Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

കോവിഡ്കാലം കേരളത്തിലെ കുട്ടികൾക്ക് കൊലക്കയറാവുന്നു; ലോക്ഡൗൺ കാലയളവിൽ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 66 കുട്ടികൾ; ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകൾ മൂലം ജീവനൊടുക്കിയത് അഞ്ചുപേർ; മുതിർന്നവരുടെ ആത്മഹത്യാ നിരക്കിലും വലിയ വർധന; മണിക്കൂറിൽ ഒരാൾ വീതം ജീവനൊടുക്കുന്നു; കോവിഡിനൊപ്പം ആത്മാഹുതിയും സാംക്രമികരോഗമാവുന്നോ? ഒരു ലോക ആത്മഹത്യ പ്രതിരോധ ദിനം കൂടി കടന്നുപോകുമ്പോൾ

കോവിഡ്കാലം കേരളത്തിലെ കുട്ടികൾക്ക് കൊലക്കയറാവുന്നു; ലോക്ഡൗൺ കാലയളവിൽ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 66 കുട്ടികൾ; ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകൾ മൂലം ജീവനൊടുക്കിയത് അഞ്ചുപേർ; മുതിർന്നവരുടെ ആത്മഹത്യാ നിരക്കിലും വലിയ വർധന; മണിക്കൂറിൽ ഒരാൾ വീതം ജീവനൊടുക്കുന്നു; കോവിഡിനൊപ്പം ആത്മാഹുതിയും സാംക്രമികരോഗമാവുന്നോ? ഒരു ലോക ആത്മഹത്യ പ്രതിരോധ ദിനം കൂടി കടന്നുപോകുമ്പോൾ

എം മാധവദാസ്

 തിരുവനന്തപുരം: 'കോവിഡ് രോഗി ഐസോലേഷൻ വാർഡിൽ തൂങ്ങിമരിച്ചു', 'ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഇല്ലാത്തിനാൽ കുട്ടി ജീവനൊടുക്കി...'- ഈ മഹാമാരിക്കാലത്തും നാം പലതവണ ആവർത്തിക്കപ്പെട്ടതാണ് ഇത്തരം വാർത്തകൾ. ലോക ആത്മഹത്യ പ്രതിരോധ ദിനമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്ന ഒരു സെപ്റ്റമ്പർ പത്തു കൂടി കടന്നുപോകുമ്പോൾ നാം കോവിഡിനെപ്പോലെ ഭയക്കേണ്ട ഒരു സാംക്രമികരോഗമായി ആത്മാഹുതികളും കേരളത്തിൽ മാറിക്കഴിഞ്ഞു. മദ്യം കിട്ടാത്തതിന്റെ പേരിൽ, മൊബൈൽ ഇല്ലാത്തതിന്റെ പേരിൽ തൊട്ട് ഒരു മഹാമാരിക്കലത്തിന്റെ ഉപോൽപ്പന്നമായി വിഷാദരോഗവും കേരളത്തെ വിഴുങ്ങുകയാണോ. അങ്ങനെ സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചന. അമിതമായ ഭയവും ഉത്കണ്ഠയും പെരുപ്പിച്ച് കാട്ടാതെയുള്ള പ്രയോഗിക സമീപനം ആയിരിക്കണം ഈ വഷിയത്തിലും നാം സ്വീകരിക്കേണ്ടത്. ലോകത്തിൽ എറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന പ്രദേശങ്ങളിൽ ഒന്നായ കേരളത്തിലും ശക്തമായ ഒരു മാനസിക ആരോഗ്യ നയം വേണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ കോവിഡ് കാലത്ത് കേരളത്തിന്റെ ആത്മഹത്യ നിരക്കിൽ 10 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്.

ആത്മഹത്യ തടയുന്നതിന് അവബോധം സൃഷ്ടിക്കാനും ആഗോളതലത്തിൽ നടപടി സ്വീകരിക്കുന്നതിനുമായി ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ഇന്റർനാഷനൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷൻ (ഐ.എ.എസ്‌പി) 2003 മുതൽ സെപ്റ്റംബർ 10, ലോക ആത്മഹത്യ വിരുദ്ധ ദിനമായി ആചരിച്ചുവരികയാണ്. 'ആത്മഹത്യകൾ തടയാൻ ഒരുമിച്ച് പ്രവർത്തിക്കാം' എന്നതാണ് ഈ വർഷത്തെ ദിനാചരണപ്രമേയം. മഹാമാരിക്കാലമാണ്, ഒട്ടേറെ പ്രതിസന്ധികൾ രോഗത്തിനുപുറമേ വന്നുചേരാം. ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നവരെ ഒറ്റയ്ക്കല്ല എന്ന തോന്നലുണർത്തി കരുത്തോടെ വഴിനടത്താനുള്ള ഒരുക്കമേകുകയാണുവേണ്ടത്. ഈ വർഷത്തെ ലോക ആത്മഹത്യാപ്രതിരോധ ദിനത്തിൽ ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന നിർദേശമിതാണ്. ഒരുനിമിഷത്തെ അവിവേകംമൂലം സ്വയംവരുത്തുന്ന അനർഥം പ്രതിരോധിക്കുകയാണ് 'ടുഗെതർ വീ കാൻ' എന്ന കാമ്പയിനിലൂടെ ഡബ്ള്യു.എച്ച്.ഒ. ലക്ഷ്യമിടുന്നത്. ആത്മഹത്യയുടെ ലോക തലസ്ഥാനമായി മാറുന്ന കേരളത്തിലാണ് ഇതിനായി ഏറ്റവും കൂടുതൽ പണികൾ നടക്കേണ്ടത്.

കുട്ടികൾക്ക് കൊലക്കയറാവുന്ന കോവിഡ്കാലം

ലോക്ഡൗൺ കാലയളവിൽ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 66 കുട്ടികളാണെന്ന വിവരം ഞെട്ടിക്കുന്നതാണ്. 2020 മാർച്ച് മുതൽ ജൂലൈ വരെ കുട്ടികളിലെ ആത്മഹത്യയെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും ശിശുസംരക്ഷണ വകുപ്പിന്റെ ഒ.ആർ.സി (ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ) പ്രോഗ്രാം തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്. ഒറ്റപ്പെടലും ഉത്കണ്ഠയും കുട്ടികളിലെ ആത്മഹത്യക്ക് കാരണമായി ഒ.ആർ.സി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കൊല്ലം ജില്ലയിൽ മാത്രം ജനുവരിമുതൽ ജുലൈവരെ 12 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ഈ കുട്ടികൾ മറ്റുള്ളവരിൽനിന്ന് ഒറ്റപ്പെട്ട് ഉൾവലിഞ്ഞ് കഴിഞ്ഞിരുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. ഈ സ്വഭാവവ്യതിയാനം കണ്ടെത്താൻ അദ്ധ്യാപകർക്കോ രക്ഷാകർത്താക്കൾക്കോ കഴിയാത്തതും ആത്മഹത്യക്ക് കാരണമായി. പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങളോട് പൊരുത്തപ്പെടാൻ കഴിയാത്തതാണ് ചിലരുടെ ആത്മഹത്യക്ക് കാരണം. സംസ്ഥാനത്ത് കുട്ടികൾ ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകൾ മൂലമാണ് ആത്മഹത്യ ചെയ്തത്. ഇതിൽ കൊല്ലത്തെ മൂന്നു കുട്ടികളും ഉൾപ്പെടുന്നു.

സ്‌കൂളിൽ അദ്ധ്യാപകരുമായോ വിദ്യാർത്ഥികളുമായോ ഇടപഴകുന്ന അവസ്ഥയുണ്ടായിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും ഒ.ആർ.സി റിപ്പോർട്ട് വിലയിരുത്തുന്നു. കുടുംബപ്രശ്നങ്ങളും കുട്ടികളെ കാര്യമായി ബാധിക്കുന്നുണ്ട്. തിരുവനന്തപുരം-10, കൊല്ലം-ആറ്, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ -അഞ്ചുവീതം, ഇടുക്കി-ഒന്ന്, പാലക്കാട്-ആറ്, മലപ്പുറം-ഒമ്പത്, കോഴിക്കോട്-ആറ്, വയനാട്-നാല്, കണ്ണൂർ-രണ്ട്, കാസർകോട് -ആറ് എന്നിങ്ങനെയാണ് മാർച്ച് 25 മുതൽ ജൂലൈ എട്ടുവരെയുള്ള കുട്ടികളുടെ ആത്മഹത്യ.

്.കേരളീയരുടെ ജീവിതചുറ്റുപാടും സാമൂഹികാന്തരീക്ഷവുമൊക്കെ ഇതര സംസ്ഥാനങ്ങളുടേതിൽനിന്ന് ഏറെ മികവുള്ളതാണെന്നു സമർഥിക്കാൻ സാധാരണക്കാർ മുതൽ ഭരണാധികാരികൾ വരെ വെമ്പൽകൊള്ളാറുണ്ട്. സാധാരണ മോശമായ ഏതു സംഗതിയും സംഭവവും താരതമ്യം ചെയ്യപ്പെടാറുള്ളത് ഇതര പ്രദേശങ്ങളേക്കാൾ എത്ര ഭേദം എന്ന വീരസ്യത്തിലാണ്. പക്ഷേ ഈ ആത്മഹത്യകളുടെ കണക്ക് എടുക്കുമ്പോൾ കേരളത്തിന് പലപ്പോഴും തലകുനിക്കേണ്ടി വന്നിട്ടുണ്ട്.

ആത്മഹത്യയിലും കേരളം നമ്പർ വൺ

ലോകത്ത് ഏതു പ്രായത്തിലുള്ളവരുടേതായാലും മരണകാരണങ്ങളിൽ ആദ്യ ഇരുപതിൽ ഒന്നാണ് ആത്മഹത്യ. ഒരു വർഷം എട്ടു ലക്ഷത്തിലേറെ പേർ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത്, ഓരോ 40 സെക്കൻഡിലും ഒരു ആത്മഹത്യ നടക്കുന്നുവെന്ന്. 25ഓളം പേർ ആത്മഹത്യക്കു ശ്രമിച്ച് പരാജയപ്പെടുന്നുവെന്നും കണക്കുകളുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, എല്ലാ സെക്കൻഡിലും ലോകത്തെവിടെയോ ഒരു ആത്മഹത്യയോ അല്ലെങ്കിൽ ഒരു ആത്മഹത്യാശ്രമമോ നടക്കുന്നുവെന്ന്.നഷ്ടപ്പെടുന്ന ഓരോ ജീവനും ആരുടെയെങ്കിലും പങ്കാളിയോ കുഞ്ഞോ രക്ഷിതാവോ സുഹൃത്തോ സഹപ്രവർത്തകനോ ആകാം. ഓരോ ആത്മഹത്യയും ആ ആളുമായി ബന്ധപ്പെട്ട 135ഓളം പേരെ മാനസികമായും വൈകാരികമായും തളർത്തുന്നുവെന്നാണ് കണക്കുകൾ. ഇതിനർഥം ഒരു വർഷം ശരാശരി 10 കോടിയിലേറെപ്പേരെ ആരുടെയെങ്കിലും ആത്മഹത്യയുടെ ഫലം ബാധിക്കുന്നു എന്നാണ്.

കോവിഡിന് മുമ്പേതന്നെ രാജ്യം കോവിഡിന്റെ തലസ്ഥാനമായിരിക്കുന്നുവെന്നതാണ് വസ്തുത.. പ്രതിവർഷം ഏകദേശം 8000 ആത്മഹത്യകൾ ഇവിടെ നടക്കുന്നു.പ്രതിദിനം 25 പേർ അല്ലെങ്കിൽ ഒരു മണിക്കൂറിൽ ഒരാൾ എന്ന നിരക്കിൽ. ഇതിനു പുറമേ ഓരോ രണ്ടു മിനിറ്റിലും ഒരാൾ ആത്മഹത്യക്കു ശ്രമിക്കുന്നു. ഇതിൽ 60 ശതമാനവും 30-59 വയസ്സിനിടയിലുള്ളവരാണ് എന്നതാണ് ഏറെ ആശങ്കയുളവാക്കുന്നത്. കേരളത്തിലെ 15നും 40നുമിടയിൽ പ്രായമുള്ളവരുടെ മരണകാരണങ്ങളിൽ പ്രധാനം ആത്മഹത്യയാണ്. ഈ കോവിഡ് കാലത്ത് അത് വല്ലാതെ വർധിച്ചിരിക്കയാണ്.

2019ൽ രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്യുന്ന അഞ്ചുസംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറിയിരിക്കുന്നു. 8556 പേരാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് സ്വയം ജീവനൊടുക്കിയത്. ഇത് ദേശീയ ശരാശരിയിലും മീതെയാണ് എന്നോർക്കണം. ഒരു ലക്ഷം പേരിലെ ആത്മഹത്യ കണക്കുവെച്ചുള്ള ദേശീയ ആത്മഹത്യ നിരക്ക് 10.4 ആണെങ്കിൽ കേരളത്തിൽ കഴിഞ്ഞ വർഷം അത് 24.3ലെത്തി.

2018ൽ 23.5 ആയിരുന്നു നിരക്ക്. 8237 പേരാണ് 2018ൽ ആത്മഹത്യ ചെയ്തത്. നഗരങ്ങളിലെ ആത്മഹത്യ നിരക്കിലും കേരളം ദേശീയ ശരാശരിയിലും മേലെയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്യുന്ന നഗരമായി കൊല്ലം മാറിയിരിക്കുന്നു. പശ്ചിമബംഗാളിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രണ്ടാമത്തെ നഗരമായ അസൻസോളിനൊപ്പമാണ് കൊല്ലം. 457 പേരുടെ ആത്മഹത്യയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.തൃശൂർ (405), തിരുവനന്തപുരം (331), കോഴിക്കോട് (258), കൊച്ചി (222) എന്നിങ്ങനെയാണ് ഇതര കേരളനഗരങ്ങളുടെ ആത്മഹത്യ നില. 10.4 ശതമാനവും സെക്കൻഡറിതലത്തിനു മുകളിൽ ഉന്നതവിദ്യാഭ്യാസം വരെ നേടിയവരാണ്. തൊഴിൽരഹിതരാണ് 14 ശതമാനം പേർ. 11 കുടുംബങ്ങൾ കൂട്ടമായി ജീവനൊടുക്കിയപ്പോൾ സ്ത്രീകളിൽ ആത്മഹത്യ ചെയ്തവരിൽ പകുതിയിലേറെ (51.5 ശതമാനം) വീട്ടമ്മമാരാണ്.

കുടുംബപ്രശ്നങ്ങളാണ് കേരളത്തിൽ 3655 ആത്മഹത്യകൾക്ക് കാരണമായി രേഖപ്പെട്ടിരിക്കുന്നത്. രോഗപീഡ മൂലം 974 പേരും മദ്യ, മയക്കുമരുന്ന് അടിമത്തം മൂലം 792 പേരും ജീവനൊടുക്കി. കടബാധ്യത, പ്രേമനൈരാശ്യം, വിവാഹബന്ധത്തിലെ തകർച്ച, സ്വന്തക്കാരുടെ മരണം എന്നിവയാണ് പ്രധാനപ്പെട്ട മറ്റു കാരണങ്ങൾ.സ്ഥിതിവിവരക്കണക്കുകൾ വർഷംതോറും മുകളിലോട്ടുതന്നെയാണ്. ആത്മഹത്യയുടെ കാരണങ്ങളിൽ കാര്യമായ മാറ്റങ്ങളും ദൃശ്യമല്ല. എന്നിട്ടും ഈ ദുരന്തം ലഘൂകരിക്കാനും കൂടുതൽ പേരെ ആത്മഹത്യാമുനമ്പിലേക്ക് തള്ളിവിടാതിരിക്കാനും കേരളത്തിലെ ഭരണകൂടവും പൊതുസമൂഹവും എന്തുചെയ്യുന്നു എന്ന ചോദ്യമാണ് പ്രസക്തം.

ആത്മഹത്യക്കുള്ള ഉപാധികളുടെ ലഭ്യതയിൽ കർക്കശമായ നിയന്ത്രണം ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടതാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത് ചെറുപ്പക്കാരാണ്. കൂടുതൽ മദ്യാസക്തരും ചെറുപ്പക്കാർതന്നെ. അമിത മദ്യപാനികളിൽ 100ൽ 15 പേരെങ്കിലും ആത്മഹത്യ ചെയ്യുമെന്നാണ് വിദഗ്ധനിരീക്ഷണം. എന്നിട്ടും സംസ്ഥാനത്ത് മദ്യമൊഴുക്കാൻ മത്സരിക്കുകയാണ് സർക്കാർ.
ഭരണകൂടം ആത്മഹത്യയെ ഇനിയും ഗൗരവമായെടുത്തിട്ടില്ല എന്നതിന്റെ മികച്ച തെളിവാണിത്. പ്രതിവർഷം എണ്ണായിരത്തിലേറെ പേർ സ്വയം ജീവനൊടുക്കിക്കൊണ്ടിരുന്നിട്ടും ഇനിയും ഒരു ആത്മഹത്യ പ്രതിരോധ നയം രൂപവത്കരിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. വിഷാദരോഗം വർധിക്കുന്ന ഈ കോവിഡ് കാലത്തെങ്കിലും അതിനുള്ള നടപടികൾ വേണമെന്നാണ് അധികൃതർ പറയുന്നത്.

ആത്മഹത്യാ നിവാരണ പദ്ധതികൾ ഇല്ല

'കേരളത്തിലെ യുവാക്കൾ മരിക്കുന്ന പ്രധാന രണ്ട് സംഭവങ്ങൾ ആയിരുന്ന വാഹാനാപകടങ്ങളും ആത്മഹത്യകും. എന്നാൽ, ഈ രണ്ട് സാമൂഹികവിപത്തുകളോടുമുള്ള കേരളീയ സമൂഹത്തിന്റെ പ്രതികരണങ്ങൾ വളരെ വ്യത്യസ്തമാണ്. റോഡപകടങ്ങളെ തുടർന്നുള്ള മരണനിരക്കിലെ വർധനയെ സർക്കാർ വളരെ ഗൗരവമായാണ് സമീപിച്ചത്. സർക്കാർ വിശദമായ റോഡ് സുരക്ഷ പദ്ധതി രൂപവത്കരിക്കുകയും അതുപോലെതന്നെ സാമൂഹികാവബോധന പ്രവർത്തനങ്ങൾ നടപ്പാക്കുകയും അപകടങ്ങളിൽപെടുന്നവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് കാര്യക്ഷമമായി ഇടപെടുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ കാരണം കഴിഞ്ഞ ഒരു ദശകത്തിൽ റോഡുകളിൽ വാഹനങ്ങൾ പല ഇരട്ടി വർധിച്ചിട്ടും റോഡപകടങ്ങളും അതേതുടർന്നുള്ള മരണങ്ങളും താരതമ്യേന കുറക്കാനായിട്ടുണ്ട്.എന്നാൽ, ദൗർഭാഗ്യകരമെന്നു പറയട്ടെ, അത്തരമൊരു വ്യക്തമായ പദ്ധതി ആത്മഹത്യകൾ തടയുന്ന കാര്യത്തിൽ ഇല്ല. '- എഴുത്തുകാരനും മനഃശാസ്ത്രജ്ഞനുമായ ഡോ വിൽസൺ പോൾ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ ഇന്നുവരെ ഒരു ദേശീയ ആത്മഹത്യ നിവാരണ പദ്ധതിയില്ല. ഉയർന്ന ആത്മഹത്യനിരക്ക് അടിയന്തര ശ്രദ്ധ പതിയേണ്ട ഒരു പ്രശ്നമാണെന്ന് ഇന്നും നാം തിരിച്ചറിഞ്ഞിട്ടില്ല. എന്തിനു പറയുന്നു, രാജ്യത്ത് നടക്കുന്ന ആത്മഹത്യകളെക്കുറിച്ച് വിശ്വാസയോഗ്യമായ കണക്കുകൾപോലുമില്ലെന്നതാണ് വസ്തുത. വ്യാപകമായി പ്രതിപാദിക്കുന്ന ൈക്രം ബ്യൂറോയുടെ കണക്കുകൾ യഥാർഥത്തിലുള്ള കണക്കുകളെക്കാൾ 30 എങ്കിലും കുറവാണെന്നാണ് പറയപ്പെടുന്നത്.

ആത്മഹത്യകൾ കുറയണമെങ്കിൽ നാലു കാര്യങ്ങൾ സംഭവിക്കണം. ഒന്നാമതായി, ആത്മഹത്യ ഒരു പ്രധാനമായ സാമൂഹികപ്രശ്നമാണ് എന്ന അവബോധം എല്ലാവരിലും ഉണ്ടാകണം. രണ്ടാമത്, ആത്മഹത്യകൾ എങ്ങനെ തടയാം എന്നതാണ്. ഉദാഹരണത്തിന്, സ്വന്തം സുഹൃത്തിന് വിഷാദരോഗം ഉണ്ടെങ്കിൽ അത് മനസ്സിലാക്കാനുള്ള അറിവ് സാമാന്യ ജനത്തിനുപോലും ഉണ്ടായിരിക്കണം. മൂന്നാമത്, മനോരോഗങ്ങളെയും ആത്മഹത്യയെയും ചുറ്റിപ്പറ്റിയുള്ള അപമാനഭീതി കുറയണം.

മനോരോഗങ്ങളും മറ്റു പ്രശ്നങ്ങളുമായി ഉഴലുന്നവർക്ക് അവർ ഒറ്റക്കല്ല എന്ന വിശ്വാസം കൊടുക്കാൻ പൊതുസമൂഹത്തിനു സാധിക്കണം. ഇവ സാധിക്കണമെങ്കിൽ വ്യക്തമായ ഒരു ദേശീയ നയത്തിൽ അധിഷ്ഠിതമായ ഒരു ആത്മഹത്യ നിവാരണ പദ്ധതി നമുക്കുണ്ടായേ തീരൂ.
വിഷമസ്ഥിതിയിലുള്ള ഒരാളെ സഹായിക്കാൻ നമ്മുടെ ഒരു മിനിറ്റ്് നൽകാൻ അത് േപ്രാത്സാഹിപ്പിക്കുന്നു. നിങ്ങൾ, നിങ്ങളുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ അല്ലെങ്കിൽ ഒരു അപരിചിതൻ എന്നിവർ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഒരു മിനിറ്റ് സമയമെടുത്ത്് ഒന്ന് ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത് മറ്റൊരാളുടെ ജീവിതത്തിന്റെ ഗതിതന്നെ മാറ്റിയേക്കാം. പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരാളോട് ഒരു മിനിറ്റ് സമയമെടുത്ത് ഒരു സംഭാഷണം തുടങ്ങുന്നതിലൂടെ നിങ്ങൾ അയാളോടുള്ള കരുതൽ പ്രകടിപ്പിക്കാം. പ്രത്യാശ നഷ്ടപ്പെട്ട ഒരാൾക്ക് പ്രത്യാശയുടെ കിരണം പകരാം.

മറ്റുള്ളവർക്കായും കൊടുക്കു അൽപ്പം കരുതൽ

ആത്മഹത്യ പ്രവണത തടയാൻ ചെയ്യേണ്ടതായി മാനസികാരോഗ്യ വിദഗധ്ര് പറയുന്നത് ഇനി പറയുന്ന കാര്യങ്ങളാണ്. നമ്മുടെ പരിചയവലയത്തിൽ ആർക്കെങ്കിലും ആത്മഹത്യാ പ്രവണതയുണ്ടെന്നു തോന്നിയാൽ മടികൂടാതെ അവരോട് കാര്യങ്ങൾ ചോദിച്ചറിയണം. ഒരു പരിധിവരെ മനസ്സുതുറന്നുള്ള സംസാരങ്ങൾ ആത്മഹത്യയെ ചെറുക്കാൻ സഹായിക്കും.ആത്മഹത്യാ പ്രവണതയുള്ളവരാണെന്നു തോന്നിയാൽ അവർ അതിന് ശ്രമിച്ചേക്കാവുന്ന മാർഗങ്ങൾക്ക് പരമാവധി തടയിടാൻ ശ്രമിക്കണം.കൃഷി ഓഫീസറുടെ കുറിപ്പടിയില്ലാതെ കാർഷിക ആവശ്യത്തിനുള്ള വിഷം നൽകരുതെന്നുള്ള രീതി വരണം.

വികസിത രാജ്യങ്ങളിലുള്ളതുപോലെ മൊബൈൽ വിഷചികിത്സാ കേന്ദ്രങ്ങൾ ലഭ്യമാക്കണം.
കുടുംബപ്രശ്നങ്ങൾ ഒരുപരിധിവരെ കൗൺസലിങ്ങിലൂടെ പരിഹരിക്കാം. ഇതിനായി പഞ്ചായത്തിൽ സൈക്കോളജി ബിരുദമുള്ളവരെ നിയമിക്കണം.കോവിഡ് മാനസികാരോഗ്യനയങ്ങൾ അനിവാര്യം

ആത്മഹത്യയെ സംബന്ധിച്ച് കോവിഡ് കാലം നിർണായകമാണ്. സമ്പത്തികമാന്ദ്യം, ജോലി നഷ്ടപ്പെടൽ, പ്രവാസി തിരിച്ചുവരവ് എന്നിവയെല്ലാം ഘടകമാകും. അതുകൊണ്ട് കോവിഡിനെ അതിജീവിക്കാനുള്ള മാനസികാരോഗ്യ നയങ്ങൾ കൊണ്ടുവരണം.ഓരോരുത്തരും വ്യത്യസ്തമായ പ്രശ്നങ്ങൾകൊണ്ടാണ് ആത്മഹത്യയിലേക്കു തിരിയുന്നത്. നിരന്തരമായി തോന്നലുണ്ടാകുമ്പോൾ കൗൺസലറെ സമീപിക്കുകയും ആവശ്യമായ ചികിത്സ തേടുകയും വേണം.

ഏത് മഹാമാരിക്കാലത്തിന്റെയും ഉപോൽപ്പന്നമാണ് വിഷാദരോഗം. അത് മനസ്സിലാക്കി മറ്റുള്ളവർക്കായി അൽപ്പം സമയം ചെലവഴിക്കയാണ് പ്രധാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP