Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

മക്ക മുതൽ വത്തിക്കാൻ വരെയുള്ള ആരാധനാലയങ്ങൾ അടച്ചിടുന്നു; ഫാഷൻ മേഖല മുതൽ മദ്യവ്യവസായത്തിനുവരെ വൻ തിരിച്ചടി; ടോക്യോ ഒളിമ്പിക്സ് വരെ മാറ്റുന്ന കാര്യം ആലോചനയിൽ; വലിയ ഞണ്ടിനെ പിടിക്കുന്ന മൽസ്യത്തൊഴിലാളികൾ മുതൽ കേരളത്തിലെ റബ്ബർ കർഷകരെ വരെ ബാധിക്കുന്നു; എണ്ണവിലയും രൂപയുടെ മൂല്യവും ഇടിയുന്നു; കൊറോണ ലോകത്തിന്റെ സാമ്പത്തിക നാഡിയെ തകർക്കുന്നു; മൂന്നുമാസത്തിനുള്ളിൽ നിയന്ത്രണവിധേയമായില്ലെങ്കിൽ ഗ്രേറ്റ് ഡിപ്രഷന് സമാനമായ സാഹചര്യമെന്ന് സാമ്പത്തിക വിദഗ്ദ്ധർ

മക്ക  മുതൽ വത്തിക്കാൻ വരെയുള്ള ആരാധനാലയങ്ങൾ അടച്ചിടുന്നു; ഫാഷൻ മേഖല മുതൽ മദ്യവ്യവസായത്തിനുവരെ വൻ തിരിച്ചടി;  ടോക്യോ ഒളിമ്പിക്സ് വരെ മാറ്റുന്ന കാര്യം ആലോചനയിൽ; വലിയ ഞണ്ടിനെ പിടിക്കുന്ന മൽസ്യത്തൊഴിലാളികൾ മുതൽ കേരളത്തിലെ റബ്ബർ കർഷകരെ വരെ ബാധിക്കുന്നു; എണ്ണവിലയും രൂപയുടെ മൂല്യവും ഇടിയുന്നു; കൊറോണ ലോകത്തിന്റെ സാമ്പത്തിക നാഡിയെ തകർക്കുന്നു; മൂന്നുമാസത്തിനുള്ളിൽ നിയന്ത്രണവിധേയമായില്ലെങ്കിൽ ഗ്രേറ്റ് ഡിപ്രഷന് സമാനമായ സാഹചര്യമെന്ന് സാമ്പത്തിക വിദഗ്ദ്ധർ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ട് മുൻപുള്ള ദശാബ്ദങ്ങളിൽ ലോകമെമ്പാടും പടർന്നുപിടിച്ച രൂക്ഷമായ സാമ്പത്തിക മാന്ദ്യമാണ് മഹാ സാമ്പത്തിക മാന്ദ്യം അഥവാ ഗ്രേറ്റ് ഡിപ്രഷൻ എന്ന പേരിൽ അറിയപ്പെടുന്നത്. പല രാജ്യങ്ങളിൽ പല വർഷങ്ങളിലായി രൂക്ഷമായി കാണപ്പെട്ടുവെങ്കിലും, മിക്ക രാജ്യങ്ങളിലും മഹാ സാമ്പത്തികമാന്ദ്യം 1929 -ഓടെ തുടങ്ങി 1930കളുടെ അവസാനമോ, 1940 കളുടെ തുടക്കത്തിലോ അവസാനിച്ചു. കറുത്ത ചൊവ്വ എന്ന് പിന്നീട് കുപ്രസിദ്ധമായ 1929 ഒക്ടോബർ 29 ന്, അമേരിക്കയിലെ ഓഹരി വിപണിയായ 'വാൾ സ്ട്രീറ്റ്' ൽ തുടങ്ങിയ തകർച്ചയാണ് പിന്നീട് ലോകമെമ്പാടും പടർന്നത്. മഹാ സാമ്പത്തികമാന്ദ്യം, ഫലത്തിൽ സമ്പന്നരെന്നോ, ദരിദ്രരെന്നോ വ്യത്യാസമില്ലാതെ, എല്ലാ ലോകരാഷ്ട്രങ്ങളിലും നാശം വിതച്ചു. അതുപോലെ ലോകത്തിലെ എല്ലാരാജ്യങ്ങളെയും ബാധിക്കുന്ന മാന്ദ്യം ഉണ്ടാവുമോ എന്ന ഭീതിയിലാണ് ലോകം ഇപ്പോൾ. അതും ഒരു  വൈറസ് കൊണ്ട്. കൊറോണ മൂന്നുമാസത്തിനകം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഗ്രേറ്റ് ഡിപ്രഷന് സമാനമായ അവസ്ഥയാണ് ഉണ്ടാവുകയെന്ന് ചില സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നു. രോഗത്തേക്കാൾ വേഗത്തിലാണ് മാന്ദ്യം പടരുന്നത്!

ചൈനയിൽ ഉൽഭവിച്ച കൊറോണ വൈറസും തൂത്തുക്കുടി- രാമേശ്വരം ഭാഗത്തെ പ്രത്യേക വലിയ കടൽ ഞണ്ടിനെ പിടിച്ച് ജീവിക്കുന്നവരും തമ്മിൽ പ്രത്യക്ഷത്തിൽ യാതൊരു ബന്ധവും കാണാൻ കഴിയില്ല. കൊറോണമൂലമുള്ള സാമ്പത്തിക മാന്ദ്യം ഇന്ത്യൻ തീരങ്ങളിൽ വലിയ ഞണ്ടിനെ പിടിക്കുന്ന മൽസ്യത്തൊഴിലാളികളെപ്പോലും സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കയാണ്. കാരണം ഇന്ത്യയുടെ സമുദ്രോൽപ്പന്ന കയറ്റുമതിയുടെ വലിയൊരു ഭാഗവും ചൈനയുമായിട്ടാണ്. കൊറോണ വന്നതോടെ വന്ന വ്യാപാരമാന്ദ്യം മൂലം വലിയ ഞണ്ടുകളും കൊഞ്ചുകളും കെട്ടിക്കിടക്കയാണ്. ആഭ്യന്തര വിപണിയിലും വില കുത്തനെ ഇടിഞ്ഞു. ഹാർബറിൽ ലേലത്തിന് ആളില്ലാതായി. അതായത് ഭക്ഷ്യശൃംഖല എന്ന് ജീവശാസ്ത്രത്തിൽ പറയുന്ന പോലെ സാമ്പത്തിക ശൃംഖല എന്നൊന്ന് ഉണ്ടെന്നും, ലോകത്തിന്റെ ഏത് ഭാഗത്ത് സംഭവിക്കുന്ന സാമ്പത്തിക കുഴപ്പങ്ങളും അതുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളുടെ ജീവിതം ദുസ്സഹമാക്കുമെന്നാണ് ഇക്കണോമിക്ക് ടൈംസിൽ എഴുതിയ ഒരു ലേഖനത്തിൽ സാമ്പത്തിക വിദഗ്ധൻ ഡോ ഹാരി നൈനാൻ പറയുന്നത്.

Stories you may Like

ഇപ്പോൾ കൊറോണയെന്ന വൈറസിന്റെ മരണ നിരക്കിനേക്കാൾ കൂടുതൽ അതുണ്ടാക്കുന്ന സാമ്പത്തിക തകർച്ചയാണ് ലോകത്ത് കാര്യമായ ചർച്ചാവിഷയം. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക മാന്ദ്യമാണ് വിദഗ്ദ്ധർ കൊറോണ മൂലം പ്രവചിക്കുന്നത്. ആഗോള ഉൽപ്പന്ന വിതരണ ശൃംഖലയെ ( സപ്ലൈ ചെയിൻ) ഇത് തകർത്തുകഴിഞ്ഞു. വൈറസ് ലോകം മുഴുവൻ പടരുകയും ജൂൺ- ജൂലൈ മാസത്തോടെ പൂർണ്ണമായി നിയന്ത്രണ വിധേയമാവുകയും ചെയ്തില്ലെങ്കിൽ, അത് ഗ്രേറ്റ് ഡിപ്രഷന് സമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുകയെന്ന് വിലയിരുത്തലുണ്ട്. ലോക സാമ്പത്തിക വളർച്ച 2 ശതമാനത്തിലേക്ക് ചുരുങ്ങും. നേരത്തേ 3.1 ശതമാനം വളർച്ച ലക്ഷ്യമിട്ടിരുന്നതാണെന്ന് ഫോബ്സ് ഗവേഷണ വിഭാഗം വ്യക്തമാക്കുന്നു. ലോക സമ്പദ് വ്യവസ്ഥയിൽ ചൈനയുടെ വിഹിതം വെറും 17 ശതമാനം ആണ്. ചൈനയിൽനിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കം ഗണ്യമായി കുറഞ്ഞു. അവിടുത്തെ വ്യവസായ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നത് ലോക വിതരണ ശൃഖലയെ താറുമാറാക്കി. മൊബൈൽ ഫോൺ അടക്കമുള്ള ഇലട്രോണിക്ക് ഉൽപ്പന്നങ്ങൾക്കും ഓട്ടോമൊബെൽ പാർട്സിനും ക്ഷാമം നേരിട്ടു തുടങ്ങി. ലോകമാകകെ ടൂറിസം വ്യോമയാന മേഖല പ്രതിസന്ധിയിലായി. മക്ക മുതൽ വത്തിക്കാൻ വരെയുള്ള ആരാധനാലയങ്ങൾ അടച്ചിടുകയാണ്. സൗദി ഉംറ വിസക്കുപോലും നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. പനിയെയും ജലദോഷത്തെയും തുടർന്ന് മാർപാപ്പപോലും നിരീക്ഷണത്തിലായി.

ആഗോള സാമ്പത്തിക രംഗമാകെ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടുകയാണ്. വാണിജ്യം, യാത്ര, വിവിധ ഉൽപ്പാദന മേഖലകളിലെ ചരക്കുനീക്കം ( സപ്ലെ ചെയിൻ) എന്നിവയൊക്കെ താറുമാറായി. ചൈന, കൊറിയ, ജപ്പാൻ എന്നിവടങ്ങളിലെ ഈ ചങ്ങല മുറിഞ്ഞത് കളിപ്പാട്ടം മുതൽ ഐഫോൺ
വരെയുള്ള വിവിധ മേഖലകളിൽ ബാധിക്കും. ഔഷധ നിർമ്മാണം, വാഹന വ്യവസായം, ഇലട്രോണിക്ക്, തുടങ്ങിയ രംഗങ്ങളിൽനിന്ന് ചൈനയിൽനിന്നുള്ള അസംസ്‌കൃത വസ്തുക്കൾ കിട്ടുന്നത് കുറഞ്ഞാൽ അത് ഇന്ത്യയെ ബാധിക്കും. ഇന്ത്യയിലും സാമ്പത്തിക മാന്ദ്യം എത്തിക്കഴിഞ്ഞു. കേരളത്തിലും റബ്ബർ വിപണിയുടെ വലിയ വിഭാഗം ഉപഭോകതാക്കൾ ചൈനയാണ്. ചൈനയിലെ മാന്ദ്യം ഫലത്തിൽ റബ്ബർ വിലയിടിവിനും ഇടയാക്കും. കൊറോണ ഗൾഫിനേയും ബാധിച്ചിരിക്കയാണ്. ഇതും സാരമായി കേരളത്തെ  ബാധിക്കും.

എപ്പിഡെമിക്കിൽനിന്ന് പാൻഡെമിക്കിലേക്ക്

62 രാജ്യങ്ങളിലായി 90,000ത്തിലധികം പേർക്ക് കൊറോണ ബാധിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇതിനകം മരണ സംഖ്യ 3000 കടന്നു. ചൈനയ്ക്ക് പുറത്തു അമേരിക്ക, ഇറ്റലി, ഫ്രാൻസ്, ഇറാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലാണ് കൊറോണ രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഒരു രാജ്യത്തു മാത്രം ഒതുങ്ങുന്ന 'എപ്പിഡെമിക്' എന്ന നിലയിൽനിന്നു ലോകമാകെ ബാധിക്കുന്ന 'പാൻഡെമിക്' എന്ന നിലയിലേക്കു വൈറസ് ബാധ വളർന്നതോടെ ആഗോള വിപണികൾ കനത്ത പരിഭ്രാന്തിയിലാണ്. ആർട്ടിക്കും അന്റാർട്ടിക്കും ഒഴികെയുള്ള മുഴുവൻ വൻകരകളിലേക്കും കൊറോണ പടരുന്നതോടെ ലോകത്തിന്റെ സാമ്പത്തിക നാഡിയും വിതരണ ശൃംഖലയും അറ്റുപോവുകയാണ്. മൂന്നുമാസത്തിനുള്ളിൽ കോവിഡ് നിയന്ത്രണ വിധേയമായില്ലെങ്കിൽ ദ ഗ്രേറ്റ് ഡിപ്രഷന് സമാനമായ സാഹചര്യമാണ് ഉണ്ടാവുകയെന്നാണ് പീറ്റർ മെഗ്രാത്തിനെപോലുള്ള ഇടതുപക്ഷ സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. എന്നാൽ ഇത് പെരുപ്പിച്ചതാണെന്നും അത്രയൊന്നും എത്തില്ലെന്നും വലത് സാമ്പത്തിക വിദഗ്ധരും പറയുന്നു. പക്ഷേ എന്തായാലും കൊറോണ വലിയ സാമ്പത്തിക മാന്ദ്യം ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

ഗ്രേറ്റ് ഡിപ്രഷൻ കാലത്ത് വ്യക്തിഗത വരുമാനങ്ങൾ, നികുതി വരവുകൾ, ലാഭങ്ങൾ തുടങ്ങിയവയ്ക്കെല്ലാം കനത്ത തോതിൽ ഇടിവ് സംഭവിക്കുകയും, അന്താരാഷ്ട്ര വ്യാപാരം, പകുതി മുതൽ മൂന്നിൽ രണ്ടു വരെയായി കുറയുകയും ചെയ്തു. അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 25 ശതമാനവും, മറ്റ് ചില രാജ്യങ്ങളിൽ ഇത് 33 ശതമാനം വരെയും ആയി വർദ്ധിച്ചു. വ്യവസായത്തെ അമിതമായി ആശ്രയിച്ചിരുന്ന വൻ നഗരങ്ങൾക്കാണ് സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യപ്രഹരം ലഭിച്ചത്. നിർമ്മാണപ്രവർത്തനങ്ങൾ പല രാജ്യങ്ങളിലും പൂർണ്ണമായും സ്തംഭിച്ചു. ധാന്യവിളകൾക്ക് 60 ശതമാനം വരെ വിലയിടിവ് സംഭവിച്ചത് കൃഷിയേയും, ഗ്രാമപ്രദേശങ്ങളേയും ബാധിച്ചു. 1930 കളുടെ മധ്യത്തോടെ രാജ്യങ്ങൾ സാമ്പത്തിക ആരോഗ്യം വീണ്ടെടുത്തുതുടങ്ങി. എന്നാൽ മിക്ക രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യത്തിന്റെ ദൂഷ്യവശങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കം വരെ നീണ്ടുനിന്നു. സമാനമായ അവസ്ഥ കൊറോണ മൂലം ഉണ്ടാവുമോ എന്ന് കണ്ടറിയാൻ ഇനിയുള്ള രണ്ടാഴ്ച നിർണ്ണായകമാണെന്നാണ് പറയുന്നത്.

ഓഹരി വിപണിയിൽ നഷ്ടം ശതകോടികൾ

ഏറ്റവും കൂടുതൽ ഇടിവു നേരിടുന്ന വിപണികളിലൊന്നായ ഇന്ത്യയിൽ ഇക്കഴിഞ്ഞ നാലു വ്യാപാര ദിനങ്ങളിലായി നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽ ഉണ്ടായിട്ടുള്ള നഷ്ടം 5,50,000 കോടി രൂപയാണ്. കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നുവെന്ന വാർത്ത ആഗോള ഓഹരി വിപണികളെയും പിടിച്ചു കുലുക്കി. യൂറോപ്യൻ വിപണി കനത്ത ഇടിവ് നേരിട്ടു. ലണ്ടൻ, പാരിസ്, ഇറ്റലി, ഫ്രാങ്ക്ഫുർട്ട് വിപണികളിൽ സൂചിക 2 ശതമാനം വരെ താഴ്ന്നു. ടോക്കിയോ വിപണിയിൽ ഉണ്ടായത് 2.1% തകർച്ച. കനത്ത വിൽപന സമ്മർദത്തിന്റെ പിടിയിലാണ് വിപണികൾ എന്ന് വിദഗ്ദ്ധർ പറയുന്നു. വൈറസ് ബാധ സാമ്പത്തിക രംഗത്തെ ഗുരുതരമായി ബാധിക്കുമെന്ന കണക്കുകൂട്ടലിലാണ് വ്യവസായ ലോകം. സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ തീവ്രശ്രമം നടത്തുന്നതിനിടെയാണ് ആശങ്ക വിതറി കോവിഡ് 19 എത്തിയത്.

2008ലെ ലോക സാമ്പത്തിക മാന്ദ്യത്തിനുശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയാണിത്. 12 ശതമാനം വരെ സൂചികകൾ കഴിഞ്ഞ ആഴ്ച ഇടിഞ്ഞു. ഇന്നത്തെ അവസ്ഥയിൽ മാന്ദ്യത്തിൽ നിന്ന് ഉടനടി കരകയറുക എളുപ്പമല്ലെന്ന് രാജ്യാന്തര നാണയ നിധിയും (ഐഎംഎഫ്) മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ആപ്പിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട കമ്പനികളുടെ വിൽപനയെ ഗുരുതരമായി ബാധിക്കുമെന്നും വിലയിരുത്തുന്നു. കോവിഡ് 19 ഏതു രീതിയിൽ വ്യാപിക്കുമെന്ന് പറയാനാവില്ല എന്നത് സാമ്പത്തിക രംഗത്തെ ഗുരുതരമായി സ്വാധീനിക്കും ഗോൾഡ് മാൻ സാക്സ് അസറ്റ് മാനേജ്മെന്റ് പറയുന്നു. എന്നാൽ ചൈനയിൽ വൈറസ് ബാധ ഭീഷണി കുറഞ്ഞു വരുന്നു എന്ന വാർത്ത, ഷാങ്ഹായ്, ഹോങ്കോങ് വിപണികളെ കരകയറ്റിയിട്ടുണ്ട്.

എണ്ണ വില താഴോട്ട്; രൂപയും ഇടിയുന്നു; സ്വർണ്ണവും ചാഞ്ചാടുന്നു

ഉൽപ്പാദനവും ചരക്കുനീക്കവും കുറഞ്ഞതിനാൽ ആഗോളവിപണിയിൽ എണ്ണയുടെ ഡിമാന്റ് കുത്തനെ കുറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരാണു ചൈന. ഗതാഗത നിയന്ത്രണങ്ങൾ ഏവിയേഷൻ ഫ്യൂവലിന്റെ ഡിമാന്റും കുത്തനെ കുറിച്ചിട്ടുണ്ട്. സംസ്‌കൃത എണ്ണ വില ബാരലിന് 50 ഡോളറിലേക്ക് ഇടിഞ്ഞു. ജനുവരിയിൽ ജനറൽ ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കൻ നടപടിയെ തുടർന്ന് എണ്ണ വില 75 ഡോളർ വരെ ഉയർന്നിരുന്നു. 2019 ജനുവരിക്കു ശേഷമുള്ള താഴ്ന്ന വില കൂടിയാണിത്. യുഎസിൽ വില 47.32 ഡോളർ. കുറവ് 2.9%.

കൊറോണ വൈറസ് ഭീതി സ്വർണ്ണവിലയെ 7 വർഷത്തെ ഉയരത്തിൽ എത്തിച്ചെങ്കിലും, നിക്ഷേപകർ ലാഭമെടുപ്പ് നിർത്തിയതോടെ വില ഇടിഞ്ഞു. രാജ്യാന്തര വിപണിയിൽ ഔൺസിന് 1700 ഡോളറിന് മുകളിൽ സ്വർണ്ണവിലയെത്തി. കേരളത്തിൽ സ്വർണ്ണ വില ഗ്രാമിന് 4000 രൂപയിലെത്തിയിുന്നു. ഇപ്പോൾ 1606 ഡോളർ നിലവാരത്തിലാണ് രാജ്യാന്തര വില. കേരളത്തിൽ ഗ്രാമിന് 3890 രൂപയാണ്.

ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച തുടരുകയാണ്. ഇപ്പോൾ രൂപയുടെ മൂല്യം ഡോളറിനെതിരെ 72.73ൽ എത്തിനിൽക്കയാണ്. ക്രൂഡ് ഓയിലിന് വില ഇടിഞ്ഞെങ്കിലും ഇറക്കുമതിച്ചെലവ് കാര്യമായി കുറയാതിരിക്കാൻ ഇത് കാരണമായി. രൂപ ശക്തിപ്പെട്ടിരുന്നെങ്കിൽ ഇന്ധന വില ഇപ്പോഴത്തേതിലും കുറഞ്ഞേനേ. ഫ്രിഡ്ജ്, ടിവി എ സി തുടങ്ങിയവയുടെ പാർടസ് വരുന്നത് ചൈനയിൽ നിന്നാണ്. ഇവക്ക് ക്ഷാമമുണ്ട്. ആമസോൺ ഫ്ളിപ്പ്കാർട്ട് പോയള്ള ഓൺൈലൻ കമ്പനികളിൽ മിക്ക ഉൽപ്പന്നങ്ങളും കിട്ടാനില്ല. ചൈനീസ് വിപണി നഷ്ടപ്പെടുത്തുന്നത് ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള സമുദോൽപ്പന്നങ്ങളുടെ കയറ്റുമതി കുറച്ചു. വലിയ കടൽകൊഞ്ചും ഞണ്ടും പിടിക്കുന്നത് തന്നെ നിർത്തി. കേരളത്തിൽ റബ്ബറിന്റെ പ്രധാന ഉപഭോക്താക്കൾ ചൈനയാണ്. റബ്ബർ വിലയിടിവിന് ഇത് ഇടയാക്കും. ഇന്ത്യയും ചൈനയുടെയും തമ്മിലുള്ള വാണിജ്യം നാമമാത്രമായി. മരുന്ന് ഇലട്രിക്കൽ വസ്തുക്കൾ യന്ത്രങ്ങൾ, രാസവസ്തുക്കൾ, പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ, ഓട്ടോമൊബൈൽ ഘടകങ്ങൾ, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, ഒക്കെ ചൈനയിൽനിന്ന് വരുന്നത് കുറഞ്ഞു. വസ്ത്രങ്ങൾ കുട്ടിയുടുപ്പുകൾ ഫർണീഷിങ്ങ് തുണിത്തരങ്ങൾ എന്നിവക്കെല്ലാം ദൗർലഭ്യം ഏർപ്പെടും.

ഫാഷൻരംഗം തൊട്ട് മദ്യവ്യവസായം വരെ പ്രതിസന്ധിയിൽ

കൊറോണ മൂലം ലോകത്തെ ഏറ്റവും വലിയ ടൂറിസം ട്രേഡ് ഫയർ ആയ ബെർലിനിലെ 'ഐടിബി ബെർലിൻ' ചരിത്രത്തിലാദ്യമായി റദ്ദാക്കി. ഇത് ലോകത്തിലെ നാലാമത്തെ സമ്പദ് വ്യവസ്ഥയായ ജർമ്മനിയുടെ ജിഡിപിയെ തീരുമാനം സാരമായി ബാധിക്കും. ഏപ്രിലിൽ ജനീവയിൽ നടത്താനിരുന്ന രാജ്യാന്തര വാഹനമേളയും വാച്ച് എക്സ്പോ റദ്ദാക്കി. ആഡംബര വാച്ചുകളുടെ പ്രദർശനമാണിത്. ജനുവരിയിൽ നടത്താനിരുന്ന പ്രദർശനം, മറ്റൊരു പ്രദർശനവുമായി കോർത്തിണക്കി ഏപ്രിലിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്.ദുബൈയിൽ 10 മുതൽ 14വരെ നടത്താനിരുന്ന രാജ്യാന്തര ആഡംബരം ബോട്ട് ഷോ നവംബറിലേക്ക് മാറ്റിയിരിക്കയാണ്.

സ്ഥിതി നിയന്ത്രണ വിധേയമായില്ലെങ്കിൽ ടോക്കിയോ ഒളിമ്പിക്സ് ജപ്പാൻ ഉപേക്ഷിച്ചേക്കും. ലോകത്തെ മൂന്നാമത്തെ സമ്പ്ദ വ്യവസ്ഥയായ ജപ്പാനെ ഇത് വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. വൈറസ് വ്യാപനം മൂലം അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ മാറ്റിവയ്ക്കേണ്ടി വന്നേക്കാമെന്ന ഫിഫ പ്രസിഡന്റ് ജിയോവന്നി ഇൻഫാന്റിനോ സൂചന നൽകി. ഈ വാരാന്ത്യത്തിൽ സ്വിറ്റ്സർലാൻഡിൽ നടക്കേണ്ടിയിരുന്ന ലീഗ് മത്സരങ്ങൾ മാറ്റിവച്ചു.

1000 പേരിലധികം പങ്കെടുക്കുന്ന പരിപാടികൾ സ്വിസ് ഗവൺമെന്റ് നിറുത്തിവച്ചിരിക്കുകയാണ്.ഫുട്ബാളിനെക്കാൾ പ്രധാനം ആളുകളുടെ ആരോഗ്യമാണ്.ജിയോവന്നി ഇൻഫാന്റിനോ ഫിഫ പ്രസിഡന്റ് ഇന്നും നാളെയുമായി നടക്കേണ്ടിയിരുന്ന ഇറ്റാലിയൻ സെരി എ ഫുട്ബാളിലെ അഞ്ച് മത്സരങ്ങൾ മാറ്റിവച്ചു. വൻ ക്ളബുകളായ യുവന്റസും ഇന്റർ മിലാനും തമ്മിലുള്ള മത്സരവും ഇതിൽപ്പെടുന്നു. നേരത്തെ അടച്ചുപൂട്ടിയ സ്റ്റേഡിയങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണിവ.. അന്താരാഷ്ട്ര ആന്റിഡോപ്പിങ് ഏജൻസിയുടെ വാർഷിക സിമ്പോസിയം മാറ്റിവച്ചു.. ഇറ്റലിയിൽ പരിശീലനത്തിലായിരുന്ന ഇന്ത്യൻ ബോക്സർമാരെ ജോർദാനിലെത്തിച്ചു. വുഹാനിൽ നിന്ന് ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾ ജോർദാനിലേക്ക് മാറ്റിയിരുന്നു.യു.എ.ഇയിലെ ഇന്റർനാഷണൽ സൈക്ളിങ് ടൂർ മത്സരങ്ങൾ ഉപേക്ഷിച്ചു. കൊറോണ സംശയമുള്ള താരങ്ങളെ ഹോട്ടലിൽ ഒറ്റയ്ക്ക് പാർപ്പിച്ചിരിക്കയാണ്.

പാരീസ് ഫാഷൻ വീക്കിനെയും കോവിഡ് ബാധിച്ചു. ദീപിക പദുക്കോൺ അടക്കമുള്ള പ്രമുഖർ ഷോായിൽനിന്ന് പിന്മാറിയതോടെ ഷോ മാറ്റിവെച്ചിരിക്കയാണ്. ഫ്രാൻസിൽ കൊറോണയിൽ ഇതുവെരെ 3പേർ മരിച്ചിട്ടുണ്ട്.2000 പേർ ആശുപത്രിയിലാണ്. കോവിഡ് ബാധ തങ്ങളുടെ കച്ചവടം പൂട്ടിക്കുമെന്ന ഭയത്തിലാണ് യൂറോപ്പിലെ മദ്യ വ്യവസായ ലോകം. സ്മിർനോഫ് വോഡ്ക, ജോണി വോക്കർ വിസ്‌കി ഉൾപ്പെടെ മദ്യബ്രാൻഡുകളുടെ നിർമ്മാതാക്കളായ ബ്രിട്ടീഷ് ഗ്രൂപ്പ് ഡിയഗോ വാർഷിക വിറ്റുവരവിൽ 32.5 കോടി പൗണ്ടിന്റെ (3000 കോടി രൂപ) കുറവാണ് പ്രതീക്ഷിക്കുന്നത്. ഫ്രഞ്ച് ഭക്ഷ്യവ്യവസായ ഭീമന്മാരായ ഡാനൻ 10 കോടി യൂറോയുടെ (770 കോടി രൂപ) വിൽപന നഷ്ടമാണ് വർഷത്തിന്റെ ആദ്യപാദം പ്രതീക്ഷിക്കുന്നത്.

മുന്നറിയിപ്പുമായി ഒഇസിഡി

കൊറോണ വൈറസ് വ്യാപനം ആഗോള സാമ്പത്തിക വളർച്ച പകുതിയായി കുറയ്ക്കുകയും ഈ വർഷംതന്നെ നിരവധി രാജ്യങ്ങളെ മാന്ദ്യത്തിലേക്ക് തള്ളിവിടുകയും ചെയ്യുമെന്നും ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോപ്പറേഷൻ ആൻഡ് ഡവലപ്മെന്റ് മുന്നറിയിപ്പ് നൽകി. രോഗം ലോകമെമ്പാടും വ്യാപിക്കുകയും നിക്ഷേപകർ ആശങ്കയിലാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ആഗോള ജിഡിപി വളർച്ച ഈ വർഷം 1.5 ശതമാനമായി കുറയുമെന്നാണ് ഒഇസിഡി വിലയിരുത്തുന്നത്. നേരത്തെ, ഈ വർഷം ആഗോള സാമ്പത്തിക വളർച്ച 2.9% ആകുമെന്നായിരുന്നു വിലയിരുത്തൽ. കഴിഞ്ഞ ദശകത്തിൽ സംഭവിച്ച ആഗോള മാന്ദ്യത്തിനുശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ ഭീഷണിയാണ് വരാൻ പോകുന്നതെന്ന് ഒഇസിഡി പറയുന്നു.

ഇതിനകം തന്നെ ദുർബലമായ ജിഡിപി വളർച്ചയുടെ പശ്ചാത്തലത്തിൽ ജപ്പാനിലെയും യൂറോസോണിലെയും സമ്പദ്വ്യവസ്ഥ ഈ വർഷം മാന്ദ്യത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുവന്നതിനു ശേഷം ബ്രിട്ടീഷ് വ്യാപാര ചർച്ചകളിലെ പരാജയവും മാന്ദ്യത്തിനു ആക്കം കൂട്ടുമെന്ന് മുന്നറിയിപ്പ് നൽകുന്നു. ലോകത്തെ ഏറ്റവും പുരോഗമിച്ച 36 സമ്പദ്വ്യവസ്ഥകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഒഇസിഡി. കോവിഡ് -19 കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കാനും ലോകമെമ്പാടുമുള്ള സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കാനും അവർ അഭ്യർത്ഥിച്ചു.

കൊറോണ ആഗോള സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി വേൾഡ് ട്രേഡ് ഓർഗനൈസേഷൻ മേധാവി റോബർട്ടോ അസെവാഡോ പറഞ്ഞു. ബിസിനസ്സ് പ്രവർത്തനങ്ങളിൽ കൊറോണയുടെ ഭാഗമായി ഉണ്ടായ കനത്ത ആഘാതം യൂറോപ്യൻ യൂണിയനെയും യൂറോപ്യൻ രാജ്യങ്ങളെയും ചെലവ് വർദ്ധിപ്പിക്കാൻ പ്രേരിപ്പിക്കുമെന്ന് യൂറോപ്യൻ യൂണിയൻ ഇക്കണോമി വക്താവ് പൗലോ ജെന്റിലോണിയും പറഞ്ഞു.

ഗൾഫിലും ആശങ്കയും ഭീതിയും മാത്രം

ഗൾഫിലും കോവിഡ് എത്തിയതോടെ കടുത്ത ആശങ്കയും ഭീതിയുമാണ് അവിടെയും നിലനിൽക്കുന്നത്. സൗദിയിലും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ മുഴുവൻ ഗൾഫ് രാജ്യങ്ങളും കോവിഡ് 19ന്റെ ഭീതിയിലാണ്. കുവൈത്തിൽ 10 പേർക്കും ഖത്തറിൽ നാലു പേർക്കും ബഹ്റൈനിൽ രണ്ടു പേർക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധയേറ്റ് 66 പേർ മരിച്ച ഇറാനിൽ ആയിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. ുവൈത്തിൽ 56 പേർക്കും ബഹ്റൈനിൽ 49 പേർക്കും യു.എ.ഇയിൽ 21 പേർക്കും ഖത്തറിൽ 7 പേർക്കും ഒമാനിൽ 6 പേർക്കും സൗദിയിൽ ഒരാൾക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇറാൻ സന്ദർശനം കഴിഞ്ഞെത്തിയവരാണ് രോഗികളിൽ ഭൂരിഭാഗവും. ഇറാനിൽ രോഗവ്യാപ്തി കൂടിയതോടെ ഏതൊരു അടിയന്തര സാഹചര്യവും നേരിടാൻ ഗൾഫ് രാജ്യങ്ങൾ തയ്യാറെടുക്കുകയാണ്. ഈ ആഴ്ച രോഗം കൂടുതൽ പേരിലേക്ക് പടരാനുള്ള സാഹചര്യം കൂടി മുൻനിർത്തിയാണ് മുൻകരുതൽ നടപടികൾ കൈക്കൊള്ളുന്നത്.

ആളുകൾ കൂട്ടം കൂടുന്ന പരിപാടികൾ പരമാവധി ഒഴിവാക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് എണ്ണമറ്റ കായിക മൽസരങ്ങൾ ഉൾപ്പെടെ പല പരിപാടികളും റദ്ദാക്കി. മാർച്ച് 10 മുതൽ 14 വരെ ദുബൈ ഹാർബറിൽ നടത്താനിരുന്ന ബോട്ട് ഷോ നവംബറിലേക്ക് മാറ്റി. ഏഷ്യ കപ്പ് ക്രിക്കറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളെടുക്കേണ്ട എഷ്യൻ ക്രിക്കറ്റ് കൗൺസിൽ മീറ്റിങ് മാറ്റി വച്ചവയിൽ ഉൾപ്പെടും. കോവിഡ് 19 മൂലം ഗൾഫ് സമ്പദ് ഘടനക്ക് പ്രതീക്ഷിച്ചതിലും വലിയ ആഘാതം സംഭവിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. എണ്ണവിലയിടിവ് തുടരുന്നതും ഗൾഫ് സമ്പദ് ഘടനയെ വല്ലാതെ ഉലച്ചേക്കും.കൊറോണ ഭീതിയെ തുടർന്ന് തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ വിലക്ക് മൂലം മസ്ജിദുൽ ഹറം വിജനമായി. വളരെ ചുരുങ്ങിയ തീർത്ഥാടകർ മാത്രമാണ് നിലവിൽ ഉംറ ചെയ്യാൻ മക്കയിലെത്തുന്നത്. മക്കയ്ക്ക് പുറമേ, മദീനയിലേക്കും വിദേശയാത്രികർക്ക് വിലക്കുണ്ട്.

അതിനിടെ, ഉംറ വിസയും ചില രാഷ്ട്രങ്ങൾക്ക് ടൂറിസ്റ്റ് വിസയും മാത്രമാണ് നിർത്തി വച്ചിരിക്കുന്നത് എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബാക്കി എല്ലാ വിസകളും ലഭ്യമാണെന്ന് മന്ത്രാലയം കോൺസുലേറ്റ് കാര്യ സെക്രട്ടറി തമീം അൽദുസരി പറഞ്ഞു.വിദേശ രാജ്യങ്ങളിൽ കഴിയുന്ന പൗരന്മാർക്ക് സൗദിയിലേക്ക് മടങ്ങാൻ താത്പര്യമുണ്ടെങ്കിൽ അതിന് അനുമതി ഉണ്ട്. സൗദിയിൽ കഴിയുന്ന വിദേശികൾക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനും ഇളവുകൾ ഉണ്ട്. സൗദിയിലേക്ക് എത്തുന്നവർ അതിന് മുൻപ് ഏതൊക്കെ രാജ്യങ്ങളിൽ സന്ദർശിച്ചുവെന്നത് സംബന്ധിച്ച പരിശോധനകൾ എൻട്രി പോയിന്റുകളിൽ വെച്ച് തന്നെ നടത്തും. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവരുമായി ഇടപഴകുന്നതിന് ആരോഗ്യ മുൻകരുതലുകൾ കർശനമായി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കൊറോണ വൈറസ് പടരുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും സൗദി അധികൃതർ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പഞ്ചറായി ഇന്ത്യൻ വാഹന വിപണിയും

സ്വതവേ ദുർബല പിന്നെ ഗർഭിണിയും എന്ന അവസ്ഥയിലാണ് ഇന്ത്യയിലെ വാഹന വിപണി. നേരത്തെ തന്നെ പ്രതിസന്ധിയിലായ ഈ മേഖല ഇപ്പോൾ കൊറോണ വഴി ഒന്നുകൂടി പ്രതിസന്ധിയിലാണ്. മാരുതി സുസുക്കി ഇന്ത്യ ഉൾപ്പെടെ രാജ്യത്തെ വിവിധ വാഹന നിർമ്മാതാക്കളുടെ ഫെബ്രുവരി മാസത്തെ ആഭ്യന്തര വിൽപ്പനയിൽ വമ്പൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മാരുതി സുസുക്കി ഇന്ത്യക്ക് 3.56 ശതമാനത്തിന്റെ ഇടിവ് നേരിട്ടപ്പോൾ മഹീന്ദ്രയ്ക്ക് 42.10 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. റെഗുലേറ്ററി ഫയലിംഗിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം മാരുതിയുടെ ആകെ വിൽപ്പന 1,34,150 യൂണിറ്റുകളാണ്. 2019 ഫെബ്രുവരിയിൽ ഇത് 1,39,100 യൂണിറ്റുകളായിരുന്നു.ഈ സാമ്പത്തിക വർഷം (ഏപ്രിൽ-ഫെബ്രുവരി) ഇതുവരെയുള്ള 11 മാസങ്ങളിൽ ആഭ്യന്തര വിപണിയിൽ മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പന 13,59,148 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 16,06,087 ആയിരുന്നു. 15.38 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.ഫെബ്രുവരിയിൽ മൊത്തം പാസഞ്ചർ വാഹന വിൽപ്പന 2.34 ശതമാനം ഇടിഞ്ഞ് 1,33,702 മായി മാറിയതായി മാരുതി സുസുക്കി ഇന്ത്യ പറഞ്ഞു. വാഗൺ ആർ, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്നിസ്, ബലേനോ, ഡിസയർ, ടൂർ എസ് എന്നീ മോഡലുകൾ ഉൾപ്പെടുന്ന കോംപാക്റ്റ് വിഭാഗത്തിൽ വിൽപ്പന 3.92 ശതമാനം ഇടിഞ്ഞ് 69,828 വാഹനങ്ങളായി. അതേസമയം മിനി വിഭാഗത്തിൽ വിൽപ്പന 11.10 ശതമാനം ഉയർന്ന് 27,499 യൂണിറ്റുകളായതായി മാരുതി സുസുക്കി ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. മിനി വിഭാഗത്തിൽ മാരുതി സുസുക്കിയുടെ ആൾട്ടോ, എസ്-പ്രസ്സോ മോഡലുകൾ ഉൾപ്പെടുന്നു.

അതേസമയം കയറ്റുമതിയിൽ നേട്ടമുണ്ടെന്നും മാരുതി സുസുക്കി വ്യക്തമാക്കുന്നു. ഫെബ്രുവരിയിൽ മൊത്തം കയറ്റുമതി 7.09 ശതമാനം ഉയർന്ന് 10,261 യൂണിറ്റായത് മാത്രമാണ് കമ്പനിക്ക് എടുത്ത് പറയാവുന്ന ഏക നേട്ടം. സർക്കാരിന്റെ ഉപഭോഗം വർധിപ്പിക്കാനുള്ള നടപടികളും വിൽപ്പന ഉയർത്താനുള്ള വാഹന നിർമ്മാതാക്കളുടെ ഇടപെടലുകളും ഫലം കാണുന്നില്ലെന്ന സൂചന നൽകി ഫെബ്രുവരി മാസത്തെ വാഹന വിൽപ്പന കണക്കുകൾ. കൊറോണ വഴിയുള്ള സാമ്പത്തിക മാന്ദ്യംകൂടി കണക്കിലെടുക്കുമ്പോൾ ഇന്ത്യൻ വാഹന വിപണി പഞ്ചറാവുമെന്ന് പലരും പ്രവചിക്കുന്നത്.

കേരളത്തെയും ബാധിക്കുമെന്ന് തോമസ് ഐസക്ക്

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ കോവിഡ്19 പ്രതികൂലമായി ബാധിക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്കും ഒടുവിൽ സമ്മതിക്കുന്നുണ്ട്. കയറ്റുമതി നിലയ്ക്കാനും ജനങ്ങൾക്ക് ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കും. കൊറോണ വൈറസ് പടർന്നതോടെ വിദേശികളുടെ വരവ് വൻതോതിൽ കുറഞ്ഞു.ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വരുമാനം കുറയുന്നതും സംസ്ഥാനത്തെ ബാധിക്കും. നിലവിൽ സൗദി അറേബ്യ തീർത്ഥാടനത്തിന് നിയന്ത്രണം വെച്ചു. ഇത് അവരുടെ സാമ്പദ് ഘടനയെ താറുമാറാക്കും. ഗൾഫിൽ നിന്നുള്ള വരുമാനമാനം കുറയുന്നത് സമ്മുടെ സംസ്ഥാനത്തെയും നേരിട്ട് ബാധിക്കും.ചൈനയിൽ കൊറോണ വൈറസ് പടർന്നത് ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ ഇലക്ട്രിക്കൽ മേഖലകളെയെല്ലാം ബാധിക്കുകയാണ്. ഈ മേഖലകളിലെല്ലാം അസംസ്‌കൃത വസ്തുക്കൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. ഇത് തൊഴിലില്ലായ്മ കൂട്ടുന്നു. വരുമാനത്തെയും ബാധിക്കുന്നുതായും ധനമന്ത്രി പ്രതികരിച്ചു.

അവസരം മുതലെടുക്കാൻ കഴിയുമോ?

അതേസമയം കൊറോണയെ ഒരു അവസരമായി കണ്ട് ചൈനക്ക് ബദലാവാൻ ഇന്ത്യ ശ്രമിക്കണമെന്നും ചില സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഇന്ത്യ പൊതുവെ കൊറോണയുടെ പിടിയിൽ അകപ്പെടുന്നില്ലന്നതിനാൽ, ചില കാര്യങ്ങളിൽ നമുക്ക് ചൈനക്ക് ബദൽ ആവാം. തുണി ഫർണിച്ചർ തുടങ്ങി അനേകം ഉൽപ്പന്നങ്ങൾ നമ്മുകെ കരുത്താണ്.ആവശ്യത്തന് ഉൽപ്പാദന ക്ഷമതയില്ലാത്തതും വിയറ്റ്നാം കംബോഡിയ തുടങ്ങിയ രാജ്യങ്ങൾ ഉയർത്തുന്ന വെല്ലുവിളിയും ഈ മൽസരത്തിൽ നമുക്ക് എതിരാവും. ദീപക് മിശ്രയെപ്പോലുള്ള ചില സാമ്പത്തിക വിദഗ്ദ്ധർ ഇത്തരം വാദങ്ങൾ ഉയർത്തുന്നുണ്ട്. പക്ഷേ നിലവിലുള്ള സാഹചര്യത്തിൽ ഇത് പ്രയോഗികമാവില്ല എന്നാണ് പൊതുവെ ഉയരുന്ന വിലയിരുത്തൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP