Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202119Saturday

പ്രവാസികൾ എത്തുമ്പോൾ പ്രഖ്യാപിച്ചത് രണ്ടു ലക്ഷം പേർക്ക് ക്വാറന്റയിൻ ഒരുക്കിയെന്ന്; കുറച്ചു വിമാനങ്ങൾ നാട്ടിലെത്തിയപ്പോൾ തന്നെ സർക്കാർ നിലപാട് മാറ്റി; പ്രതിരോധക്കോട്ടയിൽ ആദ്യ വിള്ളൽ ഇങ്ങനെ; ട്രെയിനിൽ നാട്ടിലെത്തുന്നവർക്ക് മതിയായ പരിശോധന ഉണ്ടായില്ല; ആരോഗ്യപ്രവർത്തകർക്ക് പകരം പൊലീസിന് അധികാരം കൈമാറിയത് തുഗ്ലക്ക് പരിഷ്‌ക്കാരം; കേരളം തെറ്റുകൾ വിലക്കുവാങ്ങിയോ? ലോക മാധ്യമങ്ങൾ പുകഴ്‌ത്തിയ കേരളാ കോവിഡ് മോഡലിന് പിഴച്ചത് എവിടെ?

പ്രവാസികൾ എത്തുമ്പോൾ പ്രഖ്യാപിച്ചത് രണ്ടു ലക്ഷം പേർക്ക് ക്വാറന്റയിൻ ഒരുക്കിയെന്ന്; കുറച്ചു വിമാനങ്ങൾ നാട്ടിലെത്തിയപ്പോൾ തന്നെ സർക്കാർ നിലപാട് മാറ്റി; പ്രതിരോധക്കോട്ടയിൽ ആദ്യ വിള്ളൽ ഇങ്ങനെ; ട്രെയിനിൽ നാട്ടിലെത്തുന്നവർക്ക് മതിയായ പരിശോധന ഉണ്ടായില്ല; ആരോഗ്യപ്രവർത്തകർക്ക് പകരം പൊലീസിന് അധികാരം കൈമാറിയത് തുഗ്ലക്ക് പരിഷ്‌ക്കാരം; കേരളം തെറ്റുകൾ വിലക്കുവാങ്ങിയോ? ലോക മാധ്യമങ്ങൾ പുകഴ്‌ത്തിയ കേരളാ കോവിഡ് മോഡലിന് പിഴച്ചത് എവിടെ?

എം റിജു

ലക്സാണ്ടാർ ദ ഗ്രേറ്റിന്റെ വിശ്വവിജയം തടഞ്ഞത് ഒരു കൊച്ചു ജീവിയായിരുന്നു. കൊതുക്. വില്ലനായെത്തിയ മലമ്പനി അലക്സാണ്ടറിന്റെ വിശ്വവിജയ സ്വപ്നങ്ങളെ തട്ടിത്തെറിപ്പിച്ചു. റഷ്യയെ ആക്രമിച്ച് ലോകത്തിൽ സമ്പൂർന്ന ആധിപത്യം പുലർത്താമെന്ന് കരുതിയ ഹിറ്റ്ലറെ ചെമ്പടയേക്കാൾ ചെറുത്തതത് ആ നാട്ടിലെ കൊടും തണപ്പായിരുന്നു. ചരിത്രം പലപ്പോഴും അങ്ങനെയാണ്. ഇന്ന് വിശ്വവിജയിയായി കാണക്കാക്കുന്ന വ്യക്തി നാളെ അടിതെറ്റി വീഴുന്നത് ഒരു നിസ്സാര കാരണം കൊണ്ടാവും. ഒരു വിള്ളൽമതി വലിയൊരു കപ്പലിൽ വെള്ളം കയറാൻ. നമ്മുടെ കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിലും കാര്യങ്ങൾ ഏതാണ്ടൊക്കെ അങ്ങനെയാണ്.
.

അമേരിക്കയിലും യൂറോപ്പിലും ആയിരങ്ങൾ മരിച്ചുവീഴുമ്പോൾ കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടിയ കൊച്ചു സംസ്ഥാനം. കേരള മോഡൽ ആരോഗ്യ സംവിധാനം വാർത്തയായത് അന്താരാഷ്ട്ര മാധ്യമങ്ങളായ  വാഷ്ങ്്ടൺപോസ്റ്റിലും, ബിബിസിയിലും ഗാർഡിയനിലും ഒക്കെയായിരുന്നു. മെയ് മാസം വരെ നാം ലോകത്തിന് മുന്നിൽ ഹീറോകൾ ആയിരുന്നു. എന്നാൽ തുടർന്നങ്ങോട്ട് കാര്യങ്ങൾ മാറിമറിഞ്ഞു. ഇപ്പോൾ പ്രതിദിന കണക്കുകളിൽ കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തോട് അടുക്കയാണ്. ആരിൽനിന്നും എപ്പോഴും കോവിഡ് കിട്ടാമെന്ന രീതിയിൽ ഇവിടെ സമൂഹ വ്യാപനം നടന്നിരിക്കുന്നു. റൂട്ടുമാപ്പും, സമ്പർക്കപ്പട്ടികയൊന്നും  ഉണ്ടാക്കാതെ ആരോഗ്യവകുപ്പും ഇപ്പോൾ ശ്രദ്ധിക്കുന്നത് മരണം പരമാവധി ഒഴിവാക്കാൻ തന്നെയാണ്.  ഒക്ടോബർ നവംബർ മാസങ്ങൾ കേരളത്തെ സംബന്ധിച്ച് അതി നിർണ്ണായകമാണെന്നും, അതീവ ജാഗ്രതയുണ്ടായില്ലെങ്കിൽ വീടുകളിൽ മരണങ്ങൾ ഉണ്ടാകുമെന്നും മറുനാടൻ മലയാളിയോട് സംസാരിച്ച പല ആരോഗ്യ വിദഗധരും ആശങ്ക പങ്കുവെക്കുന്നുണ്ട്. പക്ഷേ സർക്കാറിന്റെ ഭാഗമായതുകൊണ്ട് അവർക്ക് ഇത് പരസ്യമായി പറയാൻ കഴിയുന്നില്ല. എന്നാൽ സ്ഥിതി അതീവ ഗുരുതരമാണെന്നും ആരോഗ്യ അടിയന്തരാവസ്ഥവരെ പ്രഖ്യാപിക്കണമെന്നും, ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൻ അസോസിയോഷൻ ( എം എം എ) സർക്കാറിന് അറിയിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചിട്ടില്ലെങ്കിലും  നിരോധനാഞ്ജ അടക്കമുള്ള നടപടികളിലൂടെ സർക്കാർ 
ഇപ്പോള്  കർശനമായി ആൾക്കൂട്ട നിയന്ത്രണം നടപ്പാക്കുന്നുണ്ട്.

കോവിഡിനെ കേരളത്തിൽനിന്ന് പടിച്ചുകെട്ടാൻ കഴിയും എന്ന് ഇന്ന് ആരും വിശ്വസിക്കുന്നില്ല. ഒരുതവണ വന്ന് പോകന്നുതോടെ നാം കൂട്ടപ്രതിരോധം നേടുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. 2021 മധ്യത്തോടെയെങ്കിലും വാക്സിനേഷൻ വരും. അതുവരെ വൃദ്ധരയെും കുട്ടികളെയും ഗർഭിണികളെയും സംരക്ഷിക്കുക എന്ന വലിയ ദൗത്യമാണ് സംസ്ഥാന സർക്കാറിനുമുന്നിൽ ഇപ്പോൾ ബാക്കിയുള്ളത്.പക്ഷേ അപ്പോളും ഒരു ചോദ്യം ബാക്കിയാണ്. ലോക മുഴുവൻ ഒരുകാലത്ത് പുകഴ്‌ത്തിയിരുന്നു കേരളാ മോഡൽ കോവിഡ് പ്രതിരോധത്തിന് എവിടെയാണ് പിഴച്ചത്?

തുടക്കത്തിൽ കേരളം നടത്തിയത് അഭിമാന വിജയം

തുടക്കത്തിൽ മികച്ച പ്രകടനമാണ് കൊറോണയെ ചെറുക്കുന്നതിൽ കേരളം കാഴ്ചവെച്ചത്. 2020 ജനവരി 30ന് ഉച്ചയോടടുത്ത് മന്ത്രി കെ.കെ. ശൈലജ വാർത്താസമ്മേളനം വിളിച്ചപ്പോൾ മാധ്യമപ്രവർത്തകർ അസാധാരണമായി ഒന്നും സങ്കൽപ്പിച്ചിരുന്നില്ല. ശാന്തമായിട്ടാണ് ടീച്ചർ ആ പദങ്ങൾ ഉച്ചരിച്ചത്.. ആ സാംപിളുകളിലൊന്ന് പോസിറ്റീവായി എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഇന്ത്യയിലെ ആദ്യ നോവൽ കൊറോണ വൈറസ് കേസായിരുന്നു അത്.

വുഹാനിൽ നിന്നെത്തിയ  വിദ്യാർത്ഥിനിക്ക് പിന്നാലെ മറ്റു രണ്ടു കേസുകൂടി സ്ഥിരീകരിച്ചെങ്കിലും അടുത്ത ബന്ധുക്കൾക്ക് പോലും പകരാനിടയാക്കാതെ രോഗം നിയന്ത്രിക്കാനായി. മാർച്ച് എട്ടിന് ഇറ്റാലിയൻ കണക്ഷനിൽ കൊറോണ വീണ്ടും എത്തി. അതും കൃത്യമായി റൂട്ട്മാപ്പ് അടക്കം ഉണ്ടാക്കി ബന്ധപ്പെട്ടവരെയെല്ലാം ക്വാറന്റൈനിൽ ആക്കി കേരളം പ്രതിരോധിച്ചു. പക്ഷേ തുടർന്ന് അവിടെയുമിവിടെയുമൊക്കെ കേസുകൾ പ്രത്യക്ഷ്യപ്പെടാൻ തുടങ്ങി. ദേശീയ ലോക്ക്ഡൗണിന്റെ തൊട്ടുമുമ്പത്തെ ദിവസം 105 കേസായിരുന്നു കേരളത്തിൽ മൊത്തം. മെയ് ഏഴിന്, പ്രവാസികൾ വന്നുതുടങ്ങുന്നതിനുമുമ്പ്, 504 കേസും. കൃത്യം ആറു മാസം കഴിഞ്ഞപ്പോൾ, ഓഗസ്റ്റ് മൂന്നാമത്തെ ആഴ്ചയിൽ, 19ന്, കേസുകളുടെ എണ്ണം ആദ്യമായി ഒരു ദിവസത്തിൽ മാത്രം 2000 കടന്നു. ആകെ കേസുകളുടെ എണ്ണം 52000നടുത്തും. മരണ സംഖ്യ 182. മാർച്ച് 28 നായിരുന്നു കേരളത്തിലെ ആദ്യ കോവിഡ് മരണം- പത്തു ദിവസം മുമ്പ് ദുബായിൽ നിന്നെത്തിയ 69 കാരനായ ഫോർട്ട് കൊച്ചിക്കാരൻ. പക്ഷേ അപ്പോഴും കേരളം അതിജീവിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ മൊത്തം രോഗികൾ രണ്ടുലക്ഷവും പ്രതിദിന രോഗികൾ പതിനായരിത്തിനടത്തും നിൽക്കുന്നു. ശക്തമായ റിക്കവറി ഉണ്ടാവുന്നു, മരണ നിരക്ക് കുറവാണ് എന്നത് മാത്രമാണ് ആശ്വാസം.

ഫെബ്രുവരി 18ന് ശൈലജ ടീച്ചർ മറ്റൊരു വാർത്താസമ്മേളനം നടത്തിയിരുന്നു. വലിയ ആത്മവിശ്വാസത്തോടെ സ അവർ പറഞ്ഞു: മാർച്ച് ആദ്യത്തെ ആഴ്ചയോടെ കേരളത്തിൽ കോവിഡ് രോഗികളുണ്ടാവില്ല. ക്വാറന്റയിനിലുള്ളവർ പുറത്തുവരാൻ കാത്തിരിക്കുകയാണ്, . മെയ് ആദ്യ ആഴ്ചയിൽ അടുത്തടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഒരു കേസു പോലും റിപ്പോർട്ട് ചെയ്തില്ല. ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ കേരളത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. ബി.ബി.സിയടക്കമുള്ള എണ്ണപ്പെട്ട ചാനലുകളിൽ കേരളമെന്ന അത്ഭുതം ചർച്ചയായി. മഹാരാഷ്ട്രയും ഗുജറാത്തുമൊക്കെ കൊറോണ നിയന്ത്രിക്കുവാൻ കേരളത്തിന്റെ വിദഗ്‌ദോപദേശം തേടി. കേരളം അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ നെറുകയിലായ മുഹൂർത്തം.

ഫെബ്രുവരി 18 ന്റെ ആത്മവിശ്വാസം അധികം നിന്നില്ല. ഓഗസ്റ്റ് 13ലെ വാർത്താ സമ്മേളനത്തിൽ കെ കെ ശൈലജ ടീച്ചർ പറഞ്ഞത് ഒരു മാസത്തിനകം കേരളത്തിൽ ഒരു ദിവസം ഇരുപതിനായിരം കേസുകൾ വരെ ഉണ്ടാവാനിടയുണ്ടെന്നാണ്.

സൂപ്പർ സ്പ്രെഡ് ഭീതിയിൽ കേരളം

ടെസ്റ്റ് പോസറ്റീവ് നിരക്ക് കേരളത്തിൽ കൂടുകയാണ്. ഇങ്ങനെ പോയാൽ രണ്ടുമാസത്തിനുള്ള മൊത്തം രോഗികളുടെ എണ്ണം അഞ്ചുലക്ഷം കടക്കുമെന്നാണ് ഐഎംഎയിലെ അടക്കമുള്ള വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്. മരണ നിരക്കും അത് അനുസരിച്ച് കുടുകയാണ്. 'ആരിൽനിന്നും എപ്പോഴും പടരാമെന്ന നിലയിൽ കോവിഡ് കേരളത്തിൽ പിടിമുറക്കിയിരക്കയാണ്. സമൂഹവ്യാപനം എന്നേ ഉണ്ടായിക്കഴിഞ്ഞു. ഒക്ടോബറും നവംബറും കേരളത്തെ സംബന്ധിച്ച അതി നിർണ്ണാകമാണ്. ഒരൊറ്റ സിറ്റിപോലെ ചേർന്നുകിടക്കുന്ന അതീവ ജനസാന്ദ്രതയേറിയ ഈ സംസ്ഥാനത്ത് ഏത് നിമിഷവും ഒരു സൂപ്പർ സ്പ്രഡ് പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ ടെസ്റ്റിലും റൂട്ടുമാപ്പിലുമൊന്നും ആരോഗ്യവകുപ്പുതന്നെ ഇപ്പോൾ അധികം സമയം മെനക്കെടുത്തുന്നില്ല. പരമാവധി മരണം ഒഴിവാക്കുക എന്നതാണ് ഇനി നമ്മുടെ മുന്നിലുള്ള ലക്ഷ്യം. ഐഎംഎ ചൂണ്ടിക്കാട്ടിയപോലെ ആരോഗ്യ അടിയന്തരവസ്ഥ പ്രഖ്യാപിക്കാൻ ഇനിയും വൈകരുത്. '- ആരോഗ്യവിദഗധനും എഴുത്തുകാരനുമായ ഡോ എം മുരളീധരൻ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് കോവിഡ് സൂപ്പർ സ്‌പ്രെഡ് ഉണ്ടായേക്കുമെന്ന നിഗമനത്തിലാണ് ആരോഗ്യ മേഖലയിലെ പ്രമുഖർ. സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. രണ്ട് ദിവസമായി എണ്ണായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇവയിൽ 95 ശതമാനത്തിലധികം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വ്യാഴാഴ്ച 8135 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. 7013 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടതെന്ന് ആരോഗ്യവകുപ്പ്. 71,339 പേർ നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുണ്ട് എന്നതാണ് ഔദ്യോഗിക കണക്ക്. ഈ സാഹചര്യത്തിലാണ് ഒക്ടോബർ മൂന്നാം തീയതി മുതൽ അഞ്ച് പേർ ഒത്ത് കൂടുന്നത് വിലക്കി സർക്കാർ ഉത്തരവിറക്കിയത്. സിആർപിസി 144 പ്രകാരമാണ് ഉത്തരവ്. പ്രാദേശിക സാഹചര്യം വിലയിരുത്തി ജില്ലാ കളക്ടർമാർക്ക് കൂടുതൽ നടപടികൾ സ്വീകരിക്കാം. വിവാഹത്തിന് അമ്പത് പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാം എന്നതൊഴിച്ചാൽ മറ്റെല്ലാ ആൾക്കൂട്ടങ്ങളേയും നിയന്ത്രിക്കാനാണ് സർക്കാർ തീരുമാനം.

രോഗ ലക്ഷണങ്ങൾ ഉള്ളവരെ മാത്രം പരിശോധിച്ചാൽ മതിയെന്നാണ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ നൽകിയിരിക്കുന്ന നിർദ്ദേശം. ഏഴ് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കുന്നവർക്കും എട്ടാം ദിവസം പരിശോധനയ്ക്ക് വിധേയമാകാം. 'പോസിറ്റീവ് കേസുകൾ കണ്ടെത്തുക എന്ന സാഹചര്യം കേരളത്തിൽ ഇനി ആവശ്യമില്ല. അങ്ങനെ കണ്ടെത്തുന്നതുകൊണ്ട് പ്രയോജനവും ഇല്ല. സമൂഹത്തിൽ അത്രത്തോളം രോഗം വ്യാപിച്ച് കഴിഞ്ഞു. എന്നാൽ രോഗ ലക്ഷണങ്ങളുള്ളവർക്ക് വേണ്ട ചികിത്സ ലഭ്യമാക്കുക എന്നത് മാത്രമാണ് നിലവിൽ സംസ്ഥാനത്തിന് ചെയ്യാനാവുന്നത്. അതിനാൽ സർക്കാർ നിർദ്ദേശ പ്രകാരം രോഗ ലക്ഷണങ്ങൾ ഉള്ളവരെ മാത്രമാണ് ഇപ്പോൾ പരിശോധിക്കുന്നത്'-ഒരു ഡോക്ടർ ഇങ്ങനെയാണ് പ്രതികരിച്ചത്. ക്വാറന്റൈൻ പൂർത്തിയാക്കുന്നവർക്കും രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കും മാത്രമാണ് പരിശോധന എന്നിരിക്കെ കോവിഡ് നിരക്കിൽ വരുന്ന വർധനവ് ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.

രോഗലക്ഷണങ്ങൾ ഉള്ള കോവിഡ് രോഗികളെ പോലും ആശുപത്രിയിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. കിടക്കകളുടേയും ആരോഗ്യ പ്രവർത്തകരുടേയും കുറവ് ഉണ്ട്. കോവിഡ് ചികിത്സാ കേന്ദ്രങ്ങളെല്ലാം നിറഞ്ഞിരിക്കുന്നതിനാൽ രോഗ ലക്ഷണങ്ങളുള്ള രോഗികളെയും ഹോം ഐസൊലേഷനിൽ വിടേണ്ടതായി വരുന്നു.

പ്രവാസികളുടെ വരവിൽ പ്രതിരോധക്കോട്ട വീണു

കേരളത്തിന്റെ ആദ്യ പിഴവ് പ്രവാസികളുടെ വരവ് മാനേജ് ചെയ്യുന്നതിലാണെന്നാണ് ആരോഗ്യവിദഗധൻ ഡോ എം മുരളീധരൻ ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹം 'ട്രൂ കോപ്പി' എന്ന ഓൺലൈൻ മാഗസിനിൽ എഴുതിയ ലേഖനത്തിൽ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.

'മെയ് ഏഴിന് പ്രവാസികൾ കേരളത്തിലെത്തി തുടങ്ങിയപ്പോൾ സർക്കാർ പ്രഖ്യാപിച്ച പ്രകാരം രണ്ടു ലക്ഷത്തോളം പേർക്ക് ക്വാറന്റയിൻ സംവിധാനം തയാറാണെന്നത് വലിയ ആശ്വാസത്തോടെയാണ് നാം കേട്ടത്. അഞ്ചും പത്തും വർഷം കഴിഞ്ഞ് തിരിച്ചെത്തുന്ന പ്രവാസികൾ വീടുകളലെത്തിയാൽ, മനുഷ്യ സഹജമായ വൈകാരിക മുഹൂർത്തങ്ങളിൽ സമ്പർക്ക സുരക്ഷാവലയങ്ങൾ ഞ്ഞൊടിയിടയിൽ തകരുമെന്നും രോഗവ്യാപനത്തിന് സാദ്ധ്യതയേറുമെന്നൊക്കെ തിരിച്ചറിയാൻ സത്യത്തിൽ ശാസ്ത്രീയ വിശകലന പാടവം ആവശ്യമില്ല. പക്ഷേ ആദ്യത്തെ കുറച്ചു വിമാനങ്ങൾ നാട്ടിലെത്തിയപ്പോൾ തന്നെ പ്രഖ്യാപിത നിലപാടിൽ നിന്ന് അൽഭുതകരമായി സർക്കാർ പിന്നോട്ടു പോവുന്നതാണ് കണ്ടത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെ പോലെ ആരോഗ്യ രംഗത്ത് നിർണ്ണായകമായി പ്രവർത്തിക്കുന്ന സംഘടനകൾ കൃത്യമായി അത്തരമൊരു നിലപാടുണ്ടാക്കിയേക്കാവുന്ന ഗുരുതരാവസ്ഥകളെ കുറിച്ച് സർക്കാറിനെ പലതവണ ഓർമ്മപ്പെടുത്തിയിരുന്നുതാനും. പക്ഷേ ഏതോ ഭൂതാവേശം കൊണ്ടെന്ന പോലെ സർക്കാർ അത്തരം ജാഗ്രതാ സൂചന പരിഗണിക്കാതെ മുന്നോട്ടുപോയി. അവിടെയാണ് സർക്കാരിന് ആദ്യമായി പിഴച്ചത്. അതുവരെ കൃത്യവും ശാസ്ത്രീയവുമായി മുന്നോട്ടുപോയ ആരോഗ്യ സംവിധാനം വലിയൊരു തെറ്റ് വിലയ്ക്കു വാങ്ങുകയായിരുന്നു. അങ്ങനെയാണ് കേരളത്തിൽ സർക്കാരും ജനങ്ങളും ശ്രദ്ധാപൂർവം പണിതുയർത്തിയ പ്രതിരോധ കോട്ടക്ക് ആദ്യമായി വിള്ളൽ വീഴുന്നത്. സമൂഹവ്യാപനത്തിന്റെ ആദ്യ വിത്ത്, നിർഭാഗ്യകരമെന്നു പറയട്ടെ, നാം വിതച്ചു കഴിഞ്ഞിരുന്നു. മെയ് ഏഴിലെ 500 കേസുകൾ കൃത്യം ഇരുപതാം ദിവസം, മെയ് 27 ന്, ആയിരമായി. പിന്നെ ഒരു കുതിച്ചുചാട്ടമായിരുന്നു. ജൂലൈ നാലിന് അയ്യായിരവും, പതിനാറിന് പതിനായിരവും ജൂലൈ ഇരുപത്തിയേഴിന് ഇരുപതിനായിരവും നാം ഞൊടിയിടെ പിന്നിട്ടു. കേരളത്തിൽ ആദ്യമായി ഭീതിയുടെ അലകൾ തൊട്ടറിയാമെന്നായി. മലയാളിയുടെ ആത്മവിശ്വാസത്തിന്റെ ചിരി പതുക്കെ മങ്ങിത്തുടങ്ങി.'- ഡോ മുരളീധരൻ വ്യക്താമാക്കി.

അന്ന് നാട്ടിലെത്തുന്ന മലയാളികൾക്കെല്ലാം കർശനമായ ക്വാറന്റൈൻ സർക്കാർ സംവിധാനത്തിൽ ഒരുക്കുണയാണെങ്കിൽ ഇന്ന് ഈ വിപത്ത് കേരളത്തിന് ഉണ്ടാവുമായിരുന്നില്ല. 2ലക്ഷം ക്വാറൻൻൈ സൗകര്യം ഉണ്ടെന്നും സർക്കാർ ചെലവിൽ പാർപ്പിക്കും ഒക്കെ പറഞ്ഞത് വെറും രാഷ്ട്രീയ തള്ളുകൾ ആയിരുന്നെന്ന് പിന്നീട് തെളിഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജീവൻ രക്ഷിച്ച സർക്കാർ പ്രവാസികളെ രക്ഷിക്കുന്നില്ല എന്ന വിമർശനം അക്കാലത്ത് ശക്തമായിരുന്നു. ഗൾഫിൽ മരിച്ച പ്രവാസികളുടെ പടങ്ങൾ എല്ലാം ചേർത്ത് ഒന്നാം പേജ് ഒരുക്കി മാധ്യമം പത്രമൊക്കെ വലിയ ജനരോഷമാണ് ഈ ഘട്ടത്തിൽ ഉയർത്തിവിട്ടത്്. ഈ സമ്മർദത്തിന് അടിമപ്പെട്ട് സർക്കാർ എടുത്ത പ്രവാസികളെ കൊണ്ടുവരൽ വലിയ വിനയായി. പ്രൈവറ്റ് ക്വാറന്റൈനും ഹോം ക്വാറന്റൈനും പലയിടത്തും പ്രഹസനമായി. ഇപ്പോൾ നോക്കുക, ഗൾഫ് രാഷ്ട്രങ്ങൾ ഒന്നൊന്നായി കോവിഡിൽനിന്ന് പതുക്കെ രക്ഷനേടുന്നു. ഇന്ത്യയും കേരളവും കോവിഡിൽ ഒന്നാമതും എത്തിനിൽക്കുന്നു. ഇപ്പോൾ ഇന്ത്യയിൽ നിന്നുള്ള ഫ്ളൈറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കയാണ് സൗദി.

ട്രെയിനിലും ബസിലും വന്നവർക്ക് കർശന പരിശോധന ഉണ്ടായില്ല

അതുപോലെ കേരളത്തിന് ഉണ്ടായ മറ്റൊരു പിഴവാണ് ട്രെയിനിലും ബസിലും , ഇതരസംസ്ഥാനങ്ങളിൽനിന്ന് വന്നവർക്ക്, വിമാനത്താവളങ്ങളിലെപ്പോലെ കർശന പരിശോധന ഉണ്ടാവാഞ്ഞത്. പലയിടത്തുനിന്നും വന്നവർ പല വഴിക്ക് 'രക്ഷപ്പെട്ടു'. കോവിഡ് എന്നത് ഒരു തീപ്പൊരിയാണെന്നത് വേണ്ടത്ര ഗൗരവത്തോടെ അവർക്ക് എടുക്കാനും ആയില്ല. അതുപോലെ തന്നെ ആരോഗ്യ പ്രവർത്തകർക്ക് പകരം പൊലീസിന് അധികാരം കൈമാറിയതും തുഗ്ലക്ക് പരിഷക്കാരമായിപ്പോയി എന്നാണ് ഡോ മുരളിധരൻ വിശേഷിപ്പിക്കുന്നത്. അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്.

'ഓഗസ്റ്റ് മൂന്നിനാണ് സർക്കാർ കോവിഡ് പ്രതിരോധത്തിന് പൊലീസിന് കൂടുതൽ അധികാരം കൈമാറാൻ തീരുമാനിക്കുന്നത്. കോവിഡിന്റെ തുടക്കം മുതൽ സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്നവരാണ് പൊലീസുകാർ. ലോക്ക്ഡൗണിൽ ഊണും ഉറക്കവുമൊഴിച്ച് അവർ വാഹനങ്ങൾ പരിശോധിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. മാസ്‌കും സാനിറ്റൈസറും തികയാത്ത സന്ദർഭങ്ങളിൽ പോലും സാമൂഹികപ്രതിബദ്ധതയോടെ ആത്മാർത്ഥമായി പൊലീസിങ് നടപ്പാക്കി. സ്വന്തം ആരോഗ്യസുരക്ഷ വകവെക്കാതെ സമരക്കാരെ നേരിട്ടു. ലീവെടുക്കാനാവാതെ കുടുംബത്തിൽ നിന്നകന്ന് മാസങ്ങളോളം ജോലി ചെയ്തു തളർന്നു. കേരളീയ സമൂഹം ആരോഗ്യ പ്രവർത്തകരോളം തന്നെ കടപ്പെട്ടിരിക്കുന്ന വിഭാഗമാണ് പൊലീസ് എന്നതിൽ സംശയമില്ല. ഒരു ബിഗ് സല്യൂട്ടിന് എന്തു കൊണ്ടും അർഹർ. പക്ഷേ കണ്ടെയിന്മെന്റ് സോണുകൾ നിർണയിക്കാനും പ്രഥമ -ദ്വിതീയ സമ്പർക്കപ്പട്ടിക തയാറാക്കുവാനും ക്വാറന്റയിനിലുള്ളവരെ നിരീക്ഷിക്കാനും ഒക്കെ അവരെ ഏൽപ്പിക്കുന്നത് സാമാന്യ ബോധത്തിന്റെ തികഞ്ഞ ലംഘനമാണെന്ന് പറയാതെ വയ്യ. അതേസമയം, സമ്പർക്കപ്പട്ടികയിലെ ആളുകളെ തെരഞ്ഞുപിടിക്കുവാനും 'ബ്രക്ക് ദി ചെയിൻ' മാനദണ്ഡം പാലിക്കാത്തവരെ കർശനമായി നേരിടാനും, ആരോഗ്യപരിപാലന നിയമങ്ങൾ തെറ്റിക്കുന്നവരെ കണ്ടുപിടിക്കുവാനും അവരെ നിയോഗിക്കുന്നത് ഭരണപരമായ നല്ല തീരുമാനമാണുതാനും. ജോലിഭാരം കൊണ്ട് വീർപ്പുമുട്ടുന്ന പൊലീസ് സേനക്ക് അമിതഭാരം ഏൽപ്പിക്കുന്നു എന്ന അപരാധത്തിനോടൊപ്പം ഒരു പരിശീലനവും ലഭിക്കാത്ത പ്രവർത്തന മേഖലകളിൽ അവരെ നിയോഗിക്കുന്നത് തികച്ചും അശാസ്ത്രീയമാണെന്ന് അധികാരികൾ മനസ്സിലാക്കാത്തത് ദുഃഖകരവും അത്ഭുതകരവുമാണ്.

ആരോഗ്യ പ്രവർത്തകർ സ്തുത്യർഹമായി നിർവഹിച്ചിരുന്ന പ്രവർത്തനം പൊലീസിനെ ഏൽപ്പിക്കുന്നതിന്റെ സാംഗത്യം വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടു. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന മിക്കവാറും സംഘടനകൾ, ഐ.എം.എ അടക്കം, ഈ തുഗ്‌ളക്കിയൻ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. ഫോൺകോളുകളുടെ ലിസ്റ്റ് എടുത്ത് സമ്പർക്കപ്പട്ടികയിലെ ആളുകളെ പൊലീസ് നിരീക്ഷിക്കുന്നതിന്റെ നിയമവശം കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. താരതമ്യേന കൃത്യവും സുതാര്യവുമായി പോകുന്ന ആരോഗ്യ പ്രവർത്തനങ്ങളെ താറുമാറാക്കുന്നു എന്നതിനപ്പുറം ആറു മാസത്തിലേറെയായി ആത്മാർത്ഥമായി ഇത്തരം പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ മുഖവിലക്കെടുക്കാതിരിക്കുക വഴി ഒരുതരം അന്യതാബോധം അവരിൽ സൃഷ്ടിക്കുവാൻ മാത്രമേ ഇത്തരം നടപടികൾ ഉതകിയിട്ടുള്ളു എന്ന വിമർശനവും കാണാതിരിക്കാൻ വയ്യ. എപ്പിഡമിയോളജിക്കൽ മാനദണ്ഡങ്ങളുപയോഗിച്ച് നിർവഹിക്കേണ്ട ആരോഗ്യ പ്രവർത്തനങ്ങളായ കണ്ടെയ്ന്മെന്റ് സോൺ നിർണയത്തിനും കോണ്ടാക്റ്റ് ലിസ്റ്റ് തയാറാക്കാനും, ഇത്തരം കാര്യങ്ങളിൽ പരിശീലനം ലഭിക്കാത്ത പൊലീസിനെ നിയോഗിക്കുക വഴി, മികവോടെ മുന്നോട്ടു പോയിരുന്ന ഒരു സംവിധാനത്തെ തികഞ്ഞ പരാധീനതയിലേക്കും അവ്യക്തതയിലേക്കും തള്ളിവിട്ടത് പ്രതിരോധ പ്രവർത്തനങ്ങളുടെ നിർവഹണത്തെ ഗുരുതരമായി ബാധിച്ചു.'- ഡോ മുരളീധരൻ വ്യക്താമാക്കി.

ശാസ്ത്രീയ മനോഗതിയിൽനിന്ന് സർക്കാർ പിന്തിരിഞ്ഞു

അതോടൊപ്പം എവിഡൻസ് ബേസ്ഡ് മെഡിസിനെ മാത്രം പിന്തുണക്കാതെ ഹോമിയോപ്പതി അടക്കമുള്ള ബദൽ വൈദ്യങ്ങളുടെ പിറകെ പോയതും, ജനങ്ങളിൽ വ്യാജ ആത്മവിശ്വാസം ഉണ്ടാക്കാനും അതുവഴി രോഗം പകരാനുമാണ് ഇടയാക്കിയതെന്ന് പല ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഡോ മുരളീധരൻ ഇങ്ങനെ കുറിക്കുന്നു. 'പക്ഷേ, ചില സമാന്തര ചികിത്സാ വിഭാഗങ്ങൾ കൊറോണ വൈറസ് ബാധ തുടങ്ങിയ ഉടൻ, ഇതാ ഞങ്ങളുടെ പക്കൽ പ്രതിരോധ മരുന്നുണ്ടെന്നു പറഞ്ഞ് മുന്നോട്ട് വരികയുണ്ടായി. അവരുടെ മരുന്നുകളുടെ ശാസ്ത്രീയ അടിസ്ഥാനം ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ല എന്നത് മാറ്റിനിർത്തിയാൽ തന്നെ, (നേർപ്പിക്കും തോറും മരുന്നിന്റെ ശക്തി കൂടുമെന്നത് ശരിയാണെങ്കിൽ ഇന്ന് ലോകം നിയന്തിക്കുന്ന ഫിസിക്‌സ്-കെമിസ്ടി അടിസ്ഥാന നിയമങ്ങൾ മുഴുവൻ തെറ്റാണ്) ആ മരുന്നിന്റെ പ്രതിരോധ ശേഷി ഏതു പഠനങ്ങളിൽ എവിടെയൊക്കെ തെളിഞ്ഞു എന്ന് പ്രഖ്യാപിക്കാനുള്ള മിനിമം ഔചിത്യവും സത്യസന്ധതയും അവർ കാണിക്കേണ്ടതുണ്ട്.

ഈ അശാസ്ത്രീയ ചികിത്സക്ക് കേരള- കേന്ദ്ര സർക്കാരുകൾ കൂട്ടുനിൽക്കുന്നു എന്നു വരുന്നത് അത്യന്തം ഖേദകരമാണ്. ഈ ചികിത്സയുടെ ഗുണങ്ങൾ സർക്കാരിന് ബോദ്ധ്യപ്പെട്ടിരുന്നോ, ഏതു പഠനങ്ങളാണ് അവർ സർക്കാരിന് സമർപ്പിച്ചത്, എത്ര പേരിൽ പഠനം നടത്തി, എവിടെയൊക്കെയാണ് പഠനം നടത്തിയത്, ആ ചികിത്സ സ്വീകരിച്ചവരിൽ എത്രപേർ പ്രതിരോധം നേടി, എന്തടിസ്ഥാനത്തിലാണ് ആ ചികിത്സ സ്വീകരിക്കാൻ സർക്കാർ മലയാളികളോട് പറയുന്നത് തുടങ്ങി ഒട്ടനവധി കാര്യങ്ങൾ സർക്കാർ വിശദീകരിക്കേണ്ടതുണ്ട്. ഇതൊന്നുമില്ലാതെ, തെളിവുകളുടെ ഒരു മിന്നായം പോലുമില്ലാതെ ഒരു ജനാധിപത്യ സർക്കാർ അത്തരം ചികിത്സ ശുപാർശ ചെയ്യുന്നത് ജനങ്ങളുടെ ആരോഗ്യത്തിനു നേരെയുള്ള കടന്നുകയറ്റമായി മാത്രമേ കാണുവാൻ കഴിയൂ. മാത്രമല്ല, ഇത്തരം ചികിത്സ സ്വീകരിക്കുന്നവർ ഒരു അയഥാർത്ഥ / വ്യാജ സുരക്ഷാബോധം അനുഭവിക്കുക്കുകയും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിൽ പിന്നോട്ട് പോവുകയും ചെയ്യും. അങ്ങേയറ്റം ഗുരുതര ഭവിഷ്യത്തുകൾ സൃഷ്ടിക്കാവുന്ന സാഹചര്യമാണ് അങ്ങിനെ സൃഷ്ടിക്കപ്പെടുന്നത്.

ലോകത്ത് ഇന്ത്യയൊഴികെ മറ്റ് 218 രാജ്യങളിലും, അതിന്റെ ജന്മഭൂമിയായ ജർമ്മനിയിലടക്കം, ഈ ചികിത്സ കൊറോണ പ്രതിരോധത്തിന് പരിഗണിക്കപ്പെടുകപോലും ചെയ്യാത്തതെന്ത് എന്ന ചോദ്യത്തിനും സർക്കാർ ഉത്തരം പറയേണ്ടതുണ്ട്. 20 ലക്ഷം പേർക്ക് ഈ 'പ്രതിരോധ മരുന്ന്' നൽകിയ മുംബെയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്ലസ്റ്ററുകൾ രൂപംകൊണ്ടത് എന്ന കാര്യം പോലും സർക്കാർ പരിഗണിക്കുന്നേയില്ല. തികച്ചും ഖേദകരമെന്നു പറയട്ടെ, ശാസ്ത്രാഭിമുഖ്യമുള്ള നിരവധി സംഘടനകളും ശാസ്ത്ര സാഹിത്യ പരിഷത്തും ഐ.എം.എ യുമൊക്കെ ഇത്തരം അശാസ്ത്രീയ ചികിത്സകൾക്കെതിരെ രംഗത്ത് വന്നിട്ടും സർക്കാർ അതിനെതിരെ മുഖം തിരിക്കുകയാണുണ്ടായത്.'- ഡോ മുരളീധരൻ ചൂണ്ടിക്കാട്ടുന്നു.

നിരുത്തരവാദിത്വം പുലർത്തിയ പ്രതിപക്ഷം

അതേസമയം കടുത്ത അനാസ്ഥ കേരളത്തിലെ പ്രതിപക്ഷ പാർട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടായി. ഒരു മഹാമാരിക്കാലത്ത് ഒരിക്കലും പാടില്ലാത്ത രീതിയിൽ സമരങ്ങളും ബഹളങ്ങളുമായി കോവിഡ് പരത്തിയതിൽ കേരളത്തിലെ പ്രതിപക്ഷത്തിനും ഉത്തരവാദിത്വമുണ്ടെന്ന് ഡോ ഷിംന അസീസിനെപ്പോലുള്ളവർ ചുണ്ടിക്കാട്ടുന്നു. ഉയർന്ന പൗരബേധം കക്ഷിരാഷ്ട്രീയ സങ്കുചിതത്വത്തിനിടതിൽ പെട്ടുപോകുന്ന കാഴ്ചയാണ് നമുക്ക് കോവിഡ് കാലത്ത് കാണാനായത്.

രാജ്യത്ത് തന്നെ കോവിഡ് ബാധ ഏറ്റവും തീവ്ര നിരക്കൽ എത്തിനിൽക്കുന്നത് കേരളത്തിലാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പഠനം ഉണ്ടായിരുന്നു. കേരളത്തിലെ രോഗ വർധന തോത് (മൂവിങ് ഗ്രോത്ത് റേറ്റ്- എംജിആർ) ദേശീയ ശരാശരിയിലും ഇരട്ടിയാണെന്നും പഠനം പറയുന്നു. ദിവസേന അമ്പതിനായിരം പരിശോധനകൾ മാത്രം ചെയ്യുമ്പോഴാണ് കേരളത്തിൽ എണ്ണായിരത്തിലധികം കോവിഡ് രോഗികളുണ്ടാവുന്നത്. 15 ശതമാനമാണ് പോസിറ്റിവിറ്റി റേറ്റ് എന്ന് ഡോക്ടർമാർ പറയുന്നു. ഗുരുതരാവസ്ഥ മുന്നിൽ കണ്ട് ബ്ലോക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കാനാണ് ജില്ലാ ആരോഗ്യവകുപ്പ് അധികൃതർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

രോഗ ലക്ഷണങ്ങൾ പ്രകടമാക്കുന്ന ബി കാറ്റഗറി രോഗികൾക്കും അതീവ ഗുരുതര കാറ്റഗറിക്കാർക്കും ചികിത്സ ഉറപ്പാക്കുന്ന തരത്തിൽ ആരോഗ്യ സംവിധാനങ്ങൾ വർധിപ്പിക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. താൽക്കാലികമായെങ്കിലും ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്നും അവർ പറയുന്നു. 'അല്ലാത്തപക്ഷം ഉറപ്പായിട്ടും ഇപ്പോഴത്തെ സ്ഥിതിയിൽ കുറേ പേരുടെ മരണം വീടുകൾക്കുള്ളിൽ തന്നെ നടക്കും. സംസ്ഥാനത്തുള്ള സംവിധാനങ്ങൾക്ക് താങ്ങാനോ മോണിറ്റർ ചെയ്യാനോ കഴിയാത്ത തരത്തിൽ കാര്യങ്ങൾ എത്തും മുന്നെ ഏറ്റവും ഗുരുതരമായ അവസ്ഥയെ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതാണ്.

സ്ഥിരമായി സർക്കാർ സംവിധാനങ്ങളോട് മീറ്റിങ്ങുകളിൽ ആവശ്യപ്പെടുന്ന കാര്യവും ഇതാണ്', കോഴിക്കോട് ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ഡോക്ടർ പ്രതികരിച്ചു. പക്ഷേ ഡോ ബി ഇഖ്ബാലിനെപ്പോലുള്ളവർ പറയുന്നത് അമിതമായ ആശങ്കപ്പെടണ്ടേ ഒരു കാര്യവൂം ഇപ്പോൾ ഇല്ലെന്നും കോവിഡിനെ നേരിടാൻ ആരോഗ്യ സംവിധാനങ്ങൾ സജ്ജമാണെന്നുമാണ്.

കൂടുതൽ പ്രാദേശിക ഇടപെടൽ വേണം

രാഷ്ട്രീയ പിണക്കങ്ങൾ മാറ്റിവെച്ച് കൂടുതൽ ജാഗ്രതയോടെ നാം ഇടപെടേണ്ട സമയമാണി ഇതെന്നാണ് എല്ലാ ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ആൾക്കൂട്ട നിയന്ത്രണം ഈമാസം കർശനമാക്കണം. അതുപോലെ കുട്ടികളെയും വൃദ്ധരെയും സംരക്ഷിക്കാൻ കഴിയുന്ന രീതിയിൽ റിവേഴ്സ് ക്വാറന്റൈൻ നടപ്പാക്കാൻ കഴിയണം. ആശുപത്രികളിൽ വെന്റിലേറ്റർ അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിവെക്കണം. ഒരു പറ്റം ആരോഗ്യപ്രവർത്തകർ രോഗബാതിതർ ആയാൽ പകരം വെക്കാൻ ആളുകൾ വേണം. ഇതിന് കൂടുതൽ പ്രദേശിക സഹകരണം വേണം. ജനം ഇടപെടണം. ഇതിനായി പ്രദേശിക തലത്തിൽ പിപിഇ കിറ്റ് അടക്കമുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും കൂടി ഒരു നിരയെതന്നെ പരിശീലിപ്പിക്കണം. അതായത് സർക്കാറിന് മുന്നിൽ പടിപ്പത് പണിയാണ് ഈ ഘട്ടങ്ങളിൽ ഉള്ളത്.

തിരുവനന്തപുരത്തെ കോവിഡ് വ്യാപനം പാരമ്യത്തിലെത്തിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസ് തന്നെ വിലയിരുത്തുന്നുണ്ട്. ജില്ലയിൽ ആഴ്ചകൾക്കുള്ളിൽ വ്യാപനം താഴ്ന്ന് തുടങ്ങുമെന്നാണ് വിദഗ്ദരുടെയും വിലയിരുത്തൽ. അതേസമയം സാമൂഹികവ്യാപനത്തിലെത്തിയ തീരദേശ ക്ലസ്റ്ററുകളിൽ കേസുകൾ നിയന്ത്രണത്തിലായത് ആശ്വാസമായി.മാസങ്ങളോളം കോവിഡ് വ്യാപനത്തിൽ ഒന്നാമത് നിന്ന തിരുവനന്തപുരം മറ്റ് ജില്ലകളിൽ കേസുകൾ കൂടിയതോടെ പിന്നിലായി. എങ്കിലും സ്ഥിരമായി 800നും ആയിരത്തിനുമിടയിൽ കേസുകളെന്നതാണ് സ്ഥിതി. ജില്ലയുടെ ഏറെക്കുറെ എല്ലാ മേഖലകളിലും വ്യാപനം. പാരമ്യത്തിലെത്തിയെന്നാണ് വിലയിരുത്തലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷിനു ഒരു ഓൺലൈൻ പത്രത്തോട് പ്രതികരിച്ചു.

വ്യാപന സ്വഭാവം പരിഗണിച്ച് ആഴ്‌ച്ചകൾക്കുള്ളിൽ കോവിഡ് വ്യാപനം താഴേക്ക് വന്നുതുടങ്ങുമെന്നാണ് വിദഗ്ദരും പങ്കുവെക്കുന്ന പ്രതീക്ഷ. സംസ്ഥാനത്ത് ഏറെ ആശങ്കയുണ്ടാക്കിയ പൂന്തുറയിലും പുല്ലുവിളയിലും അടക്കം തീരദേശ ക്ലസ്റ്ററുകളിൽ കേസുകൾ നന്നേകുറഞ്ഞു നിയന്ത്രണത്തിലായി. പുല്ലുവിള ഉൾപ്പെടുന്ന കരുംകുളം പഞ്ചായത്തിൽ മുൻപ് പരിശോധിക്കുന്ന പകുതി പേർ വരെ പോസിറ്റീവായിരുന്നെങ്കിൽ ഇപ്പോൾ സ്ഥിതി മാറി. രോഗികളേയില്ലാത്ത ദിവസങ്ങളും രോഗികൾ നന്നേകുറഞ്ഞ ദിവസങ്ങളുമാണ് അധികവും.

0.68 ശതമാനം മരണമുണ്ടായ ജില്ലയിലെ ഏറിയ പങ്ക് മരണങ്ങളും പുല്ലുവിള, പാറശാല ഉൾപ്പെടുന്ന ക്ലസ്റ്ററുകളിൽ നിന്നായിരുന്നു. 27 മെഡിക്കൽ സംഘങ്ങൾ 33,000ത്തിലധികം പരിശോധനകൾ നടത്തിയതിൽ ഏറെയും തീരദേശ ക്ലസ്റ്ററുകളിലായിരുന്നു. 3 സോണുകളാക്കി തിരിച്ച് ഏറ്റവും ദൈർഘ്യമേറിയ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയതും കഠിനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ആദ്യദിനങ്ങളിൽ കമാൻഡോ സംഘമിറങ്ങിയതും ജനങ്ങൾ തെരുവിലിറങ്ങിയതും എല്ലാം ഇവിടങ്ങളിൽ തന്നെയാണ്. കോവിഡ് കുതിപ്പിന്റെ പാരമ്യത്തിലെത്തി നിൽക്കുന്ന സംസ്ഥാനത്തിന് തീരദേശം നൽകുന്നത് വലിയ മുന്നറിയിപ്പും അനുഭവ പാഠവുമാണ്. പൂന്തുറയിലെയോ പുല്ലുവിളയിലെയോ സാഹചര്യമല്ല സംസ്ഥാനത്തിന്റെ മറ്റിടങ്ങളിൽ എന്നതിനാൽ സമാന അനുഭവമുണ്ടായാൽ ഈ മേഖലയനുഭവിച്ച നിയന്ത്രണങ്ങൾ മറ്റിടങ്ങൾക്ക് താങ്ങാനുമാകില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

അയായത് ഒരു പീക്കിൽ എത്തിയശേഷം താനെ കുറയുന്ന രീതിയാണ് ലോകത്ത് എവിടെയും കോവിഡ് കാഴ്ചവെച്ചത്. ആ രീതിയിൽ സമൂഹത്തിന് ഹേർഡ് ഇമ്യൂണിറ്റി എന്ന കൂട്ട പ്രതിരോധം വരുന്നതോടെ വ്യാപന നിരക്ക് കുറയും. സ്വീഡനിലൊക്കെ അതാണ് സംഭവിച്ചത്. സ്വീഡൻ ലോക്ഡൗൺ പോലും നടത്താതിരുന്ന രാജ്യമാണ്. ഈ മാസത്തെ ഉയർച്ചക്ക് ശേഷം കോവിഡ് വ്യാപനം കേരളത്തിലും കുറയുമെന്നാണ് പൊതുവെ കുരുതുന്നത്. ഡോ ബി ഇഖ്ബാലിനെപ്പോലുള്ള വിദഗധരും ഈ വിവരം ശരിവെക്കുന്നു. പക്ഷേ അതുവെ നിതാന്ത ജാഗ്രത വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP