർക്കും ജൈനന്മാർക്കും ബുദ്ധന്മാർക്കുമൊക്കെ പശുവെന്നത് വിശുദ്ധ മൃഗമാണ്. ഈ സെന്റിമെൻസാണ് പിൽക്കാലത്ത് രാഷ്ട്രീയമാവുന്നത്്. അത് ആദ്യമായി സംഘടിത വികാരമാക്കുന്നത് ആര്യ സമാജമാണ്. 1882ലാണ് ആര്യ സമാജം ഉണ്ടാകുന്നത്. ഇന്നത്തെ മുഴുവൻ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ മാതൃ സംഘടന എന്ന് പറയുന്നത്, സത്യത്തിൽ ആര്യ സമാജം ആണ്. വേദങ്ങളായിരുന്നു അവരുടെ പ്രാമാണ്യ ഗ്രന്ഥം. വിഗ്രഹാരാധനക്കുപോലും ആര്യസമാജം എതിരായിരുന്നു. പക്ഷേ സംഘപരിവാർ രാഷ്ട്രീയവും ആര്യസമാജവും പുർണ്ണമായി ഒത്തുപോകുന്നത് പശുവിന്റെ കാര്യത്തിലാണ്.

1882ലാണ് ആര്യ സമാജത്തിന്റെ നേതൃത്വത്തിൽ ഗോ രക്ഷിണി സമിതികൾ വരുന്നത്. ഇവർ പതിനായിരിക്കണക്കിന് കത്തുകളാണ് സർക്കാരിലേക്ക് അയക്കുന്നത്. കടുത്ത മതസ്പർധയുണ്ടാക്കുന്ന രീതിയിലായിരുന്നു ഇവയിൽ പലതും. കമ്പിത്തപ്പാൽ ശക്തിപ്പെട്ടതോടെ പശു ലഹളകളും ശക്തിപ്പെടുന്നതാണ് ഇന്ത്യൻ അനുഭവം. സർക്കാറിലേക്ക് മാത്രമല്ല പൊതു ജനങ്ങൾക്കും ഇത്തരം നോട്ടീസുകൾ വ്യാപകമായി ലഭിച്ചു. ഇത് നൂറുകോപ്പിയെടുത്ത് വിതരണം ചെയ്തില്ലെങ്കിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാവുമെന്നൊക്കെ കത്തിൽ ഉള്ളതുകൊണ്ട് പലരും അത് ഭക്തിയോടെയൊണ് പ്രചരിപ്പിച്ചത്.

153 എ എന്ന വകുപ്പുതന്നെ ബ്രിട്ടീഷുകാർ കൊണ്ടുവന്നതിന് പ്രധാന കാരണം ഇങ്ങനെ മതസ്പർധയുണ്ടാക്കുന്ന രീതിയിൽ കത്തുകൾ എഴുതി അയക്കുന്നത് മൂലം ആയിരുന്നു. പോസ്്റ്റുമാന്റെ പ്രധാന പണി അക്കാലത്ത് ഈ കത്തുകൾ കൊടുക്കൽ ആയിരുനെന്ന് ബ്രിട്ടീഷ് രേഖകളിൽ പറയുന്നുണ്ട്. ബലിപ്പെരുന്നാളിനുള്ള കശാപ്പ്പോലും ഹിന്ദുക്കൾക്ക് എതിരായ നീക്കമായി ഇവർ ചിത്രീകരിച്ചു.

സ്വാമി ശ്രദ്ധാനന്ദയുടെ ശുദ്ധി പ്രസ്ഥാനവും ഗോ സംരക്ഷണത്തിന്വേണ്ടിയാണ് നിലകൊണ്ടത്. ഗോ മാതാ, സരസ്വതി മാതാ, ഭൂമി മാതാ.. ഈ മൂന്നുമായിരുന്നു ശുദ്ധി പ്രസ്ഥാനത്തിന്റെ അടിസ്ഥാനം. നോക്കുക, ഇതിന്റെ കൂടെ ഭാരത് മാതയും കൂടി ചേർത്താൽ ശരിക്കും സംഘപരിവാർ ആയി. ഈ സമയത്ത് ആർഎസ്എസും ഹിന്ദു മഹാസഭയും ഒന്നും ഇല്ലായിരുന്നു. പക്ഷേ ഹിന്ദു മതവും വിശ്വാസവും അവിടെയുണ്ടായിരുന്നല്ലോ.

പശുക്കളെ സംരക്ഷിക്കാനായി ആര്യസമാജവും, ശുദ്ധി പ്രസ്ഥാനവുമെല്ലാം ചുക്കി എന്ന പേരിൽ പ്രത്യേക പിരിവും നടത്തിയിരുന്നു. മതപരമായ ഒരു ചടങ്ങ്പോലെ ഏത് നിർധനനും ഗോ സംരക്ഷണത്തിന് പണം നൽകിയെന്നാണ് അക്കാലത്തെ അനുഭവം.
ഇക്കർനാമ എന്ന പേരിൽ മുസ്ലീങ്ങളുമായി കരാർ ഏർപ്പെടുന്ന പതിവും അക്കാലത്ത് ഉണ്ടായിരുന്നു. പശുക്കളെ കൊല്ലില്ല എന്ന് മുസ്ലീങ്ങൾ നൽകുന്ന ഉറപ്പായിരുന്ന ഇതിന്റെ അടിസ്ഥാനം.

1717നും 1977നും ഇടക്കുള്ള ഒരു കാലഘട്ടത്തിൽ ഇന്ത്യയിൽ 163 തവണ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ എറ്റുമുട്ടിയെന്നാണ് കണക്ക്. ഇതിൽ 22 എണ്ണം നേരിട്ട് പശുവിന്റെ പേരിൽ ആയിരുന്നു. ഇത് വലിയ ലഹളയുടെ കാര്യമാണ്. രേഖപ്പെടുത്തിയിട്ടില്ലാത്ത എത്രയോ പശുലഹളകൾ വേറെയും ഉണ്ടായിട്ടുണ്ട്. നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതായത് ഇന്ന് പലരും പ്രചരിപ്പിക്കുന്നതുപോലെ നവമാധ്യമങ്ങൾ വന്നതുകൊണ്ടോ, സംഘപരിവാർ സംഘടനകൾ ശക്തമായതുകൊണ്ടോ ഉണ്ടായതല്ല പശുക്കൊലകൾ. അത് നേരത്തെ ഇന്ത്യയിലുണ്ട്. കാരണം അത് മതജന്യമാണ്. അതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയാണ് സംഘപരിവാർ ചെയ്യുന്നത്.

കോൺഗ്രസും പശുസംരക്ഷണത്തിന് ഒപ്പം

ഇന്ത്യയിലുണ്ടായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അടിസ്ഥാനം പരിശോധിക്കുമ്പോൾ, ആര്യ സമാജം, ബ്രഹ്‌മ സമാജം എന്നീ രണ്ട് ധാരകളുടെ പങ്ക് പ്രകടമാണ്. ഇത് രണ്ടും ഹിന്ദു നവീകരണ പ്രസ്ഥാനങ്ങൾ ആയിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയം എന്നത് അടിസ്ഥാനപരമായി മത നവീകരണം ആയിരുന്നു. കോൺഗ്രസ് അക്കാലത്ത് ബ്രഹ്‌മസമാജം ആയിരുന്നുവെന്ന് പറഞ്ഞാൽ തെറ്റില്ല. കാരണം ബ്രഹ്‌മസമാജത്തിലെ പ്രധാന നേതാക്കാൾ ഒക്കെയും കോൺഗ്രസിലേക്ക് വന്നുചേരുകയായിരുന്നു. പക്ഷേ ആര്യ സമാജത്തിന്റെ ധാര ഹിന്ദു മഹാസഭയിലൂടെ സഞ്ചരിച്ച്, ആർഎസ്എസിലുടെ, ജനസംഘത്തിലുടെ, ബിജെപിയിൽ എത്തുകയായിരുന്നു.

ക്രിസ്റ്റർഫർ അലൻ ബെയിലി എന്ന ഇന്ത്യൻ വിഷയങ്ങൾ ഏറെ പഠിച്ച ചരിത്രകാരൻ ഇങ്ങനെ വിലയിരുത്തുന്നു. '' പശുസംരക്ഷണത്തിൽനിന്ന് കോൺഗ്രസിനെ വേർതിരിച്ചറിയാൻ ആദ്യ കാലത്ത് പ്രയാസം ആയിരുന്നു. പ്രത്യേകിച്ചും പ്രാദേശിക തലത്തിൽ''.
കോൺഗ്രസിന്റെ ഏറ്റവും ശക്തനായ നേതാവ് ബാല ഗംഗാധര തിലകൻ പറഞ്ഞത്, 'പശുവിനെ വെറുതെ വിടൂ, പകരം എന്നെ വെട്ടിക്കൊല്ലൂ' എന്നാണ്. ഗണേശോത്സവം തുടങ്ങിയ മതപരമായ ചടങ്ങുകളിലൂടെയാണ് തിലകൻ കോൺഗ്രസിലേക്ക് ആളെക്കൂട്ടിയത്. ഇന്ന് അത് സംഘപരിവാർ ചെയ്യുന്നുവെന്ന് മാത്രം.

തിലകൻ മാത്രമായിരുന്നു, ഗോപാലകൃഷ്ണ ഗോഖലെയും, ഡോ രാജേന്ദ്രപ്രസാദും, ലാലാ ലജ്പത് റായിയും, പണ്ഡിറ്റ്് മദൻ മോഹൻ മാളവ്യയും അടക്കമുള്ള ആദ്യകാല കോൺഗ്രസ് നേതാക്കൾ ശക്തമായ ഗോവധ നിരോധനത്തിനുവേണ്ടി നിലപാട് എടുത്തവർ ആണ്. പിന്നീട് ഗാന്ധി വന്നതോടെ ഗോസംരക്ഷണം കോൺഗ്രസിന്റെ നയമായി മാറി.

ഗാന്ധിയുടേത് പക്കാ പശുരാഷ്ട്രീയം

ഇന്ത്യൻ പശുസംരക്ഷണത്തിന്റെ എറ്റവും വലിയ ഐക്കൺ ആരാണെന്ന് ചോദിച്ചാൽ, യാതൊരു സംശയമുമില്ലാതെ പറയാൻ കഴിയും, അത് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയാണെന്നാണ്. തന്റെ മാസികളിലുടെയും മറ്റും ഗാന്ധിജി പശുവിനുവേണ്ടി നിരന്തരം എഴുതിക്കൊണ്ടേയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും പ്രധാന ഒരു ഭാഗം തന്നെയായിരുന്നു ഗോ രക്ഷ.

'' ഞാൻ പശുവിനെ ആരാധിക്കുന്നു. ലോകം മുഴുവൻ എതിർത്താലും, ഞാൻ എന്റെ വിശ്വാസത്തെ പ്രതിരോധിക്കും. ഹിന്ദുമതത്തിന്റെ കേന്ദ്ര സത്ത ഗോ സംരക്ഷണമാണ്'- ഗാന്ധിജി എഴുതി. '' എന്റെ വീക്ഷണങ്ങളുമായി യോജിക്കാത്തവരുടെ മനസ്സിലേക്കുപോലും, ഗോഹത്യ പാപകരമാണെന്ന ധാരണ പകർന്നു നൽകാൻ, വ്യക്തി തലത്തിൽ യത്നിക്കണമെന്നാണ് എന്റെ മതം എന്നെ പഠിപ്പിക്കുന്നത്. ''- ഇങ്ങനെയുള്ള നിരവധി വീക്ഷണങ്ങളാണ് ഗാന്ധിജി എഴുതിയത്.

ലോകം മൂഴുവൻ പശുക്കളെ സംരക്ഷിക്കണമെന്നും, ഹിന്ദുമതം ലോകത്തിന് നൽകിയ സംഭാവനയാണ്, പശു സംരക്ഷണമെന്നുമൊക്കി ഗാന്ധിജി എഴുതിയിട്ടുണ്ട്. പശുവിനെ സംരക്ഷിക്കാൻ ഹിന്ദുക്കൾ തയ്യാറാവുന്നിടത്തോളം കാലം ഹിന്ദുമതം നിലനിൽക്കും. തീർത്ഥാടനമോ, ആചാരമോ ഒന്നുമല്ല പശുസംരക്ഷണമാണ് ഹിന്ദുമതത്തിന്റെ കാതൽ എന്നതായിരുന്നു ഗാന്ധിജിയുടെ അഭിപ്രായം.

പക്ഷേ നിയമം വഴിയുള്ള ഗോവധ നിരോധത്തിന് ഗാന്ധിജി എതിരായിരുന്നു. '' ഗോവധം നിയമം വഴി നിരോധിക്കാനാവില്ല. അറിവ്, വിദ്യാഭ്യാസം, അവളോടുള്ള ( പശു) അനുകമ്പ, എന്നിവകൊണ്ടുമാത്രമേ അത് നടപ്പാക്കാനാവൂ. ഭൂമിക്ക് ഭാരമായി തീരുന്ന മൃഗങ്ങളെ രക്ഷിക്കാനാവില്ല. എന്തിന് മനുഷ്യന്റെ കാര്യത്തിൽപോലും അത്രയെ ഉള്ളൂ''.- ഗാന്ധി തന്റെ മാസികളിൽ എഴുതി. ''ഗോവധ നിരോധനം സംബന്ധിച്ച് ഇന്ത്യയിൽ ഒരു നിയമവും നിർമ്മിക്കാൻ കഴിയില്ല. ഹിന്ദുക്കൾക്ക് ഗോവധം വിലക്കപ്പെട്ടിരിക്കുന്ന എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവും ഇല്ല. പശുവിനെ സേവിക്കുന്ന കാര്യത്തിൽ ഞാൻ പണ്ടുമുതലേ പ്രതിജ്ഞാബദ്ധനുമാണ്. പക്ഷേ എങ്ങനെ എന്റെ മതം, മറ്റുള്ള ഇന്ത്യാക്കാരുടെയും മതമാവും. ഹിന്ദുവല്ലാത്ത മറ്റ് ഇന്ത്യാക്കാർക്ക് നേരയെുള്ള ഒരു ബലപ്രയോഗം ആവും അത്.''- ഈ വലിയ സഹിഷ്ണുതയുടെതിരിച്ചറിവാണ് ഗാന്ധിയെ മറ്റ് രാഷ്ട്രീയക്കാരിൽനിന്ന് വ്യത്യസ്തമാക്കുന്നത്.

എന്നും മതസൗഹാർദത്തിന്റെ വക്താവായിരുന്നു ഗാന്ധി. തന്റെ മതപരമായ കർത്തവ്യം മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കാൻ അദ്ദേഹം മടിച്ചു. സമാധാനപരമായ ചർച്ചകളിലുടെ കൊണ്ടുവരേണ്ട ഒന്നായാണ് ഗാന്ധി ഗോവധ നിരോധനത്തെ കണ്ടത്. അല്ലായെ ഇന്ന് ഉത്തരേന്ത്യയിൽ കാണുന്നപോലെയുള്ള ഹിംസാത്മകമായ 'കൗ വിജിലാന്റിസം' ആയിരുന്നില്ല ഗാന്ധിയുടെ രീതി. അതുകൊണ്ടുതന്നെയാണ് രാമചന്ദ്രഗുഹയെപ്പോലുള്ളവർ ഗാന്ധിജിയുടെ പശുവിൽനിന്ന് സംഘപരിവാറിന്റെ പശുവിലേക്കുള്ള ദൂരം പ്രകാശവർഷങ്ങളാണ് എന്ന് പറയുന്നത്.

ഉറച്ചു നിന്നത് നെഹ്റുവും അംബേദ്ക്കറും

ഇന്ത്യൻ ഭരണഘടനയുടെ നിർമ്മാണ ഘട്ടത്തിലും പശു സംരക്ഷണം, മൗലിക ആവകാശത്തിനൊപ്പമാക്കാൻ ഏറെ ബഹളങ്ങളാണ് ഉണ്ടായത്. ഗോവധ നിരോധനം ഓരോ തവണ ഉച്ചരിക്കപ്പെടമ്പോഴും, ഗാന്ധിജിയുടെ പേരിലാണ് ജയ് വിളികൾ ഉയർന്നത്. പക്ഷേ അംബ്ദേക്കർ, നെഹ്റു എന്നീ രണ്ട് അതികായരിൽ തട്ടിയാണ് സമ്പുർന്ന ഗോവധ നിരോധന നീക്കം പാളിയത്. ഠാക്കുർ ദാസ് ഭാർഗവ, സേത്ത് ഗോവിന്ദ് ദാസ്, രഘു വീര, തുടങ്ങിയവർ ഒക്കെ ഓരോ ദിവസം എന്നോണം കോൺസിറ്റിറ്റിയുവെന്റ് അസംബ്ലിയിൽ ഗോവധ നിരോധനത്തിനായി വാദിക്കുകയും ഭേദഗതികൾ കൊണ്ടുവരികയും ആയിരുന്നു. പക്ഷേ നെഹ്റുവും അംബ്ദേക്കാറും വഴങ്ങിയില്ല. ഇതുപോലെ പ്രാകൃതമായ നടപടികൾ മൂലം നാം ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ അപമാനിതർ ആവുമെന്നായിരുന്നു അവരുടെ നിലപാട്്.

സത്യത്തിൽ ഇന്ത്യയുടെ കോൺസ്റ്റിറ്റിയൂവെന്റ് അസംബ്ലിയിലും, എന്തിന് കോൺഗ്രസ് പാർട്ടിയിലും, ഭുരിപക്ഷം പശുവാദികൾക്ക് ആയിരുന്നു. പക്ഷേ നെഹ്റുവിന്റെയും അംബ്ദേ്ക്കറിന്റെയും സ്വാധീനം അത്രക്ക് വലുതായിരുന്നു. ഒടുവിൽ ഭരണഘടനയുടെ മൗലിക അവകാശങ്ങളിൽനിന്നൊക്കെ മാറ്റി, എല്ലാ നടക്കാത്ത കാര്യങ്ങളും കൊണ്ടുതള്ളുന്ന ഒരിടമായ നിർദ്ദേശക തത്വങ്ങളിലാണ് ഗോവധ നിരോധനം ഉൾപ്പെടുത്തിയത്.

ഒപ്പം സംസ്ഥാനങ്ങൾക്ക് ഈ വിഷയത്തിൽ തീരുമാനമെടുക്കാമെന്നും വന്നു. ഇതുവെച്ച് നിരവധി കോൺഗ്രസ് സർക്കാറുകൾ തുടക്കത്തിൽ തന്നെ ഗോവധ നിരോധനം കൊണ്ടുവന്നു. അന്ന് ബിജെപി ഉണ്ടായിട്ടു പോലുമില്ല. അതുപോലെ ആദ്യ നെഹ്റു കാബിനറ്റിലും കോൺഗ്രസിനകത്തെ പശുവാദികൾ നിരന്തരം സമ്മർദവുമായി വന്നു. നേരത്തെ ഭരണഘടനാ നിർമ്മാണ സമിതിയിൽ കാണിച്ചതുപോലെ, സേത്ത് ഗോവിന്ദ് ദാസ്, ഇന്ത്യ മുഴുവൻ ഗോവധം നിരോധിക്കണം എന്ന ബിൽ പാർലിമെന്റിൽ കൊണ്ടുവന്നു. എന്നാൽ നെഹ്റു സമ്മതിച്ചില്ല. രാജ്യം ശാസ്ത്ര- സാങ്കേതിക വിദ്യയുമായി ഏറെ മുന്നോട്ടുപോവുന്ന കാലത്ത് ഇതുപോലുള്ള കാര്യങ്ങളിലേക്ക് ചർച്ച പോകണ്ടേത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

എന്നാലും അവർ സമ്മർദം തുടർന്നു. സമ്മർദം സഹിക്കാൻ കഴിയാവുമ്പോൾ നെഹ്റു രാജി ഭീഷണി മുഴക്കം. നെഹ്റു നാലു തവണ രാജി ഭീഷണി മുഴക്കിയതിൽ മൂന്നിലും പ്രധാന കാരണം ഗോവധ നിരോധനം ആയിരുന്നു. പക്ഷേ എപ്പോഴൊക്കെ നെഹ്റു രാജി ഭീഷണി മുഴക്കുന്നുവോ അപ്പോഴൊക്കെ, സർദാർ വല്ലാഭായ് പട്ടേൽ അടക്കമുള്ള മുഴുവൻ നേതാക്കാളും, എതാണ്ട് 'അയ്യോ അച്ഛാ പോവല്ലേ' എന്ന ശൈലിയിൽ നെഹ്റുവിന് പിന്നാലെ പായുന്ന കാഴ്ചയാണ് കാണാൻ കഴിയുക. അത്രക്ക് വൈകാരികമായ സ്വാധീനമായിരുന്നു നെഹ്റുവിന് കോൺഗ്രസ് പാർട്ടിയുമായും നേതാക്കളുമായും ഉണ്ടായിരുന്നത്.

എതിർത്തത് സവർക്കർ മാത്രം

സ്വതന്ത്ര്യസമര കാലത്ത് ഗാന്ധിജി അടക്കമുള്ള നേതാക്കൾ പശു രാഷ്ട്രീയത്തിന്റെ വക്താക്കൾ ആയിരുന്നുവെന്ന് നാം കണ്ടു. പക്ഷേ സിനിമകളിലെ ട്വിസ്റ്റ് എന്നൊക്കെ പറയുന്നപോലെ, ഇന്ന് പശുരാഷ്ട്രീയത്തിന്റെ വക്താവാകുമെന്ന് പൊതുവെ കരുതുന്ന സവർക്കർ ആണ് അക്കാലത്ത് ഇതിനെ ഏറ്റവും ശക്തമായി എതിർത്തത്. സവർക്കർ ഗോവധ നിരോധനത്തെ അങ്ങേയറ്റം പരിഹാസത്തോടെയാണ് കണ്ടത്. പശുവിനെ ആരാധിക്കുന്നത് അബദ്ധമാണെന്ന് തന്റെ പല ലേഖനങ്ങളിലും അദ്ദേഹം എടുത്തു പറയുന്നുണ്ട്.

ദൈവികതക്കും മനുഷ്യത്വത്തിനും അപമാനമാണ് പശുക്കളെ ആരാധിക്കൽ എന്നായിരുന്നു സവർക്കാറുടെ വാദം. ''മനുഷ്യന് സാമ്പത്തിക ആവശ്യത്തിനാണ് പശുവിനെ ഉപയോഗിക്കേണ്ടത്. അത് കഴിഞ്ഞാൽ മറ്റ് ജീവികൾക്ക് സംഭവിക്കുന്നത് തന്നെ അതിനും സംഭവിക്കണം. പശുവിനെ സംരക്ഷിക്കേണ്ടവർക്ക് സംരക്ഷിക്കാം. പക്ഷേ അതിന്റെ ആരാധിക്കാനുള്ള അന്ധവിശ്വാസം ഇന്ത്യയുടെ പ്രതിഭയെ നശിപ്പിക്കും. മനുഷ്യന് തന്നെ അപമാനകരമായ രീതിയിൽ ഈ ഗോവധ നിരോധനം പോകുന്നുണ്ട്. ''- സവർക്കർ ഇങ്ങനെയാണ് എഴുതിയത്.

സാംസ്കാരിക ദേശീയത എന്ന ആശയത്തിലായിരുന്നു സവർക്കർ വിശ്വസിച്ചിരുന്നത്. അദ്ദേഹം ജാതിയിലും ആചാരങ്ങളിലും വിശ്വസിച്ചിരുന്നില്ല. ജനിച്ച നാടിനെ പുണ്യഭൂമിയായാണ് അദ്ദേഹം വിലയിരുത്തുന്നത്. ഈ നാടിനെയും ഈ സംസ്‌ക്കാരത്തെയും ഉൾക്കൊള്ളത്തവരെ ഈ നാടിനും വേണ്ട എന്ന നിലപാടായിരുന്നു സവർക്കർക്ക്.

മാത്രമല്ല പശുവിനെ അല്ല നരസിംഹത്തെയാണ് നാം മറ്റുള്ളവർക്ക് മുന്നിൽ ഉയർത്തിക്കാട്ടേണ്ടത് എന്നതായിരുന്നു സവർക്കറുടെ നിലപാട്. ''കാരണം പശു ഒരു സാധു മൃഗമാണ്. ഇതുപോലെ ഒരു ബിംബത്തെ ഉയർത്തിക്കാട്ടുന്നത് നമ്മുടെ പോരാട്ട വീര്യത്തെ ബാധിക്കും. ഭഗവാൻ ശ്രീകൃഷ്ണനെ ഗോപാലൻ എന്നാണ് പറയുന്നത്. അതായത് ഗോക്കളെ പാലിക്കുന്നവൻ. അല്ലാതെ ഗോക്കളെ ആരാധിക്കുന്നവനല്ല. പശുക്കളെ സംരക്ഷിക്കാം. പക്ഷേ പൂജിക്കേണ്ട കാര്യമില്ല.''- സവർക്കർ തന്റെ പുസ്തകത്തിൽ പറയുന്നത് ഇങ്ങനെയാണ്. പക്ഷേ പശു രാഷ്ട്രീയത്തിൽ സവർക്കറിന്റെ നിലപാട് ഇപ്പോൾ സംഘപരിവാർ ഒട്ടും സ്വീകരിച്ചില്ല. അവർ പശു ആരാധനകളുമായി മുന്നോട്ട് പോവുകയാണ്.

പശുവാദികളിൽ കമ്യൂണിസ്റ്റുകളും

ആദ്യകാലത്ത് കോൺഗ്രസിനെകത്തെ ഒരു വിഭാഗം നേതാക്കളായിരുന്നു പശു രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്നതെങ്കിൽ, ഇന്ന് അത് പുർണ്ണമായും സംഘപരിവാറിന്റെ കൈയിലാണ്. 1966ൽ ഡൽഹിയിൽ നടന്ന നാഗ സന്യാസിമാരുടെ ലഹളയോടെയാണ് കാര്യങ്ങൾ മാറി മറയുന്നത്. സമ്പുർണ്ണ ഗോവധ നിരോധനം ആവശ്യപ്പെട്ട് പാർലിമെന്റിലേക്ക് മാർച്ച് നടത്തിയ സന്യാസി സംഘം കണ്ണിൽ കണ്ടതെല്ലാം തല്ലിത്തകർക്കയായിരുന്നു. ഇതോടെയാണ് ആർഎസ്എസ് രാഷ്ട്രീയത്തിൽ പശു ഒരു പ്രധാന അജണ്ടയായി മാറുന്നതും.

കോൺഗ്രസിലെ മതേതരവാദികളായ പ്രമുഖ നേതാക്കൾ ഒക്കെയും ഒന്നാന്തരം പശുവാദികൾ ആയിരുന്നുവെന്ന് നാം നേരത്തെ കണ്ടു. എന്നാൽ ഇത് കോൺഗ്രസിൽ ഒതുങ്ങി നിന്നില്ല. മൊറാർജി ദേശായി, ജയപ്രകാശ് നാരായണൻ തുടങ്ങിയ സോഷ്യലിസ്റ്റ് നേതാക്കളും പശു വാദികൾ ആയിരുന്നു. 1966ലെ ഗോവധ സന്യാസി പ്രക്ഷോഭത്തിന്റെ സമയത്ത്, സാക്ഷാൽ ജയപ്രകാശ് നാരായണൻ കോൺഗ്രസ് പാർട്ടിയോടും ഇന്ദിരാഗാന്ധിയോടും ചോദിച്ചത് ഇങ്ങനെയാണ്. ''- പശുവിനെ കശാപ്പുചെയ്യുന്നതിന് എതിരെ, അത് ശരിയായിക്കോട്ടെ തെറ്റായിക്കോട്ടെ, അതിശക്തമായ ഒരു വികാരമുള്ള ഇന്ത്യപോലുള്ള ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യത്ത്, എന്തുകൊണ്ട് നിയമപരമായ ഒരു നിരോധനം കൊണ്ടുവരുന്നില്ല.''- ഈ ജെപി ധാരയിൽനിന്ന് ജനതാദൾ അടക്കമുള്ള സോഷ്യലിസ്റ്റുകൾ ഒക്കെയുണ്ടാവുന്നത്.

ജനതാ പാർട്ടിയിൽ മൊറാർജി ദേശായി കടുത്ത പശു വാദിയായിരുന്നു. മദ്യ നിരോധനവും, ഗോവധ നിരോധനവുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന അജണ്ട. അത് ഗുജറാത്തിൽ അദ്ദേഹത്തിന് നടപ്പാക്കാൻ കഴിഞ്ഞു. പക്ഷേ പ്രധാനമന്ത്രിയായപ്പോൾ ആ അജണ്ട പുറത്തെടുക്കാനുള്ള സമയം കിട്ടിയില്ല. അതുപോലെ പ്രമുഖ ഗാന്ധിയന്മാരും ഗോവധ നിരോധനത്തിന് ഒപ്പം ആയിരുന്നു. ഭൂദാന പ്രസ്ഥാനത്തിലൂടെ ശ്രദ്ധേയനായ ആചാര്യ വിനോദബാവെ എന്ന വിനോഭാജി, മൊറാർജി ദേശായി ഭരണകാലത്ത് നിരാഹാര സത്യാഗ്രഹമാണ് സമ്പൂർണ്ണ ഗോവധ നിരോധനത്തിനുവേണ്ടി നടത്തിയത്. പക്ഷേ ആ സമരം എങ്ങുമെത്താതെ പരാജയപ്പെട്ടു.

കോൺഗ്രസിന്റെ ആദ്യകാല ചിഹ്നമായിരുന്നു പശുവും കിടാവും. അത് മതവികാരം ചൂഷണം ചെയ്യാനാണെന്ന് അക്കാലത്ത് എതിരാളികൾ ആരോപണം ഉന്നയിച്ചിരുന്നു. പിളർപ്പിനെ തുടർന്ന് കോൺഗ്രസ് കൈപ്പത്തിയിലേക്ക് ചിഹ്നം മാറിയതോടെ, തെരഞ്ഞെടുപ്പ് കമ്മീഷൻ പശുവും കിടാവും ചിഹ്നം മരവിപ്പിക്കയായിരുന്നു.

അതുപോലെ തന്നെ അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെ പോരടിക്കുന്നവർ എന്ന് പറയുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ പോലും, ഉത്തരേന്ത്യയിൽ പശുവിനെ ആരാധിക്കുന്നത് ഒരു അന്ധവിശ്വാസമാണെന്ന് പറയുന്നില്ല. കഴിഞ്ഞ ബീഹാർ തെരഞ്ഞെടുപ്പിൽ പശുവിന്റെ പേരിൽ സിപിഎം വോട്ടുപിടിച്ചത്, കേരളത്തിലടക്കം വലിയ ട്രോൾ ആയിരുന്നു. 'ഒന്നാന്തരം കാലിത്തീറ്റകൊടുക്കാനും പശു സംരക്ഷണത്തിനുമായി സിപിഎമ്മിനെ വിജയിപ്പിക്കുക' എന്ന പോസ്റ്റർ ആണ് വിവാദമായിരുന്നത്. അതുപോലെ ആം ആദ്മി പാർട്ടിയൊക്കെ പശുവിന്റെ കാര്യം എത്തുമ്പോൾ തീർത്തും മൃദു സമീപനമാണ് എടുക്കുന്നത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സംഘപരിവാറിന്റെ ബി ടീം പോലെയാണ് ഇക്കാര്യത്തിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഫാസിസ്റ്റുകൾക്കെതിരെ പ്രതികരിക്കാൻ എന്നപേരിൽ റിജിൽ മാക്കുറ്റിയെന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ അറവ് സമരത്തെ, രാഹുൽ ഗാന്ധി തള്ളിപ്പറയേണ്ടി വന്നത് ഓർക്കുക. പക്ഷേ കോൺഗ്രസിന്റെ പശു രാഷ്ട്രീയത്തിൽനിന്ന് ബിജെപിയിൽ എത്തിയപ്പോൾ അതിൽ വല്ലാതെ അക്രമവും ഭീതിയും കലരുന്നുണ്ട്.

പശുവിനെക്കൊണ്ട് പാപ്പരാവുന്ന രാജ്യം

എന്നാൽ ഇന്ന് എന്താണ് നടക്കുന്നത്. പശുവിനെ കൊണ്ട് ഈ രാജ്യം പാപ്പരാവുകയാണെന്ന് പറഞ്ഞാൽ അതിശയമില്ല. കാരണം ഇന്ന് ഉത്തരേന്ത്യയിൽ ഒരു മനുഷ്യനേക്കാൾ വിലയുണ്ട് പശുവിന്. പല പട്ടണങ്ങളിലും പശു അങ്ങോട്ട് മേഞ്ഞു നടക്കയാണ്. തൊടാൻ പോലും ആർക്കും പേടിയാണ്. പശു കുത്തിയാലും വാഹനങ്ങൾ തകർത്താലും ആർക്കും പ്രതികരിക്കാൻ ധൈര്യമില്ല.

കശാപ്പ് നിരോധിച്ചതിനാൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കൾ വലിയൊരു സാമുഹിക പ്രശ്നമാവുകയാണ്. ക്വിന്റൽ കണക്കിന് ചാണകമാണ് റോഡിൽ നിന്ന് നീക്കം ചെയ്യുന്നത്. അലഞ്ഞ് തിരിയുന്ന പശു കൃഷി വ്യാപകമായി നശിപ്പിക്കയാണ്. കൃഷിയിടത്തേക്ക് പുലി അടക്കം മറ്റ് ഏത് ജീവി ഇറങ്ങിയാലും മനുഷ്യൻ ഓടിക്കും. പക്ഷേ പശു വിറങ്ങിയാൽ ആർക്കും ഒന്നും ചെയ്യാൻ വയ്യ. യുപിയിലെ ഗ്രാമങ്ങളിൽ എൻഡിടിവി വാർത്താ സംഘം, ഈയിടെ നടത്തിയ ഒരു അന്വേഷണത്തിൽ കർഷകർ പറയുന്നത്, പശുവിനെ ഭയന്ന് ഞങ്ങൾക്ക് ഒന്നും കൃഷിചെയ്യാൻ വയ്യ എന്നാണ്. ഇപ്പോൾ അവർ പശു തിന്നാത്ത കടുക് പോലുള്ള സാധനങ്ങളാണ് കൃഷി ചെയ്യുന്നത്.

കോടിക്കണക്കിന് രൂപയാണ് സർക്കാർ പശു സംരക്ഷണത്തിനായി ചെലവിടുന്നത്. യുപിയിലെ കണക്ക് നോക്കുക. 6000ത്തോളം ഗോശാലകൾ ഇവിടെയുണ്ട്. അവിടെ 7.8 ലക്ഷം പശുക്കളും. ഇതിനെ തീറ്റിപ്പോറ്റാൻ നിരവധി ജീവനക്കാരും. എന്നിട്ടും 12ലക്ഷം കാലികൾ അലഞ്ഞു തിരിഞ്ഞ് നടക്കുന്നുണ്ടെന്നാണ് കണക്ക്. യോഗി സർക്കാർ 2020ൽ 203 കോടിയാണ് ഗോശാലകൾക്ക് അനുവദിച്ചത്്. ഈ സാമ്പത്തിക വർഷം അത് 424 കോടിയായി! ഇത് യുപിയിലെ മാത്രം കണക്കാണ്. മറ്റ് സംസ്ഥാനങ്ങളിലേതുകൂടി കൂട്ടുമ്പോൾ എത്ര ഭീമമായ കോടികളാണ് വെറുതെ പാഴാവുന്നത് എന്ന് നോക്കുക. ഇങ്ങനെ പോയാൽ പത്തുവർഷം കഴിയുമ്പോൾ രാജ്യത്തിന്റെ സ്ഥിതിയെന്താവും. മനുഷ്യന്റെ ആവശ്യത്തിന് അനുസരിച്ച് പശുവിനെ സംരക്ഷിക്കുകയും ഉപയോഗിക്കുകയും, അതു കഴിഞ്ഞാൽ സ്വാഭാവികമായി അതിനെ കശാപ്പ് ചെയ്യുകയും ചെയ്തിരുന്നെങ്കിൽ ഈ ഗതികേട് വരുമായിരുന്നില്ല.

അതിനേക്കാൾ വലിയ കേടുപാടുകൾ വന്നത് പശുവിന്റെ പേരിലുള്ള കോപ്രായങ്ങൾ കാരണം, ഇന്ത്യ ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ നാണം കെട്ടുവെന്നതാണ്. പശു ഓക്സിജൻ ശ്വസിച്ച് ഓക്സിജൻ പുറത്തുവിടുന്ന ഏക ജീവിയാണെന്ന് ഉത്തരാഖണ്ഡ് മൃഗസംരക്ഷണ മന്ത്രിയും, മുഖ്യമന്ത്രിയും, അലഹബാദ് ജഡ്ജിയുമൊക്കെപ്പറഞ്ഞത് ലോക വ്യാപകമായി പരിഹസിക്കപ്പെട്ടു. (ബിജെപി നേതാവ് ജെ ആർ പത്മകുമാർ ഒരു ചാനൽ ചർച്ചയിൽ ഇതേ വാദം ഉന്നയിച്ച് ട്രോളുകൾ വാരിക്കുട്ടിയിരുന്നു!)

ഗോമൂത്രം ചികിത്സക്ക് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടാക്കുക, പഞ്ചഗവ്യത്തിന്റെ ഔഷധ സാധ്യതകൾ കണ്ടെത്താൻ ഗവേഷണം നടത്തുക, ചാണക കേക്ക് ഉണ്ടാക്കി തിന്നുക, ചാണക വെള്ളത്തിൽ കുളിക്കുക.... തുടങ്ങിയ സകല ഉഡായിപ്പുകളും ഇതിന്റെ ഭാഗമായി ഉണ്ടായി. ഒരു മേക്ക് ഇൻ ഇന്ത്യയല്ല, ചാണക ഇന്ത്യയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വിദേശത്ത് ജോലിചെയ്യുന്നവരോടൊക്കെ ചോദിച്ച് നോക്കുക, ഇന്ത്യ ഈ പശുരാഷ്ട്രീയം കൊണ്ട് എത്രമാത്രം പരിഹസിക്കപ്പെടുന്നുണ്ടെന്ന്. പശു ഒരു വിശുദ്ധ മൃഗമല്ലെന്നും ഒരു സാധാരണ ജീവിമാത്രമാണെന്നുമുള്ള ശാസ്ത്രബോധവും യുക്തിബോധവും സാധാരണക്കാരന് നിറച്ചുകൊടുക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിഞ്ഞിട്ടില്ല.

വാൽക്കഷ്ണം: ചാണകവും ഗോമൂത്രവുമൊക്കെ വാർത്തകളിൽ നിറയുമ്പോൾ, സവർക്കറുടെ ചിത്രവും വെച്ചിട്ടാണ് സൈബർ സഖാക്കൾ അടക്കമുള്ളവർ പരിഹാസം നിറയ്ക്കുന്നത്. അവരുടെ കാഴ്ചപ്പാടിൽ എല്ലാ തിന്മകളും ആരോപിക്കാവുന്നു വെറും ഒരു 'ഷൂ നക്കി' മാത്രമാണ് സവർക്കർ. പക്ഷേ പശു രാഷ്ട്രീയത്തിൽ സവർക്കർക്ക് യാതൊരു പങ്കുമില്ല എന്നതാണ് യാഥാർഥ്യം. 'പഠിച്ചിട്ട് ബിമർഷിക്കൂ' എന്ന് ഇസ്ലാമിസ്റ്റുകൾ പറയുന്നതാണ് ഇവിടെ ഓർമ്മവരുന്നത്.

റഫറൻസ്-
ഹോളി കൗ- ലേഖനം- കാഞ്ച ഏലയ്യ
ബീഫും ബലീഫും - പുസ്തകം, സി രവിചന്ദ്രൻ
ഇന്ത്യൻ പശു- പ്രഭാഷണം- സി രവിചന്ദ്രൻ
രാമചന്ദ്രഗുഹ- വിവിധ ലേഖനങ്ങൾ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP