Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ഇരുപതോളം വെപ്പാട്ടികൾ അടങ്ങുന്ന വൻസംഘത്തോടൊപ്പം ജർമ്മനിയിലേക്ക് ഒളിച്ചോടി സുഖവാസം നയിക്കുന്ന തായ്‌ലൻഡ് രാജാവ്; സാത്താന്റെ വൈറസിനെതിരെ പള്ളിതുറന്നാൽ മാത്രം മതിയെന്ന് പറഞ്ഞ ടാൻസാനിയൻ പ്രസിഡന്റ്; വിവരങ്ങൾ മറച്ചുവെച്ച ഇന്തോനേഷ്യൻ പ്രസിഡന്റ്; രോഗം പടർന്നതോടെ ലോക്ഡൗൺ ലംഘിക്കുന്നവരെ വെടിവെച്ച് കൊല്ലാൻ ഉത്തരവിട്ട ഫിലിപ്പീൻസ് പ്രസിഡന്റ്; കോവിഡ് കാലത്ത് നാട് മുടിപ്പിക്കുന്ന രാഷ്ട്രീയ വില്ലന്മാരുടെ കഥ

ഇരുപതോളം വെപ്പാട്ടികൾ അടങ്ങുന്ന വൻസംഘത്തോടൊപ്പം ജർമ്മനിയിലേക്ക് ഒളിച്ചോടി സുഖവാസം നയിക്കുന്ന തായ്‌ലൻഡ് രാജാവ്; സാത്താന്റെ വൈറസിനെതിരെ പള്ളിതുറന്നാൽ മാത്രം മതിയെന്ന് പറഞ്ഞ ടാൻസാനിയൻ പ്രസിഡന്റ്; വിവരങ്ങൾ മറച്ചുവെച്ച ഇന്തോനേഷ്യൻ പ്രസിഡന്റ്; രോഗം പടർന്നതോടെ ലോക്ഡൗൺ ലംഘിക്കുന്നവരെ വെടിവെച്ച് കൊല്ലാൻ ഉത്തരവിട്ട ഫിലിപ്പീൻസ് പ്രസിഡന്റ്; കോവിഡ് കാലത്ത് നാട് മുടിപ്പിക്കുന്ന രാഷ്ട്രീയ വില്ലന്മാരുടെ കഥ

എം മാധവദാസ്

'ശാസ്ത്രനേട്ടങ്ങൾ കൊണ്ട് ഒന്നും ആവുന്നില്ല. കഴിവും ഉയർന്ന ചിന്താഗതിയുമുള്ള ഭരണാധികാരികൾ ലോകത്ത് ഉണ്ടാകണം. കോവിഡ് ഈ രീതിയിൽ പടർന്നതിന് ഒരു കാരണം ഇന്നത്തെ ലോക രാഷ്ട്രങ്ങളുടെ നേതൃത്വത്തിന്റെ കുഴപ്പം കൂടിയാണ്'- ലോകം ഇക്കാലത്ത് ഏറ്റവും കൂടുതൽ വായിച്ച എഴുത്തുകാരനും ശാസ്ത്രപ്രചാരകനുമായ യുവാൽ നോഹ ഹരാരിയുടെ ഈ വാക്കുകൾ ശരിവെക്കുന്ന രീതിയിലുള്ള വർത്തമാനങ്ങളാണ് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഉയർന്നു വരുന്നത്. കോവിഡ് ഈ രീതിയിൽ പടരുന്നതിന് കാരണമാക്കിയത് രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പുകേടുതന്നെയാണെന്നാണ് അന്താരാഷ്ട്ര ബാധ്യമങ്ങൾ അഭിപ്രായപ്പെടുന്നത്. വുഹാനിൽ ആദ്യ വൈറസ് മരണം ഉണ്ടായപ്പോൾ അത് മറച്ചുപടിച്ച് കോവിഡിനെ ലോകം മുഴവൻ എത്തിച്ച ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനെയും, എല്ലാം നിസ്സാരവത്ക്കരിച്ച് അമേരിക്കയെ വലിയ കുഴിയിൽ ചാടിച്ച പ്രസിഡന്റ് ട്രംപിനെയുമാണ് ബിബിസിയടക്കമുള്ള മാധ്യമങ്ങൾ കോവിഡ് കാലത്തെ മുഖ്യ വില്ലനായി കാണുന്നത്. ബ്രസീൽ പ്രസിഡഡന്റ ബൊൽസൊനാരോയെ ലോകത്തിലെ ഏറ്റവും അപകടകാരിയായ രാഷ്ട്രീയക്കാരൻ എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.

ട്രംപിനെയും ബൊൽസൊനാരോയെയുംപോലെ കോവിഡിനെ നേരിടാൻ കാര്യക്ഷമമായി പ്രവർത്തിക്കാത്ത, പകരം തെറ്റായ തീരുമാനങ്ങളെടുത്ത മറ്റുചില ഭരണാധികാരികളുമുണ്ട് ലോകത്ത്. അവർക്ക് എതിരെയും അതാത് രാജ്യങ്ങളിൽ കടുത്ത പ്രതിഷേധം ഉയരുകയാണ്. കോവിഡിനെ പേടിച്ച് ഇരുപതിലേറെ വെപ്പാട്ടികളുമായിര രാജ്യം വിട്ട് ജർമ്മനിയെ ആഡംബര റിസോർട്ടിലേക്ക് കുടിയേറിയ മഹാവാജിറാലോങ്ങ്കോൺ എന്ന തായലണ്ട് രാജാവ്, കോവിഡിനെ തുടക്കത്തിൽ തീരെ വിലകുറച്ചു കണ്ട ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ട്, പള്ളികൾ തുറന്നു പ്രാർത്ഥിച്ചാൽ 'സാത്താൻ' അയച്ച വൈറസ് നശിക്കുമെന്ന് പറഞ്ഞ ടാൻസാനിയൻ പ്രഡിന്റ് ജോൺ മഗുഫുലി, കോവിഡ് വിവരങ്ങൾ മനപുർവം മറച്ചുവെച്ച ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, കൈകൊടുത്തും ചുംബിച്ചും സാമൂഹീക നിയന്ത്രണങ്ങൾ ലംഘിച്ച മെകസിക്കൻ പ്രസിഡന്റ് ലോപ്പസ് ഒബ്രദോർ... കോവിഡ് കാലത്തെ രാഷട്രീയ വില്ലന്മാരുടെ എണ്ണം കൂടുകയാണ്.

തായ്ലണ്ട് രാജാവ് എവിടെ?

രാജവാഴ്ച നിലനില്ക്കുന്ന ഭരണഘടനാധിഷ്ഠിത രാഷ്ട്രമാണ് തായ്ലൻഡ്. രാഷ്ട്രത്തലവനായ രാജാവിന് പരിമിതമായ അധികാരമേ ഉള്ളൂ. ഒരു ഉപദേശകന്റെ സ്ഥാനമാണ് രാജാവിന്റേത്. പ്രധാനമന്ത്രി ഗവൺമെന്റിനെ പ്രതിനിധാനം ചെയ്യുന്നു. നാഷണൽ അസംബ്ളിയാണ് രാജ്യത്തെ പരമോന്നത നിയമനിർമ്മാണസഭ. 360 അംഗ പ്രതിനിധിസഭയും 270 അംഗ സെനറ്റും ഉൾപ്പെടുന്ന നാഷണൽ അസംബ്ളിക്ക് രണ്ട് മണ്ഡലങ്ങളുണ്ട്. ജനങ്ങൾ തെരഞ്ഞെടുക്കുന്ന നാഷണൽ അസംബ്ളി അംഗങ്ങളുടെ കാലാവധി 4 വർഷമാണ്. സെനറ്റിലെ ഭൂരിപക്ഷം അംഗങ്ങളുടേയും നിയമനാധികാരം ഭരണത്തിലേറുന്ന കക്ഷിക്കാണ്. നാഷണൽ അസംബ്ളിയാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ടത്. പ്രധാനമന്ത്രി 48 അംഗ ക്യാബിനറ്റിനെ നിശ്ചയിക്കുന്നു.

ഒരു ചീഫ് ജസ്റ്റിസും 21 ജഡ്ജിമാരും ഉൾപ്പെടുന്ന സുപ്രീം കോടതിയാണ് തായ്ലൻഡിലെ പരമോന്നത കോടതി. നിരവധി കീഴ്കോടതികളും ഇവിടെ പ്രവർത്തിക്കുന്നു. ജുഡീഷ്യൽ കമ്മിഷനാണ് ജഡ്ജിമാരെ തെരഞ്ഞെടുക്കാനുള്ള അധികാരം. രാജാവ് നിർദ്ദേശിക്കുന്ന ജഡ്ജിമാരെ പ്രധാനമന്ത്രിയാണ് നിയമിക്കുന്നത്.  അതായത് നമ്മുടെ നാട്ടിലെ പ്രഡിന്റിനെപ്പോലെയാണ് അവിടെ രാജാവ് എന്ന് ചുരുക്കം. ആ രാജാവ് കോവിഡിനെ പേടിച്ച് നാടുവിട്ട് ഓടിയെന്ന് അറിഞ്ഞാൽ ജനങ്ങളുടെ ആത്മവിശ്വാസം എവിടെയെത്തും.

തായ്‌ലൻഡിലെ ജനങ്ങൾക്ക് രാജാവെന്നാൽ ദൈവതുല്യനാണ്. എഴുപതുവർഷത്തോളം തായ്‌ലണ്ടിനെ അടക്കിവാണ മഹാരാജാവ് ഭൂമിബോൽ അതുല്യതേജ് 2016 -ൽ മരണത്തോടടുത്തപ്പോൾ തായ്‌ലൻഡുകാരെ വല്ലാതെ അലട്ടിയ ആശങ്കകളിൽ ഒന്ന് രാജാവിന്റെ പിൻഗാമിയെക്കുറിച്ചുള്ളതായിരുന്നു. അച്ഛന്റെ യാതൊരുവിധ ഗുണങ്ങളും പകർന്നു കിട്ടിയിട്ടില്ലാത്ത, സ്ത്രീലമ്പടൻ എന്ന് ചീത്തപ്പേര് കേൾപ്പിച്ചു കഴിഞ്ഞിരുന്ന മകൻ മഹാവാജിറാലോങ്ങ്കോൺ തായ്‌ലൻഡിലെ ജനങ്ങൾക്കിടയിൽ ഒട്ടും സ്വീകാര്യനായിരുന്നില്ല.

കഴിഞ്ഞ മാർച്ചിൽ, തായ്‌ലൻഡിൽ നിന്ന് പ്രാണഭയത്താൽ പലായനം ചെയ്ത ചരിത്രകാരനും രാജഭരണത്തിന്റെ വിമർശകനുമായ സോംസക് ജീംതീറസകുൽ, തായ്‌ലൻഡിൽ നിന്ന് ജർമ്മനിയിലെ ബവേറിയയിലേക്കുള്ള രാജാവിന്റെ വിമാനയാത്രയുടെ സഞ്ചാരപഥം ട്വീറ്റ് ചെയ്തുകൊണ്ട് ഒരു ചോദ്യം ഉന്നയിച്ചിരുന്നു. ' ഇങ്ങനെ ഒരു രാജാവിനെ ചുമക്കേണ്ട കാര്യമുണ്ടോ നമുക്ക്?' രാജ്യത്ത് കോവിഡ് കേസുകൾ വരാൻ തുടങ്ങിയ സമയത്ത്, രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ രാജാവ് തയ്യാറായില്ല. പകരം, ഇരുപതോളം ലൈംഗിക പങ്കാളികൾ അടക്കമുള്ള നൂറിൽപരം വരുന്ന അനുയായികളുടെ ഒരു വൻസംഘത്തോടൊപ്പം, ബവേറിയയിലെ ഒരു റിസോർട്ടിലേക്ക് കൊവിഡിൽ നിന്ന് ഓടിയൊളിക്കുകയാണ് രാജാവ് ചെയ്തത്. രാജ്യത്ത് കോവിഡ് ബാധിച്ച് ജനം ദുരിതത്തിലാണ്ടിരിക്കുമ്പോൾ അവിടെ സുഖവാസത്തിൽ കഴിയാൻ രാജാവ് തീരുമാനിച്ചതാണ് പ്രജകളിൽ പലരെയും അസ്വസ്ഥരാക്കിയിരിക്കുന്നത്. ആയിരക്കണക്കിന് ഡോളർ മുറിവാടകയുള്ള ഈ ലക്ഷ്വറി റിസോർട്ടിലെ ഒരു ഫ്ളോർ മൊത്തമായി വാടകയ്‌ക്കെടുത്ത് അവിടെ തന്റെ അന്തഃപുരം പുനഃസൃഷ്ടിച്ചിരിക്കുകയാണ് രാജാവ്.

4300 കോടി ഡോളറിന്റെ സ്വത്തുക്കൾ ധൂർത്തടിക്കുന്ന സ്ത്രീലമ്പടൻ

ടൂറിസം ഒരു പ്രധാന വരുമാനമാർഗമായ തായ്‌ലൻഡിൽ കോവിഡ് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെയും, സാമ്പത്തിക നിലയെയും ഒരുപോലെ ബാധിച്ചിരിക്കുന്ന വേളയിൽ രാജാവ് കാണിച്ച നിരുത്തരവാദപരമായ നടപടിയെ പലരും പരസ്യമായി വിമർശിക്കാൻ മടിക്കാറുണ്ട്. തായ്‌ലൻഡിൽ രാജാവിനെ വിമർശിക്കുന്നത് ഗുരുതരമായ കുറ്റമാണ്. രാജാവിന്റെ അസ്തിത്വത്തെ സംരക്ഷിച്ചു നിർത്താൻ വേണ്ടി അതികർശനമായ പല നിയമങ്ങളും നാട്ടിൽ നിലവിലുണ്ട്. എന്നുവെച്ച്, വിദേശങ്ങളിൽ ഒളിച്ചു പാർക്കുന്ന പല തായ് വംശജരും തങ്ങളുടെ വിമർശനങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഉന്നയിക്കാൻ മടിച്ചു നിൽക്കാറുമില്ല.

മെയ് ആദ്യവാരം, ജർമനിയിലെ തായ് വംശജരും, സ്വദേശീയരും അടങ്ങുന്ന ഒരു സംഘം പ്രതിഷേധക്കാർ ബവേറിയയിൽ രാജാവ് സുഖവാസത്തിൽ കഴിയുന്ന ഗ്രാൻഡ് സോനേൻബിഷെൽ റിസോർട്ടിന് പുറത്ത് മുദ്രാവാക്യങ്ങളുമായി ഒത്തുകൂടി. ഹോട്ടലിന്റെ ചുവരിലേക്ക് അവർ തങ്ങളുടെ മുദ്രാവാക്യങ്ങൾ പ്രോജക്ട് ചെയ്തു. 'ജർമനിയിൽ സുഖവാസത്തിൽ കഴിയുന്ന ഒരു രാജാവിനെ തായ്‌ലണ്ടിന് ആവശ്യമുണ്ടോ? ' എന്നതായിരുന്നു ഒരു മുദ്രാവാക്യം. ബെർലിനിലെ തായ് എംബസിക്ക് പുറത്ത് ഇപ്പോഴും പ്രതിഷേധങ്ങൾ തുടരുകയാണ്.ലോക്ക് ഡൗൺ പ്രമാണിച്ച് അടച്ചുപൂട്ടിയിരുന്ന ഈ റിസോർട്ട് തായ് രാജാവിനും സംഘത്തിനും വേണ്ടി മാത്രമായിട്ടാണ് ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നത്. മറ്റാർക്കും അവിടെ ബുക്കിങ്ങും നൽകുന്നില്ല. ആർക്കും അങ്ങോട്ട് പ്രവേശനവും ഇല്ല. വിദേശവിമാനയാത്രകൾ ഒന്നടങ്കം നിരോധിച്ചിട്ടുള്ള തായ്‌ലൻഡ് രാജാവിനും അദ്ദേഹത്തിന്റെ ഉല്ലാസസംഘത്തിനും അവരുടെ ചാർട്ടേർഡ് വിമാനങ്ങളിലുള്ള പ്രയാണങ്ങൾ നടത്താൻ വേണ്ടി മാത്രമാണ് ഇളവുകൾ നൽകിയിട്ടുള്ളത്.

നാലുവർഷം മുമ്പ് അധികാരത്തിലേറിയപ്പോൾ തന്റെ അധികാരം എന്നെന്നേക്കുമായി നിലനിർത്താൻ ആവശ്യമായ നിയമങ്ങളും മഹാവാജിറാലോങ്ങ്കോൺ നിർമ്മിച്ചെടുത്തു. 4300 കോടി ഡോളറാണ് രാജകുടുംബത്തിന്റെ ആകെ ആസ്തി. അത് തന്റെ വ്യക്തിപരമായ സുഖലോലുപതയ്ക്കായി ധൂർത്തടിച്ചു കൊണ്ടിരിക്കുകയാണ് രാജാവ്. വിദേശരാജ്യങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിരന്തരം സുഖവാസം നടത്തിക്കൊണ്ടിരിക്കുന്ന രാജാവിനെ അവിടത്തെ ജനങ്ങളോ മാധ്യമങ്ങളോ ഒക്കെ തിരിച്ചറിഞ്ഞ് ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ ഇടാറുണ്ട്. ആ ചിത്രങ്ങളിൽ മിക്കതിലും ഭാര്യക്കുപകരം രാജാവിനെ അനുഗമിക്കുന്നത് തന്റെ ഉല്ലാസ സംഘത്തിലെ സുന്ദരിമാരിൽ ഒരാളായിരിക്കും.

കഴിഞ്ഞയാഴ്ചയാണ് ഒരു ജർമ്മൻ ഷോപ്പിങ് സെന്ററിൽ തന്റെ ഉല്ലാസ സംഘത്തിലെ ഒരു യുവതിക്കൊപ്പം നടന്നു പോകുന്ന രാജാവിന്റെ പടം സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വളരെ വിചിത്രമായ ഒരു ക്രോപ് ടോപ് ആയിരുന്നു രാജാവ് ധരിച്ചിരുന്നത്. രാജാവിന്റെ ദേഹത്ത് ചില ഫേക്ക് ടാറ്റൂകളും ഈ ചിത്രത്തിൽ ദൃശ്യമാണ്. കണ്ടാൽ ഒരു രാജാവാണ് എന്നൊന്നും തോന്നുക പോലുമില്ല. തന്റെ ചിത്രങ്ങൾ നിലനിർത്തുന്നതിന്റെ നിയമനടപടികൾ നേരിടേണ്ടി വരും എന്ന് രാജാവിന്റെ വക്താക്കൾ ഫേസ്‌ബുക്കിനെ ഭീഷണിപ്പെടുത്തുക വരെ ഉണ്ടായി.

സ്വന്തം അമ്മയായ മഹാറാണി സിറികിറ്റ് പോലും മകന്റെ ഈ സ്ത്രീഭ്രമത്തെ വിമർശിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് രാജാവ്, അന്നത്തെ രാജകുമാരൻ ആയിരിക്കുന്ന കാലത്തായിരുന്നു മഹാറാണിയുടെ വിമർശനം. ' എന്റെ മകൻ മിടുക്കനായ ഒരു വിദ്യാർത്ഥിയാണ്. അവൻ നല്ലവനാണ്. പെൺകുട്ടികൾക്ക് അവനെ ഇഷ്ടമാണ്. അവനു പെൺകുട്ടികളെ അതിലേറെ ഇഷ്ടമാണ്. ' എന്നായിരുന്നു മഹാറാണി പറഞ്ഞത്. നാലുതവണ വിവാഹം കഴിച്ചിട്ടുള്ള മഹാവാജിറാലോങ്ങ്കോൺ എണ്ണമില്ലാത്തത്ര സ്ത്രീകളുമായി പ്രണയബന്ധത്തിലും ഏർപ്പെട്ടിട്ടുണ്ട്. എന്തായാലും തന്നെക്കുറിച്ചുള്ള ഒരു വിമർശനവും ഇന്നോളം തായ് രാജാവിനെ ബാധിച്ച മട്ടില്ല. പരസ്യമായി രാജാവിനെ കുറ്റപ്പെടുത്താൻ തായ്‌ലണ്ടിലുള്ള ആർക്കും ധൈര്യം വരാറില്ല. അങ്ങനെ ചെയ്യുന്നവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകാറുമുണ്ട്. തല്ക്കാലം കോവിഡിന്റെ കാര്യത്തിൽ ഒരു തീരുമാനമാകാതെ തിരിച്ചുനട്ടിലേക്കില്ല എന്ന നയമാണ് മഹാവാജിറാലോങ്ങ്കോൺ രാജാവിന്റേത്.

'പള്ളികൾ തുറന്ന് പ്രാർത്ഥിച്ചാൽ സാത്താൻ അയച്ച വൈറസ് മാറും'

ഇന്ന് കോവിഡ് കേസുകൾ വർധിക്കുന്ന ടാൻസാനിയിൽ അതിന് കാരണക്കാരനായി മാധ്യമങ്ങൾ വിമർശിക്കുന്നത് പ്രസിഡന്റ് ജോൺ മഗുഫുലിയെ തന്നെയാണ്.ട്രംപിനെപ്പോലെതന്നെ 'സമ്പദ്വ്യവസ്ഥയാണ് കോവിഡുയർത്തുന്ന ഭീഷണിയെക്കാൾ പ്രധാനം' എന്ന നിലപാടാണ് മഗുഫുലിയുടേതും. കോവിഡിന്റെ ഭീകരതയെ കുറച്ചുകാട്ടിക്കൊണ്ട് ഒട്ടേറെ പ്രസ്താവനകൾ ഇദ്ദേഹം നടത്തി. രാജ്യത്ത് വൈറസ് റിപ്പോർട്ടുചെയ്തവിവരം ആദ്യം മറച്ചുവെച്ച മഗുഫുലി പിന്നീട് കോവിഡിനെ ഇല്ലാതാക്കാൻ പ്രാർത്ഥിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. പള്ളികൾ തുറന്നു പ്രാർത്ഥിച്ചാൽ 'സാത്താൻ' അയച്ച വൈറസ് നശിക്കുമെന്നാണ് ആ നേതാവ് തന്റെ ജനങ്ങളോടു പറഞ്ഞത്. ഇഞ്ചിയും നാരങ്ങയും ചേർന്ന മിശ്രിതം കഴിച്ചതോടെ കോവിഡ് ബാധിച്ച തന്റെ മകൻ സുഖംപ്രാപിച്ചെന്നും പ്രസ്താവന നടത്തി. കോവിഡ് പരിശോധനാ കിറ്റിന് ഗുണനിലവാരമില്ലെന്നു കാണിക്കാൻ ആടിന്റെയും പപ്പായയുടെയും സാംപിളുകളിൽ പരിശോധന നടത്താൻ ഉത്തരവിട്ടു.

അതുപോലെ തന്നെയാണ് ഇൻഡൊനീഷ്യൻ പ്രസിഡന്റ് ജാക്കോ വിഡോഡോയുടെ കാര്യങ്ങൾ.രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച വിവരം മനഃപൂർവം മറച്ചുവെച്ചു വിഡോഡോ. ജനങ്ങൾ പരിഭ്രാന്തരാകാതിരിക്കാനാണ് ഇതെന്നായിരുന്നു ന്യായീകരണം. പ്രാർത്ഥിച്ച് കോവിഡിനെ മാറ്റാനും ചൂടുകൂടുതലുള്ളതിനാൽ ഇൻഡൊനീഷ്യയെ വൈറസ് ബാധിക്കില്ലെന്നുമൊക്കെയാണ് അദ്ദേഹത്തിന്റെ ചില മന്ത്രിമാർ ജനങ്ങളോടു പറഞ്ഞത്. ഈ കളികാരണം ഇന്തോനേഷ്യയിലും ഇപ്പോൾ കോവിഡ് പടരുകയാണ്. തുടക്കത്തിലേ മുൻകരുതൽ എടുത്തിരുന്നെങ്കിൽ ഇത്ര നന്നായിരുന്നുവെന്നാണ് മാധ്യമങ്ങൾ ചോദിക്കുന്നത്.

'ലോക്ഡൗൺ ലംഘിക്കുന്നവരെ വെടിവെച്ച് കൊല്ലാം'

ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, വംശീയ, സ്ത്രീ വിരുദ്ധ പരാമർശം എന്നിവയിലൂടെ കുപ്രസിദ്ധനായ ഫിലീപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ട് കോവിഡ് പ്രതിരോധത്തിലും കൈക്കൊണ്ടത് ഒരു ഭരണാധികാരിക്കുചേരാത്ത നടപടികളാണ്. തുടക്കത്തിൽ കോവിഡിനെ വിലകുറച്ചുകണ്ട ഡ്യൂട്ടേർട്ട് പിന്നീട് നയം മാറ്റി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ വെടിവെച്ചുകൊല്ലാനാണ് പൊലീസിനും സൈന്യത്തിനും അദ്ദേഹം കൊടുത്ത നിർദ്ദേശം.

ബൊൽസൊനാരോയെപ്പോലെതന്നെ കോവിഡ് കാലത്ത് സ്ഥിരം റാലികളിൽ പങ്കെടുക്കുകയായിരുന്നു മെകസിക്കൻ പ്രസിഡറ് ലോപ്പസ് ഒബ്രദോറും. ണികൾക്ക് കൈകൊടുക്കുകയും ചേർന്നുനിൽക്കുകയും ചുംബിക്കുകയും വരെ ചെയ്തു. സാമൂഹികാകലം പാലിക്കാൻ ആരോഗ്യമന്ത്രാലയം പറയുമ്പോൾ സാധാരണപോലെ ജീവിക്കൂ എന്നാണ് ഒബ്രദോർ ജനങ്ങളോടു പറഞ്ഞത്. ഏറ്റവും രസകരം കൊറോണ എന്ന പേരിൽ ഒരു ബിയർ ഇറങ്ങുന്ന സ്ഥലമാണ് മെക്സിക്കോ. കോവിഡിന്റെ പശ്ചാത്തലത്തിൽ ഫാക്ടറികൾ അടച്ചിടുന്നതിന് പകരം ഈ ബിയർ കിട്ടിയ അവസരത്തിൽ മാർക്കറ്റ് ചെയ്യാനാണ് പ്രസിഡന്റ ശ്രമിച്ചത്. അവസാനം ഗത്യന്തരമില്ലാത്ത ഘട്ടം വന്നപ്പോഴാണ് വിൽപ്പന നിർത്തിയത്. ഇന്ന് ഒരുലക്ഷത്തിലേറെ രോഗികളും, പന്ത്രണ്ടായിരത്തിലധികം മരണവും മെക്സിക്കോയിൽ സംഭവിച്ചു കഴിഞ്ഞു.

ചുരുക്കിപ്പറഞ്ഞാൽ ശാസ്ത്രവും സാങ്കേതിക വിദ്യകളും എന്തെല്ലാം ഉണ്ടെങ്കിലും അതിൽ വിശ്വസിക്കുന്ന ശക്തമായ ഭരണകൂടങ്ങളും വേണം. അങ്ങനെ ചെയ്താൽ മാത്രമേ ഇത്തരം മഹാമാരികളെ നേരിടാൻ കഴിയൂവെന്ന് ഈ രാജ്യങ്ങളിലെ അനുഭവം ഓർമ്മിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP